നില്‍പ്പ് എന്ന പീഡനം. ഒന്നിരിക്കാന്‍ പോലുമാവാതെ
രാപ്പകല്‍ ജോലി ചെയ്യുന്നവരുടെ ലോകം.
നില്‍ക്കുന്നത് ദുസ്സഹമായ ഒരനുഭവം കൂടിയാണെന്ന് ആദ്യം ബോധ്യപ്പെടുത്തിയത് എന്റെ കസിനാണ്. നാട്ടില്‍ സര്‍വ സ്വതന്ത്രനായി വിഹരിച്ച അവന്‍ ഗള്‍ഫില്‍ ജോലി തേടി ചെന്നപ്പോഴാണ് നില്‍ക്കല്‍ എന്ന കഠിന ശിക്ഷക്കിരയായത്. വീട്ടില്‍ സുഖിച്ചു കഴിയുകയായിരുന്ന അവനെ വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് ഗള്‍ഫിലേക്കയച്ചത്. ജോലിയൊന്നും ചെയ്യാതെ രാപ്പകല്‍ കൂട്ടുകൂടി നടന്നപ്പോഴായിരുന്ന അത്. ബന്ധുക്കളെല്ലാം ഗള്‍ഫില്‍ ബിസിനസുകാരാണ്. അവരിലൊരാള്‍ വീസ നല്‍കി. അങ്ങിനെ അയാളുടെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്.
നാട്ടിലെ പരിചയക്കാരും ബന്ധുക്കളുമെല്ലാം അവിടെയുണ്ടായിരുന്നു. നാട്ടില്‍ സുഖിച്ചു കഴിയുന്ന പലരും അവിടെ കഠിനാധ്വാനം ചെയ്തു വലയുന്നത് കണ്ട് അവനാകെ അമ്പരന്നു. ചെന്ന് രണ്ടാം ദിവസം ജോലിക്കു കയറി. കാഷ് കൌണ്ടറിലായിരുന്നു ജോലി. അതവന്‍ വിളിച്ചു പറഞ്ഞപ്പോള്‍ എനിക്കും ആശ്വാസം തോന്നി. ഓടിനടന്നുള്ള ജോലിയല്ലല്ലോ.
എന്നാല്‍, രണ്ട് നാള്‍ കഴിഞ്ഞ് അവന്റെ ഫോണ്‍ വന്നപ്പോള്‍ ആ ആശ്വാസം വഴി മാറി. സദാ ചിരിച്ചു കാണാറുള്ള അവന്‍ ഫോണില്‍ കരയുകയായിരുന്നു. കടലുകള്‍ക്കക്കരെ നിന്നുള്ള അവന്റെ കരച്ചില്‍ കേട്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഉറ്റ ബന്ധുവിന്റെ കടയായിട്ടും അവനോടുള്ള പെരുമാറ്റം കടുത്തതായിരുന്നു. അവിടത്തെ അവസ്ഥയില്‍ അത് സ്വാഭാവികമായിരുന്നു. അതി രാവിലെ ഉണര്‍ന്നെണീറ്റ് കടയിലേക്ക് പോവണം. കാഷ് കൌണ്ടറില്‍ കസേരയില്ല. നില്‍ക്കണം. ഇടമുറിയാതെ കസ്റ്റമേഴ്സ് വരുന്ന തിരക്കേറിയ കടയാണ്. ആളുകള്‍ കൌണ്ടറിനു മുന്നില്‍ തിരക്കു കൂട്ടുമ്പോള്‍ ഇരിക്കുന്നത് പോയിട്ട് ഒന്നു ശ്വാസം വിടാന്‍ പോലും നേരമുണ്ടാവില്ല. ഭക്ഷണം കഴിക്കാന്‍ ഇത്തിരി നേരം കിട്ടും. അത് കഴിഞ്ഞ് ഉടനെ കൌണ്ടറിലെത്തണം. പിന്നെ നില്‍പ്പോടു നില്‍പ്പ്. നിന്നു നിന്ന് കാലു കഴച്ച ഒരു നാള്‍ ഭക്ഷണം കഴിഞ്ഞ ഇടവേളയിലായിരുന്നു അവന്റെ ഫോണ്‍. ' എനിക്കു വയ്യ, ഈ നരകത്തില്‍ നില്‍ക്കാന്‍. ഞാനങ്ങോട്ടു വരും. അല്ലെങ്കില്‍ കാലു കഴച്ച് ഞാന്‍ മരിക്കും'-അവന്റെ കണ്ണീരു പുരണ്ട ശബ്ദത്തോടു എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങിയ നേരം ഫോണ്‍ കട്ടായി.
