പുഴ കടത്തിയിട്ടും കരഞ്ഞു കൊണ്ട് പിന്നാലെ വരുന്ന പൂച്ചക്കുട്ടിയെപ്പോലെഒരു വീട്. ഇപ്പോഴില്ലാത്ത ആ വീട്ടില്‍
ഇതെന്റെ വീടായിരുന്നു.
ഞാന്‍ നടന്നു പഠിച്ച മുറികള്‍. വരഞ്ഞു മായ്ച്ച ചുവരുകള്‍. കയറിയിറങ്ങിയ പടികള്‍. സ്വപ്നം കണ്ടുറങ്ങിയ കിടക്കകള്‍. വിചിത്ര ലോകങ്ങളെ ഭാവന കൊണ്ട് ചൂണ്ടയിട്ടു പിടിച്ച് അരികിലേക്കു ചേര്‍ത്തുപിടിച്ച കസേരകള്‍. പുസ്തകങ്ങളില്‍ വീണുറങ്ങിപ്പോയ ചെറിയ പഠന മേശ. കടലു കടന്ന് അരികിലെത്തിയ പഴയ നാഷനല്‍ പനാസോണിക്കിന്റെ ടേപ്പ് റിക്കോര്‍ഡര്‍. അതില്‍ അനേകം മനുഷ്യരുടെ സ്വരങ്ങള്‍. ജീവിച്ചിരുന്നവരുടെയും മരിച്ചവരുടെയും പാട്ടുകള്‍. മുറ്റത്ത് ചോല മരങ്ങള്‍. പല നിറങ്ങളിലുള്ള കടലാസു പൂക്കള്‍ പടര്‍ന്നു പന്തലിച്ച തൊടി. പിറകില്‍ കുട്ടിക്കാലത്തിന്റെ കുതുഹലമത്രയും കലമ്പുന്ന ചെമ്പക മരം. ഒറ്റക്കിരുന്ന് സ്വപ്നങ്ങളും ഭാവനയും കൊണ്ട് മെനഞ്ഞെടുത്ത വിചിത്ര ലോകങ്ങള്‍ അവിടെ സദാ ചുറ്റിത്തിരിഞ്ഞിരുന്നു.
പറമ്പിനപ്പുറം, നട്ടുച്ചക്കു തിളച്ചു മറിയുന്ന റോഡിന്റെ കറുപ്പ്. അതിലൂടെ പല നിറങ്ങളില്‍ പാഞ്ഞുപോവുന്ന വാഹനങ്ങളെ കണ്ണിമക്കാതെ നോക്കി കണ്ണു കഴച്ച പഴയ ജാലകം. അതിലൂടെയാണ് പല മഴക്കാലങ്ങള്‍ ഉള്ളിലേക്കു നനഞ്ഞു പടര്‍ന്നത്. തണുപ്പുള്ള മകര നാളുകളുടെ പകലുകളില്‍ ശരീരമാകെ തീ പടര്‍ത്തി കരിയിലകള്‍ പുകഞ്ഞു കത്തിയത്.
ബാല്യവും കൌമാരവും യൌവനവും ചേര്‍ന്ന് മറ്റ് പലതുമായി മാറ്റുമ്പോഴൊക്കെ സദാ പാഞ്ഞുചെന്നത് ഹരിതാഭമായ ഈ ശാന്തിയിലേക്കായിരുന്നു. വൈകുന്നേരത്തെ സ്വര്‍ണ വെയില്‍ വീണ് കലങ്ങിയ മുറ്റത്തു കൂടി ഇപ്പോഴും നടക്കുന്നുണ്ട്, രാപ്പകല്‍ സ്വപ്നം കോരിക്കുടിച്ച് പാതി അടഞ്ഞ കണ്ണുകളുള്ള ഒരു കുട്ടി.
ഇതിപ്പോള്‍ എന്റെ വീടല്ല.
