Thursday, March 29, 2012

പല കാലങ്ങള്‍ ആല്‍ക്കെമിസ്റ്റ് വായിക്കുന്നു






പൌലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റിനെ'ക്കുറിച്ച് 
പണ്ടെഴുതിയ ഒരു കുറിപ്പ് തിരിച്ചു കിട്ടിയപ്പോള്‍. 
ഇരു കാലങ്ങള്‍ക്കുമിടയില്‍ കളഞ്ഞു പോയ ചില കാര്യങ്ങള്‍


1 

ചില നേരങ്ങളുണ്ട്. ഒട്ടും  തൃപ്തി തരില്ല ഒന്നും.  ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍, പാട്ടുകള്‍, സിനിമകള്‍, ചിത്രങ്ങള്‍, പ്രിയ സ്ഥലങ്ങള്‍... ഒന്നും. മടുപ്പെന്നും അശാന്തിയെന്നും വിവര്‍ത്തനം  ചെയ്യാവുന്ന അന്നേരങ്ങളില്‍  വെറുതെയിരിക്കുന്നതാണ് സമാധാനം. എല്ലാ സ്ക്രൂകളും അഴിച്ചിട്ട പോലെ അകം മറന്നിരിക്കല്‍. ഒരു തരം ശവാസനം.

അത്തരമൊരു നേരത്താണ്, മടുപ്പിന്റെ പതിവു തെരച്ചിലുകള്‍ക്കൊടുവില്‍ ആ കടലാസു കഷണം കിട്ടിയത്. മഞ്ഞച്ച്, അരികുകള്‍ മടങ്ങി, അവിടവിടെ മഷി പരന്ന് വെറുമൊരു കടലാസു തുണ്ട്. ഏതോ പുസ്തകത്തിനടിയില്‍നിന്ന് പെട്ടെന്ന് ചാടി വീണതാണ്.
കടലാസിന്റെ മുകളില്‍ ഇത്തിരി വലിയ അക്ഷരങ്ങളില്‍ 'നിമിത്തങ്ങളുടെ ഘോഷയാത്രയില്‍ ഒരു നിശ്ചല തടാകം' എന്നെഴുതിയിട്ടുണ്ട്.
അതിനു താഴെ  കുറിയ അക്ഷരങ്ങള്‍. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു, ആ കടലാസു തുണ്ടിനെ  ഓര്‍മ്മയിലേക്ക്  കൊളുത്തിയിടാന്‍.

ഇപ്പോഴറിയാം, അതെന്റെ കൈയക്ഷരം! പണ്ടൊരു രാത്രിയില്‍ ഒററയിരിപ്പിന് എഴുതിത്തീര്‍ത്തത്. പൌലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ്' എന്ന നോവലിന്റെ വായനാനുഭവം.

ഒരിക്കല്‍ ഉറ്റ ചങ്ങാതിയായിരുന്ന ഒരാള്‍ക്കു വേണ്ടി കഷ്ടപ്പെട്ട് എഴുതിവെച്ചതാണ്. ആല്‍ക്കെമിസ്റ്റ് അവരുടെ സംഘം നാടകമാക്കുന്നു, അതിന്റെ ബ്രോഷറില്‍ നല്‍കാന്‍ ഒരു കുറിപ്പ് വേണം. അതായിരുന്നു ആവശ്യം.  എന്തെങ്കിലും എഴുതാനാവുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. വല്ലതും എഴുതിയിട്ട് കാലമൊരുപാട്. പല വട്ടം പറഞ്ഞൊഴിഞ്ഞിട്ടും  നിശിതമായ നിര്‍ബന്ധം  എതിര്‍പ്പുകളുടെ മുനയൊടിച്ചു. സൌഹൃദം വെച്ചുള്ള വിലപേശലിനൊടുവില്‍ ഒരു രാത്രിയില്‍ വീണ്ടും ആല്‍ക്കെമിസ്റ്റിലേക്ക് നടന്നു. എത്ര ശ്രമിച്ചിട്ടും ഒരു വരി പോലും എഴുതാനാവാത്ത നിവൃത്തികേടിനൊടുവില്‍ ഒരു വരി എഴുതി വെച്ചു. പെട്ടെന്ന് കറന്റ് പോയി.

സമാധാനമായി. ഇനി  മെനക്കെടേണ്ടല്ലോ. വെറുതെ കണ്ണടച്ചു കിടന്നു. മഴയുള്ള രാത്രിയായിരുന്നു. പുറത്ത് വെറുതെ പെയ്തു കൊണ്ടേ ഒരു മഴ. അതിലേക്ക് കാതു നട്ടിരിക്കെ, ഇത്തിരി നിമിഷങ്ങള്‍ക്കൊടുവില്‍ അത് ചിണുങ്ങി നിന്നു. ഇപ്പോള്‍ മരം പെയ്യുന്ന ശബ്ദം.
കണ്ണുകള്‍ ഇറുകിയടച്ച്, പുറത്തെ ചെറിയ ശബ്ദങ്ങളിലേക്ക് കാതയച്ചിരിക്കെ, മനസ്സിലേക്ക് ആല്‍ക്കെമിസ്റ്റ്  വീണ്ടും കയറി വന്നു. ഒറ്റയിരിപ്പിന് അതു വായിച്ചു തീര്‍ന്ന പഴയൊരു രാത്രിയുടെ ഓര്‍മ്മ. അതിനപ്പുറം, ആ നോവല്‍ അന്നുണ്ടാക്കിയ ഇളക്കങ്ങള്‍.
പെട്ടെന്ന് സാന്റിയാഗോയുടെ രൂപം  മനസ്സില്‍ വന്നു. സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ച പാവം ആട്ടിടയന്‍. എന്തിനായിരുന്നു അവന്റെ തീരാത്ത അലച്ചിലുകള്‍? നിധിക്കു വേണ്ടി എന്നത് സാധാരണ  ഉത്തരം. തീര്‍ച്ചയായും അതല്ല കാര്യമെന്ന് അടുത്ത ക്ഷണം ഉറച്ചു. യാത്ര തന്നെയായിരുന്നു അവന്റെ ലക്ഷ്യമെന്ന് ഉള്ളിലാരോ പറഞ്ഞു.അങ്ങിനെയങ്ങനെ, സാന്റിയാഗോയുടെ മനസ്സിലേക്ക് മെല്ലെ മെല്ലെ നടന്നു കയറി തുടങ്ങിയ ഏതോ നിമിഷം കറന്റു വന്നു.

