ഖാലിദ് ഹുസൈനിയുടെ'പട്ടം പറത്തുന്നവന്‍' എന്ന നോവലിനെക്കുറിച്ച് മുല്ല എഴുതിയ റിവ്യൂ നാട്ടുപച്ചയിലാണ് വായിച്ചത്. അതിനൊരു കമന്റിടണമെന്ന് അന്നേരം തന്നെ ആഗ്രഹം തോന്നി. എഴുതി തുടങ്ങിയപ്പോള്‍ മനസ്സിലായി കമന്റിന്റെ ജീവിതത്തിനപ്പുറത്തും അതിന് ഉയിരുണ്ടെന്ന്.
അത്രക്ക് പറയാനുണ്ടായിരുന്നു ആ പുസ്തകത്തെക്കുറിച്ച്. എഴുതിയെഴുതി അതിങ്ങനെയായി. അപ്പോഴേക്കും ദിവസങ്ങള്‍ കഴിഞ്ഞു. പോസ്റ്റ് മുല്ലയുടെ ബ്ലോഗിലേക്ക് വഴി നടന്നു.
ആദ്യമായി മുല്ലക്ക് നന്ദി. ജീവിതവും ഫിക്ഷനും ഇഴ ചേര്‍ന്ന ഇത്തരം ഒരു പോസ്റ്റിലേക്ക് വഴി കാട്ടിയതിന്. പിന്നെ, അമീറിന്റെ ഏകാന്തതക്കും ഹസന്റെ കണ്ണിലെ ചോരപ്പാടിനും.
പട്ടം പോലെ പറന്ന്...
വിഷാദ രോഗം പിടികൂടിയ ചങ്ങാതിക്കൊപ്പം ആശുപത്രിയില്‍ കഴിയേണ്ടിവന്ന നാളിലാണ് ആ പുസ്തകം കൈയിലെത്തിയത്. ആശുപത്രിയില്‍ ഞങ്ങളെ കാണാന്‍ വന്ന അടുത്ത സുഹൃത്താണ് ആ പുസ്തകം തന്നത്. അതിന്റെ പേരും മട്ടും കണ്ടപ്പോള്‍ തന്നെ വേണ്ടെന്നു തോന്നി.ഇത്ര ദൂരെ നിന്ന് പുസ്തകം പൊതിഞ്ഞു കൊണ്ടുവന്ന ചങ്ങാതിയോട് അക്കാര്യം പറയാനാവില്ലല്ലോ എന്നു കരുതി മിണ്ടാതിരുന്നു. ആശുപത്രിയിലെ മേശപ്പുറത്ത് അനാഥമായി അതങ്ങനെ കിടന്നു.
രാത്രി തുടങ്ങുംമുമ്പ് ചങ്ങാതി വിങ്ങിക്കരയാന്‍ തുടങ്ങി. ഒരു കാരണവുമില്ലാത്ത കരച്ചില്‍. ജീവിതത്തിന്റെ പല പാതകളില്‍ അവഗണനയും തിരസ്കാരവും ഏറെ സഹിക്കേണ്ടി വന്ന ജന്‍മമായിരുന്നു അവന്റേത്. സ്വന്തം അലച്ചിലുകള്‍ ഖനീഭവിച്ച കരച്ചിലുകളായിരുന്നു അവന്‍ വിങ്ങി വിങ്ങി പറഞ്ഞു തീര്‍ത്തത്. ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. ഡോസു കൂടിയ ഗുളികകള്‍ അവനെ നിദ്രയിലേക്ക് പൊതിഞ്ഞെടുത്തു.
ഫാനിന്റെ നിഴലനക്കത്തില്‍ ഉറക്കം വരാതെ കിടന്നപ്പോള്‍ നിവൃത്തിയില്ലായ്മയില്‍നിന്ന് ആ പുസ്തകം കൈയിലേക്കു വന്നു. പട്ടം പറത്തുന്നവന്‍. ഒട്ടും താല്‍പര്യമില്ലാതെ വായിച്ചു തുടങ്ങി. അഫ്ഗാനിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് എവിടെയൊക്കെയോ വായിച്ചിരുന്നു. ഹസാരകളും പഷ്തുക്കളും തമ്മിലുള്ള അകല്‍ച്ച അഫ്ഗാനില്‍ തീര്‍ത്ത രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ചും.
