എന്തു കൊണ്ടാവും അവര്‍ ആത്മഹത്യ തെരഞ്ഞെടുത്തിട്ടുണ്ടാവുക. എന്തായിരിക്കും അതിനുള്ള കാരണങ്ങള്‍. കഠിനമായ ആ വിധിയെക്കുറിച്ച്.
അമ്മുവേടത്തി മരിച്ചു. രണ്ടാഴ്ച മുമ്പ്. വെറും മരണമല്ല ആത്മഹത്യ.
പ്രായം കുറച്ചുണ്ടായിരുന്നു, അവര്‍ക്ക്. അത്ര കുറച്ചൊന്നുമല്ല, ഏതാണ്ട് 75. ആത്മഹത്യക്ക് ഒട്ടും അനുയോജ്യമല്ലാത്ത പ്രായം. എന്നിട്ടും അവര്‍ ആത്മഹത്യ ചെയ്തു. എന്തു കൊണ്ടാവും അതെന്ന് ആരും പറഞ്ഞു തരുന്നില്ല.
പതിവില്ലാത്ത ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെന്ന് അയല്‍വാസികള്‍ ഓര്‍ക്കുന്നു.
വൈകുന്നേരം പതിവു പോലെ അടുത്തുള്ള വീടുകളില്‍ ചെന്നു. വെറുതെ സംസാരിക്കാനെന്ന മട്ടില്‍. എല്ലാവരെയും കാണാനായിരുന്നു അതെന്ന് പിന്നീട് ആളുകള്‍ തീര്‍ത്തു പറഞ്ഞു. പക്ഷേ, സംസാരത്തിലോ പെരുമാറ്റത്തിലോ പന്തി കേടുണ്ടായിരുന്നില്ല. അയല്‍ വീടുകളില്‍നിന്ന് മടങ്ങിയപ്പോള്‍ സമയം സന്ധ്യ. വീട്ടിലെല്ലാവരും ടി.വിക്കു മുന്നിലാണ്. മുറ്റത്തെ തുളസിത്തറയില്‍ വിളക്കു വെച്ചു. വരാന്തയിലാരിടത്ത് നിലവിളക്കു കൊളുത്തി. നാമം ജപിച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ വിളക്കെടുത്തു വെച്ചു. ഒട്ടും അസാധാരണമല്ലാത്ത വിധം.
അത്രയും എല്ലാവര്‍ക്കുമറിയാം.
പിന്നെ എന്താവാം നടന്നിട്ടുണ്ടാവുക എന്ന് എല്ലാവരും ഊഹിക്കുകയാണ്.
'വിളക്കു വെച്ചു കഴിഞ്ഞ് അമ്മ വിറകു പുരയിലേക്ക് പോവുന്നത് കണ്ടു. അവിടെയായിരുന്നു...' -തണുത്ത സ്വരത്തില്‍ അവരുടെ മൂത്ത മകന്റെ ഭാര്യ പറയുന്നു.
'പഴയ സാരിയായിരുന്നു. പിരിച്ചു കെട്ടിയായിരുന്നു...'-ഇളയ മകള്‍ കൂട്ടിച്ചേര്‍ക്കുന്നു.
തീര്‍ന്നു. ആ മരണത്തിന്റെ കഥ.
വിവരമറിഞ്ഞ് നാട്ടില്‍ ചെന്നതായിരുന്നു ഞാന്‍. വീടിന്റെ ഒരു മൂലക്ക് ഇത്തിരി മണ്ണ് പൊങ്ങിക്കിടക്കുന്നത് കണ്ടു. ഇളകിയ മണ്ണിന്റെ അടയാളങ്ങള്‍ അതിനടുത്തെല്ലാം. അപ്പോള്‍, അവിടെയാണ്...
പിന്തിരിഞ്ഞ് നടന്ന് അവരുടെ പഴയ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ കണ്ടു, ഒറ്റക്കു നില്‍ക്കുന്ന വിറകുപുര.
