Thursday, May 19, 2011

സൌമ്യയെ വീണ്ടും കൊല്ലരുത്

സൌമ്യയുടെ ക്രൂര കൊലപാതകം ഇപ്പോള്‍ കോടതിമുറിയില്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി അവിടെ അഞ്ചു അഭിഭാഷകര്‍. സഹായിക്കാന്‍ വേറെയുമാളുകള്‍. കേസ് എന്താവുമെന്ന് 
ആശങ്കകള്‍. ഈ സാഹചര്യത്തില്‍ നമുക്കെന്ത് ചെയ്യാനാവും.


സൌമ്യ
 
 അഡ്വ. ബി.എ. ആളൂര്‍, അഡ്വ. ജോര്‍ജ്കുട്ടി. അഡ്വ. പി.എ. ശിവരാജന്‍, അഡ്വ. ഇ. ഷനോജ് ചന്ദ്രന്‍, അഡ്വ. എന്‍.ജെ. നെറ്റോ...
 മുകളില്‍ പറഞ്ഞ പേരുകള്‍ നിങ്ങള്‍ക്ക് അത്ര പരിചിതമാവാന്‍ വഴിയില്ല.  എന്നാല്‍, പറഞ്ഞു വന്നാല്‍ ഇവരാരെന്ന് മനസ്സിലാക്കുക വളരെ എളുപ്പം.
തെളിച്ചു പറയാം, ഇവര്‍ കേരളത്തെ ഞെട്ടിച്ച ഒരു കേസില്‍ പ്രതിക്കു വേണ്ടി  ഹാജരാവുന്ന അഭിഭാഷകര്‍. കേസ് നിങ്ങള്‍ക്ക് പരിചിതമാാണ്. സൌമ്യ വധക്കേസ്.
ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് പോവുന്നതിനിടെ  വണ്ടിയില്‍ നിന്ന് താഴേക്ക് വലിച്ചെറിയപ്പെടുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്ത് ആശുപത്രിക്കിടക്കയില്‍ പിടഞ്ഞു മരിച്ച ആ പാവം സൌമ്യ തന്നെ. കഴിഞ്ഞ ഫെബ്രുവരി ഒന്നിനുണ്ടായ ആക്രമണത്തില്‍ തലക്കു ഗുരുതരമായി പരിക്കേറ്റ സൌമ്യ നാലു നാള്‍ കൊടും വേദന തിന്നാണ്  തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങിയത്.  വൈകാതെ പ്രതി പിടിയിലായി. ഗോവിന്ദച്ചാമി എന്ന തമിഴ് യുവാവ്. ഒറ്റക്കൈ മാത്രമുള്ള ചാമി ട്രെയിനുകളില്‍ അല്ലറ ചില്ലറ മോഷണവും പെണ്ണുപിടിത്തവുമായി കഴിയുകയായിരുന്നുവെന്ന് പിന്നീട് മാധ്യമങ്ങള്‍ നമുക്ക് പറഞ്ഞു തന്നു. സാധാരണക്കാരനായഈ  തമിഴ് വികലാംഗന്‍ അല്ലായിരുന്നു പ്രതിയെങ്കില്‍ നമ്മുടെ പോലിസും അധികാരികളും ചേര്‍ന്ന് കേസ് തേച്ചു മാച്ചു കളയുമായിരുന്നുവെന്ന് അന്ന് ചിലര്‍ നെടുവീര്‍പ്പിട്ടു.
അത് തെറ്റാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  ആര്‍ക്കും വേണ്ടാത്ത ഒരു മൂന്നാം കിട കുറ്റവാളിയായ ഗോവിന്ദച്ചാമിക്കു വേണ്ടി വര്‍ധിത വീര്യത്തോടെ അണി നിരക്കുന്നത് അഞ്ച് അഭിഭാഷകരാണ്. അവരിലൊരാള്‍ മലയാളികള്‍ക്ക് അപരിചിതനാണ്. അഡ്വ. ബി.എ ആളൂര്‍. മുംബൈയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ് അങ്ങേരെന്ന് മാധ്യമങ്ങള്‍. ചെന്നൈ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണെന്നും ചില വാര്‍ത്തകളില്‍ കാണാം. ആളൂര്‍ വക്കീലിന്റെ നേതൃത്വത്തില്‍ ചാമിയെ രക്ഷിക്കാന്‍ ഒരുങ്ങിയിറങ്ങിയ മറ്റ് നാലു പേര്‍ കേരളത്തിലെ അഭിഭാഷകരാണ്.
ഇനിയും ഒരു അഭിഭാഷകന്റെ പേരു കൂടി ഇതുമായി ബന്ധപ്പെട്ടു പറഞ്ഞു കേള്‍ക്കുന്നുണ്ട്. അഡ്വ. സന്തോഷ് പൊതുവാള്‍. അടുത്ത ആഴ്ച ഗോവിന്ദച്ചാമിക്കു വേണ്ടി ഹൈക്കോടതിയെ സമീപിക്കുക ഇദ്ദേഹമായിരിക്കും. ക്രിമിനല്‍ അഭിഭാഷകനെന്ന നിലയില്‍ പേരെടുത്തയാളാണ് ഇദ്ദേഹമെന്ന് അറിയാന്‍ കഴിഞ്ഞു.  കുറ്റപത്രം റദ്ദാക്കുകയോ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയോ വേണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. പൊതുവാള്‍ ഹൈക്കോടതിയിലെത്തുന്നത്.

