ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട പൊലീസ് ഭാഷ്യത്തിലെ വിടവുകള്‍ തുറന്നു കാട്ടിയ പേരില്‍ മലയാളി മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന ഇപ്പോള്‍ ബംഗളുരു പൊലീസിന്റെ ചോദ്യം ചെയ്യലിലാണ്. ഷാഹിനയുടെ ജന്മനാടായ തൃശൂരില്‍ ആരംഭിച്ച മാധ്യമപ്രവര്‍ത്തകരുടെ യൂനിയന്‍ സമ്മേളനത്തില്‍ എന്നാല്‍ ഇതൊരു വിഷയമേയല്ല. ഈ വൈരുധ്യത്തെക്കുറിച്ച്.
![]() |
ഷാഹിന |
വാര്‍ത്ത കണ്ട ക്ഷീണം തീര്‍ക്കാന്‍ ഗൂഗിള്‍ ബസില്‍ ചുമ്മാ ചെന്നപ്പോഴാണ് ആ പോസ്റ്റ് കണ്ടത്. ആദ്യകാല ദൃശ്യ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളും ഇപ്പോള്‍ ഓപ്പണ്‍ മാസികയുടെ ലേഖികയുമായ കെ.കെ ഷാഹിനയുടേതാണ് പോസ്റ്റ്. അതിങ്ങനെ.
Now it is the time to face interrogation.I am travelling to Banglore this week.No idea how hard and how long the interrogation would be.As per the bail conditions,I have to appear before the investigating officer in every 15 days. I hope,I would make every trip as fruitful as possible,thinking of some books to read in train, What should be the first one? 'The trial'? :)
എട്ടാം തീയതി പോസ്റ്റ് ചെയ്ത ഈ കുറിപ്പ് വൈകിയാണ് കണ്ടതെങ്കിലും പെട്ടെന്ന് നെഞ്ചിലൂടെ എന്തോ പാഞ്ഞു പോയി. ഭയം, ഭീതി എന്നിങ്ങനെ വിവര്‍ത്തനം ചെയ്യാവുന്ന എന്തോ ഒന്ന്. ഓര്‍മ്മക്കു ചാരെ വന്നു നിന്നു, കര്‍ണാടക പൊലീസിനെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ നടത്തിയ കാവിവല്‍കരണത്തെക്കുറിച്ച വാര്‍ത്തകള്‍. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അടുത്തകാലത്ത് നടന്ന സമാനമായ നിരവധി സംഭവങ്ങളുടെ ഓര്‍മ്മകള്‍.
തൃശൂര്‍ സ്വദേശിയായ ഷാഹിന ഏഷ്യാനെറ്റിന്റെ ആദ്യകാല ജേണലിസ്റ്റുകളില്‍ ഒരാളാണ്. നീണ്ട കാലം ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച ശേഷം ജോലി വിട്ടു. തുടര്‍ന്ന് ദല്‍ഹി കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയ അവര്‍ തെഹല്‍ക്ക മാസികയില്‍ പ്രവര്‍ത്തിക്കവെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മികച്ച മാധ്യമപ്രവര്‍ത്തകക്കുള്ള ചമേലി ദേവി ജെയിന് അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരളത്തിന്റെ ചെറിയ ഫ്രെയിമില്‍നിന്ന് ദേശീയ മാധ്യമ പ്രവര്‍ത്തനത്തിന്റെ വലിയ ഫ്രെയിമിലേക്ക്, മലയാളത്തിന്റെ അതിരില്‍നിന്ന് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകളിലേക്ക് വഴി മാറിയ ഈ മാധ്യമപ്രവര്‍ത്തക സ്ത്രീ, മനുഷ്യാവകാശ, പരിസ്ഥിതി വിഷയങ്ങളില്‍ മനുഷ്യപ്പറ്റുള്ള ഇടപെടലുകളാണ് നടത്തുന്നത്.
