Friday, March 7, 2014

പാക് ടീമിന്റെ വിജയത്തില്‍ ഇന്ത്യക്കാര്‍ക്ക് ആഹ്ലാദിക്കാമോ?



ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മല്‍സരത്തില്‍ പാക്കിസ്താന്‍ ജയിച്ചാല്‍ സന്തോഷിക്കാന്‍ ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് അവകാശമുണ്ടോ? ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് കളി കാണുകയും കഴിയുമ്പോള്‍ ആ പക്ഷത്തിന്റെ വിജയം ആഘോഷിക്കുകയും ചെയ്യുന്ന പതിവു രീതിയില്‍ അവര്‍ക്ക് കൈയടിക്കാമോ? ചിരിക്കാമോ?

അത്തരം അവകാശങ്ങളൊന്നും ഇല്ലെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് പറയുന്നത്. അവകാശമില്ലെന്നു മാത്രമല്ല അതു രാജ്യദ്രോഹ കുറ്റമാണെന്നും അതിനുള്ള ശിക്ഷ അത്തരക്കാര്‍ അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള 124A, 153, 427 വകുപ്പുകള്‍ ചുമത്താമെന്നും  അവര്‍ തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം പഠിച്ചുകൊണ്ടിരുന്ന ഇടത്തു നിന്നും ബലമായി പുറത്താക്കപ്പെട്ട് നാട്ടിലേക്ക് പറഞ്ഞയക്കപ്പെട്ട 67 കശ്മീരി വിദ്യാര്‍ത്ഥികളുടെ മേലാണ് ഉത്തര്‍പ്രദേശ്  പൊലീസിന്റെ ദണ്ഡനം. കശ്മീര്‍ ജനത പ്രതിഷേധവുമായി രംഗത്തുവരികയും ഓണ്‍ലൈന്‍ ഇടങ്ങളിലടക്കം വിമര്‍ശനം  പരക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്‍വലിഞ്ഞെങ്കിലും തികച്ചും അസാധാരണമായ ആ നടപടിയെ ലളിതമായി കാണാനാവില്ല.

ഒരു ക്രിക്കറ്റ് വിജയാഹ്ലാദത്തില്‍ ഇതിനു മാത്രമെന്താണ്  എന്നൊക്കെ വേണമെങ്കില്‍ ഇവിടെയിരുന്ന് ചോദിക്കാം. എന്നാല്‍, കശ്മീരിലേക്കുള്ള വാഹനങ്ങളില്‍ പുസ്തകങ്ങളും ഉടുപ്പുകളും നിരാശയുമായി ഈ ദിവസങ്ങളില്‍ തിരിച്ചെത്തിയ 600 കശ്മീരി  വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങിനെ പറയാന്‍ കഴിയില്ല. കൂട്ടത്തില്‍ ചിലര്‍ ക്രിക്കറ്റ് കണ്ടശേഷം ഒന്നു കൈയടിച്ചതിനാണ് അപമാനിക്കപ്പെട്ടും ആക്രമിക്കപ്പെട്ടും അവഹേളിക്കപ്പെട്ടും പൊലീസ് കാവലില്‍ അവരെല്ലാവരും സ്വന്തം വീടുകളിലേക്ക് ബൂമറാങ് പോലെ ചെന്നുവീണത്.  ഉത്തര്‍ പ്രദേശിലെ സ്വാമി വിവേകാനന്ദ സുഭാര്‍തി സര്‍വകലാശാലയുടെ ഹോസ്റ്റലുകളില്‍ താമസിച്ച് ഇത്രനാളും ഉന്നത പഠനം നടത്തിപ്പോന്ന, 200ലേറെ പെണ്‍കുട്ടികള്‍ അടക്കമുള്ള കശ്മീരി ചെറുപ്പക്കാരാണ്, ഉന്നത പഠനം എന്ന വലിയ സ്വപ്നത്തില്‍നിന്ന് ഒരൊറ്റ കൈയടിയുടെ ശാപത്തിലെന്നോണം താഴേയ്ക്കു പതിച്ചത്.



