ക്ലാസ് മേറ്റ്സ് എന്ന സിനിമ ഒരിക്കലും ഉണ്ടാവരുതായിരുന്നു
എന്നാണ് ഇപ്പോള്‍ തോന്നുന്നത്. കാലങ്ങള്‍ക്കു ശേഷമുള്ള എല്ലാ
കാമ്പസ് കൂടിചേരലുകളെയും അത് ഒരേ അച്ചിലേക്കു മാറ്റുന്നു.
എന്നാണ് ഇപ്പോള്‍ തോന്നുന്നത്. കാലങ്ങള്‍ക്കു ശേഷമുള്ള എല്ലാ
കാമ്പസ് കൂടിചേരലുകളെയും അത് ഒരേ അച്ചിലേക്കു മാറ്റുന്നു.
ആ സിനിമയുടെ തിരക്കഥയിലാണ് കൂടിച്ചേരലുകള്‍.
സ്വാഭാവിക വികാരങ്ങളും പ്രതികരണങ്ങള്‍ക്കും പകരം
അതേ തിരക്കഥയിലെ വികാര വിചാരങ്ങള്‍.
സ്വാഭാവിക വികാരങ്ങളും പ്രതികരണങ്ങള്‍ക്കും പകരം
അതേ തിരക്കഥയിലെ വികാര വിചാരങ്ങള്‍.
ഏതാണ്ട് അതേ പോലെയുണ്ടായിരുന്നു കാമ്പസ്.
നീണ്ട ഇടനാഴികള്‍. പിരിയന്‍ ഗോവണി. അതേ ക്ലാസ് മുറി.
അവിടെ, ഭാര്യമാരും ഭര്‍ത്താക്കന്‍മാരുമായി രൂപം മാറിയ പഴയ കൂട്ടുകാര്‍. ഒപ്പം അവരവരുടെ കുഞ്ഞുങ്ങള്‍. ഇനിയും കല്യാണം കഴിക്കാത്ത, നടക്കാത്ത ചിലര്‍ ഇത്തിരി കലിപ്പോടെ ഇടയില്‍. പിന്നെ അധ്യാപകര്‍. വിരമിച്ചവരും അല്ലാത്തവരും.
അതൊരു കൂടിക്കാഴ്ചയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സഹപാഠികളുടെ ഒത്തുചേരല്‍. ഏതൊക്കെയോ വഴികളില്‍ ചിതറിപ്പോയവര്‍ വീണ്ടും പഴയ ക്ലാസ് മുറിയില്‍ ഒത്തു കൂടുന്നു.
നാക് അക്രഡിറ്റേഷന്റെ ഭാഗമായും ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ സ്വാധീനഫലമായും നമ്മുടെ കാമ്പസുകളില്‍ ഇപ്പോള്‍ പല വഴിക്ക് അരങ്ങേറുന്ന സവിശേഷമായ ഈ കലാപരിപാടിയില്‍ ഇതുവരെ ചെന്നു പെട്ടിട്ടില്ലായിരുന്നു. ഗൃഹാതുരത്വവും കാമ്പസ് ഓര്‍മ്മയും ഉള്ളില്‍ ഇപ്പോഴും അത്രക്ക് പ്രഭ ചൊരിയാത്തതു കൊണ്ടാവുമോ എന്നറിയില്ല,ഇതിനു മുമ്പ് നടന്ന ഇത്തരം പരിപാടികളിലൊന്നും തലവെച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പതിവു ശ്രമം പാളി. ചങ്ങാതിമാര്‍ ജയിച്ചു!
അങ്ങിനെ, അതേ ക്ലാസ് മുറിയില്‍.
എല്ലാവരും അടിമുടി മാറിയിട്ടുണ്ട്. പലരും നന്നായി തടിച്ചിരിക്കുന്നു. മെലിഞ്ഞ് എഴുന്നേറ്റു നടക്കാന്‍ ശേഷിയില്ലാതിരുന്ന പഴയ സഖാവിന്റെ തടി വല്ലാതങ്ങ് കൂടി. ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടു തന്നെ.
തല്ലിപ്പൊളിയായി നടന്ന പലരും വലിയ നിലകളിലെത്തി. അന്നത്തെ മുറിമീശക്കാര്‍ക്ക് ഇപ്പോള്‍ കട്ടിമീശയുടെ ഭാരം. നീണ്ട മുടിയുണ്ടായിരുന്ന കൂട്ടുകാരിക്ക് ഇപ്പോള്‍ ബോയ് കട്ടിന്റെ ചെറുപ്പം. അന്നത്തെ നാണം കുണുങ്ങി പെണ്‍പിള്ളാര്‍ ഏതാണ്ട് അതേ പോലെതന്നെ നാണം കുണുങ്ങുന്ന പാവം കുഞ്ഞുങ്ങളെ തനി പട്ടാളമട്ടില്‍ ഗൌരവത്തോടെ കൈകാര്യം ചെയ്യുന്നു!