തെഹല്‍ക്ക ലേഖികയായിരിക്ക എഴുതിയ ഒരു വാര്‍ത്തയുടെ പേരിലാണ് ഷാഹിന ചോദ്യം ചെയ്യപ്പെടാന്‍ പോവുന്നത്. 2008ല്‍ നടന്ന ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ഡിസംബര്‍ നാലിന് തെഹല്‍ക്ക മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍. കേസിലെ മുഖ്യപ്രതി പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച തെളിവുകളുടെയും വ്യാജ മൊഴികളുടെയും അടിസ്ഥാനത്തിലാണ് എന്നതായിരുന്നു ഷാഹിനയുടെ വെളിപ്പെടുത്തല്‍. പൊലീസ് ഭാഷ്യത്തിലെ വിടവുകളും അബദ്ധങ്ങളും ചൂണ്ടിക്കാട്ടിുന്നതായിരുന്നു റിപ്പോര്‍ട്ട് . സ്ഫോടനം ആസൂത്രണം ചെയ്തെന്നു പറയുന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലും സമീപത്തെ കുംബുര്‍, ഇഗൂര്‍, ഹൊസതൊട്ട പ്രദേശങ്ങളിലും സഞ്ചരിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കം നിരവധി നാട്ടുകാരോടും കേസിലെ സാക്ഷികളോടും സംസാരിച്ചാണ് ഷാഹിന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മഅ്ദനി അവിടെവന്നിരുന്നുവെന്ന പൊലീസ് ഭാഷ്യം തെറ്റായിരുന്നുവെന്ന് സാക്ഷിമൊഴികളിലൂടെ റിപ്പോര്‍ട്ട് തെളിയിക്കുന്നു. കേസില്‍ മഅ്ദനിക്കെതിരായ ഏറ്റവും ശക്തമായ തെളിവ് അദ്ദേഹത്തെ കുടകില്‍ കണ്ടെന്ന രണ്ട് പേരുടെ സാക്ഷി മൊഴികളായിരുന്നു. കെ.കെ യോഗാനന്ദ്, റഫീഖ്് എന്നീ രണ്ട് സാക്ഷികള്‍. തങ്ങള്‍ മഅ്ദനിയെ കണ്ടിട്ടേയില്ലെന്ന് ഇരുവരും ഷാഹിനയോടു പറഞ്ഞു. താന്‍ സാക്ഷിപ്പട്ടികയിലുണ്ടെന്ന വിവരം തനിക്കറിവില്ലെന്നാണ് ബി.ജെ.പി പ്രവര്ത്തകന് കൂടിയായ യോഗാനന്ദ് ഷാഹിനയോട് പറഞ്ഞത്.
അഭിമുഖങ്ങള്‍ക്ക് ശേഷം തിരിച്ചു പോവുന്നതിനിടെ പൊലീസ് ഷാഹിനയെയും കൂടെയുണ്ടായിരുന്നവരെയും തടഞ്ഞു. ഭീകരവാദിയാണോ എന്നതായിരുന്നു സി.ഐയുടെ സംശയം. തെഹല്‍ക്ക ലേഖിക ആണെന്നു പറഞ്ഞിട്ടും വിശ്വാസം വന്നില്ല. തെഹല്‍ക എക്സിക്യൂട്ടീവ് എഡിറ്റര്‍ ഷോമാ ചൌധരി ഫോണിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടും സി.ഐ ഇക്കാര്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു സംഘം മുസ്ലിംകള് പ്രദേശത്ത് സന്ദര്‍ശനം നടത്തി എന്ന തരത്തിലാണ് പിറ്റേന്ന് ഒരു കന്നട പത്രത്തില്‍ വാര്‍ത്ത വന്നത്. തെഹല്‍ക്ക ലേഖിക ആണെന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെങ്കിലും അവരാരെന്ന കാര്യത്തില്‍ പൊലിസിനു സംശയമുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ ജോലി ചെയ്യുക മാത്രമായിരുന്നു ഷാഹിന. അത് തടസ്സപ്പെടുത്തുകയായിരുന്നു പൊലീസ്. എന്നിട്ടും ഷാഹിനക്കെതിരെ ഉടനടി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 506 പ്രകാരം; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരിലായിരുന്നു സോമവാര്‍പെട്ട് പൊലീസ് സ്റ്റേഷനിലും (No. 199/10) സിദ്ധപുര പൊലീസ് സ്റ്റേഷനിലും (No. 241/10)കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) പ്രകാരവും കേസെടുത്തു. കടുപ്പമേറിയ ഈ നിയമം ബിനായക് സെന്നിനെതിരെയും ചുമത്തിയിട്ടുണ്ട്.