രണ്ട്
മകളുടെ ചിത്രത്തിനരികെ സൌമ്യയുടെ അമ്മ സുമതി

ഇതിലെന്താണ് ഇത്ര വലിയ കാര്യമെന്ന് ചോദിക്കാം. കേസുകളില്‍ പ്രതിഭാഗത്ത് മുന്തിയ വക്കീലന്‍മാര്‍ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികം. നിയമത്തിന്റെ പഴുതുകള്‍ക്കുള്ളിലൂടെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട ആളെ രക്ഷിക്കാന്‍ അവര്‍ ശ്രമം നടത്തുന്നതും സ്വാഭാവികം. ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാലും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഒരാള്‍ കുറ്റവാളിയാവുന്നുള്ളൂ. ആ നിലക്ക് ക്രിമിനല്‍ കോടതി നടപടികളിലെ സാധാരണ കാര്യം  മാത്രമാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍.
എന്നാല്‍, അത്ര സാധാരണമല്ലാത്ത മറ്റു ചില കാര്യങ്ങള്‍ ഇതോടൊപ്പമുണ്ട്. വെറുമൊരു സാധാരണ കേസല്ല മലയാളിക്ക് സൌമ്യാവധം. കേരളത്തിലെ സ്ത്രീ സഞ്ചാരത്തിന്റെ, സ്വാതന്ത്യ്രത്തിന്റെ രക്തസാക്ഷിയാണ് സൌമ്യ. മലയാളികളായ എല്ലാ സ്ത്രീകളിലും അവരുടെ രക്ഷിതാക്കളിലും മനുഷ്യപ്പറ്റ് ബാക്കിയുള്ള മറ്റൊല്ലാവരിലും ജീവിക്കാനുള്ള എല്ലാ പ്രതീക്ഷകളും കെടുത്തുന്ന വിധത്തിലാണ് സൌമ്യയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. അതു കൊണ്ടാണ് ദിവസങ്ങളോളം സൌമ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്. കടുത്ത ജനരോഷത്തെ ഭയന്ന് പ്രതിയായ ഗോവിന്ദച്ചാമിയെ പകല്‍വെളിച്ചത്തില്‍ തെളിവെടുപ്പിനോ പൊലീസ് സ്റ്റേഷനിലോ എത്തിക്കാന്‍ കഴിയാതിരുന്നത്. കേരളത്തിലും പുറത്തുമുള്ള മലയാളികളെല്ലാം സൌമ്യയുടെ ഘാതകനെ ഇപ്പോ കിട്ടിയാല്‍ കൊല്ലുമെന്ന് ശഠിച്ചത്. തെരുവുകളില്‍ സൌമ്യക്കു വേണ്ടി നിലവിളികള്‍ ഉയര്‍ന്നത്. ആദ്യ ദിവസങ്ങളില്‍ കണ്ണടച്ച റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ രായ്ക്കുരാമാനം ആശുപത്രിയില്‍ എത്തിയതും ട്രെയിനുകളില്‍ കുറച്ചു നാളത്തേക്കെങ്കിലും സുരക്ഷ ശക്തമാക്കുകയും ചെയ്തത്. സൌമ്യയുടെ മരണം ഒട്ടും സാധാരണമല്ല എന്നതു കൊണ്ടു മാത്രമാണ് എനിക്കിതു എഴുതേണ്ടി വരുന്നത്.
അത്രക്കു സാധാരണമല്ലാത്ത ഒരു കേസില്‍ പിന്നെന്തേ ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ മാത്രം സാധാരണവും സ്വാഭാവികവുമായ കാര്യങ്ങള്‍ സംഭവിക്കുന്നത്?

മൂന്ന്
ഗോവിന്ദച്ചാമി

അവിടെയാണ് കാര്യങ്ങള്‍ കിടക്കുന്നത്. ഓര്‍ത്തു നോക്കൂ ആ നാളുകള്‍. ഗോവിന്ദച്ചാമി പിടിക്കപ്പെട്ട ദിനങ്ങള്‍. എന്തായിരുന്നു അയാളെ കുറിച്ചുള്ള ഇമേജ്. ട്രെയിനുകള്‍ കുറ്റകൃത്യത്തിനുള്ള ഇടമായി കരുതുന്ന അനേകം കുറ്റവാളികളില്‍ ഒരാള്‍. ചെറുപ്പം മുതല്‍ കുറ്റകൃത്യങ്ങളില്‍ ചെന്നു പെട്ട ഒരു പെറ്റി ക്രിമിനല്‍. ഒരു സാധാരണ തമിഴ് വികലാംഗന്‍. ലൈംഗിക മനോരോഗമാണ് അയാള്‍ക്കെന്നും കേട്ടു. മറ്റനേകം ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ട ഒറ്റക്കൈയുള്ള ചെറുപ്പക്കാരന്‍ ഇയാളാണെന്ന് നിരവധി സ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകള്‍  പത്രങ്ങളില്‍ കണ്ടു.
അത്രക്ക് സാധാരണക്കാരനെങ്കില്‍,വെറുമൊരു പെറ്റി ക്രിമിനലെങ്കില്‍ ഗോവിന്ദച്ചാമിക്കായി ഇത്രയും അഭിഭാഷക ശിങ്കങ്ങള്‍ അണനിരക്കുന്നതെന്തു കൊണ്ട്. ഗോവിന്ദച്ചാമിയെ രക്ഷിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ഒരുങ്ങുന്നത് എന്തു കൊണ്ട്. നിങ്ങള്‍ക്കറിയാം, ഒരു കേസില്‍ കുടുങ്ങിയാല്‍ നല്ലൊരു അഭിഭാഷകനെ കിട്ടാനുള്ള തത്രപ്പാടുകള്‍. സാമ്പത്തിക ചെലവുകള്‍. ഒരു അഭിഭാഷകനെ കിട്ടാന്‍ അത്ര ചെലവുള്ളപ്പോഴാണ് ഇവിടെ അഞ്ച് പേര്‍. അതും കേരളത്തിനു പുറത്തുള്ള പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ നേതൃത്വത്തില്‍  ഒരു കിടിലന്‍ സംഘം. ഹൈക്കോടതിയില്‍ അയാള്‍ക്കു വേണ്ടി ഹരജി നല്‍കാന്‍ മറ്റൊരു പ്രമുഖ അഭിഭാഷകന്‍ കൂടി. പ്രോസിക്യൂഷന് വേണ്ടിയാണെങ്കില്‍ ഒരേയൊരാള്‍. 
ആരാണ് ഈ അഭിഭാഷകരെ പ്രതിക്കായി ചുമതലപ്പെടുത്തിയത്. ഇത്ര കാശ് മുടക്കി, ഇത്ര മികച്ച രീതിയില്‍ കേസ് നടത്താന്‍ ഒരു സാധാരണ തെരുവു ക്രിമിനലിനു കഴിയുമോ. ഇല്ലെന്നുറപ്പ്. അപ്പോള്‍, പിന്നെ ആരാണ് ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ രംഗത്തുള്ളത്. സാധാരണക്കാരല്ല എന്നുറപ്പ്. അപ്പോള്‍ പിന്നെയാര്. അതാണ് കണ്ടെത്തേണ്ടത്. അന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ വീരചരിതമെഴുതുന്ന കേരളത്തിലെ  പത്രങ്ങളോ ചാനലുകളോ എന്നാല്‍, ഈ പണി ചെയ്യുന്നേയില്ല. ഭൂട്ടാനില്‍ പോയി വരെ കാര്യങ്ങള്‍ കണ്ടെത്തുന്ന ജേണലിസ്റ്റ് ശിങ്കങ്ങളാരും എളുപ്പത്തില്‍ അന്വേഷിച്ചു കണ്ടെത്താനാവുന്ന കാര്യമായിട്ടും അക്കാര്യം പറയുന്നേയില്ല. മാത്രമല്ല, സൌമ്യക്കും ഗോവിന്ദച്ചാമിക്കും വേണ്ടി ദിവസങ്ങളോളം പത്ര സ്ഥലവും ചാനല്‍ സമയവും മുടക്കിയവരാരു ം കേസിനെ കുറിച്ച് കാര്യമായി പറയുന്നേയില്ല. ഒറ്റ കോളം വാര്‍ത്തയോ പ്രാദേശിക എഡിഷനിലെ അപ്രധാന സ്റ്റോറിയോ ആയി നാലഞ്ചു വരികള്‍ വരുന്നുണ്ട് എന്നത് സത്യം. അനുഷ്ഠാനം പോലെയാണത്. അതിനപ്പുറം കേസ് എങ്ങോട്ടു പോവുന്നു, ഗോവിന്ദച്ചാമിക്കു വേണ്ടി രംഗത്തിറങ്ങിയ വമ്പന്‍മാര്‍ ആര് എന്ന കാര്യത്തിലൊന്നും തല പുകക്കാന്‍ ആര്‍ക്കും നേരമേയില്ല. തെരുവിലും പൊലീസ് സ്റ്റേഷനുകളിലും സൌമ്യക്കു വേണ്ടി കലി തുള്ളിയാര്‍ത്ത നാട്ടുകാര്‍ക്കോ പൊതു പ്രവര്‍ത്തകര്‍ക്കോ റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ  ഇക്കാര്യത്തില്‍ ആശങ്കകളേയില്ല.

