Friday, April 29, 2011

ആള്‍ക്കൂട്ടം ആണാണോ?


 പെണ്ണുടലുകളെ പിച്ചിച്ചീന്താനുള്ള ആള്‍ക്കൂട്ടത്തിന്റെ സഹജവാസനകളെക്കുറിച്ച്.  ഉന്നത മൂല്യങ്ങള്‍ക്കു വേണ്ടി 
നില കൊള്ളുമ്പോഴും വെറും ആണ്‍കൂട്ടമായി ഒതുങ്ങുന്നതിന്റെ വൈകൃതത്തെക്കുറിച്ച്

ഇത് ആള്‍ക്കൂട്ടത്തിന്റെ കാലം. ലോകത്തെ അമ്പരപ്പിച്ച മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് സൈദ്ധാന്തിക തലത്തില്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് ഇക്കാര്യമാണ്.  ജനസഞ്ചയത്തിന്റെ രാഷ്ട്രീയമെന്നും ആള്‍ക്കൂട്ടത്തിന്റെ വിപ്ലവമെന്നുമുള്ള തലത്തിലാണ്  രാഷ്ട്രീയ സൈദ്ധാന്തികര്‍ പുത്തനവസ്ഥകളെ  പരിഗണിക്കുന്നത്.  കൃത്യമായ രാഷ്ട്രീയ, സൈദ്ധാന്തിക നിലപാടുകളും പ്രത്യയശാസ്ത്രവുമില്ലാതെ ഒരു കൂട്ടം ജനങ്ങള്‍ ഒരു പൊതു ലക്ഷ്യത്തിനു മേല്‍ ഒരുമിക്കുക, ഭരണകൂടങ്ങളെ അട്ടിമറിക്കുകയോ മുള്‍മുനയില്‍ നിര്‍ത്തുകയോ  ചെയ്യുക തുടങ്ങിയ പുതിയ സ്ഥിതി വിശേഷങ്ങളാണ് അവര്‍ അപഗ്രഥിക്കുന്നത്.
വ്യക്തമായ ചില രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ പങ്കുവെക്കുന്ന കൂട്ടങ്ങള്‍  അതേ പ്രത്യയശാസ്ത്ര പിന്‍ബലത്തോടെ  നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ മാറ്റിമറിക്കുന്ന വിപ്ലവങ്ങളായിരുന്നു  ഇക്കാലമത്രയും. എന്നാല്‍, ടുണീഷ്യയിലും ഈജിപ്തിലും നിന്ന് തുടങ്ങി പശ്ചിമേഷ്യന്‍ രാജ ഭരണങ്ങളെ വിറപ്പിച്ച ജാസ്മിന്‍ വിപ്ലവത്തിന്റെ കൊടുങ്കാറ്റുകള്‍ക്ക്  ഈ പരമ്പരാഗത സ്വഭാവങ്ങളായിരുന്നില്ല. ഒരു തരം മഴവില്‍ വിപ്ലവങ്ങളായിരുന്നു അവ. പല രാഷ്ട്രീയങ്ങളില്‍ വിശ്വസിക്കുന്നവര്‍, പരസ്പര വിരുദ്ധമെന്നു തോന്നിപ്പിക്കുംവിധം വ്യത്യസ്ത പ്രത്യശാസ്ത്രങ്ങള്‍ പിന്തുടരുന്നവര്‍, പല വര്‍ഗ, വംശ, ഭാഷാ, സാമുദായിക താല്‍പര്യങ്ങള്‍ പിന്തുടരുന്നവര്‍ എന്നിവര്‍ ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി ഒന്നിക്കുന്നതാണ് മുല്ലപ്പൂ വിപ്ലവത്തില്‍ കണ്ടത്. വിപ്ലവാനന്തര ഭരണ വ്യവസ്ഥയെ കുറിച്ച് ക്യത്യമായ ധാരണകളോ നിലപാടുകളോ ഇല്ലാതെയായിരുന്നു ആ പോരാട്ടങ്ങള്‍.  കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ജനരോഷം  ചില പ്രത്യേക സാഹചര്യങ്ങളില്‍ സാങ്കേതിക വിദ്യ അടക്കമുള്ള ഉപാധികളുടെ സഹായത്തോടെ സക്രിയമായ വിപ്ലവ പാതയായി പരിവര്‍ത്തിക്കപ്പെട്ട അപൂര്‍വ സന്ദര്‍ഭങ്ങളായിരുന്നു  മുല്ലപ്പൂ വിപ്ലവവും  അതിന്റെ   തുടര്‍ചലനങ്ങളും.
കാലങ്ങളായി തുടര്‍ന്നു വന്ന വിപ്ലവ വഴികളില്‍ ചടുലമായ മാറ്റങ്ങള്‍ വിതച്ച മുല്ലപ്പൂ വിപ്ലവം പുതിയ സൈദ്ധാന്തികാന്വേഷണങ്ങളെ ഒരേ സമയം ഭ്രമിപ്പിക്കുകയും  അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണ്.  എന്തു കൊണ്ട് ഇത്തരമൊരു ജനശക്തി? എന്താവും അതിന്റെ അനന്തര ഫലങ്ങള്‍? എല്ലാ രാജ്യങ്ങളിലും ഇത് പല തരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത് എന്തു കൊണ്ട്? ചില സമാന ലക്ഷണങ്ങള്‍  പ്രകടിപ്പിക്കുമ്പോഴും അകമേ അവയില്‍ ഭൂരിഭാഗവും വ്യത്യസ്തമായിരിക്കുന്നത് എന്തു കൊണ്ട്? എന്നിങ്ങനെ പല തരം സന്ദേഹങ്ങളും സന്ദിഗ്ദതകളും.  ഓരോ ദേശരാഷ്ട്രങ്ങളിലെയും  വ്യത്യസ്ത സാഹചര്യങ്ങളാണ് അതാതിടങ്ങളിലെ ആള്‍ക്കൂട്ട  സാധ്യതകള്‍ വളര്‍ത്തി വികസിപ്പിക്കുന്നതെന്നും സിദ്ധാന്തങ്ങളുടെ ഒരേ അച്ചുതണ്ടില്‍ അവയെല്ലാം കൊരുത്തിടുക അസാധ്യമാണെന്നുമുള്ള ധാരണകള്‍ക്കാണ് ഇന്നു പ്രാമുഖ്യം. അതിനാല്‍, ഓരോ ദേശരാഷ്ട്രങ്ങളിലും വ്യത്യസ്ത മാനങ്ങള്‍ പുലര്‍ത്തുന്ന ഒന്നായി ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുകയാണ് പുതിയ ധൈഷണികാന്വേഷണങ്ങള്‍.

രണ്ട്

 ലാറ ലോഗന്‍
  വിഷയം അതല്ല. ആള്‍ക്കൂട്ട  രാഷ്ട്രീയത്തിന്റെ പുതുമോടിക്കപ്പുറം കാണാതെ വിട്ടു പോവുന്ന ചിലതുണ്ടെന്ന തിരിച്ചറിവാണ്. ആരാണ് ഈ ആള്‍ക്കൂട്ടമെന്നും അവ മുന്നോട്ടു വെക്കുന്ന അരാജകമെന്നു വിശേഷിപ്പിക്കാവുന്ന  ഉല്‍സവഛായയിലും ലിംഗവിവേചനത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും സാധ്യതകള്‍ പരന്നു കിടക്കുന്നുണ്ടെന്നുമുള്ള ബോധ്യമാണ് അത്. ആള്‍ക്കൂട്ടം ആണ്‍കൂട്ടമാവുന്ന സാധാരണ സാധ്യതകള്‍. കേരളത്തില്‍ നമ്മള്‍ പതിവായി കാണുന്ന അത്തരം കാഴ്ചകള്‍ മുല്ലപ്പു വിപ്ലവം പൂവിട്ട ഈജിപ്തിലും സാധ്യമാണെന്ന് ഓര്‍മ്മപ്പെടുത്തി സി.ബി.എസ് ചാനല്‍ ലേഖിക ലാറാ  ലോഗന്റെ അനുഭവം.
ഞെട്ടിക്കുന്നതാണ് ലാറയുടെ വാക്കുകള്‍. സമത്വസുന്ദരമായ ദേശത്തിനു വേണ്ടിയുള്ള ആദര്‍ശ സമരവും പെണ്ണുടലുകള്‍  പകാണുമ്പോള്‍  ആസക്തി പൂണ്ട കൈയേറ്റങ്ങളായി മാറുന്നുവെന്ന് ലാറ  പറയുന്നു. അഫ്ഗാനിസ്ഥാനും ഇറാഖും അടക്കമുള്ള പോര്‍ക്കളങ്ങളില്‍ ചെന്ന് റിപ്പോര്‍ട്ടിങ് നടത്തിയ 39 കാരിയായ ലാറക്ക് അക്രമങ്ങള്‍ പുത്തരിയല്ല. എന്നാല്‍, മറ്റെവിടെയും നേരിടേണ്ടി വരാത്ത ലൈംഗികാതിക്രമങ്ങളാണ് കൈറോയിലെ തെഹ്രീര്‍ സക്വയറില്‍ അവര്‍ക്കുണ്ടായത്.
ജനകീയ മുന്നേറ്റത്തില്‍ ഹുസ്നിമുബാറക്ക് ഭരണകൂടം നിലം പതിച്ച ഫെബ്രുവരി 11നാണ് ലാറക്കു നേരെ കൈയേറ്റം നടന്നത്. മുല്ലപ്പൂ വിപ്ലവം ജനങ്ങള്‍ക്കിടയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ. കാമറക്കും മൈക്കിനുമിടയില്‍ വിപ്ലവത്തിന്റെ രൂപഭാവങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്നതിനിടെ. ആദര്‍ശാത്മക വിപ്ലവത്തിന്റെ യഥാര്‍ഥ ചിത്രം ലോകത്തിനു കാണിച്ചു കൊടുക്കുന്ന ആവേശത്തിനിടെ.  ആള്‍ക്കൂട്ടം  നടത്തിയ ക്രൂരമായ ആകമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് പറന്ന ലാറ സംഭവത്തെക്കുറിച്ച ഒരു ചെറു പ്രസ്താവന മാത്രമാണ് അന്ന് നടത്തിയത്. നാളുകള്‍ക്കു ശേഷം ഇന്നലെ ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ആ ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്. 

'അവരെന്നെ കൈകളാല്‍ ബലാല്‍സംഗം ചെയ്തു'
മുബാറക്കിന്റെ പതനം ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് കാമറാ സംഘവുമൊത്ത് എത്തിയ ലാറയെ ഓട്ടോഗ്രാഫിനു വേണ്ടിയായിരുന്നു ആള്‍ക്കൂട്ടം ആദ്യം വളഞ്ഞത്. പിന്നീട് അത്  കൈയേറ്റമായി മാറി.   രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അതിന്റെ ക്രൌര്യം വര്‍ധിച്ചത്.  
'അവിടെവെച്ചു മരിക്കാന്‍ പോവുകയാണെന്നു മാത്രമല്ല തോന്നിയത്. ഒരിക്കലും തീരാത്ത  പീഡാകരമായ മരണമായിരിക്കും അതെന്നും തോന്നി'^ലാറ പറയുന്നു.
'അവരെന്നെ കൈകളാല്‍ ബലാല്‍സംഗം ചെയ്തു. അവരുടെ ദയാരഹിതമായ പ്രകൃതമാണ് എന്നെ ഞെട്ടിച്ചത്.  40 മിനിറ്റ് നേരം നീണ്ടു ആ ആക്രമണം. 200 പുരുഷന്‍മാരുള്ള ആണ്‍കൂട്ടം എന്റെ ഉടയാടകള്‍ വലിച്ചു കീറി.   അംഗരക്ഷകന്‍ എന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം സര്‍വ കരുത്തോടെയും തടഞ്ഞു.അവരെന്റെ വേദനയും പിടയലും ആസ്വദിക്കുകയായിരുന്നു '
 ആക്രമണ വിവരമറിഞ്ഞ കുറേ ഈജിപ്ഷ്യന്‍ സ്ത്രീകള്‍ പത്തിരുപത് സൈനികരെ കൂട്ടിക്കൊണ്ടു വന്നാണ്  ലാറയെ രക്ഷപ്പെടുത്തിയത്. ദിവസങ്ങളോളം അതിന്റെ പീഡാകരമായ ആഘാതം തന്നില്‍ ശേഷിച്ചതായി  ലാറ പറയുന്നു.
അഫ്ഗാനിലേക്കും ഇറാഖിലേക്കും മടങ്ങാന്‍ തന്നെയാണ് ലാറയുടെ താല്‍പര്യം. എന്നാല്‍, പശ്ചിമേഷ്യയിലേക്ക് ഇനിയില്ലെന്ന് അവര്‍ തെളിച്ചു പറഞ്ഞു.
' റിപ്പോര്‍ട്ടിങിനിടെ ശാരീരിക ആക്രമണങ്ങള്‍  സാധാരണമാണ്. പുരുഷ സഹപ്രവര്‍ത്തകര്‍ക്കും അതുണ്ടാവാം. എന്നാല്‍, ലൈംഗികാതിക്രമം മറ്റൊന്നാണ്. ശാരീരിക അതിക്രമങ്ങളുടെ മുറിവുണങ്ങും. എന്നാല്‍, മറ്റേത് അങ്ങിനെയല്ല. എക്കാലത്തേക്കും ആ മുറിവുകള്‍ ഉടലില്‍ ശേഷിക്കും.^ലാറ പറയുന്നു.

മൂന്ന്

 സബ്രിന ടാവേണൈസ്

ലാറയുടെ നേര്‍ക്ക് അതിക്രമം നടന്ന് പിറ്റേ ആഴ്ചയ ഫെബ്രുവരി 19നാണ് ന്യൂയോര്‍ക്ക് ടൈംസില്‍   പ്രമുഖ മാധ്യമ പ്രവര്‍ത്തക സബ്രിന ടാവേണൈസിന്റെ കുറിപ്പ് കണ്ടത്. സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളുടെ തുറന്നെഴുത്തായിരുന്നു അത്.  അന്നത് വിവര്‍ത്തനം ചെയ്ത് ബ്ലോഗ് പോസ്റ്റിടണമെന്ന് തോന്നിയിരുന്നു. നടന്നില്ല. ലാറയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അവരുടെ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്. അതിനാല്‍  ആ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കാതെ വയ്യ.

ഉടുപ്പഴിക്കുന്ന ആള്‍ക്കൂട്ടം
കഴിഞ്ഞ ശരത് കാലത്താണ്. പാകിസ്താനിലെ പ്രമുഖമായൊരു  മത ചടങ്ങ്. ആയിരങ്ങള്‍ പങ്കെടുത്ത ആ ചടങ്ങില്‍ ഒറ്റ സ്ത്രീയെയും കാണാന്‍ കഴിഞ്ഞില്ല. റിപ്പോര്‍ട്ടിങിനിടെ ആണ്‍പറ്റങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞു നീങ്ങേണ്ടിവന്നു. ഓരോ നിമിഷവും പിന്നിലേക്ക് ശ്രദ്ധിച്ച്, പിടിക്കാന്‍ ശ്രമിക്കുന്ന നൂറ് കണക്കിന് കൈകകളെ അകലേക്ക് വകഞ്ഞു മാറ്റി...
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം  ആള്‍ക്കൂട്ടം അപകട മേഖലയാണ്. പ്രത്യകിച്ച് യുദ്ധവും സംഘര്‍ഷവും നടക്കുമ്പോള്‍.   എന്നാല്‍, വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത് ഇതിലുമേറെ  ഗുരുതര പ്രശ്നങ്ങളാണ്. ആണ്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും അഭിമുഖീകരിക്കേണ്ടതില്ലാത്ത രീതിയില്‍ ഞങ്ങള്‍  ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പീഡിപ്പിക്കപ്പെടുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഏതാണ്ടെല്ലാവരും അനുഭവിക്കയും കുറച്ചു പേര്‍ മാത്രം പുറത്തു പറയുകയും ചെയ്യുന്ന തൊഴില്‍പര പ്രശ്നമാണിത്.
1990 നു ശേഷം അര ഡസന്‍ രാജ്യങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലബനോന്‍, ഗസ്സ, ഇസ്രായേല്‍, പാക്കിസ്താന്‍, തുര്‍ക്കി, റഷ്യ എന്നിവിടങ്ങള്‍ ഉള്‍പ്പടെ. ഇവിടങ്ങളിലൊന്നും ഞാന്‍ ആള്‍ക്കൂട്ടത്തിനാല്‍ വലിച്ചിഴക്കപ്പെട്ട് ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, പലയിടത്തും  മാനഭംഗ ശ്രമങ്ങള്‍ നടന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ ആണ്‍കൂട്ടങ്ങളാല്‍ വലയം ചെയ്യപ്പെടുമ്പോഴാണ് സാധാരണ അതിക്രമങ്ങള്‍ നടക്കാറ്. ആള്‍ക്കൂട്ടത്തില്‍ അപകട സാധ്യത ഏറെയാണ്. അവിടെ എല്ലാ നിയമങ്ങളും തകര്‍ന്നു വീഴുന്നു. എന്തും സംഭവിക്കാമെന്ന ആശങ്കകളിലേക്ക്  സമൂഹം വരിഞ്ഞുചേര്‍ക്കപ്പെടുന്നു.  2003ല്‍ ബാഗ്ദാദിലെ ഗണ്‍മാര്‍ക്കറ്റില്‍ ഞാനനുഭവിച്ചത് ഇതാണ്. ദരിദ്രരായ, വിദേശികളെ അധികമൊന്നും കാണാത്ത ഒരു പറ്റം ചെറുപ്പക്കാരായിരുന്നു അക്രമികള്‍. ആദ്യം അവരെന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. പിന്നെ ഉടുപ്പഴിക്കാനായി ശ്രമം. ഒരു സഹപ്രവര്‍ത്തകനാണ് മതിലായി നിന്ന് എന്നെ സംരക്ഷിച്ചത്.
അതൊരു തുടക്കക്കാരിയുടെ അബദ്ധമായിരുന്നു. പാന്‍സും ബാഗിയും ഫോര്‍മല്‍സുമായിരുന്നു എന്റെ വേഷം. പര്‍ദ  ധരിച്ച് ശരീരം മൂടി നടക്കുന്ന അന്നാട്ടുകാരായ സ്ത്രീകളില്‍നിന്ന് ഏറെ വ്യത്യസ്തമായ വേഷം. അന്ന് തന്നെ ബാഗ്ദാദിലെ ഒരു തുണിക്കടയില്‍ ചെന്ന് ശരീരമാകെ മൂടുന്ന വസ്ത്രങ്ങള്‍ ഞാന്‍ വാങ്ങിച്ചു.
ഇറാഖില്‍ കഴിയുന്നതിനിടെ അത്തരം അനേകം സംഭവങ്ങള്‍ വീണ്ടും  ആവര്‍ത്തിച്ചു. 2006ല്‍ ദക്ഷിണ ഇറാഖിലെ മേസെനില്‍ വെച്ച് ബ്രിട്ടീഷ് സൈനികരുടെ സാന്നിധ്യത്തിലായിരുന്നു അതിലൊന്ന്.  ബ്രിട്ടീഷ് സൈനികര്‍ക്കും ദ്വിഭാഷിക്കുമൊപ്പം ഒരു ഗ്രാമത്തിലലേക്ക് നടക്കുകയായിരുന്നു. പതിയെ ഒരു സംഘം ചെറുക്കന്‍മാര്‍ എന്റെ പിന്നാലെ കൂടി. ഒരുവന്‍ പൊടുന്നനെ എനിക്കുനേരെ തിരിഞ്ഞു. തൊടാനും പിടിക്കാനുമായിരുന്നു ശ്രമം.  മറ്റുള്ളവരും ഇതിനു മുതിര്‍ന്നപ്പോള്‍ ദ്വിഭാഷി എന്നെ രക്ഷിക്കാന്‍ ശ്രമിച്ചു.  ആകാശത്തേക്കു വെടിവെച്ചിട്ടും  അവര്‍ പിരിഞ്ഞില്ല. നേര്‍ക്കുനേര്‍  നിറയൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തേണ്ടിവന്നു  സൈനികര്‍ക്ക്.  
എന്റെ അനുഭവത്തില്‍ മിക്ക രാജ്യങ്ങളിലും ആണുങ്ങള്‍ ഇക്കാര്യത്തില്‍ ഒരു പോലാണ്. ജോര്‍ജിയയില്‍ സമാനമായ അതിക്രമമുണ്ടായത് റഷ്യന്‍ സൈനികരില്‍നിന്നാണ്.   റഷ്യന്‍ സൈന്യം കൈയടക്കിയ ജോര്‍ജിയന്‍ നഗരമായ ഗോറി  കാണാന്‍  ഒരു സൈനിക യൂനിറ്റ് എന്നെ ക്ഷണിച്ചു. മദ്യപിച്ച് മദോന്‍മത്തരായിരുന്നു സൈനികര്‍. ഞാനവര്‍ക്കൊപ്പം ചെന്നു.  ഇരുട്ടിലാഴ്ന്ന  തകര്‍ന്നടിഞ്ഞൊരു സര്‍ക്കാര്‍ ഓഫീസിലെ ആളൊഴിഞ്ഞ മുറിയില്‍ നില്‍ക്കെ ഒരു സൈനികന്‍ എന്റെ ശരീരത്തിനു നേരെ തിരിഞ്ഞു. എങ്ങിനെയോ ഞാന്‍ തടി രക്ഷിച്ചു.
പിറ്റേന്ന് രാത്രി സമീപത്തെ ഒരു ഹോട്ടലില്‍ എന്നെ അടച്ചിടാന്‍ ശ്രമമുണ്ടായി.  യുദ്ധത്തെ തുടര്‍ന്ന് അടച്ച ആളൊഴിഞ്ഞ ഹോട്ടലില്‍നിന്ന് പടമെടുക്കുന്നതിനിടെ   സൂക്ഷിപ്പുകാരനെന്നു വിശേഷിപ്പിച്ച ഒരാളാണ് ഞാന്‍ നില്‍ക്കുന്ന മുറി പൂട്ടിയത്.  കവര്‍ച്ചക്കാരില്‍നിന്ന് രക്ഷിക്കാന്‍ എന്നായിരുന്നു പറച്ചില്‍. ആരുമില്ലായിരുന്നു അവിടെ. പരിഭ്രാന്തയായ ഞാന്‍, കാറില്‍ ഒരു സാധനം മറന്നു വെച്ചെന്നും അത്യാവശ്യമായി താഴേക്കു പോവണമെന്നും അയാളോട് പറഞ്ഞു. വാതില്‍ തുറന്നതും ഞാന്‍ താഴേക്ക് രക്ഷപ്പെട്ടു.
അതേ റിപ്പോര്‍ട്ടിങ് യാത്രക്കിടെ വേറെയും ഉണ്ടായി സമാന അനുഭവം. ജോര്‍ജിയന്‍ തലസ്ഥാനമായ ബിലിസിലേക്കുള്ള  യാത്രക്കിടെയായിരുന്നു അത്.  50 വയസ്സു തോന്നിക്കുന്ന ഒരു മധ്യവയസ്കന്‍ എനിക്ക് കാറില്‍ ലിഫ്റ്റ് തന്നു. സൌഹാര്‍ദ്ദപൂര്‍വമുള്ള സംസാരത്തിനിടെ പൊടുന്നനെ അയാളെന്നോട് ഉടുപ്പഴിക്കാന്‍ ആവശ്യപ്പെട്ടു. ഇറങ്ങണമെന്ന് ഞാനാവശ്യപ്പെട്ടെങ്കിലും അയാള്‍ സമ്മതിച്ചില്ല. പകരം അയാളെന്നെ ശരീരം ബലാല്‍ക്കാരമായി കീഴ്പ്പെടുത്താന്‍ ഒരുങ്ങി. അലറിവിളിച്ചുകൊണ്ട് ഞാന്‍ എതിരിട്ടു. കാറിന് വേഗം കുറഞ്ഞതും  പുറത്തേക്കു ചാടി. അയാള്‍ വണ്ടി നിര്‍ത്തി. അതിനുള്ളിലെ പീച്ചു പഴങ്ങള്‍ റോഡിലേക്ക് എറിഞ്ഞു.  

