Showing posts with label പരിസ്ഥിതി. Show all posts
Showing posts with label പരിസ്ഥിതി. Show all posts

Thursday, August 25, 2011

ശിശിരത്തിലെ ഒരമ്മ മരം

ജീവിതത്തില്‍നിന്ന് ഈയിടെ അറ്റുപോയ ഒരമ്മയെ കുറിച്ച്.
അവര്‍ മൊഴിമാറ്റി അനശ്വരമാക്കിയ ഒരു കഥയെ കുറിച്ച്.
ആ കഥയിലൂടെ സ്പര്‍ശിച്ച ഭാവനയുടെ മഴവില്ലുകളെ കുറിച്ച്. 


 മരണം അതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാല്‍  എഴുതിക്കൊണ്ടേയിരിക്കുന്ന തുടര്‍ക്കഥയാണ് പത്രങ്ങളിലെ ചരമപേജ്. ഇഷ്ടമേയല്ല, എനിക്കത്.  അതിലെവിടെയെങ്കിലും ഉറ്റവരുടെ പടമുണ്ടാവുമോ എന്ന ആധിയില്‍ പത്ര വായനക്കിടെ മുന്നില്‍ പെടുമ്പോഴൊക്ക  ആ പേജില്‍നിന്ന് ഓടി രക്ഷപ്പെടാറാണ് പതിവ്.
എന്നിട്ടും, നീണ്ട യാത്ര കഴിഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ചെന്നു പെട്ടത് ചരമപേജിലാണ്. മുന്നിലെത്തിയ തുറക്കാത്ത പത്രങ്ങളില്‍നിന്ന് എനിക്കു വേണ്ടി കാറ്റ് തുറന്നിട്ട പേജ്. അറിയാതെ കണ്ണെത്തി നിന്നത് ആ പേരിലായിരുന്നു. ഡോ. സി തങ്കം. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന  ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി തങ്കം ( 87) അന്തരിച്ചെന്ന് അതിനടിയിലെ വരികള്‍ പറഞ്ഞു തന്നു.


ഒറ്റയടിക്ക് ഞാനെന്റെ കുട്ടിക്കാലത്തിലേക്ക് മറിഞ്ഞു വീണു. അവിടെയുണ്ടായിരുന്നു, ഭീമാകാരനായ ഒരു ഓക്കു മരം.  റഷ്യയിലെ ഏതോ വനത്തില്‍ അനേകം ജീവജാലങ്ങള്‍ക്ക് കൂടായി മാറിയൊരു മരമുത്തശãി. മഞ്ഞു കൊണ്ടുള്ള ആ മരത്തിന് വെളിച്ചത്തിന്റെ അനേകം ചെറു പൊട്ടുകള്‍ കണ്ണെഴുതി.  വായന കൊണ്ടു മാത്രം മുറിച്ചു കടന്ന ഏകാന്തമായ ബാല്യത്തിന്റെ സങ്കല്‍പ്പ വിമാനങ്ങളില്‍ ഞാനാ മരത്തിനരികെ പല വട്ടം പോയിരുന്നു.  അവിടെ, ഇലപ്പച്ചയുടെ ജലച്ചായം  മഞ്ഞിന്റെ വെണ്‍മയില്‍  ചാലിച്ച് ഞാന്‍ വരച്ച അനേകം ചിത്രങ്ങളുണ്ടായിരുന്നു. ഇലപ്പഴുതുകളിലൂടെ കടന്നു വന്ന സൂര്യ പ്രഭയുടെ മാന്ത്രികത തുന്നിയ അനേകം കിനാവുടുപ്പുകള്‍.
ആ ഒറ്റ മരം എനിക്കു കിട്ടിയത് മുന്നിലെ പത്രത്തില്‍ വെറുമൊരു പേരായി കിടക്കുന്ന ആ അമ്മയില്‍നിന്നായിരുന്നു. ഡോ. തങ്കത്തിന്റെ. അവരെഴുതിയ അതിമനോഹരമായ വരികളില്‍നിന്ന്.  എന്നെ പോലെ അന്നത്തെ അനേകം കുഞ്ഞുങ്ങള്‍ക്ക് അവര്‍  ഇലപ്പച്ച കൊണ്ട് തൊടാനാവുന്ന ഭാവനയുടെ കാടകം കാണിച്ചു കൊടുത്തിരിക്കണം, തീര്‍ച്ച.

യൂറി മാര്‍കോവിച് നഗിബിന്‍
17 വര്‍ഷം മുമ്പ് അധികമാരുമറിയാതെ മരിച്ച റഷ്യന്‍ എഴുത്തുകാരനായ യൂറി മാര്‍കോവിച് നഗിബിന്‍ എഴുതിയ ശിശിരത്തിലെ ഓക്കു മരം എന്ന എന്ന കഥ മലയാളത്തിന്റെ ഇലത്തുമ്പിലേക്ക് പറിച്ചു നട്ടത് ഡോ. തങ്കമായിരുന്നു. നഗിബിനെ ഒരു പക്ഷേ, മലയാളികള്‍ അറിഞ്ഞതും ഇഷ്ടപ്പെട്ടതും ഈ കഥയിലൂടെ മാത്രമായിരിക്കണം.
ഭാഷയുടെ കമ്പിവേലി അതിരിട്ടതിനാല്‍ നഗിബിന്റെ റഷ്യന്‍ കഥ  വായിച്ചിട്ടില്ല. അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമുണ്ടോ എന്നുമറിയില്ല. വായിച്ചത് ഡോ. തങ്കം പണ്ട് സൂചീമുഖിയില്‍ എഴുതിയ ആ കഥയാണ്. ശിശിരത്തിലെ ഓക്കു മരം എന്ന തലക്കെട്ടിനു താഴെ ആരെയും കൈ പിടിച്ചു കൂട്ടിക്കൊണ്ടുപോവാനാവുന്ന ഭാഷയുടെ ചങ്ങാത്തക്കൈകളുണ്ടായിരുന്നു. സ്നേഹവും വാല്‍സല്യവും കടലു പോലെ തുളുമ്പുന്ന ഒരമ്മക്ക് മാത്രം കഴിയുന്ന  കഥ പറച്ചിലിന്റെ ലാളിത്യവും സാരള്യവുമുണ്ടായിരുന്നു. വാക്കുകളുടെ ആ ഗോവണി കയറിയാല്‍  ഭാവനയുടെ അനേകം ആകാശങ്ങള്‍ കൈയെത്തിപ്പിടിക്കാനാവുമായിരുന്നു.

