Saturday, February 12, 2011

ഈ മാഷമ്മാര്‍ ഇങ്ങനെ നുണ പറയുന്നത് എന്തിനാണ്


ദൂരദര്‍ശനിലാണ് ആ റിയാലിറ്റി ഷോ കണ്ടത്. പേര് ഹരിതഭാരതം. കേരളത്തിലെ വിദ്യാലയങ്ങളാണ് മല്‍സരാര്‍ഥികള്‍. അക്ബര്‍ കക്കട്ടില്‍, ആര്‍.വി.ജി മേനോന്‍, കെ.ആര്‍ മീര തുടങ്ങിയ പ്രമുഖരാണ് പാനലില്‍. ഓരോ സ്കൂളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും കുട്ടികളുമാണ്  ഷോയില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ അധികൃതര്‍ പൂരിപ്പിച്ച് അയച്ച പ്രൊഫൈലിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ എന്നാണ് പല തവണ ഷോ കണ്ട ഒരാളെന്ന നിലയില്‍ മനസ്സിലായത്.
ഹരിതവിദ്യാലയം വെബ്സൈറ്റില്‍ ചെന്നപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു. അവ ഇങ്ങനെ: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ വിവിധ മേഖലകളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ പരസ്പരം പങ്കുവെക്കാനും മികവുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുമായി സി. ഡിറ്റിന്റെ സഹായത്തോടെ ഐ.ടി @ സ്കൂളാണ് ഷോ സംഘടിപ്പിക്കുന്നത്. ദൂരദര്‍ശന്‍, വിക്ടേഴ്സ് ചാനലുകളില്‍ സംപ്രേഷണം. അക്കാദമിക പ്രവര്‍ത്തനം പശ്ചാത്തല വികസംന, ഐ.ടി അധിഷ്ഠിത പഠനം, പൊതുസമൂഹത്തിന്റെ പങ്കാളിത്തം, പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കലാ^സാഹിത്യ^ശാസ്ത്ര മേഖലകളുടെ പരിപോഷണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. തെരഞ്ഞെടുക്കപ്പെട്ട നൂറു സര്‍ക്കാര്‍, എയ്ഡഡ് . സ്കൂളുകളില്‍നിന്നുള്ള 10 വിദ്യാലയങ്ങള്‍ക്ക് അവസാന റൌണ്ടിലെത്താം. വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍. ഒപ്പം വിദ്യാലയങ്ങളെക്കുറിച്ച് ഡോക്യൂമെന്ററി ചിത്രം തയ്യാറാക്കും.
കാര്യം മനസ്സിലായല്ലോ ഇനി ഷോ ശ്രദ്ധിക്കാം. അതിങ്ങനെ. വിധികര്‍ത്താക്കള്‍ ഒരറ്റത്ത്. നടുവില്‍ അവതാരക. മറ്റേ അറ്റത്ത് കുട്ടികളും മാഷമ്മാരും. സ്കൂള്‍ നടത്തിയ അക്കാദമിക്^നോണ്‍ അക്കാദമിക് പരിപാടികളെക്കുറിച്ചുള്ള ലഘുവിവരം ഓരോ സ്കൂളും നേരത്തെ സമര്‍പ്പിക്കണം. അതിനെക്കുറിച്ച് വിദ്യാര്‍ഥികളോടും അധ്യാപകരോടും ചോദിക്കും. അവര്‍ ആവുംപടി മറുപടി നല്‍കണം.  