1
മാസങ്ങള്‍ക്കു മുമ്പ് കാറ്റിന്റെ തണുപ്പന്‍ വരവുകളെക്കുറിച്ച് എഴുതി തുടങ്ങിയിയിടത്താണ് ബ്ലോഗെഴുത്ത് നിലച്ചുപോയത്. മഴക്കാലമായിരുന്നു അത്. തണുപ്പുമായെത്തുന്ന പാലക്കാടന്‍ കാറ്റിനെക്കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്. പല ദേശങ്ങളെ ഒന്നിച്ച് മഴയുടെ അയയില്‍ നനക്കാനിടുന്ന അതിന്റെ ഇന്ദ്രജാലങ്ങളെക്കുറിച്ച്. അപ്രതീക്ഷിതമായ വരവു പോക്കുകളെക്കുറിച്ച്. സദാ തണുപ്പിച്ച് കറങ്ങിത്തിരിയുന്ന കാറ്റിന്റെ പലനേരങ്ങളെക്കുറിച്ച്. അങ്ങനെയങ്ങനെ. തുടങ്ങിയിടത്തു തന്നെ നിന്നു, മഴയെഴുത്ത്. കാറ്റെഴുത്ത്.
അത് കഴിഞ്ഞിത്ര നാളുകള്‍. എന്നിട്ടും, എഴുതി വന്നപ്പോള്‍ ഈ വരികള്‍ വേനലിനെ കുറിച്ചായി. മഴയില്‍നിന്ന് വേനലിലേക്കുള്ള ഒരു ജംപ് കട്ട്. ഇപ്പോള്‍, എഴുതേണ്ടത് മരത്തലപ്പുകളെ മുണ്ഡനം ചെയ്യുന്ന വേനലിന്റെ കത്രിക മൂര്‍ച്ചയെക്കുറിച്ചാണ്. ഭൂമിയെ ഉണക്കിലകളില്‍ അടക്കം ചെയ്യുന്ന അതിന്റെ പ്രാക്തനമായ വെറികളെക്കുറിച്ച്. പച്ചയിലെഴുതിയ ഈ കുന്നിനെ വരണ്ട കാന്‍വാസിലേക്ക് മാറ്റിവരക്കുന്ന അതിന്റെ തുറുകണ്ണന്‍ നോട്ടത്തെക്കുറിച്ച്. വരണ്ട പാടം പോലെ ഉടലിനെ പല അടരുകളാക്കുന്ന അതിന്റെ വിഭ്രമങ്ങളെക്കുറിച്ച്.
മഴക്കും വേനലിനുമിടയിലെ, മഴക്കുറിപ്പിനും വേനല്‍ക്കുറിപ്പിനുമിടയിലെ ആ നാളറുതികളാണ് സത്യത്തില്‍ ജീവിതം. ഈ ബ്ലോഗിലെ അവസാന പോസ്റ്റിനും ഇതിനുമിടയിലുള്ള ദൂരം. മഴയില്‍നിന്ന് വേനലിലേക്ക് മുറിഞ്ഞുപോയ ഘടികാര സൂചികളുടെ അനക്കം. നീണ്ട നാളത്തെ മൌനം മുറിച്ച് വാക്കിന്റെ കാലാളുകള്‍, ഉന്‍മാദികളായായ മദ്യപരെപ്പോലെ വേച്ചുവേച്ച് ഈ വരികളിലൂടെ നടക്കുന്നു.
