മമ്മൂട്ടിയെ പറയുന്നവരെ തല്ലി എല്ലൊടിക്കുകയാണോ ഫാന്‍സ് അസോസിയേഷന്റെ പണി? ആണെന്നു പറയുന്നു ജില്ലാ ആശുപത്രിയില്‍ വിരലിന് ബാന്‍ഡേജിട്ടു കിടക്കുന്ന ഈ സംവിധായകന്‍.
മാതൃഭൂമി തൃശൂര്‍ എഡിഷന്‍ |
ചുമ്മാതങ്ങ് ആരാധിക്കുക. മലയാള സിനിമയില്‍ ആദ്യകാലങ്ങളില്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ഏക അജണ്ട ഇതു മാത്രമായിരുന്നു. ഇഷ്ട താരത്തിന്റെ സിനിമകള്‍ പല വട്ടം കാണുക, ഫോട്ടോകള്‍ ശേഖരിക്കുക, ചുവരുകളില്‍ ഒട്ടിക്കുക, താരത്തിന്റെ നടപ്പും എടുപ്പും അനുകരിക്കുക. അങ്ങനെയങ്ങനെ നിരുപദ്രവകരമായ കര്‍മങ്ങള്‍.
പിന്നെപ്പിന്നെ, പണി സ്വല്‍പം കൂടി. ഇഷ്ടതാരത്തിന്റെ സകല ചിത്രങ്ങളും ഒന്നൊഴിയാതെ കാണുക. അതിനെ കുറിച്ച് നാട്ടുകാരോട് പറയുക. അവരെയത് കാണിക്കുക. നാലാള്‍ കൂടുന്നിടങ്ങളില്‍ ഇഷ്ടതാരത്തിനു വേണ്ടി തര്‍ക്കം നടത്തുക എന്നിങ്ങനെ പല പല വേലകള്‍ വന്നു.
ഫാന്‍സ് അസോസിയേഷനുകളുടെ സാധ്യതകള്‍ താരങ്ങള്‍ തിരിച്ചറിഞ്ഞതോടെ കളി പതുക്കെ കാര്യമാവാന്‍ തുടങ്ങി. പ്രിയതാരത്തിന്റെ പടങ്ങള്‍ കണ്ടാല്‍ മാത്രം പോരാ എന്നായി. അത് വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഫാന്‍സിനായി. ഒപ്പം, താരത്തിന്റെ എതിരാളിയുടെ പടം പരാജയപ്പെടുത്താന്‍ ആവുന്നത് ചെയ്യുക എന്ന പണിയും ആരാധകര്‍ക്കായി. അങ്ങിനെ തിയറ്ററുകളില്‍ കൂവലും കൈയടിയുമായി ഫാന്‍സുകള്‍ സജീവമായി. ഇഷ്ടതാരത്തിന്റെ പടമിറങ്ങുന്ന നാള്‍ തിയറ്ററുകളിലും പുറത്തും പ്രൊമോഷന്‍ ജോലികള്‍ ചെയ്യുക, ആളെക്കൂട്ടുക, എതിരാളിയുടെ സിനിമ മോശമെന്ന് ആദ്യമേ പ്രചാരണം നടത്തുക, തിയറ്ററുകളില്‍ കൂവലും തെറിവിളിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക ഇങ്ങനെ പലവിധ കലാ പരിപാടികള്‍.
