Wednesday, March 9, 2011

പാട്ട് കഠാരയാവുന്ന നേരങ്ങള്‍ !

ബസിലെ പാട്ടിനെ കുറിച്ച്. അകം മരിച്ചൊരു നേരം, പാട്ടുള്ളൊരു
ബസില്‍ മുറിവേറ്റു പിടഞ്ഞൊരു ദിവസത്തെക്കുറിച്ച്. 
മരിച്ച ചങ്ങാതിയെക്കുറിച്ച്. സഹജീവികളെക്കുറിച്ച്.



ഒന്ന്
ഒട്ടും ഉറങ്ങാത്ത ദയാരഹിതമായ ഒരു രാത്രിക്കുശേഷം എങ്ങിനെയോ വിളിച്ചു വരുത്തിയ ഒരു പ്രഭാതമായിരുന്നു അത്. അതി രാവിലെ. ആദ്യ ബസ്. എന്നിട്ടും നല്ല തിരക്ക്.
കൂടെ മൂന്ന് കൂട്ടുകാരുണ്ടായിരുന്നു. പല നഗരങ്ങളില്‍നിന്ന് വന്നെത്തിയവര്‍.  ബസ്സ്റ്റാന്‍ില്‍ വെച്ചാണ് അവരോടു ഞാന്‍ ചേര്‍ന്നത്.
ഞങ്ങള്‍ അടുത്തുള്ള നഗരത്തിലേക്കാണ്. അവിടെ ഒരാശുപത്രിയില്‍ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്ത് മരിച്ചു കിടക്കുന്നു.
വാഹനാപകടമായിരുന്നു. ലോകത്തിലെ ഏറ്റവും കുറുമ്പുള്ള വലിയ കുട്ടി എന്ന് കൂട്ടത്തിലൊരാള്‍  വിശേഷിപ്പിച്ച ചങ്ങാതി റോഡരികില്‍ മരണം കാത്തുവെച്ച വൈദ്യുതി പോസ്റ്റിലേക്ക് അതിവേഗം ബൈക്ക് ഓടിച്ചു കയറ്റിയതാണ്.  എതിരെ വന്ന ഏതോ വാഹനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ്, അവന്റെ  സ്വപ്നങ്ങളെ മരണത്തിലേക്കു നാടു കടത്തിയത്.
നാലു നാള്‍ മുമ്പായിരുന്നു അപകടം. അപകട വിവരം അറിഞ്ഞത് പാതിരാത്രി. കാലത്തു തന്നെ അവന്‍  കിടന്ന ആശുപത്രിയിലേക്ക് ചെന്നു. വെന്റിലേറ്ററിലായിരുന്നു അന്നവന്‍. വിദഗ്ദ ചികില്‍സക്കായി ഉച്ചയായപ്പോള്‍  ഏറെ അകലെയുള്ള പേരുകേട്ട ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റില്‍ ജീവന്‍ ഇടക്കിടെ മിടിച്ച നാലു നാള്‍ക്കു ശേഷം അന്തിമമായി അവന്‍ കീഴടങ്ങി.
നാലാം പക്കം ഉള്ളിലെ  പ്രതീക്ഷയുടെ കരയിലേക്ക് അവന്റെ മരണ വാര്‍ത്ത അടിഞ്ഞു. ഞെട്ടിപ്പിക്കുന്ന ആ  തിരിച്ചറിവിലായിരുന്നു ഞങ്ങളുടെ യാത്ര.
പല നാള്‍ക്കുശേഷമാണ് കാണുന്നതെങ്കിലും ഒന്നും പറയാനുണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാനാവാത്ത വിങ്ങലിലേക്ക് ഓരോരുത്തരായി ഇടക്കിടെ പതിച്ചു കൊണ്ടിരിക്കെ, ബസ് വന്നു. രണ്ടു ചുമലിലും   തിളങ്ങുന്ന വര്‍ണ ബള്‍ബുകള്‍ പിടിപ്പിച്ച ആ ബസ് ഞങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ വല്ലാത്തൊരശ്ലീലമായിരുന്നു.
ടിക്കറ്റെടുക്കുമ്പോഴേക്കും പാട്ടു തുടങ്ങിയിരുന്നു. ഘോരശബ്ദത്തില്‍ ഒരു തമിഴ് പാട്ട്. റാക്കിന്റെ മുകളില്‍ സ്ഥാപിച്ച അലൂമിനിയം പാത്രത്തില്‍ ഘടിപ്പിച്ച സ്പീക്കറുകള്‍ വല്ലാതെ ഇളകിത്തുള്ളി. അടുത്തിരിക്കുന്ന മധ്യവയസ്കന്‍ പാട്ടിനൊപ്പം കാലുകള്‍ നിലത്തിട്ടു താളം പിടിച്ചു. മുഖമടച്ച് ഒറ്റ ഇടി കൊടുക്കാനാണ് തോന്നിയത്.