![]() |
വനിതാ സെമിനാര്‍ ടി.എന്‍ സീമ എം.പി ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് വേദിയില്‍. |
പറഞ്ഞു തുടങ്ങിയത് പത്രപ്രവര്‍ത്തക യൂനിയന്‍ സമ്മേളനത്തെക്കുറിച്ചാണ് . ഇടയില്‍ ഷാഹിനയും കേസും കയറി വന്നു. എങ്കിലും ഇതു രണ്ടും വിരുദ്ധ ധ്രുവങ്ങളിലുള്ള കാര്യമല്ല. അടുത്ത ബന്ധമുള്ള കാര്യങ്ങള്‍.
കര്‍ണാടക പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമാവാന്‍ പോവുന്നതിനെ കുറിച്ചാണ് ഷാഹിനയുടെ പോസ്റ്റ്. ആ യാത്രയെക്കുറിച്ച് വല്ലാത്ത ആശങ്കകള്‍ ആ വരികള്‍ പ്രസരിപ്പിക്കുന്നു. നമുക്കുള്ളതിലേറെ ആശങ്കകള്‍. വല്ലാത്ത നിസ്സഹായതയും.
ഭരണകൂടം മാധ്യമപ്രവര്‍ത്തകരോടു കാട്ടുന്നതെന്ത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഷാഹിന. ഈ സമയത്ത് ചേരുന്ന മാധ്യമപ്രവര്‍ത്തക സംഘടനയുടെ സമ്മേളനത്തില്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന കടന്നാക്രമണങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പോലും ഇക്കാര്യം ഗൌരവകരമായ വിഷയമായില്ലെന്ന് ഇന്നിറങ്ങിയ പത്രങ്ങളിലെ സെമിനാര്‍ വാര്‍ത്ത തെളിയിക്കുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു സെമിനാറും സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്നു എന്ന് കൌതുകത്തിന്റെ ഭാഗമായി വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ കണ്ടു. വനിതാ മാധ്യമ പ്രവര്‍ത്തക സെമിനാര്‍. അതിലും പക്ഷേ, ഷാഹിനയുടെ അവസ്ഥ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് അതില്‍ പങ്കെടുത്ത ചങ്ങാതി പറഞ്ഞു. മറ്റൊന്നു കൂടി അവള് പറഞ്ഞു. ആ സെമിനാറില്‍ ഏറ്റവുമധികം കൈയടി വാങ്ങിയത് ശോഭാ സുരേന്ദ്രനാണ്. അതെ, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് തന്നെ.
ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കടുത്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ട് കൂട്ടത്തിലൊരുവള്‍ ചോദ്യം ചെയ്യലിന്റെ കഠിന ദിനങ്ങളിലേക്ക് പതിക്കുന്ന അതേ നേരം നമമുടെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാവിന്റെ പ്രസംഗത്തിന് കൈയടിക്കുകയായിരുന്നു. സി.പി.എം നേതാവ് ടി.എന്‍ സീമ എം.പിയും ചടങ്ങിനുണ്ടായിരുന്നു. ഒരാളും ഷാഹിനയെ ഓര്‍ത്തില്ല. പറഞ്ഞില്ല.
