Wednesday, October 26, 2011


ജീവിതസായാഹ്നത്തില്‍ അവരുടെ പൂര്‍ണ വിരാമങ്ങള്‍

എന്തു കൊണ്ടാവും അവര്‍ ആത്മഹത്യ തെരഞ്ഞെടുത്തിട്ടുണ്ടാവുക. എന്തായിരിക്കും അതിനുള്ള കാരണങ്ങള്‍.  കഠിനമായ ആ വിധിയെക്കുറിച്ച്. 


അമ്മുവേടത്തി മരിച്ചു. രണ്ടാഴ്ച മുമ്പ്. വെറും മരണമല്ല ആത്മഹത്യ. 
പ്രായം കുറച്ചുണ്ടായിരുന്നു, അവര്‍ക്ക്. അത്ര കുറച്ചൊന്നുമല്ല, ഏതാണ്ട് 75.  ആത്മഹത്യക്ക് ഒട്ടും അനുയോജ്യമല്ലാത്ത പ്രായം. എന്നിട്ടും അവര്‍ ആത്മഹത്യ ചെയ്തു.  എന്തു കൊണ്ടാവും അതെന്ന് ആരും പറഞ്ഞു തരുന്നില്ല.
പതിവില്ലാത്ത ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെന്ന് അയല്‍വാസികള്‍ ഓര്‍ക്കുന്നു. 
വൈകുന്നേരം പതിവു പോലെ അടുത്തുള്ള വീടുകളില്‍ ചെന്നു. വെറുതെ സംസാരിക്കാനെന്ന മട്ടില്‍. എല്ലാവരെയും കാണാനായിരുന്നു അതെന്ന് പിന്നീട് ആളുകള്‍ തീര്‍ത്തു പറഞ്ഞു. പക്ഷേ, സംസാരത്തിലോ പെരുമാറ്റത്തിലോ പന്തി കേടുണ്ടായിരുന്നില്ല. അയല്‍ വീടുകളില്‍നിന്ന് മടങ്ങിയപ്പോള്‍ സമയം സന്ധ്യ. വീട്ടിലെല്ലാവരും ടി.വിക്കു മുന്നിലാണ്. മുറ്റത്തെ തുളസിത്തറയില്‍ വിളക്കു വെച്ചു. വരാന്തയിലാരിടത്ത് നിലവിളക്കു കൊളുത്തി. നാമം ജപിച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ വിളക്കെടുത്തു വെച്ചു. ഒട്ടും അസാധാരണമല്ലാത്ത വിധം. 
അത്രയും എല്ലാവര്‍ക്കുമറിയാം.  
പിന്നെ എന്താവാം നടന്നിട്ടുണ്ടാവുക എന്ന് എല്ലാവരും ഊഹിക്കുകയാണ്. 
'വിളക്കു വെച്ചു കഴിഞ്ഞ് അമ്മ വിറകു പുരയിലേക്ക് പോവുന്നത് കണ്ടു. അവിടെയായിരുന്നു...' -തണുത്ത സ്വരത്തില്‍ അവരുടെ മൂത്ത മകന്റെ ഭാര്യ പറയുന്നു. 
'പഴയ സാരിയായിരുന്നു. പിരിച്ചു കെട്ടിയായിരുന്നു...'-ഇളയ മകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 
തീര്‍ന്നു. ആ മരണത്തിന്റെ കഥ. 
വിവരമറിഞ്ഞ് നാട്ടില്‍ ചെന്നതായിരുന്നു ഞാന്‍. വീടിന്റെ ഒരു മൂലക്ക് ഇത്തിരി മണ്ണ് പൊങ്ങിക്കിടക്കുന്നത് കണ്ടു. ഇളകിയ മണ്ണിന്റെ അടയാളങ്ങള്‍ അതിനടുത്തെല്ലാം. അപ്പോള്‍, അവിടെയാണ്... 
പിന്തിരിഞ്ഞ് നടന്ന് അവരുടെ പഴയ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ കണ്ടു, ഒറ്റക്കു നില്‍ക്കുന്ന വിറകുപുര. 
അധിക നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. പെട്ടെന്ന് തന്നെ ഇറങ്ങി. തൊട്ടു താഴെയായിരുന്നു എന്റെ വീട്. 




