Thursday, September 22, 2011

പനിക്കിടക്കയിലൊരാള്‍

പനി ചിലര്‍ക്ക്, ചില നേരങ്ങളില്‍ ഒരാശ്വാസമാണ്. നിര്‍ത്താത്ത ഓട്ടങ്ങള്‍ക്കിടെ കിട്ടുന്ന നിര്‍ബന്ധിത വിശ്രമാവസ്ഥ. അതിന്റെ സന്തോഷത്തെക്കുറിച്ച്. അന്നേരം കേട്ട പാട്ടുകളെ കുറിച്ച്. 
അരികില്‍വന്ന ഓര്‍മ്മകളെ കുറിച്ച്. 

  പനിയായിരുന്നു. ദിവസങ്ങള്‍ നീണ്ട  യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ തന്നെ പനി കൂടെ ഉണ്ടായിരുന്നു. യാത്രാക്ഷീണത്തില്‍ ഞാന്‍ ഉറങ്ങിപ്പോയപ്പോള്‍ അങ്ങേര് നിര്‍ത്താതെ പണിയെടുത്തു. രാവിലെ എഴുന്നേറ്റത് കടുപ്പമുള്ളൊരു ചുമയിലേക്കാണ്. പിന്നെ, തുമ്മല്‍. ജലദോഷത്തിന്റെ തലതെറിച്ച അസ്വസ്ഥതകള്‍ക്കൊടുവില്‍ അറിയിപ്പുണ്ടായി. പനി!
പിന്നൊരു പെയ്ത്തായിരുന്നു. പനിയോ പനി. പുറത്ത് നല്ല മഴ. ഇടക്കിടെ ഇടിയും മിന്നലും. പനിയുടെ മിന്നലില്‍ ഞാനെന്നെത്തന്നെ കണ്ടു കൊണ്ടിരുന്നു.  പല കാലങ്ങളിലെ പനിയോര്‍മ്മകള്‍. രാത്രിയില്‍ ചിലപ്പോഴൊക്കെ പനി കൂടി. അന്നേരമൊക്കെ വിചിത്രമായ സ്വപ്നങ്ങള്‍ കണ്ടു. പല നിറങ്ങള്‍. പല സ്വരങ്ങള്‍. ഓര്‍മ്മയില്‍നിന്ന് ആരൊക്കെയോ ഇറങ്ങി അടുത്തു വന്നിരുന്നു.
പിറ്റേന്ന്, ഡോക്ടര്‍ പേടി തീര്‍ത്തു തന്നു. വൈറല്‍ ഫീവര്‍ തന്നെ.
മരുന്നു ചെന്നപ്പോള്‍  ഇത്തിരി ആശ്വാസമായി. പിന്നെ അങ്ങിനെ കിടന്നു. എനിക്ക് ഈയിടെ പനി ഉണ്ടായിരുന്നു എന്ന് പറയുന്നിടം വരെ.
അന്നേരമാണ് ശരിക്കും ഓര്‍ത്തത്,അടുത്തൊന്നും ഇതു പോലെ വെറുതെ ഇരുന്നിട്ടില്ലല്ലോ. തിരക്കുകളുടെ തിക്കുമുട്ടലിനിടെ വിശ്രമിച്ചിട്ട് കാലമേറെയായി. ഒരു ജോലി തീരുമ്പോള്‍ അടുത്തത് വന്ന് മുന്നില്‍ നില്‍ക്കുന്നുണ്ടാവും. അസൈന്‍മെന്റുകളുടെ ക്യൂ കഴിഞ്ഞ് നടത്തേണ്ട യാത്രകളും വായിക്കേണ്ട പുസ്തകങ്ങളും കാണേണ്ട സിനിമകളും കേള്‍ക്കേണ്ട പാട്ടുകളും ഒരിക്കലും നടക്കാത്ത കാര്യങ്ങളായി ജീവിതമാകെ തിങ്ങിനിറഞ്ഞു കഴിഞ്ഞു.
എന്നാല്‍, ശരിക്കൊന്ന് വിശ്രമിക്കാമെന്നു തന്നെ വെച്ചു. പരമാവധി നേരങ്ങളില്‍ ഫോണ്‍ ഓഫ് ചെയ്തു. ഇന്റര്‍നെറ്റ് ഏതോ അന്യഗ്രഹ ജീവിയെ പോലെ മാറി നിന്നു. ചെയ്യേണ്ട ജോലികളുടെ ലിസ്റ്റും കാണേണ്ട ആളുകളുടെ പട്ടികയും മനസ്സില്‍ നിന്ന് കുറച്ചു ദിവസത്തേക്കെങ്കിലും ഇറക്കി വെച്ചു. വല്ലാത്തൊരു സമാധാനത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത് എന്നു മനസ്സിലായി.
വീട്ടുകാരോട് പഴയ പോലെ വര്‍ത്തമാനങ്ങള്‍ പറയാന്‍ നേരം കിട്ടി. കാണാന്‍ വരുന്ന അപൂര്‍വം ചങ്ങാതിമാരോട് പഴയതും പുതിയതും പറഞ്ഞ് ചുമ്മാ ഇരുന്നു. അങ്ങനെ ഒറ്റപ്പെട്ട ഒരു തുരുത്തിന്റെ ഉള്ളില്‍നിന്ന് ആളനക്കങ്ങളുടെ നേരങ്ങളിലേക്ക്.