ഇപ്പോള്‍ മുറിയില്‍ ഇരുട്ടു മാഞ്ഞിരിക്കുന്നു. കുറേ നേരം കണ്ണടച്ചിരുന്നതിന്റെ ചെറിയ ഒരസ്വസ്തത.
യാന്ത്രികമായി എണീറ്റിരുന്നു. മേശമേല്‍ ചുരുട്ടിയിട്ട കുറേ കടലാസു കഷണങ്ങള്‍. എഴുതാന്‍ നടത്തിയ വിഫല ശ്രമങ്ങളുടെ അടയാളങ്ങള്‍. അതെടുത്ത് താഴെയിട്ട് പുതിയ കടലാസില്‍ എഴുതിത്തുടങ്ങി. നേരത്തെ ആലോചിച്ചു വന്നതിന്റെ തുടര്‍ച്ച. ഒട്ടും ആയാസപ്പെടാതെ ഒരേ ഒഴുക്ക്. ചെറിയ കുറിപ്പായിട്ടും അതെഴുതി കഴിഞ്ഞപ്പോള്‍ ശരിക്കും സന്തോഷം തോന്നി.
കയ്പ്പുറ്റ കുറേ അനുഭവങ്ങള്‍ ചേര്‍ന്ന് പിടിച്ചു കെട്ടിയ എഴുത്ത് വീണ്ടും വിരല്‍ത്തുമ്പില്‍ വന്നുതൊട്ടതിന്റെ അടക്കാനാവാത്ത ആഹ്ലാദം. വലിയ എഴുത്തുകാര്‍ക്കു മാത്രമല്ല, കടലാസിലല്ലാതെ മനസ്സില്‍ മാത്രം എഴുതിക്കൊണ്ടേയിരിക്കുന്ന എന്നെപ്പോലൊരു സ്വപ്നജീവിക്കും അത് പ്രിയപ്പെട്ട നിമിഷം.



2
ആ കടലാസ് കഷണമാണ് കാലങ്ങള്‍ക്കു ശേഷമിപ്പോള്‍..
. ആ ദിവസത്തിന്റെ സന്തോഷത്തുള്ളികള്‍ മുഴുവന്‍ ഓര്‍മ്മയുടെ മരത്തില്‍നിന്ന് പെയ്തുകൊണ്ടിരിക്കുന്നു.
ഉറപ്പാണ്. മികച്ചൊരു കുറിപ്പേയല്ല ഇത്. കുറേ മുമ്പ് വായിച്ച ഓര്‍മ്മയില്‍നിന്ന് ആല്‍ക്കെമിസ്റ്റിനെ പകര്‍ത്തിയതിന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ കാണും. വസ്തുതാ പരമായ അബദ്ധങ്ങളുണ്ടാവാം. ഓര്‍മ്മപ്പിശകുകളുണ്ടാവാം. പറയാനുള്ളത് അതേ പോലെ ബോധ്യപ്പെടുത്താനാവാത്ത അവ്യക്തതയുണ്ടാവാം. എങ്കിലും, മരവിപ്പിന്റെ നീണ്ടൊരു കടല്‍ ഒറ്റക്കു മുറിച്ചു കടന്ന ആ രാത്രിയുടെ സന്തോഷഭരിതമായ ഓര്‍മ്മയാല്‍ അതെല്ലാം  മറക്കാനാവുന്നു. എഴുതിയത്  എന്ത് എന്നതിനേക്കാള്‍ എഴുതാന്‍ കഴിഞ്ഞു എന്ന ഒരൊറ്റ സന്തോഷത്തില്‍ മനസ്സ് നിറയുന്നു.

അതിനാല്‍, പ്രിയപ്പെട്ട ചങ്ങാതിമാരേ, അതിവിടെ. നിങ്ങള്‍ക്കു മാത്രമായി. ഇതിനെക്കുറിച്ചാണോ ഇത്രയും എഴുതിപ്പിടിപ്പിച്ചത് എന്ന സന്ദേഹം നിങ്ങളുടെ പുരികം ചുളിക്കുന്നതറിയാം. എങ്കിലും ഏറ്റവും വൈയക്തികമായ കാരണങ്ങളാല്‍,  മനുഷ്യന്‍ എന്ന നിലയില്‍ അനുഭവിക്കുന്ന ചെറിയ, വലിയ സന്തോഷങ്ങളാല്‍ ഇത്, ഇവിടെ.




3

നിമിത്തങ്ങളുടെ ഘോഷയാത്രയില്‍
ഒരു നിശ്ചല തടാകം
ജീവിതത്തിന്റെ കുത്തൊഴുക്കിനിടെ, നിശ്ചയമായും നാം ചെന്നുറഞ്ഞുപോവുന്ന ചില ഇടങ്ങളുണ്ട്. ജോലിയെന്നോ സാമ്പത്തിക ഭദ്രതയെന്നോ പേരുവിളിക്കാവുന്ന ജീവിത സുരക്ഷയുടെ ഇടങ്ങള്‍. ഒന്നും ചെയ്യേണ്ട. വെറുതെ നിന്നു കൊടുത്താല്‍ മാത്രം മതി. ജീവിതം ഒരേ സുരക്ഷയില്‍, ഒരേ പാളത്തില്‍ ചലിച്ചു കൊണ്ടേയിരിക്കും. മുന്നിലുളള സാധ്യതകളെ, മാറ്റങ്ങളെ  കൊട്ടിയടച്ചു കൊണ്ടേയിരിക്കും. കെട്ടിനില്‍ക്കുന്ന ഒരു ജലാശയമായി നാം പതിയെ രൂപാന്തരപ്പെടും.

