Thursday, October 6, 2011

സച്ചിദാനന്ദനും ട്രാന്‍സ്ട്രോമര്‍ക്കുമിടയില്‍ എന്റെ നൊബേല്‍ നേരങ്ങള്‍

നൊബേല്‍ പരിസരത്തെ സച്ചിദാനന്ദന്‍ ഉള്ളിലുണര്‍ത്തുന്ന ചില ചിന്തകള്‍. ഓര്‍മ്മകള്‍. സാധ്യതകള്‍ പറപ്പിച്ചുകളഞ്ഞ് 
മുന്നിലെത്തിയ ടോമാസ് ട്രാന്‍സ്ട്രോമറെ കുറിച്ചും.
1

അറിയാമായിരുന്നു, ആദ്യ അവസരത്തില്‍ തന്നെ നൊബേല്‍ സമ്മാനം സച്ചിദാനന്ദനിലേക്ക് എത്തില്ലെന്ന്.

അറിയാമായിരുന്നു,ലോകമെങ്ങും വായനക്കാരുള്ള, വിവര്‍ത്തനങ്ങളുള്ള, ഓരോ ദേശത്തിനും സ്വന്തം വാക്കുകളെന്നു തോന്നും വിധം സാര്‍വലൌകികമായ, വിവര്‍ത്തന സജ്ജ്മായ എഴുത്തുകളാണ് അപൂര്‍വം ചില സാഹചര്യങ്ങളൊഴിച്ചാല്‍, നൊബേല്‍ ഷെല്‍ഫിലേക്ക് ചെന്നു പെടാറുള്ളതെന്ന്.

അറിയാമായിരുന്നു,ലോകത്തിന്റെ എഴുത്തുകാരനായി മാറാനുള്ള ഊര്‍ജവും ഭാവുകത്വവും അകമേ വഹിക്കുമ്പോഴും സച്ചിദാനന്ദനും മലയാളത്തിനും ചെന്നെത്താന്‍ ഇനിയുമേറെ കരകള്‍ സാഹിത്യത്തിന്റെ മുന്‍ഗണനാക്രമങ്ങളില്‍ ശേഷിക്കുന്നുവെന്ന്.

അറിയാമായിരുന്നു, വിവര്‍ത്തനത്തിനു വഴങ്ങാത്ത ജൈവികമായ, തികച്ചും മലയാളിത്തമുള്ള അനേകം ഇടങ്ങള്‍ ഇപ്പോഴും ആ മനുഷ്യന്റെ കവിതകളില്‍ ആകാശം പോലെ ബാക്കി കിടക്കുന്നുണ്ടെന്ന്.

അറിയാമായിരുന്നു,അഡോണിസിനെ പോലെ പ്രിയപ്പെട്ട മറ്റനേകം എഴുത്തുകാര്‍ നൊബേല്‍ മുന്‍ഗണനയുടെ ഇത്തിരി വഴിയില്‍ പ്രഷര്‍ കുക്കറിലെന്നോണം പുറത്തുവരാന്‍ വിങ്ങിനില്‍ക്കുന്നുവെന്ന്.

അറിയാമായിരുന്നു, എന്താണ് നൊബേല്‍ യാഥാര്‍ഥ്യമെന്ന്.