പാട്ടുകള്‍ക്കൊപ്പമായിരുന്നു ആ ദിവസങ്ങള്‍. എത്രയോ നാളായി കേള്‍ക്കാത്ത പാട്ടുകള്‍ ഗുഹകളില്‍നിന്ന് വീണ്ടും ഇറങ്ങി വന്നു. മലയാളവും ഹിന്ദിയും തമിഴും ഇംഗ്ലീഷും മാറി മാറി മുറിയില്‍ തത്തിക്കളിച്ചു.
ഓര്‍മ്മകളുടെ വീട്ടില്‍ ഓരോ പാട്ടിനും ഓരോ ഇടമുണ്ട്. ഓരോ പാട്ടിനൊപ്പവും ഓര്‍മ്മകളിലൂടെ, ഭൂതകാലത്തിലൂടെ നടക്കാനുള്ള സാധ്യതകള്‍.  ഒരു പക്ഷേ, വെറുതെയിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന സൌഭാഗ്യം. ഒപ്പം ജീവിച്ച പല മനുഷ്യരിലൂടെ, നടന്ന പല സ്ഥലങ്ങളിലൂടെ, കഴിഞ്ഞ പല കാലങ്ങളിലൂടെ പാട്ടിന്റെ കൈ പിടിച്ച് വീണ്ടുമൊരു നടത്തം.
അഭി എന്നൊരുചങ്ങാതിയുണ്ടായിരുന്നു. കിഷോര്‍ കുമാറിന്റെ പാട്ടുകളില്‍ തറഞ്ഞുപോയൊരു ജന്‍മം. ഒരു പാടു നാള്‍ക്കു ശേഷം അവനെ ഓര്‍മ്മ വന്നു, ഒരു പാട്ടിനൊപ്പം നടന്നപ്പോള്‍.
കോളജില്‍ പഠിക്കുമ്പോള്‍ നടത്തിയ ഒരു വിനോദ യാത്രയുടെ ഓര്‍മ്മ വന്നു, ഒരു പാട്ട് കേട്ടപ്പോള്‍. നീണ്ട യാത്രയിലെ ഏതോ രാത്രിയില്‍, ഉറക്കത്തില്‍ കണ്‍തുറന്നപ്പോള്‍ മുന്നില്‍ ഒരു കായല്‍! അതില്‍ വീണലിഞ്ഞു കിടക്കുന്നു, വൈദ്യുതി വിളക്കുകളുടെ ജലചലനങ്ങള്‍. മഞ്ഞയും നീലയും ചേര്‍ന്ന് വരച്ചൊരു എണ്ണച്ചായ ചിത്രം. കാഴ്ചക്ക് അകമ്പടിയായി ബസിലൊരു പാട്ടു മൂളുന്നുണ്ടായിരുന്നു. നീലക്കണ്ണാ എന്നുതുടങ്ങുന്നൊരു പഴയ ഗാനം. അതിനു ശേഷം അതു പലപ്പോഴും കേട്ടിട്ടുണ്ട്. പല തിരക്കുകള്‍ക്കുമിടയില്‍. എന്നാല്‍, ഇന്നത് കേള്‍ക്കുമ്പോള്‍ ഒറ്റയടിക്ക് മുറിയില്‍ ഇരച്ചെത്തി, രാവെളിച്ചങ്ങളുടെ കായല്‍ക്കരയില്‍ കണ്‍ മിഴിച്ചുനിന്ന ആ രാത്രി.
ചെറുപ്പത്തില്‍ പഴയ പാട്ടെന്നു കേട്ടാല്‍ കലിയായിരുന്നു. ഇഴഞ്ഞും ഞരങ്ങിയും വയസ്സന്‍ കാളവണ്ടി പോലെ കുടമണി കിലുക്കി വരുന്ന ഒന്നായാണ് അന്നതിനെ കണ്ടത്. ടേപ്പ് റെക്കോര്‍ഡറില്‍ സദാ പഴയ പാട്ടുകള്‍ കേട്ടു കൊണ്ടിരുന്ന അച്ഛനോട് അന്നെപ്പോഴോ തോന്നിയ ഇഷ്ടക്കേടുമുണ്ടായിരിക്കാം അതിനു പിന്നില്‍. അന്ന് ഹിറ്റായിരുന്ന ചില പുതിയ ഹിന്ദിപ്പാട്ടുകള്‍ ഒച്ചത്തില്‍ പ്ലേ ചെയ്യിച്ച് ഞാനതിന് പകരം വീട്ടാന്‍ പലപ്പോഴും ശ്രമിച്ചു. 'ഇതൊക്കെ പാട്ടാണോ, ചവറ്'^എന്ന് അച്ഛന്‍ പലപ്പോഴും രോഷത്തോടെ പ്രതികരിച്ചു.
എന്നാല്‍, കോളജിലെത്തിയതോടെ ഇഷ്ടങ്ങള്‍ തലകീഴ് മറിഞ്ഞു. പഴയ പാട്ടുകളിലേക്ക് മെല്ലെ മെല്ലെ ഇറങ്ങി ചെന്നു. കാമ്പസില്‍ നിന്നു കിട്ടിയ ചില ചങ്ങാതിമാരായിരുന്നു നിമിത്തം.
 ഹോസ്റ്റല്‍ മുറിയിലെ പഴയ പാട്ടുപെട്ടിയില്‍ നിന്ന് ബാബുരാജ് ഇറങ്ങിവന്നു. എസ്. ജാനകിയും കമുകറയും ബ്രഹ്മാനന്ദനും  പഴയകാല യേശുദാസും ഇഷ്ടക്കാരായി. മുഹമ്മദ് റഫിയിലൂടെ, മുകേഷിലൂടെ, കിഷോര്‍ കുമാറിലൂടെ പതുക്കെ തലത്ത് മഹമൂദിലേക്കും കുന്ദന്‍ലാല്‍ സൈഗാളിലേക്കും യാത്ര പോയി. ഭുപീന്ദറും ഗീതാദത്തും നൂര്‍ജഹാനും അരികിലെത്തി. മദന്‍മോഹന്‍ സംഗീതം നല്‍കി തലത്ത് പാടിയ ഫിര്‍വൊഹീ ശാം രാപ്പകല്‍ അലയടിച്ചു. എത്ര കേട്ടാലും മതിവരാതെ തലത്തു നിന്നുപാടി.
കാല്‍പ്പനിക വിഷാദങ്ങളുടെ നേരങ്ങള്‍ക്കിടയിലെപ്പോഴോ ഗസലുകള്‍ പെയ്തു തുടങ്ങി. ആദ്യം പങ്കജ് ഉദാസും ജഗ്ജിത് സിംഗുമായിരുന്നു. പിന്നെയത് മെഹ്ദി ഹസനിലേക്കും ഗുലാം അലിയിലേക്കും തിരിഞ്ഞു. മിര്‍സാ ഗാലിബിന്റെ കവിതകളിലെ അന്തം വിട്ട പ്രണയത്തിലും ആത്മീയതയിലും മനസ്സിന്റെ പെന്‍ഡുലം തറഞ്ഞുപോയി.
പി.ജി കാലത്ത് ബോണിഎമ്മും ബീറ്റില്‍സും ഈഗിള്‍സും വന്നു കൊത്തി. കെനി റോജെഴ്സും ജിം റീവ്സും മുതല്‍ കേട് കൊബൈനും (അതെങ്ങിനെ എഴുതുമാവോ മലയാളത്തില്‍) മഡോണയും ജാക്സനും ഉറ്റവരായി. ഈഗിള്‍സിന്റെ ഹോട്ടല്‍ കാലിഫോര്‍ണിയയയുടെ ഒരിക്കലും ചെക്ക് ഔട്ട് ചെയ്യാനാവാത്ത അകത്തളങ്ങളില്‍ ഭീതി കുടിച്ച് കാലങ്ങളോളമിരുന്നു. അന്നേരവും ആരോ വന്നു ചൊല്ലി.
Welcome to the hotel california
Such a lovely place
Such a lovely face...
പനിയെക്കുറിച്ച് പറഞ്ഞ് പാട്ടുകളിലെത്തി. ഇതു തന്നെയായിരുന്നു സത്യത്തില്‍ പനിക്കിടക്കയിലും സംഭവിച്ചത്. പനിക്കു ശേഷം കിട്ടിയ ചെറിയ ഇടവേള മുഴുവന്‍ പാട്ടുകളും ഓര്‍മ്മകളും കൊത്തിയെടുത്തു കൊണ്ടുപോയി. അതിന്റെ വല്ലാത്ത ശാന്തയും സമാധാനവും ഇപ്പോള്‍ മനസ്സിലുണ്ട്.