ഒന്നും ചെയ്തില്ല, നിസ്സഹായനായി കൂട്ടുകാരെ നോക്കി. മുന്‍ നിരയിലെ സീറ്റുകളില്‍ ഒച്ചയില്ലാത്ത വിലാപങ്ങളുടെ  ഭൂമി കുലുക്കത്തിലേക്ക് ഇടക്കിടെ നിലം പതിക്കുന്ന അവരുടെ ഉള്ളിലും  പാട്ട് അസഹ്യമായ  വികാരങ്ങള്‍ ജനിപ്പിക്കുന്നുവെന്ന് മനസ്സിലായി. നല്ല വേഗതയിലായിരുന്നു ബസ്. കാറ്റിന്റെ ഇരമ്പവും ബസിന്റെ ശബ്ദവും ചേര്‍ന്ന്  ഇടക്കിടെ ആ പാട്ടിനെ മൂടാന്‍ ശ്രമിച്ചു. എന്നാല്‍, എല്ലാ സംഗീതോപകരണങ്ങളും ഒന്നിച്ചിളക്കി പാട്ട് ഒച്ചയുടെ മേല്‍ സ്വന്തം പതാക പാറിച്ചു.
പാട്ടു മാറിക്കൊണ്ടിരുന്നു. സന്തോഷത്തിന്റെ, പ്രണയത്തിന്റെ, ആഘോഷങ്ങളുടെ താളമേളങ്ങള്‍,വരികള്‍. ഇതൊന്നു നിര്‍ത്തുമോ എന്ന് കണ്ടക്ടറോടു ചോദിക്കാന്‍ പലവട്ടം തുനിഞ്ഞു. മറുപടി എന്തായാലും അന്നേരം എങ്ങിനെയൊക്കെ പ്രതികരിക്കുമെന്ന് ഉറപ്പില്ലാതിരുന്നതിനാല്‍ പുറേമ കാണാത്തൊരു ചങ്ങലയില്‍ സ്വയം കുരുക്കിയിട്ടു.
പെട്ടെന്ന്, ഉച്ചസ്ഥായിയില്‍ നിന്ന് പാട്ട് അഗാധ വിഷാദം അകമേ മുഴങ്ങുന്ന ഏതോ വയലിന്‍ പീസിലേക്ക് പാളി. അത് 'നിറങ്ങള്‍ തന്‍ നൃത്തം' എന്ന പാട്ടിന്റെ തുടക്കമായിരുന്നു. ഞങ്ങളുടെയെല്ലാം പ്രിയ ഗാനം. വരികളില്‍ വേദനയുടെ ചില്ലുകള്‍ വിതറിയ പോലെ അത് മനസ്സിനെ കീറിമുറിച്ചു കളഞ്ഞു. എത്ര ഉച്ചത്തിലാണ് 'നിര്‍ത്തെടാ' എന്ന് അലറി വിളിച്ചത് എന്നറിയില്ല. പൊടുന്നനെ പാട്ടു നിന്നു. കണ്ടക്ടര്‍ എന്തൊക്കെയോ പറയുന്നു. ആരൊക്കെയോ രാവിലെ കിട്ടിയ തമാശ കാഴ്ചയെന്നോണം അടക്കി ചിരിക്കുന്നു. കണ്ണടച്ചു സീറ്റില്‍ ചാരി കിടന്നു. പിന്നെ, പുറം ലോകത്തെ അകത്തുനിന്നു താഴിട്ട്  ഉള്ളിലെ ഇരുള്‍ വഴികളില്‍ അങ്ങിനെ ഇരുന്നു. ബസ് ചങ്ങാതിയുടെ  പ്രിയപ്പെട്ട നഗരത്തില്‍ എത്തിയിട്ടും ആ തിരകള്‍ വിട്ടുപോയില്ല.
നഗരത്തില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു പല കൂട്ടുകാര്‍. പല കരകളില്‍നിന്നുള്ളവര്‍. വിവരമറിഞ്ഞ ഞെട്ടലില്‍ കുതിച്ചെത്തിയവര്‍. പല സ്ഥായികളില്‍ വിലാപങ്ങളും പൊട്ടിക്കരച്ചിലുകളുമായി മണിക്കൂറുകള്‍ കനത്തു. പിന്നെ മൃതദേഹവുമായി ആംബുലന്‍സ് എത്തി. ആളുകള്‍ വരിവരിയായി അവനെ കാണാന്‍ നിന്നു. വിങ്ങിപ്പോവുന്നതിനിടെ എപ്പോഴോ അവന്റെ മുന്നിലെത്തി.
വെള്ള പുതപ്പിച്ച  മുഖം മാത്രം തുറന്നു കിടന്നിരുന്നു. അവനായിരുന്നില്ല അതെന്നു തോന്നി. അത്രക്കു അപരിചിതം. പിന്നെ, മണിക്കൂറുകളുടെ മരവിപ്പ്. ആ നഗരത്തില്‍നിന്ന് രക്ഷപ്പെടണമെന്ന തോന്നല്‍. ട്രെയിന്‍ കാത്തുനില്‍ക്കാതെ വീണ്ടുമൊരു ബസില്‍. അതിലുമുണ്ടായിരുന്നു ലോകം അടിമേല്‍ മറിക്കുന്ന താളമേളങ്ങളോടെ പാട്ട്.