വില്‍പ്പനക്കിട്ട ഇത്തിരി ഭൂമി മാത്രം. ഊറക്കിട്ട ശവം പോലെ അതങ്ങിനെ ആരെയോ കാത്തു കിടക്കുന്നു. കുറേ ജീവിതങ്ങള്‍ പാഞ്ഞു കളിച്ച തുടുപ്പു മാഞ്ഞിട്ടില്ല ഈ മണ്ണിനിപ്പോഴും. ഓര്‍മ്മകള്‍ ഇത്തിരി കാശിന് വിറ്റ് മനുഷ്യര്‍ക്ക് പലയിടങ്ങളിലേക്ക് രക്ഷപ്പെടാം. എന്നാല്‍, ഒരു വീടുറങ്ങിയ ഇത്തിരി മണ്ണിന് അത്രയെളുപ്പം മായ്ച്ചു കളയാനാവണമെന്നില്ല ഭൂത കാലത്തിന്റെ വടുക്കള്‍. വീട് ഇപ്പോഴില്ല. മണ്ണു മാന്തി യന്ത്രങ്ങള്‍ അതിനെ വെറും കല്ലും സിമന്റും ഓടുമാക്കി മാറ്റി. മരമായിരുന്ന കാലം മുറിച്ചു മാറ്റപ്പെടുമ്പോള്‍ പതഞ്ഞൊരു നിലവിളി ഇപ്പോഴുമുണ്ട്, ആര്‍ക്കും വേണ്ടാതെ ഒരു മൂലയില്‍ വിശ്രമിക്കുന്ന , നീലച്ചായമടിച്ച ഈ പഴയ ജാലകത്തിന്റെ തൊണ്ടയില്‍. കളി ചിരികളുടെ ആഘോഷത്തോടെ ഓരോ കുഞ്ഞും വളര്‍ന്നു വലുതാവുന്നത് കണ്ണു തുറന്നു കാത്ത വീടിന്റെ വാല്‍സല്യം ഇപ്പോഴും ശേഷിക്കുന്നുണ്ട് കിളച്ചു മറിച്ചു ദൂരെ കളഞ്ഞ പഴയ ഈ പടവുകള്‍ക്ക്.
വീട്ടില്‍ ഒറ്റക്കായ നേരങ്ങളില്‍ പേടി മാററാന്‍ ഉച്ചത്തില്‍ പാട്ടു പാടിക്കൊണ്ടേയിരുന്ന പഴയ കുട്ടിയെ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല ഈ ജനലഴികള്‍. കുട്ടിയുടെ പേടി മാറ്റാന്‍ വെളിച്ചത്തിന്റെ പല കഷണങ്ങളായി സൂര്യനെ മുറിയിലേക്ക് വീഴ്ത്തി നൃത്തം ചെയ്യിപ്പിച്ചിരുന്നു അന്നൊക്കെ ഈ മരയഴികള്‍.
ഓര്‍മ്മയുടെ ഇത്തിരി സൂര്യ രശ്മികള്‍ ഉള്ളിലെ വെറും നിലത്തേക്ക് പതിപ്പിച്ച് എന്നെയിപ്പോഴും വിഭ്രമിപ്പിക്കാനാവണം ഈ പൊട്ടിയ ജനലഴി ആരുമെടുക്കാതെ ഇപ്പോഴും പറമ്പില്‍ ബാക്കിയായത്. നിശ്ചയമായും അതിപ്പോഴും എന്നെ തിരിച്ചറിയുന്നുണ്ട്.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് ഓടിക്കയറാറുള്ള വഴിയില്‍ ഇപ്പോള്‍ വലിയൊരു പരസ്യപ്പലകയാണ്. പഞ്ഞിക്കായകള്‍ പറന്ന ആകാശത്തേക്കു കൈ ചൂണ്ടി നില്‍ക്കുന്നു, സ്ഥലം വില്‍പ്പനക്ക് എന്ന് വൃത്തിയില്ലാത്ത അക്ഷരങ്ങളില്‍ കുറിച്ചിട്ട ബോര്‍ഡ്.
അപ്പോഴും ഓര്‍മ്മയിലുണ്ട് ആ വീട്.