2
മഴ പോലെ വേനലിനുമുണ്ട് കരുതി വെപ്പുകള്‍, ഒരുക്കങ്ങള്‍. ഒറ്റ വീര്‍പ്പില്‍ പെയ്തു കൊണ്ടേയിരിക്കുന്ന മഴയുടെ സിത്താര്‍ നാദം മുറിച്ചിടണം. കാറ്റുവരവുകളുടെ ശൂന്യതയാല്‍ അവിടെ നിറയ്ക്കണം. ഒരോര്‍മ്മ പോലും ബാക്കിയില്ലാതെ തുടച്ചു വറ്റിച്ച ജല പ്രതീതികള്‍ക്കു മീതെ വെയിലു കൊണ്ട് നിലമെഴുതണം. ഇലകളെല്ലാം തല്ലിക്കൊഴിച്ചിടണം. മുണ്ഡനം ചെയ്ത മരങ്ങളുടെ ആദിമമായ നില്‍പ്പിലേക്ക് ഇറ്റു വെള്ളത്തിനായി പക്ഷികളെ പറഞ്ഞയക്കണം. എല്ലാ മരങ്ങളും ഉണങ്ങി വരണ്ട്, എല്ലാ ഉറവുകളും വരണ്ട്, എല്ലാ പാടങ്ങളും വിണ്ട്, എല്ലാ ഓര്‍മ്മകളും തരിശായി നില്‍ക്കുമ്പോള്‍ വേനല്‍ അതിന്റെ ഇന്ദ്രജാലത്തിന്റെ വൃത്തം പൂര്‍ത്തിയാക്കും.
ഇപ്പോള്‍ ഭൂമിയില്‍ മഴ വെറുമോര്‍മ്മ. ചാഞ്ഞും ചെരിഞ്ഞും പെയ്ത അതിന്റെ നനഞ്ഞ ഇരുളിമ മറ്റൊരോര്‍മ്മ. പച്ച വിരിച്ച പാടങ്ങള്‍, ചുറ്റും ഇലത്തഴപ്പാര്‍ന്ന മരമുത്തശ്ശിമാര്‍, അതില്‍ വിത്തും കൈക്കോട്ടും ചോദിച്ചെത്തുന്ന പക്ഷികള്‍, മഴ വരച്ചുവെന്നല്ലാതെ ആരും പറയാനിടയില്ലാത്ത ചിത്രശലഭച്ചിറകുകള്‍- ഇതെല്ലാം വെറുമോര്‍മ്മ. ഭൂമിയിലാകെ വേനല്‍ മാത്രം. അതിന്റെ നിഴല്‍പ്പാതയിലൂടെ വിയര്‍ത്തും പഴിച്ചും പോവുന്ന നട്ടുച്ചകള്‍ മാത്രം. സ്വര്‍ണവര്‍ണം തെറിച്ചു വീഴുന്ന വൈകുന്നേരത്തെ മഞ്ഞ വെയില്‍ മാത്രം കാലങ്ങള്‍ക്കപ്പുറത്തുനിന്ന് മഴയുടെ നിശ്ശബ്ദമായ വരവിന്റെ പാട്ടുകള്‍ മൂളുന്നു.
3.
ഇഷ്ടപ്പെട്ടൊരാളുണ്ടായിരുന്നു , ചിത്രകാരന്‍ ക്ലിങ്സര്‍. ഹെര്‍മന്‍ ഹെസ്സേ എഴുതിയ, പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്ന് - ക്ലിങ്സേഴ്സ് ലാസ്റ്റ് സമ്മര്‍- ഉന്‍മാദം കത്തുന്ന കണ്ണുകളുള്ള ആ മനുഷ്യന്റെ ജീവിതമാണ്. വെയിലിനും തീ നിറങ്ങള്‍ക്കും തീറെഴുതിയ ചിത്രകാരന്റെ ജീവിതം. തണുത്തുറഞ്ഞ ശൈത്യ നാളുകളുടെ മടുപ്പിക്കുന്ന ഇരുട്ട് മുറിച്ചു കടക്കാന്‍ അയാളെപ്പോഴും ഒരു വെയിലു കാത്തിരിക്കുന്നു. എപ്പോഴോ വരുമെന്നുറപ്പുള്ള വെയില്‍ത്തിണര്‍പ്പുകളിലേക്കുള്ള കാത്തിരിപ്പാണ് സത്യത്തില്‍ അയാളുടെ ജീവിതം.
