Showing posts with label ശ്വേത മേനോന്‍. Show all posts
Showing posts with label ശ്വേത മേനോന്‍. Show all posts

Sunday, June 19, 2011

ശ്വേതാ മേനോന്‍ താലികെട്ടിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

 
ആഭാസകരമായ പോസ്റ്റുകളും ചര്‍ച്ചകളുമായാണ് 
നടി ശ്വേതാ മേനോന്റെ വിവാഹത്തെ  ഓണ്‍ലൈന്‍ സമൂഹം 
സമീപിച്ചത്. ഇത്  എന്തിന്റെ സൂചനകളാണ്. 
സമൂഹമെന്ന നിലയില്‍ നമുക്കിത് ഗുണകരമാണോ.

കഴിഞ്ഞ ദിവസംനടി ശ്വേതാ മേനോന്റെ വിവാഹമായിരുന്നു. മാധ്യമപ്രവര്‍ത്തകനും  വള്ളത്തോളിന്റെ കൊച്ചുമോനുമായ ശ്രീവല്‍സന്‍ മേനോനായിരുന്നു വരന്‍. ശ്വേതയുടെ പിതാവ് നാരായണന്‍കുട്ടി മേനോന്റെ തറവാടിനടുത്തുള്ള നെയ്തലപ്പുറത്ത് ശാസ്താ ക്ഷേത്രത്തിലായിരുന്നു വിവാഹം.  വൈകാതെ  വിവാഹം ഉണ്ടാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ശ്വേതയും ഇക്കാര്യം സമ്മതിച്ചിരുന്നു. അതിനാല്‍, പൃഥ്വിരാജിന്റെ വിവാഹം പോലെ  പോലെ ആളുകള്‍ക്കിടയില്‍  ആശ്ചര്യം സൃഷ്ടിക്കാതെയായിരുന്നു ശ്വേതയുടെ വിവാഹം. ഏറെ നാളത്തെ പ്രണയസാഫല്യം. വളരെ സ്വാഭാവികമായ ഒന്ന്.  നടികളുടെ വിവാഹം പോസിറ്റീവായി ആഘോഷിക്കുന്ന കീഴ്വഴക്കമുള്ള മലയാള മാധ്യമങ്ങളൊക്കെ പൊതുവെ കുഴപ്പമില്ലാത്ത രീതിയിലാണ് ആ വിവാഹത്തെ സമീപിച്ചത്. തികച്ചു മാന്യമായ രീതിയില്‍ തന്നെ.
എന്നാല്‍, ഓണ്‍ലൈന്‍ സമൂഹം വിചിത്രമായാണ് ആ വിവാഹത്തോട് പെരുമാറിയത്. വല്ലാതെ വലിഞ്ഞു മുറുകിയ രീതിയിലാണ് പലരും അതിനെ കണ്ടത്. മലയാളത്തില്‍ അടുത്ത കാലത്തായി വ്യക്തമായി സാന്നിധ്യമറിയിച്ച വാര്‍ത്താ പോര്‍ട്ടലുകള്‍ വിവാഹത്തെ മൂന്നാംകിട ഭാഷയും ഭാവനയും കൊണ്ടാണ് എതിരേറ്റത്.ചില ബ്ലോഗുകളും ഫേസ്ബുക്ക്, ഗൂഗിള്‍ ബസ്, തുടങ്ങിയ നെറ്റുവര്‍ക്ക് സൈറ്റുകളിലെ ചര്‍ച്ചകളും  സമാനരീതി പിന്തുടര്‍ന്നു. വിവാഹ ചിത്രങ്ങള്‍ ആഭാസകരമായ കമന്റുകളുമായി ഇ മെയിലുകളിലൂടെ പ്രവഹിച്ചു.  അശ്ലീലം കലര്‍ത്തിയ ചില എസ്.എം.എസുകളും ഇക്കൂട്ടത്തില്‍ പ്രവാഹിച്ചു.