മറ്റ് റിയാലിറ്റിഷോയിലെ വിധികര്‍ത്താക്കളെപ്പോലെ 'സാധനമെവിടെ'  തുടങ്ങിയപീഡനമുറകള്‍ നടത്തുന്നില്ല എന്നതാണ് ഇതിലെ വിധികര്‍ത്താക്കളുടെ സവിശേഷത. സൌമ്യമായും സ്നേഹത്തോടെയുമാണ് കുട്ടികളോടുള്ള ചോദ്യങ്ങള്‍. എന്നാല്‍, മറുപടി പലപ്പോഴും അങ്ങിനെയല്ല. കാണാതെ പഠിച്ചുവന്ന വാക്കുകള്‍ ഒറ്റയടിക്ക് ഉരുവിടുക, വരികള്‍ മറന്നുപോവുക, ഒരു പിടിയുമില്ലാത്ത ചോദ്യങ്ങള്‍ കേട്ട് അന്തം വിട്ട് വല്ലതും പറയുക തുടങ്ങിയ രീതികളിലാണ് കുട്ടികളുടെ മറുപടികള്‍.
പിടി കിട്ടിയില്ല അല്ലേ. കാര്യം ഇങ്ങനെ:
ഓരോ സ്കൂളും എന്ത് ചെയ്തെന്ന് സര്‍ക്കാര്‍ തലത്തില്‍  ചോദ്യം വരുമ്പോള്‍ എന്തു ചെയ്യും അതുപോലൊക്കെയാണ് ഓരോ വിദ്യാലയങ്ങളും നല്‍കിയ പ്രൊഫൈലുകള്‍. ഇന്‍സ്പെക്ഷനു വരുമ്പോള്‍ അടുത്ത സ്കൂളുകളില്‍നിന്നുപോലും കുട്ടികളെ റിക്രൂട്ട്ചെയ്യുന്ന  മാഷമ്മാരുടെ പഴയ കലാപരിപാടികള്‍ തന്നെ. അവര്‍ നല്‍കിയ പ്രൊഫൈല്‍ പ്രകാരം കുട്ടികള്‍ സകലകലാവല്ലഭര്‍. സ്കൂളുകള്‍ സര്‍ഗശേഷിയുടെ പൂരപ്പറമ്പ്. സാഹിത്യം, ശാസ്ത്രം, പരിസ്ഥിതി, സംസ്കാരം എന്നിങ്ങനെ സകലമാന വിഷയങ്ങളിലും നടത്തിയ 'ഗവേഷണ' പദ്ധതികളും ചരിത്രാന്വേഷണ പരീക്ഷണങ്ങളുമൊക്കെ സ്കൂളുകാര്‍ പ്രൊഫൈലില്‍ എഴുന്നള്ളിച്ചുവെക്കും. പദ്ധതികള്‍ നടത്തി  എന്നു പറയുന്ന കുഞ്ഞുമക്കളോട് വിധികര്‍ത്താക്കള്‍ സൌമ്യമായി ഇക്കാര്യം ചോദിക്കുമ്പോള്‍ അവര്‍ കണ്ണുമിഴിച്ചു നില്‍ക്കും. അപ്പോ, മാഷേ എന്തൊക്കെയാണ് ഇതിന്റെ വിശദാംശങ്ങള്‍ എന്നൊക്കെ അധ;ാപകരോടു ചോദിച്ചാലോ അതാണ് ബഹുരസം. ആകെ അമ്പരന്ന് അയ്യോ അങ്ങിനെയൊക്കെ എഴുതിപ്പോയല്ലോ എന്ന മട്ടില്‍ പാവങ്ങള്‍ തലകുനിച്ചുനില്‍ക്കും. ചോദ്യം ചോദിച്ചു കുടുങ്ങിപ്പോയ പാവം വിധികര്‍ത്താക്കള്‍ മറ്റെന്തെങ്കിലും ചോദിച്ച്് തടിരക്ഷിക്കും.
സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്. പച്ച നുണയല്ലാതെ മറ്റെന്ത്. സ്വന്തം സ്കൂളിന്റെ പേരു നന്നാക്കാന്‍ മുട്ടന്‍ കള്ളം തട്ടിവിടുന്ന അധ്യാപകര്‍ കൈയോടെ പിടിക്കപ്പെടുന്നു. അത്ര മാത്രം.  ഗവേഷണ പദ്ധതിയെന്നും സിനിമാ നിര്‍മാണമെന്നും പ്രൊജക്റ്റ് എന്നും പറഞ്ഞ് നടത്തുന്ന വമ്പന്‍ പരിപാടികള്‍ വെറും ഷോ പീസുകള്‍ ആണെന്നും ഈ റിയാലിറ്റി ഷോ വ്യക്തമാക്കുന്നു. കുട്ടികളുടെ ആഴത്തിലുള്ള പങ്കാളിത്തമില്ലാതെ അധ്യാപകര്‍ പുറത്തുനിന്നുള്ളവരുടെ സഹായം പോലും തേടിയാണ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നത്.  കുട്ടികള്‍ പലപ്പോഴും കാഴ്ചക്കാര്‍ മാത്രമാണ്. അതു കൊണ്ടു തന്നെ അവര്‍ക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്നില്ല. സ്വന്തം മണ്ണിനെ കൂടുതലറിയാന്‍ പലയിനം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ട ഒരു സ്കൂളിലെ കുട്ടികള്‍ വിദ്യാലയത്തിനു ചുറ്റുമുള്ള പൂക്കളെയും ചെടികളെയും കുറിച്ച് ചോദിച്ചപ്പോള്‍ കുഴങ്ങൂന്നത് കണ്ടു. അടിസ്ഥാന സൌകര്യങ്ങളാണ് തങ്ങളുടെ പ്ലസ് എന്ന് അവകാശപ്പെട്ട ടീച്ചര്‍ തങ്ങളുടെ സ്കൂളില്‍ കളിസ്ഥലമോ ലൈബ്രറിയോ ഇല്ലെന്നു സമ്മതിക്കുന്നതും കണ്ടു.
കുട്ടികളോട് കള്ളം പറയരുതെന്നാണ്. പ്രത്യേകിച്ച് അധ്യാപകര്‍. കുട്ടിയായിരിക്കെ കള്ളം പറഞ്ഞതിന് ചൂരല്‍ കഷായം  ഏറെ കുടിക്കേണ്ടിവന്നവരാണ് നമ്മളില്‍ പലരും. സത്യം  മാത്രമേ പറയാവൂ എന്ന കാര്യം പഠിപ്പിക്കാനായിരുന്നു ആ അധ്യാപകരുടെ ചൂരല്‍ക്കഷായമെന്ന് പിന്നീട് തിരിച്ചറിയാനും കഴിഞ്ഞു. കുട്ടികളോട് നുണ പറയാതിരിക്കാന്‍ ശ്രദ്ധിച്ചവരുമായിരുന്നു സ്വന്തം അധ്യാപകരെന്ന് സ്വാനുഭവങ്ങളില്‍നിന്നും പറയാനാവും. എന്നാല്‍, ഇവിടെ അധ്യാപകര്‍ തന്നെയാണ് നുണ പറയുന്നത്. കുട്ടികളെക്കൊണ്ട് ആ നുണ സമ്മതിപ്പിക്കാനും ശ്രമിക്കുന്നു. എന്തിനുവേണ്ടിയാണ് ഈ നുണ. സ്വന്തം സ്കൂള്‍ യഥാര്‍ഥത്തില്‍ എന്താണോ അതിന്റെ ഒരു പാട് ഉയരത്തിലാണെന്ന് മേനിനടിക്കാന്‍. ഇത്തരമൊരു കാര്യത്തിന് നുണ പറയാമെന്ന് പഠിപ്പിക്കുന്ന അധ്യാപകരെ തുറന്നു കാട്ടുന്നു എന്നതാണ് ഷോയുടെ വിജയം. സ്കൂളുകളില്‍ നടക്കുന്ന കിടിലന്‍ പരിപാടികള്‍ ഉപരിപ്ലവം മാത്രമാണെന്നും ബോധ്യപ്പെടുത്തുന്നു, തെരഞ്ഞെടുത്ത സ്കൂളുകാര്‍ നടത്തുന്ന ഈ സത്യാന്വേഷണ പരീക്ഷകള്‍.
സാമാന്യവല്‍കരിക്കുകയല്ല. പലതവണ ഷോ കണ്ടപ്പോഴും ആവര്‍ത്തിക്കപ്പെട്ട ദൃശ്യങ്ങളാണ് ഇവ. ഇനി ഞാന്‍ കാണാത്ത ദിവസങ്ങളില്‍ ഇതല്ലാത്ത മറ്റനേകം കിടിലന്‍ സ്കൂളുകള്‍ വന്നു സത്യസന്ധമായി പരിപാടി അവതരിപ്പിച്ചുവെന്നും വരാം. എന്നാലും ഞാന്‍ കണ്ട, ചോദ്യങ്ങള്‍ക്കു മുന്നില്‍ തപ്പിത്തടയുന്ന ആ പാവം അധ്യാപകരുടെ ചിത്രം അതേപടി തുടരും. ഭൂരിഭാഗം സ്കൂളുകളിലും നടക്കുന്ന പഠന^പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ പുറംപൂച്ച് തെളിയിക്കാന്‍ അവ മാത്രം മതി. അതിനാല്‍, പ്രിയപ്പെട്ട അധ്യാപകരേ, ഇനിയെങ്കിലും ഇത്തരം കള്ളങ്ങള്‍ ഒഴിവാക്കാം.  ചാനലുകള്‍ ചിലപ്പോള്‍ രഹസ്യ കാമറ ഇല്ലാതെയും പല  നുണകളും പൊളിക്കും.

11 comments:

  1. അതിനാല്‍, പ്രിയപ്പെട്ട അധ്യാപകരേ, ഇനിയെങ്കിലും ഇത്തരം കള്ളങ്ങള്‍ ഒഴിവാക്കാം. ചാനലുകള്‍ ചിലപ്പോള്‍ രഹസ്യ കാമറ ഇല്ലാതെയും പല നുണകളും പൊളിക്കും.

    ReplyDelete
  2. തേങ്ങ ഉടക്കാന്‍ കയറിയതാ..
    വായിച്ചിട്ട് അഭിപ്രായം അറിയിക്കാം :)

    ReplyDelete
  3. What u have written is very true. I have watched this programme twice and it was very clear that nothing much had happened in both the schools. If things in school have to improve then teachers themselves should have ethics. Many teachers are indeed a bad example for the students community. Aren't there bloggers (teachers) who unnecessarily and falsely sing praise for the present day education system when they themselves know it is just the opposite. As I am in the teaching profession I know what is happening in the education system. Kudos for your very frank post!!!!

    ReplyDelete
  4. ഈ അദ്ധ്യാപകരുടെ ശിഷ്യന്മാർ പിഴച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളു.

    ReplyDelete
  5. അധ്യാപകര്‍ക്കും റിയാലിറ്റി ഷോ :)

    ReplyDelete
  6. നല്ല വാക്കുകള്‍ക്ക് നന്ദി, പദസ്വനം, തേങ്ങ ഉടച്ചു തീര്‍ന്നില്ലേ, ഇനി അഭിപ്രായമാവാം:)
    നന്ദി Xina Crooning മികച്ച കമന്റിന്.
    നന്ദി, മൊയ്തീന്‍, ശ്രീദേവി

    ReplyDelete
  7. വെറുതെ ഒരിലയുടെ വെവാലാതി വെറുതെ അല്ല

    ReplyDelete
  8. ഞാന്‍ ഈ പ്രോഗ്രാം കാണാറുണ്ട്.ഇവിടെ നെയ് റോബിയില്‍ ഞങ്ങള്‍ക്ക് കിട്ടുന്ന ഒരേ ഒരു മലയാളം ചാനല്‍ ഡിഡി മലയാളമാണ്.ഹരിത കേരളവും,ഹരിത വിദ്യാലയവും ഒക്കെ കാണുമ്പോള്‍ എനിക്ക് തോന്നാറുള്ളത് ഇതാണ്-ഇതെല്ലാം സ്കൂളുകളുടേയും,നമ്മുടെ നാടിന്റേയും വികസനത്തിന് അല്പമെങ്കിലും വഴി തെളിക്കുന്നില്ലേ എന്ന്.

    ReplyDelete
  9. നല്ല വാക്കുകള്‍ക്ക് നന്ദി, MyDreams ,jyo

    ReplyDelete
  10. ഇതേ സംഭവത്തെക്കുറിച്ച് കെ. അര്‍.മീരയുടെ വക സമചിത്തതയോടെയുള്ള വാഴ്തല്‍ "മറുവാക്ക്" എന്ന അവരുടെ പംക്തിയില്‍ കണ്ടു.
    മാതൃഭൂമിയില്‍. ഷോ ഒരു വട്ടം പോലും കാണാത്തതുകൊണ്ട് അഭിപ്രായം പറയാന്‍ പറ്റില്ല.
    ഇല ഇവിടെ പൊലിപ്പിച്ചിരിക്കുന്നത് ഷോ യുടെ മോശം വശങ്ങള്‍ മാത്രമാണെന്ന് അവര്‍ പറയുമായിരിക്കും.
    അയലത്തെ സ്കൂളുകളെ അറിയാവുന്നതുകൊണ്ട് ഇല പറഞ്ഞത് നേരാകാന്‍ സാദ്ധ്യത ഏറെയാണെന്ന് മാത്രം പറയട്ടെ.

    ReplyDelete
  11. ആശാനൊന്നു പിഴച്ചാല്‍ ശിഷ്യന്‍...
    വളരെ ഗൌരവതരമായ വിഷയമാണ് ഇത്..

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...