ഇള വെയില്‍ മാറ്റി വരക്കുന്ന ഇലകളുടെ പല നിറങ്ങള്‍ കാന്‍വാസിലാക്കാനുള്ള ധൃതിയിലാണ് അയാള്‍. നിഴലിനും ഇരുട്ടിനും മാത്രം സാധ്യമാവുന്ന നൃത്തങ്ങളുടെ അപാരമായ പാറ്റേണുകള്‍ പകര്‍ത്തേണ്ടതുണ്ട് അയാള്‍ക്ക്. അതിനിടെ കണ്ണടഞ്ഞു പോവരുത്. ഒരു നിമിഷം പോലും പാഴാക്കാതെ പ്രകൃതിയെ കാന്‍വാസിലേക്ക് കോരിയൊഴിക്കണം അയാള്‍ക്ക്. ഒരു തുള്ളിയും വാര്‍ന്നു പോവാതെ ഈ പ്രപഞ്ചം മുഴുവന്‍ കാന്‍വാസിലേക്ക് കോരിയൊഴിക്കാനുള്ള ക്ലിങ്സറുടെ അസാധാരണമായ ആസക്തി പകര്‍ത്താന്‍ ഹെസ്സേയ്ക്ക് അതിലും മനോഹരമായ ഭാഷയുണ്ടായിരുന്നു. ഇതാ ഇതുപോലുള്ള വാചകങ്ങള്‍:
...തുടര്‍ച്ചയായി അനേക രാത്രകളിലയാള്‍ക്ക് ഉറങ്ങാന്‍ കഴിയുമെങ്കില്‍, ആറോ എട്ടോ മണിക്കൂര്‍ നേരം ഗാഢമായുറങ്ങുകയാണെങ്കില്‍ അയാള്‍ക്ക് പൂര്‍വ സ്ഥിതിയിലാവാനാവുകയും അയാളുടെ കണ്ണുകള്‍ വീണ്ടും അനുസരണയും ക്ഷമയുമുള്ളതാവുകയും ഹൃദയം ശാന്തമാവുകയും ചെയ്യും. എന്നാല്‍, അപ്പോഴേക്കും, ഈ വസന്തം കടന്നു പോയിരിക്കും. ഭ്രാന്തമായി ചിറകടിക്കുന്ന വസന്ത കിനാവിനൊപ്പം ഒരായിരം ഒഴിയാത്ത ഗ്ലാസുകള്‍ കവിഞ്ഞൊഴുകുകയും ഒരായിരം അദൃശ്യ പ്രണയ കടാക്ഷങ്ങള്‍ ചിതറി പോവുകയും ചെയ്യും, ഒരായിരം വീണ്ടെടുക്കാനാവാത്ത ചിത്രങ്ങള്‍ കാണപ്പെടാതെ നശിച്ചു പോവുകയും ചെയ്യും....
...'വൈകുന്നേരം നഗരത്തിന്റെ അറ്റത്ത് പൊടിയിലിരുന്ന് അയാള്‍ ഒരു കാര്‍ണിവലിന്റെ വര്‍ണാങ്കിതമായ കൂടാരങ്ങളും വാഗണുകളും പെയിന്റ് ചെയ്തു. കൂടാരങ്ങളുടെ കടുത്ത വര്‍ണങ്ങളില്‍ പ്രലോഭിപ്പിക്കപ്പെട്ട് വഴിയിരികിലെ ഈര്‍പ്പമറ്റ പച്ചപ്പുല്‍ത്തകിടിയില്‍ അയാള്‍ കുനിഞ്ഞു കിടന്നു. ഒരു അലങ്കരിച്ച കൂടാരത്തിന്റെ മങ്ങിയ ലൈലാകിനോടും വിലക്ഷണമായ വാഹന വീടുകളുടെ ആഹ്ലാദ പ്രകൃതമായ ഹരിതത്തോടും ചുവപ്പിനോടും കഴുക്കോലുകള്‍ കെട്ടിയ നീലയോടും അയാള്‍ പറ്റിനിന്നു. തീക്ഷ്ണതയാര്‍ന്ന് അയാള്‍ കാഡ്മിയത്തിലും വന്യമായി. തണുത്ത് മനോജ്ഞമായ കൊബാള്‍ട്ടിലും കിടന്നുരുളുകയും മഞ്ഞയും ഹരിതവുമായ ആകാശത്തിലൂടെ ക്രിംസണ്‍ തടാകത്തിന്റെ ഉരുകുന്ന രേഖകള്‍ വരയ്ക്കുകയും ചെയ്തു. ഒരു മണിക്കൂര്‍- അല്ല അതിലും കുറച്ച്- അയാള്‍ കീഴടക്കി'...