മമ്മൂട്ടിയും മോഹന്‍ലാലും താരരാജാക്കന്‍മാരായി പട്ടാഭിഷേകം നടത്തിയ കാലത്താണ് മലയാളത്തില്‍ ഫാന്‍സ് അസോസിയേഷന്റെ റോള്‍ മാറാന്‍ തുടങ്ങിയത്. പിന്നീട്, ദിലീപും പൃഥ്വിരാജുമൊക്കെ രംഗത്തു വന്നതോടെ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള പോരും അവരുടെ പ്രവര്‍ത്തനങ്ങളും പുതു വഴികള്‍തേടി. തിയറ്ററുകളിലും പുറത്തും പല തവണ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അടി പിടികളും തെറി വിളികളും അസാധാരണമല്ലാതായി. സിനിമയുടെ വിജയത്തിനും താരത്തിന്റെ ഇമേജ് വര്‍ധിപ്പിക്കുന്നതിനും ഫാന്‍സെന്ന പട വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
ഫാന്‍സ് അസോസിയേഷനുകളുടെ ചരിത്രത്തിലെ അത്തരമൊരു നിര്‍ണായക സന്ദര്‍ഭം കഴിഞ്ഞ ദിവസം സംവിധായകനും എഴുത്തുകാരനുമായ ചിന്ത രവിയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടു നടന്നു. രവീന്ദ്രന്റെ ഭൌതിക ദേഹം തൃശൂര്‍ സാഹിത്യ അക്കാദമിയിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചക്ക് 12 മണിക്കാണ് മൃതദേഹം പൊതുദര്‍ശനത്തിന് അക്കാദമിയില്‍ എത്തിച്ചത്. രണ്ടു മണിയോടെ സംസ്കാര ചടങ്ങുകള്‍ക്ക് ശ്മശാനത്തില്‍ കൊണ്ടു പോവാനായിരുന്നു തീരുമാനം. എന്നാല്‍, രവിയെ അവസാനമായി ഒരു നോക്കു കാണണമെന്ന ആഗ്രഹത്തോടെ മമ്മൂട്ടി ഈറോഡില്‍നിന്ന് പുറപ്പെട്ടതിനാല്‍ അദ്ദേഹം വന്ന ശേഷമായിരിക്കും ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയെന്ന് ബന്ധപ്പെട്ടവര്‍ തമ്മില്‍ ധാരണയായി. ഒടുവില്‍ നീണ്ട യാത്രക്കു ശേഷം മൂന്നോ മുക്കാലോടെ മമ്മൂട്ടിയെത്തി. മൃതദേഹം കണ്ടു. രവിയുടെ ഭാര്യയെ അനുശോചനം അറിയിച്ചു.
മടങ്ങിപ്പോവുന്ന വഴിക്കാണ് ആ സംഭവം നടന്നത്. സംവിധായകനും കവിയുമായ രാജു നാരായണത്ര മമ്മൂട്ടിയോട് തന്റെ പ്രതിഷേധം അറിയിച്ചു. സംസ്കാരം ഇതുപോലെ വൈകിക്കുന്നത് ശരിയല്ലെന്നും ഭൌതികശരീരം കാണാന്‍ നേരത്തെ വരികയാണ് വേണ്ടതെന്നുമായിരുന്നു രാജുവിന്റെ പരാമര്‍ശം. പരാമര്‍ശം കേട്ടെങ്കിലും മറുപടി പറയാതെ മമ്മൂട്ടി കാറില്‍ കയറി. തമാശ കലര്‍ത്തി എന്തോ പറഞ്ഞ ശേഷം കാറെടുത്തു.
എന്നാല്‍, മമ്മൂട്ടിയെ കാണാന്‍ അക്കാദമിയിലേക്ക് പാഞ്ഞെത്തിയിരുന്ന ഫാന്‍സ് അസോസിയേഷന്‍കാര്‍ രാജുവിനെ വെറുതെ വിടാന്‍ തയ്യാറായില്ല. മമ്മൂട്ടിയോടു മോശമായി പെരുമാറിയെന്ന രീതിയില്‍ അവര്‍ രാജുവുമായി തര്‍ക്കമുണ്ടായി.
പിന്നീട്, ഫാന്‍സ് അസോസിയേഷന്‍കാരെന്നു പറഞ്ഞെത്തിയ സംഘം തന്നെ മര്‍ദിക്കുയും വിരല്‍ ഒടിക്കുകയുമായിരുന്നെന്നാണ് രാജുവിന്റെ പരാതി. ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടു പോവാനും ശ്രമം നടന്നതായി രാജു പരാതിയില്‍ പറയുന്നു.
കൈവിരല്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ബാന്‍ഡേജിട്ട് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ കിടക്കുകയാണ് ഇപ്പോള്‍ രാജു. ആന്ദോളനം,ജപം തുടങ്ങിയ സിനിമകളും നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്ത രാജുവിന് ആക്രമണമേറ്റ സംഭവത്തില്‍ സംവിധായകരുടെ കൂട്ടായ്മയോ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയോ രംഗത്തു വന്നിട്ടില്ല. സംഭവം പുറത്തറിഞ്ഞിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ പലതും കാര്യമായ പ്രാധാന്യവും നല്‍കിയില്ല.
ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഈ സംഭവം കൃത്യമായ വിപല്‍സൂചനകള്‍ നമുക്കു മുമ്പാകെ വെക്കുന്നുണ്ട്. ഫാന്‍സ് അസോസിയേഷനുകള്‍ മാറുകയാണ്. ഒപ്പം സിനിമയിലെ താരവ്യവസ്ഥയും.
താരങ്ങള്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത അവസ്ഥയിലേക്ക് മാറുകയാണെന്ന് ഈ സംഭവം നമ്മോട് പറയുന്നു. താരങ്ങളെ അങ്ങനെയങ്ങ് എതിര്‍ത്താല്‍ തടി കേടാവുമെന്നും ഇത് മുന്നറിയിപ്പ് നല്‍കുന്നു. അവരെ ചോദ്യം ചെയ്താല്‍ കൈയേറ്റത്തിലേക്കും നിയമം കൈയിലെടുക്കുന്നതിലേക്കും മാറാന്‍ മടിയില്ലാത്ത ഒരു കൂട്ടമായി നമ്മുടെ ഫാന്‍സ് അസോസിയേഷന്‍കാര്‍ മാറിയിരിക്കുന്നുവെന്നും ഈ സംഭവം വ്യക്തമാക്കുന്നു.
ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നൊക്കെയാണ് മമ്മൂട്ടിയുടെ പേരിലുള്ള സംഘടനയുടെ പേര്. ഇതാണോ സര്‍, വെല്‍ഫെയര്‍ പ്രവര്‍ത്തനം. ഇങ്ങനെ, ഗുണ്ടാപ്പണി ചെയ്യാനും തിയറ്ററുകളില്‍ കൂവിവിളിക്കാനും മടി കാണിക്കാത്ത ഒരു സംഘത്തെയാണോ താങ്കള്‍ കൂടെ കൊണ്ടു നടക്കുന്നത്. ഇത്തരക്കാര്‍ വാസ്തവത്തില്‍ സമൂഹത്തിനും താങ്കള്‍ക്കും സിനിമക്കും എന്ത് ക്ഷേമമാണ് നല്‍കുക. ആലോചിക്കാന്‍ സമയമായി.
ക്വട്ടേഷന്‍ ഗ്യാങുകളുടെ മാതൃകയില്‍ ആളെ കാറില്‍ കയറ്റി കൊണ്ടു പോവാനും സിനിമാ സ്റ്റൈലില്‍ നാലെണ്ണം കൊടുക്കാനും മടിയില്ലെന്നാണ് തൃശൂരിലെ ഫാന്‍സ് തെളിയിച്ചിരിക്കുന്നത്. അതിന്റെ രക്തസാക്ഷിയാണ് ആശുപത്രിയില്‍ കിടക്കുന്ന സംവിധായകന്‍. ഈ ആരാധകരെന്നു പറയുന്നത് ഗുണ്ടാപ്പടയാണോ. താരത്തിന് അനിഷ്ടകരമായത് ചെയ്താല്‍ മേലു നോവുമെന്ന സന്ദേശം നല്‍കാനാണോ ഇവരിങ്ങനെ അസോസിയേഷനായി നിറം മാറുന്നത്.
മമ്മൂട്ടിയോട് സംവിധായകന്‍ ചെയ്തത് പൂര്‍ണമായും ശരിയല്ലെന്ന്, വേണമെങ്കില്‍ നമുക്ക് പറയാം. ഇത്ര ദൂരം യാത്ര ചെയ്ത് മൃതദേഹം കാണാന്‍ എത്തിയ ഒരു മനുഷ്യന്റെ മാനസികാവസ്ഥ അദ്ദേഹം കണക്കിലെടുക്കണമായിരുന്നു എന്നും പറയാം.
എന്നാല്‍, മമ്മൂട്ടി ഈറോഡില്‍നിന്നാണ് വന്നതെന്നും അതിനാലാണ് വൈകിയതെന്നും അക്കാദമിക്ക് അടുത്തുണ്ടായിരുന്ന അധികമാളും അറിഞ്ഞിരുന്നില്ല. മമ്മൂട്ടിക്കു വേണ്ടി സംസ്കാരം വൈകിപ്പിക്കുന്നു എന്നൊരു പറച്ചിലും അവിടവിടെ ഉണ്ടായിരുന്നു. ഇതൊക്കെയാവാം പ്രതിഷേധിക്കാന്‍ രാജുവിനെ പ്രേരിപ്പിച്ചത്.
