Wednesday, October 26, 2011


ജീവിതസായാഹ്നത്തില്‍ അവരുടെ പൂര്‍ണ വിരാമങ്ങള്‍

എന്തു കൊണ്ടാവും അവര്‍ ആത്മഹത്യ തെരഞ്ഞെടുത്തിട്ടുണ്ടാവുക. എന്തായിരിക്കും അതിനുള്ള കാരണങ്ങള്‍.  കഠിനമായ ആ വിധിയെക്കുറിച്ച്. 


അമ്മുവേടത്തി മരിച്ചു. രണ്ടാഴ്ച മുമ്പ്. വെറും മരണമല്ല ആത്മഹത്യ. 
പ്രായം കുറച്ചുണ്ടായിരുന്നു, അവര്‍ക്ക്. അത്ര കുറച്ചൊന്നുമല്ല, ഏതാണ്ട് 75.  ആത്മഹത്യക്ക് ഒട്ടും അനുയോജ്യമല്ലാത്ത പ്രായം. എന്നിട്ടും അവര്‍ ആത്മഹത്യ ചെയ്തു.  എന്തു കൊണ്ടാവും അതെന്ന് ആരും പറഞ്ഞു തരുന്നില്ല.
പതിവില്ലാത്ത ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെന്ന് അയല്‍വാസികള്‍ ഓര്‍ക്കുന്നു. 
വൈകുന്നേരം പതിവു പോലെ അടുത്തുള്ള വീടുകളില്‍ ചെന്നു. വെറുതെ സംസാരിക്കാനെന്ന മട്ടില്‍. എല്ലാവരെയും കാണാനായിരുന്നു അതെന്ന് പിന്നീട് ആളുകള്‍ തീര്‍ത്തു പറഞ്ഞു. പക്ഷേ, സംസാരത്തിലോ പെരുമാറ്റത്തിലോ പന്തി കേടുണ്ടായിരുന്നില്ല. അയല്‍ വീടുകളില്‍നിന്ന് മടങ്ങിയപ്പോള്‍ സമയം സന്ധ്യ. വീട്ടിലെല്ലാവരും ടി.വിക്കു മുന്നിലാണ്. മുറ്റത്തെ തുളസിത്തറയില്‍ വിളക്കു വെച്ചു. വരാന്തയിലാരിടത്ത് നിലവിളക്കു കൊളുത്തി. നാമം ജപിച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ വിളക്കെടുത്തു വെച്ചു. ഒട്ടും അസാധാരണമല്ലാത്ത വിധം. 
അത്രയും എല്ലാവര്‍ക്കുമറിയാം.  
പിന്നെ എന്താവാം നടന്നിട്ടുണ്ടാവുക എന്ന് എല്ലാവരും ഊഹിക്കുകയാണ്. 
'വിളക്കു വെച്ചു കഴിഞ്ഞ് അമ്മ വിറകു പുരയിലേക്ക് പോവുന്നത് കണ്ടു. അവിടെയായിരുന്നു...' -തണുത്ത സ്വരത്തില്‍ അവരുടെ മൂത്ത മകന്റെ ഭാര്യ പറയുന്നു. 
'പഴയ സാരിയായിരുന്നു. പിരിച്ചു കെട്ടിയായിരുന്നു...'-ഇളയ മകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 
തീര്‍ന്നു. ആ മരണത്തിന്റെ കഥ. 
വിവരമറിഞ്ഞ് നാട്ടില്‍ ചെന്നതായിരുന്നു ഞാന്‍. വീടിന്റെ ഒരു മൂലക്ക് ഇത്തിരി മണ്ണ് പൊങ്ങിക്കിടക്കുന്നത് കണ്ടു. ഇളകിയ മണ്ണിന്റെ അടയാളങ്ങള്‍ അതിനടുത്തെല്ലാം. അപ്പോള്‍, അവിടെയാണ്... 
പിന്തിരിഞ്ഞ് നടന്ന് അവരുടെ പഴയ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ കണ്ടു, ഒറ്റക്കു നില്‍ക്കുന്ന വിറകുപുര. 
അധിക നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. പെട്ടെന്ന് തന്നെ ഇറങ്ങി. തൊട്ടു താഴെയായിരുന്നു എന്റെ വീട്. 




അമ്മുവേടത്തി എന്റെ അയല്‍ക്കാരിയാണ്. ഞങ്ങള്‍ വീടു വാങ്ങി ചെന്ന കാലം മുതല്‍ എല്ലാ സഹായവുമായി കൂടെ ഉണ്ടായിരുന്നു. അമ്മയുടെ ഓരോ കാര്യത്തിനും ആശ്രയമായി. തമാശയും ചിരിയുമായി ഒരു സാധുജന്‍മം. 
കര്‍ഷക കുടുംബമായിരുന്നു. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍, മക്കള്‍ മുതിര്‍ന്നു. അവരും കൃഷി തന്നെയാണ്. വീടും സ്ഥലവും മൂത്ത മകനാണ്. അയാളും കൃഷിക്കാരന്‍. കാര്യമായി വലിയ വരുമാനമൊന്നുമില്ലെങ്കിലും ഉള്ള ഭൂമിയില്‍ അയാള്‍ അധ്വാനിച്ചു കൊണ്ടേയിരുന്നു.  
മറ്റുള്ളതെല്ലാം പെണ്‍മക്കളാണ്. അവരൊക്കെ വെവ്വേറെ ഇടങ്ങളില്‍. സ്വന്തം ജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍ മുങ്ങിയും പൊങ്ങിയും കഴിയുന്നതിനിടക്ക് ഇടക്കൊക്കെ അവര്‍ അമ്മയെ കാണാനെത്താറുണ്ട്. 
അമ്മുവേടത്തിക്ക് അങ്ങനെ പരിഭവമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. ആ വീട്ടിലങ്ങനെ വഴക്കൊന്നും ഉണ്ടാവാറുമില്ല. കുറേ കാലമായി പല നഗരങ്ങളില്‍ മാറിമാറി താമസിക്കുന്നതിനാല്‍ പുതിയ കാര്യങ്ങളൊന്നും എനിക്കറിയുകയുമില്ല. 
എങ്കിലും എന്തോ ഒന്ന് അലട്ടുന്നുണ്ട്. ആ പ്രായത്തില്‍ അവര്‍ എന്തിനു ആത്മഹത്യ ചെയ്യണമെന്ന ചോദ്യം. എന്തു പ്രശ്നമുണ്ടായാലും അതൊക്കെ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളാണ്. ജീവിതത്തിലിപ്പോള്‍ അത്ര ഭാരിച്ച ഉത്തരവാദിത്തമൊന്നുമില്ല. ഒറ്റപ്പെട്ടു എന്നൊന്നും പറയാനും കഴിയില്ല. അയലത്തെ മനുഷ്യരുമായൊക്കെ നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍  ഒറ്റപ്പെട്ടു നില്‍ക്കാനുള്ള സാധ്യതയും കുറവാണ്. എന്നിട്ടും എന്തിനാവും?


മക്കള്‍ക്കൊക്കെ ഭാരമായി എന്ന് തോന്നുന്നുണ്ടാവും. ആരുമറിയാത്ത വല്ല അസുഖവും വന്നിട്ടുണ്ടാവണം. പുറത്തു കാണാത്ത വല്ലതും ആ വീടിനകത്ത് പുകയുന്നുണ്ടാവണം. പ്രത്യേകിച്ച്, ഭൂവിപണിയുടെ ഈ കാലത്ത് അവരുടെ സ്വത്തിനൊക്കെ വില വളരെ കൂടുതലായതിനാല്‍. അങ്ങനെയൊക്കെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

എന്തായാലും അമ്മുവേടത്തി ഇപ്പോഴില്ല എന്നത് വാസ്തവമാണ്. 


പ്രായമുള്ളവരുടെ ആത്മഹത്യ വല്ലാത്തൊരു ചോദ്യ ചിഹ്നമാണ്. ജീവിതത്തിന്റെ ദുരിത കാണ്ഡം മുഴുവന്‍ പൊരുതി നില്‍ക്കുന്നവര്‍ സായം സന്ധ്യയില്‍ സ്വയം വിരാമ ചിഹ്നമാവാന്‍ തീരുമാനിക്കുന്ന അവസ്ഥ. എങ്ങനെയാവും അവര്‍ അതിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാവുക. ഏതേതു ആലോചനകളിലായിരിക്കും കിളി തൂവല്‍ പൊഴിക്കുന്നത്ര ലാഘവത്തോടെ അവര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവുക. മനസ്സിലാവുന്നില്ല. 
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ വീടിനടുത്ത് ഇതേ  പോലൊരമ്മ ആത്മഹത്യ ചെയ്തിരുന്നു. മക്കളും മരുമക്കളുമൊക്കെയായി കഴിയുന്നൊരു കാലത്ത്. വീട്ടില്‍ ആരുമില്ലാത്തൊരു നാള്‍ തീ കൊളുത്തിയായിരുന്നു ആ വിടവാങ്ങല്‍. അന്നും വല്ലാത്ത ഒരാഘാതം എന്നെ ഇളക്കി മറിച്ചിരുന്നു. ജീവിതത്തെക്കുറിച്ചാലോചിച്ച് ഞാനെത്തിയ നിഗമനങ്ങള്‍ മുഴുവന്‍ തട്ടിത്തെറിപ്പിക്കുന്നത്ര ശക്തിയില്‍ ആ ചോദ്യങ്ങള്‍ ഇളക്കി മറിച്ചു. 

പിന്നീടായിരുന്നു പ്രിയപ്പെട്ട സുഹൃത്തിന്റെ അച്ഛന്റെ മരണം. സ്നേഹം കാറ്റു പോലെ സദാ വീശിക്കൊണ്ടിരിക്കുന്ന ഒരു വീടായിരുന്നു അത്. ചെവി അല്‍പ്പം കേള്‍ക്കില്ല എന്നതൊഴിച്ചാല്‍, സന്തോഷവാനായിരുന്നു ആ അച്ഛനും. തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു അദ്ദേഹം. മക്കളൊക്കെ നല്ല നിലയില്‍ എത്തിയപ്പോള്‍ ജോലി നിര്‍ത്തി വെറുതെ വീട്ടില്‍  ഇരിപ്പായി. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമായിരുന്നു ആ ആത്മഹത്യ. തൊട്ടാല്‍ അറ്റുപോവുന്നത്ര മൂര്‍ച്ചയുള്ള ഒരു മടവാളായിരുന്നു ആയുധം. മുറിഞ്ഞ കഴുത്തുമായി കിടക്കുന്ന ആ അച്ഛന്റെ ദൃശ്യം പിന്നീടെത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. 
അന്നും ഉത്തരം കിട്ടിയില്ല. അത്ര ദാരുണമായ ഒരന്ത്യം ഒരിക്കലും അര്‍ഹിച്ചിരുന്നില്ല ആ അച്ഛന്‍. 




പറഞ്ഞു വന്നത് നമ്മുടെ വീടുകളിലെ മുതിര്‍ന്നവരുടെ അവസ്ഥകളാണ്. നമ്മേക്കാള്‍ അരക്ഷിതമാണെന്ന് തോന്നുന്നു അവരുടെ ദിനങ്ങള്‍. പുതിയ ജീവിതാവസ്ഥകളോ ശാരീരിക അവസ്ഥകളോ അവര്‍ക്ക് എളുപ്പം വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നുണ്ടാവില്ല. ഒരു പാടു കാലം കൊണ്ട് പഠിച്ച ജീവിത സത്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് തെളിയിച്ച് ഒറ്റയടിക്ക് തിരിഞ്ഞു നടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഈ ലോകം തങ്ങള്‍ക്ക് പറ്റിയതല്ലെന്ന തീര്‍പ്പ് തന്നെയാവണം. കുടുംബത്തിലെയും വ്യക്തി ജീവിതത്തിലെയുമെല്ലാം ചെറിയ തിരയിളക്കങ്ങള്‍ പോലും അതിജീവിക്കാനാവാതെയാവണം അവര്‍ യാത്ര പറഞ്ഞു പോവുന്നത്. എന്തായാലും അത് ക്രൂരമാണ്. ജീവിതത്തിന്റെ നട്ടുച്ചകളെ ഉജ്വലമായി നേരിട്ട ആ മനുഷ്യരുടെ അവസാന നാളുകള്‍ ഇങ്ങനെ സ്വയംഹത്യ കൊണ്ട് അടയാളപ്പെടുത്തേണ്ടതല്ല.  


ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു കഥ കൂടി പറയാനുണ്ട്. 
മറ്റൊരു സുഹൃത്തിന്റെ അച്ഛനാണ് അതിലെ കഥാപാത്രം. 
ആളൊരു അധ്യാപകനാണ്. വെള്ള ഷര്‍ട്ടും മുണ്ടുമിട്ട് റോഡരിക് ചേര്‍ന്നു നടന്നു പോവുന്ന ഒരു സാധു മനുഷ്യന്‍. 
റിട്ടയര്‍ ചെയ്യുന്നതു വരെ അദ്ദേഹം തമാശക്കു പോലും മദ്യപിച്ചിട്ടേയില്ല. എന്നാല്‍, റിട്ടയര്‍ ചെയ്ത് ആദ്യ ആഴ്ച അങ്ങേര് ആദ്യ കുപ്പി പൊട്ടിച്ചു. പിന്നെ എന്നും. 
പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. എന്നും വൈകുന്നേരം ടൌണിലേക്കുള്ള എളുപ്പ വഴിയിലൂടെ, റോഡരിക് ചേര്‍ന്ന് നടന്ന് സ്ഥലത്തെ മദ്യവില്‍പ്പന ശാലയിലെത്തും. വിലകുറഞ്ഞൊരു മദ്യം ചെറിയ കുപ്പി വാങ്ങി അതേ പോലെ സൌമ്യമായി റോഡരിക് ചേര്‍ന്ന് വീട്ടിലേക്ക് നടക്കും. വീട്ടിലെത്തിയാല്‍ സന്ധ്യാദീപത്തിനു ശേഷം വരാന്തയിലെ മേശപ്പുറത്ത് സ്വയം കഴുകി വൃത്തിയാക്കിയ ഗ്ലാസുമായി ഒറ്റക്കിരിക്കും. മക്കളൊക്കെ വിദേശത്തായതിനാല്‍ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഇടക്ക് അവരും അടുത്തു ചെന്നിരിക്കും. ശാന്തമായി മദ്യപിച്ച് ഇത്തിരി സംസാരത്തിനു ശേഷം ആ മനുഷ്യന്‍ ഉറങ്ങാന്‍ ചെല്ലും. പിറ്റേന്ന് വൈകിട്ടാവുന്നത് വരെ മദ്യത്തെക്കുറിച്ച് അദ്ദേഹം ആലോചിക്കാനേ ഇടയില്ലെന്ന്   ഇക്കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ച് അദ്ദേഹത്തിന്റെ മകന്‍, എന്റെ ചങ്ങാതി, കൂട്ടിച്ചേര്‍ക്കുന്നു. 

ഒരു പക്ഷേ, ആ ജീവിതത്തിന്റെ ഷോക്ക് അബ്സോര്‍ബറായിരിക്കണം വൈകിട്ടത്തെ ആ ഇത്തിരി നടത്തവും വൈകിയെത്തിയ ആ ശീലവും.  തീരെ നിസ്സംഗമായി, എനിക്കിപ്പോള്‍ അങ്ങനെ തന്നെയാണ് തോന്നുന്നത്.  

Wednesday, October 12, 2011

ഓടുന്ന വണ്ടിയില്‍ സൌമ്യ, തലോറിലെ പെണ്‍കുട്ടി


വെറുമൊരു തീവണ്ടി യാത്ര. പതിവുപോലാരു പ്രഭാതം. സഹയാത്രികര്‍. പത്രത്തില്‍ കണ്ട രണ്ട് വാര്‍ത്തകളെ കുറിച്ച് അവരുടെ പരാമര്‍ശങ്ങള്‍. അതില്‍നിന്നു നടന്നുചെന്ന,  തീരെ സുഖകരമല്ലാത്ത ചില ഇടങ്ങള്‍. നേരുകള്‍. 


പ്രഭാതം കീറിമുറിച്ചു പായുന്ന ഈ തീവണ്ടിയില്‍ മുഖാമുഖം ഇരിക്കുന്നത് ഞങ്ങള്‍ ആറുപേര്‍. ഒന്ന് ഞാന്‍. എന്നെ എനിക്കറിയാം. മറ്റുള്ളവര്‍ എനിക്ക് അപരിചിതര്‍. എന്നാല്‍, അവരവര്‍ക്ക് ചിരപരിചിതര്‍. അതിന്റെ അനായാസതയുണ്ട് അവരുടെ ഇടപെടലുകളില്‍.
എങ്ങോട്ടോ ഒന്നിച്ചു പായുന്ന അഞ്ചു മധ്യവയസ്കര്‍. ഞാനങ്ങനെ വിളിക്കുന്നു, അവരെ. ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവണം. ഇടക്കിടെ, അവരുടെ സ്വരത്തില്‍ വന്നു നിറയുന്നുണ്ട് ഡി.എ കുടിശãികയുടെ കാര്യം.  പിന്നെ, പരിചയമുള്ള ആരെയൊക്കെയോ കുറിച്ചുള്ള പരദൂഷണങ്ങള്‍.
അതങ്ങിനെ.
അതിനിടയിലാണ് മുന്നിലേക്ക് പത്രം  വന്നു വീണത്. അച്ചടിമഷിയില്‍ കുളിച്ച്, പുതിയ ഒരാളെപ്പോലെ, ഇന്നലെയുടെ അടയാളങ്ങള്‍.
എന്റെ കൈയിലെ പത്രത്തിന്റെ ഒന്നാം പേജില്‍ സൌമ്യയാണ്. നമ്മളൊരുപാടു പറഞ്ഞ, ആകുലരായ അതേ സൌമ്യ.  സൌമ്യ കേസില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയ ഡെപ്യൂട്ടി പൊലീസ് സര്‍ജന്റെ ഓഫീസിനു നേരെ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത.
അതിലൂടെ  കണ്ണയച്ചു നടക്കവേ, ചുറ്റിലും ഇരുന്നവരുടെ നാവുകളിലും ആ വാര്‍ത്ത കയറി വന്നു.
' അവന്റെ ഓഫീസല്ല, അവനെ തന്നെ ശരിയാക്കണം'- ഒരു തെറിയുടെ അകമ്പടിയോടെ ഇത്തിരി നരച്ച മുടിയുള്ള കട്ടിക്കണ്ണട വെച്ച അയാള്‍ പറഞ്ഞു.
' അവമ്മാരൊക്കെ ചേര്‍ന്ന് ആ ഗോവിന്ദച്ചാമിയെ രക്ഷിക്കും. ലക്ഷണങ്ങള്‍ അതിന്റെയാ'^മറ്റാേെരാള്‍ പറഞ്ഞു.
'ഇതങ്ങിനെ കോടതിക്കു വിട്ടു കൊടുക്കേണ്ട കാര്യമല്ല. അവന്റെ ലിംഗം വെട്ടണം'^മൂന്നാമതൊരു സ്വരം അഭിപ്രായം കുടഞ്ഞു.
അഭിപ്രായങ്ങളിലേക്ക് ചെവി കൊടുത്ത് ഒന്നും മിണ്ടാതെ ഇരുന്ന എന്നെ നോക്കി ഒരാള്‍ പറഞ്ഞു, ' എന്ത് കണ്ടാലും പ്രതികരിക്കാത്ത ചിലരുണ്ട്. അവരാക്കെ ചേര്‍ന്നാണ് നാടിനെ ഈ കോലത്തിലാക്കുന്നത്'.
അമ്പിന്റെ ഗതി മനസ്സിലായിട്ടും പ്രതികരിക്കാന്‍ പോയില്ല. വീണ്ടും അവരുടെ സംസാരം. അതില്‍ നിറയെ, ഇരമ്പുന്ന രോഷം. സൌമ്യയെ കൊന്ന കേസിലെ പ്രതിക്കു നേരെ, അതിനിടയാക്കിയ റെയില്‍വേക്കു നേരെ, പ്രതിയെ രക്ഷിക്കാനിറങ്ങിയ അഭിഭാഷകര്‍ക്കു നേരെ, ദുരൂഹമായി മറഞ്ഞിരിക്കുന്ന മറ്റനേകം കാര്യങ്ങള്‍ക്കു നേരെ അവര്‍ രോഷം കൊണ്ട് പതയുന്നു. എല്ലാം അടിച്ചു തകര്‍ക്കേണ്ട ആവശ്യകതയെക്കുറിച്ച് വീണ്ടും വീണ്ടും തിളക്കുന്നു.
മിണ്ടാതിരിക്കുമ്പോഴും മനസ്സില്‍ സന്തോഷം തോന്നി. എത്ര മാറിയാലും ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാം മനുഷ്യരാണെന്നും ചില നേരങ്ങളിലെങ്കിലും നമ്മുടെ മനുഷ്യപ്പറ്റ് അതിന്റെ കൂടു വിട്ടു പുറത്തുചാടുമെന്നുമുള്ള ശുഭാപ്തി വിശ്വാസം ഉള്ളില്‍ ഉണര്‍ന്നു. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉയരാന്‍ ഇത്തരം കുറേ മനുഷ്യരുണ്ട് എന്ന ആശ്വാസം.
ജാലകത്തിനു പുറത്തു പായുന്ന ദേശങ്ങള്‍ കണ്ണില്‍ നിറച്ച് ഇത്തരം ആലോചനകളില്‍ മുഴുകവെ, കാപ്പിയുടെ വിളികള്‍ വന്നു. ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നല്ല ചൂടുള്ള കാപ്പിയുടെ ഉശിരന്‍ ഗന്ധം.