നാല്

കേസിന്റെ സാക്ഷി വിസ്താരം തൃശൂര്‍ അതിവേഗ കോടതി നമ്പര്‍ ഒന്നില്‍ ജൂണ്‍ ആറിന് തുടങ്ങും.  പ്രാഥമിക വാദം കേള്‍ക്കല്‍ ഇന്നു നടന്നു. കുറ്റപത്രം വായിച്ചു കേട്ടയുടന്‍ ഗോവിന്ദച്ചാമി ആരോപണം നിഷേധിച്ചു.
കുറ്റപത്രത്തില്‍ അപാകതയുള്ളതിനാല്‍ അത് റദ്ദാക്കണമെന്നും വിചാരണ കൂടാതെ ഗോവിന്ദച്ചാമിയെ കുറ്റമുക്തനാക്കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. കുറ്റപത്രത്തിലെ വാദങ്ങള്‍  പരസ്പര വിരുദ്ധവും അവിശ്വസനീയവുമാണെന്നാണ് പ്രതിഭാഗം വാദം. ഇക്കാര്യം ഉന്നയിച്ചാണ് അവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
കുറ്റപത്രത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ വിചാരണ സമയത്ത് ഇക്കാര്യം ആവശ്യപ്പെടാമെന്നാണ് ജഡ്ജി രവീന്ദ്ര ബാബു പറഞ്ഞത്. വിചാരണ സമയത്ത് ആ ആവശ്യം ഉന്നയിക്കപ്പെടുക തന്നെ ചെയ്യും. കുറ്റപത്രം പരസ്പര വിരുദ്ധമാണെന്ന് പ്രതിഭാഗം വാദിക്കും.

