പെണ്ണുടലുകളെ പിച്ചിച്ചീന്താനുള്ള ആള്‍ക്കൂട്ടത്തിന്റെ സഹജവാസനകളെക്കുറിച്ച്. ഉന്നത മൂല്യങ്ങള്‍ക്കു വേണ്ടി
നില കൊള്ളുമ്പോഴും വെറും ആണ്‍കൂട്ടമായി ഒതുങ്ങുന്നതിന്റെ വൈകൃതത്തെക്കുറിച്ച്
ഇത് ആള്‍ക്കൂട്ടത്തിന്റെ കാലം. ലോകത്തെ അമ്പരപ്പിച്ച മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് സൈദ്ധാന്തിക തലത്തില്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് ഇക്കാര്യമാണ്. ജനസഞ്ചയത്തിന്റെ രാഷ്ട്രീയമെന്നും ആള്‍ക്കൂട്ടത്തിന്റെ വിപ്ലവമെന്നുമുള്ള തലത്തിലാണ് രാഷ്ട്രീയ സൈദ്ധാന്തികര്‍ പുത്തനവസ്ഥകളെ പരിഗണിക്കുന്നത്. കൃത്യമായ രാഷ്ട്രീയ, സൈദ്ധാന്തിക നിലപാടുകളും പ്രത്യയശാസ്ത്രവുമില്ലാതെ ഒരു കൂട്ടം ജനങ്ങള്‍ ഒരു പൊതു ലക്ഷ്യത്തിനു മേല്‍ ഒരുമിക്കുക, ഭരണകൂടങ്ങളെ അട്ടിമറിക്കുകയോ മുള്‍മുനയില്‍ നിര്‍ത്തുകയോ ചെയ്യുക തുടങ്ങിയ പുതിയ സ്ഥിതി വിശേഷങ്ങളാണ് അവര്‍ അപഗ്രഥിക്കുന്നത്.
വ്യക്തമായ ചില രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ പങ്കുവെക്കുന്ന കൂട്ടങ്ങള്‍ അതേ പ്രത്യയശാസ്ത്ര പിന്‍ബലത്തോടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ മാറ്റിമറിക്കുന്ന വിപ്ലവങ്ങളായിരുന്നു ഇക്കാലമത്രയും. എന്നാല്‍, ടുണീഷ്യയിലും ഈജിപ്തിലും നിന്ന് തുടങ്ങി പശ്ചിമേഷ്യന്‍ രാജ ഭരണങ്ങളെ വിറപ്പിച്ച ജാസ്മിന്‍ വിപ്ലവത്തിന്റെ കൊടുങ്കാറ്റുകള്‍ക്ക് ഈ പരമ്പരാഗത സ്വഭാവങ്ങളായിരുന്നില്ല. ഒരു തരം മഴവില്‍ വിപ്ലവങ്ങളായിരുന്നു അവ. പല രാഷ്ട്രീയങ്ങളില്‍ വിശ്വസിക്കുന്നവര്‍, പരസ്പര വിരുദ്ധമെന്നു തോന്നിപ്പിക്കുംവിധം വ്യത്യസ്ത പ്രത്യശാസ്ത്രങ്ങള്‍ പിന്തുടരുന്നവര്‍, പല വര്‍ഗ, വംശ, ഭാഷാ, സാമുദായിക താല്‍പര്യങ്ങള്‍ പിന്തുടരുന്നവര്‍ എന്നിവര്‍ ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി ഒന്നിക്കുന്നതാണ് മുല്ലപ്പൂ വിപ്ലവത്തില്‍ കണ്ടത്. വിപ്ലവാനന്തര ഭരണ വ്യവസ്ഥയെ കുറിച്ച് ക്യത്യമായ ധാരണകളോ നിലപാടുകളോ ഇല്ലാതെയായിരുന്നു ആ പോരാട്ടങ്ങള്‍. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ജനരോഷം ചില പ്രത്യേക സാഹചര്യങ്ങളില്‍ സാങ്കേതിക വിദ്യ അടക്കമുള്ള ഉപാധികളുടെ സഹായത്തോടെ സക്രിയമായ വിപ്ലവ പാതയായി പരിവര്‍ത്തിക്കപ്പെട്ട അപൂര്‍വ സന്ദര്‍ഭങ്ങളായിരുന്നു മുല്ലപ്പൂ വിപ്ലവവും അതിന്റെ തുടര്‍ചലനങ്ങളും.
കാലങ്ങളായി തുടര്‍ന്നു വന്ന വിപ്ലവ വഴികളില്‍ ചടുലമായ മാറ്റങ്ങള്‍ വിതച്ച മുല്ലപ്പൂ വിപ്ലവം പുതിയ സൈദ്ധാന്തികാന്വേഷണങ്ങളെ ഒരേ സമയം ഭ്രമിപ്പിക്കുകയും അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണ്. എന്തു കൊണ്ട് ഇത്തരമൊരു ജനശക്തി? എന്താവും അതിന്റെ അനന്തര ഫലങ്ങള്‍? എല്ലാ രാജ്യങ്ങളിലും ഇത് പല തരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത് എന്തു കൊണ്ട്? ചില സമാന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അകമേ അവയില്‍ ഭൂരിഭാഗവും വ്യത്യസ്തമായിരിക്കുന്നത് എന്തു കൊണ്ട്? എന്നിങ്ങനെ പല തരം സന്ദേഹങ്ങളും സന്ദിഗ്ദതകളും. ഓരോ ദേശരാഷ്ട്രങ്ങളിലെയും വ്യത്യസ്ത സാഹചര്യങ്ങളാണ് അതാതിടങ്ങളിലെ ആള്‍ക്കൂട്ട സാധ്യതകള്‍ വളര്‍ത്തി വികസിപ്പിക്കുന്നതെന്നും സിദ്ധാന്തങ്ങളുടെ ഒരേ അച്ചുതണ്ടില്‍ അവയെല്ലാം കൊരുത്തിടുക അസാധ്യമാണെന്നുമുള്ള ധാരണകള്‍ക്കാണ് ഇന്നു പ്രാമുഖ്യം. അതിനാല്‍, ഓരോ ദേശരാഷ്ട്രങ്ങളിലും വ്യത്യസ്ത മാനങ്ങള്‍ പുലര്‍ത്തുന്ന ഒന്നായി ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുകയാണ് പുതിയ ധൈഷണികാന്വേഷണങ്ങള്‍.
