Wednesday, March 30, 2011

വെറുതെ: ചില ചെറിയ (വലിയ) കാര്യങ്ങള്‍

വെറുതെയിരിപ്പിനെ കുറിച്ച്. വെറുതെ ആവുന്നതിനെ കുറിച്ച്.
വെറുതെ എത്താവുന്ന ജീവിതാനന്ദത്തെക്കുറിച്ച്

 

ഒന്ന്
"നമുക്കിടയില്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ ജീവിക്കുന്ന ഒരാളെ ഞാന്‍ കണ്ടെത്തി"-ചങ്ങാതി പറഞ്ഞു.
"ആരെ"-എന്റെ ചോദ്യം.
"അയാള്‍ അങ്ങിനെ തന്നെയാണോ എന്നറിയില്ല. പക്ഷേ, ഇത്രയും സ്വസ്ഥതയോടെ ജീവിക്കുന്ന ഒരാളെ  ഞാന്‍ കണ്ടിട്ടില്ല"-ചങ്ങാതി വീണ്ടും.
"ആരാണ് കക്ഷി"-കാര്യമാത്ര പ്രസക്തമായി എന്റെ ചോദ്യം.
"അങ്ങനെ പ്രത്യേകിച്ച് ആരുമല്ല. എന്റെ ഒരു സുഹൃത്തിന്റെ ചേട്ടന്‍"
"എന്താ പരിപാടി"
"അതാണ് വിശേഷം. പ്രത്യേകിച്ചൊന്നുമില്ല. അയാള്‍ക്ക് ഇഷ്ടപ്പെട്ട പോലെ അങ്ങിനെ ജീവിക്കുന്നു. അത്ര തന്നെ"
"കൊള്ളാമല്ലോ. അപ്പോള്‍ പണിയില്ല. വെറുതെയിരിക്കുന്നു. ചെലവൊക്കെ നാട്ടുകാര് താങ്ങണമായിരിക്കും ല്ലേ" -എന്റെ ജിജ്ഞാസ.
"പണിയില്ലെന്ന് ആരു പറഞ്ഞു. അയാള്‍ ഒരു എണ്ണയുണ്ടാക്കുന്നു. രണ്ട് ആഴ്ചയില്‍ ഒരിക്കല്‍. തലയ്ക്ക് നല്ല കുളിര്‍മ നല്‍കുന്ന, നല്ല ഉറക്കം കിട്ടുന്ന, മുടികൊഴിച്ചില്‍ കുറക്കുന്ന ഒന്ന്. അത് ഖാദി ബോര്‍ഡിന്റെ രണ്ട് കടകളില്‍ മാത്രമേ കിട്ടൂ. അതിന് സ്ഥിരം ആവശ്യക്കാരുണ്ട്. അങ്ങിനെ കൃത്യമായ വരുമാനം.അയാള്‍ക്കു ആവശ്യമുള്ളത്"-സുഹൃത്ത് വിശദീകരിച്ചു.
"ഓ, എണ്ണക്കച്ചവടം. അപ്പോള്‍ സ്വസ്ഥത ഉറപ്പ്"-എനിക്കപ്പോഴും അയാളെ അങ്ങ് അംഗീകരിക്കാന്‍ കഴിയുന്നില്ല. 
"ഓട്ടോമൊബൈല്‍  എഞ്ചിനീയറിങ് കഴിഞ്ഞതാണ്. എന്നാല്‍, ആ ജോലി ചെയ്യില്ല. പക്ഷേ, തന്റെ വിഷയത്തില്‍ അയാള്‍ അപ്ഡേറ്റാണ്. ഓരോ പുതിയ വാഹനത്തിന്റെയും യന്ത്ര ഭാഗങ്ങളുടെ വിവരം  അയാള്‍ എവിടെയൊക്കെയോ നിന്ന് അറിയുന്നുണ്ട്. എണ്ണക്കച്ചവടമാണ് മുഖ്യം. വീട്ടുവളപ്പിലെ കുറച്ചു തേങ്ങ അച്ഛന് കാശു കൊടുത്തു അയാള്‍ സ്വന്തമാക്കുന്നു. സഹായിയായി ഒരാളുണ്ടാവും. എണ്ണയുണ്ടാക്കി കടകളില്‍ എതിച്ചാല്‍ പിന്നെ രണ്ടാഴ്ചത്തേക്ക് അയാള്‍ക്ക് വെറുതെയിരിക്കാം"
-ഇയാള്‍ കൊള്ളാമല്ലോ, എന്ന് എനിക്ക് തോന്നിത്തുടങ്ങി.
"കല്യാണം വേണ്ടെന്ന് അയാള്‍ പണ്ടേ തീരുമാനിച്ചു. ചെലവുകള്‍ തീരെ കുറവ്. ഒറ്റമുണ്ടും ഷര്‍ട്ടുമാണ് വേഷം. ആവശ്യത്തിനു മാത്രം ഭക്ഷണം. പരമാവധി നടന്നു പോവും. അതിനാല്‍ ആരോഗ്യ പ്രശ്നങ്ങളും കുറവ്. അധികം സംസാരിക്കില്ല. കാര്യമായി കൂട്ടുകാരുമില്ല. റോഡരികിലൂടെ മെല്ലെ നടന്നു പോവുന്ന ഒരു പാവം മനുഷ്യന്‍"-സുഹൃത്ത് കെട്ടഴിക്കുന്നു, ആ ജീവിതം.
"ഇഷ്ടമെന്നു പറയാന്‍ അല്‍പം കഥകളിക്കമ്പം മാത്രമുണ്ട്. ചില ദിവസം അയാള്‍ ഒരു തുണി സഞ്ചിയില്‍ മുണ്ടും ഷര്‍ട്ടും ഒരു തോര്‍ത്തുമായി ഇറങ്ങൂം. ഇടാന്‍ ഒരു ജോടി ഉടുപ്പ്. കിടന്നുറങ്ങാന്‍ തോര്‍ത്ത്. കോട്ടക്കലോ മറ്റോ ഉള്ള കളി കാണാനാണ് പോക്ക്. ഒരാഴ്ച കഴിഞ്ഞിട്ടൊക്കെയാവും തിരിച്ചു വരവ്. പിന്നെ, ജയചന്ദ്രന്റെ സിനിമാ പാട്ടുകളും ഇഷ്ടമാണ്. വലിയൊരു കലക്ഷനുണ്ട് കൈയില്‍"
"അതും കൊള്ളാം"-ഞാന്‍ പറഞ്ഞു.
 "ജീവിക്കാനുള്ള പണം അയാള്‍  എണ്ണ വിറ്റുണ്ടാക്കും. അധികമായാല്‍ ബാംഗ്ലൂരേക്കൊക്കെ ചില പോക്കുണ്ട്. യാത്ര. കാശ് തീര്‍ന്നാല്‍, സമാധാനമായി തിരിച്ചെത്തും. കാര്യമെന്താന്നു വെച്ചാല്‍, ആള്‍ക്ക് ഒരു തിരക്കുമില്ല. എപ്പോഴും ശാന്തം. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രം ചെയ്യും. ആരെയും ബുദ്ധിമുട്ടിക്കില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുകയുമില്ല. എല്ലാം അങ്ങിനെ കണ്ടു നടക്കും. എല്ലാത്തില്‍നിന്നും അകലം പാലിക്കും. ഇത്ര സമാധാനത്തോടെ എങ്ങിനെ മനുഷ്യര്‍ ജീവിക്കുന്നു എന്നു സദാ തോന്നിപ്പോവും"-ചങ്ങാതി പറഞ്ഞു നിര്‍ത്തി.
ഇപ്പോള്‍, എന്റെ മുന്നില്‍ ഒരു മനുഷ്യന്റെ ചിത്രം. വെറുതെയിരിക്കുന്ന ഒരാള്‍. ഒന്നും ആവശ്യപ്പെടാത്ത ഒരാള്‍. പഴയ കുട്ടിക്കഥയില്‍ വായിച്ച പോലെ. രാജ്യത്തെ ഏറ്റവും സന്തുഷ്ടനായ ആളെ കണ്ടു പിടിക്കാന്‍ തീരുമാനിച്ച രാജാവ് ഒരു കുഴി മടിയനെ കണ്ടെത്തുന്ന കഥാന്ത്യം ഓര്‍മ്മ വന്നു.

രണ്ട്
ചിരിക്കണ്ട, വെറുതെയിരിക്കുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ജീവിതത്തെക്കുറിച്ച് ഏറെ അറിഞ്ഞ മഹാ ദാര്‍ശനികരല്ലാം എത്തി നിന്നത് വെറുതെ ഇരിക്കുന്നതിലാണ്. രമണ മഹര്‍ഷിയെ നോക്കൂ. തിരുവണ്ണാമലയിലെ ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചു കൊടുത്തത് അതാണ്. പറഞ്ഞു കൊണ്ടിരുന്നതും. ഞാന്‍ ആരാണെന്ന് ആരായാന്‍ ജീവിതത്തെ പഠിപ്പിക്കാനുള്ള ഉയര്‍ന്ന മാര്‍ഗമാണ് വെറുതെ ഇരിക്കല്‍ എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. സദാ തീപ്പിടിച്ച് നടക്കാതെ വെറുതെയിരിക്കാനാണ് ഓഷോ പറയുന്നത്. വെറുതെയിരിപ്പിന്റെ ആഴങ്ങളില്‍ മാത്രം ലഭിക്കുന്ന ധ്യാനത്തിന്റെ സാധ്യതകള്‍. ജിദ്ദു കൃഷ്ണ മൂര്‍ത്തിയും ഇതിനെക്കുറിച്ച് പറയുന്നു.
ദാര്‍ശനികമായ ഔന്നത്യത്തിന്റെ അവസാന കാലത്ത്  എഴുതിയ ആത്മകഥയില്‍ ഓബ്രിമെനന്‍ പറയുന്നത് ഉള്ളിയുടെ തൊലിയുരിയുന്നത് പോലെ സ്വന്തം ആവരണങ്ങള്‍ ഓരോന്നായി അഴിച്ച് ഒരാള്‍ വെറുതെ ആവുന്ന  അവസ്ഥയാണ് മോക്ഷം എന്നാണ്.ഒരാള്‍ സ്വയം തിരിച്ചറിയുന്ന ഘട്ടം.  വെറുതെ ഇരിക്കാനാവുന്ന ഒരവസ്ഥ.
ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ഥ ചെന്നെത്തുന്നതും ഇതേ ചിന്തയിലാണ്. ലോകത്തെ മാറ്റിമറിച്ച നോവലിലെ കേന്ദ്ര കഥാപാത്രം സിദ്ധാര്‍ഥയാണ്. ചെറുപ്പത്തിലേ അയാള്‍ ആത്മീയതയുടെ വഴിയിലേക്ക് പോവുന്നു. ധ്യാനത്തിലൂടെ, സന്യാസത്തിലൂടെ  സ്വന്തം ജീവിതത്തെ അറിയാനും നിയന്ത്രിക്കാനുമുള്ള സിദ്ധി നേടുന്നു. എന്നാല്‍, യൌവനത്തിലെ ഒരു നിമിഷത്തില്‍ കണ്ടു മുട്ടുന്ന കമല എന്ന അഭിസാരിക അയാളെ വഴി മാറ്റുന്നു. അവളുടെ പിന്നാലെ ചെല്ലുന്ന അയാള്‍ എത്തിപ്പെടുന്നത് സുഖങ്ങളുടെ, ധനത്തിന്റെ,വ്യാപാരത്തിന്റെ, ലഹരിയുടെ ലോകത്താണ്. ആത്മീയതയില്‍നിന്ന് ഭൌതിക ജീവിതത്തിന്റെ സുഖശീതളിമയിലേക്ക്. അവിടെ, അയാള്‍ സമ്പന്നനായ കച്ചവടക്കാരനാവുന്നു. പെണ്ണും മദ്യവും അയാളെ കുടിച്ചു വറ്റിക്കുന്നു. ഒടുവില്‍ ജീവിതത്തിന്റെ മധ്യ വേനല്‍ കാലത്ത് ഒരു ദിവസം അയാള്‍ക്ക് തോന്നുന്നു, തന്റെ ആത്മാവ് കൈമോശം വന്നെന്ന്. ഉള്ളിലെ കിളി പറന്നു പോയെന്ന്. സുഖാഡംബരങ്ങളുടെ ലോകം വിട്ട് ആ നിമിഷം അയാള്‍ ഇറങ്ങി നടക്കുന്നു.
എത്തിപ്പെടുന്നത് ഒരു കടവില്‍. ആ കടവ് കടന്നാണ് അയാള്‍ സന്യാസ ജീവിതത്തിലേക്ക് പോയത്. ആ കടവ് കടന്നാണ് അയാള്‍ കമലക്കൊപ്പം ഭോഗാത്മക ജീവിതത്തിലേക്ക് നടന്നത്. അതേ കടവിലേക്ക് അയാള്‍ തിരിച്ചെത്തുന്നു. അവിടെ ഒരു കടത്തുകാരനുണ്ട്. അയാളെ എല്ലായിടങ്ങളിലും എത്തിച്ചൊരാള്‍. കടത്തുകാരന്റെ സഹായിയായി സിദ്ധാര്‍ഥ അവിടെ കൂടുന്നു. കുടിലില്‍ അന്തിയുറങ്ങുന്നു. കടത്തുകാരന്റെ സഹായിയാവുന്നു. വെറുതെ അങ്ങിനെ കഴിയുന്നതിനിടെ കടത്തുകാരന്‍ മരിക്കുന്നു. സിദ്ധാര്‍ഥ കടത്തുകാരനാവുന്നു. എന്നും ആളുകളെ നദി കടത്തി, ജീവിക്കാനുള്ളതു മാത്രം സമ്പാദിച്ച്, അലട്ടലില്ലാതെ അയാളുടെ പില്‍ക്കാല ജീവിതം. നദിയുടെ താളമറിഞ്ഞും അതിന്റെ സംഗീതത്തില്‍ അലിഞ്ഞും വെറുതെ ഒരു ജീവിതം. നോവല്‍ തീരുമ്പോള്‍ സിദ്ധാര്‍ഥ ഏറ്റവും ശാന്തി അനുഭവിക്കുന്ന ഒരാളാണ്. ആത്മീയതയിലും ഭൌതികതയിലും ലഭിക്കാത്തത് അയാള്‍ക്ക് വെറുതെയിരിപ്പില്‍ ലഭിക്കുന്നു.
ജൈവ കൃഷിയുടെ വലിയ ലോകം മനുഷ്യരാശിക്കു മുമ്പാകെ അവതരിപ്പിച്ച മസനോബു ഫുക്കുവോക്ക എന്ന ജപ്പാനീസ് പ്രതിഭയുടെ ജീവിതവും ഇതു തന്നെ പറയുന്നു. ഒന്നും ചെയ്യാതിരിക്കുക. വെറുതെയിരിക്കുക. കൃഷിയിടവും മനസ്സും. വേണ്ടത്, വേണ്ടത്ര വിളഞ്ഞോളും.രാസ കൃഷി ആപത്കരമാക്കിയ ശരീരത്തിനെക്കുറിച്ചുള്ള ആധികളാല്‍, രോഗഭീതി അടക്കമുള്ള വേവലാതികളാല്‍ മാത്രം പില്‍ക്കാല  ലോകം  ജൈവ കൃഷിയെ തേടി പോയെങ്കിലും ഫുകുവോക ജീവിതം കൊണ്ട് കണ്ടെത്തിയ ദര്‍ശനത്തെ അവഗണിച്ചായിരുന്നു ജൈവ കൃഷിയുടെ വ്യാപനം. കൃഷിയെ കച്ചവടം മാത്രമായി കണ്ടവര്‍ ജൈവകൃഷിയിലും ലാഭ സാധ്യകളാണ് കണ്ടത്. അങ്ങിനെയല്ലാത്ത അനേകം ജൈവ കര്‍ഷകരെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്.

