Friday, April 13, 2012

ചില നേരങ്ങള്‍ ഒരമൂര്‍ത്തചിത്രം വരയ്ക്കുന്നു






ചില നേരങ്ങള്‍ നിരാശയുടേതാണ്.  

ഉള്ളിനുള്ളിലെ കടലില്‍നിന്ന് ഒരു തിരയുയരും.
പല കാലങ്ങള്‍ നട്ടു വളര്‍ത്തിയ പ്രത്യാശകളുടെ തളിരുടലുകളിലാകെ അത് പതഞ്ഞുയരും.
'ഇതാ ഇതുമാത്രം ജീവിത'മെന്ന് കണ്ണു കെട്ടും.
മുന്നോട്ടേക്കുള്ള കാഴ്ചകളെയാകെ മറക്കും.
എല്ലാം തീര്‍ന്നുവെന്ന് ആവര്‍ത്തിക്കും.

അങ്ങനെയല്ലല്ലോ ജീവിതം, അങ്ങനെയല്ലല്ലോ ലക്ഷണങ്ങള്‍ എന്നൊരാള്‍ കലമ്പും,
അന്നേരവും ഉള്ളില്‍നിന്നു തന്നെ.
കണ്ടതിലുമേറെ മനോഹരമായ കടലുകള്‍ കാണാതെ ബാക്കിയെന്ന് രോഷപ്പെടും.
ഇനിയും പറക്കാനുള്ള ആകാശങ്ങളെ ചൂണ്ടിക്കാട്ടും.

അതു തീരുംമുമ്പുണ്ടാകും അടുത്ത തിരയിളക്കം.
വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ തലക്കുമീതെ പരക്കും.
അവ ചുണ്ടു നനച്ച്, കഴുകനെപ്പോലെ നോട്ടമിടും.
ആകാശങ്ങളിലേക്ക് ചൂണ്ടിയ കൈവിരലുകളെ നനച്ച് വിഷാദത്തിന്റെ മഴ പെയ്യും.
നിര്‍ത്താതെ കരയുന്ന തെരുവുനായ്ക്കളെപ്പോലെ മഴ നനച്ചിടത്ത്
നിരാശയുടെ ഒരു കുഞ്ഞില മെല്ലെ തല പൊക്കും.
പെട്ടെന്നത് ഒരു ചെടിയാവും.
സങ്കടങ്ങളുടെ വെളുത്ത പൂക്കള്‍  മനസ്സാകെ മൂടും.
നിരാശ അതിന്റെ ചെരിപ്പിട്ട് നെഞ്ചകത്തുകൂടെ ദീര്‍ഘയാത്രകള്‍ തുടരും.

പൊടുന്നനെ മഞ്ഞു വീഴും.
എല്ലാ കാഴ്ചകളും വെളുപ്പാകും.
എല്ലാ സ്വരങ്ങളും അടങ്ങും.  




ചില നേരങ്ങള്‍ പ്രതീക്ഷയുടേതാണ്.


അന്നേരം നിറം വെക്കും ലോകം.  സായാഹ്ന വെയിലുകളില്‍നിന്ന് പറന്നുയരും.
സ്വര്‍ണ നിറത്തിലുള്ള പക്ഷികള്‍.  വഴിയില്‍
കാണുന്നവരെല്ലാം
നല്ലവരെന്നു തോന്നും.  ലോകത്തോടുള്ള ഇഷ്ടം ഓരോ ചിരിയിലും ചാഞ്ചാടും.
 ലോകമേ, പക്ഷികളേ, പൂക്കളേ, നക്ഷത്രങ്ങളേ എന്ന് മൂളിപ്പാട്ടാവും.

അന്നേരവും വരും  ചില കണ്ണുരുട്ടലുകള്‍.
കാണുന്നതൊന്നുമല്ല നേരെന്നും
ഈ ചിരിയെല്ലാം അടക്കിപ്പിടിച്ച പല്ലിറുമ്മലാണെന്നും മുന്നറിയിപ്പു തരും ഉള്ളില്‍നിന്നാരോ.
 പ്രതീക്ഷയുടെ ശ്മശാനങ്ങളില്‍ ആരും കാണാതെ തളിര്‍ക്കുന്ന മരണത്തിന്റെയും
ഭ്രാന്തിന്റെയും വള്ളിപ്പടര്‍പ്പുകള്‍ കാണിച്ചു തരും. ദൃഷ്ടാന്തമാവും.

നീണ്ടു നില്‍ക്കില്ല അതും. അടഞ്ഞ കണ്ണുകളിലേക്ക് കാഴ്ചയുടെ ഇത്തിരിത്തുളളി വന്നു പതിക്കും.
ചിറകില്‍ മഴവില്ലുള്ള കിളികള്‍ പറന്നു പൊങ്ങും.
വെളുത്ത ആകാശത്തിന്റെ നെഞ്ചില്‍ ആ കിളികള്‍ ഒരു ജലച്ചായ ചിത്രമാവും.
കണ്‍മുന്നില്‍ ഒരു വഴി തെളിയും. അതിനപ്പുറമാവും പറുദീസ.
അവിടെയാവും  സമാധാനത്തിലേക്ക് തുഴഞ്ഞു പോവുന്ന
ആ ചെറിയ വള്ളം.
അതിലൂടെ ചെന്നാലെത്തും, ആരെയോ കാത്തുനില്‍ക്കുന്ന ഒരിടം.

അവിടെയുണ്ടാവും നീട്ടിപ്പിടിച്ച ഒരു കൈ.
മിന്നാമിനുങ്ങു പൂത്ത മരത്തണല്‍.
നിറവെയിലിലെ പച്ചിലകള്‍.



ചില നേരങ്ങള്‍ സ്വപ്നങ്ങളുടേതാണ്.


ഉറക്കത്തിന്റെ കയറ്റിറക്കങ്ങള്‍ക്കിടയിലൂടെയാണ് ആ തീവണ്ടിയെത്തുക.
മുകളിലും യാത്രക്കാര്‍ നിന്നു നൃത്തം വെക്കുന്ന ഒരു 'ദില്‍സേ' വണ്ടി.
ആകാശത്തേക്കു  നീളുന്ന പാളങ്ങള്‍ക്കിരുപുറവും ഇലകള്‍ തഴച്ച മഹാവൃക്ഷങ്ങളായിരിക്കും.
 ജാലകത്തിനരികെ ഇരുന്നാല്‍, വയലറ്റു പൂക്കള്‍ തൊടാം.
കണ്ണടച്ചാല്‍ നിലാവറിയാം.
ഒപ്പം തന്നെയുണ്ടാവും ഓര്‍മ്മയിലെ ആ പിയാനോ തുണ്ട്

വിടില്ല വണ്ടിയെന്ന് പറഞ്ഞ് പെട്ടെന്നൊരാള്‍ പിടഞ്ഞുണരും, ഉള്ളില്‍നിന്ന്.
അപായസൂചനകളുടെ വലിയ സൈറണ്‍ ഉറക്കത്തിലേക്ക് തുറക്കും.
ജീവിതത്തിന്റെ പച്ചപ്പു മുഴുവന്‍ പിഴുതു കളയുന്ന ഒരു മണ്ണുമാന്തിയന്ത്രം ഇഴഞ്ഞെത്തും.

എല്ലാ മരങ്ങളും കടപുഴകും.
എല്ലാ പൂക്കളും കൊഴിയും.
എല്ലാ ഇലകളും മരിക്കും.

ബലം പ്രയോഗിച്ച് തുറന്ന കണ്ണുകള്‍ അടച്ചിടും പൊടുന്നനെ ഒരു സ്വപ്നക്കൈ.
അറിയാത്ത ആശങ്കകള്‍ക്കു മീതെ വീണ്ടും കിനാവിന്റെ വണ്ടിയുരുളും.
ഇത്തവണ അതൊരു കുതിരവണ്ടിയായിരിക്കും. കുടമണികള്‍ കിലുങ്ങും.
വലിയൊരു കുന്നിലേക്കു പറന്നു കയറും.
പൂക്കള്‍ കൊണ്ട് മെഴുകിയൊരിടത്ത് വണ്ടി കിതച്ചു നില്‍ക്കും.

അവിടെയുണ്ടാവും അവര്‍.
പല നിറങ്ങളില്‍ മാല കോര്‍ക്കുന്നവര്‍.
സൂക്ഷിച്ചു നോക്കിയാല്‍ മാത്രമറിയാം.
അതൊന്നും പൂക്കളല്ലെന്ന്. നക്ഷത്രങ്ങളെന്ന്.



ചില നേരങ്ങള്‍ പേക്കിനാവുകളുടേതാണ്.


വെളുത്ത കടലാസില്‍ കുടഞ്ഞൊഴിച്ച കറുത്ത മഷി പരക്കുന്നതുപോലെയാവും അത്.
ഉറക്കത്തിന്റെ ജാലകം വലിച്ചു തുറന്ന് ഇരുട്ട് തിരശãീലയിടും.
അതില്‍ തെളിയും പല വെളിച്ചങ്ങള്‍. പല ശബ്ദങ്ങള്‍.
അതിലൂടെയൊരു ആംബുലന്‍സ് പാഞ്ഞു വരും.
ഇരുട്ടില്‍നിന്നൊരാള്‍ നെഞ്ചിലേക്ക്  കത്തി കയറ്റും.
മരിച്ചുറങ്ങുന്നൊരാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും. ഒരാന മദം പൊട്ടി ഇരുട്ടിലേക്ക് പായും.
കറുത്ത ഇരുളിലേക്ക് ആഞ്ഞു കുത്തും, വെളുത്ത കൊമ്പുകള്‍.
ഒറ്റ ആര്‍ത്തനാദത്താല്‍ വെളുക്കും, നേരം.

എന്നിട്ടും ചിരിക്കും ഉള്ളിലൊരാള്‍. തണുത്ത വിരലുകളാല്‍ സാന്ത്വനമാവും.
പേക്കിനാവിന്റെ ചില്ലയിലേക്ക് ആനന്ദവുമായി പറന്നെത്തുന്ന കിളികളെ കാണിച്ചു തരും.
 ഒന്നും തീര്‍ന്നിട്ടില്ലെന്ന് ആശ്വാസമാവും.
പൂക്കള്‍ വിരിയുന്നതിന്റെ നേര്‍ത്ത സ്വരത്തിനൊപ്പം
കൈ പിടിച്ചു നടത്തും.

എന്നിട്ടും, വിട്ടു കൊടുക്കില്ല, കണ്ണിലെ തീപ്പിടിച്ച കിനാക്കള്‍.
 ഉറക്കത്തിന്റെ പുതപ്പു മുഖത്തേക്ക് വലിച്ചിട്ട് ഭയത്തിന്റെ മന്ത്രമോതിത്തരും.
ചാഞ്ഞും ചെരിഞ്ഞും മഴ ഇരച്ചെത്തും. അതിനു ചുവന്ന നിറമായിരിക്കും.
രക്തത്തിന്റെ ചവര്‍പ്പു രുചിയും മൂക്കടക്കുന്ന ഗന്ധവുമായിരിക്കും.
മൂലയില്‍നിന്ന് പെട്ടെന്നൊരു  കടവാതില്‍ പറക്കും.
 അതിന്റെ ചിറകടിയില്‍ ഭൂമിയുടെ വേരുകള്‍ വിറയ്ക്കും.
പതിയെ, നിസ്സാരമെന്നോണം ഒരാള്‍ സ്വയം കഴുത്തറക്കും.
മുറിഞ്ഞ കഴുത്തിന്റെ രക്തം കട്ടപിടിച്ച ഇത്തിരിയിടത്തിലൂടെ
ആരോ ഒരു കയറില്‍ കോര്‍ത്ത വെള്ളത്തൊട്ടി എറിയും.
ഉടല്‍ക്കിണറില്‍ കപ്പിയുടെ വരണ്ട സംഗീതം പടരും.



മറ്റ് ചില നേരങ്ങള്‍ ആശയക്കുഴപ്പങ്ങളുടേതാണ്. 


മുന്നിലുള്ളത് വഴിയോ എന്ന് സന്ദേഹമാവും.
ഈ നില്‍ക്കുന്നത് ആരെന്ന്  സംശയിക്കും.
കാലടികള്‍ക്കു താഴെ ഭൂമി ഉണ്ടായിരുന്നോ എന്ന് പകയ്ക്കും.

അന്നേരം ഇതെല്ലാം ഒന്നിച്ചു വന്ന് കൊത്തും.
നിരാശ.
പ്രതീക്ഷ.
സ്വപ്നം.
പേക്കിനാവ്.

Saturday, April 7, 2012

ഇല്ല സഖാവേ, ഒന്നും തീര്‍ന്നിട്ടില്ല


മുരളിയേട്ടന്റെ കഥ. 
പാര്‍ട്ടിയുടെയും അതിനെ  സ്നേഹിച്ചവരുടെയും. 
ഇപ്പോഴും തുടരുന്ന കൊടുങ്കാറ്റുകള്‍ക്ക് ഒരാമുഖം. 




ആത്മഹത്യ. ഭ്രാന്ത്.  മുരളിയേട്ടനെ കാത്തിരിക്കുന്നത് ഇതിലൊന്നാവുമെന്ന് പലപ്പോഴും തോന്നിയിരുന്നു.  അവസാന കാലങ്ങളില്‍ പ്രത്യേകിച്ചും. അത്രയ്ക്ക് മടുത്തിരുന്നു,  ആ മനുഷ്യന്‍. അവസാനം കണ്ടപ്പോഴൊക്കെ  അത് പ്രകടമായിരുന്നു. എങ്കിലും അത്ര പെട്ടെന്നു തോറ്റു കൊടുക്കുന്ന പ്രകൃതമായിരുന്നില്ല അദ്ദേഹത്തിന്.  അതിനാല്‍, ജീവിതം കൊണ്ട് ആഴത്തില്‍ മുറിവേറ്റൊരു മീന്‍ ചൂണ്ടക്കുമുന്നില്‍നിന്ന് അകലേക്ക് നീന്താന്‍ ശ്രമിക്കുംപോലെ  പല വഴികളിലേക്കും കുതറുന്നുണ്ടായിരുന്നു അദ്ദേഹം.  കൂട്ടുകൃഷിയില്‍ കൂടാനൊരു ശ്രമം. പഞ്ചായത്ത് റോഡ് വീതി കൂട്ടാനുള്ള ഒരുല്‍സാഹം. പഴയ ബാലസാഹിത്യ പുസ്തകങ്ങള്‍ സംഘടിപ്പിച്ച്, ഇപ്പോഴാരും തിരിഞ്ഞു നോക്കാത്ത ഗ്രാമീണ വായനശാലയില്‍ ഒരു ചില്‍ഡ്രന്‍സ് കോര്‍ണര്‍ തുടങ്ങാനുള്ള പാച്ചില്‍. ഒരു പക്ഷേ, അതൊക്കെയാവാം, ഞാനാദ്യം സൂചിപ്പിച്ച സാധ്യതകളില്‍നിന്ന്-ആത്മഹത്യ, ഭ്രാന്ത്-എങ്ങനെയോ കരപറ്റി ഒരു സ്വാഭാവിക മരണത്തിലേക്ക് അദ്ദേഹം കുഴഞ്ഞു വീണത്. പിറ്റേന്നത്തെ വാര്‍ത്തയില്‍ സ്വാഭാവിക ചരമമായി  നിന്നുമിഴിച്ചത്.

58ാം വയസ്സിലായിരുന്നു അത്. പതിവുള്ള സായാഹ്ന നടത്തത്തിനിടെ, ഹൃദയം ചെറുതായൊന്നു കുലുങ്ങി. ശരീരം ഒന്നു വിറച്ചു. ഇത്തിരി നേരം വഴി വക്കിലെ കലുങ്കിലിരുന്നു. അവിടെ നിന്ന് താഴെ റോഡിലേക്ക്. എനിക്കറിയാം, ഒരിക്കലുമൊരു പൂ കൊഴിയുന്നതുപോലെയാവില്ല അത്.  ജീവിതം അത്രമേല്‍ തളര്‍ത്താന്‍ ശ്രമിച്ച്, പരാജയത്തിലേക്ക് വലിച്ചെറിഞ്ഞ ഒരാള്‍ക്കും മരണത്തോട് അത്ര സ്നിഗ്ദമാവാന്‍ കഴിയില്ല. കടുത്ത രോഷവും പകയും കണ്ണുകളില്‍ നിറച്ചായിരിക്കും മുരളിയേട്ടന്‍ മരണത്തെ നേരിട്ടിരിക്കുക. തന്നെ തോല്‍പ്പിച്ച ജീവിതത്തോടുള്ള  കൊഞ്ഞനം കുത്തലായിരിക്കണം അവസാന സമയത്ത് ആ മുഖത്ത് തെളിഞ്ഞ പരിഹാസച്ചിരി.