...ഈര്‍പ്പരഹിതമായ വേനല്‍ ഇവിടെ ചുറ്റിലും ഹരിതത്തില്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. ഇംഗ്ലീഷ് ചുവപ്പിലും കരിഞ്ഞ മഞ്ഞത്തവിട്ടിലും വീണ്ടും അഭയം തേടേണ്ടി വരുമെന്ന് ഞാനാരിക്കലും നിനയ്ക്കുമായിരുന്നില്ല. പിന്നെ സമ്പൂര്‍ണ ഹേമന്തം, കതിരറുത്ത വയലുകള്‍, മുന്തിരിക്കൊയ്ത്ത്, ചോളക്കൊയ്ത്ത്, രക്തവര്‍ണ കാടുകള്‍-മുഴുവന്‍ ഹേമന്തവും കാത്തിരിക്കുകയാണ്. ഓരോ ദിവസവും ഞാനൊരിക്കല്‍ കൂടി അവയിലൂടെയെല്ലാം കടന്നു പോവും...
4
ഒരു കൂട്ടുകാരനുമുണ്ടായിരുന്നു. ഒട്ടും റൊമാന്റിക്കല്ലാത്ത ഒരുവന്‍. പുസ്തകങ്ങള്‍, സംഗീതം, സിനിമ-എല്ലാത്തില്‍നിന്നും പുറം തിരിഞ്ഞു നടക്കുന്നവന്‍. എല്ലാ പ്രണയങ്ങളെയും പുച്ഛിച്ചു കളിയാക്കുന്നവന്‍. പരുപരുത്തൊരു ശിലാഖണ്ഡം പോലെ ഉറച്ചു പോയവന്‍.
ആ അവനാണ് നീണ്ട നാളത്തെ ആഗ്രഹങ്ങള്‍ക്കു ശേഷം ഉപരിപഠനത്തിനായി ചെന്നെത്തിയ ലണ്ടനിലെ ഏതോ ഹോട്ടല്‍മുറിയില്‍നിന്ന് ഒരു രാത്രി വിളിച്ചു കരഞ്ഞത്. 'എനിക്കു സൂര്യനെ കാണണം. എനിക്കു വെയിലു കാണണം. വെയിലു കാണാതെയും സൂര്യനെ കാണാതെയും എങ്ങനെയാ ഇത്ര നാള്‍ കഴിയുക. ഞാനങ്ങോട്ട് തിരിച്ചു വരികയാണ്''
സൂര്യനെന്നോ, വെയിലെന്നോ, അത്രയും ചെറിയ കാര്യങ്ങള്‍, അറ്റാച്ച്മെന്റുകള്‍ ഉണ്ടെന്ന് ഒരിക്കലും സമ്മതിച്ചു തരാത്തവനാണ് നഴ്സറി കുട്ടി കരയും പോലെ വിങ്ങിപ്പൊട്ടുന്നത്!
'നിനക്കെന്താ ഭ്രാന്തായോ? എന്ത് സൂര്യന്‍? എന്ത് വെയില്‍? നീയെന്താക്കെയാ പറയുന്നത്?- അന്തം വിട്ട എന്റെ ചോദ്യത്തിലേക്ക് അവന്‍ വീണ്ടും പറന്നിറങ്ങി, വിഷാദം പുരണ്ട വാക്കുകള്‍ ഉരച്ചുരച്ച്.
