Friday, April 13, 2012

ചില നേരങ്ങള്‍ ഒരമൂര്‍ത്തചിത്രം വരയ്ക്കുന്നു






ചില നേരങ്ങള്‍ നിരാശയുടേതാണ്.  

ഉള്ളിനുള്ളിലെ കടലില്‍നിന്ന് ഒരു തിരയുയരും.
പല കാലങ്ങള്‍ നട്ടു വളര്‍ത്തിയ പ്രത്യാശകളുടെ തളിരുടലുകളിലാകെ അത് പതഞ്ഞുയരും.
'ഇതാ ഇതുമാത്രം ജീവിത'മെന്ന് കണ്ണു കെട്ടും.
മുന്നോട്ടേക്കുള്ള കാഴ്ചകളെയാകെ മറക്കും.
എല്ലാം തീര്‍ന്നുവെന്ന് ആവര്‍ത്തിക്കും.

അങ്ങനെയല്ലല്ലോ ജീവിതം, അങ്ങനെയല്ലല്ലോ ലക്ഷണങ്ങള്‍ എന്നൊരാള്‍ കലമ്പും,
അന്നേരവും ഉള്ളില്‍നിന്നു തന്നെ.
കണ്ടതിലുമേറെ മനോഹരമായ കടലുകള്‍ കാണാതെ ബാക്കിയെന്ന് രോഷപ്പെടും.
ഇനിയും പറക്കാനുള്ള ആകാശങ്ങളെ ചൂണ്ടിക്കാട്ടും.

അതു തീരുംമുമ്പുണ്ടാകും അടുത്ത തിരയിളക്കം.
വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ തലക്കുമീതെ പരക്കും.
അവ ചുണ്ടു നനച്ച്, കഴുകനെപ്പോലെ നോട്ടമിടും.
ആകാശങ്ങളിലേക്ക് ചൂണ്ടിയ കൈവിരലുകളെ നനച്ച് വിഷാദത്തിന്റെ മഴ പെയ്യും.
നിര്‍ത്താതെ കരയുന്ന തെരുവുനായ്ക്കളെപ്പോലെ മഴ നനച്ചിടത്ത്
നിരാശയുടെ ഒരു കുഞ്ഞില മെല്ലെ തല പൊക്കും.
പെട്ടെന്നത് ഒരു ചെടിയാവും.
സങ്കടങ്ങളുടെ വെളുത്ത പൂക്കള്‍  മനസ്സാകെ മൂടും.
നിരാശ അതിന്റെ ചെരിപ്പിട്ട് നെഞ്ചകത്തുകൂടെ ദീര്‍ഘയാത്രകള്‍ തുടരും.

പൊടുന്നനെ മഞ്ഞു വീഴും.
എല്ലാ കാഴ്ചകളും വെളുപ്പാകും.
എല്ലാ സ്വരങ്ങളും അടങ്ങും.  




ചില നേരങ്ങള്‍ പ്രതീക്ഷയുടേതാണ്.


അന്നേരം നിറം വെക്കും ലോകം.  സായാഹ്ന വെയിലുകളില്‍നിന്ന് പറന്നുയരും.
സ്വര്‍ണ നിറത്തിലുള്ള പക്ഷികള്‍.  വഴിയില്‍
കാണുന്നവരെല്ലാം
നല്ലവരെന്നു തോന്നും.  ലോകത്തോടുള്ള ഇഷ്ടം ഓരോ ചിരിയിലും ചാഞ്ചാടും.
 ലോകമേ, പക്ഷികളേ, പൂക്കളേ, നക്ഷത്രങ്ങളേ എന്ന് മൂളിപ്പാട്ടാവും.

അന്നേരവും വരും  ചില കണ്ണുരുട്ടലുകള്‍.
കാണുന്നതൊന്നുമല്ല നേരെന്നും
ഈ ചിരിയെല്ലാം അടക്കിപ്പിടിച്ച പല്ലിറുമ്മലാണെന്നും മുന്നറിയിപ്പു തരും ഉള്ളില്‍നിന്നാരോ.
 പ്രതീക്ഷയുടെ ശ്മശാനങ്ങളില്‍ ആരും കാണാതെ തളിര്‍ക്കുന്ന മരണത്തിന്റെയും
ഭ്രാന്തിന്റെയും വള്ളിപ്പടര്‍പ്പുകള്‍ കാണിച്ചു തരും. ദൃഷ്ടാന്തമാവും.