ഇതിനോടൊപ്പം, ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. മരിച്ചത് ചിന്ത രവിയാണ്. കച്ചവട സിനിമയുടെ ലാഭവഴികളില്‍ നിന്ന് മാറിനടന്ന ഒരു തലമുറയുടെ, ഒരു സംഘം ചലചിത്ര പ്രവര്‍ത്തകരുടെ പ്രതിനിധി. എഴുപതുകളും എണ്‍പതുകളും മുന്നോട്ടു വെക്കുന്ന അരാജകമായ അനേകം സൌഹൃദങ്ങളുടെ സ്വന്തക്കാരന്‍. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങില്‍ സ്വാഭാവികമായും പല തരം മനുഷ്യര്‍ എത്തും. ആ വേദനയില്‍ തകര്‍ന്നവരും വേദനിക്കുന്നവരും. അവര്‍ ഇതു പോലൊരു സാഹചര്യത്തില്‍ വല്ലതും പറഞ്ഞാല്‍, അതിനെ അതായി കാണാനുള്ള പാകത ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കുണ്ടാവേണ്ടതില്ലേ. മരിച്ചത് ആരെന്നും അവിടെ വരുന്നവര്‍ ആരൊക്കെയെന്നുമുള്ള മിനിമം നോളജ് അവര്‍ക്കുണ്ടാവേണ്ടതില്ലേ. അതിനു പകരം, അമ്പടാ, മമ്മുക്കയെ ചീത്ത പറഞ്ഞോ എന്നു പറഞ്ഞ് ഗുണ്ടായിസത്തിലേക്ക് നീങ്ങുന്നത് മമ്മൂട്ടിയെ മാത്രമല്ല നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തെ തന്നെ അപമാനിക്കുന്ന ഒന്നാണ്.
തീര്‍ച്ചയായും മമ്മൂട്ടി വളരെ പാകതയോടെയാണ് ഈ സാഹചര്യത്തെ നേരിട്ടത്. പ്രകാപനപരമെന്നു തോന്നിയ പരാമര്‍ശത്തെ ചോദ്യം ചെയ്യാന്‍ നില്‍ക്കാതെ, ആ മനുഷ്യന്റെ മാനസിക നിലയെ മനസ്സിലാക്കി അദ്ദേഹം വാഹനത്തിലേക്കു പോവുകയായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ആരാധകരാവട്ടെ ഈ പാകത തിരിച്ചറിഞ്ഞതേയില്ല. അവര്‍ കൈയൂക്കു കൊണ്ട്, ഗുണ്ടായിസം കൊണ്ട് എതിരഭിപ്രായത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. മമ്മൂട്ടിയെ പറഞ്ഞാല്‍ പറഞ്ഞയാളെ തട്ടുമെന്ന രീതിയിലായിരുന്നു അവരുടെ പ്രകടനം. ഇത് അപമാനകരമാണ്. ഈ സംഭവത്തില്‍ ചലച്ചിത്ര സംവിധായകരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും മൌനവും അപകടകരമാണ്. നിറം മാറുന്ന ഫാന്‍സ് അസോസിയേഷന്‍ കള്‍ച്ചറിനെ തിരിച്ചറിയുകയും അതിനെ നേര്‍വഴിക്ക് തിരിച്ചു വിടുകയും ചെയ്യേണ്ടത് താരങ്ങള്‍ തന്നെയാണ്.
സ്വന്തം ആരാധകരെ തിരുത്താനുള്ള ബാധ്യത, അവരുടെ മര്‍ദനത്തിനിരയായ സംവിധായകനെ ആശ്വസിപ്പിക്കാനുള്ള ബാധ്യത തീര്‍ച്ചയായും സൂപ്പര്‍ താരത്തിനുണ്ട്.
നിറം മാറുന്ന ഫാന്‍സ് അസോസിയേഷന്‍ കള്‍ച്ചറിനെ തിരിച്ചറിയുകയും അതിനെ നേര്‍വഴിക്ക് തിരിച്ചു വിടുകയും ചെയ്യേണ്ടത് താരങ്ങള്‍ തന്നെയാണ്.
