Showing posts with label മുല്ലപ്പൂ വിപ്ലവം. Show all posts
Showing posts with label മുല്ലപ്പൂ വിപ്ലവം. Show all posts

Friday, April 29, 2011

ആള്‍ക്കൂട്ടം ആണാണോ?


 പെണ്ണുടലുകളെ പിച്ചിച്ചീന്താനുള്ള ആള്‍ക്കൂട്ടത്തിന്റെ സഹജവാസനകളെക്കുറിച്ച്.  ഉന്നത മൂല്യങ്ങള്‍ക്കു വേണ്ടി 
നില കൊള്ളുമ്പോഴും വെറും ആണ്‍കൂട്ടമായി ഒതുങ്ങുന്നതിന്റെ വൈകൃതത്തെക്കുറിച്ച്

ഇത് ആള്‍ക്കൂട്ടത്തിന്റെ കാലം. ലോകത്തെ അമ്പരപ്പിച്ച മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് സൈദ്ധാന്തിക തലത്തില്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് ഇക്കാര്യമാണ്.  ജനസഞ്ചയത്തിന്റെ രാഷ്ട്രീയമെന്നും ആള്‍ക്കൂട്ടത്തിന്റെ വിപ്ലവമെന്നുമുള്ള തലത്തിലാണ്  രാഷ്ട്രീയ സൈദ്ധാന്തികര്‍ പുത്തനവസ്ഥകളെ  പരിഗണിക്കുന്നത്.  കൃത്യമായ രാഷ്ട്രീയ, സൈദ്ധാന്തിക നിലപാടുകളും പ്രത്യയശാസ്ത്രവുമില്ലാതെ ഒരു കൂട്ടം ജനങ്ങള്‍ ഒരു പൊതു ലക്ഷ്യത്തിനു മേല്‍ ഒരുമിക്കുക, ഭരണകൂടങ്ങളെ അട്ടിമറിക്കുകയോ മുള്‍മുനയില്‍ നിര്‍ത്തുകയോ  ചെയ്യുക തുടങ്ങിയ പുതിയ സ്ഥിതി വിശേഷങ്ങളാണ് അവര്‍ അപഗ്രഥിക്കുന്നത്.
വ്യക്തമായ ചില രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ പങ്കുവെക്കുന്ന കൂട്ടങ്ങള്‍  അതേ പ്രത്യയശാസ്ത്ര പിന്‍ബലത്തോടെ  നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ മാറ്റിമറിക്കുന്ന വിപ്ലവങ്ങളായിരുന്നു  ഇക്കാലമത്രയും. എന്നാല്‍, ടുണീഷ്യയിലും ഈജിപ്തിലും നിന്ന് തുടങ്ങി പശ്ചിമേഷ്യന്‍ രാജ ഭരണങ്ങളെ വിറപ്പിച്ച ജാസ്മിന്‍ വിപ്ലവത്തിന്റെ കൊടുങ്കാറ്റുകള്‍ക്ക്  ഈ പരമ്പരാഗത സ്വഭാവങ്ങളായിരുന്നില്ല. ഒരു തരം മഴവില്‍ വിപ്ലവങ്ങളായിരുന്നു അവ. പല രാഷ്ട്രീയങ്ങളില്‍ വിശ്വസിക്കുന്നവര്‍, പരസ്പര വിരുദ്ധമെന്നു തോന്നിപ്പിക്കുംവിധം വ്യത്യസ്ത പ്രത്യശാസ്ത്രങ്ങള്‍ പിന്തുടരുന്നവര്‍, പല വര്‍ഗ, വംശ, ഭാഷാ, സാമുദായിക താല്‍പര്യങ്ങള്‍ പിന്തുടരുന്നവര്‍ എന്നിവര്‍ ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി ഒന്നിക്കുന്നതാണ് മുല്ലപ്പൂ വിപ്ലവത്തില്‍ കണ്ടത്. വിപ്ലവാനന്തര ഭരണ വ്യവസ്ഥയെ കുറിച്ച് ക്യത്യമായ ധാരണകളോ നിലപാടുകളോ ഇല്ലാതെയായിരുന്നു ആ പോരാട്ടങ്ങള്‍.  കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ജനരോഷം  ചില പ്രത്യേക സാഹചര്യങ്ങളില്‍ സാങ്കേതിക വിദ്യ അടക്കമുള്ള ഉപാധികളുടെ സഹായത്തോടെ സക്രിയമായ വിപ്ലവ പാതയായി പരിവര്‍ത്തിക്കപ്പെട്ട അപൂര്‍വ സന്ദര്‍ഭങ്ങളായിരുന്നു  മുല്ലപ്പൂ വിപ്ലവവും  അതിന്റെ   തുടര്‍ചലനങ്ങളും.
കാലങ്ങളായി തുടര്‍ന്നു വന്ന വിപ്ലവ വഴികളില്‍ ചടുലമായ മാറ്റങ്ങള്‍ വിതച്ച മുല്ലപ്പൂ വിപ്ലവം പുതിയ സൈദ്ധാന്തികാന്വേഷണങ്ങളെ ഒരേ സമയം ഭ്രമിപ്പിക്കുകയും  അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണ്.  എന്തു കൊണ്ട് ഇത്തരമൊരു ജനശക്തി? എന്താവും അതിന്റെ അനന്തര ഫലങ്ങള്‍? എല്ലാ രാജ്യങ്ങളിലും ഇത് പല തരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത് എന്തു കൊണ്ട്? ചില സമാന ലക്ഷണങ്ങള്‍  പ്രകടിപ്പിക്കുമ്പോഴും അകമേ അവയില്‍ ഭൂരിഭാഗവും വ്യത്യസ്തമായിരിക്കുന്നത് എന്തു കൊണ്ട്? എന്നിങ്ങനെ പല തരം സന്ദേഹങ്ങളും സന്ദിഗ്ദതകളും.  ഓരോ ദേശരാഷ്ട്രങ്ങളിലെയും  വ്യത്യസ്ത സാഹചര്യങ്ങളാണ് അതാതിടങ്ങളിലെ ആള്‍ക്കൂട്ട  സാധ്യതകള്‍ വളര്‍ത്തി വികസിപ്പിക്കുന്നതെന്നും സിദ്ധാന്തങ്ങളുടെ ഒരേ അച്ചുതണ്ടില്‍ അവയെല്ലാം കൊരുത്തിടുക അസാധ്യമാണെന്നുമുള്ള ധാരണകള്‍ക്കാണ് ഇന്നു പ്രാമുഖ്യം. അതിനാല്‍, ഓരോ ദേശരാഷ്ട്രങ്ങളിലും വ്യത്യസ്ത മാനങ്ങള്‍ പുലര്‍ത്തുന്ന ഒന്നായി ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുകയാണ് പുതിയ ധൈഷണികാന്വേഷണങ്ങള്‍.