രണ്ട്
ലാറ ലോഗന്‍
വിഷയം അതല്ല. ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ പുതുമോടിക്കപ്പുറം കാണാതെ വിട്ടു പോവുന്ന ചിലതുണ്ടെന്ന തിരിച്ചറിവാണ്. ആരാണ് ഈ ആള്‍ക്കൂട്ടമെന്നും അവ മുന്നോട്ടു വെക്കുന്ന അരാജകമെന്നു വിശേഷിപ്പിക്കാവുന്ന ഉല്‍സവഛായയിലും ലിംഗവിവേചനത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും സാധ്യതകള്‍ പരന്നു കിടക്കുന്നുണ്ടെന്നുമുള്ള ബോധ്യമാണ് അത്. ആള്‍ക്കൂട്ടം ആണ്‍കൂട്ടമാവുന്ന സാധാരണ സാധ്യതകള്‍. കേരളത്തില്‍ നമ്മള്‍ പതിവായി കാണുന്ന അത്തരം കാഴ്ചകള്‍ മുല്ലപ്പു വിപ്ലവം പൂവിട്ട ഈജിപ്തിലും സാധ്യമാണെന്ന് ഓര്‍മ്മപ്പെടുത്തി സി.ബി.എസ് ചാനല്‍ ലേഖിക ലാറാ ലോഗന്റെ അനുഭവം. ഞെട്ടിക്കുന്നതാണ് ലാറയുടെ വാക്കുകള്‍. സമത്വസുന്ദരമായ ദേശത്തിനു വേണ്ടിയുള്ള ആദര്‍ശ സമരവും പെണ്ണുടലുകള്‍ പകാണുമ്പോള്‍ ആസക്തി പൂണ്ട കൈയേറ്റങ്ങളായി മാറുന്നുവെന്ന് ലാറ പറയുന്നു. അഫ്ഗാനിസ്ഥാനും ഇറാഖും അടക്കമുള്ള പോര്‍ക്കളങ്ങളില്‍ ചെന്ന് റിപ്പോര്‍ട്ടിങ് നടത്തിയ 39 കാരിയായ ലാറക്ക് അക്രമങ്ങള്‍ പുത്തരിയല്ല. എന്നാല്‍, മറ്റെവിടെയും നേരിടേണ്ടി വരാത്ത ലൈംഗികാതിക്രമങ്ങളാണ് കൈറോയിലെ തെഹ്രീര്‍ സക്വയറില്‍ അവര്‍ക്കുണ്ടായത്.
ജനകീയ മുന്നേറ്റത്തില്‍ ഹുസ്നിമുബാറക്ക് ഭരണകൂടം നിലം പതിച്ച ഫെബ്രുവരി 11നാണ് ലാറക്കു നേരെ കൈയേറ്റം നടന്നത്. മുല്ലപ്പൂ വിപ്ലവം ജനങ്ങള്‍ക്കിടയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ. കാമറക്കും മൈക്കിനുമിടയില്‍ വിപ്ലവത്തിന്റെ രൂപഭാവങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്നതിനിടെ. ആദര്‍ശാത്മക വിപ്ലവത്തിന്റെ യഥാര്‍ഥ ചിത്രം ലോകത്തിനു കാണിച്ചു കൊടുക്കുന്ന ആവേശത്തിനിടെ. ആള്‍ക്കൂട്ടം നടത്തിയ ക്രൂരമായ ആകമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് പറന്ന ലാറ സംഭവത്തെക്കുറിച്ച ഒരു ചെറു പ്രസ്താവന മാത്രമാണ് അന്ന് നടത്തിയത്. നാളുകള്‍ക്കു ശേഷം ഇന്നലെ ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ആ ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്.
'അവരെന്നെ കൈകളാല്‍ ബലാല്‍സംഗം ചെയ്തു'
മുബാറക്കിന്റെ പതനം ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് കാമറാ സംഘവുമൊത്ത് എത്തിയ ലാറയെ ഓട്ടോഗ്രാഫിനു വേണ്ടിയായിരുന്നു ആള്‍ക്കൂട്ടം ആദ്യം വളഞ്ഞത്. പിന്നീട് അത് കൈയേറ്റമായി മാറി. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അതിന്റെ ക്രൌര്യം വര്‍ധിച്ചത്.
'അവിടെവെച്ചു മരിക്കാന്‍ പോവുകയാണെന്നു മാത്രമല്ല തോന്നിയത്. ഒരിക്കലും തീരാത്ത പീഡാകരമായ മരണമായിരിക്കും അതെന്നും തോന്നി'^ലാറ പറയുന്നു.