2
എന്നിട്ടും, ദല്‍ഹിയില്‍നിന്ന്  ചങ്ങാതി ഫോര്‍വേഡ് ചെയ്തു തന്ന മെയിലില്‍ നൊബേല്‍ പരിഗണനക്കായി കൂട്ടിവെച്ച പേരുകള്‍ക്കിടയില്‍ സച്ചിദാനന്ദനെന്ന പേരു കണ്ടപ്പോള്‍ മുതല്‍ നെഞ്ചിടിപ്പേറി. ദൈവമേ, സച്ചിദാനന്ദന്‍!
ഒറ്റ വീര്‍പ്പിന് തൊണ്ടയില്‍ വന്നു നിറഞ്ഞു, ഇക്കാലമത്രയും വായിച്ച സച്ചിദാനന്ദന്റെ വാക്കുകളുടെ ക്ഷീരപഥങ്ങള്‍.  ഒന്നിച്ചാണ് വളര്‍ന്നതെന്ന് തോന്നിപ്പിക്കും വിധത്തില്‍ ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകള്‍ക്കൊപ്പം കൂട്ടു പോന്ന ആ കവിതയുടെ ഭാവുകത്വ വൈചിത്യ്രങ്ങള്‍.
അപ്പോഴേക്കും അറിയാതെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു, സച്ചിദാനന്ദന്റെ വാക്കുകളിലേക്ക് ലോകം ഒന്നിച്ചു പെയ്യണേ എന്ന്. ജൈവ മലയാളം ഒഴുകുന്ന ആ പുഴയുടെ സമൃദ്ധി തിരിച്ചറിയാനാവും വിധം ലോകത്തിന്റെ അളവുകോലുകള്‍ ഒറ്റയടിക്ക് മാറി മറ്റൊന്നാവണേയെന്ന അഭിലാഷം ഉല്‍ക്കടമായ വികാരത്തള്ളിച്ചയായി ഇടക്കിടെ പുറത്തുവന്നു കൊണ്ടിരുന്നു. പിറ്റേ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ആ വാര്‍ത്ത വീണ്ടും വീണ്ടും വായിച്ചു കൂട്ടുന്നതിനൊപ്പം  ഉള്ളിലെ കാറ്റു പിടിച്ച സ്വപ്നങ്ങള്‍ തുള്ളിത്തുളുമ്പി. കേള്‍ക്കാനാവും ആ വാര്‍ത്തയെന്ന്, എന്തിനെന്നില്ലാതെ മനസ്സിനെ ബോധ്യപ്പെടുത്തി തുടങ്ങി. സര്‍ക്കസിലെ മാജിക്കുകാരന്റെ കൈയിലെ മന്ത്രവടിപോലെ എറിഞ്ഞുകളഞ്ഞാലും പിന്നെയും പിന്നെയും കൈയിലേക്കു തന്നെ വന്നു ആ സ്വപ്നത്തെ പൊലിപ്പിക്കുന്ന അനേകം സാധ്യതകള്‍. ദല്‍ഹിയില്‍ നല്ല പിടിപാടുള്ളതു കൊണ്ടും മാര്‍ക്കറ്റിങ്  വശമുള്ളതു കൊണ്ടും മാത്രം ഒരാള്‍ക്കും നൊബേല്‍ സമ്മാനം തൊടാന്‍ കഴിയില്ലെന്നു പറഞ്ഞ ബാല്യകാല സുഹൃത്തും ദോഷൈകദൃക്കും ആഴമുള്ള വായനക്കാരനുമായ ചങ്ങാതിയോടു രോഷത്തോടെ പൊരുതി.  വെറുമൊരു പത്രക്കാരന്റെ സഹജ പുച്ഛം മാത്രമാണ് അവനെന്ന് പിന്നെയും പിന്നെയും കലിപ്പ് പറഞ്ഞൊഴിച്ചു.
കിട്ടിയ നേരങ്ങളില്‍ വീണ്ടും വീണ്ടും സച്ചിദാനന്ദന്‍െ കവിതകള്‍ വായിച്ചു നോക്കി. ഒരു കളളിയിലും പെടുത്താനാവാതെ കലങ്ങി മറിയുന്ന വൈവിധ്യങ്ങളുടെ അന്തര്‍പ്രവാഹങ്ങള്‍ പലവുരു ദര്‍ശിച്ചു. ഇപ്പോഴല്ലെങ്കില്‍ പിന്നൊരിക്കല്‍ ലോകത്തിന്റെ ശിഖരം താഴ്ന്നു വരുമെന്നും ഒരണ്ണാനെപ്പോലെ സച്ചിദാനന്ദന്‍ കവിത അതിലൂടെ പാഞ്ഞുകയറുമെന്നും ഉള്ളിലെ ശുഭാപ്തി വിശ്വാസി അടക്കം പറഞ്ഞു കൊണ്ടിരുന്നു. അന്നേരമാക്കെ വെറുതെ ആലോചിച്ചെടുത്തു, ആരായിരുന്നു എനിക്കീ മനുഷ്യനെന്ന്.