മൂന്ന്
പഴയൊരു തമാശ കഥയുണ്ട്. നാട്ടിലെ ബസ്സ്റ്റോപ്പില്‍ സദാ വെറുതെയിരിക്കുന്ന ഒരാളുടെ കഥ. കഥാ നായകന് വെറുതെ ഇരിപ്പാണിഷ്ടം. കഞ്ഞി കുടിക്കാനുള്ള വക വീട്ടിലുണ്ട്. അതിനാല്‍, അധ്വാനിക്കാന്‍ താല്‍പര്യമില്ല. വെറുതെ വീടിനടുത്ത ബസ്സ്റ്റോപ്പില്‍ ഇരിക്കും. ബസുകള്‍ കാണും. ആളെ കാണും. ആരൊക്കെയോ കൊടുക്കുന്ന ബീഡി വലിച്ച് വെറുയെ അങ്ങനിരിക്കും. മുതിര്‍ന്നവര്‍ എല്ലാവരും അയാളെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കും. കൂട്ടത്തില്‍, സ്ഥലത്തെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനും.
അവര്‍ തമ്മില്‍ നടന്ന ഒരു സംഭാഷണം ഇങ്ങിനെയാണ്.
"വേലായുധാ' നീയെന്താ പണിക്കു പോവാത്തത്"
"പണിക്കു പോയിട്ടെന്താ മാഷേ"
"പണിക്കു പോയാല്‍ കാശ് കിട്ടില്ലേ"
"കാശ് കൊണ്ടെന്താ"
"കാശുണ്ടെങ്കില്‍ നല്ലതല്ലേ. നിനക്ക് ഒരു കല്യാണമൊക്കെ കഴിച്ചൂടെ"
"കല്യാണം കഴിച്ചിട്ടെന്താ"
കല്യാണം കഴിച്ചാല്‍, കുട്ടികളുണ്ടാവും. അവര്‍ വലുതാവും"
"അതു കൊണ്ടെന്താ മാഷേ"
"പിന്നെ നിനക്ക് വയസ്സാവുമ്പോള്‍ അവര്‍ നിന്നെ നോക്കും. അപ്പോ, നിനക്ക് വെറുതെ ഇരിക്കാല്ലോ"
"അതു തന്നെയല്ലേ മാഷേ ഞാനിപ്പോ ചെയ്യുന്നത്"

നാല്
അധ്വാനിക്കാതെ മടിയന്‍മാരായി കഴിയുന്നതിനെ കുറിച്ചാണ് ഇതു വരെ പറഞ്ഞത് എന്ന് എളുപ്പത്തില്‍ കരുതാം.  എന്നാല്‍, തീര്‍ച്ചയായും അതല്ല, വെറുതെ ഇരിക്കല്‍. ആവശ്യത്തിനുള്ളത് കണ്ടെത്തിയുള്ള ജീവിതം. ആവശ്യത്തിലേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കാതിരിക്കല്‍. അതിനപ്പുറം അതൊരു ദര്‍ശനമാണ്. ജീവിതത്തെക്കുറിച്ച കാഴ്ചപ്പാട്. സ്വന്തം ഉള്ളിലേക്ക് തുഴഞ്ഞു പോവാനും തന്നെത്തന്നെ തിരിച്ചറിയാനും ഇടനല്‍കുന്ന ഒരു പാത. സ്വയം തിരിച്ചറിയുക  എന്നത് അത്ര ചെറിയ കാര്യമല്ല. ലോകത്തിന്റെ പുളപ്പില്‍ നിന്ന് മാറി നില്‍ക്കലാണത്. ഇന്ത്യന്‍ ദാര്‍ശനിക പാരമ്പര്യം മാത്രമല്ല, സൂഫി, സെന്‍ തുടങ്ങിയ പാരമ്പര്യങ്ങളും ഉദ്ഘോഷിക്കുന്നത്  ഇതു തന്നെയാണ്. ജീവിതം കൊണ്ട് മാത്രം ഒരാള്‍ക്ക് എത്തിച്ചേരാനാവുന്ന ഇടം. വെറുതെ ഇരിക്കല്‍. ഒനിനുമല്ലാതെ എന്തെങ്കിലും ചെയ്യല്‍. സ്വന്തം ഉള്ളിലേക്കു നോക്കല്‍.

Monday, March 28, 2011

പ്രവാസികളുടെ മക്കള്‍; മക്കളുടെ പ്രവാസം

ഇത് മക്കളെക്കുറിച്ചും നമ്മളെക്കുറിച്ചുമുള്ള ചില ആലോചനകള്‍. പ്രവാസ ജീവിതം മുന്നോട്ടു വെക്കുന്ന വലിയൊരു ധര്‍മസങ്കടത്തിലേക്ക് ചെന്നെത്തുന്നു ഈ ആലോചനകള്‍.

ഇനി പറയുന്ന ചിലര്‍ നിങ്ങള്‍ക്ക് പരിചിതരാവാം. ഒരു പക്ഷേ നിങ്ങള്‍ തന്നെയാവാം. ഇതിലെ കഥ നമ്മുടെ ഓരോരുത്തരുടേതുമാവാം.
ഇത് ചിലരുടെ കഥകള്‍. അവരുടെ ജീവിതത്തിലെ സമാനമായ ചില അവസ്ഥകള്‍. ഒറ്റ നോട്ടത്തില്‍ പരസ്പര ബന്ധമൊന്നുമില്ലെങ്കിലും അവരും അവരുമായി ബന്ധപ്പെട്ട കഥകളും പൊതുവായ ഒരു അടിനൂലിനാല്‍ ബന്ധപ്പെട്ടിരിക്കുന്നു. കുഞ്ഞുങ്ങള്‍ എന്നോ മക്കള്‍ എന്നോ വിളിക്കാം അവരെ അടുപ്പിച്ചു നിര്‍ത്തുന്ന ആ അടിനൂലിനെ. വാല്‍സല്യം കൊണ്ടും സ്നേഹം കൊണ്ടുമുള്ള ചില ഇഴയടുപ്പങ്ങള്‍.
നമുക്ക് അവരിലേക്ക് പോവാം. അവരിലൂടെ ബന്ധങ്ങളുടെ ആഴങ്ങള്‍ അളന്നെടുക്കാം. ഈ കഥകള്‍ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ ഏതൊക്കെയോ ഒഴിഞ്ഞ ഇടങ്ങളെ സ്പര്‍ശിക്കതിരിക്കില്ല.


അവന്‍
അടുത്ത കൂട്ടുകാരനായിരുന്നു അവന്‍. കാമ്പസില്‍ തുടങ്ങിയ അടുപ്പം. പഠനം കഴിഞ്ഞപ്പോള്‍ പല വഴിക്കായി. എന്നിട്ടും, കാണാതിരുന്നിട്ടും, വിളിക്കാതിരുന്നിട്ടും, പല തിരക്കുകളില്‍ അലിഞ്ഞിട്ടും  ഉള്ളുകൊണ്ട് ഗാഢമായ അടുപ്പം നിലനിര്‍ത്തി ഞങ്ങള്‍.
മിടുക്കനാണ് അവന്‍. നന്നായി സംസാരിക്കും. നല്ല വായന. കാലിക പ്രശ്നങ്ങളെക്കുറിച്ച് നല്ല ധാരണ. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തിളങ്ങാനുള്ള ഭാഷയും കൌശലവും സഹജമായുണ്ട്. എന്നിട്ടും മാധ്യമ സ്ഥാപനങ്ങളില്‍ സ്ഥിരമായ ഇരിപ്പിടം കിട്ടിയില്ല. പല സ്ഥാപനങ്ങളില്‍ അസ്ഥിരമായ കുറേയേറെ തൊഴില്‍ വേളകള്‍. ആദ്യം ചെന്നെത്തിയ സ്ഥാപനങ്ങള്‍ പൊടുന്നനെ പ്രതിസന്ധിയിലായപ്പോള്‍ ലാവണം മാറേണ്ടി വന്നു. ഇപ്പോള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്റെ കുപ്പായം. തോന്നുമ്പോള്‍ ജോലി ചെയ്താല്‍ മതി. തോന്നുന്ന കാര്യങ്ങള്‍ എഴുതിയാല്‍ മതി.
അവനിപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍. സഹപാഠിയാണ് പ്രണയത്തിലൂടെ അവന്റെ ജീവിതത്തിലേക്ക് വന്നത്. അവളിപ്പോള്‍ മാധ്യമ പ്രവര്‍ത്തക. ഇരുവരും ഒന്നിച്ച് ഒരു മഹാ നഗരത്തില്‍ സന്തോഷത്തിന്റെ വീട്ടകങ്ങളില്‍.
അടുത്തിടെയാണ് അവനെ വിളിച്ചത്. ഏതോ ചാനലില്‍ വാര്‍ത്ത കണ്ടു കൊണ്ടിരിക്കെ. കാര്യങ്ങളെക്കുറിച്ച് ഒരു പിടിപാടുമില്ലാത്ത ഒരു വാര്‍ത്താ അവതാരകന്‍ വലിയ വായില്‍ തപ്പിത്തടയുന്നത് കണ്ടപ്പോള്‍, പൊടുന്നനെ തോന്നിയ ഒരാശയം പങ്കുവെക്കാനാണ് അവനെ വിളിച്ചത്.
'എടാ, നിനക്ക് ചാനലിലേക്ക് മാറിക്കൂടേ. ഇപ്പോഴുള്ള ആരേക്കാളും നന്നാവും നീ. പുതിയ അനേകം ചാനലുകള്‍ വരുന്നുണ്ട്. അവസരങ്ങള്‍ കൈ നിറയെ'-സ്ഥിരം ജോലിയില്ലാതെ പലപ്പോഴും വെറുതെയിരിപ്പാണ് അവനെന്ന തോന്നലുമുണ്ടായിരുന്നു  എന്റെ വാക്കകളുടെ നിഴല്‍പ്പാടില്‍.
എന്റെ സ്വരം ചെറുചിരിയോടെ കേട്ട് അവന്‍ കൂളായി മറുപടി പറഞ്ഞു-'ഞാനെങ്ങോട്ടുമില്ല. എനിക്കു വയ്യ 24 മണിക്കൂറും പണിയെടുക്കാന്‍. എനിക്കെന്റെ മോളുടെ കൂടെ കഴിയണം. അവളുടെ കൂടെ കളിക്കണം. അതിരാവിലെ ഭാര്യ എഴുന്നേല്‍ക്കും മുമ്പ് എണീറ്റ് മോളെ കുളിപ്പിച്ച് ഉടുപ്പിട്ടു നിര്‍ത്തണം. അവളുടെ കൂടെ ഇരിക്കണം. അതിന് ഈ പണിയൊക്കെ മതി'.
നല്ല കരിയര്‍ സാധ്യത ഉള്ള, അതിനെക്കുറിച്ച് നല്ല ബോധ്യമുള്ള  ഒരാളാണ് ഈ പറയുന്നത്.  എനിക്കതിന്റെ വ്യാകരണം മനസ്സിലായില്ല.
' പിന്നെ, എന്നും കുട്ടീടെ കൂടെ കളിച്ചാല്‍ ജീവിക്കണ്ടേ'-എന്റെ പ്രായോഗികമായ ചോദ്യം. അതവന്‍ വീണ്ടും ചിരിച്ചു തള്ളി.
'നിനക്ക് മനസ്സിലാവില്ല, മോളുടെ കൂടെ കളിക്കുന്നതിന്റെ രസം. നോക്ക്, ഇപ്പോളാണ് അവള്‍ക്ക് എന്നെ ഏറ്റവും ആവശ്യം. അവളുടെ ഏറ്റവും നല്ല സമയം ഞാന്‍ കൂടെയുണ്ടാവണം. പിന്നെ,ജീവിതം. സാമ്പത്തികമല്ലേ നീ ഉദ്ദേശിച്ചത്. ഇവിടെ നിന്ന് പണിയെടുത്താലും ജീവിക്കാനുള്ള വകയുണ്ടാവും'.
അതെനിക്കും സമ്മതിക്കേണ്ടി വന്നു. ആ കൊച്ചരിപ്പല്ലുകള്‍ അവനെ നോക്കി പാല്‍ പോലൊരു പുഞ്ചിരി പൊഴിക്കുന്നത് എനിക്ക് കാണാനായി. അവള്‍ക്കൊപ്പം തിമിര്‍ത്ത് നടക്കാനുള്ള അവന്റെ ആഗ്രഹവും പെട്ടെന്ന് ഉള്ളിലെത്തി.