'അവരെന്നെ കൈകളാല്‍ ബലാല്‍സംഗം ചെയ്തു. അവരുടെ ദയാരഹിതമായ പ്രകൃതമാണ് എന്നെ ഞെട്ടിച്ചത്. 40 മിനിറ്റ് നേരം നീണ്ടു ആ ആക്രമണം. 200 പുരുഷന്‍മാരുള്ള ആണ്‍കൂട്ടം എന്റെ ഉടയാടകള്‍ വലിച്ചു കീറി. അംഗരക്ഷകന്‍ എന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം സര്‍വ കരുത്തോടെയും തടഞ്ഞു.അവരെന്റെ വേദനയും പിടയലും ആസ്വദിക്കുകയായിരുന്നു '
ആക്രമണ വിവരമറിഞ്ഞ കുറേ ഈജിപ്ഷ്യന്‍ സ്ത്രീകള്‍ പത്തിരുപത് സൈനികരെ കൂട്ടിക്കൊണ്ടു വന്നാണ് ലാറയെ രക്ഷപ്പെടുത്തിയത്. ദിവസങ്ങളോളം അതിന്റെ പീഡാകരമായ ആഘാതം തന്നില്‍ ശേഷിച്ചതായി ലാറ പറയുന്നു.
അഫ്ഗാനിലേക്കും ഇറാഖിലേക്കും മടങ്ങാന്‍ തന്നെയാണ് ലാറയുടെ താല്‍പര്യം. എന്നാല്‍, പശ്ചിമേഷ്യയിലേക്ക് ഇനിയില്ലെന്ന് അവര്‍ തെളിച്ചു പറഞ്ഞു.
' റിപ്പോര്‍ട്ടിങിനിടെ ശാരീരിക ആക്രമണങ്ങള്‍ സാധാരണമാണ്. പുരുഷ സഹപ്രവര്‍ത്തകര്‍ക്കും അതുണ്ടാവാം. എന്നാല്‍, ലൈംഗികാതിക്രമം മറ്റൊന്നാണ്. ശാരീരിക അതിക്രമങ്ങളുടെ മുറിവുണങ്ങും. എന്നാല്‍, മറ്റേത് അങ്ങിനെയല്ല. എക്കാലത്തേക്കും ആ മുറിവുകള്‍ ഉടലില്‍ ശേഷിക്കും.^ലാറ പറയുന്നു.
മൂന്ന്
സബ്രിന ടാവേണൈസ്
ഉടുപ്പഴിക്കുന്ന ആള്‍ക്കൂട്ടം
കഴിഞ്ഞ ശരത് കാലത്താണ്. പാകിസ്താനിലെ പ്രമുഖമായൊരു മത ചടങ്ങ്. ആയിരങ്ങള്‍ പങ്കെടുത്ത ആ ചടങ്ങില്‍ ഒറ്റ സ്ത്രീയെയും കാണാന്‍ കഴിഞ്ഞില്ല. റിപ്പോര്‍ട്ടിങിനിടെ ആണ്‍പറ്റങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞു നീങ്ങേണ്ടിവന്നു. ഓരോ നിമിഷവും പിന്നിലേക്ക് ശ്രദ്ധിച്ച്, പിടിക്കാന്‍ ശ്രമിക്കുന്ന നൂറ് കണക്കിന് കൈകകളെ അകലേക്ക് വകഞ്ഞു മാറ്റി...
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ആള്‍ക്കൂട്ടം അപകട മേഖലയാണ്. പ്രത്യകിച്ച് യുദ്ധവും സംഘര്‍ഷവും നടക്കുമ്പോള്‍. എന്നാല്‍, വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത് ഇതിലുമേറെ ഗുരുതര പ്രശ്നങ്ങളാണ്. ആണ്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും അഭിമുഖീകരിക്കേണ്ടതില്ലാത്ത രീതിയില്‍ ഞങ്ങള്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പീഡിപ്പിക്കപ്പെടുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഏതാണ്ടെല്ലാവരും അനുഭവിക്കയും കുറച്ചു പേര്‍ മാത്രം പുറത്തു പറയുകയും ചെയ്യുന്ന തൊഴില്‍പര പ്രശ്നമാണിത്.
1990 നു ശേഷം അര ഡസന്‍ രാജ്യങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലബനോന്‍, ഗസ്സ, ഇസ്രായേല്‍, പാക്കിസ്താന്‍, തുര്‍ക്കി, റഷ്യ എന്നിവിടങ്ങള്‍ ഉള്‍പ്പടെ. ഇവിടങ്ങളിലൊന്നും ഞാന്‍ ആള്‍ക്കൂട്ടത്തിനാല്‍ വലിച്ചിഴക്കപ്പെട്ട് ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, പലയിടത്തും മാനഭംഗ ശ്രമങ്ങള്‍ നടന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ ആണ്‍കൂട്ടങ്ങളാല്‍ വലയം ചെയ്യപ്പെടുമ്പോഴാണ് സാധാരണ അതിക്രമങ്ങള്‍ നടക്കാറ്. ആള്‍ക്കൂട്ടത്തില്‍ അപകട സാധ്യത ഏറെയാണ്. അവിടെ എല്ലാ നിയമങ്ങളും തകര്‍ന്നു വീഴുന്നു. എന്തും സംഭവിക്കാമെന്ന ആശങ്കകളിലേക്ക് സമൂഹം വരിഞ്ഞുചേര്‍ക്കപ്പെടുന്നു. 2003ല്‍ ബാഗ്ദാദിലെ ഗണ്‍മാര്‍ക്കറ്റില്‍ ഞാനനുഭവിച്ചത് ഇതാണ്. ദരിദ്രരായ, വിദേശികളെ അധികമൊന്നും കാണാത്ത ഒരു പറ്റം ചെറുപ്പക്കാരായിരുന്നു അക്രമികള്‍. ആദ്യം അവരെന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. പിന്നെ ഉടുപ്പഴിക്കാനായി ശ്രമം. ഒരു സഹപ്രവര്‍ത്തകനാണ് മതിലായി നിന്ന് എന്നെ സംരക്ഷിച്ചത്.