കടയുടമയായ ബന്ധുവിനെ അന്നു തന്നെ ഞാന്‍ വിളിച്ചു. അവന്റെ അവസ്ഥ പറഞ്ഞു ദേഷ്യപ്പെട്ടു. അയാള്‍ ചിരിച്ചു. 'പേടിക്കണ്ട, അവനൊന്നു ശരിയാവാനുണ്ട്. അതാ ഇങ്ങിനെ ഡ്യൂട്ടി. ഇത്തിരി കഴിയുമ്പോള്‍ ഞാന്‍ മാറ്റാം-നിറ ചിരിയോടെ അയാള്‍ പറഞ്ഞു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ വിളിച്ചു. ജോലി അപ്പോഴും പഴയതു തന്നെ. എന്നാല്‍, ഇപ്പോള്‍ അത്ര അധികം നേരമില്ല. എങ്കിലും നില്‍ക്കണം. ഇപ്പോ എല്ലാം ശീലമായി വരുന്നു^ അവന്‍ പറഞ്ഞു.
അവനിപ്പോഴും അവിടെ തന്നെയാണ്. കടയുടെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്ന അവസ്ഥയില്‍. എങ്കിലും കാഷ് കൌണ്ടറിലെ നില്‍പ്പ് ചിലപ്പോഴൊക്കെ വേണ്ടി വരും.
നില്‍പ്പ് അത്ര ചെറിയ കാര്യമല്ലെന്നും പീഡനത്തിന്റെ ഒരു വഴി അതിലുണ്ടെന്നും അവനാണ് എന്നെ പഠിപ്പച്ചത്. അതുവരെ അതാലോചിക്കാന്‍ കഴിയില്ലായിരുന്നു. ഒന്നിരിക്കാന്‍ പോലും കഴിയാതെ മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യുക. ഇരിക്കാനൊരു കസേരയില്ലാതെ. അത് സ്വപ്നം കാണാന്‍ പോലുമാവാതെ. ദൈവമേ, അതെന്ത് ഭീകരം. റിസര്‍വേഷന്‍ ശരിയാവാത്ത ചില തീവണ്ടി യാത്രകളില്‍ ഇത്തിരി നേരം നില്‍ക്കുമ്പോഴേക്കും ഭ്രാന്തു പിടിക്കുന്നത് ഓര്‍മ്മയിലെത്തുന്നു.
രണ്ട്
നഗരത്തിലെ പ്രധാന ടെക്സ്റ്റൈല്‍ ഷോ റൂമിലാണ് അവരെ കണ്ടത്. ഒരേ നിറമുള്ള വസ്ത്രങ്ങളിഞ്ഞ സുന്ദരികളായ പെണ്‍കുട്ടികള്‍. അഞ്ച് നിലകളില്‍ ബിസിനസ് നടക്കുന്ന തുണിക്കടയില്‍ സദാ തിരക്കാണ്. ഒറ്റക്കും കുടുംബമായും വരുന്ന കസ്റ്റമേഴ്സിനു മുന്നില്‍ ചിരിയോടെ, തളര്‍ച്ച കാണിക്കാതെ പെരുമാറേണ്ടവരാണ് അവര്‍.
