Tuesday, April 19, 2011

ജീവിതത്തിന്റെ ചതുരംഗ കളത്തില്‍ മരണത്തിന്റെ ചെക്ക്

ജീവിതത്തിന്റെയും മരണത്തിന്റെയും 
ചതുരംഗ കളത്തില്‍ വിജയന്‍ മാഷ് എന്ന കരുവിന്റെ കഥ.


 

ചെസ് ബോര്‍ഡില്‍ കൊറ്റികളെ പോലെ ബോറടിച്ചിരിക്കുന്ന കറുപ്പും വെളുപ്പും കരുക്കളെ കാണുമ്പോള്‍ വിജയന്‍ മാഷെ  ഓര്‍മ്മ വരും.  ചിന്തകളുടെ എല്ലാ പാതകളും ചെസ് ബോര്‍ഡിലേക്ക് ചുരുക്കി, കണ്ണുകളില്‍ തീപ്പന്തങ്ങള്‍  കത്തിച്ച്  മാഷ് കരുക്കള്‍ നീക്കുന്ന പതിവു ദൃശ്യവും ഓര്‍മ്മ മുറിച്ചു കടന്നു മുന്നിലെത്തും.

പ്രതിയോഗികള്‍ സഹാധ്യാപകരായിരിക്കും. പല നീക്കങ്ങള്‍ അവര്‍ മുന്നില്‍ കാണുമ്പോള്‍ വിജയത്തിന്റെ ആയിരക്കണക്കിന് സാധ്യതകളിലേക്ക് മാഷ് മനസ്സെറിയും.

കണ്ടാലറിയാം ആ ചിന്തയുടെ തീക്ഷ്ണത. നെറ്റിയില്‍ വലിയൊരു ഞരമ്പ് പിടയും. കണ്ണുകള്‍ കൂര്‍ത്ത് ചുവക്കും. ചുണ്ടുകള്‍ പ്രത്യേക രീതിയില്‍ കോട്ടി, കാലുകള്‍ താളത്തില്‍ ഇളക്കി കരുക്കളിലേക്കു തന്നെ കണ്ണു നട്ടിരിക്കും മാഷ്. നടക്കുന്നത് ജീവന്‍മരണ പോരാട്ടമാണെന്ന നിലയിലാവും മാഷ്. സമയം പോക്കാനുള്ള വെറുമൊരു ഉപാധി മാത്രമാവും സഹകളിക്കാരന്. ലോക ചെസ് മല്‍സരത്തില്‍ ഒരാള്‍ അനുഭവിക്കുന്ന സര്‍വ സന്ദേഹങ്ങളോടെയും, സമയമെടുത്ത് മാഷ് കരു നീക്കുമ്പോള്‍ സഹകളിക്കാരന്‍ ഒറ്റ നിമിഷത്തിന് ചെക്കിന്റെ മരണമുനമ്പിലെത്തും. രക്ഷപ്പെടാനുള്ള സര്‍വ പഴുതുകളും അടച്ച് മാഷിന്റെ കുതിരകളും തേരുകളും കാലാളുകളും മുന്നില്‍ നിരക്കുമ്പോള്‍   'ഞാന്‍ തോറ്റു, വിജയാ'^ എന്ന് പറഞ്ഞ് ചെറു ചിരിയോടെ പ്രതിയോഗി എഴുന്നേല്‍ക്കും. അന്നേരം  ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ തന്നിലാണെന്ന മട്ടില്‍ മാഷ് തലയുയര്‍ത്തി എഴുന്നേല്‍ക്കും.

ഇതാണ് മാഷിന്റെ ചെസ് കളിയുടെ രീതി. ജീവിതത്തിലാകെ ചെസ് കളിയില്‍ മാത്രം ജയിക്കുന്നൊരാളെപ്പോലെയാണ് മാഷ് കളിയെ കണ്ടത്. അതീവ ഗൌരവം. ചെസില്‍ മാത്രമായിരുന്നു മാഷിന്റെ യഥാര്‍ഥ താല്‍പര്യം. സ്കൂളില്‍ പുതുതായി വന്ന ദിവസങ്ങള്‍ക്കകം മാഷത് തെളിയിച്ചു. പ്രൈമറി സ്കൂളിലെ ക്ലാസുകളില്‍ മാഷ് ചെസിനെ കുറിച്ച് ഗഹനമായി സംസാരിച്ചു. ഒന്നും മനസ്സിലാവാത്ത ഞങ്ങള്‍ക്കു മുന്നില്‍ കറുപ്പും വെളുപ്പുമുള്ള അനേകം കരുക്കള്‍ കാണിച്ചു തന്നു. ഒഴിവു വേളകളില്‍ കളി പഠിപ്പിക്കാന്‍ ശ്രമിച്ചു. വെറുമൊരു കരു രാജാവും മന്ത്രിയുമാവുന്നത് സമ്മതിക്കാനാവാത്ത ഞങ്ങളുടെ 'ബാലരമ യുക്തി'കളെ മാഷ് പുച്ഛം കലര്‍ന്ന ചിരി കൊണ്ട് പ്രഹരിച്ചു. അത് പുച്ഛമാണെന്ന് തിരിച്ചറിയാതെ ഞങ്ങളും ഒപ്പം ചിരിച്ചു.