' നീ പറയുന്നത് പോലല്ല. ഇവിടെ എപ്പോഴും മൂടിക്കിടപ്പാണ്. സദാ മഴ. വല്ലപ്പോഴും ഒന്നു സൂര്യനുദിച്ചാലായി. കാത്തു കാത്തിരുന്ന് ഇത്ര ദിവസമായിട്ടും ഇതുവരെ സൂര്യനെ കണ്ടിട്ടില്ല. പുറത്തിറങ്ങിയാല്‍ ഒരു മനുഷ്യനോടു മിണ്ടാന്‍ പറ്റില്ല. അപോയിന്റ്മെന്റ് എടുക്കണം. ഒന്നും വേണ്ടായിരുന്നു. ഒന്ന് സൂര്യനെ കണ്ടാല്‍ മതിയായിരുന്നു'- വീണ്ടും അവന്‍ പറഞ്ഞു.
ആ അവസ്ഥ മനസ്സിലാക്കാനുള്ള ഭൂമിശാസ്ത്ര, വിദേശ ജീവിത പരിജ്ഞാനമില്ലായിരുന്നു. അതിനാല്‍, അവന്റെ കേവല ഉന്‍മാദമായി ഞാനതിനെ വായിച്ചെടുത്ത് ആശ്വസിച്ചു. വിശ്വസിച്ചു. ആ വിശ്വാസങ്ങള്‍ക്കു മീതെ അധികം വൈകാതെ അവന്‍ തിരിച്ചെത്തി.
5
വിഷാദത്തിന്റെ ചില മാസങ്ങളുണ്ടായിരുന്നു, പണ്ട്. വൈകാരികമായ ചില ഭൂകമ്പങ്ങളില്‍ കുഴഞ്ഞു മറിഞ്ഞു പോയൊരു കാലത്തിന്റെ ശിഷ്ടം. പേടി സ്വപ്നങ്ങളുടെ ഉറക്കങ്ങളില്‍നിന്ന് ഉണര്‍ന്നെണീക്കുന്നത് വിഷാദം കൊത്തിയ പകലിലേക്കാണ്. ഒന്നിനും തോന്നില്ല. മരവിപ്പും ഇരുട്ടും തണുപ്പും ചേര്‍ന്ന് ബലമായി അടച്ചു കളയും പകലിലേക്കുണര്‍ന്ന കണ്ണുകളെ.
ആ ദിവസങ്ങള്‍ അതിജീവിച്ചത് വെറും വെയിലു കൊണ്ടു മാത്രമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. എങ്ങോട്ടെന്നില്ലാത്ത ചില യാത്രകള്‍. കാലത്തെണീറ്റ്, വീട്ടില്‍ നിന്നിറങ്ങി എങ്ങോട്ടേക്കെങ്കിലും ബസ് കയറും. രാവിലത്തെ വെയിലിന്റെ നേരമായിരിക്കും. ഓരോ ഇലയും സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങും. മരങ്ങളില്‍ വെയിലും നിഴലും ചേര്‍ന്ന് ചേതോഹരമായ ചിത്രങ്ങള്‍ വരഞ്ഞിടും. വിചിത്രമായ ചില പച്ച നിറങ്ങള്‍ കണ്ടെത്തിയത് ആ കാലത്തായിരുന്നു.
ഓരോ ഇടങ്ങളിലും ഓരോ മരങ്ങളിലും സൂര്യസ്പര്‍ശം പലതാണ്. ചില മരങ്ങളില്‍ ഗാഢമായ പച്ചയുടെ കാന്തി. മറ്റു ചിലതില്‍ ഇളം പച്ചയുടെ പല ഷെയ്ഡുകള്‍. നിഴലും വെളിച്ചവും ഇടകലര്‍ന്ന്, സങ്കല്‍പ്പിക്കാനാവാത്ത പച്ചയില്‍ ചില ഇലകളെ കണ്ടെത്താനാവും. പച്ച മാത്രം ഉപയോഗിച്ചു വരഞ്ഞിട്ട പെയിന്റിങ് പോലെ ആ വെയില്‍മരങ്ങള്‍ വിഷാദത്തിന്റെ വേരുകള്‍ അറുത്തുകളയും. മനസ്സില്‍ അസാധാരണമായ സന്തോഷത്തിന്റെ ഇളം കാറ്റുകള്‍ പതിയെ അടിച്ചു തുടങ്ങും. ഒരൊറ്റ യാത്ര കൊണ്ട് ഒരു ദിവസത്തെ വിഷാദം മുഴുവന്‍ എയ്തിടാനാവും.