മുത്തശãി മരിച്ചപ്പോള്‍ നിലയ്ക്കാത്ത മഴയായിരുന്നു. മഴ ആകാശത്തെ ഇരുട്ടു കൊണ്ടു മാറ്റി വരച്ചു. വീടിന്റെ മീതെ കൊടും സങ്കടത്തിന്റെ വല്ലാത്തൊരു പുതപ്പു നീര്‍ത്തിട്ടു. അതിനുള്ളില്‍, മരിച്ചു പോയവര്‍ പിന്നെയെന്തു ചെയ്യും എന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാത്ത രണ്ട് കുട്ടികള്‍ കരഞ്ഞു കരഞ്ഞ് മഴയായി. മുത്തശãിയുടെ മണമുള്ള മുറി കാണുന്തോറും കുടഞ്ഞെറിയാനാവാതെ വിങ്ങി നിന്നു ചുളിഞ്ഞ ഒരു കൈത്തലത്തിന്റെ സ്പര്‍ശം. കിളച്ചു മറിച്ച മണ്ണിലൊരിടത്ത് പഴയൊരു കണ്ണാടി കഷണം കണ്ടു. എന്റെ ജീവിതത്തെ ആത്മവിശ്വാസം കൊണ്ട് നിറച്ച ആ പഴയ കണ്ണാടിയുടെ പിന്നിപ്പോയ ഒരു പകുതി തന്നെയാവുമത്.
നന്നായി വെളിച്ചം കടക്കാത്ത ഒരു മുറിയിലായിരുന്നു ആദ്യം കണ്ണാടി. സങ്കടങ്ങളുടെ ഇത്തിരി തുണ്ടായിരുന്നു അതെനിക്ക്. വെളിച്ചം കുറവായതിനാലാവണം അതില്‍ നോക്കുമ്പോള്‍ ഇരുണ്ടു വിങ്ങുന്ന ഒരു കോലമായിരുന്നു ഞാന്‍. അതില്‍ നോക്കുന്തോറും വിഷാദം വന്ന് കൊത്തും. സുന്ദരന്‍മാരുടെയും സുന്ദരിമാരുടെയും ക്ലാസ് മുറികളില്‍ ആ കണ്ണാടിക്കാഴ്ചയുടെ യാഥാര്‍ഥ്യം സദാ എന്റെ ആത്മവിശ്വാസം കെടുത്തി. ഒന്നിനും കൊള്ളില്ലെന്ന തോന്നലിനു മീതെ വന്നു കൊഞ്ഞനം കുത്തി, ഒറ്റക്കാവുമ്പോഴൊക്കെ വായിച്ചു തീര്‍ത്ത പല കഥകളിലെ കഥാപാത്രങ്ങള്‍. വരികള്‍.
അങ്ങിനെയിരിക്കുമ്പോഴാവണം ആ കണ്ണാടിയുടെ വരവ്. ഇരുട്ടു മുറിയിലായിരുന്നില്ല അതിന്റെ പ്രതിഷ്ഠ. പുറത്ത് നല്ല വെളിച്ചം കിട്ടുന്നൊരു ചുമരില്‍. അതില്‍ നോക്കുമ്പോള്‍ സൂര്യ വെളിച്ചത്തില്‍ ഞാന്‍ തിളങ്ങി. കൌമാരത്തിന്റെ ചിത്രത്തുന്നലുകള്‍ തുടങ്ങിയ കണ്ണുകളും മുഖവും ആ കണ്ണാടിയുടെ മാന്ത്രികതയില്‍ പിന്നെയും തുടുത്തു. അതിന്റെ ആത്മവിശ്വാസം ശ്വാസമിടിപ്പു കൂട്ടി. കൂട്ടുകാര്‍ക്കു മുന്നിലേക്ക് പതയുന്ന ഊര്‍ജവുമായി ഒഴുകി.
