Saturday, March 12, 2011

ഒറ്റക്കാവുന്ന നേരങ്ങളില്‍ ചില മഴ നൃത്തങ്ങള്‍

ഒറ്റക്കാവുന്ന നേരങ്ങളില്‍ ഉന്‍മാദികളാവാറുണ്ടോ.
ഒറ്റ മഴയില്‍ പൂക്കാറുണ്ടോ

ജോലിയുടെ ഭാഗമായ യാത്രക്കിടെ അവിചാരിതമായി വന്നുപെട്ട ഒഴിവുദിവസമായിരുന്നു അത്. ഇടുക്കിയിലാണ്. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ലാത്ത പകല്‍. റോഡില്‍ ചുമ്മാ അമ്പരന്നു നില്‍ക്കവേ മുന്നില്‍ മൂന്നാര്‍ ബസ് വന്നു നിന്നു. അതൊരു നല്ല ആശയമാണല്ലോ എന്നോര്‍ത്തു. പിന്നെ കാര്യങ്ങള്‍ക്ക് വേഗത കൂടി. വേഗം മുറിയില്‍ ചെല്ലുന്നു. ബാഗ് എടുക്കുന്നു. റൂം വെക്കേറ്റ് ചെയ്യുന്നു.
അടുത്ത വണ്ടിക്ക് മൂന്നാറിലേക്ക്. തണുപ്പുള്ള ഒരു മൂന്നു മണിക്ക് നഗരത്തില്‍.  ഹോട്ടലില്‍ മുറിയെടുത്ത് ബാഗ് വെച്ച് വേഗം പുറത്തിറങ്ങി. ചെന്നിട്ട് എന്തോ അത്യാവശ്യകാര്യം ഉള്ളതു പോലെ.   മുമ്പും പല വട്ടം വന്നിട്ടുണ്ട്  തണുപ്പിന്റെ  ഈ നഗരത്തില്‍. പഠനകാലം മുതല്‍ ജോലിക്കാലം വരെ. പലരുടെയും കൂടെ. എന്നാല്‍, ഇപ്പോള്‍ തനിച്ചാണ്. ചുമ്മാ ഒരു തോന്നലിന്റെ പുറത്ത്, ഒരുദ്ദേശ്യവും ഇല്ലാതെ. അതിന്റെ അനായാസത നടപ്പിലുണ്ട്. തൂവല്‍പോലെ ഒരു കനമില്ലായ്മ.
വഴിവക്കത്തെ കടയില്‍ കേട്ട പാട്ടിനൊപ്പിച്ച് ഉള്ളിലെ ശേഖരത്തില്‍നിന്ന് ഓര്‍മ്മയിലെ ഏതോ പാട്ട് തപ്പിയെടുത്തു. കിഷോര്‍ കുമാറും ട്രിപ്പിള്‍ ഡ്രമ്മുകളും മല്‍സരിക്കുന്ന പഴയ ഉശിരന്‍ പാട്ട്.  നല്ല സുഖമുള്ള കുളിരാണ്. മനസ്സിന്റെ കെട്ടുപാടുകള്‍ തൂത്തുകളഞ്ഞ് കൈവീശി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഹരം കൂടി.
തട്ടുകടയില്‍നിന്ന് നല്ല ചൂടുള്ള ചായ. വീണ്ടും നടത്തം. ഒറ്റക്കും ഇണകളായും ഏറെ പേര്‍ പാതയിലൂടെ ചിരിച്ചും സംസാരിച്ചും നടക്കുന്നു. മുകളിലേക്കുള്ള കയറ്റത്തിലെ വലിയ മരത്തിനടുത്തെത്തിയപ്പോഴതാ മഴ.
ഒറ്റ പെയ്യലില്‍ ആകെ കുളിര്‍ന്നു.  ആളുകള്‍ മരച്ചോട്ടിലേക്കു നീങ്ങി. ചിലര്‍ കൈയിലെ കുടകള്‍ തുറന്നു. എനിക്കു കുടയില്ല. അതിനാല്‍ മരച്ചോട്ടിലേക്ക് കയറി. നൂലു പോലെ മഴ. ഒരേ താളം. നിസ്സംഗ ഭാവം. അറിയാതെ കാലുകള്‍ മഴയിലേക്ക് എടുത്തു വെച്ചു. എന്തിനെന്ന് എനിക്കുപോലും മനസ്സിലാവാത്ത നേരം മഴയിലേക്ക് ഇറങ്ങി നടന്നു. തണുപ്പും മഴയും ചേര്‍ന്ന് ശരീരം വീതം വെച്ചെടുക്കുന്നു.
പനി പിടിക്കുമെന്ന പേടിയാല്‍ ചെറിയ മഴ പോലും ഒഴിവാക്കുന്നൊരാളാണ്. ഇത്തരം കാര്യങ്ങളില്‍ സദാ ശ്രദ്ധിക്കുന്നൊരാള്‍. എന്നാലിപ്പോള്‍ കാര്യം വ്യത്യസ്തം. കൊച്ചു കുട്ടിയുടെ ഉല്‍സാഹം പോലെന്തോ ചലനങ്ങളില്‍. ഉള്ളില്‍നിന്ന് മുളക്കുന്ന സന്തോഷം മനസ്സാകെ.
