Showing posts with label സൌഹൃദം. Show all posts
Showing posts with label സൌഹൃദം. Show all posts

Friday, June 29, 2012

പൂക്കളേക്കാള്‍ വേഗം നാമടര്‍ന്നു പോവുന്നു


അപ്രതീക്ഷിതമായി കണ്ടു മുട്ടിയവര്‍. ഒറ്റ വാക്കു കൊണ്ടു കൊരുത്ത്, ഒന്നുമുരിയാടാതെ ജീവിതത്തില്‍നിന്ന് ഇറങ്ങിപ്പോയവര്‍.. 
അവരുടെ അടുപ്പങ്ങളെക്കുറിച്ച്. അകലത്തെക്കുറിച്ച്.





ഒന്ന്

ചിലരുണ്ടാവും.
നമ്മുടെ അപൂര്‍ണതകള്‍ പൂരിപ്പിക്കാനെന്നോണം, കാണാമറയത്തെവിടെയോ. ഒരേ പാട്ടിന്റെ  മുറിഞ്ഞുപോയ പല വരികള്‍ പോലെ പലയിടങ്ങളില്‍.
പണ്ടേ പറഞ്ഞുവെച്ചതുപോലുണ്ടാവും ആ കാത്തിരിപ്പ്. അത്രയ്ക്ക് ഇഴയടുപ്പം. ചിന്തകള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും ഒരേ തരംഗദൈര്‍ഘ്യം. ഒരേ പുഴയിലേക്ക് പതിക്കാനുള്ള പല കൈവഴികള്‍ പോലെ പലയിടങ്ങളില്‍ ചിതറിക്കിടക്കുകയാവും അവ.

ചില നേരങ്ങളുമുണ്ട്.
വിദൂരതയിലെ അറിയാത്ത ചാര്‍ച്ചകളിലേക്ക് നമ്മെ ചേര്‍ത്തടുപ്പിക്കുന്നവ. അറ്റുപോയ ഇലകള്‍ മണ്ണിനെ തിരിച്ചറിയുന്നതുപോലെ ഒറ്റ ശ്വാസത്തില്‍ പരസ്പരം തിരിച്ചറിയും. എത്രയോ കാലം പറഞ്ഞു തീര്‍ത്തതിന്റെ ബാക്കി പറയാനുള്ളതുപോലെ കൊരുത്തുപോവും.
അടുത്തടുത്തുള്ളവര്‍ തന്നെയാവാം. എന്നും കാണുന്നവര്‍ പോലുമാവാം എങ്കിലും ചില നേരങ്ങള്‍ വേണം.  പൂട്ടിയിട്ട വാതിലുകള്‍ വലിച്ചു തുറക്കുന്ന സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും കാറ്റു വീശുന്ന ചില നേരങ്ങള്‍. അന്നേരം മാത്രമേ അകലത്തിന്റെ വലിയ മഞ്ഞുപാളി വകഞ്ഞ് അടുപ്പത്തിന്റെ ആ സൂര്യനുദിക്കൂ.

ചില ദൂരങ്ങളുമുണ്ട്.
അവിടെവെച്ചു മാത്രമേ കണ്ടു മുട്ടാനാവൂ. അവിടെ വെച്ചു കാണുമ്പോള്‍ മാത്രമേ സൌഹൃദത്തിന്റെ നിബിഡ വനം ഉള്ളിലുണ്ടായിരുന്നെന്ന് തിരിച്ചറിയാനാവൂ. ചില ഇടങ്ങള്‍.സുപരിചിതര്‍ പോലും ആ ഇടത്തെത്തുമ്പോള്‍ ഗാഢസൌഹൃദത്തിന്റെ ജാലകങ്ങള്‍ നെടുകെ തുറന്നിടും. നിത്യജീവിതത്തില്‍ ചിരിക്കാത്തവരെ പോലും തുറന്നു ചിരിപ്പിക്കുന്ന ഏതോ പൂര്‍വനിശ്ചിത  മാനങ്ങളുണ്ടാവും ആ ഇടത്തിന്.
അവിടെ മാത്രം പുഷ്പിക്കാനാവുന്ന മരങ്ങളാവും നമ്മള്‍. ചില കാലങ്ങളില്‍, ചില നേരങ്ങളില്‍, ചില ഇടങ്ങളില്‍ മാത്രം പൂക്കുന്ന മരങ്ങളുടെ ചാര്‍ച്ചയാവും ആഴമുള്ള ചില ബന്ധങ്ങള്‍.






രണ്ട്
കരുതിവെച്ചതെല്ലാം തകര്‍ത്തെറിയുന്ന ഒരു കാറ്റു വരവായിരിക്കും അത്. ആ കണ്ടുമുട്ടല്‍. സൌഹൃദത്തിലേക്ക് അതിന്റെ കത്തിപ്പിടിക്കല്‍. പൂരിപ്പിക്കാതെ ശൂന്യമായ ഉള്ളിലെ ഇടങ്ങള്‍ പെട്ടെന്ന് ചേര്‍ന്നു നില്‍ക്കും. എത്ര പറഞ്ഞാലും തീരാത്ത, എത്ര നടന്നാലും തീരാത്ത ദിവസങ്ങളാവും പിന്നെ.  നേരത്തെയുള്ളതെല്ലാം മായ്ച്ചു കളയുന്ന ഒരു കടല്‍ ജീവിതത്തെ പുതിയ അര്‍ത്ഥങ്ങളിലേക്ക് ചേര്‍ത്തുവെയ്ക്കും.
ഒന്നും പറയാതെ തന്നെ പരസ്പരം മനസ്സിലാവും പിന്നെ. പറഞ്ഞതെല്ലാം, എഴുതിയതെല്ലാം പരസ്പരം അനുപൂരകങ്ങളാവും. ഒരേ ഇഷ്ടത്തിന്റെ രണ്ടിടങ്ങള്‍ വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ തീര്‍ക്കും.
എല്ലാ അനിശ്ചിതത്വങ്ങളെയും കാറ്റില്‍പറത്തുന്ന വല്ലാത്തൊരു സാന്നിധ്യമാവും അത്തരം ചങ്ങാത്തങ്ങള്‍. അതൊരു ആശ്രയമുറിവാകും. ആലംബമാവും.  ഏതു വെയിലിലും തണലേകുന്ന കാതലുള്ള മരം പോലെ തണല്‍ വിരിക്കും പിന്നീടുള്ള നേരങ്ങളില്‍.
സ്വയം തിരിച്ചറിയാനുമാവും. ജീവിതത്തെയും, ലോകത്തെയും കുറിച്ചുള്ള അനേകം ചോദ്യങ്ങള്‍, സന്ദേഹങ്ങള്‍ പരസ്പരം പങ്കുവെയ്ക്കപ്പെടും. ഉള്ളിലുണ്ടായിരുന്നു എന്നു നമുക്കുപോലുമറിയാത്ത അനേകം കാര്യങ്ങള്‍, നിരീക്ഷണങ്ങള്‍ നമ്മില്‍ നിന്ന് പ്രവഹിക്കും. ഒരേ ആവൃത്തിയുള്ള ചിന്തകള്‍ക്കിടയില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തത നിറയും.
സൌഹൃദം എന്നത് സ്വയം നിര്‍വചിക്കാനുള്ള ഒരവസരം കൂടിയാവും. നിര്‍വചനങ്ങള്‍ക്കതീതമായി സദാ കൈ പിടിച്ചു നിര്‍ത്തും ആഴമുള്ള അത്തരം ബന്ധങ്ങള്‍.





മൂന്ന്
അപ്രതീക്ഷിതം തന്നെയാവും അതും. കാരണമില്ലാത്ത ചില കലങ്ങലുകള്‍. അഭിപ്രായ വ്യത്യാസങ്ങള്‍. എല്ലാ ചേര്‍ച്ചകള്‍ക്കുമിടയില്‍ ഭിന്നതയുടെ കടലാഴങ്ങള്‍ കലമ്പുന്നുണ്ടായിരുന്നെന്ന് പതിയെ തിരിച്ചറിയാനാവും. ചില പറച്ചിലുകള്‍ നമ്മെ ഒറ്റു കൊടുക്കും. ചില ചിന്തകള്‍ കുറ്റക്കാരാക്കും. ചിലപ്പോള്‍, വിചിത്രമായ ഭാഷ സംസാരിക്കുന്ന ഏതോ മനുഷ്യരെപ്പോലെ പരസ്പരം മനസ്സിലാവാതെ കിതയ്ക്കും.
മനസ്സിലാവാതിരിക്കുക എന്നതാവണം ഒരു ബന്ധത്തിന് ചെന്നെത്താനാവുന്ന ഏറ്റവും കഠിനമായ ഇടം. പറയാതെ തന്നെ പരസ്പരം മനസ്സിലാവുന്നവര്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാവാതാവുക എന്നത് ക്രൂരമാണ്. എങ്കിലും സ്വാഭാവികമായ അത്തരം കലങ്ങിമറിയലുകള്‍ ഇല്ലാതിരിക്കുക വയ്യ, ആഴമുള്ള അടുപ്പങ്ങളില്‍.
എങ്കിലും, എല്ലാ ഭിന്നതകളെയും ചേര്‍ത്തുവെക്കാനാവുന്ന ഇടം ഉള്ളിലുണ്ടെന്ന് പതിയെ കണ്ടത്തൊനായേക്കും, ചിലപ്പോള്‍. അങ്ങനെ വരുമ്പോള്‍, എല്ലാ പരിമിതികളോടെയും ഇത്തിരി കൂടി കേള്‍ക്കാന്‍, മിണ്ടാന്‍ കഴിഞ്ഞേക്കും
എന്നാല്‍, ജീവിക്കുന്ന സാഹചര്യങ്ങള്‍, ഇടങ്ങള്‍ മാറുമ്പോള്‍ അത് ഒട്ടും എളുപ്പമാവണമെന്നില്ല. ഈഗോയും പിന്നീട് അസംബന്ധമെന്ന് തിരിച്ചറിയാനാവുന്ന യുക്തികളും വെറുപ്പിന്റെ മുനയുള്ള ചില വാക്കുകളുമെല്ലാം ചേര്‍ന്ന്, സദാ അടച്ചുവെക്കാന്‍ ശ്രമിക്കും എല്ലാ വാതിലുകളും.  അടഞ്ഞ വാതിലുകള്‍ പോലൊരു നിസ്സഹായത മറ്റൊന്നില്ല, തീവ്ര ബന്ധങ്ങളില്‍.
അപരിചിതമായ ഒരു ദ്വീപിലേക്ക് ജീവിതം ചേക്കേറാന്‍ പിന്നെ ഏറെ കാലമെടുക്കില്ല. എല്ലാ നന്‍മകളും തിന്‍മകളായി വന്ന് കൊത്തിപ്പറിക്കും. എല്ലാ സ്വപ്നങ്ങളും അകമേ ഒളിപ്പിച്ചു വെച്ച കോമ്പല്ലുകള്‍ പുറത്തെടുക്കും.  വഴികളോരോന്നും പെട്ടെന്നിരുളും. ഇല്ലാതാവും.
അന്നേരം, ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടൊരാളായി ചിതറിപ്പോവും, സ്വയം. വാക്കുകളും ചിന്തകളുമെല്ലാം അടഞ്ഞു പോവും. ഒരു കപ്പലും തിരിച്ചു വരാത്ത ബര്‍മുഡ ട്രയാങ്കിള്‍ പോലെയാവും മനസ്സ്. ഓര്‍മ്മകളുടെ ഒരു മഴപ്പെയ്ത്ത് അപ്പോഴും തിരിച്ചറിയാനാവാതെ ഉള്ളില്‍  കിടന്ന് മുറിവാകും.




നാല്
അനേകം മഴക്കാലങ്ങളും കരകവിയലുകളും ചേര്‍ന്ന് പാകപ്പെടുത്തിയ  കരിമ്പാറ പോലെ ഉറച്ചുപോവും, പിന്നെ. അരികിലൂടെ അനേകമാളുകള്‍ ഒഴുകിപ്പോവും. അനേകം കാലങ്ങള്‍. ഋതുക്കള്‍. ഓര്‍മ്മകള്‍.
അനക്കമറ്റ്, നിസ്സംഗതയില്‍ പൂണ്ട്, ഏകാന്തതതയിലും മൌനത്തിലും തറഞ്ഞ് നടന്നേ പോവും കുറേ കാലങ്ങള്‍. കത്തിയൊഴുകുന്ന പുഴമധ്യത്തില്‍ ജീര്‍ണിച്ച മരങ്ങളില്‍ എങ്ങിനെയൊക്കെയോ തങ്ങിനില്‍ക്കുന്ന തുണിക്കഷണം പോലെ ജീവിതമങ്ങിനെ ബാക്കിയാവും.
പിന്നെയൊരു നേരം വരും. മറവിയുടെ സ്പര്‍ശമുള്ള ഒരു സായാഹ്ന വെയില്‍. അതിലേക്കിറങ്ങി നടക്കുമ്പോള്‍ അഹന്തയുടെയും ഈഗോയുടെയും എല്ലാ തൊലികളും ഊരി വീണിരിക്കും.
ആരും നടക്കാത്ത പാത പോലെ നീണ്ടു കിടക്കുന്നുണ്ടാവും സുപരിചിതമായ വഴി.







അഞ്ച്
പിന്നെയുമുണ്ടാവും നാളുകള്‍.  ഒരോര്‍മ്മ കൊണ്ടുപോലും സ്പര്‍ശിക്കാന്‍ അനുവദിക്കാതെ  തീണ്ടാപ്പാടകലെ തന്നെ നില്‍ക്കും, പരസ്പരം. മുത്ത് തുഴഞ്ഞെടുക്കാന്‍ മുങ്ങുന്ന കടലോരത്തെ കുട്ടികളെപ്പോലെ സ്വന്തം ജീവിതത്തിലേക്ക് തന്നെ ആഴ്ന്നാഴ്ന്നിറങ്ങും.

മറവിയുടെ വലിയൊരു പ്രളയം വരുന്നുണ്ടാവും.
എല്ലാം മുക്കിക്കളയാന്‍.

Sunday, August 7, 2011

ഇഴമുറിഞ്ഞ പാട്ടുപോലെ ഒരുവള്‍

ഏറെ കാലത്തിനു ശേഷം കണ്ട കൂട്ടുകാരിയെക്കുറിച്ച്. ഒരു മനോഹരഗാനം പാതി വഴിയില്‍ നിര്‍ത്തി അവളിറങ്ങിപ്പോയ നിശ്ശബ്ദതയെക്കുറിച്ച്. ജീവിതത്തില്‍നിന്ന് ഒരേട്.


യുവജനോല്‍സവങ്ങളില്‍ മൈക്കിനു മുന്നില്‍ അറ്റന്‍ഷനായി നിന്ന്  കുട്ടികള്‍   പാടുന്നത് കാണുമ്പോള്‍ എനിക്കവളെ  ഓര്‍മ്മ വരും.  പാട്ടു പോലെ സുതാര്യമായ ഓര്‍മ്മ. അവിടെ തൂവെള്ള പിന്‍കര്‍ട്ടനു മുന്നില്‍ വെള്ളയും കരി നീലയും നിറമുള്ള യൂനിഫോമില്‍ അവള്‍. വലിയ ചുവന്ന അക്ഷരത്തില്‍ നമ്പറെഴുതിയ വെള്ളക്കടലാസ് തുണ്ട്  ഉടുപ്പില്‍. സദസ്സിലേക്ക് ചിരിയുതിര്‍ത്ത് അവളുടെ ഗാനം.  കൈയടികള്‍ക്കു മധ്യേ വേദിയില്‍ കയറി ചെന്ന് സമ്മാനങ്ങള്‍ വാങ്ങുന്ന അവളുടെ കൂസലില്ലായ്മ.
ഞാനുമന്ന് കുട്ടിയായിരുന്നു. അതേ പ്രായം. സഹപാഠി.  എന്നാല്‍, അവിടെ തീര്‍ന്നു സാമ്യം.
അവള്‍ക്ക് സ്റ്റേജില്‍ കയറാന്‍ ഭയമില്ല. എനിക്കാണെങ്കില്‍ അതു മാത്രം. പാടാനോ, പറയാനോ, മോണോ ആക്റ്റ് അവതരിപ്പിക്കാനോ നാടകത്തില്‍ അഭിനയിക്കാനോ അവളെപ്പോഴും തയ്യാര്‍. കൊന്നാലും എന്നെയതിന് കിട്ടില്ലെന്ന് ഞാന്‍. അങ്ങനെ കടലും കരയും പോലെ. 
 ഏതെങ്കിലും മൂലയിരുന്ന് വായിക്കുക.ദിവാസ്വപ്നങ്ങളില്‍ മുഴുകുക. ഇതു മാത്രമായിരുന്നു എന്റെ ലോകം. എന്നാല്‍, യുവജനോല്‍സവങ്ങള്‍ക്ക് മുടങ്ങാതെ പോവും. പങ്കെടുക്കാനല്ല,  കാണാന്‍, കേള്‍ക്കാന്‍. എനെപ്പോലെ ഒരു പാടു കുട്ടികളുണ്ടയിരുന്നു. നിശബ്ദരായി സദസ്സിലിരിക്കുന്നവര്‍.


വായാടിയുടെ കലപില
നിശãബ്ദമായ അത്തരം ഓര്‍മ്മകളില്‍ ഒരു വായാടിയുടെ കലപിലയായിരുന്നു അവള്‍. സദാ ചിരിച്ചും കളി പറഞ്ഞും അവള്‍. സാറില്ലാത്ത നേരങ്ങളില്‍ ബഹളം ശമിപ്പിക്കാന്‍ നിര്‍ബന്ധിതാവസ്ഥയില്‍  ക്ലാസുകളില്‍ നടക്കുന്ന സാഹിത്യ സമാജം എന്ന പരിപാടികളിലെല്ലാം അവളുടെ പാട്ടുണ്ടാവും. മറ്റാരും പാടാനില്ലാത്തതിനാല്‍ ഏതാണ്ട് അവള്‍ തന്നെ പാടി തീര്‍ക്കേണ്ടി വരും, ഒരു മണിക്കൂര്‍.
യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ അഭിനയത്തിലേക്ക് വീണു.  ഏതോ രാജസദസ്സിലെ ഗായികയുടെ വേഷമായിരുന്നു നാടകത്തില്‍ അവള്‍ക്ക്. താഴ്ന്ന ജാതിയില്‍ പെട്ട ഗായിക.  കുട്ടികള്‍ക്ക് മാത്രം ഗൌരവമായി തോന്നുന്ന എന്തൊക്കെയോ പ്രശ്നങ്ങളായിരുന്നു ആ നാടകത്തിന്റെ വിഷയമെന്നാണ്  ഓര്‍മ്മ.  നാടകത്തിന്റെ അവസാന ഭാഗത്ത് ചാട്ടവാറടിയേറ്റിട്ടും പാടുന്ന അവളായിരുന്നു.
ഹൈസ്കൂളിലും ഞങ്ങള്‍ ഒരേ ക്ലാസില്‍.  പഠനത്തിലും മറ്റു പരിപാടികളിലും അവള്‍ പഴയ പോലെ ഊര്‍ജസ്വല.  ഞാനന്ന് അക്ഷരാര്‍ഥത്തില്‍ ഒരു ലൈബ്രറി കുട്ടി. പുസ്തകങ്ങളില്‍ ചുവടു തെറ്റി വീണ അവസ്ഥ. വായന ഗൌരവമായതോടെ ലൈബ്രറിയില്‍ അടുക്കി വെച്ച പ്രധാനപ്പെട്ട ഓരോ പുസ്തകങ്ങളും വെല്ലുവിളി യായി വളര്‍ന്നു കൊണ്ടിരുന്നു. എന്നെ വായിക്കൂ എന്നെ വായിക്കൂ എന്ന അവയുടെ വിലാപം കേട്ടുകേട്ട്  രാത്രി പാഠ പുസ്തത്തിനടിയില്‍ അവ ഒളിപ്പിച്ചു വായിക്കാന്‍ ശ്രമിക്കും. ചില ദിവസങ്ങളില്‍  അനിയത്തിയുടെ  തന്ത്രപൂര്‍വമായ ശ്രമങ്ങളില്‍ പിടിക്കപ്പെടുമെങ്കിലും.