കൈയടി എന്ന കുറ്റം
മഹാ അപരാധമാണ് അവര്‍ ചെയ്തതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മെന്‍സ് ഹോസ്റ്റലില്‍, ക്രിക്കറ്റ് കളി കണ്ടശേഷം പാകിസ്താനുവേണ്ടി കൈയടിച്ച കുട്ടികള്‍ ആരെന്ന് സാറന്‍മാര് ചോദിച്ചപ്പോള്‍ അവരാരും ആളെ പറഞ്ഞുകൊടുത്തില്ല. അതാണ് ക്രൈം. മെന്‍സ് ഹോസ്റ്റലില്‍ നടന്ന ഈ ക്രൈം പ്രമാണിച്ചാണ് അപ്പുറത്ത് വിമന്‍സ് ഹോസ്റ്റലിലുള്ള കുട്ടികളടക്കം ശിക്ഷിക്കപ്പെടുന്നത്. എന്താണ് കുട്ടികള്‍ അധികൃതരോട് അത്തരമാരു കടുംകൈ ചെയ്തതെന്ന ചോദൃത്തിന് ഇന്നലെ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തന്നെ മറുപടി പറയുന്നുണ്ട്. കൈയടിച്ചപ്പോള്‍ തന്നെ അവരില്‍ പലരും വിവരമറിഞ്ഞെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

 കണ്ണില്‍ കണ്ട കശ്മീരി കുട്ടികളെല്ലാം മര്‍ദ്ദിക്കപ്പെട്ടു. സാധനങ്ങള്‍ തച്ചുടക്കപ്പെട്ടു. ഹോസ്റ്റലുകളില്‍ അതിക്രമം നടന്നു. അതിനാലാണ് വൈസ് ചാന്‍സലര്‍ പത്രക്കാര്‍ക്കു മുന്നില്‍ ഞെളിഞ്ഞു പറഞ്ഞതുപോലെ  പൊലീസ് കാവലില്‍ 'സുരക്ഷിതമായി' അവരെ വാഹനങ്ങള്‍ക്കടുത്തേക്ക് എത്തിച്ചു കൊടുത്തത്. കൈയടി എന്ന ക്രിമിനല്‍ കുറ്റം ചെയ്തവര്‍ ആരെന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കില്‍, ആ പേരുകാര്‍ക്ക്  എന്താണ് സംഭവിക്കുകയെന്ന് മറ്റു കുട്ടികളെ ആരും പഠിപ്പിക്കേണ്ടെന്ന് സാരം. അതാണവര്‍ മിണ്ടാതിരുന്നതും അതിലും വലിയ കുറ്റക്കാരായതും.



ക്രിക്കറ്റും രാജ്യവും
നോക്കൂ, കള്ളപ്പണക്കാരും കരിഞ്ചന്തക്കാരും അധോലോകക്കാരും വാതുവെയ്പ്പുകാരും ബിസിനസുകാരും പരസ്യക്കാരും ചാനലുകാരും ഒക്കെ ചേരുന്ന ഒരു നാടകം മാത്രമാണ് ക്രിക്കറ്റ് എന്ന രസികന്‍ കളിയുടെ പേരില്‍ ഇന്ന് തല്‍സമയം അരങ്ങേറുന്ന ഏര്‍പ്പാടെന്ന് ബുദ്ധിമതികളായ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്ന കൂട്ടത്തെ ഭരിക്കുന്ന ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഇന്ത്യന്‍ സര്‍ക്കാറും തമ്മില്‍ വഴിയില്‍ കണ്ട  പരിചയം പോലുമില്ലെന്നും നമുക്കറിയാം. കളിയെ നിലനിര്‍ത്തുന്ന അവിശുദ്ധ ബന്ധങ്ങള്‍ പലയളവില്‍ പുറത്തുവന്നതും അതാതു സമയങ്ങളില്‍ നാം രോഷം  കൊണ്ടു തിളച്ചതുമാണ്.

