Sunday, August 7, 2011

ഇഴമുറിഞ്ഞ പാട്ടുപോലെ ഒരുവള്‍

ഏറെ കാലത്തിനു ശേഷം കണ്ട കൂട്ടുകാരിയെക്കുറിച്ച്. ഒരു മനോഹരഗാനം പാതി വഴിയില്‍ നിര്‍ത്തി അവളിറങ്ങിപ്പോയ നിശ്ശബ്ദതയെക്കുറിച്ച്. ജീവിതത്തില്‍നിന്ന് ഒരേട്.


യുവജനോല്‍സവങ്ങളില്‍ മൈക്കിനു മുന്നില്‍ അറ്റന്‍ഷനായി നിന്ന്  കുട്ടികള്‍   പാടുന്നത് കാണുമ്പോള്‍ എനിക്കവളെ  ഓര്‍മ്മ വരും.  പാട്ടു പോലെ സുതാര്യമായ ഓര്‍മ്മ. അവിടെ തൂവെള്ള പിന്‍കര്‍ട്ടനു മുന്നില്‍ വെള്ളയും കരി നീലയും നിറമുള്ള യൂനിഫോമില്‍ അവള്‍. വലിയ ചുവന്ന അക്ഷരത്തില്‍ നമ്പറെഴുതിയ വെള്ളക്കടലാസ് തുണ്ട്  ഉടുപ്പില്‍. സദസ്സിലേക്ക് ചിരിയുതിര്‍ത്ത് അവളുടെ ഗാനം.  കൈയടികള്‍ക്കു മധ്യേ വേദിയില്‍ കയറി ചെന്ന് സമ്മാനങ്ങള്‍ വാങ്ങുന്ന അവളുടെ കൂസലില്ലായ്മ.
ഞാനുമന്ന് കുട്ടിയായിരുന്നു. അതേ പ്രായം. സഹപാഠി.  എന്നാല്‍, അവിടെ തീര്‍ന്നു സാമ്യം.
അവള്‍ക്ക് സ്റ്റേജില്‍ കയറാന്‍ ഭയമില്ല. എനിക്കാണെങ്കില്‍ അതു മാത്രം. പാടാനോ, പറയാനോ, മോണോ ആക്റ്റ് അവതരിപ്പിക്കാനോ നാടകത്തില്‍ അഭിനയിക്കാനോ അവളെപ്പോഴും തയ്യാര്‍. കൊന്നാലും എന്നെയതിന് കിട്ടില്ലെന്ന് ഞാന്‍. അങ്ങനെ കടലും കരയും പോലെ. 
 ഏതെങ്കിലും മൂലയിരുന്ന് വായിക്കുക.ദിവാസ്വപ്നങ്ങളില്‍ മുഴുകുക. ഇതു മാത്രമായിരുന്നു എന്റെ ലോകം. എന്നാല്‍, യുവജനോല്‍സവങ്ങള്‍ക്ക് മുടങ്ങാതെ പോവും. പങ്കെടുക്കാനല്ല,  കാണാന്‍, കേള്‍ക്കാന്‍. എനെപ്പോലെ ഒരു പാടു കുട്ടികളുണ്ടയിരുന്നു. നിശബ്ദരായി സദസ്സിലിരിക്കുന്നവര്‍.


