Wednesday, October 26, 2011

ജീവിതസായാഹ്നത്തില്‍ അവരുടെ പൂര്‍ണ വിരാമങ്ങള്‍

എന്തു കൊണ്ടാവും അവര്‍ ആത്മഹത്യ തെരഞ്ഞെടുത്തിട്ടുണ്ടാവുക. എന്തായിരിക്കും അതിനുള്ള കാരണങ്ങള്‍.  കഠിനമായ ആ വിധിയെക്കുറിച്ച്. 


അമ്മുവേടത്തി മരിച്ചു. രണ്ടാഴ്ച മുമ്പ്. വെറും മരണമല്ല ആത്മഹത്യ. 
പ്രായം കുറച്ചുണ്ടായിരുന്നു, അവര്‍ക്ക്. അത്ര കുറച്ചൊന്നുമല്ല, ഏതാണ്ട് 75.  ആത്മഹത്യക്ക് ഒട്ടും അനുയോജ്യമല്ലാത്ത പ്രായം. എന്നിട്ടും അവര്‍ ആത്മഹത്യ ചെയ്തു.  എന്തു കൊണ്ടാവും അതെന്ന് ആരും പറഞ്ഞു തരുന്നില്ല.
പതിവില്ലാത്ത ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെന്ന് അയല്‍വാസികള്‍ ഓര്‍ക്കുന്നു. 
വൈകുന്നേരം പതിവു പോലെ അടുത്തുള്ള വീടുകളില്‍ ചെന്നു. വെറുതെ സംസാരിക്കാനെന്ന മട്ടില്‍. എല്ലാവരെയും കാണാനായിരുന്നു അതെന്ന് പിന്നീട് ആളുകള്‍ തീര്‍ത്തു പറഞ്ഞു. പക്ഷേ, സംസാരത്തിലോ പെരുമാറ്റത്തിലോ പന്തി കേടുണ്ടായിരുന്നില്ല. അയല്‍ വീടുകളില്‍നിന്ന് മടങ്ങിയപ്പോള്‍ സമയം സന്ധ്യ. വീട്ടിലെല്ലാവരും ടി.വിക്കു മുന്നിലാണ്. മുറ്റത്തെ തുളസിത്തറയില്‍ വിളക്കു വെച്ചു. വരാന്തയിലാരിടത്ത് നിലവിളക്കു കൊളുത്തി. നാമം ജപിച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ വിളക്കെടുത്തു വെച്ചു. ഒട്ടും അസാധാരണമല്ലാത്ത വിധം. 
അത്രയും എല്ലാവര്‍ക്കുമറിയാം.  
പിന്നെ എന്താവാം നടന്നിട്ടുണ്ടാവുക എന്ന് എല്ലാവരും ഊഹിക്കുകയാണ്. 
'വിളക്കു വെച്ചു കഴിഞ്ഞ് അമ്മ വിറകു പുരയിലേക്ക് പോവുന്നത് കണ്ടു. അവിടെയായിരുന്നു...' -തണുത്ത സ്വരത്തില്‍ അവരുടെ മൂത്ത മകന്റെ ഭാര്യ പറയുന്നു. 
'പഴയ സാരിയായിരുന്നു. പിരിച്ചു കെട്ടിയായിരുന്നു...'-ഇളയ മകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 
തീര്‍ന്നു. ആ മരണത്തിന്റെ കഥ. 
വിവരമറിഞ്ഞ് നാട്ടില്‍ ചെന്നതായിരുന്നു ഞാന്‍. വീടിന്റെ ഒരു മൂലക്ക് ഇത്തിരി മണ്ണ് പൊങ്ങിക്കിടക്കുന്നത് കണ്ടു. ഇളകിയ മണ്ണിന്റെ അടയാളങ്ങള്‍ അതിനടുത്തെല്ലാം. അപ്പോള്‍, അവിടെയാണ്... 
പിന്തിരിഞ്ഞ് നടന്ന് അവരുടെ പഴയ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ കണ്ടു, ഒറ്റക്കു നില്‍ക്കുന്ന വിറകുപുര. 
അധിക നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. പെട്ടെന്ന് തന്നെ ഇറങ്ങി. തൊട്ടു താഴെയായിരുന്നു എന്റെ വീട്. 




