Friday, June 29, 2012

പൂക്കളേക്കാള്‍ വേഗം നാമടര്‍ന്നു പോവുന്നു


അപ്രതീക്ഷിതമായി കണ്ടു മുട്ടിയവര്‍. ഒറ്റ വാക്കു കൊണ്ടു കൊരുത്ത്, ഒന്നുമുരിയാടാതെ ജീവിതത്തില്‍നിന്ന് ഇറങ്ങിപ്പോയവര്‍.. 
അവരുടെ അടുപ്പങ്ങളെക്കുറിച്ച്. അകലത്തെക്കുറിച്ച്.





ഒന്ന്

ചിലരുണ്ടാവും.
നമ്മുടെ അപൂര്‍ണതകള്‍ പൂരിപ്പിക്കാനെന്നോണം, കാണാമറയത്തെവിടെയോ. ഒരേ പാട്ടിന്റെ  മുറിഞ്ഞുപോയ പല വരികള്‍ പോലെ പലയിടങ്ങളില്‍.
പണ്ടേ പറഞ്ഞുവെച്ചതുപോലുണ്ടാവും ആ കാത്തിരിപ്പ്. അത്രയ്ക്ക് ഇഴയടുപ്പം. ചിന്തകള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും ഒരേ തരംഗദൈര്‍ഘ്യം. ഒരേ പുഴയിലേക്ക് പതിക്കാനുള്ള പല കൈവഴികള്‍ പോലെ പലയിടങ്ങളില്‍ ചിതറിക്കിടക്കുകയാവും അവ.

ചില നേരങ്ങളുമുണ്ട്.
വിദൂരതയിലെ അറിയാത്ത ചാര്‍ച്ചകളിലേക്ക് നമ്മെ ചേര്‍ത്തടുപ്പിക്കുന്നവ. അറ്റുപോയ ഇലകള്‍ മണ്ണിനെ തിരിച്ചറിയുന്നതുപോലെ ഒറ്റ ശ്വാസത്തില്‍ പരസ്പരം തിരിച്ചറിയും. എത്രയോ കാലം പറഞ്ഞു തീര്‍ത്തതിന്റെ ബാക്കി പറയാനുള്ളതുപോലെ കൊരുത്തുപോവും.
അടുത്തടുത്തുള്ളവര്‍ തന്നെയാവാം. എന്നും കാണുന്നവര്‍ പോലുമാവാം എങ്കിലും ചില നേരങ്ങള്‍ വേണം.  പൂട്ടിയിട്ട വാതിലുകള്‍ വലിച്ചു തുറക്കുന്ന സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും കാറ്റു വീശുന്ന ചില നേരങ്ങള്‍. അന്നേരം മാത്രമേ അകലത്തിന്റെ വലിയ മഞ്ഞുപാളി വകഞ്ഞ് അടുപ്പത്തിന്റെ ആ സൂര്യനുദിക്കൂ.

ചില ദൂരങ്ങളുമുണ്ട്.
അവിടെവെച്ചു മാത്രമേ കണ്ടു മുട്ടാനാവൂ. അവിടെ വെച്ചു കാണുമ്പോള്‍ മാത്രമേ സൌഹൃദത്തിന്റെ നിബിഡ വനം ഉള്ളിലുണ്ടായിരുന്നെന്ന് തിരിച്ചറിയാനാവൂ. ചില ഇടങ്ങള്‍.സുപരിചിതര്‍ പോലും ആ ഇടത്തെത്തുമ്പോള്‍ ഗാഢസൌഹൃദത്തിന്റെ ജാലകങ്ങള്‍ നെടുകെ തുറന്നിടും. നിത്യജീവിതത്തില്‍ ചിരിക്കാത്തവരെ പോലും തുറന്നു ചിരിപ്പിക്കുന്ന ഏതോ പൂര്‍വനിശ്ചിത  മാനങ്ങളുണ്ടാവും ആ ഇടത്തിന്.
അവിടെ മാത്രം പുഷ്പിക്കാനാവുന്ന മരങ്ങളാവും നമ്മള്‍. ചില കാലങ്ങളില്‍, ചില നേരങ്ങളില്‍, ചില ഇടങ്ങളില്‍ മാത്രം പൂക്കുന്ന മരങ്ങളുടെ ചാര്‍ച്ചയാവും ആഴമുള്ള ചില ബന്ധങ്ങള്‍.






രണ്ട്
കരുതിവെച്ചതെല്ലാം തകര്‍ത്തെറിയുന്ന ഒരു കാറ്റു വരവായിരിക്കും അത്. ആ കണ്ടുമുട്ടല്‍. സൌഹൃദത്തിലേക്ക് അതിന്റെ കത്തിപ്പിടിക്കല്‍. പൂരിപ്പിക്കാതെ ശൂന്യമായ ഉള്ളിലെ ഇടങ്ങള്‍ പെട്ടെന്ന് ചേര്‍ന്നു നില്‍ക്കും. എത്ര പറഞ്ഞാലും തീരാത്ത, എത്ര നടന്നാലും തീരാത്ത ദിവസങ്ങളാവും പിന്നെ.  നേരത്തെയുള്ളതെല്ലാം മായ്ച്ചു കളയുന്ന ഒരു കടല്‍ ജീവിതത്തെ പുതിയ അര്‍ത്ഥങ്ങളിലേക്ക് ചേര്‍ത്തുവെയ്ക്കും.
ഒന്നും പറയാതെ തന്നെ പരസ്പരം മനസ്സിലാവും പിന്നെ. പറഞ്ഞതെല്ലാം, എഴുതിയതെല്ലാം പരസ്പരം അനുപൂരകങ്ങളാവും. ഒരേ ഇഷ്ടത്തിന്റെ രണ്ടിടങ്ങള്‍ വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ തീര്‍ക്കും.
എല്ലാ അനിശ്ചിതത്വങ്ങളെയും കാറ്റില്‍പറത്തുന്ന വല്ലാത്തൊരു സാന്നിധ്യമാവും അത്തരം ചങ്ങാത്തങ്ങള്‍. അതൊരു ആശ്രയമുറിവാകും. ആലംബമാവും.  ഏതു വെയിലിലും തണലേകുന്ന കാതലുള്ള മരം പോലെ തണല്‍ വിരിക്കും പിന്നീടുള്ള നേരങ്ങളില്‍.
സ്വയം തിരിച്ചറിയാനുമാവും. ജീവിതത്തെയും, ലോകത്തെയും കുറിച്ചുള്ള അനേകം ചോദ്യങ്ങള്‍, സന്ദേഹങ്ങള്‍ പരസ്പരം പങ്കുവെയ്ക്കപ്പെടും. ഉള്ളിലുണ്ടായിരുന്നു എന്നു നമുക്കുപോലുമറിയാത്ത അനേകം കാര്യങ്ങള്‍, നിരീക്ഷണങ്ങള്‍ നമ്മില്‍ നിന്ന് പ്രവഹിക്കും. ഒരേ ആവൃത്തിയുള്ള ചിന്തകള്‍ക്കിടയില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തത നിറയും.
സൌഹൃദം എന്നത് സ്വയം നിര്‍വചിക്കാനുള്ള ഒരവസരം കൂടിയാവും. നിര്‍വചനങ്ങള്‍ക്കതീതമായി സദാ കൈ പിടിച്ചു നിര്‍ത്തും ആഴമുള്ള അത്തരം ബന്ധങ്ങള്‍.





മൂന്ന്
അപ്രതീക്ഷിതം തന്നെയാവും അതും. കാരണമില്ലാത്ത ചില കലങ്ങലുകള്‍. അഭിപ്രായ വ്യത്യാസങ്ങള്‍. എല്ലാ ചേര്‍ച്ചകള്‍ക്കുമിടയില്‍ ഭിന്നതയുടെ കടലാഴങ്ങള്‍ കലമ്പുന്നുണ്ടായിരുന്നെന്ന് പതിയെ തിരിച്ചറിയാനാവും. ചില പറച്ചിലുകള്‍ നമ്മെ ഒറ്റു കൊടുക്കും. ചില ചിന്തകള്‍ കുറ്റക്കാരാക്കും. ചിലപ്പോള്‍, വിചിത്രമായ ഭാഷ സംസാരിക്കുന്ന ഏതോ മനുഷ്യരെപ്പോലെ പരസ്പരം മനസ്സിലാവാതെ കിതയ്ക്കും.
മനസ്സിലാവാതിരിക്കുക എന്നതാവണം ഒരു ബന്ധത്തിന് ചെന്നെത്താനാവുന്ന ഏറ്റവും കഠിനമായ ഇടം. പറയാതെ തന്നെ പരസ്പരം മനസ്സിലാവുന്നവര്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാവാതാവുക എന്നത് ക്രൂരമാണ്. എങ്കിലും സ്വാഭാവികമായ അത്തരം കലങ്ങിമറിയലുകള്‍ ഇല്ലാതിരിക്കുക വയ്യ, ആഴമുള്ള അടുപ്പങ്ങളില്‍.
എങ്കിലും, എല്ലാ ഭിന്നതകളെയും ചേര്‍ത്തുവെക്കാനാവുന്ന ഇടം ഉള്ളിലുണ്ടെന്ന് പതിയെ കണ്ടത്തൊനായേക്കും, ചിലപ്പോള്‍. അങ്ങനെ വരുമ്പോള്‍, എല്ലാ പരിമിതികളോടെയും ഇത്തിരി കൂടി കേള്‍ക്കാന്‍, മിണ്ടാന്‍ കഴിഞ്ഞേക്കും
എന്നാല്‍, ജീവിക്കുന്ന സാഹചര്യങ്ങള്‍, ഇടങ്ങള്‍ മാറുമ്പോള്‍ അത് ഒട്ടും എളുപ്പമാവണമെന്നില്ല. ഈഗോയും പിന്നീട് അസംബന്ധമെന്ന് തിരിച്ചറിയാനാവുന്ന യുക്തികളും വെറുപ്പിന്റെ മുനയുള്ള ചില വാക്കുകളുമെല്ലാം ചേര്‍ന്ന്, സദാ അടച്ചുവെക്കാന്‍ ശ്രമിക്കും എല്ലാ വാതിലുകളും.  അടഞ്ഞ വാതിലുകള്‍ പോലൊരു നിസ്സഹായത മറ്റൊന്നില്ല, തീവ്ര ബന്ധങ്ങളില്‍.
അപരിചിതമായ ഒരു ദ്വീപിലേക്ക് ജീവിതം ചേക്കേറാന്‍ പിന്നെ ഏറെ കാലമെടുക്കില്ല. എല്ലാ നന്‍മകളും തിന്‍മകളായി വന്ന് കൊത്തിപ്പറിക്കും. എല്ലാ സ്വപ്നങ്ങളും അകമേ ഒളിപ്പിച്ചു വെച്ച കോമ്പല്ലുകള്‍ പുറത്തെടുക്കും.  വഴികളോരോന്നും പെട്ടെന്നിരുളും. ഇല്ലാതാവും.
അന്നേരം, ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടൊരാളായി ചിതറിപ്പോവും, സ്വയം. വാക്കുകളും ചിന്തകളുമെല്ലാം അടഞ്ഞു പോവും. ഒരു കപ്പലും തിരിച്ചു വരാത്ത ബര്‍മുഡ ട്രയാങ്കിള്‍ പോലെയാവും മനസ്സ്. ഓര്‍മ്മകളുടെ ഒരു മഴപ്പെയ്ത്ത് അപ്പോഴും തിരിച്ചറിയാനാവാതെ ഉള്ളില്‍  കിടന്ന് മുറിവാകും.




നാല്
അനേകം മഴക്കാലങ്ങളും കരകവിയലുകളും ചേര്‍ന്ന് പാകപ്പെടുത്തിയ  കരിമ്പാറ പോലെ ഉറച്ചുപോവും, പിന്നെ. അരികിലൂടെ അനേകമാളുകള്‍ ഒഴുകിപ്പോവും. അനേകം കാലങ്ങള്‍. ഋതുക്കള്‍. ഓര്‍മ്മകള്‍.
അനക്കമറ്റ്, നിസ്സംഗതയില്‍ പൂണ്ട്, ഏകാന്തതതയിലും മൌനത്തിലും തറഞ്ഞ് നടന്നേ പോവും കുറേ കാലങ്ങള്‍. കത്തിയൊഴുകുന്ന പുഴമധ്യത്തില്‍ ജീര്‍ണിച്ച മരങ്ങളില്‍ എങ്ങിനെയൊക്കെയോ തങ്ങിനില്‍ക്കുന്ന തുണിക്കഷണം പോലെ ജീവിതമങ്ങിനെ ബാക്കിയാവും.
പിന്നെയൊരു നേരം വരും. മറവിയുടെ സ്പര്‍ശമുള്ള ഒരു സായാഹ്ന വെയില്‍. അതിലേക്കിറങ്ങി നടക്കുമ്പോള്‍ അഹന്തയുടെയും ഈഗോയുടെയും എല്ലാ തൊലികളും ഊരി വീണിരിക്കും.
ആരും നടക്കാത്ത പാത പോലെ നീണ്ടു കിടക്കുന്നുണ്ടാവും സുപരിചിതമായ വഴി.







അഞ്ച്
പിന്നെയുമുണ്ടാവും നാളുകള്‍.  ഒരോര്‍മ്മ കൊണ്ടുപോലും സ്പര്‍ശിക്കാന്‍ അനുവദിക്കാതെ  തീണ്ടാപ്പാടകലെ തന്നെ നില്‍ക്കും, പരസ്പരം. മുത്ത് തുഴഞ്ഞെടുക്കാന്‍ മുങ്ങുന്ന കടലോരത്തെ കുട്ടികളെപ്പോലെ സ്വന്തം ജീവിതത്തിലേക്ക് തന്നെ ആഴ്ന്നാഴ്ന്നിറങ്ങും.

മറവിയുടെ വലിയൊരു പ്രളയം വരുന്നുണ്ടാവും.
എല്ലാം മുക്കിക്കളയാന്‍.

LinkWithin

Related Posts Plugin for WordPress, Blogger...