പുതിയ മാഷ് 
തികച്ചും സാധാരണ ഗതിയില്‍ ഒഴുകുന്ന ഞങ്ങളുടെ പാവം സ്കൂള്‍ ദിവസങ്ങളിലേക്ക് ഒരു ദിവസം രാവിലെയാണ് തല താഴ്ത്തി ഒരു 'അയ്യോ പാവം' മട്ടില്‍ വിജയന്‍മാഷ് പൊട്ടിവീണത്. പുതിയ മാഷ്, പുതിയ മാഷ്  എന്ന കലപില പറച്ചിലുകള്‍ക്കിടെ വെള്ളമുണ്ടും മുട്ടോളം തിരുകിവെച്ച മുഴുക്കയ്യന്‍ ഷര്‍ട്ടുമായി അദ്ദേഹം സ്റ്റാഫ് റുമിലേക്ക് കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ ഹാജര്‍ ബുക്കും ചോക്കുമായി മുറിയില്‍നിന്നിറങ്ങി . ആ വരവ് നേരെ ഞങ്ങളുടെ ക്ലാസിലേക്കായിരുന്നു. നാല് ബി.   
അപ്പോള്‍, ഇത് ഞങ്ങളുടെ പുതിയ ക്ലാസ് മാഷ്. അമ്പരപ്പും കൌതുകവും കലര്‍ന്ന കണ്ണുകളോടെ ക്ലാസ് അദ്ദേഹത്തെ ഉഴിഞ്ഞു. മുഖത്തു നോക്കാന്‍ ധൈര്യമില്ലാത്ത ഒരാളെപ്പോലെ അദ്ദേഹം ഞങ്ങളുടെ മുന്നില്‍ ഇത്തിരി പതറി നിന്നു. പരിചയപ്പെടല്‍ കഴിഞ്ഞ്, ഹാജര്‍ വിളി കഴിഞ്ഞ് ക്ലാസ് തുടങ്ങി. മലയാളം പാഠ പുസ്തകമായിരുന്നു കൈയില്‍. എന്നാല്‍, കണക്കിലെ പേടികളെക്കുറിച്ചോ മറ്റോ ആയിരുന്നു ക്ലാസ്. അമ്പരപ്പിക്കുന്ന ആ അനുഭവം കൊണ്ടാവണം ഇപ്പോഴും നല്ല തെളിച്ചമുള്ള കാഴ്ചയായി അതുള്ളില്‍ നില്‍ക്കുന്നത്.

 ക്ലാസ് അത്ര നല്ലതായിരുന്നില്ല എന്നാണ് ഓര്‍മ്മ. ഒന്നാമത് ഒട്ടും ഫോക്കസ്ഡ് ആയിരുന്നില്ല മാഷ്. പല പല കരകളിലേക്ക്  വേച്ചു വേച്ചു ചെല്ലുന്ന മദ്യപനെപ്പോലെ അല്‍പ്പം മുടന്തിയായിരുന്നു ആ വാക്കൊഴുക്ക്.  പഠിപ്പിക്കേണ കാര്യങ്ങളെക്കാള്‍ മറ്റ് പലതുമാണ് മാഷ് പറഞ്ഞത്. ചിലപ്പോള്‍,സിന്‍ഡ്രല്ലയുടെതു പോലുള്ള കഥകള്‍ . ചിലപ്പോള്‍ കണക്കിലെ കളി. ചിലപ്പോള്‍ മാഷ് കണ്ട ഇംഗ്ലീഷ് സിനിമകളുടെ കഥകള്‍. എന്നാല്‍, ഇതു മാത്രമായിരുന്നില്ല. പാഠപുസ്തകത്തിലുള്ള കാര്യങ്ങളും പഠിപ്പിച്ചിരുന്നു. പറഞ്ഞു തുടങ്ങിയാല്‍ പലപ്പോഴും മറ്റൊന്നിലേക്ക് നീങ്ങാറായിരുന്നു പതിവ്.  അവയില്‍ പലതും കുറച്ച് കൂടി വലിയ  കാര്യങ്ങള്‍ ആയതിനാല്‍ പലതും ഞങ്ങള്‍ക്ക് മനസ്സിലാവില്ല.  എങ്കിലും ഇടക്കിടെ കെട്ടു പൊട്ടിച്ചു വരുന്ന കഥകളുടെ കുത്തൊഴുക്കും ആ പാവത്താന്‍ നില്‍പ്പുമൊക്കെ ഞങ്ങള്‍ക്കിടയില്‍  സ്നേഹസൌഹാര്‍ദ്ദത്തിന്റെ പാലം പണിതു. മറ്റ് മാഷമ്മാരെ പോലെ എന്തിനും വഴക്കു പറയുന്ന പ്രകൃതമല്ലാത്തതും  ഞങ്ങളെ ആകര്‍ഷിച്ചിരിക്കണം.


