നിക്ഷേപകര്‍ക്കും സാങ്കേതിക പ്രതിഭകള്‍ക്കുമായി
കേരളം കാത്തുവെക്കുന്നതെന്ത്
കേരളം കാത്തുവെക്കുന്നതെന്ത്
കളമശേരിയില്‍ പുതുതായി തുടങ്ങിയ സൈബര്‍ സിറ്റി ഉദ്ഘാടന ചടങ്ങിലെ വ്യവസായ മന്ത്രി എളമരം കരീമിന്റെ പ്രസംഗം വായിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രതീക്ഷിച്ച പോലെ ഉശിരന്‍ പ്രഖ്യാപനങ്ങള്‍. കേരളം ഇനി നിക്ഷേപ സൌഹൃദ സംസ്ഥാനം. നിക്ഷേപകര്‍ക്ക് ഇനി കേരളത്തെ ഭയക്കേണ്ട. സര്‍ക്കാറും ട്രേഡ് യൂനിയനുകളും രാഷ്ട്രീയ സാമൂഹിക കാലാവസ്ഥകളും എല്ലാം അനുകൂലം. സെസിന് സെസ്. സര്‍ക്കാര്‍ കാര്യങ്ങള്‍ അതിവേഗം. പശ്ചാത്തല സൌകര്യ രംഗത്ത് വന്‍ വികസനം. ഐ.ടിയോടാണ് കൂടുതല്‍ പ്രിയം. അവര്‍ക്കുള്ള സൌകര്യങ്ങളുമായി കേരളം അണിഞ്ഞൊരുങ്ങുകയാണ്. ആദ്യം കൊച്ചി. പിന്നെ തിരുവനന്തപുരം, കോഴിക്കോട് ...അങ്ങിനെയങ്ങിനെ.
മോശം പറയരുതല്ലോ. റിപ്പോര്‍ട്ട് വായിച്ച് അസാരം രോമാഞ്ചം വന്നു. രോമാഞ്ചം തീരുംമുമ്പേ മറ്റൊന്നു കൂടി വായിക്കാനിടയായി. പുതിയ മാതൃഭൂമി വീക്കിലിയിലെ അവസാന പേജില്‍ മനില സി മോഹന്റെ കോളം. മലിനീകരണം തിന്നു തീര്‍ക്കുന്ന കേരളത്തെ മാതൃകാ സംസ്ഥാനമാക്കാനുള്ള സര്‍ക്കാര്‍ തല പദ്ധതികളെ ക്കുറിച്ചാണ് ട്രൂകോപ്പി എന്നു പേരുള്ള കോളം പറയുന്നത്. അതിലൊരിടത്ത് ഒരു പരാമര്‍ശം കണ്ടു. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള വികസന പദ്ധതികളുമായി കൊച്ചി വികസിക്കുമ്പോഴും അന്നാട്ടിലെ താമസക്കാര്‍ക്ക് കുടിക്കാന്‍ വിഷജലവും ശ്വസിക്കാന്‍ വിഷവാതകങ്ങളുമാണെന്ന പരാമര്‍ശം. ചുറ്റുമുള്ള 250 ലേറെ വ്യവസായ ശാലകള്‍ നടത്തുന്ന മലിനീകരണം മൂലം പെരിയാറിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നും പെരിയാറിന്റെ കരയിലെ ഏലൂര്‍ ^എടയാര്‍ മേഖല ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 23ാമത്തെ മേഖലയാണെന്നും കുറിപ്പില്‍ പറയുന്നു. കൊച്ചിയിലെ ഉപ്പിന്റെ ആധിക്യം കാരണം പൊതു കുടിവെള്ള വിതരണം രണ്ടാഴ്ച മുടങ്ങി. എന്‍ഡോസള്‍ഫാന്‍ ലാക്ടോണിന്റെ അളവ് കാസര്‍കോട്ടേക്കാള്‍ കൂടുതലുള്ള കിണറുകള്‍ ഏലൂരിലുണ്ടെന്നും കൊച്ചിയിലെ ഹൈടെക് വാസികളെ കാത്തിരിക്കുന്നത് വിഷജലമാണെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്.
