ഏറെ കാലത്തിനു ശേഷം കണ്ട കൂട്ടുകാരിയെക്കുറിച്ച്. ഒരു മനോഹരഗാനം പാതി വഴിയില്‍ നിര്‍ത്തി അവളിറങ്ങിപ്പോയ നിശ്ശബ്ദതയെക്കുറിച്ച്. ജീവിതത്തില്‍നിന്ന് ഒരേട്.
യുവജനോല്‍സവങ്ങളില്‍ മൈക്കിനു മുന്നില്‍ അറ്റന്‍ഷനായി നിന്ന് കുട്ടികള്‍ പാടുന്നത് കാണുമ്പോള്‍ എനിക്കവളെ ഓര്‍മ്മ വരും. പാട്ടു പോലെ സുതാര്യമായ ഓര്‍മ്മ. അവിടെ തൂവെള്ള പിന്‍കര്‍ട്ടനു മുന്നില്‍ വെള്ളയും കരി നീലയും നിറമുള്ള യൂനിഫോമില്‍ അവള്‍. വലിയ ചുവന്ന അക്ഷരത്തില്‍ നമ്പറെഴുതിയ വെള്ളക്കടലാസ് തുണ്ട് ഉടുപ്പില്‍. സദസ്സിലേക്ക് ചിരിയുതിര്‍ത്ത് അവളുടെ ഗാനം. കൈയടികള്‍ക്കു മധ്യേ വേദിയില്‍ കയറി ചെന്ന് സമ്മാനങ്ങള്‍ വാങ്ങുന്ന അവളുടെ കൂസലില്ലായ്മ.
ഞാനുമന്ന് കുട്ടിയായിരുന്നു. അതേ പ്രായം. സഹപാഠി. എന്നാല്‍, അവിടെ തീര്‍ന്നു സാമ്യം.
അവള്‍ക്ക് സ്റ്റേജില്‍ കയറാന്‍ ഭയമില്ല. എനിക്കാണെങ്കില്‍ അതു മാത്രം. പാടാനോ, പറയാനോ, മോണോ ആക്റ്റ് അവതരിപ്പിക്കാനോ നാടകത്തില്‍ അഭിനയിക്കാനോ അവളെപ്പോഴും തയ്യാര്‍. കൊന്നാലും എന്നെയതിന് കിട്ടില്ലെന്ന് ഞാന്‍. അങ്ങനെ കടലും കരയും പോലെ.
ഏതെങ്കിലും മൂലയിരുന്ന് വായിക്കുക.ദിവാസ്വപ്നങ്ങളില്‍ മുഴുകുക. ഇതു മാത്രമായിരുന്നു എന്റെ ലോകം. എന്നാല്‍, യുവജനോല്‍സവങ്ങള്‍ക്ക് മുടങ്ങാതെ പോവും. പങ്കെടുക്കാനല്ല, കാണാന്‍, കേള്‍ക്കാന്‍. എനെപ്പോലെ ഒരു പാടു കുട്ടികളുണ്ടയിരുന്നു. നിശബ്ദരായി സദസ്സിലിരിക്കുന്നവര്‍.
വായാടിയുടെ കലപില
നിശãബ്ദമായ അത്തരം ഓര്‍മ്മകളില്‍ ഒരു വായാടിയുടെ കലപിലയായിരുന്നു അവള്‍. സദാ ചിരിച്ചും കളി പറഞ്ഞും അവള്‍. സാറില്ലാത്ത നേരങ്ങളില്‍ ബഹളം ശമിപ്പിക്കാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ ക്ലാസുകളില്‍ നടക്കുന്ന സാഹിത്യ സമാജം എന്ന പരിപാടികളിലെല്ലാം അവളുടെ പാട്ടുണ്ടാവും. മറ്റാരും പാടാനില്ലാത്തതിനാല്‍ ഏതാണ്ട് അവള്‍ തന്നെ പാടി തീര്‍ക്കേണ്ടി വരും, ഒരു മണിക്കൂര്‍. യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ അഭിനയത്തിലേക്ക് വീണു. ഏതോ രാജസദസ്സിലെ ഗായികയുടെ വേഷമായിരുന്നു നാടകത്തില്‍ അവള്‍ക്ക്. താഴ്ന്ന ജാതിയില്‍ പെട്ട ഗായിക. കുട്ടികള്‍ക്ക് മാത്രം ഗൌരവമായി തോന്നുന്ന എന്തൊക്കെയോ പ്രശ്നങ്ങളായിരുന്നു ആ നാടകത്തിന്റെ വിഷയമെന്നാണ് ഓര്‍മ്മ. നാടകത്തിന്റെ അവസാന ഭാഗത്ത് ചാട്ടവാറടിയേറ്റിട്ടും പാടുന്ന അവളായിരുന്നു.