ആ മാസങ്ങള്‍ കഴിഞ്ഞു. വെയില്‍ വരഞ്ഞിട്ട ആ മരങ്ങളുടെ ഇലത്തഴപ്പുകളില്‍നിന്ന് ജീവിതം പല വഴികളിലേക്ക് ഇളകിത്തെറിച്ചു. തിരക്കുകളും സ്വയം പാകപ്പെടുത്തിയെടുത്ത പ്രയോഗിക ചിന്തകളുമെല്ലാം ചേര്‍ന്ന് ഭാവനയുടെ ശേഷിക്കുന്ന ഓലപ്പഴുതുകളെല്ലാം സൂര്യപകാശം കടക്കാത്ത വിധം അടച്ചു.
എന്നിട്ടും, ആത്മാവിലേക്ക് ചില പഴുതുകളിലൂടെ ഊര്‍ന്നിറങ്ങുന്നു ചില വെയില്‍ ചിത്രങ്ങള്‍. വെയിലോര്‍മ്മകള്‍. കത്തുന്ന റോഡിലെന്നോണം ചില സ്ഥലജല വിഭ്രാന്തികള്‍.
മാസങ്ങള്‍ക്കു മുമ്പ് കാറ്റിന്റെ തണുപ്പന്‍ വരവുകളെക്കുറിച്ച് എഴുതി തുടങ്ങിയിയിടത്താണ് ബ്ലോഗെഴുത്ത് നിലച്ചുപോയത്. മഴക്കാലമായിരുന്നു അത്. തുടങ്ങിയിടത്തു തന്നെ നിന്നു, മഴയെഴുത്ത്. കാറ്റെഴുത്ത്.
ReplyDeleteഅത് കഴിഞ്ഞിത്ര നാളുകള്‍. എന്നിട്ടും, എഴുതി വന്നപ്പോള്‍ ഈ വരികള്‍ വേനലിനെ കുറിച്ചായി. മഴയില്‍നിന്ന് വേനലിലേക്കുള്ള ഒരു ജംപ് കട്ട്.
തിരിക കണ്ടതിൽ വലിയ സന്തോഷം. ഇത്ര ഭംഗിയുള്ള വാക്കുകളുമായി മടങ്ങിയെത്തിയതിൽ ആഹ്ലാദം......ഇടയ്ക്കിടെ ഈ ബ്ലോഗ് വന്ന് നോക്കുമായിരുന്നു. പുതിയതൊന്നും കാണാതെ, മടങ്ങിപ്പോകും......
ReplyDeleteഇതു പോലെ ഭംഗിയുള്ള എഴുത്തുമായി ഇനിയും മുടങ്ങാതെ വരണേ.
ഈ എഴുത്തില്‍ ഉന്മാദത്തിന്റെ ഋതുഭേദങ്ങള്‍, ഒരു പക്ഷേ ഈ ബ്ലോഗ് വായനയുടെ തുടക്കം തൊട്ട് അതുണ്ടായിരുന്നതുമാണ്, തിരികെ വന്നതില്‍ ഒരുപാടു സന്തോഷം... തുടരണമെന്നും....
ReplyDeletepoetic...!
ReplyDeleteഒരില എങ്ങോട്ട് പാറിപ്പോയെന്നു കരുതി...
നന്ദി. നീണ്ട നാള്‍ക്കുശേഷം
ReplyDeleteഎഴുതാനായതില്‍.
നല്ല വാക്കുകള്‍ കേള്‍ക്കാനായതില്‍.
നന്ദി എന്‍റെ പൊന്നിലേ.....:)))
ReplyDeleteഇനി എനിക്കു മരിച്ചാലും വേണ്ടില്ല...