വായാടിയുടെ കലപില
നിശãബ്ദമായ അത്തരം ഓര്‍മ്മകളില്‍ ഒരു വായാടിയുടെ കലപിലയായിരുന്നു അവള്‍. സദാ ചിരിച്ചും കളി പറഞ്ഞും അവള്‍. സാറില്ലാത്ത നേരങ്ങളില്‍ ബഹളം ശമിപ്പിക്കാന്‍ നിര്‍ബന്ധിതാവസ്ഥയില്‍  ക്ലാസുകളില്‍ നടക്കുന്ന സാഹിത്യ സമാജം എന്ന പരിപാടികളിലെല്ലാം അവളുടെ പാട്ടുണ്ടാവും. മറ്റാരും പാടാനില്ലാത്തതിനാല്‍ ഏതാണ്ട് അവള്‍ തന്നെ പാടി തീര്‍ക്കേണ്ടി വരും, ഒരു മണിക്കൂര്‍.
യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ അഭിനയത്തിലേക്ക് വീണു.  ഏതോ രാജസദസ്സിലെ ഗായികയുടെ വേഷമായിരുന്നു നാടകത്തില്‍ അവള്‍ക്ക്. താഴ്ന്ന ജാതിയില്‍ പെട്ട ഗായിക.  കുട്ടികള്‍ക്ക് മാത്രം ഗൌരവമായി തോന്നുന്ന എന്തൊക്കെയോ പ്രശ്നങ്ങളായിരുന്നു ആ നാടകത്തിന്റെ വിഷയമെന്നാണ്  ഓര്‍മ്മ.  നാടകത്തിന്റെ അവസാന ഭാഗത്ത് ചാട്ടവാറടിയേറ്റിട്ടും പാടുന്ന അവളായിരുന്നു.
ഹൈസ്കൂളിലും ഞങ്ങള്‍ ഒരേ ക്ലാസില്‍.  പഠനത്തിലും മറ്റു പരിപാടികളിലും അവള്‍ പഴയ പോലെ ഊര്‍ജസ്വല.  ഞാനന്ന് അക്ഷരാര്‍ഥത്തില്‍ ഒരു ലൈബ്രറി കുട്ടി. പുസ്തകങ്ങളില്‍ ചുവടു തെറ്റി വീണ അവസ്ഥ. വായന ഗൌരവമായതോടെ ലൈബ്രറിയില്‍ അടുക്കി വെച്ച പ്രധാനപ്പെട്ട ഓരോ പുസ്തകങ്ങളും വെല്ലുവിളി യായി വളര്‍ന്നു കൊണ്ടിരുന്നു. എന്നെ വായിക്കൂ എന്നെ വായിക്കൂ എന്ന അവയുടെ വിലാപം കേട്ടുകേട്ട്  രാത്രി പാഠ പുസ്തത്തിനടിയില്‍ അവ ഒളിപ്പിച്ചു വായിക്കാന്‍ ശ്രമിക്കും. ചില ദിവസങ്ങളില്‍  അനിയത്തിയുടെ  തന്ത്രപൂര്‍വമായ ശ്രമങ്ങളില്‍ പിടിക്കപ്പെടുമെങ്കിലും.


 പ്രണയത്തിന്റെ സാക്ഷിമൊഴി
ഹൈസ്കൂള്‍ കാലത്തായിരുന്നു അവളുടെ പ്രണയം. ഞാനതിന് സാക്ഷിയായിരുന്നു. അയല്‍നാട്ടുകാരനായ എന്റെ കൂട്ടുകാരനായിരുന്നു അവളുടെ  രാജകുമാരന്‍. അത്ര ചെറുപ്പത്തിലും  അവര്‍ വളരെ ഗൌരവമായാണ് പ്രണയിച്ചിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. എന്റെ ക്ലാസിലാണ് അവളെന്നതിനാല്‍ ഞാനായിരുന്നു സന്ദേശ വാഹകന്‍.  കെട്ടു കണക്കിന് പ്രണയ ലേഖനങ്ങളാണ് എന്റെ കൈയിലൂടെ പോയത്. ഇത്രയേറെ എഴുതാന്‍ എന്താണ് ഇവര്‍ക്കെന്ന് എനിക്കൊരു പിടിയും അന്ന് കിട്ടിയിരുന്നില്ല.
എസ്.എസ്.എല്‍.സി പരീക്ഷ അടുത്ത സമയത്താണ് അവളുടെ പ്രണയകഥ പാട്ടായത്. അതെങ്ങിനെയോ അവളുടെ വീട്ടിലുമെത്തി. കാമുകനെ തല്ലിയിട്ടു തന്നെ കാര്യമെന്ന മട്ടിലായി അവളുടെ സഹോദരന്‍മാര്‍. അവന്‍ ഞങ്ങളുടെ നാട്ടുകാരനല്ല എന്നത് അവരുടെ വീര്യം കൂട്ടി.
അവനെ രക്ഷിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ഞാനും കൂട്ടുകാരും സദാ അവന്റെ കൂടെ നിന്നു. അവനെ തല്ലരുതെന്ന് അവരോടു പറഞ്ഞു. അവനെ എന്നും കൂട്ടുനിന്നു ബസ് കയറ്റി. എല്ലാ പ്രണയകഥകളിലെയും പോലെ ഇടവഴിയില്‍ കാണുമ്പോഴൊക്കെ അവളെ സമാശ്വസിപ്പിച്ചു.
അങ്ങനെ പരീക്ഷ. അതു കഴിഞ്ഞുള്ള വെക്കേഷനില്‍ അവന്‍ പലവട്ടം എന്റെ വീട്ടില്‍ വന്നു. അവളെ കാണാന്‍.  തന്ത്ര പൂര്‍വം അവസരങ്ങളുണ്ടാക്കി, സാഹസികമായി ഞങ്ങള്‍ അത് നടത്തി. ഇടക്ക് ചില അപകടങ്ങള്‍ തൊട്ടു മുന്നിലെത്തി. അപ്പോഴൊക്കെ രക്ഷപ്പെട്ടു.


ജീവിതത്തിന്റെ പരീക്ഷാഫലം
റിസല്‍റ്റ് വന്നപ്പോള്‍ അവള്‍ക്ക് മാര്‍ക്ക് കുറവ്. അവനടക്കം ഞങ്ങള്‍ക്കെല്ലാം തരക്കേടില്ലാത്ത മാര്‍ക്ക്. കുറച്ചു ദൂരെയുള്ള കോളജിലായിരുന്നു പ്രീഡിഗ്രി.  അവള്‍ വീടിനടുത്തുള്ള ഒരു സ്കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്നു. അവനവളെ കാണാന്‍ പല വട്ടം അവിടെ പോവാറുണ്ടായിരുന്നു.  ഇടക്കെപ്പോഴോ അറിഞ്ഞു, അവളുടെ വിവാഹം ഉറപ്പിച്ചെന്ന്.  ആകെ ഞെട്ടലോടെ അവനെ ചെന്നു കണ്ടപ്പോള്‍  ഞങ്ങള്‍ തമ്മിലിനി ചേര്‍ന്നു പോവില്ലെന്നും എന്നും വഴക്കാണെന്നുമായിരുന്നു മറുപടി. എന്താണ് കാരണമെന്ന് അവന്‍ പറഞ്ഞില്ല. പിന്നീട് കണ്ടപ്പോള്‍ അവളും അവന്‍ പറഞ്ഞത് ആവര്‍ത്തിച്ചു. ഇത്ര ചെറിയ പ്രായത്തില്‍ അവരെങ്ങിനെ അങ്ങനെയൊക്കെ പറഞ്ഞെന്ന്  ഇപ്പോള്‍ ഞാന്‍ അന്തം വിടുന്നു.
പിന്നെ അവളുടെ വിവാഹമായിരുന്നു. ഗള്‍ഫിലായിരുന്നു അയാള്‍. ഞങ്ങളുടെ നാട്ടില്‍നിന്ന് കുറച്ചകലെ. അതോടെ അവളെ കാണാതായി. പഠനത്തിന്റെയും ജീവിതത്തിന്റെ തിരക്കുകള്‍ വൈകാതെ ഞങ്ങളെ വിഴുങ്ങി. ഒരിക്കല്‍ ധരിച്ചു കഴിഞ്ഞാല്‍ ഊരിയിടാനാവാത്ത തിരക്കിന്റെ ഉടുപ്പുകള്‍ ജീവിതത്തിന്റെ ഭാഗമായി.



കണ്ണുകളില്‍ ഒരു ഖനി
അവളെ വീണ്ടും ഓര്‍മ്മിപ്പിച്ചത്  യുവജനോല്‍സവമല്ല. ഒരു വിവാഹമാണ്. നാട്ടിലെ ഉറ്റബന്ധുവിന്റെ മകളുടെ വിവാഹം. അതിനു പോയപ്പോള്‍ അപ്രതീക്ഷിതമായി അവള്‍ മുന്നിലെത്തി.
 വിവാഹ വീടിന്റെ അന്തമില്ലാത്ത തിരക്കുകള്‍ക്കിടയിലാണ് അവളെ കണ്ടത്. ആദ്യമെനിക്ക് മനസ്സിലായില്ല. അവള്‍ക്കെന്നെയും. അവളുടെ ഒപ്പം അമ്മയുണ്ടായിരുന്നു. അവര്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവള്‍ ചിരിച്ചു. വിളറി വെളുത്ത് ദുര്‍ബലമായൊരു ചിരി.
അവളാകെ മാറിയിരുന്നു. ശരീരം മെലിഞ്ഞുണങ്ങി. ശോഷിച്ച കൈകളിലൂടെ വളകള്‍ സ്വൈര്യ സഞ്ചാരം നടത്തി. സന്തോഷവും സൌന്ദര്യവും ചേര്‍ന്ന് തിളക്കം വര്‍ധിപ്പിച്ച ആ മുഖം  തീരെ ഒട്ടിയിരുന്നു. കണ്ണുകളുടെ താഴെ വല്ലാത്ത കരുവാളിപ്പ്.  വേദന ഖനീഭവിച്ച നോട്ടം ആത്മാവിലേക്ക് ചെന്നു കയറുന്നു.
ഞാനും ചിരിച്ചു.  ചുറ്റും തിരക്കിന്റെ കുത്തൊഴുക്കായിരുന്നു. ആളുകള്‍ ഒന്നിനു പിറകെ ഒന്നായി പന്തലിലേക്ക് ഒഴുകുന്നു. വരനും സംഘവും ഇപ്പോള്‍ വന്നിട്ടേയുള്ളൂ.  അതിന്റെ തിരക്കായിരിക്കും.
ഇപ്പോഴെവിടെയാ, അവള്‍ ചോദിച്ചു. ഏതോ ഗുഹാമുഖത്തുനിന്നു വരുന്നതു പോലുണ്ടായിരുന്നു ആ സ്വരം.  പുല്ലാങ്കുഴല്‍ നാദം പോലൊരു സ്വരം ഇത്ര ചെറിയ കാലയളവിനുള്ളില്‍ എങ്ങനെ ഇത്ര പരുക്കനായെന്ന് ആശ്ചര്യം തോന്നി.  അത്ര  അപരിചിതമായിരുന്നു അത്.
'നാട്ടിലില്ല. കുറച്ചു ദൂരത്താണ്'^ ഞാന്‍ പറഞ്ഞു.
അവളുടെ മനസ്സ് പിന്നെയും ചോദ്യങ്ങളിലേക്ക് തുറക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍, അവയൊന്നും വാക്കുകളായി പുറത്തുവന്നില്ല.  ശരീരമാകെ തളര്‍ന്നുപോയൊരു  മാറാരോഗിയെപ്പോലെ പൊടുന്നനെ അവളെന്റെ മുഖത്തേക്ക് നോക്കിനിന്നു. എന്തു പറയണമെന്നറിയാതെ ഞാന്‍ തപ്പിത്തടയുന്നതിനിടെ അമ്മ മൌനം ഭേദിച്ചു.
തിരക്ക് കഴിഞ്ഞ് വീട്ടിലേക്കു വാ. ഇവളവിടെയുണ്ടാവും -അമ്മ പറഞ്ഞു.
ഞാന്‍ തല കുലുക്കി. ചെറിയ കുട്ടികളെ കൊണ്ടുപോവുന്നത് പോലെ അമ്മ അവളുടെ കൈ പിടിച്ച്  ഗേറ്റിനടുത്തേക്കു നടക്കുന്നത് കണ്ടപ്പോള്‍ ഉള്ളു പിടയുന്നതറിഞ്ഞു. . .


കഥയുടെ ആവര്‍ത്തനങ്ങള്‍
എന്തായിരിക്കും അവള്‍ക്ക് സംഭവിച്ചത്?
മുന്നിലപ്പോള്‍ പല സാധ്യതകള്‍ തെളിഞ്ഞു. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.  വിഷാദരോഗം. കൊടിയ ദുരിതങ്ങള്‍ തിരകളില്‍ ഒളിപ്പിച്ച മറ്റ് കടലുകള്‍.   മയിലിനെ പോലെ നൃത്തം ചെയ്ത വാക്കുകളെ, സ്വപ്നങ്ങളെ  ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍  ശ്വാസം മുട്ടിച്ചു കൊന്ന കഥയുടെ  അതേ ആവര്‍ത്തനങ്ങള്‍.  ആളും സന്ദര്‍ഭവും മാറുമ്പോഴും കഥകള്‍  മിക്കപ്പോഴും ഒന്നു തന്നെയാവും.

 കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ ഫ്രീയായി. അവളുടെ വീട് അടുത്തായിരുന്നു. വേണമെങ്കില്‍ പോയി വരാം.
അവിടെ ചെന്നാല്‍, ആ ദുരന്തത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞേക്കും. അവളുടെ പാട്ട് ഊതിക്കെടുത്തിയ കൊടുങ്കാററുകളുടെ വിവരങ്ങള്‍.  ജീവിതത്തിന്റെ ഓരത്തേക്ക് അവളെ അഭയാര്‍ഥിയായി വലിച്ചെറിഞ്ഞത് ആരെന്ന വിശദീകരണങ്ങള്‍. എല്ലാറ്റിനുമൊടുവില്‍ അവളുടെ ഒച്ച വറ്റിയെന്ന  തിരിച്ചറിവുകള്‍.
പോവണോ, വേണ്ടയോ?
സംഘര്‍ഷം മുറുകിയപ്പോള്‍ ഒടുക്കം തീരുമാനമായി. പോവണ്ട.
വാനമ്പാടിയെ പോലെ പാടുന്ന, ചുറ്റുവട്ടങ്ങളില്‍ സന്തോഷം പ്രസരിപ്പിക്കുന്ന ഒരാളായി അവള്‍ മനസ്സിലുണ്ട്. യാഥാര്‍ഥ്യം എത്ര അകലെയെങ്കിലും ആ ഇടം അങ്ങിനെ തുടരട്ടെ. കണ്ണീര് മാറ്റി വരച്ച ഒരു ജീവിതമായി അവള്‍ ഓര്‍മ്മയില്‍ നിറയേണ്ടെന്ന് തന്നെ വാശി പിടിച്ചു, മനസ്സ് .
തിരിച്ചു വരുമ്പോള്‍  നല്ല മഴയായിരുന്നു. മഴയുടെ താളം മുറിച്ചു  ഇടക്കിടെ  ഇരച്ചു കയറി വന്നു, കാതടപ്പിക്കുന്ന  ഇടിനാദം. എന്നിട്ടും കാത് കൂര്‍പ്പിച്ചപ്പോഴെല്ലാം കേട്ടു,  ഒച്ചയില്ലാത്ത  വിലാപത്തിന്റെ ഈണങ്ങള്‍. 


30 comments:

  1. തിരിച്ചു വരുമ്പോള്‍ നല്ല മഴയായിരുന്നു. മഴയുടെ താളം മുറിച്ചു ഇടക്കിടെ ഇരച്ചു കയറി വന്നു, കാതടപ്പിക്കുന്ന ഇടിനാദം. എന്നിട്ടും കാത് കൂര്‍പ്പിച്ചപ്പോഴെല്ലാം കേട്ടു, ഒച്ചയില്ലാത്ത വിലാപത്തിന്റെ ഈണങ്ങള്‍.

    ReplyDelete
  2. ee dinathil pazhaya koottukariye kandumuttiya anubhavam manoharamaayi ezhuthi !

    ReplyDelete
  3. എന്തായിരിക്കും അവള്‍ക്ക് സംഭവിച്ചത്???

    ReplyDelete
  4. pakshe verutheyenkilum avaleyonnu kandu aaswasippikkamayirunnu....ee divasathile kadhayil...aarumillathappozhanu sauhradathinte ardham manasilavuka.............

    ReplyDelete
  5. തന്റെ സന്തോഷം മാത്രം കണ്ടവരോട് ദുഃഖം പങ്കു വയ്ക്കാൻ അവൾക്കും ഇഷ്ടമുണ്ടാകണമെന്നില്ല. ‘ഈ അവസ്ഥയിലായല്ലോ’ എന്ന സഹതാപം അവളും ഇഷ്ടപ്പെടുന്നുണ്ടാവില്ല. പക്ഷെ,നല്ല സൌഹൃദം അവൾക്കു ആശ്വാസമായെനെ.നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
  6. താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും പോകുമായിരുന്നില്ല.

    ReplyDelete
  7. വായിച്ചു. എഴുത്ത് നല്ലത്

    പോവാതിരുന്നത് തെറ്റായിപ്പോയി. താങ്കളിലൂടെ എന്തെങ്കിലും ആശ്വാസം അവര്‍ക്കു ലഭിക്കുമായിരുന്നു എന്നെനിക്ക് തോന്നുന്നു.
    അതില്ലാതാക്കരുതായിരുന്നു.
    സങ്കടങ്ങളെ കേള്‍ക്കാനുള്ള വൈമനസ്യം പാടില്ലായിരുന്നു.. കഷ്ട്ടമായി....

    എന്തായാലും പോകാമായിരുന്നു...

    ReplyDelete
  8. മഴയുടെ താളം മുറിച്ചു ഇടക്കിടെ ഇരച്ചു കയറി വന്നു, കാതടപ്പിക്കുന്ന ഇടിനാദം. എന്നിട്ടും കാത് കൂര്‍പ്പിച്ചപ്പോഴെല്ലാം കേട്ടു, ഒച്ചയില്ലാത്ത വിലാപത്തിന്റെ ഈണങ്ങള്‍. ..poyirunnenkil orupakshe oru mattam vannene.. touching style ..congrats

    ReplyDelete
  9. "സൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍ മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു" എന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയ താങ്കളാണോ,പഴയ സൗഹൃദം ഇപ്പോഴും നെഞ്ചിലെറ്റി ഒരു പഴയ ഒരു കൂട്ടുകാരിയെ പറ്റി ഇത്രയും, വാചാലയായി, ഹൃദയത്തെ തൊട്ടു എഴുതിയത്!!

    ReplyDelete
  10. ചിത്രശലഭങ്ങളെപ്പോലെ പാറിനടന്നിരുന്ന പെൺകുട്ടികൾ ജീവിതമദ്ധ്യാഹ്നമാകുമ്പോഴേക്കും ആകെ ശോഭയറ്റു പോകുന്നത് ധാരാളം കണ്ടിട്ടുണ്ട്. മനസ്സിൽ നോവു പടർത്തും വിധം പറഞ്ഞു പഴയ ചങ്ങാതിയുടെ പരിണാമം.

    ReplyDelete
  11. ഒരുപാടുനാള്‍ സന്ദേശവാഹകനായി സഹായിക്കുകയൊക്കെ ചെയ്തിട്ട്, അവസാനം ആ കുട്ടിക്കെന്ത് പറ്റീന്ന് എന്ത് കൊണ്ട് കൊണ്ട് പോയി അന്വഷിച്ചില്ല?
    ഇനിയും പോകാമല്ലോ..

    ReplyDelete
  12. കാറ്റാകും വിധിയുടെ ഇല അനക്കങ്ങളില്‍ ആഴകയത്തിലേക്ക് എടുത്ത് എറിയപ്പെട്ട് ദിക്കറിയാതെ സംഭ്രമിച്ചു പോകുന്ന ഒരു കുഞ്ഞുറുമ്പ് തന്‍റെ അതിജീവനത്തിന്‍റെ സ്വപ്നങ്ങളില്‍ "ഇല വെറുതെ" ഒരു കച്ചിതുരുമ്പായിട്ടായിരിക്കില്ല കണ്ടത്പ്രതീക്ഷ നഷ്ട്ടപെട്ട ...തളര്‍ന്ന ജീവിതയാത്രയില്‍ താങ്ങുംതണലും നല്‍കാന്‍ കഴിയുന്ന വടവൃക്ഷമായിട്ടാകും.(ഇലകള്‍ പോഴിയുമ്പോഴേ നാം ഉണരണം...കടപുഴകിയിട്ടല്ല.കാലവുംമഴയുംആരെയും കാത്തിരിക്കില്ല.)

    ReplyDelete
  13. ഒച്ചയില്ലാത്ത വിലാപത്തിന്റെ ഈണങ്ങള്‍

    ReplyDelete
  14. വളരെ നന്നായി എഴുതി. ഉള്ളിലേക്കു ആ നോവു ശരിയായ അളവില്‍ പകരുന്നുണ്ട് എഴുത്ത്.
    പോകാമായിരുന്നു എന്നതോ പോകാതിരുന്നതോ ഏതാണു ശരി എന്നറിയില്ല..
    ‘പലയിടങ്ങളില്‍ ചെന്നടിഞ്ഞു കൊഴിഞ്ഞു വീഴുന്നു പൂങ്കുലകള്‍’

    ReplyDelete
  15. പോകാമായിരുന്നു, വെറുതെ, ഒരില ചലിക്കുന്ന ലാഘവത്തോടെ,ഒച്ചയില്ലാത്ത വിലാപത്തിന്റെ ഈണങ്ങള്‍ കേള്‍ക്കാന്‍....

    ReplyDelete
  16. സങ്കടായല്ലോ... "തിരക്ക് കഴിഞ്ഞ് വീട്ടിലേക്കു വാ. ഇവളവിടെയുണ്ടാവും" എന്നു ആ അമ്മ പറഞ്ഞെങ്കില്‍ , അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടാവില്ലേ ! പോയി ആ കുട്ടിക്ക് പറയാന്‍ ഉള്ളത് കേള്‍ക്കാമായിരുന്നു... ഒരുപക്ഷെ പഴയ കൂട്ടുകാരുടെ സാമീപ്യം അവള്‍ ആഗ്രഹിക്കുന്നുണ്ടാവാം...

    ReplyDelete
  17. ആ കുട്ടിക്ക് എന്തായിരിക്കും സംഭവിച്ചത്. ഒന്ന് പോകാമായിരുന്നു, ഒരു പക്ഷെ അവര്‍ക്കതൊരു ആശ്വാസമായേനെ.
    മനസ്സിന്റെ വിങ്ങല്‍ വരികളിലും വായിക്കാന്‍ കഴിഞ്ഞു.

    ReplyDelete
  18. മുക്കാല്‍ ഭാഗവും വായിച്ചപ്പോള്‍ മടുപ്പ് തോന്നി , പഴയ പല്ലവി തന്നെ ഒരു പാടു വായിച്ചത്, ഒരുപാട് കണ്ടത് . എന്നാല്‍ അവസാന ഭാഗം വായിച്ചപ്പോള്‍ തൃപ്തിയായി . ഒരു മാറ്റം. പോകാ‍ം അവിടെ എന്തു സംഭവിച്ചു എന്നുള്ള ആകാംക്ഷകണ്ണില്‍ നിറച്ച് , ഓരൊ ദുരന്തക്ക്ങള്‍ കേള്‍ക്കുമ്പോളെക്കും ചുണ്ട് വക്രിച്ച് നെറ്റിയില്‍ വരകള്‍ വീഴ്ത്തി കേട്ടിരിക്കാന്‍ ആണെങ്കില്‍ വേണ്ട. ഒരു സുഹൃത്തില്‍ നിന്നവള്‍ അത് പ്രതീക്ഷിക്കുന്നുണ്ടാവില്ല. അതിനാല്‍ എന്തും കേള്‍ക്കാന്‍ ഉള്ള മനസാനിധ്യം ലഭിക്കുമ്പോള്‍, പഴയ ഊര്‍ജ്ജത്തിന്റെ ഒരംശം എങ്കിലും തിരിച്ചു കൊടുകാം എന്നുറപ്പുവരുമ്പോള്‍ അതിനുള്ള മനസാനിധ്യം നേടുമ്പോള്‍ മാത്രം................

    ReplyDelete
  19. ചില നല്ല കാര്യങ്ങളും ഓര്‍മകളും ചിന്നാതെ തന്നെ ഓര്‍ക്കുന്നതാണു നല്ലത്..ആ പഴയ വാനമ്പാടിയുടെ ഈണം അങ്ങനെ തന്നെ അന്തരീക്ഷത്തില്‍ അലയടിക്കട്ടെ...മനസ്സില്‍ ചെറിയ നൊമ്പരമുണര്‍ ത്തി ഈ ശോകരാഗം ..

    ReplyDelete
  20. ഒന്ന് പോകായിരുന്നില്ലേ?

    ReplyDelete
  21. ഒരു വിഷമം വരുമ്പോള്‍ ആശ്വാസമായി കൂടെ ഉണ്ടാവേണ്ടാവനല്ലേ യഥാര്‍ത്ഥ സുഹൃത്ത് ?.. എന്തായാലും പോകണം... പറയുന്നത് കേള്‍ക്കണം...

    ReplyDelete
  22. എല്ലാ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
    അവളെ കാണാന്‍ പോവാത്തതിനെ കുറിച്ച് ഏറെ അഭിപ്രായങ്ങളുണ്ടായി. അവ അങ്ങേയറ്റം വിലമതിക്കുന്നു. ഒപ്പം എന്റെ വ്യക്തിപരമായ അഭിപ്രായം കൂടി പങ്കുവെക്കുന്നു.
    പോവണമെന്നു തന്നെയായിരുന്നു എനിക്കും. പോവാനുറച്ചതുമാണ്. എന്നിട്ടും പോവാതിരുന്നത് അവള്‍ എത്തിപ്പെട്ട അവസ്ഥ എന്തെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു എന്നതിനാലാണ്.
    എന്റെ സാന്നിധ്യമോ, സംസാരമോ ഒന്നും ആശ്വ്വാസമേകുന അവസ്ഥയിലായിരുന്നില്ല അവള്‍. കടുത്ത വിഷാദ രോഗം. ഒപ്പം, ഉറക്കുഗുളികകള്‍ നല്‍കുന്ന അഗാധ നിദ്ര. അവളുടെ കണ്ണിനു താഴെയുള്ള കാളിമ അതു വിളിച്ചു പറയുന്നുണ്ടായിരുന്നു. അവള്‍ക്ക് ഒന്നും പറയാനാവുമായിരുന്നില്ല. പറയാനാവുന്നത് അവളുടെ അമ്മക്കായിരുന്നു. എന്നെ കാണുമ്പോള്‍ പഴയ അവളെ തന്നെ അവര്‍ക്കോര്‍മ്മ വരും. എനിക്ക് ശമിപ്പിക്കാനാവാത്ത കരച്ചില്‍ കൊണ്ട് അവര്‍ സ്വയം പഴിക്കുന്നത് കാണേണ്ടി വരും. അതെല്ലാം കണ്ട് മിണ്ടാതിരിക്കുന്ന അവളെയും. അതിനുള്ള മാനസികാവസ്ഥയില്ലായിരുന്നു അന്ന്.
    അവളുടെ അവസ്ഥയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുന്ന അവസ്ഥ അല്ലായിരുന്നു അപ്പോള്‍. ഇപ്പോള്‍ അവളുടെ കാര്യം അന്വേഷിക്കുമ്പോള്‍ അക്കാര്യം എനിക്ക് വീണ്ടും ബോധ്യമാവുന്നു.

    ReplyDelete
  23. ഇതു ഒരു ക്ലാസ്മ്യ്റ്റു മാത്രം അല്ല്ലല്ലൊ. ഒരു സുഹ്രത്തു കൂടി ആയിരുന്നില്ലെ .ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ ഒരു സുഹ്രത്തിനു കഴിഞാൽ അതിലും വലിയ കാര്യം ഉണ്ടൊ ?ഒന്നും വേണ്ടാ , എല്ലാം നിശ്ബ്ദമായി കേൾക്കാൻ ഒരാൾ. ഇപ്പോൾ നടക്കുന്ന എത്ര ആത്മഹത്യകൾ ഒരു സുഹ്രതു കേൾക്കൻ ഉണ്ടെങ്കിൽ ഒഴിവാക്കാൻ സാധിക്കും .But no one has time & mind to listen. Just listen to her, she will back to life, I think so . The person who has this much active & react in social matters , dont have any resposibility to a friend ?
    with due respect , i disgree with you .