രണ്ട്

 ലാറ ലോഗന്‍
  വിഷയം അതല്ല. ആള്‍ക്കൂട്ട  രാഷ്ട്രീയത്തിന്റെ പുതുമോടിക്കപ്പുറം കാണാതെ വിട്ടു പോവുന്ന ചിലതുണ്ടെന്ന തിരിച്ചറിവാണ്. ആരാണ് ഈ ആള്‍ക്കൂട്ടമെന്നും അവ മുന്നോട്ടു വെക്കുന്ന അരാജകമെന്നു വിശേഷിപ്പിക്കാവുന്ന  ഉല്‍സവഛായയിലും ലിംഗവിവേചനത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും സാധ്യതകള്‍ പരന്നു കിടക്കുന്നുണ്ടെന്നുമുള്ള ബോധ്യമാണ് അത്. ആള്‍ക്കൂട്ടം ആണ്‍കൂട്ടമാവുന്ന സാധാരണ സാധ്യതകള്‍. കേരളത്തില്‍ നമ്മള്‍ പതിവായി കാണുന്ന അത്തരം കാഴ്ചകള്‍ മുല്ലപ്പു വിപ്ലവം പൂവിട്ട ഈജിപ്തിലും സാധ്യമാണെന്ന് ഓര്‍മ്മപ്പെടുത്തി സി.ബി.എസ് ചാനല്‍ ലേഖിക ലാറാ  ലോഗന്റെ അനുഭവം.
ഞെട്ടിക്കുന്നതാണ് ലാറയുടെ വാക്കുകള്‍. സമത്വസുന്ദരമായ ദേശത്തിനു വേണ്ടിയുള്ള ആദര്‍ശ സമരവും പെണ്ണുടലുകള്‍  പകാണുമ്പോള്‍  ആസക്തി പൂണ്ട കൈയേറ്റങ്ങളായി മാറുന്നുവെന്ന് ലാറ  പറയുന്നു. അഫ്ഗാനിസ്ഥാനും ഇറാഖും അടക്കമുള്ള പോര്‍ക്കളങ്ങളില്‍ ചെന്ന് റിപ്പോര്‍ട്ടിങ് നടത്തിയ 39 കാരിയായ ലാറക്ക് അക്രമങ്ങള്‍ പുത്തരിയല്ല. എന്നാല്‍, മറ്റെവിടെയും നേരിടേണ്ടി വരാത്ത ലൈംഗികാതിക്രമങ്ങളാണ് കൈറോയിലെ തെഹ്രീര്‍ സക്വയറില്‍ അവര്‍ക്കുണ്ടായത്.
ജനകീയ മുന്നേറ്റത്തില്‍ ഹുസ്നിമുബാറക്ക് ഭരണകൂടം നിലം പതിച്ച ഫെബ്രുവരി 11നാണ് ലാറക്കു നേരെ കൈയേറ്റം നടന്നത്. മുല്ലപ്പൂ വിപ്ലവം ജനങ്ങള്‍ക്കിടയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ. കാമറക്കും മൈക്കിനുമിടയില്‍ വിപ്ലവത്തിന്റെ രൂപഭാവങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്നതിനിടെ. ആദര്‍ശാത്മക വിപ്ലവത്തിന്റെ യഥാര്‍ഥ ചിത്രം ലോകത്തിനു കാണിച്ചു കൊടുക്കുന്ന ആവേശത്തിനിടെ.  ആള്‍ക്കൂട്ടം  നടത്തിയ ക്രൂരമായ ആകമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് പറന്ന ലാറ സംഭവത്തെക്കുറിച്ച ഒരു ചെറു പ്രസ്താവന മാത്രമാണ് അന്ന് നടത്തിയത്. നാളുകള്‍ക്കു ശേഷം ഇന്നലെ ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ആ ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്. 