 പ്രണയത്തിന്റെ സാക്ഷിമൊഴി
ഹൈസ്കൂള്‍ കാലത്തായിരുന്നു അവളുടെ പ്രണയം. ഞാനതിന് സാക്ഷിയായിരുന്നു. അയല്‍നാട്ടുകാരനായ എന്റെ കൂട്ടുകാരനായിരുന്നു അവളുടെ  രാജകുമാരന്‍. അത്ര ചെറുപ്പത്തിലും  അവര്‍ വളരെ ഗൌരവമായാണ് പ്രണയിച്ചിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. എന്റെ ക്ലാസിലാണ് അവളെന്നതിനാല്‍ ഞാനായിരുന്നു സന്ദേശ വാഹകന്‍.  കെട്ടു കണക്കിന് പ്രണയ ലേഖനങ്ങളാണ് എന്റെ കൈയിലൂടെ പോയത്. ഇത്രയേറെ എഴുതാന്‍ എന്താണ് ഇവര്‍ക്കെന്ന് എനിക്കൊരു പിടിയും അന്ന് കിട്ടിയിരുന്നില്ല.
എസ്.എസ്.എല്‍.സി പരീക്ഷ അടുത്ത സമയത്താണ് അവളുടെ പ്രണയകഥ പാട്ടായത്. അതെങ്ങിനെയോ അവളുടെ വീട്ടിലുമെത്തി. കാമുകനെ തല്ലിയിട്ടു തന്നെ കാര്യമെന്ന മട്ടിലായി അവളുടെ സഹോദരന്‍മാര്‍. അവന്‍ ഞങ്ങളുടെ നാട്ടുകാരനല്ല എന്നത് അവരുടെ വീര്യം കൂട്ടി.
അവനെ രക്ഷിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ഞാനും കൂട്ടുകാരും സദാ അവന്റെ കൂടെ നിന്നു. അവനെ തല്ലരുതെന്ന് അവരോടു പറഞ്ഞു. അവനെ എന്നും കൂട്ടുനിന്നു ബസ് കയറ്റി. എല്ലാ പ്രണയകഥകളിലെയും പോലെ ഇടവഴിയില്‍ കാണുമ്പോഴൊക്കെ അവളെ സമാശ്വസിപ്പിച്ചു.
അങ്ങനെ പരീക്ഷ. അതു കഴിഞ്ഞുള്ള വെക്കേഷനില്‍ അവന്‍ പലവട്ടം എന്റെ വീട്ടില്‍ വന്നു. അവളെ കാണാന്‍.  തന്ത്ര പൂര്‍വം അവസരങ്ങളുണ്ടാക്കി, സാഹസികമായി ഞങ്ങള്‍ അത് നടത്തി. ഇടക്ക് ചില അപകടങ്ങള്‍ തൊട്ടു മുന്നിലെത്തി. അപ്പോഴൊക്കെ രക്ഷപ്പെട്ടു.


ജീവിതത്തിന്റെ പരീക്ഷാഫലം
റിസല്‍റ്റ് വന്നപ്പോള്‍ അവള്‍ക്ക് മാര്‍ക്ക് കുറവ്. അവനടക്കം ഞങ്ങള്‍ക്കെല്ലാം തരക്കേടില്ലാത്ത മാര്‍ക്ക്. കുറച്ചു ദൂരെയുള്ള കോളജിലായിരുന്നു പ്രീഡിഗ്രി.  അവള്‍ വീടിനടുത്തുള്ള ഒരു സ്കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്നു. അവനവളെ കാണാന്‍ പല വട്ടം അവിടെ പോവാറുണ്ടായിരുന്നു.  ഇടക്കെപ്പോഴോ അറിഞ്ഞു, അവളുടെ വിവാഹം ഉറപ്പിച്ചെന്ന്.  ആകെ ഞെട്ടലോടെ അവനെ ചെന്നു കണ്ടപ്പോള്‍  ഞങ്ങള്‍ തമ്മിലിനി ചേര്‍ന്നു പോവില്ലെന്നും എന്നും വഴക്കാണെന്നുമായിരുന്നു മറുപടി. എന്താണ് കാരണമെന്ന് അവന്‍ പറഞ്ഞില്ല. പിന്നീട് കണ്ടപ്പോള്‍ അവളും അവന്‍ പറഞ്ഞത് ആവര്‍ത്തിച്ചു. ഇത്ര ചെറിയ പ്രായത്തില്‍ അവരെങ്ങിനെ അങ്ങനെയൊക്കെ പറഞ്ഞെന്ന്  ഇപ്പോള്‍ ഞാന്‍ അന്തം വിടുന്നു.
പിന്നെ അവളുടെ വിവാഹമായിരുന്നു. ഗള്‍ഫിലായിരുന്നു അയാള്‍. ഞങ്ങളുടെ നാട്ടില്‍നിന്ന് കുറച്ചകലെ. അതോടെ അവളെ കാണാതായി. പഠനത്തിന്റെയും ജീവിതത്തിന്റെ തിരക്കുകള്‍ വൈകാതെ ഞങ്ങളെ വിഴുങ്ങി. ഒരിക്കല്‍ ധരിച്ചു കഴിഞ്ഞാല്‍ ഊരിയിടാനാവാത്ത തിരക്കിന്റെ ഉടുപ്പുകള്‍ ജീവിതത്തിന്റെ ഭാഗമായി.



കണ്ണുകളില്‍ ഒരു ഖനി
അവളെ വീണ്ടും ഓര്‍മ്മിപ്പിച്ചത്  യുവജനോല്‍സവമല്ല. ഒരു വിവാഹമാണ്. നാട്ടിലെ ഉറ്റബന്ധുവിന്റെ മകളുടെ വിവാഹം. അതിനു പോയപ്പോള്‍ അപ്രതീക്ഷിതമായി അവള്‍ മുന്നിലെത്തി.
 വിവാഹ വീടിന്റെ അന്തമില്ലാത്ത തിരക്കുകള്‍ക്കിടയിലാണ് അവളെ കണ്ടത്. ആദ്യമെനിക്ക് മനസ്സിലായില്ല. അവള്‍ക്കെന്നെയും. അവളുടെ ഒപ്പം അമ്മയുണ്ടായിരുന്നു. അവര്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവള്‍ ചിരിച്ചു. വിളറി വെളുത്ത് ദുര്‍ബലമായൊരു ചിരി.
അവളാകെ മാറിയിരുന്നു. ശരീരം മെലിഞ്ഞുണങ്ങി. ശോഷിച്ച കൈകളിലൂടെ വളകള്‍ സ്വൈര്യ സഞ്ചാരം നടത്തി. സന്തോഷവും സൌന്ദര്യവും ചേര്‍ന്ന് തിളക്കം വര്‍ധിപ്പിച്ച ആ മുഖം  തീരെ ഒട്ടിയിരുന്നു. കണ്ണുകളുടെ താഴെ വല്ലാത്ത കരുവാളിപ്പ്.  വേദന ഖനീഭവിച്ച നോട്ടം ആത്മാവിലേക്ക് ചെന്നു കയറുന്നു.
ഞാനും ചിരിച്ചു.  ചുറ്റും തിരക്കിന്റെ കുത്തൊഴുക്കായിരുന്നു. ആളുകള്‍ ഒന്നിനു പിറകെ ഒന്നായി പന്തലിലേക്ക് ഒഴുകുന്നു. വരനും സംഘവും ഇപ്പോള്‍ വന്നിട്ടേയുള്ളൂ.  അതിന്റെ തിരക്കായിരിക്കും.
ഇപ്പോഴെവിടെയാ, അവള്‍ ചോദിച്ചു. ഏതോ ഗുഹാമുഖത്തുനിന്നു വരുന്നതു പോലുണ്ടായിരുന്നു ആ സ്വരം.  പുല്ലാങ്കുഴല്‍ നാദം പോലൊരു സ്വരം ഇത്ര ചെറിയ കാലയളവിനുള്ളില്‍ എങ്ങനെ ഇത്ര പരുക്കനായെന്ന് ആശ്ചര്യം തോന്നി.  അത്ര  അപരിചിതമായിരുന്നു അത്.
'നാട്ടിലില്ല. കുറച്ചു ദൂരത്താണ്'^ ഞാന്‍ പറഞ്ഞു.
അവളുടെ മനസ്സ് പിന്നെയും ചോദ്യങ്ങളിലേക്ക് തുറക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍, അവയൊന്നും വാക്കുകളായി പുറത്തുവന്നില്ല.  ശരീരമാകെ തളര്‍ന്നുപോയൊരു  മാറാരോഗിയെപ്പോലെ പൊടുന്നനെ അവളെന്റെ മുഖത്തേക്ക് നോക്കിനിന്നു. എന്തു പറയണമെന്നറിയാതെ ഞാന്‍ തപ്പിത്തടയുന്നതിനിടെ അമ്മ മൌനം ഭേദിച്ചു.
തിരക്ക് കഴിഞ്ഞ് വീട്ടിലേക്കു വാ. ഇവളവിടെയുണ്ടാവും -അമ്മ പറഞ്ഞു.
ഞാന്‍ തല കുലുക്കി. ചെറിയ കുട്ടികളെ കൊണ്ടുപോവുന്നത് പോലെ അമ്മ അവളുടെ കൈ പിടിച്ച്  ഗേറ്റിനടുത്തേക്കു നടക്കുന്നത് കണ്ടപ്പോള്‍ ഉള്ളു പിടയുന്നതറിഞ്ഞു. . .


കഥയുടെ ആവര്‍ത്തനങ്ങള്‍
എന്തായിരിക്കും അവള്‍ക്ക് സംഭവിച്ചത്?
മുന്നിലപ്പോള്‍ പല സാധ്യതകള്‍ തെളിഞ്ഞു. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.  വിഷാദരോഗം. കൊടിയ ദുരിതങ്ങള്‍ തിരകളില്‍ ഒളിപ്പിച്ച മറ്റ് കടലുകള്‍.   മയിലിനെ പോലെ നൃത്തം ചെയ്ത വാക്കുകളെ, സ്വപ്നങ്ങളെ  ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍  ശ്വാസം മുട്ടിച്ചു കൊന്ന കഥയുടെ  അതേ ആവര്‍ത്തനങ്ങള്‍.  ആളും സന്ദര്‍ഭവും മാറുമ്പോഴും കഥകള്‍  മിക്കപ്പോഴും ഒന്നു തന്നെയാവും.

 കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ ഫ്രീയായി. അവളുടെ വീട് അടുത്തായിരുന്നു. വേണമെങ്കില്‍ പോയി വരാം.
അവിടെ ചെന്നാല്‍, ആ ദുരന്തത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞേക്കും. അവളുടെ പാട്ട് ഊതിക്കെടുത്തിയ കൊടുങ്കാററുകളുടെ വിവരങ്ങള്‍.  ജീവിതത്തിന്റെ ഓരത്തേക്ക് അവളെ അഭയാര്‍ഥിയായി വലിച്ചെറിഞ്ഞത് ആരെന്ന വിശദീകരണങ്ങള്‍. എല്ലാറ്റിനുമൊടുവില്‍ അവളുടെ ഒച്ച വറ്റിയെന്ന  തിരിച്ചറിവുകള്‍.
പോവണോ, വേണ്ടയോ?
സംഘര്‍ഷം മുറുകിയപ്പോള്‍ ഒടുക്കം തീരുമാനമായി. പോവണ്ട.
വാനമ്പാടിയെ പോലെ പാടുന്ന, ചുറ്റുവട്ടങ്ങളില്‍ സന്തോഷം പ്രസരിപ്പിക്കുന്ന ഒരാളായി അവള്‍ മനസ്സിലുണ്ട്. യാഥാര്‍ഥ്യം എത്ര അകലെയെങ്കിലും ആ ഇടം അങ്ങിനെ തുടരട്ടെ. കണ്ണീര് മാറ്റി വരച്ച ഒരു ജീവിതമായി അവള്‍ ഓര്‍മ്മയില്‍ നിറയേണ്ടെന്ന് തന്നെ വാശി പിടിച്ചു, മനസ്സ് .
തിരിച്ചു വരുമ്പോള്‍  നല്ല മഴയായിരുന്നു. മഴയുടെ താളം മുറിച്ചു  ഇടക്കിടെ  ഇരച്ചു കയറി വന്നു, കാതടപ്പിക്കുന്ന  ഇടിനാദം. എന്നിട്ടും കാത് കൂര്‍പ്പിച്ചപ്പോഴെല്ലാം കേട്ടു,  ഒച്ചയില്ലാത്ത  വിലാപത്തിന്റെ ഈണങ്ങള്‍. 


Sunday, July 31, 2011

ക്ലാസ്മേറ്റുകളെ എനിക്കിപ്പോള്‍ ഭയമാണ്

ക്ലാസ് മേറ്റ്സ് എന്ന സിനിമ ഒരിക്കലും ഉണ്ടാവരുതായിരുന്നു  
എന്നാണ്  ഇപ്പോള്‍ തോന്നുന്നത്.  കാലങ്ങള്‍ക്കു ശേഷമുള്ള എല്ലാ 
കാമ്പസ് കൂടിചേരലുകളെയും അത് ഒരേ അച്ചിലേക്കു മാറ്റുന്നു. 
ആ സിനിമയുടെ തിരക്കഥയിലാണ് കൂടിച്ചേരലുകള്‍. 
സ്വാഭാവിക വികാരങ്ങളും പ്രതികരണങ്ങള്‍ക്കും പകരം 
അതേ തിരക്കഥയിലെ വികാര വിചാരങ്ങള്‍. 



 ഏതാണ്ട് അതേ പോലെയുണ്ടായിരുന്നു  കാമ്പസ്. 
നീണ്ട ഇടനാഴികള്‍. പിരിയന്‍ ഗോവണി. അതേ ക്ലാസ് മുറി.
അവിടെ, ഭാര്യമാരും ഭര്‍ത്താക്കന്‍മാരുമായി രൂപം മാറിയ പഴയ കൂട്ടുകാര്‍. ഒപ്പം അവരവരുടെ കുഞ്ഞുങ്ങള്‍. ഇനിയും കല്യാണം കഴിക്കാത്ത, നടക്കാത്ത ചിലര്‍ ഇത്തിരി കലിപ്പോടെ ഇടയില്‍. പിന്നെ അധ്യാപകര്‍. വിരമിച്ചവരും അല്ലാത്തവരും.
അതൊരു കൂടിക്കാഴ്ചയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സഹപാഠികളുടെ ഒത്തുചേരല്‍. ഏതൊക്കെയോ വഴികളില്‍ ചിതറിപ്പോയവര്‍  വീണ്ടും പഴയ ക്ലാസ് മുറിയില്‍ ഒത്തു കൂടുന്നു.
നാക് അക്രഡിറ്റേഷന്റെ ഭാഗമായും ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ സ്വാധീനഫലമായും നമ്മുടെ കാമ്പസുകളില്‍ ഇപ്പോള്‍ പല വഴിക്ക് അരങ്ങേറുന്ന സവിശേഷമായ ഈ കലാപരിപാടിയില്‍ ഇതുവരെ ചെന്നു പെട്ടിട്ടില്ലായിരുന്നു. ഗൃഹാതുരത്വവും കാമ്പസ് ഓര്‍മ്മയും ഉള്ളില്‍ ഇപ്പോഴും അത്രക്ക് പ്രഭ ചൊരിയാത്തതു കൊണ്ടാവുമോ എന്നറിയില്ല,ഇതിനു മുമ്പ് നടന്ന ഇത്തരം പരിപാടികളിലൊന്നും  തലവെച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പതിവു ശ്രമം പാളി. ചങ്ങാതിമാര്‍ ജയിച്ചു!


അങ്ങിനെ, അതേ ക്ലാസ് മുറിയില്‍.
എല്ലാവരും അടിമുടി  മാറിയിട്ടുണ്ട്. പലരും നന്നായി തടിച്ചിരിക്കുന്നു. മെലിഞ്ഞ് എഴുന്നേറ്റു നടക്കാന്‍ ശേഷിയില്ലാതിരുന്ന പഴയ സഖാവിന്റെ തടി വല്ലാതങ്ങ് കൂടി. ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടു തന്നെ.
തല്ലിപ്പൊളിയായി നടന്ന പലരും വലിയ നിലകളിലെത്തി. അന്നത്തെ മുറിമീശക്കാര്‍ക്ക് ഇപ്പോള്‍ കട്ടിമീശയുടെ ഭാരം. നീണ്ട മുടിയുണ്ടായിരുന്ന കൂട്ടുകാരിക്ക് ഇപ്പോള്‍  ബോയ് കട്ടിന്റെ ചെറുപ്പം. അന്നത്തെ നാണം കുണുങ്ങി പെണ്‍പിള്ളാര്‍ ഏതാണ്ട് അതേ പോലെതന്നെ നാണം കുണുങ്ങുന്ന പാവം കുഞ്ഞുങ്ങളെ തനി പട്ടാളമട്ടില്‍ ഗൌരവത്തോടെ കൈകാര്യം ചെയ്യുന്നു!
വിദ്യാര്‍ഥി സംഘടനകളില്‍ സജീവമായുണ്ടായിരുന്ന കൂട്ടുകാരില്‍ ചിലര്‍  ഇപ്പോഴും പെതുരംഗത്ത് സജീവം. ചിലരൊക്കെ സര്‍ക്കാര്‍ ജീവനക്കാര്‍.  ചിലര്‍ ഭാര്യാപദവിയില്‍ ഒതുങ്ങി.
കണ്ടുമുട്ടല്‍ ചടങ്ങ് രസകരമായിരുന്നു. ഒരാള്‍ കുടുംബവുമൊത്ത് കടന്നു വരുന്നു. മറ്റു പലര്‍ ഓടിക്കൂടുന്നു. പിന്നെ ആലിംഗനങ്ങള്‍. കെട്ടിടം  കുലുങ്ങുമാറ് പൊട്ടിച്ചിരികള്‍. വിശേഷം പറച്ചില്‍. പിന്നെ അടുത്ത ആള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്.
ചോദിക്കാനും പറയാനുമൊക്കെ എല്ലാവര്‍ക്കും ഏറെയുണ്ടായിരുന്നു. എന്നാല്‍, അവയ്ക്കെല്ലാം ഒരേസ്വഭാവമാണോ എന്നു തോന്നിപ്പോയി. ഒരേ ചോദ്യങ്ങള്‍. ഒരേ ഉത്തരങ്ങള്‍. ഒരേ വടിവിലുള്ള ചിരികള്‍.  പരിചയപ്പെടുത്തലുകള്‍. ആമ്പ്രന്നോന്റെയും പെമ്പ്രന്നോത്തിയുടെ പഴയ വീരകഥകള്‍ കോമഡിക്കഥകളുടെ അകമ്പടിയോടെ തുരുതുരാ ആഘോഷിക്കപ്പെട്ടു.



