Showing posts with label കൂട്ടായ്മ. Show all posts
Showing posts with label കൂട്ടായ്മ. Show all posts

Sunday, July 31, 2011

ക്ലാസ്മേറ്റുകളെ എനിക്കിപ്പോള്‍ ഭയമാണ്

ക്ലാസ് മേറ്റ്സ് എന്ന സിനിമ ഒരിക്കലും ഉണ്ടാവരുതായിരുന്നു  
എന്നാണ്  ഇപ്പോള്‍ തോന്നുന്നത്.  കാലങ്ങള്‍ക്കു ശേഷമുള്ള എല്ലാ 
കാമ്പസ് കൂടിചേരലുകളെയും അത് ഒരേ അച്ചിലേക്കു മാറ്റുന്നു. 
ആ സിനിമയുടെ തിരക്കഥയിലാണ് കൂടിച്ചേരലുകള്‍. 
സ്വാഭാവിക വികാരങ്ങളും പ്രതികരണങ്ങള്‍ക്കും പകരം 
അതേ തിരക്കഥയിലെ വികാര വിചാരങ്ങള്‍. 



 ഏതാണ്ട് അതേ പോലെയുണ്ടായിരുന്നു  കാമ്പസ്. 
നീണ്ട ഇടനാഴികള്‍. പിരിയന്‍ ഗോവണി. അതേ ക്ലാസ് മുറി.
അവിടെ, ഭാര്യമാരും ഭര്‍ത്താക്കന്‍മാരുമായി രൂപം മാറിയ പഴയ കൂട്ടുകാര്‍. ഒപ്പം അവരവരുടെ കുഞ്ഞുങ്ങള്‍. ഇനിയും കല്യാണം കഴിക്കാത്ത, നടക്കാത്ത ചിലര്‍ ഇത്തിരി കലിപ്പോടെ ഇടയില്‍. പിന്നെ അധ്യാപകര്‍. വിരമിച്ചവരും അല്ലാത്തവരും.
അതൊരു കൂടിക്കാഴ്ചയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സഹപാഠികളുടെ ഒത്തുചേരല്‍. ഏതൊക്കെയോ വഴികളില്‍ ചിതറിപ്പോയവര്‍  വീണ്ടും പഴയ ക്ലാസ് മുറിയില്‍ ഒത്തു കൂടുന്നു.
നാക് അക്രഡിറ്റേഷന്റെ ഭാഗമായും ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ സ്വാധീനഫലമായും നമ്മുടെ കാമ്പസുകളില്‍ ഇപ്പോള്‍ പല വഴിക്ക് അരങ്ങേറുന്ന സവിശേഷമായ ഈ കലാപരിപാടിയില്‍ ഇതുവരെ ചെന്നു പെട്ടിട്ടില്ലായിരുന്നു. ഗൃഹാതുരത്വവും കാമ്പസ് ഓര്‍മ്മയും ഉള്ളില്‍ ഇപ്പോഴും അത്രക്ക് പ്രഭ ചൊരിയാത്തതു കൊണ്ടാവുമോ എന്നറിയില്ല,ഇതിനു മുമ്പ് നടന്ന ഇത്തരം പരിപാടികളിലൊന്നും  തലവെച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പതിവു ശ്രമം പാളി. ചങ്ങാതിമാര്‍ ജയിച്ചു!