അത്ര സന്തോഷായി ട്ടോ...:)
വേച്ചു വേച്ചു വന്നു വീണ വാക്കുകള്‍ക്ക് വെയിലു പോലെ തിളങ്ങാനാകുന്നുണ്ട്.
ReplyDeleteവെയിലിന്റെ വിളി ഇല്ലാതിരുന്നെങ്കില്‍ വാകകള്‍ ഇങ്ങനെ ചോകുമായിരുന്നോ?
മനസ്സ് ഒരു സ്വപ്നാകാശത്തിലൂടെ പറന്നു നടക്കുന്ന മനോഹരമായ കാഴ്ച്ചകള്‍
ReplyDeletemanoharam! veendum kandathil santhosham.
ReplyDelete:)
ReplyDeleteഎത്ര ദിവസമായി ഇങ്ങനെയൊരെഴുത്തിനെ കാത്തിരിക്കുന്നു! നന്ദി :)
ആദ്യം തന്നെ പറയട്ടെ, മൌനത്തിന്റെ കരിമ്പടം വലിച്ചെറിഞ്ഞ് വാക്കുകളുടെ കത്തുന്ന വേനലിലേക്കുള്ള ഈ ഇറങ്ങിവരവില്‍ അതിയായ സന്തോഷം.
ReplyDeleteനന്നായിട്ടുണ്ട് എഴുത്തിന്റെ ഈ ഋതുഭാവങ്ങള്‍,അഭിനന്ദനം.
എന്നിട്ടും, ആത്മാവിലേക്ക് ചില പഴുതുകളിലൂടെ ഊര്‍ന്നിറങ്ങുന്നു ചില വെയില്‍ ചിത്രങ്ങള്‍. വെയിലോര്‍മ്മകള്‍. കത്തുന്ന റോഡിലെന്നോണം ചില സ്ഥലജല വിഭ്രാന്തികള്‍.
ReplyDeleteനന്നായി...അഭിനന്ദനം.!!!
നന്ദി, ഒരിക്കല്‍ കൂടി.
ReplyDeleteഎച്ച്മു, ക്ഷമിക്കണം. ബ്ളോഗ് തരിശായി കിടന്നതില്‍.
ഇനിയും വരണം. വായിക്കണം.
സ്മിത, വീണ്ടും അക്ഷരങ്ങള്‍ നിറയട്ടെ എന്നു തന്നെ ആഗ്രഹം.
തിരക്കുകള്‍ക്കിടയിലും എഴുതാനാവണമെന്നും.
ചിത്ര, കാറ്റും മഴയും വന്നു. എന്നിട്ടും പാറിപ്പോവാതെ
പിടിച്ചു നിര്‍ത്തി വാക്കുകള്‍, വാക്കുകള്‍...
വെള്ളരിപ്രാവ്, ഒരു പാട് നന്ദിയുണ്ട്. വീണ്ടും ജീവന്‍
വെപ്പിക്കുന്ന പഴങ്കഥയിലെ അമൂലം ഒൗഷധപ്രയോഗം പോലെ ഇത്.
ഫൗസിയ, വെയില്‍ ചിലപ്പോള്‍ കഴുകിയുണക്കി തിളക്കുന്നു.
വാക്കിനെയും പ്രകൃതിയെയും. ജീവിതത്തെയും. നന്ദി.
മുഹമ്മദ്, നന്ദിയുണ്ട്, നല്ല വാക്കുകള്‍ക്ക്.
മുകില്‍, സന്തോഷം, ശരിക്കും. വീണ്ടും വാക്കായതില്‍.
വീണ്ടും കാണാനായതില്‍.
സുവര്‍ണം, കാത്തിരിപ്പായിരുന്നു, കുട്ടികള്‍ നടത്തം
പഠിക്കുന്നതുപോലൊരു നാളിന് വേണ്ടി. നന്ദി.
മുല്ല, വീണ്ടും കണ്ടതില്‍ സന്തോഷം. മൗനം മുറിച്ചത്തെിയ
വാക്കുകള്‍ അത്രയും തൃപ്തി തന്നില്ളെങ്കില്‍ പോലും.
