മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍നിന്ന് ജീവിതത്തിലേക്കു പാഞ്ഞു കയറിയ രണ്ട് ചെറുപ്പക്കാര്‍. ഒന്ന് ചെഗുവേര. രണ്ടാമന്‍ ഗ്രാനഡോ. ചെ നേരത്തെ കൊല്ലപ്പെട്ടു. ഗ്രാനഡോ കഴിഞ്ഞ ദിവസം മരിച്ചു.
ആ മരണത്തിലൂടെ, ഓര്‍മ്മകളിലൂടെ... വിട, പ്രിയ ഗ്രാനഡോ
ആല്‍ബര്‍ട്ടോ ഗ്രാനഡോ മരിച്ചു. 88ാം വയസ്സില്‍. സഫലമായൊരു ജീവിതത്തിന്റെ പതാക ഉയരേ പറന്നു നില്‍ക്കെ. തീരെ നിശ്ശബ്ദമായി. ലോകത്തെ അത്രമേല്‍ ഇളക്കാതെ. എങ്കിലും, ഒരു മോട്ടോര്‍ സൈക്കിളിന്റെ ഒച്ച കേള്‍ക്കുമ്പോള്‍ കാലത്തിന് ഓര്‍ത്തെടുക്കാനാവും വിധം.
ചെഗുവേരയുമൊത്ത് 29ാം വയസ്സില്‍ നടത്തിയ ഏഴര മാസം നീണ്ട ലാറ്റിനമേരിക്കന്‍ യാത്രയുടെ പുസ്തകമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (ചെയുടെ കൂടെയുള്ള യാത്രകള്‍), അതേ പേരില്‍ വാള്‍ട്ടര്‍ സാലിസ് സംവിധാനം ചെയ്ത ആ രസികന്‍ സിനിമ എന്നിവ പ്രസരിപ്പിക്കുന്ന ഓര്‍മ്മകളായി അയാള്‍ ബാക്കിനില്‍ക്കും.
ഗ്രാനഡോ ഹവാന സര്‍വകലാശാലയിലെ മെഡിക്കല്‍ ബയോ കെമിസ്ട്രി വകുപ്പ് തലവനായിരുന്നു. അതിനു മുമ്പ്, ചെ ഗുവേരയുടെ കൂട്ടുകാരനായിരുന്നു. 1951ല്‍ നടത്തിയ അസാധാരണമായ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രയിലെ ചെ യുടെ പങ്കാളിയായിരുന്നു. ആ യാത്രയാണ് ചെയെ വിപ്ലവകാരിയാക്കിയത്. സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ കഴിയുന്ന ചെ ലാറ്റിനമേരിക്കന്‍ തൊഴിലാളികളുടെ പട്ടിണി ജീവിതം നേരില്‍ കാണുന്നത് ആ യാത്രയിലാണ്. കൊടും ചൂഷണം വിഴുങ്ങുന്ന പാവം മനുഷ്യര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആ തോന്നലാണ് കമ്യൂണിസത്തിലേക്ക് ചെ യെ ജ്ഞാനസ്നാനം ചെയ്യിക്കുന്നത്. അങ്ങിനെയാണ് ക്യൂബന്‍ വിമോചനത്തിന്റെ മുന്നണിപ്പോരാളിയാവുന്നത്. ബൊളീവിയന്‍ കാടുകളില്‍ രക്തസാക്ഷിയാവുന്നത്. പില്‍ക്കാലത്ത് മുതലാളിത്തവും വിപ്ലവകാരികളും ഒരു പോലെ വിറ്റഴിക്കുന്ന മിത്തായി നിറം മാറിയത്. ടീ ഷര്‍ട്ടിലെ ഉശിരന്‍ ചിത്രമായത്.
