ഇത് ഒരു വേഴാമ്പലിന്റെ കഥ. അല്ലെങ്കില്‍ നാരായണന്‍ മാഷിന്റെ. അതുമല്ലെങ്കില്‍ ഒരു വേഴാമ്പല്‍ മാറ്റിക്കളഞ്ഞ മാഷിന്റെ ജീവിതത്തിന്റെ കഥ. ഈ കുറിപ്പിലുള്ളത് പല കാലങ്ങള്‍. കാമ്പസ് കാലത്തില്‍നിന്നു തുടങ്ങി കഴിഞ്ഞ ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന ഒരു തുടര്‍ച്ച.
കഥ തുടങ്ങൂന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ മലര്‍ന്നു കിടന്ന് ആകാശം കാണുന്ന ഒരു പതിവു രാത്രി. ഏതു കഥയും ഹൃദ്യമായി പറഞ്ഞു ഫലിപ്പിക്കുന്ന ഉറ്റ സുഹൃത്താണ് ഒപ്പം. തീരാത്ത കഥകളുടെ ആ വഴിയില്‍ വെച്ച് നാരായണന്‍ മാഷിനെ കണ്ടു മുട്ടി.
ചങ്ങാതിയുടെ നാട്ടുകാരനാണ് മാഷ്. സ്കൂള്‍ മാഷാണ്. എങ്കിലും പ്രധാന പണി മരക്കച്ചവടം. അങ്ങാടിയില്‍ തരക്കേടില്ലാത്ത ഒരു മരമില്ലുണ്ട് . മിക്ക സമയത്തും അവിടെയാണ്. അടുത്തു തന്നെ കാടുള്ളതിനാല്‍ കച്ചവടം കുശാല്‍.
ഇതേ സ്ഥലത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി സംഘടനയുണ്ട്. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്ന, അതിനായി ആര്‍ജവത്തോടെ നിലകൊള്ളുന്ന ഒരു സംഘടന. അതിലെ സജീവ പ്രവര്‍ത്തകനാണ് ചങ്ങാതി. മാഷിന്റെ സ്കൂളിലെ മറ്റൊരു മാഷാണ് സംഘടനയുടെ ജീവാത്മാവ്. വര്‍ഷത്തില്‍ പല തവണ കാട്ടില്‍ പോവുന്ന ഒരു കൂട്ടമാണത്. കാടിനു മാത്രം നല്‍കാനാവുന്ന ആശ്ചര്യങ്ങളുടെ നേരങ്ങളാണ് അവരുടെ പ്രലോഭനം. കൂട്ടത്തില്‍ പല തരക്കാരുണ്ട്. ഗവേഷകര്‍. കോളജ് വിദ്യാര്‍ഥികള്‍. അധ്യാപകര്‍. ഫോട്ടോഗ്രാഫര്‍മാര്‍. അങ്ങിനെ പലരും.
കാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്ന സംഘടനയുടെ ഓഫീസ് നമ്മുടെ നാരായണന്‍ മാഷുടെ കടക്ക് മുന്നിലാണ്. ഓരോ വനയാത്രയുടെ സമയത്തും അവര്‍ നാരായണന്‍ മാഷെ കാട്ടിലേക്കു ക്ഷണിക്കും. വെറുതെ തമാശക്ക്. അര്‍ഹിക്കുന്ന പരിഹാസത്തോടെ നാരായണന്‍ മാഷ് അവര്‍ക്കു മറുപടിയും നല്‍കും. അങ്ങനിരിക്കെ, ഒരു നാള്‍ നാരായണന്‍ മാഷ് പറയുന്നു: ശരി ഞാനും വരാം കാട്ടില്‍. അടുത്ത പ്രാവശ്യം പോവുമ്പോള്‍ ഞാനുമുണ്ടാവും. എല്ലാവരും ചിരിയോടെ ആ വാക്കുകളെ എതിരേറ്റു. ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന നിലയില്‍.