ലീല എം. ചന്ദ്രന്‍, നന്ദി, നന്‍മയുള്ള വാക്കുകള്‍ക്ക്.
ഇനിയും എഴുതാനാവട്ടെ. വായിക്കാനും.
ചിലപ്പോള്‍ വേനലിനും ഉണ്ടല്ലേ സൌന്ദര്യം .ഇത് വായിച്ചപ്പോള്‍ അത് തീര്‍ച്ചയായി..!
ReplyDeleteചുഴലിയാടും
കരിയിലക്കാറ്റില്‍
വേനല്‍ വേരിനെ
തേടിയെത്തുന്നൂ..
ഒറ്റയൊറ്റയായ്
വീശുന്ന കാറ്റില്‍
വേവു നീറ്റുന്ന
കല്‍മണം മാത്രം...!
ഇല പൊഴിഞ്ഞോരോ
വേനല്‍ ചെരുവിലും
കനലു പോലെ
മിഴിനീരു പൂക്കുന്നൂ
നീരുവറ്റിയ
മേഘമേല്‍ക്കൂരയില്‍
തൂങ്ങിയാടുന്നു
നോവിന്റെ നൂല്‍ക്കയര്‍ ...! (ഇതെന്റെ വേനല്‍ ..)
മനോഹരമായ എഴുത്ത്
ReplyDeleteപതിവു പോലെ നന്നായി എഴുതി.
ReplyDeleteഇടയ്ക്ക് വന്നു നോക്കാറുണ്ട്, എന്തു പറ്റി ഒരു നീണ്ട ഇടവേള?
മൗനം വലിച്ചെറിഞ്ഞ് തിരിച്ചുവന്നല്ലോ, സന്തോഷം.
ReplyDeletegood one..
ReplyDeleteകണിക്കൊന്നയും കണിയും ഒരുക്കുന്നത് വേനലിന്റെ പകുതിയില്‍.
വരും ദിനങ്ങളെ സന്തോഷകരമാകുമെന്നാശ്വസിപ്പിക്കാന്‍ വേനലോര്‍മ്മിപ്പിക്കുന്നുണ്ട്.
പാലക്കാട് എന്താ പ്പോ ചൂട്, സൂര്യതാപം ഏറ്റ് മരിച്ചതായും വാര്‍ത്ത കണ്ടു.
മഴയ്ക്കുമക്കരെ വെയിലും
വെയിലിനപ്പുറം മഴയും..
ജുഗല്‍ബന്ദി ആകട്ടെ..
എഴുത്ത് നന്നായി, നല്ല തിരിച്ചു വരവ്.
‘പ്രാക്തനമായ’ എന്താണോ ആവോ?
"ആ ദിവസങ്ങള്‍ അതിജീവിച്ചത് വെറും വെയിലു കൊണ്ടു മാത്രമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു."
ReplyDeleteശരിയാണ്. വെയിലിന് അത്തരമൊരു മാസ്മരിക ശക്തിയുണ്ട്.
എഴുത്തിനെ എഴുത്തായി
ReplyDeleteവായിച്ചറിയാവുന്ന ഒരു കുറിപ്പ് ...!
"ആത്മാവിലേക്ക് ചില പഴുതുകളിലൂടെ ഊര്‍ന്നിറങ്ങുന്നു ചില വെയില്‍ ചിത്രങ്ങള്‍. വെയിലോര്‍മ്മകള്‍. കത്തുന്ന റോഡിലെന്നോണം ചില സ്ഥലജല വിഭ്രാന്തികള്‍......"
ReplyDeleteകുറെയായി ഈ വഴി വന്നിട്ട്. വന്നത് വെറുതെ ആയില്ല... മഞ്ഞുകാലം കഴിഞ്ഞ് വെയിലിനെ കാത്തിരിക്കുകയാണ് ഞാനും... ഈ വെയിലോര്‍മകള്‍ സുന്ദരം...
വിഭ്രാമകം....
ReplyDeleteWonderful orile..
ReplyDelete