മൂന്ന്

 യുദ്ധവും കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്ന വിദേശ മാധ്യമപ്രവര്‍ത്തകരില്‍ രണ്ട് സ്ത്രീകളുടെ അനുഭവങ്ങള്‍ മാത്രമാണിത്. ഒരു പക്ഷേ മറ്റനേകം വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂടി ആത്മകഥയാവാമിത്.
യുദ്ധവും കലാപവുമൊന്നുമില്ലെങ്കിലും നമ്മുടെ നാട്ടിലും അവസ്ഥ ഭേദമല്ല. സമാനമായ നിരവധി അനുഭവങ്ങള്‍.  ജോലിക്കിടെ ആള്‍ക്കൂട്ടത്തിന്റെ കൈയേറ്റങ്ങള്‍ക്ക് വിധേയരാവേണ്ടി വന്ന നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരെ നമുക്കറിയാം.  
ഓര്‍മ്മയില്‍ അനേകം ചിത്രങ്ങളുണ്ട്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട റജീനയുടെ വെളിപ്പെടുത്തലിനിടെ ഗള്‍ഫില്‍നിന്ന് മടങ്ങി വരികയായിരുന്ന മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണ ദിവസം. പോലിസിന്റെ സാന്നിധ്യത്തെ മറികടന്നാണ് കലി പിടിച്ച  ആള്‍ക്കൂട്ടം അന്ന് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചത്. അക്കൂട്ടത്തിലുണ്ടായിരുന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍  വി.എം ദീപയെ  പെണ്ണെന്ന നിലയില്‍ തന്നെയാണ് ആള്‍ക്കൂട്ടം കൈകാര്യംചെയ്തത്.  തെറിവിളികള്‍ക്കും അതിക്രമങ്ങള്‍ക്കുമിടെ ആരാക്കെയോ രക്ഷപ്പെടുത്തുകയായിരുന്നു ദീപയെ.
അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചിയിലെ ഒരാരാധനാലയവുമായി ബന്ധപ്പെട്ട പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അന്നത്തെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ വിധു വിന്‍സന്റിനെയും സമാനമായ രീതിയിലാണ് ആണ്‍കൂട്ടം നേരിട്ടത്. സമാനമായ മറ്റനേകം സംഭവങ്ങളും പറയാനുണ്ടാവും മാധ്യമരംഗത്തെ നമ്മുടെ സഹോദരിമാര്‍ക്ക്.
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിന്റെ ലൈവ് റിപ്പോര്‍ട്ടിങ്ങിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തക ഇനിയീ പരിപാടിക്ക് താനില്ലെന്ന് പറഞ്ഞാണ് നഗരം വിട്ടത്. ലൈവ് കാമറക്ക് മുന്നില്‍ പോലും അവരെ തറഭാഷയില്‍ കമന്റടിക്കാനും അശ്ലീലം വിളിച്ചുപറയാനുമായിരുന്നു ആള്‍ക്കൂട്ടത്തിന് ഹരം.


നാല്

 ലാറാ  ലോഗന്‍ തെഹ്രീര്‍ സ്ക്വയറില്‍. ആക്രമണത്തിനു തൊട്ടു മുമ്പെടുത്ത വീഡിയോ ദൃശ്യം.

യുദ്ധത്തിലും കലാപത്തിലും സഹജമായിരിക്കാം പെണ്ണുടലുകള്‍ക്കു നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍. പണ്ടുമുതലേ പിടിച്ചടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ ശരീരങ്ങളിലാണല്ലോ ആണത്തത്തിന്റെ വിജയോന്‍മാദ പ്രകടനങ്ങള്‍ . അക്കാലം കഴിഞ്ഞു. എന്നിട്ടും  മാധ്യമ പ്രവര്‍ത്തകരായ സ്ത്രീകള്‍ പോലും ജോലി ചെയ്യുന്നതിനിടെ ആള്‍ക്കൂട്ടത്തിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാവുന്നത് തുടരുകയാണ്.  ഉന്നതമായ മൂല്യങ്ങളുടെ പുറത്ത്  നടക്കുന്ന ജനകീയമായ കൂട്ടം ചേരലുകള്‍ക്കും വിപ്ലവങ്ങള്‍ക്കും ഇടയില്‍ പോലും ആളുകള്‍ വെറും ആണ്‍കൂട്ടങ്ങളായി തരംതാഴുന്നതിന്റെ  അര്‍ഥമെന്താണ്?
ആള്‍ക്കൂട്ടത്തിന് പ്രത്യേക മനസ്സാണ്. എല്ലാ നിയമങ്ങളെയും ലംഘിക്കാനും തോന്നുംപടി പെരുമാറാനുമുള്ള അരാജകത്വമാണ് അതിന്റെ വഴി.കലി പിടിച്ച ആള്‍ക്കൂട്ടത്തെ നയിക്കുക ബോധവും പക്വതയുമായിരിക്കില്ല. കൂട്ടത്തിലെ ഏറ്റവും വഷളന്‍മാരും സാമൂഹിക വിരുദ്ധരുമായിരിക്കും പൊടുന്നനെ കലങ്ങിമറിഞ്ഞ ആള്‍ക്കൂട്ടത്തിന്റെ നായകരാവുക. സ്ത്രീകളും നൂനപക്ഷങ്ങളും അബലരുമായിരിക്കും അതിന്റെ ഇരകള്‍. 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രം' എന്ന പുസ്തകത്തില്‍   വില്‍ഹം റീഹ് ചൂണ്ടിക്കാണിക്കുന്നത് ഇക്കാര്യമാണ്.  ഇതു തന്നെയാവും ഉദാത്ത ലക്ഷ്യങ്ങളോടെ ഒത്തു കൂടിയ മുല്ലപ്പൂ  വിപ്ലവകാരികളെയും വെറും ആണ്‍കൂട്ടങ്ങളായി തരം താഴ്ത്തിയത്. 

Tuesday, April 26, 2011

സിസേറിയന്‍ ഫെയിം ഡോക്ടര്‍മാര്‍ക്ക് ചില യാത്രാമംഗളങ്ങള്‍

കൂട്ട സിസേറിയന്‍ നടത്തിയ ഡോക്ടര്‍മാര്‍ക്കുള്ള 'കടുത്ത' ശിക്ഷ സ്ഥലം മാറ്റം. ഇനി അവരെ വയനാട്ടുകാരും മലപ്പുറംകാരും സഹിക്കട്ടെ...


ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍  അവധിയെടുക്കുന്നതിനുള്ള സൌകര്യത്തിനായി ഡോക്ടര്‍മാര്‍ രണ്ട് ദിവസങ്ങളിലായി 22 ഗര്‍ഭിണികളെ ഒറ്റയടിക്ക് സിസേറിയന്‍ ചെയ്ത സംഭവത്തിന് അങ്ങിനെ 'ശുഭകരമായ' അന്ത്യം.  സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ കൃത്യവിലോപം കാട്ടിയെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. അവര്‍ക്ക് അതിനുള്ള 'കടുത്ത' ശിക്ഷയും നല്‍കി.  വയനാട്ടിലും മലപ്പുറത്തുമുള്ള നാല് ആശുപത്രികളിലേക്ക് സ്ഥലം മാറ്റം.
ഉന്നത തല സമിതി സംഭവം അന്വേഷിച്ച മൂന്നാഴ്ചക്കകം  റിപ്പോര്‍ട് നല്‍കും. അത് വന്നാല്‍ പിന്നെ നോക്കണ്ട.  വേണമെങ്കില്‍ ഇനിയും കര്‍ശനനടപടി എടുക്കും. ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ ഇന്നലെ കട്ടായം പറഞ്ഞു കഴിഞ്ഞു. ആനന്ദിക്കാന്‍ ഇനി വേറെന്ത് വേണം.
നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ക്ക്  ഇനി ഒന്നു നടുനിവര്‍ക്കാം. എന്തൊരു അധ്വാനമായിരുന്നു മൂന്നാല് നാള്‍. വാര്‍ത്ത കൊണ്ട് അയ്യരു കളി. എന്നിട്ടും ഒപ്പിച്ചു കളഞ്ഞില്ലേ, പഹയന്‍മാര്‍ ഇംപാക്റ്റ്. ക്രൂരന്‍മാരായ ഡോക്ടര്‍മാര്‍ക്ക് കടുത്ത സ്ഥലംമാറ്റ ശിക്ഷ. ഇനിയിപ്പോ  വേറെ കാര്യം നോക്കണംം. 
തൊട്ടു പിന്നാലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന കൂട്ട സിസേറിയന്‍ അത്ര അങ്ങ് ഏശാത്തതിനാല്‍ കാര്യങ്ങള്‍ അവിടെയും ഇതേ വഴിക്കു തന്നെ നടന്നേക്കും. ഇമ്മാതിരി സംഭവം ഇനിയും വരുമ്പോള്‍ തിളക്കുന്നതിനായി നമ്മുടെയൊക്കെ ചോര തല്‍ക്കാലത്തേക്ക് പഴയ ഫ്രീസറില്‍ തന്നെ സൂക്ഷിക്കാം.

പിന്നെ, ഗര്‍ഭിണികളുടെ കാര്യം. സിസേറിയനല്ലേ. സര്‍വ സാധാരണം. കൂട്ടമായി നടത്തിയെന്നത് അത്ര വലിയ സംഭവമാണോ. അല്ലെങ്കില്‍, അവരെന്തിനാണ്  മോശം എന്ന് നൂറുശതമാനം ഉറപ്പുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് തന്നെ പാഞ്ഞുചെലുന്നത്. നാട്ടില്‍ എത്രയെത്ര ഫൈവ്സ്റ്റാര്‍ ആശുപത്രികളുണ്ട്. എല്ലാത്തിനും സര്‍ക്കാര്‍ തന്നെ വേണമെന്ന നിര്‍ബന്ധം ഇക്കാലത്ത് പ്രായോഗികമാണോ. അത് മാത്രമോ, എത്രയെത്ര മാധ്യമങ്ങളാ, എന്നിട്ടും അവര്‍ക്കു വേണ്ടി പാഞ്ഞു ചെന്നത്. എത്ര ചാനലുകളില്‍ അവര്‍. എത്രയെത്ര സംഘടനകള്‍ പ്രതിഷേധം നടത്തി. നമ്മുടെ നാട്ടുകാര്‍ക്ക് മനുഷ്യപ്പറ്റ്, കരുണ ആദിയായ വികാരങ്ങളൊന്നുമില്ലെന്ന് ഇനി എന്തായാലും പറയാനാവില്ലല്ലോ. പ്രസവമെന്തായാലും കഴിഞ്ഞു. ഭാവിയില്‍ മക്കളോടു പറയാനുള്ള കാര്യമായി അവര്‍ക്ക് ഇതെല്ലാം കൊണ്ടു നടക്കാമെന്ന മെച്ചവുമുണ്ട്.

പിന്നെ,അതിലും ഗൌരവമായ വേറൊരു കാര്യമുണ്ട്.  ഡോക്ടര്‍മാരുടെ മനുഷ്യാവകാശ പ്രശ്നം. അവരുടെ മനോവീര്യം. അതിനീ നാട്ടില്‍ വിലയില്ലാതായല്ലോ, ഈശ്വരാ. എത്ര മാത്രം സങ്കടം സഹിച്ചു പാവങ്ങള്‍. അവരും മനുഷ്യരല്ലേ. അവര്‍ക്കും വേണ്ടേ ലീവ് .  എല്ലാ പേറും കഴിഞ്ഞു വീട്ടീപ്പോയാല്‍  പാവം സാറന്‍മാരുടെ കാര്യം കട്ടപ്പൊകയാവത്തില്യോ. അതല്ലേ, എല്ലാത്തിനും അതിവേഗം ബഹുദൂരം എന്ന് പരിഹാരം കണ്ടത്.

സര്‍ക്കാറിന്റെ കാര്യമാണ് കഷ്ടം. കാവല്‍ മന്ത്രിസഭാന്നൊക്കെ പറഞ്ഞ് ഒരുമാതിരി ശ്വാസം വിടാതെ നില്‍പ്പാണ്. കസേരയില്‍ ആര് വരുമെന്ന് തീര്‍ച്ചയില്ലാത്തതിനാല്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും വില പോരാ.  അന്നേരമാണ് അവന്‍മാരുടെ ഒരു സിസേറിയന്‍. വോട്ടു കഴിഞ്ഞ സ്ഥിതിക്ക് ഇനിയീ പേറും കാര്യവും നോക്കി യിരിക്കാന്‍ എല്ലാര്‍ക്കും കഴിയുമോ. എന്നും കാണേണ്ടവരല്ലേ, ഡോക്ടര്‍മാര്‍. അവരുടെ മനപ്രയാസം അങ്ങിനെ കാണാതിരിക്കാനാവുമോ. അന്വേഷണവും റിപ്പോര്‍ട്ടുമൊക്കെ പതിവു പടി നടക്കും. അതും നോക്കിനിന്നാല്‍  കാര്യം ശരിയാവുമോ.

അതു കൊണ്ടല്ലേ ശിക്ഷയങ്ങട്ട് കടുത്തത്.  ഇത്ര കടുത്ത കൃത്യവിലോപം കണ്ടെത്തിയാല്‍ പിന്നെ സ്ഥലം മാറ്റമല്ലാതെ വേറെന്ത്  ശിക്ഷ കൊടുക്കാനാണ്.

പിന്നെ നാട്ടിലൊക്കെ എന്തോരം ചൂടാണ്. വിയര്‍ത്തു നശിക്കും. അതിനാല്‍, വയനാട്ടില്‍ തന്നെ കൊടുത്തു പോസ്റ്റിങ്. ഒന്ന് ബത്തേരി. രണ്ടാമത് വൈത്തിരി. ഇച്ചൂടു കാലത്തും നല്ല തണുപ്പുള്ള സ്ഥലങ്ങളാ. അവിടെയാവുമ്പോള്‍ നമ്മുടെ സാറന്‍മാരുടെ സങ്കടമൊക്കെ ഒന്നു മാറി കിട്ടും. നല്ല കാലാവസ്ഥയില്‍ ഇച്ചിരി കാലം അങ്ങിനെ കഴിയട്ടെ, പാവങ്ങള്.  മഴ തുടങ്ങി ഇവിടെ കാര്യങ്ങള്‍ ഇത്തിരി തണുക്കുമ്പോള്‍ നാട്ടിലേക്ക് തന്നെ തിരിച്ചു വിളിക്കാമല്ലോ. അല്ലെങ്കില്‍, ഇത്ര ചുറുചുറുക്കുള്ള ഡോക്ടര്‍മാരെ അങ്ങിനെയങ്ങിനെ നാട്ടിന് കളയാനാവുമോ.

