ഉല്‍സവപ്പറമ്പിലെ ആന.
ഉണങ്ങാത്ത ചില മുറിവുകള്‍

രണ്ട് മാസം മുമ്പേ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഗാംഭീര്യമുള്ള ഒരാനയുടെ മുഴുനീള ചിത്രം സഹിതം. ഇത്തവണ ഉല്‍സവത്തിന് ഈ ദേശത്തിന്റെ മാനം കാക്കുന്നത് ബാസ്റ്റ്യന്‍ വിനയശങ്കര്‍ എന്ന വലിയ തലക്കെട്ട്. താഴെ, കറുപ്പില്‍ മഞ്ഞ അക്ഷരങ്ങളില്‍ ഒരു കുറിപ്പും. 'ഒന്നാമന് തയ്യാര്‍. ഇനി മല്‍സരം രണ്ടാമനാവാന്‍.'
സമാനമായ ചില ബോര്‍ഡുകള്‍ കൂടി സമീപദേശങ്ങളില്‍ കണ്ടു. ആനയുടെ പേരിലും പടത്തിലും മാറ്റമുണ്ട്. എന്നാല്‍ ഫ്ലക്സ് ബോര്‍ഡും വാചകങ്ങളും അതേ പോലെ. ഉല്സവപ്പറമ്പുകളില് ആനകള്‍ അത്ര അനിവാര്യമല്ലാത്ത ഒരു നാട്ടില്‍ ജനിച്ചു വളര്‍ന്നതിനാല്‍ അപാരമായ ആകാംക്ഷയാണ് ഈ ബോര്‍ഡുകള്‍ ഉള്ളില്‍ വിതച്ചത്.
ലോക കപ്പ് ഫുട്ബോള്‍ കാലത്ത് നാടാകെ നിറഞ്ഞ ഫ്ലക്സ് ബോര്‍ഡുകളിലെ കുറിപ്പുകളാണ് ഓര്‍മ്മയില്‍ വന്നത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും താരങ്ങളുടെ പടുകൂറ്റന്‍ ചിത്രങ്ങളുടെ കൂടെ ഇത്തരം അവകാശ കുറിപ്പുകള്‍ ഉണ്ടായിരുന്നു. ഇനി മല്‍സരം രണ്ടാം സ്ഥാനത്തിന് എന്ന മട്ടിലുള്ള വീരവാദങ്ങള്‍. ആ ബോര്‍ഡുകള്‍ കാശു മുടക്കി സ്ഥാപിച്ചത് പല ടീമുകളുടെയും ആരാധകരാണ്. ഇത് ഉല്‍സവ കമ്മിറ്റികളും. ഓരോ ദേശത്തിനും ഓരോ ആന. അതിനെ ചൊല്ലി അവകാശ വാദങ്ങള്‍. വെല്ലുവിളികള്‍. ഹോ, ആന ഈ നാട്ടില്‍ സൂപ്പര്‍ സ്റ്റാറാണല്ലോ എന്ന് ആര്‍ക്കും തോന്നിപ്പോവും.
ബോര്‍ഡ് ശ്രദ്ധിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ആനയുടെ പേര് ബാസ്റ്റ്യന്‍ വിനയശങ്കര്‍ എന്നാണ്.സാധാരണ ആനകള്‍ക്കിടുന്നത് ഹിന്ദു പേരുകളാണ്. ദൈവങ്ങളുടെയും മറ്റും പേരുകള്‍. മലപ്പുറത്തെ ഏതോ ആനക്ക് ഒരു മുസ്ലിം പേരിട്ടു എന്നത് പത്ര വാര്‍ത്തയായിരുന്നു. ഇത് ബാസ്റ്റ്യനാണ്. ഇപ്പേര് ആനക്കു പതിവില്ല. ആനക്കറിയില്ല അതിന്റെ മതം. അതിനെ സ്നേഹിക്കുന്നുവെന്ന് വിശ്വസിപ്പിക്കുന്നവരാണ്, ആനയെ വെച്ചു കാശുണ്ടാക്കുന്നവരാണ് അതിനെ ഓരോ മതങ്ങളിലേക്ക് ജ്ഞാനസ്നാനം നടത്തുന്നത്.
