Showing posts with label തൃശൂര്‍ പൂരം. Show all posts
Showing posts with label തൃശൂര്‍ പൂരം. Show all posts

Saturday, May 14, 2011

തൃശൂര്‍ പൂരക്കൊഴുപ്പില്‍ ചില സ്ത്രീകള്‍

ആദ്യമായി പൂരം കണ്ടൊരാളുടെ ആനന്ദങ്ങള്‍,ആശങ്കകള്‍. 
വര്‍ണാഭക്കപ്പുറം   കാണാതെ പോവുന്ന യാഥാര്‍ഥ്യങ്ങള്‍. 


പണ്ടേ ഉള്ളിലുണ്ടായിരുന്നു പല നിറങ്ങള്‍ കത്തുന്ന പൂര ഇമേജുകള്‍.  ഇലഞ്ഞിത്തറമേളം, കുടമാറ്റം, മഠത്തില്‍ വരവ്, വെടിക്കെട്ട്. ആളുമാരവവും ഒത്തു ചേരുന്ന കമനീയ ദൃശ്യങ്ങള്‍. പത്ര റിപ്പോര്‍ട്ടുകളും ചാനല്‍ ലൈവുകളും അനേക കാലങ്ങളായി പൊലിപ്പിച്ചെടുത്ത പൂര ഓര്‍മ്മകളുടെ നടുമുറ്റത്തേക്കാണ് ജീവിതത്തിലെ ആദ്യത്തെ  തൃശൂര്‍ പൂരം കടന്നു വന്നത്. നേര്‍ക്കുനേര്‍ ഒരു പൂരം ഇതാദ്യം.
കാര്യം ശരിയായിരുന്നു. അത്ര വര്‍ണാഭം. ശബ്ദമുഖരിതം. താള,മേള,വര്‍ണ ലയം. കേളി കേട്ട മേളക്കാര്‍,  വെടിക്കെട്ടു വിദഗ്ദര്‍, നാട്ടിലെ പേരു കേട്ട ആനകള്‍, പട്ടുകുടകളില്‍ മഴവില്‍ വര്‍ണങ്ങള്‍ സമന്വയിപ്പിച്ച കലാകാരന്‍മാര്‍, കേരളത്തിലും പുറത്തുനിന്നുമെത്തിയ കാണികള്‍,  മാധ്യമപ്രവര്‍ത്തകര്‍, തൃശൂരിന്റെ വേരുകളില്‍നിന്ന് ആനച്ചൂരിന്റെയും വെടിമണങ്ങളുടെയും ഉന്‍മത്തതയാല്‍  പൂരാവശേത്തിലേക്ക് ഒഴുകിയ പേരറിയാത്ത പതിനായിരങ്ങള്‍. ആകെ പൊടിപൂരം.
 സത്യം പറയാം, മനസ്സില്‍ മുളച്ചുപൊന്തിയ ചിത്രങ്ങളേക്കാള്‍ തെളിമയുണ്ടായിരുന്നു പൂരത്തിന്. മനസ്സ് കൊണ്ടും ഭാവന കൊണ്ടും സഞ്ചരിച്ച പൂര ചിത്രങ്ങളേക്കാള്‍ ആവേശഭരിതമായ മൂന്ന് ദിനങ്ങള്‍. ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം തകര്‍പ്പന്‍ അനുഭവങ്ങള്‍ തന്നെയായിരുന്നു. എന്നിട്ടും മൂന്ന് നാളുകള്‍ ഉല്‍സവ പറമ്പില്‍ മേഞ്ഞപ്പോള്‍ മറ്റ് ചിലതു കൂടി കണ്ണില്‍പ്പെട്ടു.  ആഘോഷപ്പുളപ്പില്‍ മാധ്യമങ്ങളും മറ്റുള്ളവരും കണ്ടില്ലെന്ന് നടിച്ച അനേകം കാഴ്ചകള്‍. ചിലതൊക്കെ ഉളളുലച്ചു. ചിലത് നെരിപ്പോടു പോലെ മനസ്സിലെരിഞ്ഞു. പൂരം ഉള്ളിലേക്കു സന്നിവേശിപ്പിച്ച മധുര സ്വപ്നങ്ങളോളം കാതലുണ്ടായിരുന്നു കയ്പ്പുറ്റ ആ യാഥാര്‍ഥ്യങ്ങള്‍ക്ക്.
അതു കൂടി പറയാതെ പൂര്‍ണമാവില്ല  പൂരം. അത് പൂരത്തിനെതിരായ വിമര്‍ശമല്ല. മറിച്ച്, പൂരത്തിന്റെ നിറപ്പകിട്ടില്‍ മറഞ്ഞുപോവുന്ന ചില കയ്പ്പുറ്റ യാഥാര്‍ഥ്യങ്ങള്‍ നിലവിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ്. ഒരു പക്ഷേ,    ഇനിയുള്ള കാലത്തെങ്കിലും ഇത്തരം ഉല്‍സവങ്ങളില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങളെ കുറിച്ച ചിന്തകള്‍.
ഒരുപക്ഷേ, മനസ്സില്‍ ഇപ്പോഴും ഒരു സന്ദേഹി ഉള്ളതിനാലാവാം ഇത്തരം ആലോചനകള്‍. പൂരാഘോഷത്തിന്റെ അടിനൂലായി ഒഴുകുന്ന ഭക്തി എന്ന വികാരം ജീവിതത്തെ ഇത്രകാലം  തീണ്ടാത്തതുമാവാം കാരണം. അതുമല്ലെങ്കില്‍ ദോഷങ്ങള്‍ മാത്രം കണ്ണില്‍പ്പെടുന്ന ഒരു ദോഷൈകദൃക്കിന്റെ പ്രശസ്തമായ ആ മഞ്ഞക്കണ്ണാവാം. തോന്നുന്നില്ല, എനിക്കൊപ്പം പൂരപ്പറമ്പില്‍ തെണ്ടി നടന്നവരില്‍ ഏറെ പേരും ഇതൊക്കെ ശ്രദ്ധിച്ചുവെന്ന്.
രണ്ട്