ശിക്ഷയുടെ കാര്യത്തെക്കുറിച്ച് ചില ദോഷൈക ദൃക്കുകള്‍ ഇപ്പോഴും പിറുപിറുക്കുന്നുണ്ട് എന്നത് നേര്. ശിക്ഷ ഡോക്ടര്‍മാര്‍ക്കല്ല വയനാട്ടുകാര്‍ക്കാണ് എന്നാണ് പഴി. അമ്മയെ തല്ലിയാലും രണ്ടാണല്ലോ കാര്യം. അവര്‍ക്ക് കിട്ടുന്നത് നല്ല ഉശിരന്‍ ഗൈനക്കോളജിസ്റ്റുകളല്ലേ. നാടറിയുന്ന മിടുക്കന്‍ അപ്പോത്തിക്കിരിമാര്‍. ഡോക്ടര്‍മാരില്ലാന്ന് പറഞ്ഞ് ഇനിയും നിലവിളിക്കേണ്ടല്ലോ. ആവശ്യത്തിന് ലീവ് കൊടുത്താല്‍ മതി.  ഇമ്മാതിരി പ്രശ്നങ്ങള്‍ ഇനി പേടിക്കുകയേ വേണ്ട.  കുളിയും തേവാരവുമില്ലാത്ത ഈ ആദിവാസികളെ ചികില്‍സിക്കാന്‍ ഇന്നാട്ടിലെ മിടുക്കന്‍ ഡോക്ടര്‍മാരെ കൊടുത്തതും പോരാ പിന്നെയും പഴിയോ?
പിന്നെ വയനാടാവുമ്പോള്‍ മെച്ചം കുറേയുണ്ട്. ഇമ്മാതിരി കാര്യങ്ങള്‍ക്ക് അല്ലേലും  ഫെയ്മസല്യോ അവിടെ. ആദിവാസികളാണ് പ്രധാന രോഗികള്‍. പട്ടിണി മാറാത്ത അവര്‍ക്കെന്തോന്ന് മരുന്ന്. എന്ത് രോഗം. അരിവാള്‍ രോഗംന്ന് പറഞ്ഞ് വെറുതെ ചടഞ്ഞു കൂടുന്ന വര്‍ഗങ്ങളല്യോ. എന്ത് കൊടുത്താലും അവര്‍ക്ക് പ്രശ്നങ്ങളില്ല. എത്ര സിസേറിയന്‍ നടത്തിയാലും നാലാളറിയില്ല.

പിന്നെ, സിസേറിയനല്ല, ആദിവാസികളുടെ പ്രസവം തന്നെ എടുത്തുകളയാനാ നമ്മുടെ പരിപാടി. അതിനല്ലേ, ഈയടുത്ത് നമ്മള്‍ നിര്‍ബന്ധിത വന്ധ്യകരണം നടത്തിയത്. വെറുതെയല്ല, നല്ല നീല  ബക്കറ്റും 300 ഉറുപ്പികയും കൊടുത്തില്ലേ. എന്നിട്ടും ചീത്ത കേള്‍ക്കേണ്ടി വന്നു. കലികാലം, അല്ലാതെന്താ.  എല്ലാ ആദിവാസി ആണുങ്ങളെയും വന്ധ്യംകരണം നടത്തിയാല്‍ പിന്നെ പ്രസവ പ്രശ്നങ്ങളില്ല. സിസേറിയന്‍ ഭീഷണിയില്ല. ഇമ്മാതിരി സ്ഥലം മാറ്റ ഗുലുമാലുകള്‍ ഇല്ലേയില്ല.  പിന്നെ, പ്രസവം വേണംന്ന് നിര്‍ബന്ധമാണെങ്കില്‍ കല്യാണം കഴിക്കാത്ത നല്ല ആദിവാസി പെണ്‍കുട്ടികളുണ്ട്. അവരുടെ വയറ്റിലുണ്ടാക്കാന്‍ ആദിവാസികളല്ലാത്ത  നല്ല ഉശിരന്‍ ചെറുപ്പക്കാരുമുണ്ട്. പഴയ പണി അവരിനിയും തുടര്‍ന്നാല്‍, ബത്തേരിയിലും വൈത്തിരിയിലുമൊന്നും സര്‍ക്കാര്‍ വക പ്രസവം അന്യം നില്‍ക്കില്ല.

അതിനുള്ള പ്രോല്‍സാഹനങ്ങള്‍ക്കായിരിക്കണം ഇനി ഊന്നല്‍. ആദിവാസി വന്ധ്യംകരണം ഊര്‍ജിതമാക്കണം. കോണ്‍ഗ്രസുകാരാണ് ഇനി വരുന്നതെങ്കിലും അത് വിട്ടു കളിക്കണ്ട. പണ്ടേ ഇമ്മാതിരി കാര്യങ്ങള്‍ക്ക് മിടുക്കമ്മാരാണ് കോണ്‍ഗ്രസുകാര്‍. സഞ്ജയ് ഗാന്ധീന്നൊക്കെ പറഞ്ഞാല്‍, ഇപ്പരിപാടീടെ പിതാവല്യോ. പിന്നെ,  കാലാകാലങ്ങളില്‍ വാര്‍ത്തയില്ലാന്നും പറഞ്ഞു പായുന്ന മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും വേഴാമ്പല്‍ മഴ കാക്കുന്നത് പോലെ ചോര തിളക്കാന്‍ കാത്തിരിക്കുന്ന നമുക്കെല്ലാര്‍ക്കും ഇടക്ക് പണി കിട്ടാനും വകയുണ്ട്.

ഇപ്പോ മനസ്സിലായില്ലേ, കടുത്ത ശിക്ഷ തന്നെ ഈ ഡോക്ടര്‍മാര്‍ക്ക് കൊടുത്തതിന്റെ പൊരുള്‍.  വെറും ശിക്ഷയല്ലല്ലോ  സ്ഥലം മാറ്റം. ശിക്ഷയാണെങ്കിലും ഇമ്മാതിരി പ്രയോജനങ്ങള്‍ ഉണ്ടെന്ന് നല്ല ഉറപ്പുള്ളതു കൊണ്ടാണ് സര്‍ക്കാര്‍  എടുപിടീന്ന്  നടപടി എടുത്തത്.
ദീര്‍ഘവീക്ഷണം, ദീര്‍ഘവീക്ഷണംന്ന് പറഞ്ഞാല്‍ ഇതല്ലാതെ വേറെന്താണ്.  

Thursday, April 21, 2011

ബാത്റൂം സിംഗര്‍



ഞാനൊരു ബാത്റൂം സിംഗര്‍.
കുളിമുറിയുടെ അടഞ്ഞ ചുഴികളില്‍
കറങ്ങിത്തിരിയുന്നു
എന്റെ പാട്ട്.
ആളൊഴിയുമ്പോള്‍ മാത്രം
ജീവന്‍ തിരിച്ചു കിട്ടുന്ന
ഈ വീടു പോലെ തന്നെ
ഞാനും.

ഈ ചുമരിനുള്ളിലേ
എന്റെ അടഞ്ഞ തൊണ്ട ചുരത്തൂ.
അന്നേരമേ
കര പറ്റിയ വാക്കുകള്‍
തിരിച്ചുവന്നൊരു കടലാവൂ.

ഇരുമ്പുടാപ്പിന്റെ നേര്‍ത്ത
വയലിനില്‍ എന്റെ ഗസല്‍.
ചുമരു തുപ്പുന്ന
ജല ഗിഥാറില്‍ എന്റെ ഭജന്‍.
കറങ്ങി മടുത്ത ഫാനിന്റെ തബലയില്‍
എന്റെ ഖവാലി.

നോക്കൂ, ഇതെന്റെ നേരം.
ഈ നട്ടുച്ച.
വീടുമാള്‍ക്കാരും പങ്കുവെച്ച
രാപ്പകലുകള്‍ക്കിടെ
വീണുകിട്ടുമിടവേള.

വെളുത്ത മാര്‍ബിളില്‍
ഇരുണ്ടു കല്ലിച്ച ഈ ഉടലെന്റേത്.
ചുംബനങ്ങളുടെ തീവണ്ടികള്‍
പാഞ്ഞുപോയ
പഴയൊരു സ്റ്റേഷന്‍.
വരാനില്ല വണ്ടികളെന്ന് ആണയിട്ടിട്ടും
ആര്‍ക്കോ വേണ്ടി ചുവപ്പും പച്ചയുമാവുന്നു
എന്റെ സിഗ്നല്‍.

ഇതെന്റ കാന്‍വാസ്.
രാത്രികളുടെ ഇറ്റുചോരവീണു
കലങ്ങിയ മെഴുകു പാലറ്റ്.

മരിച്ചുപോയ
ഭാഷയിലെ വരികളാണ്
ഗതി കിട്ടാതെ ഈ മുറിയിലേക്ക്
ഷവര്‍ തുറന്നു വീഴുന്നത്.
ആര്‍ക്കുമാര്‍ക്കുമാര്‍ക്കും മനസ്സിലാവാത്ത
അപരഭാഷയിലെ വിലാപഗീതങ്ങള്‍.

അവയിലുണ്ട്
എന്റെ പക്ഷികള്‍.
അവയ്ക്ക് പറക്കാനുള്ള വാനം.
അവരെ കൊന്നിടാനുള്ള
തോക്കുകള്‍.

നോക്കൂ,
ഞാനിപ്പോഴൊരു ബാത്റൂം ഗാനം.
ഈ ചുവരുകള്‍ക്കപ്പുറം
കെട്ടുപോവുന്നത്.

Tuesday, April 19, 2011

ജീവിതത്തിന്റെ ചതുരംഗ കളത്തില്‍ മരണത്തിന്റെ ചെക്ക്

ജീവിതത്തിന്റെയും മരണത്തിന്റെയും 
ചതുരംഗ കളത്തില്‍ വിജയന്‍ മാഷ് എന്ന കരുവിന്റെ കഥ.


 

ചെസ് ബോര്‍ഡില്‍ കൊറ്റികളെ പോലെ ബോറടിച്ചിരിക്കുന്ന കറുപ്പും വെളുപ്പും കരുക്കളെ കാണുമ്പോള്‍ വിജയന്‍ മാഷെ  ഓര്‍മ്മ വരും.  ചിന്തകളുടെ എല്ലാ പാതകളും ചെസ് ബോര്‍ഡിലേക്ക് ചുരുക്കി, കണ്ണുകളില്‍ തീപ്പന്തങ്ങള്‍  കത്തിച്ച്  മാഷ് കരുക്കള്‍ നീക്കുന്ന പതിവു ദൃശ്യവും ഓര്‍മ്മ മുറിച്ചു കടന്നു മുന്നിലെത്തും.

പ്രതിയോഗികള്‍ സഹാധ്യാപകരായിരിക്കും. പല നീക്കങ്ങള്‍ അവര്‍ മുന്നില്‍ കാണുമ്പോള്‍ വിജയത്തിന്റെ ആയിരക്കണക്കിന് സാധ്യതകളിലേക്ക് മാഷ് മനസ്സെറിയും.

കണ്ടാലറിയാം ആ ചിന്തയുടെ തീക്ഷ്ണത. നെറ്റിയില്‍ വലിയൊരു ഞരമ്പ് പിടയും. കണ്ണുകള്‍ കൂര്‍ത്ത് ചുവക്കും. ചുണ്ടുകള്‍ പ്രത്യേക രീതിയില്‍ കോട്ടി, കാലുകള്‍ താളത്തില്‍ ഇളക്കി കരുക്കളിലേക്കു തന്നെ കണ്ണു നട്ടിരിക്കും മാഷ്. നടക്കുന്നത് ജീവന്‍മരണ പോരാട്ടമാണെന്ന നിലയിലാവും മാഷ്. സമയം പോക്കാനുള്ള വെറുമൊരു ഉപാധി മാത്രമാവും സഹകളിക്കാരന്. ലോക ചെസ് മല്‍സരത്തില്‍ ഒരാള്‍ അനുഭവിക്കുന്ന സര്‍വ സന്ദേഹങ്ങളോടെയും, സമയമെടുത്ത് മാഷ് കരു നീക്കുമ്പോള്‍ സഹകളിക്കാരന്‍ ഒറ്റ നിമിഷത്തിന് ചെക്കിന്റെ മരണമുനമ്പിലെത്തും. രക്ഷപ്പെടാനുള്ള സര്‍വ പഴുതുകളും അടച്ച് മാഷിന്റെ കുതിരകളും തേരുകളും കാലാളുകളും മുന്നില്‍ നിരക്കുമ്പോള്‍   'ഞാന്‍ തോറ്റു, വിജയാ'^ എന്ന് പറഞ്ഞ് ചെറു ചിരിയോടെ പ്രതിയോഗി എഴുന്നേല്‍ക്കും. അന്നേരം  ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ തന്നിലാണെന്ന മട്ടില്‍ മാഷ് തലയുയര്‍ത്തി എഴുന്നേല്‍ക്കും.

ഇതാണ് മാഷിന്റെ ചെസ് കളിയുടെ രീതി. ജീവിതത്തിലാകെ ചെസ് കളിയില്‍ മാത്രം ജയിക്കുന്നൊരാളെപ്പോലെയാണ് മാഷ് കളിയെ കണ്ടത്. അതീവ ഗൌരവം. ചെസില്‍ മാത്രമായിരുന്നു മാഷിന്റെ യഥാര്‍ഥ താല്‍പര്യം. സ്കൂളില്‍ പുതുതായി വന്ന ദിവസങ്ങള്‍ക്കകം മാഷത് തെളിയിച്ചു. പ്രൈമറി സ്കൂളിലെ ക്ലാസുകളില്‍ മാഷ് ചെസിനെ കുറിച്ച് ഗഹനമായി സംസാരിച്ചു. ഒന്നും മനസ്സിലാവാത്ത ഞങ്ങള്‍ക്കു മുന്നില്‍ കറുപ്പും വെളുപ്പുമുള്ള അനേകം കരുക്കള്‍ കാണിച്ചു തന്നു. ഒഴിവു വേളകളില്‍ കളി പഠിപ്പിക്കാന്‍ ശ്രമിച്ചു. വെറുമൊരു കരു രാജാവും മന്ത്രിയുമാവുന്നത് സമ്മതിക്കാനാവാത്ത ഞങ്ങളുടെ 'ബാലരമ യുക്തി'കളെ മാഷ് പുച്ഛം കലര്‍ന്ന ചിരി കൊണ്ട് പ്രഹരിച്ചു. അത് പുച്ഛമാണെന്ന് തിരിച്ചറിയാതെ ഞങ്ങളും ഒപ്പം ചിരിച്ചു.



പുതിയ മാഷ് 
തികച്ചും സാധാരണ ഗതിയില്‍ ഒഴുകുന്ന ഞങ്ങളുടെ പാവം സ്കൂള്‍ ദിവസങ്ങളിലേക്ക് ഒരു ദിവസം രാവിലെയാണ് തല താഴ്ത്തി ഒരു 'അയ്യോ പാവം' മട്ടില്‍ വിജയന്‍മാഷ് പൊട്ടിവീണത്. പുതിയ മാഷ്, പുതിയ മാഷ്  എന്ന കലപില പറച്ചിലുകള്‍ക്കിടെ വെള്ളമുണ്ടും മുട്ടോളം തിരുകിവെച്ച മുഴുക്കയ്യന്‍ ഷര്‍ട്ടുമായി അദ്ദേഹം സ്റ്റാഫ് റുമിലേക്ക് കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ ഹാജര്‍ ബുക്കും ചോക്കുമായി മുറിയില്‍നിന്നിറങ്ങി . ആ വരവ് നേരെ ഞങ്ങളുടെ ക്ലാസിലേക്കായിരുന്നു. നാല് ബി.   
അപ്പോള്‍, ഇത് ഞങ്ങളുടെ പുതിയ ക്ലാസ് മാഷ്. അമ്പരപ്പും കൌതുകവും കലര്‍ന്ന കണ്ണുകളോടെ ക്ലാസ് അദ്ദേഹത്തെ ഉഴിഞ്ഞു. മുഖത്തു നോക്കാന്‍ ധൈര്യമില്ലാത്ത ഒരാളെപ്പോലെ അദ്ദേഹം ഞങ്ങളുടെ മുന്നില്‍ ഇത്തിരി പതറി നിന്നു. പരിചയപ്പെടല്‍ കഴിഞ്ഞ്, ഹാജര്‍ വിളി കഴിഞ്ഞ് ക്ലാസ് തുടങ്ങി. മലയാളം പാഠ പുസ്തകമായിരുന്നു കൈയില്‍. എന്നാല്‍, കണക്കിലെ പേടികളെക്കുറിച്ചോ മറ്റോ ആയിരുന്നു ക്ലാസ്. അമ്പരപ്പിക്കുന്ന ആ അനുഭവം കൊണ്ടാവണം ഇപ്പോഴും നല്ല തെളിച്ചമുള്ള കാഴ്ചയായി അതുള്ളില്‍ നില്‍ക്കുന്നത്.

 ക്ലാസ് അത്ര നല്ലതായിരുന്നില്ല എന്നാണ് ഓര്‍മ്മ. ഒന്നാമത് ഒട്ടും ഫോക്കസ്ഡ് ആയിരുന്നില്ല മാഷ്. പല പല കരകളിലേക്ക്  വേച്ചു വേച്ചു ചെല്ലുന്ന മദ്യപനെപ്പോലെ അല്‍പ്പം മുടന്തിയായിരുന്നു ആ വാക്കൊഴുക്ക്.  പഠിപ്പിക്കേണ കാര്യങ്ങളെക്കാള്‍ മറ്റ് പലതുമാണ് മാഷ് പറഞ്ഞത്. ചിലപ്പോള്‍,സിന്‍ഡ്രല്ലയുടെതു പോലുള്ള കഥകള്‍ . ചിലപ്പോള്‍ കണക്കിലെ കളി. ചിലപ്പോള്‍ മാഷ് കണ്ട ഇംഗ്ലീഷ് സിനിമകളുടെ കഥകള്‍. എന്നാല്‍, ഇതു മാത്രമായിരുന്നില്ല. പാഠപുസ്തകത്തിലുള്ള കാര്യങ്ങളും പഠിപ്പിച്ചിരുന്നു. പറഞ്ഞു തുടങ്ങിയാല്‍ പലപ്പോഴും മറ്റൊന്നിലേക്ക് നീങ്ങാറായിരുന്നു പതിവ്.  അവയില്‍ പലതും കുറച്ച് കൂടി വലിയ  കാര്യങ്ങള്‍ ആയതിനാല്‍ പലതും ഞങ്ങള്‍ക്ക് മനസ്സിലാവില്ല.  എങ്കിലും ഇടക്കിടെ കെട്ടു പൊട്ടിച്ചു വരുന്ന കഥകളുടെ കുത്തൊഴുക്കും ആ പാവത്താന്‍ നില്‍പ്പുമൊക്കെ ഞങ്ങള്‍ക്കിടയില്‍  സ്നേഹസൌഹാര്‍ദ്ദത്തിന്റെ പാലം പണിതു. മറ്റ് മാഷമ്മാരെ പോലെ എന്തിനും വഴക്കു പറയുന്ന പ്രകൃതമല്ലാത്തതും  ഞങ്ങളെ ആകര്‍ഷിച്ചിരിക്കണം.


ഒരു പരീക്ഷാ കാലം
പുസ്തകങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടന്നൊരു കുട്ടിയായിരുന്നു ഞാന്‍. നന്നായി എഴുതുമായിരുന്ന, സാഹിത്യ വിദ്യാര്‍ഥിയായ ചേട്ടന് നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്കു മാത്രം പിടിക്കുന്ന പുസ്തകങ്ങളായിരുന്നു അവയില്‍ പലതുമെങ്കിലും കിട്ടുന്നതെന്തും അപ്പടി വായിക്കാന്‍ ആര്‍ത്തി കാട്ടുന്ന എനിക്കത് അമൃതായിരുന്നു. അങ്ങിനെ, വിരസമായ, കുട്ടികള്‍ സാധാരണ വായിക്കാന്‍ താല്‍പര്യപ്പെടാത്ത പുസ്തകങ്ങളും വായിക്കേണ്ടി വന്നു.  മനസ്സിലാവാത്ത പലതുമുണ്ടായിരുന്നു അവയില്‍. ചിലത് ഇത്തിരി മനസ്സിലാവും. എങ്കിലും ഇങ്ങിനെയും കാര്യങ്ങളുണ്ടെന്ന് ഒട്ടും പിടികിട്ടാത്ത ആ വായനകള്‍ ബോധ്യപ്പെടുത്തി.

അങ്ങിനെയാരു കാലത്തിന്റെ തുടക്കത്തിലായിരുന്നു മാഷിന്റെ വരവ്. പരിഷത്തും കഥകളും പാട്ടുകളുമായി ഞങ്ങളെയാകെ മാറ്റിമറിച്ച മറ്റൊരധ്യാപകനുണ്ടായിരുന്നു. ഇഖ്ബാല്‍ മാഷ്. ക്ലാസിനു പുറത്തെ മരത്തണലിലിരുന്ന് ഞങ്ങളെ പഠിപ്പിക്കുന്ന, പാട്ട് പാടിക്കുന്ന, അപ്പോള്‍ തോന്നുന്നത് വെച്ച് നാടകം പഠിപ്പിക്കുന്ന ആ മാഷിനൊപ്പം വിജയന്‍ മാഷ് കൂടി വന്നതോടെ ഞങ്ങള്‍ കുട്ടികളുടെ ലോകം പാടേ മാറി.