അതൊരു തുടക്കക്കാരിയുടെ അബദ്ധമായിരുന്നു. പാന്‍സും ബാഗിയും ഫോര്‍മല്‍സുമായിരുന്നു എന്റെ വേഷം. പര്‍ദ ധരിച്ച് ശരീരം മൂടി നടക്കുന്ന അന്നാട്ടുകാരായ സ്ത്രീകളില്‍നിന്ന് ഏറെ വ്യത്യസ്തമായ വേഷം. അന്ന് തന്നെ ബാഗ്ദാദിലെ ഒരു തുണിക്കടയില്‍ ചെന്ന് ശരീരമാകെ മൂടുന്ന വസ്ത്രങ്ങള്‍ ഞാന്‍ വാങ്ങിച്ചു.
ഇറാഖില്‍ കഴിയുന്നതിനിടെ അത്തരം അനേകം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. 2006ല്‍ ദക്ഷിണ ഇറാഖിലെ മേസെനില്‍ വെച്ച് ബ്രിട്ടീഷ് സൈനികരുടെ സാന്നിധ്യത്തിലായിരുന്നു അതിലൊന്ന്. ബ്രിട്ടീഷ് സൈനികര്‍ക്കും ദ്വിഭാഷിക്കുമൊപ്പം ഒരു ഗ്രാമത്തിലലേക്ക് നടക്കുകയായിരുന്നു. പതിയെ ഒരു സംഘം ചെറുക്കന്‍മാര്‍ എന്റെ പിന്നാലെ കൂടി. ഒരുവന്‍ പൊടുന്നനെ എനിക്കുനേരെ തിരിഞ്ഞു. തൊടാനും പിടിക്കാനുമായിരുന്നു ശ്രമം. മറ്റുള്ളവരും ഇതിനു മുതിര്‍ന്നപ്പോള്‍ ദ്വിഭാഷി എന്നെ രക്ഷിക്കാന്‍ ശ്രമിച്ചു. ആകാശത്തേക്കു വെടിവെച്ചിട്ടും അവര്‍ പിരിഞ്ഞില്ല. നേര്‍ക്കുനേര്‍ നിറയൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തേണ്ടിവന്നു സൈനികര്‍ക്ക്.
എന്റെ അനുഭവത്തില്‍ മിക്ക രാജ്യങ്ങളിലും ആണുങ്ങള്‍ ഇക്കാര്യത്തില്‍ ഒരു പോലാണ്. ജോര്‍ജിയയില്‍ സമാനമായ അതിക്രമമുണ്ടായത് റഷ്യന്‍ സൈനികരില്‍നിന്നാണ്. റഷ്യന്‍ സൈന്യം കൈയടക്കിയ ജോര്‍ജിയന്‍ നഗരമായ ഗോറി കാണാന്‍ ഒരു സൈനിക യൂനിറ്റ് എന്നെ ക്ഷണിച്ചു. മദ്യപിച്ച് മദോന്‍മത്തരായിരുന്നു സൈനികര്‍. ഞാനവര്‍ക്കൊപ്പം ചെന്നു. ഇരുട്ടിലാഴ്ന്ന തകര്‍ന്നടിഞ്ഞൊരു സര്‍ക്കാര്‍ ഓഫീസിലെ ആളൊഴിഞ്ഞ മുറിയില്‍ നില്‍ക്കെ ഒരു സൈനികന്‍ എന്റെ ശരീരത്തിനു നേരെ തിരിഞ്ഞു. എങ്ങിനെയോ ഞാന്‍ തടി രക്ഷിച്ചു.
പിറ്റേന്ന് രാത്രി സമീപത്തെ ഒരു ഹോട്ടലില്‍ എന്നെ അടച്ചിടാന്‍ ശ്രമമുണ്ടായി. യുദ്ധത്തെ തുടര്‍ന്ന് അടച്ച ആളൊഴിഞ്ഞ ഹോട്ടലില്‍നിന്ന് പടമെടുക്കുന്നതിനിടെ സൂക്ഷിപ്പുകാരനെന്നു വിശേഷിപ്പിച്ച ഒരാളാണ് ഞാന്‍ നില്‍ക്കുന്ന മുറി പൂട്ടിയത്. കവര്‍ച്ചക്കാരില്‍നിന്ന് രക്ഷിക്കാന്‍ എന്നായിരുന്നു പറച്ചില്‍. ആരുമില്ലായിരുന്നു അവിടെ. പരിഭ്രാന്തയായ ഞാന്‍, കാറില്‍ ഒരു സാധനം മറന്നു വെച്ചെന്നും അത്യാവശ്യമായി താഴേക്കു പോവണമെന്നും അയാളോട് പറഞ്ഞു. വാതില്‍ തുറന്നതും ഞാന്‍ താഴേക്ക് രക്ഷപ്പെട്ടു.