അമ്മുവേടത്തി എന്റെ അയല്‍ക്കാരിയാണ്. ഞങ്ങള്‍ വീടു വാങ്ങി ചെന്ന കാലം മുതല്‍ എല്ലാ സഹായവുമായി കൂടെ ഉണ്ടായിരുന്നു. അമ്മയുടെ ഓരോ കാര്യത്തിനും ആശ്രയമായി. തമാശയും ചിരിയുമായി ഒരു സാധുജന്‍മം. 
കര്‍ഷക കുടുംബമായിരുന്നു. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍, മക്കള്‍ മുതിര്‍ന്നു. അവരും കൃഷി തന്നെയാണ്. വീടും സ്ഥലവും മൂത്ത മകനാണ്. അയാളും കൃഷിക്കാരന്‍. കാര്യമായി വലിയ വരുമാനമൊന്നുമില്ലെങ്കിലും ഉള്ള ഭൂമിയില്‍ അയാള്‍ അധ്വാനിച്ചു കൊണ്ടേയിരുന്നു.  
മറ്റുള്ളതെല്ലാം പെണ്‍മക്കളാണ്. അവരൊക്കെ വെവ്വേറെ ഇടങ്ങളില്‍. സ്വന്തം ജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍ മുങ്ങിയും പൊങ്ങിയും കഴിയുന്നതിനിടക്ക് ഇടക്കൊക്കെ അവര്‍ അമ്മയെ കാണാനെത്താറുണ്ട്. 
അമ്മുവേടത്തിക്ക് അങ്ങനെ പരിഭവമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. ആ വീട്ടിലങ്ങനെ വഴക്കൊന്നും ഉണ്ടാവാറുമില്ല. കുറേ കാലമായി പല നഗരങ്ങളില്‍ മാറിമാറി താമസിക്കുന്നതിനാല്‍ പുതിയ കാര്യങ്ങളൊന്നും എനിക്കറിയുകയുമില്ല. 
എങ്കിലും എന്തോ ഒന്ന് അലട്ടുന്നുണ്ട്. ആ പ്രായത്തില്‍ അവര്‍ എന്തിനു ആത്മഹത്യ ചെയ്യണമെന്ന ചോദ്യം. എന്തു പ്രശ്നമുണ്ടായാലും അതൊക്കെ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളാണ്. ജീവിതത്തിലിപ്പോള്‍ അത്ര ഭാരിച്ച ഉത്തരവാദിത്തമൊന്നുമില്ല. ഒറ്റപ്പെട്ടു എന്നൊന്നും പറയാനും കഴിയില്ല. അയലത്തെ മനുഷ്യരുമായൊക്കെ നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍  ഒറ്റപ്പെട്ടു നില്‍ക്കാനുള്ള സാധ്യതയും കുറവാണ്. എന്നിട്ടും എന്തിനാവും?


മക്കള്‍ക്കൊക്കെ ഭാരമായി എന്ന് തോന്നുന്നുണ്ടാവും. ആരുമറിയാത്ത വല്ല അസുഖവും വന്നിട്ടുണ്ടാവണം. പുറത്തു കാണാത്ത വല്ലതും ആ വീടിനകത്ത് പുകയുന്നുണ്ടാവണം. പ്രത്യേകിച്ച്, ഭൂവിപണിയുടെ ഈ കാലത്ത് അവരുടെ സ്വത്തിനൊക്കെ വില വളരെ കൂടുതലായതിനാല്‍. അങ്ങനെയൊക്കെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

എന്തായാലും അമ്മുവേടത്തി ഇപ്പോഴില്ല എന്നത് വാസ്തവമാണ്. 


പ്രായമുള്ളവരുടെ ആത്മഹത്യ വല്ലാത്തൊരു ചോദ്യ ചിഹ്നമാണ്. ജീവിതത്തിന്റെ ദുരിത കാണ്ഡം മുഴുവന്‍ പൊരുതി നില്‍ക്കുന്നവര്‍ സായം സന്ധ്യയില്‍ സ്വയം വിരാമ ചിഹ്നമാവാന്‍ തീരുമാനിക്കുന്ന അവസ്ഥ. എങ്ങനെയാവും അവര്‍ അതിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാവുക. ഏതേതു ആലോചനകളിലായിരിക്കും കിളി തൂവല്‍ പൊഴിക്കുന്നത്ര ലാഘവത്തോടെ അവര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവുക. മനസ്സിലാവുന്നില്ല. 
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ വീടിനടുത്ത് ഇതേ  പോലൊരമ്മ ആത്മഹത്യ ചെയ്തിരുന്നു. മക്കളും മരുമക്കളുമൊക്കെയായി കഴിയുന്നൊരു കാലത്ത്. വീട്ടില്‍ ആരുമില്ലാത്തൊരു നാള്‍ തീ കൊളുത്തിയായിരുന്നു ആ വിടവാങ്ങല്‍. അന്നും വല്ലാത്ത ഒരാഘാതം എന്നെ ഇളക്കി മറിച്ചിരുന്നു. ജീവിതത്തെക്കുറിച്ചാലോചിച്ച് ഞാനെത്തിയ നിഗമനങ്ങള്‍ മുഴുവന്‍ തട്ടിത്തെറിപ്പിക്കുന്നത്ര ശക്തിയില്‍ ആ ചോദ്യങ്ങള്‍ ഇളക്കി മറിച്ചു. 