ഞാന്‍ പുസ്തകം വായിക്കുന്നതില്‍ താല്‍പര്യമുള്ള ആളാണെന്ന് വിജയന്‍ മാഷ്ക്ക് എങ്ങിനെയോ മനസ്സിലായിരുന്നു. കാര്യമായി ആരും ഉപയോഗിക്കാത്ത സ്കൂള്‍ ലൈബ്രറിയില്‍നിന്ന് എനിക്ക് പുസ്തകങ്ങള്‍ എടുത്തു തരാന്‍ മാഷ് ഉല്‍സാഹം കാട്ടി. കൊതി പിടിച്ചു വായിക്കുന്ന പ്രകൃതം കാരണം വായന മുന്നേറി. 

അതിനിടെയാണ് നവോദയ പരീക്ഷ വരുന്നത്. നാട്ടിന്‍ പുറത്തെ  ഞങ്ങളുടെ പാവം സ്കൂളില്‍ അതിനൊന്നും വലിയ ഇളക്കങങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മാഷ് എന്നോട് അപേക്ഷ നല്‍കാന്‍ പറഞ്ഞു. എട്ടും പൊട്ടും തിരിയാതെ ഞാനപേക്ഷിച്ചു. മറ്റ് രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ സ്കൂളില്‍ ചെന്നാല്‍ പരീക്ഷക്കു വേണ്ടതു പഠിപ്പിക്കാമെന്ന് മാഷ് പറഞ്ഞു. മറ്റ് പണിയൊന്നുമില്ലാത്ത ഞായറാഴ്ച നവോദയ പരീക്ഷയുടെ വി.ഗൈഡുമായി ഞങ്ങള്‍ കുത്തിയിരുന്നു. പരീക്ഷക്കുള്ളത് പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മാഷ് പലപ്പോഴും വഴി തെറ്റി. ചില വാക്കുകള്‍ മാഷെ മറ്റ് വിഷയങ്ങളിലേക്ക് കൊണ്ടെത്തിച്ചു. ഞങ്ങളെ ലോക സാഹിത്യത്തിലെയും സിനിമയിലെയും അസാധാരണമായ ചില ലോകങ്ങളിലേക്ക് കൊണ്ടുപോവുന്ന വിധം അതൊരു നീണ്ട കഥ പറച്ചിലായി വളര്‍ന്നു. സംഗതി കഥയായതിനാല്‍ ഞങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. അങ്ങിനെ വിചിത്രമായ കഥകളുടെ ഞായറാഴ്ച വെയിലില്‍ ഞങ്ങളുടെ പരീക്ഷാ പരിശീലനങ്ങള്‍ മുങ്ങിപ്പോയി.

ആഫ്രിക്കയിലെ  ഗോത്ര മേഖലക്കു മുകളിലൂടെ പറന്നു പോയ ഹെലികോപ്റ്റില്‍നിന്ന് താഴെ വീണ ഒരു വെള്ളക്കുപ്പി, ഇക്കാലമത്രയും അങ്ങിനെയൊന്നു കാണാത്ത കാട്ടുജീവിതങ്ങളെ മുഴുവന്‍  അമ്പരപ്പിലേക്ക് വലിച്ചെറിഞ്ഞ ഒരു സിനിമാ കഥ അന്ന് മാഷ് പറഞ്ഞത് ഓര്‍മ്മയുണ്ട്. മുതിര്‍ന്നപ്പോള്‍, ഏതോ ഫിലിം ഫെസ്റ്റിവലില്‍ ആ സിനിമ കണ്ടു. വികസനത്തെക്കുറിച്ചും തനതുജീവിതങ്ങളെക്കുറിച്ചും പറയുന്ന  പ്രശസ്തമായ ഒരു ഡോക്യുമെന്ററിയായിരുന്നു അത്.  മാഷിന്റെ പറച്ചിലിലൂടെ ഉള്ളില്‍ അവശേഷിച്ച കഥയുടെ തുള്ളികള്‍ അന്നു മുഴുവന്‍ ഭാവനയുടെ തൂവലുകള്‍ വിടര്‍ത്തി പറന്നു.


മരണത്തിന്റെ കരുക്കള്‍
വിജയന്‍ മാഷ് ആത്മഹത്യ ചെയ്ത് കുറേ കാലം കഴിഞ്ഞ് ഞങ്ങളുടെ പഴയൊരു അധ്യാപകനെ ഒരു ബസ് യാത്രയില്‍ ഒപ്പം കിട്ടിയപ്പോഴാണ് മാഷിന്റെ അസാധാരണമായ അപര ലോകങ്ങള്‍  മനസ്സിലായത്.  മാഷിന്റെ മരണത്തെക്കുറിച്ചുള്ള എന്റെ സാധാരണ ചോദ്യമാണ് അതിലേക്ക് വഴി നയിച്ചത്.

'നമ്മുടെ സ്കൂളിലൊന്നും വരേണ്ട ആളായിരുന്നില്ല വിജയന്‍ മാഷ്. പിന്നെ അസാധാരണമായ ആ ജീവിതത്തെക്കുറിച്ചു പറഞ്ഞു.

അതിങ്ങനെ:
ഞങ്ങളുടെ നാട്ടിന്‍പുറത്തിനടുത്ത സ്ഥലത്താണ് മാഷിന്റെ വീട്. പഴയ തറവാട്. മിടുക്കനായിരുന്നു മാഷ്. കണക്കായിരുന്നു ഇഷ്ട വിഷയം. ഒപ്പം സാഹിത്യവും. കോളജില്‍ എത്തിയപ്പോ ആണ് ആ അസുഖം വന്നത്. വിഷാദ രോഗം. സ്വതവേ ഒതുങ്ങിയ പ്രകൃതമായിരുന്നു. എങ്ങിനെയോ മനസ്സ് കലങ്ങി.

നാട്ടിലെ ഏതൊക്കെയോ ഡോക്ടര്‍മാരെ കാണിച്ചു. പല തരം ചികില്‍സകള്‍. പല  മരുന്നുകള്‍  ഉഴുതു മറിച്ചിട്ട  മാഷിന്റെ മനസ്സ് വൈകാതെ  ശരിയായി. എന്നാല്‍, സമ്പൂര്‍ണമായ ആത്മവിശ്വാസ തകര്‍ച്ചയായിരുന്നു ഫലം.  പിന്നെ, ചികില്‍സ. വെറുതെ വീട്ടിലിരിപ്പ്.  മാഷ് തന്നെയാണ് സ്വന്തം വഴി തെരഞ്ഞെടുത്തത്. ചെറിയ കുട്ടികളെ പഠിപ്പിക്കല്‍. ആദ്യം വീടിനടുത്ത കുറച്ചു കുട്ടികള്‍ക്ക് ട്യൂഷനെടുത്തു.

അങ്ങിനെ കുറച്ചു കാലം. അതിനിടെ, മാഷിന്റെ ചില അടുത്ത ബന്ധുക്കള്‍ ഞങ്ങളുടെ സ്കൂളിലെത്തി. അവര്‍ സീറ്റുറപ്പിച്ചു. മാഷ് ഞങ്ങള്‍ക്കിടയിലെത്തി. സ്കൂളും അന്തരീക്ഷവും മാഷെ വേഗം മാറ്റിത്തീര്‍ത്തു. സഹാധ്യാപകരെ ചെസ് കളിച്ചു തോല്‍പ്പിച്ചും പുതിയ അറിവുകള്‍ കൊണ്ടും  മാഷ് വിസ്മയിപ്പിച്ചു. ജീവിതത്തിന്റെ ചതുരംഗ കളത്തില്‍ മാഷ് മിടുക്കു കാട്ടുമെന്ന് തോന്നി. എന്നിട്ടും നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് നടന്നു. ജീവിതത്തില്‍നിന്നുള്ള മാഷിന്റെ ഇറങ്ങിപ്പോക്ക്.

സ്റ്റാഫ് റൂമിലായിരുന്നു മരണം. ഫാനില്‍ കൊളുത്തിയ ഇത്തിരി കയര്‍.  കുട്ടികളും അധ്യാപകരും എത്തുന്നതിന് മുമ്പ് പതിവിലുമേറെ നേരത്തെയാണ മാഷ് അന്ന് സ്കൂളില്‍ വന്നത്.

പുതിയ സ്കൂളില്‍ ഏഴാം ക്ലാസിലായിരുന്നു ഞാന്‍. സ്കൂളിലേക്കു പോവുന്നതിനു തൊട്ടുമുമ്പാണ് മരണ വിവരമറിഞ്ഞത്. വീടിനടുത്തുള്ള പഴയ സ്കൂളിനു മുന്നില്‍  കുറേ പേരുണ്ടായിരുന്നു. പാതി തുറന്ന ജനലിനുള്ളിലൂടെ നോക്കിയപ്പോള്‍  കണ്ടു.

ജീവിതത്തിന്റെ  ചതുരംഗത്തില്‍ മാഷക്ക് നേരെ നീണ്ട ഒരു ചെക്ക്.

Sunday, April 17, 2011

ഇരിക്കാത്ത സ്ത്രീകള്‍

 നില്‍പ്പ് എന്ന പീഡനം. ഒന്നിരിക്കാന്‍ പോലുമാവാതെ 
രാപ്പകല്‍ ജോലി ചെയ്യുന്നവരുടെ ലോകം.

നില്‍ക്കുന്നത് ദുസ്സഹമായ ഒരനുഭവം കൂടിയാണെന്ന് ആദ്യം ബോധ്യപ്പെടുത്തിയത്  എന്റെ കസിനാണ്.  നാട്ടില്‍ സര്‍വ സ്വതന്ത്രനായി വിഹരിച്ച അവന്‍ ഗള്‍ഫില്‍ ജോലി തേടി ചെന്നപ്പോഴാണ് നില്‍ക്കല്‍ എന്ന കഠിന ശിക്ഷക്കിരയായത്.  വീട്ടില്‍ സുഖിച്ചു കഴിയുകയായിരുന്ന അവനെ വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് ഗള്‍ഫിലേക്കയച്ചത്. ജോലിയൊന്നും ചെയ്യാതെ  രാപ്പകല്‍ കൂട്ടുകൂടി നടന്നപ്പോഴായിരുന്ന അത്.  ബന്ധുക്കളെല്ലാം ഗള്‍ഫില്‍ ബിസിനസുകാരാണ്. അവരിലൊരാള്‍ വീസ നല്‍കി. അങ്ങിനെ അയാളുടെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്.
നാട്ടിലെ പരിചയക്കാരും ബന്ധുക്കളുമെല്ലാം അവിടെയുണ്ടായിരുന്നു.  നാട്ടില്‍ സുഖിച്ചു കഴിയുന്ന പലരും അവിടെ കഠിനാധ്വാനം ചെയ്തു വലയുന്നത് കണ്ട് അവനാകെ അമ്പരന്നു. ചെന്ന് രണ്ടാം ദിവസം  ജോലിക്കു കയറി. കാഷ് കൌണ്ടറിലായിരുന്നു ജോലി. അതവന്‍ വിളിച്ചു പറഞ്ഞപ്പോള്‍ എനിക്കും ആശ്വാസം തോന്നി. ഓടിനടന്നുള്ള ജോലിയല്ലല്ലോ.
എന്നാല്‍, രണ്ട് നാള്‍ കഴിഞ്ഞ് അവന്റെ ഫോണ്‍ വന്നപ്പോള്‍ ആ ആശ്വാസം വഴി മാറി. സദാ ചിരിച്ചു കാണാറുള്ള അവന്‍ ഫോണില്‍ കരയുകയായിരുന്നു. കടലുകള്‍ക്കക്കരെ നിന്നുള്ള അവന്റെ കരച്ചില്‍  കേട്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഉറ്റ ബന്ധുവിന്റെ കടയായിട്ടും അവനോടുള്ള പെരുമാറ്റം കടുത്തതായിരുന്നു. അവിടത്തെ അവസ്ഥയില്‍ അത് സ്വാഭാവികമായിരുന്നു. അതി രാവിലെ ഉണര്‍ന്നെണീറ്റ് കടയിലേക്ക് പോവണം. കാഷ് കൌണ്ടറില്‍ കസേരയില്ല. നില്‍ക്കണം. ഇടമുറിയാതെ കസ്റ്റമേഴ്സ് വരുന്ന തിരക്കേറിയ കടയാണ്. ആളുകള്‍ കൌണ്ടറിനു മുന്നില്‍ തിരക്കു കൂട്ടുമ്പോള്‍ ഇരിക്കുന്നത് പോയിട്ട് ഒന്നു ശ്വാസം വിടാന്‍ പോലും നേരമുണ്ടാവില്ല. ഭക്ഷണം കഴിക്കാന്‍ ഇത്തിരി നേരം കിട്ടും. അത് കഴിഞ്ഞ് ഉടനെ കൌണ്ടറിലെത്തണം. പിന്നെ  നില്‍പ്പോടു നില്‍പ്പ്. നിന്നു നിന്ന് കാലു കഴച്ച ഒരു നാള്‍ ഭക്ഷണം കഴിഞ്ഞ ഇടവേളയിലായിരുന്നു അവന്റെ ഫോണ്‍. ' എനിക്കു വയ്യ, ഈ നരകത്തില്‍ നില്‍ക്കാന്‍. ഞാനങ്ങോട്ടു വരും. അല്ലെങ്കില്‍ കാലു കഴച്ച് ഞാന്‍ മരിക്കും'-അവന്റെ കണ്ണീരു പുരണ്ട ശബ്ദത്തോടു എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങിയ നേരം ഫോണ്‍ കട്ടായി.
കടയുടമയായ ബന്ധുവിനെ അന്നു തന്നെ ഞാന്‍ വിളിച്ചു. അവന്റെ അവസ്ഥ പറഞ്ഞു ദേഷ്യപ്പെട്ടു. അയാള്‍ ചിരിച്ചു. 'പേടിക്കണ്ട, അവനൊന്നു ശരിയാവാനുണ്ട്. അതാ ഇങ്ങിനെ ഡ്യൂട്ടി. ഇത്തിരി കഴിയുമ്പോള്‍ ഞാന്‍ മാറ്റാം-നിറ ചിരിയോടെ അയാള്‍ പറഞ്ഞു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ വിളിച്ചു. ജോലി അപ്പോഴും പഴയതു തന്നെ. എന്നാല്‍, ഇപ്പോള്‍ അത്ര അധികം നേരമില്ല. എങ്കിലും നില്‍ക്കണം. ഇപ്പോ എല്ലാം ശീലമായി വരുന്നു^ അവന്‍ പറഞ്ഞു.
അവനിപ്പോഴും അവിടെ തന്നെയാണ്. കടയുടെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്ന അവസ്ഥയില്‍. എങ്കിലും കാഷ് കൌണ്ടറിലെ നില്‍പ്പ് ചിലപ്പോഴൊക്കെ വേണ്ടി വരും. 
നില്‍പ്പ് അത്ര ചെറിയ കാര്യമല്ലെന്നും പീഡനത്തിന്റെ ഒരു വഴി അതിലുണ്ടെന്നും അവനാണ് എന്നെ പഠിപ്പച്ചത്. അതുവരെ അതാലോചിക്കാന്‍ കഴിയില്ലായിരുന്നു. ഒന്നിരിക്കാന്‍ പോലും കഴിയാതെ മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യുക. ഇരിക്കാനൊരു കസേരയില്ലാതെ. അത് സ്വപ്നം കാണാന്‍ പോലുമാവാതെ. ദൈവമേ, അതെന്ത് ഭീകരം. റിസര്‍വേഷന്‍ ശരിയാവാത്ത ചില തീവണ്ടി യാത്രകളില്‍ ഇത്തിരി നേരം നില്‍ക്കുമ്പോഴേക്കും ഭ്രാന്തു പിടിക്കുന്നത് ഓര്‍മ്മയിലെത്തുന്നു.

രണ്ട്

നഗരത്തിലെ പ്രധാന ടെക്സ്റ്റൈല്‍ ഷോ റൂമിലാണ് അവരെ കണ്ടത്. ഒരേ നിറമുള്ള വസ്ത്രങ്ങളിഞ്ഞ സുന്ദരികളായ പെണ്‍കുട്ടികള്‍. അഞ്ച് നിലകളില്‍  ബിസിനസ് നടക്കുന്ന തുണിക്കടയില്‍ സദാ തിരക്കാണ്. ഒറ്റക്കും കുടുംബമായും വരുന്ന കസ്റ്റമേഴ്സിനു മുന്നില്‍ ചിരിയോടെ, തളര്‍ച്ച കാണിക്കാതെ പെരുമാറേണ്ടവരാണ് അവര്‍.
പല പ്രായക്കാര്‍.  പല ജോലികള്‍ ചെയ്യുന്നവര്‍. ചിലര്‍ കസ്റ്റമേഴ്സിനെ സ്വീകരിക്കുന്നു. മറ്റു ചിലര്‍ അവരെ ആനയിക്കുന്നു. ചിലര്‍ അവര്‍ക്ക് സാധനങ്ങള്‍ കാണിച്ചു കൊടുക്കുന്നു. വേറെ ചിലര്‍ പായ്ക്ക് ചെയ്യുന്നു. അങ്ങിനെയങ്ങിനെ പല പണികള്‍. എല്ലാവര്‍ക്കും പൊതുവായി രണ്ട് കാര്യങ്ങള്‍. ഒന്ന്, അവര്‍ ഇരിക്കുന്നേയില്ല. ഇരിക്കാന്‍ അവിടെയാരു കസരേ പോലുമില്ല. രണ്ടമത്, എല്ലാവരും മനോഹരമായി ഒരുങ്ങിയവര്‍. സുസ്മേരവദനര്‍.
എങ്ങിനെയാണ് ഇത്തിരി നേരം ഇരിക്കാന്‍ പോലുമാവാതെ രാപ്പകല്‍ നിന്നു ജോലി ചെയ്യുന്നവര്‍ക്ക് ആളുകളോട് നിറചിരിയോടെ പെരുമാറാനാവുക. സാധാരണ നിലക്ക് സാധ്യതയില്ല. എന്നാല്‍, അത്ര സാധാരണമല്ലല്ലോ കാര്യം. അതവരുടെ അന്നമല്ലേ. തൊഴില്‍ ഇതാവുമ്പോള്‍, സൌകര്യങ്ങള്‍ക്ക് എങ്ങിനെ വാശി പിടിക്കും. ഒരു കസേര പോലുമിടാത്ത ഇടത്ത് അല്ലെങ്കില്‍ അവര്‍ എങ്ങിനെ ഇരിക്കാനാണ്.
നൂറോളം പെണ്‍കുട്ടികളുണ്ട് ആ കടയില്‍. അതു പോലെ മറ്റനേകം  കടകള്‍ ഇതേ നഗരത്തിലുണ്ട്. മറ്റ് നഗരങ്ങളിലും. എല്ലായിടത്തും ഇതു തന്നെയാവും അവസ്ഥ. നിന്ന നില്‍പ്പില്‍  അവരുടെ ജീവിതം.  എന്നാല്‍, എല്ലാം മറന്ന് ചിരിച്ചും എല്ലാവരോടും പ്രസന്നതയോടെ പെരുമാറിയും, അങ്ങിനെ.