ഗൂഗിളില്‍ തുഴ എറിഞ്ഞപ്പോള്‍ അവരുടെ ചരമ വാര്‍ത്തയില്‍ വീണ്ടും ചെന്നു പെട്ടു. അതില്‍ കാര്യമാത്ര പ്രസക്തമായ ഭാഷയില്‍ അവരെ കുറിച്ച് എഴുതിയിരിക്കുന്നു.
വെറുമൊരു വാര്‍ത്തയായിരുന്നു അത്. പ്രധാനപ്പെട്ട ഒരു വാര്‍ത്തയാവാനുള്ള സര്‍വ യോഗ്യതയുമുണ്ടായിട്ടും  പത്രങ്ങളൊന്നും അത് തിരിച്ചറിഞ്ഞില്ലെന്നു തോന്നുന്നു. വാര്‍ത്തകള്‍ എഡിഷനുകളില്‍ ഒതുങ്ങുന്ന കാലത്ത്, ആ വാര്‍ത്ത ഒരു പക്ഷേ, അവരുടെ തട്ടകമായ തിരുവനന്തപുരത്ത് വലിയ വാര്‍ത്തയായിരിക്കണം എന്ന് വെറുതെ ഊഹിച്ചു.

ആ വാര്‍ത്ത ഇങ്ങനെയായിരുന്നു.

ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി. തങ്കം
തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി. തങ്കം (87) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ദേവസം ബോര്‍ഡ് ജങ്ഷന്‍ കവടിയാര്‍ ബെല്‍ഹെവന്‍ ഗാര്‍ഡന്‍സ് 'ശാന്തി'യിലായിരുന്നു അന്ത്യം. മദിരാശി പ്രസിഡന്‍സി കോളേജില്‍നിന്ന് ഔദ്യോഗിക ജീവിതം തുടങ്ങി. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ബയോളജി പ്രൊഫസറായി റിട്ടയര്‍ ചെയ്തു.തിരുവനന്തപുരത്തെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്നു. ശര്‍മ്മാജിയുടെ മരണശേഷം ശര്‍മ്മാജി സ്ഥാപിച്ച ബാലവിഹാറിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇവര്‍ രചിച്ച 'ശിശിരത്തിലെ ഓക്കുമരം' എന്ന പുസ്തകത്തിന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പരേതനായ സി.ഉണ്ണിരാജ, പരേതയായ ഡോ. സി.കെ. തമ്പായി, സി. സരോജിനി, ജസ്റ്റിസ് സി.എസ്. രാജന്‍ എന്നിവരാണ് സഹോദരങ്ങള്‍.മക്കള്‍: ഡോ. ശങ്കര്‍. ഡോ. ശാന്തി, അശോക്, അനിത. മരുമക്കള്‍: ഡോ. ഉമ, സതീഷ്, ഡോ.മിനി.മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിവരെ വസതിയായ കവടിയാര്‍ ബെല്‍ഹെവന്‍ ഗാര്‍ഡന്‍സിലെ ശാന്തിയില്‍ പൊതുദര്‍ശത്തിന് വെയ്ക്കും. രാവിലെ വഴുതക്കാട്ടുള്ള ലെനിന്‍ ബാലവാടിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ബുധനാഴ്ച രാവിലെ 11ന്‌വൈദ്യുതി ശ്മശാനത്തില്‍ ശവസംസ്‌കാരം. മൃതദേഹത്തില്‍ റീത്ത് വെയ്ക്കുകയോ മറ്റ് മരണാനന്തരച്ചടങ്ങുകള്‍ നടത്തുകയോ ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.



വാര്‍ത്തയില്‍ അവരുടെ ഉറ്റവരുടെ പേരുകളുണ്ടായിരുന്നു. കേരളത്തിന് അവഗണിക്കാനാവാത്ത ചില പേരുകള്‍. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ പ്രമുഖനായിരുന്ന ശര്‍മാജി. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ സി. ഉണ്ണിരാജ. കേരളത്തിന്റെ പാരിസ്ഥിതിക ഭൂപടത്തില്‍ അക്കാദമിക് ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഡോ. എസ്. ശങ്കര്‍. പരിസ്ഥിതി ആക്റ്റിവിസത്തിന് അക്കാദമിക് അടിത്തറ പാകിയവരില്‍ പ്രധാനികളായ എസ്. ശാന്തി, എസ്. അനിത, സതീഷ് ചന്ദ്രന്‍ നായര്‍. എനിക്കറിയാത്ത മറ്റുള്ളവര്‍. ഇവര്‍ക്ക് മാത്രമല്ല  കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ട  അമ്മയായിരുന്നു അവര്‍..
കേരളത്തില്‍ പി.എച്ച്.ഡി നേടിയ ആദ്യ കാല വനിതകളില്‍ ഒരാളായിരുന്നു അവര്‍. തിരുവനന്തപുരം വിമന്‍സ് കോളജിന്റെ പ്രിയപ്പെട്ട ജീവശാസ്ത്ര അധ്യാപിക. എന്നാല്‍, പല അധ്യാപകരില്‍നിന്നും  വ്യത്യസ്തമായി ചെടികളെയും ജീവജാലങ്ങളെയും കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്നു അവര്‍ക്ക്.  റിട്ടയര്‍ ചെയ്തിട്ടും എഴുത്തിലും ചിന്തകളിലും സജീവമായിരുന്നു.  പയ്യന്നൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സൂചീമുഖി മാസികയില്‍ ഈയടുത്തും അവരുടെ കുറിപ്പുകള്‍ കണ്ടിരുന്നു.

'ശിശിരത്തിലെ ഓക്കു മര'ത്തിന്റെ കവര്‍ ചിത്രം


ഈയടുത്താണ് അവിചാരിതമായി 'ശിശിരത്തിലെ ഓക്കു മരം' വീണ്ടും കൈയിലെത്തിയത്. ചങ്ങാതിക്കൊപ്പം ഒരു പുസ്തക ശാലയില്‍ വെറുതെ പരതുമ്പോള്‍ മുന്നിലെത്തി, കറുപ്പിലും വെളുപ്പിലും പുറം ചട്ടയുള്ള ആ പുസ്തകം. അതിന്റെ നെഞ്ചില്‍ തന്നെ കൊത്തി വെച്ചിരുന്നു ഐതിഹാസികമായ ആ പേര്. ശിശിരത്തിലെ ഓക്കുമരം.
പുതിയ ശീലങ്ങളനുസരിച്ച് ഒട്ടും ആകര്‍ഷകമല്ലായിരുന്നു ആ പുസ്തകം. വര്‍ണക്കൂട്ടുകളില്ല. അലങ്കാരത്തൊങ്ങലുകളില്ല. എന്നാല്‍, അതിനുള്ളില്‍ വെളുപ്പില്‍ കറുത്ത അക്ഷരങ്ങളില്‍ നിറയെ ഭാവനക്ക് ചിറകു വിടര്‍ത്താനുള്ള വാക്കുകളുടെ മഴവില്‍ ചാരുതയായിരുന്നു. കുട്ടികള്‍ക്കുള്ള പുസ്തകമെന്ന വ്യാജേന ആ അമ്മയെഴുതിയത് എല്ലാ കാലത്തെയും എല്ലാ പ്രായക്കാര്‍ക്കുമുള്ള ഭൂമിയുടെ നിറച്ചാര്‍ത്തുകളായിരുന്നു.  ശിശിരത്തിലെ ഓക്കു മരം കൂടാതെ മറ്റനേകം  റഷ്യന്‍ കഥകളുമുണ്ടായിരുന്നു ആ പുസ്തകത്തില്‍.
'ദേ, ആ പുസ്തകം'
എന്റെ ആവേശം കണ്ടപ്പോള്‍ ചങ്ങാതി പറഞ്ഞു തന്നു, അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍. കഥകളെഴുതുന്ന ഒരാള്‍ എന്നതിനപ്പുറം അവരുടെ ചിറകുകളിലുണ്ടായിരുന്ന പല തൂവലുകള്‍ ചങ്ങാതിയാണ് കാണിച്ചു തന്നത്.
എന്നെങ്കിലുമൊരിക്കല്‍ ആ അമ്മയെ കാണാന്‍ പോവണമെന്ന ആഗ്രഹം കൊണ്ട് ഞാനന്നേരം മറി കടന്നു.
നമുക്ക് പോവാമെന്നായിരുന്നു ചങ്ങാതിയുടെ ഉറപ്പ്. അതിലേക്കാണ് ഇപ്പോള്‍ ഈ മരണ വാര്‍ത്ത പൊട്ടി വീണത്.