അതേ റിപ്പോര്‍ട്ടിങ് യാത്രക്കിടെ വേറെയും ഉണ്ടായി സമാന അനുഭവം. ജോര്‍ജിയന്‍ തലസ്ഥാനമായ ബിലിസിലേക്കുള്ള യാത്രക്കിടെയായിരുന്നു അത്. 50 വയസ്സു തോന്നിക്കുന്ന ഒരു മധ്യവയസ്കന്‍ എനിക്ക് കാറില്‍ ലിഫ്റ്റ് തന്നു. സൌഹാര്‍ദ്ദപൂര്‍വമുള്ള സംസാരത്തിനിടെ പൊടുന്നനെ അയാളെന്നോട് ഉടുപ്പഴിക്കാന്‍ ആവശ്യപ്പെട്ടു. ഇറങ്ങണമെന്ന് ഞാനാവശ്യപ്പെട്ടെങ്കിലും അയാള്‍ സമ്മതിച്ചില്ല. പകരം അയാളെന്നെ ശരീരം ബലാല്‍ക്കാരമായി കീഴ്പ്പെടുത്താന്‍ ഒരുങ്ങി. അലറിവിളിച്ചുകൊണ്ട് ഞാന്‍ എതിരിട്ടു. കാറിന് വേഗം കുറഞ്ഞതും പുറത്തേക്കു ചാടി. അയാള്‍ വണ്ടി നിര്‍ത്തി. അതിനുള്ളിലെ പീച്ചു പഴങ്ങള്‍ റോഡിലേക്ക് എറിഞ്ഞു.
മൂന്ന്
യുദ്ധവും കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്ന വിദേശ മാധ്യമപ്രവര്‍ത്തകരില്‍ രണ്ട് സ്ത്രീകളുടെ അനുഭവങ്ങള്‍ മാത്രമാണിത്. ഒരു പക്ഷേ മറ്റനേകം വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂടി ആത്മകഥയാവാമിത്.
യുദ്ധവും കലാപവുമൊന്നുമില്ലെങ്കിലും നമ്മുടെ നാട്ടിലും അവസ്ഥ ഭേദമല്ല. സമാനമായ നിരവധി അനുഭവങ്ങള്‍. ജോലിക്കിടെ ആള്‍ക്കൂട്ടത്തിന്റെ കൈയേറ്റങ്ങള്‍ക്ക് വിധേയരാവേണ്ടി വന്ന നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരെ നമുക്കറിയാം.
ഓര്‍മ്മയില്‍ അനേകം ചിത്രങ്ങളുണ്ട്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട റജീനയുടെ വെളിപ്പെടുത്തലിനിടെ ഗള്‍ഫില്‍നിന്ന് മടങ്ങി വരികയായിരുന്ന മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണ ദിവസം. പോലിസിന്റെ സാന്നിധ്യത്തെ മറികടന്നാണ് കലി പിടിച്ച ആള്‍ക്കൂട്ടം അന്ന് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചത്. അക്കൂട്ടത്തിലുണ്ടായിരുന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ വി.എം ദീപയെ പെണ്ണെന്ന നിലയില്‍ തന്നെയാണ് ആള്‍ക്കൂട്ടം കൈകാര്യംചെയ്തത്. തെറിവിളികള്‍ക്കും അതിക്രമങ്ങള്‍ക്കുമിടെ ആരാക്കെയോ രക്ഷപ്പെടുത്തുകയായിരുന്നു ദീപയെ.
അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചിയിലെ ഒരാരാധനാലയവുമായി ബന്ധപ്പെട്ട പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അന്നത്തെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ വിധു വിന്‍സന്റിനെയും സമാനമായ രീതിയിലാണ് ആണ്‍കൂട്ടം നേരിട്ടത്. സമാനമായ മറ്റനേകം സംഭവങ്ങളും പറയാനുണ്ടാവും മാധ്യമരംഗത്തെ നമ്മുടെ സഹോദരിമാര്‍ക്ക്.
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിന്റെ ലൈവ് റിപ്പോര്‍ട്ടിങ്ങിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തക ഇനിയീ പരിപാടിക്ക് താനില്ലെന്ന് പറഞ്ഞാണ് നഗരം വിട്ടത്. ലൈവ് കാമറക്ക് മുന്നില്‍ പോലും അവരെ തറഭാഷയില്‍ കമന്റടിക്കാനും അശ്ലീലം വിളിച്ചുപറയാനുമായിരുന്നു ആള്‍ക്കൂട്ടത്തിന് ഹരം.
നാല്
ലാറാ ലോഗന്‍ തെഹ്രീര്‍ സ്ക്വയറില്‍. ആക്രമണത്തിനു തൊട്ടു മുമ്പെടുത്ത വീഡിയോ ദൃശ്യം.
യുദ്ധത്തിലും കലാപത്തിലും സഹജമായിരിക്കാം പെണ്ണുടലുകള്‍ക്കു നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍. പണ്ടുമുതലേ പിടിച്ചടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ ശരീരങ്ങളിലാണല്ലോ ആണത്തത്തിന്റെ വിജയോന്‍മാദ പ്രകടനങ്ങള്‍ . അക്കാലം കഴിഞ്ഞു. എന്നിട്ടും മാധ്യമ പ്രവര്‍ത്തകരായ സ്ത്രീകള്‍ പോലും ജോലി ചെയ്യുന്നതിനിടെ ആള്‍ക്കൂട്ടത്തിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാവുന്നത് തുടരുകയാണ്. ഉന്നതമായ മൂല്യങ്ങളുടെ പുറത്ത് നടക്കുന്ന ജനകീയമായ കൂട്ടം ചേരലുകള്‍ക്കും വിപ്ലവങ്ങള്‍ക്കും ഇടയില്‍ പോലും ആളുകള്‍ വെറും ആണ്‍കൂട്ടങ്ങളായി തരംതാഴുന്നതിന്റെ അര്‍ഥമെന്താണ്?