അധിക നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. പെട്ടെന്ന് തന്നെ ഇറങ്ങി. തൊട്ടു താഴെയായിരുന്നു എന്റെ വീട്.
അമ്മുവേടത്തി എന്റെ അയല്‍ക്കാരിയാണ്. ഞങ്ങള്‍ വീടു വാങ്ങി ചെന്ന കാലം മുതല്‍ എല്ലാ സഹായവുമായി കൂടെ ഉണ്ടായിരുന്നു. അമ്മയുടെ ഓരോ കാര്യത്തിനും ആശ്രയമായി. തമാശയും ചിരിയുമായി ഒരു സാധുജന്‍മം.
കര്‍ഷക കുടുംബമായിരുന്നു. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍, മക്കള്‍ മുതിര്‍ന്നു. അവരും കൃഷി തന്നെയാണ്. വീടും സ്ഥലവും മൂത്ത മകനാണ്. അയാളും കൃഷിക്കാരന്‍. കാര്യമായി വലിയ വരുമാനമൊന്നുമില്ലെങ്കിലും ഉള്ള ഭൂമിയില്‍ അയാള്‍ അധ്വാനിച്ചു കൊണ്ടേയിരുന്നു.
മറ്റുള്ളതെല്ലാം പെണ്‍മക്കളാണ്. അവരൊക്കെ വെവ്വേറെ ഇടങ്ങളില്‍. സ്വന്തം ജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍ മുങ്ങിയും പൊങ്ങിയും കഴിയുന്നതിനിടക്ക് ഇടക്കൊക്കെ അവര്‍ അമ്മയെ കാണാനെത്താറുണ്ട്.
അമ്മുവേടത്തിക്ക് അങ്ങനെ പരിഭവമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. ആ വീട്ടിലങ്ങനെ വഴക്കൊന്നും ഉണ്ടാവാറുമില്ല. കുറേ കാലമായി പല നഗരങ്ങളില്‍ മാറിമാറി താമസിക്കുന്നതിനാല്‍ പുതിയ കാര്യങ്ങളൊന്നും എനിക്കറിയുകയുമില്ല.
എങ്കിലും എന്തോ ഒന്ന് അലട്ടുന്നുണ്ട്. ആ പ്രായത്തില്‍ അവര്‍ എന്തിനു ആത്മഹത്യ ചെയ്യണമെന്ന ചോദ്യം. എന്തു പ്രശ്നമുണ്ടായാലും അതൊക്കെ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളാണ്. ജീവിതത്തിലിപ്പോള്‍ അത്ര ഭാരിച്ച ഉത്തരവാദിത്തമൊന്നുമില്ല. ഒറ്റപ്പെട്ടു എന്നൊന്നും പറയാനും കഴിയില്ല. അയലത്തെ മനുഷ്യരുമായൊക്കെ നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍ ഒറ്റപ്പെട്ടു നില്‍ക്കാനുള്ള സാധ്യതയും കുറവാണ്. എന്നിട്ടും എന്തിനാവും?
മക്കള്‍ക്കൊക്കെ ഭാരമായി എന്ന് തോന്നുന്നുണ്ടാവും. ആരുമറിയാത്ത വല്ല അസുഖവും വന്നിട്ടുണ്ടാവണം. പുറത്തു കാണാത്ത വല്ലതും ആ വീടിനകത്ത് പുകയുന്നുണ്ടാവണം. പ്രത്യേകിച്ച്, ഭൂവിപണിയുടെ ഈ കാലത്ത് അവരുടെ സ്വത്തിനൊക്കെ വില വളരെ കൂടുതലായതിനാല്‍. അങ്ങനെയൊക്കെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
എന്തായാലും അമ്മുവേടത്തി ഇപ്പോഴില്ല എന്നത് വാസ്തവമാണ്.