എന്നാല്‍ രണ്ടു മാസം കഴിഞ്ഞുള്ള ട്രിപ്പില്‍ കാട്ടു യാത്രക്കു പ്രതീക്ഷിക്കാത്ത ഒരതിഥി ഉണ്ടായിരുന്നു. മാഷ്. നല്ല ഹരത്തോടെ തോര്‍ത്ത് തലയില്‍ കെട്ടി, നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞ്. സംസാരത്തില്‍ ഉടനീളം മുഴച്ചു നിന്നത് കണ്ണില്‍കാണുന്ന കാണുന്ന മരങ്ങളെല്ലാം മുറിച്ചു വില്‍ക്കുന്ന കാര്യം.
അങ്ങനിരിക്കെ കാട്ടില്‍ മാഷിന്റെ ഒന്നാം ദിവസം. വൈകുന്നേരം മുഴുവന്‍ ക്ലാസുകളായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘടനയിലെ മുതിര്‍ന്നവരും ക്ലാസെടുത്തു. ബോറടി മാറ്റാനാവാതെ കോട്ടുവായിട്ടു അതിജീവിച്ചു മാഷ് ആ നേരം.
പിറ്റേന്ന് രാവിലെ ട്രെക്കിങായിരുന്നു. കുട്ടികളുടെ ഉല്‍സാഹത്തോടെ മാഷ് മുന്നില്‍ നിന്നു. കാട്ടിലൂടെയുള്ള യാത്രക്കിടെ പലരും പല ചിന്തകളില്‍ മുഴുകി. പൊടുന്നനെ വലിയൊരു പക്ഷിയുടെ ചിറകടി കേട്ടു. 'വേഴാമ്പല്‍'! ആരോ പറഞ്ഞു. 'ഹോ! എന്തൊരു വലിപ്പം'^മാഷുടേതായിരുന്നു ആ ശബ്ദം. നോക്കിനില്‍ക്കെ പക്ഷി ഒറ്റപ്പറക്കല്‍. വേഴാമ്പലിനെ കണ്‍നിറയെ കാണാന്‍ മാഷും തിടുക്കപ്പെട്ടു പിന്നാലെ നടന്നു. പക്ഷി പറന്നകന്നതും മാഷിന് കുഞ്ഞു സങ്കടം പോലെ.
പിന്നീടുള്ള നടത്തത്തില്‍ മാഷിന്റെ ചോദ്യങ്ങള്‍ മുഴുവന്‍ വേഴാമ്പലിനെ കുറിച്ചായിരുന്നു. എന്തു തരം പക്ഷിയാണവന്‍. എന്താണ് തീറ്റ. എവിടെ കാണാം. ഈ മട്ടില്‍. പക്ഷികളെക്കുറിച്ച് നല്ല ധാരണയുള്ള പലരും കൂട്ടത്തിലുണ്ടയിരുന്നു. ട്രെക്കിങിന് ശേഷമുള്ള പഠന സെഷനില്‍ അവരില്‍ പലരും വേളാമ്പലിനെ കുറിച്ചുള്ള മാഷിന്റെ സംശയങ്ങള്‍ തീര്‍ക്കാനാവാതെ കുഴങ്ങി. പിറ്റേന്നുള്ള നടത്തത്തിലും മാഷിന്റെ കണ്ണുകള്‍ വേഴാമ്പലിനെ തിരഞ്ഞുവെങ്കിലും പിടി നല്‍കാതെ അവന്‍ മാഷിന്റെ മനസ്സിലെ ചിത്രത്തിന് തിളക്കമേറ്റി.