പിന്നീടായിരുന്നു പ്രിയപ്പെട്ട സുഹൃത്തിന്റെ അച്ഛന്റെ മരണം. സ്നേഹം കാറ്റു പോലെ സദാ വീശിക്കൊണ്ടിരിക്കുന്ന ഒരു വീടായിരുന്നു അത്. ചെവി അല്‍പ്പം കേള്‍ക്കില്ല എന്നതൊഴിച്ചാല്‍, സന്തോഷവാനായിരുന്നു ആ അച്ഛനും. തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു അദ്ദേഹം. മക്കളൊക്കെ നല്ല നിലയില്‍ എത്തിയപ്പോള്‍ ജോലി നിര്‍ത്തി വെറുതെ വീട്ടില്‍  ഇരിപ്പായി. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമായിരുന്നു ആ ആത്മഹത്യ. തൊട്ടാല്‍ അറ്റുപോവുന്നത്ര മൂര്‍ച്ചയുള്ള ഒരു മടവാളായിരുന്നു ആയുധം. മുറിഞ്ഞ കഴുത്തുമായി കിടക്കുന്ന ആ അച്ഛന്റെ ദൃശ്യം പിന്നീടെത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. 
അന്നും ഉത്തരം കിട്ടിയില്ല. അത്ര ദാരുണമായ ഒരന്ത്യം ഒരിക്കലും അര്‍ഹിച്ചിരുന്നില്ല ആ അച്ഛന്‍. 




പറഞ്ഞു വന്നത് നമ്മുടെ വീടുകളിലെ മുതിര്‍ന്നവരുടെ അവസ്ഥകളാണ്. നമ്മേക്കാള്‍ അരക്ഷിതമാണെന്ന് തോന്നുന്നു അവരുടെ ദിനങ്ങള്‍. പുതിയ ജീവിതാവസ്ഥകളോ ശാരീരിക അവസ്ഥകളോ അവര്‍ക്ക് എളുപ്പം വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നുണ്ടാവില്ല. ഒരു പാടു കാലം കൊണ്ട് പഠിച്ച ജീവിത സത്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് തെളിയിച്ച് ഒറ്റയടിക്ക് തിരിഞ്ഞു നടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഈ ലോകം തങ്ങള്‍ക്ക് പറ്റിയതല്ലെന്ന തീര്‍പ്പ് തന്നെയാവണം. കുടുംബത്തിലെയും വ്യക്തി ജീവിതത്തിലെയുമെല്ലാം ചെറിയ തിരയിളക്കങ്ങള്‍ പോലും അതിജീവിക്കാനാവാതെയാവണം അവര്‍ യാത്ര പറഞ്ഞു പോവുന്നത്. എന്തായാലും അത് ക്രൂരമാണ്. ജീവിതത്തിന്റെ നട്ടുച്ചകളെ ഉജ്വലമായി നേരിട്ട ആ മനുഷ്യരുടെ അവസാന നാളുകള്‍ ഇങ്ങനെ സ്വയംഹത്യ കൊണ്ട് അടയാളപ്പെടുത്തേണ്ടതല്ല.  


ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു കഥ കൂടി പറയാനുണ്ട്. 
മറ്റൊരു സുഹൃത്തിന്റെ അച്ഛനാണ് അതിലെ കഥാപാത്രം. 
ആളൊരു അധ്യാപകനാണ്. വെള്ള ഷര്‍ട്ടും മുണ്ടുമിട്ട് റോഡരിക് ചേര്‍ന്നു നടന്നു പോവുന്ന ഒരു സാധു മനുഷ്യന്‍. 
റിട്ടയര്‍ ചെയ്യുന്നതു വരെ അദ്ദേഹം തമാശക്കു പോലും മദ്യപിച്ചിട്ടേയില്ല. എന്നാല്‍, റിട്ടയര്‍ ചെയ്ത് ആദ്യ ആഴ്ച അങ്ങേര് ആദ്യ കുപ്പി പൊട്ടിച്ചു. പിന്നെ എന്നും. 
പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. എന്നും വൈകുന്നേരം ടൌണിലേക്കുള്ള എളുപ്പ വഴിയിലൂടെ, റോഡരിക് ചേര്‍ന്ന് നടന്ന് സ്ഥലത്തെ മദ്യവില്‍പ്പന ശാലയിലെത്തും. വിലകുറഞ്ഞൊരു മദ്യം ചെറിയ കുപ്പി വാങ്ങി അതേ പോലെ സൌമ്യമായി റോഡരിക് ചേര്‍ന്ന് വീട്ടിലേക്ക് നടക്കും. വീട്ടിലെത്തിയാല്‍ സന്ധ്യാദീപത്തിനു ശേഷം വരാന്തയിലെ മേശപ്പുറത്ത് സ്വയം കഴുകി വൃത്തിയാക്കിയ ഗ്ലാസുമായി ഒറ്റക്കിരിക്കും. മക്കളൊക്കെ വിദേശത്തായതിനാല്‍ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഇടക്ക് അവരും അടുത്തു ചെന്നിരിക്കും. ശാന്തമായി മദ്യപിച്ച് ഇത്തിരി സംസാരത്തിനു ശേഷം ആ മനുഷ്യന്‍ ഉറങ്ങാന്‍ ചെല്ലും. പിറ്റേന്ന് വൈകിട്ടാവുന്നത് വരെ മദ്യത്തെക്കുറിച്ച് അദ്ദേഹം ആലോചിക്കാനേ ഇടയില്ലെന്ന്   ഇക്കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ച് അദ്ദേഹത്തിന്റെ മകന്‍, എന്റെ ചങ്ങാതി, കൂട്ടിച്ചേര്‍ക്കുന്നു. 