പ്രായമുള്ളവരുടെ ആത്മഹത്യ വല്ലാത്തൊരു ചോദ്യ ചിഹ്നമാണ്. ജീവിതത്തിന്റെ ദുരിത കാണ്ഡം മുഴുവന്‍ പൊരുതി നില്‍ക്കുന്നവര്‍ സായം സന്ധ്യയില്‍ സ്വയം വിരാമ ചിഹ്നമാവാന്‍ തീരുമാനിക്കുന്ന അവസ്ഥ. എങ്ങനെയാവും അവര്‍ അതിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാവുക. ഏതേതു ആലോചനകളിലായിരിക്കും കിളി തൂവല്‍ പൊഴിക്കുന്നത്ര ലാഘവത്തോടെ അവര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവുക. മനസ്സിലാവുന്നില്ല.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ വീടിനടുത്ത് ഇതേ പോലൊരമ്മ ആത്മഹത്യ ചെയ്തിരുന്നു. മക്കളും മരുമക്കളുമൊക്കെയായി കഴിയുന്നൊരു കാലത്ത്. വീട്ടില്‍ ആരുമില്ലാത്തൊരു നാള്‍ തീ കൊളുത്തിയായിരുന്നു ആ വിടവാങ്ങല്‍. അന്നും വല്ലാത്ത ഒരാഘാതം എന്നെ ഇളക്കി മറിച്ചിരുന്നു. ജീവിതത്തെക്കുറിച്ചാലോചിച്ച് ഞാനെത്തിയ നിഗമനങ്ങള്‍ മുഴുവന്‍ തട്ടിത്തെറിപ്പിക്കുന്നത്ര ശക്തിയില്‍ ആ ചോദ്യങ്ങള്‍ ഇളക്കി മറിച്ചു.
പിന്നീടായിരുന്നു പ്രിയപ്പെട്ട സുഹൃത്തിന്റെ അച്ഛന്റെ മരണം. സ്നേഹം കാറ്റു പോലെ സദാ വീശിക്കൊണ്ടിരിക്കുന്ന ഒരു വീടായിരുന്നു അത്. ചെവി അല്‍പ്പം കേള്‍ക്കില്ല എന്നതൊഴിച്ചാല്‍, സന്തോഷവാനായിരുന്നു ആ അച്ഛനും. തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു അദ്ദേഹം. മക്കളൊക്കെ നല്ല നിലയില്‍ എത്തിയപ്പോള്‍ ജോലി നിര്‍ത്തി വെറുതെ വീട്ടില്‍ ഇരിപ്പായി. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമായിരുന്നു ആ ആത്മഹത്യ. തൊട്ടാല്‍ അറ്റുപോവുന്നത്ര മൂര്‍ച്ചയുള്ള ഒരു മടവാളായിരുന്നു ആയുധം. മുറിഞ്ഞ കഴുത്തുമായി കിടക്കുന്ന ആ അച്ഛന്റെ ദൃശ്യം പിന്നീടെത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്.
അന്നും ഉത്തരം കിട്ടിയില്ല. അത്ര ദാരുണമായ ഒരന്ത്യം ഒരിക്കലും അര്‍ഹിച്ചിരുന്നില്ല ആ അച്ഛന്‍.