മൂന്ന്


'ഇത്തരം സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്തു ചെയ്യാനാവും' -വലിയ കടകളില്‍ ജോലി ചെയ്യുന്ന അസംഘടിത  സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് അന്വേഷിച്ചു. നിരന്തര ചൂഷണത്തിനു വിധേയരാവുന്ന അസംഘടിത സ്ത്രീ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീ പക്ഷ  സംഘടനയിലെ മുഖ്യ പ്രവര്‍ത്തകയാണവള്‍.   എന്റെ ചോദ്യത്തിന്റെ പെട്ടെന്നുള്ള പ്രകോപനമെന്തെന്ന് അറിയാനായിരുന്നു ആദ്യം  അവള്‍ക്ക് താല്‍പ്പര്യം. ഇരിപ്പിടമില്ലാത്ത പെണ്‍കുട്ടികളുടെ കാര്യം ഞാനവളോടു പറഞ്ഞു.
'സംഭവം ശരിയാണ്'-അവള്‍ തല കുലുക്കി.
പുതിയ തരം കടകളില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഇങ്ങിനെ ജോലി ചെയ്യുന്നു. ഷോപ്പിങ് സംസ്കാരവും നടത്തിപ്പുമൊക്കെ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. എന്നാല്‍, മിനിമം സൌകര്യങ്ങള്‍ പോലും ഈ കടകളിലില്ല. വെള്ളം കുടിക്കാന്‍ പോലും നേരമില്ലാത്തത്ര തിരക്കാണ് പല കടകളിലും. ചെറിയ ശമ്പളമാണ് മിക്കയിടങ്ങളിലും. മറ്റ് ആനുകൂല്യങ്ങളില്ല. ലീവ് പോലും പ്രശ്നം.  അടിസ്ഥാന അവകാശങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ല. ടോയ്ലറ്റ് സൌകര്യങ്ങള്‍ നന്നേ പരിമിതം. വീട്ടിലെത്തിയാല്‍ മാത്രം മൂത്രമൊഴിക്കുന്നവരാണ് പല കടകളിലെയും പെണ്‍കുട്ടികള്‍. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഈ രംഗത്ത്  അടിയന്തിര ഇപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല-അവള്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനു പുറമേ പല തരം പ്രശ്നങ്ങള്‍ ഈ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്നുവെന്ന് അവള്‍ പറഞ്ഞു. കുറച്ചു പേര്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഉടമകളുടെ ഭാഗത്തു നിന്നുള്ള ലൈംഗിക പീഡന ശ്രമങ്ങള്‍ സാധാരണമാണ്. പുരുഷ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഭീഷണികള്‍. കസ്റ്റമറായി വരുന്നവരുടെ താന്തോന്നിത്തങ്ങള്‍. വൈകി മാത്രം വീട്ടിലണയുന്നവര്‍ ബസുകളിലും ട്രെയിനുകളിലും മറ്റും അനുഭവിക്കുന്ന പ്രശ്നങ്ങള്‍. അങ്ങിനെ, സ്ത്രീ എന്ന നിലയില്‍ അനുഭവിക്കുന്ന വിഷയങ്ങളുമേറെ.
'സംഘടിത തൊഴിലാളികള്‍ അല്ലാത്തതിനാല്‍ അവകാശ സമരങ്ങളൊന്നും ഈ മേഖലയില്‍ നടക്കാറില്ല. അവകാശങ്ങളെ കുറിച്ച് ഇവര്‍ ഒട്ടും ബോധവതികളുമല്ല. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമങ്ങളുമെല്ലാം ഈ പെണ്‍കുട്ടികളുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ്. ശക്തമായ തൊഴിലാളി സംഘടനകള്‍ ഇവര്‍ക്കിടയില്‍ ഉയര്‍ന്നു വരിക മാത്രമാണ് പ്രധാന പോംവഴി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വിരളമാണ്. എങ്കിലും ചെറിയ ശ്രമങ്ങള്‍ തുടരുക തന്നെ വേണം-അവള്‍ പറഞ്ഞു.

നാല്

രാത്രി.
ഇപ്പോള്‍ മുന്നിലൊരു ചെറിയ വാന്‍. അതിനുള്ളില്‍  കുറേ പെണ്‍കുട്ടികള്‍. നേരത്തെ കണ്ട കടയിലെ ജീവനക്കാരികളാണ് അവര്‍. രാപ്പകല്‍ അധ്വാനത്തിന്റെ ഫലമെന്നോണം ആകെ തളര്‍ന്ന നിലയില്‍ അവര്‍.  ടെക്സ്റ്റെയില്‍ ഷോറൂം ഉടമ ഏര്‍പ്പെടുത്തിയ വാടക വീട്ടിലേക്ക് പോവുകയാണ് അവര്‍. ചിലര്‍ സീറ്റില്‍ ഇരുന്നിട്ടുണ്ട്. മറ്റു ചിലര്‍ നില്‍ക്കുന്നു. അതെ, വീണ്ടും നില്‍പ്പ് തന്നെ. ശമനമില്ലാത്ത നില്‍പ്പ്.
ഇത്തിരി ഓടിയാല്‍ അവര്‍ വീടണയും. പിന്നെ, തളര്‍ന്നുറക്കം. രാവിലെ വീണ്ടും ബസില്‍ കടയിലേക്ക്. പിന്നെ രാപ്പകല്‍ ജോലി. തിരക്ക്. നിറ ചിരിയോടെ വീണ്ടും നില്‍പ്പോടു നില്‍പ്പ്. ഇരിക്കാനൊരു കസേര  കിട്ടുന്ന സ്വപ്നം കാണാന്‍ പോലും നേരമില്ലാതെ അവരുടെ ദിനങ്ങള്‍.

Saturday, April 9, 2011

മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച് കുഞ്ഞുമോളുടെ ഉപന്യാസം


മുത്തശ്ശിയുടെ മരണം. കൊച്ചുമോളുടെ
മനസ്സില്‍ അതിന്റെ പ്രതിഫലനം. 


കഴിഞ്ഞ മാസമാണ്. അപ്രതീക്ഷിതമായി എനിക്കൊരു കത്ത്. എത്രയോ കാലത്തിനു ശേഷമാണ് ഒരു കത്ത് കിട്ടുന്നതെന്ന അമ്പരപ്പോടെ കവര്‍ തുറന്നപ്പോള്‍ അനിയത്തിയുടെ അക്ഷരങ്ങള്‍. അമ്പരപ്പ് തോന്നി, ഒരു പക്ഷേ അവളെനിക്കാദ്യം അയക്കുന്ന കത്തായിരിക്കും ഇത്. ആളുകള്‍ കത്തെഴുതുന്ന കാലങ്ങളിലൊക്കെ അവള്‍ ഒന്നിച്ചു തന്നെയുണ്ടായിരുന്നല്ലോ. അതിനാല്‍ ഇത് അവളെനിക്ക് അയക്കുന്ന ആദ്യ കത്ത്.
ചെറിയൊരു കുറിപ്പായിരുന്നു അവളുടേത്. ഒപ്പം പലതായി മടക്കിയ ഒരു വെള്ളത്താളും. അതവളുടെ മകള്‍ സ്കൂളില്‍ എഴുതിയ ഉപന്യാസമാണെന്നും ഞാന്‍ നിര്‍ബന്ധമായും കാണണമെന്നു തോന്നിയതിനാല്‍ അതയക്കുന്നുവെന്നുമാണ് കത്തില്‍. മരിച്ചു പോയ ഞങ്ങളുടെ അമ്മയെക്കുറിച്ചുള്ള കുഞ്ഞുമോളുടെ ഓര്‍മ്മയാണ് ആ ഉപന്യാസം.
ശ്രദ്ധയോടെ ആ വെള്ളക്കടലാസ് തുറന്നു. കുനുകുനാ കുറേ വാക്കുകള്‍. ഒരു അഞ്ചാം ക്ലാസുകാരിക്ക് ചേര്‍ന്ന വിധം ഉരുളന്‍ അക്ഷരങ്ങള്‍. കുറിപ്പിനു മുകളില്‍ വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം.
പണ്ട് ഞാനും എഴുതിയിട്ടുണ്ട് ഇതേ വിഷയത്തില്‍ ഉപന്യാസം. അയല്‍ വീട്ടിലെ കോഴികള്‍ ഓടിച്ചിട്ട് കൊത്തിയതിന്റെ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു അതെന്നാണ് ഓര്‍മ്മ. ഇപ്പോള്‍ കുഞ്ഞുമകളും എഴുതിയിരിക്കുന്നു അതേ വിഷയം. ഒരു പക്ഷേ, നിങ്ങളും എഴുതിക്കാണണം. എല്ലാ കാലത്തെയും കുഞ്ഞുങ്ങള്‍ക്ക് ഉള്ളു തുറന്നെഴുതാനുള്ള വിഷയമായിരിക്കും ഇത്.
അവളെഴുതിയത് അവളുടെ തീരാത്തൊരു സങ്കടത്തെക്കുറിച്ചാണ്. അവള്‍ക്കേറ്റവും പ്രിയപ്പെട്ട അമ്മമ്മയുടെ മരണവുമായി ബന്ധപ്പെട്ടൊരു സങ്കടം. അവള്‍ക്ക് അമ്മമ്മ ആരായിരുന്നുവെന്നാണ് ആദ്യ വരികളില്‍. ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട ആള്‍. എപ്പോള്‍ ചെന്നാലും അവളുടെ കൂടെ കളിക്കാന്‍ നില്‍ക്കുന്ന ആള്‍. അവള്‍ക്കെന്ത് സമ്മാനം കിട്ടിയാലും സന്തോഷത്തോടെ എന്തെങ്കിലും മധുര പലഹാരം ഉണ്ടാക്കിക്കൊടുക്കുന്ന ആള്‍.
അവസാനമായി കാണാന്‍ അവള്‍ ഓടിപ്പാഞ്ഞ് വന്നപ്പോഴേക്കും ആളുകള്‍ വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് അമ്മമ്മയെ കൊണ്ടുപോവാന്‍ നോക്കുകയായിരുന്നുവെന്ന് അവള്‍ എഴുതുന്നു. വൈകാനുള്ള കാരണവും അവള്‍ എഴുതുന്നുണ്ട്. അവള്‍ക്കന്ന് ചിക്കന്‍ പോക്സായിരുന്നു. ആയിടക്ക് അവളുടെ അമ്മ പ്രസവിച്ച കുഞ്ഞനിയന് അസുഖം പകരാതിരിക്കാന്‍ അവളൊരു ബന്ധു വീട്ടിലായിരുന്നു. അവിടെയുള്ളവര്‍ അവളെ തറവാട്ടില്‍ കൊണ്ടു വന്നത് ഏറെ വൈകിയായിരുന്നു. അസുഖം വന്നില്ലായിരുന്നെങ്കില്‍ മറ്റുള്ളവരെപ്പോലെ അവള്‍ക്കും അമ്മമ്മയുടെ അടുത്തിരിക്കാമായിരുന്നു. കളിക്കാന്‍ കൂട്ടുകാരുണ്ടായിട്ടും കളിക്കാതെ ആ ബന്ധു വീട്ടില്‍ അമ്മമ്മയെ ഓര്‍ത്ത് പല തവണ കരഞ്ഞുപോയെന്നും  അവള്‍ എഴുതി വെക്കുന്നു.
ഇത്ര കൃത്യമായല്ല അവളുടെ വാക്കുകള്‍. എന്നാല്‍, ഇതിലുമേറെ ആഴമുള്ള വേദനകള്‍ ഘനീഭവിച്ചു നില്‍ക്കുന്നുണ്ട് അവളുടെ ഓരോ വാക്കിനിടയിലുമെന്ന്, ചെറുപ്പം മുതല്‍ അവളെ കൊണ്ട് നടന്നിരുന്ന എനിക്ക് പറയാനാവും. ചെറിയ ചെറിയ വാക്കുകള്‍ കൊണ്ട് അവള്‍ വരഞ്ഞിട്ട  ദിനക്കുറിപ്പുകളുടെ മുറിവേല്‍പ്പിക്കുന്ന മൂര്‍ച്ച അവളെയും അവള്‍ പറയുന്ന അമ്മമ്മയെയും ഏറെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ നെഞ്ചില്‍ തന്നെയാണ് തറക്കുന്നത്.

രണ്ട്

സത്യത്തില്‍ അമ്മ മരിച്ച നേരത്ത് അവള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്ന കാര്യം എനിക്കോര്‍മ്മ ഇല്ല. അവള്‍ക്ക് അന്ന് ചിക്കന്‍ പോക്സ് വന്നതോ  ഉറ്റ ബന്ധു അവളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതോ ഒന്നും തീപ്പിടിച്ച ആ ദിവസത്തിന്റെ ഓര്‍മ്മകളില്‍ ശേഷിച്ചിട്ടില്ല.  അപ്രതീക്ഷിതമായെത്തിയ രോഗത്തിന്റെ മൂര്‍ധന്യത്തില്‍ തളര്‍ന്ന അമ്മയുമായി ആശുപത്രിയിലായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍. ഒന്നും സംഭവിക്കില്ലെന്ന് ഉറച്ച നിമിഷത്തിലായിരുന്നു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. മരണം ഒരു സാധ്യത എന്ന നിലയില്‍നിന്ന് യാഥാര്‍ഥ്യമായി മാറിയതോടെ ഒപ്പമുള്ള കൂടപ്പിറപ്പുകള്‍ ആകെ തളര്‍ന്നു. ആശുപത്രിയിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനോ മരണ സര്‍ടിഫിക്കറ്റിലേക്കുള്ള വിവരങ്ങള്‍ എഴുതി നല്‍കാനോ നാട്ടില്‍നിന്നുള്ള ഫോണ്‍ കാളുകള്‍ എടുക്കാനോ മറ്റാരും ഇല്ലാത്ത സ്ഥിതി. അതിന്റെ തിരക്കുകളില്‍ ഓടി നടന്നതിനാലാവാം അമ്മ മരിച്ചെന്ന കാര്യം സത്യത്തില്‍ ബോധ്യപ്പെട്ടില്ല. യന്ത്രത്തെപ്പോലെ  അനേകം കാര്യങ്ങള്‍ ഒന്നിച്ചു ചെയ്ത് വിദൂര നഗരത്തിലെ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ മടങ്ങുമ്പോഴാണ് അമ്മ ഇനിയില്ലെന്ന സത്യം കത്തിമുനപോലെ ഉള്ളകം മുറിച്ചത്. യാത്രയുടെ ഏതോ നേരം പെട്ടെന്ന് അക്കാര്യം ബോധ്യപ്പെട്ടു. അന്നേരം എല്ലാ വിലക്കുകളും അറിവില്ലായ്മകളും ഭേദിച്ച് ഉച്ചത്തില്‍ ഒരു വന്യ മൃഗത്തെപ്പോലെ അലറിക്കരഞ്ഞുപോയി. പിന്നെ അനേകം കിലോ മീറ്ററുകള്‍. അവസാനം, വീട്.
പിറ്റേന്ന് ഉച്ചക്കായിരുന്നു ചടങ്ങുകള്‍. കൂടപ്പിറപ്പുകളുടെ നിലക്കാത്ത സങ്കടങ്ങള്‍ക്കിടയില്‍ വിങ്ങിപ്പൊട്ടാതിരിക്കാന്‍ ബദ്ധപ്പെടുന്ന നേരങ്ങളില്‍ കുഞ്ഞു മോളുടെ കാര്യം ഓര്‍ത്തിട്ടേയില്ല. അവള്‍ എവിടെയെന്നോ എന്തെടുക്കുകയാണെന്നോ ഒന്നും. അമ്മഇനിയില്ല എന്ന അറിവ്  വലിയൊരു കല്ലു പോലെ നെഞ്ചില്‍ കിടക്കുമ്പോള്‍ മറ്റാരും അവളുടെ കാര്യം ഓര്‍ത്തിട്ടേയുണ്ടാവില്ല.
എന്നാല്‍, അവള്‍ക്ക് അങ്ങിനെയാവില്ലല്ലോ. മരിച്ചത് അവളുടെ സ്വന്തം ലോകമാണ്. അവളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍. അതവള്‍ക്ക് മറക്കാനാവില്ലല്ലോ, ഒരിക്കലും. സ്വന്തം അസുഖവും അത് കൊണ്ടു മാത്രം നഷ്ടമായ ആ ദിവസവും അവളെ കുത്തിനോവിക്കുന്നുണ്ടാവും, ശരിക്കും. അതായിരിക്കാം, ക്ലാസില്‍ സ്വാഭാവികമായി അധ്യാപകര്‍ എഴുതിച്ച വെറുമൊരു കുറിപ്പ്  സങ്കടഭാരത്താല്‍ ഇത്രമാത്രം നനഞ്ഞുപോവുന്നത്.

മൂന്ന്



ആ കുറിപ്പ് എന്നെ വല്ലാതെ തളര്‍ത്തി. ആ ദിവസം എന്റെ ജാതകം മാറ്റിയത് ഒരു പക്ഷേ, ആ വരികളുടെ തീച്ചൂട് തന്നെയാവണം.എന്നാല്‍, ആഴ്ചകള്‍ക്കിപ്പുറം ഇപ്പോള്‍ ആ കുറിപ്പിന്റെ  കാര്യം ഓര്‍ക്കുമ്പോള്‍ തോന്നുന്നത് മറ്റു പലതുമാണ്. നമ്മളൊട്ടും ഗൌനിക്കാത്ത ഓരോ മനുഷ്യര്‍ക്കും അവരുടേതായ ലോകമുണ്ടെന്നും അവരുടേതായ ഓര്‍മ്മകളുണ്ടെന്ന് അതിനാല്‍ അവരുടേതായ പ്രാധാന്യമുണ്ടെന്നും ഈ  കുറിപ്പ് ബോധ്യപ്പെടുത്തുന്നു. കുട്ടികളെ പലപ്പോഴും നമ്മള്‍ വിലകുറച്ചു കാണുന്നു. അവര്‍ക്ക് സ്വന്തം ഇടങ്ങള്‍ ഉണ്ടെന്നും അവരുടെ വികാരങ്ങളും വിചാരങ്ങളും ഭാവിയിലോളം നീളുന്ന ഓര്‍മ്മകളായി കൂടെ നടക്കുമെന്നും പലപ്പോഴും നമ്മള്‍ മറന്നുപോവുന്നു. ഒപ്പു കടലാസു പോലെ കുഞ്ഞുമനസ്സുകള്‍ പലതും ഒപ്പിയെടുക്കുന്നു. അവരുടെ പില്‍ക്കാല ജീവിതം നിര്‍ണയിക്കാന്‍ പോലും ശക്തമായിരിക്കും ഇത്തരത്തില്‍ ഒപ്പിയെടുക്കുന്ന ഓര്‍മ്മകളില്‍ പലതും. കുഞ്ഞുങ്ങള്‍  നമ്മെപ്പോലെ സ്വതന്ത്ര വ്യക്തികളാണെന്ന് ഇനിയെങ്കിലും അംഗീകരിക്കേണ്ടി വരും.
ഇതിനപ്പുറം വിശാലമായ മറ്റൊരര്‍ഥം കൂടി ഇതിനുണ്ട്.  വലിയ സംഭവങ്ങള്‍ നമ്മള്‍ വിചാരിക്കുന്ന മട്ടില്‍ വലിയവരുടേതു മാത്രമല്ല. അതിലൊന്നും പങ്കാളികളാവാതെ മാറിനില്‍ക്കുന്ന ചെറിയ, അപ്രസക്തരായ  അനേകം മനുഷ്യരിലും  അത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്നും  തിരിച്ചറിയേണ്ടതുണ്ട്.  എല്ലാ സംഭവങ്ങളുടെയും പുറത്ത് , ഓരങ്ങളില്‍ കഴിയുന്നവരുടെ ജീവിതത്തിലും ദേശത്തെ ഇളക്കി മറിച്ച സംഭവങ്ങളുടെ  പ്രതിഫലനം ഉണ്ടാവാം. ചിത്രങ്ങളില്‍ ഉള്‍പ്പെടാത്തവരും ചിലപ്പോള്‍ വലിയ രാഷ്ട്രീയ സംഭവങ്ങളെ സ്വജീവിതം കൊണ്ട് പകര്‍ത്തുന്നുണ്ടാവും. ഇതൊന്നും മനസ്സിലാക്കാതെയാണ് പലപ്പോഴും വലിയവര്‍ എന്ന് കരുതുന്നവര്‍ പെരുമാറാറ്. അതു കൊണ്ടാണ് ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ സിഖു ജനത കൂട്ടക്കൊലക്കിരയായപ്പോള്‍ 'വന്‍ മരങ്ങള്‍ വീഴുമ്പോള്‍' അങ്ങിനെയുണ്ടാവുമെന്ന് വലിയവര്‍ പറഞ്ഞത്.
 ടി.വി ചന്ദ്രന്റെ ചില സിനിമകള്‍ ഇതിന്റെ രാഷ്ട്രീയ പ്രയോഗങ്ങള്‍ കൂടിയാണ്. രാജ്യത്തെ മാറ്റി മറിച്ച സംഭവങ്ങള്‍ അതുമായി ഒരു ബന്ധവുമില്ലാത്ത സാധാരണ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ രാഷ്ട്രീയ വായനകളാണ് അവയില്‍ പലതും.  ഡാനി പോലുള്ള സിനിമകള്‍ ഉദാഹരണം. ഇനി വരാനിരിക്കുന്ന ബാബു ജനാര്‍ഥനന്റെ 'ബോംബെ' എന്ന സിനിമ ബോംബെ കലാപം രണ്ട് സാധാരണ മനുഷ്യരില്‍ ഉണ്ടാക്കിയ കടലിളക്കങ്ങളുടെ കഥയാണെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.
അതിനാല്‍ ചില കാര്യങ്ങള്‍ നമുക്ക് തിരുത്തേണ്ടിയിരിക്കുന്നു. ചില ധാരണകള്‍. ചില വിശ്വാസങ്ങള്‍. ഒന്നും ആരുടേതുമല്ല. ആരും അപ്രസക്തരുമല്ല. ഭൂമിയില്‍ ഒരു തളിരില നുള്ളുമ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം ഉലയുന്നു എന്നത് പോലെ ഓരോ ആളും ചേര്‍ന്ന സിംഫണി, ജീവിതം.