 അന്നന്നേരം ഹരം കിട്ടുന്ന ഒരു മസാല സിനിമയ്ക്കപ്പുറം ഒരു ദേശച്ചുവയും ആ കളിയിലില്ലെങ്കിലും അപ്പുറത്തു പാകിസ്താന്‍ വന്നാല്‍ കാര്യം മാറും. സമാനമായ അവസ്ഥ  തന്നെയാണ് പാകിസ്താനിലുമെങ്കിലും, ആ നാടിനോടോ സാധാരണ ജനതയോടോ അടുപ്പമില്ലാത്ത കാശുകാരുടെ ഒരേര്‍പ്പാടു മാത്രമാണ് അവിടെയുമെങ്കിലും നേര്‍ക്കുനേര്‍ നിന്നാല്‍ ദേശസ്നേഹം ഇരുരാജ്യക്കാര്‍ക്കും ഞരമ്പില്‍വന്നു പതയും. കാശിനുവേണ്ടി മാത്രം ടി.വി ക്യാമറകള്‍ക്കു മുന്നില്‍ പൊരുതുന്ന ഇരുരാജ്യത്തെയും കളിക്കാര്‍ മുഴുവന്‍ അന്നേരം വീരസൈനികരായി മാറും. വാതുവെപ്പ് മാഫിയ തീരുമാനിച്ചുറപ്പിച്ച ഗെയിമുകള്‍ക്കുശേഷം കളിക്കാര്‍ കളമൊഴിഞ്ഞാലും തീരില്ല പകയുടെ നാട്ടിരമ്പം. അതിന്റെ ബാക്കിയാണ് ഉത്തര്‍പ്രദേശിലെ സര്‍വകലാശാലയില്‍ കണ്ടത്.  അതിന്റെ ബാക്കിയാണ് കശ്മീരി വിദ്യാര്‍ത്ഥികള്‍ ഇന്നനുഭവിക്കുന്നത്.



തിളയ്ക്കാത്ത ചോര
രസകരമായ കാര്യം അതല്ല. ക്രിക്കറ്റ് ചുമ്മാ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞിട്ടാണ് ഈ ചോര തിളയ്ക്കലെങ്കില്‍, ദേശത്തിന്റെ ആത്മാവിനു കത്തി  വെയ്ക്കുന്ന കാര്യങ്ങളിലൊന്നും ഈ പുംഗവന്‍മാരുടെ ചോര തിളക്കാറേയില്ല. പ്രതിരോധ അഴിമതികളുടെ കാര്യമെടുക്കൂ. പതിനായിരം കോടി രൂപയുടെ  റോള്‍സ് റോയ്സ് ഇടപാടിനെ കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് മൂന്നു നാള്‍ മുമ്പാണ്. ജനറല്‍ ഇലക്ട്രിക് കഴിഞ്ഞാല്‍, ലോകത്തെ  രണ്ടാമത്തെ വന്‍കിട വിമാന എഞ്ചിന്‍ കമ്പനിയായ ബ്രിട്ടീഷ്  ഭീമന്‍ റോള്‍സ് റോയ്സ് എഞ്ചിന്‍ കച്ചവടം ഒപ്പിക്കാന്‍ വേണ്ടി ഇടനിലക്കാര്‍ക്ക് കോടികള്‍ നല്‍കിയ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

