Monday, May 2, 2011

അന്ധത ഒരു നിറമാണ്

അന്ധത മൂടിയ സഹജീവികളുടെ നിറങ്ങളിലേക്ക് ഒരു തിരിഞ്ഞു നടത്തം


 അന്ധരുടെ ലോകം വെറുമൊരു കൌതുകമായി കുട്ടിക്കാലത്തേ മനസ്സിലുണ്ടായിരുന്നു. അക്കാലങ്ങളില്‍ വായിച്ച ഏതൊക്കെയോ പുസ്തകങ്ങള്‍ നിക്ഷേപിച്ച ബോധം. കണ്ണു കാണാത്തവരുടെ ലോകം വല്ലാത്തൊരു വിസ്മയമായി ഉള്ളില്‍ നിറഞ്ഞപ്പോള്‍ ഒരു നാള്‍ കണ്ണടച്ച് വെറുതെ പടികളിറങ്ങി നോക്കി. മുട്ടനൊരു വീഴ്ചയായിരുന്നു ഫലം. ഉരഞ്ഞു പൊട്ടിയ മുട്ട് തടവിയിരിക്കുമ്പോള്‍ എന്താണ് ആ വീഴ്ചയുടെ ഗുട്ടന്‍സെന്ന് ആരോടും പറഞ്ഞില്ല.എന്നാല്‍, അത്തരം പരീക്ഷണങ്ങള്‍ പിന്നെയുണ്ടായില്ല.
അക്കാലത്ത് ഉള്ളില്‍ കുടിയേറിയ ഏതോ ഒരു റഷ്യന്‍ പുസ്തകത്തില്‍ കണ്ണു കാണാത്തൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. എല്ലാ റഷ്യന്‍ കഥകളിലെയും പോലെ നടാഷ എന്നോ മറ്റോ പേരുണ്ടായിരുന്ന ഒരുവള്‍.  ചിത്രകാരിയായിരുന്ന അമ്മയോട് അവള്‍ നിറങ്ങളെ കുറിച്ചന്വേഷിക്കുന്നതും മറ്റുമായിരുന്നു കഥ. 
സങ്കല്‍പ്പത്തില്‍ പല ലോകങ്ങള്‍ മെനഞ്ഞ് ഒറ്റക്കിരിക്കുന്ന കുട്ടിയായിരുന്നു ഞാനന്ന്. മനസ്സ് കൊണ്ട് ഞാനാ കൂട്ടുകാരിയുമായി സഹവര്‍തിത്വം സ്ഥാപിച്ചു. വെള്ളാരങ്കണ്ണുകളും കടലാസു പോലെ വെളുത്ത തൊലിയുമൊക്കെയായി അവളെ ഞാന്‍ മനസ്സില്‍  സങ്കല്‍പ്പിച്ചെടുത്തു. എനിക്കറിയുന്ന ഭാഷയില്‍ ഞാനവളെ പൂക്കളുടെ ചുമപ്പും ഇലകളുടെ പച്ചയും ആകാശ നീലയും മനസ്സിലാക്കാന്‍ ശ്രമിച്ചു. എത്ര പറഞ്ഞിട്ടും മനസ്സിലാവാത്ത റഷ്യന്‍ ഭാഷയില്‍ അവള്‍ തന്നെ നിസ്സഹായത ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും  നിറങ്ങളുടെ എനിക്കറിയുന്ന യാഥാര്‍ഥ്യം അവളെ ബോധ്യപ്പെടുത്താന്‍ വീണ്ടും വീണ്ടും ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.
കുട്ടിക്കാലത്തിന്റെ കുതൂഹലങ്ങള്‍ മാറി തുടങ്ങിയ ഏതോ കാലത്താണ്  അവള്‍ എന്റെ കാഴ്ചയില്‍നിന്നു മറഞ്ഞത്.  പുതിയ പുസ്തകങ്ങളില്‍നിന്ന് അതിലും കൌതുകകരമായ സ്വഭാവ വിശേഷങ്ങളുമായി മറ്റു പലരും സങ്കല്‍പ്പ ലോകത്തേക്ക് വന്നതാവാം കാരണം. ആലീസും  സിന്‍ഡ്രല്ലയും അത്ഭുത വാനരന്‍മാരും ആലിബാബയും നാറാണത്ത് ഭ്രാന്തനുമൊക്കെ  വെഞ്ചാമരം വീശുന്ന കൌതുകങ്ങളുടെ ഘോഷയാത്രയില്‍നിന്ന് ആ റഷ്യന്‍ പെണ്‍കുട്ടി ആരുമറിയാതെ ഇറങ്ങിപ്പോയതാവാനും  സാധ്യതയുണ്ട്. എന്തായാലും  പുതിയ കഥാപാത്രങ്ങളും ഭാവനാ ലോകങ്ങളും ചേര്‍ന്ന് അവളെ കാണാത്ത വിധം എന്നെ ഏതോ ഒളിവിടങ്ങളില്‍ താമസിപ്പിച്ചു എന്നതാണ് നേര്. 