അങ്ങിനെ, അതേ ക്ലാസ് മുറിയില്‍.
എല്ലാവരും അടിമുടി  മാറിയിട്ടുണ്ട്. പലരും നന്നായി തടിച്ചിരിക്കുന്നു. മെലിഞ്ഞ് എഴുന്നേറ്റു നടക്കാന്‍ ശേഷിയില്ലാതിരുന്ന പഴയ സഖാവിന്റെ തടി വല്ലാതങ്ങ് കൂടി. ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടു തന്നെ.
തല്ലിപ്പൊളിയായി നടന്ന പലരും വലിയ നിലകളിലെത്തി. അന്നത്തെ മുറിമീശക്കാര്‍ക്ക് ഇപ്പോള്‍ കട്ടിമീശയുടെ ഭാരം. നീണ്ട മുടിയുണ്ടായിരുന്ന കൂട്ടുകാരിക്ക് ഇപ്പോള്‍  ബോയ് കട്ടിന്റെ ചെറുപ്പം. അന്നത്തെ നാണം കുണുങ്ങി പെണ്‍പിള്ളാര്‍ ഏതാണ്ട് അതേ പോലെതന്നെ നാണം കുണുങ്ങുന്ന പാവം കുഞ്ഞുങ്ങളെ തനി പട്ടാളമട്ടില്‍ ഗൌരവത്തോടെ കൈകാര്യം ചെയ്യുന്നു!
വിദ്യാര്‍ഥി സംഘടനകളില്‍ സജീവമായുണ്ടായിരുന്ന കൂട്ടുകാരില്‍ ചിലര്‍  ഇപ്പോഴും പെതുരംഗത്ത് സജീവം. ചിലരൊക്കെ സര്‍ക്കാര്‍ ജീവനക്കാര്‍.  ചിലര്‍ ഭാര്യാപദവിയില്‍ ഒതുങ്ങി.
കണ്ടുമുട്ടല്‍ ചടങ്ങ് രസകരമായിരുന്നു. ഒരാള്‍ കുടുംബവുമൊത്ത് കടന്നു വരുന്നു. മറ്റു പലര്‍ ഓടിക്കൂടുന്നു. പിന്നെ ആലിംഗനങ്ങള്‍. കെട്ടിടം  കുലുങ്ങുമാറ് പൊട്ടിച്ചിരികള്‍. വിശേഷം പറച്ചില്‍. പിന്നെ അടുത്ത ആള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്.
ചോദിക്കാനും പറയാനുമൊക്കെ എല്ലാവര്‍ക്കും ഏറെയുണ്ടായിരുന്നു. എന്നാല്‍, അവയ്ക്കെല്ലാം ഒരേസ്വഭാവമാണോ എന്നു തോന്നിപ്പോയി. ഒരേ ചോദ്യങ്ങള്‍. ഒരേ ഉത്തരങ്ങള്‍. ഒരേ വടിവിലുള്ള ചിരികള്‍.  പരിചയപ്പെടുത്തലുകള്‍. ആമ്പ്രന്നോന്റെയും പെമ്പ്രന്നോത്തിയുടെ പഴയ വീരകഥകള്‍ കോമഡിക്കഥകളുടെ അകമ്പടിയോടെ തുരുതുരാ ആഘോഷിക്കപ്പെട്ടു.