അന്തര്‍വാഹിനികള്‍ ദുരന്തം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചത് അതിനു ഒരാഴ്ച മുമ്പാണ്. ഐ.എന്‍.എസ് സിന്ധുരത്ന എന്ന നമ്മുടെ അന്തര്‍വാഹിനിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് നാവിക ഉദ്യോഗസ്ഥര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടു പിറകെയായിരുന്നു രാജി. ഏഴ്  മാസം മുമ്പും സമാനമായ അന്തര്‍വാഹിനി ദുരന്തം സംഭവിച്ചിരുന്നു. സ്വാതന്ത്യ്രദിനത്തിനു തലേന്ന് ഐ.എന്‍.എസ് സിന്ധുരക്ഷക് എന്ന അന്തര്‍വാഹിനി  സാങ്കേതിക തകരാറുകളെ തുടര്‍ന്നുള്ള സ്ഫോടന പരമ്പരകള്‍ക്കു ശേഷം മുങ്ങിയതിനെ തുടര്‍ന്ന് 18 നാവിക ഉദ്യോഗസ്ഥരാണ് അന്ന് മരിച്ചത്.  സമാനമായ ദുരന്തങ്ങള്‍ വ്യോമസേനയിലുമുണ്ടായി. രണ്ട് പതിറ്റാണ്ടിനിടെ, നൂറിലേറെ യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു വീണ ചരിത്രമാണ് വ്യോമസേനയ്ക്ക് പറയാനുള്ളത്.

ഈ തകര്‍ച്ചയുടെയും ദുരന്തങ്ങളുടെയുമെല്ലാം ആത്യന്തിക കാരണം അഴിമതിയാണ്. ഇടനിലക്കാരും ആയുധക്കച്ചവടക്കാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുകളും കോടികളുടെ അഴിമതിയും കാരണം രാജ്യത്തിന് ലഭിക്കുന്നത് തരംതാണ ആയുധങ്ങളും ഉപകരണങ്ങളുമാണ്. ജീവന്‍ പണയം വെക്കാന്‍ തയ്യാറായി വരുന്ന  സൈനികരുടെ  മരണങ്ങളും ഖജനാവിന് കോടികളുടെ നഷ്ടങ്ങളും മാത്രമാണ് ഇതിന്റെ ബാക്കി പത്രം. ചുരുക്കം വര്‍ഷത്തിനകം അഴിമതി കാരണം ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയ ആയുധ കമ്പനികളുടെ പട്ടിക എത്രയോ വലുതാണ്. സിംഗപ്പൂര്‍ ടെക്നോളജി കൈനറ്റിക്സ് (Singapore Technology Kinetics), റീന്‍ മെറ്റല്‍ (Rheinmetall), ഇസ്രായേല്‍ മിലിറ്ററി ഇന്റസ്ട്രീസ് Israel Military Industries (IMI) അങ്ങിനെ പട്ടിക നീളുന്നു.  3,546 കോടി രൂപയുടെ അഗസ്ത വെസ്റ്റലാന്‍് ഇടപാടിലെ അഴിമതി പുറത്തു വന്നതും ഇടപാട് റദ്ദാക്കിയതും സമീപകാല ചരിത്രം മാത്രമാണ്.




കാണാതെ പോവുന്ന കനലുകള്‍
പറഞ്ഞു വരുന്നത്, ഇത്തരം അനേകം പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ദേശസ്നേഹികള്‍ക്കായി ബാക്കി കിടക്കുന്നു എന്നാണ്. കാതലായ പ്രശ്നങ്ങളാണവ. രാജ്യ സുരക്ഷയെ ഗൌരവമായി ബാധിക്കുന്ന വിഷയങ്ങള്‍. ഖജനാവിനെ പാപ്പരാക്കുന്ന കുതന്ത്രങ്ങള്‍. കോടികളുടെ കോഴയ്ക്കുവേണ്ടി സൈനികരുടെ ജീവന്‍ വെച്ചു നടത്തുന്ന  അഭ്യാസങ്ങള്‍. ഇതെല്ലാം ഇപ്പോഴും തുടരുക തന്നെയാണ്. ഇതെല്ലാം ചെയ്യുന്നത് പുറത്തുനിന്നുള്ളവരല്ല. അകത്തുള്ള രാജ്യദ്രോഹികളാണ്. അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാനോ ഈ വിഷയങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്യാനോ മടിയില്ലാത്തവരാണ് ക്രിക്കറ്റ് മാമാങ്കത്തിനിടെ കൈയടിച്ചതിന്റെ പേരില്‍, ഇതേ രാജ്യത്തിന്റെ ഭാഗമായ ഒരിടത്തുനിന്നെത്തിയ മനുഷ്യരെ ശത്രുക്കളെ പോലെ പരിഗണിക്കുന്നത്.  കാര്‍ഗിലില്‍ മരിച്ച സൈനികരുടെ മൃതദേഹം കൊണ്ടു വരാന്‍ അമേരിക്കന്‍ കമ്പനിയുമായി 13 ഇരട്ടി വിലക്ക് ശവപ്പെട്ടി വാങ്ങിയ അതേ ആളുകളാണ് ദേശസ്നേഹത്തിന്റെ  ഈ മൊത്തക്കച്ചവടക്കാര്‍.

