Thursday, April 21, 2011

ബാത്റൂം സിംഗര്‍



ഞാനൊരു ബാത്റൂം സിംഗര്‍.
കുളിമുറിയുടെ അടഞ്ഞ ചുഴികളില്‍
കറങ്ങിത്തിരിയുന്നു
എന്റെ പാട്ട്.
ആളൊഴിയുമ്പോള്‍ മാത്രം
ജീവന്‍ തിരിച്ചു കിട്ടുന്ന
ഈ വീടു പോലെ തന്നെ
ഞാനും.

ഈ ചുമരിനുള്ളിലേ
എന്റെ അടഞ്ഞ തൊണ്ട ചുരത്തൂ.
അന്നേരമേ
കര പറ്റിയ വാക്കുകള്‍
തിരിച്ചുവന്നൊരു കടലാവൂ.

ഇരുമ്പുടാപ്പിന്റെ നേര്‍ത്ത
വയലിനില്‍ എന്റെ ഗസല്‍.
ചുമരു തുപ്പുന്ന
ജല ഗിഥാറില്‍ എന്റെ ഭജന്‍.
കറങ്ങി മടുത്ത ഫാനിന്റെ തബലയില്‍
എന്റെ ഖവാലി.

നോക്കൂ, ഇതെന്റെ നേരം.
ഈ നട്ടുച്ച.
വീടുമാള്‍ക്കാരും പങ്കുവെച്ച
രാപ്പകലുകള്‍ക്കിടെ
വീണുകിട്ടുമിടവേള.

വെളുത്ത മാര്‍ബിളില്‍
ഇരുണ്ടു കല്ലിച്ച ഈ ഉടലെന്റേത്.
ചുംബനങ്ങളുടെ തീവണ്ടികള്‍
പാഞ്ഞുപോയ
പഴയൊരു സ്റ്റേഷന്‍.
വരാനില്ല വണ്ടികളെന്ന് ആണയിട്ടിട്ടും
ആര്‍ക്കോ വേണ്ടി ചുവപ്പും പച്ചയുമാവുന്നു
എന്റെ സിഗ്നല്‍.

ഇതെന്റ കാന്‍വാസ്.
രാത്രികളുടെ ഇറ്റുചോരവീണു
കലങ്ങിയ മെഴുകു പാലറ്റ്.

മരിച്ചുപോയ
ഭാഷയിലെ വരികളാണ്
ഗതി കിട്ടാതെ ഈ മുറിയിലേക്ക്
ഷവര്‍ തുറന്നു വീഴുന്നത്.
ആര്‍ക്കുമാര്‍ക്കുമാര്‍ക്കും മനസ്സിലാവാത്ത
അപരഭാഷയിലെ വിലാപഗീതങ്ങള്‍.

അവയിലുണ്ട്
എന്റെ പക്ഷികള്‍.
അവയ്ക്ക് പറക്കാനുള്ള വാനം.
അവരെ കൊന്നിടാനുള്ള
തോക്കുകള്‍.

നോക്കൂ,
ഞാനിപ്പോഴൊരു ബാത്റൂം ഗാനം.
ഈ ചുവരുകള്‍ക്കപ്പുറം
കെട്ടുപോവുന്നത്.

31 comments:

  1. എഴുതിക്കഴിഞ്ഞപ്പോള്‍ അതൊരു കവിതയായി..