വായിച്ചു തുടങ്ങിയപ്പോള്‍ സ്വന്തം കുട്ടിക്കാലം മണത്തു. പുസ്തകങ്ങളില്‍ വീണുപോയാരു ബാല്യം. ഒറ്റക്കിരിക്കുന്ന നേരങ്ങളില്‍ കാണുന്ന പകല്‍സ്വപ്നങ്ങളുടെ ചൂട്. ആര്‍ക്കും മനസ്സിലാവാത്ത ചില സംശയങ്ങള്‍. കഥകളുടെ കുത്തൊഴുക്ക്. എവിടെയോക്കെയോ വെച്ച് ഞങ്ങളുടെ ബാല്യങ്ങള്‍ തമ്മില്‍ കെട്ടുപിണഞ്ഞു. അമീറില്‍ ഞാനെന്നെ വായിച്ചു. ചെറുപ്പത്തില്‍ വാലുപോലെ കൂടെ നടന്നിരുന്ന, ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമല്ലാത്ത ചങ്ങാതിയെ ഹസനിലും വായിച്ചു.തീര്‍ച്ചയായും അവര്‍ പങ്കുവെക്കുന്ന സാഹോദര്യത്തിന്റെ ഇഴയടുപ്പവും ഹസാര^പഷ്തു സംഘര്‍ഷം തീര്‍ക്കുന്ന, നമുക്ക് പൂര്‍ണമായി തിരിച്ചറിയാനാവാത്ത, അകല്‍ച്ചയും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല.
കുട്ടിക്കാലം തന്നെയാണ് എന്നെ ആ പുസ്തകത്തിലേക്ക് ചേര്‍ത്തു നിര്‍ത്തിയത്. കുഞ്ഞു മനസ്സില്‍ കഥകള്‍ പൂവിടുന്നതും ബാല്യത്തിന്റെ ഏകാന്തത ഭ്രമാത്മക ഭാവനകളാല്‍ തെഴുക്കുന്നതും പെട്ടെന്ന് മനസ്സിലാവുമായിരുന്നു. അങ്ങനെ, ബാല്യം.
പെട്ടെന്ന്, മനസ്സ് അഫഗാന്റെ തീച്ചൂടുള്ള ഭൂത-ഭാവി-വര്‍ത്തമാനത്തിലേക്ക് വഴുതി. ഹസാരകളുടെ തലവിധിയില്‍ മനുഷ്യനെന്ന നിലയില്‍ തല താഴ്ന്നു. പട്ടം ആകാശം മുട്ടിയ നാളില്‍ ഹസനെ എതിരിട്ട ആ താന്തോന്നിപ്പയ്യന്റെ നേര്‍ക്ക് രക്തം തിളച്ചു. ഹസാരകളുടെ അന്തമില്ലാത്ത ദുരന്തത്തിലൂടെ ഉഴറി നടക്കുമ്പോള്‍ പൊടുന്നനെ കാബൂളിന്റെ ആകാശത്ത് ബോംബുകള്‍ പതിച്ചു.
അധിനിവേശങ്ങള്‍. ചോരപ്പുഴകള്‍. അടിമത്തം. അങ്ങിനെ അഫ്ഗാന്റെ കണ്ണീരിലൂടെ നടത്തം. എല്ലാത്തിന്റെയും തകര്‍ച്ച ഉള്ളു കൊണ്ടറിഞ്ഞു. സങ്കടങ്ങളുടെ വിദൂര അമാവാസി മനസ്സിനുമേല്‍ കരിനിഴലായി. ഹസന്റെ ദുര്‍വിധി. അമീറിന്റെ കഠിനവിധി. പട്ടാള വണ്ടികളുടെ ഇരമ്പം. അമീറിന്റെയും പിതാവിന്റെയും രക്ഷപ്പെടല്‍. പട്ടാളക്കാരുടെ ചോദ്യം ചെയ്യല്‍. രക്ഷാ വാതില്‍ തുറന്ന് അമീറിന്റെ അമേരിക്കയിലേക്കുള്ള പലായനം.