രണ്ട്


കാലമേറെ കഴിഞ്ഞ് കോളജ് പഠനകാലത്താണ് ആദ്യമായി യഥാര്‍ഥ അന്ധത മനസ്സിലാവുന്നത്. അവരുടെ ലോകങ്ങളിലെ നിഴലും വെളിച്ചവും പോലും പിന്നെ കണ്ടറിഞ്ഞു. 
ഹോസ്റ്റലിലെ താഴത്തെ നിലയിലെ ആദ്യ മൂന്ന് മുറികളില്‍ അന്ധ വിദ്യാര്‍ഥികളായിരുന്നു.  കട്ടിച്ചില്ലുള്ളതോ കറുത്തതോ ആയ കണ്ണടകളായിരുന്നു അവരുടെ മുഖത്ത് ഒട്ടിച്ചു വെച്ച അടയാള വാക്യങ്ങള്‍. അത് വായിച്ചും കണ്ടും പതിയെ ഞാനാ മുറികളില്‍ പതിവുകാരനായി. ഹോസ്റ്റലില്‍നിന്ന്കോളജിലേക്കു തപ്പിത്തടഞ്ഞു പോവുന്ന അവരെ ക്ലാസിലെത്തിക്കാന്‍  ഉല്‍സാഹം കാട്ടിയതോടെ അവരില്‍ പലരും അടുത്ത ചങ്ങാതിമാരായി. പല പേരുകളുണ്ടായിട്ടും അവരെല്ലൊം പല കാര്യങ്ങളിലും ഒരു പോലെയായിരുന്നു. അവര്‍ക്കു മീതെ അന്ധത വല്ലാത്തൊരു പുതപ്പ് എടുത്തിട്ടിരുന്നു.
ഹോസ്റ്റലില്‍നിന്ന് കോളജിലേക്കുള്ള വഴി ചെങ്കുത്തായ ഒരു കയറ്റമായിരുന്നു. ചെറിയ നടപ്പാതയുടെ ഇരു വശത്തും താഴ്ച്ചയാണ്. കണ്ണു കാണാത്തൊരാള്‍ക്ക് തീര്‍ച്ചയായും ദുര്‍ഘടമായ ആ വഴി എത്ര പെട്ടെന്നാണ് അവര്‍ ഹൃദിസ്ഥമാക്കുന്നതെന്ന് പലപ്പോഴും അമ്പരന്നിട്ടുണ്ട്. കണ്ണു കാണുന്ന ഞങ്ങളിലാരും കൂട്ടില്ലാത്ത ദിവസങ്ങളിലും അവര്‍ കൂട്ടം ചേര്‍ന്ന് ആ വഴി നടന്നു കയറി കോളജിലെത്തി. വഴി തീരുന്നിടത്ത് വലിയൊരു മരം താഴേക്ക് കമ്പുകളാഴ്ത്തിയിരുന്നു. അവിടെയെത്തുമ്പോള്‍ കൃത്യമായി മറ്റെല്ലാവരെയും പോലെ അവര്‍ തല താഴ്ത്തി. കമ്പുകള്‍ തീരുന്നിടത്ത് തല ഉയര്‍ത്തി. 
 മൂന്ന് മുറികളിലെയും അന്ധരായ സുഹൃത്തുക്കള്‍ രാത്രി തുടങ്ങുമ്പോള്‍ ഒരു മുറിയില്‍  ഒത്തു ചേരും. രാത്രിയിലെ മടുപ്പിക്കുന്ന ചില നേരങ്ങളില്‍ ഞാനവരുടെ മുറിയില്‍ പോയിരിക്കാറുണ്ടായിരുന്നു. നന്നായി പാട്ടു പാടുന്നവരുണ്ടായിരുന്നു അവരില്‍. നല്ല രസികന്‍ പാട്ടുകളും തമാശകളുമൊക്കെയായി സന്തോഷകരമായ നേരങ്ങള്‍.
എന്നാല്‍, അത്ര നല്ല സ്വീകരണമായിരുന്നില്ല ആദ്യ കാലങ്ങളില്‍ ആ മുറികളില്‍ എനിക്കു ലഭിച്ചത്. ചെവി പൊട്ടുന്ന തെറികളാലാണ് അവരെന്നെ അഭി സംബോധന ചെയ്തത്. ആദ്യമൊക്ക എനിക്കതില്‍ അമ്പരപ്പായിരുന്നു പിന്നെ കാര്യം പിടികിട്ടി. കാഴ്ചയില്ലായ്മയേള്‍ അവരെ അലട്ടിയത് മറ്റുള്ളവരുടെ സഹതാപമായിരുന്നു. മറ്റുള്ളവരെ പോലെയാണ് തങ്ങളുമെന്ന് കാണിക്കാനുള്ള കുറുക്കു വഴിയായിരുന്നു ആ തെറിയുല്‍സവങ്ങള്‍.  അതേ തെറി തിരിച്ചു വിളിക്കാനും ആര്‍ത്തു പാടാനും ഞാനും പഠിച്ചതോടെ പ്രശ്നമവിടെ തീര്‍ന്നു. പിന്നീടുള്ള നാളുകള്‍ പല തരം കഥകള്‍ കൊണ്ടും തമാശകള്‍ കൊണ്ടും മുറി കൊഴുത്തു.