അമ്മുവേടത്തി എന്റെ അയല്‍ക്കാരിയാണ്. ഞങ്ങള്‍ വീടു വാങ്ങി ചെന്ന കാലം മുതല്‍ എല്ലാ സഹായവുമായി കൂടെ ഉണ്ടായിരുന്നു. അമ്മയുടെ ഓരോ കാര്യത്തിനും ആശ്രയമായി. തമാശയും ചിരിയുമായി ഒരു സാധുജന്‍മം. 
കര്‍ഷക കുടുംബമായിരുന്നു. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍, മക്കള്‍ മുതിര്‍ന്നു. അവരും കൃഷി തന്നെയാണ്. വീടും സ്ഥലവും മൂത്ത മകനാണ്. അയാളും കൃഷിക്കാരന്‍. കാര്യമായി വലിയ വരുമാനമൊന്നുമില്ലെങ്കിലും ഉള്ള ഭൂമിയില്‍ അയാള്‍ അധ്വാനിച്ചു കൊണ്ടേയിരുന്നു.  
മറ്റുള്ളതെല്ലാം പെണ്‍മക്കളാണ്. അവരൊക്കെ വെവ്വേറെ ഇടങ്ങളില്‍. സ്വന്തം ജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍ മുങ്ങിയും പൊങ്ങിയും കഴിയുന്നതിനിടക്ക് ഇടക്കൊക്കെ അവര്‍ അമ്മയെ കാണാനെത്താറുണ്ട്. 
അമ്മുവേടത്തിക്ക് അങ്ങനെ പരിഭവമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. ആ വീട്ടിലങ്ങനെ വഴക്കൊന്നും ഉണ്ടാവാറുമില്ല. കുറേ കാലമായി പല നഗരങ്ങളില്‍ മാറിമാറി താമസിക്കുന്നതിനാല്‍ പുതിയ കാര്യങ്ങളൊന്നും എനിക്കറിയുകയുമില്ല. 
എങ്കിലും എന്തോ ഒന്ന് അലട്ടുന്നുണ്ട്. ആ പ്രായത്തില്‍ അവര്‍ എന്തിനു ആത്മഹത്യ ചെയ്യണമെന്ന ചോദ്യം. എന്തു പ്രശ്നമുണ്ടായാലും അതൊക്കെ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളാണ്. ജീവിതത്തിലിപ്പോള്‍ അത്ര ഭാരിച്ച ഉത്തരവാദിത്തമൊന്നുമില്ല. ഒറ്റപ്പെട്ടു എന്നൊന്നും പറയാനും കഴിയില്ല. അയലത്തെ മനുഷ്യരുമായൊക്കെ നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍  ഒറ്റപ്പെട്ടു നില്‍ക്കാനുള്ള സാധ്യതയും കുറവാണ്. എന്നിട്ടും എന്തിനാവും?


മക്കള്‍ക്കൊക്കെ ഭാരമായി എന്ന് തോന്നുന്നുണ്ടാവും. ആരുമറിയാത്ത വല്ല അസുഖവും വന്നിട്ടുണ്ടാവണം. പുറത്തു കാണാത്ത വല്ലതും ആ വീടിനകത്ത് പുകയുന്നുണ്ടാവണം. പ്രത്യേകിച്ച്, ഭൂവിപണിയുടെ ഈ കാലത്ത് അവരുടെ സ്വത്തിനൊക്കെ വില വളരെ കൂടുതലായതിനാല്‍. അങ്ങനെയൊക്കെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

എന്തായാലും അമ്മുവേടത്തി ഇപ്പോഴില്ല എന്നത് വാസ്തവമാണ്. 


പ്രായമുള്ളവരുടെ ആത്മഹത്യ വല്ലാത്തൊരു ചോദ്യ ചിഹ്നമാണ്. ജീവിതത്തിന്റെ ദുരിത കാണ്ഡം മുഴുവന്‍ പൊരുതി നില്‍ക്കുന്നവര്‍ സായം സന്ധ്യയില്‍ സ്വയം വിരാമ ചിഹ്നമാവാന്‍ തീരുമാനിക്കുന്ന അവസ്ഥ. എങ്ങനെയാവും അവര്‍ അതിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാവുക. ഏതേതു ആലോചനകളിലായിരിക്കും കിളി തൂവല്‍ പൊഴിക്കുന്നത്ര ലാഘവത്തോടെ അവര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവുക. മനസ്സിലാവുന്നില്ല. 
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ വീടിനടുത്ത് ഇതേ  പോലൊരമ്മ ആത്മഹത്യ ചെയ്തിരുന്നു. മക്കളും മരുമക്കളുമൊക്കെയായി കഴിയുന്നൊരു കാലത്ത്. വീട്ടില്‍ ആരുമില്ലാത്തൊരു നാള്‍ തീ കൊളുത്തിയായിരുന്നു ആ വിടവാങ്ങല്‍. അന്നും വല്ലാത്ത ഒരാഘാതം എന്നെ ഇളക്കി മറിച്ചിരുന്നു. ജീവിതത്തെക്കുറിച്ചാലോചിച്ച് ഞാനെത്തിയ നിഗമനങ്ങള്‍ മുഴുവന്‍ തട്ടിത്തെറിപ്പിക്കുന്നത്ര ശക്തിയില്‍ ആ ചോദ്യങ്ങള്‍ ഇളക്കി മറിച്ചു. 