യാത്ര കഴിഞ്ഞ് നാട്ടിലെത്തിയ മാഷ് പിന്നെ പഴയ പോലെ ആയിരുന്നില്ല. വേഴാമ്പലിനെക്കുറിച്ച് കിട്ടുന്ന പുസ്തകങ്ങള്‍ മുഴുവന്‍ സംഘടിപ്പിച്ചു. പ്രധാന പഠന വിഷയം അതായി.പിന്നീടുള്ള വനയാത്രകളിലും സംഘടനയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും മാഷ് സജീവമായിരുന്നു. ഇതിനിടെ, വേഴാമ്പലിനെക്കുറിച്ച് ആധികാരികമായി പറയാന്‍ ശേഷിയുള്ള ഒരാളായി നാരായണന്‍ മാഷ് വളര്‍ന്നിരുന്നു. നാട്ടിലെ ഉല്‍സവത്തിനു വന്ന ആനയെ പാപ്പാന്‍മാര്‍ തല്ലി മുറിവേല്‍പ്പിച്ചപ്പോള്‍ അതു ചോദ്യം ചെയ്യാന്‍ മാഷ് മുന്നില്‍നിന്നു. മെല്ലെ മെല്ലെ മരക്കച്ചവടം തളര്‍ന്നു. മാഷ് മുഴുസമയ പരിസ്ഥിതി പ്രവര്‍ത്തകനായി. കാട് വീടുപോലായി.
ഇതായിരുന്നു ചങ്ങാതി പറഞ്ഞ കഥ. കഥ പറച്ചിലില്‍ വിസ്മയമായിരുന്ന ചങ്ങാതിയുടെ വാക്കുകളിലൂടെ മാഷും വേഴാമ്പലും മനസ്സില്‍ നിറഞ്ഞു. അന്ന് രാത്രി ഉറക്കത്തില്‍ ഞാനൊരു കാട്ടിലെത്തി. മരച്ചില്ലകള്‍ ഇളക്കി കാടിന്റെ പാട്ടിനു താളമിടുന്ന ചിറകുകളോടെ വേഴാമ്പലുകള്‍ പാറിപ്പറന്നു. ഉറക്കമുണര്‍ന്നപ്പോള്‍ പുസ്തകങ്ങളും പരീക്ഷയും തിരക്കുകളും ഒന്നിച്ചു ആ വേഴാമ്പലുമായി കടന്നു കളഞ്ഞു.
മാഷ് ഉള്ളില്‍ കുടിയേറി കഴിഞ്ഞിരുന്നു. കാമ്പസില്‍ നിന്നിറങ്ങിയിട്ടും വിസ്മയിപ്പിക്കുന്ന വേഴാമ്പല്‍ ചിറകടിയായി ആ മനുഷ്യന്‍ ഉള്ളില്‍ കഴിഞ്ഞു. അതിനിടെ പല കാലങ്ങള്‍. പല ലോകങ്ങള്‍. ചങ്ങാതി ഗവേഷണത്തിന്റെ പുതു വഴികളിലൂടെ വിദേശത്തേക്കു പറന്നു. സ്വപ്നാടനവും ജീവിതവും കൂട്ടിയും കിഴിച്ചും ഞാന്‍ പല കരകളിലേക്കും.
കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി ഒരു കോള്‍. അറിയാത്ത നമ്പര്‍. ചങ്ങാതിയുടെ സ്വരം. 'വീട്ടിലെത്തിയിരിക്കുന്നു. ഒരാഴ്ച കാണും. പറ്റിയാല്‍ വാ'. ഇതായിരുന്നു ഫോണിലൂടെ ഒഴുകിയെത്തിയ പ്രിയസ്വരം. പെട്ടെന്ന് ഉള്ളിലെ വനത്തില്‍ ഒരു ചിറകടി. വേഴാമ്പല്‍. ഭീഷണിപ്പെടുത്തി സമ്പാദിച്ച ഒരവധിനാളില്‍ ചിറകുകള്‍ ചങ്ങാതിയുടെ വീട്ടു മുറ്റത്തു ചെന്നു നിന്നു.