3
കവിത വായിച്ചാല്‍ മനസ്സിലാവാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. ചെറുപ്പത്തിലേ വായിച്ചതൊക്കെ അറ്റമില്ലാത്ത ഗദ്യമായിരുന്നു. അതില്‍തന്നെ കാര്യ കാരണ ബന്ധങ്ങള്‍ നെടുങ്കോട്ട പോലെ നില്‍ക്കുന്ന നോണ്‍ ഫിക്ഷന്റെ സാധാരണത്വത്തിലായിരുന്നു ഏറിയ നേരവും. ഭാഷയുടെ സമൃദ്ധിയെന്നോ, ചിന്തയുടെ പെരുമീന്‍ കലക്കങ്ങളെന്നോ തിരിച്ചറിയാനാവാതെ കവിത പിടി തരാത്ത ഒന്നായി കൊമ്പന്‍ മീശ പിരിച്ച് പേടിപ്പിച്ചു നിര്‍ത്തി.
പിന്നൊരിക്കല്‍ ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ബലപ്രയോഗത്തിലൂടെ എത്തിപ്പെടുകയായിരുന്നു  വിറയ്ക്കുന്ന വിരലുകളോടെ കവിതയുടെ മേശപ്പുറത്ത്. സ്കൂള്‍ യുവജനോല്‍സവത്തിന്റെ ഭാഗമായ കവിതാ രചനാ മല്‍സര വേദിയായിരുന്നു അത്. മല്‍സരിക്കാന്‍ ആള്‍ തികയാത്തതിനാല്‍ ചൂണ്ടയുമായിറങ്ങിയ ഒരധ്യാപകന് എന്നെ കാണിച്ചു കൊടുത്തത് എന്റെ ക്ലാസ് ടീച്ചറായിരുന്നു. പഠിക്കുന്ന കുട്ടി, അധ്യാപകരുടെ മക്കള്‍ എന്നിവയൊക്കെയായിരുന്നു പിടികൂടപ്പെടാനുള്ള മിനിമം യോഗ്യതകള്‍. അതില്‍ പെട്ടു പോയതിനാലാവണം എന്റെ നേര്‍ക്ക് ചുണ്ട പറന്നു വന്നത്.
അങ്ങനെ കവിതാ രചനാ മേശയില്‍. മുന്നിലൊരു കടലാസുണ്ട്. ബ്ലാക്ക് ബോര്‍ഡില്‍ ഒരു വിഷയവും. സന്ധ്യ. അനുഷ്ഠനം പോലെ മാത്രം രചനാ മല്‍സരങ്ങള്‍ നടന്നിരുന്ന ഒരു സ്കൂള്‍ ആയിരുന്നു ഞങ്ങളുടേത്. ആരോ ഇട്ടു കൊടുത്ത വിഷയത്തില്‍ കുട്ടികളെ പെറുക്കി വെച്ച് കൊത്തങ്കല്ലാടുന്ന ഒരു കോമണ്‍ മിനിമം പ്രോഗ്രാം.
സന്ധ്യയെക്കുറിച്ച് ഞാനെന്തെഴുതാന്‍. പാഠപുസ്തകത്തില്‍ ഒരു തരത്തിലും പിടി തരാതെ വഴുതുന്ന മീനാണ് കവിത. കാണാപ്പാഠം പഠിച്ച് മാര്‍ക്ക് വാങ്ങുന്നു എന്നതിനപ്പുറം കവിതയും ഞാനും തമ്മില്‍ കണ്ടാല്‍ തല്ലും എന്ന സ്ഥിതിയിലാണ്.
ആ ഞാനാണ്. കവിതയാണ്. സന്ധ്യയാണ്.
കടലാസിന്റെ വെളുപ്പ് നോക്കിനില്‍ക്കെ പേടി തോന്നിത്തുടങ്ങി. എനിക്കന്നേരം തറവാടു വീടിന്റെ മുകള്‍പ്പറമ്പുകളിലെ വൈകുന്നേരങ്ങള്‍ ഓര്‍മ്മ വന്നു. അവിടെയാണ് വസൂരി വന്ന കാലത്ത് ആളുകളെ ഒന്നിച്ചു കുഴിച്ചു മൂടിയ കിണര്‍. പറഞ്ഞു കേട്ടതായിട്ടും ആരൊക്കെയോ പറഞ്ഞുറപ്പിച്ച കഥകള്‍ കാരണം ഇത്തിരി ഇരുട്ടിയാല്‍ ആ വഴിക്ക് പോവാനേ ധൈര്യമില്ലാത്ത കുട്ടിയായിരുന്നു ഞാന്‍. പോവാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു സന്ധ്യക്കാണ് ഭയം അരൂപിയായ ഒരു പായക്കെട്ടു പോലെ എന്റെ മുന്നില്‍ താനേ വിരിച്ചിടപ്പെട്ടത്. ഒറ്റക്കരച്ചിലില്‍ മൂന്ന് ദിവസത്തേക്കുള്ള പനി കുടികിടപ്പുണ്ടായിരുന്നു.
പറഞ്ഞു വന്നത് സന്ധ്യയെക്കുറിച്ചാണ്. വസൂരിക്കിണറിന്റെ അരികിലൂടെ പേടിച്ചു പായുമ്പോള്‍ സന്ധ്യ വന്നെന്നെ തൊട്ടു എന്നോ മറ്റോ ആയിരിക്കണം എഴുതിപ്പോയത്. ഒറ്റ എഴുത്തിന് ഞാനാ കടലാസ് തീര്‍ത്തു.  അതു കഴിഞ്ഞ് വായിച്ചു നോക്കാന്‍ പോലും ഭയന്ന് കവിതയുടെ ചൂരല്‍ വടിയില്‍നിന്ന് ഞാനെന്റെ ക്ലാസിലേക്കു തന്നെ തെറിച്ചു വീണു.
ആ കവിതക്കാണ് സമ്മാനം കിട്ടിയത്. കവിത കൊള്ളാവുന്നതാവില്ല അതിനു കാരണമെന്ന് എനിക്കിപ്പോഴറിയാം. മാഷമ്മാരെ പേടിച്ച് വെള്ളക്കടലാസിനു മുന്നില്‍ ചെന്നു പെട്ട മറ്റാരും എഴുതിയിട്ടുണ്ടാവില്ല അത്രയേറെ. ഒരു ലേഖനമെഴുതും പോലെ എഴുതിത്തീര്‍ത്ത കാര്യങ്ങളില്‍ മരുന്നിന് പോലും ഇല്ലാതിരുന്നത് കവിത തന്നെയായിരുന്നു.
പിന്നെ, എന്റെ മലയാളം ടീച്ചര്‍, അവരായിരുന്നു ആ വിഷയം തെരഞ്ഞെടുക്കാനും വിധി നിര്‍ണയം നടത്താനും വിധിക്കപ്പെട്ടിട്ടുണ്ടാവുക, എന്നോട് പറഞ്ഞു. 'കവിതയാവുമ്പോള്‍ ഇടക്കൊക്കെ, ഹാ എന്നും അഹോ എന്നൊക്കെ വേണം. പരീക്ഷക്ക് എഴുതും പോലെ നേര്‍ക്കു നേര്‍ക്കല്ല കവിതയെഴുതുക. വരികള്‍ ഇടക്കിടെ മുറിക്കണം.'
ഗതികേടിന്റെ ഉച്ചസ്ഥായിയില്‍നിന്ന് ഞാനതിനെല്ലാം ഉത്തരം മൂളി.
അതിലേക്കു തന്നെ വന്ന വീണു, അടുത്ത വടിവാള്‍. ഉപജില്ലാ യുവജേനോല്‍സവം. അറുക്കാന്‍ കൊണ്ടുപോവുന്ന ആടിനെപ്പോലെ ഒരു നട്ടുച്ചക്ക് അടുത്ത പഞ്ചായത്തിലുള്ള വലിയ സ്കൂളില്‍ നനഞ്ഞ ചോക്കു കൊണ്ട് നമ്പറെഴുതിയ ഒരു ഡെസ്കില്‍ ഞാന്‍ ചെന്നുപെട്ടു. 'അതിത്തിരി കടുപ്പം തന്നെ'^ മല്‍സരം കഴിഞ്ഞ് വിഷയം പറഞ്ഞപ്പോള്‍ ടീച്ചര്‍ എന്നെ ആശ്വസിപ്പിച്ചു.
സമാഗമം എന്നതായിരുന്നു വിഷയം. വരികളില്‍ തലങ്ങും വിലങ്ങും മുറിച്ച് പുട്ടിന് തേങ്ങപോലെ 'ഹാ', 'അഹോ' എന്നിങ്ങനെ ശബ്ദങ്ങള്‍ ചേര്‍ത്ത് ഞാന്‍ കാച്ചിയ കവിത എന്നെ കാത്തു. ജില്ലാ തല മല്‍സരത്തിന് പോവേണ്ടതില്ലാത്ത വിധം ഞാന്‍ ഔട്ട്!