Thursday, April 7, 2011

അണ്ണാ ഹസാരേ മൂത്താല്‍ ഗാന്ധിജി ആവുമോ

യോജിപ്പിനൊപ്പം ചില വിയോജിപ്പുകള്‍. പ്രക്ഷോഭത്തെക്കുറിച്ച് 
ചില ചോദ്യങ്ങള്‍. ചില സന്ദേഹങ്ങള്‍. 

അഴിമതിക്കെതിരെ വിപ്ലവകരമായ ഇടപെടലുകള്‍ സാധ്യമാക്കുന്ന ലോക്പാല്‍ ബില്‍  നടപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി ഇന്ദ്രപ്രസ്ഥത്തില്‍ അണ്ണാഹസാരേയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ഒരു ദിവസം കൂടി പിന്നിടുന്നു. സി.എന്‍.എന്‍-ഐ.ബി.എന്‍, എന്‍.ഡി.ടി.വി,ടൈംസ് നൌ തുടങ്ങിയ ചാനലുകളും ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളും സര്‍ക്കാറിതര സംഘടനകളും ഗാന്ധിയന്‍ കൂട്ടായ്മകളും പ്രൊഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയും  യുവജനങ്ങളുടെയും പല നിലക്കുള്ള സംഘടനകളും പ്രക്ഷോഭത്തിനു പൂര്‍ണ പിന്തുണയുമായി  രംഗത്തുണ്ട്.  ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ സമരത്തിന് അനുകൂലമായ വികാരം കത്തിപ്പടരുകയാണ്. വന്‍ നഗരങ്ങളില്‍ ഇതിനകം  പിന്തുണയുമായി പ്രകടനങ്ങളും റാലികളും നടന്നു. ഇന്ത്യയിലെ മറ്റനേകം സ്ഥലങ്ങളിലും യുവത്വത്തിന്റെ മുന്‍കൈയില്‍ അനേകം കൂടിച്ചേരലുകള്‍ നടക്കാനിരിക്കുകയാണ്
അണ്ണാഹസാരേ ഗാന്ധിയുടെ രണ്ടം വരവാണെന്നും പൂര്‍ണമായും ഗാന്ധിയനായ ഹസാരേയുടെ നേതൃത്വത്തില്‍ ടുണീഷ്യയിലും ഈജിപ്തിലും കൊടുങ്കാറ്റായ മുല്ലപ്പൂ വിപ്ലവത്തിന്റെ സമാന തരംഗങ്ങള്‍ ഇന്ത്യയിലും വരാന്‍ പോവുകയാണെന്നും മാധ്യമങ്ങള്‍ ആവേശത്തോടെ പറയുന്നു. അമീര്‍ ഖാനെപ്പോലുള്ള സിനിമാ താരങ്ങളും നിരവധി   എഴുത്തുകാരും  കലാകാരന്‍മാരും ഹസാരേയുടെ സമര വിജയത്തിനായി ഇതിനകം രംഗത്തു വന്നിട്ടുണ്ട്. ഐ.പി.എല്‍ ക്രിക്കറ്റിനിടെ ഗാലറികളില്‍ ഹസാരേക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തൊപ്പികളും ടീഷര്‍ട്ടുകളുമായി എത്തുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നു.  കേരളത്തിലും ഹസാരേയുടെ പിന്തുണക്ക് തെരുവില്‍ ഇറങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആവേശകരമായ നിരവധി ബ്ലോഗ് പോസ്റ്റുകള്‍ ഇതിനകം പിറന്നു കഴിഞ്ഞു.
ഇന്ത്യയിലാകെ ഹസാരേക്ക് അനുകൂലമായി ശക്തമായ കാറ്റ് വീശുന്നുവെന്ന് വ്യക്തം. ഫലവും ഉടന്‍ ഉണ്ടാവുന്നുണ്ട്.  സോണിയാ ഗാന്ധി അടക്കമുള്ള ഉന്നത നേതാക്കള്‍ ഹസാരേയെ ബന്ധപ്പെട്ടു. ആദ്യം ബില്‍ നടപ്പാക്കണമെന്നും അതിനു പൌരസമൂഹത്തിന്റെ മുന്‍കൈയില്‍ സമിതി രൂപവല്‍കരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഹസാരേയുടെ പ്രതിനിധികള്‍ ആവര്‍ത്തിച്ചു. സമിതിയുടെ അധ്യക്ഷനായി ഹസാരേ വരണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതിനകം തള്ളി. എന്നാല്‍, ബില്‍ കൊണ്ടു വരുന്നതിന് നടപടികള്‍ ആവാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരം സമരങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന അവസ്ഥയില്‍നിന്ന് സര്‍ക്കാര്‍ മാറിയെന്ന് .വ്യക്തം.  എന്നാല്‍, അനാവശ്യ പിടിവാശികളുടെ പുറത്ത് സമരം നീട്ടിക്കൊണ്ടുപോവുന്ന മണ്ടത്തത്തിലേക്കാണ് സര്‍ക്കാറിന്റെ പോക്ക്



ഗാന്ധിജി വീണ്ടും
വരുമ്പോള്‍
രണ്ടാം സ്വാതന്ത്യ്ര സമരത്തിന്റെ അന്തരീക്ഷം ഉരുത്തിരിഞ്ഞു വരുന്നുവെന്നും പുതിയ കാലത്തി ന്റെ സമരോപാധികളായ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം ഒന്നിക്കുന്ന, ഇന്ത്യ ഇതുവരെ കാണാത്ത പ്രക്ഷോഭം നടക്കാനിരിക്കുകയാണെന്നുമാണ് മാധ്യമങ്ങള്‍  നല്‍കുന്ന വിവരം. കക്ഷി രാഷ്ട്രീയത്തിന് വെളിയില്‍നില്‍ക്കുന്ന നിശബ്ദരായ വലിയൊരു ജനക്കൂട്ടം നീണ്ട നാളത്തെ മൌനം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് പ്രമുഖരായ ചില സാമൂഹിക ചിന്തകരുടെ വിലയിരുത്തല്‍
സമരം ഇതിനകം തന്നെ വന്‍ വിജയമായി കഴിഞ്ഞെന്നാണ് വാസ്തവം. ഇതിനു ലഭിക്കുന്ന ജനപിന്തുണയും മാധ്യമ പിന്തുണയും ഉടനടി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലേക്ക് സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്നതുമെല്ലാം വ്യക്തമാക്കുന്നത് അതാണ്. തെരുവു പ്രക്ഷോഭങ്ങളിലോ തെരഞ്ഞെടുപ്പുകളിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ പങ്കാളികളല്ലാതെ സ്വന്തം ലോകങ്ങളില്‍ കഴിഞ്ഞു കൂടുന്ന വലിയാരു വിഭാഗത്തെ ആവേശത്തിലേക്ക് ഉയര്‍ത്തുന്നതിന് സമരം സഹായകമായി എന്നത് തര്‍ക്കമില്ലാത്ത വസ്തുത. സിവില്‍ സൊസൈറ്റികളുടെ മുന്‍കൈയിലുള്ള പുതിയൊരു ജനകീയ മുന്നേറ്റത്തിന്റെ തുടക്കമാണ് ഇവ. അരാഷ്ട്രീയവാദ കേന്ദ്രങ്ങളായി മുദ്രകുത്തപ്പെട്ട നമ്മുടെ കാമ്പസുകളില്‍ നമുക്ക് ഇതുവരെ പരിചിതമല്ലാത്ത മറ്റൊരു രാഷ്ട്രീയം നിശബ്ദമായി വളരുന്നുവെന്നും ഇന്റര്‍നെറ്റ് അതിനുള്ള വേദിയാവുന്നുവെന്നും വിശകലനങ്ങള്‍ വ്യക്തമാക്കുന്നു.  ലോക്പാല്‍ ബില്‍ എന്ന ഒറ്റ ആവശ്യത്തില്‍നിന്നും മറ്റ് പലതിലേക്കും വളരാനുള്ള കൊടുങ്കാറ്റുകളുടെ വിത്തുകളാണ്  ഇത്തരം പ്രക്ഷോഭങ്ങളിലൂടെ വിതറപ്പെടുന്നതെന്നുമാണ് വിശകലനങ്ങള്‍
എന്നാല്‍, വികാരഭരിതമായ ഭാഷകളിലുള്ള ഇത്തരം വിലയിരുത്തലുകള്‍ മാത്രം മതിയോ ഇതുപോലുള്ള  പ്രക്ഷോഭങ്ങളുടെ ഫലപ്രാപ്തിയും ഭാവിയും മനസ്സിലാക്കാന്‍. പോരെന്നാണ് എനിക്കു തോന്നുന്നത്. വൈകാരികം ഒരു മോശം വാക്കായതു കൊണ്ടല്ല. മറിച്ച്, ഇന്ത്യന്‍ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും നിര്‍ധാരണം ചെയ്യാന്‍ ഇത്തരം എളുപ്പ വഴികള്‍ മതിയാവില്ലെന്നതു കൊണ്ടാണ് അത്തരം തോന്നല്

വിശകലനങ്ങളുടെ വഴികള്‍‍
മൂന്ന് രീതികളിലാണ് ഈ പ്രക്ഷോഭം വ്യാപകമായി  വിലയിരുത്തപ്പെടുന്നത്.   ഒന്ന്- ഗാന്ധിജിയുടെ രണ്ടാം വരവ് എന്ന നിലയില്‍. രണ്ട്-രാഷ്ട്രീയ കക്ഷികളുടെ നുകങ്ങളില്‍ പെടാത്ത അഭ്യസ്ഥവിദ്യരായ പുതിയ ഇന്ത്യന്‍ യുവത്വത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം എന്ന നിലയില്‍. മൂന്ന്- ഇന്റര്‍നെറ്റ് സംവാദങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന മുല്ലപ്പൂ രാഷ്ട്രീയത്തിന്റെ വകഭേദം എന്ന നിലയില്‍
ലോക്പാല്‍ ബില്ലിന്റെ ആവശ്യകതയെയും അണ്ണാഹസാരേയുടെ സമരത്തെയും പൂര്‍ണമായും പിന്തുണക്കുമ്പോഴും ചില ചോദ്യങ്ങള്‍, സന്ദേഹങ്ങള്‍ മനസ്സില്‍ അവശേഷിക്കുന്നുണ്ട്. ഇക്കാലമത്രയും ഇവിടെ ജീവിക്കുകയും ഇവിടത്തെ മാധ്യമ രാഷ്ട്രീയത്തെയും മധ്യവര്‍ഗ പൊതുബോധത്തെയും അറിയുകയും ചെയ്യുന്നതു കൊണ്ടുള്ള  ചില  ചോദ്യങ്ങള്‍
എന്തു കൊണ്ട് അണ്ണാഹസാരേ? എന്തുകൊണ്ട് അതിന് ഇത്ര മാത്രം സ്വീകാര്യത? ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി രാജ്യത്തുടനീളം നടക്കുന്ന പോരാട്ടങ്ങളെ തമസ്കരിക്കുന്ന മാധ്യമങ്ങള്‍ പൊടുന്നനെ സാമൂഹിക പ്രതിബദ്ധത തിരിച്ചറിഞ്ഞ് ഇതിന്റെ പതാകവാഹകരായി വന്നതെങ്ങിനെ. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഭരണകൂട ഭീകരത കത്തിപ്പടരുമ്പോഴും ഇറോം ശര്‍മിളയെപ്പോലൊരു പോരാളി ഇതേ നിരാഹാര സമരം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അനങ്ങാത്ത ഇന്ത്യന്‍ യുവതം ഇപ്പോള്‍ മാത്രം തീപ്പന്തമാവാന്‍  കാരണമെന്തായിരിക്കും. മാവോയിസ്റ്റുകളോടുള്ള യുദ്ധത്തിന്റെ പേരിലും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ദേശത്തിന്റെ മടിക്കുത്തഴിച്ചു കൊടുക്കുമ്പോഴും അതിനെതിരായ പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുമ്പോഴും ഉണരാത്തവര്‍ ഇപ്പോള്‍ മാത്രം  നെഞ്ചു വിരിക്കാന്‍ കാരണമെന്തായിരിക്കും. തീര്‍ച്ചയായും കാരണമുണ്ടാവും. ആ കാരണം എന്തെന്നതിന് അനുസരിച്ചായിരിക്കും വരുംകാലത്തിന്റെ പ്രക്ഷോഭ സ്വപ്നങ്ങള്‍
അഴിമതിക്കെതിരെ ആദ്യമായി നടക്കുന്ന പ്രക്ഷോഭമല്ല അണ്ണാ ഹസാരേയുടേത്. അണ്ണാ ഹസാരേയുടെ മുന്‍കൈയില്‍ നടക്കുന്ന ആദ്യ പ്രക്ഷോഭവുമല്ല ഇത്. ഭരണകൂടത്തിന്റെ ജനവിരുദ്ധതകള്‍ക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ നടക്കാറുള്ള പ്രക്ഷോഭങ്ങളൊന്നും ക്ലച്ച് പിടിക്കാറില്ലെന്ന് സമീപകാല ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്.  എന്നിട്ടും ഇത് കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുന്നത് എങ്ങിനെയാണ്. ഭരണകൂടം നിന്ന നില്‍പ്പില്‍ തീരുമാനങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വിധം ഇത് ശക്തമാവുന്നത് എന്തെന്ത് ചേരുവകളുടെ മിശ്രണം കൊണ്ടായിരിക്കും.  അഴിമതി എന്നത് എല്ലാ ഇന്ത്യക്കാരെയും ജാതി, വര്‍ണ, വര്‍ഗ,ഭാഷാ,വംശ വിശ്വാസങ്ങള്‍ക്ക് അതീതമായ  പ്രക്ഷോഭത്തിന് ഒന്നിപ്പിക്കുന്ന ഒരു പ്ലാറ്റുഫോം ആവുന്നത് എങ്ങിനെയാണ്

അഴിമതിയുടെ
അച്ഛനാര്?