പുറം നാടുകളുടെ കാറ്റേറ്റ് ആ വാക്ചാതുരി ഒന്നു കൂടി മധുരമായി. കഥകളുടെ കെട്ടു തുറന്ന് പല നാടുകളിലെ മനുഷ്യര്‍ ഇറങ്ങി നടന്നു. നാരായണന്‍ മാഷിനെക്കുറിച്ച എന്റെ ജിജ്ഞാസ ചിറകടിച്ചുയര്‍ന്നപ്പോള്‍ ചങ്ങാതിക്കു ചിരി. 'അതിനിയും മറന്നില്ലേ നീ'.
അമ്മയാണു പറഞ്ഞു തന്നത്. മാഷിന്റെ പില്‍ക്കാലം. മര മില്‍ പൂട്ടി. സദാ സമയവും പരിസ്ഥിതി പ്രവര്‍ത്തനമായി.കുടുംബവും നാട്ടുകാരുമെല്ലാം പരിഹസിക്കാന്‍ തുടങ്ങി. എന്നിട്ടും അതൊന്നും കാര്യമാക്കിയില്ല മാഷ്. സ്കൂളില്‍ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വീട്ടിലും പരിസരത്തുമെല്ലാം നാട്ടു മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ തുടങ്ങി. സമാന മനസ്സുള്ള കുറേ പേര്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍, പ്രകൃതിയെന്നു പറഞ്ഞ് ജീവിതത്തിന്റെ ലാഭ വരികള്‍ മാറ്റിയെഴുതിയെന്ന കുറ്റം മാഷിനു പിന്നാലെ കൂടി. കുടുംബക്കാരും നാട്ടുകാരും തുടങ്ങിയ പരിഹാസത്തിന്റെ കൊടുങ്കാറ്റ് വീട്ടിനകത്തും ചുഴറ്റിയടിച്ചപ്പോള്‍ മാഷിന് സങ്കടക്കൂട്ട് കൂടി. അതിനിടെ, ചോദിക്കാതെയെത്തിയ മരണം ഒരു നാള്‍ ആ മരം കടപുഴക്കി. ഒന്നര വര്‍ഷം മുമ്പ്.
വെറുതെ മാഷിന്റെ വീട് കാണാന്‍ ചെന്നു. അതിനടുത്താണ് പഴയ മരമില്‍. അതിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നു. ചുറ്റും മരങ്ങള്‍. വള്ളിച്ചെടികള്‍. ചെറിയൊരു കാടു പോലെ. പെട്ടെന്ന് ഒരു ചിറകടി കേള്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ആഗ്രഹിച്ചു. എന്നാല്‍, കഥയില്‍ മാത്രം നിലനില്‍പ്പുള്ള മറ്റനേകം തോന്നലുകള്‍ പോലെ ആ ആഗ്രഹം നിരാശയായി ഒടുങ്ങി. ഒരു ചിറകടിയും കേട്ടില്ല. കാല്‍പ്പാടും കണ്ടില്ല. എന്നിട്ടും ഉള്ളിലെ കാട്ടിനുള്ളില്‍ പണ്ടെന്നോ മുട്ടയിട്ടു വിരിഞ്ഞ ആ വേഴാമ്പല്‍ ഇപ്പോഴും ചിറകനക്കുന്നത് എനിക്ക് അറിയാനാവുന്നു.
ഉള്ളിലെ കാട്ടില്‍ സ്വപ്നത്തിന്റെ കാറ്റ് പിടിച്ച മരങ്ങളില്‍
ചേക്കേറിയ പക്ഷികളെ ആര് അപഹരിക്കാന്‍.
ഉള്ളിലെ കാട്ടില്‍ സ്വപ്നത്തിന്റെ കാറ്റ് പിടിച്ച മരങ്ങളില്‍
ReplyDeleteചേക്കേറിയ പക്ഷികളെ ആര് അപഹരിക്കാന്‍.
നാരായണൻ മാഷിന്റേത് ഒരു ഒറ്റപ്പെട്ട ജന്മമായിരിക്കും.