'അവരെന്നെ കൈകളാല്‍ ബലാല്‍സംഗം ചെയ്തു'
മുബാറക്കിന്റെ പതനം ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് കാമറാ സംഘവുമൊത്ത് എത്തിയ ലാറയെ ഓട്ടോഗ്രാഫിനു വേണ്ടിയായിരുന്നു ആള്‍ക്കൂട്ടം ആദ്യം വളഞ്ഞത്. പിന്നീട് അത്  കൈയേറ്റമായി മാറി.   രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അതിന്റെ ക്രൌര്യം വര്‍ധിച്ചത്.  
'അവിടെവെച്ചു മരിക്കാന്‍ പോവുകയാണെന്നു മാത്രമല്ല തോന്നിയത്. ഒരിക്കലും തീരാത്ത  പീഡാകരമായ മരണമായിരിക്കും അതെന്നും തോന്നി'^ലാറ പറയുന്നു.
'അവരെന്നെ കൈകളാല്‍ ബലാല്‍സംഗം ചെയ്തു. അവരുടെ ദയാരഹിതമായ പ്രകൃതമാണ് എന്നെ ഞെട്ടിച്ചത്.  40 മിനിറ്റ് നേരം നീണ്ടു ആ ആക്രമണം. 200 പുരുഷന്‍മാരുള്ള ആണ്‍കൂട്ടം എന്റെ ഉടയാടകള്‍ വലിച്ചു കീറി.   അംഗരക്ഷകന്‍ എന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം സര്‍വ കരുത്തോടെയും തടഞ്ഞു.അവരെന്റെ വേദനയും പിടയലും ആസ്വദിക്കുകയായിരുന്നു '
 ആക്രമണ വിവരമറിഞ്ഞ കുറേ ഈജിപ്ഷ്യന്‍ സ്ത്രീകള്‍ പത്തിരുപത് സൈനികരെ കൂട്ടിക്കൊണ്ടു വന്നാണ്  ലാറയെ രക്ഷപ്പെടുത്തിയത്. ദിവസങ്ങളോളം അതിന്റെ പീഡാകരമായ ആഘാതം തന്നില്‍ ശേഷിച്ചതായി  ലാറ പറയുന്നു.
അഫ്ഗാനിലേക്കും ഇറാഖിലേക്കും മടങ്ങാന്‍ തന്നെയാണ് ലാറയുടെ താല്‍പര്യം. എന്നാല്‍, പശ്ചിമേഷ്യയിലേക്ക് ഇനിയില്ലെന്ന് അവര്‍ തെളിച്ചു പറഞ്ഞു.
' റിപ്പോര്‍ട്ടിങിനിടെ ശാരീരിക ആക്രമണങ്ങള്‍  സാധാരണമാണ്. പുരുഷ സഹപ്രവര്‍ത്തകര്‍ക്കും അതുണ്ടാവാം. എന്നാല്‍, ലൈംഗികാതിക്രമം മറ്റൊന്നാണ്. ശാരീരിക അതിക്രമങ്ങളുടെ മുറിവുണങ്ങും. എന്നാല്‍, മറ്റേത് അങ്ങിനെയല്ല. എക്കാലത്തേക്കും ആ മുറിവുകള്‍ ഉടലില്‍ ശേഷിക്കും.^ലാറ പറയുന്നു.

മൂന്ന്

 സബ്രിന ടാവേണൈസ്

ലാറയുടെ നേര്‍ക്ക് അതിക്രമം നടന്ന് പിറ്റേ ആഴ്ചയ ഫെബ്രുവരി 19നാണ് ന്യൂയോര്‍ക്ക് ടൈംസില്‍   പ്രമുഖ മാധ്യമ പ്രവര്‍ത്തക സബ്രിന ടാവേണൈസിന്റെ കുറിപ്പ് കണ്ടത്. സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളുടെ തുറന്നെഴുത്തായിരുന്നു അത്.  അന്നത് വിവര്‍ത്തനം ചെയ്ത് ബ്ലോഗ് പോസ്റ്റിടണമെന്ന് തോന്നിയിരുന്നു. നടന്നില്ല. ലാറയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അവരുടെ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്. അതിനാല്‍  ആ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കാതെ വയ്യ.