പത്രം ഇപ്പോള്‍ ഓരോരുത്തരുടെ മടിയിലാണ്.  സംസാരങ്ങളില്‍ മറ്റെന്തൊക്കെയോ വിഷയങ്ങള്‍  കയറി വന്നു. സംസാരത്തിന്റെ ദിശയിലേക്ക് മടുപ്പ് പതിയെ  വന്നപ്പോള്‍ ഞാന്‍ വീണ്ടും പത്രം കൈയിലെടുത്തു.
ഇതിപ്പോള്‍ അകത്തെ പേജാണ്. എന്തൊക്കെയേ പ്രാദേശിക വാര്‍ത്തകള്‍. അതിനിടക്ക് കടുംനിറത്തിലുള്ള തലക്കെട്ടില്‍ മറ്റൊരു പെട്ടിക്കോളം വാര്‍ത്ത. തലോറിലെ പെണ്‍കുട്ടി മൊഴി നല്‍കി എന്ന് തലക്കെട്ട്.
തലോറിലെ പെണ്‍കുട്ടിയോ, എന്ന് ആലോചിക്കുന്നതിനിടെ അപ്പുറത്ത് ചര്‍ച്ചയുടെ ദിശ മാറി. അവരിലാരോ ഇപ്പോള്‍ പത്രം നിവര്‍ത്തി  അതേ വാര്‍ത്ത വായിക്കുന്നു. തലോറിലെ പെണ്‍കുട്ടിയോ എന്ന എന്റെ അതേ ആശ്ചര്യം അയാള്‍ക്കും വന്നിട്ടുണ്ടാവണം.
തൃശൂര്‍ ജില്ലയിലെ തലോര്‍ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ ഒരു അനാശാസ്യ കേന്ദ്രത്തില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിന്റെ ഫോളോഅപ്പ് സ്റ്റോറിയാണത്. അമ്പരപ്പിക്കുന്നു കുറേ വിവരങ്ങളുണ്ട്, പെണ്‍കുട്ടി നല്‍കുന്ന മൊഴിയില്‍. അതിനേക്കാള്‍ തലോറിലെ പെണ്‍കുട്ടി എന്ന പേരാണ് എന്റെ കണ്ണില്‍ കരടു പോലെ ഉടക്കിയത്.

പെട്ടെന്ന്, ഇടയിലേക്ക് ഒരഭിപ്രായം പൊട്ടിവീണു.
' ഇവളുമാരൊക്കെ കാശും വാങ്ങി കിടക്കും. എന്നിട്ട് പൊലീസില്‍ ചെന്ന് പരാതിയും പറയും'
തല ഉയര്‍ത്തി നോക്കി. നേരത്തെ രോഷാകുലനായി സംസാരിച്ച അതേ കട്ടിക്കണ്ണടയാണ്. ഇപ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് നിറയെ പുച്ഛം.
' പെഴയായിരിക്കും. ആരേലും കണ്ടു പിടിച്ചപ്പോ പ്ലേറ്റ് മാറ്റിയതാവും'^കൂട്ടത്തിലെ മറ്റൊരാള്‍.
' കണ്ടില്ലേ, ഇക്കേസിലുമുണ്ട് രണ്ട് പെണ്ണുങ്ങള്‍. ഇവളുമാരു തന്നെയാ ഇതൊക്കെ ഒപ്പിക്കുന്നത്. എന്നിട്ട്, തെറി മുഴുവന്‍ ആണുങ്ങക്ക്'^കൂട്ടത്തില്‍ ചെറുപ്പമെന്നു തോന്നിച്ച കറുത്ത ടീഷര്‍ട്ടുകാരനാണ്. മൂക്കത്ത് രോഷവുമായി നിന്ന അതേ അവസ്ഥ ഇപ്പോഴും.
ചര്‍ച്ചയിലേക്ക് വീണ്ടും ലൈംഗിക പീഡനം കടന്നു വന്നു. കാശു വാങ്ങി ശരീരം വിറ്റ ശേഷം ചുമ്മാ കേസും കൂട്ടവുമായി പോവുകയാണ് പെണ്‍കുട്ടിയെന്ന കാര്യത്തില്‍  അവര്‍ക്കാര്‍ക്കും സംശയമേയില്ല. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നതാണ് എല്ലാത്തിന്റെയും കുഴപ്പമെന്നും അഭിപ്രായമുയര്‍ന്നു. ആണുങ്ങളെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണമാണ് ഇത്തരം ഗുലുമാലുകള്‍ക്ക് വഴിവെക്കുന്നതെന്ന പതിവു പറച്ചിലിലേക്ക് പോയതോടെ വല്ലാത്തൊരു വഷളന്‍ ചിരി  സീറ്റുകള്‍ക്കിടയില്‍ കറങ്ങിനടന്നു.
കാര്യങ്ങള്‍ മൊത്തം മാറിയിരിക്കുന്നു. നേരത്തെ, രോഷാകുലരായ അതേ ആള്‍ക്കൂട്ടം ഇപ്പോള്‍ ഇറച്ചി കണ്ട വേട്ടപ്പട്ടികളെ പോലെ മുറുമുറുക്കുന്നു. കൊച്ചു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് വീട്ടുകാരുടെ നോട്ടക്കുറവു കൊണ്ടാണെന്ന മട്ടില്‍ അതു വളര്‍ന്നതോടെ വല്ലാത്തൊരു ഗതികേടിലായി.  അവിടെയിനി ഇരുന്നാല്‍, വലിയൊരു വഴക്കിലേക്ക് അതു വഴി മാറും. പറഞ്ഞില്ലെങ്കില്‍, പതിവു പോലെ പറയാത്ത രോഷങ്ങള്‍ ഒന്നിച്ചു വന്ന് മനസ്സാകെ കുത്തിമറിച്ചിടും.
അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ അവരെന്നെ ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല.  പറയാന്‍ ചൂടുള്ള വിഷയം കിട്ടിയതിന്റെ തിമിര്‍പ്പില്‍ അവരെന്നെ വെറുതെ വിട്ടതാവും.


ഇത്തിരി അപ്പുറം ഒഴിഞ്ഞൊരു സീറ്റിലിരിക്കുമ്പോള്‍ അവിടെ നിന്ന് അലച്ചു വരുന്ന ക്രൂരമായ ചിരിയുടെ കഷണങ്ങള്‍ വന്നു കുത്തി മുറിച്ചു കൊണ്ടിരുന്നു. ഓരോ ചിരിയും ആ പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള നിന്ദവാചകങ്ങളാണ്.  ഓരോ വഷളന്‍ കമന്റും അവള്‍ക്കു നേര നീളുന്ന കഠാരമുനകള്‍.
വിചിത്രമായി തോന്നി. എന്തു കൊണ്ടാണ് മനുഷ്യര്‍ ഇത്ര പെട്ടെന്ന് വഴി മാറുന്നത്. രണ്ടു പെണ്‍കുട്ടികള്‍. ജീവിതാവസ്ഥയിലും പശ്ചാത്തലത്തിലും ദുരന്തത്തിലും വ്യത്യസ്തരാണെങ്കിലും അവര്‍ പൊതുവായി പങ്കുവെക്കുന്ന ചിലതുണ്ട്.  പെണ്ണെന്ന അവസ്ഥ ഉണ്ടാക്കുന്ന നിസ്സഹായമായ നിലവിളികള്‍. അവര്‍ക്കു നേരെ നീണ്ടു ചെന്നത് സമാനമായ  നഖമുനകളാണ്. വയലന്റായ ആണത്തത്തിന്റെ ആര്‍ത്തി പിടിച്ച കരങ്ങള്‍.
എന്നിട്ടും അവരെ ഇരുവരെയും ഒരേ ദുരന്തത്തിന്റെ ഇരകളായി കാണാന്‍ നമ്മുടെ പൊതുബോധത്തിന് കഴിയാത്തത് എന്തു കൊണ്ടായിരിക്കും? വെറുമൊരു പത്ര വാര്‍ത്തയില്‍നിന്ന് പോലും ഒരിരയെ ചൂണ്ടിയെടുത്ത് സര്‍ക്കസിലെ കത്തിയേറുകാരുടെ ചാതുരിയോടെ എറിഞ്ഞു പിടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നത് ഉള്ളിലെ ഏതേതു ക്രൌര്യം കൊണ്ടാവും? സൌമ്യയുടെ ദുരന്തം നല്‍കുന്ന ഞെട്ടിക്കുന്ന ആ തിരിച്ചറിവിലും അവര്‍ക്ക് മറ്റൊരു ഇരയുടെ കണ്ണീര് കാണാന്‍ കഴിയാത്ത് എന്തു കൊണ്ടാവും.
തീര്‍ച്ചയായും ഇതൊരു തീവണ്ടി മുറിയുടെ പ്രശ്നം മാത്രമല്ല. തീവണ്ടിക്കു പുറത്തും സാധാരണമാണ് ഈ അവസ്ഥ. ഒരേ നാവു കൊണ്ട് വേട്ടക്കാരനും ഇരക്കും കുടപിടിക്കല്‍. സ്ത്രീ പീഡന വാര്‍ത്തകളെ മുഴുവന്‍ അവിശ്വാസത്തോടെ, അവജ്ഞയോടെ സമീപിക്കുന്ന പൊതുബോധത്തിന്റെ പുളിച്ചു തികട്ടല്‍.


photo: steve mccurry

വെറുതെ ഓര്‍ത്തു നോക്കി, തലോറിലെ പെണ്‍കുട്ടിയുടെ പേരെന്തായിരിക്കും?  ഇന്നലെ വരെ അവള്‍ സൌമ്യയോ ആനിയോ ശ്രീദേവിയോ ആയിരിക്കും. ദുരന്തം കടിച്ചു കീറുമ്പോഴും അവള്‍ക്ക് സ്വന്തമായൊരു പേരും ഐഡന്റിറ്റിയും ഉണ്ടായിരിക്കും.  അവളെ അവളായി നിലനിര്‍ത്തുന്ന, മനുഷ്യന്‍ എന്ന നിലയിക്കുള്ള അന്തസ്സിന്റെയോ അഭിമാനത്തിന്റെയോ ഒരു തുണ്ട്. അതിലായിരിക്കണം ഒരു പക്ഷേ, അവള്‍ പിടിച്ചു നിന്നിട്ടുണ്ടാവുക. ഓരോ വേദനയും നേരിടുന്നുണ്ടാവുക.
ഇപ്പോള്‍ അവള്‍ തലോറിലെ പെണ്‍കുട്ടിയാണ്. അറിയില്ല, മറ്റ് നാടുകളിലൊക്കെ ഇതുപോലെ ആണോയെന്ന്. ലൈംഗിക അതിക്രമ കേസില്‍ പരാതിപ്പെടുന്നതോടെ സ്ഥലപ്പേരായി, സ്ത്രീ ലിംഗം മാത്രമായി മാറിപ്പോവുന്ന ദുരവസ്ഥയാണോ മറ്റിടങ്ങളിലും എന്ന്.
തീര്‍ച്ചയായും, അവളുടെ പേരും ഐഡന്റിറ്റിയും പുറത്തുവരാതിരിക്കാനുള്ള മാധ്യമ ജാഗ്രത മാത്രമാവും സ്ഥലപ്പേരിനൊപ്പമുള്ള ഈ ചാപ്പകുത്ത്. അതില്‍ ഗുണവശങ്ങള്‍ ഏറെയാണ്. എന്നാല്‍, നോക്കൂ, തലക്കെട്ടിലെ സ്ഥലനാമ കീര്‍ത്തനത്തില്‍ മാത്രമേ പലപ്പോഴും ഇരയോടുള്ള ഈ ഔദാര്യം (അത് അങ്ങനെയെങ്കില്‍) ഉണ്ടാവാറുള്ളൂ. വാര്‍ത്തയില്‍, എഴുത്തില്‍ അവതരണത്തില്‍, പൊലീസ് നല്‍കുന്ന വിവരങ്ങളുടെ പൊലിപ്പിക്കലില്‍, തലക്കെട്ടില്‍ പോലും കാണാനാവാറേയില്ല മാനുഷികമായ പരിഗണനകള്‍. എന്നെ പീഡിപ്പിക്കൂ എന്നു പറഞ്ഞു പുരുഷനു പിന്നാലെ പായുന്ന ഒരുവളായി, പ്രലോഭനങ്ങളിലൂടെയും പ്രകോപനപരമായ വസ്ത്രധാരണത്തിലൂടെയും പുരുഷന്‍മാരെ വശീകരിക്കുന്ന ഒരുവളായി, കാര്യം കഴിഞ്ഞ് കാശു വാങ്ങിയ ശേഷം  കേസിനു പോവുന്ന ഒരുവളായി  വരികളിലും വരികള്‍ക്കിടയിലും ചിത്രീകരിക്കുന്നതാണ് നാം കാണുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും. മാനുഷികമായ  തലത്തിലാണ് ഇരയെ കാണുന്നതെങ്കില്‍ പാലിക്കേണ്ട ഭാഷാപരമായും വാര്‍ത്താപരമായും ഉള്ള ഒതുക്കമോ അടക്കമോ ഈ മാധ്യമ സൃഷ്ടികളില്‍ കാണാറേയില്ലെന്നാണ് അനുഭവം.
ഇത്തരം ഔദാര്യങ്ങളൊന്നും ആസ്വദിക്കാനാവാത്ത മറ്റൊരവസ്ഥയില്‍ നില്‍ക്കുന്ന, ഇരയായ പെണ്‍കുട്ടി, എങ്ങനെയാവും പതിച്ചു കിട്ടുന്ന പുതിയ പേരിനെ കാണുന്നുണ്ടാവുക?


പറഞ്ഞു വന്നത്, പതിച്ചു കിട്ടുന്ന പുതിയ പേരിനെ കുറിച്ചാണ്. സൂര്യനെല്ലി പെണ്‍കുട്ടിയായിരുന്നു സ്ഥലപ്പേരിലൂടെ ഇത്തരത്തില്‍ മലയാളിക്ക് പരിചിതയായ ആദ്യത്തെ കുട്ടിയെന്നു തോന്നുന്നു. പിന്നെ, വിതുര പെണ്‍കുട്ടി, കോതമംഗലം പെണ്‍കുട്ടി, കവിയൂര്‍ പെണ്‍കുട്ടി, കിളിയൂര്‍ പെണ്‍കുട്ടി എന്നിങ്ങനെ അനേകം പുതുനാമങ്ങള്‍. ഒരിക്കല്‍ ഇത്തരത്തിലൊരു പേരു തലയില്‍ വന്നു വീണാല്‍, ജീവിതകാലം മുഴുവന്‍ ആ പെണ്‍കുട്ടികള്‍ക്ക് താങ്ങിനടക്കേണ്ടി വരും ഈ പേരുകള്‍.
എന്നാല്‍, ഇവരെ പീഡിപ്പിക്കുന്ന, വലിച്ചെറിയുന്ന, ഇത്തിരി കാശിന് വില്‍ക്കുന്ന പുരുഷന്‍മാരോ?
അവര്‍ക്ക് സഹിക്കേണ്ടി വരികയേ ഇല്ല ഇമ്മാതിരി പേരുകള്‍. കേസും കൂട്ടവും കഴിഞ്ഞ് നെഞ്ചും വിരിച്ച് തിരിച്ചു വരുമ്പോള്‍ ആരാധനയോടെയാണ് ഇത്തരക്കാരെ നാടു കാണാറെന്ന് അറിയാന്‍  പ്രശസ്തനായ ഹാസ്യനടന്റെ കാര്യം ഓര്‍ത്താല്‍ മതി. ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായി കോടതിയില്‍ ഹാജരാവാനെത്തിയ ഇയാളെ കാണാന്‍ കോടതി വളപ്പിലെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ വരിവരിയായി നില്‍ക്കുന്ന ചിത്രം പണ്ടേതോ പത്രത്തില്‍ കണ്ടതോര്‍ക്കുന്നു. സ്ത്രീ പീഡന കേസില്‍ ആരോപണ വിധേയനായ രാഷ്ട്രീയ നേതാവ് എം.പിയും മന്ത്രിയുമൊക്കെയായി ഞെളിഞ്ഞു നടക്കുമ്പോഴും അതിന്റെ കലിപ്പൊന്നും ആള്‍ക്കാരോ മാധ്യമങ്ങളോ കാണിക്കാറേയില്ല. കാണിച്ചിട്ടുമില്ല, ഇതുവരെ. മറിച്ച്, പലപ്പോഴും സമൂഹത്തിനു മുന്നില്‍ അവമതിക്കപ്പെട്ട ഇരയുടെ കോറസായിട്ടാവും പലപ്പോഴും ഇത്തരക്കാര്‍ അവതരിപ്പിക്കപ്പെടാറ്.

തലോറിലെ പെണ്‍കുട്ടി ഇത്തിരി നാള്‍ കുടി ഇങ്ങനെ വാര്‍ത്തയിലും കോടതിയിലും തുടര്‍ന്നേക്കാം. പിന്നെ വരും മറ്റൊരുവള്‍. മറ്റാരോടും കാണിക്കാത്ത കണിശതയോടും ലോജിക്കോടും കൂടി അവളുടെ മൊഴികളും  നിലവിളികളും പൊതുസമൂഹം കണിശമായ പരിശോധനക്ക് വിധേയമാക്കും. എല്ലാ വിശകലനങ്ങളിലും അവളുടെ കുഴപ്പങ്ങള്‍ മുഴങ്ങിക്കേള്‍ക്കും. പണ്ടേ ചീത്ത സ്വഭാവമെന്നോ, കുലിനതയില്ലെന്നോ അങ്ങനെ പലത്. ഇതിനുപറ്റിയ  പലവിധ അളവുകോലുകള്‍ യഥേഷ്ഠം സ്റ്റോക്കുണ്ടല്ലോ നമ്മുടെയൊക്കെ കൈകളില്‍.



photo: steve mccurry


ഇപ്പോള്‍ തീവണ്ടി എനിക്കിറങ്ങേണ്ട സ്റ്റേഷനിലെത്താറായിരിക്കുന്നു. മുന്നിലെ മുഖാമുഖമുള്ള സീറ്റില്‍ ഇപ്പോഴും കളിചിരികളോടെ തിമിര്‍ത്തു പെയ്യുന്നുണ്ട്, പുരുഷ യുക്തികള്‍ കൊണ്ടലങ്കരിച്ച ഉശിരന്‍ വാദമുഖങ്ങള്‍. അതൊരു പക്ഷേ, തലോറിലെ പെണ്‍കുട്ടിയെ കുറിച്ചാവാം. അല്ലെങ്കില്‍ സൌമ്യയെ കുറിച്ച്. അതുമല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച്. പത്രത്തിന് പേജുകള്‍ ഒരുപാടുണ്ടല്ലോ.  നാട്ടില്‍ ലൈംഗിക പീഡന കേസുകളും.