ആ കണ്ണാടി തന്നെയാണ് മണ്ണിന്റെ മറവില്‍നിന്ന് പതുക്കെ തല നീട്ടുന്നത്. ഞാനിവിടെയുണ്ടേ, എന്റെ സങ്കട കുട്ടീ എന്നു ചിരിക്കാന്‍ ശ്രമിക്കുന്നത്. പൊട്ടിയ ആ കണ്ണാടിയില്‍ പ്രതിബിംബിക്കുമ്പോള്‍ എനിക്കറിയാം ഞാനെത്ര മാറിയെന്ന്. അതില്‍ കാണാം ജീവിതം വീണ്ടും വീണ്ടും മാറ്റി വരച്ച മുഖം.
എന്നിട്ടും കൂടെയുണ്ട് ആ വീട്.
മരണം പോലെ വിജനത മൂടിയ ആ മണ്ണില്‍നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സിലായി, എങ്ങും പോയിട്ടില്ല ആ വീട്. മണ്ണു മാന്തി യന്ത്രങ്ങള്‍ ഉഴുതു മറിച്ച വീട് ഒരു ടൈം മെഷീനിലെന്ന പോലെ എനിക്കിപ്പോള്‍ കൈയെത്തിപ്പിടിക്കാം. ജീവിതത്തിന് ഒരു അണ്‍ ഡൂ സാധ്യതയുണ്ടായിരുന്നെങ്കില്‍ എന്ന് പിന്നെയും പിന്നെയും വ്യാമോഹിപ്പിച്ച് അതെന്റെ കൂടെ തന്നെ നടക്കുന്നു. ആ വീട്ടിലേക്ക് ചെല്ലാനാവണം ഒരു പക്ഷേ, ഈ വഴികള്‍ മുഴുവന്‍ പിന്നിടുന്നത്. തിരക്കിട്ട ഈ പാച്ചിലുകള്‍ക്കൊടുക്കം എത്തിച്ചേരാനുള്ളത് പഴയ വീടിന്റെ ചാരുതയേറിയ ആ പച്ചപ്പിലേക്കു തന്നെയാവും.
ആ വീട്ടിലേക്ക് ചെല്ലാനാവണം ഒരു പക്ഷേ, ഈ വഴികള്‍ മുഴുവന്‍ പിന്നിടുന്നത്. തിരക്കിട്ട ഈ പാച്ചിലുകള്‍ക്കൊടുക്കം എത്തിച്ചേരാനുള്ളത് പഴയ വീടിന്റെ ചാരുതയേറിയ ആ പച്ചപ്പിലേക്കു തന്നെയാവും.
ReplyDeleteനഷ്ട സ്വപ്നങ്ങളുടെ ആ രുചിഭേദങ്ങളെ
ReplyDeleteഒരു നുള്ള് ഉപ്പു ചേര്‍ത്ത് സ്വാദിഷ്ടമാക്കണം....
അതെ....പിന്മടക്കം അത് അനിവാര്യം.
(നല്ലെഴുത്ത്.ഈ എഴുത്ത് ശൈലി കാണുമ്പോ...
എനിക്കു കുശുമ്പ് ആണ്- ഈ ഇലയോട്)
Valare nalla avatharanam...., ishtapettu....
ReplyDeleteവീട് വാക്കുകളുടെ ഇന്ദ്രജാലത്താൽ സജീവമായി, മായാത്ത കാഴ്ചയായി, അനുഭവമായി.
ReplyDeleteഈശാ വാസ്യമിദം സര്‍വ്വം യക്തിഞ്ച ജഗത്യാം ജഗത്
ReplyDeleteതേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം
വാക്കുകള്‍ കൊണ്ട് വീടു കെട്ടിയല്ലോ. ഭാഷാസ്വാധീനം കൊതിപ്പിക്കുന്നുണ്ട് കേട്ടോ. ഞാന്‍ ഓടിക്കളിച്ച മുറ്റത്ത് ഇപ്പോള്‍ റബ്ബര്‍ തൈകളാണ്. ഒരു കൊച്ചു കുറിപ്പ്( ഇതുപോലെ സാഹിത്യഭംഗിയൊന്നുമില്ല) ഞാനും എഴുതിയിരുന്നു. അത്തരം വിഷമങ്ങളില്‍ നിന്നെല്ലാം ഞാനിപ്പോള്‍ മുക്തി നേടി.