ഉടുപ്പഴിക്കുന്ന ആള്‍ക്കൂട്ടം
കഴിഞ്ഞ ശരത് കാലത്താണ്. പാകിസ്താനിലെ പ്രമുഖമായൊരു  മത ചടങ്ങ്. ആയിരങ്ങള്‍ പങ്കെടുത്ത ആ ചടങ്ങില്‍ ഒറ്റ സ്ത്രീയെയും കാണാന്‍ കഴിഞ്ഞില്ല. റിപ്പോര്‍ട്ടിങിനിടെ ആണ്‍പറ്റങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞു നീങ്ങേണ്ടിവന്നു. ഓരോ നിമിഷവും പിന്നിലേക്ക് ശ്രദ്ധിച്ച്, പിടിക്കാന്‍ ശ്രമിക്കുന്ന നൂറ് കണക്കിന് കൈകകളെ അകലേക്ക് വകഞ്ഞു മാറ്റി...
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം  ആള്‍ക്കൂട്ടം അപകട മേഖലയാണ്. പ്രത്യകിച്ച് യുദ്ധവും സംഘര്‍ഷവും നടക്കുമ്പോള്‍.   എന്നാല്‍, വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത് ഇതിലുമേറെ  ഗുരുതര പ്രശ്നങ്ങളാണ്. ആണ്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും അഭിമുഖീകരിക്കേണ്ടതില്ലാത്ത രീതിയില്‍ ഞങ്ങള്‍  ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പീഡിപ്പിക്കപ്പെടുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഏതാണ്ടെല്ലാവരും അനുഭവിക്കയും കുറച്ചു പേര്‍ മാത്രം പുറത്തു പറയുകയും ചെയ്യുന്ന തൊഴില്‍പര പ്രശ്നമാണിത്.
1990 നു ശേഷം അര ഡസന്‍ രാജ്യങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലബനോന്‍, ഗസ്സ, ഇസ്രായേല്‍, പാക്കിസ്താന്‍, തുര്‍ക്കി, റഷ്യ എന്നിവിടങ്ങള്‍ ഉള്‍പ്പടെ. ഇവിടങ്ങളിലൊന്നും ഞാന്‍ ആള്‍ക്കൂട്ടത്തിനാല്‍ വലിച്ചിഴക്കപ്പെട്ട് ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, പലയിടത്തും  മാനഭംഗ ശ്രമങ്ങള്‍ നടന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ ആണ്‍കൂട്ടങ്ങളാല്‍ വലയം ചെയ്യപ്പെടുമ്പോഴാണ് സാധാരണ അതിക്രമങ്ങള്‍ നടക്കാറ്. ആള്‍ക്കൂട്ടത്തില്‍ അപകട സാധ്യത ഏറെയാണ്. അവിടെ എല്ലാ നിയമങ്ങളും തകര്‍ന്നു വീഴുന്നു. എന്തും സംഭവിക്കാമെന്ന ആശങ്കകളിലേക്ക്  സമൂഹം വരിഞ്ഞുചേര്‍ക്കപ്പെടുന്നു.  2003ല്‍ ബാഗ്ദാദിലെ ഗണ്‍മാര്‍ക്കറ്റില്‍ ഞാനനുഭവിച്ചത് ഇതാണ്. ദരിദ്രരായ, വിദേശികളെ അധികമൊന്നും കാണാത്ത ഒരു പറ്റം ചെറുപ്പക്കാരായിരുന്നു അക്രമികള്‍. ആദ്യം അവരെന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. പിന്നെ ഉടുപ്പഴിക്കാനായി ശ്രമം. ഒരു സഹപ്രവര്‍ത്തകനാണ് മതിലായി നിന്ന് എന്നെ സംരക്ഷിച്ചത്.
അതൊരു തുടക്കക്കാരിയുടെ അബദ്ധമായിരുന്നു. പാന്‍സും ബാഗിയും ഫോര്‍മല്‍സുമായിരുന്നു എന്റെ വേഷം. പര്‍ദ  ധരിച്ച് ശരീരം മൂടി നടക്കുന്ന അന്നാട്ടുകാരായ സ്ത്രീകളില്‍നിന്ന് ഏറെ വ്യത്യസ്തമായ വേഷം. അന്ന് തന്നെ ബാഗ്ദാദിലെ ഒരു തുണിക്കടയില്‍ ചെന്ന് ശരീരമാകെ മൂടുന്ന വസ്ത്രങ്ങള്‍ ഞാന്‍ വാങ്ങിച്ചു.
ഇറാഖില്‍ കഴിയുന്നതിനിടെ അത്തരം അനേകം സംഭവങ്ങള്‍ വീണ്ടും  ആവര്‍ത്തിച്ചു. 2006ല്‍ ദക്ഷിണ ഇറാഖിലെ മേസെനില്‍ വെച്ച് ബ്രിട്ടീഷ് സൈനികരുടെ സാന്നിധ്യത്തിലായിരുന്നു അതിലൊന്ന്.  ബ്രിട്ടീഷ് സൈനികര്‍ക്കും ദ്വിഭാഷിക്കുമൊപ്പം ഒരു ഗ്രാമത്തിലലേക്ക് നടക്കുകയായിരുന്നു. പതിയെ ഒരു സംഘം ചെറുക്കന്‍മാര്‍ എന്റെ പിന്നാലെ കൂടി. ഒരുവന്‍ പൊടുന്നനെ എനിക്കുനേരെ തിരിഞ്ഞു. തൊടാനും പിടിക്കാനുമായിരുന്നു ശ്രമം.  മറ്റുള്ളവരും ഇതിനു മുതിര്‍ന്നപ്പോള്‍ ദ്വിഭാഷി എന്നെ രക്ഷിക്കാന്‍ ശ്രമിച്ചു.  ആകാശത്തേക്കു വെടിവെച്ചിട്ടും  അവര്‍ പിരിഞ്ഞില്ല. നേര്‍ക്കുനേര്‍  നിറയൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തേണ്ടിവന്നു  സൈനികര്‍ക്ക്.  
എന്റെ അനുഭവത്തില്‍ മിക്ക രാജ്യങ്ങളിലും ആണുങ്ങള്‍ ഇക്കാര്യത്തില്‍ ഒരു പോലാണ്. ജോര്‍ജിയയില്‍ സമാനമായ അതിക്രമമുണ്ടായത് റഷ്യന്‍ സൈനികരില്‍നിന്നാണ്.   റഷ്യന്‍ സൈന്യം കൈയടക്കിയ ജോര്‍ജിയന്‍ നഗരമായ ഗോറി  കാണാന്‍  ഒരു സൈനിക യൂനിറ്റ് എന്നെ ക്ഷണിച്ചു. മദ്യപിച്ച് മദോന്‍മത്തരായിരുന്നു സൈനികര്‍. ഞാനവര്‍ക്കൊപ്പം ചെന്നു.  ഇരുട്ടിലാഴ്ന്ന  തകര്‍ന്നടിഞ്ഞൊരു സര്‍ക്കാര്‍ ഓഫീസിലെ ആളൊഴിഞ്ഞ മുറിയില്‍ നില്‍ക്കെ ഒരു സൈനികന്‍ എന്റെ ശരീരത്തിനു നേരെ തിരിഞ്ഞു. എങ്ങിനെയോ ഞാന്‍ തടി രക്ഷിച്ചു.
പിറ്റേന്ന് രാത്രി സമീപത്തെ ഒരു ഹോട്ടലില്‍ എന്നെ അടച്ചിടാന്‍ ശ്രമമുണ്ടായി.  യുദ്ധത്തെ തുടര്‍ന്ന് അടച്ച ആളൊഴിഞ്ഞ ഹോട്ടലില്‍നിന്ന് പടമെടുക്കുന്നതിനിടെ   സൂക്ഷിപ്പുകാരനെന്നു വിശേഷിപ്പിച്ച ഒരാളാണ് ഞാന്‍ നില്‍ക്കുന്ന മുറി പൂട്ടിയത്.  കവര്‍ച്ചക്കാരില്‍നിന്ന് രക്ഷിക്കാന്‍ എന്നായിരുന്നു പറച്ചില്‍. ആരുമില്ലായിരുന്നു അവിടെ. പരിഭ്രാന്തയായ ഞാന്‍, കാറില്‍ ഒരു സാധനം മറന്നു വെച്ചെന്നും അത്യാവശ്യമായി താഴേക്കു പോവണമെന്നും അയാളോട് പറഞ്ഞു. വാതില്‍ തുറന്നതും ഞാന്‍ താഴേക്ക് രക്ഷപ്പെട്ടു.
അതേ റിപ്പോര്‍ട്ടിങ് യാത്രക്കിടെ വേറെയും ഉണ്ടായി സമാന അനുഭവം. ജോര്‍ജിയന്‍ തലസ്ഥാനമായ ബിലിസിലേക്കുള്ള  യാത്രക്കിടെയായിരുന്നു അത്.  50 വയസ്സു തോന്നിക്കുന്ന ഒരു മധ്യവയസ്കന്‍ എനിക്ക് കാറില്‍ ലിഫ്റ്റ് തന്നു. സൌഹാര്‍ദ്ദപൂര്‍വമുള്ള സംസാരത്തിനിടെ പൊടുന്നനെ അയാളെന്നോട് ഉടുപ്പഴിക്കാന്‍ ആവശ്യപ്പെട്ടു. ഇറങ്ങണമെന്ന് ഞാനാവശ്യപ്പെട്ടെങ്കിലും അയാള്‍ സമ്മതിച്ചില്ല. പകരം അയാളെന്നെ ശരീരം ബലാല്‍ക്കാരമായി കീഴ്പ്പെടുത്താന്‍ ഒരുങ്ങി. അലറിവിളിച്ചുകൊണ്ട് ഞാന്‍ എതിരിട്ടു. കാറിന് വേഗം കുറഞ്ഞതും  പുറത്തേക്കു ചാടി. അയാള്‍ വണ്ടി നിര്‍ത്തി. അതിനുള്ളിലെ പീച്ചു പഴങ്ങള്‍ റോഡിലേക്ക് എറിഞ്ഞു.  