അധ്യാപകര്‍  സംസാരിച്ചു. 
ഇടവിട്ട് വിദ്യാര്‍ഥികളും. പഴയ ഓര്‍മ്മകള്‍. തമാശകള്‍. സങ്കടങ്ങള്‍.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ഛിച്ച നാളുകളായിരുന്നു  ഞങ്ങളുടെ പഠനകാലം.  അവിശ്വാസത്തിന്റെയും പകയുടെയുമൊക്കെ ഒരന്തരീക്ഷം സദാ ചുറ്റുമുണ്ടായിരുന്നു. മിക്കവാറും ഉച്ചക്കുശേഷം ക്ലാസ് ഉണ്ടാവില്ല. സമരമോ അടിപിടിയോ ഏതാണ്ടൊക്കെ.
എന്നാല്‍, എല്ലാത്തിനുമടിയില്‍ നന്‍മയുടെയും സ്നേഹത്തിന്റെയുമൊക്കെ ഒരു പ്രതലം  അദൃശ്യമായി നില്‍പ്പുണ്ടായിരുന്നു എന്നു ഇപ്പോള്‍ തോന്നുന്നു. കാലങ്ങള്‍ കഴിഞ്ഞ് കണ്ടു മുട്ടിയതിന്റെ ശിഷ്ടം.  അന്നും ഞങ്ങളാക്കെ തമ്മില്‍ സ്നേഹം പോലെ എന്തൊക്കെയോ ഉണ്ടായിരുന്നു എന്നു തന്നെ തോന്നിപ്പോവുന്നു.
പറഞ്ഞു തുടങ്ങിയപ്പോള്‍ പലരുടെയും ഓര്‍മ്മകളിലൂടെ ആ കാലം ക്ലാസ് മുറിയിലേക്ക് ഇഴഞ്ഞു കയറി വന്നു. അന്നു തല്ലിയവര്‍. തല്ലു കൊണ്ടവര്‍. മുങ്ങിയവര്‍. രാഷ്ട്രീയത്തില്‍നിന്ന് എന്നേക്കുമായി ഇല്ലാതായവര്‍. അങ്ങനെ പലരുടെയും ഓര്‍മ്മപ്പെടുത്തലുകള്‍.
 ചിലര്‍ പഴയ കാലത്തിന്റെ വീരഗാഥകളാടി. പാലും തേനുമൊഴുകിയിരുന്ന മാവേലി നാടു പോലെയായിരുന്നു അതെന്ന്. ആരും നിഷേധിച്ചില്ലെങ്കിലും  കള്ളമാണ് ഇവയെന്ന് ഓരോരുത്തരുടെയും ഉള്ളകം പറഞ്ഞു കൊണ്ടിരുന്നു.
എന്റെ ഊഴം വന്നു. പ്രത്യേകിച്ച് എന്തെങ്കിലും പറഞ്ഞ് ആരെയും ഉപദ്രവിക്കില്ലെന്ന് വരുമ്പോഴേ തീര്‍ച്ചപ്പെടുത്തിയിരുന്നു. അതിനാല്‍, ഇപ്പോഴത്തെ ചില കാര്യങ്ങളെ കുറിച്ച് മാത്രം പറഞ്ഞെന്നു വരുത്തി പതിയെ തലയൂരി.
പ്രസംഗങ്ങള്‍ക്കു ശേഷം കലാ പരിപാടികളായിരുന്നു. പാട്ടുകള്‍. തമാശകള്‍. പണ്ട് മനോഹരമായി പാടിയിരുന്ന ചിലരൊക്കെയുണ്ടായിരുന്നു കൂട്ടത്തില്‍. അതില്‍ ആണ്‍കുട്ടികളെല്ലാം പാടി. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും ആരുമെഴുന്നേറ്റ് പാട്ടായില്ല. അതിമനോഹരമായി പാടിയിരുന്ന ഉറ്റ ചങ്ങാതി  തൊട്ടടുത്ത് ചുമ്മാ ഇരിക്കുന്നുണ്ടായിരുന്നു.
'പാടിക്കൂടേ', ഞാന്‍ ചോദിച്ചു.
'എന്ത് പാട്ട്. ഞാനോ?' അവളുടെ മറു ചോദ്യം.
അവളുടെ ഭര്‍ത്താവും കുട്ടിയും തൊട്ടരികിലുണ്ടായിരുന്നു. അവള്‍ എന്നെങ്കിലും പാട്ടു പാടിയിരുന്നതായി അയാളോ മകളോ ഒരിക്കലും അറിഞ്ഞിട്ടുണ്ടാവില്ലെന്ന് പെട്ടെന്ന് തോന്നി. വിവാഹം ചിലരുടെയൊക്കെ ഉള്ളിലെ പാട്ടുകള്‍ കൂടി  കവര്‍ന്നെടുക്കുന്നുണ്ടാവണം പച്ച ജീവിതത്തിന്റെ കനം ഒരു പേപ്പര്‍ വെയ്റ്റു പോലെ പലപ്പോഴും പെണ്‍കുട്ടികളുടെ ഈണങ്ങള്‍ക്കു മേല്‍ നിലയുറപ്പിക്കുന്നുണ്ടാവണം.