പല പ്രായക്കാര്‍. പല ജോലികള്‍ ചെയ്യുന്നവര്‍. ചിലര്‍ കസ്റ്റമേഴ്സിനെ സ്വീകരിക്കുന്നു. മറ്റു ചിലര്‍ അവരെ ആനയിക്കുന്നു. ചിലര്‍ അവര്‍ക്ക് സാധനങ്ങള്‍ കാണിച്ചു കൊടുക്കുന്നു. വേറെ ചിലര്‍ പായ്ക്ക് ചെയ്യുന്നു. അങ്ങിനെയങ്ങിനെ പല പണികള്‍. എല്ലാവര്‍ക്കും പൊതുവായി രണ്ട് കാര്യങ്ങള്‍. ഒന്ന്, അവര്‍ ഇരിക്കുന്നേയില്ല. ഇരിക്കാന്‍ അവിടെയാരു കസരേ പോലുമില്ല. രണ്ടമത്, എല്ലാവരും മനോഹരമായി ഒരുങ്ങിയവര്‍. സുസ്മേരവദനര്‍.
എങ്ങിനെയാണ് ഇത്തിരി നേരം ഇരിക്കാന്‍ പോലുമാവാതെ രാപ്പകല്‍ നിന്നു ജോലി ചെയ്യുന്നവര്‍ക്ക് ആളുകളോട് നിറചിരിയോടെ പെരുമാറാനാവുക. സാധാരണ നിലക്ക് സാധ്യതയില്ല. എന്നാല്‍, അത്ര സാധാരണമല്ലല്ലോ കാര്യം. അതവരുടെ അന്നമല്ലേ. തൊഴില്‍ ഇതാവുമ്പോള്‍, സൌകര്യങ്ങള്‍ക്ക് എങ്ങിനെ വാശി പിടിക്കും. ഒരു കസേര പോലുമിടാത്ത ഇടത്ത് അല്ലെങ്കില്‍ അവര്‍ എങ്ങിനെ ഇരിക്കാനാണ്.
നൂറോളം പെണ്‍കുട്ടികളുണ്ട് ആ കടയില്‍. അതു പോലെ മറ്റനേകം കടകള്‍ ഇതേ നഗരത്തിലുണ്ട്. മറ്റ് നഗരങ്ങളിലും. എല്ലായിടത്തും ഇതു തന്നെയാവും അവസ്ഥ. നിന്ന നില്‍പ്പില്‍ അവരുടെ ജീവിതം. എന്നാല്‍, എല്ലാം മറന്ന് ചിരിച്ചും എല്ലാവരോടും പ്രസന്നതയോടെ പെരുമാറിയും, അങ്ങിനെ.
മൂന്ന്
'ഇത്തരം സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്തു ചെയ്യാനാവും' -വലിയ കടകളില്‍ ജോലി ചെയ്യുന്ന അസംഘടിത സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് അന്വേഷിച്ചു. നിരന്തര ചൂഷണത്തിനു വിധേയരാവുന്ന അസംഘടിത സ്ത്രീ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീ പക്ഷ സംഘടനയിലെ മുഖ്യ പ്രവര്‍ത്തകയാണവള്‍. എന്റെ ചോദ്യത്തിന്റെ പെട്ടെന്നുള്ള പ്രകോപനമെന്തെന്ന് അറിയാനായിരുന്നു ആദ്യം അവള്‍ക്ക് താല്‍പ്പര്യം. ഇരിപ്പിടമില്ലാത്ത പെണ്‍കുട്ടികളുടെ കാര്യം ഞാനവളോടു പറഞ്ഞു.
'സംഭവം ശരിയാണ്'-അവള്‍ തല കുലുക്കി.