ReplyDeleteThis comment has been removed by the author.
ReplyDeleteകൈത്തഴക്കം വന്ന ഈ നല്ല എഴുത്തുകാരി വല്ലപ്പോഴെങ്കിലും ബ്ലോഗിന്റെ പരിമിതികള്‍ ഭേദിച്ച് പുറത്ത് വരാന്‍ ഇഷ്ടപ്പെടാത്തതെന്ത് എന്ന് അത്ഭുതപ്പെട്ട് പോവുകയാണ്. ഈ രചനാ സൌഷ്ഠവം കൂടുതല്‍ പേരിലെത്തേണ്ടതുണ്ട്.
ReplyDeleteഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നല്ല വരികള്‍. മനോഹരം
ReplyDeleteവീട്, വിടാതെ കൂടെവരുന്ന ഓര്‍മ്മയാണ്.
ReplyDeleteഒഴിഞ്ഞു പോയ ഇടങള്‍ ഒട്ടിച്ചു ചേര്‍ത്തൊരു വീട്...........ഏറെ പറയാനുണ്ടെന്നു കരുതി വന്നു എന്തൊ ഒന്നും പറയാനാവുന്നില്ല.
ReplyDeleteനല്ലൊരു ഓര്‍മയും ഒരു കൂട്ടം ചിന്തകളും സമ്മാനിച്ച സുന്ദരന്‍ പോസ്റ്റ്
ReplyDeleteതീവ്രമായ ഗൃഹാതുരത്വം ഉണര്‍ത്തി മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി ഈ പോസ്റ്റ്. ഇങ്ങിനി വരാത്തവണ്ണം കൈമോശം വന്നു പോയ വീടും കാലവും..കണ്ണുനീരോട് കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയൂ...ആശംസകള്‍..
ReplyDeleteഈ വീട് എനിയ്ക്കും അനുഭവമായി. അഭിനന്ദനങ്ങൾ.
ReplyDeleteആ വീട്ടില്‍ ഞാനുമുണ്ടായിരുന്ന പോലെ..ഏകാന്തതയകറ്റാന്‍ ഉറക്കെ ഗാനം മൂളുന്ന,മനസ്സിനെ വിഭ്രാന്തിയുടെ മേലാപ്പ് വരെയെത്തിക്കുന്ന ജാലക വിടവിലൂടരിച്ചെത്തുന്ന നറു വെട്ടം ..മരണത്തിന്റെ കൊടും തണുപ്പുള്ള നീര്‍മണികള്‍ക്കടിയിലെ ആത്മാക്കള്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ച് നില്‍ക്കുന്ന കുട്ടി...ഇന്നു പൊട്ടിയ ദര്‍പ്പണത്തിനു മുന്നില്‍ കാലം മാറ്റിയ കോലത്തില്‍ നിര്‍വികാരതയോടെ...മനോഹരം ഈ വരികള്‍ എന്നു മാത്രം പറഞ്ഞൊഴിയാനാവുന്നില്ല എനിക്ക്..അത്രക്ക് ഞാനെന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ചു ഈ വരികളേയും ഈ വികാരത്തേയും ..നല്ലത് മാത്രം ഭവിക്കട്ടെ...
ReplyDeleteനൊമ്പരമുണർത്തിയ രചന..വാക്കുകൾക്ക് ഹൃദയവുമായി നേരിട്ട് സംവദിക്കാൻ കഴിയുന്നു...
ReplyDeleteഅന്നൊക്കെ ആ വീട്ടിലായിരുന്നു എന്റെ താമസം, ഇപ്പോഴാകട്ടെ ആ വീട് എന്നില്‍ താമസിക്കുകയാണ്, ഓര്‍മ്മയില്‍ കട്ടിലിന്റെയും മേശയുടെയും കീഴിലുള്ള തറയുടെ തണുപ്പ്... ഭിത്തിയിലെ വാലില്ലാത്ത പല്ലി, തോന്നുമ്പൊള്‍ മണി മുഴക്കുന്ന ക്ലോക്ക് ...