നാടിന്റെ യഥാര്‍ഥ അവസ്ഥ എന്തെന്ന ആലോചനകളിലേക്ക് നയിച്ചു ആ പരാമര്‍ശം. നമ്മുടെ പുഴകളുടെ ഇന്നത്തെ അവസ്ഥയെന്തെന്നും കുടിവെള്ളം എത്ര വിഷമയമാണെന്നും അതോര്‍മ്മിപ്പിച്ചു. നിക്ഷേപകരെയും സാങ്കേതിക രംഗത്തെ പ്രതിഭകളെയും ഇങ്ങോട്ട് ക്ഷണിക്കുമ്പോള്‍ അവര്‍ക്കായി നാം കരുതി വെക്കുന്നത് ഇതാണ്. നിക്ഷേപകര്‍ക്കായി തൊഴില്‍ സംസ്കാരവും സാമൂഹികാവസ്ഥകളും പശ്ചാത്തല സൌകര്യവും മെച്ചപ്പെടുത്താന്‍ പെടാപ്പാടു പെടുന്നവര്‍ ഇവിടെ വരുന്നവര്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സാഹചര്യം കൂടി ഒരുക്കണം. എന്നാല്‍, അതു മാത്രം ഉണ്ടാവാറില്ല.
സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുമെന്നും പുതിയ പദ്ധതികള്‍ കേരളത്തിലേക്ക് എത്തുമെന്നും കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമാണ് തോന്നുന്നത്. പല രാജ്യങ്ങളില്‍, പല സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി കഴിയുന്ന എത്രയോ സുഹൃത്തുക്കളുണ്ട്. നാട്ടില്‍ പുതിയ സംരംഭങ്ങള്‍ വന്നാല്‍ തിരിച്ചു വരാമെന്ന് കരുതുന്നവര്‍. സ്വന്തം മണ്ണില്‍ കഴിയണമെന്ന് അത്യധികമായി ആഗ്രഹിക്കുന്നവര്‍. വല്ലപ്പോഴും വിളിക്കുമ്പോഴും കാണുമ്പോഴും അവര്‍ പലരും പറയുന്നത് കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹങ്ങളാണ്. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പദ്ധതികള്‍ അവരില്‍ വിതക്കുന്നത് വന്‍ പ്രതീക്ഷകളാണ്.
എന്നാല്‍, എന്തൊക്കെയാണ് ഇവിടെ അവരെ കാത്തിരിക്കുന്നത്. വിഷം കലര്‍ന്ന കുടിവെള്ളം. മാരക രാസവസ്തുക്കള്‍ നിറഞ്ഞ വായു. മണ്ണും പ്രകൃതിയും മലിനം. തീര്‍ച്ചയായും അവരൊക്കെ കൊച്ചി പോലുള്ള നഗരങ്ങളില്‍ ഇനിയുള്ള കാലം കഴിയേണ്ടി വരും. മലിനീകരണം മൂലം ഇതിനകം വിഷമയമയ വായുവും ജലവും തന്നെയായിരിക്കും അവര്‍ക്കും കിട്ടാന്‍ പോവുന്നത്.
സംശയം വേണ്ട, വ്യവസായവല്‍കരണത്തിന്റെ ബാക്കി പത്രം തന്നെയാണ് മലിനീകരണം. വന്‍കിട രാസ ഫാക്റ്ററികള്‍ വരുമ്പോള്‍ മലിനീകരണവും ഒപ്പമെത്തും. നാട്ടുകാരും പ്രകൃതിയുമാണ് അതിന്റെ വില നല്‍കേണ്ടത്. ആവുന്നത്ര കാലം പ്രവര്‍ത്തിച്ച് പരമാവധി ലാഭം ഉണ്ടാക്കി നിക്ഷേപകര്‍ തടിതപ്പും. മാരക രോഗങ്ങള്‍ക്കും ചത്തുമലച്ച പ്രകൃതിക്കുമൊപ്പം ശിഷ്ടകാലം കഴിച്ചു കൂട്ടേണ്ടത് നാടിന്റെ വിധി. ഇതാണ് നമ്മുടെ നാട്ടുനടപ്പ്.