പിന്നീടായിരുന്നു പ്രിയപ്പെട്ട സുഹൃത്തിന്റെ അച്ഛന്റെ മരണം. സ്നേഹം കാറ്റു പോലെ സദാ വീശിക്കൊണ്ടിരിക്കുന്ന ഒരു വീടായിരുന്നു അത്. ചെവി അല്‍പ്പം കേള്‍ക്കില്ല എന്നതൊഴിച്ചാല്‍, സന്തോഷവാനായിരുന്നു ആ അച്ഛനും. തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു അദ്ദേഹം. മക്കളൊക്കെ നല്ല നിലയില്‍ എത്തിയപ്പോള്‍ ജോലി നിര്‍ത്തി വെറുതെ വീട്ടില്‍  ഇരിപ്പായി. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമായിരുന്നു ആ ആത്മഹത്യ. തൊട്ടാല്‍ അറ്റുപോവുന്നത്ര മൂര്‍ച്ചയുള്ള ഒരു മടവാളായിരുന്നു ആയുധം. മുറിഞ്ഞ കഴുത്തുമായി കിടക്കുന്ന ആ അച്ഛന്റെ ദൃശ്യം പിന്നീടെത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. 
അന്നും ഉത്തരം കിട്ടിയില്ല. അത്ര ദാരുണമായ ഒരന്ത്യം ഒരിക്കലും അര്‍ഹിച്ചിരുന്നില്ല ആ അച്ഛന്‍. 




പറഞ്ഞു വന്നത് നമ്മുടെ വീടുകളിലെ മുതിര്‍ന്നവരുടെ അവസ്ഥകളാണ്. നമ്മേക്കാള്‍ അരക്ഷിതമാണെന്ന് തോന്നുന്നു അവരുടെ ദിനങ്ങള്‍. പുതിയ ജീവിതാവസ്ഥകളോ ശാരീരിക അവസ്ഥകളോ അവര്‍ക്ക് എളുപ്പം വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നുണ്ടാവില്ല. ഒരു പാടു കാലം കൊണ്ട് പഠിച്ച ജീവിത സത്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് തെളിയിച്ച് ഒറ്റയടിക്ക് തിരിഞ്ഞു നടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഈ ലോകം തങ്ങള്‍ക്ക് പറ്റിയതല്ലെന്ന തീര്‍പ്പ് തന്നെയാവണം. കുടുംബത്തിലെയും വ്യക്തി ജീവിതത്തിലെയുമെല്ലാം ചെറിയ തിരയിളക്കങ്ങള്‍ പോലും അതിജീവിക്കാനാവാതെയാവണം അവര്‍ യാത്ര പറഞ്ഞു പോവുന്നത്. എന്തായാലും അത് ക്രൂരമാണ്. ജീവിതത്തിന്റെ നട്ടുച്ചകളെ ഉജ്വലമായി നേരിട്ട ആ മനുഷ്യരുടെ അവസാന നാളുകള്‍ ഇങ്ങനെ സ്വയംഹത്യ കൊണ്ട് അടയാളപ്പെടുത്തേണ്ടതല്ല.  


ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു കഥ കൂടി പറയാനുണ്ട്. 
മറ്റൊരു സുഹൃത്തിന്റെ അച്ഛനാണ് അതിലെ കഥാപാത്രം. 
ആളൊരു അധ്യാപകനാണ്. വെള്ള ഷര്‍ട്ടും മുണ്ടുമിട്ട് റോഡരിക് ചേര്‍ന്നു നടന്നു പോവുന്ന ഒരു സാധു മനുഷ്യന്‍. 
റിട്ടയര്‍ ചെയ്യുന്നതു വരെ അദ്ദേഹം തമാശക്കു പോലും മദ്യപിച്ചിട്ടേയില്ല. എന്നാല്‍, റിട്ടയര്‍ ചെയ്ത് ആദ്യ ആഴ്ച അങ്ങേര് ആദ്യ കുപ്പി പൊട്ടിച്ചു. പിന്നെ എന്നും. 
പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. എന്നും വൈകുന്നേരം ടൌണിലേക്കുള്ള എളുപ്പ വഴിയിലൂടെ, റോഡരിക് ചേര്‍ന്ന് നടന്ന് സ്ഥലത്തെ മദ്യവില്‍പ്പന ശാലയിലെത്തും. വിലകുറഞ്ഞൊരു മദ്യം ചെറിയ കുപ്പി വാങ്ങി അതേ പോലെ സൌമ്യമായി റോഡരിക് ചേര്‍ന്ന് വീട്ടിലേക്ക് നടക്കും. വീട്ടിലെത്തിയാല്‍ സന്ധ്യാദീപത്തിനു ശേഷം വരാന്തയിലെ മേശപ്പുറത്ത് സ്വയം കഴുകി വൃത്തിയാക്കിയ ഗ്ലാസുമായി ഒറ്റക്കിരിക്കും. മക്കളൊക്കെ വിദേശത്തായതിനാല്‍ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഇടക്ക് അവരും അടുത്തു ചെന്നിരിക്കും. ശാന്തമായി മദ്യപിച്ച് ഇത്തിരി സംസാരത്തിനു ശേഷം ആ മനുഷ്യന്‍ ഉറങ്ങാന്‍ ചെല്ലും. പിറ്റേന്ന് വൈകിട്ടാവുന്നത് വരെ മദ്യത്തെക്കുറിച്ച് അദ്ദേഹം ആലോചിക്കാനേ ഇടയില്ലെന്ന്   ഇക്കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ച് അദ്ദേഹത്തിന്റെ മകന്‍, എന്റെ ചങ്ങാതി, കൂട്ടിച്ചേര്‍ക്കുന്നു. 