ഖാലിദ് ഹുസൈനി രണ്ട് വര്‍ഷം മുമ്പ് വീണ്ടും അഫ്ഗാനിലെത്തിയപ്പോള്‍. |
പിന്നെ, അമീറിന്റെ കൂടെ തന്നെയായിരുന്നു മനസ്സ്. ദുരിതങ്ങള്‍ തിന്ന് അവന്റെ വളര്‍ച്ച. തകര്‍ച്ചയിലേക്കും അതിജീവനത്തിലേക്കും ഊഞ്ഞാലാടുന്ന അമീറിന്റെ പിതാവിന്റെ തല ഉയര്‍ത്തിയുള്ള നടപ്പ്. അമേരിക്കയില്‍ അഭയാര്‍ഥികളായി കഴിയുന്ന അഫ്ഗാന്‍കാരുടെ ജീവിതത്തില്‍ വിങ്ങിക്കയറുന്നഒരു തരം അന്യതാ ബോധം.
പിന്നെയാണ്, അമീറിന്റെ പ്രണയം. അന്നേരം മനസ്സ് തരളമായി. അവരുടെ വിവാഹത്തില്‍ മനസ്സ് ആനന്ദിച്ചു. പിന്നെ, ജീവിതം. അമീറിന്റെ ജീവിതം കഥകളുടെ കെട്ട് വീണ്ടും വീണ്ടും അഴിക്കുമ്പോള്‍ എത്ര നിവര്‍ത്തിയിട്ടും അഴിയാത്ത വിധം സ്വന്തം നെഞ്ചകത്ത് കെട്ടിക്കിടക്കുന്ന കഥകള്‍ കുത്തിനോവിച്ചു. സത്യത്തില്‍ ബ്ലോഗ് എഴുത്തിലേക്ക് സ്വയം പരുവപ്പെടുത്തിയത് അമീറിന്റെ ജീവിതത്തിലൂടെ അന്നു രാത്രി നടത്തിയ നടപ്പായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.
ഹസനിലേക്കുള്ള അമീറിന്റെ പില്‍ക്കാല യാത്രകള്‍ക്കിടെ മനസ് പലപ്പോഴും തളര്‍ന്നു. മതത്തിന്റെ പുറംചട്ടയിട്ട് താലിബാന്‍ നടത്തിയ അഴിഞ്ഞാട്ടം അഫ്ഗാനില്‍ തീര്‍ത്ത മുറിപ്പാടുകള്‍ വല്ലാത്ത നോവായി. അനേകം അധിനിവേശങ്ങള്‍ ഉഴുതുമറിച്ച അഫ്ഗാന്റെ ജീവിതത്തിലൂടെ ഹസന്റെ മകന്റെ കൈ പിടിച്ച് അമീര്‍ നടത്തിയ സഞ്ചാരത്തിനിടെ ശ്വാസം കഴിക്കാന്‍ പോലും ഭയന്ന് ഞാനും ഉഴറി നടന്നു.
രാഷ്ട്രീയമായ കുറേ ബോധ്യങ്ങള്‍ കൂടി അന്നേരം കൂടെ വന്നു. ഒരു രാജ്യത്തെ ജതയുടെ പ്രശ്നം അവരെപ്പോല മറ്റാര്‍ക്കും ബോധ്യമാവില്ലെന്ന് തിരിച്ചറിഞ്ഞു. അമേരിക്കന്‍ അധിനിവേശത്തോടുള്ള വിദ്വേഷം ഏതൊക്കെയോ നേരങ്ങളില്‍ താലിബാന് അനുകൂലമായി അല്‍പ്പമെങ്കിലും മനസ്സിനെ മാറ്റിത്തീര്‍ത്തിരുന്നു. മനുഷ്യനായി ജീവിക്കാന്‍ അനുവദിക്കാത്ത ആ പ്രത്യയശാസ്ത്രത്തിനും അഫ്ഗാനെ രക്ഷിക്കാനാവില്ലെന്ന് അമീര്‍ പറഞ്ഞു തന്നു. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെയും സ്ത്രീകളെ ലൈംഗികോപകരണം മാത്രമായി കാണുന്ന പുരുഷകേന്ദ്രിത സമീപനങ്ങളുടെയും അഴിക്കുള്ളില്‍നിന്ന് ഒരു താലിബാനും അത്ഭുതങ്ങള്‍ കാണിക്കാനാവില്ലെന്ന് അതെന്നെ ബോധ്യപ്പെടുത്തി. അമേരിക്കയും താലിബാനുമല്ല, അഫ്ഗാനികള്‍ക്ക് സ്വയം നിര്‍ണയിക്കാനാവുന്ന സാഹചര്യമാണ് ഉരുത്തിരിയേണ്ടതെന്ന രാഷ്ട്രീയമായ ബോധ്യത്തിലേക്ക് ആ പുസ്തകം ജ്ഞാനസ്നാനം ചെയ്തു. അമേരിക്കന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി പ്രചരിപ്പിക്കുന്ന നുണകളാണ് താലിബാന്‍ വിരുദ്ധ വാര്‍ത്തകളെന്ന ഏറെ പ്രചാരമുള്ള ഗൂഢാലോചനാ സിദ്ധാന്തത്തില്‍നിന്ന് പുറത്തു കടക്കാനും ഖാലിദ് ഹുസൈനി വഴി കാണിച്ചു.
ആത്യന്തികമായി മനുഷ്യന്‍ തന്നെയാണ് പ്രധാനമെന്നും സ്വാതന്ത്യ്രവും സ്വാശ്രയത്വവുമാണ് ജീവിതത്തില്‍ നിര്‍ണായകമെന്നുമുള്ള ബോധ്യത്തിലേക്കാണ് വായന തീര്‍ന്നത്. ആസ്വദിച്ച് വായിച്ച നേരങ്ങളില്‍നിന്ന് ഉണര്‍ന്ന് ആശുപത്രി മുറിയിലെ യാഥാര്‍ഥ്യത്തില്‍ ചെന്നു പതിച്ചപ്പോഴും ചങ്ങാതി ഉറക്കം തന്നെയായിരുന്നു.
വിഷാദ രോഗത്തില്‍നിന്ന് ചങ്ങാതി അന്ന് മടങ്ങി വന്നു. പിന്നെയും ചില നേരങ്ങളില്‍ അങ്ങോട്ടു തന്നെ വഴുതി വീണു. പിന്നെ, അറ്റമില്ലാത്ത വിഷാദ നേരങ്ങള്‍ക്ക് അവധി കൊടുത്ത് അവന്‍ യാത്രയായി.
അതു കഴിഞ്ഞും ജീവിതമുണ്ടായിരുന്നതിനാല്‍ ഞാനിങ്ങനെ ശേഷിച്ചു.
മുന്നിലൊരു ദിവസം കൈറ്റ് റണ്ണറിന്റെ ഡി.വി. .ഡി പ്രത്യക്ഷപ്പെട്ടു. ആദ്യ സീന്‍ മുതല്‍ എന്റെ മുന്‍വിധികള്‍ ആ സിനിമയെ വായിച്ചു. ഉള്ളില്‍ ഉന്‍മാദത്തിന്റെയും ഭാവനയുടെയും മയില്‍നൃത്തം ചെയ്ത ആ വഴികളിലൂടെ വീണ്ടും നടന്നു. ആശുപത്രിമുറിയിലെ ആ രാത്രിയുടെ ഓര്‍മ്മയും ഇപ്പോഴില്ലാത്ത ചങ്ങാതിയുടെ വിങ്ങി വിങ്ങിയുള്ള കരച്ചിലും സിനിമക്കൊപ്പം ഓര്‍മ്മകളുടെ സമാന്തരമായ മറ്റൊരു പാത തീര്‍ത്തുു.
സിനിമയുടെ അവസാനമായപ്പോഴേക്കും സത്യത്തില്‍ മടുപ്പാണ് തോന്നിയത്. മനസ്സില്‍ ഞാന്‍ സൃഷ്ടിച്ചെടുത്ത കൈറ്റ് റണ്ണറിന്റെ ചാരുതയുണ്ടായിരുന്നില്ല ആ സിനിമക്ക്. സ്വാഭാവികമാവാം. ഇഷ്ടപ്പെട്ട നോവലുകളുടെ സിനിമാ ഭാഷ്യങ്ങളെല്ലാം അങ്ങനെ തന്നെയായിരുന്നു. നമ്മെ മടുപ്പിക്കുന്ന വല്ലാത്തൊരു അപരിചിതത്വം അവയ്ക്കെല്ലാം കൂട്ടുണ്ടായിരുന്നു.
അങ്ങനെ, അന്നു തന്നെ സിനിമയിലെ അമീറും ഹസനും മനസ്സില്‍നിന്ന് ഇറങ്ങിപ്പോയി. അക്ഷരങ്ങളിലെ അമീറും ഹസനും ഉള്ളകത്തെ സ്വപ്നം പോലെ വിചിത്രമായ ഒരിടത്ത് ഇപ്പോഴും പാര്‍ക്കുന്നു.
..........................
ഖാലിദ് ഹുസൈനിയുടെ അഭിമുഖം ഇവിടെ
മുല്ലയുടെ പോസ്റ്റ് വായിച്ചതെയോള്ളൂ... ഒരില അല്പം കൂടെ വിശദമായി പറഞ്ഞു. ഇനി തര്‍ക്കത്തിനില്ല. ഈ പട്ടമൊന്നു കണ്ടിട്ട് തന്നെ..!! അതിനെ പറത്തുന്നവരെയും.!!!
ReplyDeleteരണ്ടു പോസ്റ്റുകളും വായിച്ചു. രണ്ടുപേർക്കും നന്ദി.. എന്തായാലും പുസ്തകം ഉടൻ തന്നെ വായിക്കണം..
ReplyDeleteമുല്ല ഇട്ട പോസ്റ്റ് കണ്ടതെ ഒള്ളൂ ഇനി എന്തായാലും വേണ്ടില്ല ഇതൊന്നു സങ്ങടിപ്പിചിട്റ്റ് തന്നെ കാര്യം
ReplyDeleteകളി കൊമ്പനോടോ
ee books online vayikkan pattumo?
ReplyDeletemullayude comment kandirunnu
parnjathin nanni
വായിച്ചിട്ടില്ലിത് ഞാൻ. ആ ഹെഡ്ഡിങ് ന്യായീകരിക്കുന്ന ആസ്വാദനം. (ആ കുഞ്ഞ് ജോൺസണെ കട്ടു എന്ന പലേരിയുടെ മനോഹരമായ കഥയുടെ തലക്കെട്ട് ഓർത്തു)
ReplyDeleteഒരില, ഈ പുസ്തകം കാനഡയില്‍ വന്നിട്ടാണ് ഞാന്‍ വായിച്ചത്. അമീറും, ഹസ്സനും, ഇപ്പോഴും മനസ്സിലുണ്ട്. വായിച്ചു തീര്‍ത്തു മടക്കി നല്‍കിയ പുസ്തകം വീണ്ടും ലൈബ്രറിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച എടുത്തു.
ReplyDeleteനന്നായി പരിചയപ്പെടുത്തി...
നന്നായി ഒരില. ഇത്രേം നന്നായി എന്നെക്കൊണ്ടാവില്ല എഴുതാന്‍,ഇത്രേം ഉള്ളിലേക്കിറങ്ങി പറഞ്ഞത് നന്നായി. എല്ലാരും പുസ്തകം വായിക്കുമല്ലൊ. ഇപ്പഴും ആ പട്ടം പോയിട്ടില്ല മനസ്സീന്ന്,ഒപ്പം അമീറും ഹസ്സനും പിന്നെ ഓരോരുത്തരും ഉണ്ട്.
ReplyDeleteപിന്നെ സിനിമ ,ഇഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ സിനിമാഭാഷ്യം കാണാതിരിക്കലാണു നന്ന്, സങ്കടം വരും. കഴീണതും ഞാന്‍ കാണാറില്ല. ഈയടുത്ത് പാലേരി മാണിക്യം കണ്ടപ്പോഴും തഥൈവ.
എല്ലാ ആശംസകളും.