പുതിയ തരം കടകളില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഇങ്ങിനെ ജോലി ചെയ്യുന്നു. ഷോപ്പിങ് സംസ്കാരവും നടത്തിപ്പുമൊക്കെ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. എന്നാല്‍, മിനിമം സൌകര്യങ്ങള്‍ പോലും ഈ കടകളിലില്ല. വെള്ളം കുടിക്കാന്‍ പോലും നേരമില്ലാത്തത്ര തിരക്കാണ് പല കടകളിലും. ചെറിയ ശമ്പളമാണ് മിക്കയിടങ്ങളിലും. മറ്റ് ആനുകൂല്യങ്ങളില്ല. ലീവ് പോലും പ്രശ്നം. അടിസ്ഥാന അവകാശങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ല. ടോയ്ലറ്റ് സൌകര്യങ്ങള്‍ നന്നേ പരിമിതം. വീട്ടിലെത്തിയാല്‍ മാത്രം മൂത്രമൊഴിക്കുന്നവരാണ് പല കടകളിലെയും പെണ്‍കുട്ടികള്‍. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഈ രംഗത്ത് അടിയന്തിര ഇപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല-അവള്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനു പുറമേ പല തരം പ്രശ്നങ്ങള്‍ ഈ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്നുവെന്ന് അവള്‍ പറഞ്ഞു. കുറച്ചു പേര്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഉടമകളുടെ ഭാഗത്തു നിന്നുള്ള ലൈംഗിക പീഡന ശ്രമങ്ങള്‍ സാധാരണമാണ്. പുരുഷ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഭീഷണികള്‍. കസ്റ്റമറായി വരുന്നവരുടെ താന്തോന്നിത്തങ്ങള്‍. വൈകി മാത്രം വീട്ടിലണയുന്നവര്‍ ബസുകളിലും ട്രെയിനുകളിലും മറ്റും അനുഭവിക്കുന്ന പ്രശ്നങ്ങള്‍. അങ്ങിനെ, സ്ത്രീ എന്ന നിലയില്‍ അനുഭവിക്കുന്ന വിഷയങ്ങളുമേറെ.
'സംഘടിത തൊഴിലാളികള്‍ അല്ലാത്തതിനാല്‍ അവകാശ സമരങ്ങളൊന്നും ഈ മേഖലയില്‍ നടക്കാറില്ല. അവകാശങ്ങളെ കുറിച്ച് ഇവര്‍ ഒട്ടും ബോധവതികളുമല്ല. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമങ്ങളുമെല്ലാം ഈ പെണ്‍കുട്ടികളുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ്. ശക്തമായ തൊഴിലാളി സംഘടനകള്‍ ഇവര്‍ക്കിടയില്‍ ഉയര്‍ന്നു വരിക മാത്രമാണ് പ്രധാന പോംവഴി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വിരളമാണ്. എങ്കിലും ചെറിയ ശ്രമങ്ങള്‍ തുടരുക തന്നെ വേണം-അവള്‍ പറഞ്ഞു.
നാല്
രാത്രി.
ഇപ്പോള്‍ മുന്നിലൊരു ചെറിയ വാന്‍. അതിനുള്ളില്‍ കുറേ പെണ്‍കുട്ടികള്‍. നേരത്തെ കണ്ട കടയിലെ ജീവനക്കാരികളാണ് അവര്‍. രാപ്പകല്‍ അധ്വാനത്തിന്റെ ഫലമെന്നോണം ആകെ തളര്‍ന്ന നിലയില്‍ അവര്‍. ടെക്സ്റ്റെയില്‍ ഷോറൂം ഉടമ ഏര്‍പ്പെടുത്തിയ വാടക വീട്ടിലേക്ക് പോവുകയാണ് അവര്‍. ചിലര്‍ സീറ്റില്‍ ഇരുന്നിട്ടുണ്ട്. മറ്റു ചിലര്‍ നില്‍ക്കുന്നു. അതെ, വീണ്ടും നില്‍പ്പ് തന്നെ. ശമനമില്ലാത്ത നില്‍പ്പ്.
ഇത്തിരി ഓടിയാല്‍ അവര്‍ വീടണയും. പിന്നെ, തളര്‍ന്നുറക്കം. രാവിലെ വീണ്ടും ബസില്‍ കടയിലേക്ക്. പിന്നെ രാപ്പകല്‍ ജോലി. തിരക്ക്. നിറ ചിരിയോടെ വീണ്ടും നില്‍പ്പോടു നില്‍പ്പ്. ഇരിക്കാനൊരു കസേര കിട്ടുന്ന സ്വപ്നം കാണാന്‍ പോലും നേരമില്ലാതെ അവരുടെ ദിനങ്ങള്‍.