ഹൈസ്കൂളിലും ഞങ്ങള്‍ ഒരേ ക്ലാസില്‍. പഠനത്തിലും മറ്റു പരിപാടികളിലും അവള്‍ പഴയ പോലെ ഊര്‍ജസ്വല. ഞാനന്ന് അക്ഷരാര്‍ഥത്തില്‍ ഒരു ലൈബ്രറി കുട്ടി. പുസ്തകങ്ങളില്‍ ചുവടു തെറ്റി വീണ അവസ്ഥ. വായന ഗൌരവമായതോടെ ലൈബ്രറിയില്‍ അടുക്കി വെച്ച പ്രധാനപ്പെട്ട ഓരോ പുസ്തകങ്ങളും വെല്ലുവിളി യായി വളര്‍ന്നു കൊണ്ടിരുന്നു. എന്നെ വായിക്കൂ എന്നെ വായിക്കൂ എന്ന അവയുടെ വിലാപം കേട്ടുകേട്ട് രാത്രി പാഠ പുസ്തത്തിനടിയില്‍ അവ ഒളിപ്പിച്ചു വായിക്കാന്‍ ശ്രമിക്കും. ചില ദിവസങ്ങളില്‍ അനിയത്തിയുടെ തന്ത്രപൂര്‍വമായ ശ്രമങ്ങളില്‍ പിടിക്കപ്പെടുമെങ്കിലും.
പ്രണയത്തിന്റെ സാക്ഷിമൊഴി
ഹൈസ്കൂള്‍ കാലത്തായിരുന്നു അവളുടെ പ്രണയം. ഞാനതിന് സാക്ഷിയായിരുന്നു. അയല്‍നാട്ടുകാരനായ എന്റെ കൂട്ടുകാരനായിരുന്നു അവളുടെ രാജകുമാരന്‍. അത്ര ചെറുപ്പത്തിലും അവര്‍ വളരെ ഗൌരവമായാണ് പ്രണയിച്ചിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. എന്റെ ക്ലാസിലാണ് അവളെന്നതിനാല്‍ ഞാനായിരുന്നു സന്ദേശ വാഹകന്‍. കെട്ടു കണക്കിന് പ്രണയ ലേഖനങ്ങളാണ് എന്റെ കൈയിലൂടെ പോയത്. ഇത്രയേറെ എഴുതാന്‍ എന്താണ് ഇവര്‍ക്കെന്ന് എനിക്കൊരു പിടിയും അന്ന് കിട്ടിയിരുന്നില്ല. എസ്.എസ്.എല്‍.സി പരീക്ഷ അടുത്ത സമയത്താണ് അവളുടെ പ്രണയകഥ പാട്ടായത്. അതെങ്ങിനെയോ അവളുടെ വീട്ടിലുമെത്തി. കാമുകനെ തല്ലിയിട്ടു തന്നെ കാര്യമെന്ന മട്ടിലായി അവളുടെ സഹോദരന്‍മാര്‍. അവന്‍ ഞങ്ങളുടെ നാട്ടുകാരനല്ല എന്നത് അവരുടെ വീര്യം കൂട്ടി.
അവനെ രക്ഷിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ഞാനും കൂട്ടുകാരും സദാ അവന്റെ കൂടെ നിന്നു. അവനെ തല്ലരുതെന്ന് അവരോടു പറഞ്ഞു. അവനെ എന്നും കൂട്ടുനിന്നു ബസ് കയറ്റി. എല്ലാ പ്രണയകഥകളിലെയും പോലെ ഇടവഴിയില്‍ കാണുമ്പോഴൊക്കെ അവളെ സമാശ്വസിപ്പിച്ചു.
അങ്ങനെ പരീക്ഷ. അതു കഴിഞ്ഞുള്ള വെക്കേഷനില്‍ അവന്‍ പലവട്ടം എന്റെ വീട്ടില്‍ വന്നു. അവളെ കാണാന്‍. തന്ത്ര പൂര്‍വം അവസരങ്ങളുണ്ടാക്കി, സാഹസികമായി ഞങ്ങള്‍ അത് നടത്തി. ഇടക്ക് ചില അപകടങ്ങള്‍ തൊട്ടു മുന്നിലെത്തി. അപ്പോഴൊക്കെ രക്ഷപ്പെട്ടു.