ഗ്രാനഡോ
വീണ്ടും യാത്രയിലേക്ക് വരാം. ഏഴരമാസം നീണ്ട യാത്ര നിര്‍ത്തി ചെ നേരെ പോന്നത് വീട്ടിലേക്കാണ്. വിപ്ലവകാരിയുടെ പില്‍ക്കാലമായിരുന്നു അയാളെ കാത്തിരുന്നത്. ഗ്രാനഡോ ഭിഷഗ്വരന്റെ ജീവിതം ജീവിച്ചു. 1960ല്‍ ബാറ്റിസ്റ്റ്യൂട്ട സര്‍ക്കാര്‍ വീണ് ഫിദല്‍ കാസ്ട്രോ മന്ത്രിസഭയില്‍ ചെ ധനകാര്യ മന്ത്രിയായ ശേഷം ചെഗുവേരയുടെ ക്ഷണപ്രകാരം ഗ്രാനഡോ ക്യൂബയിലെത്തി. പിറ്റേ വര്‍ഷം സര്‍വകലാശാല വകുപ്പ് അധ്യാപകനായി. 1967ല്‍ ചെ കൊല്ലപ്പെട്ടു. ഗ്രാനഡോ ക്യൂബയില്‍ തുടര്‍ന്നു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമ തീര്‍ത്ത പ്രശസ്തിയിലും പഴയ പോലെ തന്നെയായിരുന്നു ഗ്രാനഡോയുടെ ജീവിതം. മരണവും.
ഗ്രാനഡോയുടെ മരണവാര്‍ത്തകളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞത് അനേകം ഓര്‍മ്മകള്‍. ചുട്ടു പൊള്ളുന്നൊരു വേനലിലാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് വായിച്ചത്. ഹോസ്റ്റലില്‍ കറന്റില്ലാതെ അനക്കമറ്റ ഫാനിന്റെ താഴെ ചാരിയിരുന്ന്, ഉടുപ്പില്‍ പല കരകള്‍ വരക്കുന്ന വിയര്‍പ്പിന്റെ കരകള്‍ പുല്ലു പോലെ മറികടന്ന്, ആ മോട്ടോര്‍ സൈക്കിളിനെ പിന്തുടര്‍ന്നു. ചങ്ങാത്തത്തിന്റെ ഊഷ്മളത, യുവത്വത്തിനു മാത്രം സാധ്യമാവുന്ന സാഹസികതയുടെ ആരവങ്ങള്‍, ചെഗുവേര എന്ന വിപ്ലവകാരി പിറക്കാനിടയാക്കിയ ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങള്‍, മാച്ചു പിച്ചുവിന്റെ ഉയരങ്ങള്‍. അങ്ങിനെ പല വഴികളിലൂടെ പോയ പഴയ നോര്‍ട്ടന്‍ 500 സിസി മോട്ടോര്‍ സൈക്കിളിനൊപ്പം ആ രാത്രി ചാഞ്ചാടി ചാഞ്ചാടി നടന്നു.
എന്റെ പ്രായമാണ് ആ പുസ്തകത്തിന്. ഞാന്‍ ജനിച്ച വര്‍ഷമാണ് ആ പുസ്തകം പുറത്തിറങ്ങിയത്. 1978ല്‍. 2003ല്‍ അത് ഇംഗ്ലീഷിലേക്ക് രൂപം മാറി. പിന്നെ ആ സിനിമ വന്നു.
ഓളങ്ങള്‍ തീര്‍ത്ത മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമ കണ്ടു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്നു തന്നെ പേര്. എന്തൊരുശിരായിരുന്നു അന്ന്. അടുത്ത കൂട്ടുകാരന്‍ ഏവിടെ നിന്നോ സംഘടിപ്പിച്ച ഡി.വി.ഡിയില്‍ ചെഗുവേരയുടെ ഊ ര്‍ജം പതയുന്ന മുഖം നിറഞ്ഞു. പഴയ പുസ്തകത്തില്‍നിന്നുള്ള വാക്കുകള്‍ ദൃശ്യങ്ങളായി വന്നു സ്ക്രീനില്‍ നിറഞ്ഞു. യാത്രയുടെ അനിശ്ചിതത്വങ്ങള്‍ക്കു മീതെ ഇരമ്പിക്കൊണ്ടു കടന്നുപോയ ആ മോട്ടോര്‍ സൈക്കിള്‍ നിമിഷങ്ങളെ പിടിച്ചു നിര്‍ത്തി.