ReplyDeleteസ്വന്തം ആരാധകരെ തിരുത്താനുള്ള ബാധ്യത, അവരുടെ മര്‍ദനത്തിനിരയായ സംവിധായകനെ ആശ്വസിപ്പിക്കാനുള്ള ബാധ്യത തീര്‍ച്ചയായും സൂപ്പര്‍ താരത്തിനുണ്ട്.
ഇങ്ങനെയും സംഭവിച്ചോ?
ReplyDeleteകഷ്ടം തന്നെ!
നിയന്ത്രിതമല്ലാത്ത കൂട്ടായ്മകള്‍ക്ക് പ്രചോദനമാകുന്നത് ഏതു വികാരങ്ങളാണെന്ന് മനസ്സിലാക്കാനാകുന്നില്ല, കേരളം എന്തിനും തയാറാകുന്ന കാലം
ReplyDeleteപ്രിയപ്പെട്ടസുഹൃത്തേ,
ReplyDeleteഇന്നത്തെ പത്രത്തില്‍ ഈ വാര്‍ത്തയുണ്ട്!മമ്മൂട്ടി ഒന്നും പറയാതെ കാറില്‍ കയറി പോയതാണ്...തമാശ കലര്‍ത്തി ഒന്നും പറഞ്ഞില്ല...മമ്മൂട്ടിയുടെ പ്രതികരണത്തിന് കാത്തിരുന്ന ശേഷം ഈ പോസ്റ്റ് എഴുതാമായിരുന്നു!അല്പം നേരത്തെ ആയില്ലേ?
എങ്കിലും, പ്രതികരണത്തിന് ശക്തിയുണ്ട് ,സുഹൃത്തേ!
ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
കഥയെ യോ കഥാ പാത്രതെയോ സ്നേഹിക്കാത്ത കാപാലികര്‍ ആണ് അവര്‍ വെക്തി പൂജ നടത്തുന്നവര്‍ നോ കമെന്റ്സ്
ReplyDeleteതമിഴരെയും തെലുങ്കരെയും കടത്തിവെട്ടുകയാണ് കേരളത്തിലെ ഫാൻസ് മന്ദബുദ്ധികൾ!
ReplyDeleteമമ്മൂട്ടി വളരെ പാകതയോടെയാണ് ഈ സാഹചര്യത്തെ നേരിട്ടത്.
ReplyDeleteപക്ഷേ ആ പാകത ഫാൻസുകാർക്ക് ഇല്ലാതെ പോയി.
തിയേറ്ററില്‍ പോയി സിനിമ കാണാന്‍ പറ്റാതായിരിക്കുന്നു ഇക്കൂട്ടരുടെ ബഹളം കാരണം...
ReplyDeleteഇതും രാഷ്ട്രീയത്തെക്കാള്‍
ReplyDeleteകഷ്ടം ആവുന്നുണ്ട് അവസ്ഥ .
വടി, തന്നെ എടുക്കുന്നവരും
എടുപ്പിക്കുന്നവരും ഉണ്ട് ..
കേരളത്തില്‍ ജനങ്ങളുടെ ബുദ്ധി
തന്നെ പണയം വെച്ചിരിക്കുക അല്ലെ ..
നാം നികുതി കൊടുത്തു ഉണ്ടാക്കുന്ന
സര്‍ക്കാര്‍ വക സ്വത്തുക്കള്‍ എറിഞ്ഞു ഉടക്കുന്ന
സമര ആവേശം കാണുമ്പോള്‍ ലജ്ജ തോന്നും
പലപ്പോഴും .
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ജീവിചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല, അങ്ങിനെ തോന്നിയാല്‍ അത് തികച്ചും യാധാര്ശ്ചികം മാത്രം.
ReplyDeleteഈ ഫാനുകളെ കൊണ്ട് തോറ്റു, പക്ഷേ, സിനിമാ താരങ്ങളുടെ ഫാനസോസിയേഷനുമായി നടക്കുന്നവർ ഇതൊക്കെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു? എങ്കിലും കൂലിക്കാണികൾ കൂലിത്തല്ലുകാരാകുന്നത് അൽപ്പം കടന്ന കൈയ്യാണ്.