നീണ്ടു നില്‍ക്കില്ല അതും. അടഞ്ഞ കണ്ണുകളിലേക്ക് കാഴ്ചയുടെ ഇത്തിരിത്തുളളി വന്നു പതിക്കും.
ചിറകില്‍ മഴവില്ലുള്ള കിളികള്‍ പറന്നു പൊങ്ങും.
വെളുത്ത ആകാശത്തിന്റെ നെഞ്ചില്‍ ആ കിളികള്‍ ഒരു ജലച്ചായ ചിത്രമാവും.
കണ്‍മുന്നില്‍ ഒരു വഴി തെളിയും. അതിനപ്പുറമാവും പറുദീസ.
അവിടെയാവും  സമാധാനത്തിലേക്ക് തുഴഞ്ഞു പോവുന്ന
ആ ചെറിയ വള്ളം.
അതിലൂടെ ചെന്നാലെത്തും, ആരെയോ കാത്തുനില്‍ക്കുന്ന ഒരിടം.

അവിടെയുണ്ടാവും നീട്ടിപ്പിടിച്ച ഒരു കൈ.
മിന്നാമിനുങ്ങു പൂത്ത മരത്തണല്‍.
നിറവെയിലിലെ പച്ചിലകള്‍.



ചില നേരങ്ങള്‍ സ്വപ്നങ്ങളുടേതാണ്.


ഉറക്കത്തിന്റെ കയറ്റിറക്കങ്ങള്‍ക്കിടയിലൂടെയാണ് ആ തീവണ്ടിയെത്തുക.
മുകളിലും യാത്രക്കാര്‍ നിന്നു നൃത്തം വെക്കുന്ന ഒരു 'ദില്‍സേ' വണ്ടി.
ആകാശത്തേക്കു  നീളുന്ന പാളങ്ങള്‍ക്കിരുപുറവും ഇലകള്‍ തഴച്ച മഹാവൃക്ഷങ്ങളായിരിക്കും.
 ജാലകത്തിനരികെ ഇരുന്നാല്‍, വയലറ്റു പൂക്കള്‍ തൊടാം.
കണ്ണടച്ചാല്‍ നിലാവറിയാം.
ഒപ്പം തന്നെയുണ്ടാവും ഓര്‍മ്മയിലെ ആ പിയാനോ തുണ്ട്

വിടില്ല വണ്ടിയെന്ന് പറഞ്ഞ് പെട്ടെന്നൊരാള്‍ പിടഞ്ഞുണരും, ഉള്ളില്‍നിന്ന്.
അപായസൂചനകളുടെ വലിയ സൈറണ്‍ ഉറക്കത്തിലേക്ക് തുറക്കും.
ജീവിതത്തിന്റെ പച്ചപ്പു മുഴുവന്‍ പിഴുതു കളയുന്ന ഒരു മണ്ണുമാന്തിയന്ത്രം ഇഴഞ്ഞെത്തും.

എല്ലാ മരങ്ങളും കടപുഴകും.
എല്ലാ പൂക്കളും കൊഴിയും.
എല്ലാ ഇലകളും മരിക്കും.

ബലം പ്രയോഗിച്ച് തുറന്ന കണ്ണുകള്‍ അടച്ചിടും പൊടുന്നനെ ഒരു സ്വപ്നക്കൈ.
അറിയാത്ത ആശങ്കകള്‍ക്കു മീതെ വീണ്ടും കിനാവിന്റെ വണ്ടിയുരുളും.
ഇത്തവണ അതൊരു കുതിരവണ്ടിയായിരിക്കും. കുടമണികള്‍ കിലുങ്ങും.
വലിയൊരു കുന്നിലേക്കു പറന്നു കയറും.
പൂക്കള്‍ കൊണ്ട് മെഴുകിയൊരിടത്ത് വണ്ടി കിതച്ചു നില്‍ക്കും.

അവിടെയുണ്ടാവും അവര്‍.
പല നിറങ്ങളില്‍ മാല കോര്‍ക്കുന്നവര്‍.
സൂക്ഷിച്ചു നോക്കിയാല്‍ മാത്രമറിയാം.
അതൊന്നും പൂക്കളല്ലെന്ന്. നക്ഷത്രങ്ങളെന്ന്.



ചില നേരങ്ങള്‍ പേക്കിനാവുകളുടേതാണ്.