ഉല്‍സവത്തിലേക്ക് തന്നെ തിരിച്ചുവരാം. രാവിലെ തന്നെ ആ ആനയെത്തി. ബാസ്റ്റ്യന്‍ വിനയശങ്കര്‍ എന്ന 'ഗജവീരന്'. ദേശത്തിന്റെ വീരപുരുഷന്. ആനയെ കാണാന്‍ ചെന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍പെട്ടത് ഇരുകാലുകളെയും കുടുക്കിയിട്ട കൂറ്റന്‍ ചങ്ങല. പിന്നെ, പുറത്തും അടുത്തുമുള്ള പാപ്പാന്മാര്. അവരുടെ കൈകളില്‍ മൂര്‍ച്ചയുള്ള തോട്ടി. മൂര്‍ച്ചയുള്ള കുന്തമുനയും ഇരുമ്പു കൊളുത്തും. സമീപത്തെ രണ്ടാം പാപ്പാന് സമൃദ്ധമായി അതുപയോഗിക്കുന്നു. വേദനയോടെ ആന അനുസരിക്കുന്നു. തിടമ്പ് ഏറ്റുന്നേരം കുനിഞ്ഞു നിവരുന്ന ആനയെത്തേടി തോട്ടിക്കൊപ്പം ചൂരല്‍വടിയുമെത്തി. കുത്തിമുറിക്കുന്ന വേദനയോടെ അനുസരണയുടെ പാഠങ്ങള്‍ ഓരോന്നായി അത് പിന്നിടുന്നത് ആരുടെയും കണ്ണു നിറയിക്കേണ്ടതാണ്. എന്നാല്‍, തുണ്ടായില്ല. ആരും അത് ശ്രദ്ധിച്ചേയില്ല. ദേശത്തിന്റെ അഭിമാനത്തെ കണ്‍നിറയെ കാണുകയാണ് പുരുഷാരം. അതിന്റെ ഞരക്കവും വേദനയും അവര്‍ക്ക് ഹരമെന്ന് തോന്നി. ഈ കലാപരിപാടി തുടങ്ങൂം മുമ്പു തന്നെ ഉല്‍സവ കമ്മിറ്റിക്കാര് പാപ്പാന്മാരെ സമീപത്തെ ബസ്സ്റ്റോപ്പില്‍ വിളിച്ച് സമൃദ്ധമായി മദ്യം വിളമ്പുന്നത് കണ്ടിരുന്നു. മദ്യത്തിന്റെ ഉശിര് അവരുടെ ക്രൂരത കൂട്ടി. ദേശക്കൂറും കൌതുകവും ആഹ്ലാദവുമെല്ലാം ചേര്‍ന്ന് നാട്ടുകാരുടെയും വീര്യം കൂട്ടി.
തുടക്കം മാത്രമായിരുന്നു അത്. ഫ്ലക്സ് ബോര്‍ഡുകളില്‍ നിറഞ്ഞുനിന്ന് ദേശത്തിന്റെ അഭിമാനം കാത്ത ആന പിന്നീട് അതിലും ക്രൂരമായി കൈകാര്യം ചെയ്യപ്പെട്ടു. തോട്ടികള്‍ പലവട്ടം താണുയര്‍ന്നു. ചൂരല്‍ വടികള്‍ പുളഞ്ഞു. ജനക്കൂട്ടം ആനയുടെ കൌതുകക്കാഴ്ചയാല്‍ ഈ ക്രൂരതകളെല്ലാം മറന്നു. വേദനിക്കുന്ന കണ്ണുകളാല്‍ ആന ചുറ്റും നോക്കുന്നത് കണ്ടപ്പോള്‍, അതിപ്പോള്‍ ചങ്ങലപൊട്ടിക്കുമെന്ന് തോന്നി. എന്നാല്‍, ഒന്നുമുണ്ടായില്ല. അനുസരണത്തിന്റെ പാഠം മറക്കാതെ നല്ലകുട്ടിയായി അത് വേദന തിന്നുതന്നെയിരുന്നു.
ഉല്‍സവം കഴിയാന്‍ നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങി. ചാനല്‍ വാര്‍ത്തക്കു മുന്നില്‍ കണ്‍മിഴിക്കവേ അതു കണ്ടു. ഗുരുവായൂര്‍ ക്ഷേത്രാല്‍സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ട മല്‍സരത്തിനിടെ ആനയിടഞ്ഞു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഓട്ടത്തിനിടെ മറ്റൊരാന മുന്നില്‍ കടന്നപ്പോള്‍ ഒരാന പിന്നോട്ടു തിരിഞ്ഞോടിയതാണ് സംഭവം. ഇതിനിടെ മുന്നില്‍ കണ്ട ഒരാളെ ആന ഉപദ്രവിച്ചു. മറ്റ് ചിലര്‍ക്ക് തിരക്കില്‍ വീണു പരിക്കേറ്റു.