ഒരു പരീക്ഷാ കാലം
പുസ്തകങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടന്നൊരു കുട്ടിയായിരുന്നു ഞാന്‍. നന്നായി എഴുതുമായിരുന്ന, സാഹിത്യ വിദ്യാര്‍ഥിയായ ചേട്ടന് നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്കു മാത്രം പിടിക്കുന്ന പുസ്തകങ്ങളായിരുന്നു അവയില്‍ പലതുമെങ്കിലും കിട്ടുന്നതെന്തും അപ്പടി വായിക്കാന്‍ ആര്‍ത്തി കാട്ടുന്ന എനിക്കത് അമൃതായിരുന്നു. അങ്ങിനെ, വിരസമായ, കുട്ടികള്‍ സാധാരണ വായിക്കാന്‍ താല്‍പര്യപ്പെടാത്ത പുസ്തകങ്ങളും വായിക്കേണ്ടി വന്നു.  മനസ്സിലാവാത്ത പലതുമുണ്ടായിരുന്നു അവയില്‍. ചിലത് ഇത്തിരി മനസ്സിലാവും. എങ്കിലും ഇങ്ങിനെയും കാര്യങ്ങളുണ്ടെന്ന് ഒട്ടും പിടികിട്ടാത്ത ആ വായനകള്‍ ബോധ്യപ്പെടുത്തി.

അങ്ങിനെയാരു കാലത്തിന്റെ തുടക്കത്തിലായിരുന്നു മാഷിന്റെ വരവ്. പരിഷത്തും കഥകളും പാട്ടുകളുമായി ഞങ്ങളെയാകെ മാറ്റിമറിച്ച മറ്റൊരധ്യാപകനുണ്ടായിരുന്നു. ഇഖ്ബാല്‍ മാഷ്. ക്ലാസിനു പുറത്തെ മരത്തണലിലിരുന്ന് ഞങ്ങളെ പഠിപ്പിക്കുന്ന, പാട്ട് പാടിക്കുന്ന, അപ്പോള്‍ തോന്നുന്നത് വെച്ച് നാടകം പഠിപ്പിക്കുന്ന ആ മാഷിനൊപ്പം വിജയന്‍ മാഷ് കൂടി വന്നതോടെ ഞങ്ങള്‍ കുട്ടികളുടെ ലോകം പാടേ മാറി.

ഞാന്‍ പുസ്തകം വായിക്കുന്നതില്‍ താല്‍പര്യമുള്ള ആളാണെന്ന് വിജയന്‍ മാഷ്ക്ക് എങ്ങിനെയോ മനസ്സിലായിരുന്നു. കാര്യമായി ആരും ഉപയോഗിക്കാത്ത സ്കൂള്‍ ലൈബ്രറിയില്‍നിന്ന് എനിക്ക് പുസ്തകങ്ങള്‍ എടുത്തു തരാന്‍ മാഷ് ഉല്‍സാഹം കാട്ടി. കൊതി പിടിച്ചു വായിക്കുന്ന പ്രകൃതം കാരണം വായന മുന്നേറി. 