ReplyDeleteവീടോര്‍മ്മകള്‍ എന്നെയും ഗൃഹാതുരത്വത്തിലാക്കി, ദൈവമേ , എവിടെനിന്നാണീ ചെമ്പകപ്പൂമണം, വടക്കേ മുറ്റത്ത് ഞാന്‍ നട്ട ....
ഇപ്പോഴില്ലാത്ത ആ വീട്ടില്‍
ReplyDeleteഇപ്പോള്‍ നമ്മളെല്ലാവരും.
ഈ കമന്റുകള്‍ ഏറെ സന്തോഷം നല്‍കുന്നു.
എല്ലാ വായനകള്‍ക്കും അളവറ്റ നന്ദി.
മനോഹരം ....
ReplyDeleteഎനിക്കും തോന്നാറുണ്ട്, എന്റെ വീടിനു ജീവനുണ്ടെന്ന്. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കൂടെയുള്ള വീട്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എന്നെ അറിഞ്ഞ വീട്. മുക്കിനും മൂലക്കും എന്തെങ്കിലും പറയാന്‍ കാണും.
ReplyDeleteനന്നായി ഈ എഴുത്ത്.എപ്പോഴുമെന്ന പോലെ..
ഒരു കവിത പോല്‍ വായിച്ചു പോയ്.
ReplyDeleteസങ്കടായല്ലോ... ആ വീട് എഴുത്തിലൂടെ വായനക്കാരുടെയും അനുഭവമാക്കി...
ReplyDeletegreaT! <3
ReplyDeleteശരിക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ട് ആ സങ്കടം........... കാലങ്ങള്‍ക്കുശേഷം ഇപ്പോഴും എന്റെ സ്വപ്നങ്ങളില്‍ വിരുന്നുവരാറുള്ള
ReplyDeleteഎന്റെ വീട് എന്റെ മുറി എന്റെ എഴുത്തുമേശ എല്ലാം വീണ്ടുമോര്‍മ്മിപ്പിച്ചു ........
ഒരില.....
ReplyDeleteഞാനെന്താണിത്ര വൈകിയത്,ഇവിടെയെത്താൻ..
കൈവിട്ടുപോയ വീട് എന്നും വേദനയാണ്.,
വളർച്ചയുടെ...ദിനച്ചുടുകട്ടകൾ കൊണ്ട് അടുക്കി വച്ചുണ്ടാക്കിയതു കൊണ്ടാവാം
പുറംതേപ്പടർന്നുപോയ, ചെങ്കൽചിരി കാണിച്ചു നിൽക്കുന്ന എന്റെ പാവം വീടിന്റെ പടികളിൽ ഞാൻ ഒന്നു കൂടി പോയിരുന്നു.അപ്പോൾ,പെറ്റിക്കോട്ടിട്ട കൊച്ചു ജാനകി അവിടെ മണ്ണപ്പം ചുട്ടു കളിക്കുന്നു
നന്നായി എഴുതി
ReplyDeleteവാക്കുകള്‍ കൊണ്ട് വീട് കെട്ടി, ആ പഴയ വീട് അതുപോലെത്തന്നെ..