ഒരു സ്കൂള്‍ കുട്ടിയുടെ കഥയാണ് ശിശിരത്തിലെ ഓക്കു മരം. അവന് സവുഷ്കിന്‍ എന്നു പേര്. ക്ലാസില്‍ എന്നും വൈകിയെത്തും. അന്നും അങ്ങനെ തന്നെയെത്തി.  
നാമത്തിന് നിര്‍വചനം നല്‍കി  കുട്ടികളെ കൊണ്ട് ഉദാഹരണം പറയിക്കുകയായിരുന്നു ടീച്ചര്‍. ചോദ്യമുന അവനിലെത്തിയപ്പോള്‍ ഉത്തരം അപ്രതീക്ഷിതമായിരുന്നു^ശിശിരത്തിലെ ഓക്കുമരം.
ഓക്കു മരം എന്ന നാമത്തെ മനസ്സിലാക്കാം. ഈ ശിശിരത്തിലെ ഓക്കു മരം എന്താണാവോ. അധ്യാപിക ഇത്തിരി അരിശത്തോടെ  പ്രതികരിച്ചു. അവന് അമ്മ മാത്രമേയുള്ളൂ. വനത്തിനപ്പറത്താണ് അവരുടെ താമസം. അവനെക്കുറിച്ചുള്ള പരാതികള്‍ അമ്മയോടു പറയണം.   അമ്മയെ കാണാന്‍ പോവാന്‍ ടീച്ചര്‍ തീരുമാനിച്ചു.
അവന്‍ പോവുമ്പോള്‍ അവരും പോയി, കൂടെ. കാട്ടു വഴിയിലായിരുന്നു യാത്ര. മുന്നില്‍ വഴി കാട്ടിയെപ്പോലെ അവന്‍. പിറകെ ടീച്ചര്‍. അരുവിയുടെ തീരത്തുള്ള കാട്ടുപാതയിലുടെ നടത്തം നീണ്ടു. ഇലത്തഴപ്പിന്റെ , നിഴലുകളുടെ, ചെറു ജീവികളുടെ, പൂമ്പാറ്റകളുടെ, വെയില്‍ കഷണങ്ങളുടെ, പക്ഷികളുടെ, കാട്ടുശബ്ദങ്ങളുടെ ഇടയിലൂടൊരു യാത്ര. കാട്ടിനെ ഓരോ ചെറിയ കാര്യങ്ങളെക്കുറിച്ചും അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു
ടീച്ചര്‍ക്ക് അതൊരു വിചിത്രാനുഭവമായിരുന്നു. അവര്‍ കണ്ണും കാതും കൂര്‍പ്പിച്ച് അവനെ പിന്തുടര്‍ന്നു.  ചെന്നെത്തിയത് ആ ഓക്കുമരത്തിന്റെ ചാരെ.
മഞ്ഞും നിഴലുകളും ചേര്‍ന്നു വരച്ച ഒരു എക്സ്പ്രഷനിസ്റ്റ് ചിത്രമായിരുന്നു ആ ഓക്കുമരം. ഗോപുരം പോലെ ഭീമാകാരം. മഞ്ഞുടുപ്പിട്ട് മനോഹരം. അതില്‍ നിറയെ പല തരം ജീവികളായിരുന്നു. അവന്‍ വാ തോരാതെ അവയെ ടീച്ചര്‍ക്കു പരിചയപ്പെടുത്തി  കൊണ്ടേയിരുന്നു. ഒരു കൊച്ചു കുട്ടിയുടെ ആശ്ചര്യക്കണ്ണോടെ അവരവനെ കേട്ടു.
അവര്‍ക്ക് പെട്ടെന്ന് മനസ്സിലായി, കാട് എന്തെന്ന്. ജീവിതം എന്തെന്ന്. പ്രകൃതി എന്തെന്ന്. ശിശിരത്തിലെ ഓക്കു മരം എന്നല്ലാതെ ആ വന്‍ മരത്തെ വിളിക്കാനാവില്ലെന്നും.
പുസ്തകങ്ങളില്‍നിന്ന് കിട്ടിയ അറിവുകളെ മുഴുവന്‍ റദ്ദാക്കാനുള്ള തിരിച്ചറിവാണ്  ആ യാത്ര ടീച്ചര്‍ക്ക് പകര്‍ന്നത്.

റോക്സ് വിത് ഓക് ട്രീ-വാന്‍ഗോഗ്

കുറച്ചു നാള്‍ മുമ്പ് ആ വാര്‍ത്ത കണ്ടിരുന്നു. 'ശിശിരത്തിലെ ഓക്കു മരം'  കേരളത്തിലെ ഏതോ സ്കൂള്‍ കുട്ടികള്‍ ഹ്രസ്വ ചിത്രമാക്കി മാറ്റിയെന്ന്. മകരത്തിലെ ആല്‍ മരമെന്നോ മറ്റോ ആണ് പേര്. അതിനിയും കാണാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആകെ അന്ധാളിപ്പാണ്. എങ്ങനെയാണ് റഷ്യയിലെ മഞ്ഞുറയുന്ന വനത്തിലെ ഏകാകിയായ ആ ഓക്കു മരത്തെ ഇവിടത്തെ ആല്‍മാരമാക്കി മാറ്റുക. ആ വനവും പരിസരവും മഞ്ഞുമില്ലാതെ എങ്ങനെ ആ കഥ പറയും.
പുതിയ കാലത്ത് അതിനു കഴിയുമായിരിക്കാം. ആ കഥയെ പകര്‍ത്തല്‍. എന്നാല്‍, എന്നാല്‍, ആ കഥ മനസ്സില്‍ തീര്‍ത്ത ഭാവനയുടെ അപര ലോകങ്ങള്‍ ഒരാള്‍ക്കും കാമറയില്‍ പുന:സൃഷ്ടിക്കാനാവില്ലെന്ന് എനിക്ക് നല്ല  ഉറപ്പാണ്. അത്ര തെളിച്ചമുണ്ട് ഇപ്പോളും ഉള്ളിലെ ആ ചിത്രത്തിന്.