വെളുത്ത കടലാസില്‍ കുടഞ്ഞൊഴിച്ച കറുത്ത മഷി പരക്കുന്നതുപോലെയാവും അത്.
ഉറക്കത്തിന്റെ ജാലകം വലിച്ചു തുറന്ന് ഇരുട്ട് തിരശãീലയിടും.
അതില്‍ തെളിയും പല വെളിച്ചങ്ങള്‍. പല ശബ്ദങ്ങള്‍.
അതിലൂടെയൊരു ആംബുലന്‍സ് പാഞ്ഞു വരും.
ഇരുട്ടില്‍നിന്നൊരാള്‍ നെഞ്ചിലേക്ക്  കത്തി കയറ്റും.
മരിച്ചുറങ്ങുന്നൊരാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും. ഒരാന മദം പൊട്ടി ഇരുട്ടിലേക്ക് പായും.
കറുത്ത ഇരുളിലേക്ക് ആഞ്ഞു കുത്തും, വെളുത്ത കൊമ്പുകള്‍.
ഒറ്റ ആര്‍ത്തനാദത്താല്‍ വെളുക്കും, നേരം.

എന്നിട്ടും ചിരിക്കും ഉള്ളിലൊരാള്‍. തണുത്ത വിരലുകളാല്‍ സാന്ത്വനമാവും.
പേക്കിനാവിന്റെ ചില്ലയിലേക്ക് ആനന്ദവുമായി പറന്നെത്തുന്ന കിളികളെ കാണിച്ചു തരും.
 ഒന്നും തീര്‍ന്നിട്ടില്ലെന്ന് ആശ്വാസമാവും.
പൂക്കള്‍ വിരിയുന്നതിന്റെ നേര്‍ത്ത സ്വരത്തിനൊപ്പം
കൈ പിടിച്ചു നടത്തും.

എന്നിട്ടും, വിട്ടു കൊടുക്കില്ല, കണ്ണിലെ തീപ്പിടിച്ച കിനാക്കള്‍.
 ഉറക്കത്തിന്റെ പുതപ്പു മുഖത്തേക്ക് വലിച്ചിട്ട് ഭയത്തിന്റെ മന്ത്രമോതിത്തരും.
ചാഞ്ഞും ചെരിഞ്ഞും മഴ ഇരച്ചെത്തും. അതിനു ചുവന്ന നിറമായിരിക്കും.
രക്തത്തിന്റെ ചവര്‍പ്പു രുചിയും മൂക്കടക്കുന്ന ഗന്ധവുമായിരിക്കും.
മൂലയില്‍നിന്ന് പെട്ടെന്നൊരു  കടവാതില്‍ പറക്കും.
 അതിന്റെ ചിറകടിയില്‍ ഭൂമിയുടെ വേരുകള്‍ വിറയ്ക്കും.
പതിയെ, നിസ്സാരമെന്നോണം ഒരാള്‍ സ്വയം കഴുത്തറക്കും.
മുറിഞ്ഞ കഴുത്തിന്റെ രക്തം കട്ടപിടിച്ച ഇത്തിരിയിടത്തിലൂടെ
ആരോ ഒരു കയറില്‍ കോര്‍ത്ത വെള്ളത്തൊട്ടി എറിയും.
ഉടല്‍ക്കിണറില്‍ കപ്പിയുടെ വരണ്ട സംഗീതം പടരും.



മറ്റ് ചില നേരങ്ങള്‍ ആശയക്കുഴപ്പങ്ങളുടേതാണ്. 


മുന്നിലുള്ളത് വഴിയോ എന്ന് സന്ദേഹമാവും.
ഈ നില്‍ക്കുന്നത് ആരെന്ന്  സംശയിക്കും.
കാലടികള്‍ക്കു താഴെ ഭൂമി ഉണ്ടായിരുന്നോ എന്ന് പകയ്ക്കും.

അന്നേരം ഇതെല്ലാം ഒന്നിച്ചു വന്ന് കൊത്തും.
നിരാശ.
പ്രതീക്ഷ.
സ്വപ്നം.
പേക്കിനാവ്.

30 comments:

  1. മുന്നിലുള്ളത് വഴിയോ എന്ന് സന്ദേഹമാവും.
    ഈ നില്‍ക്കുന്നത് ആരെന്ന് സംശയിക്കും.
    കാലടികള്‍ക്കു താഴെ ഭൂമി ഉണ്ടായിരുന്നോ എന്ന് പകയ്ക്കും.