ഇന്നസെന്റ്
പല അഭിമുഖങ്ങളിലും വായിച്ചിരുന്നു, സിനിമകള്‍ കഴിഞ്ഞാല്‍ വീട്ടില്‍ തന്നെ ചടഞ്ഞു കൂടുന്ന ഇന്നസെന്റിന്റെ കഥകള്‍. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമൊക്കെ അതിനെ കുറിച്ച് എഴുതിയതും വായിച്ചിരുന്നു.
അങ്ങിനിരിക്കെ, മാതൃഭൂമി വാരികയില്‍ ഇന്നസെന്റിന്റെ ജീവിത കഥാ പരമ്പരയില്‍ ഒരിടത്ത് കണ്ടും ഇന്നസെന്റും പേരമക്കളും തമ്മിലുള്ള അസാധാരണമായ അടുപ്പത്തിന്റെ കഥ. സിനിമകളിലേക്കുള്ള ക്ഷണം പരമാവധി കുറച്ച് കഴിയുന്നത്ര നേരം വീട്ടിലിരിപ്പാണ് താനെന്ന് ശ്രീകാന്ത് കോട്ടക്കലിനോട് ഇന്നസെന്റ് പറയുന്നു. സ്വന്തം മകനെ താലോലിക്കാനോ അവന്റെ കൂടെ ഏറെ നേരം ഇരിക്കാനോ ഒന്നും കഴിഞ്ഞില്ല. അതിന്റെ നഷ്ടം ബോധ്യമാവുന്നത് ഇപ്പോഴാണ്. രണ്ട് കുഞ്ഞു മക്കളാണ് വീട്ടില്‍. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും. പരമാവധി നേരം അവരുടെ കൂടെയാണ്. അവര്‍ക്കൊപ്പം കളിക്കാനും അവരെ ലാളിക്കാനുമാണ് ആഗ്രഹം. സിനിമയോ പണമോ ഒന്നുമല്ല, അവര്‍ക്കൊപ്പം കഴിയുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള അവസ്ഥ അനുഭവിച്ചറിയാനാവുന്നതെന്നും ഇന്നസെന്റ് പറയുന്നു.
പറഞ്ഞാല്‍ തീരുന്നില്ല,  ആ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഇന്നസെന്റിന്റെ കഥകള്‍. അവരുടെ കുസൃതികള്‍. കളിചിരികള്‍. ഇഷ്ടങ്ങള്‍. ഭര്‍ത്താവ് ഏറ്റവും സന്തോഷവാനാവുന്നത് മക്കള്‍ക്കൊപ്പമാണെന്ന് ഇന്നസെന്റിന്റെ നല്ല പാതിയും സാക്ഷ്യപ്പെടുത്തുന്നു.


ചേട്ടന്‍
നല്ല കാലം മുഴുവന്‍ പ്രവാസിയായിരുന്നു ചേട്ടന്‍. ചെറുപ്പത്തിലേ ഗള്‍ഫില്‍ ചെന്നു പെട്ടു. പല ജോലികള്‍. പല സംരംഭങ്ങള്‍. ലാഭം, നഷ്ടം, അതു നികത്താനുള്ള യത്നങ്ങള്‍ എന്നിവയുടെ ആകത്തുകയാണ് ചേട്ടന്റെ ജീവിതം. അതിനിടയില്‍ മക്കള്‍  വളര്‍ന്നു വലുതായി.  നന്നായി പഠിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ അക്കാര്യത്തില്‍ അത്ര മിടുക്കരായില്ല. മൂത്തത് പുത്രന്‍. മഹാ വികൃതിയായിരുന്നു പണ്ടേ. ആര് പറഞ്ഞാലും കേള്‍ക്കാത്ത പ്രകൃതം. തൊട്ടാവാടിയായിരുന്നു മകള്‍. പെട്ടെന്ന് പൊട്ടിത്തെറിക്കും. മൂക്കത്ത് വാശി. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്.
രണ്ടോ മൂന്നോ വര്‍ഷങ്ങളുടെ ഇടവേളയിലാണ് ചേട്ടന്‍ വീട്ടിലെത്താറ്. ഒന്നോ രണ്ടോ മാസത്തെ ലീവിലായിരിക്കും വരവ്. പോവുന്നതിന്റെ തലേന്ന് വരെ ഓടാനുള്ളത്ര പരിപാടികളുമായായിരിക്കും വരവ്. അതിനിടയില്‍ കുട്ടികളെ കാണും. എന്നാല്‍, അവര്‍ അവരുടെ അതേ രീതികളില്‍ തുടരും. പുള്ളിക്ക് ദേഷ്യം വരും. അനുസരണയില്ലാത്ത കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ ശ്രമിക്കും. ചേച്ചിയെ കണക്കിന് പറയും. ഉള്ള സമയം കൊണ്ട് മക്കളെ താന്‍ വിചാരിക്കുന്നതു പോലെ മെനഞ്ഞെടുക്കാന്‍ ശ്രമിക്കും. അനുസരണ പഠിപ്പിക്കാന്‍, അവരെ മിടുക്കരാക്കാനുള്ള ശ്രമം എന്നാല്‍, അത്ര നല്ല നിലയിലില്‍ സ്വീകരിക്കപ്പെടില്ല. മക്കള്‍ ചെറുത്തു നില്‍പ്പ് തുടങ്ങൂം. പിന്നെ വാശിയാവും. തല്ലാവും. അന്നേരം മക്കള്‍ കൂടുതല്‍ അകലും. അവസാനം പോയിക്കഴിഞ്ഞാല്‍, അവര്‍ അക്ഷരാര്‍ഥത്തില്‍ പറയും, ഹോ രക്ഷപ്പെട്ടു എന്ന്.
ഇപ്പോള്‍, മകന്‍ പ്രവാസി. മകള്‍ ഭത്താവിന്റെ വീട്ടില്‍. ചേട്ടനും ചേച്ചിയും വീട്ടില്‍. കാര്യമായൊന്നും ചെയ്യാനില്ല. അങ്ങനെ വന്നപ്പോള്‍, അയലത്തെ കുഞ്ഞുങ്ങള്‍ പതുക്കെ വീട്ടിലേക്ക് വേലി ചാടാന്‍ തുടങ്ങി. ആദ്യമൊക്കെ, ഗൌരവത്തിന്റെ മുഖം മൂടിയിയിട്ട് ചേട്ടന്‍ പിടിച്ചു നിന്നു. കുട്ടികളുടെ ചെറിയ  കുസൃതികള്‍ക്ക് പോലും വിരണ്ടു. എന്നാലിപ്പോള്‍ കഥ മാറി. കുഞ്ഞുങ്ങളുടെ വീടാണത്. പല പ്രായത്തിലുള്ള കുട്ടികള്‍ക്കൊപ്പം കളിച്ചു തിമിര്‍ത്ത് ചേട്ടന്‍.
അസാധാരണമായ ഈ മാറ്റം കണ്ട് ഞാന്‍ ചിരിച്ചപ്പോള്‍ പുള്ളിയും പറഞ്ഞു ഇന്നസെന്റിന്റെ സ്വരത്തില്‍ ആ സത്യം.
' ഇപ്പോഴാണ് ഏറ്റവും സന്തോഷം. സ്വന്തം മക്കളെ മനസ്സിലാക്കാന്‍ അവര്‍ കുട്ടികളായപ്പോള്‍ എനിക്കു കഴിഞ്ഞില്ല. ബിസിനസ് മാത്രമായിരുന്നു മനസ്സില്‍. അവരോടൊന്നും വലിയ അടുപ്പമില്ലാത്തതും അതു കൊണ്ട് തന്നെ. ഒന്നു കിട്ടുമ്പോള്‍, മറ്റൊന്ന് ഇല്ലാതാവുന്ന അവസ്ഥ.  ഇനി ഞാന്‍ ഇങ്ങനെ കഴിയും'.
വല്ലാത്ത തിരിച്ചറിവായിരുന്നു അത്. അതിന്റെ പ്രകാശമുണ്ടായിരുന്നു ആ മുഖത്ത്. അളവറ്റ വാല്‍സല്യവും.



നമ്മള്‍
പ്രവാസികളുടെ ദേശമായിരുന്നു ഞങ്ങളുടേത്. പിതാക്കന്‍മാരെല്ലാം ഗള്‍ഫില്‍. മക്കളെ നന്നായി വളര്‍ത്താനായി അവര്‍ നാട്ടില്‍ വരാതെയും സന്തോഷങ്ങള്‍  മാറ്റിവെച്ചും മരുഭൂമിയില്‍ കഴിഞ്ഞു. വല്ലപ്പോഴുമുള്ള വീടണയലുകളില്‍ അവര്‍ നല്ല പിതാക്കന്‍മാരാവാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു ലോകത്ത് പണവും സ്വാതന്ത്യ്രവുമായി കഴിഞ്ഞ മക്കള്‍ക്ക് അതു മനസ്സിലാവുമായിരുന്നില്ല. അതിനാല്‍, മക്കള്‍ പല വഴിക്കായി. നല്ല പഠിപ്പും ജോലിയും ഉണ്ടായിട്ടും മാതാപിതാക്കളെ വന്നു കാണണമെന്ന ചിന്ത ലവലേശമില്ലാതെ അവരൊക്കെ പുതുതലമുറ പ്രവാസികളായി പാരമ്പര്യത്തിന്റെ കീഴ്വഴക്കങ്ങള്‍ തുടരുന്നു. സത്യത്തില്‍, ജീവിതത്തിലെ ഏറ്റവും നല്ല കാലം മക്കള്‍ക്കൊപ്പമാണെന്ന് , അവരുടെ വളര്‍ച്ചക്കൊപ്പമാണെന്ന് ഏറെ വൈകുമ്പോള്‍ അവരും തിരിച്ചറിഞ്ഞേക്കും.
 എന്തൊരു അവസ്ഥയാണ് നമ്മുടേത്. അയല്‍ദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന നമ്മുടെ ജീവിതം പലതിനുമൊപ്പം നഷ്ടപ്പെടുത്തുന്നത് കുഞ്ഞിളം കൊഞ്ചലിന്റെ നല്ല നേരങ്ങളാണ്. നിവൃത്തിയില്ലായ്മയുടെ ശ്മശാനത്തില്‍ നമ്മുടെ നല്ല കാലം.  കുറേ പേരൊക്കെ പ്രവാസ രാജ്യത്ത് കുടുംബത്തോടൊപ്പം കഴിയുന്നുണ്ട്. പക്ഷേ ഭൂരിഭാഗവും അങ്ങിനെയേയല്ല. വരും തലമുറകളുടെ കൂടി തലവരകളാണ് നമ്മുടെ നിര്‍ഭാഗ്യകരമായ ജീവിതാവസ്ഥകള്‍ മാറ്റിവരക്കുന്നത്.