അധ്യാപകര്‍  സംസാരിച്ചു. 
ഇടവിട്ട് വിദ്യാര്‍ഥികളും. പഴയ ഓര്‍മ്മകള്‍. തമാശകള്‍. സങ്കടങ്ങള്‍.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ഛിച്ച നാളുകളായിരുന്നു  ഞങ്ങളുടെ പഠനകാലം.  അവിശ്വാസത്തിന്റെയും പകയുടെയുമൊക്കെ ഒരന്തരീക്ഷം സദാ ചുറ്റുമുണ്ടായിരുന്നു. മിക്കവാറും ഉച്ചക്കുശേഷം ക്ലാസ് ഉണ്ടാവില്ല. സമരമോ അടിപിടിയോ ഏതാണ്ടൊക്കെ.
എന്നാല്‍, എല്ലാത്തിനുമടിയില്‍ നന്‍മയുടെയും സ്നേഹത്തിന്റെയുമൊക്കെ ഒരു പ്രതലം  അദൃശ്യമായി നില്‍പ്പുണ്ടായിരുന്നു എന്നു ഇപ്പോള്‍ തോന്നുന്നു. കാലങ്ങള്‍ കഴിഞ്ഞ് കണ്ടു മുട്ടിയതിന്റെ ശിഷ്ടം.  അന്നും ഞങ്ങളാക്കെ തമ്മില്‍ സ്നേഹം പോലെ എന്തൊക്കെയോ ഉണ്ടായിരുന്നു എന്നു തന്നെ തോന്നിപ്പോവുന്നു.
പറഞ്ഞു തുടങ്ങിയപ്പോള്‍ പലരുടെയും ഓര്‍മ്മകളിലൂടെ ആ കാലം ക്ലാസ് മുറിയിലേക്ക് ഇഴഞ്ഞു കയറി വന്നു. അന്നു തല്ലിയവര്‍. തല്ലു കൊണ്ടവര്‍. മുങ്ങിയവര്‍. രാഷ്ട്രീയത്തില്‍നിന്ന് എന്നേക്കുമായി ഇല്ലാതായവര്‍. അങ്ങനെ പലരുടെയും ഓര്‍മ്മപ്പെടുത്തലുകള്‍.
 ചിലര്‍ പഴയ കാലത്തിന്റെ വീരഗാഥകളാടി. പാലും തേനുമൊഴുകിയിരുന്ന മാവേലി നാടു പോലെയായിരുന്നു അതെന്ന്. ആരും നിഷേധിച്ചില്ലെങ്കിലും  കള്ളമാണ് ഇവയെന്ന് ഓരോരുത്തരുടെയും ഉള്ളകം പറഞ്ഞു കൊണ്ടിരുന്നു.
എന്റെ ഊഴം വന്നു. പ്രത്യേകിച്ച് എന്തെങ്കിലും പറഞ്ഞ് ആരെയും ഉപദ്രവിക്കില്ലെന്ന് വരുമ്പോഴേ തീര്‍ച്ചപ്പെടുത്തിയിരുന്നു. അതിനാല്‍, ഇപ്പോഴത്തെ ചില കാര്യങ്ങളെ കുറിച്ച് മാത്രം പറഞ്ഞെന്നു വരുത്തി പതിയെ തലയൂരി.
പ്രസംഗങ്ങള്‍ക്കു ശേഷം കലാ പരിപാടികളായിരുന്നു. പാട്ടുകള്‍. തമാശകള്‍. പണ്ട് മനോഹരമായി പാടിയിരുന്ന ചിലരൊക്കെയുണ്ടായിരുന്നു കൂട്ടത്തില്‍. അതില്‍ ആണ്‍കുട്ടികളെല്ലാം പാടി. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും ആരുമെഴുന്നേറ്റ് പാട്ടായില്ല. അതിമനോഹരമായി പാടിയിരുന്ന ഉറ്റ ചങ്ങാതി  തൊട്ടടുത്ത് ചുമ്മാ ഇരിക്കുന്നുണ്ടായിരുന്നു.
'പാടിക്കൂടേ', ഞാന്‍ ചോദിച്ചു.
'എന്ത് പാട്ട്. ഞാനോ?' അവളുടെ മറു ചോദ്യം.
അവളുടെ ഭര്‍ത്താവും കുട്ടിയും തൊട്ടരികിലുണ്ടായിരുന്നു. അവള്‍ എന്നെങ്കിലും പാട്ടു പാടിയിരുന്നതായി അയാളോ മകളോ ഒരിക്കലും അറിഞ്ഞിട്ടുണ്ടാവില്ലെന്ന് പെട്ടെന്ന് തോന്നി. വിവാഹം ചിലരുടെയൊക്കെ ഉള്ളിലെ പാട്ടുകള്‍ കൂടി  കവര്‍ന്നെടുക്കുന്നുണ്ടാവണം പച്ച ജീവിതത്തിന്റെ കനം ഒരു പേപ്പര്‍ വെയ്റ്റു പോലെ പലപ്പോഴും പെണ്‍കുട്ടികളുടെ ഈണങ്ങള്‍ക്കു മേല്‍ നിലയുറപ്പിക്കുന്നുണ്ടാവണം.


പിന്നെ ഭക്ഷണ നേരമായിരുന്നു. 
എത്രയോ കാലത്തിനു ശേഷമായിരുന്നു ഒന്നിച്ചുള്ള അത്തരമാരു വേള.  എല്ലാവരും പരസ്പരം വിശേഷങ്ങള്‍ പറയുകയായിരുന്നു. തമാശകളും ചിരികളും ചേര്‍ന്ന് ഇലയിലെ ഭക്ഷണത്തിന് രുചി കൂടി.
കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ പടിയിറക്കമായി. പല വഴികളിലേക്കുള്ള ചിതറല്‍.  ആണ്‍കുട്ടികളില്‍ ചിലര്‍ വീണ്ടുമൊരു ഒത്തു ചേരലിനുള്ള ഒരുക്കങ്ങളിലായിരുന്നു. കുടുംബത്തെ നേരത്തെ വിട്ട് ഒരു രാത്രി ഒന്നിച്ചു കൂടാനുള്ള തിരക്ക്. അതിനുള്ള കുപ്പികള്‍ നേരത്തെ തയ്യാറായിരുന്നു.
തിരിച്ചിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണില്‍ നമ്പറുകള്‍ കുറേ കൂടി. പോക്കറ്റ് ഡയറിയില്‍ കുറേ ഇ മെയില്‍ ഐഡികള്‍. ഇനിയും കാണാമെന്ന അനേകം വാഗ്ദാനങ്ങള്‍ കോളജ് പടവുകളിറങ്ങി ഒപ്പം പോന്നു.
ക്ലാസ് മേറ്റ്സ് എന്ന സിനിമ ഒരിക്കലും ഉണ്ടാവരുതായിരുന്നു  എന്നാണ്  ഇപ്പോള്‍ തോന്നുന്നത്.  കാലങ്ങള്‍ക്കു ശേഷമുള്ള എല്ലാ കാമ്പസ് കൂടിചേരലുകളെയും അത് ഒരേ അച്ചിലേക്കു മാറ്റുന്നു. ആ സിനിമയുടെ തിരക്കഥയിലാണ് കൂടിച്ചേരലുകള്‍. സ്വാഭാവിക വികാരങ്ങളും പ്രതികരണങ്ങള്‍ക്കും പകരം അതേ തിരക്കഥയിലെ വികാര വിചാരങ്ങള്‍.   ഞങ്ങളുടെ സംഗമത്തിനും ഇതില്‍നിന്ന് മോചനമുണ്ടായില്ല.

സംഗമം കഴിഞ്ഞിട്ടിപ്പോള്‍ കുറേ കാലമായി.
  പരിപാടി കഴിഞ്ഞ ആദ്യ മാസം കുറേ   വിളികള്‍ വന്നിരുന്നു. ചിലതൊക്കെ തിരക്കുള്ള  നേരങ്ങളില്‍. അതു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ പലരുടെയും മുഖം ചുളിഞ്ഞിരിക്കണം. എന്നാല്‍,  പിന്നീട് തിരിച്ചു വിളിക്കുമ്പോള്‍ അവരും തിരക്കുകളിലായിരുന്നു.
തിരക്കില്ലാത്ത സമയങ്ങളില്‍ വിളിച്ച ചില ചങ്ങാതിമാരോടൊക്കെ കുറേ നേരം സംസാരിച്ചു. എന്നാല്‍, വാക്കുകള്‍ പലപ്പോളും ഇടമുറിഞ്ഞു. അധികമൊന്നും സംസാരിച്ചിരിക്കാനുള്ള കോപ്പില്ലായിരുന്നു, പലപ്പോഴും. പഠന കാലത്ത് രാത്രി മുഴുവന്‍ സംസാരിച്ചിരുന്നവര്‍ക്ക് അഞ്ചു മിനിറ്റ് സംസാരിക്കുമ്പോഴേക്കും മടുക്കുന്നുണ്ടായിരുന്നു.
എല്ലാവരും ഏറെ മാറിയിരുന്നു. അഭിരുചികളും രാഷ്ട്രീയ ബോധവും  താല്‍പര്യങ്ങളുമെല്ലാം. ആരും അംഗീകരിക്കുന്നില്ലെങ്കിലും അത് പ്രകടമായിരുന്നു. ഇത്തിരി നേരം സംസാരിക്കുമ്പോഴേക്കും ഈ മാറ്റങ്ങള്‍  ഞങ്ങള്‍ക്കിടയില്‍ വന്ന് കരിങ്കല്ലു പോലെ നിന്നു.
നാടിനെ മാറ്റണമെന്ന് കലശലായി പറഞ്ഞു നടന്ന ഒരു ചങ്ങാതി വിളിച്ചത് ഏതോ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയില്‍ അംഗത്വമെടുക്കാന്‍ പറയാനായിരുന്നു.  പുസ്തകങ്ങള്‍ക്ക് തീറെഴുതിയ  ചങ്ങാതി വല്ലതും വായിച്ച് എത്രയോ കാലമായെന്ന് തുറന്നു പറഞ്ഞു. മഴ പോലെ  കവിതയെഴുതിയിരുന്ന കൂട്ടുകാരന്‍ ആളുകളെല്ലാം ഈ പണ്ടാര പുസ്തകം വായിച്ചിരുന്നിട്ടാണ് നാടു നന്നാവാത്തതെന്ന് അഭിപ്രായപ്പെട്ടു.
അങ്ങനെയങ്ങിനെ പലര്‍. നല്ല തിരക്കുള്ള സമയത്ത് വിളിച്ച് ചിലര്‍ സ്വപ്നങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും വാചാലരായി. തിരക്കാണെന്ന് പറഞ്ഞപ്പോള്‍ തെറിയായി. ഒഴിവു നേരങ്ങളില്‍ ഒത്തു കൂടി ഇത്തിരി മദ്യപിച്ച ആവേശത്തിലായിരുന്നു അവരുടെ സംസാരങ്ങള്‍. മറ്റൊരു നേരത്ത് തിരിച്ചു വിളിച്ചപ്പോള്‍ ഇക്കാലത്ത് എന്ത് സംഗീതം എന്ന മട്ടിലായിരുന്നു പലരും.
പരസ്പരം മനസ്സിലാവാന്‍ പോലും കഴിയാത്തത്ര അകലങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത് എന്നു ബോധ്യപ്പെടുത്താന്‍ മാത്രം സഹായിച്ചു, പല വിളികളും. അതിനാല്‍, വിളികള്‍ പതുക്കെ നിലച്ചു.
ഇ-മെയില്‍ ഇന്‍ബോക്സില്‍  ഇപ്പോഴും വരാറുണ്ട് ചില ഫോര്‍വേഡഡ് മെയിലുകള്‍. ചിലപ്പോള്‍ ചില കുറിപ്പുകള്‍. മദ്യമാണ് അതെഴുതിച്ചത് എന്ന് മുഖത്തെഴുതി വെച്ചത്ര അരോചകമായ സാഹിത്യങ്ങള്‍. ഓര്‍മ്മ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓടി രക്ഷപ്പെടാന്‍ തോന്നി ചിലരുടെ ഒഴിവു നേര വിനോദമായ കവിതകള്‍ വായിച്ചപ്പോള്‍.
 അങ്ങിനെയാണ് കാര്യങ്ങള്‍. പണ്ടേ കൂടെ നടക്കുന്ന  ചില ചങ്ങാത്തങ്ങള്‍ ഒഴിച്ച് മറ്റൊന്നും ഇപ്പോള്‍ ഒപ്പമില്ല.  സംഗമത്തിലൂടെ തിരിച്ചെത്തിയ ചങ്ങാത്തങ്ങള്‍ക്കൊന്നും ആയുസ്സുണ്ടായിരുന്നില്ല.
സൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍  മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു. ചില പ്രത്യേക അളവില്‍ മഞ്ഞും വെയിലും മഴയും വേണമതിന്. അതില്ലാതായാല്‍ അവ കരിഞ്ഞു പോവും. പണ്ടു കാമ്പസ് കാലത്ത് കാലാവസ്ഥ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. ഇപ്പോള്‍ എതിരും. അതിനാലാവണം വീണ്ടും മൊട്ടിട്ട കൂട്ടുകളൊന്നും തളിര്‍ക്കാതെ പോയത്. അതാരുടെയും കുഴപ്പം കൊണ്ടാവില്ല. ജീവിതത്തിന്റെ സ്വാഭാവികത മാത്രമാണ് അതെന്ന് ഇപ്പോള്‍ തിരിച്ചറിയാനാവുന്നു.

Tuesday, May 10, 2011

വിശ്വസിച്ചാലും ഇല്ലെങ്കിലും

ദീര്‍ഘനാള്‍ക്കു ശേഷം കണ്ട കൂട്ടുകാര്‍ക്കൊപ്പം 
നീണ്ടൊരു യാത്ര.  അരൂപികളും പ്രേതങ്ങളും മരണവും 
അതിരിടുന്ന വിചിത്രമായ കഥകളുടെ രാവ്.


അവര്‍ നാലുപേരായിരുന്നു. എന്റെ ബാല്യകാല സുഹൃത്തുക്കള്‍. സ്കൂളില്‍ ഒന്നിച്ചു പഠിച്ചവര്‍. തൊട്ടടുത്ത വീടുകളില്‍ കഴിഞ്ഞവര്‍. വര്‍ഷങ്ങളായി തമ്മില്‍ കാണാത്തവര്‍.
അവിചാരിതമായാണ് അവരെ കണ്ടത്. നാട്ടിലേക്കുള്ള ട്രെയിന്‍ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാന്‍.  റെയില്‍വേ സ്റ്റേഷനിലെ വഴിയിറമ്പില്‍ നിര്‍ത്തിയിട്ട കാര്‍ ശ്രദ്ധിക്കാതെ പോവുമ്പോള്‍ ഒരാരവം ഉയര്‍ന്നു. വെറുതെ നോക്കിയപ്പോള്‍ കാറിലുണ്ട് അവര്‍.
വര്‍ഷങ്ങളായി ഞാനവരെ കണ്ടിട്ട്.  വീടു മാറി പുതിയ സ്ഥലത്തേക്ക് പോന്ന ശേഷം ഇടക്കൊട്ടെ കണ്ടിരുന്നു.  പഠനവും ജോലിയുമായി അലച്ചിലിന്റെ പല കരകളില്‍ പെട്ടപ്പോള്‍ അതുമില്ലാതായി. ഇപ്പോഴിതാ അവരെന്റെ നഗരത്തില്‍. 
കാറിനരിക ചെന്നപ്പോള്‍ നാല്‍വര്‍ സംഘം പുറത്തു വന്നു. ആശ്ലേഷം. സന്തോഷ പ്രകടനങ്ങള്‍. പഴയ നാട്ടില്‍, അടുത്തൊരു  ബന്ധുവിന്റെ  കല്യാണത്തിനാണ് എന്റെ യാത്ര. നാട്ടിലേക്കാണ് ഞാനെന്നറിഞ്ഞപ്പോള്‍  അവര്‍ക്ക് സന്തോഷമിരട്ടിച്ചു. 
പറയാന്‍ വിശേഷമേറെയായിരുന്നു. അവരവരെക്കുറിച്ചു തന്നെ പറയാനുണ്ടായിരുന്നു.
അനി ഗള്‍ഫിലായിരുന്നു ഏറെക്കാലം. ഹരീഷ് ഗള്‍ഫില്‍നിന്ന് വന്ന് നാട്ടില്‍ ചെറിയ കട നടത്തുന്നു. ഷമീര്‍  വര്‍ഷങ്ങളായി ലോറി ഡ്രൈവര്‍. സദാ തമാശ പറയുന്ന ജയന്‍ നാട്ടില്‍ ചില്ലറ ബിസിനസുമായി കഴിയുന്നു.  ഇതൊന്നും എനിക്കറിയുമായിരുന്നില്ല.  അവര്‍ക്കും അറിയുമായിരുന്നില്ല എന്റെ വര്‍ത്തമാനങ്ങള്‍. 
നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലില്‍ വന്നതാണവര്‍. നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടൊരു മാധവേട്ടനുണ്ട്. കല്യാണത്തിനും മരണത്തിനും ജനനത്തിനും മറ്റെല്ലാ ആഘോഷങ്ങള്‍ക്കും മുന്‍പിന്‍ നോക്കാതെ മുന്നില്‍ നില്‍ക്കുന്ന വലിയൊരു മനുഷ്യന്‍. അദ്ദേഹമിപ്പോള്‍ ഇവിടെ ആശുപത്രിയിലാണ്.  അദ്ദേഹത്തെ കാണാന്‍ വന്നതാണ് സംഘം.നാട്ടിലേക്കു തിരിച്ചുപോവുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോഴാണ് ഞാന്‍ ചെന്നു പെട്ടത്.
വൈകാതെ വണ്ടി പാഞ്ഞു തുടങ്ങി. അനിയാണ് ഡ്രൈവര്‍. യാത്ര തുടങ്ങിയതോടെ  കഥകളുട പ്രവാഹമായി. കുട്ടിക്കാലത്ത് അറിഞ്ഞു മറന്ന പലരും കഥാപാത്രങ്ങളായി വണ്ടയിലേക്ക് ഇരച്ചു കയറി. വണ്ടിയിലിപ്പോള്‍ ബാല്യത്തിന്റെ മണം. കണ്ടു മറന്ന നാട്ടുവഴികളുടെ പരിചിത ഗന്ധം. സ്കൂള്‍ കാലം തൊട്ടിങ്ങോട്ടുള്ള കഥകളുണ്ട് പറയാന്‍.  അതങ്ങനെ കാറ്റു പോലെ വീശി.

രണ്ട്

നല്ല ദൂരമുണ്ട് നാട്ടിലേക്ക്. എത്ര പറഞ്ഞാലും തീരാത്ത കഥകളാണ് കൂട്ട്. കഥകള്‍ക്കിടെ ആളുകളും സംഭവങ്ങളും മാറിമാറി വന്നു. വഴിയില്‍ ഏതോ ചെറിയ ചായക്കടക്കരികെ  നിര്‍ത്തി കുറച്ചു നേരമിരുന്നു. കടയിലെ ടി.വിയില്‍ ഏഷ്യാനെറ്റ്. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി. മന്ത്ര സിദ്ധിയുണ്ട് എന്ന് ആളുകള്‍ കരുതുന്ന ഏതോ വൃദ്ധയെക്കുറിച്ച്. നാട്ടുകാര്‍ പറഞ്ഞ് പറഞ്ഞ് ദൈവമായി പോയ അവര്‍ വലിയൊരു നിസ്സഹായതയും ചുമന്നാണ് നടക്കുന്നതെന്ന് തോന്നി.
ചായ കഴിഞ്ഞ് കാറില്‍ കയറിയപ്പോള്‍ സംസാര വിഷയം ആ ചാനല്‍ പരിപാടിയായി.  പ്രേത ബാധയുണ്ടെന്ന് വിശ്വസിക്കുന്ന ഏതോ വീട് നാട്ടിലുണ്ടത്രെ. അതിനെ കുറിച്ച് ചാനലുകാരെ ഉടന്‍ അറിയിക്കണമെന്ന മട്ടിലായി സംസാരങ്ങള്‍.
റോഡില്‍ ഇപ്പോള്‍ നല്ല തിരക്ക്. യാത്ര പതുക്കെയായി. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടിയില്‍നിന്നും പതുക്കെ പ്രേതകഥകളിലേക്ക്  കൂടു മാറി. ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നു ഓരോ കഥകള്‍.
ഒറ്റ മുലച്ചിയെക്കുറിച്ചായിരുന്നു ജയന്‍  പറഞ്ഞത്. കുട്ടിക്കാലത്ത് ഞാനും കേട്ടിട്ടുണ്ടായിരുന്നു അത്തരം കഥകള്‍. നട്ടുച്ചക്ക് പുഴയില്‍ കുളിക്കാന്‍ ചെല്ലുന്നവരാണ് ആ സ്ത്രീയെ കാണാറ്. ഒറ്റ മുല മാത്രമുള്ള ഒരു വൃദ്ധ. ഒരു മുലയുടെ സ്ഥാനത്ത് ചുട്ടു കരിഞ്ഞൊരു പാട്. നീളമുള്ള ഒറ്റ മുല തോളിലൂടെയിട്ട്  പുഴക്കു നടുവിലെ പരന്ന പാറപ്പുറത്ത് അവരിരിക്കും. നീണ്ട മുടി പാറയാകെ മൂടും. ആളുകള്‍ സാധാരണ വരാത്ത നട്ടുച്ചക്ക് ഒറ്റക്ക് പുഴക്കടവിലെത്തുന്നവര്‍ അവരെ കാണാറുണ്ട്. ഏതോ സ്ത്രീ അലക്കുകയാണെന്നേ തോന്നൂ.സൂക്ഷിച്ചു നോക്കിയാലേ അറിയൂ പ്രേതമാണെന്ന്.
അവരെ കണ്ട കഥ പലരും പറയാറുണ്ട്. ശരിക്കും നടന്നത് പോലെ നീട്ടിയും കുറുകിയും. പുഴക്കരയിലൂടെയുള്ള എളുപ്പ വഴിയിലൂടെ സ്കൂളിലേക്ക് നടന്നു പോവാറുണ്ടായിരുന്നു പണ്ട്. ഇക്കഥകള്‍ കേട്ട മുതല്‍ പിന്നെ ഞങ്ങള്‍ ആ വഴി ഉപേക്ഷിച്ചു.
'കുറേ കാലമായി ആരും ഒറ്റ മുലച്ചിയെ കണ്ടിട്ടില്ല. അവരെവിടെയാണാവോ'-അനില്‍ ചോദിച്ചു.
'മരിച്ചു പോയിക്കാണും. പ്രേതമാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.' ഷമീര്‍ കളിയാക്കി.