അഴിമതിയില്‍ മുങ്ങിയതാണ്  ഇന്ത്യന്‍ ഭരണകൂടങ്ങള്‍ എന്ന് പൂര്‍ണമായി വിശ്വസിച്ചു കൊണ്ട് തന്നെ ചോദിക്കാം, സത്യത്തില്‍ രാഷ്ട്രീയക്കാര്‍ മാത്രമാണോ അഴിമതിക്കാര്‍. വന്‍കിട ബ്യൂറോക്രാറ്റുകള്‍, ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍,  കലാകാരന്‍മാര്‍, സിനിമാക്കാര്‍, പ്രൊഫഷണലുകള്‍, അധ്യാപകര്‍ തുടങ്ങിയവവരെല്ലാം അഴിമതി മുക്തമാണോ. അവരുടെ കുടുംബങ്ങളില്‍നിന്ന് വിദ്യാഭ്യാസത്തിലൂടെയും മറ്റ് ഉയര്‍ന്നു പൊങ്ങിയ തലമുറക്ക് അപ്പോള്‍, അഴിമതിയില്‍ ഒരു പങ്കാളിത്തവുമില്ലേ. ഇപ്പറയുന്ന മാധ്യമ പ്രവര്‍ത്തകരുടെ കാര്യമെന്താണ്.  നീരാറാഡിയ ടേപ്പില്‍ പരാമര്‍ശിച്ച അതേ മാധ്യമ രപവര്‍ത്തകരാണല്ലോ സദാചാര പ്രസംഗത്തിലൂടെ ആളെക്കൂട്ടുന്നത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടക്കുന്നുവെന്ന് ഉദ്ഘോഷിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളല്ലേ കോര്‍പ്പറേറ്റുകള്‍ക്കായി ഇന്ത്യന്‍ മാധ്യമ മടിക്കുത്തഴിച്ചു തുടങ്ങിയത്.  നമ്മുടെ സര്‍ക്കാറിതര സംഘടനകളുടെ കാര്യമെന്താണ്. വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ക്കു വേണ്ടി അവര്‍ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എത്രമാത്രം പണം വാരുന്ന ബിസിനസാണ് ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനം. പിന്നെ ഗാന്ധിയന്‍മാര്‍. നമ്മുടെ നാട്ടിലെ ഗാന്ധിയന്‍മാരെ നമുക്കറിയാം. പത്രത്തില്‍ പടം വരുന്നതിന് വേണ്ടി അവര്‍ തട്ടിക്കൂട്ടുന്ന കേപ്രായങ്ങളും. ഇത്തിരി കാശിനു വേണ്ടി എല്ലാ തോന്ന്യാസങ്ങള്‍ക്കും നേരെ കണ്ണടക്കാറുള്ള  അതേ  ഗാന്ധിയന്‍മാര്‍ക്ക് ഇപ്പോള്‍ മാത്രം സത്യസന്ധതയും ആത്മാര്‍ഥതയും വഴിഞ്ഞൊഴുകാന്‍ കാരണമെന്താവാം. (തീര്‍ച്ചയായും ഹസാരേയെ പോലെ, മേധാ പട്കറെ പോലെ, രാജ്യത്ത് അസംഖ്യം ജനകീയ പ്രക്ഷോഭങ്ങളില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന, ഇത്തരം അവകാശവാദങ്ങള്‍  കൊണ്ടു നടക്കാത്ത      .വലിയ മനുഷ്യരെ ഒഴിവാക്കിയാണ് ഗാന്ധിയന്‍ എന്ന ആ പദം ഉപയോഗിച്ചത്
പിന്നെ ഹസാരേ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്ന ലോക്പാല്‍ സമിതിയുടെ കാര്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്,) ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്ന രണ്ട് പേര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ലോക്പാല്‍.  നേരിട്ടറിയാമല്ലോ നമ്മുടെ ജഡ്ജിമാരുടെ കാര്യം. നാട്ടുകാരനായ ഒരു മുന്‍ ചീഫ് ജസ്റ്റിസിന്റെ അഴിമതിക്കഥകള്‍ പാട്ടായത് ഈയടുത്തല്ലേ. മറ്റനേകം ജഡ്ജിയങ്ങുന്നുമാര്‍ കാശിനു വിധിയെഴുതുന്നതിന്റെ എത്ര കഥകളാണ് ഈയിടെ പുറത്തു വന്നത്. സത്യസന്ധരായ ജഡ്മിമാര്‍ ഒരുപാട് അവശേഷിക്കുന്നുണ്ടാവാം. എന്നാല്‍, എക്സിക്യൂട്ടീവിന്റെ കാര്‍ക്കശ്യങ്ങള്‍ക്ക് വഴിപ്പെടുന്നവരാണ് അവരില്‍ പലരുമെന്നത് ഇക്കാലം കൊണ്ട് നമ്മള്‍ തിരിച്ചറിഞ്ഞതാണല്ലോ.  വ്യവസ്ഥകള്‍ക്ക് രൂപം നല്‍കുന്ന പൊതു സമിതിയില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം ന്യായമാണ്. എന്നാല്‍, അതു കൊണ്ടു മാത്രം 'മാവേലിരാജ്യം' വരുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്.
പുതുതലമുറ
പ്രക്ഷോഭങ്ങളുടെ
രാഷ്ട്രീയം
പിന്നെ, യുവത്വത്തിന്റെ സര്‍ഗാത്മക മുന്നേറ്റം. ജാതിയും വര്‍ഗങ്ങളും വര്‍ണവും മറ്റനേകം ഘടകങ്ങളാലും  വിഭജിക്കപ്പെടുന്ന  ഇന്ത്യന്‍ യുവത്വം എന്ന സംജ്ഞയെ ഏക രൂപമായി കാണാനാവില്ല. അഴിമതി പോലുള്ള ചില കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കാന്‍ കഴിയുമെങ്കിലും മറ്റ് കാര്യങ്ങളില്‍ ഈ സൈബര്‍ യുവത്വം പല തട്ടുകളില്‍ തന്നെയാണ്.ഫേസ്ബുക്കിലെയും ഗൂഗിള്‍ ബസിലെയും മറ്റും സംവാദങ്ങളുടെ രാഷ്ട്രീയം  ശ്രദ്ധിച്ചാല്‍ ഇതറിയാം.
 വന്‍ നഗരങ്ങളില്‍ ഇതിനു സമാനമായി ഈയടുത്തു നടന്ന ചില പ്രക്ഷോഭങ്ങള്‍ നമുക്ക് ഇതിനൊപ്പം ഓര്‍ക്കാവുന്നതാണ്. മുംബൈ ആക്രമണം നടന്ന ഉടന്‍ വിവിധ സര്‍ക്കാറിതര സംഘങ്ങളുടെയും ഇന്റര്‍നെറ്റ് കൂട്ടായ്മകളുടെയും മുന്‍കൈയില്‍ നടന്ന പ്രക്ഷോഭം 'യുദ്ധം, യുദ്ധ'മെന്ന് അലറി വിളിക്കുന്നതായിരുന്നു. കാര്യ കാരണങ്ങളോ അനന്തര ഫലങ്ങളോ ആലോചിക്കാത്ത വികാര പ്രകടനം. അതിനുമുമ്പ് ഇത്തരം വന്‍ മുന്നേറ്റം നടന്നത് സംവരണത്തിനെതിരായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വേണ്ടെന്ന് ആര്‍ത്ത് തെരുവുകളില്‍ ഇറങ്ങിയ യുവത്വം  സവര്‍ണതയുടെ യുദ്ധ പ്രഖ്യാപനം തന്നെയായിരുന്നു.
ഈ സമരങ്ങളുടെയല്ലാം രാഷ്ട്രീയം പരസ്പര ബന്ധിതമായിരുന്നു. അത് സവര്‍ണമായിരുന്നു. കീഴാള വിരുദ്ധമായിരുന്നു. സാധാരണക്കാരന്‍െ ജീവിതവും  മനസും വായിക്കാനറിയാത്ത മധ്യ വര്‍ഗ, ഉപരിവര്‍ഗ രാഷ്ട്രീയമായിരുന്നു അതില്‍ മുന്നിട്ടു നിന്നത്. ഈ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അന്ന് നടന്ന ചാനല്‍ സംവാദങ്ങളും  പില്‍ക്കാലത്തുണ്ടയ പഠനങ്ങളും  ഇക്കാര്യം അക്കമിട്ടു വ്യക്തമാക്കിയിട്ടുണ്ട്.
അതിനാല്‍, അണ്ണാ ഹസാരെയെയും അദ്ദേഹം മുന്നോട്ടു വെക്കുന്ന ആശയങ്ങളെയും പിന്തുണക്കുമ്പോള്‍ തന്നെ ആ സന്ദര്‍ഭം മറ്റൊരു  ജാസ്മിന്‍ വിപ്ലവവും ഇന്ത്യന്‍ യുവത്വത്തിന്റെ പുത്തന്‍ വിപ്ലവവും ആയി ഏറ്റെടുക്കാനുള്ള ശ്രമങ്ങളെ സംശയത്തോടെ കാണാതിരിക്കാനാവില്ല. അതിവൈകാരികത കലര്‍ന്ന മാധ്യമ വിശകലനങ്ങളും ഇന്റര്‍നെറ്റ് സംവാദങ്ങളും മാത്രം മതിയാവില്ല ഇത്തരം സന്ദര്‍ഭങ്ങള്‍ മനസ്സിലാക്കാന്‍.

വാല്‍ക്കഷണം - ഇതെഴുതുമ്പോള്‍ ബസില്‍ ഒരു നിര്‍ദേശം കണ്ടു. ബ്ലോഗ് അക്കാദമി അടക്കമുള്ള കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകള്‍ക്കോ പ്രസ്ക്ലബുകള്‍ക്കോ മുന്നില്‍ പ്രകടനങ്ങള്‍  നടത്തണമെന്ന്.   പ്രകടനം നടത്താന്‍ പ്രസ്ക്ലബിനു മുന്‍വശം തന്നെ വേണമെന്ന് പറയാന്‍ കാര്യമെന്തായിരിക്കും.


Tuesday, April 5, 2011

ഒരുവള്‍ നിശ്ശബ്ദയാവുന്നതിന്റെ വഴിക്കണക്കുകള്‍


നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി നിശ്ശബ്ദതയില്‍
തളംകെട്ടിയതിന്റെ നാള്‍വഴിക്കണക്കുകള്‍. സൌഹൃദവും കാമ്പസും
നിറയുന്ന ഓര്‍മ്മപ്പുസ്തകത്തിലെ വേദനകളുടെ ഒരു താള്‍.

കാമ്പസിന്റെ നെഞ്ചിലേക്ക്  മുദ്രാവാക്യങ്ങള്‍ പറന്ന  സമരനാളുകളിലൊന്നാണ് അവള്‍  ഞങ്ങളുടെ കൂട്ടത്തിലേക്കു വരുന്നത്. ഡിപ്പാര്‍ട്മെന്റിന്റെ ആവശ്യങ്ങള്‍ക്കായുള്ള സമരമായിരുന്നു. പുതിയ ബാച്ചിലെ കുട്ടികള്‍ വന്നയുടന്‍ അവരുമതില്‍ സജീവമായി. അവരുടെ കൂട്ടത്തില്‍ ഏറ്റവും നന്നായി സംസാരിക്കുന്ന ഒരാളെന്ന നിലയിലാണ്  അവള്‍  ഞങ്ങളുടെ കൂട്ടത്തിലേക്കു വരുന്നത്.  മറ്റ് ക്ലാസുകളില്‍ കാംപെയിന്‍ നടത്തി സമരത്തിന്റെ ആവശ്യകത അറിയിക്കാനും പൊതു ചടങ്ങുകളില്‍ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കാനും അവള്‍ക്കായി.  ജൂനിയര്‍ എന്ന അദൃശ്യ കവചം ഒറ്റയടിക്ക് ഭേദിച്ച് പൊടുന്നനെ അവള്‍ സമര സമിതിയില്‍ സജീവമായി.
സമരം അതിന്റെ വഴിക്കു പോയി. വിജയമെന്നു പറയാവുന്ന ഒരവസ്ഥ വന്നു പെട്ടപ്പോള്‍ സമരം തീര്‍ന്നു.  വീണ്ടും പതിവു കാമ്പസ് പകലുകള്‍. ക്ലാസ് മുറികള്‍. പുറത്തെ വെടിവട്ടങ്ങള്‍. അതിനിടെ, സ്വാഭാവികമെന്നോണം സമരത്തിനു നേതൃത്വം നല്‍കിയ ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന  കൂട്ടത്തിലേക്ക് അവള്‍ വന്നു. ഒരൊറ്റ ദിവസം കൊണ്ട് വര്‍ഷങ്ങളായി പരിചയമുള്ള ഒരാളെപ്പോലെയായി അവള്‍.
മറ്റ് ജൂനിയേഴ്സ് ഒന്നും സജീവമാവാത്ത തുടക്കനാളുകളില്‍   രണ്ടാം വര്‍ഷക്കാരായ ഞങ്ങളുടെ കൂട്ടത്തില്‍ അവള്‍ സജീവമായത് പലരെയും ചൊടിപ്പിച്ചു. ഒരു പുച്ഛച്ചിരിയില്‍ ഞങ്ങളത് പറത്തിക്കളഞ്ഞു.
ഒന്നാം വര്‍ഷക്കാര്‍ക്ക് കോളജ് ഹോസ്റ്റലില്‍ ഇടമില്ലാത്തതിനാല്‍ കടലിനടുത്ത് കന്യാസ്ത്രീകള്‍ നടത്തുന്ന ഹോസ്റ്റലിലായിരുന്നു അവളുടെ താമസം. രാവിലെ ക്ലാസിലെത്തും. ഇടവേളകളില്‍ ഞങ്ങള്‍ക്കൊപ്പം ചുറ്റിത്തിരിയും. ഇഷ്ട വിഷയങ്ങള്‍ സമാനമായതിനാല്‍ അവള്‍ക്കുമേറെ പറയാനുണ്ടായിരുന്നു. 
ഒരു ദിവസം അവള്‍ രോഷത്തോടെ പറഞ്ഞു - 'മെത്രാന്റെ അരമന കത്തിക്കേണ്ട കാലം കഴിഞ്ഞു. എന്തൊരു തട്ടിപ്പാണവിടെ. ഹോസ്റ്റലിന്റെ പേരില്‍ പാവപ്പെട്ട കുട്ടികളെ അപമാനിക്കുകയാണ് കന്യാസ്ത്രീകള് '.
ആ സ്വരത്തില്‍ അപാരമായ രോഷവും ഊര്‍ജവുമുണ്ടായിരുന്നു. ഹോസ്റ്റലില്‍ പാവപ്പെട്ട വീടുകളില്‍നിന്നു വരുന്ന കുട്ടികളോടു കാണിക്കുന്ന പക്ഷഭേദത്തെ ചൊല്ലിയായിരുന്നു  രോഷം. ആ സ്വരത്തിലെ സത്യസന്ധത പൊടുന്നനെ അവളാരെന്ന് വെളിപ്പെടുത്തി. കൂട്ടത്തിലേക്ക് പൂര്‍ണമായും അവള്‍ ജ്ഞാനസ്നാനം ചെയ്തു.
അജിതയുടെ ആത്മകഥയും,കോളജിന്റെ നക്സല്‍ പാരമ്പര്യത്തെക്കുറിച്ച അറിവുകളുമെല്ലാം ചേര്‍ന്ന്  പുതുമുറക്കാരായ ഞങ്ങളില്‍  സഹജമായ ചില ഇളക്കങ്ങള്‍ വന്നു പെട്ട നാളുകളായിരുന്നു അത്. വിപ്ലവത്തെക്കുറിച്ചും ചെഗുവേരയെക്കുറിച്ചും  അത്തരം വിഷയങ്ങള്‍ വരുന്ന പുസ്തകങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ വാചാലരായി. എന്നാല്‍, കൈ മുറിഞ്ഞാല്‍ തല കറങ്ങി വീഴുന്നവരായിരുന്നു  വിപ്ലവകാരികളായ ഞങ്ങള്‍!.
കോഴിക്കോടിനടുത്ത മാവൂരില്‍ ബിര്‍ല കമ്പനി നടത്തുന്ന വിഷമലിനീകരണത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം അന്ത്യഘട്ടത്തില്‍ എത്തിയ കാലമായിരുന്നു അത്.  ചോര തിളക്കലുകളുടെ പകലുകളിലൊന്നില്‍ ഏറെ ദൂരെയുള്ള മാവൂരില്‍ പോവാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. എന്നാല്‍, എന്തു കൊണ്ടോ ആ യാത്ര നടന്നില്ല.
സമാനമായ അനേകം കാര്യങ്ങളുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. എഴുത്തും വായനയും. വായനയിലൂടെ കൊടിയ ഏകാന്തത മറികടന്ന ചെറുപ്പം.  സിനിമ, രാഷ്ട്രീയം, കമ്യൂണിസം, സംഗീതം എന്നിങ്ങനെ പല ഇഷ്ടങ്ങള്‍. വ്യത്യസ്തമായിരുന്നു ഞങ്ങളുടെ ചുറ്റു പാടുകള്‍. എങ്കിലും പൊരുതി നില്‍ക്കലിന്റേതായ എന്തൊക്കെയോ ഘടകങ്ങള്‍ അവയിലുണ്ടായിരുന്നു. ഇത്തരം അനേകം താല്‍പര്യങ്ങളുടെ സമാന പരിസരങ്ങള്‍ ഞങ്ങളെ  അടുപ്പിച്ചു.

രണ്ട്


ഇങ്ങിനെ അനേകം സംഭവങ്ങള്‍. സത്യത്തില്‍ പഴയ അവളെക്കുറിച്ച് പറയാനായിരുന്നില്ല ഇതെഴുതി തുടങ്ങിയത്. പുതിയ അവളെക്കുറിച്ച് പറയാനാണ്. എന്നാല്‍, പറഞ്ഞുപറഞ്ഞ് ഓര്‍മ്മകളുടെയും വിശേഷണങ്ങളുടെയും  കപ്പല്‍ ചാലിലേക്ക് വാക്കുകള്‍ ഒഴുകിപ്പോയി. ആത്മകഥപോലെ നീണ്ടു പോവുന്ന ഈ തീവണ്ടി മുറികളെ പോസ്റ്റിന്റെ ഇത്തിരി പാളങ്ങളിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.
അതിനാല്‍, കഥ ചുരുക്കത്തില്‍ എന്ന മട്ടില്‍ ബാക്കി ഇങ്ങിനെ പറയാം.
കാമ്പസ് കാലം കഴിഞ്ഞ് ഞങ്ങളെല്ലാം പല കരകളില്‍ അടിഞ്ഞു.ഒരു വര്‍ഷം ജൂനിയര്‍ ആയതിനാല്‍ ജോലിയിലേക്ക് തിരിയാന്‍ അവള്‍ പിന്നെയും കാലമെടുത്തു. ജോലികളും സ്ഥലം മാറ്റങ്ങളും അലച്ചിലുകളും ഓരോരുത്തരെയും സ്വന്തം കൂടുകളില്‍ അടച്ചിട്ടു. പിന്നെ വിവാഹങ്ങള്‍. കുടുംബം. മൊബൈല്‍ ഫോണുകളും സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളും ഇ മെയിലും വൈകാതെ ഒപ്പമെത്തി. 
അവള്‍ പ്രിയപ്പെട്ട ആ പ്രൊഫഷനിലേക്കു തന്നെയെത്തി.  അധ്യാപനം. ഇഷ്ടപ്പെട്ട കോളജില്‍ ഇഷ്ടപ്പെട്ട ജോലി. പിന്നെ വന്നു, വിവാഹം. അയാള്‍ വിദേശത്ത് എഞ്ചിനീയര്‍. നാട്ടുകാരന്‍. ഒരേ സഭക്കാരന്‍.  കള്ളുകുടിയില്ല. പുകവലിയില്ല. മറ്റ് പ്രശ്നങ്ങളില്ല. സൌമ്യന്‍. ഈശ്വര വിശ്വാസി. എന്നാല്‍, അധികം ആരോടും മിണ്ടില്ല .ഉറ്റ  സൌഹൃദങ്ങളില്ല. മൊത്തത്തില്‍  ഒഴിഞ്ഞു മാറി നടക്കുന്ന ഒരു പ്രകൃതം.
കുടുംബങ്ങളായിരുന്നു ആദ്യം യോജിച്ചത്. അവര്‍  വിവാഹം തീരുമാനിച്ചു. അവള്‍ക്കും താല്‍പര്യമായിരുന്നു. അയാളെക്കുറിച്ച് പറയുമ്പോള്‍ അവള്‍ ഇത്തിരി ഇളകുന്നതായി കണ്ടെത്തി ഞങ്ങള്‍ കഥയിറക്കി.
അങ്ങിനെ വിവാഹം. പല കരകളില്‍നിന്ന് ഞങ്ങള്‍ പറന്നിറങ്ങി. ചിലര്‍ക്കൊപ്പം കുടുംബം. കുഞ്ഞുങ്ങള്‍. അയാളെ പരിചയപ്പെട്ടു. സുമുഖന്‍. അധികം സംസാരിക്കില്ലെന്ന് ഒറ്റ നോട്ടത്തില്‍ തോന്നി. ചിരി കളിയുടെ പകലിനൊടുവില്‍ അവളോടു യാത്ര പറഞ്ഞ് എല്ലാവരും പിരിഞ്ഞു. 
രണ്ടു നാള്‍ കഴിഞ്ഞ് തിരിച്ചുപോക്കിന്റെ തിരക്കുകള്‍ക്കിടെ അവളുടെ കോള്‍.'എന്താടീ, ഞാന്‍ പോവാന്‍ നോക്ക്വാണ്'.
ഫോണിന്റെ മറുതലയ്ക്കല്‍ വല്ലാത്ത വിങ്ങല്‍. അതു പതിയെ കരച്ചിലായി.
 'എടാ, ഒന്നും ശരിയാവുന്നില്ല. അയാള്‍ ആരോടും മിണ്ടില്ല. ഞാനും അങ്ങിനെയാവണമെന്നാണ് അയാളുടെ നിര്‍ബന്ധം. വീട്ടുകാരോടു പോലും ഞാന്‍ മിണ്ടുന്നത് അങ്ങേര്‍ക്ക് പിടിക്കില്ല '
അന്തം വിട്ടുപോയി. അവള്‍ കരയുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളുടെ കടലിളക്കങ്ങളെല്ലാം ഉറപ്പിച്ചു നിര്‍ത്തുന്ന ആളാണവള്‍. കൂട്ടത്തില്‍ ഏറ്റവും ബോള്‍ഡ്. എന്ത് പറയണമെന്നറിയാതെ വാക്കുകള്‍ ഇടറി. എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു.  അവള്‍ ഫോണ്‍വെച്ചു. അറ്റമില്ലാത്ത സങ്കടം വന്നു മൂടുന്നതിനിടെ കൂട്ടുകാരെ വിളിച്ചു. ഇറക്കിവെക്കാന്‍ അത്താണിയില്ലാത്ത സങ്കടനേരം ഞങ്ങള്‍ക്കിടയില്‍ കൊടുങ്കാററു പോലെ വീശിയടിച്ചു. ബന്ധം ഒഴിവാക്കുന്നതാണു നല്ലതെന്ന് അഭിപ്രായമുയര്‍ന്നു. കൂട്ടുകാരിലൊരാള്‍ അവളെ വിളിച്ചു. വീട്ടുകാരുടെ മാനാഭിമാനവുമായി കണ്ണി ചേര്‍ക്കപ്പെട്ടതിനാല്‍ മറ്റ് നിര്‍വാഹമില്ലെന്നായിരുന്നു അവളുടെ പ്രതികരണം.
പിന്നെ അവള്‍ വിളിച്ചിട്ടില്ല. ആരെയും. അവളെ വിളിക്കാനും കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ നിര്‍ജീവമായി. കോളജ് ഓഫീസിലെ ഫോണിലും അവളെ കിട്ടിയില്ല. അയച്ച ഇ മെയിലുകള്‍ക്കൊന്നും മറുപടി ഉണ്ടായില്ല. സോഷ്യല്‍ സൈറ്റിലും അവളെ കണ്ടില്ല.
ലീവെടുത്ത് അവള്‍ വിദേശത്തേക്കു പോയെന്നും വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവളുടെ അമ്മ പറഞ്ഞു. അവള്‍ ഇപ്പോള്‍ ആരോടും മിണ്ടാറില്ലെന്നും എന്നാല്‍, അവള്‍ സന്തുഷ്ടയാണെന്നും അമ്മ പറഞ്ഞപ്പോള്‍ അവളുടെ യഥാര്‍ഥ അവസ്ഥ പറഞ്ഞു ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവള്‍ പൂര്‍ണ സന്തോഷത്തിലാണെന്നും അയാളെ വെറുപ്പിക്കാതിരിക്കാന്‍ അവള്‍ ഇത്തിരി മാറി എന്നു മാത്രമേ ഉള്ളൂ എന്നും അമ്മ ഉറപ്പിച്ചു പറഞ്ഞു.