4
പിന്നെയാണ് കവിതാ വായന തുടങ്ങുന്നത്. ഇത്രയേ ഉള്ളൂ കവിത എന്ന ധൈര്യത്തില്‍ തന്നെയാവണം അതിന് ഒരുമ്പെട്ടിറങ്ങിയത്. കൈയില്‍ കിട്ടിയ പുസ്തകം നെഞ്ചത്തേക്ക് വലിച്ചിട്ടു തരുന്ന ഞങ്ങളുടെ ലൈബ്രറി മാഷ് എനിക്കു നേര വീശിയത് ഒരു കവിതാ പുസ്തകമായിരുന്നു. സച്ചിദാനന്ദന്റെ കവിതാ സമാഹാരം.  വീട്ടില്‍ ചെന്ന് അലസമായി അതു വായിച്ചു തുടങ്ങിയ ഞാന്‍ പെട്ടെന്ന് തന്നെ അതിനുള്ളിലെ ഊടുവഴികളിലേക്കും അവിടെ നിന്നങ്ങോട്ട്  പച്ചകൊണ്ട് ആകാശത്തെ മറക്കുന്ന കാടകത്തേക്കും കയറിപ്പോയി. എഴുപതുകളിലെ സവിശേഷ സാഹചര്യങ്ങള്‍ എഴുതിച്ച ചില കവിതകള്‍ അതിലുണ്ടായിരുന്നു. അതിന്റെ നട്ടുച്ചയോ അനിശ്ചിതത്വമോ മനസ്സിലാക്കാതെ തന്നെ ഞാനാ വരികളിലേക്ക് എടുത്തു ചാടി.
പിന്നെയാണ് വൈലോപ്പിള്ളിയിലേക്കും ഇടശേãരിയിലേക്കും പാത്തും പതുങ്ങിയും ചെന്നുനോക്കിയത്. അവിടെ നിന്നാണ് സുഗതകുമാരിയിലേക്കും അയ്യപ്പപ്പണിക്കരിലേക്കും ചുമ്മാ നടത്തങ്ങള്‍ തുടങ്ങി വെച്ചത്. ഒന്നും മനസ്സിലാവുന്നില്ല എന്ന ബോധ്യത്തിലും കവിത വായിക്കാന്‍ ഒരിഷ്ടം കിളിര്‍ത്തു വന്നതും അങ്ങനെയാണ്. കാലഗണനകളും ക്രമവുമില്ലാതെയായിരുന്നു ആ വായനകള്‍. കുഞ്ചന്‍ നമ്പ്യാരില്‍നിന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിലേക്കും   ഡി. വിനയചന്ദ്രനില്‍നിന്ന്  ആശാനിലേക്കും അവിടെ നിന്ന് ചങ്ങമ്പുഴയിലേക്കും ഒരു സംശയവുമില്ലാതെ മുങ്ങാം കുഴിയിട്ടു. പിന്നെപ്പിന്നെയാണ് കവിത ഉള്ളില്‍ രാപ്പാര്‍ക്കാന്‍ തുടങ്ങിയത്.