പിന്നെ ഭക്ഷണ നേരമായിരുന്നു. 
എത്രയോ കാലത്തിനു ശേഷമായിരുന്നു ഒന്നിച്ചുള്ള അത്തരമാരു വേള.  എല്ലാവരും പരസ്പരം വിശേഷങ്ങള്‍ പറയുകയായിരുന്നു. തമാശകളും ചിരികളും ചേര്‍ന്ന് ഇലയിലെ ഭക്ഷണത്തിന് രുചി കൂടി.
കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ പടിയിറക്കമായി. പല വഴികളിലേക്കുള്ള ചിതറല്‍.  ആണ്‍കുട്ടികളില്‍ ചിലര്‍ വീണ്ടുമൊരു ഒത്തു ചേരലിനുള്ള ഒരുക്കങ്ങളിലായിരുന്നു. കുടുംബത്തെ നേരത്തെ വിട്ട് ഒരു രാത്രി ഒന്നിച്ചു കൂടാനുള്ള തിരക്ക്. അതിനുള്ള കുപ്പികള്‍ നേരത്തെ തയ്യാറായിരുന്നു.
തിരിച്ചിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണില്‍ നമ്പറുകള്‍ കുറേ കൂടി. പോക്കറ്റ് ഡയറിയില്‍ കുറേ ഇ മെയില്‍ ഐഡികള്‍. ഇനിയും കാണാമെന്ന അനേകം വാഗ്ദാനങ്ങള്‍ കോളജ് പടവുകളിറങ്ങി ഒപ്പം പോന്നു.
ക്ലാസ് മേറ്റ്സ് എന്ന സിനിമ ഒരിക്കലും ഉണ്ടാവരുതായിരുന്നു  എന്നാണ്  ഇപ്പോള്‍ തോന്നുന്നത്.  കാലങ്ങള്‍ക്കു ശേഷമുള്ള എല്ലാ കാമ്പസ് കൂടിചേരലുകളെയും അത് ഒരേ അച്ചിലേക്കു മാറ്റുന്നു. ആ സിനിമയുടെ തിരക്കഥയിലാണ് കൂടിച്ചേരലുകള്‍. സ്വാഭാവിക വികാരങ്ങളും പ്രതികരണങ്ങള്‍ക്കും പകരം അതേ തിരക്കഥയിലെ വികാര വിചാരങ്ങള്‍.   ഞങ്ങളുടെ സംഗമത്തിനും ഇതില്‍നിന്ന് മോചനമുണ്ടായില്ല.