മേല്‍പ്പറഞ്ഞത് പ്രതിരോധത്തിന്റെ മാത്രം കാര്യമാണ്. ദേശത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന മറ്റെന്തൊക്കെ ഞെട്ടിക്കുന്ന വിഷയങ്ങളാണ് ബാക്കി കിടക്കുന്നത്. വികസനത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിഭവങ്ങളെല്ലാം വിദേശ, സ്വദേശ കുത്തക കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്നത് അതാത് സര്‍ക്കാറുകളാണ്. ഒറീസയിലെയും ചത്തിസ്ഢിലെയും ജാര്‍ക്കണ്ഡിലെയുമെല്ലാം അതീവ പ്രാധാന്യമുള്ള ധാതുസമ്പന്ന മേഖലകള്‍ കോര്‍പറേറ്റുകള്‍ക്ക് കാണിക്ക  വെച്ച് പാവപ്പെട്ട ഗ്രാമീണരെ മുഴുവന്‍ വഴിയാധാരമാക്കുന്നതും സര്‍ക്കാറുകളാണ്. രാജ്യത്തെ ജനതയുടെ ജീവനോ സ്വത്തിനോ ഒരു വിലയും കല്‍പ്പിക്കാതെ കോടികള്‍ കൊയ്തും ദുരന്തമുണ്ടാക്കിയും കടന്നു കളഞ്ഞ ഭോപ്പാലിലെ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയില്‍നിന്ന് പാഠങ്ങളൊന്നും പഠിക്കാതെയാണ് കൂടംകുളം അടക്കമുള്ള പ്രദേശങ്ങളില്‍ അപകടകരമായ ആണവനിലയങ്ങളും മറ്റും വരാന്‍ പോവുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പലതുണ്ട്. ചുമ്മാ  പറഞ്ഞു പോയാല്‍ പോലും തീരാത്തത്ര ഗുരുതരവും വ്യാപ്തിയേറിയതുമായ വിഷയങ്ങള്‍. ദേശത്തെ നേര്‍ക്കുനേര്‍ ബാധിക്കുന്ന, ഭാവിയുടെ ജാതകം തിരുത്തിക്കുറിക്കാന്‍ പര്യാപ്തമായ നിര്‍ണായകമായ പ്രശ്നങ്ങള്‍.  ഒരേ സമയം  ദേശീയതയുടെ പേരില്‍ നെഞ്ചു വിരിച്ചു നടക്കുകയും വിദേശ കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയെ വില്‍ക്കാന്‍ മടിക്കുത്തഴിക്കുകയും ചെയ്യുന്ന ഒരു തരം ജിന്‍ഗോയിസമാണ് നമുക്കു ചുറ്റും തഴക്കുന്നത്.