ഒരു പക്ഷേ, ആ ജീവിതത്തിന്റെ ഷോക്ക് അബ്സോര്‍ബറായിരിക്കണം വൈകിട്ടത്തെ ആ ഇത്തിരി നടത്തവും വൈകിയെത്തിയ ആ ശീലവും.  തീരെ നിസ്സംഗമായി, എനിക്കിപ്പോള്‍ അങ്ങനെ തന്നെയാണ് തോന്നുന്നത്.  

34 comments:

  1. പറഞ്ഞു വന്നത് നമ്മുടെ വീടുകളിലെ മുതിര്‍ന്നവരുടെ അവസ്ഥകളാണ്. നമ്മേക്കാള്‍ അരക്ഷിതമാണെന്ന് തോന്നുന്നു അവരുടെ ദിനങ്ങള്‍.

    ReplyDelete
  2. പച്ചയായ ജീവിതം, ജീവിച്ച കോപതാപ സന്താപങ്ങളുടെയും ത്യാഗ സുരഭില സന്തോഷങ്ങളുടെയും ആകെത്തുകയായ ജീവിതം ...അത് ലാളിത്യത്തിന്റെ സന്ദേശം ഉയര്‍ത്തുന്നതിനായി നീക്കിവെക്കണം ജീവിത സായാഹ്നത്തില്‍ മുതിര്‍ന്ന പൌരന്മാരും....അപ്പോള്‍ സുരഭിലമാകും ശിഷ്ട ജീവിതം.ഓര്‍മകളുടെ തിളക്കമാര്‍ന്ന വീഥിയില്‍,ക്ഷേത്രാങ്കണം പോലെ സംശുദ്ധമായ ജീവിതകല്പടവില്‍നിന്നു അവര്‍ ആരെയും അറിയിക്കാതെ അനുഷ്ടിച്ച ത്യാഗത്തിന്‍റെ സപ്ത്ഹ യക്ജ്ജങ്ങളുടെ പുക ഉയരുന്നത് സ്നേഹത്തിന്റെ /ധാര്‍മിക ദര്‍ശനത്തിന്റെ ചിതകളില്‍ നിന്നാണ് എന്ന് തിരിച്ചറിയപെടുമ്പോള്‍ ഒന്നും പ്രതികരിക്കാന്‍ കഴിയാതെ..........മരവിച്ച മനസോടെ....!!!

    നന്നായി എഴുതി.
    ഏറെ നൊമ്പരത്തിലും....ആസ്വദിച്ചു..
    കലികാല ചിത്ര പടത്തില്‍ തെളിയുന്നത് നമ്മുടെ ഭാവി മുഖം തന്നെ.. അല്ലെ?എഴുതണം...ഞാന്‍ ഉണ്ടാകും കൂടെ...ഈ അക്ഷരത്തിനെ അനുഗമിച്ച് പിന്നാലെ എന്നും.....

    ReplyDelete
  3. ഉത്തരം കിട്ടാത്ത ചോദ്യം,,,
    എന്നാൽ ജീവിതം മുന്നോട്ട് തള്ളിനീക്കാൻ പ്രയാസപ്പെടുന്ന, ശരിക്കും മരിക്കേണ്ട അവസ്ഥയിള്ള പലരും ആത്മഹത്യ ചെയ്ത് കാണാറില്ല.