ആനകളുടെ ഓട്ടമല്‍സരമായിരുന്നു അത്. സ്വന്തം ഇഷ്ടപ്രകാരമുള്ള ഓട്ടമല്ല. തോട്ടിയും ചങ്ങലകളും ചൂരല്‍വടികളും ചേര്‍ന്നുണ്ടാക്കുന്ന നിര്‍ബന്ധിതാവസ്ഥ. ആനകളെ നിര്‍ബന്ധിച്ച് മൃഗയാ വിനോദം നടത്തിയതാണ് സംഭവത്തിന്റെ പ്രധാന കാരണം. എന്നാല്‍, വാര്‍ത്തകളിലൊന്നും അതു കണ്ടില്ല. മറിച്ച്, നാടിന്റെ അഭിമാനമായ ആനയോട്ടം കലക്കാന്‍ ശ്രമിച്ച ഒരാനയുടെ കുറുമ്പായിരുന്നു വാര്‍ത്തകള്‍ നിറയെ.
എന്തൊരു അവസ്ഥയാണ് ഇത്. നമ്മെപ്പോലെ ഒരു ജീവി. അതിനു പേരിട്ട് അതിന്റെ ആരാധകരെന്ന് നടിക്കുക. വലിയ തടിയും ശരീരവും കൊണ്ട് നന്നായി നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ആനയെ ഓടിക്കുക. ഓരോ ആനയുടെ പേരു പറഞ്ഞ് വാതുവെച്ച് കൈയടിക്കുക. വാഴ്ത്തുക. ഇതൊന്നും അറിയാത്ത, ജനിച്ച കാട്ടില്‍നിന്ന് ചതിക്കു കീഴടങ്ങി നാട്ടിലെത്തപ്പെട്ട ആനകള്‍ സഹിക്കവയ്യാതെ ഉപദ്രവം നടത്തുക. കൊലക്കൊമ്പനെന്നും ചോരക്കെതിയനെന്നും അവനെ വിശേഷിപ്പിക്കുക. മനുഷ്യര്‍ ഇത്രകാലം ആര്‍ജിച്ച സംസ്കാരത്തെ കൊഞ്ഞനം കുത്തുന്ന ഇക്കാഴ്ചകള്‍ അവസാനിപ്പിക്കാന്‍ ഇനിയും സമയമായിട്ടില്ലേ.
സമയമായെന്ന് വ്യക്തമാക്കുന്ന ഒരു നിയമ നിര്‍മാണത്തിന്റെ വിവരം ഈയിടെ പുറത്തുവന്നിരുന്നു. ആനയെ പൈതൃക മൃഗമായി പ്രഖ്യാപിക്കുന്നതിന്റെ വിശദാംശങ്ങള്‍. ആന മുതലാളിമാരും ഉല്‍സവ കമ്മിറ്റിക്കാരും ഉടന്‍തന്നെ അതിനെതിരെ രംഗത്തുവന്നു. വിശ്വാസത്തിന്റെ പ്രശ്നമായും ഗജാരാധനയുടെ പ്രശ്നമായും അത് വ്യാഖ്യാനിക്കപ്പെട്ടു. അഴിമതിക്കേസില്‍ ജയിലഴി കാത്തിരിക്കുന്ന മുന്‍മന്ത്രി ആര് ബാലകൃഷ്ണപ്പിള്ളയും മകന് ഗണേശ്കുമാറുമായിരുന്നു തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തിലെ മുഖ്യ കാര്മികര്. വിശ്വാസത്തെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളിയെന്ന് ഗണേശന് മുന്നറിയിപ്പ് നല്കി. തടി പിടിക്കാനും തിടമ്പേറ്റാനുമുള്ള ഈ ആനകള്‍ക്ക് കാട്ടിലെന്താണ് കാര്യം എന്നായിരുന്നു പിള്ളസാറിന്റെ ചോദ്യം.
ശരിയല്ലേ, സത്യത്തില്‍ ആനക്ക് കാട്ടിലെന്താണ് കാര്യം.