ഒരു പക്ഷേ, ആ ജീവിതത്തിന്റെ ഷോക്ക് അബ്സോര്‍ബറായിരിക്കണം വൈകിട്ടത്തെ ആ ഇത്തിരി നടത്തവും വൈകിയെത്തിയ ആ ശീലവും.  തീരെ നിസ്സംഗമായി, എനിക്കിപ്പോള്‍ അങ്ങനെ തന്നെയാണ് തോന്നുന്നത്.  

Wednesday, October 12, 2011

ഓടുന്ന വണ്ടിയില്‍ സൌമ്യ, തലോറിലെ പെണ്‍കുട്ടി


വെറുമൊരു തീവണ്ടി യാത്ര. പതിവുപോലാരു പ്രഭാതം. സഹയാത്രികര്‍. പത്രത്തില്‍ കണ്ട രണ്ട് വാര്‍ത്തകളെ കുറിച്ച് അവരുടെ പരാമര്‍ശങ്ങള്‍. അതില്‍നിന്നു നടന്നുചെന്ന,  തീരെ സുഖകരമല്ലാത്ത ചില ഇടങ്ങള്‍. നേരുകള്‍. 


പ്രഭാതം കീറിമുറിച്ചു പായുന്ന ഈ തീവണ്ടിയില്‍ മുഖാമുഖം ഇരിക്കുന്നത് ഞങ്ങള്‍ ആറുപേര്‍. ഒന്ന് ഞാന്‍. എന്നെ എനിക്കറിയാം. മറ്റുള്ളവര്‍ എനിക്ക് അപരിചിതര്‍. എന്നാല്‍, അവരവര്‍ക്ക് ചിരപരിചിതര്‍. അതിന്റെ അനായാസതയുണ്ട് അവരുടെ ഇടപെടലുകളില്‍.
എങ്ങോട്ടോ ഒന്നിച്ചു പായുന്ന അഞ്ചു മധ്യവയസ്കര്‍. ഞാനങ്ങനെ വിളിക്കുന്നു, അവരെ. ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവണം. ഇടക്കിടെ, അവരുടെ സ്വരത്തില്‍ വന്നു നിറയുന്നുണ്ട് ഡി.എ കുടിശãികയുടെ കാര്യം.  പിന്നെ, പരിചയമുള്ള ആരെയൊക്കെയോ കുറിച്ചുള്ള പരദൂഷണങ്ങള്‍.
അതങ്ങിനെ.
അതിനിടയിലാണ് മുന്നിലേക്ക് പത്രം  വന്നു വീണത്. അച്ചടിമഷിയില്‍ കുളിച്ച്, പുതിയ ഒരാളെപ്പോലെ, ഇന്നലെയുടെ അടയാളങ്ങള്‍.
എന്റെ കൈയിലെ പത്രത്തിന്റെ ഒന്നാം പേജില്‍ സൌമ്യയാണ്. നമ്മളൊരുപാടു പറഞ്ഞ, ആകുലരായ അതേ സൌമ്യ.  സൌമ്യ കേസില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയ ഡെപ്യൂട്ടി പൊലീസ് സര്‍ജന്റെ ഓഫീസിനു നേരെ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത.
അതിലൂടെ  കണ്ണയച്ചു നടക്കവേ, ചുറ്റിലും ഇരുന്നവരുടെ നാവുകളിലും ആ വാര്‍ത്ത കയറി വന്നു.
' അവന്റെ ഓഫീസല്ല, അവനെ തന്നെ ശരിയാക്കണം'- ഒരു തെറിയുടെ അകമ്പടിയോടെ ഇത്തിരി നരച്ച മുടിയുള്ള കട്ടിക്കണ്ണട വെച്ച അയാള്‍ പറഞ്ഞു.
' അവമ്മാരൊക്കെ ചേര്‍ന്ന് ആ ഗോവിന്ദച്ചാമിയെ രക്ഷിക്കും. ലക്ഷണങ്ങള്‍ അതിന്റെയാ'^മറ്റാേെരാള്‍ പറഞ്ഞു.
'ഇതങ്ങിനെ കോടതിക്കു വിട്ടു കൊടുക്കേണ്ട കാര്യമല്ല. അവന്റെ ലിംഗം വെട്ടണം'^മൂന്നാമതൊരു സ്വരം അഭിപ്രായം കുടഞ്ഞു.
അഭിപ്രായങ്ങളിലേക്ക് ചെവി കൊടുത്ത് ഒന്നും മിണ്ടാതെ ഇരുന്ന എന്നെ നോക്കി ഒരാള്‍ പറഞ്ഞു, ' എന്ത് കണ്ടാലും പ്രതികരിക്കാത്ത ചിലരുണ്ട്. അവരാക്കെ ചേര്‍ന്നാണ് നാടിനെ ഈ കോലത്തിലാക്കുന്നത്'.
