ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട പൊലീസ് ഭാഷ്യത്തിലെ വിടവുകള്‍ തുറന്നു കാട്ടിയ പേരില്‍ മലയാളി മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന ഇപ്പോള്‍ ബംഗളുരു പൊലീസിന്റെ ചോദ്യം ചെയ്യലിലാണ്. ഷാഹിനയുടെ ജന്‍മനാടായ തൃശൂരില്‍ ആരംഭിച്ച മാധ്യമപ്രവര്‍ത്തകരുടെ യൂനിയന്‍ സമ്മേളനത്തില്‍ എന്നാല്‍ ഇതൊരു വിഷയമേയല്ല. ഈ വൈരുധ്യത്തെക്കുറിച്ച്.
![]() |
| ഷാഹിന |
വാര്‍ത്ത കണ്ട ക്ഷീണം തീര്‍ക്കാന്‍ ഗൂഗിള്‍ ബസില്‍ ചുമ്മാ ചെന്നപ്പോഴാണ് ആ പോസ്റ്റ് കണ്ടത്. ആദ്യകാല ദൃശ്യ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളും ഇപ്പോള്‍ ഓപ്പണ്‍ മാസികയുടെ ലേഖികയുമായ കെ.കെ ഷാഹിനയുടേതാണ് പോസ്റ്റ്. അതിങ്ങനെ.
Now it is the time to face interrogation.I am travelling to Banglore this week.No idea how hard and how long the interrogation would be.As per the bail conditions,I have to appear before the investigating officer in every 15 days. I hope,I would make every trip as fruitful as possible,thinking of some books to read in train, What should be the first one? 'The trial'? :)
എട്ടാം തീയതി പോസ്റ്റ് ചെയ്ത ഈ കുറിപ്പ് വൈകിയാണ് കണ്ടതെങ്കിലും പെട്ടെന്ന് നെഞ്ചിലൂടെ എന്തോ പാഞ്ഞു പോയി. ഭയം, ഭീതി എന്നിങ്ങനെ വിവര്‍ത്തനം ചെയ്യാവുന്ന എന്തോ ഒന്ന്. ഓര്‍മ്മക്കു ചാരെ വന്നു നിന്നു, കര്‍ണാടക പൊലീസിനെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ നടത്തിയ കാവിവല്‍കരണത്തെക്കുറിച്ച വാര്‍ത്തകള്‍. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അടുത്തകാലത്ത് നടന്ന സമാനമായ നിരവധി സംഭവങ്ങളുടെ ഓര്‍മ്മകള്‍.
തൃശൂര്‍ സ്വദേശിയായ ഷാഹിന ഏഷ്യാനെറ്റിന്റെ ആദ്യകാല ജേണലിസ്റ്റുകളില്‍ ഒരാളാണ്. നീണ്ട കാലം ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച ശേഷം ജോലി വിട്ടു. തുടര്‍ന്ന് ദല്‍ഹി കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയ അവര്‍ തെഹല്‍ക്ക മാസികയില്‍ പ്രവര്‍ത്തിക്കവെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മികച്ച മാധ്യമപ്രവര്‍ത്തകക്കുള്ള ചമേലി ദേവി ജെയിന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരളത്തിന്റെ ചെറിയ ഫ്രെയിമില്‍നിന്ന് ദേശീയ മാധ്യമ പ്രവര്‍ത്തനത്തിന്റെ വലിയ ഫ്രെയിമിലേക്ക്, മലയാളത്തിന്റെ അതിരില്‍നിന്ന് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകളിലേക്ക് വഴി മാറിയ ഈ മാധ്യമപ്രവര്‍ത്തക സ്ത്രീ, മനുഷ്യാവകാശ, പരിസ്ഥിതി വിഷയങ്ങളില്‍ മനുഷ്യപ്പറ്റുള്ള ഇടപെടലുകളാണ് നടത്തുന്നത്.