പിന്‍മൊഴി:
കാണാനാവുന്നുണ്ട്, ഇതെഴുതുമ്പോള്‍, 'വെറുതെ പുരുഷന്‍മാരെ നിന്ദിക്കുന്നു, നാട്ടിലെ പീഡനകേസുകളിലെല്ലാം പെണ്ണുങ്ങളല്ലേ പ്രതികള്‍' എന്നിങ്ങനെ ഏതു കോടതിയിലും എളുപ്പം ജയിച്ചു പോരുന്ന ഉശിരന്‍ യുക്തിയോടെ അനേകം മറുപടികള്‍ ഈ പോസ്റ്റിനുനേരെ നിരങ്ങി വരുന്നത്.  എന്നിട്ടും പറയാതിരിക്കാന്‍ കഴിയുന്നില്ല, അത്രയൊന്നും യുക്തിഭദ്രമല്ലാത്ത,  വാദങ്ങള്‍ക്ക് അത്രയൊന്നും മൂര്‍ച്ചയില്ലാത്ത ചിലതൊക്കെ .
തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും വേണ്ടേ, ആരെങ്കിലുമൊക്കെ.




Thursday, October 6, 2011

സച്ചിദാനന്ദനും ട്രാന്‍സ്ട്രോമര്‍ക്കുമിടയില്‍ എന്റെ നൊബേല്‍ നേരങ്ങള്‍

നൊബേല്‍ പരിസരത്തെ സച്ചിദാനന്ദന്‍ ഉള്ളിലുണര്‍ത്തുന്ന ചില ചിന്തകള്‍. ഓര്‍മ്മകള്‍. സാധ്യതകള്‍ പറപ്പിച്ചുകളഞ്ഞ് 
മുന്നിലെത്തിയ ടോമാസ് ട്രാന്‍സ്ട്രോമറെ കുറിച്ചും.




1

അറിയാമായിരുന്നു, ആദ്യ അവസരത്തില്‍ തന്നെ നൊബേല്‍ സമ്മാനം സച്ചിദാനന്ദനിലേക്ക് എത്തില്ലെന്ന്.

അറിയാമായിരുന്നു,ലോകമെങ്ങും വായനക്കാരുള്ള, വിവര്‍ത്തനങ്ങളുള്ള, ഓരോ ദേശത്തിനും സ്വന്തം വാക്കുകളെന്നു തോന്നും വിധം സാര്‍വലൌകികമായ, വിവര്‍ത്തന സജ്ജ്മായ എഴുത്തുകളാണ് അപൂര്‍വം ചില സാഹചര്യങ്ങളൊഴിച്ചാല്‍, നൊബേല്‍ ഷെല്‍ഫിലേക്ക് ചെന്നു പെടാറുള്ളതെന്ന്.

അറിയാമായിരുന്നു,ലോകത്തിന്റെ എഴുത്തുകാരനായി മാറാനുള്ള ഊര്‍ജവും ഭാവുകത്വവും അകമേ വഹിക്കുമ്പോഴും സച്ചിദാനന്ദനും മലയാളത്തിനും ചെന്നെത്താന്‍ ഇനിയുമേറെ കരകള്‍ സാഹിത്യത്തിന്റെ മുന്‍ഗണനാക്രമങ്ങളില്‍ ശേഷിക്കുന്നുവെന്ന്.

അറിയാമായിരുന്നു, വിവര്‍ത്തനത്തിനു വഴങ്ങാത്ത ജൈവികമായ, തികച്ചും മലയാളിത്തമുള്ള അനേകം ഇടങ്ങള്‍ ഇപ്പോഴും ആ മനുഷ്യന്റെ കവിതകളില്‍ ആകാശം പോലെ ബാക്കി കിടക്കുന്നുണ്ടെന്ന്.

അറിയാമായിരുന്നു,അഡോണിസിനെ പോലെ പ്രിയപ്പെട്ട മറ്റനേകം എഴുത്തുകാര്‍ നൊബേല്‍ മുന്‍ഗണനയുടെ ഇത്തിരി വഴിയില്‍ പ്രഷര്‍ കുക്കറിലെന്നോണം പുറത്തുവരാന്‍ വിങ്ങിനില്‍ക്കുന്നുവെന്ന്.

അറിയാമായിരുന്നു, എന്താണ് നൊബേല്‍ യാഥാര്‍ഥ്യമെന്ന്.


2
എന്നിട്ടും, ദല്‍ഹിയില്‍നിന്ന്  ചങ്ങാതി ഫോര്‍വേഡ് ചെയ്തു തന്ന മെയിലില്‍ നൊബേല്‍ പരിഗണനക്കായി കൂട്ടിവെച്ച പേരുകള്‍ക്കിടയില്‍ സച്ചിദാനന്ദനെന്ന പേരു കണ്ടപ്പോള്‍ മുതല്‍ നെഞ്ചിടിപ്പേറി. ദൈവമേ, സച്ചിദാനന്ദന്‍!
ഒറ്റ വീര്‍പ്പിന് തൊണ്ടയില്‍ വന്നു നിറഞ്ഞു, ഇക്കാലമത്രയും വായിച്ച സച്ചിദാനന്ദന്റെ വാക്കുകളുടെ ക്ഷീരപഥങ്ങള്‍.  ഒന്നിച്ചാണ് വളര്‍ന്നതെന്ന് തോന്നിപ്പിക്കും വിധത്തില്‍ ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകള്‍ക്കൊപ്പം കൂട്ടു പോന്ന ആ കവിതയുടെ ഭാവുകത്വ വൈചിത്യ്രങ്ങള്‍.
അപ്പോഴേക്കും അറിയാതെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു, സച്ചിദാനന്ദന്റെ വാക്കുകളിലേക്ക് ലോകം ഒന്നിച്ചു പെയ്യണേ എന്ന്. ജൈവ മലയാളം ഒഴുകുന്ന ആ പുഴയുടെ സമൃദ്ധി തിരിച്ചറിയാനാവും വിധം ലോകത്തിന്റെ അളവുകോലുകള്‍ ഒറ്റയടിക്ക് മാറി മറ്റൊന്നാവണേയെന്ന അഭിലാഷം ഉല്‍ക്കടമായ വികാരത്തള്ളിച്ചയായി ഇടക്കിടെ പുറത്തുവന്നു കൊണ്ടിരുന്നു. പിറ്റേ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ആ വാര്‍ത്ത വീണ്ടും വീണ്ടും വായിച്ചു കൂട്ടുന്നതിനൊപ്പം  ഉള്ളിലെ കാറ്റു പിടിച്ച സ്വപ്നങ്ങള്‍ തുള്ളിത്തുളുമ്പി. കേള്‍ക്കാനാവും ആ വാര്‍ത്തയെന്ന്, എന്തിനെന്നില്ലാതെ മനസ്സിനെ ബോധ്യപ്പെടുത്തി തുടങ്ങി. സര്‍ക്കസിലെ മാജിക്കുകാരന്റെ കൈയിലെ മന്ത്രവടിപോലെ എറിഞ്ഞുകളഞ്ഞാലും പിന്നെയും പിന്നെയും കൈയിലേക്കു തന്നെ വന്നു ആ സ്വപ്നത്തെ പൊലിപ്പിക്കുന്ന അനേകം സാധ്യതകള്‍. ദല്‍ഹിയില്‍ നല്ല പിടിപാടുള്ളതു കൊണ്ടും മാര്‍ക്കറ്റിങ്  വശമുള്ളതു കൊണ്ടും മാത്രം ഒരാള്‍ക്കും നൊബേല്‍ സമ്മാനം തൊടാന്‍ കഴിയില്ലെന്നു പറഞ്ഞ ബാല്യകാല സുഹൃത്തും ദോഷൈകദൃക്കും ആഴമുള്ള വായനക്കാരനുമായ ചങ്ങാതിയോടു രോഷത്തോടെ പൊരുതി.  വെറുമൊരു പത്രക്കാരന്റെ സഹജ പുച്ഛം മാത്രമാണ് അവനെന്ന് പിന്നെയും പിന്നെയും കലിപ്പ് പറഞ്ഞൊഴിച്ചു.
കിട്ടിയ നേരങ്ങളില്‍ വീണ്ടും വീണ്ടും സച്ചിദാനന്ദന്‍െ കവിതകള്‍ വായിച്ചു നോക്കി. ഒരു കളളിയിലും പെടുത്താനാവാതെ കലങ്ങി മറിയുന്ന വൈവിധ്യങ്ങളുടെ അന്തര്‍പ്രവാഹങ്ങള്‍ പലവുരു ദര്‍ശിച്ചു. ഇപ്പോഴല്ലെങ്കില്‍ പിന്നൊരിക്കല്‍ ലോകത്തിന്റെ ശിഖരം താഴ്ന്നു വരുമെന്നും ഒരണ്ണാനെപ്പോലെ സച്ചിദാനന്ദന്‍ കവിത അതിലൂടെ പാഞ്ഞുകയറുമെന്നും ഉള്ളിലെ ശുഭാപ്തി വിശ്വാസി അടക്കം പറഞ്ഞു കൊണ്ടിരുന്നു. അന്നേരമാക്കെ വെറുതെ ആലോചിച്ചെടുത്തു, ആരായിരുന്നു എനിക്കീ മനുഷ്യനെന്ന്.


3
കവിത വായിച്ചാല്‍ മനസ്സിലാവാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. ചെറുപ്പത്തിലേ വായിച്ചതൊക്കെ അറ്റമില്ലാത്ത ഗദ്യമായിരുന്നു. അതില്‍തന്നെ കാര്യ കാരണ ബന്ധങ്ങള്‍ നെടുങ്കോട്ട പോലെ നില്‍ക്കുന്ന നോണ്‍ ഫിക്ഷന്റെ സാധാരണത്വത്തിലായിരുന്നു ഏറിയ നേരവും. ഭാഷയുടെ സമൃദ്ധിയെന്നോ, ചിന്തയുടെ പെരുമീന്‍ കലക്കങ്ങളെന്നോ തിരിച്ചറിയാനാവാതെ കവിത പിടി തരാത്ത ഒന്നായി കൊമ്പന്‍ മീശ പിരിച്ച് പേടിപ്പിച്ചു നിര്‍ത്തി.
പിന്നൊരിക്കല്‍ ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ബലപ്രയോഗത്തിലൂടെ എത്തിപ്പെടുകയായിരുന്നു  വിറയ്ക്കുന്ന വിരലുകളോടെ കവിതയുടെ മേശപ്പുറത്ത്. സ്കൂള്‍ യുവജനോല്‍സവത്തിന്റെ ഭാഗമായ കവിതാ രചനാ മല്‍സര വേദിയായിരുന്നു അത്. മല്‍സരിക്കാന്‍ ആള്‍ തികയാത്തതിനാല്‍ ചൂണ്ടയുമായിറങ്ങിയ ഒരധ്യാപകന് എന്നെ കാണിച്ചു കൊടുത്തത് എന്റെ ക്ലാസ് ടീച്ചറായിരുന്നു. പഠിക്കുന്ന കുട്ടി, അധ്യാപകരുടെ മക്കള്‍ എന്നിവയൊക്കെയായിരുന്നു പിടികൂടപ്പെടാനുള്ള മിനിമം യോഗ്യതകള്‍. അതില്‍ പെട്ടു പോയതിനാലാവണം എന്റെ നേര്‍ക്ക് ചുണ്ട പറന്നു വന്നത്.
അങ്ങനെ കവിതാ രചനാ മേശയില്‍. മുന്നിലൊരു കടലാസുണ്ട്. ബ്ലാക്ക് ബോര്‍ഡില്‍ ഒരു വിഷയവും. സന്ധ്യ. അനുഷ്ഠനം പോലെ മാത്രം രചനാ മല്‍സരങ്ങള്‍ നടന്നിരുന്ന ഒരു സ്കൂള്‍ ആയിരുന്നു ഞങ്ങളുടേത്. ആരോ ഇട്ടു കൊടുത്ത വിഷയത്തില്‍ കുട്ടികളെ പെറുക്കി വെച്ച് കൊത്തങ്കല്ലാടുന്ന ഒരു കോമണ്‍ മിനിമം പ്രോഗ്രാം.
സന്ധ്യയെക്കുറിച്ച് ഞാനെന്തെഴുതാന്‍. പാഠപുസ്തകത്തില്‍ ഒരു തരത്തിലും പിടി തരാതെ വഴുതുന്ന മീനാണ് കവിത. കാണാപ്പാഠം പഠിച്ച് മാര്‍ക്ക് വാങ്ങുന്നു എന്നതിനപ്പുറം കവിതയും ഞാനും തമ്മില്‍ കണ്ടാല്‍ തല്ലും എന്ന സ്ഥിതിയിലാണ്.
ആ ഞാനാണ്. കവിതയാണ്. സന്ധ്യയാണ്.
കടലാസിന്റെ വെളുപ്പ് നോക്കിനില്‍ക്കെ പേടി തോന്നിത്തുടങ്ങി. എനിക്കന്നേരം തറവാടു വീടിന്റെ മുകള്‍പ്പറമ്പുകളിലെ വൈകുന്നേരങ്ങള്‍ ഓര്‍മ്മ വന്നു. അവിടെയാണ് വസൂരി വന്ന കാലത്ത് ആളുകളെ ഒന്നിച്ചു കുഴിച്ചു മൂടിയ കിണര്‍. പറഞ്ഞു കേട്ടതായിട്ടും ആരൊക്കെയോ പറഞ്ഞുറപ്പിച്ച കഥകള്‍ കാരണം ഇത്തിരി ഇരുട്ടിയാല്‍ ആ വഴിക്ക് പോവാനേ ധൈര്യമില്ലാത്ത കുട്ടിയായിരുന്നു ഞാന്‍. പോവാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു സന്ധ്യക്കാണ് ഭയം അരൂപിയായ ഒരു പായക്കെട്ടു പോലെ എന്റെ മുന്നില്‍ താനേ വിരിച്ചിടപ്പെട്ടത്. ഒറ്റക്കരച്ചിലില്‍ മൂന്ന് ദിവസത്തേക്കുള്ള പനി കുടികിടപ്പുണ്ടായിരുന്നു.
പറഞ്ഞു വന്നത് സന്ധ്യയെക്കുറിച്ചാണ്. വസൂരിക്കിണറിന്റെ അരികിലൂടെ പേടിച്ചു പായുമ്പോള്‍ സന്ധ്യ വന്നെന്നെ തൊട്ടു എന്നോ മറ്റോ ആയിരിക്കണം എഴുതിപ്പോയത്. ഒറ്റ എഴുത്തിന് ഞാനാ കടലാസ് തീര്‍ത്തു.  അതു കഴിഞ്ഞ് വായിച്ചു നോക്കാന്‍ പോലും ഭയന്ന് കവിതയുടെ ചൂരല്‍ വടിയില്‍നിന്ന് ഞാനെന്റെ ക്ലാസിലേക്കു തന്നെ തെറിച്ചു വീണു.
ആ കവിതക്കാണ് സമ്മാനം കിട്ടിയത്. കവിത കൊള്ളാവുന്നതാവില്ല അതിനു കാരണമെന്ന് എനിക്കിപ്പോഴറിയാം. മാഷമ്മാരെ പേടിച്ച് വെള്ളക്കടലാസിനു മുന്നില്‍ ചെന്നു പെട്ട മറ്റാരും എഴുതിയിട്ടുണ്ടാവില്ല അത്രയേറെ. ഒരു ലേഖനമെഴുതും പോലെ എഴുതിത്തീര്‍ത്ത കാര്യങ്ങളില്‍ മരുന്നിന് പോലും ഇല്ലാതിരുന്നത് കവിത തന്നെയായിരുന്നു.
പിന്നെ, എന്റെ മലയാളം ടീച്ചര്‍, അവരായിരുന്നു ആ വിഷയം തെരഞ്ഞെടുക്കാനും വിധി നിര്‍ണയം നടത്താനും വിധിക്കപ്പെട്ടിട്ടുണ്ടാവുക, എന്നോട് പറഞ്ഞു. 'കവിതയാവുമ്പോള്‍ ഇടക്കൊക്കെ, ഹാ എന്നും അഹോ എന്നൊക്കെ വേണം. പരീക്ഷക്ക് എഴുതും പോലെ നേര്‍ക്കു നേര്‍ക്കല്ല കവിതയെഴുതുക. വരികള്‍ ഇടക്കിടെ മുറിക്കണം.'
ഗതികേടിന്റെ ഉച്ചസ്ഥായിയില്‍നിന്ന് ഞാനതിനെല്ലാം ഉത്തരം മൂളി.
അതിലേക്കു തന്നെ വന്ന വീണു, അടുത്ത വടിവാള്‍. ഉപജില്ലാ യുവജേനോല്‍സവം. അറുക്കാന്‍ കൊണ്ടുപോവുന്ന ആടിനെപ്പോലെ ഒരു നട്ടുച്ചക്ക് അടുത്ത പഞ്ചായത്തിലുള്ള വലിയ സ്കൂളില്‍ നനഞ്ഞ ചോക്കു കൊണ്ട് നമ്പറെഴുതിയ ഒരു ഡെസ്കില്‍ ഞാന്‍ ചെന്നുപെട്ടു. 'അതിത്തിരി കടുപ്പം തന്നെ'^ മല്‍സരം കഴിഞ്ഞ് വിഷയം പറഞ്ഞപ്പോള്‍ ടീച്ചര്‍ എന്നെ ആശ്വസിപ്പിച്ചു.
സമാഗമം എന്നതായിരുന്നു വിഷയം. വരികളില്‍ തലങ്ങും വിലങ്ങും മുറിച്ച് പുട്ടിന് തേങ്ങപോലെ 'ഹാ', 'അഹോ' എന്നിങ്ങനെ ശബ്ദങ്ങള്‍ ചേര്‍ത്ത് ഞാന്‍ കാച്ചിയ കവിത എന്നെ കാത്തു. ജില്ലാ തല മല്‍സരത്തിന് പോവേണ്ടതില്ലാത്ത വിധം ഞാന്‍ ഔട്ട്!


4
പിന്നെയാണ് കവിതാ വായന തുടങ്ങുന്നത്. ഇത്രയേ ഉള്ളൂ കവിത എന്ന ധൈര്യത്തില്‍ തന്നെയാവണം അതിന് ഒരുമ്പെട്ടിറങ്ങിയത്. കൈയില്‍ കിട്ടിയ പുസ്തകം നെഞ്ചത്തേക്ക് വലിച്ചിട്ടു തരുന്ന ഞങ്ങളുടെ ലൈബ്രറി മാഷ് എനിക്കു നേര വീശിയത് ഒരു കവിതാ പുസ്തകമായിരുന്നു. സച്ചിദാനന്ദന്റെ കവിതാ സമാഹാരം.  വീട്ടില്‍ ചെന്ന് അലസമായി അതു വായിച്ചു തുടങ്ങിയ ഞാന്‍ പെട്ടെന്ന് തന്നെ അതിനുള്ളിലെ ഊടുവഴികളിലേക്കും അവിടെ നിന്നങ്ങോട്ട്  പച്ചകൊണ്ട് ആകാശത്തെ മറക്കുന്ന കാടകത്തേക്കും കയറിപ്പോയി. എഴുപതുകളിലെ സവിശേഷ സാഹചര്യങ്ങള്‍ എഴുതിച്ച ചില കവിതകള്‍ അതിലുണ്ടായിരുന്നു. അതിന്റെ നട്ടുച്ചയോ അനിശ്ചിതത്വമോ മനസ്സിലാക്കാതെ തന്നെ ഞാനാ വരികളിലേക്ക് എടുത്തു ചാടി.
പിന്നെയാണ് വൈലോപ്പിള്ളിയിലേക്കും ഇടശേãരിയിലേക്കും പാത്തും പതുങ്ങിയും ചെന്നുനോക്കിയത്. അവിടെ നിന്നാണ് സുഗതകുമാരിയിലേക്കും അയ്യപ്പപ്പണിക്കരിലേക്കും ചുമ്മാ നടത്തങ്ങള്‍ തുടങ്ങി വെച്ചത്. ഒന്നും മനസ്സിലാവുന്നില്ല എന്ന ബോധ്യത്തിലും കവിത വായിക്കാന്‍ ഒരിഷ്ടം കിളിര്‍ത്തു വന്നതും അങ്ങനെയാണ്. കാലഗണനകളും ക്രമവുമില്ലാതെയായിരുന്നു ആ വായനകള്‍. കുഞ്ചന്‍ നമ്പ്യാരില്‍നിന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിലേക്കും   ഡി. വിനയചന്ദ്രനില്‍നിന്ന്  ആശാനിലേക്കും അവിടെ നിന്ന് ചങ്ങമ്പുഴയിലേക്കും ഒരു സംശയവുമില്ലാതെ മുങ്ങാം കുഴിയിട്ടു. പിന്നെപ്പിന്നെയാണ് കവിത ഉള്ളില്‍ രാപ്പാര്‍ക്കാന്‍ തുടങ്ങിയത്.