പൂരത്തിനായി തൃശിവപേരൂര്‍ ഒരുങ്ങിക്കഴിഞ്ഞ നേരത്താണ്  അവിടെയെത്തിയത്. ജോലിത്തിരക്കിന്റെ  നേരങ്ങളില്‍നിന്ന് വീണു കിട്ടിയ മുന്നു നാളുകള്‍.
പൂരത്തിന്റെ ആടയാഭരണങ്ങളണിഞ്ഞ് തേക്കിന്‍കാട് മൈതാനവും സ്വരാജ് റൌണ്ടും പാറമേക്കാവും വടക്കുന്നാഥ ക്ഷേത്രവും തിരുവമ്പാടി ഭഗവതി ക്ഷേത്രവും  സൌന്ദര്യത്താല്‍ തുളുമ്പിയിരുന്നു. ദേശക്കാര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ഥ്യമാക്കിയ പടുകൂറ്റന്‍ പന്തലുകള്‍  പല നിറങ്ങളാല്‍ തിളങ്ങി. വെളിച്ചവും നിഴലും ഇഴചേര്‍ന്ന രാവുകള്‍ നിറങ്ങളില്‍ ആറാടി.
പൂരത്തിനായി പന്തല്‍ സ്ഥാപിച്ചത് റോഡിനു നടുവിലായതിനാല്‍ ഗതാഗതം മുടങ്ങിയിരുന്നു. പതിവായി നടക്കുന്ന കാര്യമായതിനാല്‍ ആര്‍ക്കും അതില്‍ അതിശയമേ ഉണ്ടായിരുന്നില്ല. നഗരത്തില്‍ ജലവിതരണം മുടങ്ങിയിരുന്നു. തലേ ദിവസങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ നഗരം ചുട്ടുപൊള്ളിയ കഥ കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു.
തേക്കിന്‍കാടു മൈതാനമാകെ പൊലീസായിരുന്നു. എല്ലായിടങ്ങളും അവര്‍ കയറിട്ടു വേര്‍തിരിച്ചിരുന്നു.ഉല്‍സവ കമ്മിറ്റിക്കാരും ചില ഉദ്യോഗസ്ഥരും മാത്രമാണ് അത് മുറിച്ചു കടന്നത്. 
പൂരത്തലേന്ന് മൈതാനത്തിനരികെ ചെന്നപ്പോള്‍ പൊലീസിന്റെ വീര്യം നേരിട്ടു കണ്ടു. പൂര പ്രദര്‍ശനം നടത്തുന്ന പന്തലിനിപ്പുറമുള്ള കയര്‍ അബദ്ധത്തില്‍ കടന്ന മൂന്ന് വൃദ്ധരെ പൊലീസ് ഉദ്യോഗസ്ഥന്‍ തല്ലി ചതക്കുകയായിരുന്നു. കിടന്ന കിടപ്പില്‍നിന്ന് ഓടി കയറിനപ്പുറത്ത് ആരുടേതുമല്ലാത്ത സ്ഥലത്ത് ചെന്നു നിന്നിട്ടേ അവര്‍ ശ്വാസം വിട്ടുള്ളൂ. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച അവര്‍  ആരും ചോദിക്കാനില്ലാത്ത പാവം മനുഷ്യരാണന്ന് ഉറപ്പായിരുന്നു.  തൃശൂരിന്റെ പ്രാന്ത പ്രദേശത്തെ ഗുണ്ടാ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ചില മാധ്യമങ്ങളില്‍ ഹീറോ ആയി അവതരിപ്പിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് കണ്ണില്‍ ചോരയില്ലാതെ ആ വയോവൃദ്ധരെ ചവിട്ടി പുറത്താക്കിയതെന്ന് കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനായ ചങ്ങാതി പറഞ്ഞു. സുരേഷ് ഗോപി ചിത്രങ്ങളിലെ പൊലീസുകാരനെ ഓര്‍മ്മപ്പെടുത്തിയ അയാളുടെ പ്രകടനം സത്യത്തില്‍ വല്ലാത്ത ഒരശ്ലീലമായി മനസ്സിനെ ഉലച്ചു. ഒരു പാടു പേര്‍ നോക്കിനില്‍ക്കെ, അയാള്‍ മറ്റു പലരെയും ഇതുപോലെ കൈകാര്യം ചെയ്യുന്നത് വൈകിട്ട്  മൈതാനത്തെത്തിയപ്പോഴും കണ്ടു.
കുടമാറ്റം നടക്കവേ തൊട്ടടുത്ത് പാതി അടച്ചിട്ട ഒരു ബാറിന്റെ ഷട്ടര്‍ മൂന്ന് ചെറുപ്പക്കാര്‍ തള്ളിത്തുറക്കുന്നത് കണ്ടു. മദ്യം കിട്ടാത്തതതിന്റെ സര്‍വ കലിപ്പുമുള്ള ലക്ഷണമൊത്ത മൂന്നു പയ്യന്‍മാര്‍. ഷട്ടര്‍ തുറന്നപ്പോള്‍ കണ്ടത് ഒരു തടിയന്‍ പൊലീസുകാരനെ. കുടമാറ്റം നടക്കുമ്പോള്‍ അയാള്‍ക്ക് അടച്ചിട്ട ബാറിലെന്താണ് കാര്യമെന്നാലോചിച്ചു തീരും മുമ്പേ അയാള്‍ പാഞ്ഞിറങ്ങി. മഫ്ടിയില്‍ സമീപത്ത് ചുറ്റിയടിച്ച മൂന്നാല് പൊലിസുകാര്‍ കൂടി അയാള്‍ക്കൊപ്പം ചേര്‍ന്നു. ഡ്യൂട്ടി സമയത്ത് അടച്ചിട്ട ബാറില്‍ കയറി രഹസ്യ സേവക്കു മുതിര്‍ന്ന സഹപ്രവര്‍ത്തകനെ സംരക്ഷിക്കാനുള്ള വ്യഗ്രത ക്രൂരമര്‍ദനത്തിലാണ്  അവസാനിച്ചത്. കണ്ടുനില്‍ക്കുന്ന ഞാനടക്കമുള്ള നൂറുകണക്കിനാളുകളുടെ മുന്നില്‍ ആ പയ്യന്‍മാരെ അവര്‍ തല്ലിച്ചതച്ചു. റോഡിലിട്ടു ചവിട്ടി.
പറയുമ്പോള്‍ എല്ലാം പറയണമല്ലേ, കടലു പോലെ അലയടിച്ചു വന്ന ആ ജനസാഗരത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് അപാരമായ പ്രകടനം തന്നെയാണ് നടത്തിയത്. പ്രശ്നങ്ങള്‍ പരമാവധി കുറക്കുന്നതിന് അവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, പഴയ ഏഡ് കുട്ടന്‍ പിള്ളയെ പോലെ ചിലര്‍ ആളുകളുടെ മുന്നില്‍ അഴിഞ്ഞാടുക തന്നെ ചെയ്തു.