വ്യവസായം വരണം എന്നത് മാത്രമാണ് സര്‍ക്കാറിന്റെ മനസ്സിലിരിപ്പ്. ജനസാന്ദ്രത കൂടിയ നമ്മുടെ നാട്ടില്‍ ആരംഭിക്കാന്‍ പറ്റിയ വ്യവസായ ശാലകള്‍ ഏതൊക്കെ എന്ന് ആലോചിച്ചുറപ്പിച്ചല്ല കമ്പനികളെ ക്ഷണിക്കുന്നത്. ലാഭസാധ്യത മാത്രം നോക്കിയാണ് വന്‍കിട സംരംഭകര്‍ കമ്പനികള്‍ ആരംഭിക്കുന്നതും. കൊടിയ മലിനീകരണം ഉറപ്പുള്ള കമ്പനികള്‍ വരുമ്പോള്‍ ഇരു കൈയും നീട്ടി സ്വീകരിക്കാനും സ്വന്തം അക്കൌണ്ടില്‍ അതു ചേര്‍ത്ത് പരമാവധി വികസനം കൊട്ടിഘോഷിക്കാനുമാണ് സര്‍ക്കാറുകള്‍ക്ക് താല്‍പ്പര്യം.
മലിനീകരണം അനിവാര്യമാണ്. എന്നാല്‍, അതു നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ അനവധിയാണ്. പക്ഷേ, ഇവ ചെലവേറിയതായതിനാല്‍ കമ്പനികള്‍ക്ക് ഒരിക്കലും താല്‍പര്യമുണ്ടാവില്ല. ലാഭത്തില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന കമ്പനിക്കാരന്‍ അത്തരം മാര്‍ഗങ്ങള്‍ അങ്ങൊഴിവാക്കും.മലിനീകരണ നിയന്ത്രണത്തിനു വേണ്ടിവരുന്ന പണത്തിന്റെ ചെറിയ വിഹിതം മുടക്കി സര്‍ക്കാറിനെയും ഏജന്‍സികളെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഈസിയായി വിലക്കെടുക്കും. മലിനീകരണം ഒരു ചെറിയ പ്രദേശത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും പ്രശ്നം മാത്രമായി ചുരുങ്ങും. ഈ തിരക്കഥ അനുസരിച്ചാണ് കാലങ്ങളായി നമ്മുടെ നാട്ടില്‍ വ്യവസായ മലിനീകരണം അരങ്ങൂ തകര്‍ക്കുന്നത്. സര്‍ക്കാറുകളും മുതലാളിമാരും ഉദ്യോഗസ്ഥരും മാധ്യമങ്ങളും എന്‍.ജി.ഒകളും എല്ലാം ചേര്‍ന്ന കറക്കു കമ്പനികള്‍ മലിനീകരണ കച്ചവടം ഉഷാറായി കൊണ്ടു നടക്കുകയാണ്.