ഇരിക്കാനൊരു കസേര കിട്ടുന്ന സ്വപ്നം കാണാന്‍ പോലും നേരമില്ലാതെ അവരുടെ ദിനങ്ങള്‍.
ReplyDeleteനിന്ന് കാലുകഴക്കുന്നവരെക്കാള്‍ പ്രയാസം ചിലസമയങ്ങളില്‍ ഇരുന്നു ജോലിചെയ്യുന്നവര്‍ക്കും ഉണ്ട്. ആ സമയം കുറച്ചുനേരം ഒന്ന് എഴുനേറ്റു നില്‍ക്കാന്‍ ആഗ്രഹിച്ചുംപോകും, അല്ലെ...?
ReplyDeleteഹോ! എന്തെല്ലാം പ്രശ്നങ്ങളാണ് തരളഹൃദയങ്ങളെ വ്രണിതമാക്കുന്നത്!
ReplyDeleteകാലത്ത് ജോലിക്കുകയറിയാല്‍ എട്ടുമണിക്കൂര്‍ നേരത്തേയ്ക്ക് പുറത്തുവരാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഞാന്‍ നിന്നു ജോലിചെയ്തിട്ടുണ്ട്. നൂറ്റിനാല്പത്തിയഞ്ചു മീറ്റര്‍ ഉയരത്തില്‍നിന്ന് താഴേക്ക് മൂത്രമൊഴിച്ചിട്ടുണ്ട്. എന്റെ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ആ ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് പണിയെടുത്തിരുന്നത്. അന്നും ഇന്നും അതൊക്കെയോര്‍ത്ത് അഭിമാനിച്ചിട്ടേയുള്ളൂ.
ഇക്കാലത്ത് നിന്നു ജോലിചെയ്യേണ്ടിവരിക എന്നത് ഒരു മനുഷ്യാവകാശപ്രശ്നമായി കരുതപ്പെടുന്നുവെന്നറിയിച്ചതില്‍ സന്തോഷം ! പക്ഷേ ഒരു കാര്യം അംഗീകരിക്കുന്നു : കടയില്‍ നില്ക്കുന്നവര്‍ ഒന്നിരുന്നെന്നുകരുതി ഇടപാടുകാര്‍ പിണങ്ങിപ്പോകുകയൊന്നുമില്ല. കടകളില്‍ ടോയ്‌ലെറ്റ് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കേണ്ട കാര്യവുമില്ല.
ഇതുവായിച്ചപ്പോള്‍ "അറബിക്കഥ"യിലെ ശ്രീനിവാസനെയാണ് ഓര്‍മ്മവന്നത് :)
അധികമായാല്‍ എന്തും നമുക്ക് പീഡനമാകും.
ReplyDeleteനിറുത്തം മാത്രമല്ല,ഇരുത്തവും കിടത്തവും നടത്തവും ഒക്കെ.
പറഞ്ഞ വിഷയം നന്നായിരിക്കുന്നു,
എന്നും കാണുന്നതും എന്നാല്‍ ചിന്തിക്കാത്തതുമായ ഒരു കാഴ്ച.
നിന്നോ ഇരുന്നോ നടന്നോ ചെയ്യുന്ന ജോലികളെയല്ല നമ്മള്‍ അസഹിഷ്ണുതയോടെ കാണേണ്ടത്.അവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടില്ലാത്ത അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചാണ്.ആ ജോലിസ്ഥലങ്ങളില്‍ നടമാടുന്ന അരാജകത്വത്തെക്കുറിച്ചാണ്.അര്‍ഹമായ പ്രതിഫലത്തെക്കുറിച്ചാണ്.