കുട്ടിക്കാലത്തു തുടങ്ങിയതാണ് പനിക്കിടക്കയോടുള്ള പ്രിയം.
എങ്ങും പോവണ്ട. രാപ്പകല്‍ മൂടിപ്പുതച്ച് കിടക്കാം.  അമ്മയുടെ സാമീപ്യം.നെറ്റിയിലും നെഞ്ചിലും പുരട്ടിത്തരുന്ന വിക്സ്. നിര്‍ബന്ധിച്ചുള്ള മരുന്നു കഴിപ്പിക്കല്‍. കഞ്ഞിയും പയറും. ഇതൊക്കെയായിരിക്കണം പനി എന്നു പറയുമ്പോള്‍ ഹാ, കൊള്ളാം എന്ന് ആലോചിക്കാവുന്ന അവസ്ഥയില്‍ എത്തിച്ചത്. തീരെ ആരോഗ്യം കുറഞ്ഞ കുട്ടിയായിരുന്നു ചെറുപ്പത്തില്‍. ഇടക്കൊക്കെ പനി വരും. ഇത്തിരി മുതിര്‍ന്നപ്പോഴാണ് അത് ഇല്ലാതായത്.
എന്നാല്‍, മുതിര്‍ന്നപ്പോഴും പനിക്കിടക്കയിലെ ദിവസങ്ങളോടുള്ള പ്രിയം കുറഞ്ഞില്ല. ഒഴിവു ദിവസം പോലും വീട്ടില്‍ ഇരിക്കാറില്ല. ഹോസ്റ്റലില്‍നിന്ന് വീട്ടിലെത്തിയാല്‍ പോവും വരെ തിരക്കാവും. പല നാടുകളിലെ ജോലി സ്ഥലങ്ങളില്‍നിന്ന് വരുമ്പോഴും വീട്ടില്‍ ഇരിക്കാന്‍ സമയം കിട്ടാറില്ല. പിന്നെ, ഒന്ന് വിശമ്രിക്കുന്നത്, സമാധാനമായി വെറുതെ ഇരിക്കുന്നത് പനിക്കുമ്പോഴാണ്. അതിനാല്‍, ചെറിയ പനി വരുമ്പോഴേ വീട്ടില്‍ ചെന്നടിയും. ചുരുങ്ങിയത് ഒരാഴ്ച എങ്കിലും വീട്ടില്‍നിന്നിറങ്ങില്ല. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇതാവര്‍ത്തിക്കാറുണ്ട്.
പനിച്ചൂടില്‍ മൂടിപ്പുതച്ച് കിടക്കാനാണ് എനിക്കിഷ്ടം. അമ്മയുടെ പരിഗണനയും സാമീപ്യവുമൊക്കെ നിര്‍ബന്ധം. വെറുതെ കിടന്ന് അങ്ങനെ ഉറങ്ങും. നല്ല പനിയെങ്കില്‍ വിചിത്ര  സ്വപ്നങ്ങള്‍ കൂട്ടുവരും.നിറപ്പകിട്ടുള്ള അപര ലോകങ്ങള്‍. വായിച്ചും കേട്ടുമറിഞ്ഞ പല രൂപങ്ങളും ജീവികളും ഇമേജുകളും കത്തിജ്വലിക്കുന്ന നിറങ്ങളോടെ സ്വപ്നത്തില്‍  നിറയും.  പിന്നെ, പാട്ട്. നിര്‍ത്താതെ പാടിക്കൊണ്ടേയിരിക്കും അരികെ ആരെങ്കിലും.
ഇപ്പോള്‍ അവസ്ഥകളൊക്കെ മാറി. അടുത്ത് അമ്മയില്ല. വീടില്ല. മറ്റൊരിടത്ത്, മറ്റൊരു സാഹചര്യത്തില്‍. തിരക്കുകള്‍ മാത്രമേ മാറാതെ ബാക്കിയുള്ളൂ. പനിക്കിടക്കയിലെ ദിവസങ്ങളും.