ReplyDeleteഇല്ല നിശാസുരഭി...മണ്ണ് മാന്തികള്‍ക്കെന്നല്ല കൊടുങ്കാറ്റിനു പോലും തകര്‍ക്കാനോ തരിപ്പിണമാക്കാനോ കഴിയില്ല നമ്മള്‍ ഓരോരുത്തരുടെയും അസ്ഥിത്വം ആയ ആ വീടിനെ.വാസ്തു ശില്പ ചാരുതയോടെ ആ വീടിനെ സ്രെഷ്ടിച്ച നെഞ്ചില്‍ തട്ടുന്ന നേരിന്‍റെ തച്ചു ശാസ്ത്രം പകര്‍ന്നു നല്‍കിയ ചരിത്രവും..സംസ്കാരവും ഇന്നും ആ പൌരാണിക മന്ദിരം കാത്തു സൂക്ഷിക്കുന്നുണ്ട്.തന്മൂലം തന്നെ ആ വീട് നെഞ്ചേറ്റുന്നവര്‍ക്ക് വീടിനെ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല.വീടും അവരെ മാടിവിളിച്ചുകൊണ്ടിരിക്കും.ഒരു സംസ്കാരത്തിന്‍റെ സമന്വയത്തിനായി.അത് കാലത്തിന്‍റെ അനിവാര്യതയാണ്.പുഴ കടത്തിയാലും അത് പൂച്ചകുട്ടിയെപോലെ പിന്നാലെ വരും....ഓര്‍മകളുടെ കാല്‍ച്ചുവട്ടില്‍ സ്നേഹത്തോടെ മുട്ടിയുരുമ്മി.പുറംകാലുകൊണ്ട് തൊഴിച്ചാലും നക്കി വരും...കാരണം കറ തീര്‍ന്ന സ്നേഹത്തിനും...ഒളിമങ്ങാത്ത ഓര്‍മകള്‍ക്കും ഒരിക്കലും മരണമില്ല.ഒരിടത്തും പോയിട്ടില്ല...ഓര്‍മകളില്‍ ആ സൌധം ഒരു പോറലും ഏല്‍ക്കാതെ ഇന്നും നില നില്‍ക്കുന്നുണ്ട്...ഒരു വിളിപ്പാടകലെ.ഇനിയും വൈകിയിട്ടില്ല.പുനരുദ്ധാരണം വേണ്ടത് ആ പഴ വീടിനെ കാലമിത്രയും അവഗണിച്ച് .. ആ പഴമയുടെ ഗന്ധം തിരിച്ചറിയാതെ...അതു നല്‍കിയ തനിമ മനസിലാകാതെ...പുറത്തു നിന്നു നോക്കി വിലയിട്ട...നാലാള് 'മോഹ വില'പറഞ്ഞത് കേട്ട് "വില്‍ക്കാന്‍ ഉണ്ട് "എന്ന് ബോര്‍ഡ് വെച്ചവരുടെ ഇടുങ്ങിയ മനസുകള്‍ക്ക് ആണ്.പുത്തന്‍ ഫ്ലാറ്റുകളും...മണി മന്ദിരങ്ങളും അന്വേഷിച്ചു നടക്കുന്നവരുടെ മനസുകള്‍ക്കാണ്.
ReplyDeleteഈ എഴുത്തിനെ വർണ്ണിക്കാൻ വാക്കുകളില്ല.അതിഗംഭീരമായിട്ടെഴുതി. ഒരു ഖണ്ഡ കാവ്യം പോലെ....
ReplyDeleteഹൃദയംകൊണ്ടെഴുതിയ ഒരു മനോഹര കാവ്യം പോലെയുണ്ട് ഈ എഴുത്ത്... മുന്നോട്ടുള്ള വഴികളിൽ നേടുന്നതൊന്നുംതന്നെ..കൈവിട്ടു പോകുന്ന ചിലതിനു പകരം വെക്കാനാകില്ല...
ReplyDeleteനന്മ്മകൾ...
Very very nice!!!
ReplyDeleteഞാനീ പോസ്റ്റ് കാണാതെ പോയല്ലോ..
ReplyDeleteഇതെന്റെ വീടാണ്. നീല ചായമടിച്ച ജനാലയിലൂടെ പുറത്തേക്ക് നോക്കിനിന്ന കൌമാരക്കാരി ഞാന്‍ തന്നെയാണ്.
(അല്ലെങ്കില്‍ ആരുടെ ഉള്ളിലാണ് പൊളിച്ചടുക്കപ്പെട്ട ഒരു വീടില്ലാത്തത്..!!)
എന്റെ വീട്
ReplyDelete