വിദ്യാര്‍ഥി സംഘടനകളില്‍ സജീവമായുണ്ടായിരുന്ന കൂട്ടുകാരില്‍ ചിലര്‍ ഇപ്പോഴും പെതുരംഗത്ത് സജീവം. ചിലരൊക്കെ സര്‍ക്കാര്‍ ജീവനക്കാര്‍. ചിലര്‍ ഭാര്യാപദവിയില്‍ ഒതുങ്ങി.
കണ്ടുമുട്ടല്‍ ചടങ്ങ് രസകരമായിരുന്നു. ഒരാള്‍ കുടുംബവുമൊത്ത് കടന്നു വരുന്നു. മറ്റു പലര്‍ ഓടിക്കൂടുന്നു. പിന്നെ ആലിംഗനങ്ങള്‍. കെട്ടിടം കുലുങ്ങുമാറ് പൊട്ടിച്ചിരികള്‍. വിശേഷം പറച്ചില്‍. പിന്നെ അടുത്ത ആള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്.
ചോദിക്കാനും പറയാനുമൊക്കെ എല്ലാവര്‍ക്കും ഏറെയുണ്ടായിരുന്നു. എന്നാല്‍, അവയ്ക്കെല്ലാം ഒരേസ്വഭാവമാണോ എന്നു തോന്നിപ്പോയി. ഒരേ ചോദ്യങ്ങള്‍. ഒരേ ഉത്തരങ്ങള്‍. ഒരേ വടിവിലുള്ള ചിരികള്‍. പരിചയപ്പെടുത്തലുകള്‍. ആമ്പ്രന്നോന്റെയും പെമ്പ്രന്നോത്തിയുടെ പഴയ വീരകഥകള്‍ കോമഡിക്കഥകളുടെ അകമ്പടിയോടെ തുരുതുരാ ആഘോഷിക്കപ്പെട്ടു.
അധ്യാപകര്‍ സംസാരിച്ചു.
ഇടവിട്ട് വിദ്യാര്‍ഥികളും. പഴയ ഓര്‍മ്മകള്‍. തമാശകള്‍. സങ്കടങ്ങള്‍.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ഛിച്ച നാളുകളായിരുന്നു ഞങ്ങളുടെ പഠനകാലം. അവിശ്വാസത്തിന്റെയും പകയുടെയുമൊക്കെ ഒരന്തരീക്ഷം സദാ ചുറ്റുമുണ്ടായിരുന്നു. മിക്കവാറും ഉച്ചക്കുശേഷം ക്ലാസ് ഉണ്ടാവില്ല. സമരമോ അടിപിടിയോ ഏതാണ്ടൊക്കെ.
എന്നാല്‍, എല്ലാത്തിനുമടിയില്‍ നന്‍മയുടെയും സ്നേഹത്തിന്റെയുമൊക്കെ ഒരു പ്രതലം അദൃശ്യമായി നില്‍പ്പുണ്ടായിരുന്നു എന്നു ഇപ്പോള്‍ തോന്നുന്നു. കാലങ്ങള്‍ കഴിഞ്ഞ് കണ്ടു മുട്ടിയതിന്റെ ശിഷ്ടം. അന്നും ഞങ്ങളാക്കെ തമ്മില്‍ സ്നേഹം പോലെ എന്തൊക്കെയോ ഉണ്ടായിരുന്നു എന്നു തന്നെ തോന്നിപ്പോവുന്നു.
പറഞ്ഞു തുടങ്ങിയപ്പോള്‍ പലരുടെയും ഓര്‍മ്മകളിലൂടെ ആ കാലം ക്ലാസ് മുറിയിലേക്ക് ഇഴഞ്ഞു കയറി വന്നു. അന്നു തല്ലിയവര്‍. തല്ലു കൊണ്ടവര്‍. മുങ്ങിയവര്‍. രാഷ്ട്രീയത്തില്‍നിന്ന് എന്നേക്കുമായി ഇല്ലാതായവര്‍. അങ്ങനെ പലരുടെയും ഓര്‍മ്മപ്പെടുത്തലുകള്‍.
ചിലര്‍ പഴയ കാലത്തിന്റെ വീരഗാഥകളാടി. പാലും തേനുമൊഴുകിയിരുന്ന മാവേലി നാടു പോലെയായിരുന്നു അതെന്ന്. ആരും നിഷേധിച്ചില്ലെങ്കിലും കള്ളമാണ് ഇവയെന്ന് ഓരോരുത്തരുടെയും ഉള്ളകം പറഞ്ഞു കൊണ്ടിരുന്നു.
എന്റെ ഊഴം വന്നു. പ്രത്യേകിച്ച് എന്തെങ്കിലും പറഞ്ഞ് ആരെയും ഉപദ്രവിക്കില്ലെന്ന് വരുമ്പോഴേ തീര്‍ച്ചപ്പെടുത്തിയിരുന്നു. അതിനാല്‍, ഇപ്പോഴത്തെ ചില കാര്യങ്ങളെ കുറിച്ച് മാത്രം പറഞ്ഞെന്നു വരുത്തി പതിയെ തലയൂരി.