എന്നാല്‍, എന്നും നിലനില്‍ക്കില്ല. പനിയോടുള്ള പ്രേമം. രണ്ട് വര്‍ഷം മുമ്പൊരു പെരുമഴക്കാലത്ത് അത് തട്ടിത്തൂവിപ്പോയി. അതു കൂടെ പറയാതെ ഇത് പൂര്‍ണമാവില്ല.
ചികുന്‍ ഗുനിയയായിരുന്നു വില്ലന്‍. കൊടുങ്കാറ്റടിക്കുന്നതു പോലെയായിരുന്നു അത്. ജോലി ചെയ്തു കൊണ്ടിരിക്കെ വെട്ടിയിട്ടതു പോലെ ഒറ്റ വീഴ്ച. പിന്നെ പനിയായിരുന്നു. ഒരാഴ്ച. ശരീരമാസകലം വേദന. ഭ്രാന്തമായ സ്വപ്നങ്ങള്‍ ഇടതടവില്ലാതെ പെയ്ത നിദ്രകള്‍. എഴുന്നേറ്റിരിക്കാന്‍ പോലും വയ്യാത്തത്ര അവശത. ആഴ്ചകള്‍ക്കുശേഷം എങ്ങിനെയോ കരകയറിയിട്ടും ശരീരവേദനകള്‍ നിലനിന്നു. ഒരു പാടു കാലം കഴിഞ്ഞു, ആ വേദന പോവാന്‍. ഇപ്പോഴും വരാറുണ്ട് ആ വേദനയുടെ നിഴലുകള്‍.
സത്യത്തില്‍ പനിയല്ല. ആ പേരു പറഞ്ഞ്, വെറുതെയിരിക്കാനാവുന്ന ആ അവസ്ഥ തന്നെയാണ് എനിക്ക് പ്രിയങ്കരം. അത്തരത്തില്‍ ഒരു തിരുത്തു നല്‍കാതെ ഈ കുറിപ്പ് അവസാനിപ്പിക്കരുതെന്ന് വിളിച്ചു പറയുന്നു, ഉള്ളിലെ പഴയ ചികുന്‍ ഗുനിയാ ഓര്‍മ്മ :-)


26 comments:

  1. സത്യത്തില്‍ പനിയല്ല. ആ പേരു പറഞ്ഞ്, വെറുതെയിരിക്കാനാവുന്ന ആ അവസ്ഥ തന്നെയാണ് എനിക്ക് പ്രിയങ്കരം. അത്തരത്തില്‍ ഒരു തിരുത്തു നല്‍കാതെ ഈ കുറിപ്പ് അവസാനിപ്പിക്കരുതെന്ന് വിളിച്ചു പറയുന്നു, ഉള്ളിലെ പഴയ ചികുന്‍ ഗുനിയാ ഓര്‍മ്മ :-)

    ReplyDelete
  2. ഈ ലേബല്‍ അസ്സലായി, ഓര്‍മ്മ, പനി, വിശ്രമം, സംഗീതം, സ്വപ്നം... സത്യം എല്ലാമിതിലുണ്ട്. ( പനിക്കിടക്ക നിരോധിക്കപ്പെട്ട കുറെ ജന്മങ്ങളുണ്ട് .. അമ്മമാര്‍, വീട്ടമ്മമ്മാര്‍, ഏതു പനിയും അവരെ കിടത്തില്ല, കാലില്‍ അദൃശ്യചക്രങ്ങളുള്ളതുപോലെ എപ്പോഴും ചുറ്റിക്കൊണ്ടിരികും. )സുഖമായി വന്നതില്‍ സന്തോഷം...

    ReplyDelete
  3. പനി എല്ലാവര്‍ക്കും ഓര്‍മ്മകളുടെ ചാകരയാണ്‍.. പനിയില്‍ മൂടിപുതച്ച് കിടക്കാന്‍ ഉത്തരവാദിത്വങ്ങള്‍ സമ്മതിക്കാറില്ലെങ്കിലും കിട്ടുന്ന സമയങ്ങള്‍ പാഴാക്കാറില്ല. പുതപ്പിനുള്ളില്‍ ഞാനും പനിയും കൂട്ടുകാരാവുമ്പോള്‍ ബാല്യകാലസഖിയായ ഓര്‍മ്മകളും കൂടെകൂടും.. ഒരിക്കലും തിരിച്ചു ലഭിക്കാത്ത ആ സുഖമുള്ള ഓര്‍മ്മകള്‍ക്കൊപ്പം പനിയും പോയി മറയും..നന്നായെഴുതി..

    http://thedreamywingzz.blogspot.com/2011/09/blog-post.html ഇതുമൊരു പനിയാണ്‍.!!

    ReplyDelete
  4. അതാണല്ലേ ഈയിടെ കാണാത്തെ. എന്തായാലും സുഖമായല്ലൊ.നല്ലത്. പിന്നെ സ്മിത പറഞ്ഞത് പോലെ പനിയായാലും വെറുതെ മൂടിപ്പിടിച്ച് കിടക്കാനാകൂല ഞങ്ങള്‍ക്ക്. അണുകുടുംബമാകുമ്പോഴുള്ള പ്രശ്നങ്ങള്‍.

    ഈ പനിയോര്‍മ്മ നന്നായി എഴുതിയിരിക്കുന്നു.ആശംസകള്‍.

    ReplyDelete
  5. പനി ചിലര്‍ക്ക്, ചില നേരങ്ങളില്‍ ഒരാശ്വാസമാണ്. നിര്‍ത്താത്ത ഓട്ടങ്ങള്‍ക്കിടെ കിട്ടുന്ന നിര്‍ബന്ധിത വിശ്രമാവസ്ഥ.
    പനിയോര്‍മ്മ നന്നായെഴുതി..ആശംസകള്‍.

    ReplyDelete
  6. പാതിമയക്കത്തില്‍ കഴുത്തിലും നെറ്റിയിലും ഒരു സ്പര്‍ശനം, “അതിനു വയ്യ “ എന്ന പതുങിയ ഒച്ചയില്‍ ഒരു പരാമര്‍ശം , ഉറക്കത്തില്‍ ഒന്നു തിരിഞ്ഞാല്‍ പതുക്കെ തേടിവരുന്ന കയ്യുകള്‍, ഇതിനു വേണ്ടീ എത്രയോ ദിവസങളില്‍ കാത്തിരുന്നിരിക്കുന്നു എന്നേ മുതിര്‍ന്നുപോയ ഈ മൂത്തമകള്‍..............അതെ മോഹിപ്പിക്കുന്നു ഒന്നങനെ പനിക്കാന്‍.
    അതിനൊപ്പം ഈ വിഭ്രമക്കാഴ്ച്ചകളും കൂടിയായെങ്കില്‍. എവിടേ, കാണുന്നതു മുഴുവന്‍ അടുക്കളയിലെ ഉപ്പിന്റേം മുളകിന്റേം ചെപ്പുകളായിരിക്കും .
    കുറച്ചുനാള്‍ കാണാതിരുന്നെങ്കിലും ഒത്തിരിദൂരം കൊണ്ടുപോകാനായി ഈ എഴുത്തിന് . ആശംസകള്‍

    ReplyDelete
  7. ഒരു പനി വന്നപ്പോഴേക്കും ഞങ്ങളേം അക്ഷരങ്ങളേം മറന്നു ല്ലേ?
    സാരില്ലാട്ടോ...
    എന്തായാലും പനി മാറിയല്ലോ.
    ചിഗുന്‍ ഗുനിയയുടെ വില്ലത്തരങ്ങള്‍ മറക്കണ്ട.
    ഒരിക്കല്‍ പിടിപെട്ടാല്‍ പൂര്‍ണമായി വിട്ടുപോകില്ലത്രെ....ജാഗ്രതൈ!!

    ReplyDelete
  8. ഒരു പനിയേപ്പറ്റി പോലും എന്തെല്ലാം എഴുതാം അല്ലേ. വല്ലഭനു പുല്ലും ആയുധം.

    എനിക്കു കൂട്ടുണ്ടായിരുന്നത് ആസ്ത്മയാണ്. വീട്ടുകാരുടെ പ്രത്യേക പരിഗണനകളും പരിചരണവും പാട്ടുമൊക്കെ അതുപോലെത്തന്നെ. ആസ്ത്മക്കാരനു പക്ഷേ നിറപ്പകിട്ടുള്ള അപരലോകങ്ങളൊന്നും കാണാനാവില്ല.

    നന്നായി എഴുതി, എന്ന് എടുത്തുപറയണ്ടല്ലോ. കുറേ നാളത്തേയ്ക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. വൈറ്റമിന്‍ സി, ഡി എന്നിവയടങ്ങുന്ന ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കുക. പിന്നെ പതിവായി എഴുതുക ;) ക്ഷീണമൊക്കെ മാറും.