മൂന്ന്


 പ്രേതകഥകളുടെ  കുത്തൊഴുക്കിനിടെയാണ് ഷമീര്‍ സ്വന്തം കഥകളുടെ കെട്ടഴിച്ചത്. വര്‍ഷങ്ങളായി  ലോറി ഡ്രൈവറാണവന്‍. അന്തര്‍ സംസ്ഥാന പെര്‍മിറ്റുളള ലോറിയില്‍ അവനെന്നും തിരക്കായിരിക്കും. എന്നും യാത്രകള്‍. പ്രീഡിഗ്രി കഴിഞ്ഞ് പഠിത്തം നിര്‍ത്തി വളയം പിടിച്ച അവനെ നാട്ടുകാര്‍ക്കു പോലും അധികം കാണാന്‍ കിട്ടാറില്ല.
കേരളത്തിനു പുറത്തുള്ള വിജനമായ യാത്രകളില്‍ അവന്‍ പറഞ്ഞു കേട്ടും കണ്ടുമറിഞ്ഞ അനേകം കഥകള്‍ കാറിനുള്ളിലേക്കു ഒഴുകിക്കൊണ്ടിരുന്നു.
അതിനിടെ, അക്കഥ .
'ഞങ്ങടെ ലോറിയില്‍ ഒരു ബൈജുവുണ്ടായിരുന്നില്ലേ. നമ്മുടെ കിളി ബൈജു. അവനെങ്ങനാ മരിച്ചതെന്നറിയ്വോ. അതാണ് മരണം'-അവന്‍ തുടങ്ങി.
ബോംബെ റൂട്ടിലേക്കായിരുന്നു ആ യാത്ര.  തിരിച്ചു വരുമ്പോഴാണ് ആ ദുരന്തമുണ്ടായത്. ഓടിച്ചു മടുത്ത് ഏതോ  റോഡരികില്‍ നിര്‍ത്തിയതാണ്. നല്ല വിശപ്പുണ്ടായിരുന്നു. അടുപ്പു കൂട്ടി വല്ലതുമുണ്ടാക്കി തിന്നാനായിരുന്നു പ്ലാന്‍. മുന്നില്‍ കാടു പിടിച്ച സ്ഥലമാണ്.  അവിടെ ചെന്ന് അടുപ്പിനുള്ള കല്ല് പെറുക്കാന്‍ പോയതാണ് ബൈജു. മൊബൈല്‍ ഫോണിന്റെ വെളിച്ചം മാത്രമായിരുന്നു ശരണം.
ലോറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ആകെ തളര്‍ന്നിരുന്നു. അവര്‍ അവനെ കാത്തിരുന്ന് കണ്ണടച്ചു. ഇത്തിരി കഴിഞ്ഞ് ആരോ കണ്ണു തുറന്നപ്പോഴാണ് ബൈജു വന്നില്ലെന്ന് അറിഞ്ഞത്. ഉച്ചത്തില്‍ വിളിച്ചപ്പോള്‍ മറുപടി ഉണ്ടായില്ല.
എല്ലാവരും ഒന്നിച്ചു വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ലോറിയുടെ ഹെഡ്ലൈറ്റിട്ട് വലിയ ടോര്‍ച്ചുമായി അവര്‍   കുറ്റിക്കാടിനുള്ളിലേക്ക ചെന്നു. ബൈജു അവിടെ കിടക്കുന്നുണ്ടായിരുന്നു. കണങ്കാലില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശ്വാസം എന്നേ നിലച്ചിരുന്നു.
കാലില്‍ മുറിവുണ്ടായിരുന്നു. പാമ്പ് കടിച്ചതാണെന്നുറപ്പായി. കടിച്ച പാമ്പിനെ തിരഞ്ഞങ്കിലും കണ്ടില്ല. ഉടന്‍ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും  രക്ഷപ്പെട്ടില്ല. പാമ്പു കടിച്ചതു തന്നെയാണ് മരണകാരണമെന്ന്  ഡോക്ടര്‍ പറഞ്ഞു. ആ പ്രദേശത്ത് ഈയടുത്തു ഇത്തരം മരണം വേറെയും നടന്നതായി ഡോക്ടര്‍ പറഞ്ഞു.
'അതു കഴിഞ്ഞപ്പോഴാണ് കുടുങ്ങിയത്. അവന്റെ വീട്ടുകാരെ വിവരമറിയിച്ചു. അവര്‍ക്ക് സംശയം. അവരും കൂടി  വരുന്നതു കാത്ത് അവിടെ തന്നെ നിന്നു. ഡോക്ടര്‍ പറഞ്ഞതു കൊണ്ടു മാത്രമാണ് അവര്‍ വിശ്വസിച്ചത്. നീല നിറമായി മാറിയിരുന്നു അവന്‍. ആ  ബോഡിയും കൊണ്ട് നാട്ടിലെത്തിയത് എങ്ങിനെയെന്ന് ഇപ്പോഴും പിടിയില്ല'-ഷെമീര്‍ പറഞ്ഞു നിര്‍ത്തി.
നാല്
 

എനിക്കുമുണ്ടായിരുന്നു അതു പോലൊരു കഥ പറയാന്‍. ഡോക്ടറായ ഉറ്റ ചങ്ങാതിയുടെ അനുഭവം. 
നൈറ്റ് ഷിഫ്റ്റായിരുന്നു അന്നവന്‍. രാത്രി വൈകിയാണ് കുറച്ചു നാട്ടുകാര്‍ ആശുപത്രിയിലേക്കു വന്നത്. ഒരു ലോറിക്കാരന്‍ ബോധം കെട്ടു കിടക്കുന്നു. ഡോക്ടര്‍ ഒന്നു നോക്കണം.അവര്‍ പറഞ്ഞു.
താങ്ങി പിടിച്ചു കൊണ്ടു വന്ന ആളെ പരിശോധിച്ചപ്പോള്‍ ഉറപ്പായി. മരിച്ചിരിക്കുന്നു. കാരണം ഹൃദയസ്തംഭനം. മൃതദഹത്തിനരികെ, മെലിഞ്ഞുണങ്ങിയൊരു പയ്യനുണ്ടായിരുന്നു. മരിച്ചയാളുടെ മകന്‍.  പത്ത് പന്ത്രണ്ട് വയസ്സു തോന്നും.
 രാജസ്ഥാനില്‍നിന്ന് നിന്ന് സാധനങ്ങളുമായി വന്നു തിരിച്ചു പോവുന്ന ലോറി ഡ്രൈവറാണ് മരിച്ചത്. യാത്രക്കിടെ ഇടക്ക് നെഞ്ചു വേദന വന്നു. ഇവിടെയെത്തിയപ്പോള്‍ അതു കൂടി.  എളുപ്പം മനസ്സിലാവാത്ത ഹിന്ദിയില്‍ അവന്‍ പറഞ്ഞു.
'അച്ഛനെ ഇവിടെ നിര്‍ത്തിയാല്‍ ശരിയാവില്ല. തിരിച്ചു കൊണ്ടു പോവണം. നാട്ടില്‍നിന്നാരും വരാനില്ല'-അവന്‍ വാശി പിടിച്ചു.
പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. നാട്ടില്‍ നിന്ന് ആരെങ്കിലും വരണം. അല്ലാതെ പോവാനാവില്ല. സാങ്കേതികമായ തടസ്സങ്ങള്‍ ഒരു പാടുണ്ട്.
എന്നാല്‍, അവന്‍ വിട്ടില്ല. നാട്ടില്‍ എത്താതെ പറ്റില്ല. കൃത്യ സമയത്ത് ലോറി എത്തിയിട്ടു വേണം നേരത്ത പറഞ്ഞ മറ്റു ജോലികള്‍ തീര്‍ക്കാന്‍. എങ്ങിനെയെങ്കിലും അച്ഛനെ തൊട്ടടുത്ത് ഇരുത്തി തന്നാല്‍ മതി. താന്‍ നാട്ടിലെത്തിക്കുമെന്ന് അവന്‍ വാശി പിടിക്കാന്‍ തുടങ്ങി.
സാങ്കേതിക പ്രശ്നങ്ങള്‍ വീണ്ടും തടസ്സമായപ്പോള്‍ അവനാകെ കരയാന്‍ തുടങ്ങി. അച്ഛന്റെ മരണവും പിന്നിടാനുള്ള മാര്‍ഗങ്ങളുമെല്ലാം ചേര്‍ന്ന് അവനെ  ഭ്രാന്തു പിടിപ്പിക്കുന്നുണ്ട്. നിര്‍ബന്ധം വല്ലാതെ മുറുകിയപ്പോള്‍, ആരോടും പറയരുതെന്ന കണ്ടീഷനോടെ  അവന്റെ ആവശ്യം അംഗീകരിച്ചു.
മൃതദേഹം ലോറിയില്‍ ഡ്രൈവര്‍ സീറ്റിനരികെ ഇരുത്തി. തുണി കൊണ്ട് നന്നായി കെട്ടിയപ്പോള്‍ അതവിടെ ഇരുന്നു.
വലിയൊരു വണ്ടിയാണ്. ഈ കൊച്ചു പയ്യന്‍ എങ്ങിനെ ഇത്ര ദൂരം അതു പോലൊരു വണ്ടി കൊണ്ടു പോവുമെന്ന് എല്ലാവരും ഭയന്നു. മൃതദേഹം നന്നായി കെട്ടിയ ശേഷം അവന്‍ ഡ്രൈവിങ് സീറ്റിലേക്ക് ചാടിക്കയറി. തീരെ നീളമുണ്ടായിരുന്നില്ല അവന്. ഇത്തരമൊരു കഠിന യാത്രക്ക്  കഴിയത്തത്ര ദുര്‍ബലനാണ് അവനെന്ന തോന്നല്‍ ചുറ്റുമുള്ളവരില്‍ ഇരട്ടിയായി. അവനെ തടയണമെന്നു എല്ലാവരും കരുതിയ അതേ നേരത്ത് പെട്ടെന്നവന്‍ വണ്ടിയെടുത്തു.
'ആ ഒറ്റക്കാഴ്ച മതിയായിരുന്നു അവനാരെന്ന് മനസ്സിലാവാന്‍. അത്ര സമര്‍ഥമായി, അനേകം ടയറുകളുള്ള വലിയ ലോറിയെ അവന്‍ നേര്‍ക്കു നിര്‍ത്തി. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടി എടുത്തു. വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായിരുന്നു അവന്'
'ആ ഡ്രൈവിങ് കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഉറപ്പായി, അവന്‍ നാട്ടിലെത്തുമെന്ന്. അത്ര നല്ല ഡ്രൈവിങ്'-കൂട്ടുകാരന്‍ എന്നോട് പറഞ്ഞു.
ആ സംഭവം പറഞ്ഞു കേട്ടതു മുതല്‍ എന്റെ മനസ്സില്‍ അവനായിരുന്നു. ആ കൊച്ചു പയ്യന്‍. ജീവനറ്റു കിടക്കുന്ന അച്ഛന്റെ മൃതദേഹവുമായി കാതങ്ങള്‍ താണ്ടിയുള്ള ആ യാത്ര എന്നെ ഭയപ്പെടുത്തി. വിജന വഴികളിലൂടെ ഒരു മൃതദേഹത്തോടൊപ്പം ഒറ്റക്കുള്ള യാത്ര സങ്കല്‍പ്പിക്കാനേ കഴിയുമായിരുന്നില്ല, എനിക്ക്.

അഞ്ച്


എന്റെ കഥക്ക് ഉടനെ മറു കഥയുണ്ടായി ഷമീറില്‍നിന്ന്. കാക്കത്തൊള്ളായിരം യാത്രക്കഥകളുണ്ടായിരുന്നു കാലങ്ങളായി വളയം പിടിച്ച അവന്റെ ശേഖരത്തില്‍.
രാത്രിയായി തുടങ്ങിയിരുന്നു. ഇപ്പോള്‍ വണ്ടി നല്ല പാച്ചിലാണ്. ഏറെ ദുരം പിന്നിട്ടെങ്കിലും കഥകളുടെ ഊര്‍ജം ഞങ്ങളുടെ ഉറക്കമകറ്റി. 
ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നു വിചിത്രമായ കഥകള്‍. നടന്നതാവാം. കേട്ടു കേള്‍വിയാവാം.സങ്കല്‍പ്പമാവാം. എങ്കിലും അതിലെല്ലാം ജീവിതമുണ്ടായിരുന്നു.
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന മട്ടിലുള്ള ആ കഥകളില്‍നിന്ന് അരൂപികളും ഭീതിദമായ ദിവസങ്ങളും വിജനമായ വെളിമ്പാതകളും പാഞ്ഞും കിതച്ചും മനസ്സിലേക്കു വന്നു കൊണ്ടിരുന്നു.
നാട്ടിലെത്താന്‍ ഇനിയുമേറെയുണ്ട്. വിജനമായ ഒരു വഴിയിലൂടെയാണ് കഥകളുടെ മാറാപ്പുമായി വണ്ടി കുതിക്കുന്നത്.
പെട്ടെന്ന് ഒരിരമ്പലോടെ വണ്ടി നിന്നു. കാര്‍ റോഡരികിലേക്കു മാറ്റി ഷെമീറും അനിയും പരിശോധിക്കുമ്പോള്‍ കണ്ടു, സമീപത്ത് ഒരു കുറ്റിക്കാട്. അടുത്തെങ്ങും വീടില്ല. ഹൈവേ ആയതിനാല്‍ ഇടക്കിടെ വണ്ടികള്‍ വരുന്നുവെന്നു മാത്രം. ചുട്ടുപഴുത്ത കാര്‍ബ്യുറേറ്റില്‍ വെള്ളമൊഴിച്ച് ഇത്തിരിനേരം പരിശ്രമിച്ചപ്പോള്‍ വണ്ടി സ്റ്റാര്‍ട്ടായി.
വീണ്ടും റോഡില്‍. വണ്ടി നീങ്ങി. എന്തു കൊണ്ടോ കാറിനകത്ത് ഇപ്പോഴൊരു നിശãബ്ദത. ആരുംമിണ്ടുന്നില്ല.
വേഗത കൂട്ടുന്നതിനിടെ അനി പെട്ടെന്ന് ചോദിച്ചു,
'അല്ല, കാറു നില്‍ക്കാന്‍ പ്രത്യകിച്ച് യാതൊരു കാരണവുമില്ല. ഇനി അതിപ്പോ വല്ല പ്രേതമാവ്വോ. ഇതവരുടെ ഏരിയയാണെന്നാ കേള്‍വി'
ഇത്തിരി നേരമായി വണ്ടിയില്‍ കുടുങ്ങി കിടന്നൊരു മൌനം, പെട്ടെന്ന്  വാഹനം കുലുങ്ങുമാറുള്ളൊരു പൊട്ടിച്ചിരിയില്‍ തകര്‍ന്നു തരിപ്പണമായി. അതിലേക്കു കയറിവന്നു വീണ്ടും കഥകള്‍.
മുന്നില്‍ കറുത്ത് മിനുത്ത് റോഡ്. 
അതിവേഗം മൈല്‍ക്കുറ്റികള്‍ പിന്നിടുന്ന വണ്ടി. 
വണ്ടിയില്‍, കഥകള്‍. കഥകള്‍.

Monday, May 2, 2011

അന്ധത ഒരു നിറമാണ്

അന്ധത മൂടിയ സഹജീവികളുടെ നിറങ്ങളിലേക്ക് ഒരു തിരിഞ്ഞു നടത്തം


 അന്ധരുടെ ലോകം വെറുമൊരു കൌതുകമായി കുട്ടിക്കാലത്തേ മനസ്സിലുണ്ടായിരുന്നു. അക്കാലങ്ങളില്‍ വായിച്ച ഏതൊക്കെയോ പുസ്തകങ്ങള്‍ നിക്ഷേപിച്ച ബോധം. കണ്ണു കാണാത്തവരുടെ ലോകം വല്ലാത്തൊരു വിസ്മയമായി ഉള്ളില്‍ നിറഞ്ഞപ്പോള്‍ ഒരു നാള്‍ കണ്ണടച്ച് വെറുതെ പടികളിറങ്ങി നോക്കി. മുട്ടനൊരു വീഴ്ചയായിരുന്നു ഫലം. ഉരഞ്ഞു പൊട്ടിയ മുട്ട് തടവിയിരിക്കുമ്പോള്‍ എന്താണ് ആ വീഴ്ചയുടെ ഗുട്ടന്‍സെന്ന് ആരോടും പറഞ്ഞില്ല.എന്നാല്‍, അത്തരം പരീക്ഷണങ്ങള്‍ പിന്നെയുണ്ടായില്ല.
അക്കാലത്ത് ഉള്ളില്‍ കുടിയേറിയ ഏതോ ഒരു റഷ്യന്‍ പുസ്തകത്തില്‍ കണ്ണു കാണാത്തൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. എല്ലാ റഷ്യന്‍ കഥകളിലെയും പോലെ നടാഷ എന്നോ മറ്റോ പേരുണ്ടായിരുന്ന ഒരുവള്‍.  ചിത്രകാരിയായിരുന്ന അമ്മയോട് അവള്‍ നിറങ്ങളെ കുറിച്ചന്വേഷിക്കുന്നതും മറ്റുമായിരുന്നു കഥ. 
സങ്കല്‍പ്പത്തില്‍ പല ലോകങ്ങള്‍ മെനഞ്ഞ് ഒറ്റക്കിരിക്കുന്ന കുട്ടിയായിരുന്നു ഞാനന്ന്. മനസ്സ് കൊണ്ട് ഞാനാ കൂട്ടുകാരിയുമായി സഹവര്‍തിത്വം സ്ഥാപിച്ചു. വെള്ളാരങ്കണ്ണുകളും കടലാസു പോലെ വെളുത്ത തൊലിയുമൊക്കെയായി അവളെ ഞാന്‍ മനസ്സില്‍  സങ്കല്‍പ്പിച്ചെടുത്തു. എനിക്കറിയുന്ന ഭാഷയില്‍ ഞാനവളെ പൂക്കളുടെ ചുമപ്പും ഇലകളുടെ പച്ചയും ആകാശ നീലയും മനസ്സിലാക്കാന്‍ ശ്രമിച്ചു. എത്ര പറഞ്ഞിട്ടും മനസ്സിലാവാത്ത റഷ്യന്‍ ഭാഷയില്‍ അവള്‍ തന്നെ നിസ്സഹായത ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും  നിറങ്ങളുടെ എനിക്കറിയുന്ന യാഥാര്‍ഥ്യം അവളെ ബോധ്യപ്പെടുത്താന്‍ വീണ്ടും വീണ്ടും ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.
കുട്ടിക്കാലത്തിന്റെ കുതൂഹലങ്ങള്‍ മാറി തുടങ്ങിയ ഏതോ കാലത്താണ്  അവള്‍ എന്റെ കാഴ്ചയില്‍നിന്നു മറഞ്ഞത്.  പുതിയ പുസ്തകങ്ങളില്‍നിന്ന് അതിലും കൌതുകകരമായ സ്വഭാവ വിശേഷങ്ങളുമായി മറ്റു പലരും സങ്കല്‍പ്പ ലോകത്തേക്ക് വന്നതാവാം കാരണം. ആലീസും  സിന്‍ഡ്രല്ലയും അത്ഭുത വാനരന്‍മാരും ആലിബാബയും നാറാണത്ത് ഭ്രാന്തനുമൊക്കെ  വെഞ്ചാമരം വീശുന്ന കൌതുകങ്ങളുടെ ഘോഷയാത്രയില്‍നിന്ന് ആ റഷ്യന്‍ പെണ്‍കുട്ടി ആരുമറിയാതെ ഇറങ്ങിപ്പോയതാവാനും  സാധ്യതയുണ്ട്. എന്തായാലും  പുതിയ കഥാപാത്രങ്ങളും ഭാവനാ ലോകങ്ങളും ചേര്‍ന്ന് അവളെ കാണാത്ത വിധം എന്നെ ഏതോ ഒളിവിടങ്ങളില്‍ താമസിപ്പിച്ചു എന്നതാണ് നേര്. 