രണ്ട്
വീണ്ടും വീണ്ടും ആ രാത്രിയെ ഓര്‍മ്മിപ്പിച്ചു പിന്നീടുള്ള അനേകം പാട്ടു യാത്രകള്‍. ഇതിനിടെ എപ്പോഴോ വൈശാഖന്റെ ആ കഥ വായിച്ചു. മരണവീട്ടിലേക്ക് പാഞ്ഞു വരുന്ന ഒരു സഹയാത്രികന്റെ അസാധാരണമായ വികാരവിക്ഷോഭം ഒരു ബസ് യാത്രയെ മുഴുവന്‍ നിറം കെടുത്തിയ കഥ. അയാളെ നിന്ദയോടെ, പുച്ഛത്തോടെ നോക്കുന്ന ഒരു യാത്രികനായിരുന്നു ആഖ്യാതാവ്. റോഡരികിലെ മരണം വീട്ടിനരികെ, അയാളെ കണ്ടപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ വിലാപങ്ങളുടെ  റോഡരികില്‍, ഏതോ സ്റ്റോപ്പില്‍ ആ മനുഷ്യന്‍ ഇറങ്ങിപ്പോയപ്പോള്‍ മാത്രമാണ് സഹയാത്രികര്‍ക്ക് അയാളെ വായിക്കാനായത്.  കഥ ആരെക്കാളും മനസ്സിലാവുമായിരുന്നു. വരികള്‍ക്കിടയിലെ നിശãബ്ദത പോലും. 
ഇപ്പോഴും ബസില്‍ ചാഞ്ഞിരുന്ന്, പാട്ടു കേള്‍ക്കുമ്പോള്‍, മറ്റ് യാത്രക്കാരെക്കുറിച്ച് ഓര്‍ത്തു പോവും. ആരൊക്കെയാവും അവര്‍. എന്തെന്ത് ഭൂകമ്പങ്ങളായിരിക്കും അവരുടെയൊക്കെ ഉള്ളില്‍. പാട്ടും താളവും അവരില്‍ തീര്‍ക്കുന്നത് എന്തൊക്കെയാവും.
പല തരം അവസ്ഥകളിലുള്ള യാത്രികരാവാം ബസുകളില്‍. കടും താളം കൂട്ടിക്കെട്ടിയ, നൃത്തച്ചുവടുള്ള ആഹ്ലാദകരമായ പാട്ടുകള്‍ സത്യത്തില്‍ എല്ലാവരും ഒരു പോലെയാവില്ല കേള്‍ക്കുക.  ഒച്ചയില്ലാത്ത  കരച്ചില്‍ അത്രയെളുപ്പം കേള്‍ക്കാന്‍ കഴിയില്ലായിരിക്കാം. എങ്കിലും ഈ സാധ്യതകളൊക്കെ ആരെങ്കിലുമൊക്കെ പറയേണ്ടതല്ലേ. എന്നെങ്കിലും അതിനെക്കുറിച്ചൊക്കെ ഉരിയാടേണ്ടതല്ലേ. ആര്‍ത്തുല്ലസിച്ചു പായുന്ന ഓരോ ബസ് യാത്രയും ഉയര്‍ത്തുന്നത് മനുഷ്യരുടെ എന്തൊക്കെ സാധ്യതകളാണ്.