അതിനിടെയാണ് നവോദയ പരീക്ഷ വരുന്നത്. നാട്ടിന്‍ പുറത്തെ  ഞങ്ങളുടെ പാവം സ്കൂളില്‍ അതിനൊന്നും വലിയ ഇളക്കങങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മാഷ് എന്നോട് അപേക്ഷ നല്‍കാന്‍ പറഞ്ഞു. എട്ടും പൊട്ടും തിരിയാതെ ഞാനപേക്ഷിച്ചു. മറ്റ് രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ സ്കൂളില്‍ ചെന്നാല്‍ പരീക്ഷക്കു വേണ്ടതു പഠിപ്പിക്കാമെന്ന് മാഷ് പറഞ്ഞു. മറ്റ് പണിയൊന്നുമില്ലാത്ത ഞായറാഴ്ച നവോദയ പരീക്ഷയുടെ വി.ഗൈഡുമായി ഞങ്ങള്‍ കുത്തിയിരുന്നു. പരീക്ഷക്കുള്ളത് പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മാഷ് പലപ്പോഴും വഴി തെറ്റി. ചില വാക്കുകള്‍ മാഷെ മറ്റ് വിഷയങ്ങളിലേക്ക് കൊണ്ടെത്തിച്ചു. ഞങ്ങളെ ലോക സാഹിത്യത്തിലെയും സിനിമയിലെയും അസാധാരണമായ ചില ലോകങ്ങളിലേക്ക് കൊണ്ടുപോവുന്ന വിധം അതൊരു നീണ്ട കഥ പറച്ചിലായി വളര്‍ന്നു. സംഗതി കഥയായതിനാല്‍ ഞങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. അങ്ങിനെ വിചിത്രമായ കഥകളുടെ ഞായറാഴ്ച വെയിലില്‍ ഞങ്ങളുടെ പരീക്ഷാ പരിശീലനങ്ങള്‍ മുങ്ങിപ്പോയി.

ആഫ്രിക്കയിലെ  ഗോത്ര മേഖലക്കു മുകളിലൂടെ പറന്നു പോയ ഹെലികോപ്റ്റില്‍നിന്ന് താഴെ വീണ ഒരു വെള്ളക്കുപ്പി, ഇക്കാലമത്രയും അങ്ങിനെയൊന്നു കാണാത്ത കാട്ടുജീവിതങ്ങളെ മുഴുവന്‍  അമ്പരപ്പിലേക്ക് വലിച്ചെറിഞ്ഞ ഒരു സിനിമാ കഥ അന്ന് മാഷ് പറഞ്ഞത് ഓര്‍മ്മയുണ്ട്. മുതിര്‍ന്നപ്പോള്‍, ഏതോ ഫിലിം ഫെസ്റ്റിവലില്‍ ആ സിനിമ കണ്ടു. വികസനത്തെക്കുറിച്ചും തനതുജീവിതങ്ങളെക്കുറിച്ചും പറയുന്ന  പ്രശസ്തമായ ഒരു ഡോക്യുമെന്ററിയായിരുന്നു അത്.  മാഷിന്റെ പറച്ചിലിലൂടെ ഉള്ളില്‍ അവശേഷിച്ച കഥയുടെ തുള്ളികള്‍ അന്നു മുഴുവന്‍ ഭാവനയുടെ തൂവലുകള്‍ വിടര്‍ത്തി പറന്നു.


മരണത്തിന്റെ കരുക്കള്‍
വിജയന്‍ മാഷ് ആത്മഹത്യ ചെയ്ത് കുറേ കാലം കഴിഞ്ഞ് ഞങ്ങളുടെ പഴയൊരു അധ്യാപകനെ ഒരു ബസ് യാത്രയില്‍ ഒപ്പം കിട്ടിയപ്പോഴാണ് മാഷിന്റെ അസാധാരണമായ അപര ലോകങ്ങള്‍  മനസ്സിലായത്.  മാഷിന്റെ മരണത്തെക്കുറിച്ചുള്ള എന്റെ സാധാരണ ചോദ്യമാണ് അതിലേക്ക് വഴി നയിച്ചത്.

'നമ്മുടെ സ്കൂളിലൊന്നും വരേണ്ട ആളായിരുന്നില്ല വിജയന്‍ മാഷ്. പിന്നെ അസാധാരണമായ ആ ജീവിതത്തെക്കുറിച്ചു പറഞ്ഞു.