Friday, March 4, 2011

വേഴാമ്പല്‍

ഇത് ഒരു വേഴാമ്പലിന്റെ കഥ. അല്ലെങ്കില്‍  നാരായണന്‍ മാഷിന്റെ. അതുമല്ലെങ്കില്‍ ഒരു വേഴാമ്പല്‍ മാറ്റിക്കളഞ്ഞ മാഷിന്റെ ജീവിതത്തിന്റെ കഥ.  ഈ കുറിപ്പിലുള്ളത് പല കാലങ്ങള്‍. കാമ്പസ് കാലത്തില്‍നിന്നു തുടങ്ങി കഴിഞ്ഞ ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന ഒരു തുടര്‍ച്ച. 

കഥ തുടങ്ങൂന്നത്  വര്‍ഷങ്ങള്‍ക്കു മുമ്പ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ മലര്‍ന്നു കിടന്ന്  ആകാശം കാണുന്ന ഒരു പതിവു രാത്രി. ഏതു കഥയും ഹൃദ്യമായി പറഞ്ഞു ഫലിപ്പിക്കുന്ന ഉറ്റ സുഹൃത്താണ് ഒപ്പം. തീരാത്ത കഥകളുടെ ആ വഴിയില്‍ വെച്ച് നാരായണന്‍ മാഷിനെ കണ്ടു മുട്ടി.
ചങ്ങാതിയുടെ നാട്ടുകാരനാണ് മാഷ്. സ്കൂള്‍ മാഷാണ്. എങ്കിലും പ്രധാന പണി മരക്കച്ചവടം.  അങ്ങാടിയില്‍ തരക്കേടില്ലാത്ത ഒരു മരമില്ലുണ്ട് . മിക്ക സമയത്തും അവിടെയാണ്. അടുത്തു തന്നെ കാടുള്ളതിനാല്‍  കച്ചവടം കുശാല്‍.
ഇതേ സ്ഥലത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി സംഘടനയുണ്ട്. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്ന, അതിനായി ആര്‍ജവത്തോടെ നിലകൊള്ളുന്ന ഒരു സംഘടന. അതിലെ സജീവ പ്രവര്‍ത്തകനാണ് ചങ്ങാതി. മാഷിന്റെ സ്കൂളിലെ മറ്റൊരു മാഷാണ് സംഘടനയുടെ ജീവാത്മാവ്. വര്‍ഷത്തില്‍ പല തവണ കാട്ടില്‍ പോവുന്ന ഒരു കൂട്ടമാണത്. കാടിനു മാത്രം നല്‍കാനാവുന്ന ആശ്ചര്യങ്ങളുടെ നേരങ്ങളാണ് അവരുടെ പ്രലോഭനം. കൂട്ടത്തില്‍ പല തരക്കാരുണ്ട്. ഗവേഷകര്‍. കോളജ് വിദ്യാര്‍ഥികള്‍. അധ്യാപകര്‍. ഫോട്ടോഗ്രാഫര്‍മാര്‍. അങ്ങിനെ പലരും.

കാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്ന സംഘടനയുടെ ഓഫീസ് നമ്മുടെ നാരായണന്‍ മാഷുടെ കടക്ക് മുന്നിലാണ്. ഓരോ വനയാത്രയുടെ സമയത്തും  അവര്‍  നാരായണന്‍ മാഷെ കാട്ടിലേക്കു ക്ഷണിക്കും.  വെറുതെ തമാശക്ക്. അര്‍ഹിക്കുന്ന പരിഹാസത്തോടെ നാരായണന്‍ മാഷ് അവര്‍ക്കു മറുപടിയും നല്‍കും. അങ്ങനിരിക്കെ, ഒരു നാള്‍ നാരായണന്‍ മാഷ് പറയുന്നു: ശരി ഞാനും വരാം കാട്ടില്‍. അടുത്ത പ്രാവശ്യം പോവുമ്പോള്‍ ഞാനുമുണ്ടാവും. എല്ലാവരും ചിരിയോടെ ആ വാക്കുകളെ എതിരേറ്റു. ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന നിലയില്‍.
എന്നാല്‍ രണ്ടു മാസം കഴിഞ്ഞുള്ള ട്രിപ്പില്‍ കാട്ടു യാത്രക്കു പ്രതീക്ഷിക്കാത്ത ഒരതിഥി ഉണ്ടായിരുന്നു. മാഷ്. നല്ല ഹരത്തോടെ തോര്‍ത്ത് തലയില്‍ കെട്ടി, നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞ്. സംസാരത്തില്‍ ഉടനീളം മുഴച്ചു നിന്നത് കണ്ണില്‍കാണുന്ന കാണുന്ന മരങ്ങളെല്ലാം മുറിച്ചു വില്‍ക്കുന്ന കാര്യം.
അങ്ങനിരിക്കെ കാട്ടില്‍ മാഷിന്റെ ഒന്നാം ദിവസം. വൈകുന്നേരം മുഴുവന്‍ ക്ലാസുകളായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘടനയിലെ മുതിര്‍ന്നവരും ക്ലാസെടുത്തു. ബോറടി മാറ്റാനാവാതെ കോട്ടുവായിട്ടു  അതിജീവിച്ചു മാഷ് ആ നേരം.
പിറ്റേന്ന് രാവിലെ ട്രെക്കിങായിരുന്നു. കുട്ടികളുടെ ഉല്‍സാഹത്തോടെ മാഷ് മുന്നില്‍ നിന്നു. കാട്ടിലൂടെയുള്ള യാത്രക്കിടെ പലരും പല ചിന്തകളില്‍ മുഴുകി. പൊടുന്നനെ വലിയൊരു പക്ഷിയുടെ ചിറകടി കേട്ടു. 'വേഴാമ്പല്‍'!  ആരോ പറഞ്ഞു. 'ഹോ! എന്തൊരു വലിപ്പം'^മാഷുടേതായിരുന്നു ആ ശബ്ദം. നോക്കിനില്‍ക്കെ പക്ഷി ഒറ്റപ്പറക്കല്‍. വേഴാമ്പലിനെ കണ്‍നിറയെ കാണാന്‍ മാഷും തിടുക്കപ്പെട്ടു പിന്നാലെ നടന്നു. പക്ഷി പറന്നകന്നതും മാഷിന്  കുഞ്ഞു സങ്കടം പോലെ.
പിന്നീടുള്ള നടത്തത്തില്‍ മാഷിന്റെ ചോദ്യങ്ങള്‍ മുഴുവന്‍ വേഴാമ്പലിനെ കുറിച്ചായിരുന്നു. എന്തു തരം പക്ഷിയാണവന്‍. എന്താണ് തീറ്റ. എവിടെ കാണാം. ഈ മട്ടില്‍. പക്ഷികളെക്കുറിച്ച് നല്ല ധാരണയുള്ള പലരും കൂട്ടത്തിലുണ്ടയിരുന്നു.  ട്രെക്കിങിന് ശേഷമുള്ള പഠന സെഷനില്‍  അവരില്‍ പലരും വേളാമ്പലിനെ കുറിച്ചുള്ള മാഷിന്റെ സംശയങ്ങള്‍ തീര്‍ക്കാനാവാതെ കുഴങ്ങി. പിറ്റേന്നുള്ള നടത്തത്തിലും  മാഷിന്റെ കണ്ണുകള്‍ വേഴാമ്പലിനെ തിരഞ്ഞുവെങ്കിലും പിടി നല്‍കാതെ അവന്‍ മാഷിന്റെ മനസ്സിലെ ചിത്രത്തിന് തിളക്കമേറ്റി. 
യാത്ര കഴിഞ്ഞ് നാട്ടിലെത്തിയ മാഷ് പിന്നെ പഴയ പോലെ ആയിരുന്നില്ല. വേഴാമ്പലിനെക്കുറിച്ച് കിട്ടുന്ന പുസ്തകങ്ങള്‍ മുഴുവന്‍ സംഘടിപ്പിച്ചു. പ്രധാന പഠന വിഷയം അതായി.പിന്നീടുള്ള വനയാത്രകളിലും സംഘടനയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും മാഷ് സജീവമായിരുന്നു. ഇതിനിടെ, വേഴാമ്പലിനെക്കുറിച്ച് ആധികാരികമായി പറയാന്‍ ശേഷിയുള്ള ഒരാളായി നാരായണന്‍ മാഷ് വളര്‍ന്നിരുന്നു. നാട്ടിലെ ഉല്‍സവത്തിനു വന്ന ആനയെ പാപ്പാന്‍മാര്‍ തല്ലി മുറിവേല്‍പ്പിച്ചപ്പോള്‍ അതു ചോദ്യം ചെയ്യാന്‍ മാഷ് മുന്നില്‍നിന്നു. മെല്ലെ മെല്ലെ മരക്കച്ചവടം തളര്‍ന്നു.  മാഷ് മുഴുസമയ പരിസ്ഥിതി പ്രവര്‍ത്തകനായി. കാട് വീടുപോലായി.
ഇതായിരുന്നു ചങ്ങാതി പറഞ്ഞ കഥ. കഥ പറച്ചിലില്‍ വിസ്മയമായിരുന്ന ചങ്ങാതിയുടെ വാക്കുകളിലൂടെ മാഷും വേഴാമ്പലും മനസ്സില്‍ നിറഞ്ഞു. അന്ന് രാത്രി ഉറക്കത്തില്‍ ഞാനൊരു കാട്ടിലെത്തി. മരച്ചില്ലകള്‍ ഇളക്കി കാടിന്റെ പാട്ടിനു താളമിടുന്ന ചിറകുകളോടെ വേഴാമ്പലുകള്‍ പാറിപ്പറന്നു. ഉറക്കമുണര്‍ന്നപ്പോള്‍ പുസ്തകങ്ങളും പരീക്ഷയും തിരക്കുകളും ഒന്നിച്ചു ആ വേഴാമ്പലുമായി കടന്നു കളഞ്ഞു.