    ReplyDelete
  9. ആഹാ..........ഈ പനിക്ക് ഇത്രേം വല്യ സാധ്യതകള്‍ ഉണ്ടായിരുന്നൂന്നോ..? :)
    ഒന്ന് പനിച്ചു കിടക്കാത്തവര്‍ ആരുണ്ടാവും.....
    അന്നേരം അനുഭവിക്കുന്ന അമ്മയുടെ സ്നേഹം അതെത്ര വയസ്സായാലും നമുക്ക് മറക്കാന്‍ പറ്റില്ലല്ലേ...
    ചെയ്യേണ്ട കാര്യങ്ങളൊക്കെ നമ്മടെ ഡോക്ടര്‍കൊച്ചേച്ചി പറഞ്ഞിട്ടുണ്ട് മറക്കേണ്ട.........
    some dance to remember
    some dance to forget..
    ഹോട്ടല്‍ കാലിഫോര്‍ണിയ എന്റെയും
    ഇഷ്ട്ടഗാനമാണ് :)

    ReplyDelete
  10. എനിക്കും പനിച്ച് കിടക്കാന്‍ വല്യ ആഗ്രഹമാണ്..പക്ഷെ ഒരിക്കലും പനിയെനിക്കങ്ങനെ കൂട്ടായി പുതപ്പിനുള്ളില്‍ കൂടാന്‍ വന്നിട്ടില്ല.അഥവാ വന്നാല്‍ തന്നെ ഞാന്‍ ശരിക്കും ഒരു രോഗിയുടെ മേലാപ്പെടുത്തണിഞ്ഞ് പനിക്കിടക്കയിലേക്ക് കടക്കുമ്പോഴെക്കും അതു പനി പിണങ്ങിപ്പോയ കിടക്ക മാത്രമായിട്ടുണ്ടാകും ..എങ്കിലും രണ്ട് മൂന്നു മണിക്കൂര്‍ നേരത്തേക്കെങ്കിലും വരുന്ന ആ അതിഥി എനിക്ക് ഒരു ദിവസത്തേക്ക് ദേഹമാസകലം നുറുങ്ങുന്ന വേദനകള്‍ സമ്മാനിച്ചാണെന്നെ പിരിഞ്ഞ് പോകാറ്..പിന്നെ ഗാനങ്ങള്‍ ..അതും എന്റെ ദൌര്‍ബല്യം ..കെന്നി റോജെര്‍സും ലയണല്‍ റിച്ചിയുമൊക്കെ കോളേജ് കാലത്തെ പ്രണയാതുരമാക്കിയ ശബ്ദങ്ങള്‍ ..പിന്നീടെപ്പോഴൊ ബ്ര്യാന്‍ ആഡമ്സിന്റെ ഹസ്കിനെസ്സില്‍ അനുരാഗിണിയായി..പിന്നെ റഫിയുടെ പ്രണയഗാനങ്ങള്‍ ,ഗുലാം അലിയുടെ വിരഹഗാനങ്ങള്‍ ,മുകേഷിന്റെ നൊമ്പരഗാനങ്ങള്‍ ..എല്ലാം ഒരു പനിക്കിടക്കയിലല്ലെങ്കിലും ഇന്നും കേള്‍ക്കാനായി പാതിരാ വരെ യു റ്റ്യൂബില്‍ തിരഞ്ഞിരിക്കും ..ഈ പനിക്കഥയും പനിക്കിടയിലെ വ്യാക്കൂണ്‍ പോലെ കേള്‍ക്കനാഗ്രഹിച്ച ഗാനങ്ങളും എന്നേയും ഒരു പനിക്കിടക്കയിലാക്കിയെങ്കില്‍ എന്നു ചിന്തിപ്പിച്ചു..നല്ല എഴുത്ത്...സുഖമുള്ള വായന..എന്നത്തേയും പോലെ....

    ReplyDelete
  11. പ്രിയപ്പെട്ടവരെ,
    ഒരു പാടു സന്തോഷമുണ്ട്.
    ഈ നല്ല വരികള്‍ക്ക് നിറഞ്ഞ മനസ്സോടെ
    നന്ദി പറയുന്നു.

    ReplyDelete
  12. പനിച്ചിന്തകൾക്ക് ഒരു കുളിരുണ്ട്. അതു മുഴുവൻ ഈ കുറിപ്പിലുണ്ട്.

    ReplyDelete
  13. ചെറുതായിരുന്നപ്പോൾ എനിക്കും ഇഷ്ടമായിരുന്നു പനി വരുന്നതു്. മരുന്ന്, കഞ്ഞി, ശുശ്രൂഷ. ഇപ്പോ ഇഷ്ടമില്ല.