മൂന്ന്

 യുദ്ധവും കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്ന വിദേശ മാധ്യമപ്രവര്‍ത്തകരില്‍ രണ്ട് സ്ത്രീകളുടെ അനുഭവങ്ങള്‍ മാത്രമാണിത്. ഒരു പക്ഷേ മറ്റനേകം വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂടി ആത്മകഥയാവാമിത്.
യുദ്ധവും കലാപവുമൊന്നുമില്ലെങ്കിലും നമ്മുടെ നാട്ടിലും അവസ്ഥ ഭേദമല്ല. സമാനമായ നിരവധി അനുഭവങ്ങള്‍.  ജോലിക്കിടെ ആള്‍ക്കൂട്ടത്തിന്റെ കൈയേറ്റങ്ങള്‍ക്ക് വിധേയരാവേണ്ടി വന്ന നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരെ നമുക്കറിയാം.  
ഓര്‍മ്മയില്‍ അനേകം ചിത്രങ്ങളുണ്ട്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട റജീനയുടെ വെളിപ്പെടുത്തലിനിടെ ഗള്‍ഫില്‍നിന്ന് മടങ്ങി വരികയായിരുന്ന മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണ ദിവസം. പോലിസിന്റെ സാന്നിധ്യത്തെ മറികടന്നാണ് കലി പിടിച്ച  ആള്‍ക്കൂട്ടം അന്ന് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചത്. അക്കൂട്ടത്തിലുണ്ടായിരുന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍  വി.എം ദീപയെ  പെണ്ണെന്ന നിലയില്‍ തന്നെയാണ് ആള്‍ക്കൂട്ടം കൈകാര്യംചെയ്തത്.  തെറിവിളികള്‍ക്കും അതിക്രമങ്ങള്‍ക്കുമിടെ ആരാക്കെയോ രക്ഷപ്പെടുത്തുകയായിരുന്നു ദീപയെ.
അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചിയിലെ ഒരാരാധനാലയവുമായി ബന്ധപ്പെട്ട പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അന്നത്തെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ വിധു വിന്‍സന്റിനെയും സമാനമായ രീതിയിലാണ് ആണ്‍കൂട്ടം നേരിട്ടത്. സമാനമായ മറ്റനേകം സംഭവങ്ങളും പറയാനുണ്ടാവും മാധ്യമരംഗത്തെ നമ്മുടെ സഹോദരിമാര്‍ക്ക്.
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിന്റെ ലൈവ് റിപ്പോര്‍ട്ടിങ്ങിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തക ഇനിയീ പരിപാടിക്ക് താനില്ലെന്ന് പറഞ്ഞാണ് നഗരം വിട്ടത്. ലൈവ് കാമറക്ക് മുന്നില്‍ പോലും അവരെ തറഭാഷയില്‍ കമന്റടിക്കാനും അശ്ലീലം വിളിച്ചുപറയാനുമായിരുന്നു ആള്‍ക്കൂട്ടത്തിന് ഹരം.


നാല്

 ലാറാ  ലോഗന്‍ തെഹ്രീര്‍ സ്ക്വയറില്‍. ആക്രമണത്തിനു തൊട്ടു മുമ്പെടുത്ത വീഡിയോ ദൃശ്യം.