    ReplyDelete
  24. കേള്‍ക്കുന്നതാണൊ കേള്‍ക്കാത്തതാണോ ശരിയെന്ന് ആര്‍ക്കു പറയാന്‍ കഴിയും ? എങ്കിലും മനസ്സിലെ പ്രതിബിംബം മാറിപ്പോയതുകൊണ്ട് , പഴയതിനിയും പാടുമോ? ജീവിതത്തിന്റെ നോവിക്കുന്ന അസ്ഥിരതകള്‍. എഴുത്ത് നന്നായി

    ReplyDelete
  25. ഹൃദയസ്പര്‍ശിയായ എഴുത്തിലൂടെ താങ്കളുടെ നൊമ്പരം വായനക്കാരുടേത് കൂടിയായ് മാറ്റി.. കൂട്ടുകാരിയ്ക്ക് ജീവിതത്തിലേക്കൊരു തിരിച്ചുവരവ് സാധ്യമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

    ReplyDelete
  26. കാലത്തിന്റെ കുത്തൊഴുക്കിൽ കട പുഴകി വീണു പോകുന്ന ജീവിതങ്ങൾ..കാണാൻ പോകേണ്ടിയിരുന്നോ...???

    ReplyDelete
  27. പോയിരുന്നെങ്കിൽ ഈ പോസ്റ്റ് എന്തായാലും ഇങ്ങനെ ആവില്ലാരുന്നല്ലെ ?

    ReplyDelete
  28. അവിടെവരെ പോകാമായിരുന്നു, ഏതെങ്കിലും തരത്തില്‍ സഹായിക്കാന്‍ കഴിയുമോ എന്നു തിരക്കാമായിരുന്നു. ചുരുങ്ങിയ പക്ഷം സൈക്യാട്രിസ്റ്റില്‍ നിന്നു സൈക്കോളജസ്റ്റിലേക്കെങ്കിലും മാറ്റാന്‍ കഴിയുമോ എന്നു ശ്രമിക്കാമായിരുന്നു. കുറ്റപ്പെടുത്തിയതല്ല, ഞാനായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് എനിക്കു കിട്ടിയ ഉത്തരം എഴുതിയതേയുള്ളു.
    എഴുത്ത് ഗംഭീരം.ഊരിയിടാനാവാത്ത തിരക്കിന്റെ ഉടുപ്പുകള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ കൊള്ളാം.

    ReplyDelete
  29. രണ്ട് മൂന്നു പോസ്റ്റുകള്‍ വായിച്ചു. വ്യത്യസ്തമായ ബ്ലോഗ്‌. എല്ലാം മനസ്സില്‍ കൊള്ളുന്നു. ഇനിയും വായിക്കട്ടെ.

    ReplyDelete
  30. ഒരു പെണ് മനസിനു ,പ്രശ്നപരിഹാരങ്ങളെക്കാള്‍ പലപ്പോഴും വേണ്ടത് അവളുടെ വിഷമങ്ങള്‍ പറഞ്ഞു കരയാന്‍ ഒരു തോളോ , സന്മനസ്സുള്ള ഒരു കൂട്ടോ , ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് , വിഷാദ രോഗം ബാധിച്ച അവള്‍ക്കു ആയില്ലെങ്ങിലും , മനസ്സ് നീറുന്ന , ആ അമ്മക്കെങ്ങിലും അതൊരു ആശ്വാസമായേനെ.. പോകാതിരുന്നാല്‍ മനസിലെ ഉല്ലാസവതിയായ കൂട്ടുകാരിയുടെ ചിത്രം മായാതിരിക്കും എന്ന് കരുതിയത്‌ എത്ര തെറ്റാണെന്ന് ഇപ്പോള്‍ തന്നെ തോന്നുന്നില്ലേ..? ഈ വരികളിലെ അവളുടെ ചിത്രം തന്നെ അതിനു തെളിവ്.!! ഇടപെടലുകള്‍..സ്നേഹത്തിന്റെ സൌഹൃതത്തിന്റെ വിരല്‍ സ്പര്‍ശങ്ങലാണ്. മുറിവുകള്‍ ഉണക്കാന്‍ പോകുന്നവ ..!!

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...