അതിങ്ങനെ:
ഞങ്ങളുടെ നാട്ടിന്‍പുറത്തിനടുത്ത സ്ഥലത്താണ് മാഷിന്റെ വീട്. പഴയ തറവാട്. മിടുക്കനായിരുന്നു മാഷ്. കണക്കായിരുന്നു ഇഷ്ട വിഷയം. ഒപ്പം സാഹിത്യവും. കോളജില്‍ എത്തിയപ്പോ ആണ് ആ അസുഖം വന്നത്. വിഷാദ രോഗം. സ്വതവേ ഒതുങ്ങിയ പ്രകൃതമായിരുന്നു. എങ്ങിനെയോ മനസ്സ് കലങ്ങി.

നാട്ടിലെ ഏതൊക്കെയോ ഡോക്ടര്‍മാരെ കാണിച്ചു. പല തരം ചികില്‍സകള്‍. പല  മരുന്നുകള്‍  ഉഴുതു മറിച്ചിട്ട  മാഷിന്റെ മനസ്സ് വൈകാതെ  ശരിയായി. എന്നാല്‍, സമ്പൂര്‍ണമായ ആത്മവിശ്വാസ തകര്‍ച്ചയായിരുന്നു ഫലം.  പിന്നെ, ചികില്‍സ. വെറുതെ വീട്ടിലിരിപ്പ്.  മാഷ് തന്നെയാണ് സ്വന്തം വഴി തെരഞ്ഞെടുത്തത്. ചെറിയ കുട്ടികളെ പഠിപ്പിക്കല്‍. ആദ്യം വീടിനടുത്ത കുറച്ചു കുട്ടികള്‍ക്ക് ട്യൂഷനെടുത്തു.

അങ്ങിനെ കുറച്ചു കാലം. അതിനിടെ, മാഷിന്റെ ചില അടുത്ത ബന്ധുക്കള്‍ ഞങ്ങളുടെ സ്കൂളിലെത്തി. അവര്‍ സീറ്റുറപ്പിച്ചു. മാഷ് ഞങ്ങള്‍ക്കിടയിലെത്തി. സ്കൂളും അന്തരീക്ഷവും മാഷെ വേഗം മാറ്റിത്തീര്‍ത്തു. സഹാധ്യാപകരെ ചെസ് കളിച്ചു തോല്‍പ്പിച്ചും പുതിയ അറിവുകള്‍ കൊണ്ടും  മാഷ് വിസ്മയിപ്പിച്ചു. ജീവിതത്തിന്റെ ചതുരംഗ കളത്തില്‍ മാഷ് മിടുക്കു കാട്ടുമെന്ന് തോന്നി. എന്നിട്ടും നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് നടന്നു. ജീവിതത്തില്‍നിന്നുള്ള മാഷിന്റെ ഇറങ്ങിപ്പോക്ക്.

സ്റ്റാഫ് റൂമിലായിരുന്നു മരണം. ഫാനില്‍ കൊളുത്തിയ ഇത്തിരി കയര്‍.  കുട്ടികളും അധ്യാപകരും എത്തുന്നതിന് മുമ്പ് പതിവിലുമേറെ നേരത്തെയാണ മാഷ് അന്ന് സ്കൂളില്‍ വന്നത്.

പുതിയ സ്കൂളില്‍ ഏഴാം ക്ലാസിലായിരുന്നു ഞാന്‍. സ്കൂളിലേക്കു പോവുന്നതിനു തൊട്ടുമുമ്പാണ് മരണ വിവരമറിഞ്ഞത്. വീടിനടുത്തുള്ള പഴയ സ്കൂളിനു മുന്നില്‍  കുറേ പേരുണ്ടായിരുന്നു. പാതി തുറന്ന ജനലിനുള്ളിലൂടെ നോക്കിയപ്പോള്‍  കണ്ടു.

ജീവിതത്തിന്റെ  ചതുരംഗത്തില്‍ മാഷക്ക് നേരെ നീണ്ട ഒരു ചെക്ക്.

26 comments:

  1. മരണത്തിന്റെ ചതുരംഗത്തില്‍ മാഷക്ക് നേരെ നീണ്ട ഒരു ചെക്ക്.

    ReplyDelete
  2. IQ നോര്‍മല്‍ ലെവലിലും കൂടിയാലും പ്രശ്നമാണ്. മറ്റുള്ളവര്‍ക്ക് നിസ്സാരമായി തോന്നുന്ന പ്രശ്നങ്ങള്‍ ആയിരിക്കും ചിലപ്പോള്‍ അവരെ മാനസികമായി തളര്‍ത്തുന്നതും, ആത്മഹത്യയിലേക്ക് വരെ നയിക്കുന്നതും.