 മൂന്ന്



ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും അവാച്യമായ അനുഭൂതി തന്നെയായിരുന്നു. ശരീരത്തിന്റെ ഓരോ അണുവും താളമേളങ്ങളില്‍ ആറാടി. മഠത്തില്‍ വരവിന്റെ ഭാഗമായി നടന്ന പഞ്ചവാദ്യത്തില്‍ തിമില വിദ്വാന്‍ അന്നമടനട പരമേശ്വര മാരാര്‍ തീര്‍ത്തത് നാദ പ്രപഞ്ചം തന്നെയായിരുന്നു. നടുവിലാലില്‍  അദ്ദേഹം പതികാലത്തില്‍ 13 കൂട്ടിക്കൊട്ടലുകളാണ് നടത്തിയത്. 
ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍മാരാര്‍ കാലങ്ങളുടെ ആകാശങ്ങള്‍ തീര്‍ത്തു. ആസുര സൌന്ദര്യത്തിന്റെ കടലിളക്കങ്ങള്‍. ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയന്‍മാരാര്‍ ആയിരങ്ങളെ മേളക്കൊഴുപ്പില്‍  നൃത്തമാടിച്ചു.
കുടമാറ്റം നിറങ്ങളുടെ ഉല്‍സവമായിരുന്നു. ഇരുപക്ഷത്തും നിരന്ന നെറ്റിപ്പട്ടം കെട്ടിയ മുപ്പത് ഗജവീരന്‍മാര്‍ക്കു മുകളില്‍ പല നിറങ്ങളില്‍, പല ഡിസൈനുകളില്‍, പല വലിപ്പങ്ങളില്‍ കുടകള്‍ മാറിമറിഞ്ഞു.ആലവട്ടവും വെഞ്ചാമരവും പൂത്തലഞ്ഞു. പാണ്ടിയും പഞ്ചാരിയും കൂട്ടിപ്പെരുക്കുന്നതിനിടെ കുടകള്‍ മാറിത്തുടങ്ങി.  ആരവങ്ങളുടെ കടലില്‍ ജനം മുങ്ങിയും പൊങ്ങിയുമൊഴുകി.  തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള അങ്കത്തില്‍ പാറമേക്കാവിന്റെ എല്‍.ഇ.ഡി ബള്‍ബുകള്‍ കൊണ്ടലങ്കരിച്ച കുടകളായിരുന്നു താരങ്ങള്‍.
സ്വരാജ് റൌണ്ടിനു തൊട്ടടുത്ത് സിറ്റി സെന്ററിനു മുകളിലെ ടെറസിലിരുന്നാണ് വെടിക്കെട്ടിന്റെ നടുക്കുന്ന പ്രഭയറിഞ്ഞത്. ഒരു മണിയോടെയാണ് ടെറസില്‍ ചെന്നത്. നൂറുകണക്കിനാളുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.  മൂന്ന് മണി കഴിഞ്ഞതും തിരുവമ്പാടി വിഭാഗം  ആദ്യം തീ കൊളുത്തി. ഡൈനാമിറ്റുകളില്‍ തുടങ്ങി ഓലപ്പടക്കങ്ങളിലൂടെ  ഗുണ്ടുകളിലേക്കും അമിട്ടുകളിലേക്കും. പിന്നെ കൂട്ടപ്പൊരിച്ചില്‍. ആണവ സ്ഫോടനങ്ങളുടെ ഫയല്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ച് തീ നിന്നുകത്തി. ഭൂമി കുലുങ്ങി. ചെവി പൊട്ടുന്ന ശബ്ദം. പിന്നാലെയെത്തി പാറമേക്കാവിന്റെ പ്രകടനം. പിന്നെ അമിട്ടുകള്‍ കൊണ്ടുള്ള നമ്പറുകള്‍. പൂക്കളായും നക്ഷത്രങ്ങളായും കുടകളായും ഡ്രാഗണായും വെടിമരുന്നിന്റെ നിറപ്പകിട്ടുകള്‍ രൂപം മാറിയാര്‍ത്തു.
അഞ്ചര മണിയോടെ  അവിടെനിന്നിറങ്ങുമ്പോള്‍ വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഉടല്‍. മനസ്സും. നിറങ്ങളും ഘോരശബ്ദങ്ങളും ചേര്‍ന്ന  സിംഫണി.
നാല്