    അന്നേരം ഇതെല്ലാം ഒന്നിച്ചു വന്ന് കൊത്തും.
    നിരാശ.
    പ്രതീക്ഷ.
    സ്വപ്നം.
    പേക്കിനാവ്.

    ReplyDelete
    Replies
    1. പൊരിയ്ക്കുന്ന വരികൾ... നന്ദി...ഏറെ....

      Delete
  2. ഈ “നേര”ങ്ങളെല്ലാം കൂടിച്ചേര്‍ന്ന ഈ ജീവിതം എത്ര സുന്ദരം. സപ്തവര്‍ണ്ണങ്ങളെല്ലാം കൂടി ഭ്രമണം ചെയ്യുമ്പോള്‍ ശുഭ്രശുദ്ധത വരുന്ന പോലെ...ആഘോഷിക്കൂ ഓരോ നിമിഷവും.

    ReplyDelete
  3. ഈ വായനയെ എന്തു പറഞ്ഞ് വിശേഷിപ്പിക്കുമെന്നെനിക്കറിയില്ല... വായിച്ചു എന്നല്ല പറയേണ്ടതു തന്നെ... നന്ദി ഒരുപാടൊരുപാട് ..

    ReplyDelete
  4. "ഇത്രയേ സംഭവിക്കുന്നതൊള്ളു
    ഇത്രയേ സംഭവിച്ചിട്ടുമൊള്ളൂ"- എന്ന് രഫീഖ് അഹമ്മദ്

    ReplyDelete
  5. ഈ വരികൾക്ക് , ഈ എഴുത്തിന് ഒത്തിരി നന്ദി.

    ReplyDelete
  6. മനോഹരമായ വരികള്‍- കാണാനുള്ള കടലുകള്‍ ഇനിയും പറക്കാനുള്ള ആകാശങ്ങള്‍ തീരാത്ത ജീവിതക്കാഴ്ചകള്‍ . എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ !

    ReplyDelete
  7. രചന നന്നായിരിക്കുന്നു.
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  8. ഇതിപ്പോ ഞാന്‍ ഒന്നൂടെ വായിക്കട്ടെ...
    ആശയക്കുഴപ്പം ഒന്നുമില്ലെങ്കിലും
    നന്നായി വായിക്കണം..അപ്പോഴേ
    ആശയം ശരിക്ക് തലയില്‍ കയറൂ..!!

    ReplyDelete
  9. ഫെയ്സ്ബുക്കിലെ പോലെ ഇവിടെയും വേണം ഒരു "ലൈക്‌" ഓപ്ഷന്‍... :-)
    ഒന്നുമൊട്ടു പറയാനും വയ്യ, ഒന്നും പറയാതെ പോകാനും വയ്യ... :-(

    ReplyDelete
  10. മനോഹരം. ജീവിതത്തിന്റെ ഒന്നാം പടി, രണ്ടാം പടി, മൂന്നാം പടി, നാലാം പടി.. അങ്ങനെയങ്ങനെ പടികള്‍.
    (പടികള്‍ക്കു ചേര്‍ന്ന ചിത്രങ്ങള്‍!)

    ReplyDelete
  11. പിച്ച വെച്ച് തുടങ്ങുന്ന ജീവിതം ...ഓടിയും ചാടിയും നിന്നും പിന്നേയും ഓടിയും തളരുന്നു..ഇതിനിടയില്‍ കാണുന്ന കിനാക്കള്‍ വര്‍ണ്ണങ്ങള്‍ കോറിയതും ..മേഘങ്ങളില്‍ ഒഴുകിയതും ...പിന്നീടെപ്പോഴൊക്കെയോ പേക്കിനാക്കളായ് കയറിയ പടികളുടെ ഉത്തുംഗതയില്‍ നിന്നും താഴെ ഉരുണ്ട് വീണും ...ചിലപ്പോഴൊക്കെ ഒരു പിടിവള്ളിയില്‍ അള്ളിയും ...കിതച്ചെത്തുമ്പോള്‍ ഒരു ബീഭല്‍സ മുഖം ...ചുട്ടിയും പച്ചയും കത്തിയും ആയി...പിടഞ്ഞെണീറ്റോടാന്‍ പോലും ത്രാണിയില്ലതെ കിടക്കുമ്പോള്‍ ഉറഞ്ഞ് തുള്ളുന്ന തെയ്യങ്ങള്‍ വിധിയുടെ രൂപങ്ങളാടും ....എങ്കിലും ഒന്നിലും പതറാതെ ശാന്തമായ് കാണാത്ത ആകാശച്ചരുവിലേക്ക് കാലിന്നടിയിലെ മണ്ണുമാത്രം സ്വന്തമാക്കി കാലത്തിന്റെ തുടര്‍ച്ചയില്‍ സമയത്തിന്റെ ഇടര്‍ച്ചയെ ഗൌനിക്കാതെ പറന്നു പറന്നു വേഗങ്ങളെ തേടുന്ന ആത്മാവ്...ഒരിലയുടെ ഈ നല്ല എഴുത്തിനു എന്റെ ഭാവുകങ്ങള്‍ ....