    ReplyDelete
  2. അരക്ഷിത ജീവിതം ചുമച്ചു തുപ്പുന്ന രക്തം കലര്‍ന്ന കഫക്കട്ടകള്‍ പോലെ ഈ പാട്ട് എന്റെയും മനസിന്റെ ഭിത്തികളില്‍ പറ്റി പിടിച്ചു
    ഒരു വിഷാദ നിര്ത്സരി പോലെ അലിഞ്ഞു ചേരുന്നു ..
    എത്ര നിശബ്ദമായാണ്‌ ആ ഗാനം നീ പാടിത്തീര്‍ത്തത് ..
    കൊടുങ്കാറ്റുകള്‍ കെട്ടഴിഞ്ഞു പോയ അതിന്റെ ഗുഹാമുഖത്തെക്ക്
    മടങ്ങി വരുന്നത് ഞാന്‍ കാണുന്നു ...
    നടുക്കടലിലെ പ്രക്ഷുബ്ടതയില്‍ അകപ്പെട്ടു പോയ
    നൌകകള്‍ തീരമ ണയുന്നതും ഞാന്‍ കാണുന്നു ..
    എനിക്കറിയാം ഏതു കൊടുങ്കാറ്റിനെയും പിടിച്ചു കെട്ടാന്‍
    നിന്റെ യീ നിശബ്ദ ഗാനത്തിനാവുമെന്ന് !!!!

    ReplyDelete
  3. ഏനിക്കൊന്നും മനസ്സിലായില്ല :(

    രമേശിന്റെ അടിക്കുറിപ്പുകൂടി കണ്ടപ്പോള്‍ മനസ്സിലായി, കവിതയൊക്കെ വായിച്ചുമനസ്സിലാക്കാന്‍ ഞാന്‍ രണ്ടാമതു ജനിക്കണമെന്ന്.

    ഇതരദോഷഫലാനി യഥേച്ഛയാ
    വിതര, താനി സഹേ ചതുരാനന!
    അരസികേഷു കവിത്വനിവേദനം
    ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

    അത് താങ്കളുടെ അടുത്ത കുളിക്ക് പാടാവുന്നതാണ്.....

    ReplyDelete
  4. “എഴുതിക്കഴിഞ്ഞപ്പോള്‍ അതൊരു കവിതയായി..“ - ആയോ? :)

    ReplyDelete
  5. ഓരോ സംഗീതവും ഇങ്ങനെ
    തന്നെ .നാം മൂളുന്ന വരികള്‍
    നമ്മെ ഉറക്കെ ചിന്തിപ്പ്ക്കാന്‍ പ്രാപ്തം
    ആക്കുമ്പോള്‍ ചുവരുകള്‍ താനേ അടര്‍ന്നു വീഴും ...
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  6. 'എഴുതിക്കഴിഞ്ഞപ്പോള്‍ അതൊരു കവിതയായി..'
    ഇങ്ങനെ പറഞ്ഞ് ഈ നല്ല കവിതയെ നാണം കെടുത്തല്ലേ.

    ശക്തമായ വരികൾ....

    .................
    മരിച്ചുപോയ
    ഭാഷയിലെ വരികളാണ്
    ഗതി കിട്ടാതെ ഈ മുറിയിലേക്ക്
    ഷവര്‍ തുറന്നു വീഴുന്നത്.
    ആര്‍ക്കുമാര്‍ക്കുമാര്‍ക്കും മനസ്സിലാവാത്ത
    അപരഭാഷയിലെ വിലാപഗീതങ്ങള്‍.

    അവയിലുണ്ട്
    എന്റെ പക്ഷികള്‍.
    അവയ്ക്ക് പറക്കാനുള്ള വാനം.
    അവരെ കൊന്നിടാനുള്ള
    തോക്കുകള്‍.
    !!!!

    ReplyDelete
  7. എത്ര സുന്ദരം ഈ വരികൾ. ഒരു കുളിമുറിപ്പാട്ട് ചുംബനങ്ങളുടെ തീവണ്ടികൾ ഇരമ്പിപ്പോയ ചുണ്ടുകളുടെ പാളത്തിനിടയിലൂടെ പയ്യെ ചൂളമടിച്ചുയരുന്നു, ഏകാന്തമായൊരിടവേളയിൽ... loved it!

    ReplyDelete
  8. നോക്കൂ,
    ഞാനിപ്പോഴൊരു ബാത്റൂം ഗാനം.
    ഈ ചുവരുകള്‍ക്കപ്പുറം
    കെട്ടുപോവുന്നത്.

    nice lines.