അമ്പിന്റെ ഗതി മനസ്സിലായിട്ടും പ്രതികരിക്കാന്‍ പോയില്ല. വീണ്ടും അവരുടെ സംസാരം. അതില്‍ നിറയെ, ഇരമ്പുന്ന രോഷം. സൌമ്യയെ കൊന്ന കേസിലെ പ്രതിക്കു നേരെ, അതിനിടയാക്കിയ റെയില്‍വേക്കു നേരെ, പ്രതിയെ രക്ഷിക്കാനിറങ്ങിയ അഭിഭാഷകര്‍ക്കു നേരെ, ദുരൂഹമായി മറഞ്ഞിരിക്കുന്ന മറ്റനേകം കാര്യങ്ങള്‍ക്കു നേരെ അവര്‍ രോഷം കൊണ്ട് പതയുന്നു. എല്ലാം അടിച്ചു തകര്‍ക്കേണ്ട ആവശ്യകതയെക്കുറിച്ച് വീണ്ടും വീണ്ടും തിളക്കുന്നു.
മിണ്ടാതിരിക്കുമ്പോഴും മനസ്സില്‍ സന്തോഷം തോന്നി. എത്ര മാറിയാലും ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാം മനുഷ്യരാണെന്നും ചില നേരങ്ങളിലെങ്കിലും നമ്മുടെ മനുഷ്യപ്പറ്റ് അതിന്റെ കൂടു വിട്ടു പുറത്തുചാടുമെന്നുമുള്ള ശുഭാപ്തി വിശ്വാസം ഉള്ളില്‍ ഉണര്‍ന്നു. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉയരാന്‍ ഇത്തരം കുറേ മനുഷ്യരുണ്ട് എന്ന ആശ്വാസം.
ജാലകത്തിനു പുറത്തു പായുന്ന ദേശങ്ങള്‍ കണ്ണില്‍ നിറച്ച് ഇത്തരം ആലോചനകളില്‍ മുഴുകവെ, കാപ്പിയുടെ വിളികള്‍ വന്നു. ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നല്ല ചൂടുള്ള കാപ്പിയുടെ ഉശിരന്‍ ഗന്ധം.


പത്രം ഇപ്പോള്‍ ഓരോരുത്തരുടെ മടിയിലാണ്.  സംസാരങ്ങളില്‍ മറ്റെന്തൊക്കെയോ വിഷയങ്ങള്‍  കയറി വന്നു. സംസാരത്തിന്റെ ദിശയിലേക്ക് മടുപ്പ് പതിയെ  വന്നപ്പോള്‍ ഞാന്‍ വീണ്ടും പത്രം കൈയിലെടുത്തു.
ഇതിപ്പോള്‍ അകത്തെ പേജാണ്. എന്തൊക്കെയേ പ്രാദേശിക വാര്‍ത്തകള്‍. അതിനിടക്ക് കടുംനിറത്തിലുള്ള തലക്കെട്ടില്‍ മറ്റൊരു പെട്ടിക്കോളം വാര്‍ത്ത. തലോറിലെ പെണ്‍കുട്ടി മൊഴി നല്‍കി എന്ന് തലക്കെട്ട്.
തലോറിലെ പെണ്‍കുട്ടിയോ, എന്ന് ആലോചിക്കുന്നതിനിടെ അപ്പുറത്ത് ചര്‍ച്ചയുടെ ദിശ മാറി. അവരിലാരോ ഇപ്പോള്‍ പത്രം നിവര്‍ത്തി  അതേ വാര്‍ത്ത വായിക്കുന്നു. തലോറിലെ പെണ്‍കുട്ടിയോ എന്ന എന്റെ അതേ ആശ്ചര്യം അയാള്‍ക്കും വന്നിട്ടുണ്ടാവണം.
തൃശൂര്‍ ജില്ലയിലെ തലോര്‍ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ ഒരു അനാശാസ്യ കേന്ദ്രത്തില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിന്റെ ഫോളോഅപ്പ് സ്റ്റോറിയാണത്. അമ്പരപ്പിക്കുന്നു കുറേ വിവരങ്ങളുണ്ട്, പെണ്‍കുട്ടി നല്‍കുന്ന മൊഴിയില്‍. അതിനേക്കാള്‍ തലോറിലെ പെണ്‍കുട്ടി എന്ന പേരാണ് എന്റെ കണ്ണില്‍ കരടു പോലെ ഉടക്കിയത്.