പൂരത്തലേന്ന് പാതിരാക്ക് തേക്കിന്‍കാട് മൈതാനത്തില്‍ ചെന്നു. വെറുതെ. പൂരം കാണാന്‍ പല നാടുകളില്‍ നിന്നെത്തിയ മനുഷ്യര്‍ പലയിടങ്ങളിലായി കിടന്നുറങ്ങുന്നുണ്ടായിരുന്നു. വെറും നിലത്ത് പായ വിരിച്ചും പേപ്പര്‍ വിരിച്ചും അനേകം പേര്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെ അവരിലുണ്ട്. വീടും നാടും വിട്ട്  ഈ മൈതാനത്ത് വെറും നിലത്ത് കിടന്നുങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും. സംശയം വേണ്ട പൂരത്തോടുള്ള അഭിനിവശം തന്നെ. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവരുടെ ലോകം ഇതാവാം. ശീലം ഇതാവാം. ചെണ്ടയില്‍ കോലു വീഴുമ്പോള്‍ പൂരപ്പറമ്പുകളില്‍ നിന്ന് പൂരപ്പറമ്പുകളിലേക്കു പായുന്ന ഈ മനുഷ്യര്‍ ജീവിക്കുന്നത് തന്നെ ഇതിനായിരിക്കും.
ഒരമ്മ എഴുന്നേറ്റിരിക്കുന്നു. വെറുതെ ആകാശത്തേക്കു നോക്കി, വടക്കുന്നാഥനെ നോക്കി അങ്ങനിരിപ്പ്. കുറച്ചകലെ കുടുംബശ്രീയുടെ സ്ത്രീകള്‍ പൂരപ്പറമ്പ് അടിച്ചു വാരി വൃത്തിയാക്കുന്നു. പുരുഷാരം കളയുന്ന മാലിന്യങ്ങള്‍ പെറുക്കിക്കളയാന്‍ ഉണര്‍ന്നിരിക്കുന്ന ഈ സ്ത്രീകളെ  റിപ്പോര്‍ട്ടുകളിലൊന്നും കാണാറേയിേല്ല. എല്ലാവരും ഉറങ്ങിക്കിടക്കുന്ന നേരത്ത്  ഉണര്‍ന്നിരിക്കുന്ന ഇവരൊഴുക്കുന്ന വിയര്‍പ്പാണ് പൂരപ്പറമ്പിനെ പിറ്റേന്ന് മനോഹരമാക്കുന്നതെന്നും ആരുമോര്‍ക്കാറില്ല.
ഒരു വശത്ത് ചാനലുകളുടെ ഒ.ബി വാനുകളാണ്. പിറ്റേന്നത്തെ ലൈവിനു വേണ്ടി വന്നടിഞ്ഞതാണ്. പുലര്‍ച്ചെയും ചിലര്‍ മൊബൈല്‍ ഫോണുകളില്‍ വാര്‍ത്ത കൊടുത്തു കൊണ്ടിരിക്കുന്നു. നാടു മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നു നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍. എന്നും ന്യൂസ് ഇവന്റുകളാണിപ്പോള്‍. ലൈവുകളുടെ കാലം. മിക്കവാറുമെന്നും ഇതുപോലെ തന്നെയാവും ഇവരുടെ ദിവസങ്ങള്‍. ചാനല്‍ ലേഖകരുടെ തൊഴില്‍ പരമായ അവകാശങ്ങളെക്കുറിച്ച് ഇനിയും സ്വീകാര്യമായ സമീപനങ്ങള്‍ ഉണ്ടായിട്ടില്ല.

