Showing posts with label ഏഷ്യാനെറ്റ് ന്യൂസ്. Show all posts
Showing posts with label ഏഷ്യാനെറ്റ് ന്യൂസ്. Show all posts

Tuesday, July 12, 2011

ബെര്‍ലിത്തരങ്ങളെ പ്രസ്താവനയാക്കുന്ന വിധം അഥവാ സ്വാശ്രയ തമാശകള്‍

 സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട ബെര്‍ലി തോമസിന്റെ പോസ്റ്റ് 
അതേ പടി ഒരു സംഘടനയുടെ പ്രസ്താവനയായി മാറിയതിന്റെ 
കിടിലന്‍ തെളിവുകള്‍. ഒപ്പം, സ്വാശ്രയ ഗോദയിലെ മറ്റു തമാശകളും


 അല്ലെങ്കില്‍ തന്നെ നമ്മുടെ സ്വാശ്രയ  ഡപ്പാംകൂത്ത്  ആകെ മൊത്തം ടോട്ടല്‍ തമാശയാണ്. അതിനിടെ പിന്നെയും തമാശകള്‍ കയറി വന്നാലോ.  നിവൃത്തിയില്ല. ചിരിച്ചു ചിരിച്ചു തലകുത്തുക തന്നെ...
സ്വാശ്രയ തമാശകള്‍ നമുക്കെല്ലാം പണ്ടേ പരിചിതമാണ്. സാമൂഹിക നീതി എന്നതടക്കമുള്ള ഇണ്ടാസുകള്‍ വെച്ച് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ നടത്തുന്ന ന്യൂനപക്ഷ സംരക്ഷണ നാടകങ്ങള്‍ ഒരു വഴിക്ക്. അവര്‍ക്കെതിരെ അതേ സാമൂഹിക നീതി പറഞ്ഞ് മാനേജ്മെന്റ് അസോസിയേഷന്‍ നടത്തുന്ന  ലീലാവിലാസങ്ങള്‍ മറ്റൊരു വഴിക്ക്. ഞാനൊന്നുമറിഞ്ഞില്ലേ എന്ന നാടകം വീണ്ടും വീണ്ടും കളിച്ച്  നാണം കുണുങ്ങി കുണുങ്ങി നമ്മുടെ സര്‍ക്കാര്‍  സംവിധാനങ്ങള്‍ അപ്പുറത്ത്.  എല്ലാത്തിനും കാഴ്ചക്കാരായി കല്ലും വടിയും പിടിച്ച് വിപ്ലവവീര്യം ഉടലില്‍ പടര്‍ത്തി ഇടതു വിദ്യാര്‍ഥി സംഘടനകള്‍. ഇതൊക്കെ ഞങ്ങള് പണ്ടേ പറഞ്ഞതല്ലേ എന്ന പുച്ഛത്തില്‍ ഭരണപക്ഷ വിദ്യാര്‍ഥി ശിങ്കങ്ങള്‍ ഇങ്ങേക്കരയില്‍.  ആരവങ്ങളുമായി മാധ്യമ പ്രവര്‍ത്തകരും പൊലീസും ചാനല്‍ ചര്‍ച്ചാ വിദഗ്ദരും ചേരുമ്പോള്‍ കോമഡി ഷോ പൂര്‍ണമായി.
ഇതിനിടയിലാണ് പുതിയ തമാശകള്‍. ഇന്ന് രാവിലെ മുതല്‍ കണ്ടതൊക്കെ തമാശകളായിരുന്നു.