    ReplyDelete
  9. ചുവരുകളില്ലാത്ത ലോകത്തിലെ രു ബാവുള്‍ ഗായകനാകാന്‍ എന്നാണു കഴിയുകയല്ലേ?

    ReplyDelete
  10. ആര്‍ക്കുമാര്‍ക്കുമാര്‍ക്കും മനസ്സിലാവാത്ത
    അപരഭാഷയിലെ വിലാപഗീതങ്ങള്‍.
    good..

    ReplyDelete
  11. ആളൊഴിയുമ്പോള്‍ മാത്രം
    ജീവന്‍ തിരിച്ചു കിട്ടുന്ന
    ഈ വീടു പോലെ തന്നെ
    ഞാനും. .....

    ReplyDelete
  12. ഹാ..എത്ര സുന്ദരമായെഴുതിയിരിക്കുന്നൂ..!
    വല്ലാതിഷ്ടപ്പെട്ടു..

    ReplyDelete
  13. നന്നായിട്ടുണ്ട്. അല്ലാണ്ട് കവിതേനെ പറ്റി പറയാനൊന്നും എനിക്കറിയില്ല.

    ReplyDelete
  14. വരാനില്ല വണ്ടികളെന്ന് ആര് പറഞ്ഞു???

    ReplyDelete
  15. പ്രിയപ്പെട്ട സുഹൃത്തേ,

    ശക്തമായി പ്രതികരിച്ച വരികള്‍ ഗഹനം....

    പലതും മനസ്സിലായില്ല....

    മനസ്സിലായത്‌ വളരെ ഇഷ്ടമായി......

    ഇത് ബാത്ത് റൂമിലെ വെറും മൂളിപാട്ടല്ല...

    ഉറക്കെ പാടി നാലാള്‍ കേള്‍ക്കണം...

    ഏറ്റു പാടണം.........

    സസ്നേഹം,

    അനു

    ReplyDelete
  16. ഒരില വെറുതെ വീണപ്പോള്‍ നോക്കിയതാണ്.......................
    അപ്പോഴാണ്‌ മൂര്‍ച്ചയുള്ള കുറച്ചക്ഷരങ്ങള്‍ ആ ഇലയില്‍
    കൊത്തിയിരിക്കുന്നത് കണ്ടത്.............................................
    ബാത്റൂം സിംഗര്‍ നന്നായിട്ടുണ്ട്................
    അക്ഷരങ്ങള്‍ക്ക് ഇനിയും മുനയും മൂര്‍ച്ചയും ഉണ്ടാകട്ടെ.............
    ഭാവുകങ്ങള്‍............................

    ReplyDelete
  17. നോക്കൂ,
    ഞാനിപ്പോഴൊരു ബാത്റൂം ഗാനം.
    ഈ ചുവരുകള്‍ക്കപ്പുറം
    കെട്ടുപോവുന്നത്.

    കൊള്ളാം

    ReplyDelete
  18. മനോഹരമായിരിക്കുന്നു..
    ഒരു'കൊളാഷില്‍' ഉരുത്തിരിയുന്ന അനേകം ചിത്രശ്രേണികള്‍!!

    അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!!

    ReplyDelete
  19. ഇഷ്ടായി, പക്ഷെ വിലയിരുത്താന്‍ എനിക്ക് അറിയാതെ പോയി. വളരെ നന്നായിരിക്കുന്നു എന്നതാണ് എന്റെ പക്ഷം.

    ReplyDelete
  20. ഞാനിപ്പോഴൊരു ബാത്റൂം ഗാനം.
    ഈ ചുവരുകള്‍ക്കപ്പുറം
    കെട്ടുപോവുന്നത്.