ഇതൊന്നും എന്നാല്‍, ഒരു ദേശസ്നേഹിക്കും വിഷയമാവുന്നേയില്ല. എളുപ്പത്തില്‍ വികാരം കൊള്ളിക്കാനാവുന്ന ചിലതിനുമേല്‍ അടയിരിക്കുക എന്നതിനപ്പുറം കാര്യങ്ങളെ വസ്തുനിഷ്ഠമായി പരിഗണിക്കാനോ പഠിക്കാനോ ഒരു താല്‍പ്പര്യവും ഇവര്‍ക്കാര്‍ക്കും കാണാറില്ല. എന്നാല്‍, ക്രിക്കറ്റ് മൈതാനത്തെ വിജയത്തിന് വേണ്ടി ഒരു കൈയടി ഉയര്‍ന്നാല്‍, അതിര്‍ത്തി കടന്ന് ഒരു വരി ഗസല്‍ ഉയര്‍ന്നാല്‍, ഒരു സിനിമാ നടന്‍ പാക് സിനിമയില്‍ മുഖം കാണിച്ചാല്‍  കളി മാറും. ഞരമ്പുകളെല്ലാം ഒന്നിച്ചുയരും.




പാക് അവസ്ഥകള്‍
ഇവിടെ മാത്രമല്ല പാകിസ്താനിലും ഇതു തന്നെയാണ് അവസ്ഥയെന്ന് അവിടെയുള്ളവരും പറയുന്നു. മരണം കാത്തു കിടക്കുന്ന മാധ്യമ സ്വാതന്ത്യ്രമൊന്നുമല്ല അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഐ.എസ്.ഐയും സൈന്യവും താലിബാനുമൊക്കെയാണ്. സാമൂഹ്യ സേവനമാണ് തങ്ങളുടെ വയറ്റുപ്പിഴപ്പെന്ന മുഖംമൂടിയുമിട്ട് ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സയിദിനെപ്പോലുള്ളവര്‍ വികാരം ജ്വലിപ്പിക്കാന്‍ ഇറങ്ങും. പൊട്ടാന്‍ കാത്തിരിക്കുന്ന ബോംബാണ് അവിടെയും ദേശീയത. മതമെന്ന ട്രിഗറില്‍ വിരലൊന്നമര്‍ന്നാല്‍ മാത്രം മതി അതു പൊട്ടാന്‍. രണ്ട് രാജ്യത്തെയും മനുഷ്യരെ ഇങ്ങനെ മുള്‍മുനയില്‍ നിര്‍ത്തിയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അവിശ്വാസവും ഭീതിയും നിലനിര്‍ത്തിയും മാത്രമേ അധികാരത്തിന് നിലനില്‍ക്കാനാവൂ എന്നും പറയുന്നവര്‍ പാക്കിസ്താനിലും ഏറെയുണ്ട്.

ഇപ്പോള്‍ തന്നെ കശ്മീരി വിദ്യാര്‍തഥികളുടെ പ്രശ്നത്തില്‍ നിന്ന് മുതലെടുക്കാന്‍ പാക്ക് അനുകൂല സംഘടനകള്‍ കശ്മീരില്‍ രംഗത്തു വന്നു കഴിഞ്ഞു. തങ്ങളുടെ ഹൃദയവും അക്കാദമിക് സ്ഥാപനങ്ങളും കുട്ടികള്‍ക്കായി കാത്തിരിക്കുന്നു എന്ന് പാക്കിസ്താന്‍ തന്നെ പ്രഖ്യാപിച്ചതും ഇതിനോടു കൂട്ടി വായിക്കണം. ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുക എന്നത് പാക്കിസ്താന്‍ ഭരണകൂടത്തിന്റെ  ആവശ്യമാണ്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത് വിഷയമാവണമെന്ന് ഇന്ത്യയിലെ ചില രാഷ്ട്രീയക്കാര്‍ക്കും താല്‍പ്പര്യമുണ്ട്.  അടിസ്ഥാന വിഷയം അധികാരും അതിനുവേണ്ടിയുള്ള കളികളും തന്നെയെന്ന് വ്യക്തം. എന്നാല്‍,  ഈ കളിയില്‍ കരുവാക്കപ്പെടുന്നത് ഈ കുട്ടികള്‍ മാത്രമാണ്.