യുദ്ധത്തിലും കലാപത്തിലും സഹജമായിരിക്കാം പെണ്ണുടലുകള്‍ക്കു നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍. പണ്ടുമുതലേ പിടിച്ചടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ ശരീരങ്ങളിലാണല്ലോ ആണത്തത്തിന്റെ വിജയോന്‍മാദ പ്രകടനങ്ങള്‍ . അക്കാലം കഴിഞ്ഞു. എന്നിട്ടും  മാധ്യമ പ്രവര്‍ത്തകരായ സ്ത്രീകള്‍ പോലും ജോലി ചെയ്യുന്നതിനിടെ ആള്‍ക്കൂട്ടത്തിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാവുന്നത് തുടരുകയാണ്.  ഉന്നതമായ മൂല്യങ്ങളുടെ പുറത്ത്  നടക്കുന്ന ജനകീയമായ കൂട്ടം ചേരലുകള്‍ക്കും വിപ്ലവങ്ങള്‍ക്കും ഇടയില്‍ പോലും ആളുകള്‍ വെറും ആണ്‍കൂട്ടങ്ങളായി തരംതാഴുന്നതിന്റെ  അര്‍ഥമെന്താണ്?
ആള്‍ക്കൂട്ടത്തിന് പ്രത്യേക മനസ്സാണ്. എല്ലാ നിയമങ്ങളെയും ലംഘിക്കാനും തോന്നുംപടി പെരുമാറാനുമുള്ള അരാജകത്വമാണ് അതിന്റെ വഴി.കലി പിടിച്ച ആള്‍ക്കൂട്ടത്തെ നയിക്കുക ബോധവും പക്വതയുമായിരിക്കില്ല. കൂട്ടത്തിലെ ഏറ്റവും വഷളന്‍മാരും സാമൂഹിക വിരുദ്ധരുമായിരിക്കും പൊടുന്നനെ കലങ്ങിമറിഞ്ഞ ആള്‍ക്കൂട്ടത്തിന്റെ നായകരാവുക. സ്ത്രീകളും നൂനപക്ഷങ്ങളും അബലരുമായിരിക്കും അതിന്റെ ഇരകള്‍. 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രം' എന്ന പുസ്തകത്തില്‍   വില്‍ഹം റീഹ് ചൂണ്ടിക്കാണിക്കുന്നത് ഇക്കാര്യമാണ്.  ഇതു തന്നെയാവും ഉദാത്ത ലക്ഷ്യങ്ങളോടെ ഒത്തു കൂടിയ മുല്ലപ്പൂ  വിപ്ലവകാരികളെയും വെറും ആണ്‍കൂട്ടങ്ങളായി തരം താഴ്ത്തിയത്. 

Monday, February 21, 2011

സമരായുധം എന്ന നിലയില്‍ സെല്‍ഫോണിന്റെ ജീവിതം



 തുണീഷ്യയില്‍ നിന്ന് ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ 
മുഖ്യ സമരായുധം സെല്‍ ഫോണ്‍ കാമറ.
ഇവിടെയത് പെണ്ണുടലുകള്‍ പകര്‍ത്താനുള്ള ഉപാധി. 
എന്തേ ഇങ്ങനെ.

തലക്കെട്ട് വായിച്ച്  ചിരി വരുന്നുണ്ടോ. അതിനുള്ള സാധ്യത കൂടുതലാണ്. മറ്റെന്തു പറഞ്ഞാലും 'സമരായുധം'  പോലുള്ള ഒരു ബുദ്ധിജീവി പ്രയോഗത്തെ സെല്‍ഫോണുമായി ബന്ധപ്പെടുത്തി പറയുക എന്നത് നമ്മുടെ നാട്ടില്‍ അല്‍പം കടന്ന കൈ തന്നെയാണ്. കാരണം സെല്‍ഫോണ്‍ നമുക്കെപ്പോഴും മറ്റ് ചിലതാണ്.
ഒളിഞ്ഞു നോട്ടത്തിന്റെയും സ്ത്രീകള്‍ക്കെതിരായ ക്രൂരതയുടെയും നീലച്ചിത്രങ്ങളുടെയും പേരുദോഷമാണ് അതിന് സദാ കൂട്ട്. അതില്‍നിന്ന് കണ്‍തുറക്കുന്ന കൊച്ചു കാമറയെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ സദാ ഭയപ്പെടുന്നു. അതങ്ങിനെ കോടതി കയറുന്നു. പൊലീസ് സ്റ്റേഷനില്‍ കാത്തുകെട്ടിക്കിടക്കുന്നു. ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഉളുപ്പില്ലാതെ ഇളിച്ചു നില്‍ക്കുന്നു. വണ്ടി മറിഞ്ഞ് മരിക്കാന്‍ നോക്കുന്നവന്റെ\അവളുടെ  അവസാന വെപ്രാളം പകര്‍ത്തുന്നു.  ക്ലാസെടുക്കുന്നതിനിടെ വിയര്‍പ്പു ഒപ്പുന്ന അധ്യാപികയുടെ സാരിക്കുള്ളിലെ വെളുപ്പ് അത് ഒപ്പിയെടുക്കുന്നു.  പ്രണയത്തിന്റെ ആനന്ദനിമിഷങ്ങളിലല്‍ സ്വയം മറക്കുന്ന അവളെ അവളറിയാതെ പകര്‍ത്തി യൂ ട്യൂബിനു ഒറ്റു കൊടുക്കുന്നു. ഹോട്ടല്‍ ടോയ്ലറ്റില്‍ മൂത്രമൊഴിക്കാനിരിക്കുന്ന അമ്മ പെങ്ങന്‍മാരെ അത് ലോകത്തിന്റെ കൊതിക്കണ്ണുകള്‍ക്ക് വില്‍ക്കുന്നു. അങ്ങിനെ പേരുദോഷങ്ങളുടെ വലിയ പുസ്തകത്തിലെ ആദ്യ അധ്യായം, സെല്‍ഫോണ്‍.