പ്രസംഗങ്ങള്‍ക്കു ശേഷം കലാ പരിപാടികളായിരുന്നു. പാട്ടുകള്‍. തമാശകള്‍. പണ്ട് മനോഹരമായി പാടിയിരുന്ന ചിലരൊക്കെയുണ്ടായിരുന്നു കൂട്ടത്തില്‍. അതില്‍ ആണ്‍കുട്ടികളെല്ലാം പാടി. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും ആരുമെഴുന്നേറ്റ് പാട്ടായില്ല. അതിമനോഹരമായി പാടിയിരുന്ന ഉറ്റ ചങ്ങാതി തൊട്ടടുത്ത് ചുമ്മാ ഇരിക്കുന്നുണ്ടായിരുന്നു.
'പാടിക്കൂടേ', ഞാന്‍ ചോദിച്ചു.
'എന്ത് പാട്ട്. ഞാനോ?' അവളുടെ മറു ചോദ്യം.
അവളുടെ ഭര്‍ത്താവും കുട്ടിയും തൊട്ടരികിലുണ്ടായിരുന്നു. അവള്‍ എന്നെങ്കിലും പാട്ടു പാടിയിരുന്നതായി അയാളോ മകളോ ഒരിക്കലും അറിഞ്ഞിട്ടുണ്ടാവില്ലെന്ന് പെട്ടെന്ന് തോന്നി. വിവാഹം ചിലരുടെയൊക്കെ ഉള്ളിലെ പാട്ടുകള്‍ കൂടി കവര്‍ന്നെടുക്കുന്നുണ്ടാവണം പച്ച ജീവിതത്തിന്റെ കനം ഒരു പേപ്പര്‍ വെയ്റ്റു പോലെ പലപ്പോഴും പെണ്‍കുട്ടികളുടെ ഈണങ്ങള്‍ക്കു മേല്‍ നിലയുറപ്പിക്കുന്നുണ്ടാവണം.
പിന്നെ ഭക്ഷണ നേരമായിരുന്നു.
എത്രയോ കാലത്തിനു ശേഷമായിരുന്നു ഒന്നിച്ചുള്ള അത്തരമാരു വേള. എല്ലാവരും പരസ്പരം വിശേഷങ്ങള്‍ പറയുകയായിരുന്നു. തമാശകളും ചിരികളും ചേര്‍ന്ന് ഇലയിലെ ഭക്ഷണത്തിന് രുചി കൂടി.
കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ പടിയിറക്കമായി. പല വഴികളിലേക്കുള്ള ചിതറല്‍. ആണ്‍കുട്ടികളില്‍ ചിലര്‍ വീണ്ടുമൊരു ഒത്തു ചേരലിനുള്ള ഒരുക്കങ്ങളിലായിരുന്നു. കുടുംബത്തെ നേരത്തെ വിട്ട് ഒരു രാത്രി ഒന്നിച്ചു കൂടാനുള്ള തിരക്ക്. അതിനുള്ള കുപ്പികള്‍ നേരത്തെ തയ്യാറായിരുന്നു.
തിരിച്ചിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണില്‍ നമ്പറുകള്‍ കുറേ കൂടി. പോക്കറ്റ് ഡയറിയില്‍ കുറേ ഇ മെയില്‍ ഐഡികള്‍. ഇനിയും കാണാമെന്ന അനേകം വാഗ്ദാനങ്ങള്‍ കോളജ് പടവുകളിറങ്ങി ഒപ്പം പോന്നു.
ക്ലാസ് മേറ്റ്സ് എന്ന സിനിമ ഒരിക്കലും ഉണ്ടാവരുതായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. കാലങ്ങള്‍ക്കു ശേഷമുള്ള എല്ലാ കാമ്പസ് കൂടിചേരലുകളെയും അത് ഒരേ അച്ചിലേക്കു മാറ്റുന്നു. ആ സിനിമയുടെ തിരക്കഥയിലാണ് കൂടിച്ചേരലുകള്‍. സ്വാഭാവിക വികാരങ്ങളും പ്രതികരണങ്ങള്‍ക്കും പകരം അതേ തിരക്കഥയിലെ വികാര വിചാരങ്ങള്‍. ഞങ്ങളുടെ സംഗമത്തിനും ഇതില്‍നിന്ന് മോചനമുണ്ടായില്ല.
സംഗമം കഴിഞ്ഞിട്ടിപ്പോള്‍ കുറേ കാലമായി.