ReplyDeleteതൊഴിലില്ലാതെ നടക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുണ്ട് നമ്മുടെ നാട്ടില്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും താരങ്ങളുടെയും
ReplyDeleteഒക്കെ പേരില്‍ തമ്മില്‍ തല്ലാനും എന്ത് ഗുണ്ടായിസം
കാണിക്കാനും തയ്യാറായി നടക്കുന്ന കുറെ പേര്‍ ....
ഇന്ന് മമ്മുട്ടിയുടെ പേരിലാണെങ്കില്‍ നാളെ ഏതെങ്കിലും പാര്‍ട്ടിയുടെ പേരില്‍... വെറുതെയാണോ അധികാരപ്പെട്ടവര്‍ നമ്മുടെ നാട്ടിലെ
തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ ശ്രമിക്കാത്തത് ! എല്ലാത്തിനും ജോലിയും കൂലിയും ഒക്കെയായാല്‍ ഇതിനൊന്നും ഒരെണ്ണത്തിനെ കിട്ടില്ലാന്ന് അവര്‍ക്കറിയാം....
ഇതൊന്നും ആരാധനയല്ല.. മാനസിക വൈകല്യം എന്നാണ് പറയുക..
ReplyDeleteചികിത്സയും നിയമ നിർവ്വഹണവും ഒന്നിച്ച് വേണം..
മമ്മൂട്ടിയും ഇത്തരം ഗുണ്ട സംഘങ്ങളെ വളര്തുന്നതിലൂടെ കാണിക്കുന്നത് പക്വതയില്ലായ്മയല്ലേ ?നമ്മുടെ നാട്ടില്‍ സിനിമ മാത്രം ആണ് ജീവിതം എന്ന വഴ്ഴിയിലേക്ക് ചെറുപ്പക്കാരെ കൊണ്ടെതിച്ചതാരാണ്?വായനശാലകള്‍,കല കായിക ക്ലബ്ബുകള്‍ ഒക്കെ ഇല്ലാതാവുമ്പോള്‍ ഇത്തരം ദുഷ്പ്രവണതകള്‍ ചെറുപ്പക്കാര്‍ക്ക് വര്ധിക്കുകയെയുള്ളൂ
ReplyDeleteഇത് പോലുള്ള അക്രമങ്ങള്‍ തടയാന്‍ മമ്മൂട്ടി തന്നെ ഇടപെടേണ്ടിയിരിക്കുന്നു.
ReplyDeleteനാം സിനിമക്ക് കൊടുക്കുന്ന അമിത പ്രാധാന്യമാണ് ഇതിന് കാരണം. കോപ്പീറൈറ്റ് നിയമങ്ങളുപയോഗിച്ച് ജനങ്ങളില്‍ നിന്ന് പണം കൊള്ളയടിക്കുന്ന ഇവരെ തളക്കാന്‍ പണം കൊടുക്കാതെ സിനിമകാണുന്ന രീതി വലിയ രീതിയില്‍ നാം തുടങ്ങണം. കോപ്പിചെയ്യുക, ലൈബ്രറികളില്‍ നിന്ന് സിഡി കടം വാങ്ങുക, ടിവിയില്‍ വരുമ്പോള്‍ കാണുക, കഴിയുമെങ്കില്‍ ബഹിഷ്കരിക്കുക.
ReplyDeleteഇവര്‍ വെറും entertainers ആണ്. നമ്മുടെ പണമാണ് അവരെ മഹത്വവത്കരിക്കുന്നത്. അതോ നമ്മുടെ സ്വാര്‍ത്ഥ, ലൈംഗിക, അക്രമ വാസനകളെ പ്രോത്സാഹിപ്പിച്ചും.
:((
ReplyDeleteതിലകന്‍ ചേട്ടന്‍ പറഞ്ഞെതെത്രയോ ശരി.
ReplyDeleteഫാന്‍സ് എന്നാ ഓമന പേരിട്ടു വിളിക്കുന്ന ഗുണ്ട പടയെ വളര്‍ത്തുന്ന സ്വാര്‍ത്ഥതല്പരരെ നിലക്ക് നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജനങ്ങലോടെന്തെങ്കിലും കടപ്പാടുന്ടെങ്കില്‍ ഈ അസ്സോസ്സിയെഷനുകള്‍ പിരിച്ചു വിടുകയാണ് ഇത്തരക്കാര്‍ ചെയ്യേണ്ടത്.