5
തീര്‍ച്ചയായും കവിത ആദ്യം കൊത്തിയത് സച്ചിദാനന്ദന്റെ കാട്ടുപാതയില്‍നിന്നു തന്നെയാണ്. രാഷ്ട്രീയവും സംസ്കാരവും പാരമ്പര്യവും സ്വപ്നങ്ങളും ഭാഷയും പരിസ്ഥിതിയും നാട്ടറിവുകളും മറുഭാഷാ വഴക്കങ്ങളും  ഇന്ത്യന്‍ കാവ്യവഴികളും വിവര്‍ത്തനസമുദ്രങ്ങളും രൂക്ഷ പ്രതികരണങ്ങളും സ്നേഹവും കരുണയും ഭീതിയും ആശങ്കയും സര്‍റിയല്‍ ബിംബങ്ങളും ആത്മീയതയും പോപ്പുലര്‍ കള്‍ച്ചറും ഉന്‍മാദവും മറ്റനേകം അനുഭവങ്ങളും കുത്തിമറിയുന്ന ആ ജലപ്രവാഹത്തില്‍ തന്നെയാണ്, അന്നുമിന്നും വൈയക്തികമായ അനേകം കപ്പല്‍ച്ചേതങ്ങളില്‍ ഞാന്‍ ചെന്നു നില്‍ക്കുന്നത്.  സമപ്രായക്കാരായ കവികളെ വായിക്കുംപോലെ തന്നെ  ഇപ്പോഴും കുടിച്ചു വറ്റിക്കാനാവും സച്ചിദാനന്ദന്‍ കവിതകള്‍. ഒരു ഭാവുകത്വ ബിന്ദുവിലും കെട്ടിയിടപ്പെടാത്ത അപാര പരിണാമങ്ങളുടെ കൊളാഷ് ആവുന്നതിനാലാവണം ഇത് സാധ്യമാവുന്നത്. മലയാളത്തില്‍ കവിയുടെ പൂര്‍ണ ജീവിതം ജീവിച്ചു തീര്‍ക്കുന്നത് ഈ മനുഷ്യന്‍ തന്നെയാണെന്ന്  സ്നേഹിച്ചും സംശയിച്ചും അകന്നും വീണ്ടുമടുത്തുമുള്ള സച്ചിദാനന്ദന്‍ വായനകള്‍ ബോധ്യപ്പെടുത്തുന്നു.
അതെ. അതു തന്നെയാവണം  എന്റെ നൊബേല്‍ പ്രതീക്ഷകള്‍ തിടം വെച്ചു പാഞ്ഞൊഴുകുന്നത്.


6
എന്റെ ആഗ്രഹങ്ങളുടെ നട്ടെല്ലിലേക്കു തന്നെയാണ് മൂര്‍ച്ചയുള്ള മിന്നല്‍ പാകി ആ വാര്‍ത്ത വന്നത്. സാഹിത്യ നൊബേല്‍ ടോമാസ് ട്രാന്‍സ്ട്രോമര്‍ക്ക്. സ്വിസ് കവിയും മനോരോഗ വിദഗ്ദനുമായ ട്രാന്‍സ്ട്രോമര്‍ സച്ചിദാനന്ദനടക്കമുള്ള എന്റെ ആഗ്രഹങ്ങളുടെ ഉടലില്‍ ചവിട്ടി ഒട്ടും ധൃതി കാണിക്കാതെ എന്നിലേക്കു വന്നു. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് സംസാര ശേഷി നഷ്ടപ്പെട്ട, 60 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട, 15 ലേറെ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച, സ്വീഡനിലെ ഏറ്റവും പ്രശസ്തനായ കവികളിലൊരാളായ ട്രാന്‍സ്ട്രോമര്‍ക്ക് അര്‍ഹതപ്പെട്ടതു തന്നെയാണ് ഈ പുരസ്കാരമെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നു. 2007ല്‍ ജെന്നി മൊറേലി അദ്ദേഹവുമായി നടത്തിയ സൌഹൃദം കലര്‍ന്ന അഭിമുഖം ഇപ്പോള്‍ വായിച്ചതേയുള്ളൂ. അതിലുണ്ട്, ആ മനുഷ്യന്‍ ജീവിക്കുന്ന പ്രപഞ്ചങ്ങള്‍. ചെറുപ്പക്കാര്‍ക്കുള്ള തടവറയില്‍ ഏറെ കാലം ജോലി ചെയ്ത, മനോരോഗ വിദഗ്ദനെന്ന നിലയില്‍ അനേകം മനസ്സുകളിലൂടെ കത്തിമുന പോലെ കടന്നു പോയ, വയലന്റായ ഒരു ലോകത്തിലും  പ്രാപ്പിടിയന്റേതുപോലുള്ള കാഴ്ചയില്‍ ലോകത്തെ വിവര്‍ത്തനം ചെയ്യുന്ന ട്രാന്‍സ്ട്രോമറുടെ  ചാതുരി ആ അഭിമുഖത്തിലുണ്ട്. കേവല യുക്തിയെ  മുറിച്ചു കടക്കുന്ന അതിവേഗ തീവണ്ടി പോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ലളിതവും അതേ സമയം  ഗൂഢവുമായ മറ്റൊരു ലോകം സൃഷ്ടിക്കുകയാണെന്ന് ഗാര്‍ഡിയന്‍ പത്രത്തിന്റെ വെബ്സൈറ്റില്‍ കണ്ടേത്തിയ ട്രാന്‍സ്ട്രോമര്‍ കവിതകള്‍ പറഞ്ഞു തരുന്നു.
വിവര്‍ത്തനത്തിന് സദാ സജ്ജ്മാണ് അദ്ദേഹത്തിന്റെ കവിതകളെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ ജൂലി ബോസ്മാന്‍ എഴുതിയ വാര്‍ത്ത പറഞ്ഞു തരുന്നു.