അഞ്ച്


പൂരത്തിനെത്തുന്ന ആനകളെക്കുറിച്ചുള്ള വിശേഷം പറച്ചില്‍ നാളുകളായി മാധ്യമങ്ങളില്‍ നിറയുന്നുണ്ടായിരുന്നു. ആരൊക്കെയോ നടക്കിരുത്തിയ ആനകളുടെ പൂര്‍ണ വിവരങ്ങള്‍. അവയുടെ പകിട്ടും പ്രത്യേകതകളും.
സൂപ്പര്‍ താരങ്ങളെപോലെ ചില ആനകള്‍ മാധ്യമങ്ങളിലാകെ നിറയുകയും ചെയ്തു. അവയെ കാണാന്‍ ആളുകള്‍ തിക്കുകൂട്ടിയെത്തി. അങ്ങിനെ ചെന്നതാണ് ഞാനും.  വിശേഷപ്പെട്ട ആ ആനകളെ കാണാന്‍.
കണ്ടു, ശരീരമാസകലം ചങ്ങലകളില്‍ മൂടിയ നിലയില്‍. തോട്ടി കൊണ്ട്  മുറിവേല്‍പ്പിക്കപ്പെട്ട്. രാപ്പകല്‍ വെളിച്ചവും വെടിക്കെട്ടിന്റെ ഘോര ശബ്ദവും ആളുകളുടെ ആരവവും സഹിച്ച്.  നിയമങ്ങള്‍ അനുശാസിക്കുന്ന പരിശോധനകള്‍ നടക്കുന്നുവെന്നാണ് വെപ്പെങ്കിലും ഈ ആനകള്‍ക്ക് വിശ്രമം എന്നൊന്ന് വിധിച്ചിട്ടില്ലെന്നു തോന്നി. ഏതോ ഉല്‍സവ പറമ്പുകളില്‍നിന്നാണ് അവ  ഇവിടെ എത്തിയത്. ചങ്ങലകള്‍ കിലുക്കി പൊരിവെയിലില്‍ കിലോ മീറ്ററുകള്‍ നടന്ന്.
അറുപതോളം ആനകള്‍ അന്നു രാത്രി തേക്കിന്‍കാടും പരിസരത്തുമുണ്ടായിരുന്നു. പിറ്റേന്നത്തെ ഉല്‍സവാഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍. മനുഷ്യരുടെ സന്തോഷത്തിനായി കൊടുക്കേണ്ടി വരുന്ന വലിയ വിലകള്‍.
ഒരാനയെ അടുത്തുനിന്നു കണ്ടു. ചെന്നിയില്‍ വലിയ മുറിവുണ്ടായിരുന്നു അതിന്. തോട്ടി കൊണ്ട് ആ മുറിവില്‍ കുത്തിയാണ് പാപ്പാന്‍മാര്‍ ആ വലിയ ജന്തുവിനെ നിലക്കു നിര്‍ത്തുന്നത്. കാലിലെ മുറിവുകളില്‍ കറുത്ത നിറം പുരട്ടിയതു കണ്ടു. ഉല്‍സവാഘോഷത്തിനിടെ മുറിവ് ആളുകളുടെ കണ്ണില്‍ പെടാതിരിക്കാനാണത്.
പിറ്റേന്ന് കണ്ട മറ്റനേകം ആനകളുടെയും അവസ്ഥ അതു തന്നെ. നെറ്റിപ്പട്ടങ്ങള്‍ കെട്ടി ആടയാഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുമ്പോഴും അവയുടെ ശരീരത്തിലാകെ മുറിവുകളാണ്. കാലില്‍ ബ്ലേഡുകള്‍ തിരുകി വെച്ച ഒരാനയെ കണ്ടു. ആനിമല്‍ വെല്‍ഫയര്‍ അധികൃതര്‍ പരിശോധനകള്‍ നടത്തുന്ന ചിത്രം പത്രത്തില്‍ കണ്ട അതേ ദിവസം.
കുടമാറ്റത്തിന്റെ ദിവസം. 30 ആനകളാണ് മുഖാമുഖം നില്‍ക്കുന്നത്. അനേകം പാപ്പാന്‍മാര്‍. ചുറ്റും ആയിരങ്ങള്‍. കാതടപ്പിക്കുന്ന പഞ്ചവാദ്യം. കനത്ത ശബ്ദത്തില്‍ വെടിശബ്ദം.
കൃഷി നശിപ്പിക്കാതിരിക്കാന്‍ വനപ്രദേശത്തുള്ളവര്‍ തകരപ്പാട്ടയില്‍ കൊട്ടിയും വെടിപൊട്ടിച്ചും ആനകളെ ഓടിക്കുന്നത് കണ്ടിട്ടുണ്ട്. കൊട്ടും വെടിയും ആനകള്‍ക്ക് ഭയങ്കര പേടിയാണ്.  ഇവിടെയും അതേ ആനകളാണ്. കൊട്ടും വെടിയും തന്നെ അവയ്ക്കു മുന്നില്‍. എന്നാല്‍, അവ ഓടിക്കാനല്ല. അല്ലെങ്കില്‍, അതു കേട്ടു ഓടാന്‍ അവയ്ക്ക് അനുവാദമില്ല. കൂച്ചു വിലങ്ങ് അവയുടെ ഭയത്തെയും വിഭ്രമത്തെയും കെട്ടിയിട്ടിരിക്കുന്നു. 
ഇനി അവയെങ്ങാന്‍ ഓടിയാലോ. കടലു പോലെ കിടപ്പാണ് ജനം.പരസ്പരം ഒട്ടിപ്പിടിച്ചെന്നോണം സമുദ്രസമാനം. ഒരാന ഒന്നനങ്ങിയാല്‍, ഒന്ന് ഓടാന്‍ ശ്രമിച്ചാല്‍ കൂട്ട മരണമായിരിക്കും ഫലം. തിക്കിലും തിരക്കിലും നൂറു കണക്കിനാളുകള്‍ മരിക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. മുപ്പതു ആനകള്‍ നിരന്നു നില്‍ക്കുന്ന, കൊട്ടും വെടിയും മുറുകുന്ന ഒരിടത്താണ്  മനുഷ്യര്‍ ഇങ്ങിനെ തൊട്ടുതൊട്ട് നില്‍ക്കുന്നതെന്ന അറിവ് കുടമാറ്റത്തിന്റെ വൈകുന്നേരം  ശരിക്കും ഭയപ്പെടുത്തി കളഞ്ഞു. പാതിരക്ക് ഭൂമി കുലുക്കി വെടിക്കെട്ട് നടന്ന മൈതാനത്തിന്റെ പല വശങ്ങളിലുമുണ്ടായിരുന്നു ആനകള്‍ എന്ന അറിവ് അതിലുമേറെ പേടിപ്പിച്ചു.
അന്ന് രാത്രി ശരിക്കും ഒരാന ഓടി. ഇടഞ്ഞു എന്ന് പത്രഭാഷ. നെയ്തല കാവില്‍നിന്നു വന്ന ഒരാന. അത് ഓടി മാതൃഭൂമി പത്ര ഓഫീസിനു അടുത്തുള്ള റോഡില്‍വന്നു നില്‍പ്പായി. അതിനടുത്ത ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു ഞാനും സുഹൃത്തും. ആളുകള്‍ കൂട്ടമായി ഓടുന്നത് കണ്ടാണ് ശ്രദ്ധിച്ചത്. ആന ഇടഞ്ഞു എന്ന മുറവിളിയോടെ, ലഹരിയിലും അല്ലാതെയുമുള്ള പുരുഷാരം ഒരു മൃഗയാ വിനോദത്തിലെന്നോണം പാഞ്ഞുവരുന്നു.  ആനയെ പ്രകോപിപ്പിക്കുന്നു. ഒടുക്കം എങ്ങിനെയോ അതിനെ തളക്കുകയായിരുന്നു. നീണ്ട നാളുകളുടെ ഉല്‍സവം തളര്‍ത്തിക്കളഞ്ഞ ഒരു പാവം ആനയെ ആള്‍ക്കൂട്ടം ഓടിക്കുകയായിരുന്നുവെന്ന് പിറ്റേന്നത്തെ പത്രങ്ങള്‍ പറഞ്ഞു.
ആറ്