    ReplyDelete
  14. ഒരിലയെ മ്മടെ സര്‍ക്കാര്‍ കാണണ്ട പനിയുടെ സാദ്യതയെ കുറിച്ച് ബോധ വല്‍ക്കരണം നടത്താന്‍ വിളിച്ചേനെ
    ഉര്‍വശീ ശാപം ഉപകാരം എന്നല്ലാതെ എന്താ പറയുക

    ReplyDelete
  15. പനിയെ ഇഷ്ടപ്പെടുന്നതു കൊണ്ടാവും ഈ പോസ്റ്റിഷ്ടായി...ന്നാലും സൂക്ഷിക്കണം ട്ടോ..

    ReplyDelete
  16. ഓര്‍മ്മയുടെ വീട്ടില്‍ ഓരോ പാട്ടിനും ഒരിടമുണ്ട്.
    മനോഹരം ട്ടോ.
    അവസനത്തെ ചിക്കന്‍ ഗുനിയ കൂടി ചേര്‍ത്തില്ലായിരുന്നെങ്കില്‍ സത്യാമായും ഞാന്‍
    ഒരു വിയോജനക്കുറിപ്പെഴുതുമായിരുന്നു.

    ReplyDelete
  17. "പനി ചിലര്‍ക്ക്, ചില നേരങ്ങളില്‍ ഒരാശ്വാസമാണ്. നിര്‍ത്താത്ത ഓട്ടങ്ങള്‍ക്കിടെ കിട്ടുന്ന നിര്‍ബന്ധിത വിശ്രമാവസ്ഥ." സത്യം ... :)

    ReplyDelete
  18. ഇങ്ങനെ പനിക്കൊതി കൊതിപ്പിക്കല്ലേ.!.. എത്ര പനികള്‍ വന്നു പോയി. പാരസറ്റമോള്‍ വിഴുങ്ങി ഓഫീസില്‍ വന്നിരുന്നു പണിയും. പിന്നെ വീട്ടില്‍ പണിയും. എന്റെ പനികള്‍ എന്നെ ഇങ്ങനെയൊന്നും സഹായിച്ചില്ലല്ലോ എന്നോര്‍ത്ത് കുശുമ്പു വരുന്നു. ഇനി പനി വരട്ടെ. വെറുതെ വിട്ടാല്‍ പറ്റില്ല.

    നല്ല എഴുത്താണു ഒരിലെ. കുറച്ചു കാലമായി കാണാറില്ലായിരുന്നു. പനിയാഘോഷമായിരുന്നു,ല്ലേ. എന്തായാലും സുഖമായി വന്നതില്‍ സന്തോഷം.

    ReplyDelete
  19. നല്ല ഒരു കുറിപ്പ്.
    നന്ദി.

    ReplyDelete
  20. ഈ പറഞ്ഞ പനി മഴ തിമിര്‍ത്തു പെയ്യുന്ന ദിവസങ്ങളില്‍ പിടിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം..
    മഴയുടെ പാട്ട് കേട്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുക...
    പനിയും പനിക്കൂര്‍ക്കയും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ആവോ?

    ReplyDelete
  21. എന്റെ എലിപ്പനി ഓര്‍മ്മകള്‍..ഉഹ്!!

    ReplyDelete
  22. പപ്പടം ചുട്ടതും കഞ്ഞിയും പനിയോടൊപ്പം ഓര്‍മകളില്‍ ഓടിയെത്തുന്നു.

    ReplyDelete
  23. നല്ല എഴുത്ത്! ഉഷാറായി മുന്നോട്ടു പോട്ടെ!!!

    "പനിമണക്കുമീ.. രാത്രിയില്‍...
    കര്‍ക്കിടക ചുമര് ചാരി ഞാനിരിക്കവേ..."
    പപ്പന്‍ കാവുമ്പായിയുടെ വരികള്‍ ഓര്‍മ്മപ്പെടുത്തുന്നു

    സസ്നേഹം,
    ദിവ്യ നെടുങ്ങാടി

    ReplyDelete
  24. കൊള്ളാല്ലോ കുളിരു കോരിക്കും പനി വിശേഷങ്ങള്‍!

    ReplyDelete
  25. സമാധാനമായി ഒന്ന് പനിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്പൊ . . .
    എന്നാലും ഒന്ന് പനിക്കാൻ തോന്നുന്നു....
    എനിക്ക് പനിയാണ് എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ ഉള്ള പാടായിരുന്നു എന്നും പ്രശ്നം !!!!

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...