വിഷം പെയ്യുന്ന അനേകം ഗ്രാമ^നഗരങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. കൊച്ചിയും കോഴിക്കോട്ടുമെല്ലാം അനേകം വിഷദേശങ്ങള്‍. വിഷനദികള്‍. കേരളത്തിലെ ആദ്യ മന്ത്രി സഭ ക്ഷണിച്ചു കൊണ്ടുവന്ന ബിര്‍ലയുടെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഒരു നാടിനെയും ജനങ്ങളെയും മുഴുവന്‍ കൊന്ന ശേഷം പൊടി തട്ടി മടങ്ങി. രാസമാലിന്യങ്ങളാല്‍ പല ദേശങ്ങളെ വിഷമയമാക്കിയ മറ്റനേകം കമ്പനികള്‍ ലാഭം കൊയ്തശേഷം പോവാനുള്ള സമയം കാത്തിരിക്കുന്നു. പുതിയ കമ്പനികള്‍ വന്നു കൊണ്ടിരിക്കുന്നു. കോഴിക്കോട്ടും പരിസരത്തും കുടിവെള്ള വിതരണം നടത്തുന്ന ചാലിയാറിനെയാണ് മാവൂര്‍ റയോണ്‍സ് വിഷത്തില്‍ മുക്കിയത്. കൊച്ചിയുടെ ജീവനാഡിയായ പെരിയാറിനെ കൊല്ലുന്നത് എണ്ണമറ്റ കമ്പനികളാണ്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ അടക്കം ഇതില്‍ പെടുന്നു. ചാലക്കുടിപ്പുഴക്കു ചുറ്റുമുള്ള 50ലേറെ ഫാക്റ്ററികള്‍ നടത്തുന്ന മലിനീകരണം നാട്ടിലാകെ മരണം വിതക്കുന്നത് തുടരുന്നു. അനുഷ്ഠാനമെന്നോണം പരിസ്ഥിതി സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ മലിനീകരണ വിരുദ്ധ സമരങ്ങളും തകൃതിയായി നടക്കുന്നു.
കുടിവെള്ളത്തിലും വിഷത്തിലും നഞ്ഞ് കലര്‍ത്തിയ ഫാക്റ്ററികളുടെ കാലം കഴിഞ്ഞു. ഇതിപ്പോള്‍ ഐ.ടി കമ്പനികളുടെ കാലം. അവിടെനിന്ന് വിഷമൊഴുക്കില്ല. എന്നാല്‍, അവര്‍ വരാന്‍ പോവുന്നത് നിലവിലെ അനേകം കമ്പനികള്‍ വിഷം കലര്‍ത്തിയ മണ്ണിലേക്കാണ്. കുടിക്കാന്‍ പോവുന്നത് നഞ്ഞ് കലക്കിയ ജലമാണ്. ശ്വസിക്കാന്‍ പോവുന്നത് മരണം മണക്കുന്ന വായുവാണ്. നിക്ഷേപകര്‍ക്ക് സൌകര്യം ഒരുക്കുന്ന സര്‍ക്കാര്‍ ഇവര്‍ക്ക് ജീവിക്കാനുള്ള അവസ്ഥ കൂടി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. അടിസ്ഥാന സൌകര്യങ്ങള്‍ക്കൊപ്പം ,പുതിയ സംരംഭങ്ങളില്‍ പങ്കാളികളാവുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ശുദ്ധജലവും ശുദ്ധവായുവും ലഭിക്കാനുള്ള സാഹചര്യം കൂടി സര്‍ക്കാര്‍ സൃഷ്ടിക്കണം. നമ്മുടെ പുഴകളും മണ്ണും ആകാശവും വിലപ്പെട്ടതാണെന്ന് തിരിച്ചറിയാനുള്ള ജൈവ വിവേകമാണ് അതിന് ആദ്യം ഉണ്ടാവേണ്ടത്. നമ്മെ വിഷത്തില്‍ മുക്കുന്ന രാക്ഷസ കമ്പനികള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ സംസ്ഥാന വ്യവസായ വകുപ്പും വ്യവസായ വികസന കോര്‍പറേഷനും ഇനിയെങ്കിലും തയ്യാറാവേണ്ടിയിരിക്കുന്നു.
നിക്ഷേപകര്‍ക്കായി തൊഴില്‍ സംസ്കാരവും സാമൂഹികാവസ്ഥകളും പശ്ചാത്തല സൌകര്യവും മെച്ചപ്പെടുത്താന്‍ പെടാപ്പാടു പെടുന്നവര്‍ ഇവിടെ വരുന്നവര്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സാഹചര്യം കൂടി ഒരുക്കണം.
ReplyDeleteസാമൂഹിക പ്രസക്തി ഉള്ള പോസ്റ്റ്....