7
പിന്നെയാണ് ഓര്‍മ്മ വന്നത്, സ്വീഡിഷ് കവിതകളെ കുറിച്ചുള്ള ഒരു സമാഹാരത്തില്‍ ട്രാന്‍സ്ട്രോമറെ ഞാനും മലയാളത്തില്‍ വായിച്ചിട്ടുണ്ട്. ഏതാണ് ആ പുസ്തകമെന്ന് ഓര്‍മ്മിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് ഡി.സി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ കവറിലെ പെയിന്റിങാണ്. ആകാശം തൊട്ടു വരഞ്ഞ സ്വപ്നത്തിന്റെ ഇത്തിരിക്കരയാണ് അതില്‍.
പിന്നെയും ഓര്‍മ്മ വരുന്നു, അത് വിവര്‍ത്തനം ചെയ്തത് അതേ വിരലുകളാണ്.
ദൈവമേ, വീണ്ടും ആ വിരലുകളിലേക്കു തന്നെ വഴി നീളുന്നു.
സാക്ഷാല്‍ സച്ചിദാനന്ദന്‍!
 ..........................................................

പിന്നെ എഴുതിയത്


ഷെല്‍ഫില്‍ നിന്ന് കണ്ടുകിട്ടി ഇപ്പോള്‍, സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത റ്റൊമാസ് ട്രാന്‍സ്ട്രോമറുടെ കവിതകള്‍ അടങ്ങിയ
ആ പുസ്തകം. ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍: ആധുനിക സ്വീഡിഷ് കവിതകള്‍  എന്നാണ് പുസ്തകത്തിന്റെ പേര്.

ഡി.സി ബുക്സിനും സച്ചിദാനന്ദനും കടപ്പാട് രേഖപ്പെടുത്തി ഇതിവിടെ പകര്‍ത്തുന്നു.
നിങ്ങള്‍ക്ക് വായിക്കാന്‍ മാത്രം.


മാര്‍ച്ച് 1979
വാക്കുകളുമായി, ഭാഷയില്ലാതെ വെറും വാക്കുകളുമായി
വരുന്നവരില്‍ മടുത്ത് ഞാന്‍ മഞ്ഞു മൂടിയ
ദ്വീപിലേക്ക് കടന്നു ചെല്ലുന്നു.
മെരുക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ വാക്കുകളില്ല
എഴുതപ്പെടാത്ത താളുകള്‍ എങ്ങും പരന്നു കിടക്കുന്നു.
മഞ്ഞില്‍ ഒരു കലമാനിന്റെ
കുളമ്പടയാളങ്ങള്‍.
ഭാഷ, പക്ഷേ വാക്കുകളില്ല
തീക്കുറിപ്പുകള്‍
ആ ഇരുണ്ട മാസങ്ങള്‍ക്കിടയില്‍ എന്റെ പ്രാണന്‍
ജീവിച്ചുതിളങ്ങിയത് നിന്നെ പ്രണയിച്ചപ്പോള്‍ മാത്രം
മിന്നാമിനുങ്ങ് കത്തുകയും കെടുകയും
കത്തുകയും കെടുകയും ചെയ്യുമ്പോലെ
ഇരുളില്‍ ഒലീവ് മരങ്ങള്‍ക്കിടയില്‍ അത് പറക്കുന്നത്
നമുക്ക് മിന്നലാട്ടങ്ങളിലൂടെ പിന്‍തുടരാം.
ആ ഇരുണ്ട മാസങ്ങളിലുടനീളം ആത്മാവ്
ചുരുങ്ങി നിര്‍ജജീവമായി കിടന്നു
പക്ഷേ, ശരീരം നേരെ നിന്നിലേക്കു പോയി.
നീലകാശം അമറി;
നാം ആരും കാണാതെ പ്രപഞ്ചം കറന്നെടുത്ത്
അതിജീവിച്ചു
21 comments:

 1. പിന്നെയും ഓര്‍മ്മ വരുന്നു, അത് വിവര്‍ത്തനം ചെയ്തത് അതേ വിരലുകളാണ്.
  ദൈവമേ, വീണ്ടും ആ വിരലുകളിലേക്കു തന്നെ വഴി നീളുന്നു.
  സാക്ഷാല്‍ സച്ചിദാനന്ദന്‍!

  ReplyDelete
 2. thanks..ഒട്ടും സമയം കളയാതെ തന്ന ഈ കുറിപ്പിനു, അതില്‍ നിന്നു വഴി ചൂണ്ടുന്ന ഇടങ്ങള്‍ക്ക് ( ഞാനവയിലേയ്ക്കു പോയി വരാം.

  ReplyDelete
 3. ആ ജലപ്രവാഹത്തില്‍ തന്നെയാണ്, അന്നുമിന്നും വൈയക്തികമായ അനേകം കപ്പല്‍ച്ചേതങ്ങളില്‍ ഞാന്‍ ചെന്നു നില്‍ക്കുന്നത്.

  ഈ കുറിപ്പിന് നന്ദി.

  ReplyDelete
 4. എന്റെ ഏറ്റവും പ്രിയപ്പെട്ട കവികളില്‍ ഒരാളല്ല, പക്ഷേ പ്രിയപ്പെട്ട ഒരാളാണ്‌ സച്ചിദാനന്ദന്‍.
  കിട്ടില്ലെന്നറുപ്പള്ളപ്പോഴും നമ്മള്‍ വല്ലാതെ അഗ്രഹിക്കില്ലേ അങ്ങനായിരുന്നു സച്ചിദാനന്ദന്‍ വഴി നമുക്ക്, മലയാളത്തിനു
  ഒരു നോബല്‍ സമ്മാനം എന്നു തോന്നിയത്.
  ഇലാ ഭാവുകങ്ങള്‍.

  ReplyDelete
 5. ഞാനും മോഹിച്ചു, സച്ചിദാനന്ദനു്, മലയാളത്തിനു് അതു കിട്ടുമെന്നു്. അപ്പഴും മനസ്സ് പറയുന്നുണ്ടായിരുന്നു സാദ്ധ്യത തീരെ കുറവാണെന്നു്.

  ReplyDelete
 6. അറിവ് പകരുന്ന ലേഖനത്തിന് ആശംസകൾ

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. പോസ്റ്റ് നന്നായി, മാഷേ...

  ReplyDelete
 9. അർഹിച്ചിരുന്നു ആ സമ്മാനം. അത് കിട്ടിയില്ലെങ്കിലും അത് കിട്ടാൻ സാദ്ധ്യതയുള്ളവരുടെ ലിസ്റ്റിൽ ആ പേരുണ്ടായിരുന്നല്ലോ, അങ്ങനെയെങ്കിലും ആ മനുഷ്യൻ ആദരിക്കപ്പെട്ടു, ആദരിക്കപ്പെട്ടത്‌ ആ മനുഷ്യൻ മാത്രമല്ല അദ്ദേഹം എഴുതിയിരുന്ന ഒരു ഭാഷ കൂടിയാണ്‌, അതെ, രണ്ടായിരമോ നാലായിരമോ വർഷത്തെ പാരമ്പര്യമോ പോരിശയോ ഒന്നുമില്ലാത്ത ഒരു പാവം ഭാഷ, നമ്മുടെ ഭാഷ... അതെ നമുക്ക് നന്ദിയുള്ളവരാകാം...

  ReplyDelete
 10. കവിതയായതു കൊണ്ടാകും ഈ പേരു പോലും ഞാനിപ്പോഴാണു കേള്‍ക്കുന്നത്. കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. പിന്നെ സച്ചിദാനന്ദന്‍ ,നേരത്തെ പറഞ്ഞ പോലെ കവിതകള്‍ കാണാറുണ്ട്. അതിന്റെ അന്തരാര്‍ത്ഥങ്ങളൊന്നും എനിക്ക് പിടികിട്ടില്ല. മലയാളത്തില്‍ എഴുതീത് കൊണ്ട് നോബല്‍ സമ്മാനം കിട്ടാത്ത എത്ര മഹാസാഹിത്യകാരന്മാരാണു നമുക്ക് അല്ലേ..
  പോസ്റ്റ് നന്നായി കേട്ടോ..താങ്കളുടെ ശൈലി എനിക്കിഷ്ടമാണു.

  ReplyDelete
 11. വളരെ നന്നായി ഈ കുറിപ്പ്. ഇന്നു ജീവിച്ചിരിക്കുന്നവരിൽ സച്ചിയെപ്പോലെ എന്നെ ആഹ്ലാദിപ്പിച്ച മറ്റൊരു മലയാളകവി ഇല്ല. ട്രാന്‍സ്ട്രോമറുടെ കവിതകൾക്കും താങ്കളോട് നന്ദി പറയട്ടെ!

  ReplyDelete
 12. "ചെമ്പക ചെറു മൊട്ടില്‍ മണം ഉറങ്ങുമ്പോലെ...
  കനകത്തിന്‍ നിറമാകെ നിറയുന്ന പോല്‍
  മുളകില്‍ എരിവെന്ന പോല്‍ ...
  നീയെന്നില്‍ അടി മുടി പരന്നതറിയാതെ....നീ"
  -:സച്ചിദാനന്ദന്‍

  ReplyDelete
 13. എണ്‍പതുകളില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളെജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു സച്ചിദാനന്ദന്‍ സാര്‍. ഞാനുള്‍പ്പെടുന്ന ഒന്നാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് കവിതകള്‍ പഠിപ്പിക്കാനായി ക്ലാസ്സില്‍ വന്നപ്പോഴാണ് ആദ്യമായി അദ്ദേഹത്തെപ്പറ്റി അറിയുന്നത്. ആദ്യത്തെ ക്ലാസ്സ് ഇംഗ്ലീഷ് കവിതയുടെ ചരിത്രത്തേക്കുറിച്ചും കാലാകാലങ്ങളില്‍ അതിനു വന്ന അവസ്ഥാന്തരങ്ങളേക്കുറിച്ചും അതിനു കാരണക്കാരായ കവികളേക്കുറിച്ചും അവരുടെ രചനാശൈലികളേക്കുറിച്ചും മറ്റുമുള്ള ഒരു പ്രഭാഷണമായിരിന്നു. മുന്നിലിരിക്കുന്ന ഓരോവിദ്യാര്‍ത്ഥിയുടേയും കണ്ണുകളിലേയ്ക്ക് മാറിമാറി നോക്കി അദ്ദേഹം തുറന്നുവിട്ട അനര്‍ഗ്ഗളമായ ആ വാഗ്‌ധോരണിയുടെ കുത്തൊഴുക്കില്‍ ഞങ്ങളൊക്കെ മുങ്ങിപ്പൊങ്ങി. മലയാളം മീഡിയത്തില്‍ പഠിച്ചിറങ്ങിയ ചിലര്‍ക്ക് താങ്ങാവുന്നതിനപ്പുറത്തെ വാചാലതയായിരുന്നു അത്. പക്ഷേ ക്ലാസ്സിലുണ്ടായിരുന്ന മിക്കവരേയും വളരേയധികം ആവേശം കൊള്ളിച്ച വര്‍ണ്ണാഭമായ ഒരു പ്രകടനമായിരുന്നു അത്. ഇന്നും അതിയായ ആഹ്ലാദത്തോടെയേ എനിക്കത് ഓര്‍ക്കാനാകൂ. അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ഞാനൊരിക്കലും വിട്ടിട്ടില്ല. ആ ഒരു വര്‍ഷം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായിരുന്നുവെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് വലിയ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് അദ്ദേഹത്തിന്റേയും അരുണ്‍ ഷൂറിയുടേയും ഭാഷാവൈഭവം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചെറിയ പ്രയത്നങ്ങളുടെ ഫലമാണെന്നു തോന്നുന്നു.

  "കവിത പിടി തരാത്ത ഒന്നായി കൊമ്പന്‍ മീശ പിരിച്ച് പേടിപ്പിക്കുന്ന" ഒന്നാണ് ഇന്നും എനിക്ക് :). അതുകൊണ്ട് കാവ്യാത്മകമായി രചിച്ച ഈ ഗദ്യം വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാലും ഞങ്ങളുടെ പ്രിയപ്പെട്ട മാഷിനേക്കുറിച്ച് ഇത്ര സ്നേഹപൂര്‍വ്വം ഒരു ലേഖനമെഴുതിയതിന് വളരേ നന്ദി!

  ReplyDelete
 14. പകര്‍ന്നു തന്ന അറിവുകള്‍ക്ക് നന്ദി. പതുക്കെ നടന്നു നോക്കട്ടെ ആ വഴികളിലൂടെ...

  ReplyDelete
 15. "ആ ഇരുണ്ട മാസങ്ങള്‍ക്കിടയില്‍ എന്റെ പ്രാണന്‍
  ജീവിച്ചുതിളങ്ങിയത് നിന്നെ പ്രണയിച്ചപ്പോള്‍ മാത്രം"
  ചിലപ്പോഴൊക്കെ എന്റെ മനസ്സിലേക്ക് പെയ്തിറങ്ങിയ ഊര്‍ ജം ഈ വരികള്‍ ..ഉദാത്തമായ വരികളിലൂടെ മനുഷ്യ പ്രാണനെ ഉല്‍കൃഷ്ട പ്രണയത്തിന്റെ ഉത്തുംഗതയിലെത്തിക്കാനാവുക ചുരുക്കം ചില കവികള്‍ക്ക് മാത്രം സാധ്യം ..എന്റേയും പ്രിയപെട്ട കവിയും കവിതകളും സചിദാനന്ദനും അദ്ദേഹത്തിന്റെ സൃഷ്ടികളും തന്നെ.."ടോമസ് ട്രന്സോമാര്‍ക്ക് "നേരത്തെ വിശേഷിപ്പിച്ച ഉല്‍കൃഷ്ടം, ഉദാത്തം ,ശ്രേഷ്ഠം എന്നൊക്കെ പറഞ്ഞാലും എനിക്ക് മതിയാകില്ല..നല്ലതിനെ നല്ലതെ തിരിച്ചറിയൂ..അതു കൊണ്ടാണല്ലൊ ഒരു നിമിത്തം പോലെ സച്ചിദാനന്ദന്‍ മാത്രം ടോമസ് കവിതകളെ മലയാള ഭാഷക്ക് പരിചയപ്പെടുത്തിയത്..

  ReplyDelete
 16. സാഹിത്യലോകത്തിനു ഒരുപാട് കൃതികൾ സമ്മാനിച്ച വ്യക്തിയാണ് മാഷ്.. ഓർമ്മക്കുറിപ്പ് നന്നായി.. ആ ലിങ്കുകളിലൊക്കെ ഒന്നു പോയി നൊക്കട്ടെ

  ReplyDelete
 17. ഈ കുറിപ്പ് ഇപ്പോൾ ആവശ്യമായിരുന്നു
  അറിയാത്ത കുറെ കാര്യങ്ങൾ അവസരൊചിതമായി പകർന്നു കിട്ടി
  നന്ദി.....
  ലിങ്കുകളിലേയ്ക്ക് പോവുന്നേയുള്ളു..ഇവിടെ തന്നെ വന്നതു വൈകിപ്പോയി

  ReplyDelete
 18. ..a very interesting read..i like the way you merge the personal with the subject in hand..

  ReplyDelete
 19. I hvnt read much of Sachidanandan.Like the lines quoted by vellaripravu.And I like your way with words,orila. see u again!

  ReplyDelete
 20. kaviye paatiyulla kavyathmakamaaya chithrreekaranam hridyamayi. pakshe swanthamaayi/kki pattippidichunilkkunna vishadam thaamarathadiloode pinnokkampoya brahmavinte ravankottayiloodeyulla yaathrapole...

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...