മൂന്ന്
ഇന്നലെ ഓഫീസിലേക്കു പായുമ്പോള്‍, ബസില്‍ ഏറ്റവും പുതിയ ഏതോ പാട്ടായിരുന്നു. താളമേളങ്ങളുടെ ഉല്‍സവം. ആരും ഉടലിളക്കിപ്പോവുന്ന മേളക്കൊഴുപ്പ്. പെട്ടെന്ന്, അടുത്തിരുന്ന മധ്യവയസ്ക സൌമ്യമായി കണ്ടക്ടറോട് വിളിച്ചു പറഞ്ഞു, 'ആ പാട്ടൊന്ന് ഓഫ് ചെയ്യൂ!


19 comments:

  1. 'ആ പാട്ടൊന്ന് ഓഫ് ചെയ്യൂ!

    ReplyDelete
  2. 'ആ പാട്ടൊന്ന് ഓഫ് ചെയ്യൂ!
    ഈ ചോദ്യം പല തവണ ഇരച്ചു കയറിയിട്ടുണ്ട് ചില പാട്ട് യാത്രകളില്‍

    ReplyDelete
  3. വൈശാഖന്റെ ആ കഥയാണോ അപ്പോള്‍ കേരള കഫേലെ അവസാന പടം.മമ്മൂട്ടിയും ശ്രീനിവാസനുമൊക്കെ നടിച്ച...നന്നായിരുന്നു അത്.
    ശരിയാണു താങ്കള്‍ പറഞ്ഞത്. ബസിലെ പാട്ട് പോലെ തന്നെ ശല്യമാണു ട്രെയിനില്‍ ചില ആളുകള്‍ മൊബൈലില്‍ ഉറക്കെ പാട്ട് വെക്കുന്നത്. തങ്ങള്‍ക്കിഷ്ട്ടമുള്ളത് മറ്റുള്ളവരും ഇഷ്ടപ്പെടണം എന്ന് ഹുങ്ക്.ഒന്നു വായിക്കാനോ ഓര്‍മ്മകളിലേക്ക് ഒന്നു മുങ്ങാം കുഴിയിടാനോ സമ്മതിക്കാതെ.അരൊചകം.
    നല്ല പോസ്റ്റ്.

    ReplyDelete
  4. ethrayo abadha sahacharyangalil pattukal villanakunnu,
    ithu pole onnanu caller tunukal,,, ettavum dukhakaramaya palathum parayan dukhathode vilikkumbol silsil hey suilsila .. ennu kelkumbol enthu thonnanam namukku

    ReplyDelete
  5. :(
    കേരള കഫേയിലെ ‘പുറം കാഴ്ചകള്‍’ആവും അല്ലേ രണ്ടാമത്തേത്?
    മുഷിപ്പന്‍,നെടുനീളന്‍ കെ.എസ്.ആര്‍.റ്റി.സി യാത്രകളില്‍ പാട്ടു വെയ്ക്കാത്തതെന്തൊരു അന്യായമാണെന്ന് എപ്പോഴും ചിന്തിക്കുമായിരുന്നു ഞാന്‍.പക്ഷേ ഇനിയീ പോസ്റ്റോര്‍ക്കുമ്പോള്‍..