പരിപാടി കഴിഞ്ഞ ആദ്യ മാസം കുറേ വിളികള്‍ വന്നിരുന്നു. ചിലതൊക്കെ തിരക്കുള്ള നേരങ്ങളില്‍. അതു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ പലരുടെയും മുഖം ചുളിഞ്ഞിരിക്കണം. എന്നാല്‍, പിന്നീട് തിരിച്ചു വിളിക്കുമ്പോള്‍ അവരും തിരക്കുകളിലായിരുന്നു.
തിരക്കില്ലാത്ത സമയങ്ങളില്‍ വിളിച്ച ചില ചങ്ങാതിമാരോടൊക്കെ കുറേ നേരം സംസാരിച്ചു. എന്നാല്‍, വാക്കുകള്‍ പലപ്പോളും ഇടമുറിഞ്ഞു. അധികമൊന്നും സംസാരിച്ചിരിക്കാനുള്ള കോപ്പില്ലായിരുന്നു, പലപ്പോഴും. പഠന കാലത്ത് രാത്രി മുഴുവന്‍ സംസാരിച്ചിരുന്നവര്‍ക്ക് അഞ്ചു മിനിറ്റ് സംസാരിക്കുമ്പോഴേക്കും മടുക്കുന്നുണ്ടായിരുന്നു.
എല്ലാവരും ഏറെ മാറിയിരുന്നു. അഭിരുചികളും രാഷ്ട്രീയ ബോധവും താല്‍പര്യങ്ങളുമെല്ലാം. ആരും അംഗീകരിക്കുന്നില്ലെങ്കിലും അത് പ്രകടമായിരുന്നു. ഇത്തിരി നേരം സംസാരിക്കുമ്പോഴേക്കും ഈ മാറ്റങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ വന്ന് കരിങ്കല്ലു പോലെ നിന്നു.
നാടിനെ മാറ്റണമെന്ന് കലശലായി പറഞ്ഞു നടന്ന ഒരു ചങ്ങാതി വിളിച്ചത് ഏതോ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയില്‍ അംഗത്വമെടുക്കാന്‍ പറയാനായിരുന്നു. പുസ്തകങ്ങള്‍ക്ക് തീറെഴുതിയ ചങ്ങാതി വല്ലതും വായിച്ച് എത്രയോ കാലമായെന്ന് തുറന്നു പറഞ്ഞു. മഴ പോലെ കവിതയെഴുതിയിരുന്ന കൂട്ടുകാരന്‍ ആളുകളെല്ലാം ഈ പണ്ടാര പുസ്തകം വായിച്ചിരുന്നിട്ടാണ് നാടു നന്നാവാത്തതെന്ന് അഭിപ്രായപ്പെട്ടു.
അങ്ങനെയങ്ങിനെ പലര്‍. നല്ല തിരക്കുള്ള സമയത്ത് വിളിച്ച് ചിലര്‍ സ്വപ്നങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും വാചാലരായി. തിരക്കാണെന്ന് പറഞ്ഞപ്പോള്‍ തെറിയായി. ഒഴിവു നേരങ്ങളില്‍ ഒത്തു കൂടി ഇത്തിരി മദ്യപിച്ച ആവേശത്തിലായിരുന്നു അവരുടെ സംസാരങ്ങള്‍. മറ്റൊരു നേരത്ത് തിരിച്ചു വിളിച്ചപ്പോള്‍ ഇക്കാലത്ത് എന്ത് സംഗീതം എന്ന മട്ടിലായിരുന്നു പലരും.
പരസ്പരം മനസ്സിലാവാന്‍ പോലും കഴിയാത്തത്ര അകലങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത് എന്നു ബോധ്യപ്പെടുത്താന്‍ മാത്രം സഹായിച്ചു, പല വിളികളും. അതിനാല്‍, വിളികള്‍ പതുക്കെ നിലച്ചു.
ഇ-മെയില്‍ ഇന്‍ബോക്സില്‍ ഇപ്പോഴും വരാറുണ്ട് ചില ഫോര്‍വേഡഡ് മെയിലുകള്‍. ചിലപ്പോള്‍ ചില കുറിപ്പുകള്‍. മദ്യമാണ് അതെഴുതിച്ചത് എന്ന് മുഖത്തെഴുതി വെച്ചത്ര അരോചകമായ സാഹിത്യങ്ങള്‍. ഓര്‍മ്മ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓടി രക്ഷപ്പെടാന്‍ തോന്നി ചിലരുടെ ഒഴിവു നേര വിനോദമായ കവിതകള്‍ വായിച്ചപ്പോള്‍.
അങ്ങിനെയാണ് കാര്യങ്ങള്‍. പണ്ടേ കൂടെ നടക്കുന്ന ചില ചങ്ങാത്തങ്ങള്‍ ഒഴിച്ച് മറ്റൊന്നും ഇപ്പോള്‍ ഒപ്പമില്ല. സംഗമത്തിലൂടെ തിരിച്ചെത്തിയ ചങ്ങാത്തങ്ങള്‍ക്കൊന്നും ആയുസ്സുണ്ടായിരുന്നില്ല.
സൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു. ചില പ്രത്യേക അളവില്‍ മഞ്ഞും വെയിലും മഴയും വേണമതിന്. അതില്ലാതായാല്‍ അവ കരിഞ്ഞു പോവും. പണ്ടു കാമ്പസ് കാലത്ത് കാലാവസ്ഥ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. ഇപ്പോള്‍ എതിരും. അതിനാലാവണം വീണ്ടും മൊട്ടിട്ട കൂട്ടുകളൊന്നും തളിര്‍ക്കാതെ പോയത്. അതാരുടെയും കുഴപ്പം കൊണ്ടാവില്ല. ജീവിതത്തിന്റെ സ്വാഭാവികത മാത്രമാണ് അതെന്ന് ഇപ്പോള്‍ തിരിച്ചറിയാനാവുന്നു.
സൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു. ചില പ്രത്യേക അളവില്‍ മഞ്ഞും വെയിലും മഴയും വേണമതിന്. അതില്ലാതായാല്‍ അവ കരിഞ്ഞു പോവും.
ReplyDeleteസൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു. ചില പ്രത്യേക അളവില്‍ മഞ്ഞും വെയിലും മഴയും വേണമതിന്. അതില്ലാതായാല്‍ അവ കരിഞ്ഞു പോവും. TRUE
ReplyDeleteഎല്ലാക്കാലത്തേക്കുമായി വിരിയുന്ന പൂവൊന്നുപോലുമില്ല. സൗഹൃദങ്ങളൂം.
ReplyDeleteഒരു കാരണവും ഇല്ലാതെ ഓര്‍ക്കാപ്പുറത്ത് വിളിക്കുന്ന കുറച്ച് കൂട്ടുകാരുണ്ട്.
കൂടുതല്‍ ഒന്നും പറയാനുണ്ടാവില്ല. ജീവിതത്തില്‍ പറയത്തക്ക പുതുമ ഒന്നും സംഭവിച്ചിരിക്കില്ല.
എന്നിട്ടും ഓര്‍ക്കാപ്പുറത്ത് വെറുതെ വിളിക്കും. തിരിച്ചുവിളിക്കാത്തതില്‍ പരിഭവമില്ലാത്ത
ഇവരൊക്കെ എക്കാലത്തേക്കൂമുള്ളാ പൂവായിരിക്കും.
സൌഹൃദങ്ങള്‍ അധികവും അങ്ങിനെയാ.. ഓരേ വഴിയമ്പലത്തില്‍ ഒന്നിച്ച് ചേരുമ്പോള്‍ ഒരേമനസ്സായി ജീവിക്കുന്നവര്‍.. വഴിപിരിയുമ്പോള്‍ മറ്റൊരു വഴിയമ്പ്ലത്തില്‍ പുതിയവരുമായി ചങ്ങാത്തം.. അപൂര്‍വ്വം ചിലര്‍ മാത്രം വഴിപിരിഞ്ഞാലും വീണ്ടുമൊരേ വഴിയിലൂടെ സഞ്ചരിക്കാന്‍ തിടുക്കപ്പെടുന്നു..
ReplyDeleteഅതേ .അത് വീണ്ടും വെറുതെ വേദനപ്പിക്കാനുള്ള ഒരു ചടങ്ങുമാത്രം....പിന്നീട് അതിനൊരു തുടര്‍ച്ച ഉണ്ടാകുന്നില്ല.
ReplyDeleteആര്‍ക്കും സമയം ഇല്ല എന്നത് തന്നെ....ക്ലാസ് മേറ്റ് ചിന്തകള്‍ നന്നായി
അൽപം വിയോജിക്കുന്നു.“സൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു. ചില പ്രത്യേക അളവില്‍ മഞ്ഞും വെയിലും മഴയും വേണമതിന്. ”എന്നത് ശരി. എന്നാൽ അനുകൂലമായ കാലാവസ്ഥ സൃഷിക്കേണ്ടതു സ്വന്തം മനസ്സിൽ നിന്നാണ്. അവിടെ നിന്നു മാത്രം
ReplyDeleteവായിച്ചു. നല്ല എഴുത്ത്. പലപ്പോഴും തോന്നിയിട്ടുള്ള കാര്യങ്ങളാണ്. എങ്കിലും കാമ്പസും കൂട്ടുകാരെയും എന്നും ചെറിയൊരു നഷ്ടബോധത്തോടെ മാത്രമേ കാണാന്‍ കഴിയൂ.