തമാശ നമ്പര്‍ വണ്‍
ഏഷ്യാനെറ്റാണ് സ്വാശ്രയ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട വമ്പന്‍ തമാശകളിലൊന്ന് ഇന്നലെ പുറത്തു കൊണ്ടു വന്നത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശന പരീക്ഷക്കു മുമ്പേ 50 വിദ്യാര്‍ഥികളുടെ പട്ടിക ലക്ഷങ്ങള്‍ തലവരി വാങ്ങി തയ്യാറാക്കിയ വിവരമാണ് ഏഏഷ്യാനെറ്റ് ലേഖകന്‍ പി.ജി സുരേഷ്കുമാര്‍ തരിമ്പും തമാശ കലര്‍ത്താതെ അവതരിപ്പിച്ചത്.  പിന്നാലെ വന്നു കൊടും തമാശകള്‍. 50 ലക്ഷം രൂപ വരെ കൊടുത്ത് സീറ്റുറപ്പിച്ച രക്ഷിതാക്കള്‍ നെഞ്ചും വിരിച്ച്  സംഭവം സമ്മതിച്ചു. ഞങ്ങളേ ാ, കാശോ, അയ്യയ്യേ എന്ന്  കോളജ് നടത്തുന്ന സഭയുടെ അധികൃതര്‍. 15 ലക്ഷം കൊടുത്തു, അഞ്ച് ലക്ഷം ഇന്ന് കൊടുക്കും, ഇക്കാര്യം മകളോടു പറയല്ലേയെന്ന്  ഒരു പച്ചപ്പാവം രക്ഷിതാവ്. ഇതൊക്കെ ഏഷ്യാനെറ്റിന്റെ എക്സ്ക്ലൂസീവല്ലേ, നമുക്കെന്ത് കാര്യമെന്ന് മറ്റ് മാധ്യമങ്ങള്‍. അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഞങ്ങളിതൊക്കെ നേരത്തെ പറഞ്ഞതല്ലേയെന്ന് എസ്.എഫ്.ഐ. തലവരിപ്പണം വാങ്ങി പ്രവേശനം നല്‍കുന്നതൊക്കെ എന്തൊരു മോശം പരിപാടിയെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ വക്താവ് കൂടി മൊഴിഞ്ഞതോടെ തമാശയോടു തമാശ.

തമാശ നമ്പര്‍ റ്റു

സ്വാശ്രയ പ്രശ്നത്തില്‍ ആരേലും സഭയെ തോണ്ടിക്കളിച്ചാല്‍ പ്രത്യേക യുവജന സേന രൂപവല്‍കരിക്കുമെന്ന കേരള ന്യൂനപക്ഷഫ്രണ്ട് എന്ന സംഘടനയുടെ വെല്ലുവിളിയാണ്  രാവിലത്തെ പത്രവായനയില്‍  തന്നെ കണ്ടത്. ന്യൂനപക്ഷത്തെ തൊട്ടു കളിക്കാനാണ് ശ്രമമെങ്കില്‍  ന്യൂനപക്ഷ സംരക്ഷണത്തിന് സേന ഉടന്‍ തുടങ്ങുമെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ സംസ്ഥാന ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ചൂണ്ടല്‍ വ്യക്തമാക്കുന്നത്.
പ്രധാനമായും ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനെ തൊട്ടു കളിക്കുന്നവരെയാണ് സേന കൈകാര്യം ചെയ്യുക. പിന്നെ, മറു പക്ഷത്ത് നില്‍ക്കുന്ന മാനേജ്മെന്റ് അസോസിയേഷനെയും.  അറിയാതെങ്ങാന്‍ ആരെങ്കിലും ചിരിച്ചു പോയാല്‍ അവരെയും വെറുതെ വിടില്ല. കട്ടായം.
പണ്ട് വിമോചന സമര കാലത്ത് ഇമ്മാതിരി ഒരു സേന പ്രവര്‍ത്തിച്ചിരുന്നതിന്റെ തിളയ്ക്കുന്ന ഓര്‍മ്മകളാവാം  ന്യനൂപക്ഷ ഫ്രണ്ടിന് ആവേശം പകര്‍ന്നിട്ടുണ്ടാവുക. അന്ന് എന്തോരം പുകിലായിരുന്നു. തൊട്ടാല്‍ തട്ടുമെന്നു പറഞ്ഞ് ഇടവകകള്‍ തോറും കവാത്തുകള്‍. കമ്യൂണിസ്റ്റുകളെ കുത്തിനു പിടിക്കാന്‍ സെറ്റപ്പുകള്‍.  തല്ലാനും കൊല്ലാനും തയ്യാറായി കുട്ടിപ്പട്ടാളം. ബഹുരസം.
 ഈയടുത്തു തന്നെ മറ്റൊരു പുമാന്‍ സേന രൂപവല്‍കരിക്കുമെന്നു പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ ഭീഷണിപ്പെടുത്തിയിരുന്നു. സാക്ഷാല്‍ ബാബാ രാംദേവ്. അതും നമ്മുടെ ഫ്രണ്ടുകാര്‍ക്ക് ആവേശം പകര്‍ന്നു കാണണം.
സേന രൂപീകരിച്ചാല്‍ പിന്നെ ബഹുരസമായിരിക്കും. തല്ലേണ്ടവരെ തല്ലാം. കൊല്ലേണ്ടവരെ കൊല്ലാം. പേടിപ്പിക്കേണ്ടവരെ നിലക്കുനിര്‍ത്താം. തമാശ കൊണ്ട് കേരളത്തിലാര്‍ക്കും നിലത്ത് നില്‍ക്കാനാവില്ല എന്നു സ്പഷ്ടം. എന്നാലും സ്വാശ്രയ കോളജുകാര്‍ക്കായി ക്വട്ടേഷന്‍ സംഘമാവുക എന്നൊക്കെ പറഞ്ഞാല്‍ ഇത്തിരി കടന്ന കൈയാവില്ലേ എന്നൊരു സംശയമുണ്ട്.