 മഴ തുളച്ചു കയറുന്തോറും ഹരം കൂടി. മരച്ചോടുകളില്‍ അഭയം തേടിയ ആളുകളെ നോക്കി ചിരിച്ച് കൊച്ചു കുട്ടിയെപ്പോലെ മഴയില്‍ കുളിച്ച് പാതയിലൂടെ നടന്നു. ലോകത്തോടു മുഴുവനും സ്നേഹം തോന്നി. ആളുകളോടൊക്കെ സ്നേഹം.
വരയാടുകളെ കാണാറുള്ള പാറക്കെട്ടുകള്‍ക്കരികിലാണ് ഇപ്പോള്‍. ചുറ്റും മഴയുടെ ജുഗല്‍ബന്ദി. അറിയാതെ ശരീരം ഇളകുന്നു. ചെറിയ ചുവടുകള്‍ പോലെന്തോ. ദൈവമേ, ഞാന്‍ നൃത്തം വെക്കുകയാണോ. വെളുത്ത ആകാശത്തിനുനേര്‍ക്ക് ഉശിരോടെ കൈകള്‍ വീശി. കുളിരുമ്പോഴും ഉള്ളില്‍ സുഖമുള്ള ചൂട് പോലെ.
അന്നേരം മഞ്ഞിന്റെ തിരശãീലക്കപ്പുറം ഒരനക്കം കണ്ടു. നാലഞ്ച് വിദേശികള്‍. അവരും മഴയത്ത് ഉല്ലസിക്കുകയാണ്. കുട്ടികളെപ്പോലെ അപരിചിതമായ ഏതോ വായ്ത്താരിയില്‍. എന്നെ കണ്ടപ്പോള്‍, അവര്‍ കൈകളുയര്‍ത്തി. സൌഹൃദത്തിന്റെ കൈത്താങ്ങ്. ഏതോ പാട്ടിനൊപ്പം അവരുടെ ശരീരങ്ങള്‍ ചുവടു വെക്കുന്നു. ഒപ്പം കൂടി. കൈ കൊട്ടി, കൈകള്‍ വീശി, ചാടി മറിഞ്ഞ്, ചിരിച്ചു കുഴഞ്ഞ്, കൂവി, ആര്‍ത്ത്, വിചിത്രമായ ചുവടുകള്‍ വെച്ച് എന്റെ കളിയാട്ടം. അവരിലൊരാള്‍ എന്റെ കൈ പിടിച്ച് എന്തോ വിളിച്ചു പറഞ്ഞു. ഞാനുമെന്തൊക്കെയോ പറഞ്ഞു. വേഗം വേഗം മുകളിലേക്ക് നടന്നും ചെറുതായി ഓടിയും വിറച്ചും  ഏറെ നേരം.
ഇപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു. മഞ്ഞിന്റെ വെളുത്ത പാട ഇപ്പോഴും. ആഹ്ലാദത്തോടെ കെട്ടിപ്പിടിച്ചും ഉറക്കെ പൊട്ടിച്ചിരിച്ചും അവര്‍ യാത്ര പറഞ്ഞു നീങ്ങി. ചെളിയില്‍ കുഴഞ്ഞ ഷൂവില്‍ നനഞ്ഞ് കുതിര്‍ന്ന വിരലുകളെ ഇളക്കിയിളക്കി താഴേക്കു നടന്നു. മുടിയിഴകള്‍ നനഞ്ഞു കുതിര്‍ന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നു. താഴേക്കു നടക്കുമ്പോഴും ഉള്ളിലെ ഉന്‍മാദം ചിത്രശലഭത്തെപ്പോലെ പൊങ്ങിയും പറന്നുമിരുന്നു. ഉറക്കെ പാട്ടു മൂളി, നൃത്തത്തോടു സാമ്യമുള്ള വിധം ശരീരം ഇളക്കി  നടന്നു.
ഉടുപ്പിനുള്ളിലുള്ളത് മറ്റേതോ ആളാണെന്ന് തോന്നി. ഇത് ഞാനല്ല. ഇതിലും ഉന്‍മാദം വരേണ്ട നേരത്തും ഇളകാതെ നിന്നതാണ്. പാട്ടും നൃത്തവുമെല്ലാം ഉള്ളിലെ അടക്കി വെച്ച ഏതോക്കെയോ ചോദനകളായിരുന്നുവെന്നും ആ നിമിഷത്തിലെ ഞാന്‍ ഉന്‍മാദം ഓടുന്ന പ്രൊജക്റ്ററിനു മുന്നില്‍ കുടുങ്ങിയ തിരശãീലയായിരുന്നുവെന്നും ഇപ്പോള്‍ തോന്നുന്നു.
മുറിയില്‍ എത്തിയിട്ടും ഹരം കുറഞ്ഞില്ല. ടി.വിയിലെ ഏതൊക്കെയോ പാട്ടുകള്‍ക്കു മുന്നില്‍ ചുവടു വെച്ചു. തണുത്തു വിറച്ചിട്ടും പച്ച വെള്ളത്തില്‍ കുളിച്ചു. നൃത്ത ചുവടുകളോടെ ഉറക്കെ പാട്ടു പാടി . തീരാത്ത ഉന്‍മാദത്തിന്റെ വീത്തുകള്‍ ഉള്ളില്‍ വീണ്ടും വീണ്ടും പൊട്ടിമുളക്കുന്നുവെന്ന് തോന്നി. തെരുവിലേക്ക് വീണ്ടും ഇറങ്ങി നടന്നു.  രാത്രി തുടങ്ങും വരെ അവിടവിടെ അലഞ്ഞു. അന്ന് രാത്രി, കിടന്ന പാടെ ഉറങ്ങി. 