5
തീര്‍ച്ചയായും കവിത ആദ്യം കൊത്തിയത് സച്ചിദാനന്ദന്റെ കാട്ടുപാതയില്‍നിന്നു തന്നെയാണ്. രാഷ്ട്രീയവും സംസ്കാരവും പാരമ്പര്യവും സ്വപ്നങ്ങളും ഭാഷയും പരിസ്ഥിതിയും നാട്ടറിവുകളും മറുഭാഷാ വഴക്കങ്ങളും  ഇന്ത്യന്‍ കാവ്യവഴികളും വിവര്‍ത്തനസമുദ്രങ്ങളും രൂക്ഷ പ്രതികരണങ്ങളും സ്നേഹവും കരുണയും ഭീതിയും ആശങ്കയും സര്‍റിയല്‍ ബിംബങ്ങളും ആത്മീയതയും പോപ്പുലര്‍ കള്‍ച്ചറും ഉന്‍മാദവും മറ്റനേകം അനുഭവങ്ങളും കുത്തിമറിയുന്ന ആ ജലപ്രവാഹത്തില്‍ തന്നെയാണ്, അന്നുമിന്നും വൈയക്തികമായ അനേകം കപ്പല്‍ച്ചേതങ്ങളില്‍ ഞാന്‍ ചെന്നു നില്‍ക്കുന്നത്.  സമപ്രായക്കാരായ കവികളെ വായിക്കുംപോലെ തന്നെ  ഇപ്പോഴും കുടിച്ചു വറ്റിക്കാനാവും സച്ചിദാനന്ദന്‍ കവിതകള്‍. ഒരു ഭാവുകത്വ ബിന്ദുവിലും കെട്ടിയിടപ്പെടാത്ത അപാര പരിണാമങ്ങളുടെ കൊളാഷ് ആവുന്നതിനാലാവണം ഇത് സാധ്യമാവുന്നത്. മലയാളത്തില്‍ കവിയുടെ പൂര്‍ണ ജീവിതം ജീവിച്ചു തീര്‍ക്കുന്നത് ഈ മനുഷ്യന്‍ തന്നെയാണെന്ന്  സ്നേഹിച്ചും സംശയിച്ചും അകന്നും വീണ്ടുമടുത്തുമുള്ള സച്ചിദാനന്ദന്‍ വായനകള്‍ ബോധ്യപ്പെടുത്തുന്നു.
അതെ. അതു തന്നെയാവണം  എന്റെ നൊബേല്‍ പ്രതീക്ഷകള്‍ തിടം വെച്ചു പാഞ്ഞൊഴുകുന്നത്.


6
എന്റെ ആഗ്രഹങ്ങളുടെ നട്ടെല്ലിലേക്കു തന്നെയാണ് മൂര്‍ച്ചയുള്ള മിന്നല്‍ പാകി ആ വാര്‍ത്ത വന്നത്. സാഹിത്യ നൊബേല്‍ ടോമാസ് ട്രാന്‍സ്ട്രോമര്‍ക്ക്. സ്വിസ് കവിയും മനോരോഗ വിദഗ്ദനുമായ ട്രാന്‍സ്ട്രോമര്‍ സച്ചിദാനന്ദനടക്കമുള്ള എന്റെ ആഗ്രഹങ്ങളുടെ ഉടലില്‍ ചവിട്ടി ഒട്ടും ധൃതി കാണിക്കാതെ എന്നിലേക്കു വന്നു. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് സംസാര ശേഷി നഷ്ടപ്പെട്ട, 60 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട, 15 ലേറെ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച, സ്വീഡനിലെ ഏറ്റവും പ്രശസ്തനായ കവികളിലൊരാളായ ട്രാന്‍സ്ട്രോമര്‍ക്ക് അര്‍ഹതപ്പെട്ടതു തന്നെയാണ് ഈ പുരസ്കാരമെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നു. 2007ല്‍ ജെന്നി മൊറേലി അദ്ദേഹവുമായി നടത്തിയ സൌഹൃദം കലര്‍ന്ന അഭിമുഖം ഇപ്പോള്‍ വായിച്ചതേയുള്ളൂ. അതിലുണ്ട്, ആ മനുഷ്യന്‍ ജീവിക്കുന്ന പ്രപഞ്ചങ്ങള്‍. ചെറുപ്പക്കാര്‍ക്കുള്ള തടവറയില്‍ ഏറെ കാലം ജോലി ചെയ്ത, മനോരോഗ വിദഗ്ദനെന്ന നിലയില്‍ അനേകം മനസ്സുകളിലൂടെ കത്തിമുന പോലെ കടന്നു പോയ, വയലന്റായ ഒരു ലോകത്തിലും  പ്രാപ്പിടിയന്റേതുപോലുള്ള കാഴ്ചയില്‍ ലോകത്തെ വിവര്‍ത്തനം ചെയ്യുന്ന ട്രാന്‍സ്ട്രോമറുടെ  ചാതുരി ആ അഭിമുഖത്തിലുണ്ട്. കേവല യുക്തിയെ  മുറിച്ചു കടക്കുന്ന അതിവേഗ തീവണ്ടി പോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ലളിതവും അതേ സമയം  ഗൂഢവുമായ മറ്റൊരു ലോകം സൃഷ്ടിക്കുകയാണെന്ന് ഗാര്‍ഡിയന്‍ പത്രത്തിന്റെ വെബ്സൈറ്റില്‍ കണ്ടേത്തിയ ട്രാന്‍സ്ട്രോമര്‍ കവിതകള്‍ പറഞ്ഞു തരുന്നു.
വിവര്‍ത്തനത്തിന് സദാ സജ്ജ്മാണ് അദ്ദേഹത്തിന്റെ കവിതകളെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ ജൂലി ബോസ്മാന്‍ എഴുതിയ വാര്‍ത്ത പറഞ്ഞു തരുന്നു.


7
പിന്നെയാണ് ഓര്‍മ്മ വന്നത്, സ്വീഡിഷ് കവിതകളെ കുറിച്ചുള്ള ഒരു സമാഹാരത്തില്‍ ട്രാന്‍സ്ട്രോമറെ ഞാനും മലയാളത്തില്‍ വായിച്ചിട്ടുണ്ട്. ഏതാണ് ആ പുസ്തകമെന്ന് ഓര്‍മ്മിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് ഡി.സി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ കവറിലെ പെയിന്റിങാണ്. ആകാശം തൊട്ടു വരഞ്ഞ സ്വപ്നത്തിന്റെ ഇത്തിരിക്കരയാണ് അതില്‍.
പിന്നെയും ഓര്‍മ്മ വരുന്നു, അത് വിവര്‍ത്തനം ചെയ്തത് അതേ വിരലുകളാണ്.
ദൈവമേ, വീണ്ടും ആ വിരലുകളിലേക്കു തന്നെ വഴി നീളുന്നു.
സാക്ഷാല്‍ സച്ചിദാനന്ദന്‍!
 ..........................................................

പിന്നെ എഴുതിയത്


ഷെല്‍ഫില്‍ നിന്ന് കണ്ടുകിട്ടി ഇപ്പോള്‍, സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത റ്റൊമാസ് ട്രാന്‍സ്ട്രോമറുടെ കവിതകള്‍ അടങ്ങിയ
ആ പുസ്തകം. ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍: ആധുനിക സ്വീഡിഷ് കവിതകള്‍  എന്നാണ് പുസ്തകത്തിന്റെ പേര്.

ഡി.സി ബുക്സിനും സച്ചിദാനന്ദനും കടപ്പാട് രേഖപ്പെടുത്തി ഇതിവിടെ പകര്‍ത്തുന്നു.
നിങ്ങള്‍ക്ക് വായിക്കാന്‍ മാത്രം.


മാര്‍ച്ച് 1979
വാക്കുകളുമായി, ഭാഷയില്ലാതെ വെറും വാക്കുകളുമായി
വരുന്നവരില്‍ മടുത്ത് ഞാന്‍ മഞ്ഞു മൂടിയ
ദ്വീപിലേക്ക് കടന്നു ചെല്ലുന്നു.
മെരുക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ വാക്കുകളില്ല
എഴുതപ്പെടാത്ത താളുകള്‍ എങ്ങും പരന്നു കിടക്കുന്നു.
മഞ്ഞില്‍ ഒരു കലമാനിന്റെ
കുളമ്പടയാളങ്ങള്‍.
ഭാഷ, പക്ഷേ വാക്കുകളില്ല




തീക്കുറിപ്പുകള്‍
ആ ഇരുണ്ട മാസങ്ങള്‍ക്കിടയില്‍ എന്റെ പ്രാണന്‍
ജീവിച്ചുതിളങ്ങിയത് നിന്നെ പ്രണയിച്ചപ്പോള്‍ മാത്രം
മിന്നാമിനുങ്ങ് കത്തുകയും കെടുകയും
കത്തുകയും കെടുകയും ചെയ്യുമ്പോലെ
ഇരുളില്‍ ഒലീവ് മരങ്ങള്‍ക്കിടയില്‍ അത് പറക്കുന്നത്
നമുക്ക് മിന്നലാട്ടങ്ങളിലൂടെ പിന്‍തുടരാം.
ആ ഇരുണ്ട മാസങ്ങളിലുടനീളം ആത്മാവ്
ചുരുങ്ങി നിര്‍ജജീവമായി കിടന്നു
പക്ഷേ, ശരീരം നേരെ നിന്നിലേക്കു പോയി.
നീലകാശം അമറി;
നാം ആരും കാണാതെ പ്രപഞ്ചം കറന്നെടുത്ത്
അതിജീവിച്ചു




Thursday, September 22, 2011

പനിക്കിടക്കയിലൊരാള്‍

പനി ചിലര്‍ക്ക്, ചില നേരങ്ങളില്‍ ഒരാശ്വാസമാണ്. നിര്‍ത്താത്ത ഓട്ടങ്ങള്‍ക്കിടെ കിട്ടുന്ന നിര്‍ബന്ധിത വിശ്രമാവസ്ഥ. അതിന്റെ സന്തോഷത്തെക്കുറിച്ച്. അന്നേരം കേട്ട പാട്ടുകളെ കുറിച്ച്. 
അരികില്‍വന്ന ഓര്‍മ്മകളെ കുറിച്ച്. 

  പനിയായിരുന്നു. ദിവസങ്ങള്‍ നീണ്ട  യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ തന്നെ പനി കൂടെ ഉണ്ടായിരുന്നു. യാത്രാക്ഷീണത്തില്‍ ഞാന്‍ ഉറങ്ങിപ്പോയപ്പോള്‍ അങ്ങേര് നിര്‍ത്താതെ പണിയെടുത്തു. രാവിലെ എഴുന്നേറ്റത് കടുപ്പമുള്ളൊരു ചുമയിലേക്കാണ്. പിന്നെ, തുമ്മല്‍. ജലദോഷത്തിന്റെ തലതെറിച്ച അസ്വസ്ഥതകള്‍ക്കൊടുവില്‍ അറിയിപ്പുണ്ടായി. പനി!
പിന്നൊരു പെയ്ത്തായിരുന്നു. പനിയോ പനി. പുറത്ത് നല്ല മഴ. ഇടക്കിടെ ഇടിയും മിന്നലും. പനിയുടെ മിന്നലില്‍ ഞാനെന്നെത്തന്നെ കണ്ടു കൊണ്ടിരുന്നു.  പല കാലങ്ങളിലെ പനിയോര്‍മ്മകള്‍. രാത്രിയില്‍ ചിലപ്പോഴൊക്കെ പനി കൂടി. അന്നേരമൊക്കെ വിചിത്രമായ സ്വപ്നങ്ങള്‍ കണ്ടു. പല നിറങ്ങള്‍. പല സ്വരങ്ങള്‍. ഓര്‍മ്മയില്‍നിന്ന് ആരൊക്കെയോ ഇറങ്ങി അടുത്തു വന്നിരുന്നു.
പിറ്റേന്ന്, ഡോക്ടര്‍ പേടി തീര്‍ത്തു തന്നു. വൈറല്‍ ഫീവര്‍ തന്നെ.
മരുന്നു ചെന്നപ്പോള്‍  ഇത്തിരി ആശ്വാസമായി. പിന്നെ അങ്ങിനെ കിടന്നു. എനിക്ക് ഈയിടെ പനി ഉണ്ടായിരുന്നു എന്ന് പറയുന്നിടം വരെ.
അന്നേരമാണ് ശരിക്കും ഓര്‍ത്തത്,അടുത്തൊന്നും ഇതു പോലെ വെറുതെ ഇരുന്നിട്ടില്ലല്ലോ. തിരക്കുകളുടെ തിക്കുമുട്ടലിനിടെ വിശ്രമിച്ചിട്ട് കാലമേറെയായി. ഒരു ജോലി തീരുമ്പോള്‍ അടുത്തത് വന്ന് മുന്നില്‍ നില്‍ക്കുന്നുണ്ടാവും. അസൈന്‍മെന്റുകളുടെ ക്യൂ കഴിഞ്ഞ് നടത്തേണ്ട യാത്രകളും വായിക്കേണ്ട പുസ്തകങ്ങളും കാണേണ്ട സിനിമകളും കേള്‍ക്കേണ്ട പാട്ടുകളും ഒരിക്കലും നടക്കാത്ത കാര്യങ്ങളായി ജീവിതമാകെ തിങ്ങിനിറഞ്ഞു കഴിഞ്ഞു.
എന്നാല്‍, ശരിക്കൊന്ന് വിശ്രമിക്കാമെന്നു തന്നെ വെച്ചു. പരമാവധി നേരങ്ങളില്‍ ഫോണ്‍ ഓഫ് ചെയ്തു. ഇന്റര്‍നെറ്റ് ഏതോ അന്യഗ്രഹ ജീവിയെ പോലെ മാറി നിന്നു. ചെയ്യേണ്ട ജോലികളുടെ ലിസ്റ്റും കാണേണ്ട ആളുകളുടെ പട്ടികയും മനസ്സില്‍ നിന്ന് കുറച്ചു ദിവസത്തേക്കെങ്കിലും ഇറക്കി വെച്ചു. വല്ലാത്തൊരു സമാധാനത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത് എന്നു മനസ്സിലായി.
വീട്ടുകാരോട് പഴയ പോലെ വര്‍ത്തമാനങ്ങള്‍ പറയാന്‍ നേരം കിട്ടി. കാണാന്‍ വരുന്ന അപൂര്‍വം ചങ്ങാതിമാരോട് പഴയതും പുതിയതും പറഞ്ഞ് ചുമ്മാ ഇരുന്നു. അങ്ങനെ ഒറ്റപ്പെട്ട ഒരു തുരുത്തിന്റെ ഉള്ളില്‍നിന്ന് ആളനക്കങ്ങളുടെ നേരങ്ങളിലേക്ക്.