പെട്ടെന്ന്, ഇടയിലേക്ക് ഒരഭിപ്രായം പൊട്ടിവീണു.
' ഇവളുമാരൊക്കെ കാശും വാങ്ങി കിടക്കും. എന്നിട്ട് പൊലീസില്‍ ചെന്ന് പരാതിയും പറയും'
തല ഉയര്‍ത്തി നോക്കി. നേരത്തെ രോഷാകുലനായി സംസാരിച്ച അതേ കട്ടിക്കണ്ണടയാണ്. ഇപ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് നിറയെ പുച്ഛം.
' പെഴയായിരിക്കും. ആരേലും കണ്ടു പിടിച്ചപ്പോ പ്ലേറ്റ് മാറ്റിയതാവും'^കൂട്ടത്തിലെ മറ്റൊരാള്‍.
' കണ്ടില്ലേ, ഇക്കേസിലുമുണ്ട് രണ്ട് പെണ്ണുങ്ങള്‍. ഇവളുമാരു തന്നെയാ ഇതൊക്കെ ഒപ്പിക്കുന്നത്. എന്നിട്ട്, തെറി മുഴുവന്‍ ആണുങ്ങക്ക്'^കൂട്ടത്തില്‍ ചെറുപ്പമെന്നു തോന്നിച്ച കറുത്ത ടീഷര്‍ട്ടുകാരനാണ്. മൂക്കത്ത് രോഷവുമായി നിന്ന അതേ അവസ്ഥ ഇപ്പോഴും.
ചര്‍ച്ചയിലേക്ക് വീണ്ടും ലൈംഗിക പീഡനം കടന്നു വന്നു. കാശു വാങ്ങി ശരീരം വിറ്റ ശേഷം ചുമ്മാ കേസും കൂട്ടവുമായി പോവുകയാണ് പെണ്‍കുട്ടിയെന്ന കാര്യത്തില്‍  അവര്‍ക്കാര്‍ക്കും സംശയമേയില്ല. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നതാണ് എല്ലാത്തിന്റെയും കുഴപ്പമെന്നും അഭിപ്രായമുയര്‍ന്നു. ആണുങ്ങളെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണമാണ് ഇത്തരം ഗുലുമാലുകള്‍ക്ക് വഴിവെക്കുന്നതെന്ന പതിവു പറച്ചിലിലേക്ക് പോയതോടെ വല്ലാത്തൊരു വഷളന്‍ ചിരി  സീറ്റുകള്‍ക്കിടയില്‍ കറങ്ങിനടന്നു.
കാര്യങ്ങള്‍ മൊത്തം മാറിയിരിക്കുന്നു. നേരത്തെ, രോഷാകുലരായ അതേ ആള്‍ക്കൂട്ടം ഇപ്പോള്‍ ഇറച്ചി കണ്ട വേട്ടപ്പട്ടികളെ പോലെ മുറുമുറുക്കുന്നു. കൊച്ചു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് വീട്ടുകാരുടെ നോട്ടക്കുറവു കൊണ്ടാണെന്ന മട്ടില്‍ അതു വളര്‍ന്നതോടെ വല്ലാത്തൊരു ഗതികേടിലായി.  അവിടെയിനി ഇരുന്നാല്‍, വലിയൊരു വഴക്കിലേക്ക് അതു വഴി മാറും. പറഞ്ഞില്ലെങ്കില്‍, പതിവു പോലെ പറയാത്ത രോഷങ്ങള്‍ ഒന്നിച്ചു വന്ന് മനസ്സാകെ കുത്തിമറിച്ചിടും.
അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ അവരെന്നെ ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല.  പറയാന്‍ ചൂടുള്ള വിഷയം കിട്ടിയതിന്റെ തിമിര്‍പ്പില്‍ അവരെന്നെ വെറുതെ വിട്ടതാവും.