ReplyDeleteരാവിലെ മുതല്‍ വൈകുന്നേരം വരെ നടുനിവര്‍ത്താന്‍ കഴിയാതെ പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍ പോലും അവരുടെ ജോലി ഉല്ലാസത്തോടെ ചെയ്യുന്നുണ്ടല്ലോ?
എന്തോ രചയിതാവ് ഉദ്ദേശിച്ച പ്രാധാന്യം കൈവരുന്നില്ല ഈ ലേഖനത്തിലെ വിഷയത്തിന്.
പണ്ടായിരുന്നുവെങ്കില്‍ എനിക്കും ആലോചിക്കാനേ പറ്റില്ലായിരുന്നു ഈ നില്‍പ്പ്, പക്ഷെ കുറെ നാള്‍ എട്ടു മണിക്കൂര്‍ നിന്നുള്ള ജോലി
ReplyDeleteചെയ്ത (ശനി, ഞായര്‍ ദിവസങ്ങളിലെ ഷിഫ്റ്റ് ആണെങ്കില്‍ പന്ത്രണ്ടു മണിക്കൂര്‍ ) ഒരാളാണ് ഞാന്‍, ആക്സിടന്റില്‍ ഒരു കാലില്‍ കമ്പി ഇടേണ്ടി വന്നിട്ടുള്ള എനിക്ക്, ആ നില്‍പ്പ് ശീലമായെങ്കില്‍ മറ്റുള്ളവര്‍ക്കും അത് സാധിക്കും എന്നാണ് എന്‍റെ വിശ്വാസം... (നമ്മുടെ നിലനില്‍പ്പിനു വേണ്ടി എന്തും നാം ശീലമാക്കും എന്ന് ഇവിടെ വന്നപ്പോളാണ് ഞാനും മനസിലാക്കിയത് )
പക്ഷെ പോസ്റ്റില്‍ പറയും പോലെ, ടോയ്‌ലെറ്റ് പോലുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലെങ്കില്‍, കഷ്ടം തന്നെയാണ്...
എന്നാലും ആരും ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം പ്രശ്നങ്ങള്‍ കാണാനും മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കാണിച്ച
ഈ നല്ല മനസിന് അഭിനന്ദനങ്ങള്‍.....
This comment has been removed by the author.
ReplyDeleteഎല്ലാവരും കാണുന്ന എന്നാല്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുള്ള പോസ്റ്റ് നന്നായി.
ReplyDeletegood one
ReplyDelete8 മണിക്കൂര്‍ പോയിട്ട് 10 മിനിറ്റ് നില്‍ക്കുംബോഴ്ക്കും ചിലപ്പോള്‍ തളര്‍ന്നു പോകും. ഇത്തരം അടിസ്ഥാന സൌകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാക്കി മാറ്റണം
ReplyDeleteexcellent.. oro jolikkum athintethaaya budhimuttukal undu... ennalum supermarketil ingane ninnu paniyedukunnavare kaanumbol oru veshamam thonnarundu...
ReplyDeleteപലരും അവഗണിക്കുന്ന കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു
ReplyDeleteഎല്ലാ വായനകള്‍ക്കും നന്ദി.
ReplyDeleteഷമീര്‍ അതെ. ഒന്നു നിന്നാല്‍ തീരും അന്നേരത്തെ ദുരിതം.
പ്രവാസിനി അതെ. അധികമായാല്‍. അത് തന്നെയാണ് ശരി.
മുഹമ്മദ്^നിന്നു ചെയ്യുന്ന ജോലികളെയല്ല, കൈയും കണക്കുമില്ലാതെ
അത് നീളുമ്പോള്‍ ജോലി ഒരു പീഡനമാവുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്.
നില്‍ക്കലിനേക്കാള്‍ ഭീകരമായ അവരുടെ പ്രശനങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്
എന്ന ബോധ്യം തന്നെയാണത് പറയിച്ചത്.
ലിപി^അതെ. ശീലമാവും. അതു കൊണ്ട് മാത്രമാണ് കാര്യങ്ങള്‍
ഇങ്ങിനെ നിലനില്‍ക്കുന്നത്.