ReplyDeleteപരിസ്ഥിതി പ്രേമം കാരണം കഞ്ഞി കുടി മുട്ടിയപ്പോഴാവും വീട്ടുകാര്‍ മാഷിനെതിരെ തിരിഞ്ഞത്. എന്തായാലും നന്നായി,മാഷിന്റെ മാറ്റം;അതങ്ങനെയാണു ചിലപ്പോ ഒരു വാക്ക്,ഒരു നോക്ക് ,നമ്മുടെ ജീവിതം ആകെ മാറ്റിക്കളയും.
ReplyDeleteവി കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകളില്‍ ഇതുപോലെയുള്ള ആളുകളെ പറ്റി പറയുന്നുണ്ട്. അവരൊക്കെ അങ്ങനെ ഉള്‍ലത് കൊണ്ടല്ലെ നമ്മളൊക്കെ ഇപ്പോഴും ജീവിച്ച് പോകുന്നെ.
പിന്നെ പറഞ്ഞത് കറക്റ്റ്.ഉള്ളിലെ സ്വപ്നക്കിളിയെ ആരും അപഹരിച്ച് കൊണ്ട്പോകില്ല.അതിന്റെ ചിറകടി ശബ്ദം അവിടുണ്ടാകും മരണം വരെ..
മാഷ് പ്രകൃതിയില്‍ ലയിച്ചു അല്ലെ !
ReplyDeleteഉണ്ടായതൊന്നിനും നാശമില്ലാത്തതുകൊണ്ട് പ്രകൃതിയെ സ്നേഹിക്കാന്‍ അദ്ദേഹം വീണ്ടും വരുമായിരിക്കും !
നന്നായിട്ടോ .
ആശംസകള്‍ ..
interesting!
ReplyDeleteനന്നായി ആസ്വദിച്ചു..
ReplyDeleteസമാനമായ ഒരു ജീവിതകഥ ഞാനും കേട്ടിട്ടുണ്ട്. അന്ന് സ്വാതന്ത്ര്യസമരപ്രസ്ഥാനമായിരുന്നു, കഥാനായകന്റെ ആവേശം. മിക്കവാറും പുള്ളി വീട്ടില്‍ കാണില്ല - ഒന്നുകില്‍ ജയിലില്‍, അല്ലെങ്കില്‍ പോലീസിനെ വെട്ടിച്ചുള്ള ഓട്ടത്തില്‍. അദ്ദേഹത്തെപ്പോലെ നീന്താന്‍ അറിയുന്ന ഒരാള്‍ നാട്ടിലെങ്ങുമില്ലായിരുന്നു - ഓടിയോടി പുഴക്കരവരെ എത്തിയാല്‍ പിന്നെ പുള്ളിയെ പിടിക്കാന്‍ ഒരു പോലീസിനും പറ്റില്ല.
ReplyDeleteബ്രിട്ടീഷുകാരോട് പൊരുതിജയിച്ച വീര്യവുമായി വീട്ടില്‍ വന്നപ്പോള്‍ മകളുടെ കല്യാണം നടക്കുന്നു. ആ കല്യാണത്തിനുവന്ന എല്ലാവരും തികഞ്ഞ പുച്ഛത്തോടെയാണ് അദ്ദേഹത്തോട് പെരുമാറിയത്. സ്വന്തം മകളുടെ കല്യാണത്തിന് വേലിക്കു പുറത്തുനില്ക്കുന്ന ഭിക്ഷക്കാരുടെയത്ര പോലും പരിഗണന പോലും അദ്ദേഹത്തിനു കിട്ടിയില്ല.
പുഴയില്‍ കഴുത്തോളം വെള്ളത്തില്‍ ഇറങ്ങിനിന്ന് സ്വയം ഗളച്ഛേദം ചെയ്താണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചതെന്നാണ് കഥ.
താങ്കള്‍ നന്നായി എഴുതി.
നന്ദി എല്ലാ അഭിപ്രായങ്ങള്‍ക്കും.
ReplyDelete@കുമാരന്‍-അതെ. തിരിച്ചറിവുകള്‍ മാറ്റിക്കളഞ്ഞൊരു ജീവിതം തന്നെ മാഷിന്റേത്.