ഒരില നിങ്ങള്‍ക്ക് ഈ പുസ്തക അവലോകനമായിരിക്കും ഏറ്റവും നല്ല വഴി എന്നെനിയ്ക്കു തോന്നുന്നു. അത്രയ്ക്കു രസകരമായിരിക്കുന്നു. ഈ എഴുത്ത്. ചില പുസ്തകങ്ങളിങ്ങനെയാണ്. അതിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കും. ഈയടുത്തിടെ ഞാന്‍ വായിച്ച സാറാതോമസ്സിന്‍റ മറ്റാത്തിയിലെ 'ബ്രിജിത്തയും ലൂസിമോളും' ഇപ്പോഴും എന്‍റ കൂടെ സഞ്ചരിക്കുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteസിനിമയ്ക്ക് പരിമിതികൾ ഉണ്ട്. അതു കൊണ്ട് നോവൽ വായിക്കാനുള്ള ശ്രമത്തിലാണ്.
ReplyDeleteഇവിടെ അതു കണ്ടു:
http://s3.amazonaws.com/engrade-myfiles/4011176077649854/THE_KITE_RUNNER.pdf
Script here:
http://www.vantageguilds.com/tkr/FinalScript_TKR.pdf
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഅഭിനന്ദനം അര്‍ഹിക്കുന്ന ഒരു പോസ്റ്റ്...വളരെ നന്നായി!!
എന്നെ ഇപ്പോഴും വല്ലാതെ വിഷമിപ്പിക്കുന്നത് വിട്ടു പോയ ആ കൂട്ടുകാരന്‍ ആണ്!മനസ്സ് അസ്വസ്ഥമാണ്!
സസ്നേഹം,
അനു
രണ്ടുപോസ്റ്റും വായിച്ചു.
ReplyDeleteനന്നായിട്ടുണ്ട്. വായിക്കാത്ത് പുസ്തകം ആയതിനാല്‍ അതെക്കുറിച്ചൊന്നും പറയാന്‍ പറ്റില്ലല്ലോ.
ഇനി എന്നെങ്കിലും ആ പുസ്ത്കം വായിച്ചാല്‍ അന്നു വന്ന് അതെക്കുറിച്ച് പറയാം.
പട്ടം പറത്തുന്നവര്‍ എന്ന പേര് ഇഷ്ടപ്പെട്ടു. അതേപോലെ ആ പുസ്ത്കവും നന്നെന്ന് ഇലയെഴുത്തില്‍ മനസ്സിലായി.
ബാക്കി പുസ്തകത്തെ നേരിട്ട് കാണ്ടിട്ട്
നന്നായിട്ടുണ്ട്!
ReplyDeleteഇതൊന്നു വായിക്കാതെ പറ്റില്ലല്ലോ, ഒരിലയ്ക്ക് നന്ദി, മുല്ലയ്ക്കും .. ,
ReplyDeleteവായനയെപറ്റി വീണ്ടും എഴുതൂ,
ഞാന്‍ പുസ്തകം വായിച്ചിട്ടില്ല. പക്ഷെ 'ദി കൈറ്റ് രന്നര്‍ ' എന്നാ സിനിമ കണ്ടിരുന്നു. അതിമനോഹരം..
ReplyDeleteവീണ്ടും ആ പുസ്തകം വായിച്ചുപോകുന്ന അനുഭൂതി ഉണ്ടാക്കി. കുസുമത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഇനിയും ഇത് പോലെയുള്ള നല്ല പുസ്തകങ്ങള്‍ അറിയപ്പെടട്ടെ.
ReplyDeleteഎല്ലാ വായനകള്‍ക്കും നന്ദി.
ReplyDeleteനാമൂസ്-തീര്‍ച്ചയായും കാണണം, പട്ടവും പറത്തുന്നവരെയും.
പൊന്‍മളക്കാരന്‍^വായിക്കേണ്ട പുസ്തകം തന്നെയാണ്. ഞാന്‍ ഗ്യാരന്റി)
കൊമ്പന്‍-തീര്‍ച്ചയായുമില്ല കളി കൊമ്പനോട് :)
പ്രദീപ്-തീര്‍ച്ചയില്ല. ആമസോണിലുണ്ട്.