മൂന്ന്

  വ്യത്യസ്തമായിരുന്നു അവരുടെ ജീവിത കഥകള്‍. പല സമയത്തു വന്നു പെട്ട അന്ധതയുടെ ഊരാക്കുടുക്കുകള്‍ തമാശയെന്നോണം അവര്‍ പറഞ്ഞൊഴിച്ചു. 
ബാബു പണ്ടേ അന്ധനാണ്. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവന്റെ കണ്ണില്‍  ഇരുട്ടാണ്. അന്ധനെന്ന പരിഗണനയോടുള്ള വിദ്വേഷം ഊട്ടി വളര്‍ത്തുന്നതായിരുന്നു  വീട്ടിലെ സാഹചര്യം. ജീവിതം മുഴുവന്‍ തന്റെ കാഴ്ച ഇരുട്ടു തന്നെയായിരിക്കുമെന്ന് അവനുറപ്പായിരുന്നു. അത് സ്വാഭാവികമെന്നോണം അവന്‍ അംഗീകരിച്ചിരുന്നു.
അനില്‍ ഒരു ദുരന്ത കഥാപാത്രമാണ്. അഴിക്കുന്തോറും കുതറി മാറുന്ന  വല്ലാത്തൊരു കുരുക്കായിരുന്നു അവന് അന്ധത. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വന്നൊരു പനിയാണ് അവന്റെ കാഴ്ച അടച്ചു കളഞ്ഞത്. അതിനു ശേഷമുള്ള എട്ടു വര്‍ഷങ്ങള്‍ ഇരുട്ടിലായിരുന്നു അവന്‍. പത്തില്‍ നല്ല മാര്‍ക്ക് വാങ്ങിയ അവന്  നേത്ര ശസ്ത്രക്രിയ നടത്താന്‍ സ്ഥലത്തെ ഒരു കലാ സമിതി മുന്നിട്ടിറങ്ങി. കാര്യങ്ങള്‍ അതിന്റെ വഴിക്കു നടന്നപ്പോള്‍ അവന്റെ കണ്ണുകളില്‍ കാഴ്ച മങ്ങിത്തെളിഞ്ഞു.
 പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ അവന്‍ പൂവും ആകാശവും കൊതിയോടെ കണ്ടു നടന്നു. പേരുകേട്ടൊരു സംഗീത കോളജില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടി.  