അഞ്ച്
 

സാധാരണ കേസുകളില്‍ പ്രതിയുടെ മോചനം എളുപ്പമാക്കുന്നതിനുള്ള ചില പൊടിക്കൈകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തു വെക്കാറുണ്ട്. പ്രതികള്‍ പ്രമുഖരെങ്കില്‍ കളികളുടെ തോത് കൂടും. എസ് കത്തിപോലുള്ള കഥകള്‍ കുമിഞ്ഞു കൂടും. കുറ്റ പത്രം ആര്‍ക്കും നുഴഞ്ഞു കയറാവുന്ന വൈരുധ്യങ്ങളുടെ കൂടാരമായി മാറും.
ഇവിടെ അങ്ങിനെ സംഭവിക്കില്ല എന്നായിരുന്നു നമ്മുടെ മാധ്യമങ്ങളുടെ മുന്‍കൂര്‍ വിശകലനം. കാരണം ഗോവിന്ദച്ചാമി ഒരു മൂന്നാം കിട തമിഴ് ക്രിമിനല്‍. പോരാത്തതിന് വികലാംഗന്‍. അയാള്‍ക്കു പണ്ടു മുംബൈ അധോലോകവുമായി ബന്ധമുണ്ടായിരുന്നുവെന്നതടക്കം  ചില വിവരങ്ങള്‍ ആരെയും ഉദ്ധരിക്കാതെ ചില പത്രങ്ങള്‍ സ്കൂപ്പടിച്ചെങ്കിലും നേരം പോലെ അത് വിഴുങ്ങി. പിന്നെ അതാരും ഏറ്റു പിടിച്ചിട്ടുമില്ല.  ആ നിലക്ക്, കേസില്‍ ഇടപെടല്‍ നടത്താനാവാത്ത, സ്വാധീന ശക്തിയില്ലാത്ത, അഭിഭാഷക രംഗത്തെ വന്‍ തോക്കുകളെ അണിനിരത്താന്‍ ഒരു പാങ്ങുമില്ലാത്ത വെറുമൊരു സാധാരണ കേഡിയായാണ്  ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചത്. നമ്മള്‍ വിശ്വസിച്ചതും.
ആ പരാമര്‍ശങ്ങളിലെ അഭിഭാഷക സാന്നിധ്യത്തെക്കുറിച്ചും ഉന്നത സ്വാധീനത്തെക്കുറിച്ചുമുള്ള മിത്തുകള്‍ അമ്പേ പരാജയപ്പെട്ടെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. അപ്പോള്‍, കേസില്‍ കൈകടത്തല്‍ ഉണ്ടാവില്ലെന്ന വാദത്തിന് മാത്രമായി എങ്ങിനെ നിലനില്‍ക്കാനാവും. എങ്കില്‍ അക്കാര്യവും ഇനി ഗൌരവമായി കാണേണ്ടിയിരിക്കുന്നു. എങ്ങിനെയാണ് നമ്മുടെ ഏമാന്‍മാര്‍ ഈ കേസ് പണിതത്?കുറ്റപത്രം എങ്ങിനെ തയ്യാറാക്കി? അതില്‍ എത്ര വിടവുകളുണ്ട്? കേസിനാസ്പദമായ തെളിവുകളുടെ സ്വഭാവം എന്താണ? അവ നിലനില്‍ക്കത്തക്കതാണോ? സ്വാധീന ശക്തിയുള്ള പ്രബലമായ ഒരു വിഭാഗം ഒരു പക്ഷത്ത് നില്‍ക്കുന്ന സാഹചര്യം വ്യക്തമായ സ്ഥിതിക്ക് ഈ ചോദ്യങ്ങള്‍ ഇനിയെങ്കിലും ഗൌരവമായി പരിഗണിക്കണം.
ഗോവിന്ദച്ചാമിയുടെ റിമാന്റുമായി ബന്ധപ്പെട്ട് പ്രതിഭാഗം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഈ സംശയം ബലപ്പെടുത്തുന്നതാണ്. കഴിഞ്ഞ മൂന്നാം തീയതി യാണ് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചാമിയുടെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയത്. റിമാന്റ് കാലാവധിക്കുള്ളില്‍ ഇയാളെ തൃശൂര്‍  സെഷന്‍സ് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ വിയ്യൂര്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കുകയോ റിമാന്റ് നീട്ടുകയോ ചെയ്തിട്ടില്ല.  അതിനാല്‍, ചാമിയെ ജയിലില്‍ വെക്കുന്നത് നിയമവിരുദധമാണെന്നും ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ട് എന്നും കാണിച്ചാണ് 267ം വകുപ്പ് പ്രകാരം പ്രതിഭാഗം ഒരു ഹരജി നല്‍കിയത്. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാതെ ജയിലില്‍ പാര്‍പ്പിച്ചത് 309ം വകുപ്പിന്റെ ലംഘനമാണെന്ന് കാണിച്ച് മറ്റൊരു ഹരജിയും നല്‍കിയിട്ടുണ്ട്.
ചാമിക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന നടപടിയാണിത്. ഇത്തരം അനേകം പഴുതുകളാവും കോടതിയില്‍ സഹായകമാവുക. നടക്കാനിരിക്കുന്ന ഇത്തരം അനേകം സംഭവങ്ങളാണ് ശരിക്കും പേടിപ്പിക്കുന്നത്.
ആറ്

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ചില വസ്തുതകള്‍ കൂടിയുണ്ട്. സൌമ്യയുടെ കുടുംബത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ കഥയാണത്.
മൂന്ന് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.  ദുരന്തം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഇത് നല്‍കാത്ത വിവരം  ഒരു പത്രം പുറത്തു വിട്ടപ്പോഴാണ് മൂന്നു ദിവസത്തിനുശേഷം ഈ തുക നല്‍കാന്‍ നടപടിയായത്. എന്നാല്‍, ഈ തുക മുഴുവനും സൌമ്യയുടെ അമ്മക്ക് നല്‍കിയില്ല. അതില്‍നിന്ന് 30, 000 രൂപ മെഡിക്കല്‍ കോളജിലെ ചികില്‍സാ ചെലവ് എന്നു പറഞ്ഞ് അധികൃതര്‍ ഈടാക്കി.
പൂര്‍ണമായും സൌജന്യമായി നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികില്‍സാ, സംസ്കാരത്തിന്റെ  ചെലവ് എന്ന പേരിലാണ് ഈ 30,000 രൂപ ഈടാക്കിയത്.
തുക വാങ്ങുന്നതിനെത്തിയ സൌമ്യയുടെ കുടുംബത്തെ ഒരു പാട് ഡിമാന്റുകളുമായി ഏറെ കഷ്ടപ്പെടുത്തിയാണ് ബാക്കി തുക നല്‍കിയത്.  സൌമ്യ മരിച്ചെന്നു തെളിയിക്കണം എന്നതായിരുന്നു ഒരു ഡിമാന്റ്. അതിനു മരണ സര്‍ടിഫിക്കറ്റ് ഹാജരാക്കണം. അത് കഴിഞ്ഞപ്പോള്‍ പിന്നെയും നിബന്ധന വന്നു. 10 വര്‍ഷത്തിലേറെയായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൌമ്യയുടെ പിതാവ് എപ്പോള്‍  വന്നു ചോദിച്ചാലും തുകയില്‍നിന്നുള്ള വിഹിതം നല്‍കുമെന്ന് അമ്മ മുദ്രപത്രത്തില്‍ എഴുതി നല്‍കണം. എന്നാലേ തുക നല്‍കൂ. അതെഴുതി നല്‍കിയപ്പോള്‍ മുദ്രപത്രത്തിന്റെ വിലയായ 150 രൂപയും അധികൃതര്‍ സൌമ്യയുടെ നിര്‍ധനയായ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. പുറത്തുനിന്നും ജാമ്യക്കാരെ കൊണ്ടു വന്ന് മുദ്രപത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. റെയില്‍വേ നല്‍കുമെന്ന് പ്രഖ്യാപിച്ച മൂന്നു ലക്ഷം രൂപ സമയത്തിന് നല്‍കിയില്ലെന്ന് പറഞ്ഞ് വിമര്‍ശമുയര്‍ത്തിയ കേരള സര്‍ക്കാര്‍ തന്നെയാണ് സ്വന്തം കാര്യത്തില്‍ ഈ നെറികേടു കാണിച്ചത്.