മുരളിയേട്ടന്‍ മരിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി. ഇത്ര വൈകി എന്തിനാണ് അദ്ദേഹത്തെ കുറിച്ചഴുതുന്നത് എന്നറിയില്ല. എന്തിനാണ് ആ മനുഷ്യന്‍ വീണ്ടും നിനവില്‍ നിറഞ്ഞതെന്നും. ഒരു പക്ഷേ, ഈ കാലമാവാം ഓര്‍മ്മയായി എഴുത്തുതുമ്പില്‍ വന്നത്. അദ്ദേഹം കൊണ്ടു നടന്നിരുന്ന പാര്‍ട്ടിയെക്കുറിച്ചുള്ള ആലോചനകളാവാം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതുമായി ബന്ധപ്പെട്ട്  പത്രത്തിലും ടി.വി ചാനലിലുമായെത്തുന്ന വാര്‍ത്തകളാവാം. കോഴിക്കോട് നഗരത്തിലൂടെ നടന്നു പോവുമ്പോള്‍ കണ്ണിലേക്കു കയറിവന്ന, മനോഹരമായി ഡിസൈന്‍ ചെയ്ത വലിയ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളുമാവാം.  നഗരത്തിന്റെ പലയിടങ്ങളില്‍ കണ്ട, പാര്‍ട്ടിച്ചൂരുള്ള മനുഷ്യരാവാം. അതുപോലെ ഒരാളായിരുന്നു മുരളിയേട്ടനുമെന്ന തോന്നലാവാം. എന്തായാലും ഈ പോസ്റ്റ് ആ മനുഷ്യനെക്കുറിച്ചാണ്.


2

സംഭവ ബഹുലമായി ജീവിച്ചൊരാളുടെ ജീവിതം  ഇത്തിരി പാരഗ്രാഫില്‍  പൂരിപ്പിക്കുക എളുപ്പമല്ല. എഴുതാന്‍ തുടങ്ങിയാല്‍ അതെവിടെയും നില്‍ക്കില്ല. അതും അത്ര അടുപ്പമുള്ള, സ്നേഹമുള്ള ഒരാളെക്കുറിച്ച്. ഈ പോസ്റ്റിന്റെ അതിരിലും നില്‍ക്കാതെ പുറത്തേക്ക് പന്തലിക്കുന്ന ആ ജീവിതത്തെ ഇത്തിരി വാക്കു കൊണ്ട് അടയാളപ്പെടുത്തുക മാത്രമാണ് എന്റെ മുന്നിലുള്ള പോംവഴി.

ആരായിരുന്നു എനിക്ക് മുരളിയേട്ടനെന്ന ചോദ്യത്തിന് എളുപ്പ വഴിയില്‍ ഒരുത്തരമുണ്ട്. ഗുരു. രണ്ടു നിലക്കും ശരിയാണത്. സ്കൂള്‍ കാലത്ത് അദ്ദേഹത്തിന്റെ ട്യൂഷന്‍ ക്ലാസുകളില്‍ ഞാനിരുന്നിട്ടുണ്ട്. പുസ്തകത്തിനു പുറത്തുള്ള ലോകമറിഞ്ഞ് അന്തം വിട്ടിട്ടുണ്ട്.  സ്കൂള്‍ കാലം കഴിഞ്ഞപ്പോള്‍, ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള  അന്തമില്ലാത്ത സന്ദേഹങ്ങളുമായി  ഞാനാ മനുഷ്യനെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.  ഒറ്റ വാക്കിലോ വാചകത്തിലോ ഉത്തരം പറയാനാവാത്ത ചോദ്യങ്ങളല്ലാത്തതിനാല്‍, 'ഇപ്പോള്‍ ഇതാണുത്തരം, പിന്നീടത് വേറെയാവാം' എന്ന മട്ടില്‍ എന്നെ അടക്കിയിട്ടുണ്ട്.

 പുതിയ പുസ്തകങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തനിക്കറിയാവുന്നത് പറഞ്ഞു തരുമായിരുന്നു അന്നൊക്കെ. എന്നാല്‍,  പുതിയ വഴികളിലേക്ക് വളരുകയും കാമ്പസ് മറ്റനേകം സാധ്യതകള്‍ തുറന്നിടുകയും ചെയ്തതോടെ എനിക്കാ ഉത്തരങ്ങള്‍ മതിയാവാതായി.  ആ ഉത്തരങ്ങളില്‍ സംശയങ്ങളുണ്ടായി. തര്‍ക്കങ്ങളുണ്ടായി. പുതിയ കാര്യങ്ങളെക്കുറിച്ച് മുരളിയേട്ടനത്ര അറിവു പോരാ എന്നു തോന്നിത്തുടങ്ങി.  എല്ലാത്തിനുമിടയില്‍ രാഷ്ട്രീയമായ അഭിപ്രായ ഭിന്നത വന്നു.  അത്   പലപ്പോഴും സംഭാഷണങ്ങള്‍ അസാധ്യമാക്കി.

എന്നാല്‍, ഗുരു മാത്രമായിരുന്നില്ല മുരളിയേട്ടന്‍. അയല്‍വാസി. ചെറുപ്പം മുതല്‍ വലിയ ആകാശങ്ങളെക്കുറിച്ച്  സ്വപ്നങ്ങള്‍ നട്ടു പിടിപ്പിച്ചൊരാള്‍.  ഞങ്ങളുടെ കൂട്ടത്തിലെ എല്ലാ കുട്ടികളെയും മക്കളെ പോലെ ആ മനുഷ്യന്‍ സ്നേഹിച്ചിരുന്നു. അതിനാല്‍, എല്ലാ അഭിപ്രായ വ്യത്യസങ്ങള്‍ക്കപ്പുറവും മുരളിയേട്ടന്‍ ഞങ്ങളുടെ ജീവിതങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു. ഹോസ്റ്റലുകളില്‍നിന്ന് നാട്ടില്‍ വന്നടിയുന്ന കാലത്ത് വീടിനടുത്തുള്ള ആ ഓല മേഞ്ഞ ചെറിയ ട്യൂഷന്‍ സെന്റര്‍ തന്നെയായിരുന്നു പ്രധാന കേന്ദ്രം. പിന്നെപ്പിന്നെ, അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങള്‍ ഞാന്‍ ഒഴിവാക്കാന്‍ തുടങ്ങി. അപ്പോഴും, സാഹിത്യവും കലയും സംഗീതവും സിനിമയുമെല്ലാമുണ്ടായിരുന്നു മുരളിയേട്ടനോടു പറയാന്‍. കേള്‍ക്കാന്‍.



3
തികഞ്ഞ രാഷ്ട്രീയ ജീവിയായിരുന്നു മുരളിയേട്ടന്‍. നന്നായി പഠിക്കുമായിരുന്നിട്ടും എവിടെയും എത്താന്‍ കഴിയാതിരുന്നത് അതു കൊണ്ടാവാം. കോളജ് പഠനകാലം മുതല്‍  സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. കൂട്ടത്തില്‍ എല്ലാവരും തീവ്ര മാര്‍ക്സിസ്റ്റ് ലൈനിലേക്ക് മാറുമ്പോഴും പ്രയോഗികതയെച്ചൊല്ലി തര്‍ക്കിച്ച്  പാര്‍ട്ടിയില്‍ത്തന്നെ ഉറച്ചുനിന്നു മുരളിയേട്ടന്‍.  ഒപ്പമുള്ളവര്‍ നക്സല്‍ പാളയങ്ങളിലേക്ക് നടന്നപ്പോള്‍ ഞങ്ങളുടെ നാട്ടിന്‍പുറത്തെ ചെറുപ്പക്കാരെ പാര്‍ട്ടിയില്‍ത്തന്നെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. അതിന്റെ പേരില്‍, ഉറ്റ സുഹൃത്തുക്കളില്‍ പലരും അകന്നു പോയിട്ടുണ്ടെന്ന് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.

വേണമെങ്കില്‍, പാര്‍ട്ടിയില്‍ ഉയരങ്ങളില്‍ എത്താമായിരുന്നു മുരളിയേട്ടന്. കൂടെയുള്ളവരില്‍ പലരും ഉയരങ്ങളിലേക്ക് പോയിട്ടും നേതൃസ്ഥാനങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഏറ്റവും നല്ല കാലത്ത് അതില്‍ മുഴുകി  ജീവിച്ചു. പരിഷത്തിന്റെ ബാലവേദി ക്യാമ്പുകളില്‍ ഞങ്ങളില്‍ പലരെയും കൊണ്ടുപോയത് മുരളിയേട്ടനായിരുന്നു. നക്ഷത്ര നിരീക്ഷണത്തിലും പക്ഷി നിരീക്ഷണത്തിലുമൊക്കെ താല്‍പ്പര്യമുണ്ടായിരുന്നു.  പലയിടങ്ങളിലും ക്ലാസ് എടുത്തിരുന്നു.

നാട്ടില്‍ സജീവമായിരുന്നു. എല്ലാ പൊതു കാര്യങ്ങള്‍ക്കു മുന്നിലുണ്ടാവും.  ഞങ്ങളില്‍പ്പലരുടെയും ചെറുപ്പത്തിന്റെ  പ്രയോറിറ്റികള്‍  മാറ്റിക്കളഞ്ഞ ഗ്രാമീണ വായനശാലയുടെ മുഖ്യ പ്രവര്‍ത്തകനായിരുന്നു. സാധാരണ മനുഷ്യര്‍ക്കൊപ്പമായിരുന്നു സദാ. മുരളിയേട്ടന്റെ മുന്‍കൈയില്‍ ആരംഭിച്ച ചെറിയ ട്യൂഷന്‍ സെന്റര്‍ നാട്ടിലെ പൊതു  പരിപാടികളുടെയല്ലാം കേന്ദ്രമായിരുന്നു.

ഒരു കുത്തൊഴുക്കായിരുന്നു ആ ജീവിതമെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരിടത്തും നിന്നിരുന്നില്ല ആ മനുഷ്യന്‍. എന്നും പരിപാടികള്‍. കൂടെ എപ്പോഴും ആളുകള്‍. ചെയ്തു തീര്‍ക്കാന്‍ അനേകം കാര്യങ്ങള്‍.  ഏത് കാര്യത്തിനും ആളുകള്‍ മുരളിയേട്ടനോട് അഭിപ്രായം ചോദിച്ചു.

വീട്ടില്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ നേരത്തെ മരിച്ചു. കല്യാണം കഴിക്കണമെന്ന് എല്ലാവരും നിര്‍ബന്ധിച്ചിരുന്നെങ്കിലും അങ്ങനെയൊന്ന് ഉണ്ടായില്ല.  പണ്ടെന്തോ പ്രണയമൊക്കെ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, അതിനെക്കുറിച്ചൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല.





മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന മാര്‍ക്സിയന്‍ ഉദ്ധരണി പലവട്ടം ആവര്‍ത്തിക്കാറുണ്ടെങ്കിലും നാടു മാറുന്നത്  മുരളിയേട്ടന്‍ കാര്യമായി കണ്ടിരുന്നില്ല എന്നു തോന്നുന്നു. ട്യൂഷന്‍ സെന്ററും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തനങ്ങളും മറ്റുമായി തിരക്കുകളില്‍ സദാ ഒഴുകിയിരുന്നതിനാല്‍ ഒരു പക്ഷേ, അദ്ദേഹമതൊന്നും ശ്രദ്ധിച്ചു കാണില്ല.  ഉദാരവല്‍കരണത്തിന്റെ കുടം പൊട്ടിച്ച്  മാറ്റങ്ങള്‍ നാട്ടിന്‍പുറങ്ങളെ പോലും തലകീഴായി മറിക്കുമ്പോഴും  മുരളിയേട്ടന്‍ അവയെല്ലാം സാമ്രാജ്യത്വ ഗൂഢാലോചന മാത്രമായി കരുതി. ചുറ്റുമുള്ളവര്‍ പോലും മാറ്റങ്ങളുടെ ആ കുത്തൊഴുക്കില്‍ അടിമുടി മാറുന്നത് തിരിച്ചറിഞ്ഞതേയില്ല.

എന്നാല്‍, മുരളിയേട്ടനെ കാത്തുനില്‍ക്കാന്‍ നേരമേയുണ്ടായിരുന്നില്ല മാറ്റത്തിന്.  അവിടെയുള്ള മനുഷ്യര്‍ക്കും. എല്ലാവരും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായിക്കൊണ്ടിരിക്കുകയായിരുന്നു. ചെറിയ സഹായങ്ങള്‍ പോലും കമീഷന്‍ അടിസ്ഥാനത്തിലായി. ആഡംബര വസ്തുക്കളെന്നു കരുതിയവയൊക്കെ സാധാരണമായി. കൈക്കൂലി വാങ്ങാത്തവരൊക്കെ അപഹസിക്കപ്പെട്ടു. ഒരു പാട് കാശുണ്ടായിരിക്കുക, അത് ചെലവഴിക്കുക,  ഉള്ളതിലും ഒരുപാട് പുറത്തു കാണിക്കുക എന്നിങ്ങനെ പലതരം ശീലങ്ങള്‍.

അതിലപ്പുറമായിരുന്നു, മനുഷ്യരുടെ മാറ്റങ്ങള്‍. പ്രകാശ ഗോപുരങ്ങളായി നിന്ന  പലരും തമോഗര്‍ത്തങ്ങളായി തനിനിറമാടി.  ആദര്‍ശത്തിന്റെ പന്തമായി കത്തിജ്വലിച്ചവര്‍ പലരും അധികാരത്തിന്റെയും പണത്തിന്റെയും അപ്പക്കഷണങ്ങള്‍ക്കായി മുട്ടിലിഴഞ്ഞു. ഏതു നുണയും ഒരുളുപ്പുമില്ലാതെ ആവര്‍ത്തിക്കാന്‍ മടിയില്ലാത്തവരായി. ജീര്‍ണത കൊടിയടയാളമായി. മാറ്റങ്ങള്‍  രാഷ്ട്രീയ പ്രവര്‍ത്തനത്തിലുമുണ്ടായി.


5
മുരളിയേട്ടന്റെ പ്രിയപ്പെട്ട രണ്ട് ഇഷ്ടങ്ങള്‍  നേര്‍ക്കുനേര്‍ തിരിഞ്ഞു ഏറ്റുമുട്ടിയത് ഈ കാലത്തായിരുന്നു. എം.എന്‍ വിജയന്‍ മാഷും പരിഷത്തും.  ജനകീയാസൂത്രണത്തെക്കുറിച്ചും സാക്ഷരതാ പ്രവര്‍ത്തനം അടക്കമുള്ളവയെക്കുറിച്ചും മാഷ് തുടങ്ങിവെച്ച ചര്‍ച്ചകളുടെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞവരില്‍ ഒരാള്‍ മുരളിയേട്ടനായിരുന്നു. രണ്ടും പ്രിയപ്പെട്ടതാണ്. ഒന്നിനെയും ഒഴിവാക്കാന്‍ വയ്യ.  എന്നിട്ടും അനേകം കടലിളക്കങ്ങള്‍ക്കൊടുവില്‍, നിരവധി തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം മുരളിയേട്ടന്‍ ഒരു വഴിയിലേക്ക് തിരിഞ്ഞു. വിജയന്‍ മാഷുടെ വഴി.