പാക്കിസ്താനിലും ഈ രാഷ്ട്രീയ കളികള്‍ അരങ്ങു തകര്‍ക്കുന്നുണ്ടെങ്കിലും അവിടെയും ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. പുതുതലമുറയും ഓണ്‍ലൈന്‍ ലോകവുമെല്ലാം കാലങ്ങളായി രാഷ്ട്രീയക്കാര്‍ പയറ്റുന്ന വെറുപ്പിന്റെ തന്ത്രങ്ങളെ തിരിച്ചറിയുന്നുണ്ട്. അതിനെതിരായ പ്രതിരോധങ്ങള്‍ സാംസ്കാരിക കലാ രംഗങ്ങളിലും ഉണ്ടാവുന്നുണ്ട്.  പാട്ടു കൊണ്ട് ചൂട്ടുണ്ടാക്കി അനീതിയുടെ കണ്ണില്‍ കുത്തുന്ന അനേകം സംഗീത ബാന്‍ഡുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സംഗീതം അപകടകരമായ കലയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന തരം പാട്ടുകളും അവിടെ പിറക്കുന്നുണ്ട്. അത്തരം മൂന്ന് ബാന്‍ഡുകളെ കുറിച്ചു കൂടി ഇവിടെ പറയുന്നത് ഉചിതമാവുമെന്നു തോന്നുന്നു.



ജുനൂന്‍
സയ്യോനീ എന്ന പാട്ടിലൂടെ ഇന്ത്യക്കും പാക്കിസ്താനുമിടയിലെ ഊതിവീര്‍പ്പിച്ച കുമിള പൊട്ടിക്കാന്‍ ശ്രമിച്ച ജുനൂന്‍ എന്ന ബാന്റാണ് ഓര്‍മ്മയില്‍ ആദ്യം.കുറച്ചു വര്‍ഷം മുമ്പാണ് പാക്കിസ്താനിലെ സംഗീത ബാന്‍ഡ് ആയ ജുനൂനിനെ അറിഞ്ഞത്. ഇന്ത്യാപാക് യുദ്ധവെറികളെക്കുറിച്ച് മനുഷ്യപ്പറ്റിന്റെ ഭാഷയില്‍ സംസാരിച്ച ആനന്ദ് പഠ് വര്‍ദ്ധന്റെ വാര്‍ ആന്റ് പീസ് എന്ന ഞെട്ടിക്കുന്ന ഡോക്യുമെന്ററി കണ്ടതോടെയാണ് ജുനൂന്‍ എന്ന പാക് ബാന്‍ഡിന്റെ സയ്യോനീ എന്ന പാട്ടിനോടുള്ള ആരാധന വഴിതിരിഞ്ഞത്.അതിനുമുമ്പ് ത്രസിപ്പിക്കുന്ന മറ്റൊരു പാട്ടു മാത്രമായിരുന്നു അത്. എന്നാല്‍, ആ സിനിമ കണ്ടതോടെ അതിന്റെ രാഷ്ട്രീയ ആഴങ്ങള്‍ വ്യക്തമായി. അടിമുടി പൊളിറ്റിക്കലായ ആ പാട്ട് ഇന്ത്യാപാകിസ്താന്‍ എന്ന സവിശേഷമായ അവസ്ഥകളെ, സമാധാനത്തെ, സംഘര്‍ഷത്തെ വ്യാഖ്യാനിക്കുന്നതിന്റെ വ്യത്യാസവും മനസ്സിലായി. യുദ്ധവെറി പൂണ്ട അര്‍ണാബ് ഗോസ്വാമിമാരുടെ കാലത്ത്, യുദ്ധജ്വരത്തോളമെത്തിയ സമീപനാളുകളില്‍ ആ പാട്ടു വീണ്ടും വീണ്ടും കേട്ടിരുന്നു.