നമുക്കെന്ത് ചെയ്യാനാവും


കാര്യങ്ങള്‍ എല്ലാം ഭദ്രമെന്നു പറഞ്ഞ് മാധ്യമങ്ങളും പൊതു സംഘടനകളും നിയമ, മനുഷ്യാവകാശ, സ്ത്രീ കൂട്ടായ്മകളും ഇനിയും ഉറക്കം തുടരരുത് എന്നു തന്നെയാണ് ഈ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്.  പുതുതായി സ്ഥാനമേറ്റ മന്ത്രിസഭ ഇക്കാര്യത്തില്‍ കര്‍ശനമായ സമീപനം കൈക്കൊള്ളുക തന്നെ വേണം. സൌമ്യയുടെ മരണ സമയത്ത് ശക്തമായി രംഗത്തു വന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ സത്യസന്ധമായി പ്രവര്‍ത്തിച്ചാല്‍ സൌമ്യക്ക് നീതി ലഭിക്കുന്നത് അകലെയാവില്ല. ഇതിനുള്ള അഭിപ്രായ രൂപവല്‍കരണമാണ് ഉണ്ടാവേണ്ടത്.
ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ഒരു ജനത  ഉണര്‍ന്നെണീക്കുന്നതിന്റെ സാധ്യതകള്‍ ഹസാരേയുടെ സമരം കാണിച്ചു തന്നതാണ്. കേരളത്തില്‍ അത്തരം സാധ്യതകള്‍ ആരായേണ്ട നേരമാണിത്. അതിനു നമുക്കായില്ലെങ്കില്‍ സൌമ്യയെ കോടതി മുറിയില്‍ വീണ്ടും ക്രൂരമായി കൊലപ്പെടുത്തുന്നതിന് നമ്മളും പങ്കാളികളാവുകയാവും ഫലം.

(സൌമ്യ മരിച്ച നാള്‍ ഞാനിട്ട പോസ്റ്റും വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും  മാധ്യമ, അഭിഭാഷക  സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളുമാണ് ഈ കുറിപ്പിന് അവലംബിച്ചത്.)




പ്രിയരേ,
ഇത് തുടര്‍ പോസ്റ്റ്.
എന്തു ചെയ്യാനാവുമെന്ന ആലോചന.
ഈ പോസ്റ്റ് കൂടി ശ്രദ്ധയില്‍ പെടട്ടെ
എന്ന ആഗ്രഹത്തോടെ ഇവിടെ ആഡ് ചെയ്യുന്നു


അതിനാല്‍, സൌമ്യക്കു വേണ്ടി 

നമുക്കൊരു പോരാട്ട വഴി തുറക്കാം


അനീതിക്കെതിരായ നമ്മുടെ ഈ രോഷാഗ്നി കെട്ടുപോവുമോ. 
സൌമ്യക്ക് നീതി കിട്ടാന്‍ നമുക്കെന്തു ചെയ്യാനാവും.  
നമുക്ക് ഈ അവസ്ഥകള്‍ മാറ്റിത്തീര്‍ക്കാനാവുമോ


പല വഴികളിലൂടെ മുന്നിലെത്തിയ അനേകം  വിവരങ്ങള്‍ ചേര്‍ന്നു ശ്വാസം മുട്ടിച്ച വല്ലാത്തൊരു അസഹനീയതയാണ് സൌമ്യയെ വീണ്ടും കൊല്ലരുത് എന്ന പോസ്റ്റ് ആയി മാറിയത്. മാധ്യമങ്ങള്‍ കണ്ണടക്കുകയും സൌമ്യയുടെ കേസില്‍ കാര്യങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലേക്ക് ചെന്നു പതിക്കുകയും ചെയ്യുകയായിരുന്നു. ആരുമില്ലാത്ത വെറുമൊരു ക്രിമിനലെന്ന് എല്ലാവരും ഉറപ്പിച്ച ഗോവിന്ദച്ചാമിയെന്ന വികലാംഗനു വേണ്ടി വന്‍ അഭിഭാഷക പട രംഗത്തിറങ്ങി. കേസ് ദുര്‍ബലമാണെന്ന അവരുടെ വാദങ്ങള്‍ ശക്തമായി. ആരാണ് ചാമിക്കു പിന്നിലെന്നും കേസ് എന്തായി മാറുമെന്നുമുള്ള ആശങ്ക  മാധ്യമങ്ങളൊന്നും കാണാതിരിക്കുകയും  പ്രതീക്ഷയര്‍പ്പിച്ചവരെല്ലാം നിശബ്ദരാവുകയും ചെയതപ്പോഴാണ് അധികമാരും കാണാത്ത സ്വന്തം  ബ്ലോഗില്‍ ആശങ്കകളുടെ ആ രാത്രി പകര്‍ത്താന്‍ ശ്രമിച്ചത്.
വല്ലാത്തൊരനുഭവമായിരുന്നു അത്. സമാനമായ ആധികളും ആശങ്കകളും പങ്കിട്ട്, ഇനിയും മനുഷ്യപ്പറ്റ് വറ്റിയിട്ടില്ലെന്ന്  ഉറപ്പുതന്ന്, മനുഷ്യത്വത്തിലും ജീവിതത്തിലുമുള്ള വിശ്വാസം ഉറപ്പിച്ച്  അനേകം മനുഷ്യര്‍ മുന്നിലെത്തി. അറിയാത്ത ആയിരങ്ങള്‍. അതു വരെ നൂറു പേര്‍ തികച്ചു വായിക്കാത്ത പോസ്റ്റ് ഇതെഴുതുമ്പോള്‍ നാലായിരത്തോളം പേര്‍ വായിച്ചു കഴിഞ്ഞു. 20നപ്പുറം കടക്കാത്ത കമന്റുകള്‍ നൂറു കവിഞ്ഞു. അറിയാത്ത അനേകം മനുഷ്യരുടെ പിന്തുണയും നിലനില്‍ക്കുന്ന അവസ്ഥകളോടുള്ള അണപൊട്ടിയ രോഷവും സങ്കടവും നേരിട്ടറിയാന്‍ കഴിഞ്ഞു.
സൌമ്യയുടെ മരണം നമ്മളിലെല്ലാം ഉണ്ടാക്കിയ നടുക്കമാണ്, നമ്മുടെയും പ്രിയപ്പെട്ടവരുടെ ജീവിതത്തിന്റെ തായ് വേരറുക്കാന്‍ ഒരൊറ്റക്കയ്യന്‍ എവിടെയോ കാത്തിരിക്കുവെന്ന  ഭയമാണ് കുമിഞ്ഞു കൂടിയ ഈ പ്രതികരണങ്ങള്‍. അതില്‍ നമ്മുടെ സാഹചര്യങ്ങളോടുള്ള തെറിവിളികളുണ്ട്. പ്രതികരണ ശേഷിയുടെ ഒരു കാലം വരണമെന്ന അകമഴിഞ്ഞ ആഗ്രഹങ്ങളുണ്ട്. സൌമ്യക്ക് നീതി കിട്ടണമെന്ന പ്രാര്‍ഥനയുണ്ട്. ഇനിയും സൌമ്യമാര്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധങ്ങളുണ്ട്. നമ്മുടെ സര്‍ക്കാര്‍ കേസ് ശക്തമായി കൈകാര്യം ചെയ്യണമെന്നും കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മാധ്യമങ്ങളാല്‍ അന്വേഷിക്കപ്പെടണമെന്നുമുള്ള ആവശ്യങ്ങളുണ്ട്. സാമൂഹിക അസമത്വ ങ്ങളോടും ജീര്‍ണതയോടുള്ള കത്തുന്ന പ്രതിഷേധമുണ്ട്. നിത്യജീവിതം നമ്മളില്‍ വിതക്കുന്ന നിസ്സംഗതയില്‍നിന്ന് ഒന്ന് നട്ടെല്ലു നിവര്‍ത്തി നില്‍ക്കണമെന്ന പ്രത്യാശയുണ്ട്. ഇന്റര്‍നെറ്റ് എന്ന മീഡിയത്തില്‍നിന്ന് ഉയര്‍ന്നു വന്ന സമകാല കൊടുങ്കാറ്റുകളിലേക്ക് ഈ പ്രതികരണങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന അടങ്ങാത്ത ആഗ്രഹങ്ങളുണ്ട്. അതില്‍, നമ്മള്‍ ഇപ്പോഴും മനുഷ്യരാണെന്ന വിട്ടുവീഴ്ചയില്ലാത്ത ഉറപ്പുണ്ട്.