ശ്രീനാഥന്‍-സന്തോഷകരം, ആ കമന്റ്. നല്ല രസം പലേരിയുടെ തലക്കെട്ട്.
മുബി-ഞാനുമൊരു പുനര്‍വായന തുടങ്ങി)
മുല്ല- ശരിയാണ്. അത്തരം സിനിമകള്‍ നിരാശപ്പെടുത്തിയിട്ടേയുള്ളൂ.
കുസുമം-നന്ദി, ഈ വാക്കുകള്‍ക്ക്. ഇതൊരു പക്ഷേ, എന്റെ ആദ്യ ബുക്റിവ്യൂ ആണ്.
സാബു-ആദ്യം നോവല്‍ വായിച്ചതിന്റെ അസ്കിതയാണോ എനിക്കെന്ന് പിടിയില്ല)
അനുപമ-അതെ, ദു:ഖകരം .
ഫൌസിയ-വായനയിലേക്കുള്ള വഴിയാവുന്നത് സന്തോഷകരം.
ശങ്കരനാരായണന്‍. നന്ദി.
സ്മിത-എഴുതണമെന്നുണ്ട് വായിച്ചവയെ കുറിച്ച്. ശ്രമിക്കാം.
വൈശാഖന്‍-സിനിമയെക്കാള്‍ മനോഹരം നോവല്‍ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
അഹമ്മദ്-സന്തോഷകരം ഈ വാക്കുകള്‍.
പുസ്തകം വായിച്ചിട്ടുണ്ട്. സിനിമ കണ്ടിട്ടില്ല. മുല്ലയുടെ പോസ്റ്റും ഈ പോസ്റ്റും വായിച്ചു.
ReplyDeleteപുസ്തകത്തെക്കുറിച്ച് എഴുതിയ കുറിപ്പ് വളരെ നന്നായി, അഭിനന്ദനങ്ങൾ.
പുസ്തം വായിച്ചതുപോലെയുള്ള അനുഭവം
ReplyDeleteഒരിലക്ക് പുസ്തകാവലോകണം നന്നായി ചെയ്യാന്‍ പറ്റും
പോരട്ടെ ഇതുപോലെയുള്ള പുസ്തകങ്ങള്‍ ഇനിയും
pusthakam vaayichilla , padam kandumilla :((
ReplyDeleteini vaayikkaam..
കുറിപ്പ് വളരെ നന്നായി, അഭിനന്ദനങ്ങൾ
ReplyDeleteപുസ്തകം വായിച്ചില്ല ചിത്രം കണ്ടുമില്ല.
ReplyDeleteപക്ഷെ മുല്ലയും ഒരിലയും അമീറിനെയും ഹസ്സനെയും പിന്നെ
ആ വിഷാദ രോഗിയായി കടന്നു പോയ കൂട്ടുകാരനെയും മനസ്സില്‍ പതിച്ചു വച്ചു.
നന്ദി
ഇംഗ്ലീഷ് വഴങ്ങില്ല :(
ReplyDeleteഅപ്പ അധോഗതിയെന്ന് സാരം :-/
നല്ല പോസ്റ്റ് ... ഇത് വഴി മുല്ലയുടെ പോസ്റ്റും വായിച്ചു ... രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍ ...
ReplyDeleteകമന്റിടാൻ താഴോട്ട് സ്ക്രോൾ ചെയ്തെത്തിയപ്പൊഴാ നിശാസുരഭിയുടെ കമന്റ്
ReplyDeleteഇംഗ്ലീഷ് വഴങ്ങില്ല :(
അപ്പ അധോഗതിയെന്ന് സാരം :-/
എനിക്ക് വയ്യ.. ഇനിപ്പൊ ഞാനായിട്ട് വീണ്ടും പറയണൊ..
ന്നാലും ഒരു കൈ നോക്കട്ടെ ട്ടൊ.. ഇല്ലെങ്കിൽ പിന്നെ ഒരു കടമായി കിടക്കും..
[അപ്പൊ അവൻ പോയല്ലെ.. :( ]
നന്നായിട്ടുണ്ട്
ReplyDelete