    ReplyDelete
  4. സായം സന്ധ്യയിലെ സൂര്യന്.തിളക്കവും ചൂടും കുറയുന്നു..ലോകം ഉറക്കെ ചിന്തിക്കും ഒന്നു വേഗം രാത്രിയായെങ്കില്‍ ..ഉന്‍മാദങ്ങളുടെ കരിമ്പടത്തിനുള്ളിലേക്ക് സൂര്യകിരണം അരോചകം തന്നെ..വൃദ്ധരായവരുടെ കാര്യവും ഇതു തന്നെ..ജീവിച്ച ജീവിതമല്ല ഇനിയുള്ളതെന്ന തിരിച്ചറിവ്.അതുറപ്പാകുമ്പോള്‍ തലപൊക്കുന്ന ഒരരക്ഷിതാവസ്ഥ.എല്ലാം സ്വന്തം കൈപ്പിടിക്കപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞതും തങ്ങളുടെ പഴഞ്ചന്‍ ചിന്തകളേയും അഭിപ്രായങ്ങളേയും മുഖവിലക്ക് പോലുമെടുക്കുന്നില്ലെന്ന വ്യഥയും ,ആ വയോധികരുടെ ജീവിതം ഏകാന്ത പൂര്‍ണ്ണമാക്കുന്നു.അതില്‍ ഒരിണകൂടിയില്ലാതായാല്‍ ....ദുരിതപര്‍ങ്ങളില്‍ ഉഴലുക തന്നെ ശിഷ്ട ജീവിതം ..അതിമനോഹരമായി തന്നെ തന്റെ ആശങ്കകളും വ്യാകുലതകളും പങ്ക് വെച്ചു ഒരില..ഇതിനോട് ചേര്‍ത്തൊരു കാര്യം കൂടി പറയട്ടെ..മൂന്നു ദിവസം മുന്‍പ് പത്രത്തിലൊരു വാര്‍ത്ത ക്വാലാലമ്പൂരില്‍ നിന്നും വന്ന ഒരു വൃദ്ധന്‍ ..പോക്കറ്റില്‍ മകളെഴുതിയെന്ന് പറയപ്പെടുന്ന ഒരു കുറിപ്പിനൊപ്പം അയ്യായിരം രൂപ വഴിച്ചിലവിനു..ആര്‍ക്കും വേണ്ടാത്ത എണ്‍പത്തിയഞ്ച് വയസ്സുള്ള ആ സാധുവിനെ ഏതൊ ശരണാലയം ഏറ്റെടുത്ത് പോലും ..!!!

    ReplyDelete
  5. ജീവിതം ആയത്തില്‍ അതിന്റെ ഓട്ടം നടത്തുന്ന പ്രായത്തില്‍, സായാഹ്നത്തിലല്ല- അടുത്തറിയാവുന്ന ഒരു കൂട്ടുകാരി ഇന്നലെ വൈകുന്നേരത്തെ ഏതോ ഒരു നിമിഷം നല്‍കിയ പ്രലോഭനത്തില്‍ എല്ലാം അവസാനിപ്പിക്കാനായി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ശ്രമം പരാജയപ്പെട്ട് ആശുപത്രിയിലാണെന്നറിഞ്ഞു. ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസിക്കുമ്പോഴും ആ വിവരമറിഞ്ഞതിന്റെ ഞെട്ടല്‍, അതിലുപരി അവളെ എന്താണിതിനു പ്രേരിപ്പിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തതിന്റെ സങ്കടം അലട്ടുന്ന നേരത്ത് ഈ പോസ്റ്റ് വായിക്കുമ്പോള്‍ എന്താണെഴുതേണ്ടതെന്ന് അറിഞ്ഞുകൂടാ. അതിഭീകരമായ ഒറ്റപ്പെടല്‍, ദിവസങ്ങളും മാസങ്ങളും കടന്ന് വര്‍ഷങ്ങളിലേക്ക് അവ നീളുമ്പോള്‍ ചെറുപ്പമെന്നോ വാര്‍ദ്ധക്യമെന്നോ വേര്‍തിരിവില്ലാതെ അത് പ്രാണനെ ഞെരിച്ചു കളയുകയില്ലേ? ആരുമായും പങ്കുവെക്കാനാവാതെ പോയ സങ്കടങ്ങള്‍ എത്രയുണ്ടാവുമവള്‍ക്ക്, ഈ പോസ്റ്റില്‍ വായിച്ച ജീവിതങ്ങള്‍ക്ക്? സങ്കടപ്പെടാനല്ലാതെ, ഇങ്ങനെ ഇനി മേല്‍ ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കയല്ലാതെ, ഇപ്പോള്‍ മറ്റെന്താണ് ചെയ്യുക?!

    ReplyDelete
  6. ആ വിറകു പുരയും അമ്മുവേടത്തിയും വായനക്കാരെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.
    പറഞ്ഞതത്രയും വാസ്തവം.