പാട്ടുകള്‍ക്കൊപ്പമായിരുന്നു ആ ദിവസങ്ങള്‍. എത്രയോ നാളായി കേള്‍ക്കാത്ത പാട്ടുകള്‍ ഗുഹകളില്‍നിന്ന് വീണ്ടും ഇറങ്ങി വന്നു. മലയാളവും ഹിന്ദിയും തമിഴും ഇംഗ്ലീഷും മാറി മാറി മുറിയില്‍ തത്തിക്കളിച്ചു.
ഓര്‍മ്മകളുടെ വീട്ടില്‍ ഓരോ പാട്ടിനും ഓരോ ഇടമുണ്ട്. ഓരോ പാട്ടിനൊപ്പവും ഓര്‍മ്മകളിലൂടെ, ഭൂതകാലത്തിലൂടെ നടക്കാനുള്ള സാധ്യതകള്‍.  ഒരു പക്ഷേ, വെറുതെയിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന സൌഭാഗ്യം. ഒപ്പം ജീവിച്ച പല മനുഷ്യരിലൂടെ, നടന്ന പല സ്ഥലങ്ങളിലൂടെ, കഴിഞ്ഞ പല കാലങ്ങളിലൂടെ പാട്ടിന്റെ കൈ പിടിച്ച് വീണ്ടുമൊരു നടത്തം.
അഭി എന്നൊരുചങ്ങാതിയുണ്ടായിരുന്നു. കിഷോര്‍ കുമാറിന്റെ പാട്ടുകളില്‍ തറഞ്ഞുപോയൊരു ജന്‍മം. ഒരു പാടു നാള്‍ക്കു ശേഷം അവനെ ഓര്‍മ്മ വന്നു, ഒരു പാട്ടിനൊപ്പം നടന്നപ്പോള്‍.
കോളജില്‍ പഠിക്കുമ്പോള്‍ നടത്തിയ ഒരു വിനോദ യാത്രയുടെ ഓര്‍മ്മ വന്നു, ഒരു പാട്ട് കേട്ടപ്പോള്‍. നീണ്ട യാത്രയിലെ ഏതോ രാത്രിയില്‍, ഉറക്കത്തില്‍ കണ്‍തുറന്നപ്പോള്‍ മുന്നില്‍ ഒരു കായല്‍! അതില്‍ വീണലിഞ്ഞു കിടക്കുന്നു, വൈദ്യുതി വിളക്കുകളുടെ ജലചലനങ്ങള്‍. മഞ്ഞയും നീലയും ചേര്‍ന്ന് വരച്ചൊരു എണ്ണച്ചായ ചിത്രം. കാഴ്ചക്ക് അകമ്പടിയായി ബസിലൊരു പാട്ടു മൂളുന്നുണ്ടായിരുന്നു. നീലക്കണ്ണാ എന്നുതുടങ്ങുന്നൊരു പഴയ ഗാനം. അതിനു ശേഷം അതു പലപ്പോഴും കേട്ടിട്ടുണ്ട്. പല തിരക്കുകള്‍ക്കുമിടയില്‍. എന്നാല്‍, ഇന്നത് കേള്‍ക്കുമ്പോള്‍ ഒറ്റയടിക്ക് മുറിയില്‍ ഇരച്ചെത്തി, രാവെളിച്ചങ്ങളുടെ കായല്‍ക്കരയില്‍ കണ്‍ മിഴിച്ചുനിന്ന ആ രാത്രി.
ചെറുപ്പത്തില്‍ പഴയ പാട്ടെന്നു കേട്ടാല്‍ കലിയായിരുന്നു. ഇഴഞ്ഞും ഞരങ്ങിയും വയസ്സന്‍ കാളവണ്ടി പോലെ കുടമണി കിലുക്കി വരുന്ന ഒന്നായാണ് അന്നതിനെ കണ്ടത്. ടേപ്പ് റെക്കോര്‍ഡറില്‍ സദാ പഴയ പാട്ടുകള്‍ കേട്ടു കൊണ്ടിരുന്ന അച്ഛനോട് അന്നെപ്പോഴോ തോന്നിയ ഇഷ്ടക്കേടുമുണ്ടായിരിക്കാം അതിനു പിന്നില്‍. അന്ന് ഹിറ്റായിരുന്ന ചില പുതിയ ഹിന്ദിപ്പാട്ടുകള്‍ ഒച്ചത്തില്‍ പ്ലേ ചെയ്യിച്ച് ഞാനതിന് പകരം വീട്ടാന്‍ പലപ്പോഴും ശ്രമിച്ചു. 'ഇതൊക്കെ പാട്ടാണോ, ചവറ്'^എന്ന് അച്ഛന്‍ പലപ്പോഴും രോഷത്തോടെ പ്രതികരിച്ചു.
എന്നാല്‍, കോളജിലെത്തിയതോടെ ഇഷ്ടങ്ങള്‍ തലകീഴ് മറിഞ്ഞു. പഴയ പാട്ടുകളിലേക്ക് മെല്ലെ മെല്ലെ ഇറങ്ങി ചെന്നു. കാമ്പസില്‍ നിന്നു കിട്ടിയ ചില ചങ്ങാതിമാരായിരുന്നു നിമിത്തം.
 ഹോസ്റ്റല്‍ മുറിയിലെ പഴയ പാട്ടുപെട്ടിയില്‍ നിന്ന് ബാബുരാജ് ഇറങ്ങിവന്നു. എസ്. ജാനകിയും കമുകറയും ബ്രഹ്മാനന്ദനും  പഴയകാല യേശുദാസും ഇഷ്ടക്കാരായി. മുഹമ്മദ് റഫിയിലൂടെ, മുകേഷിലൂടെ, കിഷോര്‍ കുമാറിലൂടെ പതുക്കെ തലത്ത് മഹമൂദിലേക്കും കുന്ദന്‍ലാല്‍ സൈഗാളിലേക്കും യാത്ര പോയി. ഭുപീന്ദറും ഗീതാദത്തും നൂര്‍ജഹാനും അരികിലെത്തി. മദന്‍മോഹന്‍ സംഗീതം നല്‍കി തലത്ത് പാടിയ ഫിര്‍വൊഹീ ശാം രാപ്പകല്‍ അലയടിച്ചു. എത്ര കേട്ടാലും മതിവരാതെ തലത്തു നിന്നുപാടി.
കാല്‍പ്പനിക വിഷാദങ്ങളുടെ നേരങ്ങള്‍ക്കിടയിലെപ്പോഴോ ഗസലുകള്‍ പെയ്തു തുടങ്ങി. ആദ്യം പങ്കജ് ഉദാസും ജഗ്ജിത് സിംഗുമായിരുന്നു. പിന്നെയത് മെഹ്ദി ഹസനിലേക്കും ഗുലാം അലിയിലേക്കും തിരിഞ്ഞു. മിര്‍സാ ഗാലിബിന്റെ കവിതകളിലെ അന്തം വിട്ട പ്രണയത്തിലും ആത്മീയതയിലും മനസ്സിന്റെ പെന്‍ഡുലം തറഞ്ഞുപോയി.
പി.ജി കാലത്ത് ബോണിഎമ്മും ബീറ്റില്‍സും ഈഗിള്‍സും വന്നു കൊത്തി. കെനി റോജെഴ്സും ജിം റീവ്സും മുതല്‍ കേട് കൊബൈനും (അതെങ്ങിനെ എഴുതുമാവോ മലയാളത്തില്‍) മഡോണയും ജാക്സനും ഉറ്റവരായി. ഈഗിള്‍സിന്റെ ഹോട്ടല്‍ കാലിഫോര്‍ണിയയയുടെ ഒരിക്കലും ചെക്ക് ഔട്ട് ചെയ്യാനാവാത്ത അകത്തളങ്ങളില്‍ ഭീതി കുടിച്ച് കാലങ്ങളോളമിരുന്നു. അന്നേരവും ആരോ വന്നു ചൊല്ലി.
Welcome to the hotel california
Such a lovely place
Such a lovely face...
പനിയെക്കുറിച്ച് പറഞ്ഞ് പാട്ടുകളിലെത്തി. ഇതു തന്നെയായിരുന്നു സത്യത്തില്‍ പനിക്കിടക്കയിലും സംഭവിച്ചത്. പനിക്കു ശേഷം കിട്ടിയ ചെറിയ ഇടവേള മുഴുവന്‍ പാട്ടുകളും ഓര്‍മ്മകളും കൊത്തിയെടുത്തു കൊണ്ടുപോയി. അതിന്റെ വല്ലാത്ത ശാന്തയും സമാധാനവും ഇപ്പോള്‍ മനസ്സിലുണ്ട്.



കുട്ടിക്കാലത്തു തുടങ്ങിയതാണ് പനിക്കിടക്കയോടുള്ള പ്രിയം.
എങ്ങും പോവണ്ട. രാപ്പകല്‍ മൂടിപ്പുതച്ച് കിടക്കാം.  അമ്മയുടെ സാമീപ്യം.നെറ്റിയിലും നെഞ്ചിലും പുരട്ടിത്തരുന്ന വിക്സ്. നിര്‍ബന്ധിച്ചുള്ള മരുന്നു കഴിപ്പിക്കല്‍. കഞ്ഞിയും പയറും. ഇതൊക്കെയായിരിക്കണം പനി എന്നു പറയുമ്പോള്‍ ഹാ, കൊള്ളാം എന്ന് ആലോചിക്കാവുന്ന അവസ്ഥയില്‍ എത്തിച്ചത്. തീരെ ആരോഗ്യം കുറഞ്ഞ കുട്ടിയായിരുന്നു ചെറുപ്പത്തില്‍. ഇടക്കൊക്കെ പനി വരും. ഇത്തിരി മുതിര്‍ന്നപ്പോഴാണ് അത് ഇല്ലാതായത്.
എന്നാല്‍, മുതിര്‍ന്നപ്പോഴും പനിക്കിടക്കയിലെ ദിവസങ്ങളോടുള്ള പ്രിയം കുറഞ്ഞില്ല. ഒഴിവു ദിവസം പോലും വീട്ടില്‍ ഇരിക്കാറില്ല. ഹോസ്റ്റലില്‍നിന്ന് വീട്ടിലെത്തിയാല്‍ പോവും വരെ തിരക്കാവും. പല നാടുകളിലെ ജോലി സ്ഥലങ്ങളില്‍നിന്ന് വരുമ്പോഴും വീട്ടില്‍ ഇരിക്കാന്‍ സമയം കിട്ടാറില്ല. പിന്നെ, ഒന്ന് വിശമ്രിക്കുന്നത്, സമാധാനമായി വെറുതെ ഇരിക്കുന്നത് പനിക്കുമ്പോഴാണ്. അതിനാല്‍, ചെറിയ പനി വരുമ്പോഴേ വീട്ടില്‍ ചെന്നടിയും. ചുരുങ്ങിയത് ഒരാഴ്ച എങ്കിലും വീട്ടില്‍നിന്നിറങ്ങില്ല. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇതാവര്‍ത്തിക്കാറുണ്ട്.
പനിച്ചൂടില്‍ മൂടിപ്പുതച്ച് കിടക്കാനാണ് എനിക്കിഷ്ടം. അമ്മയുടെ പരിഗണനയും സാമീപ്യവുമൊക്കെ നിര്‍ബന്ധം. വെറുതെ കിടന്ന് അങ്ങനെ ഉറങ്ങും. നല്ല പനിയെങ്കില്‍ വിചിത്ര  സ്വപ്നങ്ങള്‍ കൂട്ടുവരും.നിറപ്പകിട്ടുള്ള അപര ലോകങ്ങള്‍. വായിച്ചും കേട്ടുമറിഞ്ഞ പല രൂപങ്ങളും ജീവികളും ഇമേജുകളും കത്തിജ്വലിക്കുന്ന നിറങ്ങളോടെ സ്വപ്നത്തില്‍  നിറയും.  പിന്നെ, പാട്ട്. നിര്‍ത്താതെ പാടിക്കൊണ്ടേയിരിക്കും അരികെ ആരെങ്കിലും.
ഇപ്പോള്‍ അവസ്ഥകളൊക്കെ മാറി. അടുത്ത് അമ്മയില്ല. വീടില്ല. മറ്റൊരിടത്ത്, മറ്റൊരു സാഹചര്യത്തില്‍. തിരക്കുകള്‍ മാത്രമേ മാറാതെ ബാക്കിയുള്ളൂ. പനിക്കിടക്കയിലെ ദിവസങ്ങളും.



എന്നാല്‍, എന്നും നിലനില്‍ക്കില്ല. പനിയോടുള്ള പ്രേമം. രണ്ട് വര്‍ഷം മുമ്പൊരു പെരുമഴക്കാലത്ത് അത് തട്ടിത്തൂവിപ്പോയി. അതു കൂടെ പറയാതെ ഇത് പൂര്‍ണമാവില്ല.
ചികുന്‍ ഗുനിയയായിരുന്നു വില്ലന്‍. കൊടുങ്കാറ്റടിക്കുന്നതു പോലെയായിരുന്നു അത്. ജോലി ചെയ്തു കൊണ്ടിരിക്കെ വെട്ടിയിട്ടതു പോലെ ഒറ്റ വീഴ്ച. പിന്നെ പനിയായിരുന്നു. ഒരാഴ്ച. ശരീരമാസകലം വേദന. ഭ്രാന്തമായ സ്വപ്നങ്ങള്‍ ഇടതടവില്ലാതെ പെയ്ത നിദ്രകള്‍. എഴുന്നേറ്റിരിക്കാന്‍ പോലും വയ്യാത്തത്ര അവശത. ആഴ്ചകള്‍ക്കുശേഷം എങ്ങിനെയോ കരകയറിയിട്ടും ശരീരവേദനകള്‍ നിലനിന്നു. ഒരു പാടു കാലം കഴിഞ്ഞു, ആ വേദന പോവാന്‍. ഇപ്പോഴും വരാറുണ്ട് ആ വേദനയുടെ നിഴലുകള്‍.
സത്യത്തില്‍ പനിയല്ല. ആ പേരു പറഞ്ഞ്, വെറുതെയിരിക്കാനാവുന്ന ആ അവസ്ഥ തന്നെയാണ് എനിക്ക് പ്രിയങ്കരം. അത്തരത്തില്‍ ഒരു തിരുത്തു നല്‍കാതെ ഈ കുറിപ്പ് അവസാനിപ്പിക്കരുതെന്ന് വിളിച്ചു പറയുന്നു, ഉള്ളിലെ പഴയ ചികുന്‍ ഗുനിയാ ഓര്‍മ്മ :-)


Saturday, September 3, 2011

മരിച്ചവരുടെ വീട്ടില്‍ ഒരോണപ്പൊട്ടന്‍

   പൈഡ്പൈപ്പറിനെ പോലെ കുട്ടികളെ പിറകില്‍ അണിനിരത്തി ഓണവെയിലിലൂടെ പാഞ്ഞു നടന്ന ഓണപ്പൊട്ടന്റെ ബാല്യ സ്മൃതികള്‍. അതിലേക്ക് മരണവുമായി പാഞ്ഞു വന്ന യാഥാര്‍ഥ്യം. 
എല്ലാവരും മരിച്ചൊഴിഞ്ഞ ഒരു വീടിന്റെ തണുത്ത നിശãബ്ദത ഓര്‍മ്മ കൊണ്ട് പൂരിപ്പിക്കുന്ന വിധം.

ഫോട്ടോ: ഡോ. കെ സജി
 തലങ്ങും വിലങ്ങും പടര്‍ന്ന അനേകം കാട്ടു ചെടികളുടെ കൂടാരമായിരുന്നു ആ തൊടി. ഒത്ത നടുക്ക് നിലം തൊടാന്‍ ഓങ്ങി നില്‍ക്കുന്ന, ഓടു പാതിയും വീണുപോയൊരു വീട്.  തൊട്ടപ്പുറത്ത് നിലം പൊത്തിയ തൊഴുത്ത്. അരികെ, പ്രതിമപോലെ ബാക്കിയായ ഇടിവെട്ടേറ്റ തെങ്ങില്‍നിന്ന് ഒരു പറ്റം പക്ഷികള്‍ ഒന്നിച്ചിളകി. ഒരിക്കല്‍ മുറ്റമായിരുന്ന ഇടത്തിപ്പോള്‍ ആരൊക്കെയോ കൊണ്ടിട്ട  വീട്ടു മാലിന്യങ്ങളാണ്. തൊടിയിലേക്കു കയറാന്‍ ചെത്തു കല്ല് നിരത്തി വെച്ച് മണ്ണിട്ടുണ്ടാക്കിയ പടവുകള്‍ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.
നിശãബ്ദതയെന്നു വിളിക്കാനാവില്ല ആ തൊടിയുടെ അവസ്ഥയെ. പല തരം അനക്കങ്ങള്‍ അവിടവിടെ. ഏതൊക്കെയോ പക്ഷികള്‍. അണ്ണാറക്കണ്ണന്‍മാര്‍.  മെലിഞ്ഞെല്ലു കൂടായൊരു പട്ടി ഇടക്കിടെ മോങ്ങിക്കൊണ്ടിരുന്നു. എന്നാല്‍, എല്ലാ അനക്കങ്ങള്‍ക്കുമപ്പുറം അവിടെയാകെ മരണത്തിന്റെ നിശãബ്ദത തന്നെയാണെന്ന് രണ്ടമതാലോചിച്ചപ്പോള്‍ തോന്നി. എല്ലാവരും മരിച്ചൊഴിഞ്ഞ ഒരു വീടിന്റെ വിറങ്ങലിച്ച നിശãബ്ദത. വൃത്തിയില്ലാതെ പടര്‍ന്ന മരങ്ങള്‍ക്കിടയില്‍ അനക്കമറ്റൊരു വെയില്‍ വീണുകിടക്കുന്നു.
അത് ചന്തുവേട്ടന്റെ വീടാണ്. ഒരു കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്ത ഇടം. മരണാസന്നയായി കിടക്കുന്ന അടുത്ത ബന്ധുവിനെ കാണാനുള്ള ഇത്തിരി നീണ്ട നടത്തത്തിനിടെയാണ് അസാധാരണ നിശãബ്ദതയാല്‍ ഭയപ്പെടുത്തുന്ന ആ വീടിനു മുന്നില്‍ ചെന്നു പെട്ടത്. പാടവരമ്പത്തുനിന്നു കയറി പാതി പറമ്പാക്കി മാറ്റിയ വയലിന്റെ ഉണങ്ങി വിണ്ട നിലത്തിലൂടെ നടക്കുകയായിരുന്നു. പൊടുന്നനെ ആ വീട് അതിന്റെ നിശãബ്ദതയാല്‍ എന്നെ കൈ പിടിച്ചു വലിച്ചു. ഏറെ നാള്‍ക്കു ശേഷം നാട്ടിലെത്തിയവന്റെ അമ്പരപ്പിനപ്പുറം മറ്റെന്തൊക്കെയോ പറഞ്ഞു.
നാലഞ്ചു കൊല്ലം മുമ്പാണ് കൂട്ട ആത്മഹത്യയുടെ വിവരം ഫോണിലൂടെ തേടിയെത്തിയത്. ചന്തുവേട്ടനും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തു. വിശേഷങ്ങളറിയാന്‍ വിളിച്ച ഉറ്റ ബന്ധു മറ്റെന്തോ പറയുന്ന നേരത്ത് അവിചാരിതമായി അതിലേക്ക് ചെന്നു ചാടുകയായിരുന്നു. അതിനും മാസങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ നടന്നത്. വലിയ സംഭവങ്ങളൊന്നും പതിവില്ലാത്ത നാട്ടിന്‍പുറത്ത് അതൊരു വലിയ വാര്‍ത്തയായിരുന്നു. നാടു വിട്ടു പോയൊരാള്‍ക്കു മാത്രം സാധ്യമാവുന്ന ഒളിച്ചു കഴിയലിന്റെ സൌകര്യമാണ് ആ വാര്‍ത്തയില്‍നിന്ന് എന്നെ രക്ഷിച്ചത്.
എന്തിനാണ് ചന്തു വേട്ടന്‍ അങ്ങനെയൊരു കടുംകെ ചെയ്തതെന്ന ചോദ്യം സ്വാഭാവികമായിരുന്നു. അത്ര സ്വാഭാവികമായി ജീവിക്കുന്നൊരാളായിരുന്നു അയാള്‍. പച്ച മനുഷ്യന്‍. കഠിനമായി അധ്വാനിക്കുന്ന, സന്തോഷത്തോടെ കഴിയുന്ന ഒരാള്‍. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നൊരാള്‍.
എന്റെ സംശയത്തിന് ഫോണില്‍ വ്യക്തമായ ഉത്തരമൊന്നും ലഭിച്ചില്ല. അതാര്‍ക്കും ഇനിയുമറിയില്ലെന്നു തന്നെ തോന്നുന്നു.
അത് കഴിഞ്ഞിട്ടിപ്പോള്‍ വര്‍ഷങ്ങള്‍. ഇതിനിടെ, ചിലപ്പോഴൊക്കെ നാട്ടില്‍ ചെന്നിരുന്നെങ്കിലും വീട്ടില്‍നിന്ന് ഇത്തിരി അകലത്തായിരുന്ന ചന്തുവേട്ടന്റെ വീടോ ആ മനുഷ്യനും കുടുംബത്തിനും വന്നു പെട്ട ദുരന്തമോ വിഷയമായി കടന്നു വന്നില്ല. ഇപ്പോഴാദ്യമായി ഇതാ ആ വാര്‍ത്തക്കും ദുരന്തത്തിനും മധ്യേ ഒറ്റക്ക് പെട്ടുപോയിരിക്കുന്നു.

ഫോട്ടോ: ഡോ. കെ സജി
ഞങ്ങളുടെ നാടിന്റെ മിത്തുകളിലെ പ്രധാന കഥാപാത്രമായിരുന്നു ചന്തുവേട്ടന്‍. ഓണം എന്ന ഓര്‍മ്മയോട് ചേര്‍ത്തു വെക്കാന്‍ ഞങ്ങള്‍ക്ക് ആകെയുള്ള പോംവഴി. ഞങ്ങളുടെ ഓണപ്പൊട്ടന്‍.  മുഖത്തെഴുതി, ഓടപ്പുല്ലില്‍ ചായമടിച്ച താടി നീട്ടി, കുരുത്തോല താഴ്ത്തിയിട്ട ഓലക്കുട ചൂടി, കിരീടം ചൂടി,  കൈ മണി കിലുക്കി ഓണനാള്‍ അയാള്‍ ഓരോ വീട്ടിലും കയറിയിറങ്ങും. കിലുങ്ങുന്ന മണിക്കൊപ്പം കുട്ടികളുടെ അകമ്പടിയോടെ ദേശമാകെ ചുറ്റി നടക്കും. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ചിങ്ങ വെയിലിന്റെ മധ്യത്തിലൂടെ മണി കിലുങ്ങി നടന്നു വരുന്ന അയാളുടെ രൂപം ബാല്യത്തിന്റെ ഏറ്റവും തേജോമയമായ ഓര്‍മ്മയാണ്.
ഓണപ്പൊട്ടനെ കണ്ടുതുടങ്ങിയ കാലം ഇപ്പോഴും മനസ്സിലുണ്ട്. തീരെ ചെറുപ്പത്തിലാണ്. ഓണമാണ്. അതിരാവിലെ എത്തുന്ന ഓണപ്പൊട്ടനെ കാണാന്‍ കണ്ണു തിരുമ്മി കാത്തിരിപ്പായിരുന്നു. കാത്തിരിപ്പിനിടയിലേക്ക് പൊടുന്നനെ തുടര്‍ച്ചയായി മണി കിലുങ്ങി. മുറ്റത്തേക്ക് ഓലക്കുട ചൂടി അയാള്‍ അതിവേഗം നടന്നു വന്നു. തെയ്യത്തിന്റേതു പോലെ മുഖത്തെഴുതിയതിനാല്‍ എനിക്ക് ആളെ മനസ്സിലായില്ല. കറുത്തുരുണ്ട കൈകളും മുഖത്തെ ചിരിയും കണ്ടപ്പോള്‍ എന്തോ പരിചയം തോന്നി. എന്നാല്‍, ഒരു പിടിയും കിട്ടിയില്ല.
അയാള്‍ പടിയിറങ്ങി പോയ നേരത്താണ് എന്റെ സംശയം പൊടിപടലം പറത്തിയത്.
'ആരാണമ്മേ ഈ ഓണപ്പൊട്ടന്‍?'
'അതു ചന്തുവേട്ടനല്ലേടാ. പണിക്കൊക്കെ വരുന്ന ചന്തുവേട്ടന്‍'
'ഹെന്റമ്മേ, എന്തൊരു മാറ്റം. കണ്ടാല്‍ തോന്നില്ല'
ഒറ്റനോട്ടത്തില്‍ ഒരാകര്‍ഷണവും തോന്നാത്ത ഒരാളാണ് ചന്തുവേട്ടന്‍. കറുത്തു തടിച്ച്, എപ്പോഴും തല ഉയര്‍ത്തി നടന്നു പോവുന്നൊരാള്‍. കര്‍ക്കടകം പിറക്കുന്ന നാളില്‍ കൊട്ടിപ്പാടാന്‍ വരുമ്പോള്‍ ഞാനാണ് അയാള്‍ക്ക് അരി കൊടുക്കാറ്. പറമ്പിലെ പണിക്കു വരുമ്പോള്‍,  കൂടെ നടന്ന് സംശയങ്ങളാല്‍ പൊതിയുന്ന എന്നെ സമാധാനിപ്പിക്കാന്‍ ഏറെ പാടു പെടാറുണ്ടായിരിക്കും അയാള്‍.
പക്ഷേ, ഓണപ്പൊട്ടനായി വരുമ്പോള്‍ അയാള്‍ ആളാകെ മാറും. അലങ്കാരങ്ങളില്‍ പൊതിഞ്ഞ്, കുടയും മണി കിലുക്കവും കിരീടവുമൊക്കെയായി  അതിസുന്ദര രൂപം. കൂടെ നടക്കുന്ന കുട്ടികളുടെ മുന്നില്‍ കുലുങ്ങിച്ചാടി നടക്കുമ്പോള്‍ എന്തു രസമാണ്. വലിയ കുടവയര്‍ മറച്ചു തുളുമ്പുന്ന അലങ്കാരങ്ങള്‍ വകവെക്കാതെ കുട്ടികളോട് ചിരിച്ചു മറിയുന്ന ആ മനുഷ്യന്‍ വസന്തത്തിന്റെ ദേവനെപ്പോലെ തോന്നിപ്പിക്കും.