ReplyDeleteസൌഹൃദങ്ങള്‍ തണല്‍മരങ്ങള്‍.....ചിലപ്പോള്‍ ചില വേനലുകളില്‍ വാടിയാലും വര്‍ഷവും വസന്തവും മഴച്ചിന്തുകളും പൂപ്പൊലിവുകളും കാത്തുവയ്ക്കും..നമുക്കായ്!നന്മ വരട്ടെ
ReplyDeleteനീലകുറിഞ്ഞികള്‍ പൂക്കുന്നത് പോലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ .ക്ഷണികമായൊരാനന്ദം നല്‍കി പിന്നെ പൂത്തുലയാം എന്ന വാഗ്ദാനം പരിമളത്തോടെ പരിലസിപ്പിച്ച് വാടിക്കരിഞ്ഞ് കൊഴിയുന്നു.ജീവിത പ്രാരാബ്ദത്തിന്റെ കുത്തൊഴുക്കിലേക്ക് ചാഞ്ഞ മരത്തിനു തണലില്‍ ഇത്തിരി വിശ്രമമിച്ച് ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി അയവിറക്കാമെന്നോ കരുതുന്നവര്‍ തുലോം തുച്ഛം .പക്ഷെ നല്ല സൌഹൃദങ്ങള്‍ എപ്പോഴും സുഗന്ധം പൊഴിക്കുന്ന പനിനീര്‍ പുഷ്പങ്ങളെ പോലെ..
ReplyDeleteഇപ്പോ ഒരു ക്ലാസ്മേറ്റ്സ് മീറ്റ് കഴിഞ്ഞതേയുള്ളൂ. ചില സാന്ദ്ര സൌഹൃദങ്ങൾ ഉണ്ടായിരുന്നു.പക്ഷേ, അധികവും വെറും ഒച്ചപ്പാടായിരുന്നോ എന്ന് തോന്നി. സൌഹൃദത്തിന് ആവശ്യമായ സത്യസന്ധമായ പ്രയത്നം പങ്കുവെയ്ക്കാൻ ആർക്കും സമയമില്ലെങ്കിൽ സൌഹൃദം ഒറ്റയ്ക്കെങ്ങനെ നിലനിൽക്കുമെന്നും തോന്നി.
ReplyDeleteചില സൌഹൃദങ്ങള്‍ ...ചിലതെങ്കിലും ....ചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നില്ല അവ എപ്പോഴും പൂതുകൊണ്ടെ ഇരിക്കും ..എന്റെ അനുഭവം അങ്ങനെയാണ്. ചെറിയ ക്ലാസ്സുകളില്‍ തുടങ്ങിയ സൗഹൃദം,മൂന്നു പതിറ്റാണ്ടിനിപ്പുരവും സൂക്ഷിക്കുന്നു എന്ന അഹങ്കാരം പലപ്പോഴും തോന്നിയിട്ടുണ്ട്.
ReplyDeleteചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്നതിനെ സൗഹൃദം എന്ന് വിളിക്കാമോ ?
ചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്നതിനെ സൗഹൃദം എന്നു പരയാനാകില്ല. എനിക്ക് അതെല്ലാം ഒരു കുളിർകാറ്റു പോലെ നനുത്ത ഒർമ്മകളാനു. പോസ്റ്റിനോട് അല്പ്പം വിയോജിക്കുന്നു
ReplyDeleteപഴയ സൌഹൃദങ്ങള്‍ പലതും സൌഹൃദ ക്കൂട്ടയ്മ സൈറ്റുകളിലെ ഫ്രണ്ട് ലിസ്റ്റുകളില്‍ മാത്രം ചെര്‍ക്കപ്പെട്ടിരിക്കുന്നുവോ?"ഇതുവരെ പറഞ്ഞു തീര്‍ന്നില്ലേ"എന്ന് എത്രയോ പ്രാവശ്യം വഴക്ക് കിട്ടിയിട്ടുള്ളവര്‍ ,ഇന്ന് കാണുമ്പൊള്‍ വെറും പൊങ്ങച്ചം.കാമ്പസ്സിന്റെ പടി ഇറങ്ങിയതില്‍ പിന്നെ ഈ മാതിരി കലാപരിപാടികളില്‍ ഇത് വരെ എത്തപ്പെട്ടിട്ടില്ല.സൌഹൃദങ്ങള്‍ അത് പൂചെടിയാണ് ദിവസേന പരിചരണം വേണ്ടുന്ന ചെടി,ഇല്ലെങ്കില്‍ വാടി കരിഞ്ഞു പോകാം .കരിഞ്ഞു പോയവ പിന്നീട ജീവന്‍ വയ്ക്കുക പ്രയാസം .
ReplyDeleteമനുഷ്യര്‍ പലതരത്തിലുള്ളവരാണല്ലോ. കാലത്തിനൊത്ത് ചിലര്‍ക്ക് മാറാതിരിക്കാനും കഴിയില്ല. അതനുസരിച്ച് ഓരോരൌത്തരുടേയും സൌഹൃദാനുഭവങ്ങളും വ്യത്യസ്ഥമായിരിക്കും. ഒരു സാമാന്യവത്കരണത്തിന് അവിടെ പ്രസക്തിയുണ്ടെന്നുതോന്നുന്നില്ല.