ആള്‍ക്കൂട്ടത്തിന് പ്രത്യേക മനസ്സാണ്. എല്ലാ നിയമങ്ങളെയും ലംഘിക്കാനും തോന്നുംപടി പെരുമാറാനുമുള്ള അരാജകത്വമാണ് അതിന്റെ വഴി.കലി പിടിച്ച ആള്‍ക്കൂട്ടത്തെ നയിക്കുക ബോധവും പക്വതയുമായിരിക്കില്ല. കൂട്ടത്തിലെ ഏറ്റവും വഷളന്‍മാരും സാമൂഹിക വിരുദ്ധരുമായിരിക്കും പൊടുന്നനെ കലങ്ങിമറിഞ്ഞ ആള്‍ക്കൂട്ടത്തിന്റെ നായകരാവുക. സ്ത്രീകളും നൂനപക്ഷങ്ങളും അബലരുമായിരിക്കും അതിന്റെ ഇരകള്‍. 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രം' എന്ന പുസ്തകത്തില്‍ വില്‍ഹം റീഹ് ചൂണ്ടിക്കാണിക്കുന്നത് ഇക്കാര്യമാണ്. ഇതു തന്നെയാവും ഉദാത്ത ലക്ഷ്യങ്ങളോടെ ഒത്തു കൂടിയ മുല്ലപ്പൂ വിപ്ലവകാരികളെയും വെറും ആണ്‍കൂട്ടങ്ങളായി തരം താഴ്ത്തിയത്.
ഇതു തന്നെയാവും ഉദാത്ത ലക്ഷ്യങ്ങളോടെ ഒത്തു കൂടിയ മുല്ലപ്പൂ വിപ്ലവകാരികളെയും വെറും ആണ്‍കൂട്ടങ്ങളായി തരം താഴ്ത്തിയത്.
ReplyDeleteMob behaviourനെക്കുറിച്ച് ഞാന്‍ ഏറെ വായിച്ചിട്ടുണ്ടെങ്കിലും ഒറ്റ പുസ്തകത്തിന്റേയും പേര് ഓര്‍മ്മവരുന്നില്ല. വിക്കിപ്പീഡിയയിലെ ഈ ലേഖനം നല്ലതായി തോന്നി http://en.wikipedia.org/wiki/Collective_behavior . ആ ലേഖനത്തിലെ "Emergent-Norm Theory" ഇത്തരം പെരുമാറ്റത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുണ്ട്.
ReplyDelete"കൂട്ടത്തിലെ ഏറ്റവും വഷളന്‍മാരും സാമൂഹിക വിരുദ്ധരുമായിരിക്കും പൊടുന്നനെ കലങ്ങിമറിഞ്ഞ ആള്‍ക്കൂട്ടത്തിന്റെ നായകരാവുക" എന്നത് ഏകപക്ഷീയമായ ഒരു പ്രസ്താവനയായി തോന്നി. അത്തരക്കാരായിരിക്കും "റാഡിക്കല്‍" ആയ എന്തെങ്കിലും ചെയ്യുക, ആ ചെയ്തികൊണ്ട് മറ്റൂ പല ചെയിന്‍ റിയാക്ഷനും ഉണ്ടായേക്കാം - പക്ഷേ അതുകൊണ്ട് അവര്‍ നായകരാകുന്നൊന്നുമില്ല.
മുല്ലപ്പൂ- വളരെ ഗൌരവപൂർവ്വം വിശകലനം ചെയ്യേണ്ട ഒന്നു തന്നെ അത്. ഹസാരേ പ്രതിഭാസത്തിൽ മുല്ല മണക്കുന്നില്ലേ? പിന്നെ, പെണ്ണുടലിനോടുള്ള കാമ വെറി ആണിന് ആൾക്കൂട്ടത്തിലായി രിക്കുമ്പോൾ പ്രകടിപ്പിക്കാൻ ധൈര്യം തരുന്നുണ്ടായിരിക്കാം. പക്ഷേ, അത് ആണിന്റെ ഇരുണ്ട വ്യക്തിമനസ്സിൽ തന്നെയാണ് താമസം എന്നു തോന്നുന്നു.
ReplyDeleteഎത്ര പരിഷ്കൃതവും വിപ്ലവകരവും പുരോഗമനത്തിന്റെ ഏറ്റവും ഉയർന്ന പടിയിൽ നിൽക്കുന്നതുമായ ആൾക്കൂട്ടവും പെണ്ണിന്റെ കാര്യം വരുമ്പോൾ ഈ പ്രതിഭാസം പ്രകടിപ്പിയ്ക്കുന്നുവെന്നത് സാധാരണമാണ്. ആരാണ് ഈ പ്രവൃത്തിയ്ക്ക് വ്യക്തമായി തിരിച്ചറിയാനാവില്ലെന്ന സൌകര്യമാണ് കർശനമായ നിയമങ്ങളുള്ള നാട്ടിൽ പോലും ഇക്കാര്യത്തിന് തുണയാകുന്നത്. അധികാരവും അധിനിവേശവും കുത്തകയാക്കി അനുഭവിച്ച് പോരുന്ന
ReplyDeleteഇരുണ്ട മനസ്സുകളാണ് മാറേണ്ടത്. സ്ത്രീയെ മനുഷ്യനായി കണക്കിലെടുക്കാത്ത രാജഭരണവും ജനാധിപത്യവും വിപ്ലവവുമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. നാളിതുവരെയുള്ള ചരിത്രം സ്ത്രീ വിരുദ്ധമായിരുന്നു.