സുരക്ഷിതമെങ്കിലും അനക്കമറ്റ ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി യാത്രയുടേതാണ്. തന്നെത്തന്നെ മുറിച്ചു കടക്കല്‍. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് സ്വയം വലിച്ചെറിയല്‍. ഉള്ളിന്റെയുള്ളില്‍ യാത്രയുടെ വിത്തു മുളച്ചവര്‍ക്കേ നിശ്ചലതയുടെ ഈ നദി മുറിച്ചു കടക്കാനാവൂ. സ്വന്തം സ്വപ്നത്തിലേക്കുള്ള ആസക്തമായ ആ സഞ്ചാരത്തിനു മാത്രമാണ് ജീവിതത്തിന്റെ ഉയരങ്ങളും സാധ്യതകളും കണ്ടെത്താനാവുക.

ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റ്' ഇത്തരമൊരു മുറിച്ചു കടക്കലാണ്. ആട്ടിടയനായ സാന്റിയാഗോ സ്വപ്നത്തിലെ നിധി തേടിയാണ് ജീവിതത്തിന്റെ മരുഭൂമികളില്‍ പറന്നു വീഴുന്നത്. സ്വപ്നങ്ങളുടെയും നിമിത്തങ്ങളുടെയും കൈത്താങ്ങിലാണ് അവന്‍ നിധി എത്തിപ്പിടിക്കുന്നത്. മുത്തശ്ശിക്കഥയുടെ സാരള്യവും ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെ വിശാലതയും മനോവ്യാപാരങ്ങളുടെ സങ്കീര്‍ണ്ണതയും സമന്വയിപ്പിക്കുന്ന ആഖ്യാനത്തിലൂടെയാണ് പൌലോ കൊയ്ലോ ഇത് സാധ്യമാക്കുന്നത്.

ഈജിപ്തിലെ പിരമിഡുകള്‍ക്കിടയിലെവിടെയോ മറഞ്ഞു കിടക്കുന്ന നിധിയാണ് സ്വപ്നമായി വന്ന് സാന്റിയാഗോയെ  കുത്തിയിളക്കുന്നത്. വെള്ള രോമങ്ങളുള്ള ആട്ടിന്‍പറ്റങ്ങളുടെ ഇടയന്‍ മാത്രമായിരുന്നു അതുവരെ അവന്‍. സ്വപ്നം സാന്റിയാഗോയെ കെട്ടഴിച്ചുവിട്ടു. ' നിധി കണ്ടെത്താനായി ചില നിമിത്തങ്ങള്‍ നിന്റെ മുന്നിലെത്തും. ആ നിമിത്തങ്ങളെ പിന്തുടര്‍ന്നാല്‍ നീ നിധിയിലേക്കെത്തും'.

നിമിത്തങ്ങള്‍ അവനെ തേടിയെത്തി. ആദ്യമൊരു ചിത്രശലഭം. പിന്നെ ഒരു ജിപ്സി സ്ത്രീ. ജ്ഞാനിയായൊരു വൃദ്ധന്‍. പഴഞ്ചന്‍ രാജാവ്. ആല്‍ക്കെമിയുടെ വഴികള്‍ തേടിയലയുന്ന ഒരിംഗ്ലീഷുകാരന്‍. ഒടുക്കം ആല്‍ക്കെമിസ്റ്റ് എന്ന അസാധാരണ മനുഷ്യന്‍. ഈ നിമിത്തങ്ങളിലേക്ക് ചിതറിപ്പോവുന്നതിനിടെ സാന്റിയാഗോയ്ക്ക് ഏറെ പ്രിയപ്പെട്ട ആട്ടിന്‍പറ്റത്തെ വിറ്റഴിക്കേണ്ടി വരുന്നു. യാത്രക്കു കരുതിയ പണം കൈമോശം വരുന്നു. പണം കായ്ക്കുന്നൊരു ജോലിയും അതു നീട്ടുന്ന സാധ്യതയും  ഉപേക്ഷിക്കേണ്ടി വരുന്നു. കിട്ടിയ കാശുമായി നാട്ടിലേക്ക് മടങ്ങാമെന്ന സാന്റിയാഗോയുടെ തീരുമാനവും ഈ സ്വപ്നത്തില്‍ തട്ടിമറിയുന്നു.
ഈ ഉപേക്ഷിക്കലുകള്‍^ ഒറ്റനോട്ടത്തില്‍ വിലപ്പെട്ടതെന്ന് തോന്നുന്ന സാധ്യതകളില്‍നിന്നുള്ള ഈ പലായനങ്ങള്‍^സത്യത്തില്‍ അതാണ് സാന്റിയാഗോയെ നിധിക്ക് അര്‍ഹനാക്കുന്നത്. ഫാത്തിമ എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രഥമ ദര്‍ശനാനുരാഗവും സ്വന്തം സ്വപ്നത്തെ തേടിയുള്ള ഒഴുക്കില്‍ അവനെ വിട്ടൊഴിയുന്നു.

സാധാരണ ജീവിതത്തിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ സാന്റിയാഗോയുടെ  ഈ 'ഉപേക്ഷിക്കലുകള്‍' കേവലം വിഡ്ഢിത്തമെന്നു വരുന്നു. വെറുമൊരു സ്വപ്നത്തിന് വേണ്ടി ജീവിത സ്വപ്നങ്ങളെ നിരാകരിക്കല്‍. എന്നാല്‍, ഒടുക്കം സാന്റിയാഗോയെ കാത്ത് പിരമിഡുകള്‍ക്കിടയിലെവിടെയോ മറഞ്ഞിരിക്കുന്ന നിധിയുടെ യാഥാര്‍ഥ്യം നമ്മുടെ കേവല യുക്തികളെ പറത്തിക്കളയുന്നു.

കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍ പോലെ നാം ചുമന്നു  നടക്കുന്ന ജീവിതങ്ങളുടെ 'പ്രായോഗികത' യെയാണ് ആല്‍ക്കെമിസ്റ്റ് എന്ന കൃതി തട്ടിയുടക്കുന്നത്. ഏറ്റവും ബുദ്ധിപൂര്‍വകമായ നമ്മുടെ തീരുമാനങ്ങള്‍ക്കപ്പുറവും അസാധാരണവും അയുക്തികവുമായ സൌഭാഗ്യങ്ങളുടെ സാധ്യത മറഞ്ഞിരിപ്പുണ്ടെന്ന് അതോര്‍മ്മിപ്പിക്കുന്നു. നമ്മുടെ ബുദ്ധിപരമായ തീര്‍പ്പുകളും ഉറപ്പുകളും , മറ്റൊരു കണ്ണിലൂടെ  നോക്കുമ്പാള്‍ ശുദ്ധ ഭോഷ്ക് മാത്രമാണന്നും കേവല യുക്തി എന്നൊന്നില്ലെന്നും ഈ ആട്ടിടയന്‍ പറഞ്ഞു വെയ്ക്കുന്നു.



4
ഇത് എഴുതിയിട്ടിപ്പോള്‍ കുറേ കാലമായിരിക്കുന്നു. അന്ന് നിര്‍ബന്ധം പിടിച്ച് ഇതെഴുതിച്ച കൂട്ടുകാരന്‍ ഇത് നാടകത്തിന്റെ ബ്രോഷറില്‍ ഉപയോഗിച്ചോ എന്നറിയില്ല. ഇത് വേറെ ആരെങ്കിലും വായിച്ചോ എന്നും.
തീരെ ചെറുതെങ്കിലും ഈ കാലയളവില്‍ ജീവിതം എത്രയറെ മാറിയെന്ന് ആശ്ചര്യം തോന്നുന്നു. ജീവിതത്തിന്റെ പ്രയോറിറ്റികള്‍ അടിമുടി മാറി. അന്ന് ഇതഴുതിച്ച ഉറ്റ കൂട്ടുകാരന്‍ കണ്ടാല്‍ തിരിച്ചറിഞ്ഞില്ലെന്ന് നടിക്കാന്‍ കഴിയും വിധം അകന്നു. ആ നാടക സംഘവും വഴി പിരിഞ്ഞു കാണണം.
അന്നിതെഴുതിയ മുറി ഇന്ന് ഭൂമിയിലേ ഇല്ല. വാടകക്കാര്‍ കൂടിക്കൊണ്ടിരിക്കുന്ന നഗരത്തില്‍ ഒറ്റ വീടു മാത്രമായി നിലനിര്‍ത്താതെ മേല്‍ക്കുമേല്‍ പുതിയ നിലകള്‍ പണിയാന്‍ വീട്ടുടമ അതു പൊളിച്ചു കളഞ്ഞു. അവിടെയിപ്പോള്‍ ചെറിയ ഒരു അപാര്‍ട്മെന്റ്.

ഒരിക്കല്‍ പ്രിയപ്പെട്ടതായി കരുതിയിരുന്ന നഗരം ഉപേക്ഷിച്ചിട്ടിപ്പോള്‍ വര്‍ഷങ്ങള്‍.  ഇപ്പോള്‍ കഴിയുന്ന ഈ നഗരത്തെ ഇനിയും സ്നേഹിച്ചു തുടങ്ങിയിട്ടുമില്ല.
എല്ലാത്തിനുമപ്പുറം, പൌലോ കൊയ്ലോ. ആല്‍ക്കെമിസ്റ്റ് ഒരു തരത്തില്‍ ഒരിളക്കി പ്രതിഷ്ഠയായിരുന്നു. വായനയുടെ മടുപ്പില്‍നിന്ന് അപ്രതീക്ഷിതമായ ഒരു മണ്ണിളക്കം. അപരിചിതമായ  ഒരു ജീവിതത്തിലേക്കുള്ള  ദാര്‍ശനികമായ പുറപ്പാടുകള്‍  വല്ലാത്ത ഒരൂര്‍ജം പകര്‍ന്നു. പോസിറ്റീവ് എനര്‍ജി. അടുപ്പമുള്ളവരെ കൊണ്ടൊക്കെ അന്നതു വായിപ്പിച്ചു. പൌലോ കൊയ്ലോ എന്ന എഴുത്തുകാരനെ തേടിപ്പിടിച്ചു വായിച്ചു.  പൈറേറ്റഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന ചെറിയ കടയില്‍നിന്ന് മോശം കടലാസില്‍ അച്ചടിച്ച മറ്റു പുസ്തകങ്ങളില്‍ ചിലത് കണ്ടെത്തി.