രണ്ട്


കാലമേറെ കഴിഞ്ഞ് കോളജ് പഠനകാലത്താണ് ആദ്യമായി യഥാര്‍ഥ അന്ധത മനസ്സിലാവുന്നത്. അവരുടെ ലോകങ്ങളിലെ നിഴലും വെളിച്ചവും പോലും പിന്നെ കണ്ടറിഞ്ഞു. 
ഹോസ്റ്റലിലെ താഴത്തെ നിലയിലെ ആദ്യ മൂന്ന് മുറികളില്‍ അന്ധ വിദ്യാര്‍ഥികളായിരുന്നു.  കട്ടിച്ചില്ലുള്ളതോ കറുത്തതോ ആയ കണ്ണടകളായിരുന്നു അവരുടെ മുഖത്ത് ഒട്ടിച്ചു വെച്ച അടയാള വാക്യങ്ങള്‍. അത് വായിച്ചും കണ്ടും പതിയെ ഞാനാ മുറികളില്‍ പതിവുകാരനായി. ഹോസ്റ്റലില്‍നിന്ന്കോളജിലേക്കു തപ്പിത്തടഞ്ഞു പോവുന്ന അവരെ ക്ലാസിലെത്തിക്കാന്‍  ഉല്‍സാഹം കാട്ടിയതോടെ അവരില്‍ പലരും അടുത്ത ചങ്ങാതിമാരായി. പല പേരുകളുണ്ടായിട്ടും അവരെല്ലൊം പല കാര്യങ്ങളിലും ഒരു പോലെയായിരുന്നു. അവര്‍ക്കു മീതെ അന്ധത വല്ലാത്തൊരു പുതപ്പ് എടുത്തിട്ടിരുന്നു.
ഹോസ്റ്റലില്‍നിന്ന് കോളജിലേക്കുള്ള വഴി ചെങ്കുത്തായ ഒരു കയറ്റമായിരുന്നു. ചെറിയ നടപ്പാതയുടെ ഇരു വശത്തും താഴ്ച്ചയാണ്. കണ്ണു കാണാത്തൊരാള്‍ക്ക് തീര്‍ച്ചയായും ദുര്‍ഘടമായ ആ വഴി എത്ര പെട്ടെന്നാണ് അവര്‍ ഹൃദിസ്ഥമാക്കുന്നതെന്ന് പലപ്പോഴും അമ്പരന്നിട്ടുണ്ട്. കണ്ണു കാണുന്ന ഞങ്ങളിലാരും കൂട്ടില്ലാത്ത ദിവസങ്ങളിലും അവര്‍ കൂട്ടം ചേര്‍ന്ന് ആ വഴി നടന്നു കയറി കോളജിലെത്തി. വഴി തീരുന്നിടത്ത് വലിയൊരു മരം താഴേക്ക് കമ്പുകളാഴ്ത്തിയിരുന്നു. അവിടെയെത്തുമ്പോള്‍ കൃത്യമായി മറ്റെല്ലാവരെയും പോലെ അവര്‍ തല താഴ്ത്തി. കമ്പുകള്‍ തീരുന്നിടത്ത് തല ഉയര്‍ത്തി. 
 മൂന്ന് മുറികളിലെയും അന്ധരായ സുഹൃത്തുക്കള്‍ രാത്രി തുടങ്ങുമ്പോള്‍ ഒരു മുറിയില്‍  ഒത്തു ചേരും. രാത്രിയിലെ മടുപ്പിക്കുന്ന ചില നേരങ്ങളില്‍ ഞാനവരുടെ മുറിയില്‍ പോയിരിക്കാറുണ്ടായിരുന്നു. നന്നായി പാട്ടു പാടുന്നവരുണ്ടായിരുന്നു അവരില്‍. നല്ല രസികന്‍ പാട്ടുകളും തമാശകളുമൊക്കെയായി സന്തോഷകരമായ നേരങ്ങള്‍.
എന്നാല്‍, അത്ര നല്ല സ്വീകരണമായിരുന്നില്ല ആദ്യ കാലങ്ങളില്‍ ആ മുറികളില്‍ എനിക്കു ലഭിച്ചത്. ചെവി പൊട്ടുന്ന തെറികളാലാണ് അവരെന്നെ അഭി സംബോധന ചെയ്തത്. ആദ്യമൊക്ക എനിക്കതില്‍ അമ്പരപ്പായിരുന്നു പിന്നെ കാര്യം പിടികിട്ടി. കാഴ്ചയില്ലായ്മയേള്‍ അവരെ അലട്ടിയത് മറ്റുള്ളവരുടെ സഹതാപമായിരുന്നു. മറ്റുള്ളവരെ പോലെയാണ് തങ്ങളുമെന്ന് കാണിക്കാനുള്ള കുറുക്കു വഴിയായിരുന്നു ആ തെറിയുല്‍സവങ്ങള്‍.  അതേ തെറി തിരിച്ചു വിളിക്കാനും ആര്‍ത്തു പാടാനും ഞാനും പഠിച്ചതോടെ പ്രശ്നമവിടെ തീര്‍ന്നു. പിന്നീടുള്ള നാളുകള്‍ പല തരം കഥകള്‍ കൊണ്ടും തമാശകള്‍ കൊണ്ടും മുറി കൊഴുത്തു.

മൂന്ന്

  വ്യത്യസ്തമായിരുന്നു അവരുടെ ജീവിത കഥകള്‍. പല സമയത്തു വന്നു പെട്ട അന്ധതയുടെ ഊരാക്കുടുക്കുകള്‍ തമാശയെന്നോണം അവര്‍ പറഞ്ഞൊഴിച്ചു. 
ബാബു പണ്ടേ അന്ധനാണ്. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവന്റെ കണ്ണില്‍  ഇരുട്ടാണ്. അന്ധനെന്ന പരിഗണനയോടുള്ള വിദ്വേഷം ഊട്ടി വളര്‍ത്തുന്നതായിരുന്നു  വീട്ടിലെ സാഹചര്യം. ജീവിതം മുഴുവന്‍ തന്റെ കാഴ്ച ഇരുട്ടു തന്നെയായിരിക്കുമെന്ന് അവനുറപ്പായിരുന്നു. അത് സ്വാഭാവികമെന്നോണം അവന്‍ അംഗീകരിച്ചിരുന്നു.
അനില്‍ ഒരു ദുരന്ത കഥാപാത്രമാണ്. അഴിക്കുന്തോറും കുതറി മാറുന്ന  വല്ലാത്തൊരു കുരുക്കായിരുന്നു അവന് അന്ധത. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വന്നൊരു പനിയാണ് അവന്റെ കാഴ്ച അടച്ചു കളഞ്ഞത്. അതിനു ശേഷമുള്ള എട്ടു വര്‍ഷങ്ങള്‍ ഇരുട്ടിലായിരുന്നു അവന്‍. പത്തില്‍ നല്ല മാര്‍ക്ക് വാങ്ങിയ അവന്  നേത്ര ശസ്ത്രക്രിയ നടത്താന്‍ സ്ഥലത്തെ ഒരു കലാ സമിതി മുന്നിട്ടിറങ്ങി. കാര്യങ്ങള്‍ അതിന്റെ വഴിക്കു നടന്നപ്പോള്‍ അവന്റെ കണ്ണുകളില്‍ കാഴ്ച മങ്ങിത്തെളിഞ്ഞു.
 പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ അവന്‍ പൂവും ആകാശവും കൊതിയോടെ കണ്ടു നടന്നു. പേരുകേട്ടൊരു സംഗീത കോളജില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടി.  ക്ലാസ് തുടങ്ങുന്ന ആഴ്ച അവന്റെ ജീവിതത്തില്‍ വീണ്ടും ദുരന്തമെത്തി. സഹോദരനൊപ്പം ബൈക്കില്‍ പോവുമ്പോള്‍ ഒരപകടം. തലയിടിച്ചു വീണ അവന്‍ കണ്ണു തുറന്നത് അന്ധതയിലേക്കായിരുന്നു. അതിന്റെ സങ്കടത്തില്‍ അവനൊരു വര്‍ഷം പഠിക്കാനേ പോയില്ല. പിന്നെ, ഞങ്ങളുടെ കോളജിലേക്ക് കട്ടിക്കണ്ണടയുമായി അവനെത്തി. കാഴ്ച  ഒളിച്ചു കളിനടത്തുന്ന അവന്റെ കണ്ണുകള്‍ക്ക് ഇനിയൊരു ശസ്ത്രക്രിയ താങ്ങാനാവില്ലെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ സമ്പൂര്‍ണമായ ഒരിരുള്‍ ജീവിതത്തിന് മനസ്സ് പാകപ്പെടുത്തുകയായിരുന്നു അന്നവന്‍.
സുരേഷും അരുണുമെല്ലാം ഏറിയും കുറഞ്ഞും ഇതേ അനുഭവത്തിന്റെ പല വഴികള്‍ പങ്കുവെച്ചു. സൈമണിന്റെ കഥ എന്നാല്‍, വ്യത്യസ്തമായിരുന്നു.  യു.പി സ്കൂളില്‍ പഠിക്കുമ്പോഴാണ് കണ്ണു കാണുന്നവരുടെ പട്ടികയില്‍നിന്ന് അവന്‍ പുറത്തായത്. ഉച്ചയൂണു കഴിഞ്ഞ് വീടിനടുത്തുള്ള സ്കൂളിലേക്ക് ആഞ്ഞു നടക്കുകയായിരുന്നു അവന്‍. കുറച്ചു ചെന്നപ്പോള്‍ പൊടുന്നനെ രാത്രിയായതു പോലെ തോന്നി. പെരു മഴയുടെ വരവാണെന്ന് ആദ്യം തോന്നി. പിന്നെ, രാത്രിയായെന്നും.  മുന്നില്‍ വന്ന ആരോടോ അവന്‍ ഇതെന്തേ ഇത്ര  വേഗം രാത്രിയായത് എന്ന് ചോദിച്ചു. അതിനു കിട്ടിയ ഉത്തരം പിന്നയവനെ അന്ധരുടെ പട്ടികയില്‍ കൊണ്ടിരുത്തി.
സങ്കടത്തിന്റെ വല്ലാത്തൊരു പുഴ നിശãബ്ദമായി ഒഴുകുന്നുണ്ടായിരുന്നു അവരുടെ മുറികളില്‍. എന്നാല്‍, അതവര്‍ സമ്മതിച്ചില്ല. സന്തോഷത്തിന്റെ ആരവങ്ങളിലാണ് തങ്ങളെന്ന് സദാ സമയവും ബോധ്യപ്പെടുത്താന്‍ തെറി വിളികളും പാട്ടുകളും കൊണ്ടൊരു മതില്‍ അവര്‍ സദാ ചുറ്റും പണിതു.

നാല്
 
 പി.ജിക്ക് വിദൂര നഗരത്തിലെ മറ്റൊരു കോളജിലെത്തിയപ്പോള്‍ അവസ്ഥകള്‍ മാറി. യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ അന്ധിദ്യാര്‍ഥികള്‍ ആരുമുണ്ടായിരുന്നില്ല. പതിയെ പതിയെ പഴയ മുറികള്‍ വല്ലപ്പോഴും മനസ്സിലെത്തുന്ന സങ്കടപ്പെടുത്തുന്ന ഓര്‍മ്മ മാത്രമായി.
അവസാന വര്‍ഷ പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലായിരുന്നു സര്‍വകലാശാലാ കലോല്‍സവം. എന്തോ ആവശ്യവുമായി കലോല്‍സവ വേദിയില്‍ ചെന്ന് തിരിച്ചു പോരുമ്പോള്‍ ആ സംഭവമുണ്ടായി.
നല്ല തിരക്കായിരുന്നു റോഡില്‍. ചങ്ങാതിയോട് എന്തൊക്കെയോ സംസാരിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ ആരോ എന്റെ പേര് ഉച്ചത്തില്‍  വിളിക്കുന്നത് കേട്ടു. നല്ല പരിചയമുള്ള ശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ കുട്ടികളുടെ തിരക്കിനിടയില്‍ അനില്‍. മറ്റ് രണ്ട് അന്ധരുടെ കൈ പിടിച്ച് റോഡരികില്‍ നില്‍പ്പായിരുന്നു അവന്‍.
ഓടിച്ചെന്ന് അവന്റെ കൈപിടിച്ചപ്പോള്‍ അവനെന്നെ കെട്ടിപ്പിടിച്ചു. അവനെ എന്നിലേക്ക് ചേര്‍ക്കുമ്പോള്‍ പെട്ടെന്ന് കണ്ണുകള്‍ നിറഞ്ഞു.
'എങ്ങിനെ കണ്ടു പിടിച്ചു നീയെന്നെ'-ഞാന്‍ ചോദിച്ചു.
കണ്ടല്ല, കേട്ടുപിടിച്ചു. നിന്റെ ഒച്ച കേട്ടാല്‍ എനിക്കറിഞ്ഞു കുടേ എന്നവന്‍ ഒറ്റപ്പെയ്യല്‍.

സത്യത്തില്‍ അവന്‍ എന്റെ നഗരത്തില്‍ തന്നെയുണ്ടായിരുന്നു. കുറച്ചകലെയുള്ള ഒരു ബി.എഡ് കോളജില്‍. അവിടെ നിന്ന് ലളിതഗാന മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. അന്നേരമാണ് എന്റെ ശബ്ദം കേട്ടത്.
എന്താണ് അവനോടു പറയേണ്ടത് എന്ന് മനസ്സിലായില്ല.
അവനെ കൂട്ടി ഞാന്‍ ഹോസ്റ്റല്‍ മുറിയലേക്കു പോന്നു. പരീക്ഷാ പഠനത്തിനായി തയ്യാറാക്കി ചുവരില്‍ പതിച്ച ടൈംടേബിളിനു താഴെ അവനെയിരുത്തി ഏറെ നേരം സംസാരിച്ചു. പിന്നെ, പിറ്റേന്നത്തെ പരീക്ഷക്ക് പഠിക്കേണ്ട പാഠങ്ങള്‍ മറന്ന് അവന്റെ പഴയ പാട്ടുകള്‍ ആവര്‍ത്തിച്ചു കേട്ടു. 

Tuesday, April 5, 2011

ഒരുവള്‍ നിശ്ശബ്ദയാവുന്നതിന്റെ വഴിക്കണക്കുകള്‍


നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി നിശ്ശബ്ദതയില്‍
തളംകെട്ടിയതിന്റെ നാള്‍വഴിക്കണക്കുകള്‍. സൌഹൃദവും കാമ്പസും
നിറയുന്ന ഓര്‍മ്മപ്പുസ്തകത്തിലെ വേദനകളുടെ ഒരു താള്‍.

കാമ്പസിന്റെ നെഞ്ചിലേക്ക്  മുദ്രാവാക്യങ്ങള്‍ പറന്ന  സമരനാളുകളിലൊന്നാണ് അവള്‍  ഞങ്ങളുടെ കൂട്ടത്തിലേക്കു വരുന്നത്. ഡിപ്പാര്‍ട്മെന്റിന്റെ ആവശ്യങ്ങള്‍ക്കായുള്ള സമരമായിരുന്നു. പുതിയ ബാച്ചിലെ കുട്ടികള്‍ വന്നയുടന്‍ അവരുമതില്‍ സജീവമായി. അവരുടെ കൂട്ടത്തില്‍ ഏറ്റവും നന്നായി സംസാരിക്കുന്ന ഒരാളെന്ന നിലയിലാണ്  അവള്‍  ഞങ്ങളുടെ കൂട്ടത്തിലേക്കു വരുന്നത്.  മറ്റ് ക്ലാസുകളില്‍ കാംപെയിന്‍ നടത്തി സമരത്തിന്റെ ആവശ്യകത അറിയിക്കാനും പൊതു ചടങ്ങുകളില്‍ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കാനും അവള്‍ക്കായി.  ജൂനിയര്‍ എന്ന അദൃശ്യ കവചം ഒറ്റയടിക്ക് ഭേദിച്ച് പൊടുന്നനെ അവള്‍ സമര സമിതിയില്‍ സജീവമായി.
സമരം അതിന്റെ വഴിക്കു പോയി. വിജയമെന്നു പറയാവുന്ന ഒരവസ്ഥ വന്നു പെട്ടപ്പോള്‍ സമരം തീര്‍ന്നു.  വീണ്ടും പതിവു കാമ്പസ് പകലുകള്‍. ക്ലാസ് മുറികള്‍. പുറത്തെ വെടിവട്ടങ്ങള്‍. അതിനിടെ, സ്വാഭാവികമെന്നോണം സമരത്തിനു നേതൃത്വം നല്‍കിയ ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന  കൂട്ടത്തിലേക്ക് അവള്‍ വന്നു. ഒരൊറ്റ ദിവസം കൊണ്ട് വര്‍ഷങ്ങളായി പരിചയമുള്ള ഒരാളെപ്പോലെയായി അവള്‍.
മറ്റ് ജൂനിയേഴ്സ് ഒന്നും സജീവമാവാത്ത തുടക്കനാളുകളില്‍   രണ്ടാം വര്‍ഷക്കാരായ ഞങ്ങളുടെ കൂട്ടത്തില്‍ അവള്‍ സജീവമായത് പലരെയും ചൊടിപ്പിച്ചു. ഒരു പുച്ഛച്ചിരിയില്‍ ഞങ്ങളത് പറത്തിക്കളഞ്ഞു.
ഒന്നാം വര്‍ഷക്കാര്‍ക്ക് കോളജ് ഹോസ്റ്റലില്‍ ഇടമില്ലാത്തതിനാല്‍ കടലിനടുത്ത് കന്യാസ്ത്രീകള്‍ നടത്തുന്ന ഹോസ്റ്റലിലായിരുന്നു അവളുടെ താമസം. രാവിലെ ക്ലാസിലെത്തും. ഇടവേളകളില്‍ ഞങ്ങള്‍ക്കൊപ്പം ചുറ്റിത്തിരിയും. ഇഷ്ട വിഷയങ്ങള്‍ സമാനമായതിനാല്‍ അവള്‍ക്കുമേറെ പറയാനുണ്ടായിരുന്നു. 
ഒരു ദിവസം അവള്‍ രോഷത്തോടെ പറഞ്ഞു - 'മെത്രാന്റെ അരമന കത്തിക്കേണ്ട കാലം കഴിഞ്ഞു. എന്തൊരു തട്ടിപ്പാണവിടെ. ഹോസ്റ്റലിന്റെ പേരില്‍ പാവപ്പെട്ട കുട്ടികളെ അപമാനിക്കുകയാണ് കന്യാസ്ത്രീകള് '.
ആ സ്വരത്തില്‍ അപാരമായ രോഷവും ഊര്‍ജവുമുണ്ടായിരുന്നു. ഹോസ്റ്റലില്‍ പാവപ്പെട്ട വീടുകളില്‍നിന്നു വരുന്ന കുട്ടികളോടു കാണിക്കുന്ന പക്ഷഭേദത്തെ ചൊല്ലിയായിരുന്നു  രോഷം. ആ സ്വരത്തിലെ സത്യസന്ധത പൊടുന്നനെ അവളാരെന്ന് വെളിപ്പെടുത്തി. കൂട്ടത്തിലേക്ക് പൂര്‍ണമായും അവള്‍ ജ്ഞാനസ്നാനം ചെയ്തു.
അജിതയുടെ ആത്മകഥയും,കോളജിന്റെ നക്സല്‍ പാരമ്പര്യത്തെക്കുറിച്ച അറിവുകളുമെല്ലാം ചേര്‍ന്ന്  പുതുമുറക്കാരായ ഞങ്ങളില്‍  സഹജമായ ചില ഇളക്കങ്ങള്‍ വന്നു പെട്ട നാളുകളായിരുന്നു അത്. വിപ്ലവത്തെക്കുറിച്ചും ചെഗുവേരയെക്കുറിച്ചും  അത്തരം വിഷയങ്ങള്‍ വരുന്ന പുസ്തകങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ വാചാലരായി. എന്നാല്‍, കൈ മുറിഞ്ഞാല്‍ തല കറങ്ങി വീഴുന്നവരായിരുന്നു  വിപ്ലവകാരികളായ ഞങ്ങള്‍!.
കോഴിക്കോടിനടുത്ത മാവൂരില്‍ ബിര്‍ല കമ്പനി നടത്തുന്ന വിഷമലിനീകരണത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം അന്ത്യഘട്ടത്തില്‍ എത്തിയ കാലമായിരുന്നു അത്.  ചോര തിളക്കലുകളുടെ പകലുകളിലൊന്നില്‍ ഏറെ ദൂരെയുള്ള മാവൂരില്‍ പോവാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. എന്നാല്‍, എന്തു കൊണ്ടോ ആ യാത്ര നടന്നില്ല.
സമാനമായ അനേകം കാര്യങ്ങളുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. എഴുത്തും വായനയും. വായനയിലൂടെ കൊടിയ ഏകാന്തത മറികടന്ന ചെറുപ്പം.  സിനിമ, രാഷ്ട്രീയം, കമ്യൂണിസം, സംഗീതം എന്നിങ്ങനെ പല ഇഷ്ടങ്ങള്‍. വ്യത്യസ്തമായിരുന്നു ഞങ്ങളുടെ ചുറ്റു പാടുകള്‍. എങ്കിലും പൊരുതി നില്‍ക്കലിന്റേതായ എന്തൊക്കെയോ ഘടകങ്ങള്‍ അവയിലുണ്ടായിരുന്നു. ഇത്തരം അനേകം താല്‍പര്യങ്ങളുടെ സമാന പരിസരങ്ങള്‍ ഞങ്ങളെ  അടുപ്പിച്ചു.