തമാശ നമ്പര്‍ ത്രീ

ഈ കോമഡിയാണ് എല്ലാത്തിലും ബഹുകേമം. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായി രംഗത്തു വന്ന കേരള കാത്തലിക് ഫെഡറേഷനാണ് ഈ കോമഡിഷോയിലെ മുഖ്യ പ്രായോജികര്‍.
 പത്രം വായിക്കുമ്പോള്‍ തന്നെയാണ് ഫെഡറേഷന്റെ തമാശ ശ്രദ്ധയില്‍ പെട്ടത്. നല്ല  സൊയമ്പന്‍ പ്രസ്താവന. മെത്രാന്‍മാരുടെ വൈരുധ്യാത്മക ആത്മീയ വാദത്തിന്റെ പൊള്ളത്തരം എന്നായിരുന്നു തലക്കെട്ട്.  ഫെഡറേഷന്‍ പ്രസിഡന്റ് ജോയ് പോള്‍ പുതുശേãരി, സെക്രട്ടറി വി.കെ ജോയ് എന്നിവരുടെ പേരില്‍ വന്ന പ്രസ്താവന പത്രത്തില്‍ വായിക്കുമ്പോഴാണ് ഇത് മറ്റെവിടെയോ  കണ്ടതാണല്ലോ എന്ന സംശയം വന്നത്.
വീണ്ടും വായിച്ചപ്പോള്‍ ഉറപ്പായി. ഇത് നേരത്തെ എവിടെയോ വായിച്ചിട്ടുണ്ട്. പെട്ടെന്ന് ആ പേര് മനസ്സില്‍ തെളിഞ്ഞു ബെര്‍ലിത്തരങ്ങള്‍!!!
അതെ, സാക്ഷാല്‍ ബെര്‍ലിത്തരങ്ങള്‍!
മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിക്കുന്ന ജനപ്രിയ ബ്ലോഗര്‍ ബെര്‍ലി തോമസിന്റെ  പോസ്റ്റില്‍ രണ്ടു നാള്‍ മുമ്പ്  വായിച്ചതു തന്നെ ഈ പ്രസ്താവനയിലെയും വാചകങ്ങള്‍.
അതെങ്ങിനെ ശരിയാവും?
വീണ്ടും ബെര്‍ലിയുടെ പോസ്റ്റ് വായിച്ചു. പിന്നെ ഈ പ്രസ്താവനയും.
അമ്പടാ, കടുവയെ കിടുവ പിടിച്ചു!!!
'ഇവര്‍ ചെയ്യുന്നത് ഇവരറിയുന്നുണ്ട്' എന്ന ബെര്‍ലിയുടെ പോസ്റ്റ് അപ്പടി അമുക്കുകയായിരുന്നു നമ്മുടെ പ്രസ്താവനക്കാര്‍. കോപ്പിയടി എന്നു വെച്ചാല്‍ നല്ല ഒന്നാന്തരം കോപ്പിയടി.  അടുത്തെങ്ങും കണ്ണില്‍ പെട്ടിട്ടില്ല ഇതുപോലൊരു കലാ പരിപാടി.
പത്രങ്ങളില്‍ കണ്ട സ്ഥിതിക്ക് ഒറിജിനല്‍ പ്രസ്താവന കാണാന്‍ കിട്ടുമോ എന്ന് നോക്കി. കൂട്ടുകാരനായ മാധ്യമപ്രവര്‍ത്തകന്‍ മണിക്കൂറുകള്‍ക്കകം പ്രസ്താവനയുടെ ഒറിജിനല്‍ ഒപ്പിച്ചു തന്നു. അതു കൂടി കണ്ടപ്പോള്‍, ചിരിച്ചു, ചിരിച്ച്...