ReplyDeleteഇവിടെയും സന്ദര്‍ശിക്കുമല്ലോ....
Health
ഇത് മധുരിക്കുന്ന വിഷമാണെന്ന് പറഞ്ഞാണ് നമ്മെ കുടിപ്പിക്കുന്നത്
ReplyDeleteസാമൂഹികപ്രതിബദ്ധതയുള്ള എഴുത്ത് ....
ReplyDeleteകസേര കിട്ടിയാല്‍ എന്തു നാണക്കേട് സഹിച്ചും ഇരുപ്പ്
സുഖകരമാക്കുന്ന മേലാളര്‍ , കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന
വിപത്തുകള്‍ ..ശുദ്ധവായുവും ശുദ്ധജലവും പോലും അന്യമായി
തീരുന്ന അവസ്ഥ .കാസര്‍കോട്ടെ , തലവീര്‍ത്ത് ഉടല്‍ ചുരുങ്ങിയ
നിരപരാധികളായ മനുഷ്യക്കോലങ്ങളുടെ പടം കാണിച്ച് വിദേശികള്‍
എന്ടോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറയുമ്പോള്‍ നമ്മുടെ
രക്ഷകര്‍ പറയുന്നു , ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍
ഉണ്ടാവുന്ന ദോഷമേ എന്ടോസള്‍ഫാനും ഉണ്ടാക്കൂ എന്ന് .
ആര്‍ക്കു വേണ്ടിയാണിത് ???
ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ ആര്‍ക്കും കഴിയില്ല ,
അതല്ലേ സത്യം ?
എഴുതുക ഇനിയും .....ആശംസകളോടെ .
സാമൂഹിക പ്രതിബദ്ധതയുള്ള പോസ്റ്റ്.
ReplyDeleteiniyum vayikkam.ishtamayi prathikaranam.
ReplyDeleteishtamaayi ee ezhuth ,iniyum varaam ...............
ReplyDeleteoru journalist style undu ...............
പോസ്റ്റിന്റെ പിന്നിലെ ആത്മാര്‍ഥത മനസ്സിലാക്കുന്നു..
ReplyDeleteപക്ഷെ മറുവശം കൂടെ ഒന്ന് നോക്കു
നമ്മളില്‍ എത്ര പേര്‍ മഴവെള്ള സംഭരണികള്‍ ഉണ്ടാക്കുന്നുണ്ട് ? ജലം പാഴാക്കി കളയാതിരിക്കുന്നുണ്ട് ?
മാലിന്യങ്ങള്‍ യഥാക്രമം സംസ്കരിക്കുന്നുണ്ട്..?
പ്രകൃതി സ്നേഹം വഴിന്ജോഴുകുമ്പോഴും( ഞാനും താങ്കളും ഉള്‍പെടെയുള്ള സമൂഹം ) നമ്മളാല്‍ ചെയ്യാവുന്നത് ചെയ്യുന്നില്ലല്ലോ.
വികസനത്തിന്റെ ബൈ പ്രോടക്റ്റ് ആയി ആ കൂടെ പലതും വരും. എന്ന് കരുതി വികസനം വേണ്ട എന്ന് നമ്മള്‍ പറയാന്‍ പാടുണ്ടോ ? വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും വേണം എന്നാണ് എന്റെ പക്ഷം..ചിലപ്പോള്‍ എന്റെ വീക്ഷണം തെറ്റു ആവാം. പറഞ്ഞു എന്ന് മാത്രം ..
ആശംസകളോടെ..
വികസനം വേണം. ഒപ്പം മാലിന്യസംസ്കരണവും പ്രകൃതിപരിരക്ഷണവും വേണം. രണ്ടും കൂടി സമന്വയിപ്പിച്ചു കൊണ്ടു പോകാനുള്ള വഴികൾ ശ്രദ്ധയോടെ ആവിഷ്കരിക്കണം. കൂട്ടായ ശ്രമമാണ് അതിനാവശ്യം. ലേഖനം നല്ലത്.