എന്നാല്‍, പോകപ്പോകെ മഹാനായ ആ എഴുത്തുകാരനെയും മടുത്തു. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ഒരേ അച്ചു തണ്ടില്‍ തിരിയുന്നുവെന്ന് തോന്നി. ഒരു തരം മതപരത, സദാചാരപരത അവിടവിടെ മണത്തു.  മാനേജ്മെന്റ് വിദഗ്ദര്‍ പറയുന്നതുപോലൊരു യാന്ത്രികത അവിടവിടെ വായിച്ചെടുത്തു. ഇന്‍സ്പിരേഷന്‍ തരുന്ന തരം പുസ്തകങ്ങളില്‍ പണ്ടു വായിച്ചു തള്ളിയ ഏതൊക്കെയോ ഘടകങ്ങള്‍  മനോഹരമായ ഭാഷയുടെ പുറംമോടിയണിഞ്ഞ് വന്നു നില്‍ക്കുന്നതായി തോന്നിത്തുടങ്ങി. പതിയെ പൌലോ കൊയ്ലോയില്‍നിന്ന് മറ്റിടങ്ങളിലേക്ക് വായന തിരിഞ്ഞു. എങ്കിലും, ആ കൃതികള്‍ പങ്കുവെയ്ക്കുന്ന  ദാര്‍ശനിക വ്യാപാരങ്ങള്‍ക്കപ്പുറം പൌലോ കൊയ ലോ എന്ന മഹാനായ എഴുത്തുകാരന്റെ  കഥപറച്ചിലിന്റെ ചാരുത മനസ്സില്‍തന്നെ ഒട്ടിപ്പിടിച്ചു നിന്നു. എത്ര ലളിതമായി, എത്ര അനായാസം വായനക്കാരനെ ഒപ്പം നടത്താന്‍ ഈ മനുഷ്യന് എങ്ങനെ കഴിയുന്നുവെന്ന് കൊതിയോടെ അതിശയിക്കുന്നു, ഇപ്പോഴും.

 ആ കുറിപ്പിലെ  മാനസികാവസ്ഥ പോലും അകംപുറം മറിഞ്ഞുവെന്നു തോന്നുന്നു. കെട്ടിക്കിടക്കുന്ന ജലാശയം പോലെയാണിപ്പോള്‍ ജീവിതം. ഒട്ടുമനങ്ങാതെ. അലച്ചിലിന്റെ ഉറവകള്‍ എന്നേ മൂടിപ്പോയ പോലെ.  നിമിത്തങ്ങള്‍ മുന്നില്‍ വന്നാലും അവഗണിക്കാനാവുന്ന വിധം ഈ ജീവിതം, അതിന്റെ നിശ്ചലതയെ ഇപ്പോള്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

Monday, March 26, 2012

വേനല്‍ കുറിപ്പുകള്‍




മാസങ്ങള്‍ക്കു മുമ്പ് കാറ്റിന്റെ തണുപ്പന്‍ വരവുകളെക്കുറിച്ച് എഴുതി തുടങ്ങിയിയിടത്താണ് ബ്ലോഗെഴുത്ത് നിലച്ചുപോയത്. മഴക്കാലമായിരുന്നു അത്.  തണുപ്പുമായെത്തുന്ന പാലക്കാടന്‍ കാറ്റിനെക്കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്. പല ദേശങ്ങളെ ഒന്നിച്ച് മഴയുടെ അയയില്‍ നനക്കാനിടുന്ന അതിന്റെ ഇന്ദ്രജാലങ്ങളെക്കുറിച്ച്. അപ്രതീക്ഷിതമായ  വരവു പോക്കുകളെക്കുറിച്ച്.  സദാ തണുപ്പിച്ച്  കറങ്ങിത്തിരിയുന്ന കാറ്റിന്റെ പലനേരങ്ങളെക്കുറിച്ച്. അങ്ങനെയങ്ങനെ. തുടങ്ങിയിടത്തു തന്നെ നിന്നു, മഴയെഴുത്ത്. കാറ്റെഴുത്ത്. 

അത് കഴിഞ്ഞിത്ര നാളുകള്‍. എന്നിട്ടും, എഴുതി വന്നപ്പോള്‍ ഈ വരികള്‍ വേനലിനെ കുറിച്ചായി. മഴയില്‍നിന്ന് വേനലിലേക്കുള്ള  ഒരു ജംപ് കട്ട്.  ഇപ്പോള്‍, എഴുതേണ്ടത് മരത്തലപ്പുകളെ മുണ്ഡനം ചെയ്യുന്ന വേനലിന്റെ കത്രിക മൂര്‍ച്ചയെക്കുറിച്ചാണ്.  ഭൂമിയെ ഉണക്കിലകളില്‍ അടക്കം ചെയ്യുന്ന അതിന്റെ പ്രാക്തനമായ വെറികളെക്കുറിച്ച്. പച്ചയിലെഴുതിയ ഈ കുന്നിനെ വരണ്ട കാന്‍വാസിലേക്ക് മാറ്റിവരക്കുന്ന അതിന്റെ തുറുകണ്ണന്‍ നോട്ടത്തെക്കുറിച്ച്. വരണ്ട പാടം പോലെ ഉടലിനെ പല അടരുകളാക്കുന്ന അതിന്റെ വിഭ്രമങ്ങളെക്കുറിച്ച്. 

മഴക്കും വേനലിനുമിടയിലെ, മഴക്കുറിപ്പിനും വേനല്‍ക്കുറിപ്പിനുമിടയിലെ ആ നാളറുതികളാണ്  സത്യത്തില്‍ ജീവിതം. ഈ ബ്ലോഗിലെ അവസാന പോസ്റ്റിനും ഇതിനുമിടയിലുള്ള ദൂരം. മഴയില്‍നിന്ന് വേനലിലേക്ക് മുറിഞ്ഞുപോയ ഘടികാര സൂചികളുടെ അനക്കം.  നീണ്ട നാളത്തെ മൌനം മുറിച്ച് വാക്കിന്റെ  കാലാളുകള്‍,  ഉന്‍മാദികളായായ മദ്യപരെപ്പോലെ  വേച്ചുവേച്ച്  ഈ വരികളിലൂടെ നടക്കുന്നു. 