ക്ലാസ് തുടങ്ങുന്ന ആഴ്ച അവന്റെ ജീവിതത്തില്‍ വീണ്ടും ദുരന്തമെത്തി. സഹോദരനൊപ്പം ബൈക്കില്‍ പോവുമ്പോള്‍ ഒരപകടം. തലയിടിച്ചു വീണ അവന്‍ കണ്ണു തുറന്നത് അന്ധതയിലേക്കായിരുന്നു. അതിന്റെ സങ്കടത്തില്‍ അവനൊരു വര്‍ഷം പഠിക്കാനേ പോയില്ല. പിന്നെ, ഞങ്ങളുടെ കോളജിലേക്ക് കട്ടിക്കണ്ണടയുമായി അവനെത്തി. കാഴ്ച  ഒളിച്ചു കളിനടത്തുന്ന അവന്റെ കണ്ണുകള്‍ക്ക് ഇനിയൊരു ശസ്ത്രക്രിയ താങ്ങാനാവില്ലെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ സമ്പൂര്‍ണമായ ഒരിരുള്‍ ജീവിതത്തിന് മനസ്സ് പാകപ്പെടുത്തുകയായിരുന്നു അന്നവന്‍.
സുരേഷും അരുണുമെല്ലാം ഏറിയും കുറഞ്ഞും ഇതേ അനുഭവത്തിന്റെ പല വഴികള്‍ പങ്കുവെച്ചു. സൈമണിന്റെ കഥ എന്നാല്‍, വ്യത്യസ്തമായിരുന്നു.  യു.പി സ്കൂളില്‍ പഠിക്കുമ്പോഴാണ് കണ്ണു കാണുന്നവരുടെ പട്ടികയില്‍നിന്ന് അവന്‍ പുറത്തായത്. ഉച്ചയൂണു കഴിഞ്ഞ് വീടിനടുത്തുള്ള സ്കൂളിലേക്ക് ആഞ്ഞു നടക്കുകയായിരുന്നു അവന്‍. കുറച്ചു ചെന്നപ്പോള്‍ പൊടുന്നനെ രാത്രിയായതു പോലെ തോന്നി. പെരു മഴയുടെ വരവാണെന്ന് ആദ്യം തോന്നി. പിന്നെ, രാത്രിയായെന്നും.  മുന്നില്‍ വന്ന ആരോടോ അവന്‍ ഇതെന്തേ ഇത്ര  വേഗം രാത്രിയായത് എന്ന് ചോദിച്ചു. അതിനു കിട്ടിയ ഉത്തരം പിന്നയവനെ അന്ധരുടെ പട്ടികയില്‍ കൊണ്ടിരുത്തി.
സങ്കടത്തിന്റെ വല്ലാത്തൊരു പുഴ നിശãബ്ദമായി ഒഴുകുന്നുണ്ടായിരുന്നു അവരുടെ മുറികളില്‍. എന്നാല്‍, അതവര്‍ സമ്മതിച്ചില്ല. സന്തോഷത്തിന്റെ ആരവങ്ങളിലാണ് തങ്ങളെന്ന് സദാ സമയവും ബോധ്യപ്പെടുത്താന്‍ തെറി വിളികളും പാട്ടുകളും കൊണ്ടൊരു മതില്‍ അവര്‍ സദാ ചുറ്റും പണിതു.