വിവാഹ ദിനത്തിനു തൊട്ടു മുമ്പുള്ള ദിവസമാണ് അവരുടെ പുതിയ സിനിമ റിലീസായത്. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിന് ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാനും  സംവിധായകനുമായ രാജീവ്കുമാര്‍ അതേ പേരില്‍ നല്‍കിയ പുതുഭാഷ്യമാണ് പുറത്തിറങ്ങിയത്. ഭരതന്‍ ചിത്രത്തില്‍ ജയഭാരതി അവതരിപ്പിച്ച രതിചേച്ചി എന്ന കഥാപാത്രത്തിന് പുതിയ സിനിമയില്‍ ശ്വേതയാണ് ജീവന്‍ നല്‍കിയത്.  പുറത്തിറങ്ങും മുമ്പുതന്നെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു ഈ സിനിമ. ചിത്രത്തിന്റെ  സ്റ്റില്ലുകള്‍ നേരത്തെ തന്നെ ഇന്റര്‍നെറ്റിലൂടെ പറന്നെത്തി. ചര്‍ച്ചകളും അതേ വിധം പുരോഗമിച്ചു. എന്തിനാണ് ഇക്കാലത്ത് ഈ ചിത്രം വീണ്ടും എടുത്തതെന്ന നിലയിലാരംഭിച്ച ചര്‍ച്ചകള്‍ വൈകാതെ വല്ലാത്ത ഒരു വോയറിസ്റ്റിക് പരിസരത്തേക്ക് പറിച്ചു നടപ്പെട്ടു. ചിത്രം ഇറങ്ങിയ ശേഷം പുറത്തു വന്ന ചര്‍ച്ചകള്‍ അതിനു എരിവു കൂട്ടി. കൂട്ടത്തില്‍ നല്ല ഉരുപ്പടി ശ്വേത തന്നെയെന്നു പച്ചക്കു പറയുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ ഒന്നിലേറെയുണ്ടായി.
 ചിത്രം പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കിടെ നടന്ന വിവാഹത്തെ ചിത്രവുമായും രതി ചേച്ചി എന്ന കഥാപാത്രവുമായും കൂട്ടിക്കെട്ടിയാണ് ഇന്റര്‍നെറ്റിലും എസ്.എംഎസുകള്‍ വഴിയും  വൃത്തികെട്ട ഭാഷയില്‍ പ്രചാരണമുണ്ടായത്.  കോമഡിഷോകളില്‍ തല കുടുങ്ങിപ്പോയ ഒരു ജനത ് സഹജമായ വഷളന്‍ ചിരികളോടെ  ഗംഭീരമായ ഫലിതം കണക്കെ  ഇത്തരം പോസ്റ്റുകളെയും റിപ്പോര്‍ട്ടുകളുടെയും എസ്.എം.എസുകളെയും സ്വീകരിക്കന്നതും കണ്ടു.
ശ്വേതയുടെ വിവാഹത്തെ മാത്രം ഇത്ര വൃത്തികെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ പ്രബുദ്ധ ഓണ്‍ലൈന്‍ സമൂഹത്തിലെ പലരെയും പ്രേരിപ്പിച്ചത് എന്താണ്? മറ്റ് നടിടകളുടെ കാര്യത്തില്‍ ഇല്ലാത്ത അമിത വൈകാരികതയും പരിഹാസവും ആഭാസകരമായ പ്രതികരണങ്ങളും ശ്വേതയുടെ കാര്യത്തില്‍ മാത്രം ഉണ്ടായത് എന്തു കൊണ്ടായിരികം.
ഇതിന്, രതിനിര്‍വേദം എന്ന സിനിമ ഇറങ്ങിയെന്ന ഒറ്റ കാരണം പറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാനാവുമോ.  അതിനുമപ്പുറം ഓണ്‍ലൈന്‍ ലോകത്തെ മലയാളി സാന്നിധ്യത്തെ പ്രത്യകമായി അടയാളപ്പെടുത്തുന്ന വിധം എന്തെങ്കിലും പ്രത്യേകതകള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുണ്ടോ.  അത്തരം ചര്‍ച്ചകള്‍ക്കു കേവലം വഴി തെളിയിക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.