ഇത്തിരി അപ്പുറം ഒഴിഞ്ഞൊരു സീറ്റിലിരിക്കുമ്പോള്‍ അവിടെ നിന്ന് അലച്ചു വരുന്ന ക്രൂരമായ ചിരിയുടെ കഷണങ്ങള്‍ വന്നു കുത്തി മുറിച്ചു കൊണ്ടിരുന്നു. ഓരോ ചിരിയും ആ പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള നിന്ദവാചകങ്ങളാണ്.  ഓരോ വഷളന്‍ കമന്റും അവള്‍ക്കു നേര നീളുന്ന കഠാരമുനകള്‍.
വിചിത്രമായി തോന്നി. എന്തു കൊണ്ടാണ് മനുഷ്യര്‍ ഇത്ര പെട്ടെന്ന് വഴി മാറുന്നത്. രണ്ടു പെണ്‍കുട്ടികള്‍. ജീവിതാവസ്ഥയിലും പശ്ചാത്തലത്തിലും ദുരന്തത്തിലും വ്യത്യസ്തരാണെങ്കിലും അവര്‍ പൊതുവായി പങ്കുവെക്കുന്ന ചിലതുണ്ട്.  പെണ്ണെന്ന അവസ്ഥ ഉണ്ടാക്കുന്ന നിസ്സഹായമായ നിലവിളികള്‍. അവര്‍ക്കു നേരെ നീണ്ടു ചെന്നത് സമാനമായ  നഖമുനകളാണ്. വയലന്റായ ആണത്തത്തിന്റെ ആര്‍ത്തി പിടിച്ച കരങ്ങള്‍.
എന്നിട്ടും അവരെ ഇരുവരെയും ഒരേ ദുരന്തത്തിന്റെ ഇരകളായി കാണാന്‍ നമ്മുടെ പൊതുബോധത്തിന് കഴിയാത്തത് എന്തു കൊണ്ടായിരിക്കും? വെറുമൊരു പത്ര വാര്‍ത്തയില്‍നിന്ന് പോലും ഒരിരയെ ചൂണ്ടിയെടുത്ത് സര്‍ക്കസിലെ കത്തിയേറുകാരുടെ ചാതുരിയോടെ എറിഞ്ഞു പിടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നത് ഉള്ളിലെ ഏതേതു ക്രൌര്യം കൊണ്ടാവും? സൌമ്യയുടെ ദുരന്തം നല്‍കുന്ന ഞെട്ടിക്കുന്ന ആ തിരിച്ചറിവിലും അവര്‍ക്ക് മറ്റൊരു ഇരയുടെ കണ്ണീര് കാണാന്‍ കഴിയാത്ത് എന്തു കൊണ്ടാവും.
തീര്‍ച്ചയായും ഇതൊരു തീവണ്ടി മുറിയുടെ പ്രശ്നം മാത്രമല്ല. തീവണ്ടിക്കു പുറത്തും സാധാരണമാണ് ഈ അവസ്ഥ. ഒരേ നാവു കൊണ്ട് വേട്ടക്കാരനും ഇരക്കും കുടപിടിക്കല്‍. സ്ത്രീ പീഡന വാര്‍ത്തകളെ മുഴുവന്‍ അവിശ്വാസത്തോടെ, അവജ്ഞയോടെ സമീപിക്കുന്ന പൊതുബോധത്തിന്റെ പുളിച്ചു തികട്ടല്‍.