രണ്ട്
സത്യത്തില്‍ അന്നെന്താണ് സംഭവിച്ചത്. ഒറ്റക്കായതിന്റെ ഉന്‍മാദമോ അത്. അതോ, പ്രകൃതിയും സാഹചര്യങ്ങളും ഒത്തു വന്നപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതോ. ആദ്യത്തേതാണ് കാരണമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. കാരണം, ഒറ്റക്കായപ്പോള്‍ പലപ്പോഴും  ഇത്തരം കിറുക്കുകള്‍ തോന്നാറുണ്ട്. ഒറ്റക്കിറങ്ങി നടക്കാന്‍. പാട്ടുകള്‍ക്കൊത്ത് ചുവടു വെക്കാന്‍. അര്‍ഥമില്ലാത്ത എന്തൊക്കെയോ ചുമ്മാ പറഞ്ഞു നടക്കാന്‍, അസംബന്ധങ്ങള്‍ കൊണ്ട് പാട്ടു കെട്ടാന്‍. എന്നാല്‍, അന്നൊക്കെ പക്വത കടിഞ്ഞാണിട്ടു.
കോളജ് കാലത്ത് ഒരു വര്‍ഷം ഒറ്റക്കൊരു വാടക വീട്ടിലായിരുന്നു. വീടിനു മുന്നിലൊരു പാലയുണ്ട്. അതില്‍ യക്ഷി ഗന്ധര്‍വന്‍മാരുണ്ടെന്നും ചില നേരങ്ങളില്‍ കേള്‍ക്കുന്ന അസ്വാഭാവിക ശബ്ദങ്ങളും അപരിചിത ഗന്ധങ്ങളും  അരൂപികളുടെ ലോകത്തു നിന്നും വരുന്നതാണെന്നുമൊക്കെ സങ്കല്‍പ്പിച്ചു കിടന്നിരുന്നു, അന്ന്.  നിലാവുള്ള  രാവുകളില്‍ പുറത്തിട്ട കസേരയിലിരുന്ന് അവയുടെ സാന്നിധ്യം പിടിച്ചെടുക്കാനാവുമോ എന്ന് ശ്രമിച്ചു തളര്‍ന്നിട്ടുണ്ട്. അങ്ങിനെയങ്ങിനെയായ അനുഭവങ്ങളുടെ തുടര്‍ച്ച തന്നെയാവാം മൂന്നാറിലെ മഴ നൃത്തം എന്ന് സങ്കല്‍പ്പിക്കുമ്പോള്‍ നല്ല രസമുണ്ട്.
മറ്റുള്ളവര്‍ക്കും ഇങ്ങിനെയൊക്കെ തോന്നാറുണ്ടോ എന്നറിയില്ല. ചില കൂട്ടുകാരൊക്കെ വിചിത്രമായ ഇത്തരം അനുഭവങ്ങള്‍ രസകരമായി പറയാറുണ്ട്. ലാറ്റിനമേരിക്കന്‍ സിനിമകളിലും ഫിക്ഷനുകളിലുമെല്ലാം ഇത്തരം വിചാരങ്ങള്‍ എപ്പോഴൊക്കെയോ അനുഭവിച്ചിട്ടുണ്ട്.
എന്തു കൊണ്ടാവും  ഒറ്റക്കാവുമ്പോള്‍ ഇങ്ങിനെയൊക്കെ ആവുന്നത്. കണ്ടീഷന്‍ ചെയ്യപ്പെട്ട ചുറ്റുപാടുകളില്‍നിന്നുള്ള അബോധമായ കുതറലുകളാവാം അതെന്നാണ് ഒരു വിചാരം. ഇസ്തിരിയിട്ട ശീലങ്ങളും പക്വതയും സംസ്കാരവും ചേര്‍ന്ന് കൃത്യമായ മാതൃകകളില്‍ വാര്‍ത്തെടുത്ത ജീവിതങ്ങള്‍ ചിലപ്പോഴൊക്കെ അതിന്റെ വേരുകളിലേക്ക് തിരിച്ചു പോവാന്‍ ശ്രമിക്കുന്നതാവാം  ഇതൊക്കെ എന്നും തോന്നുന്നു.