@മുല്ല-അതെ, ജീവിതം മാറാന്‍ ഒറ്റ ചിറകടി മതിയാവും. വേറിട്ട മനുഷ്യര്‍ ജീവിതം
കൊണ്ട് മാറ്റിവരയുന്ന ലോകത്ത് തന്നെ നമ്മുടെ പൊറുതി.
@പുഷ്പംഗദ്-അതെ, സമ്പൂര്‍ണ ലയനം.
@രാമൊഴി, നിശാ സുരഭി, ജിത്തു-സന്തോഷം.
എനിക്കിഷ്ടായി.........
ReplyDeleteഈ ബ്ലോഗ് കാണാന്‍ വൈകിപ്പോയി........
This comment has been removed by the author.
ReplyDeleteഅല്‍പ്പം കൂടെ ഒന്ന് കാതോര്‍ത്തു നോക്കാമായിരുന്നില്ലേ?? എവിടെയോ നിന്നും വേഴാമ്പലിന്റെ ചിറകടി ശബ്ദം കേള്‍ക്കാനാവും..തീര്‍ച്ച. പൂക്കള്‍ വിരിയുന്ന ശബ്ദവും തേന്‍ കുടിക്കുന്ന ശലബതിന്റെ ചിറകടിയും കേള്‍ക്കാനുള്ള കരുത്ത് ആര്ജിച്ചാല്‍ മതി!
ReplyDeleteമുല്ല പറഞ്ഞ വി.കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകളാണ് എനിക്കുമോര്‍മ്മ വന്നത്.അതിലുണ്ട് വീടിനു ചുറ്റുമുള്ള സ്വന്തം സ്ഥലം മുഴുവന്‍ അനേകമനേകം വന്‍ വൃക്ഷങ്ങളും,കാട്ടു ചെടികളും ഒക്കെ കൊണ്ട് വനമാക്കി മാറ്റിയ ഇതു പോലെ വേറൊരു നാരായണന്‍ മാഷ്..കായ്കനികള്‍ക്കോ,വിളവെടുപ്പിനോ,മോടി പിടിപ്പിക്കലിനോ ഒന്നിനും വേണ്ടിയല്ലാതെ പ്രകൃതിയെ അതിരറ്റു സ്നേഹിക്കുന്ന അവരെയൊക്കെ കണ്ട് തരിച്ചിരുന്നു പോയി..
ReplyDeletetouching...
ReplyDeleteഎല്ലാവര്‍ക്കും നന്ദി.
ReplyDeleteപലരും പറഞ്ഞ പോലെ ശ്രീരാമന്റെ പരിപാടി തന്നെയാണോര്‍മ വരുന്നത്.
ReplyDeleteസ്വാര്‍ഥത തൊട്ട് തീണ്ടാത്ത അത്തരക്കാര്‍ ആയിരത്തിലൊന്ന് മാത്രം..
ആശംസകള്‍.
“ഉള്ളിലെ കാട്ടില്‍ സ്വപ്നത്തിന്റെ കാറ്റ് പിടിച്ച മരങ്ങളില്‍
ReplyDeleteചേക്കേറിയ പക്ഷികളെ ആര് അപഹരിക്കാന്‍. “
ആരുമാരും അപഹരിക്കാതിരിക്കട്ടെ,ഉപദ്രവിക്കാതെയും.
എന്നിട്ടും ഉള്ളിലെ കാട്ടിനുള്ളില്‍ പണ്ടെന്നോ കരിഞ്ഞു ഉന്നങ്ങിയ വെറുതെ ഒരില ഇളക്കം എനിക്ക് അറിയാനാവുന്നു.
ReplyDeleteപ്രകൃതിയെ അറിഞ്ഞവര്..
ReplyDeleteThis comment has been removed by the author.
ReplyDeleteആ പക്ഷികളെ ആരും അപഹരിക്കാതിരിക്കട്ടെ...
ReplyDeletegoood....
ReplyDeletenannayi ezhuthi...:)