    ReplyDelete
  6. ഒരുമിച്ച് ഒരുപാടു പേര്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പമിരിയ്ക്കുന്നവരുടെ മനസ്സ് മനസ്സിലാക്കാന്‍ കഴിയാതെ ഓരോരുത്തരും എന്തെല്ലാം ചെയ്യുന്നുണ്ടാകാം. ഇവിടെ ആ ബസ്സിലെ പാട്ടുകള്‍ അപ്പോഴത്തെ മാനസീകാവസ്ഥയില്‍ എത്ര അരോചകമായിരിയ്ക്കുമെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.

    ReplyDelete
  7. കേരള കഫെ ഓര്‍മ്മ വന്നു...

    ReplyDelete
  8. “ആ പാട്ടൊന്നു ഓഫ് ചെയ്യൂ,“ പലതവണ ഞാനും പറഞ്ഞിട്ടുണ്ട്. അനവസരത്തിലെ കേള്‍വികള്‍ തരുന്ന മാനസിക ഭാവങ്ങള്‍ സത്യമായി എഴുതിയിരിക്കുന്നു.

    ReplyDelete
  9. Kerala cafe onnu koodi orthu. Bus il pattu vekkunnathinod enikum yojippilla. Yathrikaril palarudeyum asoukaryangalku purame driver ude shradha thettiyalath ethra valiya apakadangalanu kshanich varuthuka

    ReplyDelete
  10. എല്ലാ വാക്കുകള്‍ക്കും നന്ദി.
    @നിധീഷ്^തോന്നാറുണ്ട്, പലപ്പോഴും.
    @മുല്ല^അതെ, കേരള കഫെ. ബസിലും ടെയ്രിനിലുമെല്ലാം ഇതാവര്‍ത്തിക്കാറുണ്ട്്.
    @മഴത്തുള്ളി^അതെ, കോളര്‍ ട്യൂണിനുമറിയില്ല സമയവും സന്ദര്‍ഭവും:)
    @റെയര്‍ റോസ്^നന്നായി. അങ്ങിനെയൊരു ചിന്ത
    @ശ്രീ, മഹേഷ്, ജയരാജ്,കിങ്ങിണിക്കുട്ടി^ശരിയാണ്.
    അപകട സാധ്യതയുമുണ്ട്.
    @സ്മിത^അനവസരത്തിലെ പാട്ടുകള്‍ ഇങ്ങനെയുമാണ്.

    ReplyDelete
  11. മുന്‍ നിരയിലെ സീറ്റുകളില്‍ ഒച്ചയില്ലാത്ത വിലാപങ്ങളുടെ ഭൂമി കുലുക്കത്തിലേക്ക് ഇടക്കിടെ നിലം പതിക്കുന്ന അവരുടെ ഉള്ളിലും

    -മനസ്സിലേക്ക് തുളച്ചു കയറുന്നുണ്ട്, ചില വരികള്‍ ... അലോസരപ്പെടുത്തുന്നുണ്ട്, വേദനിപ്പിക്കുന്നുണ്ട് ഈ ചിന്തകള്‍ ‍... ശരിയാണ്, ഒരുപാട് പേര്‍ ആലോചിക്കേണ്ടതു തന്നെയാണ് സുഹൃത്തേ, താങ്കളുടെ നിരീക്ഷണം...

    ReplyDelete
  12. നന്നായി എഴുതി. ആ കഥ കണ്ടിട്ടില്ലെങ്കിലും സിനിമ കണ്‍റ്റിട്ടുണ്ട്.
    ഡിഗ്രീക്ക് പഠിക്കണ കാലത്ത് വീട്ടിലേക്കുള്ള് ബസ്സില്‍ ഇങ്ങനെ പാട്ട് ഉണ്ടാകാറുണ്ട്.
    ഒരു പ്രത്യേക ആള്‍ക്ക് വേണ്‍റ്റി ഒരു പ്രത്യേക സ്റ്റോപ്പില്‍ വച്ച് ഡ്രൈവര്‍ പാട്ടിടും.
    അത് കേട്ടും കണ്‍റ്റും ഇരിക്കാന്‍ രസമായിരുന്നു.
    ചിലപ്പോഴെങ്കിലും പാട്ട് അലോസരമാകാറുണ്ട്.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  13. ബസ്സിലെ പാട്ടുമാത്രമല്ലല്ലോ, നമ്മുടെ വ്യക്തിപരമായ മാനസികാവസ്ഥയ്ക്ക് പൊരുത്തപ്പെടാനാകാത്തതെന്തും അരോചകമായി തോന്നാം. ബസ്സിലെ പാട്ട്, അടുത്തവീട്ടിലെ കല്യാണം, പള്ളിയിലെ വാങ്കുവിളി, സമീപത്തുള്ള സ്കൂളിലെ കുട്ടികള്‍ ആര്‍ത്തുല്ലസിച്ചുകളിക്കുമ്പോള്‍ ഉണ്ടാക്കുന്ന ബഹളം,ഓണം, വിഷു.....എല്ലാം നമ്മുടെ മാനസികാവസ്ഥ അനുസരിച്ചേ ഉള്‍ക്കൊള്ളാനാകൂ.