    ReplyDelete
  7. ചിന്തനീയമായ കാര്യങ്ങള്‍...
    നല്ല പോസ്റ്റ്.

    ReplyDelete
  8. നല്ല പോസ്റ്റ്.............പലപ്പോഴും ചിന്തിച്ചിട്ടുള്ള വിഷയം ...എന്നാല്‍ ഓര്‍ക്കാന്‍ ഇഷ്റ്റപ്പെടാത്തതും. ഇന്നത്തെ ചെറുപ്പക്കാര്‍ അനുഭവിച്ചിരുന്ന പ്രശ്നങള്‍ അല്ല പണ്ടുള്ളവര്‍ അനുഭവിച്ചിരുന്നത്. അവരെ ചുറ്റുമുള്ള ജീവിതം ആവശ്യപ്പെടുകയായിരുന്നു. ആ അവശ്യം തന്നെയായിരുന്നു അവരെ ജീവിപ്പിച്ചിരുന്നത്. അങനെ കര്‍മ്മയോഗികളായിരുന്ന അവര്‍ ഇന്ന് ഒരു കാട് പിടിച്ച് ഏതോകോണിലെ ഒരു അത്താണിയായി ഒതുങിപോവുമ്പോള്‍ , പുതിയ ജീവിതങള്‍ മുന്നിലൂടെ പാഞ്ഞു പോവുംബോള്‍ സ്വയം ഇടിഞ്ഞു താഴുന്നു ......ഇന്നത്തെ നമ്മുടെ പ്രശ്നം സത്യം പറഞ്ഞാല്‍ ആരും നമ്മളെ ആവശ്യപ്പെടുന്നില്ല എന്നതാണ്.ഏറ്റവും അടുത്തവരുള്‍പ്പടെ എല്ലാവരും നമ്മുടെ ശൂന്യതയെ ഏതാനും ദിവസം കൊണ്ട് മൂടിക്കളയുമെന്ന തിരിച്ചറിവാണ്.

    ReplyDelete
  9. വല്ലാത്ത ചിന്താഭാരം ഉണര്‍ത്തിയ പോസ്റ്റ്‌..പ്രായം ആയവരുടെ, അവര്‍ക്ക് മാത്രം അറിയാവുന്ന, വ്യഥകള്‍ ആവാം അവരെ ഇതിനു പ്രേരിപ്പിക്കുന്നത്..അതിനും വല്ലാത്ത ഒരു ധൈര്യം തന്നെ വേണം..ആശംസകള്‍..

    ReplyDelete
  10. എത്ര വ്യത്യസ്തമായ ചിന്താഗതിയാണ് ഇത്! അധികമാരും ഓര്‍ക്കാത്ത കാര്യങ്ങള്‍.. ഒരില നന്നായി എഴുതി.മക്കള്‍ തലത്തിലുള്ള ഓരോരുത്തരും സ്വയംവിശകലനം നടത്തേണ്ടി വരുന്നൊരു വിഷയം..ഇത്തരുണത്തില്‍ എനിക്ക് ഓര്‍മ്മവരുന്നത് സാബുവിന്റെ 'അമീബസാത്തി' എന്ന കഥയാണ്...
    http://neehaarabindhukkal.blogspot.com/2011/10/blog-post_23.html

    ReplyDelete
  11. ഞാനും ഈ വിഷയത്തെപ്പറ്റി പലപ്പോഴും ആലോചിക്കാറുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് നമ്മള്‍ കരുതിയിരുന്നവര്‍.. ജീവിതത്തിന്റെ ഏറ്റവും വിഷമ ഘട്ടങ്ങളില്‍ പിടിച്ചു നിന്നവര്‍.. ഒടുവില്‍, മറ്റുള്ളവര്‍ക്ക് കണ്ടെത്താനാവാത്ത ഏതോ കാരണങ്ങള്‍ കൊണ്ട് ഏറ്റവും ധൈര്യപൂര്‍വം ഇങ്ങിനെയൊരു വിരാമച്ചിഹ്നം നല്‍കി ജീവിതത്തില്‍ നിന്ന് പിന്മാറുന്നു...

    ഉത്തരവാദിത്വങ്ങള്‍ എല്ലാം തീര്‍ന്നു, മക്കള്‍ അവരവരുടെ കാര്യം നോക്കി പോയിക്കഴിയുംപോഴുള്ള ഏകാന്തതയും, പിന്നെ എന്റെ അഭിപ്രായത്തില്‍ ജീവിതത്തിന്റെ സായാഹ്നങ്ങളില്‍ അവര്‍ക്ക് പുതിയ തലമുറ നല്‍കുന്ന ആവശ്യമില്ലാത്ത കുറെ restrictionsഉം.
    ഒരിലയുടെ സുഹൃത്തിന് അച്ഛന്റെ ചെറിയ മദ്യപാനം ലാഘവത്തോടെ കാണാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞത് ഒരു വലിയ കാര്യമാണ്. ഇതുപോലെ ഉള്ള മനോവികാസമുള്ള മക്കള്‍ കൂടുതലായി ഉണ്ടാകട്ടെ എന്നാഗ്രഹിക്കാം.

    ReplyDelete
  12. ശരിയാണു വല്ലാതെ നൊമ്പരപ്പെടുത്തിക്കളഞ്ഞു ഈ എഴുത്ത്. തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ മറന്ന് പോകുന്ന ഒരുപാട് കാര്യങ്ങള്‍..ഇന്നാകട്ടെ നാളെയാകട്ടെ എന്നു കരുതി മാറ്റി വെക്കുന്നവ. നമുക്കത് കൊച്ചു കാര്യങ്ങളാവാം,പക്ഷെ ജീവിത സായാഹ്നങ്ങളില്‍ എത്തിനില്‍ക്കുന്നവര്‍ക്ക് അത് ചെറുതല്ല. അവരെ ജീവിക്കാനും സന്തോഷിക്കാനും പ്രെരിപ്പിക്കുന്ന വലിയ കാര്യങ്ങളാണു.

    മാറ്റം നമ്മില്‍ നിന്നു തന്നെ ഉണ്ടാകട്ടെ...

    ReplyDelete
  13. ഇനി വയ്യ, എന്ന തോന്നല്‍ ... ആ മാനസികാവസ്ഥ എന്തായിരിക്കും.. ഒരു തരം വിഷാദ രോഗം മാറ്റരും തിരിച്ചറിയാതെ അവര്‍ നാളുകളായി അനുഭവിച്ചിരുന്നിരിക്കും. കൂടെ കഴിയുന്നവര്‍ക്കു പോലും മനസ്സിലാകില്ല അതൊന്നും.
    ഈ വിഷയം അവതരിപ്പിച്ചതിനു നന്ദി.

    ReplyDelete
  14. വല്ലാത്ത ഒറ്റപ്പെടലും മടുപ്പുമെല്ലാം പൊതിയും പ്രായമാകുമ്പോൾ. അമ്മുവേടത്തിയെക്കുറിച്ച് വായിച്ചപ്പോൾ എനിക്ക് പ്രിയപ്പെട്ട ഒരാൾ 80 വയസ്സിൽ ആത്മഹത്യ ചെയ്തത് ഓർത്തു. താങ്കൾ പറഞ്ഞപോലെ ചില ഷോക്ക് അബ്സോർബറുകൾ വേണം.വല്ലാത്തൊരു റോഡാണല്ലോ ഈ ജീവിതപ്പാത.

    ReplyDelete
  15. വായിച്ചു കഴിഞ്ഞപ്പോള്‍, വല്ലാത്ത ഒറ്റപെടല്‍.
    പലതും ചിന്തിക്കുന്നു...
    പലരെയും ഓര്‍ക്കുന്നു...

    ReplyDelete
  16. നന്നായെഴുതി ഒരിലേ..
    മരണം അതെങ്ങനെയൊക്കെ മോഹിപ്പിക്കുമെന്ന് ആര്‍ക്കറിയാം? ഏത് മുറിവിലൂടെയും ഇഴഞ്ഞെത്തി,വിഷാദം കുത്തിവെച്ച് കൊല്ലുന്ന വിഷപ്പല്ലുണ്ടാവുമതിന്.. മുതിര്‍ന്നാലും,ഇല്ലെങ്കിലും അതിജീവിച്ച് നില്‍ക്കാന്‍ കാരണങ്ങള്‍ കണ്ടെത്താനില്ലാത്തവര്‍ ഇങ്ങനെ പൊടുന്നനെ മാഞ്ഞ് കളയും നമുക്കിടയില്‍ നിന്നും :(

    ReplyDelete
  17. നമുക്കൊരിക്കലും അറിയാൻ കഴിയില്ല എന്തായിരുന്നിരിക്കും അവരുടെ മനസ്സിലെന്നു്.

    എന്റെ ഒരു അയൽക്കാരി ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്തു. മാരകമായ രോഗമുള്ള ഭർത്താവും (അദ്ദേഹവും പിന്നീട് മരിച്ചു) രണ്ട് ചെറിയ കുട്ടികളും. ആ ചെറിയ കുട്ടികളെ അനാഥരാക്കി പോകാൻ എന്തായിരുന്നിരിക്കും അവളെ പ്രേരിപ്പിച്ചതെന്നതു് ഇപ്പഴും ഒരു കടങ്കഥ.