ശരിയല്ലേ, സത്യത്തില്‍ ആനക്ക് കാട്ടിലെന്താണ് കാര്യം.
ReplyDeleteപാവം ആനകള്‍ ഇതു വല്ലതും അറിയുന്നുണ്ടോ...
ReplyDeleteഈ ക്രൂരതകള്‍ അവസാനിപ്പിക്കേണ്ടത് തന്നെ. എല്ലാ കൊല്ലവും ആന ഇടഞ്ഞതു വാര്‍ത്തയാണു. എന്നാലും ഈ പരിപാടി അവസാനിപ്പിക്കാന്‍ ആരും തയ്യാറല്ല.
ReplyDelete@മുല്ല, സിയ
ReplyDeleteഅത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ പുതിയ നിയമം ഈ അവസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കും. എന്നാല്‍, അതു കൊണ്ടു മാത്രം കാര്യങ്ങള്‍ നേരെയാവുമെന്ന് കരുതാനാവില്ല. നിലവിലുള്ള നിയമങ്ങള്‍ ഈ ക്രൂരത തടയാന്‍ പര്യാപ്തമാണ്. എന്നാല്‍, ആ നിയമങ്ങള്‍ പാലിക്കപ്പെടുന്നേയില്ല. ആ തലവിധി ഈ നിയമത്തിനും വരുമോ എന്നറിയില്ല. അത് നിയമം. എന്നാല്‍, ഞെട്ടിക്കുന്ന കാര്യം അതല്ല. ഈ ക്രൂരതകള്‍ എല്ലാവരും സ്വാഭാവികമായി എടുക്കുന്നു എന്നതാണ് അത്. ക്രൂരത സ്വാഭാവികമായി കരുതുന്ന മാനസിക നിലയാണ് ആശങ്കാജനകം.
വേദനിപ്പിക്കുന്ന സത്യങ്ങള്‍ . ഈ വല്യ മിണ്ടാപ്രാണികളോട് ഇന്നും
ReplyDeleteഇന്നലെയും തുടങ്ങിയതല്ല ഈ ക്രൂരത . ഇവിടെ നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ
ക്രൂരതകള്‍ നാള്‍ക്കുനാള്‍ പെരുകുന്നത് ? മനുഷ്യത്വം മരിച്ചുകൊണ്ടിരിക്കുന്നു ...
നല്ല എഴുത്ത് .....തുടരുക ..ആശംസകള്‍ , സ്നേഹപൂര്‍വം .
അടുത്ത കാലത്ത് ഒരു എയര്‍പോര്‍ട്ടില്‍ വച്ചു ആനകൊമ്പ് കൊണ്ട് നിര്‍മിച്ച ഒരു ഗണപതി രൂപം
ReplyDeleteകാണാനിടയായി!
അയതിലെ വിരോധാഭാസം! ഏറെ നേരം എന്നെ ചിന്തിപ്പിച്ചു.......!!
ദൈവത്തിന്റെ പേരില്‍ , ഉത്സവങ്ങളുടെ പേരില്‍ , കരകൌശല വസ്തുക്കളുടെ പേരില്‍
ഒരു വിട്ടു വീഴ്ചയോ ,ദയയോ കാണിക്കുന്നില്ല , ശക്തമല്ലാത്ത നിയമങ്ങളും!!!
നന്ദി ഒരില!
OK!
ReplyDeleteക്രൂരതയുടെ ഒരുപാട് മുഖങ്ങളില്‍ മറ്റൊന്ന് കൂടി...
ReplyDeleteഎന്നാണു കേരളമെന്ന ഭ്രാന്താലയം നന്നാവുക?
ശുഭപ്രതീക്ഷകളുമായി കാത്തിരിക്കാം..
സുഹൃത്തേ, ലേഖനം എഴുത്തിലും വിഷയത്തിലും മികച്ചു നിന്നു..
ഇനിയും എഴുതുക, പ്രതികരിക്കുക..
നന്മയുള്ള ആരെങ്കിലും ഒക്കെ ഉണ്ടാകും കൂടെ..
ആനയെ കുറിച്ചുള്ള പോസ്റ്റ് ഒത്തിരി നന്നായിട്ടുണ്ട്.
ReplyDeleteഇനിയും എഴുതു.