രണ്ട്

തീര്‍ച്ചയായും മുന്നോട്ടേക്ക് നീങ്ങേണ്ട അനിവാര്യതയിലേക്കാണ് ഈ പ്രതികരണങ്ങള്‍, ഈ വായനകള്‍ വിരല്‍ ചൂണ്ടുന്നത്. പാളത്തില്‍ വീണ് ക്രൂരപീഡനത്തിരയായി ഇഞ്ചിഞ്ചായി മരിച്ച പാവമൊരു പെണ്‍കുട്ടിയുടെ ചോരയോടു നീതി പുലര്‍ത്തേണ്ട  ബാധ്യതയിലേക്കാണ് ഈ വാക്കുകള്‍ നമ്മെ എത്തിക്കുന്നത്. ഒരു പാടു കാര്യങ്ങള്‍ക്ക് വഴിമരുന്നിടാന്‍ കരുത്തുള്ള  ഒരു യുവത്വം ശേഷിക്കുന്നുവെന്ന് കാണിച്ചു കൊടുക്കേണ്ട നേരമാണ് നമുക്കു മുന്നില്‍ വന്നുപെട്ടത്.
പ്രിയപ്പെട്ടവരേ, ഇത് ഒന്നിച്ചു നില്‍ക്കേണ്ട നേരം. തിരക്കുള്ള ജീവിതത്തിനിടയിലും ഓരോരുത്തര്‍ക്കും കഴിയുന്ന അനേകം കാര്യങ്ങളുണ്ട്.  സാമൂഹിക അഭിപ്രായ രൂപീകരണത്തിനാവും. ഇപ്പോഴും ഉറക്കം തുടരുന്ന സര്‍ക്കാറിനെയും ബ്യൂറോക്രസിയെയും നീതിപീഠത്തെയും മാധ്യമലോകത്തെയും ഉണര്‍ത്താനും നമുക്കാവും. സൈബര്‍ ലോകത്തെ ഒച്ചയില്ലാത്ത അനേക ശബ്ദങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് ഈജിപ്തിലും തുണീഷ്യയിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. പശ്ചിമേഷ്യയിലെ അനേകം ഭരണകൂടങ്ങള്‍ക്കും ലോകത്തെങ്ങുമുള്ള മര്‍ദക ഭരണാധികാരികള്‍ക്കുമെതിരായ പോരാട്ടത്തിന്റെ കൊടുങ്കാറ്റുകള്‍ പുറപ്പെട്ടതും പുറപ്പെടുന്നതും പുതിയ സാങ്കേതിക വിദ്യകളുടെയും ഇന്‍ര്‍നെറ്റിന്റെയും മുന്‍കൈയിലാണ്. ഇന്ത്യയില്‍, പ്രിയദര്‍ശിനി മട്ടു കേസിലും ജെസീക ലാല്‍  വധക്കേസിലും നിധീഷ് കതാരാ വധക്കേസിലും പിങ്ക് ചഡ്ഡി,, ജ ഗോ രേ  കാമ്പെയിനുകളിലും ബിനായക്സെന്നിന്റെ മോചനത്തിലും  ഇങ്ങേയറ്റത്ത് ഹസാരേയുടെ സമരത്തിലും ആണവനിലയ വിരുദ്ധ കാമ്പെയിനുകളിലും നിര്‍ണായക ഘടകമാവാന്‍ സൈബര്‍ ലോകത്തിനു കഴിഞ്ഞിട്ടുണ്ട്.
മൂന്ന്
 