രണ്ട്


ഇങ്ങിനെ അനേകം സംഭവങ്ങള്‍. സത്യത്തില്‍ പഴയ അവളെക്കുറിച്ച് പറയാനായിരുന്നില്ല ഇതെഴുതി തുടങ്ങിയത്. പുതിയ അവളെക്കുറിച്ച് പറയാനാണ്. എന്നാല്‍, പറഞ്ഞുപറഞ്ഞ് ഓര്‍മ്മകളുടെയും വിശേഷണങ്ങളുടെയും  കപ്പല്‍ ചാലിലേക്ക് വാക്കുകള്‍ ഒഴുകിപ്പോയി. ആത്മകഥപോലെ നീണ്ടു പോവുന്ന ഈ തീവണ്ടി മുറികളെ പോസ്റ്റിന്റെ ഇത്തിരി പാളങ്ങളിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.
അതിനാല്‍, കഥ ചുരുക്കത്തില്‍ എന്ന മട്ടില്‍ ബാക്കി ഇങ്ങിനെ പറയാം.
കാമ്പസ് കാലം കഴിഞ്ഞ് ഞങ്ങളെല്ലാം പല കരകളില്‍ അടിഞ്ഞു.ഒരു വര്‍ഷം ജൂനിയര്‍ ആയതിനാല്‍ ജോലിയിലേക്ക് തിരിയാന്‍ അവള്‍ പിന്നെയും കാലമെടുത്തു. ജോലികളും സ്ഥലം മാറ്റങ്ങളും അലച്ചിലുകളും ഓരോരുത്തരെയും സ്വന്തം കൂടുകളില്‍ അടച്ചിട്ടു. പിന്നെ വിവാഹങ്ങള്‍. കുടുംബം. മൊബൈല്‍ ഫോണുകളും സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളും ഇ മെയിലും വൈകാതെ ഒപ്പമെത്തി. 
അവള്‍ പ്രിയപ്പെട്ട ആ പ്രൊഫഷനിലേക്കു തന്നെയെത്തി.  അധ്യാപനം. ഇഷ്ടപ്പെട്ട കോളജില്‍ ഇഷ്ടപ്പെട്ട ജോലി. പിന്നെ വന്നു, വിവാഹം. അയാള്‍ വിദേശത്ത് എഞ്ചിനീയര്‍. നാട്ടുകാരന്‍. ഒരേ സഭക്കാരന്‍.  കള്ളുകുടിയില്ല. പുകവലിയില്ല. മറ്റ് പ്രശ്നങ്ങളില്ല. സൌമ്യന്‍. ഈശ്വര വിശ്വാസി. എന്നാല്‍, അധികം ആരോടും മിണ്ടില്ല .ഉറ്റ  സൌഹൃദങ്ങളില്ല. മൊത്തത്തില്‍  ഒഴിഞ്ഞു മാറി നടക്കുന്ന ഒരു പ്രകൃതം.
കുടുംബങ്ങളായിരുന്നു ആദ്യം യോജിച്ചത്. അവര്‍  വിവാഹം തീരുമാനിച്ചു. അവള്‍ക്കും താല്‍പര്യമായിരുന്നു. അയാളെക്കുറിച്ച് പറയുമ്പോള്‍ അവള്‍ ഇത്തിരി ഇളകുന്നതായി കണ്ടെത്തി ഞങ്ങള്‍ കഥയിറക്കി.
അങ്ങിനെ വിവാഹം. പല കരകളില്‍നിന്ന് ഞങ്ങള്‍ പറന്നിറങ്ങി. ചിലര്‍ക്കൊപ്പം കുടുംബം. കുഞ്ഞുങ്ങള്‍. അയാളെ പരിചയപ്പെട്ടു. സുമുഖന്‍. അധികം സംസാരിക്കില്ലെന്ന് ഒറ്റ നോട്ടത്തില്‍ തോന്നി. ചിരി കളിയുടെ പകലിനൊടുവില്‍ അവളോടു യാത്ര പറഞ്ഞ് എല്ലാവരും പിരിഞ്ഞു. 
രണ്ടു നാള്‍ കഴിഞ്ഞ് തിരിച്ചുപോക്കിന്റെ തിരക്കുകള്‍ക്കിടെ അവളുടെ കോള്‍.'എന്താടീ, ഞാന്‍ പോവാന്‍ നോക്ക്വാണ്'.
ഫോണിന്റെ മറുതലയ്ക്കല്‍ വല്ലാത്ത വിങ്ങല്‍. അതു പതിയെ കരച്ചിലായി.
 'എടാ, ഒന്നും ശരിയാവുന്നില്ല. അയാള്‍ ആരോടും മിണ്ടില്ല. ഞാനും അങ്ങിനെയാവണമെന്നാണ് അയാളുടെ നിര്‍ബന്ധം. വീട്ടുകാരോടു പോലും ഞാന്‍ മിണ്ടുന്നത് അങ്ങേര്‍ക്ക് പിടിക്കില്ല '
അന്തം വിട്ടുപോയി. അവള്‍ കരയുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളുടെ കടലിളക്കങ്ങളെല്ലാം ഉറപ്പിച്ചു നിര്‍ത്തുന്ന ആളാണവള്‍. കൂട്ടത്തില്‍ ഏറ്റവും ബോള്‍ഡ്. എന്ത് പറയണമെന്നറിയാതെ വാക്കുകള്‍ ഇടറി. എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു.  അവള്‍ ഫോണ്‍വെച്ചു. അറ്റമില്ലാത്ത സങ്കടം വന്നു മൂടുന്നതിനിടെ കൂട്ടുകാരെ വിളിച്ചു. ഇറക്കിവെക്കാന്‍ അത്താണിയില്ലാത്ത സങ്കടനേരം ഞങ്ങള്‍ക്കിടയില്‍ കൊടുങ്കാററു പോലെ വീശിയടിച്ചു. ബന്ധം ഒഴിവാക്കുന്നതാണു നല്ലതെന്ന് അഭിപ്രായമുയര്‍ന്നു. കൂട്ടുകാരിലൊരാള്‍ അവളെ വിളിച്ചു. വീട്ടുകാരുടെ മാനാഭിമാനവുമായി കണ്ണി ചേര്‍ക്കപ്പെട്ടതിനാല്‍ മറ്റ് നിര്‍വാഹമില്ലെന്നായിരുന്നു അവളുടെ പ്രതികരണം.
പിന്നെ അവള്‍ വിളിച്ചിട്ടില്ല. ആരെയും. അവളെ വിളിക്കാനും കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ നിര്‍ജീവമായി. കോളജ് ഓഫീസിലെ ഫോണിലും അവളെ കിട്ടിയില്ല. അയച്ച ഇ മെയിലുകള്‍ക്കൊന്നും മറുപടി ഉണ്ടായില്ല. സോഷ്യല്‍ സൈറ്റിലും അവളെ കണ്ടില്ല.
ലീവെടുത്ത് അവള്‍ വിദേശത്തേക്കു പോയെന്നും വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവളുടെ അമ്മ പറഞ്ഞു. അവള്‍ ഇപ്പോള്‍ ആരോടും മിണ്ടാറില്ലെന്നും എന്നാല്‍, അവള്‍ സന്തുഷ്ടയാണെന്നും അമ്മ പറഞ്ഞപ്പോള്‍ അവളുടെ യഥാര്‍ഥ അവസ്ഥ പറഞ്ഞു ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവള്‍ പൂര്‍ണ സന്തോഷത്തിലാണെന്നും അയാളെ വെറുപ്പിക്കാതിരിക്കാന്‍ അവള്‍ ഇത്തിരി മാറി എന്നു മാത്രമേ ഉള്ളൂ എന്നും അമ്മ ഉറപ്പിച്ചു പറഞ്ഞു.

  മൂന്ന്

കുറേ വര്‍ഷങ്ങളായി. അവളിപ്പോള്‍ ഞങ്ങളുടെ സംസാരങ്ങളില്‍ പതിവുകാരിയല്ല. എല്ലാവരും ബോധപൂര്‍വം അവളെ സംസാരത്തില്‍  നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അവളെക്കുറിച്ച് എന്ത് പറഞ്ഞാലും അറ്റമില്ലാത്ത സങ്കടക്കടല്‍ വന്നു മൂടുന്നത് പതിവായപ്പോള്‍ സഹജമായി വന്ന മാറ്റം. അവള്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ല. വീട്ടിലെ ഫോണ്‍നമ്പര്‍ മാറിയതിനാല്‍ ബന്ധപ്പെടാനും വഴിയില്ല. ഞങ്ങളുടെ കൂട്ട് അവള്‍ക്ക് കൂടുതല്‍ ബാധ്യതയാവുമെന്ന് കണ്ട് എല്ലാവരും ഒഴിഞ്ഞൊഴിഞ്ഞു നിന്നതിന്റെ ഫലം.
ബാക്കി എല്ലാവരും ഇപ്പോഴും പഴയപോലെയുണ്ട്. എല്ലാ തിരക്കുകള്‍ക്കിടയിലും വര്‍ഷം തോറും ഞങ്ങള്‍ ഒന്നിച്ചു കൂടാറുണ്ട്. അവളുടെ വിശേഷങ്ങള്‍ പരമാവധി പറയാതെ  പിരിയും. 
എന്തായിരിക്കും അവളുടെ സ്ഥിതി? എങ്കിലും എല്ലാവരുടെയും മനസ്സില്‍ ആ ചോദ്യമുണ്ട്. സങ്കല്‍പ്പിക്കാനാവും നിശ്ശബ്ദതയുടെ മുള്‍ക്കാടുകളില്‍ അവളുടെ ജീവിതം.  ഒച്ചയനക്കം കെട്ട തെരുവു പോലെ അവളുടെ വാക്കുകള്‍.  ഉള്ളിലെ കവിതകള്‍. ഒരുപക്ഷേ, അവളിപ്പോള്‍ എല്ലാത്തിനോടും പൊരുത്തപ്പെട്ടു കാണും. മിണ്ടാതെ മിണ്ടാതെ നിശ്ശബ്ദയായ ഒരാളായി മാറിക്കഴിഞ്ഞിരിക്കും. മൌനം മേല്‍ക്കൂരയും ചുവരുകളുമായൊരു  വീട്ടില്‍ അവളിപ്പോള്‍ സന്തോഷം അനുഭവിക്കുന്നുണ്ടാവും.
ജീവിതം ബലമായി അടച്ചുകളഞ്ഞ ശബ്ദങ്ങളെ നിശ്ശബ്ദതയുടെ കവിതകളാല്‍  അവളുടെ മൌനം ആവിഷ്കരിക്കുന്നുണ്ടാവണം.


Monday, March 28, 2011

പ്രവാസികളുടെ മക്കള്‍; മക്കളുടെ പ്രവാസം

ഇത് മക്കളെക്കുറിച്ചും നമ്മളെക്കുറിച്ചുമുള്ള ചില ആലോചനകള്‍. പ്രവാസ ജീവിതം മുന്നോട്ടു വെക്കുന്ന വലിയൊരു ധര്‍മസങ്കടത്തിലേക്ക് ചെന്നെത്തുന്നു ഈ ആലോചനകള്‍.

ഇനി പറയുന്ന ചിലര്‍ നിങ്ങള്‍ക്ക് പരിചിതരാവാം. ഒരു പക്ഷേ നിങ്ങള്‍ തന്നെയാവാം. ഇതിലെ കഥ നമ്മുടെ ഓരോരുത്തരുടേതുമാവാം.
ഇത് ചിലരുടെ കഥകള്‍. അവരുടെ ജീവിതത്തിലെ സമാനമായ ചില അവസ്ഥകള്‍. ഒറ്റ നോട്ടത്തില്‍ പരസ്പര ബന്ധമൊന്നുമില്ലെങ്കിലും അവരും അവരുമായി ബന്ധപ്പെട്ട കഥകളും പൊതുവായ ഒരു അടിനൂലിനാല്‍ ബന്ധപ്പെട്ടിരിക്കുന്നു. കുഞ്ഞുങ്ങള്‍ എന്നോ മക്കള്‍ എന്നോ വിളിക്കാം അവരെ അടുപ്പിച്ചു നിര്‍ത്തുന്ന ആ അടിനൂലിനെ. വാല്‍സല്യം കൊണ്ടും സ്നേഹം കൊണ്ടുമുള്ള ചില ഇഴയടുപ്പങ്ങള്‍.
നമുക്ക് അവരിലേക്ക് പോവാം. അവരിലൂടെ ബന്ധങ്ങളുടെ ആഴങ്ങള്‍ അളന്നെടുക്കാം. ഈ കഥകള്‍ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ ഏതൊക്കെയോ ഒഴിഞ്ഞ ഇടങ്ങളെ സ്പര്‍ശിക്കതിരിക്കില്ല.


അവന്‍
അടുത്ത കൂട്ടുകാരനായിരുന്നു അവന്‍. കാമ്പസില്‍ തുടങ്ങിയ അടുപ്പം. പഠനം കഴിഞ്ഞപ്പോള്‍ പല വഴിക്കായി. എന്നിട്ടും, കാണാതിരുന്നിട്ടും, വിളിക്കാതിരുന്നിട്ടും, പല തിരക്കുകളില്‍ അലിഞ്ഞിട്ടും  ഉള്ളുകൊണ്ട് ഗാഢമായ അടുപ്പം നിലനിര്‍ത്തി ഞങ്ങള്‍.
മിടുക്കനാണ് അവന്‍. നന്നായി സംസാരിക്കും. നല്ല വായന. കാലിക പ്രശ്നങ്ങളെക്കുറിച്ച് നല്ല ധാരണ. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തിളങ്ങാനുള്ള ഭാഷയും കൌശലവും സഹജമായുണ്ട്. എന്നിട്ടും മാധ്യമ സ്ഥാപനങ്ങളില്‍ സ്ഥിരമായ ഇരിപ്പിടം കിട്ടിയില്ല. പല സ്ഥാപനങ്ങളില്‍ അസ്ഥിരമായ കുറേയേറെ തൊഴില്‍ വേളകള്‍. ആദ്യം ചെന്നെത്തിയ സ്ഥാപനങ്ങള്‍ പൊടുന്നനെ പ്രതിസന്ധിയിലായപ്പോള്‍ ലാവണം മാറേണ്ടി വന്നു. ഇപ്പോള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്റെ കുപ്പായം. തോന്നുമ്പോള്‍ ജോലി ചെയ്താല്‍ മതി. തോന്നുന്ന കാര്യങ്ങള്‍ എഴുതിയാല്‍ മതി.
അവനിപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍. സഹപാഠിയാണ് പ്രണയത്തിലൂടെ അവന്റെ ജീവിതത്തിലേക്ക് വന്നത്. അവളിപ്പോള്‍ മാധ്യമ പ്രവര്‍ത്തക. ഇരുവരും ഒന്നിച്ച് ഒരു മഹാ നഗരത്തില്‍ സന്തോഷത്തിന്റെ വീട്ടകങ്ങളില്‍.
അടുത്തിടെയാണ് അവനെ വിളിച്ചത്. ഏതോ ചാനലില്‍ വാര്‍ത്ത കണ്ടു കൊണ്ടിരിക്കെ. കാര്യങ്ങളെക്കുറിച്ച് ഒരു പിടിപാടുമില്ലാത്ത ഒരു വാര്‍ത്താ അവതാരകന്‍ വലിയ വായില്‍ തപ്പിത്തടയുന്നത് കണ്ടപ്പോള്‍, പൊടുന്നനെ തോന്നിയ ഒരാശയം പങ്കുവെക്കാനാണ് അവനെ വിളിച്ചത്.
'എടാ, നിനക്ക് ചാനലിലേക്ക് മാറിക്കൂടേ. ഇപ്പോഴുള്ള ആരേക്കാളും നന്നാവും നീ. പുതിയ അനേകം ചാനലുകള്‍ വരുന്നുണ്ട്. അവസരങ്ങള്‍ കൈ നിറയെ'-സ്ഥിരം ജോലിയില്ലാതെ പലപ്പോഴും വെറുതെയിരിപ്പാണ് അവനെന്ന തോന്നലുമുണ്ടായിരുന്നു  എന്റെ വാക്കകളുടെ നിഴല്‍പ്പാടില്‍.
എന്റെ സ്വരം ചെറുചിരിയോടെ കേട്ട് അവന്‍ കൂളായി മറുപടി പറഞ്ഞു-'ഞാനെങ്ങോട്ടുമില്ല. എനിക്കു വയ്യ 24 മണിക്കൂറും പണിയെടുക്കാന്‍. എനിക്കെന്റെ മോളുടെ കൂടെ കഴിയണം. അവളുടെ കൂടെ കളിക്കണം. അതിരാവിലെ ഭാര്യ എഴുന്നേല്‍ക്കും മുമ്പ് എണീറ്റ് മോളെ കുളിപ്പിച്ച് ഉടുപ്പിട്ടു നിര്‍ത്തണം. അവളുടെ കൂടെ ഇരിക്കണം. അതിന് ഈ പണിയൊക്കെ മതി'.
നല്ല കരിയര്‍ സാധ്യത ഉള്ള, അതിനെക്കുറിച്ച് നല്ല ബോധ്യമുള്ള  ഒരാളാണ് ഈ പറയുന്നത്.  എനിക്കതിന്റെ വ്യാകരണം മനസ്സിലായില്ല.
' പിന്നെ, എന്നും കുട്ടീടെ കൂടെ കളിച്ചാല്‍ ജീവിക്കണ്ടേ'-എന്റെ പ്രായോഗികമായ ചോദ്യം. അതവന്‍ വീണ്ടും ചിരിച്ചു തള്ളി.
'നിനക്ക് മനസ്സിലാവില്ല, മോളുടെ കൂടെ കളിക്കുന്നതിന്റെ രസം. നോക്ക്, ഇപ്പോളാണ് അവള്‍ക്ക് എന്നെ ഏറ്റവും ആവശ്യം. അവളുടെ ഏറ്റവും നല്ല സമയം ഞാന്‍ കൂടെയുണ്ടാവണം. പിന്നെ,ജീവിതം. സാമ്പത്തികമല്ലേ നീ ഉദ്ദേശിച്ചത്. ഇവിടെ നിന്ന് പണിയെടുത്താലും ജീവിക്കാനുള്ള വകയുണ്ടാവും'.
അതെനിക്കും സമ്മതിക്കേണ്ടി വന്നു. ആ കൊച്ചരിപ്പല്ലുകള്‍ അവനെ നോക്കി പാല്‍ പോലൊരു പുഞ്ചിരി പൊഴിക്കുന്നത് എനിക്ക് കാണാനായി. അവള്‍ക്കൊപ്പം തിമിര്‍ത്ത് നടക്കാനുള്ള അവന്റെ ആഗ്രഹവും പെട്ടെന്ന് ഉള്ളിലെത്തി.