സംഗമം കഴിഞ്ഞിട്ടിപ്പോള്‍ കുറേ കാലമായി.
  പരിപാടി കഴിഞ്ഞ ആദ്യ മാസം കുറേ   വിളികള്‍ വന്നിരുന്നു. ചിലതൊക്കെ തിരക്കുള്ള  നേരങ്ങളില്‍. അതു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ പലരുടെയും മുഖം ചുളിഞ്ഞിരിക്കണം. എന്നാല്‍,  പിന്നീട് തിരിച്ചു വിളിക്കുമ്പോള്‍ അവരും തിരക്കുകളിലായിരുന്നു.
തിരക്കില്ലാത്ത സമയങ്ങളില്‍ വിളിച്ച ചില ചങ്ങാതിമാരോടൊക്കെ കുറേ നേരം സംസാരിച്ചു. എന്നാല്‍, വാക്കുകള്‍ പലപ്പോളും ഇടമുറിഞ്ഞു. അധികമൊന്നും സംസാരിച്ചിരിക്കാനുള്ള കോപ്പില്ലായിരുന്നു, പലപ്പോഴും. പഠന കാലത്ത് രാത്രി മുഴുവന്‍ സംസാരിച്ചിരുന്നവര്‍ക്ക് അഞ്ചു മിനിറ്റ് സംസാരിക്കുമ്പോഴേക്കും മടുക്കുന്നുണ്ടായിരുന്നു.
എല്ലാവരും ഏറെ മാറിയിരുന്നു. അഭിരുചികളും രാഷ്ട്രീയ ബോധവും  താല്‍പര്യങ്ങളുമെല്ലാം. ആരും അംഗീകരിക്കുന്നില്ലെങ്കിലും അത് പ്രകടമായിരുന്നു. ഇത്തിരി നേരം സംസാരിക്കുമ്പോഴേക്കും ഈ മാറ്റങ്ങള്‍  ഞങ്ങള്‍ക്കിടയില്‍ വന്ന് കരിങ്കല്ലു പോലെ നിന്നു.
നാടിനെ മാറ്റണമെന്ന് കലശലായി പറഞ്ഞു നടന്ന ഒരു ചങ്ങാതി വിളിച്ചത് ഏതോ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയില്‍ അംഗത്വമെടുക്കാന്‍ പറയാനായിരുന്നു.  പുസ്തകങ്ങള്‍ക്ക് തീറെഴുതിയ  ചങ്ങാതി വല്ലതും വായിച്ച് എത്രയോ കാലമായെന്ന് തുറന്നു പറഞ്ഞു. മഴ പോലെ  കവിതയെഴുതിയിരുന്ന കൂട്ടുകാരന്‍ ആളുകളെല്ലാം ഈ പണ്ടാര പുസ്തകം വായിച്ചിരുന്നിട്ടാണ് നാടു നന്നാവാത്തതെന്ന് അഭിപ്രായപ്പെട്ടു.
അങ്ങനെയങ്ങിനെ പലര്‍. നല്ല തിരക്കുള്ള സമയത്ത് വിളിച്ച് ചിലര്‍ സ്വപ്നങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും വാചാലരായി. തിരക്കാണെന്ന് പറഞ്ഞപ്പോള്‍ തെറിയായി. ഒഴിവു നേരങ്ങളില്‍ ഒത്തു കൂടി ഇത്തിരി മദ്യപിച്ച ആവേശത്തിലായിരുന്നു അവരുടെ സംസാരങ്ങള്‍. മറ്റൊരു നേരത്ത് തിരിച്ചു വിളിച്ചപ്പോള്‍ ഇക്കാലത്ത് എന്ത് സംഗീതം എന്ന മട്ടിലായിരുന്നു പലരും.
പരസ്പരം മനസ്സിലാവാന്‍ പോലും കഴിയാത്തത്ര അകലങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത് എന്നു ബോധ്യപ്പെടുത്താന്‍ മാത്രം സഹായിച്ചു, പല വിളികളും. അതിനാല്‍, വിളികള്‍ പതുക്കെ നിലച്ചു.
ഇ-മെയില്‍ ഇന്‍ബോക്സില്‍  ഇപ്പോഴും വരാറുണ്ട് ചില ഫോര്‍വേഡഡ് മെയിലുകള്‍. ചിലപ്പോള്‍ ചില കുറിപ്പുകള്‍. മദ്യമാണ് അതെഴുതിച്ചത് എന്ന് മുഖത്തെഴുതി വെച്ചത്ര അരോചകമായ സാഹിത്യങ്ങള്‍. ഓര്‍മ്മ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓടി രക്ഷപ്പെടാന്‍ തോന്നി ചിലരുടെ ഒഴിവു നേര വിനോദമായ കവിതകള്‍ വായിച്ചപ്പോള്‍.
 അങ്ങിനെയാണ് കാര്യങ്ങള്‍. പണ്ടേ കൂടെ നടക്കുന്ന  ചില ചങ്ങാത്തങ്ങള്‍ ഒഴിച്ച് മറ്റൊന്നും ഇപ്പോള്‍ ഒപ്പമില്ല.  സംഗമത്തിലൂടെ തിരിച്ചെത്തിയ ചങ്ങാത്തങ്ങള്‍ക്കൊന്നും ആയുസ്സുണ്ടായിരുന്നില്ല.
സൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍  മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു. ചില പ്രത്യേക അളവില്‍ മഞ്ഞും വെയിലും മഴയും വേണമതിന്. അതില്ലാതായാല്‍ അവ കരിഞ്ഞു പോവും. പണ്ടു കാമ്പസ് കാലത്ത് കാലാവസ്ഥ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. ഇപ്പോള്‍ എതിരും. അതിനാലാവണം വീണ്ടും മൊട്ടിട്ട കൂട്ടുകളൊന്നും തളിര്‍ക്കാതെ പോയത്. അതാരുടെയും കുഴപ്പം കൊണ്ടാവില്ല. ജീവിതത്തിന്റെ സ്വാഭാവികത മാത്രമാണ് അതെന്ന് ഇപ്പോള്‍ തിരിച്ചറിയാനാവുന്നു.

LinkWithin

Related Posts Plugin for WordPress, Blogger...