ഈയടുത്താണ്. അടുത്തുള്ള സ്കൂളില്‍ ഒരു ചിത്ര മല്‍സരം. സ്ഥലത്തെ ഒരു കലാസമിതി വര്‍ഷാവര്‍ഷം നടത്തുന്ന ബാലചിത്രരചനാ മല്‍സരം. സമീപപ്രദേശങ്ങളിലെ നിരവധി സ്കൂളുകള്‍ പങ്കെടുക്കുന്ന പേരു കേട്ട മല്‍സരം.
ബാലചിത്രരചനാ മല്‍സരം എന്ന ബോര്‍ഡ് സ്കൂള്‍ കവാടത്തിനുമുന്നില്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അത് എങ്ങിനെ ഉണ്ടാവും എന്നറിയാന്‍ ഒരു കൌതുകവും ഉണ്ടായിരുന്നു. അങ്ങനെ വെറുതെ, അങ്ങോട്ടു ചെന്നു.
മുമ്പ് ചില വലിയ ബാലചിത്രരചനാ മല്‍സരങ്ങള്‍ ടി.വിയില്‍ കണ്ടിരുന്നു. വലിയ ഗ്രൌണ്ടില്‍ ടാര്‍പോളിന്‍ ഷീറ്റിട്ട് പല നിറങ്ങളിലുള്ള ഉടുപ്പുകളിട്ട കുഞ്ഞുങ്ങള്‍ നിറഞ്ഞു കവിയുന്ന ചില ദൃശ്യങ്ങള്‍. എന്നാല്‍, ഗ്രൌണ്ടിലായിരുന്നില്ല,ഇവിടെ മല്‍സരം. ക്ലാസ് മുറികളില്‍. നനച്ച ചോക്കു കൊണ്ട് നമ്പര്‍ എഴുതിവെച്ച ഡെസ്കുകളില്‍.
പല സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉണ്ടായിരുന്നു. പല പ്രായക്കാര്‍. ഒപ്പം പല തരം രക്ഷിതാക്കള്‍. പ്രീപ്രൈമറി പ്രൈമറി, ഹൈസ്കൂള്‍ വിഭാഗക്കാര്‍ക്ക് വെവ്വേറെയായിരുന്നു മല്‍സരം. പല ക്ലാസ് മുറികളില്‍. പല വിഷയങ്ങളില്‍.
കടലാസ് മാത്രം സംഘാടകര്‍ കൊടുത്തു. കളറും ബ്രഷും മറ്റുമായി കുട്ടികള്‍ വന്നു. മല്‍സരം തുടങ്ങി. പൂരം, വയലേല, കാട് എന്നിങ്ങനെ വെവ്വേറെ വിഷയങ്ങള്‍. കൊച്ചുകുട്ടികളുടെ ചിത്രങ്ങള്‍ കാണാമെന്ന വിചാരത്തില്‍ പ്രീപ്രൈമറിക്കാരുടെ ക്ലാസ് മുറിക്ക് പുറത്തു നിന്നു, ഞാന്‍.
ക്ലാസിലിപ്പോള്‍ നിറയെ കുഞ്ഞുങ്ങള്‍. അവരുടെ കൈളില്‍ ക്രയോണ്‍, വാട്ടര്‍ കളര്‍ ട്യൂബുകള്‍, കുഞ്ഞു ബോക്സുകള്‍, ചായം ചാലിക്കുന്ന കുഞ്ഞു പ്ലാസ്റ്റിക് കഷണം. കാടാണ് വിഷയം. മുന്നിലെ കടലാസുകളില്‍ പെന്‍സില്‍ കൊണ്ട് സ്കെച്ച് ചെയ്യുന്നു ചിലര്‍. കാട്ടിലേക്കുള്ള വഴിയില്‍ നേരെ ക്രയോണ്‍ ചലിപ്പിക്കുന്നു മറ്റ് ചിലര്‍.
അടുത്ത് നല്ല ആള്‍ത്തിരക്ക്. കുഞ്ഞുഭാവനകള്‍ വിടരുന്ന വഴി അറിയാനുള്ള കൌതുകമാവും അതെന്ന് നിനച്ചു. എന്നാല്‍, അത് രക്ഷിതാക്കളായിരുന്നുവെന്ന് പെട്ടെന്ന് മനസ്സിലായി. ക്ലാസ് മുറിയുടെ അരമതിലില്‍ ചാരി കണ്ണുകാട്ടിയും മെല്ലെപ്പറഞ്ഞും സ്വന്തം മക്കളോടു സംവദിക്കുന്ന അവരെ കൌതകത്തോട് നോക്കി. കുറേ കുഞ്ഞുങ്ങള്‍ അച്ഛനമ്മമാരെ കണ്ണ് നട്ടിരിപ്പാണ്.
അതങ്ങിനെ നീണ്ടു. ഇത്തിരി കഴിഞ്ഞപ്പോള്‍, കുട്ടിത്തത്തിന്റെ നൈസര്‍ഗികതയില്‍ ആ കടലാസു താളുകള്‍ മുങ്ങിനിവരാന്‍ തുടങ്ങി. കാടും കാട്ടുമൃഗങ്ങളുമായി അവരുടെ കൈവേഗങ്ങള്‍ പെട്ടെന്ന് രൂപം മാറി. രക്ഷിതാക്കളുടെ ഇടപെടല്‍ ഇപ്പോള്‍ അല്‍പ്പം കുറഞ്ഞു. എന്നാല്‍, അവസാന ഘട്ടമായപ്പോഴേക്കും കാര്യങ്ങള്‍ മാറി.