ഷാഹിനക്കെതിരെ നടക്കുന്നത് മാധ്യമ സ്വാതന്ത്യ്രത്തിനെതിരായ ഭരണകൂട ഇടപെടലാണ്. അക്കാര്യത്തില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കോ അവരുടെ സംഘടനക്കോ സംശയമുണ്ടാവില്ല. പിന്നെന്തു കൊണ്ടാണ്, സര് ,വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിച്ച ഒരു മാധ്യമപ്രവര്‍ത്തകക്ക് ഈ അവസ്ഥ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വെല്ലുവിളികളുടെ കൂട്ടത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും പ്രധാന സംഭവം ഷാഹിനക്കെതിരായ ഭരണകൂട നടപടികളാണ്. എന്നിട്ടെന്തേ അവരുടെ ജന്മനാട്ടില് നടക്കുന്ന സമ്മേളനത്തില്‍ പോലും ഇക്കാര്യം വിഷയമാവാത്തത്. തൃശൂര്‍ക്കാരിയായ ശോഭാ സുരേന്ദ്രന് ഇടം നല്കിയ സമ്മേളനം അതേ നാട്ടില്‍ വളര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ പ്രശ്നത്തിന് ഇടം നല്‍കാത്തത് എന്ത് മാധ്യമ ധാര്‍മികതയാണ്.
ഷാഹിനയുടെ കേസില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ആദ്യം മുതല്‍ ഇപെട്ടത് വേണ്ട വിധമായിരുന്നില്ലെന്ന് സംഭവം അന്വേഷിച്ചപ്പോള്‍ മാധ്യമരംഗത്തു തന്നെയുള്ള സുഹൃത്തുക്കള്‍ പറയുന്നു. കേരള സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള മാധ്യമ സമൂഹം വേണ്ട വിധം മനസ്സു വെച്ചിരുന്നെങ്കില്‍ ആരുമില്ലാത്ത ഒരാളെപ്പോലെ ഈ കഠിന വിധി ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു ഷാഹിനക്ക്. കര്‍ണാടക സര്‍ക്കാറുമായി സംസാരിക്കുന്നതിന് കേരള സര്‍ക്കാറിനെ ഇടപെടുവിക്കാനും അതിനുള്ള പൊതുജനാഭിപ്രായം സൃഷ്ടിക്കാനും കഴിയാത്തവരല്ല കേരളത്തിലെ മാധ്യമ സമൂഹം. എന്നിട്ടും എന്തു കൊണ്ടാണ് ഇത്ര ഗുരുതരമായ ഒരു പ്രശ്നമുണ്ടായിട്ടും കേരളത്തിന്റെ മാധ്യമ നട്ടെല്ല് നിവര്‍ന്നു നില്‍ക്കാത്തത്.
കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെക്കുറിച്ച് വാചാലരാവുന്നവരാണ് നാം. ഗുജറാത്ത് കലാപത്തിന്റെ ഭീതി ഒറ്റസ്നാപ്പിലൂടെ ലോകത്തിനു മുന്നിലെത്തിച്ച, ഇരു കൈകളും കൂപ്പി അക്രമികള്‍ക്കു മുന്നില്‍ കണ്ണീരൊഴുക്കുന്ന ഖുതുബുദ്ദീന്‍ അന്‍സാരിക്ക് അഭയം നല്കാന് പാഞ്ഞടുത്ത കേരളത്തിന്റെ ഇടതു മനസ്സ് എന്തു കൊണ്ടാവും ഷാഹിനക്കു മുന്നില്‍ തുറക്കാതിരിക്കുന്നത്.
തീര്‍ച്ചയായും ന്യായങ്ങള്‍ ഒരു പാടു കാണും. ചെയ്ത കാര്യങ്ങളും ചെയ്യാന്‍ ഓങ്ങിയ കാര്യങ്ങളും.
എങ്കിലും നമ്മുടെ സുരക്ഷിതമായ ഇടങ്ങളിലൂടെ ഒരു തീവണ്ടി ബംഗളൂരിലേക്ക് പായുന്നുണ്ട്. അതിലുണ്ട്, വരും നേരങ്ങളെക്കുറിച്ച ഭീതി വായനയിലൂടെ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ നിസ്സഹായത.
എങ്കിലും നമ്മുടെ സുരക്ഷിതമായ ഇടങ്ങളിലൂടെ ഒരു തീവണ്ടി ബംഗളൂരിലേക്ക് പായുന്നുണ്ട്. അതിലുണ്ട്, വരും നേരങ്ങളെക്കുറിച്ച ഭീതി വായനയിലൂടെ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ നിസ്സഹായത.