    കൊള്ളാം, ഇഷ്ടമായി വരികൾ

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. "അവയിലുണ്ട്
    എന്റെ പക്ഷികള്‍.
    അവയ്ക്ക് പറക്കാനുള്ള വാനം.
    അവരെ കൊന്നിടാനുള്ള
    തോക്കുകള്‍."
    ചുമരുകള്‍കപ്പുറം കെട്ടുപോകാത്ത ഒരു ഗാനം ചിറകുവെച്ചു പറക്കട്ടെ,പാടുക മേഘമല്‍ഹാര്‍. മഴ നിറഞ തോക്കുകള്‍ നിന്റെ പക്ഷികള്‍ക്ക് വാനം പതിച്ചു നല്‍കും.

    ReplyDelete
  23. നല്ലത് എന്ന് പറയാന്‍ മാത്രമേ അറിയൂ.
    കവിതയെ ക്കുറിച്ച് ആധികാരികമായി വിലയിരുത്താന്‍ മാത്രം
    വിവരം ഇല്ല ഈ ഉള്ളവള്‍ക്ക്

    ReplyDelete
  24. "മരിച്ചുപോയ
    ഭാഷയിലെ വരികളാണ്
    ഗതി കിട്ടാതെ ഈ മുറിയിലേക്ക്
    ഷവര്‍ തുറന്നു വീഴുന്നത്.
    ആര്‍ക്കുമാര്‍ക്കുമാര്‍ക്കും മനസ്സിലാവാത്ത
    അപരഭാഷയിലെ വിലാപഗീതങ്ങള്‍."

    കവിതന്നെ എല്ലാം ഏറ്റു പറയന്നുണ്ടല്ലോ
    നന്നായിരിക്കുന്നൂ.

    ReplyDelete
  25. വളരെ വളരെ വളരെ നന്നായെഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ !

    ReplyDelete
  26. കവിത എനിക്ക് എന്നും പിടികിട്ടാത്ത ഒരു സംഭവം തന്നെ...എങ്കിലും ഇതിലെ വന്നു...വായിച്ചു ..അത്ര മാത്രം പറയുന്നു..

    ReplyDelete
  27. നന്ദി എല്ലാ വായനകള്‍ക്കും.
    രമേശ്, സന്തോഷം, ആദ്യ വായനയില്‍.
    കൊച്ചിച്ചി^അടുത്ത കുളിക്കുള്ള പാട്ട് കൈപ്പറ്റി. സന്തോഷം.
    അനില്‍, ആയില്ലേ. എങ്കില്‍ അങ്ങിനെ.
    എന്റെ ലോകമേ^നന്ദി, ആ വരികള്‍ക്ക്.
    രഞ്ജിത്ത്, എങ്ങിനെ പ്രകാശിപ്പിക്കും നന്ദി.
    ശ്രീനാഥന്‍, രമണിക, മേഫ്ലവര്‍^സന്തോഷം ശരിക്കും.
    സ്മിത, ചുവരുകള്‍ക്ക് വീതം വെക്കാന്‍ നമ്മുടെയെല്ലാ ഗാനങ്ങളും.
    സിന്ധു, സരളാ റോസ്^നല്ല വാക്കുകള്‍ക്ക് നന്ദി.
    മുല്ല^കവിത വായിക്കാനുള്ളതല്ലേ, പറയാനുള്ളതല്ല.
    ഷീബ, വരാനുണ്ടാവില്ല പലപ്പോഴും വണ്ടികള്‍...
    അനു, മനസ്സിലാവാത്തത് പലതുമുണ്ടാവും. അതാവിഷ്കരിക്കാന്‍ കവിത മാത്രമല്ലേ കൂട്ട്. സന്തോഷം.
    സാരഥി,വാഴക്കാടന്‍,ജോയ്,ഷമീര്‍^ചങ്ങാതിമാരേ സന്തോഷം.
    തൊമ്മി, വഴിമരങ്ങള്‍,നികു, കോയക്ക,എച്ചുമു, കുഞ്ഞൂട്ടന്‍, വില്ലേജ്മാന്‍^നന്ദി നല്ല വാക്കുകള്‍ക്ക്.

    ReplyDelete
  28. ഇഷ്ടപ്പെട്ടു ഈ വരികള്‍...

    ആശംസകള്‍!

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...