ആളുകളോട് കരുതി ഇടപെട്ടും കരുതി സംസാരിച്ചും ഓരോ അപരിചിതനെയും ഭയന്നും കാത്തു സൂക്ഷിക്കുന്ന നമ്മുടെയൊക്കെ ജീവിതത്തിന്റെ ഇടവഴികളില്‍ പലയിടത്തും നമുക്ക് പോലും അറിയാത്ത എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നു.   ഒരു പക്ഷേ,  വളര്‍ച്ച എന്നും പക്വതയെന്നും സംസ്കാരമെന്നും പറഞ്ഞ് നാം കണ്ടീഷന്‍ ചെയ്ത് ഒതുക്കുന്നത് നമ്മുടെ സത്യസന്ധമായ വികാരങ്ങളാവാം. ഒരു പക്ഷേ, അതാവാം യഥാര്‍ഥത്തിലുള്ള നമ്മള്‍. വൃത്തിയായി ഉടുപ്പുകളാല്‍ പൊതിഞ്ഞ നമുക്കും മറ്റുള്ളവര്‍ക്കും പരിചിതമായ  ഈ ആള്‍ മറ്റാരോ ആവാം.
കാര്യ കാരണങ്ങളുടെ പ്രേതബാധയേല്‍ക്കാത്തൊരു കുട്ടിക്കാലം ഇപ്പോഴും തുളുമ്പുന്നുണ്ടാവും നമുക്കുള്ളില്‍.  സ്കൂളും അധ്യാപകരും ചൂരല്‍ വടി പിടിച്ച സമൂഹവുമെല്ലാം ചേര്‍ന്ന് മാറ്റിയെഴുതിയ നമ്മുടെ സ്വാഭാവിക ചോദനകള്‍ അവക്ക് പുറത്തുവരാന്‍ ഇടയുള്ള ചില നേരങ്ങളില്‍ സ്വയം പ്രകാശിപ്പിക്കുന്നതാവാം. ഒരു പക്ഷേ, അതുകൊണ്ടാവാം നമ്മളെല്ലാം ബാത്റൂം സിംഗര്‍മാരാവുന്നത്. ഒറ്റക്കുള്ള അലഞ്ഞു തിരിയലുകള്‍ സ്വപ്നം കാണുന്നത്. സമൂഹം നിര്‍ണയിച്ച സദാചാര വടിവുകളില്‍നിന്നും സ്വപ്നം കൊണ്ടും ഭാവന കൊണ്ടും പുറത്തു കടക്കുന്നത്. കവിതയിലൂടെയും ഫിക്ഷനിലൂടെയും സ്വന്തം ഭാഷയില്‍നിന്ന് കുതറി മാറാന്‍ ശ്രമിക്കുന്നത്.
നോക്കൂ, നിങ്ങള്‍ക്കും ഉണ്ടാവാറില്ലേ ഏകാന്തമായ അത്തരം ഉന്‍മാദ നേരങ്ങള്‍. മനസ്സിനെ അതിന്റെ പാട്ടിനു വിടുന്ന കിറുക്കന്‍ നേരങ്ങള്‍. ഫെമിനിസ്റ്റ് സുഹൃത്തുക്കള്‍ സംഗീതം നല്‍കി ആഘോഷമാക്കാറുള്ള, ആശാലതയുടെ ആ കവിതയിലെ പോലെ, 'എല്ലാ ഉടുപ്പും അഴിച്ചിട്ട് മഴയിലേക്കിറങ്ങി നടക്കാനും, കടലിലേക്കിറങ്ങി നടക്കാനും  അകമേ കൊതിക്കാത്ത ആരാണ് അല്ലെങ്കില്‍ നമുക്കിടയില്‍ ഉള്ളത്.