ReplyDeleteതികച്ചും ആത്മാർത്ഥമായ ഒരു ഇടപെടൽ ആർക്കെങ്കിലും വേണ്ടി എന്നെങ്കിലും നമ്മൾ നടത്തിയിട്ടുണ്ടോ?ഒരു ജനത എന്ന നിലയിൽ നമ്മൾ എപ്പോഴെങ്കിലും പീഡിതർക്കൊപ്പമായിരുന്നുവോ?
ReplyDeleteദുരിതങ്ങൾ നമ്മെ തേടി വരുമ്പോൾ നമുക്കായി ശബ്ദിയ്ക്കാൻ ആരുമില്ലാതാകുന്ന ഗതികെട്ട കാലത്തിലേയ്ക്കാണ് നാം പോയിക്കൊണ്ടിരിയ്ക്കുന്നത്.
മാധ്യമങ്ങൾ ഭരണകൂടങ്ങളെ താങ്ങി നിർത്തുന്നതിനുള്ള നാലാമത്തെ തൂണാണ്. അങ്ങനെയല്ല എന്നു കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി. "മരുഭൂമികൾ ഉണ്ടാവുന്നത്" ഇങ്ങനെയൊക്കെയാണെന്ന് ആനന്ദ് കുറെ കാലം മുമ്പു തന്നെ എഴുതിവെച്ചിരുന്നല്ലോ
ReplyDeleteഎന്തു പറയണമെന്നറിയില്ല. എത്രയോ ശക്തമായ ആയുധം ധരിച്ചവർ. കൂട്ടത്തിലൊരാളുടെ ശരിയായ രക്ഷയ്ക്ക് അതുപയോഗിക്കേണ്ടതിന്റെ ആവശ്യകതയറിയാത്തവർ. അവരിൽ നിന്നു എന്താണു പ്രതീക്ഷിക്കേണ്ടതെന്നറിയില്ല.
ReplyDeleteഷാഹിന മാത്രമല്ല, യൂണിയന്റെ കണ്ണില്‍ പത്രപ്രവര്‍ത്തകരല്ലാത്ത പത്രപ്രവര്‍ത്തകരാണ് കേരളത്തില്‍ കൂടുതല്‍...
ReplyDeleteഷാഹിനാവിഷയത്തില് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നുകൂടെയുണ്ട്. ഏതൊന്നിന്റെ പേരിലാണോ അവര്‍ ക്രൂശിക്കപ്പെടുന്നത് അതിന്നാധാരമായ സംഭവത്തെ നാം ബോധപൂര്‍വ്വം വിട്ടുപോകുന്നു. ബാംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മഅ്ദനിക്ക് നേരെയുള്ള സാക്ഷിമൊഴികള്‍ പോലിസ് സൃഷ്ടിച്ചെടുത്തതാണ് എന്നതിനെപ്പറ്റി ഒരുചര്‍ച്ചയും പൊതുസമൂഹത്തില്‍ നടക്കുന്നില്ലാ.
ReplyDelete'ഷാഹിന' ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും മഅ്ദനിയും ചര്‍ച്ചയാവേണ്ടതാണ്. മുകളില്‍ വായിക്കാനാകുന്ന 'കുറിപ്പ്' ഉയര്‍ത്തുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരം ഇങ്ങനെയൊരു വായനയിലൂടെ വളരെ എളുപ്പമാണ്.
മഹിത ജനാധിപത്യ രാജ്യത്തെ പൗരന്മാരുടെ നമ്മുടെ മാനസികാടിമത്തത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
സുഹൃത്തേ, ഈ വിഷയത്തേപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടുകള്‍ കുറിക്കട്ടേ?
ReplyDeleteഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ രാജ്യത്തെ നിയമസംവിധാനത്തിന്റെ പരിഗണനയിലുള്ള ഒരു കേസിന്റെ സാക്ഷികളുമായി അഭിമുഖസംഭാഷണം നടത്തുന്നത് തെറ്റായ കീഴ്വഴക്കമാണ്. ചില രാജ്യങ്ങളില്‍ അത്തരം ഇടപെടലുകള്‍ കുറ്റകരം പോലുമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ തെളിവുകള്‍ ദുഷിപ്പിക്കുകയാണ് (tampering evidence) അവര്‍ ചെയ്യുന്നത്. പ്രതിഭാഗത്തിന് സാക്ഷികളുടെ നിഷ്പക്ഷതയേയും ഉദ്ദേശശുദ്ധിയേയും ചോദ്യം ചെയ്യാന്‍ ഇതുമാത്രം മതി. സാക്ഷികള്‍ പോലീസിന് അനുകൂലമായാണ് സംസാരിച്ചത് എങ്കില്‍ക്കൂടി ഈയൊരു പ്രശ്നം ഉണ്ടാകുമായിരുന്നു. അതുകൊണ്ട് കോടതിയില്‍ പോലീസിന്റെ കേസിനെ ബലഹീനപ്പെടുത്തുന്ന ഇത്തരം ഇടപെടലുകളെ ചോദ്യം ചെയ്യാനും അതിനുപിന്നില്‍ എന്തെങ്കിലും ഗൂഢോദ്ദേശ്യം ഉണ്ടോയെന്നന്വേഷിക്കാനും പോലീസിന് അധികാരമുണ്ട്.
യൂണിയന് ഈയവസരത്തില്‍ ഇടപെടേണ്ട കാര്യമൊന്നുമില്ല. പോലീസിന് ആരെയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട് - അത് മന്ത്രിയായാലും മമ്മൂട്ടിയായാലും മാധ്യമപ്രവര്‍ത്തകയായാലും. ചോദ്യം ചെയ്യലിന് ഉപദ്രവത്തിന്റെ സ്വഭാവം കൈവരുമ്പോഴേ അവര്‍ ഇടപെടേണ്ടൂ.
ഷാഹിന പൌരബോധവും പ്രതിബദ്ധതയുമുള്ള ധീരയായ ഒരു സ്ത്രീയാണെന്നാണ് വായനയില്‍ തോന്നിയത്. ഇത്തരമൊരിടപെടലിന് മുതിര്‍ന്നപ്പോള്‍ അതിന്റെ അനന്തരഫലങ്ങളേക്കുറിച്ച് അവര്‍ തീര്‍ച്ചയായും ചിന്തിച്ചിരിക്കും, അതിനായി മാനസികമായി തയ്യാറെടുത്തിരിക്കും. ഈ പോലീസുകളി അവരെ ഭയപ്പെടുത്തുമെന്ന് എനിക്കു തോന്നുന്നില്ല.
നമ്മുടെ നാട്ടില്‍ ഭീകരവാദിയായി മുദ്രകുത്തപ്പെടാന് എത്ര എളുപ്പമാണ്! ഭീകരവാദിയായി സംശയിക്കുന്ന, (അല്ലെങ്കില്‍ ഭരണകൂടം ഉറപ്പിച്ച ) ഒരാളെ ന്യായീകരിക്കുക, അയാള്‍ക്കനുകൂലമായി തെളിവുകള്‍
ReplyDeleteശേഖരിക്കുക, കൂടാതെ 'സാഹിന' എന്ന മുസ്ലീം പേരും, പോരെ പൂരം !! സത്യം എന്തുതന്നെയായാലും ഇനി അവരെ അനുകൂലിക്കാന്‍ നിന്ന് പുലിവാലു പിടിക്കാന്‍ ആര്‍ക്കും കഴിയില്ല ! അത് തന്നെ കാര്യം... !! ഒന്നോ രണ്ടോ ആളുകള്‍ അനുകൂലിക്കാന്‍ പോയാല്‍ അല്ലെ കുഴപ്പമുള്ളൂ, മാധ്യമ പ്രവര്‍ത്തകര്‍ ഒരുമിച്ചു നിന്നാല്‍ അവരുടെ നിരപരാധിത്വം തെളിയിക്കാമല്ലോ... അവിടെയാണ് എച്ച്മുവിന്റെ ചോദ്യത്തിന്റെ പ്രസക്തി.
നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍...