ഇത്തിരി മുതിര്‍ന്നപ്പോഴും ഞാനയാളുടെ ആരാധകനായിരുന്നു. വല്ലാത്ത കരിസ്മയുണ്ടായിരുന്നു ഓണപ്പൊട്ടനാവുമ്പോള്‍ ആ മനുഷ്യന്. കറുപ്പിലും ചുവപ്പിലും വെളുപ്പിലും വരഞ്ഞ ഒരു നാടോടി ചിത്രം പോലെ പച്ച മെഴുകിയ നാട്ടുവഴികളിലൂടെ അയാള്‍ പാഞ്ഞു നടക്കുന്നത് അത്രക്കാഴത്തില്‍ പതിഞ്ഞിട്ടുണ്ട്, ഉള്ളില്‍.
ഓണത്തിനു മാത്രമായിരുന്നു അയാള്‍ ദേശത്തെ തന്റെ പിന്നാലെ നടത്തിച്ചത്. അന്ന് കുട്ടികള്‍ അയാളുടെ പിറകില്‍നിന്ന് മാറാതെ നില്‍ക്കും. പിറ്റേന്ന് പണി സാധനങ്ങളുമായി പാടത്തേക്കു പോവുമ്പോള്‍ അയാള്‍ക്കു പിന്നാലെ ആരുമുണ്ടാവില്ല. അടുത്ത ഓണത്തിന് പ്രതാപവാനായ ഓണപ്പൊട്ടനായി മാറാനാവുമെന്ന വിചാരമാവാം ഒരു പക്ഷേ, ഒരു വര്‍ഷത്തെ മുഴുവന്‍ ദുരിതങ്ങളും മറികടക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നിപ്പോള്‍ തോന്നുന്നു. എല്ലാവര്‍ക്കുമുണ്ടാവില്ലേ അത്തരം ഓരോ നാളുകള്‍.
വീടു വിറ്റ് മറു നാട്ടിലേക്ക് ചേക്കേറുമ്പോള്‍ കുറച്ചേറെ മുതിര്‍ന്നിരുന്നു. കോളജില്‍ ചേര്‍ന്ന കാലം. അപ്പോഴേക്കും ചന്തുവേട്ടനുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. കാണുമ്പോഴോക്കെ തമാശ പറഞ്ഞും ചിരിച്ചും അയാള്‍ ആ അടുപ്പം പ്രകടിപ്പിച്ചു. പ്രായമായിട്ടും കല്യാണം നടക്കാതെ പോവുന്ന പെണ്‍മക്കളുടെ ദുരിതം എപ്പോഴൊക്കെയോ പറഞ്ഞു. സ്വസമുദായത്തില്‍നിന്ന് ആലോചന വരാനുള്ള അയാളുടെ കാത്തിരിപ്പ് അന്നെന്നെ അമ്പരപ്പിച്ചു. അത് സ്വാഭാവികമാണെന്ന് ഇപ്പോഴെനിക്കറിയാം. ജാതിയില്‍ താഴ്ന്നതായതിനാല്‍ അവര്‍ക്ക് മറ്റു സമുദായങ്ങളില്‍നിന്ന് വിവാഹ ആലോചനകള്‍ സ്വാഭാവികമായിരുന്നില്ല. സമ്പത്തും സൌന്ദര്യവും കുറയുമ്പോഴുണ്ടാവുന്ന പതിവു തലവിധി വേറെയും.
നാടു വിട്ട ശേഷം ഇടക്കൊക്കെ തറവാട്ടില്‍ വരുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെ കാണാറുണ്ടായിരുന്നു. പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ചന്തുവേട്ടനോട് വിശദീകരിച്ച് കുഴങ്ങും.  എല്ലാമറിയുന്ന മട്ടില്‍ തലയാട്ടിയ ശേഷം വീണ്ടും ചോദിക്കും, അല്ലാ അപ്പോ എന്തായിരുന്നു പണി?


ഇതിപ്പോള്‍ ഓണക്കാലമാണ്.  പൂക്കളും പൂമ്പാറ്റകളുമൊക്കെ ബാക്കിയുണ്ടെങ്കിലും കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ വരച്ചിട്ട കാന്‍വാസില്‍നിന്ന് ഓണത്തിന്റ കടും നിറം മാഞ്ഞു പോയിരിക്കുന്നു. പകരമിപ്പോള്‍ പുതിയ കാലത്തിന്റെ പൂവിളികള്‍, തിരക്കു കൊണ്ടും പിറ്റേ ദിവസത്തെക്കുറിച്ച ആശങ്ക കൊണ്ടും,   ഓണത്തെ ഒരനുഷ്ഠാനം പോലെ വരഞ്ഞിട്ടു രസിക്കുന്നു. എങ്കിലും ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട് ആ കൈ മണി കിലുക്കം.
സ്വന്തം നാട് എന്നത് ഓര്‍മ്മ കൊണ്ടു മാത്രം പൂരിപ്പിക്കാനാവുന്ന ഒന്നായതിനാല്‍ പതിവിലുമേറെ ഉച്ചത്തില്‍ മണി കിലുക്കി ചന്തുവേട്ടന്‍ ഇപ്പോഴും നടന്നു വരാറുണ്ട്, പലപ്പോഴും സ്വപ്നത്തില്‍. അതേ ഉറക്കം തന്ന അത്തരം ഓര്‍മ്മകളെ മുക്കി കൊല്ലാറുമുണ്ട്.
എന്നാല്‍, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ കൊണ്ടാണ് ഇത്തവണ ഓണത്തിന്റെ ഓര്‍മ്മയിലേക്ക് ചന്തുവേട്ടന്‍ നടന്നെത്തുന്നത്.  സത്യത്തില്‍ എന്താണ് ആ മനുഷ്യന് സംഭവിച്ചത്. എല്ലാ കിളിപ്പേച്ചുകളും അമര്‍ത്തിപ്പിടിച്ച് മരണം നിശãബ്ദത കൊണ്ട്  വരിഞ്ഞു കെട്ടിയിരിക്കുന്ന ആ വീടും പറമ്പും ഉച്ചത്തില്‍ വിളിച്ചു പറയുന്നത് എന്താണ്. കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തത്തിന്റെ തമ്പുരാനാവുന്ന ഒരു മനുഷ്യന്‍ പിറകുവശത്തെ കാടു മൂടിയ മണ്‍കൂനക്കകത്ത് എങ്ങനെയാവും ഒരോണക്കാലത്ത് അനങ്ങാതെ കിടക്കുന്നുണ്ടാവുക.
അയാള്‍ക്ക് കാണാനായിരിക്കണം ആ പറമ്പിനു ചുറ്റും ഇത്രയേറെ ചുവന്ന ചെക്കിപ്പൂക്കള്‍ വീണുകിടക്കുന്നത്.



Thursday, August 25, 2011

ശിശിരത്തിലെ ഒരമ്മ മരം

ജീവിതത്തില്‍നിന്ന് ഈയിടെ അറ്റുപോയ ഒരമ്മയെ കുറിച്ച്.
അവര്‍ മൊഴിമാറ്റി അനശ്വരമാക്കിയ ഒരു കഥയെ കുറിച്ച്.
ആ കഥയിലൂടെ സ്പര്‍ശിച്ച ഭാവനയുടെ മഴവില്ലുകളെ കുറിച്ച്. 


 മരണം അതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാല്‍  എഴുതിക്കൊണ്ടേയിരിക്കുന്ന തുടര്‍ക്കഥയാണ് പത്രങ്ങളിലെ ചരമപേജ്. ഇഷ്ടമേയല്ല, എനിക്കത്.  അതിലെവിടെയെങ്കിലും ഉറ്റവരുടെ പടമുണ്ടാവുമോ എന്ന ആധിയില്‍ പത്ര വായനക്കിടെ മുന്നില്‍ പെടുമ്പോഴൊക്ക  ആ പേജില്‍നിന്ന് ഓടി രക്ഷപ്പെടാറാണ് പതിവ്.
എന്നിട്ടും, നീണ്ട യാത്ര കഴിഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ചെന്നു പെട്ടത് ചരമപേജിലാണ്. മുന്നിലെത്തിയ തുറക്കാത്ത പത്രങ്ങളില്‍നിന്ന് എനിക്കു വേണ്ടി കാറ്റ് തുറന്നിട്ട പേജ്. അറിയാതെ കണ്ണെത്തി നിന്നത് ആ പേരിലായിരുന്നു. ഡോ. സി തങ്കം. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന  ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി തങ്കം ( 87) അന്തരിച്ചെന്ന് അതിനടിയിലെ വരികള്‍ പറഞ്ഞു തന്നു.


ഒറ്റയടിക്ക് ഞാനെന്റെ കുട്ടിക്കാലത്തിലേക്ക് മറിഞ്ഞു വീണു. അവിടെയുണ്ടായിരുന്നു, ഭീമാകാരനായ ഒരു ഓക്കു മരം.  റഷ്യയിലെ ഏതോ വനത്തില്‍ അനേകം ജീവജാലങ്ങള്‍ക്ക് കൂടായി മാറിയൊരു മരമുത്തശãി. മഞ്ഞു കൊണ്ടുള്ള ആ മരത്തിന് വെളിച്ചത്തിന്റെ അനേകം ചെറു പൊട്ടുകള്‍ കണ്ണെഴുതി.  വായന കൊണ്ടു മാത്രം മുറിച്ചു കടന്ന ഏകാന്തമായ ബാല്യത്തിന്റെ സങ്കല്‍പ്പ വിമാനങ്ങളില്‍ ഞാനാ മരത്തിനരികെ പല വട്ടം പോയിരുന്നു.  അവിടെ, ഇലപ്പച്ചയുടെ ജലച്ചായം  മഞ്ഞിന്റെ വെണ്‍മയില്‍  ചാലിച്ച് ഞാന്‍ വരച്ച അനേകം ചിത്രങ്ങളുണ്ടായിരുന്നു. ഇലപ്പഴുതുകളിലൂടെ കടന്നു വന്ന സൂര്യ പ്രഭയുടെ മാന്ത്രികത തുന്നിയ അനേകം കിനാവുടുപ്പുകള്‍.
ആ ഒറ്റ മരം എനിക്കു കിട്ടിയത് മുന്നിലെ പത്രത്തില്‍ വെറുമൊരു പേരായി കിടക്കുന്ന ആ അമ്മയില്‍നിന്നായിരുന്നു. ഡോ. തങ്കത്തിന്റെ. അവരെഴുതിയ അതിമനോഹരമായ വരികളില്‍നിന്ന്.  എന്നെ പോലെ അന്നത്തെ അനേകം കുഞ്ഞുങ്ങള്‍ക്ക് അവര്‍  ഇലപ്പച്ച കൊണ്ട് തൊടാനാവുന്ന ഭാവനയുടെ കാടകം കാണിച്ചു കൊടുത്തിരിക്കണം, തീര്‍ച്ച.

യൂറി മാര്‍കോവിച് നഗിബിന്‍
17 വര്‍ഷം മുമ്പ് അധികമാരുമറിയാതെ മരിച്ച റഷ്യന്‍ എഴുത്തുകാരനായ യൂറി മാര്‍കോവിച് നഗിബിന്‍ എഴുതിയ ശിശിരത്തിലെ ഓക്കു മരം എന്ന എന്ന കഥ മലയാളത്തിന്റെ ഇലത്തുമ്പിലേക്ക് പറിച്ചു നട്ടത് ഡോ. തങ്കമായിരുന്നു. നഗിബിനെ ഒരു പക്ഷേ, മലയാളികള്‍ അറിഞ്ഞതും ഇഷ്ടപ്പെട്ടതും ഈ കഥയിലൂടെ മാത്രമായിരിക്കണം.
ഭാഷയുടെ കമ്പിവേലി അതിരിട്ടതിനാല്‍ നഗിബിന്റെ റഷ്യന്‍ കഥ  വായിച്ചിട്ടില്ല. അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമുണ്ടോ എന്നുമറിയില്ല. വായിച്ചത് ഡോ. തങ്കം പണ്ട് സൂചീമുഖിയില്‍ എഴുതിയ ആ കഥയാണ്. ശിശിരത്തിലെ ഓക്കു മരം എന്ന തലക്കെട്ടിനു താഴെ ആരെയും കൈ പിടിച്ചു കൂട്ടിക്കൊണ്ടുപോവാനാവുന്ന ഭാഷയുടെ ചങ്ങാത്തക്കൈകളുണ്ടായിരുന്നു. സ്നേഹവും വാല്‍സല്യവും കടലു പോലെ തുളുമ്പുന്ന ഒരമ്മക്ക് മാത്രം കഴിയുന്ന  കഥ പറച്ചിലിന്റെ ലാളിത്യവും സാരള്യവുമുണ്ടായിരുന്നു. വാക്കുകളുടെ ആ ഗോവണി കയറിയാല്‍  ഭാവനയുടെ അനേകം ആകാശങ്ങള്‍ കൈയെത്തിപ്പിടിക്കാനാവുമായിരുന്നു.

ഗൂഗിളില്‍ തുഴ എറിഞ്ഞപ്പോള്‍ അവരുടെ ചരമ വാര്‍ത്തയില്‍ വീണ്ടും ചെന്നു പെട്ടു. അതില്‍ കാര്യമാത്ര പ്രസക്തമായ ഭാഷയില്‍ അവരെ കുറിച്ച് എഴുതിയിരിക്കുന്നു.
വെറുമൊരു വാര്‍ത്തയായിരുന്നു അത്. പ്രധാനപ്പെട്ട ഒരു വാര്‍ത്തയാവാനുള്ള സര്‍വ യോഗ്യതയുമുണ്ടായിട്ടും  പത്രങ്ങളൊന്നും അത് തിരിച്ചറിഞ്ഞില്ലെന്നു തോന്നുന്നു. വാര്‍ത്തകള്‍ എഡിഷനുകളില്‍ ഒതുങ്ങുന്ന കാലത്ത്, ആ വാര്‍ത്ത ഒരു പക്ഷേ, അവരുടെ തട്ടകമായ തിരുവനന്തപുരത്ത് വലിയ വാര്‍ത്തയായിരിക്കണം എന്ന് വെറുതെ ഊഹിച്ചു.

ആ വാര്‍ത്ത ഇങ്ങനെയായിരുന്നു.

ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി. തങ്കം
തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി. തങ്കം (87) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ദേവസം ബോര്‍ഡ് ജങ്ഷന്‍ കവടിയാര്‍ ബെല്‍ഹെവന്‍ ഗാര്‍ഡന്‍സ് 'ശാന്തി'യിലായിരുന്നു അന്ത്യം. മദിരാശി പ്രസിഡന്‍സി കോളേജില്‍നിന്ന് ഔദ്യോഗിക ജീവിതം തുടങ്ങി. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ബയോളജി പ്രൊഫസറായി റിട്ടയര്‍ ചെയ്തു.തിരുവനന്തപുരത്തെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്നു. ശര്‍മ്മാജിയുടെ മരണശേഷം ശര്‍മ്മാജി സ്ഥാപിച്ച ബാലവിഹാറിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇവര്‍ രചിച്ച 'ശിശിരത്തിലെ ഓക്കുമരം' എന്ന പുസ്തകത്തിന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പരേതനായ സി.ഉണ്ണിരാജ, പരേതയായ ഡോ. സി.കെ. തമ്പായി, സി. സരോജിനി, ജസ്റ്റിസ് സി.എസ്. രാജന്‍ എന്നിവരാണ് സഹോദരങ്ങള്‍.മക്കള്‍: ഡോ. ശങ്കര്‍. ഡോ. ശാന്തി, അശോക്, അനിത. മരുമക്കള്‍: ഡോ. ഉമ, സതീഷ്, ഡോ.മിനി.മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിവരെ വസതിയായ കവടിയാര്‍ ബെല്‍ഹെവന്‍ ഗാര്‍ഡന്‍സിലെ ശാന്തിയില്‍ പൊതുദര്‍ശത്തിന് വെയ്ക്കും. രാവിലെ വഴുതക്കാട്ടുള്ള ലെനിന്‍ ബാലവാടിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ബുധനാഴ്ച രാവിലെ 11ന്‌വൈദ്യുതി ശ്മശാനത്തില്‍ ശവസംസ്‌കാരം. മൃതദേഹത്തില്‍ റീത്ത് വെയ്ക്കുകയോ മറ്റ് മരണാനന്തരച്ചടങ്ങുകള്‍ നടത്തുകയോ ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.



വാര്‍ത്തയില്‍ അവരുടെ ഉറ്റവരുടെ പേരുകളുണ്ടായിരുന്നു. കേരളത്തിന് അവഗണിക്കാനാവാത്ത ചില പേരുകള്‍. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ പ്രമുഖനായിരുന്ന ശര്‍മാജി. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ സി. ഉണ്ണിരാജ. കേരളത്തിന്റെ പാരിസ്ഥിതിക ഭൂപടത്തില്‍ അക്കാദമിക് ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഡോ. എസ്. ശങ്കര്‍. പരിസ്ഥിതി ആക്റ്റിവിസത്തിന് അക്കാദമിക് അടിത്തറ പാകിയവരില്‍ പ്രധാനികളായ എസ്. ശാന്തി, എസ്. അനിത, സതീഷ് ചന്ദ്രന്‍ നായര്‍. എനിക്കറിയാത്ത മറ്റുള്ളവര്‍. ഇവര്‍ക്ക് മാത്രമല്ല  കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ട  അമ്മയായിരുന്നു അവര്‍..
കേരളത്തില്‍ പി.എച്ച്.ഡി നേടിയ ആദ്യ കാല വനിതകളില്‍ ഒരാളായിരുന്നു അവര്‍. തിരുവനന്തപുരം വിമന്‍സ് കോളജിന്റെ പ്രിയപ്പെട്ട ജീവശാസ്ത്ര അധ്യാപിക. എന്നാല്‍, പല അധ്യാപകരില്‍നിന്നും  വ്യത്യസ്തമായി ചെടികളെയും ജീവജാലങ്ങളെയും കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്നു അവര്‍ക്ക്.  റിട്ടയര്‍ ചെയ്തിട്ടും എഴുത്തിലും ചിന്തകളിലും സജീവമായിരുന്നു.  പയ്യന്നൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സൂചീമുഖി മാസികയില്‍ ഈയടുത്തും അവരുടെ കുറിപ്പുകള്‍ കണ്ടിരുന്നു.