സംശയമുള്ളവര്‍ക്കായി പോസ്റ്റ്  ഇതാ ഇവിടെ
ഇനി നമുക്ക് ഇവ സൂക്ഷ്മമായി പരിശോധിക്കാം.

 ഇത് പ്രസ്താവന:
തൃശൂര്‍: അവകാശങ്ങള്‍ നേടിയെടുക്കാന്‍ മതത്തെ ഉപയോഗിക്കുകയും കടമകളെ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്ന കത്തോലിക്കാ മെത്രാന്മാരുടെ വൈരുദ്ധ്യാത്മക ആത്മീയവാദം ക്രിസ്തുവിന്റ വചനങ്ങളെ നിരാകരിക്കുന്നതാണെന്ന്  തൃശൂരില്‍ ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്‍  യോഗം അഭിപ്രായപ്പെട്ടു.


ഇത് ബ്ലോഗ് പോസ്റ്റ്:
വൈരുധ്യാത്മക ആത്മീയവാദം എന്നൊന്ന് ഭംഗിയായി നടപ്പാക്കുകയാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍.അവകാശങ്ങള്‍ നേടിയെടുക്കാന്‍ മതത്തെ ഉപയോഗിക്കുകയും കടമകളെ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുമ്പോള്‍ വിസ്മരിക്കപ്പെടുന്ന് യേശുക്രിസ്‍തുവിന്റെ വചനങ്ങളാണ്.


 ഇത് പ്രസ്താവന:
കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരുടെയും പുരോഹിതരുടെയും കടമ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതല്ല,


ഇത് ബ്ലോഗ് പോസ്റ്റ്:
കേരളത്തിലെ ക്രൈസ്തവസഭകളുടെ പ്രധാനകടമ ഇവിടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി കോടികള്‍ ലാഭമുണ്ടാക്കി ദൈവത്തെ സന്തോഷിപ്പിക്കുക എന്നതാണ് എന്നിതുവരെ ആരും പറഞ്ഞിട്ടില്ല. 


 ഇത് പ്രസ്താവന: 
നാട്ടിലുള്ള കുട്ടികളെ ഉദ്ധരിക്കാനല്ല ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്, ലാഭകരമായ വ്യവസായമാണെന്ന് തിരിച്ചറിഞ്ഞാണ്. ക്രൈസ്തവസഭ നടത്തുന്ന കേരളത്തിലെ മിക്കവാറും പബ്ലിക് സ്കൂളുകളില്‍ ഒന്നരലക്ഷം രൂപവരെ വാങ്ങുന്ന ലാഭകരമായ സാമ്പത്തിക ശാസ്ത്രം തന്നെയാണ് ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് സര്‍ക്കാറും ക്രിസ്ത്യാനികളും തിരിച്ചറിയണമെന്ന് യോഗം ചൂണ്ടിക്കാട്ടി. 


ഇത് ബ്ലോഗ് പോസ്റ്റ്:   
നാട്ടിലുള്ള പിള്ളേരെ വിദ്യാഭ്യാസം ചെയ്ത് ഉദ്ധരിക്കാന്‍ വേണ്ടിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈ പാടുപെടുന്നതെന്നാണ് പറയുന്നത്.ലാഭകരമായ ഉഗ്രന്‍ വ്യവസായമാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ടല്ല ഈ പണി ചെയ്യുന്നതെന്നാണ് അച്ചന്‍മാര്‍ ഉദ്ദേശിക്കുന്നത്.ക്രൈസ്തവ സഭ നടത്തുന്ന കേരളത്തിലെ മിക്കവാറും പബ്ലിക് സ്കൂളുകളിലും ഒരു ഇടത്തരക്കാരന് തന്റെ കുട്ടിയെ പഠിപ്പിക്കാന്‍ സാധിക്കില്ല. ഒന്നാം ക്ലാസ് അഡ്‍മിഷന് ഒന്നര ലക്ഷം രൂപ വരെ വാങ്ങുന്ന ഈ സ്കൂള്കളുടെ ഇക്കണോമിക്‍സ് തന്നെയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുള്ളതെന്ന് സര്‍ക്കാരിനുമറിയാം നാട്ടുകാര്‍ക്കുമറിയാം 


 ഇത് പ്രസ്താവന:
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളെ അവഗണിക്കുകയും വിദ്യാഭ്യാസ മേഖലയിലെ കച്ചവട താല്‍പര്യങ്ങള്‍ക്ക് ഭീഷണി നേരിടുമ്പോള്‍ മാത്രം ന്യൂനപക്ഷാവകാശ സംരക്ഷണത്തിനെന്ന പേരില്‍ മഹാ സമ്മേളനങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന കത്തോലിക്ക മെത്രാന്‍മാരുടെ ഇരട്ടത്താപ്പ് പൊതുജനം മനസ്സിലാക്കണം.


ഇത് ബ്ലോഗ് പോസ്റ്റ്:   
 ന്യൂനപക്ഷാവകാശ സംരക്ഷണം എന്ന പേരില്‍ വലിയ സമ്മേളനങ്ങള്‍ നടത്തുന്നത് സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തില്‍ മാത്രമാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനേകം പ്രശ്നങ്ങളെ അവഗണിക്കുകയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു ലാഭമുണ്ടാക്കാവുന്ന ബിസിനസിന്റെ കാര്യത്തില്‍ മാത്രം ഇമോഷണലാവുകയും ചെയ്യുമ്പോള്‍ നെഞ്ചത്തൊരു ബാ‍ഡ്‍ജും കുത്തി കൂടെ നിന്നില്ലെങ്കില്‍ വിശ്വാസികള്‍ ചിലപ്പോള്‍ തെമ്മാടിക്കുഴിയിലേക്കു പോകും.


ഇത് പ്രസ്താവന:
ക്രൈസ്തവ വിശ്വാസികളുടെയും സംഘടനകളുടെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചുകൊണ്ട് ഒരു കൊള്ള സംഘത്തെപ്പോലെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ സ്ത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള ക്രൈസ്തവ മിഷനറിമാരാണ്. 


ഇത് ബ്ലോഗ് പോസ്റ്റ്:
ക്രൈസ്‍തവ വിശ്വാസികളുടെയും സംഘടനകളുടെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചുകൊണ്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍‍സില്‍ ശക്തിയാര്‍ജിച്ച കൊള്ളസംഘത്തെപ്പോലെ സര്‍ക്കാരിനെ വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് വിദ്യാഭ്യാസചരിത്രത്തില്‍ തന്നെ സ്‍തുത്യര്‍ഹമായ സ്ഥാനം നേടിയിട്ടുള്ള ക്രിസ്‍ത്യന്‍ മിഷനറിമാരാണ്.












LinkWithin

Related Posts Plugin for WordPress, Blogger...