പറഞ്ഞു വന്നത്, നമ്മുടെ മുന്നിലുള്ള സാധ്യതകളെ കുറിച്ചാണ്. നമുക്കു മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചും നമുക്കു മറി കടക്കാനാവുന്ന അതിരുകളെക്കുറിച്ചുമാണ്. സൌമ്യ കേസില്‍ നീതി ഉറപ്പാക്കാനും  കേസ് അട്ടിമറിക്കാതിരിക്കാനുമുള്ള സാമൂഹിക ജാഗ്രതയുടെ മുന്നണിയില്‍ നില്‍ക്കാന്‍ നമുക്കാവുക തന്നെ ചെയ്യും. സൌമ്യയുടെ ചോരക്കു വേണ്ടിയുള്ള  പോരാട്ടമായി നമ്മുടെ പ്രതീക്ഷകളെ, പ്രാര്‍ഥനകളെ വളര്‍ത്താന്‍ നമുക്ക് കഴിയാതിരിക്കില്ല. അതിന് എന്തൊക്കെ ചെയ്യാനാവുമെന്ന കാര്യം നമുക്ക് ഒന്നിച്ച് ആലോചിക്കേണ്ടതുണ്ട്. ഉപയോഗിച്ച സമര മാര്‍ഗങ്ങളും പുതിയ സമര രീതികളെ കുറിച്ച അന്വേഷണവും പുത്തന്‍ പോരാട്ട തന്ത്രങ്ങളും ആവിഷ്കരിക്കാന്‍ സൌമ്യക്കെതിരായ അനീതിക്കെതിരെ ഒന്നിച്ചുയര്‍ന്ന നമ്മുടെ ശബ്ദങ്ങള്‍ക്ക് കഴിയാതെ വരില്ല.

നമുക്കെന്താണ് ചെയ്യാനാവുക?
തീര്‍ച്ചയായും ഇത്തരമൊരു സംരംഭത്തിനു ചാലകശക്തിയാവാനുള്ള നേരമോ സാവകാശമോ ഇല്ലാത്തവരാണ് നമ്മളെല്ലാവരും.
ഒരു കാര്യത്തിന്റെയും മുന്നില്‍നിന്നു ശീലമില്ലാത്ത  എന്നെപ്പോലുള്ളവര്‍ക്ക് ഇത്തരമൊരു വലിയ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയണമെന്നില്ല. എങ്കിലും കഴിയുന്ന ചില നിര്‍ദേശങ്ങള്‍, ചില ആഗ്രഹങ്ങള്‍ നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുകയാണ്. ഇതിന്റെ പ്രയോഗികതയെക്കുറിച്ചോ ഫലപ്രാപ്തിയെക്കുറിച്ചോ പറയാന്‍ ഞാനാളല്ല. അതിനു കഴിയുന്ന അനേകരുടെ മുന്‍കൈയില്‍ ഫലവത്തായ ചിലതായി മാറാന്‍ തീര്‍ച്ചയായും നമ്മുടെ സത്യസന്ധവും വൈകാരികവുമായ ഈ പ്രതീക്ഷകള്‍ക്ക് കഴിയാതിരിക്കില്ല എന്നാണു വിശ്വാസം. അതിനു വേണ്ടി മാത്രമാണ് ഈ കുറിപ്പ്.

നാല്

വീണ്ടും മുന്നില്‍ വരുന്നു, ആ ചോദ്യം. നമുക്കെന്ത് ചെയ്യാനാവും?
ഉത്തരം പറയാനാവുക നമ്മളോരോരുത്തര്‍ക്കുമാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും, നെറികെട്ട അതിന്റെ പോക്കോടുള്ള നമ്മുടെ പ്രതിഷേധങ്ങളും എത്തേണ്ടിടത്ത് എത്തിക്കാനാവാന്‍  നമുക്കാവും. ഇന്റര്‍നെറ്റിനെ സാമൂഹിക പോരാട്ടത്തിനുള്ള ഉപാധികളാക്കുന്ന നിരവധി കൂട്ടായ്മകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും  ബ്ലോഗ് അക്കാദമി പോലുള്ള സംരംഭങ്ങളും സക്രിയമായി പൊതു സമൂഹത്തില്‍ ഇടപെടാനാവുന്ന എഴുത്തുകാരുടെയും ആക്റ്റിവിസ്റ്റുകളുടെയും  സൈബര്‍ കൂട്ടങ്ങളും നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം കൂട്ടായ്മകളിലേക്ക് ഈ സന്ദേശം, നമ്മുടെ പ്രതിഷേധങ്ങള്‍ എത്തിക്കേണ്ടതുണ്ട്. അവരുടെ മുന്‍കൈയില്‍ വിശാലമായ സഖ്യങ്ങള്‍ രൂപപ്പെടുന്ന വിധത്തില്‍ കാര്യങ്ങളെത്തിക്കണം. ഒന്നിച്ചും അല്ലാതെയും ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന അത്തരം സംരംഭങ്ങള്‍ക്ക് നിലവിലെ ഈയവസ്ഥ മാറ്റാനാവുക തന്നെ ചെയ്യും.
സൌമ്യ കേസുമായി ഏതൊക്കെയോ കാരണങ്ങളാല്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന മാധ്യമങ്ങളുടെ സര്‍ഗാത്മകശേഷി വിനിയോഗിക്കപ്പെടണം. മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമടങ്ങുന്ന ഒരുപാടു പേര്‍ നമുക്കിടയിലുണ്ട്. അവര്‍ വഴിയും അല്ലാതെയും സൌമ്യ കേസില്‍ ജാഗരൂകമായി ഇടപെടുന്നതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ നമുക്കാവണം. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. സാമൂഹിക പ്രസ്ഥാനങ്ങളുണ്ട്. യുവജന, സ്ത്രീ, മനുഷ്യാവകാശ കൂട്ടായ്മകളുണ്ട്. ഇവയില്‍ പലതും സൌമ്യ കൊല്ലപ്പെട്ട വേളയില്‍ ശക്തമായി രംഗത്തു വന്നിരുന്നു. സര്‍ക്കാറിനെയും റെയില്‍വേയെയും ഇളക്കിമറിക്കുന്നതിന് ഇവരുടെ പ്രതിഷേധാഗ്നി ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഈ കൂട്ടായ്മകളെ യഥാസമയം കാര്യങ്ങള്‍ അറിയിക്കുന്നതിനും അവയെ ഒന്നിപ്പിക്കുന്നതിനും കഴിയുമെങ്കില്‍ നമുക്കേറെ ചെയ്യാനാവും.
അഞ്ച്