തെഹല്‍ക്ക ലേഖികയായിരിക്ക എഴുതിയ ഒരു വാര്‍ത്തയുടെ പേരിലാണ് ഷാഹിന ചോദ്യം ചെയ്യപ്പെടാന്‍ പോവുന്നത്. 2008ല്‍ നടന്ന ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ഡിസംബര്‍ നാലിന് തെഹല്‍ക്ക മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍. കേസിലെ മുഖ്യപ്രതി പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച തെളിവുകളുടെയും വ്യാജ മൊഴികളുടെയും അടിസ്ഥാനത്തിലാണ് എന്നതായിരുന്നു ഷാഹിനയുടെ വെളിപ്പെടുത്തല്‍. പൊലീസ് ഭാഷ്യത്തിലെ വിടവുകളും അബദ്ധങ്ങളും ചൂണ്ടിക്കാട്ടിുന്നതായിരുന്നു റിപ്പോര്‍ട്ട് . സ്ഫോടനം ആസൂത്രണം ചെയ്തെന്നു പറയുന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലും സമീപത്തെ കുംബുര്‍, ഇഗൂര്‍, ഹൊസതൊട്ട പ്രദേശങ്ങളിലും സഞ്ചരിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കം നിരവധി നാട്ടുകാരോടും കേസിലെ സാക്ഷികളോടും സംസാരിച്ചാണ് ഷാഹിന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മഅ്ദനി അവിടെവന്നിരുന്നുവെന്ന പൊലീസ് ഭാഷ്യം തെറ്റായിരുന്നുവെന്ന് സാക്ഷിമൊഴികളിലൂടെ റിപ്പോര്‍ട്ട് തെളിയിക്കുന്നു. കേസില്‍ മഅ്ദനിക്കെതിരായ ഏറ്റവും ശക്തമായ തെളിവ് അദ്ദേഹത്തെ കുടകില്‍ കണ്ടെന്ന രണ്ട് പേരുടെ സാക്ഷി മൊഴികളായിരുന്നു. കെ.കെ യോഗാനന്ദ്, റഫീഖ്് എന്നീ രണ്ട് സാക്ഷികള്‍. തങ്ങള്‍ മഅ്ദനിയെ കണ്ടിട്ടേയില്ലെന്ന് ഇരുവരും ഷാഹിനയോടു പറഞ്ഞു. താന്‍ സാക്ഷിപ്പട്ടികയിലുണ്ടെന്ന വിവരം തനിക്കറിവില്ലെന്നാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടിയായ യോഗാനന്ദ് ഷാഹിനയോട് പറഞ്ഞത്.
അഭിമുഖങ്ങള്‍ക്ക് ശേഷം തിരിച്ചു പോവുന്നതിനിടെ പൊലീസ് ഷാഹിനയെയും കൂടെയുണ്ടായിരുന്നവരെയും തടഞ്ഞു. ഭീകരവാദിയാണോ എന്നതായിരുന്നു സി.ഐയുടെ സംശയം. തെഹല്‍ക്ക ലേഖിക ആണെന്നു പറഞ്ഞിട്ടും വിശ്വാസം വന്നില്ല. തെഹല്‍ക എക്സിക്യൂട്ടീവ് എഡിറ്റര്‍ ഷോമാ ചൌധരി ഫോണിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടും സി.ഐ ഇക്കാര്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു സംഘം മുസ്ലിംകള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി എന്ന തരത്തിലാണ് പിറ്റേന്ന് ഒരു കന്നട പത്രത്തില്‍ വാര്‍ത്ത വന്നത്. തെഹല്‍ക്ക ലേഖിക ആണെന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെങ്കിലും അവരാരെന്ന കാര്യത്തില്‍ പൊലിസിനു സംശയമുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ ജോലി ചെയ്യുക മാത്രമായിരുന്നു ഷാഹിന. അത് തടസ്സപ്പെടുത്തുകയായിരുന്നു പൊലീസ്. എന്നിട്ടും ഷാഹിനക്കെതിരെ ഉടനടി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 506 പ്രകാരം; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരിലായിരുന്നു സോമവാര്‍പെട്ട് പൊലീസ് സ്റ്റേഷനിലും (No. 199/10) സിദ്ധപുര പൊലീസ് സ്റ്റേഷനിലും (No. 241/10)കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) പ്രകാരവും കേസെടുത്തു. കടുപ്പമേറിയ ഈ നിയമം ബിനായക് സെന്നിനെതിരെയും ചുമത്തിയിട്ടുണ്ട്.