ജീവിതത്തിന്റെ പരീക്ഷാഫലം
റിസല്‍റ്റ് വന്നപ്പോള്‍ അവള്‍ക്ക് മാര്‍ക്ക് കുറവ്. അവനടക്കം ഞങ്ങള്‍ക്കെല്ലാം തരക്കേടില്ലാത്ത മാര്‍ക്ക്. കുറച്ചു ദൂരെയുള്ള കോളജിലായിരുന്നു പ്രീഡിഗ്രി. അവള്‍ വീടിനടുത്തുള്ള ഒരു സ്കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്നു. അവനവളെ കാണാന്‍ പല വട്ടം അവിടെ പോവാറുണ്ടായിരുന്നു. ഇടക്കെപ്പോഴോ അറിഞ്ഞു, അവളുടെ വിവാഹം ഉറപ്പിച്ചെന്ന്. ആകെ ഞെട്ടലോടെ അവനെ ചെന്നു കണ്ടപ്പോള്‍ ഞങ്ങള്‍ തമ്മിലിനി ചേര്‍ന്നു പോവില്ലെന്നും എന്നും വഴക്കാണെന്നുമായിരുന്നു മറുപടി. എന്താണ് കാരണമെന്ന് അവന്‍ പറഞ്ഞില്ല. പിന്നീട് കണ്ടപ്പോള്‍ അവളും അവന്‍ പറഞ്ഞത് ആവര്‍ത്തിച്ചു. ഇത്ര ചെറിയ പ്രായത്തില്‍ അവരെങ്ങിനെ അങ്ങനെയൊക്കെ പറഞ്ഞെന്ന് ഇപ്പോള്‍ ഞാന്‍ അന്തം വിടുന്നു. പിന്നെ അവളുടെ വിവാഹമായിരുന്നു. ഗള്‍ഫിലായിരുന്നു അയാള്‍. ഞങ്ങളുടെ നാട്ടില്‍നിന്ന് കുറച്ചകലെ. അതോടെ അവളെ കാണാതായി. പഠനത്തിന്റെയും ജീവിതത്തിന്റെ തിരക്കുകള്‍ വൈകാതെ ഞങ്ങളെ വിഴുങ്ങി. ഒരിക്കല്‍ ധരിച്ചു കഴിഞ്ഞാല്‍ ഊരിയിടാനാവാത്ത തിരക്കിന്റെ ഉടുപ്പുകള്‍ ജീവിതത്തിന്റെ ഭാഗമായി.
കണ്ണുകളില്‍ ഒരു ഖനി
അവളെ വീണ്ടും ഓര്‍മ്മിപ്പിച്ചത് യുവജനോല്‍സവമല്ല. ഒരു വിവാഹമാണ്. നാട്ടിലെ ഉറ്റബന്ധുവിന്റെ മകളുടെ വിവാഹം. അതിനു പോയപ്പോള്‍ അപ്രതീക്ഷിതമായി അവള്‍ മുന്നിലെത്തി. വിവാഹ വീടിന്റെ അന്തമില്ലാത്ത തിരക്കുകള്‍ക്കിടയിലാണ് അവളെ കണ്ടത്. ആദ്യമെനിക്ക് മനസ്സിലായില്ല. അവള്‍ക്കെന്നെയും. അവളുടെ ഒപ്പം അമ്മയുണ്ടായിരുന്നു. അവര്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവള്‍ ചിരിച്ചു. വിളറി വെളുത്ത് ദുര്‍ബലമായൊരു ചിരി.
അവളാകെ മാറിയിരുന്നു. ശരീരം മെലിഞ്ഞുണങ്ങി. ശോഷിച്ച കൈകളിലൂടെ വളകള്‍ സ്വൈര്യ സഞ്ചാരം നടത്തി. സന്തോഷവും സൌന്ദര്യവും ചേര്‍ന്ന് തിളക്കം വര്‍ധിപ്പിച്ച ആ മുഖം തീരെ ഒട്ടിയിരുന്നു. കണ്ണുകളുടെ താഴെ വല്ലാത്ത കരുവാളിപ്പ്. വേദന ഖനീഭവിച്ച നോട്ടം ആത്മാവിലേക്ക് ചെന്നു കയറുന്നു.
ഞാനും ചിരിച്ചു. ചുറ്റും തിരക്കിന്റെ കുത്തൊഴുക്കായിരുന്നു. ആളുകള്‍ ഒന്നിനു പിറകെ ഒന്നായി പന്തലിലേക്ക് ഒഴുകുന്നു. വരനും സംഘവും ഇപ്പോള്‍ വന്നിട്ടേയുള്ളൂ. അതിന്റെ തിരക്കായിരിക്കും.
ഇപ്പോഴെവിടെയാ, അവള്‍ ചോദിച്ചു. ഏതോ ഗുഹാമുഖത്തുനിന്നു വരുന്നതു പോലുണ്ടായിരുന്നു ആ സ്വരം. പുല്ലാങ്കുഴല്‍ നാദം പോലൊരു സ്വരം ഇത്ര ചെറിയ കാലയളവിനുള്ളില്‍ എങ്ങനെ ഇത്ര പരുക്കനായെന്ന് ആശ്ചര്യം തോന്നി. അത്ര അപരിചിതമായിരുന്നു അത്.