യാത്രക്കിടെ ഇരുവരും. പഴയൊരു ചിത്രം
മാച്ചു പിച്ചുവിന്റെ നീലാകാശത്തിലേക്ക് ഉല്ലസിച്ചു പായുമ്പോള്‍ ത്രസിക്കുന്ന ആവേശത്തിലായിരുന്നു ചെഗുവരയും ഗ്രാനഡോയും. പഴം കട്ടു തിന്നുമ്പോള്‍ ചെ ഒരു പാവം മുട്ടനാട്. സുന്ദരിയായ ഒരു യുവതിയുടെ അസൂയക്കാരനായ ഭര്‍ത്താവില്‍ നിന്ന് നൊടിനേരം കൊണ്ട് രക്ഷപ്പെടുമ്പോള്‍ ഒരു ചുള്ളന്‍ ചെക്കന്‍. കൊളംബിയയില്‍ പൊലീസുകാര്‍ ചോദ്യം ചെയ്യുമ്പോള്‍ ചെ ഒരു നാണം കുണുങ്ങി. അങ്ങിനെ പല ഭാവങ്ങള്‍. ഇടക്ക് ഇരുവരും സോക്കര്‍ പരിശീലകരാവുന്നു. ആര്‍ക്കും വേണ്ടാത്തവര്‍ക്കായി പ്രവര്‍ത്തിക്കുന്ന കുഷ്ഠരോഗാശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകരാവുന്നു. കാമുകി കൊടുത്ത വെള്ള നായക്കുട്ടിയെ മുറുകെ പിടിച്ചു പായുന്നു. കള്ളു കുടിക്കുന്ന, പ്രണയിക്കുന്ന, ശരീരത്തിന്റെ ഇളക്കങ്ങള്‍ക്ക് മനസ്സു കൊടുക്കുന്ന , ചെറുപ്പത്തിന്റെ സര്‍വ ഉല്ലാസങ്ങളും മേളിക്കുന്നൊരു ചെ ഗുവേരയെയാണ് ഗ്രാനഡോ പരിചയപ്പെടുത്തുന്നത്.
സിനിമ കണ്ടു കഴിഞ്ഞപ്പോള്‍, ചങ്ങാതിയോടു ചോദിച്ചു നമ്മുടെ ചെ ഗുവേര ഇങ്ങനെയൊരാളാണെന്ന് പറഞ്ഞാല്‍ ഡി.വൈ.എഫ്.ഐക്കാര്‍ വിശ്വസിക്കുമോ. ഒരിക്കലുമില്ലെന്ന് അവന്റെ തലയാട്ടല്‍. കള്ളുകുടിക്കുന്ന, പെണ്ണിനെ മോഹത്തോടെ സ്പര്‍ശിക്കുന്ന, കാമുകി നല്‍കിയ നായ്ക്കുട്ടിക്കായി ജീവന്‍ നല്‍കാന്‍ മടി കാണിക്കാത്ത ഒരു ചെഗുവേരയെ അവര്‍ക്ക് സഹിക്കാനാവില്ല, അത്തരമൊരാളെ ഇവിടെ പൊറുപ്പിക്കാനുമാവില്ല. ചുരുങ്ങിയത്, സ്വന്തം ഉള്ളിലിരിപ്പ് പരസ്യമാക്കാത്ത ഒരാളെങ്കിലുമാവണം അവര്‍ക്ക് ചെ.
കേരളത്തില്‍ ചെ ഇപ്പോള്‍ ഏതോ ഡി.വൈ.എഫ്.ഐ സഖാവിനെ പ്പോലെയാണ്. അവരുടെ എല്ലാ പരിപാടികള്‍ക്കും ചെയുടെ പടങ്ങള്‍. യേശുദാസിന്റെ, മമ്മൂട്ടിയുടെ, ബാബു ആന്റണിയുടെ, ചിലപ്പോള്‍ വി.എസിന്റെ, അതുമല്ലെങ്കില്‍ ഏതോ ലോക്കല്‍ സെക്രട്ടറിയുടെ മുഖഛായയുള്ള അനേകം ചെഗുവേരമാരെ ചുവരുകളിലാകെ കാണാം. കണ്ണൂരില്‍ ഏതോ ചെരുപ്പു കമ്പനി ചെ യുടെ പടം ചെരിപ്പില്‍ സ്ക്രീന്‍ പ്രിന്റ് ചെയ്തതറിഞ്ഞപ്പോള്‍ അക്കട തച്ചു തകര്‍ക്കുമെന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ഡിഫിക്കാരുടെ വീര്യം ഓര്‍മ്മയുണ്ട്. സത്യമായും അവര്‍ക്ക് സഹിക്കാനാവില്ല ഇങ്ങനെയൊരു ചെഗുവരയെ.