 ആരാണ് ശ്വേത

1991ല്‍ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത മലയാള സിനിമയിലെത്തിയത്. മമ്മൂട്ടിയുടെ നായികയായെത്തിയ ആ ചിത്രം എന്നാല്‍, കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ശ്വേതയും. എന്നാല്‍, മൂന്നു വര്‍ഷത്തിനുശേഷം മിസ് ഇന്ത്യാ മല്‍സരത്തില്‍ രണ്ടം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതക്ക് മറ്റു വഴികള്‍ മുന്നിലുണ്ടായിരുന്നു. മോഡലിങ്. ആ വര്‍ഷത്തെ ഗ്ലാഡ്റാഗ്സ് ഫീമെയില്‍ സൂപ്പര്‍ മോഡല്‍ പുരസ്കാരം ശ്വേതക്കായിരുന്നു. വിവാദമായ കാമസൂത്ര പരസ്യമടക്കം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി പരസ്യ ചിത്രങ്ങള്‍അവരെ തേടി വന്നു.  ടി.വി അവതാരക എന്ന നിലയും  ശ്രദ്ധേയയായി.
വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് അവര്‍ മലയാള സിനിമയില്‍ തിരിച്ചെത്തിയത്. കീര്‍ത്തി ചക്ര, പരദേശി, മധ്യവേനല്‍,പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്നിങ്ങനെ കൈനിറയെ സിനിമകള്‍ അവരെ കാത്തുനിന്നിരുന്നു. അശോക, മഖ്ബൂല്‍, കോര്‍പറേറ്റ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.
 2011ല്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് അവരെ തേടിയെത്തി. പാലേരി മാണിക്യത്തിലെ ചീരു എന്ന കഥാപാത്രമാണ്  അവാര്‍ഡ് നേടിക്കൊടുത്തത്. ഇതേ കഥാപാത്രത്തിലൂടെ മാതൃഭൂമി^ അമൃതടി.വി സ്പെഷ്യല്‍ ജൂറി അവാര്‍ഡ്, മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിവയും ശ്വേതക്കു ലഭിച്ചു.  തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മധ്യവേനലിലെ അഭിനയത്തിന് അവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

ഇതാ കാണൂ, ഉദാഹരണങ്ങള്‍

ആരാണ് ശ്വേത എന്നു വ്യക്തമാക്കാന്‍ തന്നെയാണ് ഈ വിവരണം.  നടി, മോഡല്‍,അവതാരക എന്നീ നിലകളില്‍ തിളങ്ങിയ  ഒരാളാണ് അവരെന്ന് ഈ വിവരങ്ങള്‍ നമ്മോടു പറയുന്നു. രതിനിര്‍വേദം എന്ന ചിത്രം കൂടാതെ നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കുകയും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് അടക്കം നേടുകയും ചെയ്തിട്ടുണ്ട് അവരെന്നും ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബയോഡാറ്റയുടെ ഈ സവിശേഷതകളൊന്നും  നമ്മുടെ നവമാധ്യമങ്ങള്‍ പരിഗണിച്ചിട്ടേയില്ല. വെറും രതി ചേച്ചി മാത്രമായാണ് വാര്‍ത്തകളിലും ചര്‍ച്ചകളിലും അവര്‍ പ്രത്യക്ഷപ്പെട്ടത്.  ഒരു പാട് ഉദാഹരണങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ടാവും.
ഒരു ന്യൂസ് പോര്‍ട്ടലില്‍ അവരുടെ കല്യാണത്തെക്കുറിച്ചു വന്ന  വാര്‍ത്ത അവസാനിക്കുന്നത് ഇങ്ങനെയാണ്:  ഇനി രതിനിര്‍വേദം;  ശ്വേത  മണിയറയിലേക്ക്.
മറ്റൊരു പോര്‍ട്ടല്‍ ദിവസങ്ങള്‍ക്കു മുമ്പ് അവരുടെ വിവാഹ വാര്‍ത്ത പ്രവചിച്ചെഴുതിയ വാര്‍ത്തയില്‍  നിറയെ ദ്വയാര്‍ഥ പ്രയോഗങ്ങളായിരുന്നു. രതി ചേച്ചി ഉടന്‍ മണിയറയിലേക്ക് എന്ന മട്ടിലുള്ള ഭാഷ  മാധ്യമപ്രവര്‍ത്തകന്റെ മനസ്സില്‍ കെട്ടിക്കിടക്കുന്ന അഴുക്ക് മുഴുവന്‍ പുറത്തു വിടുന്ന രീതിയിലായിരുന്നു. 
ഫേസ്ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയില്‍ അവരെ വിശേഷിപ്പിച്ചത് ഉരുപ്പടി , ചരക്ക് എന്നൊക്കെയായിരുന. ശരീരം മാത്രമല്ല എന്ന് സ്ത്രീ കവിതകളിലൂടെ ആവര്‍ത്തിക്കുന്ന ഒരു യുവകവി, മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍. ലിംഗം കൊണ്ടാണ് താന്‍ ചിന്തിക്കുന്നതെന്ന മട്ടിലാണ് ശ്വേതയുടെ ശരീരത്തെ ക്കുറിച്ച് വാചാലനായത്. 
ഗൂഗിള്‍ ബസിലും സമാന രീതിയില്‍  കുറേ പോസ്റ്റുകള്‍ കണ്ടു. ചിലത് എല്ലാ മര്യാദകളും ലംഘിക്കുന്ന വിധമായിരുന്നു.   വിവാഹ ചിത്രങ്ങള്‍   ചില കമന്റുകളോടെ പോസ്റ്റു ചെയ്തു ചിലര്‍. അതിലുള്ള പരിഹാസം  രേഖപ്പെടുത്തി, മറ്റു ചിലര്‍.  കമന്റുകളില്‍  ചിലത് ഏറെ ആഭാസകരമായിരുന്നു.
വിവാഹ ചടങ്ങിനിടെ അമ്മ ശ്വേതയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ഒരു ഫോട്ടോയാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.   അതോടൊപ്പമുള്ള ഈ കമന്റുകള്‍  കാണുക:
തലക്കു കൈ വെച്ചു പ്രാകുന്ന അമ്മച്ചി:
അമ്പേ! യിവളു മിന്നു കെട്ടു കഴിഞ്ഞില്ല അതിനു മുമ്പേ തൊടങ്ങി അവടെ രതിനിര്‍വേദം
അതേ ആളുടെ മറ്റൊരു പോസ്റ്റ്. രതിനിര്‍വേദം ഇറങ്ങിയതിനെ കുറിച്ചാണിത്
എന്തൂട്ട് കോപ്പാണ് ശ്വേത...ഇതിലും നല്ല ബെസ്റ്റ് ചരക്കോളെ മ്മളെത്ര കണ്ടേക്കണ്. ജയഭാരതീരെ വാലുമ്മ കെട്ടാനില്ല ഈ ഡേഷിന്റെ ഫിഗറ്.
(സദാ ബസില്‍ കയാറാത്തതിനാലും മറ്റ് നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സജീവമല്ലാത്തതിനാലും പെട്ടെന്ന് കണ്ണില്‍ പെട്ടത് ചിലതു പറയുന്നെന്ന് മാത്രമാണ്. ഇതിലും മോശമായ പല പോസ്റ്റുകളും ചര്‍ച്ചകളും നിങ്ങാരുത്തരുടെയും ശ്രദ്ധയില്‍ പെട്ടുകാണണണം).