    ReplyDelete
  3. വിജയന്‍ മാഷിന്‍റെ കഥ വല്ലാത്തോരനുഭവമായി.
    വികാരം ചോര്‍ന്നു പോകാത്ത എഴുത്ത് ശൈലി.
    ആശംസകള്‍.......

    ReplyDelete
  4. വല്ലത്തൊരു അനുഭവം .
    നന്നായി എഴുതുന്നു.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. വിജയന്‍ മാഷ്‌ മനസ്സിലൊരു വിഷാദ ഗാനമായി തങ്ങി നില്‍ക്കുന്നു.

    ReplyDelete
  7. വല്ലാത്ത ഒരു നൊമ്പരം ..........

    മാഷിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ..

    ReplyDelete
  8. എന്ത് പറയാൻ ?

    ReplyDelete
  9. എന്താ പറയാ..നന്നായ് എഴുതി.

    ReplyDelete
  10. നന്ദി, എല്ലാ വായനകള്‍ക്കും.
    ഫയര്‍ഫ്ലൈ-അതെ. അസാമാന്യ ബുദ്ധി തന്നെയാവും
    മനസ്സിന്റെ താളം തെറ്റിച്ചത്.
    പ്രവാസിനി, മുല്ലപ്പൂ,മേ ഫ്ലവര്‍-നല്ല വാക്കുകള്‍ക്ക് നന്ദി.
    ജബ്ബാര്‍ക്ക, സാദിഖ്,മുല്ല-അതെ, എന്ത് പറയാന്‍. ഇത് ജീവിതം.

    ReplyDelete
  11. വായനയുടെ തുടക്കത്തില്‍ എം എന്‍ വിജയന്‍ മാഷെ ക്കുറിച്ചുള്ള ലേഖനം ആണെന്ന് തെറ്റി ധരിച്ചു...ഞാന്‍ തോറ്റു പോയി വിജയാ എന്നൊക്കെ കൂടി കേട്ടപ്പോള്‍ ..പിന്നെയാണ് മറ്റൊരു വിജയന്‍ മാഷായിരുന്നു ഇവിടെ അനുസ്മരിക്കപ്പെടുന്നതെന്ന് മനസിലായത് ..
    ഒരുപാട് ചിന്തകള്‍/അറിവുകളും വഹിക്കുന്ന മസ്തിഷ്കത്തോടെ ജീവിക്കുന്നവര്‍ അരക്കിറുക്കന്മാരായി Eccentric തീരുമെന്ന് കേട്ടിട്ടുണ്ട് ..അവര്‍ക്കിടയില്‍ ഈ വിജയന്മാഷും ..നന്നായി എഴുതി ...

    ReplyDelete
  12. പാവം മാഷ്‌....

    ReplyDelete
  13. വല്ലാത്തൊരു അനുഭവക്കുറിപ്പ്. രചനയുടെ ഭംഗികൊണ്ട് വിജയൻ മാഷുടെ ചിത്രം മിഴിവുറ്റതായി. ഫിസിക്സും ഉപനിഷത്തും ചേർന്ന് സ്ക്കീസോഫ്രേനിയയിലെക്ക് നയിക്കപ്പെട്ട ഒരു കൂട്ടുകാരനുണ്ട് എനിക്ക്.

    ReplyDelete
  14. അസ്വസ്ഥതകളുടെ ഉരുകി തിളയ്ക്കലുകള്‍ക്കും
    എഴുത്തിനുമിടയിലെ ഉന്മാദാവസ്ഥ എഴുത്തു
    കാരനറിയാമല്ലോ. അറിവുകളുടെയും ആശയങ്ങളുടെ
    യും ചിന്തകളുടെയും സംഘര്‍ഷത്തിലുണ്ടായ അല്പ
    മാത്രയിലെ ദുര്‍ബ്ബലതയാണു വിജയന്‍ മാഷിനെ
    അങ്ങിനെ ചെയ്യാന്‍പ്രേരിപ്പിച്ചതു്. ഹൃദയ സ്പര്‍ശിയായ
    എഴുത്തു്.

    ReplyDelete
  15. രാജലക്ഷ്മി എന്ന എഴുതുകാരിയെക്കുരിച് എം ടീ വാസുദേവന്‍ നായര്‍
    എഴുതിയ ഒരു പുസ്തക അവതാരികയില്‍ പറഞ്ഞത്..
    "എഴുതാതിരിക്കാന്‍ വയ്യാത്തത് കൊണ്ട് ജീവിതം അവസാനിപ്പിച്ച തന്റെടി ആയ
    ഒരു എഴുത്ത്കാരി "
    വിഷാദ വാനായ ഒരാള്‍ക്ക് തന്റെ വികാരങ്ങളെ
    പ്രകടിപ്പിക്കാന്‍ പറ്റിയ ശരീര ഭാഷ അന്യമാകുമ്പോള്‍
    മരണത്തില്‍ അഭയം തേടുന്നു...
    നന്നായിരിക്കുന്നു...