പോസ്റ്റ് വളരെ നന്നായി, അഭിനന്ദനങ്ങൾ.
ആള്‍ക്കൂട്ടം ആരുടെ വക്കീലാണ്?
ReplyDeleteആണ്‍ കൂട്ടങ്ങളുടെ തരം താഴല്‍ അല്ല. ആധിപത്യമാണ്,
എവിടെയും കാണും പോലെ അവിടെ വര്‍ണ്ണങ്ങളുടെ കുട മാറ്റമല്ല. ലൈന്ഗീകതയുടെ കടന്നു കയറ്റം..
വളരെ നന്നായിരിക്കുന്നു..
കാര്യം ഗൗരവമുള്ളത തന്നാണ്.
ReplyDeleteആള്‍ക്കൂട്ടത്തിന് അക്രമവാസന കൂട.
കാരണം പലപ്പോഴും അതൊരു കൂട്ടം മാത്രമാണ്.
ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രം വിചിത്രം.ഒറ്റക്ക് കാണുമ്പോള്‍ നാവില്ലാത്തവര്‍ പോലും ആള്‍ക്കൂട്ടത്തിലെത്തിയാല്‍ സടകുടഞ്ഞെണീക്കും.പക്ഷെ ഒരു കാര്യത്തില്‍ ആള്‍ക്കൂട്ടത്തിനു ഒറ്റമനസ്സാണു.സ്ത്രീ വിരുദ്ധം.അത് എന്നും എവിടെയും അങ്ങനെ തന്നെയാണു.
ReplyDeleteനല്ല ലേഖനം.അഭിനന്ദനങ്ങള്‍.
വളരെ കാര്യപ്രസക്തമായ ഒരു പോസ്റ്റ്. ലൈന്ഗീകതയുടെ അതിപ്രസരം അശ്ലീലമില്ലാത്ത ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. ആൾക്കൂട്ടം പാരുഷ്യത്തിന്റെ വക്താവാകുമ്പോൾ.............
ReplyDeleteനന്ദി, എല്ലാ വായനകള്‍ക്കും.
ReplyDeleteപോസ്റ്റിന് വലിപ്പം കുറച്ചേറെ നീണ്ടു. പതിവില്ലാത്ത വിധം
ഭാഷ മാറി. അതിനാല്‍, ഈ കുറിപ്പ് വായിക്കപ്പെടില്ലെന്നു തോന്നിയിരുന്നു.
എന്നാല്‍, ഈ അഭിപ്രായങ്ങള്‍ ആ തോന്നല്‍ ഇല്ലാതാക്കി.
നന്ദി,ഒരിക്കല്‍ കൂടി.
കൊച്ചിച്ചി, ആ ലിങ്കിന് നന്ദി.
ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രം എന്ന റീഹിന്റെ പുസ്തകം
തന്ന ഊര്‍ജമാണ് ആ നിരീക്ഷണത്തിലേക്കെത്തിച്ചത്. അത് ഏകപക്ഷീയമെന്ന് ഇപ്പോഴും തോന്നുന്നില്ല.
ശ്രീനാഥന്‍-ഇരുണ്ട ചിലയിടങ്ങളുടെ പ്രകാശനം തന്നെയാവുമത്.
എല്ലാ സിദ്ധാന്തങ്ങള്‍ക്കുമപ്പുറം വെറും ആണ്‍ മാത്രമാവുന്ന അവസ്ഥ.
എച്ച്മു, അതു തന്നെയാണ് അടിസ്ഥാന കാരണമെന്നു തോന്നുന്നു.
സ്ത്രീ വിരുദ്ധമായ ചരിത്രം. സാമൂഹിക ക്രമം. ആണ്‍കൂട്ടങ്ങളെ തീര്‍ക്കുന്നത് അതു തന്നെയാവും.
രാജശ്രീ- ആള്‍ക്കൂട്ടം വെറും ആണാണ് എന്നു തന്നെ തെളിയിക്കുന്നു
കാര്യങ്ങള്‍. ലിംവിവേചനത്തിന്റെ അതിക്രമത്തിന്റെ ചോരപ്പാുടകള്‍ വീണു കിടക്കുന്നു വിപ്ലവ മോഹങ്ങളില്‍ പോലും.
ഫൌസിയ- കൂട്ടമാവുന്നിടത്തു തന്നെയാണ് പ്രശ്നം.
കൂട്ടം ഒരു വ്യക്തിയല്ല. എങ്കിലും ചില താല്‍പര്യങ്ങള്‍ക്ക് എളുപ്പം
കീഴടക്കാനാവും ആള്‍ക്കൂട്ട മനസ്സ്.
അതെ മുല്ല-ഒററക്കുള്ളയാളല്ല കൂട്ടത്തില്‍. പതിവു പോലെ
അക്രമാസക്തനായ പുരുഷനാണ് അവിടെ ഉണര്‍ന്നെണീക്കുന്നത്.