എന്നാല്‍, മാഷുടെ കൂടെ ഉണ്ടായിരുന്ന പലരെക്കുറിച്ചും അത്ര നല്ല അഭിപ്രായമായിരുന്നില്ല മുരളിയേട്ടന്. അതുപോലെ, പരിഷത്ത് മുഴുവന്‍ ചീത്തയാണെന്ന അഭിപ്രായവും ഉണ്ടായിരുന്നില്ല. എന്നാല്‍, വിദേശ ഫണ്ടിങ്, സോഷ്യല്‍ ഫോറം, സ്വത്വ രാഷ്ട്രീയം, നവ കൊളോണിയലിസത്തോടുള്ള നിലപാട് എന്നിങ്ങനെ പല വിഷയങ്ങളിലും മുരളിയേട്ടന്‍ മാഷെ അംഗീകരിച്ചു. പലതും തുറന്നു പറയാന്‍ തുടങ്ങി.
പാര്‍ട്ടി പ്രദേശിക നേതൃത്വ നിരയിലുണ്ടായിരുന്നവരില്‍ പലരും മുരളിയേട്ടന്‍െ ശിഷ്യരോ അടുപ്പക്കാരോ ആയിരുന്നു. എന്നാല്‍, നിര്‍ണായകമായ ആ സന്ധിയില്‍ ഏത് പക്ഷത്തുനില്‍ക്കുന്നുവെന്ന് മുരളിയേട്ടന്‍ വ്യക്തമാക്കിയതോടെ പുരപ്പുറത്തു ചായുന്ന മരത്തെക്കുറിച്ച ഉപമയിലേക്ക് ആ മനുഷ്യനും കണ്ണി ചേര്‍ക്കപ്പെട്ടു.



6

പഠനവും അതു കഴിഞ്ഞെത്തിയ ജോലിയും ചേര്‍ന്ന് പല നഗരങ്ങളിലേക്ക് പറിച്ചു നട്ടതിനാല്‍  വല്ലപ്പോഴും മാത്രമായിരുന്നു  നാട്ടിലേക്കുള്ള യാത്രകള്‍. അന്നേരമൊക്കെ മുരളിയേട്ടനെ കണ്ടു. പാര്‍ട്ടിയോട് പണ്ടേ എനിക്കു വിയോജിപ്പുണ്ടായിരുന്നു.  പുതിയ പുസ്തകങ്ങളും സിദ്ധാന്തങ്ങളും  കയറിയിറങ്ങുന്ന മനസ്സില്‍ അപ്പപ്പോള്‍ തോന്നിയ ശരികള്‍ വെച്ച് ഞാനദ്ദേഹത്തോട് കഠിനമായി തര്‍ക്കിച്ചു. സ്നേഹം ഉള്ളില്‍ വെച്ചുതന്നെ ഭിന്നിച്ചു. ഇത്ര ആത്മാര്‍ത്ഥമായി  ജീവിതം നല്‍കാന്‍ മാത്രം  വലുതല്ല പാര്‍ട്ടിയെന്നും സ്വന്തം ജീവിതം നോക്കേണ്ട നാള്‍ വരുമെന്നൊക്കെ വിളിച്ചു പറഞ്ഞു.  എല്ലാത്തിനും ഉരുളക്കുപ്പേരി പോലെ മറുപടിയുണ്ടായിരുന്നു  മനുഷ്യന്. ഒരു പാട് തര്‍ക്കങ്ങളിലൂടെ കടന്നു വന്ന മുരളിയേട്ടനോട്  ചെറുപ്പം കൊണ്ടു മാത്രം ജയിക്കാന്‍ ആവുമായിരുന്നില്ല എനിക്ക്.

പ്രത്യയശാസ്ത്ര ഭിന്നതയെന്ന് തുടക്കത്തിലും  വിഭാഗീയത എന്ന് പിന്നീടും പറഞ്ഞുപോന്ന ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന നാളുകളിലാണ് മുരളിയേട്ടന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായ വിവരമറിഞ്ഞത്. വിളിച്ചപ്പോള്‍ കുറേ നേരം സംസാരിച്ചു.  കടുത്ത നിരാശയായിരുന്നു.   ജീവിതത്തെ താങ്ങി നിര്‍ത്തിയ അച്ചു തണ്ടായിരുന്നു പാര്‍ട്ടി. അതില്‍നിന്നു തെറിച്ചു പോന്നതോടെ ജീവിതമാകെ മാറി.  ഒപ്പമുണ്ടായിരുന്നവരൊക്കെ വഴിമാറി നടന്നു. പിന്നീട് പാരലല്‍കോളജ് എന്നു ബോര്‍ഡ് വെച്ച, പഴയ ട്യൂഷന്‍ സെന്ററിലെ അധ്യാപകരില്‍ ചിലരൊക്കെ വഴി പിരിഞ്ഞു.

അത് കഴിഞ്ഞ് പല തവണ  മുരളിയേട്ടനെ കണ്ടു. മുള്‍മുനകളില്‍ നടക്കുന്നൊരാളുടെ വേവലാതിയുണ്ടായിരുന്നു അന്നേരമൊക്കെ ആ ശരീരഭാഷയില്‍.  നീരാവി നിറഞ്ഞൊരു പ്രഷര്‍ കുക്കര്‍ ചൂളമിടുന്നതുപോലെ വിങ്ങി മുറിഞ്ഞു, പലപ്പോഴും സംസാരം. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി എന്നതു മാത്രമായിരുന്നില്ല അതിനു കാരണം. ജീവിതത്തെ താങ്ങി നിര്‍ത്തിയ ചില വിശ്വാസങ്ങള്‍. ചില ദിനചര്യകള്‍.  വിശ്വസിച്ച ചില മനുഷ്യര്‍. അതു കൂടിയാണ് മുറിഞ്ഞു പോയത്. ചാരി നിന്ന മരമാണ് പൊടുന്നനെ ഇല്ലാതായത്.  പ്രത്യയശാസ്ത്ര പ്രശ്നങ്ങളേക്കാള്‍  അതായിരുന്നു മുരളിയേട്ടനെ കൊളുത്തി വലിച്ചത്.

പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ മറ്റു പലരും സമാന്തര വഴികളില്‍നിന്ന് പോരാട്ടം തുടരുന്നുണ്ടായിരുന്നു. എന്നാല്‍, മുരളിയേട്ടന്‍ അതിലൊന്നും ചെന്നു തല വെച്ചില്ല.  ആ കൂട്ടായ്മയിലുള്ള പലരെയും കുറിച്ച് മതിപ്പുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ' ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല ജീര്‍ണത. പണ്ടേ ഉണ്ടായിരുന്നു. അന്നൊക്കെ  ഇതിനെല്ലാം കുട പിടിച്ചവര്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് ധാര്‍മികത എന്നു പറഞ്ഞു നടക്കുന്നത് അംഗീകരിക്കാനാവില്ല. താല്‍ക്കാലിക പോരാട്ടം മതി അവര്‍ക്ക്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള അത്തരം പരിപാടികള്‍ക്ക് ഞാനില്ല'^ മണിക്കൂറുകള്‍ നീണ്ടൊരു സംസാരത്തിനിടെ ഒരിക്കല്‍  മുരളിയേട്ടന്‍ പറഞ്ഞു.

അതിനോടു കൂട്ടിച്ചേര്‍ക്കാന്‍ എനിക്ക് മറ്റൊന്നുണ്ടായിരുന്നു. മുരളിയേട്ടനു വേണ്ടി മാത്രമുണ്ടായൊരു ലോജിക്.

'ജീര്‍ണത പാര്‍ട്ടിയില്‍ മാത്രമാണോ?  എല്ലാ ഇടത്തുമില്ലേ അത്?  ആദര്‍ശത്തിന് ജീവിക്കാനാവുന്ന കാലമാണോ ഇത്? നല്ല കള്ളന്‍മാര്‍ക്കു മാത്രം ജീവിക്കാനാവുന്ന സാമൂഹികാവസ്ഥയില്‍ പാര്‍ട്ടി മാത്രം നല്ലവരുടെ ആദര്‍ശ സങ്കേതമാവണമെന്ന് ശഠിക്കുന്നതില്‍ എന്താണ് കാര്യം ?  നുണയാണെന്ന് നൂറുശതമാനം ഉറപ്പുള്ള കാര്യങ്ങള്‍ സത്യമെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യുക, നുണയെന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ എല്ലാവരുമത് സത്യമാണന്ന മട്ടില്‍   സ്വീകരിക്കുക. അങ്ങനെയൊരു കാലത്ത് പാര്‍ട്ടിയും അതു പോലെ തന്നെയാവും. അത് അംഗീകരിക്കുന്നതിന് പകരം അറുപതുകളും എഴുപതുകളും അതേ പടി ഇന്നും വേണമെന്ന് ശഠിക്കുന്നത് മണ്ടത്തമാണ്'

കൃത്യമായി ഇതുപോലാവില്ല വാചകങ്ങള്‍. എന്നാല്‍, കാര്യം ഇതു തന്നെയാണ്. മുരളിയേട്ടന്റെ പ്രായോഗിക ചിന്തകളെ ഉണര്‍ത്തുക, ഈ അവസ്ഥയില്‍നിന്ന് മാറ്റുക ഇതൊക്കെയായിരുന്നു  ആ പറച്ചിലിന്റെ ലക്ഷ്യം. എന്നാല്‍, സംഭവിച്ചതു മറ്റൊന്നായിരുന്നു. ഒന്നും പറയാതെ, തലയ്ക്ക് അടി കിട്ടിയതു പോലെ എന്നെ നോക്കി മുരളിയേട്ടന്‍ ഒന്നും മിണ്ടാതെ നടന്നു. പല തവണ അടുത്തു ചെന്നിട്ടും തിരിച്ചു വിളിച്ചിട്ടും ഒന്നും മിണ്ടിയില്ല.

അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. സങ്കടം എന്റെ നാവിനെ കെട്ടിയിട്ടു.   പറയേണ്ട വാക്കുകള്‍ കെട്ടിക്കിടന്നു നാവു കഴച്ചു. ഒന്നിനും നില്‍ക്കാതെ ഞാന്‍ തിരിച്ചു പോന്നു.



7

മാസങ്ങളുടെ ഇടവേളയില്‍ വീണ്ടും ചെന്നപ്പോള്‍ മുരളിയേട്ടനെ കണ്ടു. പഴയ ട്യൂഷന്‍ സെന്ററില്‍ വെച്ച്. അവിടെ  ബാല ചിത്ര രചനാ മല്‍സരം നടക്കുകയായിരുന്നു. നിര്‍ജീവമായി കിടന്ന ട്യൂഷന്‍ സെന്റര്‍ വീണ്ടും സജീവമായതു പോലെ തോന്നി. എന്നെ കണ്ടപ്പോള്‍ നിറഞ്ഞു ചിരിച്ച് മുരളിയേട്ടന്‍ വന്നു.

'നീ പറഞ്ഞതു പോലെ, ഇങ്ങനെ ഇരുന്നിട്ടു കാര്യമില്ല. ഞാനിവിടെ പല പരിപാടികളും തുടങ്ങി. ഇപ്പോള്‍ മറ്റൊന്നിനും നേരമില്ല. മറ്റൊന്നും ആലോചിക്കുന്നുമില്ല. പത്തിരുപത് കുട്ടികള്‍ എല്ലാ ഞായറാഴ്ചയും വരും. ചിത്രം വര, പുസ്തക വായന, എഴുത്തു മല്‍സരം.  എന്നെ കാണുമ്പോള്‍ മനസ്സിലാവുന്നില്ലേ, മാറ്റം?'

ചിരി വന്നു. ഏറെ നേരം അവിടെയിരുന്നു. കുട്ടികളുടെ കൂടെ കൂടി. മുരളിയേട്ടന്‍ പഴയതു പോലെ ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചു.

എന്നാല്‍, പിന്നീടുള്ള വരവില്‍ കാര്യങ്ങള്‍ വീണ്ടും വഷളായതു പോലെ തോന്നി. ട്യൂഷന്‍ സെന്ററിനു ആരോ തീയിട്ടു. പകരമൊന്നു കെട്ടിപ്പടുക്കുന്നതിനിടെ കുട്ടികളൊക്കെ പതുക്കെ പിന്‍മാറി. സഹായിക്കാന്‍ ആരുമില്ലാതെ മുരളിയേട്ടന്‍ പെട്ടുപോവുന്നതു പോലെ തോന്നി. അതു കഴിഞ്ഞാണ് കൂട്ടുകൃഷിയില്‍ സജീവമായത്.  ലൈബ്രറി പ്രവര്‍ത്തനങ്ങളിലേക്ക് ആളെ കൂട്ടിയത്. എതിര്‍പ്പു നേരിടേണ്ടി വന്നുവെങ്കിലും  തളരാത്ത ഒരു പോരാളിയെപ്പോലെ മുരളിയേട്ടന്‍ പിടിച്ചു നിന്നു.  പിന്നീട് രണ്ടു മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂ. പതിയെപ്പതിയെ, വിഷാദരോഗത്തിലേക്ക് ഉള്‍വലിയുകയാണോ എന്നു തോന്നി.  ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാല്‍, കാര്യമായി സംസാരിക്കാനൊന്നും പോയില്ല.


8

മുരളിയേട്ടന്‍ ഇപ്പോഴില്ല. എന്നാല്‍, പാര്‍ട്ടി ഇപ്പോഴുമുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നു. അതില്‍ ജീര്‍ണത വീണ്ടും വിഷയമാവുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. സംഘടനാ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ അതിലുമേറെ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി സ്ഥിതി സുഭദ്രമെന്നും മറ്റെല്ലാം മാധ്യമ പ്രചാരണങ്ങള്‍ മാത്രമാണെന്നും നേതാക്കള്‍ ആണയിടുന്നു. ചാനലുകളിലും പത്രങ്ങളിലും പതിവു കലാ പരിപാടികള്‍ അരങ്ങുതകര്‍ക്കുന്നു.

അതാടൊപ്പം മറ്റുചില വാര്‍ത്തകള്‍ കൂടി കാണുന്നു. ജീര്‍ണത ആരോപിച്ച് പാര്‍ട്ടി വിട്ടുപോവുകയോ സമാന്തര പ്രവര്‍ത്തനം നടത്തുകയോ ചെയ്യുന്ന പലരും അതുപേക്ഷിക്കുന്നു. ചിലരൊക്കെ പാര്‍ട്ടി നേതൃത്വവുമായി സമരസപ്പെടുന്നു. ചിലയിടങ്ങളില്‍ വിമത ഗ്രൂപ്പുകള്‍ തമ്മില്‍ത്തല്ലിപ്പിരിയുന്നു.

എല്ലാ കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കും ഇടയില്‍ മുരളിയേട്ടനെ ഓര്‍മ്മ വരുന്നു. അത്തരം അനേകം മനുഷ്യരുടെ മുഖങ്ങള്‍ ചലച്ചിത്രത്തിലെന്നോണം തെളിയുന്നു.  ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ കൊണ്ട് കുഴഞ്ഞു പോവുന്നു. ചരിത്രം പല തരത്തില്‍ ആവര്‍ത്തിക്കും സഖാവേ, എന്ന് ആരോ ചെവിക്കരികില്‍നിന്നു പറയുന്നു.

Sunday, April 1, 2012

മഞ്ഞ വെയിലിന്‍െറ ആ വീട്, ഇനിയൊരു റോഡ്


പതിവു യാത്രക്കിടെ കണ്ടുകണ്ട് ഇഷ്ടപ്പെട്ടുപോയ 
ഒരു വീടിനെക്കുറിച്ച്. ദേശീയ പാതാ വികസനത്തിനായി 
അത് ഇല്ലാതായതിനെ കുറിച്ച്. പാതയില്‍ ഓടാനിരിക്കുന്ന ജീവിതങ്ങളെക്കുറിച്ച്




ഓഫീസിലേക്കും തിരിച്ചുമുള്ള പതിവു യാത്രയില്‍ എന്നും കണ്ണുടക്കാറുണ്ട് ആ വീട്ടില്‍. ദേശീയ പാതയുടെ വക്കില്‍ വലിയ അനേകം കെട്ടിടങ്ങളുടെയും കൂറ്റന്‍ വീടുകളുടെയും  നടുക്കായി. ഒരു കെട്ടിടത്തിനും അപഹരിക്കാനാവാത്തത്ര മനോഹരമായ കാഴ്ചയായി.
മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരെ ചെറുതാണത്.  പഴയ മട്ടില്‍ ഓടിട്ട ഇരു നില വീട്. വലിയ മര വാതില്‍.  പല നിറക്കണ്ണാടിയണിഞ്ഞ പഴയ മരജാലകങ്ങള്‍. കാലപ്പഴക്കം മൂലം മങ്ങിയെങ്കിലും  സമൃദ്ധമായ  ഭൂതകാലം അടയാളപ്പെടുത്തുന്ന ഇളം മഞ്ഞ ചുവരുകള്‍. വീടിനു ചുറ്റും മരങ്ങളാണ്. അതിനിടയില്‍ വൃത്തിയായും, ശ്രദ്ധയോടെയും പരിപാലിക്കുന്നുവെന്ന് ആര്‍ക്കും ഉറപ്പിക്കാനാവുന്ന പൂമരങ്ങള്‍, ബഹുവര്‍ണ പൂക്കള്‍ ചൂടുന്ന പല  ചെടികള്‍. ചെറിയ മതിലിന്‍െറ ഇരു വശത്തുമായി വലിയ മഞ്ഞ കോളാമ്പിപ്പൂക്കള്‍. ഒരറ്റത്ത് കാലമേറെ കണ്ട വലിയ ചെമ്പക മരം. അതിന്‍െറ പൗരാണികമായ ഇലത്തഴപ്പില്‍,  പക്ഷികള്‍.

ഇതിലുമേറെ പറയാനുണ്ട്, ആ വീടിനെക്കുറിച്ച്. വണ്ടിയിലിരിക്കുമ്പോള്‍ മാത്രം കണ്ട, കാണാറുള്ള ഒരു വീടിനെക്കുറിച്ച് ഇത്രയും ഓര്‍മ്മിക്കാന്‍ കഴിയുന്നതെങ്ങിനെയാണെന്ന് ഇപ്പോള്‍ മാത്രമാണ് ബോധ്യമാവുന്നത്. ഒരു കാരണവുമില്ലാതെ  ഞാനാ വീടിനെ മനസ്സില്‍ അത്രമേല്‍ സ്നേഹിച്ചിരുന്നു എന്നുമിപ്പോള്‍ തിരിച്ചറിയാനാവുന്നു.
നഗരത്തിലേക്കുള്ള  പതിവു യാത്രകള്‍ ആരംഭിച്ച കാലം മുതല്‍  ഞാനീ വീടിനെ ശ്രദ്ധിക്കുന്നു. ഏതോ സ്വപ്നത്തില്‍ കണ്ടു മറന്നതു പോലൊരിടം.  അതിന്‍െറ നിറം, പൂക്കള്‍, ചെമ്പക മരം, കോളാമ്പിപ്പൂക്കള്‍.  ഇതെല്ലാം ചേരുന്ന ആ അന്തരീക്ഷം.  അതാവാം ഇഷ്ടപ്പെട്ടൊരു പാട്ടു പോലെ ആ മഞ്ഞ വീട് സന്തോഷങ്ങളുടെ ഭാഗമായത്.




                                                                           3
ഋതുഭേദങ്ങളില്‍ ആ വീടിന് ഭിന്ന ഭാവമാണ്.  മഴ പെയ്യുന്ന ചില വൈകുന്നേരങ്ങളില്‍, കുളിച്ചു തോര്‍ത്താന്‍ ഒരുങ്ങിനില്‍ക്കുന്നതുപോലെ തോന്നും, വീട്.  മഴയുടെ ഇരുണ്ട ചെതുമ്പലുകള്‍ ചുവരുകളില്‍ പച്ചച്ച ചിത്രം വരഞ്ഞിട്ടുണ്ടാവും.  വേനല്‍ക്കാലത്ത് അത് വെട്ടിത്തിളങ്ങും. ഇല  കൊഴിഞ്ഞ്, പൂക്കളും ചെടികളും വാടി നില്‍ക്കുമ്പോള്‍ പോലും സുന്ദരം.  വൈകുന്നേരത്തെ മഞ്ഞ വെയിലില്‍  ആ വീട് ഒരു ഇംപ്രഷനിസ്റ്റ് പെയിന്‍റിങ്. മരങ്ങളുടെ നിഴലും മഞ്ഞപ്പൂക്കളില്‍ സൂര്യന്‍ നടത്തുന്ന ചിത്രപ്പണിയും ചേര്‍ന്ന്  അതൊരു സ്വപ്നം പോലെ ചേതോഹരമാവും. തണുപ്പുകാലത്ത് അതിരാവിലെയുള്ള ചില യാത്രകളില്‍, മഞ്ഞിന്‍െറ മറയിട്ട്, ഉറങ്ങിക്കിടക്കുന്ന ആ വീട് കാണാം.
ആ വീട്ടിലെ താമസക്കാരെ കുറിച്ച് പറയാന്‍ കാര്യമായൊന്നും എനിക്കറിയില്ല. ഇത്ര നാളുകള്‍ക്കിടയില്‍ വല്ലപ്പോഴും മാത്രമേ  ആളനക്കം കണ്ടിട്ടുള്ളൂ. സാരിയുടുത്ത ഒരു മുത്തശ്ശി വരാന്തയിലെ കസേരയിലിരുന്ന് പുറത്തേക്കു നോക്കുന്നത് പലപ്പോഴും കാണാം.  ചില കാലങ്ങളില്‍ രണ്ടു മൂന്ന് ചെറിയ കുട്ടികള്‍ മുറ്റത്ത് കളിക്കുന്നുണ്ടാവും. രണ്ടു മൂന്നു തവണ വലിയൊരു കാര്‍ മുറ്റത്ത് നിര്‍ത്തിയതും ചിലര്‍ ആ വരാന്തയിലിരുന്ന് സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. അതിരാവിലെയുള്ള യാത്രകളില്‍ മുറ്റമടിക്കുന്ന ഒരു മെലിഞ്ഞുണങ്ങിയ സ്ത്രീയെ കാണാറുണ്ട്.





ആ വീടിനെക്കുറിച്ച് വെറുതെ ചില നിഗമനത്തിലത്തൊറുണ്ട്  ഞാന്‍.  ആ വീട്ടിലുള്ളവരെ കുറിച്ച്. ആരാണ് അവിടത്തെ താമസക്കാര്‍? എന്തായിരിക്കും, അവരുടെ അവസ്ഥ?

മക്കളെല്ലാം വിദേശത്തോ, മറ്റിടങ്ങളിലോ കഴിയുന്ന ഒരു മുത്തശ്ശിയാണ് അവിടത്തെ താമസക്കാരിയെന്നാണ് ഒരു വിലയിരുത്തല്‍.  വല്ലപ്പോഴും കാണുന്ന ആ കൊച്ചു കുട്ടികള്‍ അവരുടെ പേരക്കുട്ടികളാവും. മുറ്റമടിക്കുന്ന സ്ത്രീ  വേലക്കാരിയും.  
സന്തോഷകരമായ ഒരു ഭൂതകാലമുണ്ടായിരുന്നു ആ മുത്തശ്ശിക്കെന്ന് ആലോചിക്കാനാണ് എനിക്കിഷ്ടം. ആ വീട് കാണുമ്പോള്‍ അങ്ങിനെയേ തോന്നൂ.  ഓര്‍മ്മകളെക്കൊണ്ട് ഏകാന്തത മുറിച്ചു കളയുന്ന ആ വീടു പോലെ തന്നെയാവും അവരുമെന്ന്  വെറുതെ തോന്നുന്നു.

യാത്രക്കിടെ, എന്നെങ്കിലും അവിടെയിറങ്ങി ആ വീട് അടുത്തുനിന്നൊന്ന് കാണണമെന്ന് തോന്നാറുണ്ട്. എന്നാല്‍, ഒരിക്കലും അതിന് കഴിഞ്ഞിട്ടില്ല. തിരക്കു തിന്നുന്ന നമ്മുടെയൊക്കെ ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ അത്ര എളുപ്പമല്ലാത്തതാവും കാരണം. അല്ളെങ്കില്‍, എന്നും അതവിടെ തന്നെ ഉണ്ടാവുമെന്ന തോന്നലാവും. അതുമല്ളെങ്കില്‍, നിരന്തര  ആലോചനകളാല്‍ അറിയാതെ ഞാനും ആ വീടിന്‍െറ ഭാഗമായിട്ടുണ്ട് എന്ന തോന്നലാവും. അറിയില്ല.



5
സ്വന്തം വീടിനെക്കുറിച്ച് ഒരു പാട് സ്വപ്നങ്ങളൊന്നും പണ്ടേയില്ല. ബാല്യ, കൗമാര,യൗവനങ്ങള്‍  ചെലവിട്ട, ഇപ്പോഴില്ലാത്ത നാട്ടുമ്പുറത്തെ ആ വീടു തന്നെയാണ് വീടെന്ന വാക്കിന്‍െറ ഏറ്റവുമ ശരിയായ അര്‍ഥത്തില്‍ എന്നും മനസ്സിലുള്ളത്. അതു കഴിഞ്ഞു താമസിച്ച ഇടങ്ങളെല്ലാം വെറും ലോഡ്ജ ്മുറിയായേ തോന്നിയിട്ടുള്ളൂ. രേഖകള്‍ പ്രകാരം സ്വന്തമെങ്കിലും ആ വീടുകള്‍ക്കൊന്നും വീട് എന്ന ആ അനുഭവം സൃഷ്ടിക്കാന്‍ കഴിയാത്തതു കൊണ്ടാവും. പുറത്തിറങ്ങാത്ത ഇടവേളകളില്‍ ചെന്നിരിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും മറ്റുമുള്ള ഇടം എന്നതിലപ്പുറം ആ വീടുകളുടെ ചുറ്റുപാടുകളൊന്നും മനസ്സില്‍  പതിഞ്ഞിട്ടേയില്ല എന്നുറപ്പിച്ചു പറയാം.

എങ്കിലും  പഴയ വീടിന്‍െറ ഓര്‍മ്മയില്‍, മനസ്സില്‍ കൊണ്ടു നടക്കുന്ന മനോഹരമായ ആ സ്വപ്നത്തിന് ഈ വീടിന്‍െറ ഛായയുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. എന്നെങ്കിലും ഇതു പോലൊരു വീടുണ്ടാക്കണമെന്ന ആഗ്രഹം. അധികമൊന്നും പുറത്തു പോവാതെ, തിരക്കുകളൊഴിഞ്ഞ്   ഒരു കാലം വരുമെങ്കില്‍ അന്നത്തേക്കു മാറ്റിവെക്കാവുന്ന സ്വപ്നം.
തിരക്കിനു ചേര്‍ന്നതല്ല അത്തരമൊരു വീട്. മരങ്ങളെയും ചെടികളെയും കണ്ണില്‍ നിറക്കാന്‍, പൂക്കളെയും പക്ഷികളെയും ശ്രദ്ധിക്കാന്‍, പുറത്തിറങ്ങി നടക്കാന്‍ ഒരു പാട് സമയം കിട്ടുന്ന ആ വീട് ഒരു പക്ഷേ, വെറും സ്വപ്നം മാത്രമായി ശേഷിക്കുമായിരിക്കും. എങ്കിലും, ആ സ്വപ്നത്തിന് വല്ലാത്തൊരു ചാരുതയുണ്ട്.



6
പനിച്ചു കിടന്ന കുറച്ചു ദിവസങ്ങള്‍ക്കുശേഷം വീണ്ടും നെട്ടോട്ടം തുടങ്ങിയ കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് അതു ശ്രദ്ധിച്ചത്.  അവിടെ ആ വീടില്ല!
അതിപ്പോള്‍ വലിയ മൈതാനം പോലൊരു തുറസ്സ്. മരങ്ങളില്ല. പൂക്കളില്ല. മഞ്ഞച്ചുവരുകളും മരവാതിലുകളും വര്‍ണജാലകങ്ങളുമില്ല. ആ വീടില്ല!
അതു മാത്രമല്ല, അതിനപ്പുറത്തെ ചെറുതും വലുതുമായ മറ്റനേകം കെട്ടിടങ്ങളും കാണാനില്ല. അവിടെയെല്ലാം  ഉഴുതുമറിച്ചിട്ട മണ്ണ് മാത്രം.
നരച്ച തവിട്ടു നിറത്തിലുള്ള മണ്ണിലൂടെ ഒരു വലിയ മണ്ണുമാന്തിയന്ത്രം കിതച്ചു കിതച്ച് അങ്ങോട്ടുമിങ്ങോട്ടുമിങ്ങോട്ടും പായുന്നു. നിലമുറപ്പിക്കുന്ന മറ്റൊരു യന്ത്രം മണ്‍കട്ടകളെല്ലാം തട്ടിയുടച്ച് വലിയൊരു റോഡായി ആ ഇടത്തെ മാറ്റിയെടുക്കുന്നു. കുറേ ജോലിക്കാര്‍ തലങ്ങും വിലങ്ങും നടക്കുന്നു.

7
ദേശീയ പാത വീതി കൂട്ടുകയാണ്. കുറേ നാളായി അവിടവിടെ വീടുകളും കെട്ടിടങ്ങളും മറ്റും പൊളിക്കുന്നുണ്ട്. ചെറിയ തുക മാത്രം നല്‍കി, ഉദ്യോഗസ്ഥര്‍ സ്ഥലം കൈവശപ്പെടുത്തുന്നതിനെതിരെ പ്രദേശവാസികളില്‍ ചിലര്‍ സമരം നടത്തുന്നുമുണ്ട്. റോഡരികില്‍ ഒരിടത്ത് ഒരു സമരപ്പന്തല്‍ ഇടക്ക് കണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വേ നടത്തിയ സ്ഥലം, അന്നത്തെ രജിസ്ട്രേഷന്‍ വില മാത്രം നല്‍കിയാണ് സര്‍ക്കാര്‍ കൈവശപ്പെടുത്തുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം ഈ അനീതി കണ്ടു നില്‍ക്കുായാണെന്നും പറയുന്ന ഒരു വാര്‍ത്തയോ ലേഖനമോ മറ്റോ ഇടക്ക് വായിച്ചതുമോര്‍ക്കുന്നു.
സുഹൃത്തായ ആക്റ്റിവിസ്റ്റിനെ വിളിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു. കുറേയേറെ വീട്ടുകാര്‍  സര്‍ക്കാര്‍ നല്‍കിയ തുക കൈപ്പറ്റി നേരത്തെ ഒഴിഞ്ഞു പോയി. നഷ്ട പരിഹാരത്തുകയിലെ അനീതിക്കെതിരെ കോടതിയെ സമീപിച്ചവരുടെ കെട്ടിടങ്ങള്‍ മാത്രമാണ് ബാക്കിയായത്. അതിലൊന്നായിരിക്കും ആ വീട്. നല്ല നാള്‍ നോക്കി അറുക്കാന്‍ വെച്ച ബലിമൃഗങ്ങളിലൊന്ന്.
ഇപ്പോള്‍ കോടതിയും അവരെ കൈയൊഴിഞ്ഞു. ദേശീയ പാതാ വികസനത്തിന് ഭൂമി വിട്ടുകൊടുക്കാത്ത ‘രാജ്യദ്രോഹി’കളെ എത്ര വേഗം കുടിയൊഴിപ്പിക്കാനാണത്രെ നിര്‍ദേശം. അതാണ്, ആ കെട്ടിടങ്ങള്‍ ദിവസങ്ങള്‍ കൊണ്ട് റോഡായി മാറിയത്.

അപ്പോള്‍, സമര സമിതിയോ?-
എന്‍െറ സംശയം ഒരു ചിരി കൊണ്ട് ഇല്ലാതാക്കിക്കളഞ്ഞു സുഹൃത്ത്.
‘സമര സമിതിയൊക്കെ പല വഴിക്കായി. കിടപ്പാടം നഷ്ടപ്പെടുന്ന സാധാരണ മനുഷ്യരായിരുന്നു സമിതിയില്‍. സമരവും അനുബന്ധ പരിപാടികളുമൊന്നും വലിയ പിടിയില്ലാത്തവര്‍. സ്വാഭാവികമായും നയിക്കാന്‍ വേറെ ആളുകള്‍ വേണം. ഇത്തരം സമരങ്ങള്‍ ചെയ്ത് പരിചയമുള്ളവര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍. സമര നേതൃത്വം പുറത്തുള്ളവരായതിനാല്‍, ചര്‍ച്ചകളില്‍ മുഴുവന്‍ പങ്കെടുത്തത് അവരാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍. വികസനം പോലുള്ള വിഷയങ്ങളില്‍  സര്‍ക്കാര്‍ കേണുപറയുമ്പോള്‍, അവര്‍ക്കങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ. അവര്‍ എളുപ്പം സമവായത്തിലത്തെി. ചെറിയ എന്തോ തുക കൂട്ടി നല്‍കി വിട്ടുപോയ്ക്കൊള്ളാന്‍ ഉപദേശിച്ചു. എന്നിട്ടും പിടിച്ചു നിന്നവര്‍ കോടതി വിധി കൂടി വന്നതോടെ പുറത്തായി.’
നഷ്ടപരിഹാരമായി കിട്ടിയ പഴയ രജിസ്ട്രേഷന്‍ വിലയ്ക്ക്, ഭൂ വിപണിയുടെ പുതിയ കാലത്ത്  അതുപോലൊരു വീടുണ്ടാക്കാന്‍ എല്ലാവര്‍ക്കും കഴിയില്ളെന്നും അതിനാല്‍, അവരില്‍ പലരും പെരുവഴിയിലാവുമെന്നും  സുഹൃത്ത് നിസ്സംഗമായ ഭാഷയില്‍ വിശദീകരിച്ചു തന്നു.



8
ആ മുത്തശ്ശിയെ ഓര്‍മ്മ വന്നു. എന്‍െറ നിഗമനങ്ങള്‍ തെറ്റിയില്ളെങ്കില്‍, അവര്‍ക്ക് അത്ര വലിയ കഷ്ടപ്പാടുണ്ടാവില്ല. പുറത്തെവിടെയോ ഉള്ള മക്കളും മറ്റും സഹായിക്കാനുണ്ടാവും. ഏതെങ്കിലും നഗരത്തിലെ ഫ്ളാറ്റിലേക്കോ മറ്റോ അവര്‍ പറിച്ചു നടപ്പെടും. ജീവിതം മുഴുവന്‍ പങ്കിട്ട ആ വീടിന്‍െറ ഓര്‍മ്മയില്‍ ശിഷ്ട കാലം അവരവിടെ കഴിയുമായിരിക്കും.

ഇതൊരു സാധ്യത മാത്രമാണ്. ഒരു പുറം കാഴ്ചകൊണ്ടുണ്ടാക്കിയ നിഗമനം മാത്രം.  ഒരു പക്ഷേ, കഥ ഇങ്ങനെയൊന്നുമായിരിക്കില്ല. അങ്ങനെയെങ്കില്‍...അങ്ങനെയെങ്കില്‍...

9
മുന്നിലിപ്പോള്‍ വലിയൊരു മണ്‍പാതയുടെ അസ്ഥികൂടം. ഇനി അതിനു മേല്‍ മെറ്റലുകള്‍ വരും. ടാര്‍ വീപ്പകളൊഴുകം. പണിക്കാരും കങ്കാണിമാരും വരും. കറുത്ത മിനുങ്ങുന്ന നാലുവരിപ്പാത വരും. അതിലൂടെ അനേകം വാഹനങ്ങള്‍ ചീറിപ്പായും.

തീര്‍ച്ചയായും അവയിലൊന്നില്‍ ഞാനുമുണ്ടാവും.

Thursday, March 29, 2012

പല കാലങ്ങള്‍ ആല്‍ക്കെമിസ്റ്റ് വായിക്കുന്നു






പൌലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റിനെ'ക്കുറിച്ച് 
പണ്ടെഴുതിയ ഒരു കുറിപ്പ് തിരിച്ചു കിട്ടിയപ്പോള്‍. 
ഇരു കാലങ്ങള്‍ക്കുമിടയില്‍ കളഞ്ഞു പോയ ചില കാര്യങ്ങള്‍


1 

ചില നേരങ്ങളുണ്ട്. ഒട്ടും  തൃപ്തി തരില്ല ഒന്നും.  ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍, പാട്ടുകള്‍, സിനിമകള്‍, ചിത്രങ്ങള്‍, പ്രിയ സ്ഥലങ്ങള്‍... ഒന്നും. മടുപ്പെന്നും അശാന്തിയെന്നും വിവര്‍ത്തനം  ചെയ്യാവുന്ന അന്നേരങ്ങളില്‍  വെറുതെയിരിക്കുന്നതാണ് സമാധാനം. എല്ലാ സ്ക്രൂകളും അഴിച്ചിട്ട പോലെ അകം മറന്നിരിക്കല്‍. ഒരു തരം ശവാസനം.

അത്തരമൊരു നേരത്താണ്, മടുപ്പിന്റെ പതിവു തെരച്ചിലുകള്‍ക്കൊടുവില്‍ ആ കടലാസു കഷണം കിട്ടിയത്. മഞ്ഞച്ച്, അരികുകള്‍ മടങ്ങി, അവിടവിടെ മഷി പരന്ന് വെറുമൊരു കടലാസു തുണ്ട്. ഏതോ പുസ്തകത്തിനടിയില്‍നിന്ന് പെട്ടെന്ന് ചാടി വീണതാണ്.
കടലാസിന്റെ മുകളില്‍ ഇത്തിരി വലിയ അക്ഷരങ്ങളില്‍ 'നിമിത്തങ്ങളുടെ ഘോഷയാത്രയില്‍ ഒരു നിശ്ചല തടാകം' എന്നെഴുതിയിട്ടുണ്ട്.
അതിനു താഴെ  കുറിയ അക്ഷരങ്ങള്‍. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു, ആ കടലാസു തുണ്ടിനെ  ഓര്‍മ്മയിലേക്ക്  കൊളുത്തിയിടാന്‍.

ഇപ്പോഴറിയാം, അതെന്റെ കൈയക്ഷരം! പണ്ടൊരു രാത്രിയില്‍ ഒററയിരിപ്പിന് എഴുതിത്തീര്‍ത്തത്. പൌലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ്' എന്ന നോവലിന്റെ വായനാനുഭവം.

ഒരിക്കല്‍ ഉറ്റ ചങ്ങാതിയായിരുന്ന ഒരാള്‍ക്കു വേണ്ടി കഷ്ടപ്പെട്ട് എഴുതിവെച്ചതാണ്. ആല്‍ക്കെമിസ്റ്റ് അവരുടെ സംഘം നാടകമാക്കുന്നു, അതിന്റെ ബ്രോഷറില്‍ നല്‍കാന്‍ ഒരു കുറിപ്പ് വേണം. അതായിരുന്നു ആവശ്യം.  എന്തെങ്കിലും എഴുതാനാവുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. വല്ലതും എഴുതിയിട്ട് കാലമൊരുപാട്. പല വട്ടം പറഞ്ഞൊഴിഞ്ഞിട്ടും  നിശിതമായ നിര്‍ബന്ധം  എതിര്‍പ്പുകളുടെ മുനയൊടിച്ചു. സൌഹൃദം വെച്ചുള്ള വിലപേശലിനൊടുവില്‍ ഒരു രാത്രിയില്‍ വീണ്ടും ആല്‍ക്കെമിസ്റ്റിലേക്ക് നടന്നു. എത്ര ശ്രമിച്ചിട്ടും ഒരു വരി പോലും എഴുതാനാവാത്ത നിവൃത്തികേടിനൊടുവില്‍ ഒരു വരി എഴുതി വെച്ചു. പെട്ടെന്ന് കറന്റ് പോയി.

സമാധാനമായി. ഇനി  മെനക്കെടേണ്ടല്ലോ. വെറുതെ കണ്ണടച്ചു കിടന്നു. മഴയുള്ള രാത്രിയായിരുന്നു. പുറത്ത് വെറുതെ പെയ്തു കൊണ്ടേ ഒരു മഴ. അതിലേക്ക് കാതു നട്ടിരിക്കെ, ഇത്തിരി നിമിഷങ്ങള്‍ക്കൊടുവില്‍ അത് ചിണുങ്ങി നിന്നു. ഇപ്പോള്‍ മരം പെയ്യുന്ന ശബ്ദം.
കണ്ണുകള്‍ ഇറുകിയടച്ച്, പുറത്തെ ചെറിയ ശബ്ദങ്ങളിലേക്ക് കാതയച്ചിരിക്കെ, മനസ്സിലേക്ക് ആല്‍ക്കെമിസ്റ്റ്  വീണ്ടും കയറി വന്നു. ഒറ്റയിരിപ്പിന് അതു വായിച്ചു തീര്‍ന്ന പഴയൊരു രാത്രിയുടെ ഓര്‍മ്മ. അതിനപ്പുറം, ആ നോവല്‍ അന്നുണ്ടാക്കിയ ഇളക്കങ്ങള്‍.
പെട്ടെന്ന് സാന്റിയാഗോയുടെ രൂപം  മനസ്സില്‍ വന്നു. സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ച പാവം ആട്ടിടയന്‍. എന്തിനായിരുന്നു അവന്റെ തീരാത്ത അലച്ചിലുകള്‍? നിധിക്കു വേണ്ടി എന്നത് സാധാരണ  ഉത്തരം. തീര്‍ച്ചയായും അതല്ല കാര്യമെന്ന് അടുത്ത ക്ഷണം ഉറച്ചു. യാത്ര തന്നെയായിരുന്നു അവന്റെ ലക്ഷ്യമെന്ന് ഉള്ളിലാരോ പറഞ്ഞു.അങ്ങിനെയങ്ങനെ, സാന്റിയാഗോയുടെ മനസ്സിലേക്ക് മെല്ലെ മെല്ലെ നടന്നു കയറി തുടങ്ങിയ ഏതോ നിമിഷം കറന്റു വന്നു.

ഇപ്പോള്‍ മുറിയില്‍ ഇരുട്ടു മാഞ്ഞിരിക്കുന്നു. കുറേ നേരം കണ്ണടച്ചിരുന്നതിന്റെ ചെറിയ ഒരസ്വസ്തത.
യാന്ത്രികമായി എണീറ്റിരുന്നു. മേശമേല്‍ ചുരുട്ടിയിട്ട കുറേ കടലാസു കഷണങ്ങള്‍. എഴുതാന്‍ നടത്തിയ വിഫല ശ്രമങ്ങളുടെ അടയാളങ്ങള്‍. അതെടുത്ത് താഴെയിട്ട് പുതിയ കടലാസില്‍ എഴുതിത്തുടങ്ങി. നേരത്തെ ആലോചിച്ചു വന്നതിന്റെ തുടര്‍ച്ച. ഒട്ടും ആയാസപ്പെടാതെ ഒരേ ഒഴുക്ക്. ചെറിയ കുറിപ്പായിട്ടും അതെഴുതി കഴിഞ്ഞപ്പോള്‍ ശരിക്കും സന്തോഷം തോന്നി.
കയ്പ്പുറ്റ കുറേ അനുഭവങ്ങള്‍ ചേര്‍ന്ന് പിടിച്ചു കെട്ടിയ എഴുത്ത് വീണ്ടും വിരല്‍ത്തുമ്പില്‍ വന്നുതൊട്ടതിന്റെ അടക്കാനാവാത്ത ആഹ്ലാദം. വലിയ എഴുത്തുകാര്‍ക്കു മാത്രമല്ല, കടലാസിലല്ലാതെ മനസ്സില്‍ മാത്രം എഴുതിക്കൊണ്ടേയിരിക്കുന്ന എന്നെപ്പോലൊരു സ്വപ്നജീവിക്കും അത് പ്രിയപ്പെട്ട നിമിഷം.



2
ആ കടലാസ് കഷണമാണ് കാലങ്ങള്‍ക്കു ശേഷമിപ്പോള്‍..
. ആ ദിവസത്തിന്റെ സന്തോഷത്തുള്ളികള്‍ മുഴുവന്‍ ഓര്‍മ്മയുടെ മരത്തില്‍നിന്ന് പെയ്തുകൊണ്ടിരിക്കുന്നു.
ഉറപ്പാണ്. മികച്ചൊരു കുറിപ്പേയല്ല ഇത്. കുറേ മുമ്പ് വായിച്ച ഓര്‍മ്മയില്‍നിന്ന് ആല്‍ക്കെമിസ്റ്റിനെ പകര്‍ത്തിയതിന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ കാണും. വസ്തുതാ പരമായ അബദ്ധങ്ങളുണ്ടാവാം. ഓര്‍മ്മപ്പിശകുകളുണ്ടാവാം. പറയാനുള്ളത് അതേ പോലെ ബോധ്യപ്പെടുത്താനാവാത്ത അവ്യക്തതയുണ്ടാവാം. എങ്കിലും, മരവിപ്പിന്റെ നീണ്ടൊരു കടല്‍ ഒറ്റക്കു മുറിച്ചു കടന്ന ആ രാത്രിയുടെ സന്തോഷഭരിതമായ ഓര്‍മ്മയാല്‍ അതെല്ലാം  മറക്കാനാവുന്നു. എഴുതിയത്  എന്ത് എന്നതിനേക്കാള്‍ എഴുതാന്‍ കഴിഞ്ഞു എന്ന ഒരൊറ്റ സന്തോഷത്തില്‍ മനസ്സ് നിറയുന്നു.

അതിനാല്‍, പ്രിയപ്പെട്ട ചങ്ങാതിമാരേ, അതിവിടെ. നിങ്ങള്‍ക്കു മാത്രമായി. ഇതിനെക്കുറിച്ചാണോ ഇത്രയും എഴുതിപ്പിടിപ്പിച്ചത് എന്ന സന്ദേഹം നിങ്ങളുടെ പുരികം ചുളിക്കുന്നതറിയാം. എങ്കിലും ഏറ്റവും വൈയക്തികമായ കാരണങ്ങളാല്‍,  മനുഷ്യന്‍ എന്ന നിലയില്‍ അനുഭവിക്കുന്ന ചെറിയ, വലിയ സന്തോഷങ്ങളാല്‍ ഇത്, ഇവിടെ.




3

നിമിത്തങ്ങളുടെ ഘോഷയാത്രയില്‍
ഒരു നിശ്ചല തടാകം
ജീവിതത്തിന്റെ കുത്തൊഴുക്കിനിടെ, നിശ്ചയമായും നാം ചെന്നുറഞ്ഞുപോവുന്ന ചില ഇടങ്ങളുണ്ട്. ജോലിയെന്നോ സാമ്പത്തിക ഭദ്രതയെന്നോ പേരുവിളിക്കാവുന്ന ജീവിത സുരക്ഷയുടെ ഇടങ്ങള്‍. ഒന്നും ചെയ്യേണ്ട. വെറുതെ നിന്നു കൊടുത്താല്‍ മാത്രം മതി. ജീവിതം ഒരേ സുരക്ഷയില്‍, ഒരേ പാളത്തില്‍ ചലിച്ചു കൊണ്ടേയിരിക്കും. മുന്നിലുളള സാധ്യതകളെ, മാറ്റങ്ങളെ  കൊട്ടിയടച്ചു കൊണ്ടേയിരിക്കും. കെട്ടിനില്‍ക്കുന്ന ഒരു ജലാശയമായി നാം പതിയെ രൂപാന്തരപ്പെടും.

സുരക്ഷിതമെങ്കിലും അനക്കമറ്റ ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി യാത്രയുടേതാണ്. തന്നെത്തന്നെ മുറിച്ചു കടക്കല്‍. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് സ്വയം വലിച്ചെറിയല്‍. ഉള്ളിന്റെയുള്ളില്‍ യാത്രയുടെ വിത്തു മുളച്ചവര്‍ക്കേ നിശ്ചലതയുടെ ഈ നദി മുറിച്ചു കടക്കാനാവൂ. സ്വന്തം സ്വപ്നത്തിലേക്കുള്ള ആസക്തമായ ആ സഞ്ചാരത്തിനു മാത്രമാണ് ജീവിതത്തിന്റെ ഉയരങ്ങളും സാധ്യതകളും കണ്ടെത്താനാവുക.

ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റ്' ഇത്തരമൊരു മുറിച്ചു കടക്കലാണ്. ആട്ടിടയനായ സാന്റിയാഗോ സ്വപ്നത്തിലെ നിധി തേടിയാണ് ജീവിതത്തിന്റെ മരുഭൂമികളില്‍ പറന്നു വീഴുന്നത്. സ്വപ്നങ്ങളുടെയും നിമിത്തങ്ങളുടെയും കൈത്താങ്ങിലാണ് അവന്‍ നിധി എത്തിപ്പിടിക്കുന്നത്. മുത്തശ്ശിക്കഥയുടെ സാരള്യവും ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെ വിശാലതയും മനോവ്യാപാരങ്ങളുടെ സങ്കീര്‍ണ്ണതയും സമന്വയിപ്പിക്കുന്ന ആഖ്യാനത്തിലൂടെയാണ് പൌലോ കൊയ്ലോ ഇത് സാധ്യമാക്കുന്നത്.

ഈജിപ്തിലെ പിരമിഡുകള്‍ക്കിടയിലെവിടെയോ മറഞ്ഞു കിടക്കുന്ന നിധിയാണ് സ്വപ്നമായി വന്ന് സാന്റിയാഗോയെ  കുത്തിയിളക്കുന്നത്. വെള്ള രോമങ്ങളുള്ള ആട്ടിന്‍പറ്റങ്ങളുടെ ഇടയന്‍ മാത്രമായിരുന്നു അതുവരെ അവന്‍. സ്വപ്നം സാന്റിയാഗോയെ കെട്ടഴിച്ചുവിട്ടു. ' നിധി കണ്ടെത്താനായി ചില നിമിത്തങ്ങള്‍ നിന്റെ മുന്നിലെത്തും. ആ നിമിത്തങ്ങളെ പിന്തുടര്‍ന്നാല്‍ നീ നിധിയിലേക്കെത്തും'.

നിമിത്തങ്ങള്‍ അവനെ തേടിയെത്തി. ആദ്യമൊരു ചിത്രശലഭം. പിന്നെ ഒരു ജിപ്സി സ്ത്രീ. ജ്ഞാനിയായൊരു വൃദ്ധന്‍. പഴഞ്ചന്‍ രാജാവ്. ആല്‍ക്കെമിയുടെ വഴികള്‍ തേടിയലയുന്ന ഒരിംഗ്ലീഷുകാരന്‍. ഒടുക്കം ആല്‍ക്കെമിസ്റ്റ് എന്ന അസാധാരണ മനുഷ്യന്‍. ഈ നിമിത്തങ്ങളിലേക്ക് ചിതറിപ്പോവുന്നതിനിടെ സാന്റിയാഗോയ്ക്ക് ഏറെ പ്രിയപ്പെട്ട ആട്ടിന്‍പറ്റത്തെ വിറ്റഴിക്കേണ്ടി വരുന്നു. യാത്രക്കു കരുതിയ പണം കൈമോശം വരുന്നു. പണം കായ്ക്കുന്നൊരു ജോലിയും അതു നീട്ടുന്ന സാധ്യതയും  ഉപേക്ഷിക്കേണ്ടി വരുന്നു. കിട്ടിയ കാശുമായി നാട്ടിലേക്ക് മടങ്ങാമെന്ന സാന്റിയാഗോയുടെ തീരുമാനവും ഈ സ്വപ്നത്തില്‍ തട്ടിമറിയുന്നു.
ഈ ഉപേക്ഷിക്കലുകള്‍^ ഒറ്റനോട്ടത്തില്‍ വിലപ്പെട്ടതെന്ന് തോന്നുന്ന സാധ്യതകളില്‍നിന്നുള്ള ഈ പലായനങ്ങള്‍^സത്യത്തില്‍ അതാണ് സാന്റിയാഗോയെ നിധിക്ക് അര്‍ഹനാക്കുന്നത്. ഫാത്തിമ എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രഥമ ദര്‍ശനാനുരാഗവും സ്വന്തം സ്വപ്നത്തെ തേടിയുള്ള ഒഴുക്കില്‍ അവനെ വിട്ടൊഴിയുന്നു.

സാധാരണ ജീവിതത്തിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ സാന്റിയാഗോയുടെ  ഈ 'ഉപേക്ഷിക്കലുകള്‍' കേവലം വിഡ്ഢിത്തമെന്നു വരുന്നു. വെറുമൊരു സ്വപ്നത്തിന് വേണ്ടി ജീവിത സ്വപ്നങ്ങളെ നിരാകരിക്കല്‍. എന്നാല്‍, ഒടുക്കം സാന്റിയാഗോയെ കാത്ത് പിരമിഡുകള്‍ക്കിടയിലെവിടെയോ മറഞ്ഞിരിക്കുന്ന നിധിയുടെ യാഥാര്‍ഥ്യം നമ്മുടെ കേവല യുക്തികളെ പറത്തിക്കളയുന്നു.

കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍ പോലെ നാം ചുമന്നു  നടക്കുന്ന ജീവിതങ്ങളുടെ 'പ്രായോഗികത' യെയാണ് ആല്‍ക്കെമിസ്റ്റ് എന്ന കൃതി തട്ടിയുടക്കുന്നത്. ഏറ്റവും ബുദ്ധിപൂര്‍വകമായ നമ്മുടെ തീരുമാനങ്ങള്‍ക്കപ്പുറവും അസാധാരണവും അയുക്തികവുമായ സൌഭാഗ്യങ്ങളുടെ സാധ്യത മറഞ്ഞിരിപ്പുണ്ടെന്ന് അതോര്‍മ്മിപ്പിക്കുന്നു. നമ്മുടെ ബുദ്ധിപരമായ തീര്‍പ്പുകളും ഉറപ്പുകളും , മറ്റൊരു കണ്ണിലൂടെ  നോക്കുമ്പാള്‍ ശുദ്ധ ഭോഷ്ക് മാത്രമാണന്നും കേവല യുക്തി എന്നൊന്നില്ലെന്നും ഈ ആട്ടിടയന്‍ പറഞ്ഞു വെയ്ക്കുന്നു.



4
ഇത് എഴുതിയിട്ടിപ്പോള്‍ കുറേ കാലമായിരിക്കുന്നു. അന്ന് നിര്‍ബന്ധം പിടിച്ച് ഇതെഴുതിച്ച കൂട്ടുകാരന്‍ ഇത് നാടകത്തിന്റെ ബ്രോഷറില്‍ ഉപയോഗിച്ചോ എന്നറിയില്ല. ഇത് വേറെ ആരെങ്കിലും വായിച്ചോ എന്നും.
തീരെ ചെറുതെങ്കിലും ഈ കാലയളവില്‍ ജീവിതം എത്രയറെ മാറിയെന്ന് ആശ്ചര്യം തോന്നുന്നു. ജീവിതത്തിന്റെ പ്രയോറിറ്റികള്‍ അടിമുടി മാറി. അന്ന് ഇതഴുതിച്ച ഉറ്റ കൂട്ടുകാരന്‍ കണ്ടാല്‍ തിരിച്ചറിഞ്ഞില്ലെന്ന് നടിക്കാന്‍ കഴിയും വിധം അകന്നു. ആ നാടക സംഘവും വഴി പിരിഞ്ഞു കാണണം.
അന്നിതെഴുതിയ മുറി ഇന്ന് ഭൂമിയിലേ ഇല്ല. വാടകക്കാര്‍ കൂടിക്കൊണ്ടിരിക്കുന്ന നഗരത്തില്‍ ഒറ്റ വീടു മാത്രമായി നിലനിര്‍ത്താതെ മേല്‍ക്കുമേല്‍ പുതിയ നിലകള്‍ പണിയാന്‍ വീട്ടുടമ അതു പൊളിച്ചു കളഞ്ഞു. അവിടെയിപ്പോള്‍ ചെറിയ ഒരു അപാര്‍ട്മെന്റ്.

ഒരിക്കല്‍ പ്രിയപ്പെട്ടതായി കരുതിയിരുന്ന നഗരം ഉപേക്ഷിച്ചിട്ടിപ്പോള്‍ വര്‍ഷങ്ങള്‍.  ഇപ്പോള്‍ കഴിയുന്ന ഈ നഗരത്തെ ഇനിയും സ്നേഹിച്ചു തുടങ്ങിയിട്ടുമില്ല.
എല്ലാത്തിനുമപ്പുറം, പൌലോ കൊയ്ലോ. ആല്‍ക്കെമിസ്റ്റ് ഒരു തരത്തില്‍ ഒരിളക്കി പ്രതിഷ്ഠയായിരുന്നു. വായനയുടെ മടുപ്പില്‍നിന്ന് അപ്രതീക്ഷിതമായ ഒരു മണ്ണിളക്കം. അപരിചിതമായ  ഒരു ജീവിതത്തിലേക്കുള്ള  ദാര്‍ശനികമായ പുറപ്പാടുകള്‍  വല്ലാത്ത ഒരൂര്‍ജം പകര്‍ന്നു. പോസിറ്റീവ് എനര്‍ജി. അടുപ്പമുള്ളവരെ കൊണ്ടൊക്കെ അന്നതു വായിപ്പിച്ചു. പൌലോ കൊയ്ലോ എന്ന എഴുത്തുകാരനെ തേടിപ്പിടിച്ചു വായിച്ചു.  പൈറേറ്റഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന ചെറിയ കടയില്‍നിന്ന് മോശം കടലാസില്‍ അച്ചടിച്ച മറ്റു പുസ്തകങ്ങളില്‍ ചിലത് കണ്ടെത്തി.

എന്നാല്‍, പോകപ്പോകെ മഹാനായ ആ എഴുത്തുകാരനെയും മടുത്തു. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ഒരേ അച്ചു തണ്ടില്‍ തിരിയുന്നുവെന്ന് തോന്നി. ഒരു തരം മതപരത, സദാചാരപരത അവിടവിടെ മണത്തു.  മാനേജ്മെന്റ് വിദഗ്ദര്‍ പറയുന്നതുപോലൊരു യാന്ത്രികത അവിടവിടെ വായിച്ചെടുത്തു. ഇന്‍സ്പിരേഷന്‍ തരുന്ന തരം പുസ്തകങ്ങളില്‍ പണ്ടു വായിച്ചു തള്ളിയ ഏതൊക്കെയോ ഘടകങ്ങള്‍  മനോഹരമായ ഭാഷയുടെ പുറംമോടിയണിഞ്ഞ് വന്നു നില്‍ക്കുന്നതായി തോന്നിത്തുടങ്ങി. പതിയെ പൌലോ കൊയ്ലോയില്‍നിന്ന് മറ്റിടങ്ങളിലേക്ക് വായന തിരിഞ്ഞു. എങ്കിലും, ആ കൃതികള്‍ പങ്കുവെയ്ക്കുന്ന  ദാര്‍ശനിക വ്യാപാരങ്ങള്‍ക്കപ്പുറം പൌലോ കൊയ ലോ എന്ന മഹാനായ എഴുത്തുകാരന്റെ  കഥപറച്ചിലിന്റെ ചാരുത മനസ്സില്‍തന്നെ ഒട്ടിപ്പിടിച്ചു നിന്നു. എത്ര ലളിതമായി, എത്ര അനായാസം വായനക്കാരനെ ഒപ്പം നടത്താന്‍ ഈ മനുഷ്യന് എങ്ങനെ കഴിയുന്നുവെന്ന് കൊതിയോടെ അതിശയിക്കുന്നു, ഇപ്പോഴും.

 ആ കുറിപ്പിലെ  മാനസികാവസ്ഥ പോലും അകംപുറം മറിഞ്ഞുവെന്നു തോന്നുന്നു. കെട്ടിക്കിടക്കുന്ന ജലാശയം പോലെയാണിപ്പോള്‍ ജീവിതം. ഒട്ടുമനങ്ങാതെ. അലച്ചിലിന്റെ ഉറവകള്‍ എന്നേ മൂടിപ്പോയ പോലെ.  നിമിത്തങ്ങള്‍ മുന്നില്‍ വന്നാലും അവഗണിക്കാനാവുന്ന വിധം ഈ ജീവിതം, അതിന്റെ നിശ്ചലതയെ ഇപ്പോള്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

Monday, March 26, 2012

വേനല്‍ കുറിപ്പുകള്‍




മാസങ്ങള്‍ക്കു മുമ്പ് കാറ്റിന്റെ തണുപ്പന്‍ വരവുകളെക്കുറിച്ച് എഴുതി തുടങ്ങിയിയിടത്താണ് ബ്ലോഗെഴുത്ത് നിലച്ചുപോയത്. മഴക്കാലമായിരുന്നു അത്.  തണുപ്പുമായെത്തുന്ന പാലക്കാടന്‍ കാറ്റിനെക്കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്. പല ദേശങ്ങളെ ഒന്നിച്ച് മഴയുടെ അയയില്‍ നനക്കാനിടുന്ന അതിന്റെ ഇന്ദ്രജാലങ്ങളെക്കുറിച്ച്. അപ്രതീക്ഷിതമായ  വരവു പോക്കുകളെക്കുറിച്ച്.  സദാ തണുപ്പിച്ച്  കറങ്ങിത്തിരിയുന്ന കാറ്റിന്റെ പലനേരങ്ങളെക്കുറിച്ച്. അങ്ങനെയങ്ങനെ. തുടങ്ങിയിടത്തു തന്നെ നിന്നു, മഴയെഴുത്ത്. കാറ്റെഴുത്ത്. 

അത് കഴിഞ്ഞിത്ര നാളുകള്‍. എന്നിട്ടും, എഴുതി വന്നപ്പോള്‍ ഈ വരികള്‍ വേനലിനെ കുറിച്ചായി. മഴയില്‍നിന്ന് വേനലിലേക്കുള്ള  ഒരു ജംപ് കട്ട്.  ഇപ്പോള്‍, എഴുതേണ്ടത് മരത്തലപ്പുകളെ മുണ്ഡനം ചെയ്യുന്ന വേനലിന്റെ കത്രിക മൂര്‍ച്ചയെക്കുറിച്ചാണ്.  ഭൂമിയെ ഉണക്കിലകളില്‍ അടക്കം ചെയ്യുന്ന അതിന്റെ പ്രാക്തനമായ വെറികളെക്കുറിച്ച്. പച്ചയിലെഴുതിയ ഈ കുന്നിനെ വരണ്ട കാന്‍വാസിലേക്ക് മാറ്റിവരക്കുന്ന അതിന്റെ തുറുകണ്ണന്‍ നോട്ടത്തെക്കുറിച്ച്. വരണ്ട പാടം പോലെ ഉടലിനെ പല അടരുകളാക്കുന്ന അതിന്റെ വിഭ്രമങ്ങളെക്കുറിച്ച്. 

മഴക്കും വേനലിനുമിടയിലെ, മഴക്കുറിപ്പിനും വേനല്‍ക്കുറിപ്പിനുമിടയിലെ ആ നാളറുതികളാണ്  സത്യത്തില്‍ ജീവിതം. ഈ ബ്ലോഗിലെ അവസാന പോസ്റ്റിനും ഇതിനുമിടയിലുള്ള ദൂരം. മഴയില്‍നിന്ന് വേനലിലേക്ക് മുറിഞ്ഞുപോയ ഘടികാര സൂചികളുടെ അനക്കം.  നീണ്ട നാളത്തെ മൌനം മുറിച്ച് വാക്കിന്റെ  കാലാളുകള്‍,  ഉന്‍മാദികളായായ മദ്യപരെപ്പോലെ  വേച്ചുവേച്ച്  ഈ വരികളിലൂടെ നടക്കുന്നു. 




2
മഴ പോലെ വേനലിനുമുണ്ട് കരുതി വെപ്പുകള്‍, ഒരുക്കങ്ങള്‍.  ഒറ്റ വീര്‍പ്പില്‍ പെയ്തു കൊണ്ടേയിരിക്കുന്ന മഴയുടെ സിത്താര്‍ നാദം മുറിച്ചിടണം. കാറ്റുവരവുകളുടെ ശൂന്യതയാല്‍ അവിടെ നിറയ്ക്കണം. ഒരോര്‍മ്മ പോലും ബാക്കിയില്ലാതെ തുടച്ചു വറ്റിച്ച ജല പ്രതീതികള്‍ക്കു മീതെ വെയിലു കൊണ്ട് നിലമെഴുതണം. ഇലകളെല്ലാം തല്ലിക്കൊഴിച്ചിടണം. മുണ്ഡനം ചെയ്ത മരങ്ങളുടെ ആദിമമായ നില്‍പ്പിലേക്ക് ഇറ്റു വെള്ളത്തിനായി പക്ഷികളെ പറഞ്ഞയക്കണം. എല്ലാ മരങ്ങളും ഉണങ്ങി വരണ്ട്, എല്ലാ ഉറവുകളും വരണ്ട്, എല്ലാ പാടങ്ങളും വിണ്ട്, എല്ലാ ഓര്‍മ്മകളും തരിശായി നില്‍ക്കുമ്പോള്‍ വേനല്‍ അതിന്റെ ഇന്ദ്രജാലത്തിന്റെ വൃത്തം പൂര്‍ത്തിയാക്കും. 

ഇപ്പോള്‍ ഭൂമിയില്‍ മഴ വെറുമോര്‍മ്മ. ചാഞ്ഞും ചെരിഞ്ഞും പെയ്ത അതിന്റെ നനഞ്ഞ ഇരുളിമ മറ്റൊരോര്‍മ്മ.  പച്ച വിരിച്ച പാടങ്ങള്‍, ചുറ്റും ഇലത്തഴപ്പാര്‍ന്ന മരമുത്തശ്ശിമാര്‍, അതില്‍ വിത്തും കൈക്കോട്ടും ചോദിച്ചെത്തുന്ന പക്ഷികള്‍, മഴ വരച്ചുവെന്നല്ലാതെ ആരും പറയാനിടയില്ലാത്ത ചിത്രശലഭച്ചിറകുകള്‍- ഇതെല്ലാം വെറുമോര്‍മ്മ.  ഭൂമിയിലാകെ വേനല്‍ മാത്രം. അതിന്റെ നിഴല്‍പ്പാതയിലൂടെ വിയര്‍ത്തും പഴിച്ചും പോവുന്ന  നട്ടുച്ചകള്‍ മാത്രം. സ്വര്‍ണവര്‍ണം തെറിച്ചു വീഴുന്ന വൈകുന്നേരത്തെ മഞ്ഞ വെയില്‍ മാത്രം കാലങ്ങള്‍ക്കപ്പുറത്തുനിന്ന് മഴയുടെ നിശ്ശബ്ദമായ വരവിന്റെ പാട്ടുകള്‍ മൂളുന്നു. 



3.

ഇഷ്ടപ്പെട്ടൊരാളുണ്ടായിരുന്നു , ചിത്രകാരന്‍  ക്ലിങ്സര്‍. ഹെര്‍മന്‍ ഹെസ്സേ എഴുതിയ, പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്ന് - ക്ലിങ്സേഴ്സ് ലാസ്റ്റ് സമ്മര്‍-  ഉന്‍മാദം കത്തുന്ന കണ്ണുകളുള്ള ആ മനുഷ്യന്റെ ജീവിതമാണ്.  വെയിലിനും തീ നിറങ്ങള്‍ക്കും  തീറെഴുതിയ ചിത്രകാരന്റെ ജീവിതം. തണുത്തുറഞ്ഞ  ശൈത്യ നാളുകളുടെ മടുപ്പിക്കുന്ന ഇരുട്ട് മുറിച്ചു കടക്കാന്‍ അയാളെപ്പോഴും ഒരു വെയിലു കാത്തിരിക്കുന്നു. എപ്പോഴോ വരുമെന്നുറപ്പുള്ള വെയില്‍ത്തിണര്‍പ്പുകളിലേക്കുള്ള  കാത്തിരിപ്പാണ് സത്യത്തില്‍ അയാളുടെ ജീവിതം. 

ഇള വെയില്‍ മാറ്റി വരക്കുന്ന ഇലകളുടെ പല നിറങ്ങള്‍ കാന്‍വാസിലാക്കാനുള്ള ധൃതിയിലാണ് അയാള്‍. നിഴലിനും ഇരുട്ടിനും മാത്രം സാധ്യമാവുന്ന നൃത്തങ്ങളുടെ അപാരമായ പാറ്റേണുകള്‍ പകര്‍ത്തേണ്ടതുണ്ട് അയാള്‍ക്ക്. അതിനിടെ കണ്ണടഞ്ഞു പോവരുത്.  ഒരു നിമിഷം പോലും പാഴാക്കാതെ പ്രകൃതിയെ കാന്‍വാസിലേക്ക് കോരിയൊഴിക്കണം അയാള്‍ക്ക്.  ഒരു തുള്ളിയും വാര്‍ന്നു പോവാതെ ഈ പ്രപഞ്ചം മുഴുവന്‍  കാന്‍വാസിലേക്ക് കോരിയൊഴിക്കാനുള്ള ക്ലിങ്സറുടെ അസാധാരണമായ ആസക്തി പകര്‍ത്താന്‍ ഹെസ്സേയ്ക്ക് അതിലും മനോഹരമായ ഭാഷയുണ്ടായിരുന്നു. ഇതാ ഇതുപോലുള്ള വാചകങ്ങള്‍:

...തുടര്‍ച്ചയായി അനേക രാത്രകളിലയാള്‍ക്ക് ഉറങ്ങാന്‍ കഴിയുമെങ്കില്‍, ആറോ എട്ടോ മണിക്കൂര്‍ നേരം ഗാഢമായുറങ്ങുകയാണെങ്കില്‍ അയാള്‍ക്ക് പൂര്‍വ സ്ഥിതിയിലാവാനാവുകയും അയാളുടെ കണ്ണുകള്‍ വീണ്ടും അനുസരണയും ക്ഷമയുമുള്ളതാവുകയും ഹൃദയം ശാന്തമാവുകയും ചെയ്യും. എന്നാല്‍, അപ്പോഴേക്കും, ഈ വസന്തം കടന്നു പോയിരിക്കും. ഭ്രാന്തമായി ചിറകടിക്കുന്ന വസന്ത കിനാവിനൊപ്പം ഒരായിരം ഒഴിയാത്ത ഗ്ലാസുകള്‍ കവിഞ്ഞൊഴുകുകയും ഒരായിരം അദൃശ്യ പ്രണയ കടാക്ഷങ്ങള്‍ ചിതറി പോവുകയും ചെയ്യും, ഒരായിരം വീണ്ടെടുക്കാനാവാത്ത ചിത്രങ്ങള്‍ കാണപ്പെടാതെ നശിച്ചു പോവുകയും ചെയ്യും....

...'വൈകുന്നേരം നഗരത്തിന്റെ അറ്റത്ത് പൊടിയിലിരുന്ന് അയാള്‍ ഒരു കാര്‍ണിവലിന്റെ വര്‍ണാങ്കിതമായ കൂടാരങ്ങളും വാഗണുകളും പെയിന്റ് ചെയ്തു. കൂടാരങ്ങളുടെ കടുത്ത വര്‍ണങ്ങളില്‍ പ്രലോഭിപ്പിക്കപ്പെട്ട്  വഴിയിരികിലെ ഈര്‍പ്പമറ്റ പച്ചപ്പുല്‍ത്തകിടിയില്‍ അയാള്‍ കുനിഞ്ഞു കിടന്നു. ഒരു അലങ്കരിച്ച കൂടാരത്തിന്റെ മങ്ങിയ ലൈലാകിനോടും വിലക്ഷണമായ വാഹന വീടുകളുടെ ആഹ്ലാദ പ്രകൃതമായ ഹരിതത്തോടും ചുവപ്പിനോടും കഴുക്കോലുകള്‍ കെട്ടിയ നീലയോടും അയാള്‍ പറ്റിനിന്നു. തീക്ഷ്ണതയാര്‍ന്ന് അയാള്‍ കാഡ്മിയത്തിലും വന്യമായി. തണുത്ത് മനോജ്ഞമായ കൊബാള്‍ട്ടിലും കിടന്നുരുളുകയും മഞ്ഞയും ഹരിതവുമായ ആകാശത്തിലൂടെ ക്രിംസണ്‍ തടാകത്തിന്റെ ഉരുകുന്ന രേഖകള്‍ വരയ്ക്കുകയും ചെയ്തു.  ഒരു മണിക്കൂര്‍- അല്ല അതിലും കുറച്ച്- അയാള്‍ കീഴടക്കി'...

 ...ഈര്‍പ്പരഹിതമായ വേനല്‍ ഇവിടെ ചുറ്റിലും ഹരിതത്തില്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. ഇംഗ്ലീഷ് ചുവപ്പിലും കരിഞ്ഞ മഞ്ഞത്തവിട്ടിലും വീണ്ടും അഭയം തേടേണ്ടി വരുമെന്ന് ഞാനാരിക്കലും നിനയ്ക്കുമായിരുന്നില്ല. പിന്നെ സമ്പൂര്‍ണ ഹേമന്തം, കതിരറുത്ത വയലുകള്‍, മുന്തിരിക്കൊയ്ത്ത്, ചോളക്കൊയ്ത്ത്, രക്തവര്‍ണ കാടുകള്‍-മുഴുവന്‍ ഹേമന്തവും കാത്തിരിക്കുകയാണ്. ഓരോ ദിവസവും ഞാനൊരിക്കല്‍ കൂടി അവയിലൂടെയെല്ലാം കടന്നു പോവും...




4
ഒരു കൂട്ടുകാരനുമുണ്ടായിരുന്നു. ഒട്ടും റൊമാന്റിക്കല്ലാത്ത ഒരുവന്‍. പുസ്തകങ്ങള്‍, സംഗീതം, സിനിമ-എല്ലാത്തില്‍നിന്നും പുറം തിരിഞ്ഞു നടക്കുന്നവന്‍. എല്ലാ പ്രണയങ്ങളെയും പുച്ഛിച്ചു കളിയാക്കുന്നവന്‍.  പരുപരുത്തൊരു ശിലാഖണ്ഡം പോലെ ഉറച്ചു പോയവന്‍. 

ആ അവനാണ് നീണ്ട നാളത്തെ ആഗ്രഹങ്ങള്‍ക്കു ശേഷം ഉപരിപഠനത്തിനായി ചെന്നെത്തിയ ലണ്ടനിലെ ഏതോ ഹോട്ടല്‍മുറിയില്‍നിന്ന് ഒരു രാത്രി വിളിച്ചു കരഞ്ഞത്. 'എനിക്കു സൂര്യനെ കാണണം. എനിക്കു വെയിലു കാണണം. വെയിലു കാണാതെയും സൂര്യനെ കാണാതെയും എങ്ങനെയാ ഇത്ര നാള്‍ കഴിയുക. ഞാനങ്ങോട്ട് തിരിച്ചു വരികയാണ്''

സൂര്യനെന്നോ, വെയിലെന്നോ, അത്രയും ചെറിയ കാര്യങ്ങള്‍, അറ്റാച്ച്മെന്റുകള്‍ ഉണ്ടെന്ന് ഒരിക്കലും സമ്മതിച്ചു തരാത്തവനാണ് നഴ്സറി കുട്ടി കരയും പോലെ വിങ്ങിപ്പൊട്ടുന്നത്! 

'നിനക്കെന്താ ഭ്രാന്തായോ? എന്ത് സൂര്യന്‍? എന്ത് വെയില്‍? നീയെന്താക്കെയാ പറയുന്നത്?- അന്തം വിട്ട എന്റെ ചോദ്യത്തിലേക്ക് അവന്‍ വീണ്ടും പറന്നിറങ്ങി, വിഷാദം പുരണ്ട വാക്കുകള്‍  ഉരച്ചുരച്ച്. 

' നീ പറയുന്നത് പോലല്ല. ഇവിടെ എപ്പോഴും മൂടിക്കിടപ്പാണ്. സദാ മഴ. വല്ലപ്പോഴും ഒന്നു സൂര്യനുദിച്ചാലായി. കാത്തു കാത്തിരുന്ന് ഇത്ര ദിവസമായിട്ടും ഇതുവരെ സൂര്യനെ കണ്ടിട്ടില്ല. പുറത്തിറങ്ങിയാല്‍ ഒരു മനുഷ്യനോടു മിണ്ടാന്‍ പറ്റില്ല.  അപോയിന്റ്മെന്റ് എടുക്കണം.  ഒന്നും വേണ്ടായിരുന്നു. ഒന്ന് സൂര്യനെ കണ്ടാല്‍ മതിയായിരുന്നു'- വീണ്ടും അവന്‍ പറഞ്ഞു. 

ആ അവസ്ഥ മനസ്സിലാക്കാനുള്ള ഭൂമിശാസ്ത്ര, വിദേശ ജീവിത പരിജ്ഞാനമില്ലായിരുന്നു. അതിനാല്‍, അവന്റെ കേവല ഉന്‍മാദമായി ഞാനതിനെ വായിച്ചെടുത്ത് ആശ്വസിച്ചു. വിശ്വസിച്ചു. ആ വിശ്വാസങ്ങള്‍ക്കു മീതെ അധികം വൈകാതെ അവന്‍ തിരിച്ചെത്തി. 



വിഷാദത്തിന്റെ ചില മാസങ്ങളുണ്ടായിരുന്നു, പണ്ട്. വൈകാരികമായ ചില ഭൂകമ്പങ്ങളില്‍ കുഴഞ്ഞു മറിഞ്ഞു പോയൊരു കാലത്തിന്റെ ശിഷ്ടം. പേടി സ്വപ്നങ്ങളുടെ ഉറക്കങ്ങളില്‍നിന്ന് ഉണര്‍ന്നെണീക്കുന്നത് വിഷാദം കൊത്തിയ പകലിലേക്കാണ്. ഒന്നിനും തോന്നില്ല. മരവിപ്പും ഇരുട്ടും തണുപ്പും ചേര്‍ന്ന് ബലമായി അടച്ചു കളയും പകലിലേക്കുണര്‍ന്ന  കണ്ണുകളെ. 

ആ ദിവസങ്ങള്‍ അതിജീവിച്ചത് വെറും വെയിലു കൊണ്ടു മാത്രമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. എങ്ങോട്ടെന്നില്ലാത്ത ചില യാത്രകള്‍. കാലത്തെണീറ്റ്, വീട്ടില്‍ നിന്നിറങ്ങി എങ്ങോട്ടേക്കെങ്കിലും ബസ് കയറും. രാവിലത്തെ വെയിലിന്റെ നേരമായിരിക്കും. ഓരോ ഇലയും സൂര്യപ്രകാശത്തില്‍  വെട്ടിത്തിളങ്ങും. മരങ്ങളില്‍ വെയിലും നിഴലും ചേര്‍ന്ന്  ചേതോഹരമായ ചിത്രങ്ങള്‍ വരഞ്ഞിടും. വിചിത്രമായ ചില പച്ച നിറങ്ങള്‍ കണ്ടെത്തിയത് ആ കാലത്തായിരുന്നു. 

ഓരോ ഇടങ്ങളിലും ഓരോ മരങ്ങളിലും സൂര്യസ്പര്‍ശം പലതാണ്. ചില മരങ്ങളില്‍ ഗാഢമായ പച്ചയുടെ കാന്തി. മറ്റു ചിലതില്‍ ഇളം പച്ചയുടെ പല ഷെയ്ഡുകള്‍. നിഴലും വെളിച്ചവും ഇടകലര്‍ന്ന്, സങ്കല്‍പ്പിക്കാനാവാത്ത പച്ചയില്‍ ചില ഇലകളെ കണ്ടെത്താനാവും. പച്ച മാത്രം ഉപയോഗിച്ചു വരഞ്ഞിട്ട പെയിന്റിങ് പോലെ ആ വെയില്‍മരങ്ങള്‍ വിഷാദത്തിന്റെ വേരുകള്‍ അറുത്തുകളയും. മനസ്സില്‍ അസാധാരണമായ സന്തോഷത്തിന്റെ ഇളം കാറ്റുകള്‍  പതിയെ അടിച്ചു തുടങ്ങും. ഒരൊറ്റ യാത്ര കൊണ്ട് ഒരു ദിവസത്തെ വിഷാദം മുഴുവന്‍ എയ്തിടാനാവും.

ആ മാസങ്ങള്‍ കഴിഞ്ഞു. വെയില്‍ വരഞ്ഞിട്ട ആ മരങ്ങളുടെ ഇലത്തഴപ്പുകളില്‍നിന്ന് ജീവിതം പല വഴികളിലേക്ക് ഇളകിത്തെറിച്ചു. തിരക്കുകളും സ്വയം പാകപ്പെടുത്തിയെടുത്ത പ്രയോഗിക ചിന്തകളുമെല്ലാം ചേര്‍ന്ന് ഭാവനയുടെ ശേഷിക്കുന്ന ഓലപ്പഴുതുകളെല്ലാം സൂര്യപകാശം കടക്കാത്ത വിധം അടച്ചു.  

എന്നിട്ടും, ആത്മാവിലേക്ക് ചില പഴുതുകളിലൂടെ ഊര്‍ന്നിറങ്ങുന്നു ചില വെയില്‍ ചിത്രങ്ങള്‍. വെയിലോര്‍മ്മകള്‍.  കത്തുന്ന റോഡിലെന്നോണം ചില സ്ഥലജല വിഭ്രാന്തികള്‍. 

Wednesday, October 26, 2011


ജീവിതസായാഹ്നത്തില്‍ അവരുടെ പൂര്‍ണ വിരാമങ്ങള്‍

എന്തു കൊണ്ടാവും അവര്‍ ആത്മഹത്യ തെരഞ്ഞെടുത്തിട്ടുണ്ടാവുക. എന്തായിരിക്കും അതിനുള്ള കാരണങ്ങള്‍.  കഠിനമായ ആ വിധിയെക്കുറിച്ച്. 


അമ്മുവേടത്തി മരിച്ചു. രണ്ടാഴ്ച മുമ്പ്. വെറും മരണമല്ല ആത്മഹത്യ. 
പ്രായം കുറച്ചുണ്ടായിരുന്നു, അവര്‍ക്ക്. അത്ര കുറച്ചൊന്നുമല്ല, ഏതാണ്ട് 75.  ആത്മഹത്യക്ക് ഒട്ടും അനുയോജ്യമല്ലാത്ത പ്രായം. എന്നിട്ടും അവര്‍ ആത്മഹത്യ ചെയ്തു.  എന്തു കൊണ്ടാവും അതെന്ന് ആരും പറഞ്ഞു തരുന്നില്ല.
പതിവില്ലാത്ത ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെന്ന് അയല്‍വാസികള്‍ ഓര്‍ക്കുന്നു. 
വൈകുന്നേരം പതിവു പോലെ അടുത്തുള്ള വീടുകളില്‍ ചെന്നു. വെറുതെ സംസാരിക്കാനെന്ന മട്ടില്‍. എല്ലാവരെയും കാണാനായിരുന്നു അതെന്ന് പിന്നീട് ആളുകള്‍ തീര്‍ത്തു പറഞ്ഞു. പക്ഷേ, സംസാരത്തിലോ പെരുമാറ്റത്തിലോ പന്തി കേടുണ്ടായിരുന്നില്ല. അയല്‍ വീടുകളില്‍നിന്ന് മടങ്ങിയപ്പോള്‍ സമയം സന്ധ്യ. വീട്ടിലെല്ലാവരും ടി.വിക്കു മുന്നിലാണ്. മുറ്റത്തെ തുളസിത്തറയില്‍ വിളക്കു വെച്ചു. വരാന്തയിലാരിടത്ത് നിലവിളക്കു കൊളുത്തി. നാമം ജപിച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ വിളക്കെടുത്തു വെച്ചു. ഒട്ടും അസാധാരണമല്ലാത്ത വിധം. 
അത്രയും എല്ലാവര്‍ക്കുമറിയാം.  
പിന്നെ എന്താവാം നടന്നിട്ടുണ്ടാവുക എന്ന് എല്ലാവരും ഊഹിക്കുകയാണ്. 
'വിളക്കു വെച്ചു കഴിഞ്ഞ് അമ്മ വിറകു പുരയിലേക്ക് പോവുന്നത് കണ്ടു. അവിടെയായിരുന്നു...' -തണുത്ത സ്വരത്തില്‍ അവരുടെ മൂത്ത മകന്റെ ഭാര്യ പറയുന്നു. 
'പഴയ സാരിയായിരുന്നു. പിരിച്ചു കെട്ടിയായിരുന്നു...'-ഇളയ മകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 
തീര്‍ന്നു. ആ മരണത്തിന്റെ കഥ. 
വിവരമറിഞ്ഞ് നാട്ടില്‍ ചെന്നതായിരുന്നു ഞാന്‍. വീടിന്റെ ഒരു മൂലക്ക് ഇത്തിരി മണ്ണ് പൊങ്ങിക്കിടക്കുന്നത് കണ്ടു. ഇളകിയ മണ്ണിന്റെ അടയാളങ്ങള്‍ അതിനടുത്തെല്ലാം. അപ്പോള്‍, അവിടെയാണ്... 
പിന്തിരിഞ്ഞ് നടന്ന് അവരുടെ പഴയ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ കണ്ടു, ഒറ്റക്കു നില്‍ക്കുന്ന വിറകുപുര. 
അധിക നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. പെട്ടെന്ന് തന്നെ ഇറങ്ങി. തൊട്ടു താഴെയായിരുന്നു എന്റെ വീട്. 




അമ്മുവേടത്തി എന്റെ അയല്‍ക്കാരിയാണ്. ഞങ്ങള്‍ വീടു വാങ്ങി ചെന്ന കാലം മുതല്‍ എല്ലാ സഹായവുമായി കൂടെ ഉണ്ടായിരുന്നു. അമ്മയുടെ ഓരോ കാര്യത്തിനും ആശ്രയമായി. തമാശയും ചിരിയുമായി ഒരു സാധുജന്‍മം. 
കര്‍ഷക കുടുംബമായിരുന്നു. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍, മക്കള്‍ മുതിര്‍ന്നു. അവരും കൃഷി തന്നെയാണ്. വീടും സ്ഥലവും മൂത്ത മകനാണ്. അയാളും കൃഷിക്കാരന്‍. കാര്യമായി വലിയ വരുമാനമൊന്നുമില്ലെങ്കിലും ഉള്ള ഭൂമിയില്‍ അയാള്‍ അധ്വാനിച്ചു കൊണ്ടേയിരുന്നു.  
മറ്റുള്ളതെല്ലാം പെണ്‍മക്കളാണ്. അവരൊക്കെ വെവ്വേറെ ഇടങ്ങളില്‍. സ്വന്തം ജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍ മുങ്ങിയും പൊങ്ങിയും കഴിയുന്നതിനിടക്ക് ഇടക്കൊക്കെ അവര്‍ അമ്മയെ കാണാനെത്താറുണ്ട്. 
അമ്മുവേടത്തിക്ക് അങ്ങനെ പരിഭവമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. ആ വീട്ടിലങ്ങനെ വഴക്കൊന്നും ഉണ്ടാവാറുമില്ല. കുറേ കാലമായി പല നഗരങ്ങളില്‍ മാറിമാറി താമസിക്കുന്നതിനാല്‍ പുതിയ കാര്യങ്ങളൊന്നും എനിക്കറിയുകയുമില്ല. 
എങ്കിലും എന്തോ ഒന്ന് അലട്ടുന്നുണ്ട്. ആ പ്രായത്തില്‍ അവര്‍ എന്തിനു ആത്മഹത്യ ചെയ്യണമെന്ന ചോദ്യം. എന്തു പ്രശ്നമുണ്ടായാലും അതൊക്കെ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളാണ്. ജീവിതത്തിലിപ്പോള്‍ അത്ര ഭാരിച്ച ഉത്തരവാദിത്തമൊന്നുമില്ല. ഒറ്റപ്പെട്ടു എന്നൊന്നും പറയാനും കഴിയില്ല. അയലത്തെ മനുഷ്യരുമായൊക്കെ നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍  ഒറ്റപ്പെട്ടു നില്‍ക്കാനുള്ള സാധ്യതയും കുറവാണ്. എന്നിട്ടും എന്തിനാവും?


മക്കള്‍ക്കൊക്കെ ഭാരമായി എന്ന് തോന്നുന്നുണ്ടാവും. ആരുമറിയാത്ത വല്ല അസുഖവും വന്നിട്ടുണ്ടാവണം. പുറത്തു കാണാത്ത വല്ലതും ആ വീടിനകത്ത് പുകയുന്നുണ്ടാവണം. പ്രത്യേകിച്ച്, ഭൂവിപണിയുടെ ഈ കാലത്ത് അവരുടെ സ്വത്തിനൊക്കെ വില വളരെ കൂടുതലായതിനാല്‍. അങ്ങനെയൊക്കെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

എന്തായാലും അമ്മുവേടത്തി ഇപ്പോഴില്ല എന്നത് വാസ്തവമാണ്. 


പ്രായമുള്ളവരുടെ ആത്മഹത്യ വല്ലാത്തൊരു ചോദ്യ ചിഹ്നമാണ്. ജീവിതത്തിന്റെ ദുരിത കാണ്ഡം മുഴുവന്‍ പൊരുതി നില്‍ക്കുന്നവര്‍ സായം സന്ധ്യയില്‍ സ്വയം വിരാമ ചിഹ്നമാവാന്‍ തീരുമാനിക്കുന്ന അവസ്ഥ. എങ്ങനെയാവും അവര്‍ അതിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാവുക. ഏതേതു ആലോചനകളിലായിരിക്കും കിളി തൂവല്‍ പൊഴിക്കുന്നത്ര ലാഘവത്തോടെ അവര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവുക. മനസ്സിലാവുന്നില്ല. 
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ വീടിനടുത്ത് ഇതേ  പോലൊരമ്മ ആത്മഹത്യ ചെയ്തിരുന്നു. മക്കളും മരുമക്കളുമൊക്കെയായി കഴിയുന്നൊരു കാലത്ത്. വീട്ടില്‍ ആരുമില്ലാത്തൊരു നാള്‍ തീ കൊളുത്തിയായിരുന്നു ആ വിടവാങ്ങല്‍. അന്നും വല്ലാത്ത ഒരാഘാതം എന്നെ ഇളക്കി മറിച്ചിരുന്നു. ജീവിതത്തെക്കുറിച്ചാലോചിച്ച് ഞാനെത്തിയ നിഗമനങ്ങള്‍ മുഴുവന്‍ തട്ടിത്തെറിപ്പിക്കുന്നത്ര ശക്തിയില്‍ ആ ചോദ്യങ്ങള്‍ ഇളക്കി മറിച്ചു. 

പിന്നീടായിരുന്നു പ്രിയപ്പെട്ട സുഹൃത്തിന്റെ അച്ഛന്റെ മരണം. സ്നേഹം കാറ്റു പോലെ സദാ വീശിക്കൊണ്ടിരിക്കുന്ന ഒരു വീടായിരുന്നു അത്. ചെവി അല്‍പ്പം കേള്‍ക്കില്ല എന്നതൊഴിച്ചാല്‍, സന്തോഷവാനായിരുന്നു ആ അച്ഛനും. തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു അദ്ദേഹം. മക്കളൊക്കെ നല്ല നിലയില്‍ എത്തിയപ്പോള്‍ ജോലി നിര്‍ത്തി വെറുതെ വീട്ടില്‍  ഇരിപ്പായി. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമായിരുന്നു ആ ആത്മഹത്യ. തൊട്ടാല്‍ അറ്റുപോവുന്നത്ര മൂര്‍ച്ചയുള്ള ഒരു മടവാളായിരുന്നു ആയുധം. മുറിഞ്ഞ കഴുത്തുമായി കിടക്കുന്ന ആ അച്ഛന്റെ ദൃശ്യം പിന്നീടെത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. 
അന്നും ഉത്തരം കിട്ടിയില്ല. അത്ര ദാരുണമായ ഒരന്ത്യം ഒരിക്കലും അര്‍ഹിച്ചിരുന്നില്ല ആ അച്ഛന്‍. 




പറഞ്ഞു വന്നത് നമ്മുടെ വീടുകളിലെ മുതിര്‍ന്നവരുടെ അവസ്ഥകളാണ്. നമ്മേക്കാള്‍ അരക്ഷിതമാണെന്ന് തോന്നുന്നു അവരുടെ ദിനങ്ങള്‍. പുതിയ ജീവിതാവസ്ഥകളോ ശാരീരിക അവസ്ഥകളോ അവര്‍ക്ക് എളുപ്പം വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നുണ്ടാവില്ല. ഒരു പാടു കാലം കൊണ്ട് പഠിച്ച ജീവിത സത്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് തെളിയിച്ച് ഒറ്റയടിക്ക് തിരിഞ്ഞു നടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഈ ലോകം തങ്ങള്‍ക്ക് പറ്റിയതല്ലെന്ന തീര്‍പ്പ് തന്നെയാവണം. കുടുംബത്തിലെയും വ്യക്തി ജീവിതത്തിലെയുമെല്ലാം ചെറിയ തിരയിളക്കങ്ങള്‍ പോലും അതിജീവിക്കാനാവാതെയാവണം അവര്‍ യാത്ര പറഞ്ഞു പോവുന്നത്. എന്തായാലും അത് ക്രൂരമാണ്. ജീവിതത്തിന്റെ നട്ടുച്ചകളെ ഉജ്വലമായി നേരിട്ട ആ മനുഷ്യരുടെ അവസാന നാളുകള്‍ ഇങ്ങനെ സ്വയംഹത്യ കൊണ്ട് അടയാളപ്പെടുത്തേണ്ടതല്ല.  


ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു കഥ കൂടി പറയാനുണ്ട്. 
മറ്റൊരു സുഹൃത്തിന്റെ അച്ഛനാണ് അതിലെ കഥാപാത്രം. 
ആളൊരു അധ്യാപകനാണ്. വെള്ള ഷര്‍ട്ടും മുണ്ടുമിട്ട് റോഡരിക് ചേര്‍ന്നു നടന്നു പോവുന്ന ഒരു സാധു മനുഷ്യന്‍. 
റിട്ടയര്‍ ചെയ്യുന്നതു വരെ അദ്ദേഹം തമാശക്കു പോലും മദ്യപിച്ചിട്ടേയില്ല. എന്നാല്‍, റിട്ടയര്‍ ചെയ്ത് ആദ്യ ആഴ്ച അങ്ങേര് ആദ്യ കുപ്പി പൊട്ടിച്ചു. പിന്നെ എന്നും. 
പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. എന്നും വൈകുന്നേരം ടൌണിലേക്കുള്ള എളുപ്പ വഴിയിലൂടെ, റോഡരിക് ചേര്‍ന്ന് നടന്ന് സ്ഥലത്തെ മദ്യവില്‍പ്പന ശാലയിലെത്തും. വിലകുറഞ്ഞൊരു മദ്യം ചെറിയ കുപ്പി വാങ്ങി അതേ പോലെ സൌമ്യമായി റോഡരിക് ചേര്‍ന്ന് വീട്ടിലേക്ക് നടക്കും. വീട്ടിലെത്തിയാല്‍ സന്ധ്യാദീപത്തിനു ശേഷം വരാന്തയിലെ മേശപ്പുറത്ത് സ്വയം കഴുകി വൃത്തിയാക്കിയ ഗ്ലാസുമായി ഒറ്റക്കിരിക്കും. മക്കളൊക്കെ വിദേശത്തായതിനാല്‍ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഇടക്ക് അവരും അടുത്തു ചെന്നിരിക്കും. ശാന്തമായി മദ്യപിച്ച് ഇത്തിരി സംസാരത്തിനു ശേഷം ആ മനുഷ്യന്‍ ഉറങ്ങാന്‍ ചെല്ലും. പിറ്റേന്ന് വൈകിട്ടാവുന്നത് വരെ മദ്യത്തെക്കുറിച്ച് അദ്ദേഹം ആലോചിക്കാനേ ഇടയില്ലെന്ന്   ഇക്കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ച് അദ്ദേഹത്തിന്റെ മകന്‍, എന്റെ ചങ്ങാതി, കൂട്ടിച്ചേര്‍ക്കുന്നു. 

ഒരു പക്ഷേ, ആ ജീവിതത്തിന്റെ ഷോക്ക് അബ്സോര്‍ബറായിരിക്കണം വൈകിട്ടത്തെ ആ ഇത്തിരി നടത്തവും വൈകിയെത്തിയ ആ ശീലവും.  തീരെ നിസ്സംഗമായി, എനിക്കിപ്പോള്‍ അങ്ങനെ തന്നെയാണ് തോന്നുന്നത്.  

LinkWithin

Related Posts Plugin for WordPress, Blogger...