2
മഴ പോലെ വേനലിനുമുണ്ട് കരുതി വെപ്പുകള്‍, ഒരുക്കങ്ങള്‍.  ഒറ്റ വീര്‍പ്പില്‍ പെയ്തു കൊണ്ടേയിരിക്കുന്ന മഴയുടെ സിത്താര്‍ നാദം മുറിച്ചിടണം. കാറ്റുവരവുകളുടെ ശൂന്യതയാല്‍ അവിടെ നിറയ്ക്കണം. ഒരോര്‍മ്മ പോലും ബാക്കിയില്ലാതെ തുടച്ചു വറ്റിച്ച ജല പ്രതീതികള്‍ക്കു മീതെ വെയിലു കൊണ്ട് നിലമെഴുതണം. ഇലകളെല്ലാം തല്ലിക്കൊഴിച്ചിടണം. മുണ്ഡനം ചെയ്ത മരങ്ങളുടെ ആദിമമായ നില്‍പ്പിലേക്ക് ഇറ്റു വെള്ളത്തിനായി പക്ഷികളെ പറഞ്ഞയക്കണം. എല്ലാ മരങ്ങളും ഉണങ്ങി വരണ്ട്, എല്ലാ ഉറവുകളും വരണ്ട്, എല്ലാ പാടങ്ങളും വിണ്ട്, എല്ലാ ഓര്‍മ്മകളും തരിശായി നില്‍ക്കുമ്പോള്‍ വേനല്‍ അതിന്റെ ഇന്ദ്രജാലത്തിന്റെ വൃത്തം പൂര്‍ത്തിയാക്കും. 

ഇപ്പോള്‍ ഭൂമിയില്‍ മഴ വെറുമോര്‍മ്മ. ചാഞ്ഞും ചെരിഞ്ഞും പെയ്ത അതിന്റെ നനഞ്ഞ ഇരുളിമ മറ്റൊരോര്‍മ്മ.  പച്ച വിരിച്ച പാടങ്ങള്‍, ചുറ്റും ഇലത്തഴപ്പാര്‍ന്ന മരമുത്തശ്ശിമാര്‍, അതില്‍ വിത്തും കൈക്കോട്ടും ചോദിച്ചെത്തുന്ന പക്ഷികള്‍, മഴ വരച്ചുവെന്നല്ലാതെ ആരും പറയാനിടയില്ലാത്ത ചിത്രശലഭച്ചിറകുകള്‍- ഇതെല്ലാം വെറുമോര്‍മ്മ.  ഭൂമിയിലാകെ വേനല്‍ മാത്രം. അതിന്റെ നിഴല്‍പ്പാതയിലൂടെ വിയര്‍ത്തും പഴിച്ചും പോവുന്ന  നട്ടുച്ചകള്‍ മാത്രം. സ്വര്‍ണവര്‍ണം തെറിച്ചു വീഴുന്ന വൈകുന്നേരത്തെ മഞ്ഞ വെയില്‍ മാത്രം കാലങ്ങള്‍ക്കപ്പുറത്തുനിന്ന് മഴയുടെ നിശ്ശബ്ദമായ വരവിന്റെ പാട്ടുകള്‍ മൂളുന്നു. 



3.

ഇഷ്ടപ്പെട്ടൊരാളുണ്ടായിരുന്നു , ചിത്രകാരന്‍  ക്ലിങ്സര്‍. ഹെര്‍മന്‍ ഹെസ്സേ എഴുതിയ, പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്ന് - ക്ലിങ്സേഴ്സ് ലാസ്റ്റ് സമ്മര്‍-  ഉന്‍മാദം കത്തുന്ന കണ്ണുകളുള്ള ആ മനുഷ്യന്റെ ജീവിതമാണ്.  വെയിലിനും തീ നിറങ്ങള്‍ക്കും  തീറെഴുതിയ ചിത്രകാരന്റെ ജീവിതം. തണുത്തുറഞ്ഞ  ശൈത്യ നാളുകളുടെ മടുപ്പിക്കുന്ന ഇരുട്ട് മുറിച്ചു കടക്കാന്‍ അയാളെപ്പോഴും ഒരു വെയിലു കാത്തിരിക്കുന്നു. എപ്പോഴോ വരുമെന്നുറപ്പുള്ള വെയില്‍ത്തിണര്‍പ്പുകളിലേക്കുള്ള  കാത്തിരിപ്പാണ് സത്യത്തില്‍ അയാളുടെ ജീവിതം. 

ഇള വെയില്‍ മാറ്റി വരക്കുന്ന ഇലകളുടെ പല നിറങ്ങള്‍ കാന്‍വാസിലാക്കാനുള്ള ധൃതിയിലാണ് അയാള്‍. നിഴലിനും ഇരുട്ടിനും മാത്രം സാധ്യമാവുന്ന നൃത്തങ്ങളുടെ അപാരമായ പാറ്റേണുകള്‍ പകര്‍ത്തേണ്ടതുണ്ട് അയാള്‍ക്ക്. അതിനിടെ കണ്ണടഞ്ഞു പോവരുത്.  ഒരു നിമിഷം പോലും പാഴാക്കാതെ പ്രകൃതിയെ കാന്‍വാസിലേക്ക് കോരിയൊഴിക്കണം അയാള്‍ക്ക്.  ഒരു തുള്ളിയും വാര്‍ന്നു പോവാതെ ഈ പ്രപഞ്ചം മുഴുവന്‍  കാന്‍വാസിലേക്ക് കോരിയൊഴിക്കാനുള്ള ക്ലിങ്സറുടെ അസാധാരണമായ ആസക്തി പകര്‍ത്താന്‍ ഹെസ്സേയ്ക്ക് അതിലും മനോഹരമായ ഭാഷയുണ്ടായിരുന്നു. ഇതാ ഇതുപോലുള്ള വാചകങ്ങള്‍:

...തുടര്‍ച്ചയായി അനേക രാത്രകളിലയാള്‍ക്ക് ഉറങ്ങാന്‍ കഴിയുമെങ്കില്‍, ആറോ എട്ടോ മണിക്കൂര്‍ നേരം ഗാഢമായുറങ്ങുകയാണെങ്കില്‍ അയാള്‍ക്ക് പൂര്‍വ സ്ഥിതിയിലാവാനാവുകയും അയാളുടെ കണ്ണുകള്‍ വീണ്ടും അനുസരണയും ക്ഷമയുമുള്ളതാവുകയും ഹൃദയം ശാന്തമാവുകയും ചെയ്യും. എന്നാല്‍, അപ്പോഴേക്കും, ഈ വസന്തം കടന്നു പോയിരിക്കും. ഭ്രാന്തമായി ചിറകടിക്കുന്ന വസന്ത കിനാവിനൊപ്പം ഒരായിരം ഒഴിയാത്ത ഗ്ലാസുകള്‍ കവിഞ്ഞൊഴുകുകയും ഒരായിരം അദൃശ്യ പ്രണയ കടാക്ഷങ്ങള്‍ ചിതറി പോവുകയും ചെയ്യും, ഒരായിരം വീണ്ടെടുക്കാനാവാത്ത ചിത്രങ്ങള്‍ കാണപ്പെടാതെ നശിച്ചു പോവുകയും ചെയ്യും....