ആള്‍ക്കൂട്ടത്തിന്റെ മിടുക്ക് ശരിക്കും കണ്ട ദിവസം കൂടിയായിരുന്നു അത്. കുടമാറ്റം കാണാന്‍ ഒഴുകിയെത്തിയ ആള്‍ക്കൂട്ടത്തില്‍ സ്ത്രീകള്‍ തീരെ കുറവായിരുന്നു. കുടമാറ്റം സ്ത്രീകള്‍ ടി.വിയില്‍ മാത്രം കാണുന്നതാവും നല്ലതെന്ന് ബോധ്യപ്പെടുത്തി അറിയാതെ ആളൊഴുക്കില്‍ ചെന്നുപെട്ട ചുരുക്കം ചില സ്ത്രീകള്‍.
കുടുംബമായി വന്നവരെ പൊലീസുകാര്‍ റോഡിന്റെ പല വശങ്ങളിലേക്ക് മാറ്റുന്നത് കണ്ടു. സ്ത്രീകളെ കൂട്ടി വന്നതിന് പൊലീസുകാര്‍ പലരെയും ചീത്ത പറയുന്നതും കേട്ടു. അന്നേരം അതിന്റെ അര്‍ഥം മനസ്സിലായില്ലെങ്കിലും കുടമാറ്റം തുടങ്ങിയപ്പോള്‍ കാര്യം പിടികിട്ടി. റോഡുകളില്‍ നിരന്നു നില്‍ക്കുന്ന പുരുഷാരം ഇടയില്‍ കുടുങ്ങിപ്പോയ ചെറിയ പെണ്‍കുട്ടികളെ പോലും വെറുതെ വിടുന്നുണ്ടായിരുന്നില്ല.

മാതാപിതാക്കളുടെ മുന്നില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കു നേരെ കൈയേറ്റം നടന്നു. രണ്ടു മൂന്ന് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുമ്പോള്‍ ആ പൊലീസുകാരികള്‍ക്കു നേരെയും നീണ്ടു വന്നു കൈകള്‍. ലാത്തി വീശിയാണ് അവര്‍ രക്ഷപ്പെട്ടത്. കൈയില്‍ ലാത്തിയും കാക്കി ഉടുപ്പുമില്ലാതെ കുടമാറ്റം കാണാന്‍ വന്ന അനേകം സ്ത്രീകളുടെ കാര്യമോര്‍ത്ത് നടുങ്ങിപ്പോയി. 
കുടമാറ്റം പോലൊന്നു കാണാന്‍, അതിന്റെ സൌന്ദര്യത്തില്‍ അലിയാന്‍ സ്ത്രീകള്‍ക്കുമില്ലേ അവകാശം. ടി.വിയില്‍ മാത്രമാണോ അവര്‍ക്ക് കുടമാറ്റം വിധിച്ചത്. പുരുഷന്‍മാരുടേതു മാത്രമായ കുടമാറ്റ ദിനം സ്ത്രീകള്‍ക്കു കൂടി ലഭ്യമാക്കാന്‍ നമ്മുടെ പൊതുബോധത്തിന് ഒന്നും ചെയ്യാനാവില്ലേ.