![]() |
| വനിതാ സെമിനാര്‍ ടി.എന്‍ സീമ എം.പി ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ വേദിയില്‍. |
പറഞ്ഞു തുടങ്ങിയത് പത്രപ്രവര്‍ത്തക യൂനിയന്‍ സമ്മേളനത്തെക്കുറിച്ചാണ് . ഇടയില്‍ ഷാഹിനയും കേസും കയറി വന്നു. എങ്കിലും ഇതു രണ്ടും വിരുദ്ധ ധ്രുവങ്ങളിലുള്ള കാര്യമല്ല. അടുത്ത ബന്ധമുള്ള കാര്യങ്ങള്‍.
കര്‍ണാടക പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമാവാന്‍ പോവുന്നതിനെ കുറിച്ചാണ് ഷാഹിനയുടെ പോസ്റ്റ്. ആ യാത്രയെക്കുറിച്ച് വല്ലാത്ത ആശങ്കകള്‍ ആ വരികള്‍ പ്രസരിപ്പിക്കുന്നു. നമുക്കുള്ളതിലേറെ ആശങ്കകള്‍. വല്ലാത്ത നിസ്സഹായതയും.
ഭരണകൂടം മാധ്യമപ്രവര്‍ത്തകരോടു കാട്ടുന്നതെന്ത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഷാഹിന. ഈ സമയത്ത് ചേരുന്ന മാധ്യമപ്രവര്‍ത്തക സംഘടനയുടെ സമ്മേളനത്തില്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന കടന്നാക്രമണങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പോലും ഇക്കാര്യം ഗൌരവകരമായ വിഷയമായില്ലെന്ന് ഇന്നിറങ്ങിയ പത്രങ്ങളിലെ സെമിനാര്‍ വാര്‍ത്ത തെളിയിക്കുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു സെമിനാറും സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്നു എന്ന് കൌതുകത്തിന്റെ ഭാഗമായി വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ കണ്ടു. വനിതാ മാധ്യമ പ്രവര്‍ത്തക സെമിനാര്‍. അതിലും പക്ഷേ, ഷാഹിനയുടെ അവസ്ഥ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് അതില്‍ പങ്കെടുത്ത ചങ്ങാതി പറഞ്ഞു. മറ്റൊന്നു കൂടി അവള്‍ പറഞ്ഞു. ആ സെമിനാറില്‍ ഏറ്റവുമധികം കൈയടി വാങ്ങിയത് ശോഭാ സുരേന്ദ്രനാണ്. അതെ, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ തന്നെ.
ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കടുത്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ട് കൂട്ടത്തിലൊരുവള്‍ ചോദ്യം ചെയ്യലിന്റെ കഠിന ദിനങ്ങളിലേക്ക് പതിക്കുന്ന അതേ നേരം നമമുടെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാവിന്റെ പ്രസംഗത്തിന് കൈയടിക്കുകയായിരുന്നു. സി.പി.എം നേതാവ് ടി.എന്‍ സീമ എം.പിയും ചടങ്ങിനുണ്ടായിരുന്നു. ഒരാളും ഷാഹിനയെ ഓര്‍ത്തില്ല. പറഞ്ഞില്ല.