'നാട്ടിലില്ല. കുറച്ചു ദൂരത്താണ്'^ ഞാന്‍ പറഞ്ഞു.
അവളുടെ മനസ്സ് പിന്നെയും ചോദ്യങ്ങളിലേക്ക് തുറക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍, അവയൊന്നും വാക്കുകളായി പുറത്തുവന്നില്ല. ശരീരമാകെ തളര്‍ന്നുപോയൊരു മാറാരോഗിയെപ്പോലെ പൊടുന്നനെ അവളെന്റെ മുഖത്തേക്ക് നോക്കിനിന്നു. എന്തു പറയണമെന്നറിയാതെ ഞാന്‍ തപ്പിത്തടയുന്നതിനിടെ അമ്മ മൌനം ഭേദിച്ചു.
തിരക്ക് കഴിഞ്ഞ് വീട്ടിലേക്കു വാ. ഇവളവിടെയുണ്ടാവും -അമ്മ പറഞ്ഞു.
ഞാന്‍ തല കുലുക്കി. ചെറിയ കുട്ടികളെ കൊണ്ടുപോവുന്നത് പോലെ അമ്മ അവളുടെ കൈ പിടിച്ച് ഗേറ്റിനടുത്തേക്കു നടക്കുന്നത് കണ്ടപ്പോള്‍ ഉള്ളു പിടയുന്നതറിഞ്ഞു. . .
കഥയുടെ ആവര്‍ത്തനങ്ങള്‍
എന്തായിരിക്കും അവള്‍ക്ക് സംഭവിച്ചത്? മുന്നിലപ്പോള്‍ പല സാധ്യതകള്‍ തെളിഞ്ഞു. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. വിഷാദരോഗം. കൊടിയ ദുരിതങ്ങള്‍ തിരകളില്‍ ഒളിപ്പിച്ച മറ്റ് കടലുകള്‍. മയിലിനെ പോലെ നൃത്തം ചെയ്ത വാക്കുകളെ, സ്വപ്നങ്ങളെ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ ശ്വാസം മുട്ടിച്ചു കൊന്ന കഥയുടെ അതേ ആവര്‍ത്തനങ്ങള്‍. ആളും സന്ദര്‍ഭവും മാറുമ്പോഴും കഥകള്‍ മിക്കപ്പോഴും ഒന്നു തന്നെയാവും.
കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ ഫ്രീയായി. അവളുടെ വീട് അടുത്തായിരുന്നു. വേണമെങ്കില്‍ പോയി വരാം.
അവിടെ ചെന്നാല്‍, ആ ദുരന്തത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞേക്കും. അവളുടെ പാട്ട് ഊതിക്കെടുത്തിയ കൊടുങ്കാററുകളുടെ വിവരങ്ങള്‍. ജീവിതത്തിന്റെ ഓരത്തേക്ക് അവളെ അഭയാര്‍ഥിയായി വലിച്ചെറിഞ്ഞത് ആരെന്ന വിശദീകരണങ്ങള്‍. എല്ലാറ്റിനുമൊടുവില്‍ അവളുടെ ഒച്ച വറ്റിയെന്ന തിരിച്ചറിവുകള്‍.
പോവണോ, വേണ്ടയോ?
സംഘര്‍ഷം മുറുകിയപ്പോള്‍ ഒടുക്കം തീരുമാനമായി. പോവണ്ട.
വാനമ്പാടിയെ പോലെ പാടുന്ന, ചുറ്റുവട്ടങ്ങളില്‍ സന്തോഷം പ്രസരിപ്പിക്കുന്ന ഒരാളായി അവള്‍ മനസ്സിലുണ്ട്. യാഥാര്‍ഥ്യം എത്ര അകലെയെങ്കിലും ആ ഇടം അങ്ങിനെ തുടരട്ടെ. കണ്ണീര് മാറ്റി വരച്ച ഒരു ജീവിതമായി അവള്‍ ഓര്‍മ്മയില്‍ നിറയേണ്ടെന്ന് തന്നെ വാശി പിടിച്ചു, മനസ്സ് .
തിരിച്ചു വരുമ്പോള്‍ നല്ല മഴയായിരുന്നു. മഴയുടെ താളം മുറിച്ചു ഇടക്കിടെ ഇരച്ചു കയറി വന്നു, കാതടപ്പിക്കുന്ന ഇടിനാദം. എന്നിട്ടും കാത് കൂര്‍പ്പിച്ചപ്പോഴെല്ലാം കേട്ടു, ഒച്ചയില്ലാത്ത വിലാപത്തിന്റെ ഈണങ്ങള്‍.





