പുതിയ സംസ്ഥാന മന്ത്രിസഭ ഇമേജ് രൂപവല്‍കരണമടക്കമുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ കാണിക്കുന്ന നേരമാണിത്. കാര്യങ്ങള്‍ പൂര്‍ണമായി രാഷ്ട്രീയവല്‍കരിക്കപ്പെടും മുമ്പ് സര്‍ക്കാറിനെ കൊണ്ട് സുപ്രധാനമായ ചില കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം. പ്രോസിക്യൂഷന്‍ ഭാഗം കൂടുതല്‍ ശക്തമാക്കുക, ആളും സന്നാഹവും കൂടുതലുള്ള പ്രതിഭാഗത്തെ നേരിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇച്ഛാശക്തി നല്‍കുക, പ്രതിഭാഗം വാദിക്കുന്നത് പോലെ കേസ് നടപടികളും അന്വേഷണവും ദുര്‍ബലമാണോ എന്ന് പരിശോധിക്കുക, അങ്ങനെയെങ്കില്‍ പോരായ്മകള്‍ നികത്താനുള്ള നടപടികള്‍ കൈക്കൊള്ളുക, സൌമ്യയുടേതു പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ട്രെയിന്‍ യാത്രയിലെ സുരക്ഷ  ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളില്‍  സര്‍ക്കാര്‍ ഇടപെടുന്ന തരത്തില്‍ സമ്മര്‍ദ്ദം വളരേണ്ടതുണ്ട്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു നീങ്ങേണ്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ സംഘടനകളെയും സക്രിയമാക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്.

ആറ്


ആദ്യഘട്ടമായി , ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള  സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ജസ്റ്റിസ് ഫോര്‍ സൌമ്യ പേജുകള്‍ തുറക്കാം. കേസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വിവരങ്ങള്‍ കൈമാറാം. കേസില്‍ സാമൂഹികമായ ജാഗ്രത ഉണ്ടാവുന്നതിന് അതേറെ സഹായകമാവാതിരിക്കില്ല. ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന വിധം ചര്‍ച്ചകളിലൂടെയും  മറ്റും അഭിപ്രായരൂപീകരണം നടത്താനാവും. ബ്ലോഗുകള്‍ക്കും  ഗൂഗിള്‍ ബസ്, കൂട്ടം പോലുള്ള സൈബര്‍ ഇടങ്ങള്‍ക്കും ഈയൊരു ലക്ഷ്യത്തിനു വേണ്ടി  ഏറെ ചെയ്യാനാവും.  ചെറുകൂട്ടായ്മകളുടെ മുന്‍കൈയില്‍ വെബ്സൈറ്റുകള്‍ ആരംഭിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനാവും. എല്ലാ തലങ്ങളിലുമുള്ള പ്രൊഫഷണലുകളും പ്രതിഭകളും നിറഞ്ഞ സൈബര്‍ ഇടത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്ര ബുദ്ധിമുട്ടാവാന്‍ ഇടയില്ല.
പെറ്റീഷന്‍ ഓണ്‍ലൈന്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാവും. ബിനായക് സെന്നിന്റെ മോചനം അടക്കമുള്ള വിഷയങ്ങളില്‍ പെറ്റീഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നിരവധി പേര്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ അവരുടെ മുന്‍കൈ ഉണ്ടാവേണ്ടിയിരിക്കുന്നു.

ഏഴ്



ഇനി ചെയ്യാനാവുന്നത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും മറ്റും ഇ മെയില്‍ വിലാസങ്ങളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ഇ^ മെയിലുകളും എസ്.എം.എസുകളും അയക്കുക എന്നതാണ്. സൌമ്യയുടെ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുക  എന്നതു പോലുള്ള സന്ദേശങ്ങള്‍ അയക്കാനാവും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍:
9447592042
9447276535
9447452350
ഇ മെയില്‍ വിലാസം:
chiefminister@kerala.gov.in

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍:
9447711500
(ഇ-മെയില്‍ വിലാസം കിട്ടിയില്ല)

എട്ട്

പ്രിയപ്പെട്ടവരേ,
എന്റെയും നിങ്ങളോരുത്തരുടെയും ഉള്ളിലെ രോഷവും സങ്കടങ്ങളുമൊക്കെയാണ് ഈ തുടര്‍ പോസ്റ്റിനു കാരണം. വെറുമൊരു ബ്ലോഗ് പോസ്റ്റ്  മാത്രമായി നമ്മുടെ മനുഷ്യപ്പറ്റ് ആളിക്കത്തിയ ഈ അവസ്ഥ മാറരുത് എന്ന ആഗ്രഹം.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുകയോ ആക്ററിവിസത്തെക്കുറിച്ച്  എന്തെങ്കിലും ഫലപ്രദമായി പറയാനോ കഴിയാത്ത ഒരാള്‍ മുന്നോട്ടു വെക്കുന്ന കേവല അഭിപ്രായങ്ങള്‍ മാത്രമാണിത്. സൌമ്യക്കു നീതി ലഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരു തുടക്കമിടുക എന്നത് മാത്രമാണ് ലക്ഷ്യം.  ഇതിനെ കുറിച്ച് നിങ്ങളോരുത്തരുടെയും അഭിപ്രായങ്ങള്‍   ചേര്‍ത്തുവെക്കുമ്പോള്‍, നമ്മുടെ സംസാരം തുടരുമ്പോള്‍ മുന്നോട്ടു പോവാനുള്ള ഒരു വഴി തെളിയുമെന്നു തന്നെയാണ് വിശ്വാസം. അങ്ങിനെയാവട്ടെ എന്നാഗ്രഹിക്കുന്നു.

http://verutheorila.blogspot.com/2011/05/blog-post_21.html


https://www.facebook.com/pages/Justice-for-Soumya/187617734621950


http://globalvoicesonline.org/2011/05/26/india-malayalam-bloggers-campaign-for-soumya/

284 comments: