Sunday, July 10, 2011

മികച്ച ഡോക്ടര്‍ പുരസ്കാരം: ചില വിയോജിപ്പുകള്‍

 സ്വാശ്രയ മെഡിക്കല്‍ തര്‍ക്കം കത്തുന്നതിനിടെ മാനേജ്മെന്റ് പ്രതിനിധി ഡോ. ഫസല്‍ ഗഫൂറിന് മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം. മൂന്ന് മണിക്കൂര്‍ മാത്രം രോഗികളെ ചികില്‍സിക്കുന്നുവെന്ന് തുറന്നു 
പറഞ്ഞ ഒരാള്‍ക്ക് അര്‍ഹതപ്പെട്ടതാണോ ആ പുരസ്കാരം.



മികച്ച അധ്യാപകന്‍ എന്നതിന്റെ കേവല അര്‍ഥമെന്താണ്.
നന്നായി പഠിപ്പിക്കുന്ന ആള്‍.
അപ്പോള്‍, മികച്ച ഡോക്ടറോ?
ആതുര ശുശ്രൂഷ രംഗത്ത് മികച്ച സേവനം നല്‍കുന്ന ആള്‍.
അങ്ങനെയെങ്കില്‍ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ആര്‍ക്കു നല്‍കും.
സംശയമെന്ത്, ആതുര ശുശ്രൂഷാ രംഗത്ത് മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍ക്ക് തന്നെ. 
ഇതാണ് ശരിയെങ്കില്‍  ഇക്കഴിഞ്ഞ ജൂണ്‍ 30ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നിര്‍ണയത്തില്‍ കാതലായ ചില പ്രശ്നങ്ങളുണ്ട്.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിവിധ ഡോക്ടര്‍മാര്‍ക്കാണ് സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ജുലൈ പത്തിന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.
മെഡിക്കല്‍ എജ്യൂക്കേഷന്‍ സര്‍വീസ്് വിഭാഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ.ബി പത്മകുമാര്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോ.കെ വേണുഗോപാല്‍, ഇന്‍ഷ്യൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വിഭാഗത്തില്‍ ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയിലെ ഡോ.എ.പി മുഹമ്മദ്, ദന്തിസ്ട്രി വിഭാഗത്തില്‍ വടക്കേകുറ്റിക്കല്‍ ഡോ. റോസമ്മ ജോസഫ്, പ്രൈവറ്റ് സെക്ടര്‍ വിഭാഗത്തില്‍ മലപ്പുറം എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ ഡോ. പി.എ ഫസല്‍ ഗഫൂര്‍   എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഇതിലെ ഒരു ഡോക്ടര്‍ ഒഴികെ മറ്റു ഡോക്ടര്‍മാരെയൊന്നും എനിക്കറിയില്ല. ഒരു പക്ഷേ, നമ്മുടെ സാധാരണ ജനത്തിനും  ഇതേ അവസ്ഥയാവും. ആ ഒരാളെ ഒഴിച്ച് മറ്റുള്ളവര്‍ അത്ര പരിചിതരാവാന്‍ വഴിയില്ല.


ഡോ. പി.എ ഫസല്‍ ഗഫൂര്‍
 എനിക്കറിയാവുന്ന ആ ഡോക്ടറുടെ പേര് ഡോ. പി.എ ഫസല്‍ ഗഫൂര്‍. ചികില്‍സിക്കാന്‍ ചെന്നോ സംഘടനാ തലത്തിലോ വ്യക്തിപരമായോ അല്ല എനിക്ക് അദ്ദേഹത്തെ അറിയാവുന്നത്. കേവലം പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമാണ്. അത്രക്ക് പ്രശസ്തനാണ് ഈയിടെ  അദ്ദേഹം. എന്നും ചാനലുകളില്‍. എന്നും പത്രങ്ങളില്‍.
ഇന്ത്യക്കകത്തും ഗള്‍ഫിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ഇ.എസിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലല്ല,  കേരളത്തില്‍ ഇപ്പോള്‍ കത്തിക്കാളുന്ന  സ്വാശ്രയ മെഡിക്കല്‍ പ്രശ്നത്തില്‍  മുന്‍നിരയില്‍ നിന്ന് പോരാടുന്ന മാനേജ്മെന്റ് പ്രതിധിനിധി എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തന്‍. എം.ഇ.എസിന് നേരത്തെയും പ്രഗത്ഭരായ ഭാരവാഹികളുണ്ടായിരുന്നു. അവര്‍ക്കാന്നും ലഭിക്കാത്ത പ്രശസ്തി അദ്ദേഹത്തിന് ലഭിക്കുന്നത് സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ടാണ്. 
സ്വാശ്രയ വിദ്യാഭ്യാസം കളം പിടിക്കുന്ന സമയത്ത് തന്നെ അതില്‍ സജീവമായി ഇടപെടുകയും സ്വന്തം സ്ഥാപനങ്ങള്‍ക്ക്  അര്‍ഹിക്കുന്നത് നേടിയെടുക്കുകയും ചെയ്ത ഡോ. ഫസല്‍ ഗഫൂര്‍ കത്തോലിക്ക സഭക്കെതിരെയും ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനുമെതിരെ ശക്തമായ നിലപാടുകളാണ് കൈക്കൊണ്ടത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ആഴ്ചത്തെ കേരള കൌമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും അദ്ദേഹം സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്നു.
എം.ഇ.എസ് സ്ഥാപകനായ ഡോ. പി.കെ അബ്ദുല്‍ ഗഫൂറിന്റെ മകനായ അദ്ദേഹം 1997ല്‍ 72ാം വയസ്സില്‍ പിതാവ് മരിച്ച ശേഷമാണ് എം.ഇ.എസിന്റെ നേതൃസ്ഥാനത്തേക്കു വന്നത്. 1964ല്‍ സ്ഥാപിക്കപ്പെട്ട എം.ഇ.എസിന്  മെഡിക്കല്‍, എഞ്ചിനീയറിങ് കോളജുകളും ആശുപത്രികളുമടക്കം നിരവധി സ്ഥാപനങ്ങളാണുള്ളത്. സംഘടനയെ പുതിയ കാലത്തിന് അനുയോജ്യമായി വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ഡോ. ഫസല്‍ ഗഫൂര്‍  മികച്ച സംരംഭകനായാണ് അറിയപ്പെടുന്നത്.



പറഞ്ഞു വന്നത് അവാര്‍ഡിനെക്കുറിച്ചാണ്. മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം. അത് അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണോ.
തീര്‍ച്ചയായും ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം പരാജയമല്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലും ഉസ്മാനിയ മെഡിക്കല്‍ കോളജിലും എം.ജി.ആര്‍ സര്‍വകലാശാലയിലും പഠിച്ച അദ്ദേഹം ന്യൂറോളജിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ്.  
മലപ്പുറം എം.ഇ. എസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ എന്ന നിലയിലാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്.  ബിസിനിസ് രംഗത്തും സംഘടനാ രംഗത്തും സംരംഭകന്‍ എന്ന നിലയിലും തിരക്കുള്ളപ്പോഴും താന്‍ ചികില്‍സ പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കാലത്ത് കലാകൌമുദി പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഇപ്പോഴും മൂന്ന് മണിക്കൂറെങ്കിലും താന്‍ ചികില്‍സിക്കാറുണ്ട്എന്നും അദ്ദേഹം പറയുന്നു.
ശരിയാണ്. അദ്ദേഹം ഡോക്ടറാണ്. എന്നാല്‍, മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ലഭിക്കാന്‍ ഇത് മാത്രം മതിയാവുമോ. മൂന്ന് മണിക്കൂര്‍ മാത്രം ചികില്‍സകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ എന്ന് വിളിക്കുന്നത് എങ്ങനെയാണ്. മികച്ച സംരംഭകന്‍ എന്നോ, ആരോഗ്യ വിദ്യാഭ്യാസ-ആശുപത്രി രംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ആളെന്നോ പറഞ്ഞല്ല സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുത്. സ്വകാര്യ രംഗത്തെ മികച്ച ഡോക്ടര്‍ എന്നു പറഞ്ഞാണ്.
അപ്പോള്‍ അതിന്  മാനദണ്ഡങ്ങള്‍ ആവശ്യമായി വരും.  പൂര്‍ണ സമയം ചികില്‍സകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും അത്തരം നിരവധി ഡോക്ടര്‍മാരുണ്ട്. ജീവിതം പ്രൊഫഷന് തീറെഴുതി അക്കാദമിക് മേഖലകളിലും ചികില്‍സയിലും മുഴുസമയം പ്രവര്‍ത്തിക്കുന്ന അത്തരം അനവധി പേരുള്ളപ്പോള്‍ മൂന്ന് മണിക്കൂര്‍ മാത്രം ചികില്‍സിക്കുന്ന ഒരാള്‍ അവാര്‍ഡ് നേടുന്നത് ശരിയായ കീഴ്വഴക്കമാണോ.
സംഘടനാ പ്രവര്‍ത്തനം, സാമൂഹിക പ്രവര്‍ത്തനം, ബിസിനസ് എന്നിവയില്‍ ഒന്നായി മാത്രം ചികില്‍സയെ കാണുന്ന ഒരാള്‍ക്ക് അത്തരം അവാര്‍ഡ് നല്‍കും മുമ്പ് ജീവിതം ആതുരശുശ്രൂഷക്ക് തീറെഴുതിയവരെ പരിഗണിക്കേണ്ടതില്ലേ. ഉണ്ടെന്നാണ് എന്റെ വിശ്വാസം.


ഇതിനപ്പുറം മറ്റൊരു തലം കൂടി ഈ അവാര്‍ഡിനുണ്ട്. സ്വാശ്രയ പ്രശ്നം കത്തിനില്‍ക്കുന്ന നേരമാണിത്. പല കാര്യങ്ങളിലും കണ്ണടച്ച ഇടത് -വലതു സര്‍ക്കാര്‍ നയങ്ങള്‍ മൂലം സര്‍വശക്തരായി മാറിയ മാനേജ്മെന്റുകള്‍ സര്‍ക്കാര്‍ നയങ്ങള്‍ പുല്ലുപോലെ തള്ളുന്ന കാഴ്ചയാണ് നാം കാണുന്നത്. സാമൂഹിക നീതി എന്നതടക്കമുള്ള വായ്ത്താരികളിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ വെറും  കച്ചവടമായി തരംതാഴ്ത്തുന്ന അവസ്ഥ. മാധ്യമങ്ങളിലും പുറത്തും സര്‍ക്കാറും മാനേജ്മെന്റുകളും പരസ്യമായി കൊമ്പു കോര്‍ക്കുന്ന നേരം.
സര്‍ക്കാറിന് എതിര്‍ ധ്രുവത്തില്‍ നിന്ന് ശക്തമായി നിലപാടെടുക്കുന്ന ഒരാളെ വിവാദങ്ങളുടെ ഈ  നേരത്ത് ഇത്തരം ഒരവാര്‍ഡിന് തെരഞ്ഞെടുക്കുന്നതില്‍ എന്ത് ഔചിത്യമാണ് ഉള്ളത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്‍കുന്ന ഈ പുരസ്കാരത്തെ എങ്ങനെ ന്യായീകരിക്കാനാവും. നേര്‍ക്കു നേരെയുള്ള  പ്രീണനമല്ലേ ഇത്. സര്‍ക്കാര്‍ നല്‍കുന്ന കൈക്കൂലി. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറിന് പിടിച്ചു നില്‍ക്കാനാവുന്ന വിധം നിലപാടുകള്‍ മയപ്പെടുത്തുന്നതിന്് നല്‍കുന്ന പാരിതോഷികം മാത്രമാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നാല്‍ അതിനെ തള്ളിക്കളയാനാവുമോ.
സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന സംസ്ഥാനം കൂടിയാണ് കേരളം. മണ്‍മറഞ്ഞ പ്രമുഖ ചിത്രകാരന്‍ എം.എഫ് ഹുസൈന് രാജാരവിവര്‍മ പുരസ്കാരം നല്‍കുന്നതിലെ ശരിതെറ്റുകള്‍ ഇവിടെ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. ചിലരുടെ പരാതികള്‍ പരിഗണിച്ച് ഇതുവരെ ആ അവാര്‍ഡ് നല്‍കാത്ത ഭരണകൂടമാണ് ഇവിടെയുള്ളത്. 
അപ്പോള്‍ സ്വാഭാവികമായും ഈ പുരസ്കാരം ചര്‍ച്ചാ വിഷയമാവേണ്ടതില്ലേ. ഉണ്ടെന്നു തന്നെ തോന്നുന്നു. ഡോ. ഫസല്‍ ഗഫൂറിന് അവാര്‍ഡ് കിട്ടിയ വാര്‍ത്ത കണ്ടതു മുതല്‍ ഈ സംശയം എനിക്കുണ്ടായിരുന്നു. ആരെങ്കിലും, ഏതെങ്കിലും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തും എന്നും കരുതി. എന്നാല്‍ അതുണ്ടായില്ല എന്നതിനാലാണ് ഈ പോസ്റ്റ്.

14 comments:

  1. ഡോ. ഫസല്‍ ഗഫൂറിന് അവാര്‍ഡ് കിട്ടിയ വാര്‍ത്ത കണ്ടതു മുതല്‍ ഈ സംശയം എനിക്കുണ്ടായിരുന്നു. ആരെങ്കിലും, ഏതെങ്കിലും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തും എന്നും കരുതി. എന്നാല്‍ അതുണ്ടായില്ല എന്നതിനാലാണ് ഈ പോസ്റ്റ്.

    ReplyDelete
  2. ഇതിനാണോ ഈ 'പ്രീണനം പ്രീണനം' എന്ന് പറയുന്നത്..?
    ചിലപ്പോള്‍ ആവാം.! അധികം കരഞ്ഞാലും കുഴപ്പമാ കുപ്പിപ്പാല് അണ്ണാക്കില്‍ തിരുകിത്തരുന്ന കാലമാ... ഒരുപക്ഷെ, ഈ കുപ്പിയിനി മിണ്ടാട്ടം മുട്ടിക്കുമോ.. ആവോ..?

    ReplyDelete
  3. ഓ.. അല്ലെങ്കിലും ഈ അവാര്‍ഡുകളൊക്കെ ഇങ്ങനെയൊക്കെത്തന്നെയല്ലേ..?!

    ReplyDelete
  4. പ്രിയപ്പെട്ട സുഹൃത്തേ,
    ഇതെല്ലം നമ്മുടെ നാട്ടില്‍ പതിവായി സംഭവിക്കുന്നതല്ലേ?പുതുമയില്ലല്ലോ.
    അശരണരും അഗതികളും ഒരു ഡോക്ടറുടെ സേവനം അര്‍ഹിക്കുന്നു എന്ന പാഠമാണ് അച്ഛന്‍ അനിയന്‍ ഡോക്ടര്‍ മാധവിനു നല്‍കിയത്!അത് കൊണ്ടു തന്നെ വളരെ നല്ല ഓഫര്‍ വേണ്ട എന്ന് വെച്ചു സേവനത്തിനു കൂടുതല്‍ സാധ്യതയുള്ള ഹോസ്പിറ്റലില്‍ അനിയന്‍ ജോയിന്‍ ചെയ്തപ്പോള്‍ അച്ഛന്‍ വളരെ സന്തോഷിച്ചു!
    ''ഡോക്ടറുടെ കയ്പുണ്യം ഞങ്ങളുടെ ഭാഗ്യം''എന്ന് രോഗി പറയുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ്‌!
    സസ്നേഹം,
    അനു

    ReplyDelete
  5. മൂന്ന് മണിക്കൂര്‍ എന്ന് തുറന്നു
    പറഞ്ഞില്ലേ ആ സത്യ സന്ധതക്ക്
    ആവും അവാര്‍ഡ്‌ ...


    അനുവിന്റെ അഭിപ്രായത്തിനു ഒരു
    shake hand..രോഗികള്‍ ആണ്‌ ഡോക്ടര്‍ക്ക്
    അവാര്‍ഡ്‌ കൊടുക്കേണ്ടത് ...

    പ്രാഞ്ചി ഏട്ടന്‍ ‍ സിനിമയിലെ അവാര്‍ഡ്‌ കഥകള് ഓര്‍മ വരുന്നു ..

    ReplyDelete
  6. തീർച്ചയായും ഫസൽ അത് അർഹിക്കുന്നില്ല.

    ReplyDelete
  7. വാര്‍ത്ത കണ്ടപ്പോള്‍ എനിക്കുമുണ്ടായി ഈ സന്ദേഹം.

    ReplyDelete
  8. പോസ്റ്റ്‌ നന്നായി, അനു പറഞ്ഞപോലെ രോഗികള്‍ ആണ്‌ ഡോക്ടര്‍ക്ക്
    അവാര്‍ഡ്‌ കൊടുക്കേണ്ടത് ...

    ReplyDelete
  9. Dear Orila Veruthe (You are not "veruthe")

    You said it. The award is disgraced in such occasions. Ultimately, common man will not give any importance to such award honors.
    You always bring forth many such important issues by your blog. My appreciations. Keep up the good work.

    ReplyDelete
  10. ആ ഡോക്ടർ അവാർഡിനർഹനോ എന്നു ചിന്തിക്കേണ്ടതു തന്നെ...

    ReplyDelete
  11. ചിന്തിക്കേണ്ട കാര്യം തന്നെ..

    ReplyDelete
  12. നമ്മുടെ നാട്..

    ReplyDelete
  13. സംഭവാമി യുഗേ യുഗേ....

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...