ആ സെല്‍ഫോണിനെ കുറിച്ച് മറ്റ് ചിലതു കേള്‍ക്കുമ്പോള്‍ ഞെട്ടില്ലേ. അതു തന്നെയാണ്  ആദ്യ പറഞ്ഞ ചിരി. സമരായുധം എന്ന നിലയില്‍ അതിന്റെ സാധ്യതകളുടെ ചര്‍ച്ച തുടരുകയാണ് ലോകം. ആയുധം കൊണ്ടും മസില്‍പവര്‍ കൊണ്ടും ലോകത്തെ പേടിപ്പിക്കുന്ന ഏകാധിപത്യ സര്‍ക്കാറുകളുടെ ഉള്‍ക്കിടിലം കൂട്ടുന്ന മൂര്‍ച്ചയേറിയ ആയുധമായി പൊടുന്നനെ അതിനു രൂപമാറ്റം വന്നിരിക്കുന്നു. തുനീഷ്യയില്‍നിന്ന് വീശി അറബ് ലോകത്തും ആഫ്രിക്കയിലെ ഏകാധിപത്യ രാജ്യങ്ങളിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തുന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ മുന്‍നിര പോരാളി എന്ന നിലയിലാണ് ഇന്നത്തെ സെല്‍ഫോണ്‍ ചര്‍ച്ചകള്‍. പെട്ടെന്നുണ്ടായ പരിണാമമല്ല അത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏകാധിപത്യത്തിന്റെ സെന്‍സര്‍ മഴികളെ കബളിപ്പിച്ച് സത്യങ്ങള്‍ പച്ചയായി പുറം ലോകത്തെത്തിക്കുന്ന മുഖ്യ ഉപാധിയാണ് സെല്‍ഫോണ്‍. നമ്മുടെ വീരശിങ്കങ്ങള്‍ക്ക് മാത്രമാണ് അത് പെണ്ണുങ്ങളുടെ  ഉടല്‍കാണാനുള്ള സൂത്രം.

യമനിലും ബഹറിനിലും കുവൈത്തിലും അള്‍ജീരിയയിലും മൊറോക്കോയിലും ഇറാനിലും വിമോചനത്തിന്റെ പുതിയ പോരാട്ടം നടത്തുന്നവരുടെ മുഖ്യ ആയുധമാണ് സെല്‍ഫോണ്‍. മുല്ലപ്പൂ വിപ്ലവത്തിന്റെ അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ വിലയിരുത്തി ജെന്നിഫര്‍ പ്രെസ്റ്റന്‍, ബ്രയന്‍ സ്റ്റെല്‍റ്റര്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. മൊബൈല്‍ ആശയവിനിമയ പഠനങ്ങള്‍ എന്നൊരു പഠന ശാഖ സജീവമാണെന്നും ലോകത്തിന്റെ അലകും പിടിയും മാറ്റാന്‍ കെല്‍പ്പുള്ള ഉശിരന്‍ ആയുധമാണ് മൊബൈല്‍ ഫോണ്‍ മാറിയെന്നും കുറിപ്പില്‍നിന്നറിയാം.

എങ്ങിനെയാണ് മൊബൈല്‍ ഫോണിലെ ഇത്തിരി പോന്ന കാമറ വിമോചനത്തിന്റെ കൊടിയടയാളമാവുന്നത്. നിരോധങ്ങള്‍ തകര്‍ക്കലാണ് അതിന്റെ വഴി. സെന്‍സറിങിനെ പൊട്ടിച്ചെറിയല്‍.  എല്ലാ ഭരണാധികാരികളും ഭയക്കുന്നത് ജനങ്ങളെയാണ്. രാജ്യത്ത് യഥാര്‍ഥത്തില്‍ നടക്കുന്നത് എന്തെന്ന് ജനം അറിയരുതെന്നാണ് അവരുടെ ആഗ്രഹം. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കാവട്ടെ  ഇതിലുമേറും ഈ ആഗ്രഹം. തങ്ങള്‍ക്കെതിരെ ഒരില പോലും അനങ്ങരുതെന്നും വിയോജിപ്പിന്റെ എല്ലാ സ്വരങ്ങളെയും നിശãബ്ദമാക്കണമെന്നുമാണ് എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളുടെയും താല്‍പര്യങ്ങള്‍. മതം, വികസനം, പൌരോഹിത്യം, വിദേശപിന്തുണ എന്നിങ്ങനെ അനേകം ഉമ്മാക്കികളാണ് അവരുടെ ആയുധം. ജനങ്ങള്‍ക്കിടയില്‍ സദാ രഹസ്യ പൊലീസുകാരെ നിയോഗിച്ചും എതിര്‍ക്കുന്നവരെ അപ്പപ്പോള്‍ ഇല്ലാതാക്കിയുമാണ് അവര്‍ അധികാരം നിലനിര്‍ത്തുന്നത്. മാധ്യമങ്ങളെയും കാമറക്കണ്ണുകളെയുമാണ് അവര്‍ സദാ ഭയക്കുന്നത്. പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഈ രണ്ട് ഘടകങ്ങളെയും അവര്‍ നിശãബ്ദമാക്കുന്നത്. എന്നിട്ടും പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഈ ഭരണാധികാരികള്‍ ആദ്യം ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കും കാമറക്കണ്ണുകള്‍ക്കും പ്രവേശനം നിഷേധിക്കുകയാണ്. ഇവിടെയാണ് സെല്‍ഫോണ്‍ ഒരായുധമാവുന്നത്.