ധിനക് ധിനക്
ജുനൂന്‍ മാത്രമല്ല. അവര്‍ക്കു പിന്നാലെയും പലരും വന്നു. എല്ലാ ഭ്രാന്തുകളെയും വകഞ്ഞ് രാഷ്ട്രീയം പറയുന്നവര്‍. ഇനി പറയേണ്ടത്  Beygairat Brigade  എന്ന ബാന്റിനെ കുറിച്ചാണ്. പാക് അധികാര വര്‍ഗത്തെയും വിദേശദാസ്യത്തെയും മൂര്‍ച്ചയുള്ള പരിഹാസത്തിലൂടെ കീറി മുറിക്കുന്ന രാഷ്ട്രീയ ഉള്ളടക്കമുള്ള ഗാനങ്ങളിലൂടെയാണ് ഇവര്‍ ശ്രദ്ധേയരായത്.  ഭരണകൂടങ്ങളെ  കാലങ്ങളായി ഭരിച്ചുപോരുന്ന പാക് സൈന്യത്തെ രൂക്ഷമായി വിര്‍മശിക്കുന്ന അവരുടെ ധിനക് ധിനക്  എന്ന പുതിയ ഗാനത്തിന് ഈയിടെ പാക്കിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. "No need to like the video, we will be dead any way"  എന്നവസാനിക്കുന്ന പാട്ട്  സൈന്യത്തിന്റെ നിര്‍ദേശ പ്രകാരം ചില ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. തീവ്രദേശീയതയുടെ ഉടയോന്‍മാരായ പാക് സൈന്യത്തെ മുള്‍മരത്തിലൂടെ നടത്തുകയാണ് അവരുടെ ഈ പാട്ട്.



മെക്കല്‍ ഹസന്‍
പാക് സൂഫി ബാന്‍ഡായ 'മെക്കല്‍ ഹസന്‍' ആണ് ഓര്‍മ്മയില്‍ അവസാനമെത്തുന്നത്. ഈയിടെ അവര്‍ മുംബൈയില്‍ വന്നിരുന്നു. അതിലെ ലീഡ് ഗിറ്റാറിസ്റ് ഹസന്റെ നേതൃത്വത്തിലുള്ള സംഘം.  ഇന്ത്യന്‍ സംഗീതജ്ഞര്‍ക്കൊപ്പം ചേര്‍ന്ന് സമാധാനത്തിന്റെ പാട്ടുകള്‍ തീര്‍ക്കാനായിരുന്നു അവരുടെ വരവ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടാവേണ്ടത് സമാധാനപരമായ സഹവര്‍ത്തിത്വം ആണെന്നു പറയുന്ന പാട്ടുക്ായിരുന്നു അവരുടെ മനസ്സില്‍. ഇന്ത്യന്‍ സംഗീതജ്ഞരായ ജിനോ ബാങ്സ്, ഗിറ്റാറിസ്റ് ഷെല്‍ഡന്‍ ഡിസില്‍വ,  ഗായിക ഷര്‍മിഷ്ഠ ചാറ്റര്‍ജി  എന്നിവര്‍ക്കൊപ്പം കബീറിന്റെയും അമൃതാ പ്രീതത്തിന്റെയുമൊക്കെ ആശയങ്ങള്‍ പാട്ടുകളാക്കാനായിരുന്നു അവരുടെ വരവ്.

എന്നാല്‍, ശിവസൈനികര്‍ അവരുടെ പരിപാടിക്കെതിരെ രംഗത്തു വന്നു. മുംബൈ പ്രസ്ക്ലബില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലേക്ക് പാഞ്ഞെത്തിയ ശിവസൈനികര്‍ മുംബൈയില്‍ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് പരിപാടി തടസ്സപ്പെടുത്തുകയായിരുന്നു.


LinkWithin

Related Posts Plugin for WordPress, Blogger...