ReplyDeleteഞാന്‍ അക്കാര്യത്തില്‍ ഭാഗ്യവാനാണെന്നാണ് തോന്നിയിട്ടുള്ളത്.
ഒരിക്കല്‍ നാട്ടില്‍ പോകുന്ന വഴിക്ക് ഞാന്‍ ദുബായില്‍ ഇറങ്ങി. എന്റെ ഒരു ക്ലാസ്സ്മേറ്റിന്റെ കൂടെയാണ് അവിടെ ഒരാഴ്ചയോളം താമസിച്ചത്. അവിടെ ജോലിചെയ്യുന്ന (മുന്‍)സഹപാഠികളെല്ലാം എന്നെ ഇങ്ങോട്ടു വന്നു കണ്ടു. ഒരു സുഹൃത്ത് നൂറുകിലോമീറ്ററിലധികം വണ്ടിയോടിച്ചു വന്നാണ് കണ്ടത്. അതിന് കാരണമുണ്ടായിരുന്നു. അവന്‍ ഹജ്ജിനു പോയപ്പോള്‍ എന്നെ ഇമെയില്‍ വഴി മാത്രമേ ബന്ധപ്പെടാനായുള്ളൂ. ഹജ്ജിനുപോകുന്നവര്‍ എല്ലാവരോടും മാപ്പപേക്ഷിച്ച് അതുലഭിച്ചതിനു ശേഷം മാത്രമേ പോകാവൂ എന്നാണല്ലോ. കോളേജില്‍ കണ്ട സുഹൃത്തല്ലായിരുന്നു അവന്‍ - ഒരു തികഞ്ഞ ഭക്തനായി മാറിയിരുന്നു. ഒരിക്കലും മറക്കില്ല, അവന്‍ അത്രയും താഴ്മയോടെ എന്നോടു മാപ്പിരന്ന ആ ദിവസം.
സമയം എന്നാ വേരിയബിളിന്റെ ഒരു ഫങ്ക്ഷന്‍ മാത്രമല്ലെ മനസ്സും അതിന്റെ വിവിധ ഭാവങ്ങളും .. കാലത്തോടൊപ്പം അവയും മാറാതെ പറ്റില്ലല്ലോ ....എല്ലാം ക്ഷനപ്രഭാച്ചഞ്ചാലം !!ക്ഷണഭംഗുരം !
ReplyDeleteവിലമതിക്കാനാകാത്ത ഒരുപാട് സൗഹൃദങ്ങൾ തന്ന എന്റെ കലാലയത്തിന്റെ പടിയിറങ്ങിയിട്ടേ ഉള്ളൂ ഞാൻ. ഈ ലേഖനം എന്നെ ഭയപ്പെടുത്തുന്നു, അവരെയൊക്കെ എനിക്ക് നഷ്ട്ടപ്പെടുമോ എന്നു. നന്നായി എഴുതി.
ReplyDeleteനല്ലൊരു ലേഖനം. ശരിയാണ്. ഒരേ അച്ചിലിട്ട പോലെ തന്നെ. എങ്കിലും 25 വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒത്തു കൂടിയ രണ്ടു ദിവസങ്ങൾ എനിക്ക് മറക്കാനാവില്ല.
ReplyDeleteക്ലാസ്മേറ്റ് ഒത്തു ചെരളുകലില്‍ പന്കെടുക്കുമ്പോള്‍ കുടുംബം ഒപ്പം വരരുത്. അത് തുറന്നു ഇടപഴാക്കുന്നതിനു തടസ്സമാണ് എന്ന് തോനുന്നു.
ReplyDelete'പാടിക്കൂടേ', ഞാന്‍ ചോദിച്ചു.
ReplyDelete'എന്ത് പാട്ട്. ഞാനോ?' അവളുടെ മറു ചോദ്യം.
അവളുടെ ഭര്‍ത്താവും കുട്ടിയും തൊട്ടരികിലുണ്ടായിരുന്നു. അവള്‍ എന്നെങ്കിലും പാട്ടു പാടിയിരുന്നതായി അയാളോ മകളോ ഒരിക്കലും അറിഞ്ഞിട്ടുണ്ടാവില്ലെന്ന് പെട്ടെന്ന് തോന്നി. വിവാഹം ചിലരുടെയൊക്കെ ഉള്ളിലെ പാട്ടുകള്‍ കൂടി കവര്‍ന്നെടുക്കുന്നുണ്ടാവണം പച്ച ജീവിതത്തിന്റെ കനം ഒരു പേപ്പര്‍ വെയ്റ്റു പോലെ പലപ്പോഴും പെണ്‍കുട്ടികളുടെ ഈണങ്ങള്‍ക്കു മേല്‍ നിലയുറപ്പിക്കുന്നുണ്ടാവണം.
സത്യം ..
കുറെ സത്യങ്ങള്‍..!
ReplyDeleteജീവിതം................!!