    ReplyDelete
  18. നൊമ്പരപ്പെടുത്തി. തിരിഞ്ഞു നോട്ടം ഒരത്യാവശ്യം......സസ്നേഹം

    ReplyDelete
  19. സമാനമായ ചില സംഭവങ്ങളെയും
    ആളുകളെയും ഓര്‍ത്തുപോകുന്നു.
    ഓര്‍മ്മകള്‍ വേദനയാകുന്നു.

    ReplyDelete
  20. സായന്തനങ്ങളിലെ ജീവിതങ്ങളെ അറിയാതെ പോകുന്നത് അവരെ മരണത്തിലേക്ക് തള്ളി വിടുന്നത് ഒക്കെ നമ്മൾ തന്നെയാണ്, നമ്മളുൾപ്പെടുന്ന സമൂഹം..

    ReplyDelete
  21. കുട്ടികള്‍ അവരുടെ കാര്യം മാത്രം നോക്കി പോകുന്ന ഇക്കാലത്ത്‌ മുതിര്‍ന്നവരുടെ ഈ അരക്ഷിതവസ്താഭീതി സ്വാഭാവികം തന്നെ.

    ReplyDelete
  22. പറയാന്‍ ഒരുപാട് ഉള്ളപ്പോള്‍ കേള്‍ക്കാന്‍ ആരുമില്ലല്ലോ എന്ന തോന്നലാകാം
    ആത്മഹത്യയിലേക്ക് നയിക്കുന്നത്. വേറെ ഒന്നും എനിക്കിപ്പോ തോന്നുന്നില്ല.

    ReplyDelete
  23. ഒറ്റപ്പെടല്‍ അത് മരണത്തിനു തുല്യമാണ് ...ആശംസകള്‍

    ReplyDelete
  24. പുതിയതൊന്നും കണ്ടില്ല. എന്തെങ്കിലും എഴുതൂ പ്ലീസ്

    ReplyDelete
  25. പൂര്‍ണ്ണ വിരാമം .

    ReplyDelete
  26. "ഒരു പാടു കാലം കൊണ്ട് പഠിച്ച ജീവിത സത്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് തെളിയിച്ച് ഒറ്റയടിക്ക് തിരിഞ്ഞു നടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഈ ലോകം തങ്ങള്‍ക്ക് പറ്റിയതല്ലെന്ന തീര്‍പ്പ് തന്നെയാവണം".

    ReplyDelete
  27. എവിടെയാണ് ഒരില?

    ReplyDelete
  28. എവിടെ ഒരില?????????? Miss uuuuuuuuu..........

    അക്ഷരങ്ങള്‍ കൊണ്ട്,സാമൂഹിക ഇടപെടലുകള്‍ നടത്തി വെറുതെ അല്ല ഒരില എന്ന് തെളിയിച്ച ഇലയ്ക്ക് എത്രകാലം തളിര്‍ക്കാതിരിക്കാന്‍ കഴിയും...???

    പ്രതിഷേധത്തിന്റെ ഒരു ഇല അനക്കം നടത്താന്‍ പോലും നില്ക്കാതെ ഇത് എവിടെ പോയി ഒളിച്ചിരിക്കുന്നു???

    എത്ര കാലം അക്ഷരങ്ങളെ അട വെക്കും???

    ഇലക്കതിനു കഴിയ്യോ ???

    സൌമ്യദുരന്തത്തിന്റെ ഒരാണ്ട് തികഞ്ഞ അന്നും വന്നു നോക്കി.
    എന്ത് പറ്റി -ന്‍റെ ഇലേ???

    എഴുതൂ...ഇലയെ കാത്തിരിക്കുന്ന ഞങ്ങളെ നിരാശപെടുത്തരുത്.Miss ur writings.....

    ReplyDelete
  29. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    ReplyDelete
  30. ഇല പറന്നുപോയോ? ജീവനോടെ ആളെ കണ്ടെത്താന്‍ ഒരു ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ട് കേട്ടൊ...

    ReplyDelete
  31. എന്തിനാ ഇലേ വെറുതെ ഞങ്ങളെ വേദനിപ്പിക്കുന്നത്....?
    വന്നൂടെ ?
    എഴുതിക്കൂടെ ...?
    ഇനീം വന്നില്ലെങ്കില്‍ ഇലാ ന്നു വിളിക്കാതെ
    യഥാര്‍ത്ഥ പേര് പറഞ്ഞു ഞാന്‍ വിളിക്കും ട്ടോ.....:)

    ReplyDelete
  32. ആരും ചിന്തിക്കാത്ത അവലോകനങ്ങളാണല്ലോ അല്ലെ

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...