    മനുഷ്യന്‍ ഒരു സമൂഹജീവിയാണെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടായാല്‍ പാട്ടുവെയ്ക്കുന്നവന്‍ ദാക്ഷിണ്യമുള്ളവനും പാട്ടു കേള്‍ക്കേണ്ടിവരുന്നവന്‍ ഉദാരമനസ്കനും ആയിരിക്കും.

    ReplyDelete
  14. നന്ദി, എല്ലാ വരവുകള്‍ക്കും. നല്ല വരികള്‍ക്കും.
    @ കുഞ്ഞൂട്ടന്‍^കാലം കഴിഞ്ഞിട്ടും ഉണങ്ങാത്ത ചില മുറിവുകളുണ്ടല്ലോ എല്ലാവരുടെയും ഉള്ളില്‍.
    @മഴവില്ലും മയില്‍ പീലിയും^ഡിലിറ്റ് ആവാത്ത കമന്റ് ഇന്‍ബോക്സിലുണ്ട്. നന്ദി, അതിന്.
    @ഫൌസിയ^ശരിയാണ്. പാട്ട് ഓരോരുത്തര്‍ക്കും എന്തൊക്കെയാണ്,ല്ലേ.
    @കൊച്ചിച്ചി^ ബസിലെ പാട്ടിനെതിരായ കൊലവിളി ആയിരുന്നില്ല അത്. മറക്കാത്ത ചില അനുഭങ്ങളുടെ
    തുടര്‍ച്ച മാത്രമായിരുന്നു. പറഞ്ഞത് ശരിയാണ്. സമൂഹജീവിയെന്ന നിലയില്‍ ഇത് സ്വാഭാവികം.

    ReplyDelete
  15. "വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരുവട്ടം...."
    ഒരു അപകടഘട്ടത്തില്‍ ആംബുലന്സിനു വേണ്ടി വിളിചപ്പോള്‍ ആംബുലന്സു ഡ്രൈവറുടെ മൊബൈലില്‍ നിന്നും കേട്ട ഈ ഗാനം, ഇഷ്ട്ടമായിരുന്നിട്ടുപോലും ആ സമയത്തു അരോചകമായിട്ടുതോന്നി.
    നന്നായിരിക്കുന്നു, ഈ എഴുത്ത്...!

    ReplyDelete
  16. പാട്ടുകള്‍ നമ്മുടെ മൂടിനനുസരിച്ച് ഇഷ്ടപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നു.നല്ല മൂടില്‍ ബാക്കിയെല്ലാവരും സന്തോഷത്തോടെ കേട്ടാസ്വദിച്ചുകൊണ്ടിരുന്ന പാട്ട് മരണവീട്ടിലേക്ക് - അതും പ്രിയപ്പെട്ടയാളുടെ - മരണവീട്ടിലേക്ക് പോകുമ്പോള്‍ നമുക്ക് കര്‍ണകഠോരമായിത്തോന്നുന്ന പാട്ട് തന്നെ കല്യാണത്തിനോ മറ്റോ പോകുമ്പോള്‍ കേട്ടാല്‍ നല്ലതായിതോന്നും.
    പക്ഷെ ബസ്സിലെ പാട്ട് അതൊരു പ്രത്യേക പടപ്പ് തന്നെയാണ്,അതും ഇന്നത്തെ അള്‍ട്രാ മോടേണ്‍ പാട്ടുകള്‍.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...