    ReplyDelete
  16. പ്രിയപ്പെട്ട സുഹൃത്തേ,

    സുപ്രഭാതം!

    വിജയന്‍ മാഷ്‌ വല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്നു..ഒരു അസ്വസ്ഥതയായി എന്നെ വേട്ടയാടുന്നു..

    അസാമാന്യമായ ബുദ്ധി ശക്തി......വായനാ പാടവം..കഥയിലൂടെ കാര്യം പറച്ചില്‍..ചെസ്സ്‌ കളി...പുസ്തകം പരിചയപ്പെടുത്തല്‍...

    ഒരിക്കല്‍ ഒന്ന് കാണാമായിരുന്നു എന്ന ശക്തമായ തോന്നല്‍...വിഷാദ രോഗം മാറ്റാന്‍ പറ്റിയില്ലെങ്കിലും മനസ്സില്‍ ഉത്സാഹം ഉണര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാമായിരുന്നു എന്ന വിശ്വാസം..

    വളരെ നന്നായി തന്നെ വാക്കുകളിലൂടെ ഈ പ്രത്യേക വ്യക്തിത്വം വരച്ചു കാണിച്ചു തന്നതിന്,ഒരു പാട് പേര്‍ ഈ വിജയന്‍ മാഷെ അറിയാന്‍ ഇട വരുത്തിയതിനു,സുഹൃത്തേ,ഒരായിരം നന്ദി!

    ഞാന്‍ ഇവിടെ എത്താന്‍ വൈകിപ്പോയി...കഷമിക്കുമല്ലോ..

    മനസ്സില്‍ നിറഞ്ഞ വിങ്ങലോടെ,

    വിട പറഞ്ഞ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

    സസ്നേഹം,

    അനു

    ReplyDelete
  17. മരണത്തിന്റെ ചതുരംഗത്തില്‍ മാഷക്ക് നേരെ നീണ്ട ഒരു ചെക്ക്. ഞാനിതു ജീവിതത്തിന്റെ ചതുരംഗത്തില്‍ എന്നു തിരുത്തിവായിക്കുന്നു. പിണങ്ങില്ലല്ലോ.

    ReplyDelete
  18. നല്ലോരെഴുത്ത് എന്നുമാത്രമണോ പറയേണ്ടത്.
    എനിക്ക് പിടികിട്ടുന്നില്ല. പിടികിട്ടാത്ത നീക്കങ്ങളാണ്‍
    ഏത് ചതുരംഗക്കളിയുടേയും ആകര്‍ഷണം.
    ഭാവുകങ്ങള്‍.

    ReplyDelete
  19. നന്ദി-എല്ലാ സുഹൃത്തുക്കള്‍ക്കും.
    രമേശ്-വിജയന്‍മാഷ് എന്ന പേരിന് അങ്ങിനെയൊരു വലിയ
    എക്സ്റ്റന്‍ഷന്‍ഉണ്ടായിരുന്നു എന്നോര്‍ത്തില്ല. എക്സന്‍ട്രിക് ആവുന്നതിന്റെ
    വഴികള്‍ പലതാണ്. ജീവിതം പോലെ തന്നെ വിചിത്രം.
    ലിപി^അതെ. ശരിക്കും പാവം.
    ശ്രീനാഥ്- അതിനുള്ള സാധ്യതകള്‍ ഏറെയാണ്. അതിഭൌതികമായ പലതിലേക്കും തുളുമ്പാവുന്ന സാധ്യതയുണ്ട് ഫിസിക്സ്-ഉപനിഷത് സംഗമത്തിന്.
    ജെയിംസേട്ടന്‍-ശരിയാണ്. പല തരം സംഘര്‍ഷങ്ങള്‍ നമ്മെ എവിടേക്കും കൊണ്ടെത്തിക്കും. ആത്മഹത്യയും വിഷാദരോഗവും അതിനുള്ള സ്വാഭാവിക സാധ്യതകള്‍ മാത്രം.
    രാജശ്രീ-നല്ല നിരീക്ഷണം. സ്വയം ആവിഷ്കരിക്കാന്‍ വിഷാദവാനായ ഒരാള്‍ക്ക് എളുപ്പം തെരഞ്ഞെടുക്കാവുന്ന ശരീരഭാഷ മരണം തന്നെ.
    അനുപമ-ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വഴികള്‍ ഉണ്ടായിരുന്നോ എന്നറിയില്ല.
    അന്ന് വെറും കുട്ടികളല്ലേ. ഉണ്ടാവുമായിരിക്കും. അല്ലാതെ വയ്യല്ലോ.
    സ്മിത-നല്ല ട്വിസ്റ്റ്,ചങ്ങാതീ. ആ ചെറു മാറ്റമുണ്ടാക്കുന്നുണ്ട്, വലിയ മാറ്റം.
    അതായിരുന്നു കൂടുതല്‍ ഉചിതമെന്ന് ഇപ്പോള്‍ ബോധ്യമായി. നന്ദി.
    ഫൌസിയ-സത്യം. പിടികിട്ടാത്ത അനേകം നീക്കങ്ങള്‍ തന്നെ
    ജീവിതത്തിന്റെ ചതുരംഗക്കളത്തിന്റെ ആകര്‍ഷണം.
    നന്ദി, എല്ലാവര്‍ക്കും. ഒരിക്കല്‍ കൂടി.