ReplyDelete'നമ്മുടെ പുഴകളും മണ്ണും ആകാശവും വിലപ്പെട്ടതാണെന്ന് തിരിച്ചറിയാനുള്ള ജൈവ വിവേകമാണ് അതിന് ആദ്യം ഉണ്ടാവേണ്ടത്.' അതെ
ReplyDeleteപരിസ്ഥിതി സംരക്ഷണം വലിയൊരു സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ പരിപാടിയുണ്ടെങ്കിലേ നടപ്പാകൂ.ഒരിടത്തെ സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം നടക്കുന്ന കാര്യമല്ല അത്. കഴിഞ്ഞ വര്‍ഷം മെക്സിക്കോയിലെ കാന്‍കൂണില്‍ നടന്ന ചര്‍ച്ചകള്‍ അലസിയത് ആരുടേയും പിടിപ്പുകേടുകൊണ്ടല്ല ഈ വിഷയത്തില്‍ എടുക്കുന്ന ഏതു തീരുമാനവും എല്ലാവര്ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതിനാലാണ്. സഹകരിച്ചുപ്രവര്‍ത്തിക്കാനുള്ള സാങ്കേതിക സൌകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും സഹകരിക്കാനുള്ള മനസ്സ് ഇല്ലാതായി വരുന്നതാണു കാണുന്നത്.
ReplyDeleteഒരല അകത്തുടെ പായുന്നു...
ReplyDelete“നമ്മുടെ പുഴകളും മണ്ണും ആകാശവും വിലപ്പെട്ടതാണെന്ന് തിരിച്ചറിയാനുള്ള ജൈവ വിവേകമാണ് അതിന് ആദ്യം ഉണ്ടാവേണ്ടത്. “
ReplyDeleteഅതെ അതാണു സത്യം.
ഇതാണ് ബ്ലോഗെഴുത്ത്. കാലികവിഷയങ്ങളില്‍ നമ്മുടെ കാഴ്ചപ്പാട് പറയുന്ന രീതി വളരെ വളരെ
ReplyDeleteഅഭിനന്ദനാര്‍ഹം.
പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി.
ReplyDeleteവില്ലേജ്മാന് വികസനത്തിനെതിരല്ല ഈ കുറിപ്പ്.
വികസനത്തിന്റെ ബാക്കി പത്രത്തെക്കുറിച്ചാണ്.
ജീവിക്കുക എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്.
മണ്ണും ജലവും വായുവും ജീവനും ഒരിക്കല്‍ പൊയ്പ്പോയാല്‍
തിരിച്ചെടുക്കാന്‍ കോടികളുടെ കണക്ക് മതിയാവില്ല എന്ന തിരിച്ചറിവാണ്.
വിമര്‍ശത്തിനും ഒപ്പം നിന്നതിനും എല്ലാവര്‍ക്കും നന്ദി.
പൊതുവില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ....
ReplyDeleteവിപത്തിനെതിരെ സന്ഖടിക്കാനും , പോരാടാനും ബുദ്ധിമാന്മാര്‍ എന്ന് പറയുന്ന
നമ്മള്‍ പിന്നോട്ട് പോകുന്നു !
അതെ സമയം അടുത്ത വീട്ടിലെ പുളിമരത്തില്‍ നിന്നും നമ്മുടെ പറമ്പില്‍ വിഴുന്ന
പുളിയിലകള്‍ നമ്മില്‍ പോരാട്ട വീര്യം നിറയ്ക്കുന്നു !!!!!!
അവനവന്റെ വീടും പരിസരവും ഒഴിചു കാണുന്ന എവിടെയും കാറി തുപ്പുകയും ചവര്‍ എറിയുകയും ചെയ്യും !!
സര്‍ക്കാര്‍ ഓഫീസുകളില്‍ കണ്ട്ടിടില്ലേ ! ഇരിക്കുന്ന കസേരയില്‍ മാത്രം അല്പം വൃത്തി (ഒരു ടവല്‍ )
പിന്നെ എല്ലാം ഒരു ധൂമമയം!!!!!!!