' ഇങ്ങിനെയാണോടാ നിന്നെ പഠിപ്പിച്ചത്. കാട് പച്ചയല്ലേ. ഇങ്ങിനെയാണോ പുലി' എന്നിങ്ങനെ രോഷവും ആശങ്കയും കലര്‍ന്ന ചില മുന്നറിയിപ്പുകള്‍. അതിനനുസരിച്ച് ചില കുഞ്ഞുങ്ങള്‍ ആകെ ഭയന്ന് കാട്ടിന്റെ മേലാപ്പിലേക്ക് കടുപ്പം കൂടിയ ചില പച്ചച്ചയങ്ങള്‍ വാരിത്തേക്കുന്നത് കണ്ടു.
തൊട്ടുമുന്നില്‍ ഒരു കുഞ്ഞു പെണ്‍കുട്ടിയായിരുന്നു. എന്നോടു ചേര്‍ന്നു നില്‍ക്കുന്നത് അവളുടെ അച്ഛനമ്മമാര്‍ ആണെന്ന് ഇതിനകം എനിക്ക് ബോധ്യമായിട്ടുണ്ട്. അവരുടെ സംസാരവും അതു കേള്‍ക്കെ അവള്‍ക്കുണ്ടാവുന്ന ടെന്‍ഷനും ഞാന്‍ കണ്ടുകൊണ്ടിരുന്നു. അവളുടെ മുന്നിലെ കടലാസില്‍ ഇത്തിരിപ്പോന്നൊരു കാടാണ്. അതില്‍ ഒരു പാവം പുലി. കാടിന് അവളിട്ട നിറം ചുവപ്പാണ്. ആകാശത്തിന് തവിട്ടുനിറം. പുലി നല്ല പച്ച നിറത്തില്‍. അതാണ് രക്ഷിതാക്കളെ അസ്വസ്ഥരാക്കുന്നത്. അവര്‍ക്കറിയാം കാട് പച്ചയെന്ന്. ആകാശം നീലയെന്നും ആ അറിവാണ് അവര്‍ കുട്ടിയില്‍ കോരിയൊഴിക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍, അവര്‍ക്കറിയാത്തത് ആ കുഞ്ഞിന്റെ മനസ്സാണ്. അവള്‍ക്കു മാത്രമേ ഇങ്ങനെയൊരു കാട് വരക്കാനാവൂ. മറ്റാര്‍ക്കും ആലോചിച്ചെടുക്കാനാവാത്ത ഈ പുലിയെയും അവള്‍ക്ക് മാത്രമേ കണ്ടെടുക്കാനാവൂ. എന്നാല്‍, അവര്‍ക്ക് ആ കുഞ്ഞുഭാവനയുടെ വില മനസ്സിലാവില്ല. ചിത്രം വരയോടുള്ള താല്‍പര്യത്തേക്കാള്‍ മല്‍സരത്തില്‍ സമ്മാനം കിട്ടുമ്പോഴുള്ള പെരുമയാണ് അവരില്‍ പലര്‍ക്കും പ്രിയം. അതിനാണ് അടുത്തുള്ള വരപഠിപ്പു കേന്ദ്രങ്ങളില്‍ അവധി ദിവസവും കുഞ്ഞുങ്ങളെ പറഞ്ഞയക്കുന്നത്. കലാവിദ്യാലയങ്ങളില്‍നിന്ന് പല തരം സര്‍ടിഫിക്കറ്റുകളുമായി പുറത്തിറങ്ങൂന്ന ഗുരുക്കന്‍മാരാവട്ടെ കുട്ടികളെ മല്‍സരങ്ങള്‍ക്ക് പാകപ്പെടുത്തും. കുഞ്ഞുങ്ങള്‍ക്ക് മാത്രമുണ്ടാവുന്ന ഭാവനയുടെ ആകാശങ്ങളെ സ്വന്തം അതിരുകളിലേക്ക് വലിച്ചു കെട്ടുന്നവരാണ് ഈ ഗുരുക്കന്‍മാരില്‍ പലരും. അതുകൊണ്ടാണ് മല്‍സരങ്ങള്‍ക്കെത്തുന്ന കുഞ്ഞുങ്ങളെല്ലാം ഒരുപോലെ ചിത്രം വരക്കുന്നത്.
കുട്ടിക്കാലത്തു വരച്ച ചിത്രം പോലൊന്ന് വരക്കാന്‍ കഴിയണേ എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറഞ്ഞത് പാബ്ലോ പിക്കാസോയാണ്. കണ്ടീഷന്‍ ചെയ്യപ്പെട്ട ജീവിതത്തിന്റെ ഒരേ ടൈപ്പിലുള്ള ഭാവനയെ അതിലംഘിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവായിരുന്നു ആ പറച്ചിലിനു പിന്നില്‍. എന്നാല്‍, ഇത് നമ്മുടെ രക്ഷിതാക്കള്‍ക്കോ കലാ ഗുരുക്കന്‍മാര്‍ക്കും ഒരിക്കലും മനസ്സിലാവില്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇതാ തൊട്ടുമുന്നില്‍.
മല്‍സരം തീര്‍ന്നപ്പോഴേക്കും ആ അച്ഛന്റെയും അമ്മയുടെയും മുഖം കടന്നല്‍ കുത്തിയതു പോലെയായിരുന്നു. എന്നാല്‍, അവള്‍ക്ക് ഇപ്പോള്‍ കുലുക്കമില്ല. ചെറുചിരിയോടെ പേപ്പര്‍ ഒന്നുകൂടി നോക്കി അവളിറങ്ങി. അവളുടെ ചിത്രത്തിലെ പുലി അന്നേരം നല്ല ഉശിരരോടെ കാടിനെ നോക്കിനടന്നത് ഞാനും നോക്കി നിന്നു.