ഫോട്ടോകള്‍ പ്രിയ സുഹൃത്ത് രവി (പി.ടി രവിശങ്കര്‍) പകര്‍ത്തിയത്

Thursday, February 17, 2011

ആനക്ക് കാട്ടിലെന്താണ് കാര്യം

ഉല്‍സവപ്പറമ്പിലെ ആന. 
ഉണങ്ങാത്ത ചില മുറിവുകള്‍


രണ്ട് മാസം മുമ്പേ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഗാംഭീര്യമുള്ള ഒരാനയുടെ മുഴുനീള ചിത്രം സഹിതം. ഇത്തവണ ഉല്‍സവത്തിന്  ഈ ദേശത്തിന്റെ മാനം കാക്കുന്നത് ബാസ്റ്റ്യന്‍ വിനയശങ്കര്‍ എന്ന വലിയ തലക്കെട്ട്. താഴെ, കറുപ്പില്‍ മഞ്ഞ അക്ഷരങ്ങളില്‍ ഒരു കുറിപ്പും. 'ഒന്നാമന്‍ തയ്യാര്‍. ഇനി മല്‍സരം രണ്ടാമനാവാന്‍.'
സമാനമായ ചില ബോര്‍ഡുകള്‍ കൂടി സമീപദേശങ്ങളില്‍ കണ്ടു. ആനയുടെ പേരിലും പടത്തിലും മാറ്റമുണ്ട്. എന്നാല്‍ ഫ്ലക്സ് ബോര്‍ഡും വാചകങ്ങളും അതേ പോലെ. ഉല്‍സവപ്പറമ്പുകളില്‍ ആനകള്‍ അത്ര അനിവാര്യമല്ലാത്ത   ഒരു നാട്ടില്‍ ജനിച്ചു വളര്‍ന്നതിനാല്‍ അപാരമായ ആകാംക്ഷയാണ് ഈ ബോര്‍ഡുകള്‍ ഉള്ളില്‍ വിതച്ചത്.
ലോക കപ്പ് ഫുട്ബോള്‍ കാലത്ത് നാടാകെ നിറഞ്ഞ ഫ്ലക്സ് ബോര്‍ഡുകളിലെ കുറിപ്പുകളാണ് ഓര്‍മ്മയില്‍  വന്നത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും താരങ്ങളുടെ പടുകൂറ്റന്‍ ചിത്രങ്ങളുടെ കൂടെ ഇത്തരം അവകാശ കുറിപ്പുകള്‍ ഉണ്ടായിരുന്നു. ഇനി മല്‍സരം രണ്ടാം സ്ഥാനത്തിന് എന്ന മട്ടിലുള്ള വീരവാദങ്ങള്‍. ആ ബോര്‍ഡുകള്‍ കാശു മുടക്കി സ്ഥാപിച്ചത് പല ടീമുകളുടെയും ആരാധകരാണ്. ഇത്  ഉല്‍സവ കമ്മിറ്റികളും. ഓരോ ദേശത്തിനും ഓരോ ആന. അതിനെ ചൊല്ലി അവകാശ വാദങ്ങള്‍. വെല്ലുവിളികള്‍. ഹോ, ആന ഈ നാട്ടില്‍ സൂപ്പര്‍ സ്റ്റാറാണല്ലോ എന്ന് ആര്‍ക്കും തോന്നിപ്പോവും.
ബോര്‍ഡ് ശ്രദ്ധിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ആനയുടെ പേര് ബാസ്റ്റ്യന്‍ വിനയശങ്കര്‍ എന്നാണ്.സാധാരണ ആനകള്‍ക്കിടുന്നത് ഹിന്ദു പേരുകളാണ്. ദൈവങ്ങളുടെയും മറ്റും പേരുകള്‍. മലപ്പുറത്തെ ഏതോ ആനക്ക് ഒരു മുസ്ലിം പേരിട്ടു എന്നത് പത്ര വാര്‍ത്തയായിരുന്നു. ഇത് ബാസ്റ്റ്യനാണ്. ഇപ്പേര് ആനക്കു പതിവില്ല. ആനക്കറിയില്ല അതിന്റെ മതം. അതിനെ സ്നേഹിക്കുന്നുവെന്ന് വിശ്വസിപ്പിക്കുന്നവരാണ്, ആനയെ വെച്ചു കാശുണ്ടാക്കുന്നവരാണ് അതിനെ ഓരോ മതങ്ങളിലേക്ക് ജ്ഞാനസ്നാനം നടത്തുന്നത്.
ഉല്‍സവത്തിലേക്ക് തന്നെ തിരിച്ചുവരാം. രാവിലെ തന്നെ ആ ആനയെത്തി. ബാസ്റ്റ്യന്‍ വിനയശങ്കര്‍ എന്ന 'ഗജവീരന്‍'. ദേശത്തിന്റെ വീരപുരുഷന്‍. ആനയെ കാണാന്‍ ചെന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍പെട്ടത് ഇരുകാലുകളെയും കുടുക്കിയിട്ട കൂറ്റന്‍ ചങ്ങല. പിന്നെ, പുറത്തും അടുത്തുമുള്ള പാപ്പാന്‍മാര്‍. അവരുടെ കൈകളില്‍ മൂര്‍ച്ചയുള്ള തോട്ടി. മൂര്‍ച്ചയുള്ള കുന്തമുനയും ഇരുമ്പു കൊളുത്തും. സമീപത്തെ രണ്ടാം  പാപ്പാന്‍ സമൃദ്ധമായി അതുപയോഗിക്കുന്നു. വേദനയോടെ ആന അനുസരിക്കുന്നു. തിടമ്പ് ഏറ്റുന്നേരം കുനിഞ്ഞു നിവരുന്ന ആനയെത്തേടി തോട്ടിക്കൊപ്പം ചൂരല്‍വടിയുമെത്തി. കുത്തിമുറിക്കുന്ന വേദനയോടെ അനുസരണയുടെ പാഠങ്ങള്‍ ഓരോന്നായി അത് പിന്നിടുന്നത്  ആരുടെയും കണ്ണു നിറയിക്കേണ്ടതാണ്. എന്നാല്‍, തുണ്ടായില്ല. ആരും അത് ശ്രദ്ധിച്ചേയില്ല. ദേശത്തിന്റെ അഭിമാനത്തെ  കണ്‍നിറയെ കാണുകയാണ് പുരുഷാരം. അതിന്റെ ഞരക്കവും വേദനയും അവര്‍ക്ക് ഹരമെന്ന് തോന്നി. ഈ കലാപരിപാടി തുടങ്ങൂം മുമ്പു തന്നെ  ഉല്‍സവ കമ്മിറ്റിക്കാര്‍ പാപ്പാന്‍മാരെ സമീപത്തെ ബസ്സ്റ്റോപ്പില്‍ വിളിച്ച് സമൃദ്ധമായി മദ്യം വിളമ്പുന്നത് കണ്ടിരുന്നു. മദ്യത്തിന്റെ ഉശിര് അവരുടെ ക്രൂരത കൂട്ടി. ദേശക്കൂറും കൌതുകവും ആഹ്ലാദവുമെല്ലാം ചേര്‍ന്ന്  നാട്ടുകാരുടെയും വീര്യം കൂട്ടി.