കിങ്ങിണിക്കുട്ടി-ആള്‍ക്കൂട്ടം ആണ്‍കൂട്ടം തന്നെയാണെന്ന് ഇന്ന് തീര്‍ത്തും ബോധ്യപ്പെട്ടു. തൃശൂര്‍ പൂരം കാണാന്‍ ഭാര്യയെയും കൂട്ടി വരാമെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ എല്ലാവരും അയാളെ ഭയപ്പെടുത്തുന്നത് കണ്ടു. പൂരം കാണാന്‍ വല്ല പെണ്ണുങ്ങളും വന്നാല്‍, അവരെ പരസ്യമായി കൈയേറ്റം ചെയയുന്നത് പൂരപ്പറമ്പിന്റെ മര്യാദയാണത്രെ. എന്തൊരവസ്ഥ.
പൂരപ്പറമ്ബിന്റെ മര്യാദ !!
ReplyDeleteഅതാവുമോ ആള്‍ക്കൂട്ടത്തിന്റെ
മര്യാദയും ?ആളെ കൊന്നാലും
കേസെടുക്കാന്‍ വയ്യാത്ത നിയമം .
mob violence..നന്നായി പ്രതികരിക്കുന്നു
ഒരില ..കാണേണ്ടവര്‍ കണ്ണടക്കുകയും .!!!
ആണ്‍കൂട്ടം അപകടക്കൂട്ടമാണെന്നാണ് അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.അത് കെയ്റോയിലായാലും കേരളത്തിലായാലുമൊരുപോലെ..
ReplyDeleteവേറെ ഏതെങ്കിലുമൊരു കാര്യത്തില്‍ കാണുമോ ഇതുപോലുള്ള ഒരുമ?
പോസ്റ്റ് വളരെ നന്നായി.
ആള്‍ക്കൂട്ടത്തിനിടയിലെ ഒരു വഷളന്‍റെ മന:ശാസ്ത്രം പൊടുന്നനെ ആ ആള്‍ക്കൂട്ടത്തിന്‍റെതന്നെ മന:ശാസ്ത്രമാകുന്നത് ആദ്യമല്ല.
ReplyDeleteആള്‍ക്കൂട്ടത്തില്‍ മാത്രമല്ല, ഒറ്റയ്ക്കവുമ്പോഴും സ്ത്രീ അനുഭവിക്കുന്നത് ഇത് തന്നെ. കപടമായ ഒരു സദാചാര മേലങ്കി കൊണ്ട് യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കപ്പെട്ടിരിക്കുന്നു. അതിനടിയില്‍ സ്ത്രീ ഒരു ഉടലാണ്. ഈ പറഞ്ഞ മേലങ്കിയുടെ പരിരക്ഷ ഉള്ളിടത്തോളം അവള്‍ സുരക്ഷിതയാണ്. അല്ലാത്ത എല്ലായ്പ്പോഴും മനസ്സിനാലും കണ്ണുകള്‍ കൊണ്ടും കയ്യുകള്‍ കൊണ്ടുമെല്ലാം അവള്‍ വിവസ്ത്രയാക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. പോലീസ് സഹായത്താല്‍ ഒരു സ്ത്രീയുടെ അഭിമാനം സംരക്ഷിപ്പെടുന്ന ഒരു സാമൂഹ്യ സ്ഥിതിയോളം വലിയ തമാശ മറ്റെന്തുണ്ട്..
ReplyDeleteനേർവഴിയ്ക്കുള്ള ചിന്തകൾ
ReplyDeletenannayi paranju...... aashamsakal....
ReplyDeleteആരാജകത്ത്വത്തിന്റെ ഉന്മാദാവസ്ഥയില്‍,അല്ലെങ്കില്‍ ആഹ്ലാദത്തിന്റെ പരകോടിയില്‍ നില്‍ക്കുന്ന നികൃഷ്ട് രായ ചില ക്രിമിനല്‍ മാനസങ്ങളെ
ReplyDelete'ആണ്‍കൂട്ടം' എന്ന വിളിപേരിടുമ്പോള്‍ "ഒരില വെറുതെ" ഒന്നോര്‍ക്കണമായിരുന്നു,ഒരു വൈകൃത ന്യൂനപക്ഷത്തിനു താങ്കള്‍ ഒറ്റു കൊടുത്ത അതേ ആണ്‍കൂട്ടത്തില്‍,എന്റെയും,നിങ്ങളുടെയും,നമ്മുടെ ഏവരുടെയും നന്മ നിറഞ്ഞ പ്രിയപെട്ടവരും കൂടെ ഉണ്ടെന്നത്.എഴുത്തിനിടയില്‍ എവിടെയൊ വച്ച് ആശയ കേന്ദ്രം പുരുഷവര്‍ഗ്ഗമൊന്നാകെ എന്ന മട്ടില്‍ ആയിത്തീര്‍ന്നു.എന്റെ തോന്നലുകള്‍ എല്ലാം ശരിയാവണമെന്നില്ലെന്നറിവോടെ ,വളരെഗൗരവമായ, പ്രസക്തമായ ഒരു വിഷയം സോദാഹരണ സഹിതം മുന്നോട്ടു വച്ചതിന് എഴുത്തിനും,എഴുത്തുകാരിക്കും,സാദരം അഭിനന്ദള്‍.നന്മകളുണ്ടാകട്ടെ നിങങ്ങ്ള്‍ക്കും,എല്ലാവര്‍ക്കും എനിക്കും.
മോബിന്‍റെ മനശാസ്ത്രം വേട്ടക്കാരന്‍റെ മനശാസ്ത്രമാണ്. ഒരു സ്പാര്‍ക്കു മതി, മോബ് വയലന്‍സിലേക്കു മാറാന്‍. നല്ല അവതരണം
ReplyDelete