ഷാഹിനക്കെതിരെ നടക്കുന്നത് മാധ്യമ സ്വാതന്ത്യ്രത്തിനെതിരായ ഭരണകൂട ഇടപെടലാണ്. അക്കാര്യത്തില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കോ അവരുടെ സംഘടനക്കോ സംശയമുണ്ടാവില്ല. പിന്നെന്തു കൊണ്ടാണ്, സര്‍ ,വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിച്ച ഒരു മാധ്യമപ്രവര്‍ത്തകക്ക് ഈ അവസ്ഥ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വെല്ലുവിളികളുടെ കൂട്ടത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും പ്രധാന സംഭവം ഷാഹിനക്കെതിരായ ഭരണകൂട നടപടികളാണ്. എന്നിട്ടെന്തേ അവരുടെ ജന്‍മനാട്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ പോലും ഇക്കാര്യം വിഷയമാവാത്തത്. തൃശൂര്‍ക്കാരിയായ ശോഭാ സുരേന്ദ്രന് ഇടം നല്‍കിയ സമ്മേളനം അതേ നാട്ടില്‍ വളര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ പ്രശ്നത്തിന് ഇടം നല്‍കാത്തത് എന്ത് മാധ്യമ ധാര്‍മികതയാണ്.
ഷാഹിനയുടെ കേസില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ആദ്യം മുതല്‍ ഇപെട്ടത് വേണ്ട വിധമായിരുന്നില്ലെന്ന് സംഭവം അന്വേഷിച്ചപ്പോള്‍ മാധ്യമരംഗത്തു തന്നെയുള്ള സുഹൃത്തുക്കള്‍ പറയുന്നു. കേരള സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള മാധ്യമ സമൂഹം വേണ്ട വിധം മനസ്സു വെച്ചിരുന്നെങ്കില്‍ ആരുമില്ലാത്ത ഒരാളെപ്പോലെ ഈ കഠിന വിധി ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു ഷാഹിനക്ക്. കര്‍ണാടക സര്‍ക്കാറുമായി സംസാരിക്കുന്നതിന് കേരള സര്‍ക്കാറിനെ ഇടപെടുവിക്കാനും അതിനുള്ള പൊതുജനാഭിപ്രായം സൃഷ്ടിക്കാനും കഴിയാത്തവരല്ല കേരളത്തിലെ മാധ്യമ സമൂഹം. എന്നിട്ടും എന്തു കൊണ്ടാണ് ഇത്ര ഗുരുതരമായ ഒരു പ്രശ്നമുണ്ടായിട്ടും കേരളത്തിന്റെ മാധ്യമ നട്ടെല്ല് നിവര്‍ന്നു നില്‍ക്കാത്തത്.
കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെക്കുറിച്ച് വാചാലരാവുന്നവരാണ് നാം. ഗുജറാത്ത് കലാപത്തിന്റെ ഭീതി ഒറ്റസ്നാപ്പിലൂടെ ലോകത്തിനു മുന്നിലെത്തിച്ച, ഇരു കൈകളും കൂപ്പി അക്രമികള്‍ക്കു മുന്നില്‍ കണ്ണീരൊഴുക്കുന്ന ഖുതുബുദ്ദീന്‍ അന്‍സാരിക്ക് അഭയം നല്‍കാന്‍ പാഞ്ഞടുത്ത കേരളത്തിന്റെ ഇടതു മനസ്സ് എന്തു കൊണ്ടാവും ഷാഹിനക്കു മുന്നില്‍ തുറക്കാതിരിക്കുന്നത്.
തീര്‍ച്ചയായും ന്യായങ്ങള്‍ ഒരു പാടു കാണും. ചെയ്ത കാര്യങ്ങളും ചെയ്യാന്‍ ഓങ്ങിയ കാര്യങ്ങളും.
എങ്കിലും നമ്മുടെ സുരക്ഷിതമായ ഇടങ്ങളിലൂടെ ഒരു തീവണ്ടി ബംഗളൂരിലേക്ക് പായുന്നുണ്ട്. അതിലുണ്ട്, വരും നേരങ്ങളെക്കുറിച്ച ഭീതി വായനയിലൂടെ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ നിസ്സഹായത.