    ReplyDelete
  20. ഇവിടെ എഴുതാനായി ഒന്നും മനസ്സിലേക്ക് വരുന്നില്ല.
    ന്താ പറയാ... ശരിക്കും വേദന പടര്‍ത്തി.

    ReplyDelete
  21. വിഷാദരോഗം വരാന്‍ വിശേഷിച്ച് കാരണമൊന്നും വേണ്ട. സാഹചര്യങ്ങളോ വ്യക്തിത്വത്തിലെ സവിശേഷതകളോ ഒന്നുമല്ല ആളുകളെ വിഷാദരോഗിയാക്കുന്നത്. ആര്‍ക്കും വരാവുന്ന ഒന്നാണ് അത്.

    ഈ ലേഖനത്തില്‍ പറഞ്ഞ വിജയന്‍ മാഷ് ഒരു പക്ഷേ ചെസ്സിനോട് ഒബ്സെഷന്‍ ഉണ്ടായിരുന്ന ആളായിരുന്നിരിക്കാം. അത് അഡിക്ഷനോളം എത്തിയാല്‍ അതില്ലാത്ത നേരത്ത് withdrawal ഉണ്ടായേക്കാം. withdrawal ഉന്മാദമായോ വിഷാദമായോ രൂപപ്പെടാം (മദ്യപാനമോ മയക്കുമരുന്നുപയോഗമോ നിറുത്തിയാലെന്ന പോലെ).

    സ്വതേയുള്ള വിഷാദം മറികടക്കാനായി ചെസ്സിനെ അഭയം പ്രാപിച്ചതുമാകാം.

    ഇത്തരക്കാര്‍ ചികിത്സയുടെ അഭാവത്തില്‍ ആത്മഹത്യ ചെയ്യുന്നത് വിരളമല്ല.

    A Beautiful Mind എന്ന സിനിമയെ ഓര്‍മ്മിപ്പിച്ചു ഈ ലേഖനം.

    ReplyDelete
  22. ചില ജീവിതങള്‍ ഇങിനെയാവും മരണം കൊണ്ടേ അടയാളപ്പെടുത്താന്‍ പറ്റൂ..............

    ReplyDelete
  23. മനസ്സിന്റെ താളബോധം മാറാൻ ഒട്ടും സമയമാവശ്യമില്ലല്ലോ.

    ReplyDelete
  24. മനസ്സില്‍ മായാതെ വിജയന്‍ മാഷ്‌....

    ReplyDelete
  25. ഒരിലയും വെറുതെയെല്ലെന്ന് എന്നും കാണുമ്പോൾ പറയണമെന്നു തോന്നും... :-​‍)
    മഴയത്തും മഞ്ഞത്തും വെയിലിലും കാറ്റിലും.ഒരില ഋതുഭേദങ്ങളെക്കുറിച്ച് മാത്രമല്ല, അവതുഴഞ്ഞു പോകേണ്ടതെങ്ങനെയെന്നു കൂടി പറഞ്ഞു തരാറുണ്ട്;ഞങ്ങളിൽ ചിലർക്ക്.

    ReplyDelete
  26. നേരത്തെ വായിച്ചതാണ്... എന്നാലും ഒന്നു കൂടി വായിച്ചു.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...