പറഞ്ഞു വന്നത് നമ്മുടെ വീടുകളിലെ മുതിര്‍ന്നവരുടെ അവസ്ഥകളാണ്. നമ്മേക്കാള്‍ അരക്ഷിതമാണെന്ന് തോന്നുന്നു അവരുടെ ദിനങ്ങള്‍. പുതിയ ജീവിതാവസ്ഥകളോ ശാരീരിക അവസ്ഥകളോ അവര്‍ക്ക് എളുപ്പം വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നുണ്ടാവില്ല. ഒരു പാടു കാലം കൊണ്ട് പഠിച്ച ജീവിത സത്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് തെളിയിച്ച് ഒറ്റയടിക്ക് തിരിഞ്ഞു നടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഈ ലോകം തങ്ങള്‍ക്ക് പറ്റിയതല്ലെന്ന തീര്‍പ്പ് തന്നെയാവണം. കുടുംബത്തിലെയും വ്യക്തി ജീവിതത്തിലെയുമെല്ലാം ചെറിയ തിരയിളക്കങ്ങള്‍ പോലും അതിജീവിക്കാനാവാതെയാവണം അവര്‍ യാത്ര പറഞ്ഞു പോവുന്നത്. എന്തായാലും അത് ക്രൂരമാണ്. ജീവിതത്തിന്റെ നട്ടുച്ചകളെ ഉജ്വലമായി നേരിട്ട ആ മനുഷ്യരുടെ അവസാന നാളുകള്‍ ഇങ്ങനെ സ്വയംഹത്യ കൊണ്ട് അടയാളപ്പെടുത്തേണ്ടതല്ല.
ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു കഥ കൂടി പറയാനുണ്ട്.
മറ്റൊരു സുഹൃത്തിന്റെ അച്ഛനാണ് അതിലെ കഥാപാത്രം.
ആളൊരു അധ്യാപകനാണ്. വെള്ള ഷര്‍ട്ടും മുണ്ടുമിട്ട് റോഡരിക് ചേര്‍ന്നു നടന്നു പോവുന്ന ഒരു സാധു മനുഷ്യന്‍.
റിട്ടയര്‍ ചെയ്യുന്നതു വരെ അദ്ദേഹം തമാശക്കു പോലും മദ്യപിച്ചിട്ടേയില്ല. എന്നാല്‍, റിട്ടയര്‍ ചെയ്ത് ആദ്യ ആഴ്ച അങ്ങേര് ആദ്യ കുപ്പി പൊട്ടിച്ചു. പിന്നെ എന്നും.
പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. എന്നും വൈകുന്നേരം ടൌണിലേക്കുള്ള എളുപ്പ വഴിയിലൂടെ, റോഡരിക് ചേര്‍ന്ന് നടന്ന് സ്ഥലത്തെ മദ്യവില്‍പ്പന ശാലയിലെത്തും. വിലകുറഞ്ഞൊരു മദ്യം ചെറിയ കുപ്പി വാങ്ങി അതേ പോലെ സൌമ്യമായി റോഡരിക് ചേര്‍ന്ന് വീട്ടിലേക്ക് നടക്കും. വീട്ടിലെത്തിയാല്‍ സന്ധ്യാദീപത്തിനു ശേഷം വരാന്തയിലെ മേശപ്പുറത്ത് സ്വയം കഴുകി വൃത്തിയാക്കിയ ഗ്ലാസുമായി ഒറ്റക്കിരിക്കും. മക്കളൊക്കെ വിദേശത്തായതിനാല്‍ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഇടക്ക് അവരും അടുത്തു ചെന്നിരിക്കും. ശാന്തമായി മദ്യപിച്ച് ഇത്തിരി സംസാരത്തിനു ശേഷം ആ മനുഷ്യന്‍ ഉറങ്ങാന്‍ ചെല്ലും. പിറ്റേന്ന് വൈകിട്ടാവുന്നത് വരെ മദ്യത്തെക്കുറിച്ച് അദ്ദേഹം ആലോചിക്കാനേ ഇടയില്ലെന്ന് ഇക്കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ച് അദ്ദേഹത്തിന്റെ മകന്‍, എന്റെ ചങ്ങാതി, കൂട്ടിച്ചേര്‍ക്കുന്നു.
ഒരു പക്ഷേ, ആ ജീവിതത്തിന്റെ ഷോക്ക് അബ്സോര്‍ബറായിരിക്കണം വൈകിട്ടത്തെ ആ ഇത്തിരി നടത്തവും വൈകിയെത്തിയ ആ ശീലവും. തീരെ നിസ്സംഗമായി, എനിക്കിപ്പോള്‍ അങ്ങനെ തന്നെയാണ് തോന്നുന്നത്.