ഇറാനിലേക്കു നോക്കൂ. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടെ നടന്ന പ്രതിപക്ഷ പ്രക്ഷോഭം ഭരണകൂടം പല്ലും നഖവും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കൊഴികെ  മറ്റാര്‍ക്കും പ്രവേശനം ഇല്ലാതിരുന്ന അവിടെ സൈന്യം നടത്തിയ നരനായാട്ട്  എന്നാല്‍, ലോകത്തിന്റെ മുന്നില്‍ എത്തുക തന്നെ ചെയ്തു.  പ്രക്ഷോഭകരുടെ കൈയിലെ ഇത്തിരിപ്പോന്ന സെല്‍ഫോണുകളിലെ ഇന്‍ബില്‍റ്റ് കാമറകളിലൂടെ സത്യം ഒഴുകിയെത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയും യൂ ട്യൂബിലൂടെയും പുറത്തുവന്ന എണ്ണമറ്റ ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങളിലൂടെ ഉടന്‍ പരന്നു. തെഹ്റാനില്‍ നടന്ന പ്രക്ഷോഭത്തിനിടെ നദ എന്ന പെണ്‍കുട്ടി ദാരുണമായി കൊല്ല്ലപ്പെടുന്ന  ദൃശ്യങ്ങള്‍  ഉരുക്കു മറ ഭേദിച്ച് സെല്‍ഫോണ്‍ കാമറകള്‍ പുറത്തെത്തിക്കുകയായിരുന്നു.

തുണീഷ്യയിലും ഈജിപ്തിലും സര്‍ക്കാറുകളെ തകിടം മറിച്ച വന്‍ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍  പുറത്തുവന്നതും ഇതേ വഴിക്കാണ്. YouTube, yFrog  തുടങ്ങിയ വെബ്സൈറ്റുകള്‍ വഴി ലക്ഷക്കണക്കിനാളുകള്‍ ആ ദൃശ്യങ്ങള്‍ കണ്ടു. മാധ്യമങ്ങളും ഈ വാര്‍ത്താ സ്രോതസ്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഇത്തരം പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ വിവരം അറിയാന്‍ ലോകമാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് സെല്‍ഫോണുകള്‍ക്കുള്ളിലെ കുഞ്ഞു കാമറകളെ തന്നെയാണ്. വിശ്വാസ്യത ഉറപ്പാക്കാന്‍ എളുപ്പമല്ല എന്ന ദൂഷ്യം നിലനില്‍ക്കുമ്പോഴും അത്തരം ദൃശ്യങ്ങള്‍ പ്രധാന വാര്‍ത്താ ഏജന്‍സികളിലൂടെയും പ്രമുഖ മാധ്യമങ്ങളിലൂടെയും വായനക്കാരനിലേക്കും കാഴ്ചക്കാരനിലേക്കുമുള്ള ഒഴുക്ക് തുടരുന്നു. ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും എളുപ്പത്തില്‍ കണ്ടെത്താനാവുന്ന  Storyful പോലുള്ള അഗ്രഗേറ്ററുകളും സിറ്റിസണ്‍ റ്റ്യൂബ് ചാനലും രംഗത്തുണ്ട്.  Bambuser പോലുള്ള വീഡിയോ സ്ട്രീം സൈറ്റുകളും സജീവം.  സമരായുധം എന്ന നിലയില്‍ സെല്‍ഫോണുകള്‍ എത്ര ഫലപ്രദമായി ഉപയോഗിക്കാം എന്ന് പോരാളി സംഘങ്ങളെ പഠിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഈജിപ്തില്‍ അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്.

പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, ഇന്റര്‍നെറ്റും സെല്‍ഫോണ്‍ അടക്കമുള്ള നവ സാങ്കേതിക ഉപാധികളും പെണ്ണുടലിന്റെ ചുറ്റളവുകള്‍ അളക്കാന്‍ മാത്രം ഉപയോഗിക്കുന്ന നമ്മുടെ നാട്ടു രീതികളല്ല പുറത്തു നിലനില്‍ക്കുന്നത് എന്ന് വ്യക്തം. ഇന്ത്യയിലും അനേകം ജനകീയ പോരാട്ടങ്ങള്‍ നടക്കുന്നു. അനേകം മാധ്യമങ്ങള്‍ ഇത്തരം സാധ്യതകളുടെ ഉപയോഗത്തിനായി സദാ രംഗത്തുണ്ട്. എന്നാല്‍, വിമോചന ആയുധം എന്ന നിലയില്‍ ഈ നവസാങ്കേതിക ഉപാധികളുടെ ഉപയോഗം നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല.

എന്താവാം ഇതിനു കാരണം. ഇത്തരം ജീവന്‍ മരണ പോരാട്ടത്തിന്റെ അവസ്ഥയിലേക്ക് നമ്മുടെ  ദൈന്യത മാറിയിട്ടില്ല എന്നതാവാം. അല്ലെങ്കില്‍,  ലോകത്തിന്റെ മാറ്റത്തിനാപ്പം കുതിക്കുന്ന എന്നു പറയുമ്പോഴും ഒളിഞ്ഞുനോട്ടത്തിന്റെ വികല മാനസിക ഘടനയില്‍നിന്ന് നമ്മുടെ ആണ്‍കൂട്ടങ്ങള്‍ മുക്തമാവാത്തതാവാം. എന്തായാലും പെണ്ണുങ്ങള്‍ തുണി പൊക്കുന്നിടത്തെല്ലാം ഒളിഞ്ഞു നോക്കുന്ന സെല്‍ഫോണ്‍ കാമറകള്‍ മറ്റിടങ്ങളില്‍ വേറെ പല ഗുണകരമായ ദൌത്യങ്ങളും വിപ്ലവകരമായി നിര്‍വഹിക്കുന്നുവെന്ന് നമ്മള്‍  ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. 

LinkWithin

Related Posts Plugin for WordPress, Blogger...