...'വൈകുന്നേരം നഗരത്തിന്റെ അറ്റത്ത് പൊടിയിലിരുന്ന് അയാള്‍ ഒരു കാര്‍ണിവലിന്റെ വര്‍ണാങ്കിതമായ കൂടാരങ്ങളും വാഗണുകളും പെയിന്റ് ചെയ്തു. കൂടാരങ്ങളുടെ കടുത്ത വര്‍ണങ്ങളില്‍ പ്രലോഭിപ്പിക്കപ്പെട്ട്  വഴിയിരികിലെ ഈര്‍പ്പമറ്റ പച്ചപ്പുല്‍ത്തകിടിയില്‍ അയാള്‍ കുനിഞ്ഞു കിടന്നു. ഒരു അലങ്കരിച്ച കൂടാരത്തിന്റെ മങ്ങിയ ലൈലാകിനോടും വിലക്ഷണമായ വാഹന വീടുകളുടെ ആഹ്ലാദ പ്രകൃതമായ ഹരിതത്തോടും ചുവപ്പിനോടും കഴുക്കോലുകള്‍ കെട്ടിയ നീലയോടും അയാള്‍ പറ്റിനിന്നു. തീക്ഷ്ണതയാര്‍ന്ന് അയാള്‍ കാഡ്മിയത്തിലും വന്യമായി. തണുത്ത് മനോജ്ഞമായ കൊബാള്‍ട്ടിലും കിടന്നുരുളുകയും മഞ്ഞയും ഹരിതവുമായ ആകാശത്തിലൂടെ ക്രിംസണ്‍ തടാകത്തിന്റെ ഉരുകുന്ന രേഖകള്‍ വരയ്ക്കുകയും ചെയ്തു.  ഒരു മണിക്കൂര്‍- അല്ല അതിലും കുറച്ച്- അയാള്‍ കീഴടക്കി'...

 ...ഈര്‍പ്പരഹിതമായ വേനല്‍ ഇവിടെ ചുറ്റിലും ഹരിതത്തില്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. ഇംഗ്ലീഷ് ചുവപ്പിലും കരിഞ്ഞ മഞ്ഞത്തവിട്ടിലും വീണ്ടും അഭയം തേടേണ്ടി വരുമെന്ന് ഞാനാരിക്കലും നിനയ്ക്കുമായിരുന്നില്ല. പിന്നെ സമ്പൂര്‍ണ ഹേമന്തം, കതിരറുത്ത വയലുകള്‍, മുന്തിരിക്കൊയ്ത്ത്, ചോളക്കൊയ്ത്ത്, രക്തവര്‍ണ കാടുകള്‍-മുഴുവന്‍ ഹേമന്തവും കാത്തിരിക്കുകയാണ്. ഓരോ ദിവസവും ഞാനൊരിക്കല്‍ കൂടി അവയിലൂടെയെല്ലാം കടന്നു പോവും...




4
ഒരു കൂട്ടുകാരനുമുണ്ടായിരുന്നു. ഒട്ടും റൊമാന്റിക്കല്ലാത്ത ഒരുവന്‍. പുസ്തകങ്ങള്‍, സംഗീതം, സിനിമ-എല്ലാത്തില്‍നിന്നും പുറം തിരിഞ്ഞു നടക്കുന്നവന്‍. എല്ലാ പ്രണയങ്ങളെയും പുച്ഛിച്ചു കളിയാക്കുന്നവന്‍.  പരുപരുത്തൊരു ശിലാഖണ്ഡം പോലെ ഉറച്ചു പോയവന്‍. 

ആ അവനാണ് നീണ്ട നാളത്തെ ആഗ്രഹങ്ങള്‍ക്കു ശേഷം ഉപരിപഠനത്തിനായി ചെന്നെത്തിയ ലണ്ടനിലെ ഏതോ ഹോട്ടല്‍മുറിയില്‍നിന്ന് ഒരു രാത്രി വിളിച്ചു കരഞ്ഞത്. 'എനിക്കു സൂര്യനെ കാണണം. എനിക്കു വെയിലു കാണണം. വെയിലു കാണാതെയും സൂര്യനെ കാണാതെയും എങ്ങനെയാ ഇത്ര നാള്‍ കഴിയുക. ഞാനങ്ങോട്ട് തിരിച്ചു വരികയാണ്''

സൂര്യനെന്നോ, വെയിലെന്നോ, അത്രയും ചെറിയ കാര്യങ്ങള്‍, അറ്റാച്ച്മെന്റുകള്‍ ഉണ്ടെന്ന് ഒരിക്കലും സമ്മതിച്ചു തരാത്തവനാണ് നഴ്സറി കുട്ടി കരയും പോലെ വിങ്ങിപ്പൊട്ടുന്നത്! 

'നിനക്കെന്താ ഭ്രാന്തായോ? എന്ത് സൂര്യന്‍? എന്ത് വെയില്‍? നീയെന്താക്കെയാ പറയുന്നത്?- അന്തം വിട്ട എന്റെ ചോദ്യത്തിലേക്ക് അവന്‍ വീണ്ടും പറന്നിറങ്ങി, വിഷാദം പുരണ്ട വാക്കുകള്‍  ഉരച്ചുരച്ച്. 