നാല്
 
 പി.ജിക്ക് വിദൂര നഗരത്തിലെ മറ്റൊരു കോളജിലെത്തിയപ്പോള്‍ അവസ്ഥകള്‍ മാറി. യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ അന്ധിദ്യാര്‍ഥികള്‍ ആരുമുണ്ടായിരുന്നില്ല. പതിയെ പതിയെ പഴയ മുറികള്‍ വല്ലപ്പോഴും മനസ്സിലെത്തുന്ന സങ്കടപ്പെടുത്തുന്ന ഓര്‍മ്മ മാത്രമായി.
അവസാന വര്‍ഷ പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലായിരുന്നു സര്‍വകലാശാലാ കലോല്‍സവം. എന്തോ ആവശ്യവുമായി കലോല്‍സവ വേദിയില്‍ ചെന്ന് തിരിച്ചു പോരുമ്പോള്‍ ആ സംഭവമുണ്ടായി.
നല്ല തിരക്കായിരുന്നു റോഡില്‍. ചങ്ങാതിയോട് എന്തൊക്കെയോ സംസാരിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ ആരോ എന്റെ പേര് ഉച്ചത്തില്‍  വിളിക്കുന്നത് കേട്ടു. നല്ല പരിചയമുള്ള ശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ കുട്ടികളുടെ തിരക്കിനിടയില്‍ അനില്‍. മറ്റ് രണ്ട് അന്ധരുടെ കൈ പിടിച്ച് റോഡരികില്‍ നില്‍പ്പായിരുന്നു അവന്‍.
ഓടിച്ചെന്ന് അവന്റെ കൈപിടിച്ചപ്പോള്‍ അവനെന്നെ കെട്ടിപ്പിടിച്ചു. അവനെ എന്നിലേക്ക് ചേര്‍ക്കുമ്പോള്‍ പെട്ടെന്ന് കണ്ണുകള്‍ നിറഞ്ഞു.
'എങ്ങിനെ കണ്ടു പിടിച്ചു നീയെന്നെ'-ഞാന്‍ ചോദിച്ചു.
കണ്ടല്ല, കേട്ടുപിടിച്ചു. നിന്റെ ഒച്ച കേട്ടാല്‍ എനിക്കറിഞ്ഞു കുടേ എന്നവന്‍ ഒറ്റപ്പെയ്യല്‍.

സത്യത്തില്‍ അവന്‍ എന്റെ നഗരത്തില്‍ തന്നെയുണ്ടായിരുന്നു. കുറച്ചകലെയുള്ള ഒരു ബി.എഡ് കോളജില്‍. അവിടെ നിന്ന് ലളിതഗാന മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. അന്നേരമാണ് എന്റെ ശബ്ദം കേട്ടത്.
എന്താണ് അവനോടു പറയേണ്ടത് എന്ന് മനസ്സിലായില്ല.
അവനെ കൂട്ടി ഞാന്‍ ഹോസ്റ്റല്‍ മുറിയലേക്കു പോന്നു. പരീക്ഷാ പഠനത്തിനായി തയ്യാറാക്കി ചുവരില്‍ പതിച്ച ടൈംടേബിളിനു താഴെ അവനെയിരുത്തി ഏറെ നേരം സംസാരിച്ചു. പിന്നെ, പിറ്റേന്നത്തെ പരീക്ഷക്ക് പഠിക്കേണ്ട പാഠങ്ങള്‍ മറന്ന് അവന്റെ പഴയ പാട്ടുകള്‍ ആവര്‍ത്തിച്ചു കേട്ടു. 

21 comments:

 1. 'എങ്ങിനെ കണ്ടു പിടിച്ചു നീയെന്നെ'-ഞാന്‍ ചോദിച്ചു.
  കണ്ടല്ല, കേട്ടുപിടിച്ചു. നിന്റെ ഒച്ച കേട്ടാല്‍ എനിക്കറിഞ്ഞു കുടേ എന്നവന്‍ ഒറ്റപ്പെയ്യല്‍.