പച്ച ജീവിതത്തിന്റെ കനം ഒരു പേപ്പര്‍ വെയ്റ്റു പോലെ പലപ്പോഴും പെണ്‍കുട്ടികളുടെ ഈണങ്ങള്‍ക്കു മേല്‍ നിലയുറപ്പിക്കുന്നുണ്ടാവണം..
ReplyDeleteശരിയായ നിരീക്ഷണം.
50 വര്‍ഷം കഴിഞ്ഞു കണ്ടാലും, കേട്ടാലും ശരിയായ സൌഹൃദങ്ങള്‍ക്കു, അതേ സുഗന്ധം വറ്റാതെ നിലനില്‍ക്കുന്നുണ്ടാവും. ശരിയായ ഒരു സുഹൃത്തു മതി ഈ ജീവിതം ഏതവസ്ഥയിലും നേരിടാന്‍. അതിനു പുണ്യം ചെയ്യണം. എല്ലാവര്‍ക്കും ഉണ്ടാവട്ടെ നല്ല സുഹൃത്തുക്കള്‍.
പ്രിയപ്പെട്ട പച്ചില സുഹൃത്തേ,
ReplyDeleteഎപ്പോഴും പൂക്കുന്ന സൌഹൃദങ്ങള്‍ എനിക്ക് സ്വന്തം!നന്ദിയാരോട് ചൊല്ലേണ്ടു?
പത്രങ്ങളില്‍,മാഗസിനുകളില്‍ എല്ലാം ഈ കൂട്ടായ്മ വിശേഷം വായിക്കുന്ന്ട്!ഇപ്പോള്‍ അവധിയില്‍ ദുബായില്‍ നിന്നും വന്ന ഒരു ബന്ധു,ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ പഠിച്ച എല്ലാ കൂട്ടുകാരികളെയും കൂട്ടി ഒരു ദിവസം ചിലവഴിച്ചു!ചിലരെങ്കിലും ഒരു നോക്കു കണ്ടിരുന്നെങ്കില്‍ എന്ന് മോഹിപ്പിച്ചു കടന്നു പോയവര്‍ ആകാം!
മാറിയ ജീവിത സാഹചര്യങ്ങള്‍ അന്ഗീകരിക്കു!ഒരു സിനിമയെ കുറ്റം പറയേണ്ട!:)
പിന്നെ,പേര്‍സണല്‍ ആയിട്ട് ചോദിക്കുവാ........താങ്കള്‍ ഒരിക്കലും വാടാത്ത ഒരു സൌഹൃദ പൂവായി ആരുടെയെങ്കിലും ജീവിതത്തില്‍ സുഗന്ധം പരത്തുന്നു എന്ന് പറയാമോ? :)
സസ്നേഹം,
അനു
"സൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു" ആണോ??? അത്തരം സൌഹൃദങ്ങള്‍ കണ്ടേക്കാം... കലാലയ ജീവിതത്തിന്റെ വര്‍ണ്ണ പകിട്ടില്‍ മാത്രം ഉടലെടുക്കുന്നവ. പിരിഞ്ഞു കഴിഞ്ഞാല്‍ പിന്നീട് കാണാന്‍ പോലും ശ്രമിക്കാത്തവര്‍ .. പക്ഷെ അല്ലാത്തവയും ഒരുപാടുണ്ട് . വര്‍ഷങ്ങള്‍ക്കു ശേഷവും ഒരുമിച്ചു കാണുമ്പോള്‍ പണ്ടത്തെ അതേ തീവ്രതയോടെ കൂട്ടുകാരെ സ്വീകരിക്കുന്നവര്‍ എന്‍റെ കണ്മുന്നില്‍ ഉണ്ട് .
ReplyDeleteസൌഹൃതം ഒരു ചെമ്പ് കുടം പോലെ ആണ്
ReplyDeleteഉപയോഗിക്കുന്നുണ്ടെങ്കില്‍ തിളക്കം കൂടും
ഇല്ലെങ്കില്‍ ക്ലാവ് പിടിക്കും
എല്ലാ സൌഹൃദങ്ങള്‍ക്കും വായനകള്‍ക്കും
ReplyDeleteസ്നേഹം, നന്ദി.
വീണ്ടും ആ ക്ലാസ്സ് മുറിയിലേക്ക്ക് കൂട്ടിക്കൊണ്ട് പോയതിനു നന്ദി.
ReplyDeleteഒന്നു സൌഹൃദം പുതുക്കാന്‍ വന്നതാ...
ReplyDeleteഎവിട്യാ മാഷേ?
കാണാന്‍ ഇല്ലാല്ലോ...!
സൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു. ചില പ്രത്യേക അളവില്‍ മഞ്ഞും വെയിലും മഴയും വേണമതിന്. അതില്ലാതായാല്‍ അവ കരിഞ്ഞു പോവും.
ReplyDeleteവായിച്ചു കഴിഞ്ഞപ്പോ സങ്കടം തോന്നി...... എന്തിനാണെന്നറിയില്ല.....
ReplyDelete