വളരെ നല്ല ലേഖനം. ഒരിലക്ക് അഭിനന്ദനങള്‍.
വീടിനേക്കാള്‍ വലിയ പടിപ്പുരകള്‍. പൂജിക്കാന്‍ വിഗ്രഹങളില്ല ഇന്ന്, പൂജിക്കപ്പെടുന്നത് അനേകം പേരുടെ മനസ്സൊന്നിച്ച് ചേര്‍ന്ന് രൂപപ്പെടുന്ന സിനിമാ കഥാപാത്രങള്‍. അഭിനേതാവേത് കഥാപാത്രമേത് എന്നറിഞ്ഞല്ല ആരാധന..............ഏറ്റവും രസം സ്വന്തം ഹീറോയുടെ കഴിവ് പറഞ്ഞല്ല ഇവര്‍ മേനി കാണിക്കുന്നതെന്നല്ല , തൊട്ടടുത്തുള്ള ആളുടെ കഴിവ് കേട് പറഞ്ഞ് അവരെ ചവിട്ടി താഴ്ത്തിയാണ് സ്വയം ഉയര്‍ത്താന്‍ നോക്കുന്നത് എന്നാണ്.
ReplyDeleteപണ്ട് തമിഴ് നാട്ടിൽ സിനിമാ താരങ്ങളോടുള്ള ആരാധന കണ്ടിട്ട് കളിയാക്കിയിട്ടുണ്ട്. ഇന്നു് അതിനേക്കാളും കഷ്ടമല്ലേ നമ്മുടെ കാര്യം.
ReplyDeleteഎനിക്ക് പറയാനുള്ളത് ലിപി പറഞ്ഞല്ലോ
ReplyDeleteകഷ്ടം!
ReplyDeleteതമിഴരേയും ,തെലുങ്കരേയും അന്ധമായ താരരാധനയുടെ പേരിൽ കളിയാക്കിയിരുന്ന നമ്മൾ ഇന്നു അതു തന്നെ അനുകരിക്കുന്നു . അല്ലെങ്കിലും മറ്റുള്ളവർ കളയുന്ന്തു ആണല്ലൊ നാം എടുത്തു തോളത്തു വയ്ക്കുന്ന്തു . ഇന്നു എല്ലാവർക്കും സ്വന്തം ഗുണ്ട പട ഉണ്ട് . പല പല പേരിൽ . രാഷ്ട്രീയക്കാർക്കു അണികൾ , സിനിമകാർകു ഫാൻസ് , ബ്ലഡ് ബാങ്കുകർകു എക്‌സികുറ്റിവ്സ് , എല്ലാ മാഫിയകാർക്കും .നമുക്കു വേണ്ടി, പാവം ജനത്തിനു വേണ്ടി ചോദിക്കാൻ ആരുണ്ട് ?
ReplyDeleteതൊഴില്‍ ചെയ്യാതെ നടക്കുന്ന കുറെ എണ്ണം ഉണ്ട് നാട്ടില്‍, അവരെ പറഞ്ഞ മതി ഇതിനൊക്കെ.
ReplyDeleteവിവരം ഇല്ലെന്കില്‍ പിന്നെ പറഞ്ഞിട്ടെന്തു കാര്യം
താരരാധനയുടെ പുതിയ വഴിത്തിരുവുകള്‍...നന്നായി എഴുതി.
ReplyDeleteഫാൻസ് അസോസിയേഷൻ എന്ന ആൾക്കൂട്ടത്തിന്റെ അവിവേകങ്ങൾക്ക് നടനെ കുറ്റപ്പെടുത്തുന്നതിൽ എന്തർത്ഥം.!
ReplyDeleteആരാധന മൂത്ത് ഭ്രാന്തിന്റെ വക്കോളം എത്തിയിരിക്കുന്നു...കഷ്ടം തന്നെ
ReplyDeleteകഷ്ടം തന്നെ... സച്ചിനും ധോണിക്കുമൊക്കെ അമ്പലം പണിയുന്നു എന്നും കേട്ടു. സെലിബ്രിറ്റികൾക്ക് ദൈവപരിവേഷം കിട്ടുന്നതെങ്ങനേ ആവോ! പുഛമാണു തോന്നുന്നത് ഇതൊക്കെ കേൾക്കുമ്പോൾ
ReplyDelete