  ReplyDelete
 2. ഈ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സങ്കടം ബാക്കിയായി...

  ReplyDelete
 3. "എന്റെ ദുഃഖങ്ങള്‍ തിരിച്ചെടുക്കൂ കൃഷ്ണാ നിന്‍ കരുണാമൃതം എനിക്ക് തരൂ.
  അന്ധന് കാഴ്ച നല്‍കും വൃന്ദാവനം.."
  എന്ന് കവികള്‍ പാടും.പക്ഷെ യഥാര്‍ത്ഥ അന്ധതയ്ക്ക് കടും നിറമാണ്.
  വളരെ നന്നായി വിവരണം...

  ReplyDelete
 4. ഞങ്ങടെ ക്ലാസ്സിലുമുണ്ടായിരുന്നു രണ്ട് പേര്‍.എത്ര പതിഞ്ഞ് ചെന്നാലും അവര്‍ കണ്ടുപിടിക്കും.ഓരോരുത്തര്‍ക്കും ഓരോ മണം ശബ്ദം ആണെന്നു പറയും. അവരുടെ കണ്ണുകളില്‍ മാത്രേ ഇരുട്ട് ഉണ്ടായിരുന്നുള്ളു.

  നന്നായ് എഴുതി,അഭിനന്ദനങ്ങള്‍ കേട്ടോ..

  ReplyDelete
 5. മനസ്സ് നിറഞ്ഞ വിവരണം ..
  കണ്ണ് നിറഞ്ഞ വായനാ ....

  യഥാര്‍ത്ഥ സ്നേഹം മഴ പെയ്യിക്കും
  ആര്‍ദ്രതയുടെ nanu നനുത്ത മഴ ....

  ReplyDelete
 6. കാണാത്ത നിറങ്ങളുടെ ഗന്ധം , ശബ്ദം എല്ലാം സ്നേഹത്തിലൂടെ പെയ്യുന്നു.

  ReplyDelete
 7. കണ്ണില്‍ മാത്രം അന്ധത ബാധിച്ചവരാണവര്‍ ..............,
  വെറുതെ അല്ലാട്ടൊ ഈ ഇല, വീഴുന്നിടമെല്ലാം ഒരിറ്റു തണല്‍ കൊടുക്കുന്നുണ്ട്.
  തുടരൂ...................

  ReplyDelete
 8. അതെ, കേട്ടു പിടിച്ചു.....

  ReplyDelete
 9. മനസ്സിനെ വല്ലാതെ സ്പർശിച്ച കുറിപ്പ്.

  ReplyDelete
 10. നന്ദി, പ്രിയപ്പെട്ട വാക്കുകള്‍ക്ക്
  ശ്രീ, പതിവുപോലെ ആദ്യ വായനക്ക്.
  ലിപി-സങ്കടങ്ങളുടെ വല്ലാത്ത ഒരു ലോകമാണ് ഇരുട്ട്.
  രാജശ്രീ-അതെ, വാക്കിലുള്ളതിനേക്കാള്‍ തീക്ഷ്ണമാണ് യാഥാര്‍ഥ്യം.
  മുല്ല-സത്യമാണ്. നാം തിരിഞ്ഞുനോക്കാത്ത
  ശബ്ദവും ഗന്ധവും ആ ലോകത്ത്
  സംവേദനാനുഭവമാവുന്നു. അതിശയിപ്പിക്കുന്ന ഒരുപാടുണ്ട് അവിടെ.
  എന്റെ ലോകം-നന്ദി, ആ വരികള്‍ക്ക്.
  സ്മിതാ-അതെ, ഒറപ്പെയ്യല്‍.
  ഉമ-നന്ദി, പ്രോല്‍സാഹനജനകമായ ആ വരികള്‍ക്ക്.
  എച്ച്മു-അതെ, കേട്ടുപിടിക്കല്‍. മുല്ല മറ്റൊരു വാക്കുകൂടി
  ചൂണ്ടിക്കാട്ടി-മണത്തു പിടിക്കല്‍.
  ശബ്ദവും ഗന്ധവും സംവേദനാനുഭവമാവുന്നു ആലോകത്ത്.
  ശ്രീനാഥന്‍-സ്നേഹം, നന്ദി

  ReplyDelete
 11. മാഷേ... റിയലി ടച്ചിംഗ് !!