  മൂന്ന്

കുറേ വര്‍ഷങ്ങളായി. അവളിപ്പോള്‍ ഞങ്ങളുടെ സംസാരങ്ങളില്‍ പതിവുകാരിയല്ല. എല്ലാവരും ബോധപൂര്‍വം അവളെ സംസാരത്തില്‍  നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അവളെക്കുറിച്ച് എന്ത് പറഞ്ഞാലും അറ്റമില്ലാത്ത സങ്കടക്കടല്‍ വന്നു മൂടുന്നത് പതിവായപ്പോള്‍ സഹജമായി വന്ന മാറ്റം. അവള്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ല. വീട്ടിലെ ഫോണ്‍നമ്പര്‍ മാറിയതിനാല്‍ ബന്ധപ്പെടാനും വഴിയില്ല. ഞങ്ങളുടെ കൂട്ട് അവള്‍ക്ക് കൂടുതല്‍ ബാധ്യതയാവുമെന്ന് കണ്ട് എല്ലാവരും ഒഴിഞ്ഞൊഴിഞ്ഞു നിന്നതിന്റെ ഫലം.
ബാക്കി എല്ലാവരും ഇപ്പോഴും പഴയപോലെയുണ്ട്. എല്ലാ തിരക്കുകള്‍ക്കിടയിലും വര്‍ഷം തോറും ഞങ്ങള്‍ ഒന്നിച്ചു കൂടാറുണ്ട്. അവളുടെ വിശേഷങ്ങള്‍ പരമാവധി പറയാതെ  പിരിയും. 
എന്തായിരിക്കും അവളുടെ സ്ഥിതി? എങ്കിലും എല്ലാവരുടെയും മനസ്സില്‍ ആ ചോദ്യമുണ്ട്. സങ്കല്‍പ്പിക്കാനാവും നിശ്ശബ്ദതയുടെ മുള്‍ക്കാടുകളില്‍ അവളുടെ ജീവിതം.  ഒച്ചയനക്കം കെട്ട തെരുവു പോലെ അവളുടെ വാക്കുകള്‍.  ഉള്ളിലെ കവിതകള്‍. ഒരുപക്ഷേ, അവളിപ്പോള്‍ എല്ലാത്തിനോടും പൊരുത്തപ്പെട്ടു കാണും. മിണ്ടാതെ മിണ്ടാതെ നിശ്ശബ്ദയായ ഒരാളായി മാറിക്കഴിഞ്ഞിരിക്കും. മൌനം മേല്‍ക്കൂരയും ചുവരുകളുമായൊരു  വീട്ടില്‍ അവളിപ്പോള്‍ സന്തോഷം അനുഭവിക്കുന്നുണ്ടാവും.
ജീവിതം ബലമായി അടച്ചുകളഞ്ഞ ശബ്ദങ്ങളെ നിശ്ശബ്ദതയുടെ കവിതകളാല്‍  അവളുടെ മൌനം ആവിഷ്കരിക്കുന്നുണ്ടാവണം.


Friday, April 1, 2011

ഒറ്റ മുറിയുടെ ഭൂഖണ്ഡം


സ്വന്തം മുറിയെക്കുറിച്ച് ചില വിചാരങ്ങള്‍. ഇല്ലാതാവുന്ന മുറികളുടെ മുറിവുകള്‍. ഉള്ളില്‍ കൊണ്ടു നടക്കുന്ന ചില മുറികളുടെ
ഓര്‍മ്മക്കുറിപ്പുകള്‍


ഒന്ന്
യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ പോയി. കഴിഞ്ഞ വര്‍ഷം. ജോലിയുടെ ഭാഗമായ യാത്രയുടെ തിരക്കുകള്‍ക്കിടെ വീണു കിട്ടിയൊരു ഇട നേരത്ത്. അതേ ഹോസ്റ്റല്‍. കാറ്റുപോലെ ശബ്ദങ്ങള്‍.  ടിവി മുറിയില്‍ നിന്ന് ക്രിക്കറ്റിനൊപ്പം പ്രസരിപ്പിക്കുന്ന ആരവങ്ങള്‍. അതേ ഗോവണി. അതേ മഞ്ഞ നിറം.
കാലുകള്‍ രണ്ടാം നിലയില്‍ ഇടത്തേ അറ്റത്തെ വിശാലമായ ഇടനാഴിയിലൂടെ ചലിച്ചു. അത്ര മേല്‍ സ്വാഭാവികമായി ആ മുറിയുടെ മുന്നില്‍ ചെന്നു നിന്നു. മുറിയുടെ വാതിലിനു മുകളില്‍ വലിയ അക്ഷരത്തില്‍ "വെയില്‍" എന്ന് ചുവപ്പു നിറത്തില്‍ എഴുതിയിട്ടുണ്ട്. പണ്ട് ഞാനിട്ട അതേ പേര് മറ്റാരോ തുടരുന്നു.
വാതിലില്‍ മുട്ടി. കുറ്റിത്താടിയും വട്ടക്കണ്ണടയുമുള്ള നീണ്ടു മെലിഞ്ഞ ചെറുപ്പക്കാരന്‍ വാതില്‍ തുറന്നു. അപരിചിതത്വം വകവെക്കാതെ അകത്തേക്കു ചെന്നു. "പണ്ട് ഇതെന്റെ മുറിയായിരുന്നു"^പരിചയപ്പെടുത്തിയപ്പോള്‍ ചെറുപ്പക്കാരന്റെ കണ്ണുകള്‍ സൌഹാര്‍ദത്തോടെ വന്നു മുട്ടി. ചെറു ചിരിയോടെ അവന്‍ ഇരിക്കാന്‍ പറഞ്ഞു.
 പേരു പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു. "കേട്ടിട്ടുണ്ട്".
ഹോസ്റ്റലിലെ പല തലമുറകള്‍ കടന്ന് പ്രവഹിക്കുന്ന നിറം പിടിപ്പിച്ച കഥകള്‍ അവന്‍ കേട്ടുകാണണം. ഞാന്‍ ചെല്ലുമ്പോഴും കേട്ടിരുന്നു, കടന്നു പോയവരുടെ വീര കഥകള്‍. പുതിയ കഥയില്‍ ഞാനൊക്കെ കഥാപാത്രമായിരിക്കണം.
മുറി അതേ പടി. ജാലകത്തിനരികെ  മേശപ്പുറത്ത് നിരത്തിയിട്ട പുസ്തകങ്ങള്‍. ചുവരില്‍, വായിച്ച പുസ്തകങ്ങളില്‍നിന്ന് ഉള്ളിലേക്കു വന്ന ഏതോക്കെയോ ഉദ്ധരണികള്‍. കവിതകള്‍. ചിത്രങ്ങള്‍. മേശക്കരികെ, പരീക്ഷക്കായുള്ള ഒരുക്കങ്ങളുടെ  ശേഷിപ്പുകള്‍. ആ മേശയിലിരുന്നാല്‍ ഗേറ്റിനപ്പുറത്തെ റബര്‍ തോട്ടം കാണാം. മുറിയോടു ചേര്‍ന്ന് പുറത്ത് പന്തലിച്ച വലിയ മരത്തിന്റെ ഒരു ചില്ല ജനലിനോടു ഉരുമ്മി നില്‍ക്കുന്നു.
പെട്ടെന്ന് തന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി. എന്റെ അതേ ക്ലാസിലാണ് അവനും. ഒരു പക്ഷേ, ഞാനിരുന്ന അതേ കസേരയിലാവും. പറഞ്ഞു വന്നപ്പോള്‍, വിശേഷങ്ങളേറെ. ഞങ്ങളുടെ ബാച്ചിലെ പലരെയും കുറിച്ച കഥകള്‍ അവനറിയാം. അവരെക്കുറിച്ചൊക്കെയായി അവന്റെ ചോദ്യങ്ങള്‍. അതങ്ങിനെ നീണ്ടു.
ചുവരിലെ ലിഖിതങ്ങള്‍ വായിച്ചെടുക്കുകയായിരുന്നു ഞാന്‍. പല നേരങ്ങളിലെ തോന്നലുകള്‍ അക്ഷരങ്ങളായി ചുവരില്‍. കവിതകള്‍. ഉദ്ധരണികള്‍. ആത്മാവ് കടഞ്ഞ  ഏതോ പ്രണയത്തില്‍നിന്ന് നാടു കടത്തപ്പെട്ടവനാണ് അവനെന്നു തോന്നി. നഷ്ടപ്പെട്ട സ്വപ്നങ്ങളെക്കുറിച്ച അനേകം വരികള്‍ ചുവരില്‍. പ്രണയത്തിന്റെ കപ്പല്‍ച്ചേതങ്ങള്‍.
ഏറെ സമയം അവിടെ ഇരിക്കാനുണ്ടായിരുന്നില്ല, മെല്ലെ എഴുന്നേറ്റു.
"മുറി അതേ പോലെയുണ്ട്. പണ്ടത്തെ അതേ പ്രാന്ത്. നമ്മളൊക്കെ ഏതാണ്ട് ഒരേ പോലെ തന്നെയാണ്"-വെറുതെ അവനോടു പറഞ്ഞു.
"ഞാന്‍ വരുമ്പോഴും ഇത് ഇങ്ങിനെ തന്നെയായിരുന്നു"-അവന്‍ മറുപടി പറഞ്ഞു. മുറയില്‍നിന്നിറങ്ങി താഴത്തെ നിലയിലേക്ക് നടക്കുമ്പോള്‍ അപരിചിതരായ അനേകം പേരെ കണ്ടു. പുതിയ തലമുറ. അവരുടെ ചെവികളിലെല്ലാം മൊബൈല്‍ ഫോണുകള്‍. ഒരു പക്ഷേ, അതൊക്കെയാവാം പ്രധാന മാറ്റങ്ങള്‍.

രണ്ട്
ഹോസ്റ്റലില്‍നിന്ന് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ആ മുറിയായിരുന്നു. അതിന്റെ പുരാതനമായ ശാന്തി. ഏത് ഭൂമി കുലുക്കങ്ങളിലും അഭയമേകിയ അതിന്റെ സാന്ത്വനം. എവിടെ ചെന്നാലും ആ മുറിയിലേക്ക് തിരിച്ചെത്തണമായിരുന്നു.  വാതിലടച്ച് അതിനകത്തായാല്‍  കാര്യങ്ങളൊക്കെ നേര്‍വഴിക്കാവും. 
എല്ലാവര്‍ക്കുമുണ്ടാവും ഇതു പോലൊരു മുറി. വിര്‍ജീനിയ വൂള്‍ഫ് പറഞ്ഞ "എ റൂം ഓഫ് വണ്‍സ് ഓണ്‍".  കാമ്പസ് കാലത്തു മാത്രമല്ല, എല്ലാ കാലത്തേക്കും നമുക്ക് മാത്രമായ ഒരിടം. കടലിളക്കങ്ങളില്‍നിന്ന് കയറി നില്‍ക്കാന്‍ ഒരിടം.  നമ്മുടെതു മാത്രമായ മഴയും വെയിലും മഞ്ഞുകാലവും അറിയാനും കാത്തു വെക്കാനുമുള്ള ഒരിടം. ഉറങ്ങാനുള്ള സ്ഥലം മാത്രമല്ല അത്. സ്വപ്നം കാണാന്‍, സങ്കടപ്പെടാന്‍, നമ്മുടേതു മാത്രമായ രഹസ്യങ്ങളില്‍ ഊഞ്ഞാലാടാന്‍ ഇടമുള്ള തുരുത്ത്.  അവിടെ നമുക്ക് ആരെയും ഗൌനിക്കാനില്ല. ആരുടെ ഇടപെടലുമില്ലാതെ സ്വയം അറിയാനും കാത്തു വെക്കാനുമുള്ള സാധ്യത സദാ നമ്മുടെ മുന്നില്‍.
അക്ഷരാര്‍ഥത്തിലുള്ള മുറി തന്നെ വേണമെന്നില്ല ആ ഇടം സഫലമാക്കാന്‍. ആള്‍ക്കൂട്ടത്തില്‍നിന്ന് മറഞ്ഞിരിക്കാന്‍ സ്വന്തം ഉള്ളകത്ത് തുറക്കുന്ന നമ്മുടേതു മാത്രമായ ഇടവുമാവാം അത്. പൂട്ടും വാതിലുകളുമില്ലാതെ മനസ്സില്‍ നാം ബാക്കി നിര്‍ത്തുന്ന സ്വപ്നസ്ഥലി. അങ്ങിനെയൊരു ഇടമില്ലാതെ നമ്മളിലാര്‍ക്കാണ് ജീവിതം അലക്കിത്തോര്‍ത്തിയ വികാരങ്ങളെ  തിരിച്ചു പിടിക്കാനാവുക.

മൂന്ന്
കാമ്പസ് കാലത്ത് ഹോസ്റ്റല്‍ മുറികളിലും വാടക വീടുകളില്‍ കഷ്ടപ്പെട്ട് സ്വന്തമാക്കിയ മുറികളിലുമായിരുന്നു പൊറുതി. ഒറ്റക്കൊരു മുറി അത്യാവശ്യമായിരുന്നു. ബിരുദ പഠന കാലത്ത് മുറിയില്‍ രണ്ട് പേരുണ്ടായിരുന്നു. സഹമുറിയന്‍ വീട്ടിലേക്കു പോവുന്ന അപൂര്‍വം ദിവസങ്ങള്‍ ഉല്‍സവങ്ങളായിരുന്നു. സ്വന്തം മുറിയുടെ അധികാര പരിധിയില്‍ ആറാടി കൊതിമാറില്ല. അവധി കഴിഞ്ഞ് സുഹൃത്ത് തിരിച്ചെത്തുക, തിമിര്‍ത്ത് മറിച്ചിട്ട മുറിയുടെ കരിമ്പിന്‍ തോട്ടത്തിലേക്കായിരിക്കും.
ബിരുദാനന്തരം ചെന്നെത്തിയ സര്‍വകലാശാല ഹോസ്റ്റലില്‍ ഓരോരുത്തര്‍ക്കും ഓരോ മുറിയുണ്ടായിരുന്നു.  ചെന്നയുടന്‍ മുറിക്ക് പേരിട്ടു. 'വെയില്‍'. പഴയ വാടക വീടിനിട്ട പേര്. മുന്‍ഗാമി ബാക്കി വെച്ച പുസ്തകങ്ങളും കടലാസു കഷണങ്ങളും പുറത്തേക്കു കളഞ്ഞ് മുറി പൂര്‍ണമായും സ്വന്തമാക്കി. കട്ടിലും മേശയും സ്ഥാനം മാറ്റി. ചെറിയ ഷെല്‍ഫില്‍ പുസ്തകങ്ങള്‍ നിരത്തി വെച്ചു. പിന്നെ വന്നു, വാക്കുകളില്‍ തീയുള്ള വര്‍ഷങ്ങള്‍. കാമ്പസിന്റെ ഒഴുക്കില്‍ പല കരകളിലേക്ക് പ്രവഹിക്കുമ്പോഴും രാത്രി ഭദ്രമായി മുറിയുടെ സുരക്ഷയിലേക്ക് തിരിച്ചെത്തി. രാത്രികളില്‍ അത്താഴത്തിനുശേഷം ചങ്ങാതിമാര്‍ നിരന്നിരുന്ന് കഥകള്‍ക്കു പിന്നാലെ കഥകള്‍ കെട്ടി. തീരാത്ത തര്‍ക്കങ്ങളും ചര്‍ച്ചകളും പാതിരാവോളം നീണ്ടു. എത്രമാത്രം പറയാനുണ്ടായിരുന്നു അന്ന്! 
സന്തോഷങ്ങളും സങ്കടങ്ങളും സ്വകാര്യങ്ങളും കണക്കില്‍പെടാത്ത രഹസ്യങ്ങളും ആ മുറിയില്‍ അടിഞ്ഞു കൂടി. ഉറക്കമിളച്ചിരുന്ന് വായിച്ച കാലം.വായിക്കുന്ന പുസ്തകങ്ങളുടെ സ്വഭാവവും വിഷയങ്ങളുടെ സ്വഭാവവുമെല്ലാം മാറിയത് ആ മുറിക്ക് മാത്രമേ മനസ്സിലായുള്ളൂ. മുറിക്കറിയാമായിരുന്നു, ഉള്ളില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റുകള്‍. പെയ്യാതെ പോവുന്ന മഴക്കാറുകള്‍.  എത്ര എഴുതിയാലും ശരിയാവാത്ത കവിതകളുടെ വ്യാകരണം.
കാമ്പസിന്റെ തണലില്‍നിന്നിറങ്ങി ജീവിതത്തിന്റെ വെയിലിലേക്ക് ചെന്നപ്പോഴും ഏറെക്കാലം ഒറ്റ മുറികള്‍ കൂട്ടു പോന്നു. പല ജോലിസ്ഥലങ്ങള്‍. കിടക്കാനുള്ള മുറിയാണ് ആദ്യം ഒപ്പിക്കുന്നത്. ഒറ്റക്കൊരു മുറി വേണം.
പല മുറികളിലാണ് ജീവിതത്തിന്റെ മുറിവുകള്‍ പൂത്തതും കരിഞ്ഞതും. ഒററക്കായ നേരങ്ങളില്‍  മുറിയോട് മിണ്ടിയിട്ടുണ്ട്. ഇഷ്ടമുള്ള പാട്ടു കേട്ട് ഇളം കാറ്റു പോലെ പറന്നിട്ടുണ്ട്.  പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ എത്തുന്ന സ്വപ്നങ്ങളില്‍ അനേകം കടലുകള്‍ താണ്ടിയിട്ടുണ്ട്. അങ്ങനങ്ങിനെ ഇത്രകാലം.

നാല്
ഇപ്പോള്‍ ഒറ്റ മുറിയിലല്ല. വീടിന്റെ ഇസ്തിരിയിട്ട കുലീനതയില്‍. ഒപ്പം നില്‍ക്കാന്‍ നേരമില്ലാത്ത നെട്ടോട്ടങ്ങള്‍. വൈകിയെത്തുന്ന ഉറക്കങ്ങള്‍. വായനയുടെ ഇടമുറിഞ്ഞു. പുസ്തകങ്ങള്‍ ഷെല്‍ഫുകള്‍ക്കു മാത്രമുള്ളതാവുന്നു. പാട്ടു പെട്ടിയില്‍നിന്ന് ശബ്ദങ്ങള്‍ പുറത്തു വരാറേയില്ല. നേരമില്ലാത്ത നേരങ്ങള്‍.
എങ്കിലും, ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് ഉള്ളിലൊരു മുറി. പൂര്‍ണമായും സ്വന്തമായ ഒരേ ഒരിടം. അവിടെയുണ്ട് കണ്ണാടിയില്‍ കാണുന്നതു പോലെ സുതാര്യമായ ഒരു ഞാന്‍. ഒട്ടും ഏച്ചു കൂട്ടലുകളില്ലാത്ത, നിത്യജീവിതത്തിന്റെ വേഷം കെട്ടലുകളില്ലാത്ത ഒരാള്‍. അവിടെ മാത്രമാണ് നാം  നമ്മളാവുന്നത്.
എനിക്കുറപ്പുണ്ട്, നിങ്ങള്‍ക്കുമുണ്ടാവും അങ്ങിനെ ഒരൊറ്റ മുറി. അതിന്റെ ഭൂഖണ്ഡത്തില്‍ തിരയടിക്കുന്ന വികാരങ്ങള്‍.


LinkWithin

Related Posts Plugin for WordPress, Blogger...