31 comments:

  1. നോക്കൂ, നിങ്ങള്‍ക്കും ഉണ്ടാവാറില്ലേ ഏകാന്തമായ അത്തരം ഉന്‍മാദ നേരങ്ങള്‍. മനസ്സിനെ അതിന്റെ പാട്ടിനു വിടുന്ന കിറുക്കന്‍ നേരങ്ങള്‍.

    ReplyDelete
  2. ഇസ്തിരിയിട്ട ശീലങ്ങളും പക്വതയും സംസ്കാരവും ചേര്‍ന്ന് കൃത്യമായ മാതൃകകളില്‍ വാര്‍ത്തെടുത്ത ജീവിതങ്ങള്‍ ചിലപ്പോഴൊക്കെ അതിന്റെ വേരുകളിലേക്ക് തിരിച്ചു പോവാന്‍ ശ്രമിക്കുന്നതാവാം ഇതൊക്കെ എന്നും തോന്നുന്നു.

    കെട്ടുപാടുകള്‍ പൊട്ടിച്ചുള്ള ഓരോ കുതരലുകളും മനസ്സില്‍ വരുന്നു
    ആ ഉന്മാദങ്ങളുടെ മഴ വീണ്ടും ചുറ്റും പെയ്യുന്നു
    ഇറയത്ത്‌ തിമിര്‍ക്കുന്ന മഴയ്ക്ക് കീഴെ തുള്ളിയാര്‍ത്തു കുളിച്ച, ഇപ്പോഴും ഇടക്ക്
    തുളുമ്പാന്‍ വെമ്പുന്ന കുട്ടിത്തം എനിക്ക് ചുറ്റും നൃത്തം ചെയ്യുന്നു
    മഴ പോലെ പെയ്യുന്ന വാചകങ്ങള്‍

    ReplyDelete
  3. തിമിര്‍ത്തു പെയ്ത മഴ പോലെ രസിച്ചു..
    ഒരില ഇല്ല ആയിരം ഇലകള്‍ ഇളകി ആടിയ
    സന്തോഷം ..ഇത് എല്ലാ മനസ്സുകളിലും
    ഉണ്ട് കേട്ടോ.പുറത്തു എടുക്കാന്‍ അവസരം
    കിട്ടാന്‍ ഒരു കൊതി മാത്രം....!!! നന്നായി എഴുതി...

    ReplyDelete
  4. ഒരു രഹസ്യം പറയാം.
    "എല്ലാ ഉടുപ്പും അഴിച്ചിട്ട് മഴയിലേക്കിറങ്ങി നടക്കാനും, കടലിലേക്കിറങ്ങി നടക്കാനും അകമേ കൊതിക്കാത്ത ആരാണ് അല്ലെങ്കില്‍ നമുക്കിടയില്‍ ഉള്ളത്."
    എല്ലാ ഉടുപ്പും അഴിച്ച് മഴയില്‍ ഇറങ്ങി നിന്നിട്ടുണ്ട്. ഹോസ്റ്റലിലായിരുന്നപ്പോള്‍ ഒരു രാത്രി ചുമ്മാ ഒരു മഴപെയ്തു. ആരോടും മിണ്ടാതെ നേരെ ടെറസ്സില്‍ കയറി.
    പെട്ടെന്ന് കരന്റ് പോയി. ഒരു കൗതുകം. ഉടുപ്പൊക്കെ ഊരി വച്ച് അങ്ങ് നിന്നു മഴയത്ത്. പത്ത് മിനിറ്റ് കഴിഞ്ഞ് കരന്റ് വന്നു. കുറച്ച് നെരം കൂടി നിന്നു. പിന്നെ ഉടുപ്പിട്ട് മഴ നനഞ്ഞു.
    റൂമില്‍ ചെന്നപ്പോ എനിക്ക് വട്ടാണെന്ന് അവിടുള്ളോര്‌.
    ചിലപ്പോഴൊക്കെ ഇങ്ങനെ തോന്നുന്നതല്ലേ മനുഷ്യന്മാര്. പണ്ട് പെയ്ത് ആ മഴയെ ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി.

    ReplyDelete
  5. സത്യാണ്‍....മഴ ഒരു കൊതിയാണ്‍..,
    ഒരു മഴ കൊണ്ട പ്രതീതി, വാക്കുകളില്ല...വളരെ ഇഷ്ടായി....അഭിനന്ദങ്ങള്‍.

    ReplyDelete
  6. മഴ ഒരു വികാരമാണ്! നമ്മെ സന്തോഷിപ്പിക്കാനും സങ്കടപ്പെടുത്താനും മഴയ്ക്കാവും.മഴയെ പറ്റി പറഞ്ഞാല്‍ തീരില്ല...
    കൊള്ളാം നന്നായി എഴുതി!

    ReplyDelete
  7. സത്യമായും സന്തോഷം കോരിച്ചൊരിഞ്ഞു.
    ആശങ്കകളോടെയാണ് ഈ പോസ്റ്റിട്ടത്. ഇതാ ലക്ഷണമൊത്ത പ്രാന്ത് എന്ന് മുദ്രകുത്താനുള്ള എല്ലാ വകയും ഇതിലുണ്ടായിരുന്നു. പുറത്താരു കേട്ടാലും പ്രാന്താണെന്ന് പറയുന്ന ഉന്‍മാദ നേരങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും എന്ന് വലിയ ഉറപ്പുമുണ്ടായിരുന്നില്ല. എന്തായാലും, പറയേണ്ടതു തന്നെയാണ് ഉന്‍മാദത്തിന്റെ അത്തരം ഇടം
    എന്ന തോന്നലിലാണ് ഒടുവില്‍ പോസ്റ്റിട്ടത്.
    @നിധീഷ്^കെട്ടു പൊട്ടിച്ചുള്ള കുതറലുകളെക്കുറിച്ച പരാമര്‍ശം ഊര്‍ജമേകുന്നു.
    @എന്റെ ലോകം^ആയിരം ഇലകള്‍ ഇളകിമറിയുന്ന ഈ കമന്റിന് സ്തോത്രം.
    @വര്‍ഷിണി, ബഞ്ചാലി, വാഴക്കോടന്‍^അതെ മഴത്തുള്ളി കിലുക്കം.
    @ ഫൌസിയ^ഹഹ...സമാനമായ ഒരു രഹസ്യം എഴുതിയ ശേഷം ഡിലിറ്റ് ചെയ്തതായിരുന്നു^ഒരു തകര്‍പ്പന്‍ അനുഭവം^
    ആ വിടവ് നികത്തി ഈ കമന്റ്. സന്തോഷം