  എന്റെ കൂടെയും ഇത് പോലെ ഒരാള്‍ പഠിക്കാനുണ്ടായിരുന്നു, നന്നായി പാട്ടുകള്‍ പാടുന്ന കീബോര്‍ഡ് വായിക്കുന്ന ഒരു പെണ്‍കുട്ടി. സ്കൂള്‍ വിട്ടതിനു ശേഷം ഒരു പ്രാവശ്യം ആകാശ വാണിയില്‍ പരിപാടി അവതരിപ്പിക്കുന്നത്‌ കേട്ടിരുന്നു ഓട്ടോ ഗ്രാഫില്‍ മറ്റൊരാളെ കൊണ്ട് എഴുതിച്ച വരികളിലെ അവസാനത്തെ നമ്പറിലേക്ക് ട്രൈ ചെയ്തെങ്കിലും കിട്ടിയില്ല . അവര്‍ സ്ഥലം മാറി പോയി എന്നാണു കേട്ടത് . എവിടെയാണോ ആവോ ? എവിടെ ആയാലും നന്നായിരിക്കട്ടെ !!

  ആശംസകള്‍ മാഷെ ...!!

  ReplyDelete
 12. Your articles r always an eye-opener epic.This also carried a message..."Real Love is always blind".There is an informative story regarding d same....Once a blind person asked Swami Vivekananda: "Can there be anything worse than losing eye sight?" He replied: " Yes, losing your vision !"

  Keep up d goodwork..Let's learn something from u like serious bloggers.

  ReplyDelete
 13. njan aa lokathekku nadannadukkunna oru manushya jeeviyanu.

  manoharamaya post. oppam hrudaya sparshiyum

  ReplyDelete
 14. യഥാര്‍ഥത്തില്‍ നമ്മുടെ കാഴ്ച്ചകല്‍ക്കാന്നു അന്ധത ബാധിച്ചിരിക്കുന്നത്.

  വരികള്‍ ശരിക്കും നൊമ്പരപ്പെടുത്തി.

  ReplyDelete
 15. ഹൃദയസ്പര്‍ശി...!


  ആശംസകള്‍

  ReplyDelete
 16. HRUDHAYASPARSHIYAYA RACHANA,

  MANASIL ORU VINGAL,OMAKAL PIRAKOTTU POKUNNU,KARANAM ANDHADHAYE SNEHICHA ORU KOOTTUKAARI ENICKUMUNDAAYIRUNNU.

  NANNI AARODU NJHAN CHOLLENDOO!!

  VERUTHE ORILA- ALLA ORU VDAVRUKSHAM THANNEYAANU .

  AAYIRAM ABHINANDHANAGALL!!

  ReplyDelete
 17. ഹൃദയസ്പര്‍ശിയായ എഴുത്തു്.
  വെറുതെ ഒരിലയെന്ന കാവ്യത്മക തല
  ക്കെട്ടിനു ഈ ടെംപ്ലേറ്റ് യോജിക്കുന്നില്ല.

  ReplyDelete
 18. കുറ്ച്ചു നീണ്ടതായിരുന്നുവെങ്കിലും പിടിച്ചിരുത്തി വായിപ്പിക്കുന്ന കുറീപ്പുകൾ തന്നയിത്...
  ടച്ചിങ്ങ്...!

  ReplyDelete
 19. Touching!
  K A Solaman
  K A solaman blog

  ReplyDelete
 20. nammude kannilalle suhrthe irut orutharam nashicha jeevitha swabhavathide irutt

  manoharamaayirikkunnu

  raihan7.blogspot.com

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...