' നീ പറയുന്നത് പോലല്ല. ഇവിടെ എപ്പോഴും മൂടിക്കിടപ്പാണ്. സദാ മഴ. വല്ലപ്പോഴും ഒന്നു സൂര്യനുദിച്ചാലായി. കാത്തു കാത്തിരുന്ന് ഇത്ര ദിവസമായിട്ടും ഇതുവരെ സൂര്യനെ കണ്ടിട്ടില്ല. പുറത്തിറങ്ങിയാല്‍ ഒരു മനുഷ്യനോടു മിണ്ടാന്‍ പറ്റില്ല.  അപോയിന്റ്മെന്റ് എടുക്കണം.  ഒന്നും വേണ്ടായിരുന്നു. ഒന്ന് സൂര്യനെ കണ്ടാല്‍ മതിയായിരുന്നു'- വീണ്ടും അവന്‍ പറഞ്ഞു. 

ആ അവസ്ഥ മനസ്സിലാക്കാനുള്ള ഭൂമിശാസ്ത്ര, വിദേശ ജീവിത പരിജ്ഞാനമില്ലായിരുന്നു. അതിനാല്‍, അവന്റെ കേവല ഉന്‍മാദമായി ഞാനതിനെ വായിച്ചെടുത്ത് ആശ്വസിച്ചു. വിശ്വസിച്ചു. ആ വിശ്വാസങ്ങള്‍ക്കു മീതെ അധികം വൈകാതെ അവന്‍ തിരിച്ചെത്തി. 



വിഷാദത്തിന്റെ ചില മാസങ്ങളുണ്ടായിരുന്നു, പണ്ട്. വൈകാരികമായ ചില ഭൂകമ്പങ്ങളില്‍ കുഴഞ്ഞു മറിഞ്ഞു പോയൊരു കാലത്തിന്റെ ശിഷ്ടം. പേടി സ്വപ്നങ്ങളുടെ ഉറക്കങ്ങളില്‍നിന്ന് ഉണര്‍ന്നെണീക്കുന്നത് വിഷാദം കൊത്തിയ പകലിലേക്കാണ്. ഒന്നിനും തോന്നില്ല. മരവിപ്പും ഇരുട്ടും തണുപ്പും ചേര്‍ന്ന് ബലമായി അടച്ചു കളയും പകലിലേക്കുണര്‍ന്ന  കണ്ണുകളെ. 

ആ ദിവസങ്ങള്‍ അതിജീവിച്ചത് വെറും വെയിലു കൊണ്ടു മാത്രമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. എങ്ങോട്ടെന്നില്ലാത്ത ചില യാത്രകള്‍. കാലത്തെണീറ്റ്, വീട്ടില്‍ നിന്നിറങ്ങി എങ്ങോട്ടേക്കെങ്കിലും ബസ് കയറും. രാവിലത്തെ വെയിലിന്റെ നേരമായിരിക്കും. ഓരോ ഇലയും സൂര്യപ്രകാശത്തില്‍  വെട്ടിത്തിളങ്ങും. മരങ്ങളില്‍ വെയിലും നിഴലും ചേര്‍ന്ന്  ചേതോഹരമായ ചിത്രങ്ങള്‍ വരഞ്ഞിടും. വിചിത്രമായ ചില പച്ച നിറങ്ങള്‍ കണ്ടെത്തിയത് ആ കാലത്തായിരുന്നു. 

ഓരോ ഇടങ്ങളിലും ഓരോ മരങ്ങളിലും സൂര്യസ്പര്‍ശം പലതാണ്. ചില മരങ്ങളില്‍ ഗാഢമായ പച്ചയുടെ കാന്തി. മറ്റു ചിലതില്‍ ഇളം പച്ചയുടെ പല ഷെയ്ഡുകള്‍. നിഴലും വെളിച്ചവും ഇടകലര്‍ന്ന്, സങ്കല്‍പ്പിക്കാനാവാത്ത പച്ചയില്‍ ചില ഇലകളെ കണ്ടെത്താനാവും. പച്ച മാത്രം ഉപയോഗിച്ചു വരഞ്ഞിട്ട പെയിന്റിങ് പോലെ ആ വെയില്‍മരങ്ങള്‍ വിഷാദത്തിന്റെ വേരുകള്‍ അറുത്തുകളയും. മനസ്സില്‍ അസാധാരണമായ സന്തോഷത്തിന്റെ ഇളം കാറ്റുകള്‍  പതിയെ അടിച്ചു തുടങ്ങും. ഒരൊറ്റ യാത്ര കൊണ്ട് ഒരു ദിവസത്തെ വിഷാദം മുഴുവന്‍ എയ്തിടാനാവും.

ആ മാസങ്ങള്‍ കഴിഞ്ഞു. വെയില്‍ വരഞ്ഞിട്ട ആ മരങ്ങളുടെ ഇലത്തഴപ്പുകളില്‍നിന്ന് ജീവിതം പല വഴികളിലേക്ക് ഇളകിത്തെറിച്ചു. തിരക്കുകളും സ്വയം പാകപ്പെടുത്തിയെടുത്ത പ്രയോഗിക ചിന്തകളുമെല്ലാം ചേര്‍ന്ന് ഭാവനയുടെ ശേഷിക്കുന്ന ഓലപ്പഴുതുകളെല്ലാം സൂര്യപകാശം കടക്കാത്ത വിധം അടച്ചു.  

എന്നിട്ടും, ആത്മാവിലേക്ക് ചില പഴുതുകളിലൂടെ ഊര്‍ന്നിറങ്ങുന്നു ചില വെയില്‍ ചിത്രങ്ങള്‍. വെയിലോര്‍മ്മകള്‍.  കത്തുന്ന റോഡിലെന്നോണം ചില സ്ഥലജല വിഭ്രാന്തികള്‍. 

LinkWithin

Related Posts Plugin for WordPress, Blogger...