ആന പ്രേമികള്‍ കേള്‍ക്കണ്ട
ReplyDeleteഅവര്‍ ഒരു വല്ലാത്ത പ്രേമികളാ
സത്യത്തില്‍ ആനക്ക് കാട്ടിലെന്താണ് കാര്യം.
ReplyDelete:)
“പാവം ആന.“
ReplyDeleteഎല്ലാം വിശ്വാസത്തിന്റെ വശം
വിശ്വാസം അതല്ലേ എല്ലാം
“ പാവം ആന”
നല്ല പോസ്റ്റ്...അഭിനന്ദനങ്ങള്‍.
ReplyDeletevallatha kashttam thanne....... aashamsakal.....
ReplyDeleteമനുഷ്യന്റെ ദുഷ്ടതകള്‍ അവനീ ലോകമൊടുങ്ങും മുന്‍പ് ചുറ്റുമുള്ള ജീവ ജാലങ്ങളിലെല്ലാം പകരണ്ടേ..?
ReplyDeleteനല്ല പോസ്റ്റ്..
നന്ദി, ഇവിടെയത്തിയ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്. അഭിപ്രായങ്ങള്‍ക്ക്.
ReplyDeleteമനുഷ്യന്റെ ക്രൂരമായ തമാശകള്‍.
ReplyDeleteപിന്നെ , ഇല എങ്ങനെയാണ് വെറുതെയാകുക? സത്യത്തില്‍ ഇലയല്ലേ വെറുതെയല്ലാത്തത്?
@ സ്മിത
ReplyDeleteകളി ഇലയോടാായാ :)
ഇല വെറുതെയല്ല.
ഇലയുടെ വെറുയൊവലും.
അങ്ങിനെ വെറുതെയാവുന്ന ഒരിലയുടെ
വെറുംവെറും വാക്കുകള്‍ മാത്രമിത്. നന്ദി.
Vishamam thonni. Nalla post
ReplyDeleteദിവസം പതിനെട്ട് മണിക്കൂറും പുല്ലും കുറ്റിച്ചെടിയും മരത്തൊലിയും കഴിച്ച് ആനയായ ആനയെ കാനനത്തിലേ കാണൂ. മരക്കൂട്ടില്‍ തളച്ച് ചതച്ചരച്ച ചുക്കിച്ചുളിഞ്ഞ വെറും പിണ്ടികളെ ആനയെന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്നത് പറ്റിപ്പാണ്. :)
ReplyDeleteഒരാശയം തോന്നുന്നു. ഒരാനയെ വാങ്ങി വനം വകുപ്പിന്റെ സഹകരണത്തോടെ കാട്ടിലേക്ക് തിരിച്ചുവിടുക. ഒരാനയ്ക്ക് എന്തു വിലവരും. ഫ്രീയായിട്ട് ഒരാനയെ എവിടുന്നെങ്കിലും സംഘടിപ്പിക്കാനാവുമോ ? നിയമപരമായി തടസ്സങ്ങളുണ്ടോ ? നാട്ടാന കാട്ടിലെത്തിയാല്‍ പുതിയ പരിസ്ഥിതിയുമായി ഇണങ്ങാനാവുമോ ? ‘സുജാതയും കാട്ടാനയും’ എന്ന കഥയില്‍ പര്യവസാനം പോലെ ഒരു സന്ദര്‍ഭം; എന്തൊരു സായൂജ്യമായിരിക്കും. ആയിരം ജന്മത്തേക്കാള് പുണ്യം കിട്ടും.ആയിരം എന്നുള്ളത് കുറക്കാനൊന്നും പറഞ്ഞേക്കരുത്. കണക്കുകൂട്ടലില്‍ എന്നും കിറുകിറുത്യം ആണ് ഞാന്‍. :)
ReplyDelete(കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റേതാണ് ‘സുജാതയും കാട്ടാനയും’ എന്ന കുട്ടികളുടെ സചിത്ര കഥാപുസ്തകം എന്നാണ് നാലാം ക്ലാസിലായിരുന്നപ്പോള്‍ വേങ്ങാട് ജി.എം.യു.പി സ്കൂള്‍ ലൈബ്രറിയില്‍ നിന്നും വായിച്ച ഓര്‍മ്മയാണ്, ഇന്ന് ഈ പുസ്തകം എവിടെയെങ്കിലും കിട്ടാനുണ്ടെങ്കില്‍ ഒന്നറിഞ്ഞാല്‍ സന്തോഷം)