തുടക്കം മാത്രമായിരുന്നു അത്. ഫ്ലക്സ് ബോര്‍ഡുകളില്‍ നിറഞ്ഞുനിന്ന് ദേശത്തിന്റെ അഭിമാനം കാത്ത ആന പിന്നീട് അതിലും ക്രൂരമായി കൈകാര്യം  ചെയ്യപ്പെട്ടു. തോട്ടികള്‍ പലവട്ടം താണുയര്‍ന്നു. ചൂരല്‍ വടികള്‍ പുളഞ്ഞു. ജനക്കൂട്ടം ആനയുടെ കൌതുകക്കാഴ്ചയാല്‍ ഈ ക്രൂരതകളെല്ലാം മറന്നു. വേദനിക്കുന്ന കണ്ണുകളാല്‍ ആന ചുറ്റും നോക്കുന്നത് കണ്ടപ്പോള്‍, അതിപ്പോള്‍ ചങ്ങലപൊട്ടിക്കുമെന്ന് തോന്നി. എന്നാല്‍, ഒന്നുമുണ്ടായില്ല. അനുസരണത്തിന്റെ പാഠം മറക്കാതെ നല്ലകുട്ടിയായി അത് വേദന തിന്നുതന്നെയിരുന്നു.
ഉല്‍സവം കഴിയാന്‍ നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങി. ചാനല്‍ വാര്‍ത്തക്കു മുന്നില്‍ കണ്‍മിഴിക്കവേ അതു കണ്ടു. ഗുരുവായൂര്‍ ക്ഷേത്രാല്‍സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ട മല്‍സരത്തിനിടെ ആനയിടഞ്ഞു. ഏഴു പേര്‍ക്ക് പരിക്കേറ്റു.  ഓട്ടത്തിനിടെ മറ്റൊരാന മുന്നില്‍ കടന്നപ്പോള്‍ ഒരാന പിന്നോട്ടു തിരിഞ്ഞോടിയതാണ് സംഭവം. ഇതിനിടെ മുന്നില്‍ കണ്ട ഒരാളെ ആന ഉപദ്രവിച്ചു. മറ്റ് ചിലര്‍ക്ക് തിരക്കില്‍ വീണു പരിക്കേറ്റു.
ആനകളുടെ ഓട്ടമല്‍സരമായിരുന്നു അത്. സ്വന്തം ഇഷ്ടപ്രകാരമുള്ള ഓട്ടമല്ല. തോട്ടിയും ചങ്ങലകളും ചൂരല്‍വടികളും ചേര്‍ന്നുണ്ടാക്കുന്ന നിര്‍ബന്ധിതാവസ്ഥ. ആനകളെ നിര്‍ബന്ധിച്ച് മൃഗയാ വിനോദം നടത്തിയതാണ് സംഭവത്തിന്റെ പ്രധാന കാരണം. എന്നാല്‍, വാര്‍ത്തകളിലൊന്നും അതു കണ്ടില്ല. മറിച്ച്,  നാടിന്റെ അഭിമാനമായ ആനയോട്ടം കലക്കാന്‍ ശ്രമിച്ച ഒരാനയുടെ കുറുമ്പായിരുന്നു വാര്‍ത്തകള്‍ നിറയെ.
എന്തൊരു അവസ്ഥയാണ് ഇത്. നമ്മെപ്പോലെ ഒരു ജീവി. അതിനു പേരിട്ട് അതിന്റെ ആരാധകരെന്ന് നടിക്കുക. വലിയ തടിയും ശരീരവും കൊണ്ട് നന്നായി നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ആനയെ ഓടിക്കുക. ഓരോ ആനയുടെ പേരു പറഞ്ഞ് വാതുവെച്ച് കൈയടിക്കുക. വാഴ്ത്തുക. ഇതൊന്നും അറിയാത്ത, ജനിച്ച കാട്ടില്‍നിന്ന് ചതിക്കു കീഴടങ്ങി നാട്ടിലെത്തപ്പെട്ട ആനകള്‍ സഹിക്കവയ്യാതെ ഉപദ്രവം നടത്തുക. കൊലക്കൊമ്പനെന്നും ചോരക്കെതിയനെന്നും അവനെ വിശേഷിപ്പിക്കുക. മനുഷ്യര്‍ ഇത്രകാലം ആര്‍ജിച്ച സംസ്കാരത്തെ കൊഞ്ഞനം കുത്തുന്ന ഇക്കാഴ്ചകള്‍ അവസാനിപ്പിക്കാന്‍ ഇനിയും സമയമായിട്ടില്ലേ.
സമയമായെന്ന് വ്യക്തമാക്കുന്ന ഒരു നിയമ നിര്‍മാണത്തിന്റെ വിവരം ഈയിടെ പുറത്തുവന്നിരുന്നു. ആനയെ പൈതൃക മൃഗമായി പ്രഖ്യാപിക്കുന്നതിന്റെ വിശദാംശങ്ങള്‍. ആന മുതലാളിമാരും ഉല്‍സവ കമ്മിറ്റിക്കാരും  ഉടന്‍തന്നെ അതിനെതിരെ  രംഗത്തുവന്നു. വിശ്വാസത്തിന്റെ പ്രശ്നമായും ഗജാരാധനയുടെ പ്രശ്നമായും അത് വ്യാഖ്യാനിക്കപ്പെട്ടു. അഴിമതിക്കേസില്‍ ജയിലഴി  കാത്തിരിക്കുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയും മകന്‍ ഗണേശ്കുമാറുമായിരുന്നു തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തിലെ മുഖ്യ കാര്‍മികര്‍. വിശ്വാസത്തെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളിയെന്ന് ഗണേശന്‍ മുന്നറിയിപ്പ് നല്‍കി. തടി പിടിക്കാനും തിടമ്പേറ്റാനുമുള്ള ഈ ആനകള്‍ക്ക് കാട്ടിലെന്താണ് കാര്യം എന്നായിരുന്നു പിള്ളസാറിന്റെ ചോദ്യം. 
ശരിയല്ലേ, സത്യത്തില്‍ ആനക്ക് കാട്ടിലെന്താണ് കാര്യം.

LinkWithin

Related Posts Plugin for WordPress, Blogger...