Thursday, February 3, 2011

വില്‍ക്കാനുണ്ടോ, ഇന്ത്യാവിഷന്‍അങ്ങിനെ , കാര്യങ്ങള്‍ക്ക് തീരുമാനമാവുന്നു. ഇന്ത്യാവിഷന്റെ വായടപ്പിക്കാന്‍ ഇതാ വഴി ഒരുങ്ങുന്നു. ഇനി ലീഗിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അവരെ വിടില്ല. വ്യക്തിഹത്യയോ, ഒരുകാരണവശാലും  അനുവദിക്കില്ല. എല്ലാം നശിപ്പിക്കുന്ന ആ എഡിറ്റോറിയല്‍ ബോര്‍ഡുകാരെ പാഠം പഠിപ്പിക്കാന്‍ ഇതാ കെ.എം.സി.സി വരുന്നു. മുസ്ലിം ലീഗിനുവേണ്ടി ചാവാനും കൊല്ലാനും മടിക്കാത്ത ഗള്‍ഫിലെ ചാവേര്‍പട ഒടുവില്‍ അരയും തലയും മുറുക്കി രംഗത്തു വന്നിരിക്കുന്നു.
ഇന്താവിഷന്റെ എഡിറ്റോറിയല്‍ ബോര്‍ഡാണ് കുഴപ്പക്കാര്‍. മലയാളത്തിന്റെ പുപ്പുലി ജനാബ് പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ കുപ്രചാരണം നടത്താന്‍ വഴിയൊരുക്കിയത് അവരാണ്. അവരെ ഒരു പാഠം പഠിപ്പിക്കണം. അതിനു കഴിയുന്നില്ലെന്ന് ചെയര്‍മാനായ ഡോ.എം.കെ മുനീര്‍ തുറന്നു പറഞ്ഞിരിക്കുന്നു.നിസ്സഹായനായ ഡോക്ടറങ്ങുന്നിനെ സഹായിക്കാതിരിക്കാന്‍ കഴിയുമോ.  മറ്റാര്‍ക്ക് കഴിഞ്ഞാലും അതിനു കെ.എം.സി.സിക്കു കഴിയില്ല.  ഇന്ത്യാവിഷന്റെ ഷെയറു മുഴുവന്‍ ഞങ്ങള്‍ വാങ്ങിച്ചു മുനീ ര്‍സാഹിബിനെ ഏല്‍പ്പിക്കാം. സാഹിബ് ഉചിതമായ നേരങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുത്താല്‍ മാത്രം മതി. കുഞ്ഞാലിക്കുട്ടി എന്നല്ല കുഞ്ഞ് എന്നുപോലും  ഉരിയാടാത്ത വിധം ഇന്ത്യാവിഷനെ കുളിപ്പിച്ചു കിടത്താം. ഇന്നലെ കോഴിക്കോട്ട് കെ.എം.സി.സി നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്ത ഏറെ വൈകി ഇന്നുച്ചക്ക് വായിച്ചപ്പോഴാണ് ഈ ഐഡിയ മനസ്സിലായത്.
സംഗതി അപാരം തന്നെ. കോഴിക്കോട്ടെ തന്നെ പഴയൊരു പുലിയെക്കുറിച്ച് ഇത്തരമൊരു കഥ നേരത്തെ കേട്ടിട്ടുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തി കാശു പിടുങ്ങല്‍ ഹരമാക്കിയ ഒരു മഞ്ഞപ്പത്രക്കാരന്‍ നമ്മുടെ പുലിയെ കുടുക്കാന്‍ ആളെ വിട്ടു. സാറിനെയും ഭാര്യയെയും കുറിച്ച്  പറയാന്‍കൊള്ളാത്ത വിവരങ്ങള്‍ പത്രത്തിനു ലഭിച്ചിട്ടുണ്ട്. അത് പുറത്തുവിടാതിരിക്കണമെങ്കില്‍ ഇത്ര കാശ്തരണമെന്നായിരുന്നു ഓഫര്‍. എഴുതാനുള്ളത് ഒട്ടും കുറക്കാതെ എഴുതിക്കോ, നമുക്കു കാണാമെന്ന് പറഞ്ഞ് പുലി വന്നയാളെ മടക്കിയയച്ചു. പിറ്റേന്ന് മഞ്ഞപ്പത്രം പുലിക്കഥയുമായി അടിമുടി മഞ്ഞനിറത്തില്‍ തന്നെ ഇറങ്ങി. കോപ്പികള്‍ മുഴുവന്‍ നമ്മുടെ പുലി വാങ്ങിക്കൂട്ടി. എന്നിട്ട്, അതേ പത്രത്തിന്റെ തലക്കെട്ടും അത്േ രൂപഭാവങ്ങളുമായി വേറെ പത്രം അച്ചടിച്ചു ഫ്രീ ആയി വിതരണം ചെയ്തു.പത്രമുടമയുടെ ഭാര്യ കാശുണ്ടാക്കാന്‍ വ്യഭിചാരം തുടങ്ങിയതായിരുന്നു അതിലെ മുഖ്യ വാര്‍ത്ത.
ഇതേ ഗുട്ടന്‍സ് തന്നെയാണ് നമ്മുടെ കെ.എം.സി.സിയും പയറ്റുന്നത്.  ഉടമയെ വകവെക്കാത്ത ചാനലിനെ പാഠം പഠിപ്പിക്കാന്‍ ചാനല്‍ മൊത്തമായി വാങ്ങിക്കൂട്ടുക. സംഗതി എന്തായാലും കൊള്ളാം. വടക്കേ മലബാറിലെ ഒരു ഹാജ്യാരെ പണ്ടൊരു ബസ് കണ്ടക്ടര്‍ ടിക്കറ്റില്ലാത്തതിനാല്‍ ഇറക്കി വിടാന്‍ നോക്കിയ മറ്റൊരു കഥയുണ്ട്. ഇറങ്ങൂന്നേരം ഹാജ്യാര് ചോദിച്ചു:  അതുപോട്ടെ നീ ഈ ബസ് വില്‍ക്കുന്നോ എന്ന്. ഏതാണ്ട് അതുതന്നെ ഇവിടെയും.
സംഗതി കിടിലനാണ്. ചാനല്‍ വിലക്കു വാങ്ങാനൊക്കെ അവര്‍ക്കു കഴിയും. എഡിറ്റോറിയല്‍ ബോര്‍ഡിനെ പിഴുതെറിയാനും. എന്നാല്‍, അതുപോലൊരു വാര്‍ത്താ ചാനല്‍ നടത്താന്‍ നമ്മുടെ കെ.എം.സി.സിക്കാര്‍ക്ക് കഴിയുമോ. വാര്‍ത്തകള്‍ ആളു കാണുംവിധം അവതരിപ്പിക്കാനും വിശ്വസ്ഥതയിലൂടെ വ്യൂവര്‍ഷിപ്പ് കൂട്ടാനും നമ്മുടെ കെ.എം.സി.സിക്കാര്‍ എന്തുചെയ്യും. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ചാനല്‍ കുഞ്ഞുങ്ങളെ കിട്ടാന്‍ വലിയ പാടുണ്ടാവില്ല. എങ്കിലും, കുഞ്ഞാലിക്കുട്ടിയുടെ അപദാനങ്ങളും നെഹ്റു പണ്ട് ചത്തകുതിരയെന്നു വിളിച്ച ലീഗിന്റെ ഗര്‍ജനങ്ങളും  24x7 പുറത്തുവിട്ടാല്‍ കാണാന്‍ ആരാണുണ്ടാവുക എന്നു കൂടി കൊച്ചുമുതലാളിമാര്‍ ആലോചിക്കുന്നത് നന്ന്. കാശ്വാരിവിതറി തുടങ്ങിയ സദ്വാര്‍ത്ത, പുണ്യഭൂമി, വര്‍ത്തമാനം പത്രങ്ങളുടെ ഗതി എന്തായെന്ന് ചന്ദ്രിക എഡിറ്റോറില്‍ ബോര്‍ഡിലെ പുമാന്‍മാരോടു കൂടി ഒന്ന് അന്വേഷിച്ചു നോക്കാവുന്നതാണ്. കാശു മാത്രം മതിയാവില്ല മാധ്യമപ്രവര്‍ത്തനത്തിനെന്ന് പഠിക്കാന്‍ ഈ സ്പെസിമെന്‍ മതിയാവും.
ഇനി അതിലും വലിയ തമാശ വെറെയുമുണ്ട്. ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കരിവാരിത്തേക്കുന്നത് ഫലപ്രദമായി തടയുന്നതിന് കുലിക്കുട്ടിയുടെ തന്നെ മുന്‍കൈയില്‍ മറ്റൊരു ഗഡാഗഡിയന്‍ ചാനല്‍ കോഴിക്കോട്ടു നിന്ന് അണിഞ്ഞൊരുങ്ങുന്നുണ്ട്. ഐ.ബി.സി എന്ന് പേരുകേള്‍ക്കുന്ന ചാനല്‍ അവസാന മിനുക്കു പണികളിലാണ്. കിട്ടിയ കാശുമുഴുവനുമെടുത്ത് ഇന്ത്യാവിഷന്റെ മുതലാളിമാരാന്‍ പറഞ്ഞു നടന്നാല്‍, ഈ ചാനലിനെ എന്തു ചെയ്യും.   ആകെ വലഞ്ഞുപോവില്ലേ കെ.എം.സി.സി? . രണ്ട് ചാനലുകള്‍ ഒന്നിച്ചു നടത്തിക്കൊണ്ടുപോവാനുള്ള തിരക്കില്‍ എന്തിനാണ് തങ്ങള്‍ ഗള്‍ഫില്‍ പോയതെന്ന് കെ.എം.സി.സിക്കാരെങ്ങാന്‍ മറന്നുപോയാല്‍ കേരളം കഞ്ഞികുടിക്കാനെന്തു ചെയ്യും.ഇനി കഞ്ഞി കുടിക്കാന്‍ വകയുണ്ടെന്ന് കരുതിയാലും കുഴപ്പം തീരുന്നില്ല. കഞ്ഞി കുടിച്ച് ഒന്നു കോട്ടുവാ ഇടുമ്പോഴായിരിക്കും നമ്മുടെ രണ്ട് ചാനലുകളിലുമായി ലീഗ് നേതാക്കളും സ്വന്തക്കാരും ലീഗ് പ്രകീര്‍ത്തനങ്ങളുമായി ചാടി വീഴുന്നത്. അതോടെ, തീരില്ലേ, കേരളത്തിന്റെ കാറ്റ്.    

11 comments:

 1. അതോടെ, തീരില്ലേ, കേരളത്തിന്റെ കാറ്റ്.

  ReplyDelete
 2. ഒന്നും തീരില്ലെന്നേ!
  ഈ കോലാഹലങ്ങളൊക്കെ ഇപ്പോഴങ്ങടങ്ങും.
  അപ്പോൾ പുതിയതു പലതും വരും.
  പൊറാട്ടുനാടകങ്ങൾ ഇനിയെത്ര കാണാനിരിക്കുന്നു നമ്മൾ!

  ReplyDelete
 3. അങ്ങനെ ഇന്ത്യാവിഷനെ പാണക്കാട്ട് അടിയറവെക്കും.
  കളി കുഞ്ഞാപ്പയോടോ എന്ന് കെ.എം.സി.സി മല്ലന്മാർ ഇന്നലെ ചോദിക്കുന്നത് കേട്ടു.

  ReplyDelete
 4. ആക്ഷേപ ഹാസ്യം നന്നായിട്ടുണ്ട്..

  ReplyDelete
 5. അതെ, ജയന്‍ ഒക്കെ ഇങ്ങനെ തീരും. കെ.എം.സി.സി വാര്‍ത്താ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടതിനോടുള്ള പ്രതികരണം മാത്രമിത്. നന്ദി, മൊയ്തീന്‍, മഹേഷ്.

  ReplyDelete
 6. valare raskaramayi karaynagal paranju.... aashamsakal....

  ReplyDelete
 7. enthuva avide nadakkunne ilaye
  onnum manasilavunnillllo
  india vision ippol avaru poottikkumo

  ReplyDelete
 8. ആകെ പുകയാണ്.
  ഇത് നീങ്ങിയാല്‍ അറിയാം എന്താവുമെന്ന്.

  ReplyDelete
 9. ഇന്ത്യ എന്ന മഹാരാജ്യത്തെ എല്ലാ പാര്‍ട്ടികള്‍ക്കും കാന്‍സര്‍ പിടി പെട്ടിരിക്കുന്നു!
  കാന്‍സര്‍ വന്ന ഭാഗം കരിച്ചു കളയുകയോ ,മുറിച്ചു മാറ്റുകയോ ആണ് പോം വഴി അല്ലാത്ത പക്ഷം
  മേപ്പടി പാര്‍ടികളെ ജനം കുറേ കൂടി സഹിച്ചതിന് ശേഷം ദയാവധം ചെയ്യും.
  ഇത് തഗളും,ജനാബുമാരും ഉള്ള ബുദ്ധി ഉപയോഗിച്ചോന്നു മനസ്സിലാക്കണം.
  മേല്‍പ്പറഞ്ഞത്‌ ബാക്കിയുള്ള തങ്ക പാര്‍ട്ടികള്‍ക്കും ബാധകമാണ്, പിറകെ നടക്കുന്നവന്മാരുടെ
  ബലത്തില്‍ എല്ലാം നടക്കും എന്ന തോന്നല്‍! സാമുഹ്യ സേവന കേസരികള്‍ ഒരു തണല്‍ ആക്കണ്ട!

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...