ചെറുവാടി^മാണികത്താര്‍, നന്ദി, നല്ല വാക്കുകള്‍ക്ക്.
ഫയര്‍ ഫ്ലൈ^തീര്‍ച്ചയായും നിയമവഴികളാണ് പരിഗണിക്കപ്പെടേണ്ടത്.
സരിന്‍^ശരിയാണ്. സങ്കടമുണ്ടാക്കുന്ന കാഴ് ച തന്നെയിത്.
This comment has been removed by the author.
ReplyDeleteനരക യാതന തന്നെയാണ് നിന്നുള്ള ജോലിചെയ്യൽ. അൽപ്പനേരം ക്യൂ നിന്നാൽ തന്നെ നമുക്ക് മതിയാകും. പിന്നെയാണോ നിൽപ്പൻ ക്യാഷ് കൌണ്ടറുകാരും സുന്ദരികളും. തുണിക്കടകളിലെ സെയിത്സ് ഗ്ഗേൾസിനെപ്പോലെ ജീവിതത്തിൽ കഷ്ടപ്പെടുന്നവർ കേരളത്തിൽ വേറെയുണ്ടെന്നു തോന്നില്ല. നന്നായി ലേഖനം.
ReplyDeleteലേഖനം എല്ലാം കൊണ്ടും നന്നായിട്ടുണ്ട്.തെരഞ്ഞെടുത്ത വിഷയവും കൊള്ളാം.
ReplyDeleteനില്‍ക്കുന്നവരെ കുറിച്ചുള്ള ലേഖനം ശ്രധിക്കപ്പെടെണ്ട്ത് തന്നെയാണ് ..
ReplyDeleteആശംസകള്‍ മാഷേ
പറഞ്ഞതത്രയും ശരിയാണു. പലപ്പോഴും തോന്നിയിട്ടുണ്ട് ഇവര്‍ക്കിതെങ്ങനെ കഴിയുന്നു എന്നു. അടിസ്ഥാന സൌകര്യങ്ങള്‍ പോലും പല കടകളിലും കാണില്ല.വേതനം തുഛം.ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ സഹിക്കുകയാണു.എന്താ ചെയ്യുക..
ReplyDeleteഅതിപ്രശസ്തമായ ഒരു ടെക്സ്റ്റൈല്‌സ് ഷോപ്പിലെ വില്‍പ്പനകാരായ സ്ത്രീകളെ വൈകിട്ട് ജോലികഴിഞ്ഞ് യൂണിഫോമില്‍ നഗരപ്രദക്ഷിണം ചെയ്യിച്ച കഥ കേട്ടിട്ടുണ്ട്. ഉദ്‌ഘാടനത്തെത്തുടര്‍ന്നുള്ള കുറെ ദിവസങ്ങളില്‍ പരസ്യത്തിനുവേണ്ടിയായിരുന്നു ഈ നടപടി.
ReplyDeleteസുഹൃത്തേ തന്‍റെ ബ്ലോഗ് ഇതുവരെ ശ്രധിക്കാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. നാലക്ഷരം വായിക്കാനും രണ്ടക്ഷരം എഴുതാനും കഴിഞ്ഞാല്‍ പിന്നെ അഹങ്കാരമാണല്ലോ നമുക്ക്!! വിവരക്കെടുകള്‍ക്ക് പിറകെ പായുന്നതിനിടയില്‍ ഇതൊക്കെ ആര് നോക്കാന്‍..
ReplyDeleteഇത് ഒരില അനക്കമായിരുന്നെങ്കിൽ !
ReplyDeleteനില്‍പ്പ് ഒരു വല്ലാത്ത പീഡനം തന്നെ. പരിചയമുള്ള ഒരു കൂട്ടുകാരി സ്വകാര്യ സ്കൂളിലെ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞ കാരണം അവിടെ ഇരിക്കാന്‍ പാടില്ല എന്നായിരുന്നത്രെ.
ReplyDeleteശ്രദ്ധേയമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