ബ്ലോഗുകളിലും ഭാഷയും പ്രകൃതവും ഇതു തന്നെയായിരുന്നു. അതിന്റെ ലക്ഷണമൊത്ത ഒരുദാഹരണം ഇതാ ഇവിടെ:

മതി നിര്‍വേദം 

ഇനി രതി നിര്‍വേദം ആടട്ടെ

"രതി ചാച്ചി "
നടി വിവാഹിതയായെന്നും അല്ല,
അടുത്ത മാസം മാത്രമേ ഞങ്ങള്‍ "കെട്ട് കെട്ടൂ" എന്നും നടിയും
പണ്ടെങ്ങോ പറഞ്ഞിരുന്നു.
ഇതാ.
കവിയുടെ കൊച്ചു മോന്‍ എന്ന് സ്ഥാന പ്പേരുണ്ടായാല്‍ എന്ത്?
പാല്‍ പായസം ആയാലും പട്ടി നക്കിയാല്‍ പോയില്ലേ?
രണ്ടു മക്കളുടെ തന്തയാണ്‌ വരന്‍ എന്ന്
ജന സംസാരം.
ആശംസകള്‍ നേരാം ഈ "നവ ദമ്പതികള്‍ക്ക്" എന്ന് പത്രങ്ങള്‍.
കോളം നിറയ്ക്കാന്‍, ഓരോ വേലത്തരങ്ങള്‍..

നാട്ടിലെ ജനസാന്ദ്രത കുറയ്ക്കാന്‍ റബ്ബര്‍ കമ്പനിക്കാരുടെ
"കാമസൂത്ര" മാര്‍ക്കറ്റില്‍ ഇറക്കാന്‍ രതി ചാച്ചി തെന്നെ വേണ്ടി വന്നു
മിലിന്ദ് സോമനെ കെട്ടിയെന്ന്,-അല്ല
,തല്ലി പ്പുറത്ത് ആകിയതാണ് സോമേട്ടന്‍,
എന്നും പിന്നാമ്പുറം സംസാരം.

നാല് നേരം ചപ്പാത്തി തിന്നുന്ന
ബഡാ ഭായി മാര്‍ക്ക് കാണാന്‍,
ഹെലനെ പ്പോലെ
രതി ചാച്ചി അരയും മുലയും
കാണിച്ചത് അത്ര വല്യ തെറ്റാണോ?