മാഷ് ഉള്ളില്‍ കുടിയേറി കഴിഞ്ഞിരുന്നു. കാമ്പസില്‍ നിന്നിറങ്ങിയിട്ടും വിസ്മയിപ്പിക്കുന്ന വേഴാമ്പല്‍ ചിറകടിയായി  ആ മനുഷ്യന്‍ ഉള്ളില്‍ കഴിഞ്ഞു. അതിനിടെ പല കാലങ്ങള്‍. പല ലോകങ്ങള്‍. ചങ്ങാതി ഗവേഷണത്തിന്റെ പുതു വഴികളിലൂടെ വിദേശത്തേക്കു പറന്നു. സ്വപ്നാടനവും ജീവിതവും കൂട്ടിയും കിഴിച്ചും ഞാന്‍ പല കരകളിലേക്കും.
കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി ഒരു കോള്‍. അറിയാത്ത നമ്പര്‍. ചങ്ങാതിയുടെ സ്വരം. 'വീട്ടിലെത്തിയിരിക്കുന്നു. ഒരാഴ്ച കാണും. പറ്റിയാല്‍ വാ'. ഇതായിരുന്നു ഫോണിലൂടെ ഒഴുകിയെത്തിയ പ്രിയസ്വരം. പെട്ടെന്ന് ഉള്ളിലെ വനത്തില്‍ ഒരു ചിറകടി. വേഴാമ്പല്‍.  ഭീഷണിപ്പെടുത്തി സമ്പാദിച്ച ഒരവധിനാളില്‍ ചിറകുകള്‍ ചങ്ങാതിയുടെ വീട്ടു മുറ്റത്തു ചെന്നു നിന്നു.
പുറം നാടുകളുടെ കാറ്റേറ്റ് ആ വാക്ചാതുരി ഒന്നു കൂടി മധുരമായി. കഥകളുടെ കെട്ടു തുറന്ന് പല നാടുകളിലെ മനുഷ്യര്‍ ഇറങ്ങി നടന്നു. നാരായണന്‍ മാഷിനെക്കുറിച്ച എന്റെ ജിജ്ഞാസ ചിറകടിച്ചുയര്‍ന്നപ്പോള്‍ ചങ്ങാതിക്കു ചിരി. 'അതിനിയും മറന്നില്ലേ നീ'.
അമ്മയാണു പറഞ്ഞു തന്നത്. മാഷിന്റെ പില്‍ക്കാലം. മര മില്‍ പൂട്ടി. സദാ സമയവും പരിസ്ഥിതി പ്രവര്‍ത്തനമായി.കുടുംബവും നാട്ടുകാരുമെല്ലാം   പരിഹസിക്കാന്‍ തുടങ്ങി. എന്നിട്ടും അതൊന്നും കാര്യമാക്കിയില്ല മാഷ്. സ്കൂളില്‍ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വീട്ടിലും പരിസരത്തുമെല്ലാം നാട്ടു മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ തുടങ്ങി. സമാന മനസ്സുള്ള കുറേ പേര്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍, പ്രകൃതിയെന്നു പറഞ്ഞ്  ജീവിതത്തിന്റെ ലാഭ വരികള്‍  മാറ്റിയെഴുതിയെന്ന കുറ്റം മാഷിനു പിന്നാലെ കൂടി. കുടുംബക്കാരും നാട്ടുകാരും തുടങ്ങിയ പരിഹാസത്തിന്റെ കൊടുങ്കാറ്റ് വീട്ടിനകത്തും ചുഴറ്റിയടിച്ചപ്പോള്‍ മാഷിന് സങ്കടക്കൂട്ട് കൂടി. അതിനിടെ, ചോദിക്കാതെയെത്തിയ മരണം ഒരു നാള്‍ ആ മരം കടപുഴക്കി. ഒന്നര വര്‍ഷം മുമ്പ്. 
വെറുതെ മാഷിന്റെ വീട് കാണാന്‍ ചെന്നു. അതിനടുത്താണ് പഴയ മരമില്‍. അതിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നു. ചുറ്റും മരങ്ങള്‍. വള്ളിച്ചെടികള്‍.  ചെറിയൊരു കാടു പോലെ. പെട്ടെന്ന് ഒരു ചിറകടി കേള്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ആഗ്രഹിച്ചു. എന്നാല്‍, കഥയില്‍ മാത്രം നിലനില്‍പ്പുള്ള മറ്റനേകം തോന്നലുകള്‍ പോലെ ആ ആഗ്രഹം നിരാശയായി ഒടുങ്ങി. ഒരു ചിറകടിയും കേട്ടില്ല. കാല്‍പ്പാടും കണ്ടില്ല. എന്നിട്ടും ഉള്ളിലെ കാട്ടിനുള്ളില്‍ പണ്ടെന്നോ മുട്ടയിട്ടു വിരിഞ്ഞ ആ വേഴാമ്പല്‍ ഇപ്പോഴും  ചിറകനക്കുന്നത് എനിക്ക് അറിയാനാവുന്നു. 