'ശിശിരത്തിലെ ഓക്കു മര'ത്തിന്റെ കവര്‍ ചിത്രം


ഈയടുത്താണ് അവിചാരിതമായി 'ശിശിരത്തിലെ ഓക്കു മരം' വീണ്ടും കൈയിലെത്തിയത്. ചങ്ങാതിക്കൊപ്പം ഒരു പുസ്തക ശാലയില്‍ വെറുതെ പരതുമ്പോള്‍ മുന്നിലെത്തി, കറുപ്പിലും വെളുപ്പിലും പുറം ചട്ടയുള്ള ആ പുസ്തകം. അതിന്റെ നെഞ്ചില്‍ തന്നെ കൊത്തി വെച്ചിരുന്നു ഐതിഹാസികമായ ആ പേര്. ശിശിരത്തിലെ ഓക്കുമരം.
പുതിയ ശീലങ്ങളനുസരിച്ച് ഒട്ടും ആകര്‍ഷകമല്ലായിരുന്നു ആ പുസ്തകം. വര്‍ണക്കൂട്ടുകളില്ല. അലങ്കാരത്തൊങ്ങലുകളില്ല. എന്നാല്‍, അതിനുള്ളില്‍ വെളുപ്പില്‍ കറുത്ത അക്ഷരങ്ങളില്‍ നിറയെ ഭാവനക്ക് ചിറകു വിടര്‍ത്താനുള്ള വാക്കുകളുടെ മഴവില്‍ ചാരുതയായിരുന്നു. കുട്ടികള്‍ക്കുള്ള പുസ്തകമെന്ന വ്യാജേന ആ അമ്മയെഴുതിയത് എല്ലാ കാലത്തെയും എല്ലാ പ്രായക്കാര്‍ക്കുമുള്ള ഭൂമിയുടെ നിറച്ചാര്‍ത്തുകളായിരുന്നു.  ശിശിരത്തിലെ ഓക്കു മരം കൂടാതെ മറ്റനേകം  റഷ്യന്‍ കഥകളുമുണ്ടായിരുന്നു ആ പുസ്തകത്തില്‍.
'ദേ, ആ പുസ്തകം'
എന്റെ ആവേശം കണ്ടപ്പോള്‍ ചങ്ങാതി പറഞ്ഞു തന്നു, അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍. കഥകളെഴുതുന്ന ഒരാള്‍ എന്നതിനപ്പുറം അവരുടെ ചിറകുകളിലുണ്ടായിരുന്ന പല തൂവലുകള്‍ ചങ്ങാതിയാണ് കാണിച്ചു തന്നത്.
എന്നെങ്കിലുമൊരിക്കല്‍ ആ അമ്മയെ കാണാന്‍ പോവണമെന്ന ആഗ്രഹം കൊണ്ട് ഞാനന്നേരം മറി കടന്നു.
നമുക്ക് പോവാമെന്നായിരുന്നു ചങ്ങാതിയുടെ ഉറപ്പ്. അതിലേക്കാണ് ഇപ്പോള്‍ ഈ മരണ വാര്‍ത്ത പൊട്ടി വീണത്.


ഒരു സ്കൂള്‍ കുട്ടിയുടെ കഥയാണ് ശിശിരത്തിലെ ഓക്കു മരം. അവന് സവുഷ്കിന്‍ എന്നു പേര്. ക്ലാസില്‍ എന്നും വൈകിയെത്തും. അന്നും അങ്ങനെ തന്നെയെത്തി.  
നാമത്തിന് നിര്‍വചനം നല്‍കി  കുട്ടികളെ കൊണ്ട് ഉദാഹരണം പറയിക്കുകയായിരുന്നു ടീച്ചര്‍. ചോദ്യമുന അവനിലെത്തിയപ്പോള്‍ ഉത്തരം അപ്രതീക്ഷിതമായിരുന്നു^ശിശിരത്തിലെ ഓക്കുമരം.
ഓക്കു മരം എന്ന നാമത്തെ മനസ്സിലാക്കാം. ഈ ശിശിരത്തിലെ ഓക്കു മരം എന്താണാവോ. അധ്യാപിക ഇത്തിരി അരിശത്തോടെ  പ്രതികരിച്ചു. അവന് അമ്മ മാത്രമേയുള്ളൂ. വനത്തിനപ്പറത്താണ് അവരുടെ താമസം. അവനെക്കുറിച്ചുള്ള പരാതികള്‍ അമ്മയോടു പറയണം.   അമ്മയെ കാണാന്‍ പോവാന്‍ ടീച്ചര്‍ തീരുമാനിച്ചു.
അവന്‍ പോവുമ്പോള്‍ അവരും പോയി, കൂടെ. കാട്ടു വഴിയിലായിരുന്നു യാത്ര. മുന്നില്‍ വഴി കാട്ടിയെപ്പോലെ അവന്‍. പിറകെ ടീച്ചര്‍. അരുവിയുടെ തീരത്തുള്ള കാട്ടുപാതയിലുടെ നടത്തം നീണ്ടു. ഇലത്തഴപ്പിന്റെ , നിഴലുകളുടെ, ചെറു ജീവികളുടെ, പൂമ്പാറ്റകളുടെ, വെയില്‍ കഷണങ്ങളുടെ, പക്ഷികളുടെ, കാട്ടുശബ്ദങ്ങളുടെ ഇടയിലൂടൊരു യാത്ര. കാട്ടിനെ ഓരോ ചെറിയ കാര്യങ്ങളെക്കുറിച്ചും അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു
ടീച്ചര്‍ക്ക് അതൊരു വിചിത്രാനുഭവമായിരുന്നു. അവര്‍ കണ്ണും കാതും കൂര്‍പ്പിച്ച് അവനെ പിന്തുടര്‍ന്നു.  ചെന്നെത്തിയത് ആ ഓക്കുമരത്തിന്റെ ചാരെ.
മഞ്ഞും നിഴലുകളും ചേര്‍ന്നു വരച്ച ഒരു എക്സ്പ്രഷനിസ്റ്റ് ചിത്രമായിരുന്നു ആ ഓക്കുമരം. ഗോപുരം പോലെ ഭീമാകാരം. മഞ്ഞുടുപ്പിട്ട് മനോഹരം. അതില്‍ നിറയെ പല തരം ജീവികളായിരുന്നു. അവന്‍ വാ തോരാതെ അവയെ ടീച്ചര്‍ക്കു പരിചയപ്പെടുത്തി  കൊണ്ടേയിരുന്നു. ഒരു കൊച്ചു കുട്ടിയുടെ ആശ്ചര്യക്കണ്ണോടെ അവരവനെ കേട്ടു.
അവര്‍ക്ക് പെട്ടെന്ന് മനസ്സിലായി, കാട് എന്തെന്ന്. ജീവിതം എന്തെന്ന്. പ്രകൃതി എന്തെന്ന്. ശിശിരത്തിലെ ഓക്കു മരം എന്നല്ലാതെ ആ വന്‍ മരത്തെ വിളിക്കാനാവില്ലെന്നും.
പുസ്തകങ്ങളില്‍നിന്ന് കിട്ടിയ അറിവുകളെ മുഴുവന്‍ റദ്ദാക്കാനുള്ള തിരിച്ചറിവാണ്  ആ യാത്ര ടീച്ചര്‍ക്ക് പകര്‍ന്നത്.

റോക്സ് വിത് ഓക് ട്രീ-വാന്‍ഗോഗ്

കുറച്ചു നാള്‍ മുമ്പ് ആ വാര്‍ത്ത കണ്ടിരുന്നു. 'ശിശിരത്തിലെ ഓക്കു മരം'  കേരളത്തിലെ ഏതോ സ്കൂള്‍ കുട്ടികള്‍ ഹ്രസ്വ ചിത്രമാക്കി മാറ്റിയെന്ന്. മകരത്തിലെ ആല്‍ മരമെന്നോ മറ്റോ ആണ് പേര്. അതിനിയും കാണാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആകെ അന്ധാളിപ്പാണ്. എങ്ങനെയാണ് റഷ്യയിലെ മഞ്ഞുറയുന്ന വനത്തിലെ ഏകാകിയായ ആ ഓക്കു മരത്തെ ഇവിടത്തെ ആല്‍മാരമാക്കി മാറ്റുക. ആ വനവും പരിസരവും മഞ്ഞുമില്ലാതെ എങ്ങനെ ആ കഥ പറയും.
പുതിയ കാലത്ത് അതിനു കഴിയുമായിരിക്കാം. ആ കഥയെ പകര്‍ത്തല്‍. എന്നാല്‍, എന്നാല്‍, ആ കഥ മനസ്സില്‍ തീര്‍ത്ത ഭാവനയുടെ അപര ലോകങ്ങള്‍ ഒരാള്‍ക്കും കാമറയില്‍ പുന:സൃഷ്ടിക്കാനാവില്ലെന്ന് എനിക്ക് നല്ല  ഉറപ്പാണ്. അത്ര തെളിച്ചമുണ്ട് ഇപ്പോളും ഉള്ളിലെ ആ ചിത്രത്തിന്.

Monday, August 22, 2011

ഇപ്പോഴില്ലാത്ത ആ വീട്ടില്‍

പുഴ കടത്തിയിട്ടും കരഞ്ഞു കൊണ്ട് പിന്നാലെ വരുന്ന പൂച്ചക്കുട്ടിയെപ്പോലെഒരു വീട്. ഇപ്പോഴില്ലാത്ത ആ വീട്ടില്‍



ഇതെന്റെ വീടായിരുന്നു.
ഞാന്‍ നടന്നു പഠിച്ച മുറികള്‍. വരഞ്ഞു മായ്ച്ച ചുവരുകള്‍. കയറിയിറങ്ങിയ പടികള്‍. സ്വപ്നം കണ്ടുറങ്ങിയ കിടക്കകള്‍.  വിചിത്ര ലോകങ്ങളെ ഭാവന കൊണ്ട് ചൂണ്ടയിട്ടു പിടിച്ച് അരികിലേക്കു ചേര്‍ത്തുപിടിച്ച കസേരകള്‍.  പുസ്തകങ്ങളില്‍ വീണുറങ്ങിപ്പോയ ചെറിയ പഠന മേശ. കടലു കടന്ന് അരികിലെത്തിയ പഴയ നാഷനല്‍ പനാസോണിക്കിന്റെ ടേപ്പ് റിക്കോര്‍ഡര്‍. അതില്‍  അനേകം മനുഷ്യരുടെ സ്വരങ്ങള്‍. ജീവിച്ചിരുന്നവരുടെയും മരിച്ചവരുടെയും പാട്ടുകള്‍.    
മുറ്റത്ത് ചോല മരങ്ങള്‍. പല നിറങ്ങളിലുള്ള കടലാസു പൂക്കള്‍ പടര്‍ന്നു പന്തലിച്ച  തൊടി. പിറകില്‍ കുട്ടിക്കാലത്തിന്റെ കുതുഹലമത്രയും കലമ്പുന്ന ചെമ്പക മരം.  ഒറ്റക്കിരുന്ന് സ്വപ്നങ്ങളും ഭാവനയും കൊണ്ട് മെനഞ്ഞെടുത്ത വിചിത്ര ലോകങ്ങള്‍ അവിടെ സദാ ചുറ്റിത്തിരിഞ്ഞിരുന്നു.
പറമ്പിനപ്പുറം,  നട്ടുച്ചക്കു തിളച്ചു മറിയുന്ന റോഡിന്റെ കറുപ്പ്. അതിലൂടെ പല നിറങ്ങളില്‍ പാഞ്ഞുപോവുന്ന വാഹനങ്ങളെ കണ്ണിമക്കാതെ നോക്കി കണ്ണു കഴച്ച  പഴയ ജാലകം. അതിലൂടെയാണ് പല മഴക്കാലങ്ങള്‍ ഉള്ളിലേക്കു നനഞ്ഞു പടര്‍ന്നത്. തണുപ്പുള്ള മകര നാളുകളുടെ പകലുകളില്‍ ശരീരമാകെ തീ പടര്‍ത്തി കരിയിലകള്‍ പുകഞ്ഞു കത്തിയത്. 
ബാല്യവും കൌമാരവും യൌവനവും ചേര്‍ന്ന്  മറ്റ് പലതുമായി മാറ്റുമ്പോഴൊക്കെ  സദാ പാഞ്ഞുചെന്നത് ഹരിതാഭമായ ഈ  ശാന്തിയിലേക്കായിരുന്നു. വൈകുന്നേരത്തെ സ്വര്‍ണ വെയില്‍ വീണ് കലങ്ങിയ മുറ്റത്തു കൂടി ഇപ്പോഴും നടക്കുന്നുണ്ട്, രാപ്പകല്‍ സ്വപ്നം കോരിക്കുടിച്ച് പാതി അടഞ്ഞ കണ്ണുകളുള്ള  ഒരു കുട്ടി.


ഇതിപ്പോള്‍ എന്റെ വീടല്ല. 
വില്‍പ്പനക്കിട്ട ഇത്തിരി ഭൂമി മാത്രം.  ഊറക്കിട്ട ശവം പോലെ അതങ്ങിനെ ആരെയോ കാത്തു കിടക്കുന്നു.  കുറേ ജീവിതങ്ങള്‍ പാഞ്ഞു കളിച്ച തുടുപ്പു മാഞ്ഞിട്ടില്ല  ഈ മണ്ണിനിപ്പോഴും. ഓര്‍മ്മകള്‍ ഇത്തിരി കാശിന് വിറ്റ് മനുഷ്യര്‍ക്ക് പലയിടങ്ങളിലേക്ക് രക്ഷപ്പെടാം. എന്നാല്‍, ഒരു വീടുറങ്ങിയ ഇത്തിരി മണ്ണിന് അത്രയെളുപ്പം മായ്ച്ചു കളയാനാവണമെന്നില്ല ഭൂത കാലത്തിന്റെ വടുക്കള്‍.
വീട് ഇപ്പോഴില്ല. മണ്ണു മാന്തി യന്ത്രങ്ങള്‍ അതിനെ വെറും കല്ലും സിമന്റും ഓടുമാക്കി മാറ്റി. മരമായിരുന്ന കാലം മുറിച്ചു മാറ്റപ്പെടുമ്പോള്‍  പതഞ്ഞൊരു നിലവിളി ഇപ്പോഴുമുണ്ട്, ആര്‍ക്കും വേണ്ടാതെ ഒരു മൂലയില്‍ വിശ്രമിക്കുന്ന , നീലച്ചായമടിച്ച ഈ പഴയ ജാലകത്തിന്റെ തൊണ്ടയില്‍. കളി ചിരികളുടെ ആഘോഷത്തോടെ ഓരോ കുഞ്ഞും വളര്‍ന്നു വലുതാവുന്നത്  കണ്ണു തുറന്നു കാത്ത വീടിന്റെ വാല്‍സല്യം ഇപ്പോഴും ശേഷിക്കുന്നുണ്ട് കിളച്ചു മറിച്ചു ദൂരെ കളഞ്ഞ പഴയ ഈ പടവുകള്‍ക്ക്.
വീട്ടില്‍ ഒറ്റക്കായ നേരങ്ങളില്‍ പേടി മാററാന്‍  ഉച്ചത്തില്‍ പാട്ടു പാടിക്കൊണ്ടേയിരുന്ന പഴയ കുട്ടിയെ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല ഈ ജനലഴികള്‍. കുട്ടിയുടെ പേടി മാറ്റാന്‍ വെളിച്ചത്തിന്റെ പല കഷണങ്ങളായി സൂര്യനെ മുറിയിലേക്ക് വീഴ്ത്തി നൃത്തം ചെയ്യിപ്പിച്ചിരുന്നു  അന്നൊക്കെ ഈ മരയഴികള്‍.
ഓര്‍മ്മയുടെ ഇത്തിരി സൂര്യ രശ്മികള്‍ ഉള്ളിലെ വെറും നിലത്തേക്ക് പതിപ്പിച്ച് എന്നെയിപ്പോഴും വിഭ്രമിപ്പിക്കാനാവണം ഈ പൊട്ടിയ ജനലഴി ആരുമെടുക്കാതെ ഇപ്പോഴും  പറമ്പില്‍ ബാക്കിയായത്.  നിശ്ചയമായും അതിപ്പോഴും എന്നെ തിരിച്ചറിയുന്നുണ്ട്. 
സ്കൂള്‍ വിട്ട് വീട്ടിലേക്ക് ഓടിക്കയറാറുള്ള വഴിയില്‍ ഇപ്പോള്‍ വലിയൊരു പരസ്യപ്പലകയാണ്. പഞ്ഞിക്കായകള്‍ പറന്ന ആകാശത്തേക്കു കൈ ചൂണ്ടി നില്‍ക്കുന്നു, സ്ഥലം വില്‍പ്പനക്ക് എന്ന് വൃത്തിയില്ലാത്ത അക്ഷരങ്ങളില്‍ കുറിച്ചിട്ട  ബോര്‍ഡ്.


അപ്പോഴും ഓര്‍മ്മയിലുണ്ട് ആ വീട്.
മുത്തശãി മരിച്ചപ്പോള്‍ നിലയ്ക്കാത്ത മഴയായിരുന്നു. മഴ ആകാശത്തെ ഇരുട്ടു കൊണ്ടു മാറ്റി വരച്ചു. വീടിന്റെ മീതെ കൊടും സങ്കടത്തിന്റെ വല്ലാത്തൊരു പുതപ്പു നീര്‍ത്തിട്ടു. അതിനുള്ളില്‍, മരിച്ചു പോയവര്‍ പിന്നെയെന്തു ചെയ്യും എന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാത്ത രണ്ട് കുട്ടികള്‍ കരഞ്ഞു കരഞ്ഞ് മഴയായി.  മുത്തശãിയുടെ മണമുള്ള മുറി കാണുന്തോറും കുടഞ്ഞെറിയാനാവാതെ വിങ്ങി നിന്നു ചുളിഞ്ഞ ഒരു കൈത്തലത്തിന്റെ സ്പര്‍ശം. 
കിളച്ചു മറിച്ച മണ്ണിലൊരിടത്ത് പഴയൊരു കണ്ണാടി കഷണം കണ്ടു. എന്റെ ജീവിതത്തെ ആത്മവിശ്വാസം കൊണ്ട് നിറച്ച ആ പഴയ കണ്ണാടിയുടെ പിന്നിപ്പോയ ഒരു പകുതി തന്നെയാവുമത്.
നന്നായി വെളിച്ചം കടക്കാത്ത ഒരു മുറിയിലായിരുന്നു ആദ്യം  കണ്ണാടി. സങ്കടങ്ങളുടെ  ഇത്തിരി തുണ്ടായിരുന്നു അതെനിക്ക്. വെളിച്ചം കുറവായതിനാലാവണം അതില്‍ നോക്കുമ്പോള്‍  ഇരുണ്ടു വിങ്ങുന്ന ഒരു കോലമായിരുന്നു ഞാന്‍. അതില്‍ നോക്കുന്തോറും വിഷാദം വന്ന് കൊത്തും. സുന്ദരന്‍മാരുടെയും സുന്ദരിമാരുടെയും ക്ലാസ് മുറികളില്‍ ആ കണ്ണാടിക്കാഴ്ചയുടെ യാഥാര്‍ഥ്യം സദാ എന്റെ ആത്മവിശ്വാസം കെടുത്തി. ഒന്നിനും കൊള്ളില്ലെന്ന തോന്നലിനു മീതെ വന്നു കൊഞ്ഞനം കുത്തി, ഒറ്റക്കാവുമ്പോഴൊക്കെ വായിച്ചു തീര്‍ത്ത പല കഥകളിലെ കഥാപാത്രങ്ങള്‍. വരികള്‍.
അങ്ങിനെയിരിക്കുമ്പോഴാവണം ആ കണ്ണാടിയുടെ വരവ്. ഇരുട്ടു മുറിയിലായിരുന്നില്ല അതിന്റെ പ്രതിഷ്ഠ. പുറത്ത് നല്ല വെളിച്ചം കിട്ടുന്നൊരു ചുമരില്‍. അതില്‍ നോക്കുമ്പോള്‍ സൂര്യ വെളിച്ചത്തില്‍ ഞാന്‍ തിളങ്ങി. കൌമാരത്തിന്റെ ചിത്രത്തുന്നലുകള്‍ തുടങ്ങിയ കണ്ണുകളും മുഖവും  ആ കണ്ണാടിയുടെ മാന്ത്രികതയില്‍ പിന്നെയും തുടുത്തു.  അതിന്റെ ആത്മവിശ്വാസം ശ്വാസമിടിപ്പു കൂട്ടി. കൂട്ടുകാര്‍ക്കു മുന്നിലേക്ക്   പതയുന്ന ഊര്‍ജവുമായി ഒഴുകി.
ആ കണ്ണാടി തന്നെയാണ്  മണ്ണിന്റെ മറവില്‍നിന്ന് പതുക്കെ തല നീട്ടുന്നത്. ഞാനിവിടെയുണ്ടേ, എന്റെ സങ്കട കുട്ടീ എന്നു ചിരിക്കാന്‍ ശ്രമിക്കുന്നത്.  പൊട്ടിയ ആ കണ്ണാടിയില്‍ പ്രതിബിംബിക്കുമ്പോള്‍ എനിക്കറിയാം ഞാനെത്ര മാറിയെന്ന്. അതില്‍ കാണാം ജീവിതം വീണ്ടും വീണ്ടും മാറ്റി വരച്ച മുഖം.