അവര്‍ക്ക് മടുത്തപ്പോള്‍
നാട്ടിലേക്ക് കെട്ട് കെട്ടിച്ചു..

(ബഡാ സാഹിബുമാര്‍ക്ക് മടുക്കുമ്പോള്‍
മലയാള സിനിമയുടെ പടി വാതില്‍ അവര്‍ക്കായി മലര്‍ത്തി തുറന്നിടും)

"മലയാള സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഏറെ ഇഷ്ടം,സമയ ക്കുറവു കൊണ്ട് ഇപ്പോഴാണ് കഴിഞ്ഞത്.. "ഒരു എക്സ്ക്ലൂസിവ് INTERVIEW ധാരാളം..

വാല്‍ക്കഷണം: :ബോംബെ മിട്ടായിയിലെ: നീര് വറ്റിയ
ദിമ്പില്‍ കപാഡിയ കൊചാച്ചി ,
"ഇലക്ട്രയിലെ " ഉണങ്ങിയ മനീഷ ചാച്ചി.
(മലയാള സിനിമയ്ക്ക് അങ്ങിനെ വേണം..
ഉചിഷ്ട്ടം തിന്നു ശീലിച്ചവര്‍ക്ക് എന്തായാല്‍ എന്താ?)

രണ്ടും കൂടി ഒത്തു പോണേല്‍ പൊയ്ക്കോട്ടേ.
നല്ല ഉശിരന്‍ ദാമ്പത്യ ജീവിതം ആശംസിക്കുന്നു.

ഇ-മെയിലുകളിലൂടെ പ്രവഹിച്ചത് ശ്വേതയുടെ വിവാഹ ചിത്രങ്ങളായിരുന്നു. അതില്‍തന്നെ  അസാധാരണമായ ആംഗിളുകളില്‍ അവരെ ചിത്രീകരിക്കുന്ന വഷളന്‍ ചിത്രങ്ങള്‍ക്കായിരുന്നു പ്രചാരമേറെ.  എസ്.എം.എസുകളില്‍ പതിവു പോലെ ദ്വയാര്‍ഥ പ്രയോഗങ്ങളുടെ അയ്യരു കളി തന്നെയായിരുന്നു. മലയാള സിനിമയിലെ ഒരു പക്ഷേ, മറ്റൊരു നടിക്കും ഉണ്ടാവാത്ത അനുഭവമായിരിക്കണം ഇത്.   

എന്തു കൊണ്ട് ശ്വേത

ഒരു സിനിമാ നടി എന്നതിനാപ്പം ശ്വേത  ഒരു സ്വതന്ത്ര വ്യക്തിയാണെന്ന കാര്യമാണ് ഇവിടെ എല്ലാവരും മറന്നു പോയത്. അവര്‍ക്കും ഒരു സ്വകാര്യ ജീവിതമുണ്ട്. അതില്‍ തലയിടാന്‍ മറ്റാര്‍ക്കും അവകാശമില്ല. ഇത് നമ്മുടെ ഓരാുേത്തരുടെയും ജീവിതത്തില്‍ നാം പകര്‍ത്താറുള്ള കാര്യമാണ്.  എന്നാല്‍, ശ്വേതാ മേനോന്റെ കാര്യം വന്നപ്പോള്‍ അവസ്ഥയാകെ മാറി.   സ്ത്രീ പീഡനങ്ങള്‍ക്കെതിരെയും ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും പോസിറ്റീവായ നിലപാട് എടുക്കുന്നവര്‍പോലും ഇത്തരം കാര്യങ്ങളില്‍ വളരെ നെഗറ്റീവായ നിലപാടുകളാണ് പ്രദര്‍ശിപ്പിച്ചത്. 
നോക്കൂ, ഇമ്മാതിരി അഭിപ്രായങ്ങള്‍ റോഡിലിറങ്ങി പറയാന്‍ നമ്മളാരെങ്കിലും  ധൈര്യപ്പെടുമോ. അല്ലെങ്കില്‍ പരിചയമുള്ള ആരുടെയെങ്കിലും വിവാഹ ഫോട്ടോ  ഇമ്മാതിരി ഒരു കമന്റ് സഹിതം ഇന്റര്‍നെറ്റിലൂടെ പറത്തി വിടാന്‍  ഉശിരുണ്ടാവുമോ. രു പെണ്‍കുട്ടി വിവാഹിതയായി ഭര്‍ത്താവിനൊപ്പം പോവുമ്പോള്‍ ഇത്തരമൊരു വഷളന്‍ ഡയലോഗ് തട്ടിവിടുമോ. സാധ്യതയില്ല. തടി കേടാവുമെന്നു തന്നെ കാരണം. 
പിന്നെന്തുകൊണ്ടാണ് ഇന്റര്‍നെറ്റില്‍ മാത്രം നമ്മള്‍ ഈ വിധം പെരുമാറുന്നത്. ആരും ചോദിക്കാനില്ലെന്ന തോന്നല്‍ കാരണമോ. ആളുകള്‍ ചിരിച്ചു തിമിര്‍ത്ത് കൈയടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടോ.  