ഉള്ളിലെ കാട്ടില്‍ സ്വപ്നത്തിന്റെ കാറ്റ് പിടിച്ച മരങ്ങളില്‍ 
ചേക്കേറിയ പക്ഷികളെ ആര് അപഹരിക്കാന്‍.


Saturday, February 19, 2011

വരൂ, നമുക്കല്‍പ്പം വിഷം കുടിക്കാം



 നിക്ഷേപകര്‍ക്കും സാങ്കേതിക പ്രതിഭകള്‍ക്കുമായി
കേരളം കാത്തുവെക്കുന്നതെന്ത്


കളമശേരിയില്‍ പുതുതായി തുടങ്ങിയ സൈബര്‍ സിറ്റി ഉദ്ഘാടന ചടങ്ങിലെ വ്യവസായ മന്ത്രി  എളമരം കരീമിന്റെ പ്രസംഗം വായിച്ചത് കഴിഞ്ഞ ദിവസമാണ്.   പ്രതീക്ഷിച്ച പോലെ ഉശിരന്‍  പ്രഖ്യാപനങ്ങള്‍.  കേരളം ഇനി  നിക്ഷേപ സൌഹൃദ സംസ്ഥാനം. നിക്ഷേപകര്‍ക്ക് ഇനി കേരളത്തെ ഭയക്കേണ്ട.  സര്‍ക്കാറും ട്രേഡ് യൂനിയനുകളും രാഷ്ട്രീയ സാമൂഹിക കാലാവസ്ഥകളും എല്ലാം അനുകൂലം. സെസിന് സെസ്.  സര്‍ക്കാര്‍ കാര്യങ്ങള്‍ അതിവേഗം. പശ്ചാത്തല സൌകര്യ രംഗത്ത് വന്‍ വികസനം. ഐ.ടിയോടാണ് കൂടുതല്‍ പ്രിയം. അവര്‍ക്കുള്ള സൌകര്യങ്ങളുമായി കേരളം അണിഞ്ഞൊരുങ്ങുകയാണ്. ആദ്യം കൊച്ചി. പിന്നെ തിരുവനന്തപുരം, കോഴിക്കോട് ...അങ്ങിനെയങ്ങിനെ.
മോശം പറയരുതല്ലോ.  റിപ്പോര്‍ട്ട്  വായിച്ച് അസാരം രോമാഞ്ചം വന്നു. രോമാഞ്ചം  തീരുംമുമ്പേ മറ്റൊന്നു കൂടി വായിക്കാനിടയായി. പുതിയ മാതൃഭൂമി വീക്കിലിയിലെ അവസാന പേജില്‍ മനില സി മോഹന്റെ കോളം. മലിനീകരണം തിന്നു തീര്‍ക്കുന്ന  കേരളത്തെ മാതൃകാ സംസ്ഥാനമാക്കാനുള്ള സര്‍ക്കാര്‍ തല പദ്ധതികളെ ക്കുറിച്ചാണ് ട്രൂകോപ്പി എന്നു പേരുള്ള കോളം പറയുന്നത്. അതിലൊരിടത്ത് ഒരു പരാമര്‍ശം കണ്ടു. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള വികസന പദ്ധതികളുമായി കൊച്ചി വികസിക്കുമ്പോഴും അന്നാട്ടിലെ താമസക്കാര്‍ക്ക് കുടിക്കാന്‍ വിഷജലവും ശ്വസിക്കാന്‍ വിഷവാതകങ്ങളുമാണെന്ന പരാമര്‍ശം.  ചുറ്റുമുള്ള 250 ലേറെ വ്യവസായ ശാലകള്‍ നടത്തുന്ന മലിനീകരണം മൂലം പെരിയാറിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നും പെരിയാറിന്റെ കരയിലെ ഏലൂര്‍ ^എടയാര്‍ മേഖല ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 23ാമത്തെ മേഖലയാണെന്നും കുറിപ്പില്‍ പറയുന്നു. കൊച്ചിയിലെ ഉപ്പിന്റെ ആധിക്യം  കാരണം പൊതു കുടിവെള്ള വിതരണം രണ്ടാഴ്ച മുടങ്ങി. എന്‍ഡോസള്‍ഫാന്‍ ലാക്ടോണിന്റെ അളവ് കാസര്‍കോട്ടേക്കാള്‍ കൂടുതലുള്ള കിണറുകള്‍ ഏലൂരിലുണ്ടെന്നും കൊച്ചിയിലെ ഹൈടെക് വാസികളെ  കാത്തിരിക്കുന്നത് വിഷജലമാണെന്നും  വ്യക്തമാക്കുന്നതാണ്  കുറിപ്പ്.
 നാടിന്റെ യഥാര്‍ഥ അവസ്ഥ എന്തെന്ന  ആലോചനകളിലേക്ക് നയിച്ചു ആ പരാമര്‍ശം.  നമ്മുടെ പുഴകളുടെ ഇന്നത്തെ അവസ്ഥയെന്തെന്നും  കുടിവെള്ളം എത്ര വിഷമയമാണെന്നും  അതോര്‍മ്മിപ്പിച്ചു.   നിക്ഷേപകരെയും സാങ്കേതിക രംഗത്തെ പ്രതിഭകളെയും ഇങ്ങോട്ട് ക്ഷണിക്കുമ്പോള്‍ അവര്‍ക്കായി നാം കരുതി വെക്കുന്നത് ഇതാണ്. നിക്ഷേപകര്‍ക്കായി തൊഴില്‍ സംസ്കാരവും സാമൂഹികാവസ്ഥകളും പശ്ചാത്തല സൌകര്യവും മെച്ചപ്പെടുത്താന്‍ പെടാപ്പാടു പെടുന്നവര്‍ ഇവിടെ വരുന്നവര്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സാഹചര്യം കൂടി ഒരുക്കണം. എന്നാല്‍, അതു മാത്രം ഉണ്ടാവാറില്ല.
സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുമെന്നും പുതിയ പദ്ധതികള്‍ കേരളത്തിലേക്ക് എത്തുമെന്നും കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമാണ് തോന്നുന്നത്. പല രാജ്യങ്ങളില്‍, പല സംസ്ഥാനങ്ങളില്‍  വര്‍ഷങ്ങളായി കഴിയുന്ന എത്രയോ  സുഹൃത്തുക്കളുണ്ട്. നാട്ടില്‍ പുതിയ സംരംഭങ്ങള്‍ വന്നാല്‍ തിരിച്ചു വരാമെന്ന് കരുതുന്നവര്‍. സ്വന്തം മണ്ണില്‍ കഴിയണമെന്ന് അത്യധികമായി ആഗ്രഹിക്കുന്നവര്‍. വല്ലപ്പോഴും വിളിക്കുമ്പോഴും കാണുമ്പോഴും അവര്‍ പലരും പറയുന്നത് കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹങ്ങളാണ്. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പദ്ധതികള്‍ അവരില്‍ വിതക്കുന്നത് വന്‍ പ്രതീക്ഷകളാണ്.
എന്നാല്‍, എന്തൊക്കെയാണ് ഇവിടെ അവരെ കാത്തിരിക്കുന്നത്. വിഷം കലര്‍ന്ന കുടിവെള്ളം. മാരക രാസവസ്തുക്കള്‍ നിറഞ്ഞ വായു. മണ്ണും പ്രകൃതിയും മലിനം. തീര്‍ച്ചയായും അവരൊക്കെ കൊച്ചി പോലുള്ള നഗരങ്ങളില്‍ ഇനിയുള്ള കാലം കഴിയേണ്ടി വരും. മലിനീകരണം  മൂലം ഇതിനകം വിഷമയമയ വായുവും ജലവും തന്നെയായിരിക്കും അവര്‍ക്കും കിട്ടാന്‍ പോവുന്നത്.