പെണ്ണനുഭവം

'അടിമത്തം ലോപിച്ചതാണോ അമ്മത്തം'- ഏതോ ബ്ലോഗില്‍ ഈയിടെ കണ്ട വരികള്‍.
സ്ത്രീവാദ രാഷ്ട്രീയത്തിന്റെ ഉറച്ച സൈദ്ധാന്തിക പിന്‍ബലമുണ്ട് ആ വരികള്‍ക്ക്. നമ്മുടെ അമ്മമാര്‍ അനുഭവിക്കുന്ന കടുത്ത മടുപ്പും നിസ്സഹായതയും കൂടി ഈ വരികളില്‍ വായിക്കാനാവും. ആ വരികള്‍ക്ക് പിന്തുണയുമായി ഓടിയെത്തിയവരില്‍ കൂടുതലും ബ്ലോഗിലെ എഴുത്തുകാരികളുമായിരുന്നു.
ഈ വരികള്‍ മറ്റൊരു നിരീക്ഷണം തുറന്നിടുന്നു. എന്തു കൊണ്ട് ഈ വരികള്‍. എന്തു കൊണ്ട് അതിനു പൊതു സ്വീകാര്യത. അതിനര്‍ഥം കുഞ്ഞുങ്ങളെ വളര്‍ത്തലുമായി ബന്ധപ്പെട്ട പെണ്ണവസ്ഥ തികച്ചും വിഭിന്നമാണ് എന്നാണോ. മേലെ പറഞ്ഞ വാല്‍സല്യ കൂട്ടുകളുടെ കാല്‍പ്പനികതയില്‍ വരഞ്ഞിടാനാവാത്ത ഒന്നായാണോ ഇക്കാര്യം അമ്മമാര്‍ സ്വീകരിക്കുന്നത്. ഒരു ചങ്ങല പോലെ  വരിഞ്ഞു നിര്‍ത്തുന്ന എന്തോ ഒന്ന് അമ്മത്തത്തില്‍ ഉണ്ടോ. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?

Saturday, March 12, 2011

ഒറ്റക്കാവുന്ന നേരങ്ങളില്‍ ചില മഴ നൃത്തങ്ങള്‍

ഒറ്റക്കാവുന്ന നേരങ്ങളില്‍ ഉന്‍മാദികളാവാറുണ്ടോ.
ഒറ്റ മഴയില്‍ പൂക്കാറുണ്ടോ

ജോലിയുടെ ഭാഗമായ യാത്രക്കിടെ അവിചാരിതമായി വന്നുപെട്ട ഒഴിവുദിവസമായിരുന്നു അത്. ഇടുക്കിയിലാണ്. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ലാത്ത പകല്‍. റോഡില്‍ ചുമ്മാ അമ്പരന്നു നില്‍ക്കവേ മുന്നില്‍ മൂന്നാര്‍ ബസ് വന്നു നിന്നു. അതൊരു നല്ല ആശയമാണല്ലോ എന്നോര്‍ത്തു. പിന്നെ കാര്യങ്ങള്‍ക്ക് വേഗത കൂടി. വേഗം മുറിയില്‍ ചെല്ലുന്നു. ബാഗ് എടുക്കുന്നു. റൂം വെക്കേറ്റ് ചെയ്യുന്നു.
അടുത്ത വണ്ടിക്ക് മൂന്നാറിലേക്ക്. തണുപ്പുള്ള ഒരു മൂന്നു മണിക്ക് നഗരത്തില്‍.  ഹോട്ടലില്‍ മുറിയെടുത്ത് ബാഗ് വെച്ച് വേഗം പുറത്തിറങ്ങി. ചെന്നിട്ട് എന്തോ അത്യാവശ്യകാര്യം ഉള്ളതു പോലെ.   മുമ്പും പല വട്ടം വന്നിട്ടുണ്ട്  തണുപ്പിന്റെ  ഈ നഗരത്തില്‍. പഠനകാലം മുതല്‍ ജോലിക്കാലം വരെ. പലരുടെയും കൂടെ. എന്നാല്‍, ഇപ്പോള്‍ തനിച്ചാണ്. ചുമ്മാ ഒരു തോന്നലിന്റെ പുറത്ത്, ഒരുദ്ദേശ്യവും ഇല്ലാതെ. അതിന്റെ അനായാസത നടപ്പിലുണ്ട്. തൂവല്‍പോലെ ഒരു കനമില്ലായ്മ.
വഴിവക്കത്തെ കടയില്‍ കേട്ട പാട്ടിനൊപ്പിച്ച് ഉള്ളിലെ ശേഖരത്തില്‍നിന്ന് ഓര്‍മ്മയിലെ ഏതോ പാട്ട് തപ്പിയെടുത്തു. കിഷോര്‍ കുമാറും ട്രിപ്പിള്‍ ഡ്രമ്മുകളും മല്‍സരിക്കുന്ന പഴയ ഉശിരന്‍ പാട്ട്.  നല്ല സുഖമുള്ള കുളിരാണ്. മനസ്സിന്റെ കെട്ടുപാടുകള്‍ തൂത്തുകളഞ്ഞ് കൈവീശി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഹരം കൂടി.
തട്ടുകടയില്‍നിന്ന് നല്ല ചൂടുള്ള ചായ. വീണ്ടും നടത്തം. ഒറ്റക്കും ഇണകളായും ഏറെ പേര്‍ പാതയിലൂടെ ചിരിച്ചും സംസാരിച്ചും നടക്കുന്നു. മുകളിലേക്കുള്ള കയറ്റത്തിലെ വലിയ മരത്തിനടുത്തെത്തിയപ്പോഴതാ മഴ.
ഒറ്റ പെയ്യലില്‍ ആകെ കുളിര്‍ന്നു.  ആളുകള്‍ മരച്ചോട്ടിലേക്കു നീങ്ങി. ചിലര്‍ കൈയിലെ കുടകള്‍ തുറന്നു. എനിക്കു കുടയില്ല. അതിനാല്‍ മരച്ചോട്ടിലേക്ക് കയറി. നൂലു പോലെ മഴ. ഒരേ താളം. നിസ്സംഗ ഭാവം. അറിയാതെ കാലുകള്‍ മഴയിലേക്ക് എടുത്തു വെച്ചു. എന്തിനെന്ന് എനിക്കുപോലും മനസ്സിലാവാത്ത നേരം മഴയിലേക്ക് ഇറങ്ങി നടന്നു. തണുപ്പും മഴയും ചേര്‍ന്ന് ശരീരം വീതം വെച്ചെടുക്കുന്നു.
പനി പിടിക്കുമെന്ന പേടിയാല്‍ ചെറിയ മഴ പോലും ഒഴിവാക്കുന്നൊരാളാണ്. ഇത്തരം കാര്യങ്ങളില്‍ സദാ ശ്രദ്ധിക്കുന്നൊരാള്‍. എന്നാലിപ്പോള്‍ കാര്യം വ്യത്യസ്തം. കൊച്ചു കുട്ടിയുടെ ഉല്‍സാഹം പോലെന്തോ ചലനങ്ങളില്‍. ഉള്ളില്‍നിന്ന് മുളക്കുന്ന സന്തോഷം മനസ്സാകെ.
 മഴ തുളച്ചു കയറുന്തോറും ഹരം കൂടി. മരച്ചോടുകളില്‍ അഭയം തേടിയ ആളുകളെ നോക്കി ചിരിച്ച് കൊച്ചു കുട്ടിയെപ്പോലെ മഴയില്‍ കുളിച്ച് പാതയിലൂടെ നടന്നു. ലോകത്തോടു മുഴുവനും സ്നേഹം തോന്നി. ആളുകളോടൊക്കെ സ്നേഹം.
വരയാടുകളെ കാണാറുള്ള പാറക്കെട്ടുകള്‍ക്കരികിലാണ് ഇപ്പോള്‍. ചുറ്റും മഴയുടെ ജുഗല്‍ബന്ദി. അറിയാതെ ശരീരം ഇളകുന്നു. ചെറിയ ചുവടുകള്‍ പോലെന്തോ. ദൈവമേ, ഞാന്‍ നൃത്തം വെക്കുകയാണോ. വെളുത്ത ആകാശത്തിനുനേര്‍ക്ക് ഉശിരോടെ കൈകള്‍ വീശി. കുളിരുമ്പോഴും ഉള്ളില്‍ സുഖമുള്ള ചൂട് പോലെ.
അന്നേരം മഞ്ഞിന്റെ തിരശãീലക്കപ്പുറം ഒരനക്കം കണ്ടു. നാലഞ്ച് വിദേശികള്‍. അവരും മഴയത്ത് ഉല്ലസിക്കുകയാണ്. കുട്ടികളെപ്പോലെ അപരിചിതമായ ഏതോ വായ്ത്താരിയില്‍. എന്നെ കണ്ടപ്പോള്‍, അവര്‍ കൈകളുയര്‍ത്തി. സൌഹൃദത്തിന്റെ കൈത്താങ്ങ്. ഏതോ പാട്ടിനൊപ്പം അവരുടെ ശരീരങ്ങള്‍ ചുവടു വെക്കുന്നു. ഒപ്പം കൂടി. കൈ കൊട്ടി, കൈകള്‍ വീശി, ചാടി മറിഞ്ഞ്, ചിരിച്ചു കുഴഞ്ഞ്, കൂവി, ആര്‍ത്ത്, വിചിത്രമായ ചുവടുകള്‍ വെച്ച് എന്റെ കളിയാട്ടം. അവരിലൊരാള്‍ എന്റെ കൈ പിടിച്ച് എന്തോ വിളിച്ചു പറഞ്ഞു. ഞാനുമെന്തൊക്കെയോ പറഞ്ഞു. വേഗം വേഗം മുകളിലേക്ക് നടന്നും ചെറുതായി ഓടിയും വിറച്ചും  ഏറെ നേരം.
ഇപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു. മഞ്ഞിന്റെ വെളുത്ത പാട ഇപ്പോഴും. ആഹ്ലാദത്തോടെ കെട്ടിപ്പിടിച്ചും ഉറക്കെ പൊട്ടിച്ചിരിച്ചും അവര്‍ യാത്ര പറഞ്ഞു നീങ്ങി. ചെളിയില്‍ കുഴഞ്ഞ ഷൂവില്‍ നനഞ്ഞ് കുതിര്‍ന്ന വിരലുകളെ ഇളക്കിയിളക്കി താഴേക്കു നടന്നു. മുടിയിഴകള്‍ നനഞ്ഞു കുതിര്‍ന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നു. താഴേക്കു നടക്കുമ്പോഴും ഉള്ളിലെ ഉന്‍മാദം ചിത്രശലഭത്തെപ്പോലെ പൊങ്ങിയും പറന്നുമിരുന്നു. ഉറക്കെ പാട്ടു മൂളി, നൃത്തത്തോടു സാമ്യമുള്ള വിധം ശരീരം ഇളക്കി  നടന്നു.
ഉടുപ്പിനുള്ളിലുള്ളത് മറ്റേതോ ആളാണെന്ന് തോന്നി. ഇത് ഞാനല്ല. ഇതിലും ഉന്‍മാദം വരേണ്ട നേരത്തും ഇളകാതെ നിന്നതാണ്. പാട്ടും നൃത്തവുമെല്ലാം ഉള്ളിലെ അടക്കി വെച്ച ഏതോക്കെയോ ചോദനകളായിരുന്നുവെന്നും ആ നിമിഷത്തിലെ ഞാന്‍ ഉന്‍മാദം ഓടുന്ന പ്രൊജക്റ്ററിനു മുന്നില്‍ കുടുങ്ങിയ തിരശãീലയായിരുന്നുവെന്നും ഇപ്പോള്‍ തോന്നുന്നു.
മുറിയില്‍ എത്തിയിട്ടും ഹരം കുറഞ്ഞില്ല. ടി.വിയിലെ ഏതൊക്കെയോ പാട്ടുകള്‍ക്കു മുന്നില്‍ ചുവടു വെച്ചു. തണുത്തു വിറച്ചിട്ടും പച്ച വെള്ളത്തില്‍ കുളിച്ചു. നൃത്ത ചുവടുകളോടെ ഉറക്കെ പാട്ടു പാടി . തീരാത്ത ഉന്‍മാദത്തിന്റെ വീത്തുകള്‍ ഉള്ളില്‍ വീണ്ടും വീണ്ടും പൊട്ടിമുളക്കുന്നുവെന്ന് തോന്നി. തെരുവിലേക്ക് വീണ്ടും ഇറങ്ങി നടന്നു.  രാത്രി തുടങ്ങും വരെ അവിടവിടെ അലഞ്ഞു. അന്ന് രാത്രി, കിടന്ന പാടെ ഉറങ്ങി. 