ഇന്നസെന്റ്
പല അഭിമുഖങ്ങളിലും വായിച്ചിരുന്നു, സിനിമകള്‍ കഴിഞ്ഞാല്‍ വീട്ടില്‍ തന്നെ ചടഞ്ഞു കൂടുന്ന ഇന്നസെന്റിന്റെ കഥകള്‍. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമൊക്കെ അതിനെ കുറിച്ച് എഴുതിയതും വായിച്ചിരുന്നു.
അങ്ങിനിരിക്കെ, മാതൃഭൂമി വാരികയില്‍ ഇന്നസെന്റിന്റെ ജീവിത കഥാ പരമ്പരയില്‍ ഒരിടത്ത് കണ്ടും ഇന്നസെന്റും പേരമക്കളും തമ്മിലുള്ള അസാധാരണമായ അടുപ്പത്തിന്റെ കഥ. സിനിമകളിലേക്കുള്ള ക്ഷണം പരമാവധി കുറച്ച് കഴിയുന്നത്ര നേരം വീട്ടിലിരിപ്പാണ് താനെന്ന് ശ്രീകാന്ത് കോട്ടക്കലിനോട് ഇന്നസെന്റ് പറയുന്നു. സ്വന്തം മകനെ താലോലിക്കാനോ അവന്റെ കൂടെ ഏറെ നേരം ഇരിക്കാനോ ഒന്നും കഴിഞ്ഞില്ല. അതിന്റെ നഷ്ടം ബോധ്യമാവുന്നത് ഇപ്പോഴാണ്. രണ്ട് കുഞ്ഞു മക്കളാണ് വീട്ടില്‍. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും. പരമാവധി നേരം അവരുടെ കൂടെയാണ്. അവര്‍ക്കൊപ്പം കളിക്കാനും അവരെ ലാളിക്കാനുമാണ് ആഗ്രഹം. സിനിമയോ പണമോ ഒന്നുമല്ല, അവര്‍ക്കൊപ്പം കഴിയുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള അവസ്ഥ അനുഭവിച്ചറിയാനാവുന്നതെന്നും ഇന്നസെന്റ് പറയുന്നു.
പറഞ്ഞാല്‍ തീരുന്നില്ല,  ആ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഇന്നസെന്റിന്റെ കഥകള്‍. അവരുടെ കുസൃതികള്‍. കളിചിരികള്‍. ഇഷ്ടങ്ങള്‍. ഭര്‍ത്താവ് ഏറ്റവും സന്തോഷവാനാവുന്നത് മക്കള്‍ക്കൊപ്പമാണെന്ന് ഇന്നസെന്റിന്റെ നല്ല പാതിയും സാക്ഷ്യപ്പെടുത്തുന്നു.


ചേട്ടന്‍
നല്ല കാലം മുഴുവന്‍ പ്രവാസിയായിരുന്നു ചേട്ടന്‍. ചെറുപ്പത്തിലേ ഗള്‍ഫില്‍ ചെന്നു പെട്ടു. പല ജോലികള്‍. പല സംരംഭങ്ങള്‍. ലാഭം, നഷ്ടം, അതു നികത്താനുള്ള യത്നങ്ങള്‍ എന്നിവയുടെ ആകത്തുകയാണ് ചേട്ടന്റെ ജീവിതം. അതിനിടയില്‍ മക്കള്‍  വളര്‍ന്നു വലുതായി.  നന്നായി പഠിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ അക്കാര്യത്തില്‍ അത്ര മിടുക്കരായില്ല. മൂത്തത് പുത്രന്‍. മഹാ വികൃതിയായിരുന്നു പണ്ടേ. ആര് പറഞ്ഞാലും കേള്‍ക്കാത്ത പ്രകൃതം. തൊട്ടാവാടിയായിരുന്നു മകള്‍. പെട്ടെന്ന് പൊട്ടിത്തെറിക്കും. മൂക്കത്ത് വാശി. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്.
രണ്ടോ മൂന്നോ വര്‍ഷങ്ങളുടെ ഇടവേളയിലാണ് ചേട്ടന്‍ വീട്ടിലെത്താറ്. ഒന്നോ രണ്ടോ മാസത്തെ ലീവിലായിരിക്കും വരവ്. പോവുന്നതിന്റെ തലേന്ന് വരെ ഓടാനുള്ളത്ര പരിപാടികളുമായായിരിക്കും വരവ്. അതിനിടയില്‍ കുട്ടികളെ കാണും. എന്നാല്‍, അവര്‍ അവരുടെ അതേ രീതികളില്‍ തുടരും. പുള്ളിക്ക് ദേഷ്യം വരും. അനുസരണയില്ലാത്ത കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ ശ്രമിക്കും. ചേച്ചിയെ കണക്കിന് പറയും. ഉള്ള സമയം കൊണ്ട് മക്കളെ താന്‍ വിചാരിക്കുന്നതു പോലെ മെനഞ്ഞെടുക്കാന്‍ ശ്രമിക്കും. അനുസരണ പഠിപ്പിക്കാന്‍, അവരെ മിടുക്കരാക്കാനുള്ള ശ്രമം എന്നാല്‍, അത്ര നല്ല നിലയിലില്‍ സ്വീകരിക്കപ്പെടില്ല. മക്കള്‍ ചെറുത്തു നില്‍പ്പ് തുടങ്ങൂം. പിന്നെ വാശിയാവും. തല്ലാവും. അന്നേരം മക്കള്‍ കൂടുതല്‍ അകലും. അവസാനം പോയിക്കഴിഞ്ഞാല്‍, അവര്‍ അക്ഷരാര്‍ഥത്തില്‍ പറയും, ഹോ രക്ഷപ്പെട്ടു എന്ന്.
ഇപ്പോള്‍, മകന്‍ പ്രവാസി. മകള്‍ ഭത്താവിന്റെ വീട്ടില്‍. ചേട്ടനും ചേച്ചിയും വീട്ടില്‍. കാര്യമായൊന്നും ചെയ്യാനില്ല. അങ്ങനെ വന്നപ്പോള്‍, അയലത്തെ കുഞ്ഞുങ്ങള്‍ പതുക്കെ വീട്ടിലേക്ക് വേലി ചാടാന്‍ തുടങ്ങി. ആദ്യമൊക്കെ, ഗൌരവത്തിന്റെ മുഖം മൂടിയിയിട്ട് ചേട്ടന്‍ പിടിച്ചു നിന്നു. കുട്ടികളുടെ ചെറിയ  കുസൃതികള്‍ക്ക് പോലും വിരണ്ടു. എന്നാലിപ്പോള്‍ കഥ മാറി. കുഞ്ഞുങ്ങളുടെ വീടാണത്. പല പ്രായത്തിലുള്ള കുട്ടികള്‍ക്കൊപ്പം കളിച്ചു തിമിര്‍ത്ത് ചേട്ടന്‍.
അസാധാരണമായ ഈ മാറ്റം കണ്ട് ഞാന്‍ ചിരിച്ചപ്പോള്‍ പുള്ളിയും പറഞ്ഞു ഇന്നസെന്റിന്റെ സ്വരത്തില്‍ ആ സത്യം.
' ഇപ്പോഴാണ് ഏറ്റവും സന്തോഷം. സ്വന്തം മക്കളെ മനസ്സിലാക്കാന്‍ അവര്‍ കുട്ടികളായപ്പോള്‍ എനിക്കു കഴിഞ്ഞില്ല. ബിസിനസ് മാത്രമായിരുന്നു മനസ്സില്‍. അവരോടൊന്നും വലിയ അടുപ്പമില്ലാത്തതും അതു കൊണ്ട് തന്നെ. ഒന്നു കിട്ടുമ്പോള്‍, മറ്റൊന്ന് ഇല്ലാതാവുന്ന അവസ്ഥ.  ഇനി ഞാന്‍ ഇങ്ങനെ കഴിയും'.
വല്ലാത്ത തിരിച്ചറിവായിരുന്നു അത്. അതിന്റെ പ്രകാശമുണ്ടായിരുന്നു ആ മുഖത്ത്. അളവറ്റ വാല്‍സല്യവും.



നമ്മള്‍
പ്രവാസികളുടെ ദേശമായിരുന്നു ഞങ്ങളുടേത്. പിതാക്കന്‍മാരെല്ലാം ഗള്‍ഫില്‍. മക്കളെ നന്നായി വളര്‍ത്താനായി അവര്‍ നാട്ടില്‍ വരാതെയും സന്തോഷങ്ങള്‍  മാറ്റിവെച്ചും മരുഭൂമിയില്‍ കഴിഞ്ഞു. വല്ലപ്പോഴുമുള്ള വീടണയലുകളില്‍ അവര്‍ നല്ല പിതാക്കന്‍മാരാവാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു ലോകത്ത് പണവും സ്വാതന്ത്യ്രവുമായി കഴിഞ്ഞ മക്കള്‍ക്ക് അതു മനസ്സിലാവുമായിരുന്നില്ല. അതിനാല്‍, മക്കള്‍ പല വഴിക്കായി. നല്ല പഠിപ്പും ജോലിയും ഉണ്ടായിട്ടും മാതാപിതാക്കളെ വന്നു കാണണമെന്ന ചിന്ത ലവലേശമില്ലാതെ അവരൊക്കെ പുതുതലമുറ പ്രവാസികളായി പാരമ്പര്യത്തിന്റെ കീഴ്വഴക്കങ്ങള്‍ തുടരുന്നു. സത്യത്തില്‍, ജീവിതത്തിലെ ഏറ്റവും നല്ല കാലം മക്കള്‍ക്കൊപ്പമാണെന്ന് , അവരുടെ വളര്‍ച്ചക്കൊപ്പമാണെന്ന് ഏറെ വൈകുമ്പോള്‍ അവരും തിരിച്ചറിഞ്ഞേക്കും.
 എന്തൊരു അവസ്ഥയാണ് നമ്മുടേത്. അയല്‍ദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന നമ്മുടെ ജീവിതം പലതിനുമൊപ്പം നഷ്ടപ്പെടുത്തുന്നത് കുഞ്ഞിളം കൊഞ്ചലിന്റെ നല്ല നേരങ്ങളാണ്. നിവൃത്തിയില്ലായ്മയുടെ ശ്മശാനത്തില്‍ നമ്മുടെ നല്ല കാലം.  കുറേ പേരൊക്കെ പ്രവാസ രാജ്യത്ത് കുടുംബത്തോടൊപ്പം കഴിയുന്നുണ്ട്. പക്ഷേ ഭൂരിഭാഗവും അങ്ങിനെയേയല്ല. വരും തലമുറകളുടെ കൂടി തലവരകളാണ് നമ്മുടെ നിര്‍ഭാഗ്യകരമായ ജീവിതാവസ്ഥകള്‍ മാറ്റിവരക്കുന്നത്.

പെണ്ണനുഭവം

'അടിമത്തം ലോപിച്ചതാണോ അമ്മത്തം'- ഏതോ ബ്ലോഗില്‍ ഈയിടെ കണ്ട വരികള്‍.
സ്ത്രീവാദ രാഷ്ട്രീയത്തിന്റെ ഉറച്ച സൈദ്ധാന്തിക പിന്‍ബലമുണ്ട് ആ വരികള്‍ക്ക്. നമ്മുടെ അമ്മമാര്‍ അനുഭവിക്കുന്ന കടുത്ത മടുപ്പും നിസ്സഹായതയും കൂടി ഈ വരികളില്‍ വായിക്കാനാവും. ആ വരികള്‍ക്ക് പിന്തുണയുമായി ഓടിയെത്തിയവരില്‍ കൂടുതലും ബ്ലോഗിലെ എഴുത്തുകാരികളുമായിരുന്നു.
ഈ വരികള്‍ മറ്റൊരു നിരീക്ഷണം തുറന്നിടുന്നു. എന്തു കൊണ്ട് ഈ വരികള്‍. എന്തു കൊണ്ട് അതിനു പൊതു സ്വീകാര്യത. അതിനര്‍ഥം കുഞ്ഞുങ്ങളെ വളര്‍ത്തലുമായി ബന്ധപ്പെട്ട പെണ്ണവസ്ഥ തികച്ചും വിഭിന്നമാണ് എന്നാണോ. മേലെ പറഞ്ഞ വാല്‍സല്യ കൂട്ടുകളുടെ കാല്‍പ്പനികതയില്‍ വരഞ്ഞിടാനാവാത്ത ഒന്നായാണോ ഇക്കാര്യം അമ്മമാര്‍ സ്വീകരിക്കുന്നത്. ഒരു ചങ്ങല പോലെ  വരിഞ്ഞു നിര്‍ത്തുന്ന എന്തോ ഒന്ന് അമ്മത്തത്തില്‍ ഉണ്ടോ. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?

Wednesday, March 9, 2011

പാട്ട് കഠാരയാവുന്ന നേരങ്ങള്‍ !

ബസിലെ പാട്ടിനെ കുറിച്ച്. അകം മരിച്ചൊരു നേരം, പാട്ടുള്ളൊരു
ബസില്‍ മുറിവേറ്റു പിടഞ്ഞൊരു ദിവസത്തെക്കുറിച്ച്. 
മരിച്ച ചങ്ങാതിയെക്കുറിച്ച്. സഹജീവികളെക്കുറിച്ച്.



ഒന്ന്
ഒട്ടും ഉറങ്ങാത്ത ദയാരഹിതമായ ഒരു രാത്രിക്കുശേഷം എങ്ങിനെയോ വിളിച്ചു വരുത്തിയ ഒരു പ്രഭാതമായിരുന്നു അത്. അതി രാവിലെ. ആദ്യ ബസ്. എന്നിട്ടും നല്ല തിരക്ക്.
കൂടെ മൂന്ന് കൂട്ടുകാരുണ്ടായിരുന്നു. പല നഗരങ്ങളില്‍നിന്ന് വന്നെത്തിയവര്‍.  ബസ്സ്റ്റാന്‍ില്‍ വെച്ചാണ് അവരോടു ഞാന്‍ ചേര്‍ന്നത്.
ഞങ്ങള്‍ അടുത്തുള്ള നഗരത്തിലേക്കാണ്. അവിടെ ഒരാശുപത്രിയില്‍ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്ത് മരിച്ചു കിടക്കുന്നു.
വാഹനാപകടമായിരുന്നു. ലോകത്തിലെ ഏറ്റവും കുറുമ്പുള്ള വലിയ കുട്ടി എന്ന് കൂട്ടത്തിലൊരാള്‍  വിശേഷിപ്പിച്ച ചങ്ങാതി റോഡരികില്‍ മരണം കാത്തുവെച്ച വൈദ്യുതി പോസ്റ്റിലേക്ക് അതിവേഗം ബൈക്ക് ഓടിച്ചു കയറ്റിയതാണ്.  എതിരെ വന്ന ഏതോ വാഹനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ്, അവന്റെ  സ്വപ്നങ്ങളെ മരണത്തിലേക്കു നാടു കടത്തിയത്.
നാലു നാള്‍ മുമ്പായിരുന്നു അപകടം. അപകട വിവരം അറിഞ്ഞത് പാതിരാത്രി. കാലത്തു തന്നെ അവന്‍  കിടന്ന ആശുപത്രിയിലേക്ക് ചെന്നു. വെന്റിലേറ്ററിലായിരുന്നു അന്നവന്‍. വിദഗ്ദ ചികില്‍സക്കായി ഉച്ചയായപ്പോള്‍  ഏറെ അകലെയുള്ള പേരുകേട്ട ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റില്‍ ജീവന്‍ ഇടക്കിടെ മിടിച്ച നാലു നാള്‍ക്കു ശേഷം അന്തിമമായി അവന്‍ കീഴടങ്ങി.
നാലാം പക്കം ഉള്ളിലെ  പ്രതീക്ഷയുടെ കരയിലേക്ക് അവന്റെ മരണ വാര്‍ത്ത അടിഞ്ഞു. ഞെട്ടിപ്പിക്കുന്ന ആ  തിരിച്ചറിവിലായിരുന്നു ഞങ്ങളുടെ യാത്ര.
പല നാള്‍ക്കുശേഷമാണ് കാണുന്നതെങ്കിലും ഒന്നും പറയാനുണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാനാവാത്ത വിങ്ങലിലേക്ക് ഓരോരുത്തരായി ഇടക്കിടെ പതിച്ചു കൊണ്ടിരിക്കെ, ബസ് വന്നു. രണ്ടു ചുമലിലും   തിളങ്ങുന്ന വര്‍ണ ബള്‍ബുകള്‍ പിടിപ്പിച്ച ആ ബസ് ഞങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ വല്ലാത്തൊരശ്ലീലമായിരുന്നു.
ടിക്കറ്റെടുക്കുമ്പോഴേക്കും പാട്ടു തുടങ്ങിയിരുന്നു. ഘോരശബ്ദത്തില്‍ ഒരു തമിഴ് പാട്ട്. റാക്കിന്റെ മുകളില്‍ സ്ഥാപിച്ച അലൂമിനിയം പാത്രത്തില്‍ ഘടിപ്പിച്ച സ്പീക്കറുകള്‍ വല്ലാതെ ഇളകിത്തുള്ളി. അടുത്തിരിക്കുന്ന മധ്യവയസ്കന്‍ പാട്ടിനൊപ്പം കാലുകള്‍ നിലത്തിട്ടു താളം പിടിച്ചു. മുഖമടച്ച് ഒറ്റ ഇടി കൊടുക്കാനാണ് തോന്നിയത്.
ഒന്നും ചെയ്തില്ല, നിസ്സഹായനായി കൂട്ടുകാരെ നോക്കി. മുന്‍ നിരയിലെ സീറ്റുകളില്‍ ഒച്ചയില്ലാത്ത വിലാപങ്ങളുടെ  ഭൂമി കുലുക്കത്തിലേക്ക് ഇടക്കിടെ നിലം പതിക്കുന്ന അവരുടെ ഉള്ളിലും  പാട്ട് അസഹ്യമായ  വികാരങ്ങള്‍ ജനിപ്പിക്കുന്നുവെന്ന് മനസ്സിലായി. നല്ല വേഗതയിലായിരുന്നു ബസ്. കാറ്റിന്റെ ഇരമ്പവും ബസിന്റെ ശബ്ദവും ചേര്‍ന്ന്  ഇടക്കിടെ ആ പാട്ടിനെ മൂടാന്‍ ശ്രമിച്ചു. എന്നാല്‍, എല്ലാ സംഗീതോപകരണങ്ങളും ഒന്നിച്ചിളക്കി പാട്ട് ഒച്ചയുടെ മേല്‍ സ്വന്തം പതാക പാറിച്ചു.
പാട്ടു മാറിക്കൊണ്ടിരുന്നു. സന്തോഷത്തിന്റെ, പ്രണയത്തിന്റെ, ആഘോഷങ്ങളുടെ താളമേളങ്ങള്‍,വരികള്‍. ഇതൊന്നു നിര്‍ത്തുമോ എന്ന് കണ്ടക്ടറോടു ചോദിക്കാന്‍ പലവട്ടം തുനിഞ്ഞു. മറുപടി എന്തായാലും അന്നേരം എങ്ങിനെയൊക്കെ പ്രതികരിക്കുമെന്ന് ഉറപ്പില്ലാതിരുന്നതിനാല്‍ പുറേമ കാണാത്തൊരു ചങ്ങലയില്‍ സ്വയം കുരുക്കിയിട്ടു.
പെട്ടെന്ന്, ഉച്ചസ്ഥായിയില്‍ നിന്ന് പാട്ട് അഗാധ വിഷാദം അകമേ മുഴങ്ങുന്ന ഏതോ വയലിന്‍ പീസിലേക്ക് പാളി. അത് 'നിറങ്ങള്‍ തന്‍ നൃത്തം' എന്ന പാട്ടിന്റെ തുടക്കമായിരുന്നു. ഞങ്ങളുടെയെല്ലാം പ്രിയ ഗാനം. വരികളില്‍ വേദനയുടെ ചില്ലുകള്‍ വിതറിയ പോലെ അത് മനസ്സിനെ കീറിമുറിച്ചു കളഞ്ഞു. എത്ര ഉച്ചത്തിലാണ് 'നിര്‍ത്തെടാ' എന്ന് അലറി വിളിച്ചത് എന്നറിയില്ല. പൊടുന്നനെ പാട്ടു നിന്നു. കണ്ടക്ടര്‍ എന്തൊക്കെയോ പറയുന്നു. ആരൊക്കെയോ രാവിലെ കിട്ടിയ തമാശ കാഴ്ചയെന്നോണം അടക്കി ചിരിക്കുന്നു. കണ്ണടച്ചു സീറ്റില്‍ ചാരി കിടന്നു. പിന്നെ, പുറം ലോകത്തെ അകത്തുനിന്നു താഴിട്ട്  ഉള്ളിലെ ഇരുള്‍ വഴികളില്‍ അങ്ങിനെ ഇരുന്നു. ബസ് ചങ്ങാതിയുടെ  പ്രിയപ്പെട്ട നഗരത്തില്‍ എത്തിയിട്ടും ആ തിരകള്‍ വിട്ടുപോയില്ല.
നഗരത്തില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു പല കൂട്ടുകാര്‍. പല കരകളില്‍നിന്നുള്ളവര്‍. വിവരമറിഞ്ഞ ഞെട്ടലില്‍ കുതിച്ചെത്തിയവര്‍. പല സ്ഥായികളില്‍ വിലാപങ്ങളും പൊട്ടിക്കരച്ചിലുകളുമായി മണിക്കൂറുകള്‍ കനത്തു. പിന്നെ മൃതദേഹവുമായി ആംബുലന്‍സ് എത്തി. ആളുകള്‍ വരിവരിയായി അവനെ കാണാന്‍ നിന്നു. വിങ്ങിപ്പോവുന്നതിനിടെ എപ്പോഴോ അവന്റെ മുന്നിലെത്തി.
വെള്ള പുതപ്പിച്ച  മുഖം മാത്രം തുറന്നു കിടന്നിരുന്നു. അവനായിരുന്നില്ല അതെന്നു തോന്നി. അത്രക്കു അപരിചിതം. പിന്നെ, മണിക്കൂറുകളുടെ മരവിപ്പ്. ആ നഗരത്തില്‍നിന്ന് രക്ഷപ്പെടണമെന്ന തോന്നല്‍. ട്രെയിന്‍ കാത്തുനില്‍ക്കാതെ വീണ്ടുമൊരു ബസില്‍. അതിലുമുണ്ടായിരുന്നു ലോകം അടിമേല്‍ മറിക്കുന്ന താളമേളങ്ങളോടെ പാട്ട്.


രണ്ട്
വീണ്ടും വീണ്ടും ആ രാത്രിയെ ഓര്‍മ്മിപ്പിച്ചു പിന്നീടുള്ള അനേകം പാട്ടു യാത്രകള്‍. ഇതിനിടെ എപ്പോഴോ വൈശാഖന്റെ ആ കഥ വായിച്ചു. മരണവീട്ടിലേക്ക് പാഞ്ഞു വരുന്ന ഒരു സഹയാത്രികന്റെ അസാധാരണമായ വികാരവിക്ഷോഭം ഒരു ബസ് യാത്രയെ മുഴുവന്‍ നിറം കെടുത്തിയ കഥ. അയാളെ നിന്ദയോടെ, പുച്ഛത്തോടെ നോക്കുന്ന ഒരു യാത്രികനായിരുന്നു ആഖ്യാതാവ്. റോഡരികിലെ മരണം വീട്ടിനരികെ, അയാളെ കണ്ടപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ വിലാപങ്ങളുടെ  റോഡരികില്‍, ഏതോ സ്റ്റോപ്പില്‍ ആ മനുഷ്യന്‍ ഇറങ്ങിപ്പോയപ്പോള്‍ മാത്രമാണ് സഹയാത്രികര്‍ക്ക് അയാളെ വായിക്കാനായത്.  കഥ ആരെക്കാളും മനസ്സിലാവുമായിരുന്നു. വരികള്‍ക്കിടയിലെ നിശãബ്ദത പോലും. 
ഇപ്പോഴും ബസില്‍ ചാഞ്ഞിരുന്ന്, പാട്ടു കേള്‍ക്കുമ്പോള്‍, മറ്റ് യാത്രക്കാരെക്കുറിച്ച് ഓര്‍ത്തു പോവും. ആരൊക്കെയാവും അവര്‍. എന്തെന്ത് ഭൂകമ്പങ്ങളായിരിക്കും അവരുടെയൊക്കെ ഉള്ളില്‍. പാട്ടും താളവും അവരില്‍ തീര്‍ക്കുന്നത് എന്തൊക്കെയാവും.
പല തരം അവസ്ഥകളിലുള്ള യാത്രികരാവാം ബസുകളില്‍. കടും താളം കൂട്ടിക്കെട്ടിയ, നൃത്തച്ചുവടുള്ള ആഹ്ലാദകരമായ പാട്ടുകള്‍ സത്യത്തില്‍ എല്ലാവരും ഒരു പോലെയാവില്ല കേള്‍ക്കുക.  ഒച്ചയില്ലാത്ത  കരച്ചില്‍ അത്രയെളുപ്പം കേള്‍ക്കാന്‍ കഴിയില്ലായിരിക്കാം. എങ്കിലും ഈ സാധ്യതകളൊക്കെ ആരെങ്കിലുമൊക്കെ പറയേണ്ടതല്ലേ. എന്നെങ്കിലും അതിനെക്കുറിച്ചൊക്കെ ഉരിയാടേണ്ടതല്ലേ. ആര്‍ത്തുല്ലസിച്ചു പായുന്ന ഓരോ ബസ് യാത്രയും ഉയര്‍ത്തുന്നത് മനുഷ്യരുടെ എന്തൊക്കെ സാധ്യതകളാണ്.


മൂന്ന്
ഇന്നലെ ഓഫീസിലേക്കു പായുമ്പോള്‍, ബസില്‍ ഏറ്റവും പുതിയ ഏതോ പാട്ടായിരുന്നു. താളമേളങ്ങളുടെ ഉല്‍സവം. ആരും ഉടലിളക്കിപ്പോവുന്ന മേളക്കൊഴുപ്പ്. പെട്ടെന്ന്, അടുത്തിരുന്ന മധ്യവയസ്ക സൌമ്യമായി കണ്ടക്ടറോട് വിളിച്ചു പറഞ്ഞു, 'ആ പാട്ടൊന്ന് ഓഫ് ചെയ്യൂ!


Friday, March 4, 2011

വേഴാമ്പല്‍

ഇത് ഒരു വേഴാമ്പലിന്റെ കഥ. അല്ലെങ്കില്‍  നാരായണന്‍ മാഷിന്റെ. അതുമല്ലെങ്കില്‍ ഒരു വേഴാമ്പല്‍ മാറ്റിക്കളഞ്ഞ മാഷിന്റെ ജീവിതത്തിന്റെ കഥ.  ഈ കുറിപ്പിലുള്ളത് പല കാലങ്ങള്‍. കാമ്പസ് കാലത്തില്‍നിന്നു തുടങ്ങി കഴിഞ്ഞ ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന ഒരു തുടര്‍ച്ച. 

കഥ തുടങ്ങൂന്നത്  വര്‍ഷങ്ങള്‍ക്കു മുമ്പ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ മലര്‍ന്നു കിടന്ന്  ആകാശം കാണുന്ന ഒരു പതിവു രാത്രി. ഏതു കഥയും ഹൃദ്യമായി പറഞ്ഞു ഫലിപ്പിക്കുന്ന ഉറ്റ സുഹൃത്താണ് ഒപ്പം. തീരാത്ത കഥകളുടെ ആ വഴിയില്‍ വെച്ച് നാരായണന്‍ മാഷിനെ കണ്ടു മുട്ടി.
ചങ്ങാതിയുടെ നാട്ടുകാരനാണ് മാഷ്. സ്കൂള്‍ മാഷാണ്. എങ്കിലും പ്രധാന പണി മരക്കച്ചവടം.  അങ്ങാടിയില്‍ തരക്കേടില്ലാത്ത ഒരു മരമില്ലുണ്ട് . മിക്ക സമയത്തും അവിടെയാണ്. അടുത്തു തന്നെ കാടുള്ളതിനാല്‍  കച്ചവടം കുശാല്‍.
ഇതേ സ്ഥലത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി സംഘടനയുണ്ട്. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്ന, അതിനായി ആര്‍ജവത്തോടെ നിലകൊള്ളുന്ന ഒരു സംഘടന. അതിലെ സജീവ പ്രവര്‍ത്തകനാണ് ചങ്ങാതി. മാഷിന്റെ സ്കൂളിലെ മറ്റൊരു മാഷാണ് സംഘടനയുടെ ജീവാത്മാവ്. വര്‍ഷത്തില്‍ പല തവണ കാട്ടില്‍ പോവുന്ന ഒരു കൂട്ടമാണത്. കാടിനു മാത്രം നല്‍കാനാവുന്ന ആശ്ചര്യങ്ങളുടെ നേരങ്ങളാണ് അവരുടെ പ്രലോഭനം. കൂട്ടത്തില്‍ പല തരക്കാരുണ്ട്. ഗവേഷകര്‍. കോളജ് വിദ്യാര്‍ഥികള്‍. അധ്യാപകര്‍. ഫോട്ടോഗ്രാഫര്‍മാര്‍. അങ്ങിനെ പലരും.

കാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്ന സംഘടനയുടെ ഓഫീസ് നമ്മുടെ നാരായണന്‍ മാഷുടെ കടക്ക് മുന്നിലാണ്. ഓരോ വനയാത്രയുടെ സമയത്തും  അവര്‍  നാരായണന്‍ മാഷെ കാട്ടിലേക്കു ക്ഷണിക്കും.  വെറുതെ തമാശക്ക്. അര്‍ഹിക്കുന്ന പരിഹാസത്തോടെ നാരായണന്‍ മാഷ് അവര്‍ക്കു മറുപടിയും നല്‍കും. അങ്ങനിരിക്കെ, ഒരു നാള്‍ നാരായണന്‍ മാഷ് പറയുന്നു: ശരി ഞാനും വരാം കാട്ടില്‍. അടുത്ത പ്രാവശ്യം പോവുമ്പോള്‍ ഞാനുമുണ്ടാവും. എല്ലാവരും ചിരിയോടെ ആ വാക്കുകളെ എതിരേറ്റു. ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന നിലയില്‍.
എന്നാല്‍ രണ്ടു മാസം കഴിഞ്ഞുള്ള ട്രിപ്പില്‍ കാട്ടു യാത്രക്കു പ്രതീക്ഷിക്കാത്ത ഒരതിഥി ഉണ്ടായിരുന്നു. മാഷ്. നല്ല ഹരത്തോടെ തോര്‍ത്ത് തലയില്‍ കെട്ടി, നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞ്. സംസാരത്തില്‍ ഉടനീളം മുഴച്ചു നിന്നത് കണ്ണില്‍കാണുന്ന കാണുന്ന മരങ്ങളെല്ലാം മുറിച്ചു വില്‍ക്കുന്ന കാര്യം.
അങ്ങനിരിക്കെ കാട്ടില്‍ മാഷിന്റെ ഒന്നാം ദിവസം. വൈകുന്നേരം മുഴുവന്‍ ക്ലാസുകളായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘടനയിലെ മുതിര്‍ന്നവരും ക്ലാസെടുത്തു. ബോറടി മാറ്റാനാവാതെ കോട്ടുവായിട്ടു  അതിജീവിച്ചു മാഷ് ആ നേരം.
പിറ്റേന്ന് രാവിലെ ട്രെക്കിങായിരുന്നു. കുട്ടികളുടെ ഉല്‍സാഹത്തോടെ മാഷ് മുന്നില്‍ നിന്നു. കാട്ടിലൂടെയുള്ള യാത്രക്കിടെ പലരും പല ചിന്തകളില്‍ മുഴുകി. പൊടുന്നനെ വലിയൊരു പക്ഷിയുടെ ചിറകടി കേട്ടു. 'വേഴാമ്പല്‍'!  ആരോ പറഞ്ഞു. 'ഹോ! എന്തൊരു വലിപ്പം'^മാഷുടേതായിരുന്നു ആ ശബ്ദം. നോക്കിനില്‍ക്കെ പക്ഷി ഒറ്റപ്പറക്കല്‍. വേഴാമ്പലിനെ കണ്‍നിറയെ കാണാന്‍ മാഷും തിടുക്കപ്പെട്ടു പിന്നാലെ നടന്നു. പക്ഷി പറന്നകന്നതും മാഷിന്  കുഞ്ഞു സങ്കടം പോലെ.
പിന്നീടുള്ള നടത്തത്തില്‍ മാഷിന്റെ ചോദ്യങ്ങള്‍ മുഴുവന്‍ വേഴാമ്പലിനെ കുറിച്ചായിരുന്നു. എന്തു തരം പക്ഷിയാണവന്‍. എന്താണ് തീറ്റ. എവിടെ കാണാം. ഈ മട്ടില്‍. പക്ഷികളെക്കുറിച്ച് നല്ല ധാരണയുള്ള പലരും കൂട്ടത്തിലുണ്ടയിരുന്നു.  ട്രെക്കിങിന് ശേഷമുള്ള പഠന സെഷനില്‍  അവരില്‍ പലരും വേളാമ്പലിനെ കുറിച്ചുള്ള മാഷിന്റെ സംശയങ്ങള്‍ തീര്‍ക്കാനാവാതെ കുഴങ്ങി. പിറ്റേന്നുള്ള നടത്തത്തിലും  മാഷിന്റെ കണ്ണുകള്‍ വേഴാമ്പലിനെ തിരഞ്ഞുവെങ്കിലും പിടി നല്‍കാതെ അവന്‍ മാഷിന്റെ മനസ്സിലെ ചിത്രത്തിന് തിളക്കമേറ്റി. 
യാത്ര കഴിഞ്ഞ് നാട്ടിലെത്തിയ മാഷ് പിന്നെ പഴയ പോലെ ആയിരുന്നില്ല. വേഴാമ്പലിനെക്കുറിച്ച് കിട്ടുന്ന പുസ്തകങ്ങള്‍ മുഴുവന്‍ സംഘടിപ്പിച്ചു. പ്രധാന പഠന വിഷയം അതായി.പിന്നീടുള്ള വനയാത്രകളിലും സംഘടനയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും മാഷ് സജീവമായിരുന്നു. ഇതിനിടെ, വേഴാമ്പലിനെക്കുറിച്ച് ആധികാരികമായി പറയാന്‍ ശേഷിയുള്ള ഒരാളായി നാരായണന്‍ മാഷ് വളര്‍ന്നിരുന്നു. നാട്ടിലെ ഉല്‍സവത്തിനു വന്ന ആനയെ പാപ്പാന്‍മാര്‍ തല്ലി മുറിവേല്‍പ്പിച്ചപ്പോള്‍ അതു ചോദ്യം ചെയ്യാന്‍ മാഷ് മുന്നില്‍നിന്നു. മെല്ലെ മെല്ലെ മരക്കച്ചവടം തളര്‍ന്നു.  മാഷ് മുഴുസമയ പരിസ്ഥിതി പ്രവര്‍ത്തകനായി. കാട് വീടുപോലായി.
ഇതായിരുന്നു ചങ്ങാതി പറഞ്ഞ കഥ. കഥ പറച്ചിലില്‍ വിസ്മയമായിരുന്ന ചങ്ങാതിയുടെ വാക്കുകളിലൂടെ മാഷും വേഴാമ്പലും മനസ്സില്‍ നിറഞ്ഞു. അന്ന് രാത്രി ഉറക്കത്തില്‍ ഞാനൊരു കാട്ടിലെത്തി. മരച്ചില്ലകള്‍ ഇളക്കി കാടിന്റെ പാട്ടിനു താളമിടുന്ന ചിറകുകളോടെ വേഴാമ്പലുകള്‍ പാറിപ്പറന്നു. ഉറക്കമുണര്‍ന്നപ്പോള്‍ പുസ്തകങ്ങളും പരീക്ഷയും തിരക്കുകളും ഒന്നിച്ചു ആ വേഴാമ്പലുമായി കടന്നു കളഞ്ഞു.

മാഷ് ഉള്ളില്‍ കുടിയേറി കഴിഞ്ഞിരുന്നു. കാമ്പസില്‍ നിന്നിറങ്ങിയിട്ടും വിസ്മയിപ്പിക്കുന്ന വേഴാമ്പല്‍ ചിറകടിയായി  ആ മനുഷ്യന്‍ ഉള്ളില്‍ കഴിഞ്ഞു. അതിനിടെ പല കാലങ്ങള്‍. പല ലോകങ്ങള്‍. ചങ്ങാതി ഗവേഷണത്തിന്റെ പുതു വഴികളിലൂടെ വിദേശത്തേക്കു പറന്നു. സ്വപ്നാടനവും ജീവിതവും കൂട്ടിയും കിഴിച്ചും ഞാന്‍ പല കരകളിലേക്കും.
കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി ഒരു കോള്‍. അറിയാത്ത നമ്പര്‍. ചങ്ങാതിയുടെ സ്വരം. 'വീട്ടിലെത്തിയിരിക്കുന്നു. ഒരാഴ്ച കാണും. പറ്റിയാല്‍ വാ'. ഇതായിരുന്നു ഫോണിലൂടെ ഒഴുകിയെത്തിയ പ്രിയസ്വരം. പെട്ടെന്ന് ഉള്ളിലെ വനത്തില്‍ ഒരു ചിറകടി. വേഴാമ്പല്‍.  ഭീഷണിപ്പെടുത്തി സമ്പാദിച്ച ഒരവധിനാളില്‍ ചിറകുകള്‍ ചങ്ങാതിയുടെ വീട്ടു മുറ്റത്തു ചെന്നു നിന്നു.
പുറം നാടുകളുടെ കാറ്റേറ്റ് ആ വാക്ചാതുരി ഒന്നു കൂടി മധുരമായി. കഥകളുടെ കെട്ടു തുറന്ന് പല നാടുകളിലെ മനുഷ്യര്‍ ഇറങ്ങി നടന്നു. നാരായണന്‍ മാഷിനെക്കുറിച്ച എന്റെ ജിജ്ഞാസ ചിറകടിച്ചുയര്‍ന്നപ്പോള്‍ ചങ്ങാതിക്കു ചിരി. 'അതിനിയും മറന്നില്ലേ നീ'.
അമ്മയാണു പറഞ്ഞു തന്നത്. മാഷിന്റെ പില്‍ക്കാലം. മര മില്‍ പൂട്ടി. സദാ സമയവും പരിസ്ഥിതി പ്രവര്‍ത്തനമായി.കുടുംബവും നാട്ടുകാരുമെല്ലാം   പരിഹസിക്കാന്‍ തുടങ്ങി. എന്നിട്ടും അതൊന്നും കാര്യമാക്കിയില്ല മാഷ്. സ്കൂളില്‍ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വീട്ടിലും പരിസരത്തുമെല്ലാം നാട്ടു മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ തുടങ്ങി. സമാന മനസ്സുള്ള കുറേ പേര്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍, പ്രകൃതിയെന്നു പറഞ്ഞ്  ജീവിതത്തിന്റെ ലാഭ വരികള്‍  മാറ്റിയെഴുതിയെന്ന കുറ്റം മാഷിനു പിന്നാലെ കൂടി. കുടുംബക്കാരും നാട്ടുകാരും തുടങ്ങിയ പരിഹാസത്തിന്റെ കൊടുങ്കാറ്റ് വീട്ടിനകത്തും ചുഴറ്റിയടിച്ചപ്പോള്‍ മാഷിന് സങ്കടക്കൂട്ട് കൂടി. അതിനിടെ, ചോദിക്കാതെയെത്തിയ മരണം ഒരു നാള്‍ ആ മരം കടപുഴക്കി. ഒന്നര വര്‍ഷം മുമ്പ്. 
വെറുതെ മാഷിന്റെ വീട് കാണാന്‍ ചെന്നു. അതിനടുത്താണ് പഴയ മരമില്‍. അതിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നു. ചുറ്റും മരങ്ങള്‍. വള്ളിച്ചെടികള്‍.  ചെറിയൊരു കാടു പോലെ. പെട്ടെന്ന് ഒരു ചിറകടി കേള്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ആഗ്രഹിച്ചു. എന്നാല്‍, കഥയില്‍ മാത്രം നിലനില്‍പ്പുള്ള മറ്റനേകം തോന്നലുകള്‍ പോലെ ആ ആഗ്രഹം നിരാശയായി ഒടുങ്ങി. ഒരു ചിറകടിയും കേട്ടില്ല. കാല്‍പ്പാടും കണ്ടില്ല. എന്നിട്ടും ഉള്ളിലെ കാട്ടിനുള്ളില്‍ പണ്ടെന്നോ മുട്ടയിട്ടു വിരിഞ്ഞ ആ വേഴാമ്പല്‍ ഇപ്പോഴും  ചിറകനക്കുന്നത് എനിക്ക് അറിയാനാവുന്നു. 

ഉള്ളിലെ കാട്ടില്‍ സ്വപ്നത്തിന്റെ കാറ്റ് പിടിച്ച മരങ്ങളില്‍ 
ചേക്കേറിയ പക്ഷികളെ ആര് അപഹരിക്കാന്‍.


LinkWithin

Related Posts Plugin for WordPress, Blogger...