Good Post
ReplyDeleteAll the best
ഷാഹിന കേരള സമൂഹത്തില്‍ നടത്തിയ ഇടപെടല്‍ ചെറുതല്ല ,അവരെ തിരിഞ്ഞു നോക്കാന്‍ കേരള മാധ്യമ സമൂഹം ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞാല്‍ ദുഖകരം
ReplyDeleteഅഭിനന്ദനം അര്‍ഹിക്കുന്നു ഈ പോസ്റ്റ്..മുസ്ലീം പേരുകള്‍ വരുന്ന ഇടങ്ങളില്‍ നിന്നും ഓടി ഒളിക്കാനാണ് മൊത്തത്തിലുള്ള ശ്രമം..മാധ്യമങ്ങള്‍ എന്തിനു വേറിട്ട് നില്‍ക്കണം?? അതോ ഈ രംഗത്തും കാവിവല്‍ക്കരണം പിടി മുറുക്കിയോ??
ReplyDeleteഭയാനകം.....
ReplyDeleteഒരു പ്രത്യേക അജണ്ട നടപ്പിലാക്കാന്‍ എല്ലാ മേഖലകളിലുമുള്ള ഒരു വിഭാഗം ജനങ്ങള്‍ ശ്രമിക്കുന്നുണ്ട്. ആ വിഭാഗം പോലീസിലുണ്ട്, ജഡീഷറിയിലുണ്ട്, സര്‍വ്വോപരി പത്ര പ്രവര്‍ത്തകരിലുമുണ്ട്. അവരുടെ ആ പ്രവര്‍ത്തനത്തെ ചിലപ്പോള്‍ കാവിവല്ക്കരണമെന്നും, ചിലപ്പോള്‍ ഫാസിസ്റ്റ് വല്‍ക്കരണ മെന്നുമെല്ലാം വിളിക്കുന്നു എന്ന് മാത്രം. എല്ലാവരുടെയും ഉദ്ദേശം ഒന്നാണ് എന്നത് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും.
ReplyDeleteഈ ഒരു നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍.
ഷാഹിനയേ സഹായിക്കാൻ നമുക്ക് എന്ത് ചെയ്യാനാവും? ഓരോ വായനക്കാരനും നിർദ്ദേശങ്ങൾ അറിയിക്കാം
ReplyDelete\
This comment has been removed by the author.
ReplyDeleteവായിച്ചിട്ട് ആകെ വല്ലാതായിപ്പോവുന്നു. അറിയുന്ന മാധ്യമ പ്രവർത്തകരുമായി ഇത് ചർച്ച ചെയ്യുന്നതാണ്.
ReplyDeleteവള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/
ReplyDeleteഹ് മം..
ReplyDeleteപത്ര പ്രവര്‍ത്തകര്‍ക്ക് എന്ത് പത്രപ്രവര്‍ത്തക
ReplyDeleteമദ്യമ ലോകം ഇന്ന് കറപുരണ്ട വെള്ള പേപ്പറുകള്‍ ആണ്
ശക്തം ഈ എഴുത്ത്. നന്നെ ബോധിച്ചു. സത്യവും ന്യായവും എല്ലാം നമ്മുടെ വശത്താണെങ്കില്‍ കൂടി ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടങ്ങളില്‍ പലപ്പോഴും നാം തനിച്ചാവും. ചില സന്ദര്‍ഭങ്ങളില്‍ ആദ്യകാലം ആവേശം പകരുന്നവരുണ്ടാകും, പക്ഷേ പോകെ പോകെ അവരുടെ ആവേശം അടങ്ങും, പിന്നെ നിഴല്‍ മാത്രമേ കൂട്ടിനുണ്ടാകൂ. ഷാഹിന കരുത്തുള്ള വനിതയാണ്. എല്ലാം വേണ്ടും വണ്ണം നേരിടാന്‍ അവര്‍ക്കു കഴിയും. സത്യം ജയിക്കട്ടെ!
ReplyDeleteമാദ്ധ്യമ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ആള്‍ക്കൂട്ടത്തിനു പിന്നാലെയാണ്. മാര്‍ക്കറ്റില്ലാത്ത ഒന്നും എവിടേയും എടുക്കാത്ത നാണയങ്ങള്‍ ആണ്. അതാണ് ഇന്നിന്റെ ഖേദം.
ReplyDelete