രണ്ട്
സത്യത്തില്‍ അന്നെന്താണ് സംഭവിച്ചത്. ഒറ്റക്കായതിന്റെ ഉന്‍മാദമോ അത്. അതോ, പ്രകൃതിയും സാഹചര്യങ്ങളും ഒത്തു വന്നപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതോ. ആദ്യത്തേതാണ് കാരണമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. കാരണം, ഒറ്റക്കായപ്പോള്‍ പലപ്പോഴും  ഇത്തരം കിറുക്കുകള്‍ തോന്നാറുണ്ട്. ഒറ്റക്കിറങ്ങി നടക്കാന്‍. പാട്ടുകള്‍ക്കൊത്ത് ചുവടു വെക്കാന്‍. അര്‍ഥമില്ലാത്ത എന്തൊക്കെയോ ചുമ്മാ പറഞ്ഞു നടക്കാന്‍, അസംബന്ധങ്ങള്‍ കൊണ്ട് പാട്ടു കെട്ടാന്‍. എന്നാല്‍, അന്നൊക്കെ പക്വത കടിഞ്ഞാണിട്ടു.
കോളജ് കാലത്ത് ഒരു വര്‍ഷം ഒറ്റക്കൊരു വാടക വീട്ടിലായിരുന്നു. വീടിനു മുന്നിലൊരു പാലയുണ്ട്. അതില്‍ യക്ഷി ഗന്ധര്‍വന്‍മാരുണ്ടെന്നും ചില നേരങ്ങളില്‍ കേള്‍ക്കുന്ന അസ്വാഭാവിക ശബ്ദങ്ങളും അപരിചിത ഗന്ധങ്ങളും  അരൂപികളുടെ ലോകത്തു നിന്നും വരുന്നതാണെന്നുമൊക്കെ സങ്കല്‍പ്പിച്ചു കിടന്നിരുന്നു, അന്ന്.  നിലാവുള്ള  രാവുകളില്‍ പുറത്തിട്ട കസേരയിലിരുന്ന് അവയുടെ സാന്നിധ്യം പിടിച്ചെടുക്കാനാവുമോ എന്ന് ശ്രമിച്ചു തളര്‍ന്നിട്ടുണ്ട്. അങ്ങിനെയങ്ങിനെയായ അനുഭവങ്ങളുടെ തുടര്‍ച്ച തന്നെയാവാം മൂന്നാറിലെ മഴ നൃത്തം എന്ന് സങ്കല്‍പ്പിക്കുമ്പോള്‍ നല്ല രസമുണ്ട്.
മറ്റുള്ളവര്‍ക്കും ഇങ്ങിനെയൊക്കെ തോന്നാറുണ്ടോ എന്നറിയില്ല. ചില കൂട്ടുകാരൊക്കെ വിചിത്രമായ ഇത്തരം അനുഭവങ്ങള്‍ രസകരമായി പറയാറുണ്ട്. ലാറ്റിനമേരിക്കന്‍ സിനിമകളിലും ഫിക്ഷനുകളിലുമെല്ലാം ഇത്തരം വിചാരങ്ങള്‍ എപ്പോഴൊക്കെയോ അനുഭവിച്ചിട്ടുണ്ട്.
എന്തു കൊണ്ടാവും  ഒറ്റക്കാവുമ്പോള്‍ ഇങ്ങിനെയൊക്കെ ആവുന്നത്. കണ്ടീഷന്‍ ചെയ്യപ്പെട്ട ചുറ്റുപാടുകളില്‍നിന്നുള്ള അബോധമായ കുതറലുകളാവാം അതെന്നാണ് ഒരു വിചാരം. ഇസ്തിരിയിട്ട ശീലങ്ങളും പക്വതയും സംസ്കാരവും ചേര്‍ന്ന് കൃത്യമായ മാതൃകകളില്‍ വാര്‍ത്തെടുത്ത ജീവിതങ്ങള്‍ ചിലപ്പോഴൊക്കെ അതിന്റെ വേരുകളിലേക്ക് തിരിച്ചു പോവാന്‍ ശ്രമിക്കുന്നതാവാം  ഇതൊക്കെ എന്നും തോന്നുന്നു.
ആളുകളോട് കരുതി ഇടപെട്ടും കരുതി സംസാരിച്ചും ഓരോ അപരിചിതനെയും ഭയന്നും കാത്തു സൂക്ഷിക്കുന്ന നമ്മുടെയൊക്കെ ജീവിതത്തിന്റെ ഇടവഴികളില്‍ പലയിടത്തും നമുക്ക് പോലും അറിയാത്ത എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നു.   ഒരു പക്ഷേ,  വളര്‍ച്ച എന്നും പക്വതയെന്നും സംസ്കാരമെന്നും പറഞ്ഞ് നാം കണ്ടീഷന്‍ ചെയ്ത് ഒതുക്കുന്നത് നമ്മുടെ സത്യസന്ധമായ വികാരങ്ങളാവാം. ഒരു പക്ഷേ, അതാവാം യഥാര്‍ഥത്തിലുള്ള നമ്മള്‍. വൃത്തിയായി ഉടുപ്പുകളാല്‍ പൊതിഞ്ഞ നമുക്കും മറ്റുള്ളവര്‍ക്കും പരിചിതമായ  ഈ ആള്‍ മറ്റാരോ ആവാം.
കാര്യ കാരണങ്ങളുടെ പ്രേതബാധയേല്‍ക്കാത്തൊരു കുട്ടിക്കാലം ഇപ്പോഴും തുളുമ്പുന്നുണ്ടാവും നമുക്കുള്ളില്‍.  സ്കൂളും അധ്യാപകരും ചൂരല്‍ വടി പിടിച്ച സമൂഹവുമെല്ലാം ചേര്‍ന്ന് മാറ്റിയെഴുതിയ നമ്മുടെ സ്വാഭാവിക ചോദനകള്‍ അവക്ക് പുറത്തുവരാന്‍ ഇടയുള്ള ചില നേരങ്ങളില്‍ സ്വയം പ്രകാശിപ്പിക്കുന്നതാവാം. ഒരു പക്ഷേ, അതുകൊണ്ടാവാം നമ്മളെല്ലാം ബാത്റൂം സിംഗര്‍മാരാവുന്നത്. ഒറ്റക്കുള്ള അലഞ്ഞു തിരിയലുകള്‍ സ്വപ്നം കാണുന്നത്. സമൂഹം നിര്‍ണയിച്ച സദാചാര വടിവുകളില്‍നിന്നും സ്വപ്നം കൊണ്ടും ഭാവന കൊണ്ടും പുറത്തു കടക്കുന്നത്. കവിതയിലൂടെയും ഫിക്ഷനിലൂടെയും സ്വന്തം ഭാഷയില്‍നിന്ന് കുതറി മാറാന്‍ ശ്രമിക്കുന്നത്.
നോക്കൂ, നിങ്ങള്‍ക്കും ഉണ്ടാവാറില്ലേ ഏകാന്തമായ അത്തരം ഉന്‍മാദ നേരങ്ങള്‍. മനസ്സിനെ അതിന്റെ പാട്ടിനു വിടുന്ന കിറുക്കന്‍ നേരങ്ങള്‍. ഫെമിനിസ്റ്റ് സുഹൃത്തുക്കള്‍ സംഗീതം നല്‍കി ആഘോഷമാക്കാറുള്ള, ആശാലതയുടെ ആ കവിതയിലെ പോലെ, 'എല്ലാ ഉടുപ്പും അഴിച്ചിട്ട് മഴയിലേക്കിറങ്ങി നടക്കാനും, കടലിലേക്കിറങ്ങി നടക്കാനും  അകമേ കൊതിക്കാത്ത ആരാണ് അല്ലെങ്കില്‍ നമുക്കിടയില്‍ ഉള്ളത്.

Wednesday, March 9, 2011

പാട്ട് കഠാരയാവുന്ന നേരങ്ങള്‍ !

ബസിലെ പാട്ടിനെ കുറിച്ച്. അകം മരിച്ചൊരു നേരം, പാട്ടുള്ളൊരു
ബസില്‍ മുറിവേറ്റു പിടഞ്ഞൊരു ദിവസത്തെക്കുറിച്ച്. 
മരിച്ച ചങ്ങാതിയെക്കുറിച്ച്. സഹജീവികളെക്കുറിച്ച്.



ഒന്ന്
ഒട്ടും ഉറങ്ങാത്ത ദയാരഹിതമായ ഒരു രാത്രിക്കുശേഷം എങ്ങിനെയോ വിളിച്ചു വരുത്തിയ ഒരു പ്രഭാതമായിരുന്നു അത്. അതി രാവിലെ. ആദ്യ ബസ്. എന്നിട്ടും നല്ല തിരക്ക്.
കൂടെ മൂന്ന് കൂട്ടുകാരുണ്ടായിരുന്നു. പല നഗരങ്ങളില്‍നിന്ന് വന്നെത്തിയവര്‍.  ബസ്സ്റ്റാന്‍ില്‍ വെച്ചാണ് അവരോടു ഞാന്‍ ചേര്‍ന്നത്.
ഞങ്ങള്‍ അടുത്തുള്ള നഗരത്തിലേക്കാണ്. അവിടെ ഒരാശുപത്രിയില്‍ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്ത് മരിച്ചു കിടക്കുന്നു.
വാഹനാപകടമായിരുന്നു. ലോകത്തിലെ ഏറ്റവും കുറുമ്പുള്ള വലിയ കുട്ടി എന്ന് കൂട്ടത്തിലൊരാള്‍  വിശേഷിപ്പിച്ച ചങ്ങാതി റോഡരികില്‍ മരണം കാത്തുവെച്ച വൈദ്യുതി പോസ്റ്റിലേക്ക് അതിവേഗം ബൈക്ക് ഓടിച്ചു കയറ്റിയതാണ്.  എതിരെ വന്ന ഏതോ വാഹനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ്, അവന്റെ  സ്വപ്നങ്ങളെ മരണത്തിലേക്കു നാടു കടത്തിയത്.
നാലു നാള്‍ മുമ്പായിരുന്നു അപകടം. അപകട വിവരം അറിഞ്ഞത് പാതിരാത്രി. കാലത്തു തന്നെ അവന്‍  കിടന്ന ആശുപത്രിയിലേക്ക് ചെന്നു. വെന്റിലേറ്ററിലായിരുന്നു അന്നവന്‍. വിദഗ്ദ ചികില്‍സക്കായി ഉച്ചയായപ്പോള്‍  ഏറെ അകലെയുള്ള പേരുകേട്ട ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റില്‍ ജീവന്‍ ഇടക്കിടെ മിടിച്ച നാലു നാള്‍ക്കു ശേഷം അന്തിമമായി അവന്‍ കീഴടങ്ങി.
നാലാം പക്കം ഉള്ളിലെ  പ്രതീക്ഷയുടെ കരയിലേക്ക് അവന്റെ മരണ വാര്‍ത്ത അടിഞ്ഞു. ഞെട്ടിപ്പിക്കുന്ന ആ  തിരിച്ചറിവിലായിരുന്നു ഞങ്ങളുടെ യാത്ര.
പല നാള്‍ക്കുശേഷമാണ് കാണുന്നതെങ്കിലും ഒന്നും പറയാനുണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാനാവാത്ത വിങ്ങലിലേക്ക് ഓരോരുത്തരായി ഇടക്കിടെ പതിച്ചു കൊണ്ടിരിക്കെ, ബസ് വന്നു. രണ്ടു ചുമലിലും   തിളങ്ങുന്ന വര്‍ണ ബള്‍ബുകള്‍ പിടിപ്പിച്ച ആ ബസ് ഞങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ വല്ലാത്തൊരശ്ലീലമായിരുന്നു.
ടിക്കറ്റെടുക്കുമ്പോഴേക്കും പാട്ടു തുടങ്ങിയിരുന്നു. ഘോരശബ്ദത്തില്‍ ഒരു തമിഴ് പാട്ട്. റാക്കിന്റെ മുകളില്‍ സ്ഥാപിച്ച അലൂമിനിയം പാത്രത്തില്‍ ഘടിപ്പിച്ച സ്പീക്കറുകള്‍ വല്ലാതെ ഇളകിത്തുള്ളി. അടുത്തിരിക്കുന്ന മധ്യവയസ്കന്‍ പാട്ടിനൊപ്പം കാലുകള്‍ നിലത്തിട്ടു താളം പിടിച്ചു. മുഖമടച്ച് ഒറ്റ ഇടി കൊടുക്കാനാണ് തോന്നിയത്.
ഒന്നും ചെയ്തില്ല, നിസ്സഹായനായി കൂട്ടുകാരെ നോക്കി. മുന്‍ നിരയിലെ സീറ്റുകളില്‍ ഒച്ചയില്ലാത്ത വിലാപങ്ങളുടെ  ഭൂമി കുലുക്കത്തിലേക്ക് ഇടക്കിടെ നിലം പതിക്കുന്ന അവരുടെ ഉള്ളിലും  പാട്ട് അസഹ്യമായ  വികാരങ്ങള്‍ ജനിപ്പിക്കുന്നുവെന്ന് മനസ്സിലായി. നല്ല വേഗതയിലായിരുന്നു ബസ്. കാറ്റിന്റെ ഇരമ്പവും ബസിന്റെ ശബ്ദവും ചേര്‍ന്ന്  ഇടക്കിടെ ആ പാട്ടിനെ മൂടാന്‍ ശ്രമിച്ചു. എന്നാല്‍, എല്ലാ സംഗീതോപകരണങ്ങളും ഒന്നിച്ചിളക്കി പാട്ട് ഒച്ചയുടെ മേല്‍ സ്വന്തം പതാക പാറിച്ചു.
പാട്ടു മാറിക്കൊണ്ടിരുന്നു. സന്തോഷത്തിന്റെ, പ്രണയത്തിന്റെ, ആഘോഷങ്ങളുടെ താളമേളങ്ങള്‍,വരികള്‍. ഇതൊന്നു നിര്‍ത്തുമോ എന്ന് കണ്ടക്ടറോടു ചോദിക്കാന്‍ പലവട്ടം തുനിഞ്ഞു. മറുപടി എന്തായാലും അന്നേരം എങ്ങിനെയൊക്കെ പ്രതികരിക്കുമെന്ന് ഉറപ്പില്ലാതിരുന്നതിനാല്‍ പുറേമ കാണാത്തൊരു ചങ്ങലയില്‍ സ്വയം കുരുക്കിയിട്ടു.
പെട്ടെന്ന്, ഉച്ചസ്ഥായിയില്‍ നിന്ന് പാട്ട് അഗാധ വിഷാദം അകമേ മുഴങ്ങുന്ന ഏതോ വയലിന്‍ പീസിലേക്ക് പാളി. അത് 'നിറങ്ങള്‍ തന്‍ നൃത്തം' എന്ന പാട്ടിന്റെ തുടക്കമായിരുന്നു. ഞങ്ങളുടെയെല്ലാം പ്രിയ ഗാനം. വരികളില്‍ വേദനയുടെ ചില്ലുകള്‍ വിതറിയ പോലെ അത് മനസ്സിനെ കീറിമുറിച്ചു കളഞ്ഞു. എത്ര ഉച്ചത്തിലാണ് 'നിര്‍ത്തെടാ' എന്ന് അലറി വിളിച്ചത് എന്നറിയില്ല. പൊടുന്നനെ പാട്ടു നിന്നു. കണ്ടക്ടര്‍ എന്തൊക്കെയോ പറയുന്നു. ആരൊക്കെയോ രാവിലെ കിട്ടിയ തമാശ കാഴ്ചയെന്നോണം അടക്കി ചിരിക്കുന്നു. കണ്ണടച്ചു സീറ്റില്‍ ചാരി കിടന്നു. പിന്നെ, പുറം ലോകത്തെ അകത്തുനിന്നു താഴിട്ട്  ഉള്ളിലെ ഇരുള്‍ വഴികളില്‍ അങ്ങിനെ ഇരുന്നു. ബസ് ചങ്ങാതിയുടെ  പ്രിയപ്പെട്ട നഗരത്തില്‍ എത്തിയിട്ടും ആ തിരകള്‍ വിട്ടുപോയില്ല.
നഗരത്തില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു പല കൂട്ടുകാര്‍. പല കരകളില്‍നിന്നുള്ളവര്‍. വിവരമറിഞ്ഞ ഞെട്ടലില്‍ കുതിച്ചെത്തിയവര്‍. പല സ്ഥായികളില്‍ വിലാപങ്ങളും പൊട്ടിക്കരച്ചിലുകളുമായി മണിക്കൂറുകള്‍ കനത്തു. പിന്നെ മൃതദേഹവുമായി ആംബുലന്‍സ് എത്തി. ആളുകള്‍ വരിവരിയായി അവനെ കാണാന്‍ നിന്നു. വിങ്ങിപ്പോവുന്നതിനിടെ എപ്പോഴോ അവന്റെ മുന്നിലെത്തി.
വെള്ള പുതപ്പിച്ച  മുഖം മാത്രം തുറന്നു കിടന്നിരുന്നു. അവനായിരുന്നില്ല അതെന്നു തോന്നി. അത്രക്കു അപരിചിതം. പിന്നെ, മണിക്കൂറുകളുടെ മരവിപ്പ്. ആ നഗരത്തില്‍നിന്ന് രക്ഷപ്പെടണമെന്ന തോന്നല്‍. ട്രെയിന്‍ കാത്തുനില്‍ക്കാതെ വീണ്ടുമൊരു ബസില്‍. അതിലുമുണ്ടായിരുന്നു ലോകം അടിമേല്‍ മറിക്കുന്ന താളമേളങ്ങളോടെ പാട്ട്.


രണ്ട്
വീണ്ടും വീണ്ടും ആ രാത്രിയെ ഓര്‍മ്മിപ്പിച്ചു പിന്നീടുള്ള അനേകം പാട്ടു യാത്രകള്‍. ഇതിനിടെ എപ്പോഴോ വൈശാഖന്റെ ആ കഥ വായിച്ചു. മരണവീട്ടിലേക്ക് പാഞ്ഞു വരുന്ന ഒരു സഹയാത്രികന്റെ അസാധാരണമായ വികാരവിക്ഷോഭം ഒരു ബസ് യാത്രയെ മുഴുവന്‍ നിറം കെടുത്തിയ കഥ. അയാളെ നിന്ദയോടെ, പുച്ഛത്തോടെ നോക്കുന്ന ഒരു യാത്രികനായിരുന്നു ആഖ്യാതാവ്. റോഡരികിലെ മരണം വീട്ടിനരികെ, അയാളെ കണ്ടപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ വിലാപങ്ങളുടെ  റോഡരികില്‍, ഏതോ സ്റ്റോപ്പില്‍ ആ മനുഷ്യന്‍ ഇറങ്ങിപ്പോയപ്പോള്‍ മാത്രമാണ് സഹയാത്രികര്‍ക്ക് അയാളെ വായിക്കാനായത്.  കഥ ആരെക്കാളും മനസ്സിലാവുമായിരുന്നു. വരികള്‍ക്കിടയിലെ നിശãബ്ദത പോലും. 
ഇപ്പോഴും ബസില്‍ ചാഞ്ഞിരുന്ന്, പാട്ടു കേള്‍ക്കുമ്പോള്‍, മറ്റ് യാത്രക്കാരെക്കുറിച്ച് ഓര്‍ത്തു പോവും. ആരൊക്കെയാവും അവര്‍. എന്തെന്ത് ഭൂകമ്പങ്ങളായിരിക്കും അവരുടെയൊക്കെ ഉള്ളില്‍. പാട്ടും താളവും അവരില്‍ തീര്‍ക്കുന്നത് എന്തൊക്കെയാവും.
പല തരം അവസ്ഥകളിലുള്ള യാത്രികരാവാം ബസുകളില്‍. കടും താളം കൂട്ടിക്കെട്ടിയ, നൃത്തച്ചുവടുള്ള ആഹ്ലാദകരമായ പാട്ടുകള്‍ സത്യത്തില്‍ എല്ലാവരും ഒരു പോലെയാവില്ല കേള്‍ക്കുക.  ഒച്ചയില്ലാത്ത  കരച്ചില്‍ അത്രയെളുപ്പം കേള്‍ക്കാന്‍ കഴിയില്ലായിരിക്കാം. എങ്കിലും ഈ സാധ്യതകളൊക്കെ ആരെങ്കിലുമൊക്കെ പറയേണ്ടതല്ലേ. എന്നെങ്കിലും അതിനെക്കുറിച്ചൊക്കെ ഉരിയാടേണ്ടതല്ലേ. ആര്‍ത്തുല്ലസിച്ചു പായുന്ന ഓരോ ബസ് യാത്രയും ഉയര്‍ത്തുന്നത് മനുഷ്യരുടെ എന്തൊക്കെ സാധ്യതകളാണ്.


മൂന്ന്
ഇന്നലെ ഓഫീസിലേക്കു പായുമ്പോള്‍, ബസില്‍ ഏറ്റവും പുതിയ ഏതോ പാട്ടായിരുന്നു. താളമേളങ്ങളുടെ ഉല്‍സവം. ആരും ഉടലിളക്കിപ്പോവുന്ന മേളക്കൊഴുപ്പ്. പെട്ടെന്ന്, അടുത്തിരുന്ന മധ്യവയസ്ക സൌമ്യമായി കണ്ടക്ടറോട് വിളിച്ചു പറഞ്ഞു, 'ആ പാട്ടൊന്ന് ഓഫ് ചെയ്യൂ!


Monday, March 7, 2011

ചെ ഗുവേരയിലേക്ക് ഒരു മോട്ടോര്‍ സൈക്കിള്‍ ദൂരം



മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍നിന്ന് ജീവിതത്തിലേക്കു പാഞ്ഞു കയറിയ രണ്ട് ചെറുപ്പക്കാര്‍. ഒന്ന് ചെഗുവേര. രണ്ടാമന്‍ ഗ്രാനഡോ. ചെ നേരത്തെ കൊല്ലപ്പെട്ടു. ഗ്രാനഡോ കഴിഞ്ഞ ദിവസം മരിച്ചു. 
ആ മരണത്തിലൂടെ, ഓര്‍മ്മകളിലൂടെ... വിട, പ്രിയ ഗ്രാനഡോ


 ആല്‍ബര്‍ട്ടോ ഗ്രാനഡോ  മരിച്ചു. 88ാം വയസ്സില്‍. സഫലമായൊരു ജീവിതത്തിന്റെ പതാക ഉയരേ പറന്നു നില്‍ക്കെ. തീരെ നിശ്ശബ്ദമായി. ലോകത്തെ അത്രമേല്‍ ഇളക്കാതെ. എങ്കിലും, ഒരു മോട്ടോര്‍ സൈക്കിളിന്റെ  ഒച്ച കേള്‍ക്കുമ്പോള്‍ കാലത്തിന് ഓര്‍ത്തെടുക്കാനാവും വിധം.
 ചെഗുവേരയുമൊത്ത് 29ാം വയസ്സില്‍ നടത്തിയ ഏഴര മാസം നീണ്ട ലാറ്റിനമേരിക്കന്‍ യാത്രയുടെ പുസ്തകമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (ചെയുടെ കൂടെയുള്ള യാത്രകള്‍), അതേ പേരില്‍ വാള്‍ട്ടര്‍ സാലിസ് സംവിധാനം ചെയ്ത ആ രസികന്‍ സിനിമ  എന്നിവ  പ്രസരിപ്പിക്കുന്ന ഓര്‍മ്മകളായി അയാള്‍ ബാക്കിനില്‍ക്കും.
ഗ്രാനഡോ ഹവാന സര്‍വകലാശാലയിലെ മെഡിക്കല്‍ ബയോ കെമിസ്ട്രി  വകുപ്പ് തലവനായിരുന്നു. അതിനു മുമ്പ്, ചെ ഗുവേരയുടെ കൂട്ടുകാരനായിരുന്നു. 1951ല്‍ നടത്തിയ അസാധാരണമായ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രയിലെ ചെ യുടെ പങ്കാളിയായിരുന്നു. ആ യാത്രയാണ് ചെയെ വിപ്ലവകാരിയാക്കിയത്. സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ കഴിയുന്ന ചെ ലാറ്റിനമേരിക്കന്‍ തൊഴിലാളികളുടെ പട്ടിണി ജീവിതം നേരില്‍ കാണുന്നത് ആ യാത്രയിലാണ്. കൊടും ചൂഷണം വിഴുങ്ങുന്ന പാവം മനുഷ്യര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആ തോന്നലാണ് കമ്യൂണിസത്തിലേക്ക് ചെ യെ ജ്ഞാനസ്നാനം  ചെയ്യിക്കുന്നത്.  അങ്ങിനെയാണ് ക്യൂബന്‍ വിമോചനത്തിന്റെ മുന്നണിപ്പോരാളിയാവുന്നത്. ബൊളീവിയന്‍ കാടുകളില്‍ രക്തസാക്ഷിയാവുന്നത്. പില്‍ക്കാലത്ത് മുതലാളിത്തവും വിപ്ലവകാരികളും ഒരു പോലെ വിറ്റഴിക്കുന്ന മിത്തായി നിറം മാറിയത്. ടീ ഷര്‍ട്ടിലെ ഉശിരന്‍ ചിത്രമായത്.

                                                                          ഗ്രാനഡോ

വീണ്ടും യാത്രയിലേക്ക് വരാം. ഏഴരമാസം നീണ്ട യാത്ര നിര്‍ത്തി ചെ നേരെ പോന്നത് വീട്ടിലേക്കാണ്. വിപ്ലവകാരിയുടെ പില്‍ക്കാലമായിരുന്നു അയാളെ കാത്തിരുന്നത്. ഗ്രാനഡോ ഭിഷഗ്വരന്റെ ജീവിതം ജീവിച്ചു. 1960ല്‍ ബാറ്റിസ്റ്റ്യൂട്ട സര്‍ക്കാര്‍ വീണ് ഫിദല്‍ കാസ്ട്രോ  മന്ത്രിസഭയില്‍ ചെ ധനകാര്യ മന്ത്രിയായ ശേഷം ചെഗുവേരയുടെ ക്ഷണപ്രകാരം  ഗ്രാനഡോ ക്യൂബയിലെത്തി. പിറ്റേ വര്‍ഷം സര്‍വകലാശാല വകുപ്പ് അധ്യാപകനായി. 1967ല്‍ ചെ കൊല്ലപ്പെട്ടു.  ഗ്രാനഡോ  ക്യൂബയില്‍ തുടര്‍ന്നു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമ തീര്‍ത്ത പ്രശസ്തിയിലും പഴയ പോലെ തന്നെയായിരുന്നു ഗ്രാനഡോയുടെ ജീവിതം. മരണവും.
ഗ്രാനഡോയുടെ മരണവാര്‍ത്തകളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞത് അനേകം ഓര്‍മ്മകള്‍. ചുട്ടു പൊള്ളുന്നൊരു വേനലിലാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് വായിച്ചത്. ഹോസ്റ്റലില്‍ കറന്റില്ലാതെ അനക്കമറ്റ ഫാനിന്റെ താഴെ ചാരിയിരുന്ന്, ഉടുപ്പില്‍ പല കരകള്‍ വരക്കുന്ന വിയര്‍പ്പിന്റെ കരകള്‍  പുല്ലു പോലെ മറികടന്ന്,  ആ മോട്ടോര്‍ സൈക്കിളിനെ പിന്തുടര്‍ന്നു. ചങ്ങാത്തത്തിന്റെ ഊഷ്മളത, യുവത്വത്തിനു മാത്രം സാധ്യമാവുന്ന സാഹസികതയുടെ ആരവങ്ങള്‍, ചെഗുവേര എന്ന വിപ്ലവകാരി പിറക്കാനിടയാക്കിയ ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങള്‍, മാച്ചു പിച്ചുവിന്റെ ഉയരങ്ങള്‍. അങ്ങിനെ പല വഴികളിലൂടെ പോയ പഴയ നോര്‍ട്ടന്‍ 500 സിസി മോട്ടോര്‍ സൈക്കിളിനൊപ്പം ആ രാത്രി ചാഞ്ചാടി ചാഞ്ചാടി നടന്നു.
എന്റെ പ്രായമാണ് ആ പുസ്തകത്തിന്. ഞാന്‍ ജനിച്ച വര്‍ഷമാണ് ആ പുസ്തകം പുറത്തിറങ്ങിയത്. 1978ല്‍. 2003ല്‍ അത് ഇംഗ്ലീഷിലേക്ക് രൂപം മാറി. പിന്നെ ആ സിനിമ വന്നു.  
ഓളങ്ങള്‍ തീര്‍ത്ത മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമ കണ്ടു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്നു തന്നെ പേര്. എന്തൊരുശിരായിരുന്നു അന്ന്. അടുത്ത കൂട്ടുകാരന്‍ ഏവിടെ നിന്നോ സംഘടിപ്പിച്ച ഡി.വി.ഡിയില്‍ ചെഗുവേരയുടെ ഊ ര്‍ജം പതയുന്ന മുഖം നിറഞ്ഞു. പഴയ പുസ്തകത്തില്‍നിന്നുള്ള വാക്കുകള്‍ ദൃശ്യങ്ങളായി വന്നു സ്ക്രീനില്‍  നിറഞ്ഞു. യാത്രയുടെ അനിശ്ചിതത്വങ്ങള്‍ക്കു മീതെ ഇരമ്പിക്കൊണ്ടു കടന്നുപോയ ആ മോട്ടോര്‍ സൈക്കിള്‍ നിമിഷങ്ങളെ  പിടിച്ചു നിര്‍ത്തി.

                                                    യാത്രക്കിടെ ഇരുവരും. പഴയൊരു ചിത്രം

മാച്ചു പിച്ചുവിന്റെ നീലാകാശത്തിലേക്ക്  ഉല്ലസിച്ചു പായുമ്പോള്‍ ത്രസിക്കുന്ന ആവേശത്തിലായിരുന്നു  ചെഗുവരയും ഗ്രാനഡോയും. പഴം കട്ടു തിന്നുമ്പോള്‍ ചെ ഒരു പാവം മുട്ടനാട്. സുന്ദരിയായ ഒരു യുവതിയുടെ അസൂയക്കാരനായ ഭര്‍ത്താവില്‍ നിന്ന് നൊടിനേരം കൊണ്ട് രക്ഷപ്പെടുമ്പോള്‍ ഒരു ചുള്ളന്‍ ചെക്കന്‍. കൊളംബിയയില്‍ പൊലീസുകാര്‍ ചോദ്യം ചെയ്യുമ്പോള്‍ ചെ ഒരു നാണം കുണുങ്ങി.  അങ്ങിനെ പല ഭാവങ്ങള്‍. ഇടക്ക് ഇരുവരും സോക്കര്‍ പരിശീലകരാവുന്നു. ആര്‍ക്കും വേണ്ടാത്തവര്‍ക്കായി പ്രവര്‍ത്തിക്കുന്ന കുഷ്ഠരോഗാശുപത്രിയില്‍  ആരോഗ്യ പ്രവര്‍ത്തകരാവുന്നു. കാമുകി കൊടുത്ത   വെള്ള നായക്കുട്ടിയെ മുറുകെ പിടിച്ചു പായുന്നു. കള്ളു കുടിക്കുന്ന, പ്രണയിക്കുന്ന, ശരീരത്തിന്റെ ഇളക്കങ്ങള്‍ക്ക് മനസ്സു കൊടുക്കുന്ന , ചെറുപ്പത്തിന്റെ സര്‍വ ഉല്ലാസങ്ങളും മേളിക്കുന്നൊരു ചെ ഗുവേരയെയാണ് ഗ്രാനഡോ പരിചയപ്പെടുത്തുന്നത്.
സിനിമ കണ്ടു കഴിഞ്ഞപ്പോള്‍, ചങ്ങാതിയോടു ചോദിച്ചു നമ്മുടെ ചെ ഗുവേര ഇങ്ങനെയൊരാളാണെന്ന് പറഞ്ഞാല്‍ ഡി.വൈ.എഫ്.ഐക്കാര്‍ വിശ്വസിക്കുമോ. ഒരിക്കലുമില്ലെന്ന് അവന്റെ തലയാട്ടല്‍. കള്ളുകുടിക്കുന്ന, പെണ്ണിനെ മോഹത്തോടെ സ്പര്‍ശിക്കുന്ന, കാമുകി നല്‍കിയ നായ്ക്കുട്ടിക്കായി ജീവന്‍ നല്‍കാന്‍ മടി കാണിക്കാത്ത ഒരു ചെഗുവേരയെ  അവര്‍ക്ക് സഹിക്കാനാവില്ല, അത്തരമൊരാളെ ഇവിടെ പൊറുപ്പിക്കാനുമാവില്ല. ചുരുങ്ങിയത്, സ്വന്തം ഉള്ളിലിരിപ്പ് പരസ്യമാക്കാത്ത ഒരാളെങ്കിലുമാവണം അവര്‍ക്ക് ചെ.
കേരളത്തില്‍ ചെ ഇപ്പോള്‍ ഏതോ ഡി.വൈ.എഫ്.ഐ സഖാവിനെ പ്പോലെയാണ്. അവരുടെ എല്ലാ പരിപാടികള്‍ക്കും ചെയുടെ പടങ്ങള്‍. യേശുദാസിന്റെ, മമ്മൂട്ടിയുടെ, ബാബു ആന്റണിയുടെ, ചിലപ്പോള്‍ വി.എസിന്റെ,  അതുമല്ലെങ്കില്‍ ഏതോ ലോക്കല്‍ സെക്രട്ടറിയുടെ മുഖഛായയുള്ള അനേകം ചെഗുവേരമാരെ  ചുവരുകളിലാകെ കാണാം. കണ്ണൂരില്‍ ഏതോ ചെരുപ്പു കമ്പനി ചെ യുടെ പടം  ചെരിപ്പില്‍ സ്ക്രീന്‍ പ്രിന്റ് ചെയ്തതറിഞ്ഞപ്പോള്‍ അക്കട തച്ചു തകര്‍ക്കുമെന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ഡിഫിക്കാരുടെ വീര്യം ഓര്‍മ്മയുണ്ട്. സത്യമായും അവര്‍ക്ക് സഹിക്കാനാവില്ല ഇങ്ങനെയൊരു ചെഗുവരയെ.

Friday, March 4, 2011

വേഴാമ്പല്‍

ഇത് ഒരു വേഴാമ്പലിന്റെ കഥ. അല്ലെങ്കില്‍  നാരായണന്‍ മാഷിന്റെ. അതുമല്ലെങ്കില്‍ ഒരു വേഴാമ്പല്‍ മാറ്റിക്കളഞ്ഞ മാഷിന്റെ ജീവിതത്തിന്റെ കഥ.  ഈ കുറിപ്പിലുള്ളത് പല കാലങ്ങള്‍. കാമ്പസ് കാലത്തില്‍നിന്നു തുടങ്ങി കഴിഞ്ഞ ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന ഒരു തുടര്‍ച്ച. 

കഥ തുടങ്ങൂന്നത്  വര്‍ഷങ്ങള്‍ക്കു മുമ്പ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ മലര്‍ന്നു കിടന്ന്  ആകാശം കാണുന്ന ഒരു പതിവു രാത്രി. ഏതു കഥയും ഹൃദ്യമായി പറഞ്ഞു ഫലിപ്പിക്കുന്ന ഉറ്റ സുഹൃത്താണ് ഒപ്പം. തീരാത്ത കഥകളുടെ ആ വഴിയില്‍ വെച്ച് നാരായണന്‍ മാഷിനെ കണ്ടു മുട്ടി.
ചങ്ങാതിയുടെ നാട്ടുകാരനാണ് മാഷ്. സ്കൂള്‍ മാഷാണ്. എങ്കിലും പ്രധാന പണി മരക്കച്ചവടം.  അങ്ങാടിയില്‍ തരക്കേടില്ലാത്ത ഒരു മരമില്ലുണ്ട് . മിക്ക സമയത്തും അവിടെയാണ്. അടുത്തു തന്നെ കാടുള്ളതിനാല്‍  കച്ചവടം കുശാല്‍.
ഇതേ സ്ഥലത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി സംഘടനയുണ്ട്. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്ന, അതിനായി ആര്‍ജവത്തോടെ നിലകൊള്ളുന്ന ഒരു സംഘടന. അതിലെ സജീവ പ്രവര്‍ത്തകനാണ് ചങ്ങാതി. മാഷിന്റെ സ്കൂളിലെ മറ്റൊരു മാഷാണ് സംഘടനയുടെ ജീവാത്മാവ്. വര്‍ഷത്തില്‍ പല തവണ കാട്ടില്‍ പോവുന്ന ഒരു കൂട്ടമാണത്. കാടിനു മാത്രം നല്‍കാനാവുന്ന ആശ്ചര്യങ്ങളുടെ നേരങ്ങളാണ് അവരുടെ പ്രലോഭനം. കൂട്ടത്തില്‍ പല തരക്കാരുണ്ട്. ഗവേഷകര്‍. കോളജ് വിദ്യാര്‍ഥികള്‍. അധ്യാപകര്‍. ഫോട്ടോഗ്രാഫര്‍മാര്‍. അങ്ങിനെ പലരും.

കാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്ന സംഘടനയുടെ ഓഫീസ് നമ്മുടെ നാരായണന്‍ മാഷുടെ കടക്ക് മുന്നിലാണ്. ഓരോ വനയാത്രയുടെ സമയത്തും  അവര്‍  നാരായണന്‍ മാഷെ കാട്ടിലേക്കു ക്ഷണിക്കും.  വെറുതെ തമാശക്ക്. അര്‍ഹിക്കുന്ന പരിഹാസത്തോടെ നാരായണന്‍ മാഷ് അവര്‍ക്കു മറുപടിയും നല്‍കും. അങ്ങനിരിക്കെ, ഒരു നാള്‍ നാരായണന്‍ മാഷ് പറയുന്നു: ശരി ഞാനും വരാം കാട്ടില്‍. അടുത്ത പ്രാവശ്യം പോവുമ്പോള്‍ ഞാനുമുണ്ടാവും. എല്ലാവരും ചിരിയോടെ ആ വാക്കുകളെ എതിരേറ്റു. ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന നിലയില്‍.
എന്നാല്‍ രണ്ടു മാസം കഴിഞ്ഞുള്ള ട്രിപ്പില്‍ കാട്ടു യാത്രക്കു പ്രതീക്ഷിക്കാത്ത ഒരതിഥി ഉണ്ടായിരുന്നു. മാഷ്. നല്ല ഹരത്തോടെ തോര്‍ത്ത് തലയില്‍ കെട്ടി, നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞ്. സംസാരത്തില്‍ ഉടനീളം മുഴച്ചു നിന്നത് കണ്ണില്‍കാണുന്ന കാണുന്ന മരങ്ങളെല്ലാം മുറിച്ചു വില്‍ക്കുന്ന കാര്യം.
അങ്ങനിരിക്കെ കാട്ടില്‍ മാഷിന്റെ ഒന്നാം ദിവസം. വൈകുന്നേരം മുഴുവന്‍ ക്ലാസുകളായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘടനയിലെ മുതിര്‍ന്നവരും ക്ലാസെടുത്തു. ബോറടി മാറ്റാനാവാതെ കോട്ടുവായിട്ടു  അതിജീവിച്ചു മാഷ് ആ നേരം.
പിറ്റേന്ന് രാവിലെ ട്രെക്കിങായിരുന്നു. കുട്ടികളുടെ ഉല്‍സാഹത്തോടെ മാഷ് മുന്നില്‍ നിന്നു. കാട്ടിലൂടെയുള്ള യാത്രക്കിടെ പലരും പല ചിന്തകളില്‍ മുഴുകി. പൊടുന്നനെ വലിയൊരു പക്ഷിയുടെ ചിറകടി കേട്ടു. 'വേഴാമ്പല്‍'!  ആരോ പറഞ്ഞു. 'ഹോ! എന്തൊരു വലിപ്പം'^മാഷുടേതായിരുന്നു ആ ശബ്ദം. നോക്കിനില്‍ക്കെ പക്ഷി ഒറ്റപ്പറക്കല്‍. വേഴാമ്പലിനെ കണ്‍നിറയെ കാണാന്‍ മാഷും തിടുക്കപ്പെട്ടു പിന്നാലെ നടന്നു. പക്ഷി പറന്നകന്നതും മാഷിന്  കുഞ്ഞു സങ്കടം പോലെ.
പിന്നീടുള്ള നടത്തത്തില്‍ മാഷിന്റെ ചോദ്യങ്ങള്‍ മുഴുവന്‍ വേഴാമ്പലിനെ കുറിച്ചായിരുന്നു. എന്തു തരം പക്ഷിയാണവന്‍. എന്താണ് തീറ്റ. എവിടെ കാണാം. ഈ മട്ടില്‍. പക്ഷികളെക്കുറിച്ച് നല്ല ധാരണയുള്ള പലരും കൂട്ടത്തിലുണ്ടയിരുന്നു.  ട്രെക്കിങിന് ശേഷമുള്ള പഠന സെഷനില്‍  അവരില്‍ പലരും വേളാമ്പലിനെ കുറിച്ചുള്ള മാഷിന്റെ സംശയങ്ങള്‍ തീര്‍ക്കാനാവാതെ കുഴങ്ങി. പിറ്റേന്നുള്ള നടത്തത്തിലും  മാഷിന്റെ കണ്ണുകള്‍ വേഴാമ്പലിനെ തിരഞ്ഞുവെങ്കിലും പിടി നല്‍കാതെ അവന്‍ മാഷിന്റെ മനസ്സിലെ ചിത്രത്തിന് തിളക്കമേറ്റി. 
യാത്ര കഴിഞ്ഞ് നാട്ടിലെത്തിയ മാഷ് പിന്നെ പഴയ പോലെ ആയിരുന്നില്ല. വേഴാമ്പലിനെക്കുറിച്ച് കിട്ടുന്ന പുസ്തകങ്ങള്‍ മുഴുവന്‍ സംഘടിപ്പിച്ചു. പ്രധാന പഠന വിഷയം അതായി.പിന്നീടുള്ള വനയാത്രകളിലും സംഘടനയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും മാഷ് സജീവമായിരുന്നു. ഇതിനിടെ, വേഴാമ്പലിനെക്കുറിച്ച് ആധികാരികമായി പറയാന്‍ ശേഷിയുള്ള ഒരാളായി നാരായണന്‍ മാഷ് വളര്‍ന്നിരുന്നു. നാട്ടിലെ ഉല്‍സവത്തിനു വന്ന ആനയെ പാപ്പാന്‍മാര്‍ തല്ലി മുറിവേല്‍പ്പിച്ചപ്പോള്‍ അതു ചോദ്യം ചെയ്യാന്‍ മാഷ് മുന്നില്‍നിന്നു. മെല്ലെ മെല്ലെ മരക്കച്ചവടം തളര്‍ന്നു.  മാഷ് മുഴുസമയ പരിസ്ഥിതി പ്രവര്‍ത്തകനായി. കാട് വീടുപോലായി.
ഇതായിരുന്നു ചങ്ങാതി പറഞ്ഞ കഥ. കഥ പറച്ചിലില്‍ വിസ്മയമായിരുന്ന ചങ്ങാതിയുടെ വാക്കുകളിലൂടെ മാഷും വേഴാമ്പലും മനസ്സില്‍ നിറഞ്ഞു. അന്ന് രാത്രി ഉറക്കത്തില്‍ ഞാനൊരു കാട്ടിലെത്തി. മരച്ചില്ലകള്‍ ഇളക്കി കാടിന്റെ പാട്ടിനു താളമിടുന്ന ചിറകുകളോടെ വേഴാമ്പലുകള്‍ പാറിപ്പറന്നു. ഉറക്കമുണര്‍ന്നപ്പോള്‍ പുസ്തകങ്ങളും പരീക്ഷയും തിരക്കുകളും ഒന്നിച്ചു ആ വേഴാമ്പലുമായി കടന്നു കളഞ്ഞു.

മാഷ് ഉള്ളില്‍ കുടിയേറി കഴിഞ്ഞിരുന്നു. കാമ്പസില്‍ നിന്നിറങ്ങിയിട്ടും വിസ്മയിപ്പിക്കുന്ന വേഴാമ്പല്‍ ചിറകടിയായി  ആ മനുഷ്യന്‍ ഉള്ളില്‍ കഴിഞ്ഞു. അതിനിടെ പല കാലങ്ങള്‍. പല ലോകങ്ങള്‍. ചങ്ങാതി ഗവേഷണത്തിന്റെ പുതു വഴികളിലൂടെ വിദേശത്തേക്കു പറന്നു. സ്വപ്നാടനവും ജീവിതവും കൂട്ടിയും കിഴിച്ചും ഞാന്‍ പല കരകളിലേക്കും.
കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി ഒരു കോള്‍. അറിയാത്ത നമ്പര്‍. ചങ്ങാതിയുടെ സ്വരം. 'വീട്ടിലെത്തിയിരിക്കുന്നു. ഒരാഴ്ച കാണും. പറ്റിയാല്‍ വാ'. ഇതായിരുന്നു ഫോണിലൂടെ ഒഴുകിയെത്തിയ പ്രിയസ്വരം. പെട്ടെന്ന് ഉള്ളിലെ വനത്തില്‍ ഒരു ചിറകടി. വേഴാമ്പല്‍.  ഭീഷണിപ്പെടുത്തി സമ്പാദിച്ച ഒരവധിനാളില്‍ ചിറകുകള്‍ ചങ്ങാതിയുടെ വീട്ടു മുറ്റത്തു ചെന്നു നിന്നു.
പുറം നാടുകളുടെ കാറ്റേറ്റ് ആ വാക്ചാതുരി ഒന്നു കൂടി മധുരമായി. കഥകളുടെ കെട്ടു തുറന്ന് പല നാടുകളിലെ മനുഷ്യര്‍ ഇറങ്ങി നടന്നു. നാരായണന്‍ മാഷിനെക്കുറിച്ച എന്റെ ജിജ്ഞാസ ചിറകടിച്ചുയര്‍ന്നപ്പോള്‍ ചങ്ങാതിക്കു ചിരി. 'അതിനിയും മറന്നില്ലേ നീ'.
അമ്മയാണു പറഞ്ഞു തന്നത്. മാഷിന്റെ പില്‍ക്കാലം. മര മില്‍ പൂട്ടി. സദാ സമയവും പരിസ്ഥിതി പ്രവര്‍ത്തനമായി.കുടുംബവും നാട്ടുകാരുമെല്ലാം   പരിഹസിക്കാന്‍ തുടങ്ങി. എന്നിട്ടും അതൊന്നും കാര്യമാക്കിയില്ല മാഷ്. സ്കൂളില്‍ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വീട്ടിലും പരിസരത്തുമെല്ലാം നാട്ടു മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ തുടങ്ങി. സമാന മനസ്സുള്ള കുറേ പേര്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍, പ്രകൃതിയെന്നു പറഞ്ഞ്  ജീവിതത്തിന്റെ ലാഭ വരികള്‍  മാറ്റിയെഴുതിയെന്ന കുറ്റം മാഷിനു പിന്നാലെ കൂടി. കുടുംബക്കാരും നാട്ടുകാരും തുടങ്ങിയ പരിഹാസത്തിന്റെ കൊടുങ്കാറ്റ് വീട്ടിനകത്തും ചുഴറ്റിയടിച്ചപ്പോള്‍ മാഷിന് സങ്കടക്കൂട്ട് കൂടി. അതിനിടെ, ചോദിക്കാതെയെത്തിയ മരണം ഒരു നാള്‍ ആ മരം കടപുഴക്കി. ഒന്നര വര്‍ഷം മുമ്പ്. 
വെറുതെ മാഷിന്റെ വീട് കാണാന്‍ ചെന്നു. അതിനടുത്താണ് പഴയ മരമില്‍. അതിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നു. ചുറ്റും മരങ്ങള്‍. വള്ളിച്ചെടികള്‍.  ചെറിയൊരു കാടു പോലെ. പെട്ടെന്ന് ഒരു ചിറകടി കേള്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ആഗ്രഹിച്ചു. എന്നാല്‍, കഥയില്‍ മാത്രം നിലനില്‍പ്പുള്ള മറ്റനേകം തോന്നലുകള്‍ പോലെ ആ ആഗ്രഹം നിരാശയായി ഒടുങ്ങി. ഒരു ചിറകടിയും കേട്ടില്ല. കാല്‍പ്പാടും കണ്ടില്ല. എന്നിട്ടും ഉള്ളിലെ കാട്ടിനുള്ളില്‍ പണ്ടെന്നോ മുട്ടയിട്ടു വിരിഞ്ഞ ആ വേഴാമ്പല്‍ ഇപ്പോഴും  ചിറകനക്കുന്നത് എനിക്ക് അറിയാനാവുന്നു. 

ഉള്ളിലെ കാട്ടില്‍ സ്വപ്നത്തിന്റെ കാറ്റ് പിടിച്ച മരങ്ങളില്‍ 
ചേക്കേറിയ പക്ഷികളെ ആര് അപഹരിക്കാന്‍.


LinkWithin

Related Posts Plugin for WordPress, Blogger...