    ReplyDelete
  8. ഞാന്‍ അനുഭവിച്ചിട്ടുള്ള മഴകളില്‍ ഏറ്റവും നല്ല മഴ ഗോവയിലേതാണ്. അവിടത്തെ മഴ കൊണ്ടിട്ട് ഞാന്‍ ഒരിക്കലും പനിച്ചിട്ടില്ല. ഒന്നിലേറെ തവണ തിമിര്‍ത്തു പെയ്യുന്ന മഴയില്‍ മഴക്കോട്ടിടാതെ, എതിരേ വരുന്ന വണ്ടികള്‍ തെറിപ്പിക്കുന്ന മഴവെള്ളത്തില്‍ അഭിഷിക്തനായി ബൈക്ക് ഓടിച്ചിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു.

    "ഒരു പക്ഷേ, വളര്‍ച്ച എന്നും പക്വതയെന്നും സംസ്കാരമെന്നും പറഞ്ഞ് നാം കണ്ടീഷന്‍ ചെയ്ത് ഒതുക്കുന്നത് നമ്മുടെ സത്യസന്ധമായ വികാരങ്ങളാവാം." ആയിരിക്കാം. പക്ഷേ സമൂഹത്തിന്റെ നിലനില്പിന് മനുഷ്യന്റെ മിക്ക സത്യസന്ധവികാരങ്ങളേയും കണ്ടീഷന്‍ ചെയ്തേ തീരൂ.

    "കൃത്യമായ മാതൃകകളില്‍ വാര്‍ത്തെടുത്ത ജീവിതങ്ങള്‍ ചിലപ്പോഴൊക്കെ അതിന്റെ വേരുകളിലേക്ക് തിരിച്ചു പോവാന്‍ ശ്രമിക്കുന്നതാവാം" അതു ശരിയാണ്. പക്ഷേ എന്റെ കാര്യത്തില്‍ അവയെല്ലാം ബോധപൂര്‍വ്വമായ ചെയ്തികള്‍ തന്നെയായിരുന്നു - ഉന്മാദാവസ്ഥയിലല്ലായിരുന്നു- എന്നു വിശ്വസിക്കുന്നു.

    നന്നായി എഴുതി കേട്ടോ, എഴുത്തിലും മനസ്സനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അനുഭൂതി തെളിഞ്ഞു കാണുന്നു...

    ReplyDelete
  9. "എല്ലാ ഉടുപ്പും അഴിച്ചിട്ട് മഴയിലേക്കിറങ്ങി നടക്കാനും, കടലിലേക്കിറങ്ങി നടക്കാനും അകമേ കൊതിക്കാത്ത ആരാണ് അല്ലെങ്കില്‍ നമുക്കിടയില്‍ ഉള്ളത്."

    ReplyDelete
  10. മഴയില്‍ ഇറങ്ങി നടന്ന പോലൊരു തോന്നല്‍..!

    ReplyDelete
  11. ഉറച്ചു പോയ ശീലങ്ങളും , സംസ്കാരവും ..അതിന്റെ കടും പിടിത്തം എത്ര മാത്രമുണ്ടെന്നുള്ളത് ഇത്തരം ബ്ലോഗുകള്‍ വായിക്കുന്പോള്‍ ഓര്‍ത്ത്‌ പോകുന്നു. അല്ലെങ്കില്‍ ഒരു മഴ നനയാന്‍ നമ്മളെന്തിനാണ് ഇത്ര മാത്രം കൊതിക്കേണ്ടത്? ചുമ്മാ അങ്ങോട്ട്‌ ഇറങ്ങി നനയുക. പക്ഷെ, ഇറങ്ങാന്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ വേണം! സ്കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരം മഴക്കോട്ടെടുത്തു പെട്ടിയില്‍ വച്ചു മഴ നനയരുണ്ടായിരുന്നു ഞാന്‍. അനാരോഗ്യം കാരണം സ്ഥിരം പനിക്കാരി. ചെരുപ്പ് ഊരി കൈയ്യില്‍ പിടിച്ചു വരമ്പിലും വെള്ളത്തിലും നടന്നു കാല്‍ വിരലുകളില്‍ എന്നും ചേറ്റുപുണ്ണ് (!).പ്രീ ഡിഗ്രി കാലത്ത് മഴ നനഞ്ഞു സൈക്കിള്‍ സവാരി..ഇന്നും ജോലിക്ക് പോയി തിരിച്ചു വരുമ്പോള്‍ എന്റെ സ്കൂട്ടെറില്‍ ഇരുന്നു ഞാന്‍ കലൂരില്‍ നിന്ന് കൊച്ചിന്‍ നേവല്‍ ബേസ് വരെ മഴ നനയും...മഴ നമ്മുടെ കൂടിയല്ലേ ? മഴ ബ്ലോഗുകള്‍, തല്ലു കൊള്ളിത്തരങ്ങള്‍ ഇനിയും പോരട്ടെ...

    ReplyDelete
  12. മഴ പെയ്യുമ്പോൾ തോന്നിയതൊക്കെ ചെയ്യാനും, ഇഷ്ടം പോലെ എഴുതാനുമൊക്കെ തന്നെയാണല്ലോ ബ്ലോഗും. സംഗതികൾ ഇഷ്ടപ്പെട്ടു.

    ReplyDelete
  13. അപ്പുറവും ഇപ്പുറവും രണ്ട് വര വരച്ച് അതിനിടയിലൂടെ നമ്മെ നടത്തിക്കുന്നു സമൂഹം. ചിലയിടങ്ങളിൽ ഈ വര മാഞ്ഞുപോയാൽ ഇത്തിരി സ്വാതന്ത്ര്യം അല്ലേ? കൊള്ളാം നന്നായിരിക്കുന്നു.

    ReplyDelete
  14. മഴ നനഞ്ഞ് ആസ്വദിയ്ക്കുന്നതിന്റെ ഒരു സുഖം! അതൊന്നു വേറെ തന്നെയാണ്.

    പോസ്റ്റ് ഇഷ്ടമായി

    ReplyDelete
  15. എല്ലാ വായനകള്‍ക്കും നന്ദി.
    സത്യത്തില്‍ പറയേണ്ട ഒരു കാര്യം ഉന്‍മാദത്തെക്കുറിച്ചാണ്. മഴ എന്നതിനേക്കാള്‍ ഒഴിവു നേരങ്ങളില്‍ ഓരോരുത്തരും ഉന്‍മാദികളാവുന്നതിന കുറിച്ചായിരുന്നു പോസ്റ്റ്. എഴുത്തിന്റെ കുഴപ്പമാവാം, അത് ഫോക്കസ്ഡ് ആയില്ല എന്നു തോന്നുന്നു.

    @കൊച്ചുകൊച്ചിച്ചി^ശരിയാവാം. സമൂഹം ആവശ്യപ്പെടുന്നുണ്ടാവാം അത്തരം കണ്ടീഷനിങ.. എന്നാല്‍, അതില്‍നിന്നു കുതറുന്ന എന്തോ ഒന്ന് എല്ലാവരിലുമുണ്ടാവാം.

    @മൊയ്തീന്‍,കുഞ്ഞിനു,ഷമീര്‍,കുമാരന്‍,ശ്രീ^നന്ദി, നല്ല വാക്കുകള്‍ക്ക്.

    @ആനന്ദി^മഴ പോലെ വാക്കുകള്‍.നന്ദി

    ReplyDelete
  16. മഴയെ പോലെ മനോഹരം മറ്റെന്ത്..?
    നന്നായിരിക്കുന്നു ഒരില..!!

    ReplyDelete
  17. ശരിക്കും , ഞാനും കരുതാറുണ്ട്‌ ഇതൊക്കെ എനിക്ക് മാത്രം ഉള്ള വട്ടുകളാണോ എന്ന്‌. ഇപ്പൊ സമാധാനം ആയി.

    ReplyDelete
  18. മനു,അഞ്ജു
    നന്ദി, നല്ല വാക്കുകള്‍ക്ക്.

    ReplyDelete
  19. ഈ മഴ നനയാനെത്താൻ വൈകി.....
    അനുഭവിച്ചറിയുന്നു ഞാൻ....

    ReplyDelete
  20. ഇന്നത്തെ ദിവസം കൂടുതല്‍ ആലോചിച്ചതും സംസാരിച്ചതും ഉന്മാദത്തെപറ്റിയായിരുന്നു, ഇപ്പോളിതാ ഉറക്കത്തിലേയ്ക്ക് വാതില്‍ തുറക്കുമ്പൊള്‍ ഈ വായനയും. അതു നാം തന്നെയായിരുന്നോ എന്നത്ഭുതത്തോടെ പിന്നീട് ചിന്തിക്കേണ്ടിവരുന്ന നിമിഷങ്ങള്‍ എന്റെ ഓര്‍മ്മയിലുമുണ്ട്.. അതൊക്കെ ഓര്‍മ്മപ്പെടുത്തിയതിനും അടിവരയിട്ട് ഇന്നത്തെ ചിന്തകള്‍ ഇതില്‍ തന്നെ അവസാനിപ്പിച്ചതിനും നന്ദി.

    ReplyDelete
  21. എല്ലാരുടെ ഉള്ളിലുമുണ്ട് തികച്ചും വേറൊരാള്‍. ഒറ്റക്കാവുന്ന നേരങ്ങളില്‍ മാത്രം പുറത്തെടുത്ത് ഭംഗി നോക്കി ആരെയും കാണിക്കാതെ ഉള്ളിലേക്ക് തന്നെ എടുത്ത് വെക്കപ്പെടുന്നത്.
    അങ്ങനെയുള്ള നിമിഷങ്ങള്‍ തരുന്ന ഊര്‍ജ്ജമാണു ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഉന്മാദമല്ല അത്. നമ്മുടെ സമാധാനത്തിനു വേണ്ടി നമ്മളതിനെ അങ്ങനെ വിളിക്കുകയല്ലെ.

    എഴുത്ത് നന്നായി ആശംസകള്‍

    ReplyDelete
  22. മനുഷ്യര്‍ അങ്ങിനെയാണ് ചിലപ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഭ്രാന്തന്മാരെന്നു തോന്നി പോകും......സൂപ്പര്‍

    ReplyDelete
  23. നാം പ്രകൃതിയുമായി വല്ലാതെ അകന്ന് പോയി... എന്നെങ്കിലും ഒറ്റയ്ക്കാവുന്പോള്, പ്രകൃതിയുടെ ആ സ്നേഹവായ്പില് നാം അത്ഭുതം കൂറുകയും ആനന്ദിക്കുകയും ചെയ്യും... അപ്പോള് നാം നമ്മെപറ്റിതന്നെ ആശ്ചര്യപ്പെടും... എത്രത്തോളം നല്ല ഒരു കൂട്ടാണ് പ്രകൃതി....വെയിലും മഴയുമൊക്കെ നാം കാണാതെ പോകുന്നതാ, അനുഭവിക്കാതെ...

    ReplyDelete
  24. ഈ വേനലില്‍ ഒരു മഴ പെയ്തപോലെ ..
    നന്നായി എഴുത്ത്‌
    ആശംസകള്‍

    ReplyDelete
  25. കയറിക്കിടക്കാന്‍ കിടപ്പാടമുള്ളവന്റെ അഹങ്കാരമാണ് മഴ സാഹിത്യം!!

    ReplyDelete
  26. ആര്‍ക്കാ മാഷെ ഇങ്ങനെ അല്പമെങ്കിലും പ്രാന്ത് ഇല്ലാത്തെ!

    എല്ലാരുടെ ഉള്ളിലും ഉണ്ടാവും ...ഈ തരം ചിന്തകള്‍..ചിലവ പുറത്തേക്കു വരുന്നു...ചിലത് വരാതിരിക്കുന്നു...അത്ര മാത്രം !

    ഭാവുകങ്ങള്‍ !

    ReplyDelete
  27. ചിലപ്പോഴെങ്കിലും വെറുതെയൊരിലയാവുന്ന ഒരാളുടെ മനസ്സ്. ഇങ്ങനെയുള്ളവരെ കാണാനില്ലല്ലോ എന്ന് വിഷാദിക്കാറുണ്ട് ഞാൻ, ഈ വലിയ ലോജിക്കൽ ജീവിതക്കാരെക്കൊണ്ട് നിറഞ്ഞ ബോറൻ കേരളത്തിൽ. സുഖദം താങ്കളുടെ എഴുത്ത്. സ്മിതയുടെ കവിതയിലൂടേ കയറി വന്നതാണ്. സന്തോഷം.

    ReplyDelete
  28. കയറിക്കിടക്കാന്‍ കിടപ്പാടമുള്ളവന്റെ അഹങ്കാരമാണ് മഴ സാഹിത്യം!!

    ee comment aanu enikku ishttapettathu.
    postum ishttamaayi ketto

    ReplyDelete
  29. ആളുകളോട് കരുതി ഇടപെട്ടും കരുതി സംസാരിച്ചും ഓരോ അപരിചിതനെയും ഭയന്നും കാത്തു സൂക്ഷിക്കുന്ന നമ്മുടെയൊക്കെ ജീവിതത്തിന്റെ ഇടവഴികളില്‍ പലയിടത്തും നമുക്ക് പോലും അറിയാത്ത എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നു. ഒരു പക്ഷേ, വളര്‍ച്ച എന്നും പക്വതയെന്നും സംസ്കാരമെന്നും പറഞ്ഞ് നാം കണ്ടീഷന്‍ ചെയ്ത് ഒതുക്കുന്നത് നമ്മുടെ സത്യസന്ധമായ വികാരങ്ങളാവാം. ഒരു പക്ഷേ, അതാവാം യഥാര്‍ഥത്തിലുള്ള നമ്മള്‍. വൃത്തിയായി ഉടുപ്പുകളാല്‍ പൊതിഞ്ഞ നമുക്കും മറ്റുള്ളവര്‍ക്കും പരിചിതമായ ഈ ആള്‍ മറ്റാരോ ആവാം.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...