ചുവരെഴുത്തുകളിലെ നമ്മള്‍

വ്യക്തമായ മറുപടികള്‍ അറിയില്ല. എങ്കിലും ചുവരെഴുത്തുകളുമായി  (ഗ്രാഫിറ്റി) ബന്ധപ്പെട്ട പഠനങ്ങള്‍നല്‍കുന്ന വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ വ്യത്യസ്തമായ ചില നിരീക്ഷണങ്ങള്‍  സാധ്യമാവുന്നുണ്ട്.
തീവണ്ടിയിലും പൊതുസ്ഥലങ്ങളിലുമുള്ള ടോയ്ലറ്റു ചുവരുകളില്‍ പ്രത്യക്ഷപ്പെടുന്ന ആഭാസകരമായ ചുവരെഴുത്തുകളിലൂടെ ഒരു സമൂഹത്തിന്റെ മാനസികാരോഗ്യം വായിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.  അടിച്ചമര്‍ത്തപ്പെട്ട വൈകൃതങ്ങളാണത്രെ ചുവരുകളില്‍ അശ്ലീലചിത്രങ്ങളും എഴുത്തുകളുമായി രൂപം മാറുന്നത്.
അങ്ങിനെയെങ്കില്‍, ഇന്റര്‍നെറ്റിലെ ഈ ചുവരെഴുത്തുകള്‍ക്കും സമാനമായ   ഒരു തലമുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ഇന്റര്‍നെറ്റിന്റെ ഈ വിര്‍ച്വല്‍ ഇടത്തെ ചിലരെങ്കിലും മറ്റൊരു ടോയ്ലറ്റ് ചുവരായി മാത്രമേ കാണുന്നുള്ളൂ എന്നും കാണേണ്ടി  വരും.  ഓണ്‍ലൈന്‍ സംവാദങ്ങളുടെ വര്‍ഗ,രാഷ്ട്രീയ,സാമൂഹിക തലങ്ങള്‍ കൂടുതലായി വിശകലനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. 
കാര്യങ്ങള്‍ ഇങ്ങിനെ തുടരുകയാണെങ്കില്‍  ഇന്‍ര്‍നെറ്റ് സംവാദങ്ങളെയും ഓണ്‍ലൈന്‍ സമൂഹത്തിന്റെ  ഇടപെടലുകളെയും ഓണ്‍ലൈന്‍ അഭിപ്രായ സ്വാതന്ത്യ്രത്തെയും കൂച്ചു വിലങ്ങിടാന്‍ കാത്തിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് കിട്ടുന്ന നല്ലൊരു അവസരമാവും അത്. അസാമാന്യ  സാധ്യതകളുള്ളഒരു നവമാധ്യമത്തെ  സര്‍ക്കാര്‍ വക ചങ്ങലകള്‍ക്കുള്ളില്‍ ഒതുക്കാനാണ് നമ്മുടെ  നടപടികള്‍ സഹായിക്കുകയെങ്കില്‍  വരും കാലത്തോടു നാം സമാധാനം പറയേണ്ടി വരും. 
....
അനേകം ചോദ്യങ്ങള്‍ക്കൊപ്പം ഈയൊന്നു കൂടി മുന്നോട്ടു വരുന്നു:
ഒരു പാട് സ്ത്രീകള്‍ സജീവമാണ് ഗൂഗിള്‍ ബസ് പോലുള്ള ഇടങ്ങളില്‍. ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ആണ്‍ സുഹൃത്തിനോടു പറയാന്‍ അവരാരും മുന്നോട്ടു വരാത്തത് എന്തു കൊണ്ടായിരിക്കും?

.

LinkWithin

Related Posts Plugin for WordPress, Blogger...