     
എന്നിട്ടും കൂടെയുണ്ട് ആ വീട്.
മരണം പോലെ വിജനത മൂടിയ ആ മണ്ണില്‍നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍  മനസ്സിലായി, എങ്ങും പോയിട്ടില്ല ആ വീട്. മണ്ണു മാന്തി യന്ത്രങ്ങള്‍  ഉഴുതു മറിച്ച  വീട്  ഒരു ടൈം മെഷീനിലെന്ന പോലെ എനിക്കിപ്പോള്‍ കൈയെത്തിപ്പിടിക്കാം. ജീവിതത്തിന് ഒരു അണ്‍ ഡൂ സാധ്യതയുണ്ടായിരുന്നെങ്കില്‍ എന്ന് പിന്നെയും പിന്നെയും വ്യാമോഹിപ്പിച്ച്  അതെന്റെ കൂടെ തന്നെ നടക്കുന്നു.
ആ വീട്ടിലേക്ക് ചെല്ലാനാവണം ഒരു പക്ഷേ, ഈ വഴികള്‍ മുഴുവന്‍ പിന്നിടുന്നത്. തിരക്കിട്ട ഈ പാച്ചിലുകള്‍ക്കൊടുക്കം എത്തിച്ചേരാനുള്ളത് പഴയ വീടിന്റെ ചാരുതയേറിയ ആ പച്ചപ്പിലേക്കു തന്നെയാവും. 

Wednesday, August 10, 2011

അപ്പോള്‍, ഷാഹിന പത്രപ്രവര്‍ത്തക തന്നെയല്ലേ

ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട  പൊലീസ് ഭാഷ്യത്തിലെ വിടവുകള്‍ തുറന്നു കാട്ടിയ പേരില്‍  മലയാളി മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന ഇപ്പോള്‍ ബംഗളുരു പൊലീസിന്റെ ചോദ്യം ചെയ്യലിലാണ്.  ഷാഹിനയുടെ ജന്‍മനാടായ തൃശൂരില്‍ ആരംഭിച്ച മാധ്യമപ്രവര്‍ത്തകരുടെ യൂനിയന്‍ സമ്മേളനത്തില്‍ എന്നാല്‍ ഇതൊരു വിഷയമേയല്ല. ഈ വൈരുധ്യത്തെക്കുറിച്ച്.

ഷാഹിന
 ഇന്നലെയാണ്. ചാനലില്‍ വാര്‍ത്ത കണ്ടു കൊണ്ടിരിക്കെ  കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളന വാര്‍ത്ത കയറി വന്നു. സമ്മേളനത്തിനു മുന്നോടിയായി തൃശൂരില്‍ നടക്കുന്ന മാധ്യമ സെമിനാറിന്റെ ദൃശ്യങ്ങള്‍.  വേദിയില്‍ കെ.എം റോയ്, ഗൌരീദാസന്‍ നായര്‍ തുടങ്ങിയവര്‍. 'മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളും കടന്നാക്രമണങ്ങളും' എന്ന സെമിനാറില്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ പ്രസംഗത്തിന്റെ ഇത്തിരി ദൃശ്യത്തുണ്ടില്‍ പ്രശ്നത്തിന്റെ സകല ഗൌരവവുമുണ്ടായിരുന്നു.
വാര്‍ത്ത കണ്ട ക്ഷീണം തീര്‍ക്കാന്‍ ഗൂഗിള്‍ ബസില്‍ ചുമ്മാ ചെന്നപ്പോഴാണ് ആ പോസ്റ്റ് കണ്ടത്.  ആദ്യകാല ദൃശ്യ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളും ഇപ്പോള്‍ ഓപ്പണ്‍ മാസികയുടെ ലേഖികയുമായ കെ.കെ ഷാഹിനയുടേതാണ് പോസ്റ്റ്. അതിങ്ങനെ.
Now it is the time to face interrogation.I am travelling to Banglore this week.No idea how hard and how long the interrogation would be.As per the bail conditions,I have to appear before the investigating officer in every 15 days. I hope,I would make every trip as fruitful as possible,thinking of some books to read in train, What should be the first one? 'The trial'? :)

എട്ടാം തീയതി പോസ്റ്റ് ചെയ്ത ഈ കുറിപ്പ് വൈകിയാണ് കണ്ടതെങ്കിലും  പെട്ടെന്ന് നെഞ്ചിലൂടെ എന്തോ പാഞ്ഞു പോയി. ഭയം, ഭീതി എന്നിങ്ങനെ വിവര്‍ത്തനം ചെയ്യാവുന്ന എന്തോ ഒന്ന്.  ഓര്‍മ്മക്കു ചാരെ വന്നു നിന്നു, കര്‍ണാടക പൊലീസിനെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍.  ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ നടത്തിയ കാവിവല്‍കരണത്തെക്കുറിച്ച വാര്‍ത്തകള്‍. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അടുത്തകാലത്ത് നടന്ന സമാനമായ നിരവധി സംഭവങ്ങളുടെ ഓര്‍മ്മകള്‍.


തൃശൂര്‍ സ്വദേശിയായ ഷാഹിന ഏഷ്യാനെറ്റിന്റെ ആദ്യകാല  ജേണലിസ്റ്റുകളില്‍  ഒരാളാണ്. നീണ്ട കാലം ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച ശേഷം  ജോലി വിട്ടു. തുടര്‍ന്ന് ദല്‍ഹി കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയ അവര്‍ തെഹല്‍ക്ക മാസികയില്‍ പ്രവര്‍ത്തിക്കവെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മികച്ച മാധ്യമപ്രവര്‍ത്തകക്കുള്ള ചമേലി ദേവി ജെയിന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരളത്തിന്റെ ചെറിയ ഫ്രെയിമില്‍നിന്ന് ദേശീയ മാധ്യമ പ്രവര്‍ത്തനത്തിന്റെ വലിയ ഫ്രെയിമിലേക്ക്, മലയാളത്തിന്റെ അതിരില്‍നിന്ന് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകളിലേക്ക് വഴി മാറിയ ഈ മാധ്യമപ്രവര്‍ത്തക സ്ത്രീ, മനുഷ്യാവകാശ, പരിസ്ഥിതി വിഷയങ്ങളില്‍ മനുഷ്യപ്പറ്റുള്ള ഇടപെടലുകളാണ് നടത്തുന്നത്.
തെഹല്‍ക്ക ലേഖികയായിരിക്ക എഴുതിയ ഒരു വാര്‍ത്തയുടെ പേരിലാണ് ഷാഹിന ചോദ്യം ചെയ്യപ്പെടാന്‍ പോവുന്നത്. 2008ല്‍ നടന്ന ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ഡിസംബര്‍ നാലിന് തെഹല്‍ക്ക മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍. കേസിലെ മുഖ്യപ്രതി പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച തെളിവുകളുടെയും വ്യാജ മൊഴികളുടെയും അടിസ്ഥാനത്തിലാണ് എന്നതായിരുന്നു ഷാഹിനയുടെ വെളിപ്പെടുത്തല്‍. പൊലീസ് ഭാഷ്യത്തിലെ വിടവുകളും അബദ്ധങ്ങളും ചൂണ്ടിക്കാട്ടിുന്നതായിരുന്നു റിപ്പോര്‍ട്ട് . സ്ഫോടനം ആസൂത്രണം ചെയ്തെന്നു പറയുന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലും സമീപത്തെ കുംബുര്‍, ഇഗൂര്‍,  ഹൊസതൊട്ട പ്രദേശങ്ങളിലും  സഞ്ചരിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കം നിരവധി നാട്ടുകാരോടും കേസിലെ സാക്ഷികളോടും സംസാരിച്ചാണ് ഷാഹിന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മഅ്ദനി അവിടെവന്നിരുന്നുവെന്ന പൊലീസ് ഭാഷ്യം തെറ്റായിരുന്നുവെന്ന് സാക്ഷിമൊഴികളിലൂടെ റിപ്പോര്‍ട്ട് തെളിയിക്കുന്നു. കേസില്‍ മഅ്ദനിക്കെതിരായ ഏറ്റവും ശക്തമായ തെളിവ് അദ്ദേഹത്തെ കുടകില്‍ കണ്ടെന്ന രണ്ട് പേരുടെ സാക്ഷി മൊഴികളായിരുന്നു. കെ.കെ യോഗാനന്ദ്, റഫീഖ്് എന്നീ രണ്ട് സാക്ഷികള്‍. തങ്ങള്‍ മഅ്ദനിയെ കണ്ടിട്ടേയില്ലെന്ന് ഇരുവരും ഷാഹിനയോടു പറഞ്ഞു.  താന്‍ സാക്ഷിപ്പട്ടികയിലുണ്ടെന്ന വിവരം തനിക്കറിവില്ലെന്നാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടിയായ യോഗാനന്ദ് ഷാഹിനയോട് പറഞ്ഞത്.
അഭിമുഖങ്ങള്‍ക്ക് ശേഷം തിരിച്ചു പോവുന്നതിനിടെ പൊലീസ് ഷാഹിനയെയും കൂടെയുണ്ടായിരുന്നവരെയും തടഞ്ഞു. ഭീകരവാദിയാണോ  എന്നതായിരുന്നു സി.ഐയുടെ സംശയം. തെഹല്‍ക്ക ലേഖിക ആണെന്നു പറഞ്ഞിട്ടും  വിശ്വാസം വന്നില്ല. തെഹല്‍ക എക്സിക്യൂട്ടീവ് എഡിറ്റര്‍ ഷോമാ ചൌധരി ഫോണിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടും സി.ഐ ഇക്കാര്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു സംഘം മുസ്ലിംകള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി എന്ന തരത്തിലാണ് പിറ്റേന്ന് ഒരു കന്നട പത്രത്തില്‍ വാര്‍ത്ത വന്നത്. തെഹല്‍ക്ക ലേഖിക ആണെന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെങ്കിലും അവരാരെന്ന കാര്യത്തില്‍ പൊലിസിനു സംശയമുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
 മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍  തന്റെ ജോലി ചെയ്യുക മാത്രമായിരുന്നു ഷാഹിന. അത് തടസ്സപ്പെടുത്തുകയായിരുന്നു പൊലീസ്. എന്നിട്ടും  ഷാഹിനക്കെതിരെ ഉടനടി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.   ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 506  പ്രകാരം; സാക്ഷികളെ   സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരിലായിരുന്നു സോമവാര്‍പെട്ട് പൊലീസ് സ്റ്റേഷനിലും  (No. 199/10) സിദ്ധപുര പൊലീസ് സ്റ്റേഷനിലും    (No. 241/10)കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട്  നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) പ്രകാരവും കേസെടുത്തു. കടുപ്പമേറിയ ഈ നിയമം ബിനായക് സെന്നിനെതിരെയും ചുമത്തിയിട്ടുണ്ട്.   

വനിതാ സെമിനാര്‍ ടി.എന്‍ സീമ എം.പി ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ വേദിയില്‍.

പറഞ്ഞു തുടങ്ങിയത് പത്രപ്രവര്‍ത്തക യൂനിയന്‍ സമ്മേളനത്തെക്കുറിച്ചാണ് . ഇടയില്‍ ഷാഹിനയും കേസും കയറി വന്നു. എങ്കിലും ഇതു രണ്ടും വിരുദ്ധ ധ്രുവങ്ങളിലുള്ള കാര്യമല്ല. അടുത്ത ബന്ധമുള്ള കാര്യങ്ങള്‍.
കര്‍ണാടക പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമാവാന്‍ പോവുന്നതിനെ കുറിച്ചാണ് ഷാഹിനയുടെ പോസ്റ്റ്. ആ യാത്രയെക്കുറിച്ച് വല്ലാത്ത ആശങ്കകള്‍ ആ വരികള്‍ പ്രസരിപ്പിക്കുന്നു. നമുക്കുള്ളതിലേറെ ആശങ്കകള്‍. വല്ലാത്ത നിസ്സഹായതയും.
ഭരണകൂടം മാധ്യമപ്രവര്‍ത്തകരോടു കാട്ടുന്നതെന്ത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഷാഹിന.   ഈ സമയത്ത് ചേരുന്ന മാധ്യമപ്രവര്‍ത്തക സംഘടനയുടെ സമ്മേളനത്തില്‍ സ്വാഭാവികമായും   ചര്‍ച്ച ചെയ്യപ്പെടേണ്ടത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന കടന്നാക്രമണങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പോലും ഇക്കാര്യം ഗൌരവകരമായ വിഷയമായില്ലെന്ന് ഇന്നിറങ്ങിയ പത്രങ്ങളിലെ സെമിനാര്‍ വാര്‍ത്ത തെളിയിക്കുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു സെമിനാറും സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്നു എന്ന് കൌതുകത്തിന്റെ ഭാഗമായി വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ കണ്ടു. വനിതാ മാധ്യമ പ്രവര്‍ത്തക സെമിനാര്‍. അതിലും പക്ഷേ, ഷാഹിനയുടെ അവസ്ഥ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന്  അതില്‍ പങ്കെടുത്ത ചങ്ങാതി പറഞ്ഞു.  മറ്റൊന്നു കൂടി അവള്‍ പറഞ്ഞു. ആ സെമിനാറില്‍ ഏറ്റവുമധികം കൈയടി വാങ്ങിയത് ശോഭാ സുരേന്ദ്രനാണ്. അതെ, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ തന്നെ.
ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കടുത്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ട് കൂട്ടത്തിലൊരുവള്‍ ചോദ്യം ചെയ്യലിന്റെ കഠിന ദിനങ്ങളിലേക്ക് പതിക്കുന്ന അതേ നേരം നമമുടെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാവിന്റെ പ്രസംഗത്തിന് കൈയടിക്കുകയായിരുന്നു. സി.പി.എം നേതാവ് ടി.എന്‍ സീമ എം.പിയും ചടങ്ങിനുണ്ടായിരുന്നു. ഒരാളും ഷാഹിനയെ ഓര്‍ത്തില്ല. പറഞ്ഞില്ല.


 ഷാഹിനക്കെതിരെ നടക്കുന്നത് മാധ്യമ സ്വാതന്ത്യ്രത്തിനെതിരായ ഭരണകൂട ഇടപെടലാണ്. അക്കാര്യത്തില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കോ അവരുടെ സംഘടനക്കോ സംശയമുണ്ടാവില്ല. പിന്നെന്തു കൊണ്ടാണ്, സര്‍ ,വര്‍ഷങ്ങളായി ഒരുമിച്ച്  പ്രവര്‍ത്തിച്ച ഒരു മാധ്യമപ്രവര്‍ത്തകക്ക് ഈ അവസ്ഥ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വെല്ലുവിളികളുടെ കൂട്ടത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും പ്രധാന സംഭവം ഷാഹിനക്കെതിരായ ഭരണകൂട നടപടികളാണ്. എന്നിട്ടെന്തേ അവരുടെ  ജന്‍മനാട്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ പോലും ഇക്കാര്യം  വിഷയമാവാത്തത്. തൃശൂര്‍ക്കാരിയായ ശോഭാ സുരേന്ദ്രന് ഇടം നല്‍കിയ സമ്മേളനം അതേ നാട്ടില്‍ വളര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ പ്രശ്നത്തിന് ഇടം നല്‍കാത്തത്  എന്ത് മാധ്യമ ധാര്‍മികതയാണ്. 
ഷാഹിനയുടെ കേസില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ആദ്യം മുതല്‍ ഇപെട്ടത് വേണ്ട വിധമായിരുന്നില്ലെന്ന് സംഭവം അന്വേഷിച്ചപ്പോള്‍  മാധ്യമരംഗത്തു തന്നെയുള്ള സുഹൃത്തുക്കള്‍ പറയുന്നു. കേരള സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള മാധ്യമ സമൂഹം വേണ്ട വിധം മനസ്സു വെച്ചിരുന്നെങ്കില്‍ ആരുമില്ലാത്ത ഒരാളെപ്പോലെ ഈ കഠിന വിധി ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു ഷാഹിനക്ക്. കര്‍ണാടക സര്‍ക്കാറുമായി സംസാരിക്കുന്നതിന് കേരള സര്‍ക്കാറിനെ ഇടപെടുവിക്കാനും  അതിനുള്ള പൊതുജനാഭിപ്രായം സൃഷ്ടിക്കാനും കഴിയാത്തവരല്ല കേരളത്തിലെ മാധ്യമ സമൂഹം.  എന്നിട്ടും എന്തു കൊണ്ടാണ് ഇത്ര ഗുരുതരമായ ഒരു പ്രശ്നമുണ്ടായിട്ടും കേരളത്തിന്റെ മാധ്യമ നട്ടെല്ല് നിവര്‍ന്നു നില്‍ക്കാത്തത്.
കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെക്കുറിച്ച് വാചാലരാവുന്നവരാണ് നാം. ഗുജറാത്ത് കലാപത്തിന്റെ ഭീതി  ഒറ്റസ്നാപ്പിലൂടെ  ലോകത്തിനു മുന്നിലെത്തിച്ച, ഇരു കൈകളും കൂപ്പി അക്രമികള്‍ക്കു മുന്നില്‍ കണ്ണീരൊഴുക്കുന്ന  ഖുതുബുദ്ദീന്‍ അന്‍സാരിക്ക് അഭയം നല്‍കാന്‍ പാഞ്ഞടുത്ത  കേരളത്തിന്റെ ഇടതു മനസ്സ് എന്തു കൊണ്ടാവും ഷാഹിനക്കു മുന്നില്‍ തുറക്കാതിരിക്കുന്നത്.
തീര്‍ച്ചയായും ന്യായങ്ങള്‍ ഒരു പാടു കാണും. ചെയ്ത കാര്യങ്ങളും ചെയ്യാന്‍ ഓങ്ങിയ കാര്യങ്ങളും. 
എങ്കിലും നമ്മുടെ സുരക്ഷിതമായ ഇടങ്ങളിലൂടെ ഒരു തീവണ്ടി ബംഗളൂരിലേക്ക് പായുന്നുണ്ട്. അതിലുണ്ട്, വരും നേരങ്ങളെക്കുറിച്ച ഭീതി വായനയിലൂടെ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ നിസ്സഹായത.  

LinkWithin

Related Posts Plugin for WordPress, Blogger...