    ReplyDelete
  12. അടഞ്ഞ കണ്ണുകളിലേക്ക് കാഴ്ചയുടെ ഇത്തിരിത്തുളളി വന്നു പതിക്കും.
    ചിറകില്‍ മഴവില്ലുള്ള കിളികള്‍ പറന്നു പൊങ്ങും.
    വെളുത്ത ആകാശത്തിന്റെ നെഞ്ചില്‍ ആ കിളികള്‍ ഒരു ജലച്ചായ ചിത്രമാവും.
    കണ്‍മുന്നില്‍ ഒരു വഴി തെളിയും. അതിനപ്പുറമാവും പറുദീസ.
    അവിടെയാവും സമാധാനത്തിലേക്ക് തുഴഞ്ഞു പോവുന്ന
    ആ ചെറിയ വള്ളം.
    അതിലൂടെ ചെന്നാലെത്തും, ആരെയോ കാത്തുനില്‍ക്കുന്ന ഒരിടം.
    അവിടെയുണ്ടാവും നീട്ടിപ്പിടിച്ച ഒരു കൈ.
    മിന്നാമിനുങ്ങു പൂത്ത മരത്തണല്‍.
    നിറവെയിലിലെ പച്ചിലകള്‍...
    beautiful....!!!
    aashamsakl....

    ReplyDelete
  13. nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  14. കവിത തന്നെയാണ്..ഇനിയും എഴുതു..
    ഉള്ളില്‍ തട്ടിയാണ് വായിച്ചത് ഓരോ വരിയും..

    ReplyDelete
  15. എന്താ പറയ്യാ... ഒന്നും പറയുന്നില്ല..... പറയാന്‍ വയ്യ!!

    ReplyDelete
  16. യേങ്ങോടാ ന്റെ പൊന്നിലെ ഇടയ്ക്കു മുങ്ങുകാ?

    ReplyDelete
  17. രചന നന്നായിരിക്കുന്നു.

    ReplyDelete
  18. ആദ്യം കവിത ഓടിച്ചാണ് നോക്കിയത്. അതിന്റെ വലിപ്പം കാരണം മനസ്സ് കൊണ്ട് മുഴുവന്‍ വായിക്കുവാന്‍ മടിച്ചു. പിന്നെ വായിച്ചപ്പോള്‍ ഇതില്‍ ശരിക്കും ഒരു കവിത ഉണ്ട് എന്ന് തോന്നി .
    പിന്നെ വീണ്ടും മുഴുവന്‍ വായിച്ചു. അഭിനന്ദനങ്ങള്‍ ..

    ReplyDelete
  19. ചിലനേരങ്ങളിലെല്ലാം തോന്നലുകളാണ്.
    കവിത നന്നായി അവതരിപ്പിച്ചു. ചിത്രങ്ങള്‍ മനോഹരവും വരികള്‍ക്കനുയോജ്യവുമായി ക്രമീകരിച്ചു.
    നല്ല കവിതയ്ക്ക് ആശംസകള്‍..

    ReplyDelete
  20. ഒരു നല്ല വായനാനുഭവം. വളരെ നന്ദി. ആശംസകള്‍.

    ReplyDelete
  21. വരികള്‍ ആലോചനാമൃതം...ആശംസകള്‍ നേരുന്നു വൈകിപ്പോയെങ്കിലും !

    ReplyDelete
  22. വീണ്ടും വീണ്ടും വായിക്കുന്നു..സ്വയം വായിക്കുക എന്നത് പോലെ

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...