സംശയം വേണ്ട, വ്യവസായവല്‍കരണത്തിന്റെ  ബാക്കി പത്രം തന്നെയാണ് മലിനീകരണം. വന്‍കിട രാസ ഫാക്റ്ററികള്‍ വരുമ്പോള്‍ മലിനീകരണവും ഒപ്പമെത്തും. നാട്ടുകാരും പ്രകൃതിയുമാണ്   അതിന്റെ വില നല്‍കേണ്ടത്. ആവുന്നത്ര കാലം പ്രവര്‍ത്തിച്ച് പരമാവധി ലാഭം ഉണ്ടാക്കി നിക്ഷേപകര്‍ തടിതപ്പും. മാരക രോഗങ്ങള്‍ക്കും ചത്തുമലച്ച പ്രകൃതിക്കുമൊപ്പം ശിഷ്ടകാലം കഴിച്ചു കൂട്ടേണ്ടത് നാടിന്റെ വിധി. ഇതാണ് നമ്മുടെ നാട്ടുനടപ്പ്.
വ്യവസായം  വരണം എന്നത് മാത്രമാണ് സര്‍ക്കാറിന്റെ മനസ്സിലിരിപ്പ്. ജനസാന്ദ്രത കൂടിയ നമ്മുടെ നാട്ടില്‍ ആരംഭിക്കാന്‍ പറ്റിയ വ്യവസായ ശാലകള്‍ ഏതൊക്കെ എന്ന് ആലോചിച്ചുറപ്പിച്ചല്ല കമ്പനികളെ ക്ഷണിക്കുന്നത്. ലാഭസാധ്യത മാത്രം നോക്കിയാണ് വന്‍കിട സംരംഭകര്‍ കമ്പനികള്‍ ആരംഭിക്കുന്നതും. കൊടിയ മലിനീകരണം  ഉറപ്പുള്ള കമ്പനികള്‍ വരുമ്പോള്‍ ഇരു കൈയും നീട്ടി സ്വീകരിക്കാനും സ്വന്തം അക്കൌണ്ടില്‍ അതു ചേര്‍ത്ത് പരമാവധി വികസനം കൊട്ടിഘോഷിക്കാനുമാണ് സര്‍ക്കാറുകള്‍ക്ക് താല്‍പ്പര്യം.
മലിനീകരണം അനിവാര്യമാണ്. എന്നാല്‍, അതു നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ അനവധിയാണ്. പക്ഷേ, ഇവ ചെലവേറിയതായതിനാല്‍ കമ്പനികള്‍ക്ക് ഒരിക്കലും താല്‍പര്യമുണ്ടാവില്ല. ലാഭത്തില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന കമ്പനിക്കാരന്‍  അത്തരം മാര്‍ഗങ്ങള്‍ അങ്ങൊഴിവാക്കും.മലിനീകരണ നിയന്ത്രണത്തിനു വേണ്ടിവരുന്ന പണത്തിന്റെ ചെറിയ വിഹിതം മുടക്കി സര്‍ക്കാറിനെയും ഏജന്‍സികളെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഈസിയായി വിലക്കെടുക്കും. മലിനീകരണം ഒരു ചെറിയ പ്രദേശത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും  പ്രശ്നം മാത്രമായി ചുരുങ്ങും. ഈ തിരക്കഥ അനുസരിച്ചാണ് കാലങ്ങളായി നമ്മുടെ നാട്ടില്‍ വ്യവസായ മലിനീകരണം അരങ്ങൂ തകര്‍ക്കുന്നത്.  സര്‍ക്കാറുകളും മുതലാളിമാരും ഉദ്യോഗസ്ഥരും മാധ്യമങ്ങളും എന്‍.ജി.ഒകളും എല്ലാം ചേര്‍ന്ന കറക്കു കമ്പനികള്‍ മലിനീകരണ  കച്ചവടം  ഉഷാറായി കൊണ്ടു നടക്കുകയാണ്.
വിഷം പെയ്യുന്ന  അനേകം ഗ്രാമ^നഗരങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. കൊച്ചിയും കോഴിക്കോട്ടുമെല്ലാം അനേകം വിഷദേശങ്ങള്‍. വിഷനദികള്‍. കേരളത്തിലെ ആദ്യ മന്ത്രി സഭ ക്ഷണിച്ചു കൊണ്ടുവന്ന ബിര്‍ലയുടെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഒരു നാടിനെയും ജനങ്ങളെയും മുഴുവന്‍ കൊന്ന ശേഷം പൊടി തട്ടി മടങ്ങി. രാസമാലിന്യങ്ങളാല്‍ പല ദേശങ്ങളെ വിഷമയമാക്കിയ മറ്റനേകം കമ്പനികള്‍ ലാഭം കൊയ്തശേഷം പോവാനുള്ള സമയം കാത്തിരിക്കുന്നു. പുതിയ കമ്പനികള്‍ വന്നു കൊണ്ടിരിക്കുന്നു. കോഴിക്കോട്ടും പരിസരത്തും കുടിവെള്ള വിതരണം നടത്തുന്ന ചാലിയാറിനെയാണ്  മാവൂര്‍ റയോണ്‍സ്  വിഷത്തില്‍ മുക്കിയത്. കൊച്ചിയുടെ ജീവനാഡിയായ പെരിയാറിനെ കൊല്ലുന്നത് എണ്ണമറ്റ കമ്പനികളാണ്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ അടക്കം ഇതില്‍ പെടുന്നു. ചാലക്കുടിപ്പുഴക്കു ചുറ്റുമുള്ള  50ലേറെ ഫാക്റ്ററികള്‍ നടത്തുന്ന മലിനീകരണം  നാട്ടിലാകെ മരണം വിതക്കുന്നത് തുടരുന്നു. അനുഷ്ഠാനമെന്നോണം പരിസ്ഥിതി സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ മലിനീകരണ വിരുദ്ധ സമരങ്ങളും തകൃതിയായി നടക്കുന്നു.
കുടിവെള്ളത്തിലും വിഷത്തിലും നഞ്ഞ് കലര്‍ത്തിയ ഫാക്റ്ററികളുടെ കാലം കഴിഞ്ഞു. ഇതിപ്പോള്‍ ഐ.ടി കമ്പനികളുടെ കാലം. അവിടെനിന്ന്  വിഷമൊഴുക്കില്ല. എന്നാല്‍, അവര്‍ വരാന്‍ പോവുന്നത് നിലവിലെ അനേകം കമ്പനികള്‍ വിഷം കലര്‍ത്തിയ മണ്ണിലേക്കാണ്. കുടിക്കാന്‍ പോവുന്നത് നഞ്ഞ് കലക്കിയ ജലമാണ്. ശ്വസിക്കാന്‍ പോവുന്നത് മരണം മണക്കുന്ന വായുവാണ്.  നിക്ഷേപകര്‍ക്ക് സൌകര്യം ഒരുക്കുന്ന  സര്‍ക്കാര്‍  ഇവര്‍ക്ക് ജീവിക്കാനുള്ള അവസ്ഥ കൂടി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.  അടിസ്ഥാന സൌകര്യങ്ങള്‍ക്കൊപ്പം ,പുതിയ സംരംഭങ്ങളില്‍ പങ്കാളികളാവുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ശുദ്ധജലവും ശുദ്ധവായുവും ലഭിക്കാനുള്ള സാഹചര്യം കൂടി സര്‍ക്കാര്‍ സൃഷ്ടിക്കണം. നമ്മുടെ പുഴകളും മണ്ണും ആകാശവും വിലപ്പെട്ടതാണെന്ന് തിരിച്ചറിയാനുള്ള ജൈവ വിവേകമാണ് അതിന് ആദ്യം ഉണ്ടാവേണ്ടത്.  നമ്മെ വിഷത്തില്‍ മുക്കുന്ന രാക്ഷസ കമ്പനികള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ സംസ്ഥാന വ്യവസായ വകുപ്പും  വ്യവസായ വികസന കോര്‍പറേഷനും  ഇനിയെങ്കിലും തയ്യാറാവേണ്ടിയിരിക്കുന്നു. 

Thursday, January 27, 2011

വാല്‍ഡന്‍



പതിവില്ലാതെ ഇന്ന് നേരത്തെ ഉണര്‍ന്നു.
തൊട്ടുമുന്നിലെ  മാസികയില്‍ ഹെന്റി ഡേവിഡ് 
തോറോയുടെ വാല്‍ഡനെക്കുറിച്ച് ഒരു കുറിപ്പ് കണ്ടു.
വാല്‍ഡന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം
ചെയ്ത എം. കമറുദ്ദീന്‍ എഴുതിയ അനുഭവക്കുറിപ്പ്.

അതിസുന്ദരമായ ആ കുറിപ്പ് വാല്‍ഡനിലേക്ക് വഴി തുറന്നു.
ആ വഴി നടന്നപ്പോള്‍ മുന്നില്‍ പച്ചപ്പിന്റെ ഒരു തടാകം.
അതില്‍ കാടിന്റെ അനേകം പ്രതിബിംബങ്ങള്‍.
ജീവിതത്തിന്റെ സര്‍വ മടുപ്പും മാഞ്ഞില്ലാതാവുന്ന
പ്രകൃതിയുടെ സാന്നിധ്യം.
പൊടുന്നനെ, ചുറ്റിലും കാറ്റു വീശുന്നതു പോലെ തോന്നി.
വാതില്‍ തുറന്നപ്പോള്‍ മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക്
കാറ്റിന്റെ ഊഞ്ഞാലാട്ടം. ഇലകളുടെ മര്‍മരം.
എല്ലാ മരങ്ങളും പങ്കെടുക്കുന്ന ഒരു ഓര്‍കസ്ട്രയിലെ
കണ്ടക്റ്ററെപ്പോലെ കാറ്റിന്റെ ദ്രുതചലനം.

ചെവി കൂര്‍പ്പിച്ച് കാറ്റിലേക്കിറങ്ങി.
അനേകം കിളികള്‍ ഒന്നിച്ചു ചിലച്ചു.
മരങ്ങള്‍ക്കപ്പുറമിപ്പുറം പക്ഷികളുടെ ഇലയനക്കങ്ങള്‍.

ആദ്യമായി പ്രകൃതിയെ അറിയുന്നതു പോലെ തോന്നി.
തൊട്ടുമുന്നില്‍ കാലങ്ങളായി നിലകൊണ്ട മരങ്ങളെ,
നിറവും ശബ്ദവും കൊണ്ട് ഭൂമിയെ വസന്തമാക്കുന്ന
പക്ഷികളെ ഒന്നും ഇതു വരെ ശ്രദ്ധിച്ചില്ലല്ലോ എന്നുമറിഞ്ഞു.
.
സത്യത്തില്‍, എന്തൊരു ജീവിതമാണ് നമ്മുടേത്.
ചുറ്റുമുള്ള ഒന്നും ശ്രദ്ധിക്കാതെ.
മരങ്ങളോ പക്ഷികളോ നിറങ്ങളോ അറിയാതെ.
നിര്‍ത്താത്ത ഈ പാച്ചിലിനിടെ സത്യത്തില്‍ നഷ്ടമാവുന്നത്
  ഇത്തരം അനേകം നേരങ്ങളാണ് എന്ന് തോന്നി.

കുറച്ചു കഴിഞ്ഞപ്പോള്‍, അതെല്ലാം മറന്നു.
വാല്‍ഡന്‍, തോറോ, കാട്, മരം, ഇല.എല്ലാം.
നിത്യജീവിതത്തിന്റെ പ്രവാഹത്തിലേക്ക്
ചെന്നുപെട്ടു, അറിയാതെ. അനായാസം.

ഇപ്പോള്‍, എല്ലാം ഓര്‍മ്മ വരുന്നു.

വെറുതെ, വികിപീഡിയയില്‍ വാല്‍ഡനെ തിരഞ്ഞു.
ഉള്ളകത്തെ ഹരിതാഭമാക്കുന്ന ആ വരികള്‍ ഇപ്പോള്‍ മുന്നില്‍.
ലോകത്തെ മാറ്റി മറിച്ച ആ പുസ്തകത്തിന്റെ കവര്‍ ചിത്രവും
തോറോയുടെ പടവും.

വരികളില്‍ പ്രകൃതിയുള്ള ആ പുസ്തകം വായിക്കണമെന്ന്
അടങ്ങാത്ത ആഗ്രഹം
ഇപ്പോള്‍.

LinkWithin

Related Posts Plugin for WordPress, Blogger...