photo: steve mccurry

വെറുതെ ഓര്‍ത്തു നോക്കി, തലോറിലെ പെണ്‍കുട്ടിയുടെ പേരെന്തായിരിക്കും?  ഇന്നലെ വരെ അവള്‍ സൌമ്യയോ ആനിയോ ശ്രീദേവിയോ ആയിരിക്കും. ദുരന്തം കടിച്ചു കീറുമ്പോഴും അവള്‍ക്ക് സ്വന്തമായൊരു പേരും ഐഡന്റിറ്റിയും ഉണ്ടായിരിക്കും.  അവളെ അവളായി നിലനിര്‍ത്തുന്ന, മനുഷ്യന്‍ എന്ന നിലയിക്കുള്ള അന്തസ്സിന്റെയോ അഭിമാനത്തിന്റെയോ ഒരു തുണ്ട്. അതിലായിരിക്കണം ഒരു പക്ഷേ, അവള്‍ പിടിച്ചു നിന്നിട്ടുണ്ടാവുക. ഓരോ വേദനയും നേരിടുന്നുണ്ടാവുക.
ഇപ്പോള്‍ അവള്‍ തലോറിലെ പെണ്‍കുട്ടിയാണ്. അറിയില്ല, മറ്റ് നാടുകളിലൊക്കെ ഇതുപോലെ ആണോയെന്ന്. ലൈംഗിക അതിക്രമ കേസില്‍ പരാതിപ്പെടുന്നതോടെ സ്ഥലപ്പേരായി, സ്ത്രീ ലിംഗം മാത്രമായി മാറിപ്പോവുന്ന ദുരവസ്ഥയാണോ മറ്റിടങ്ങളിലും എന്ന്.
തീര്‍ച്ചയായും, അവളുടെ പേരും ഐഡന്റിറ്റിയും പുറത്തുവരാതിരിക്കാനുള്ള മാധ്യമ ജാഗ്രത മാത്രമാവും സ്ഥലപ്പേരിനൊപ്പമുള്ള ഈ ചാപ്പകുത്ത്. അതില്‍ ഗുണവശങ്ങള്‍ ഏറെയാണ്. എന്നാല്‍, നോക്കൂ, തലക്കെട്ടിലെ സ്ഥലനാമ കീര്‍ത്തനത്തില്‍ മാത്രമേ പലപ്പോഴും ഇരയോടുള്ള ഈ ഔദാര്യം (അത് അങ്ങനെയെങ്കില്‍) ഉണ്ടാവാറുള്ളൂ. വാര്‍ത്തയില്‍, എഴുത്തില്‍ അവതരണത്തില്‍, പൊലീസ് നല്‍കുന്ന വിവരങ്ങളുടെ പൊലിപ്പിക്കലില്‍, തലക്കെട്ടില്‍ പോലും കാണാനാവാറേയില്ല മാനുഷികമായ പരിഗണനകള്‍. എന്നെ പീഡിപ്പിക്കൂ എന്നു പറഞ്ഞു പുരുഷനു പിന്നാലെ പായുന്ന ഒരുവളായി, പ്രലോഭനങ്ങളിലൂടെയും പ്രകോപനപരമായ വസ്ത്രധാരണത്തിലൂടെയും പുരുഷന്‍മാരെ വശീകരിക്കുന്ന ഒരുവളായി, കാര്യം കഴിഞ്ഞ് കാശു വാങ്ങിയ ശേഷം  കേസിനു പോവുന്ന ഒരുവളായി  വരികളിലും വരികള്‍ക്കിടയിലും ചിത്രീകരിക്കുന്നതാണ് നാം കാണുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും. മാനുഷികമായ  തലത്തിലാണ് ഇരയെ കാണുന്നതെങ്കില്‍ പാലിക്കേണ്ട ഭാഷാപരമായും വാര്‍ത്താപരമായും ഉള്ള ഒതുക്കമോ അടക്കമോ ഈ മാധ്യമ സൃഷ്ടികളില്‍ കാണാറേയില്ലെന്നാണ് അനുഭവം.
ഇത്തരം ഔദാര്യങ്ങളൊന്നും ആസ്വദിക്കാനാവാത്ത മറ്റൊരവസ്ഥയില്‍ നില്‍ക്കുന്ന, ഇരയായ പെണ്‍കുട്ടി, എങ്ങനെയാവും പതിച്ചു കിട്ടുന്ന പുതിയ പേരിനെ കാണുന്നുണ്ടാവുക?


പറഞ്ഞു വന്നത്, പതിച്ചു കിട്ടുന്ന പുതിയ പേരിനെ കുറിച്ചാണ്. സൂര്യനെല്ലി പെണ്‍കുട്ടിയായിരുന്നു സ്ഥലപ്പേരിലൂടെ ഇത്തരത്തില്‍ മലയാളിക്ക് പരിചിതയായ ആദ്യത്തെ കുട്ടിയെന്നു തോന്നുന്നു. പിന്നെ, വിതുര പെണ്‍കുട്ടി, കോതമംഗലം പെണ്‍കുട്ടി, കവിയൂര്‍ പെണ്‍കുട്ടി, കിളിയൂര്‍ പെണ്‍കുട്ടി എന്നിങ്ങനെ അനേകം പുതുനാമങ്ങള്‍. ഒരിക്കല്‍ ഇത്തരത്തിലൊരു പേരു തലയില്‍ വന്നു വീണാല്‍, ജീവിതകാലം മുഴുവന്‍ ആ പെണ്‍കുട്ടികള്‍ക്ക് താങ്ങിനടക്കേണ്ടി വരും ഈ പേരുകള്‍.
എന്നാല്‍, ഇവരെ പീഡിപ്പിക്കുന്ന, വലിച്ചെറിയുന്ന, ഇത്തിരി കാശിന് വില്‍ക്കുന്ന പുരുഷന്‍മാരോ?
അവര്‍ക്ക് സഹിക്കേണ്ടി വരികയേ ഇല്ല ഇമ്മാതിരി പേരുകള്‍. കേസും കൂട്ടവും കഴിഞ്ഞ് നെഞ്ചും വിരിച്ച് തിരിച്ചു വരുമ്പോള്‍ ആരാധനയോടെയാണ് ഇത്തരക്കാരെ നാടു കാണാറെന്ന് അറിയാന്‍  പ്രശസ്തനായ ഹാസ്യനടന്റെ കാര്യം ഓര്‍ത്താല്‍ മതി. ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായി കോടതിയില്‍ ഹാജരാവാനെത്തിയ ഇയാളെ കാണാന്‍ കോടതി വളപ്പിലെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ വരിവരിയായി നില്‍ക്കുന്ന ചിത്രം പണ്ടേതോ പത്രത്തില്‍ കണ്ടതോര്‍ക്കുന്നു. സ്ത്രീ പീഡന കേസില്‍ ആരോപണ വിധേയനായ രാഷ്ട്രീയ നേതാവ് എം.പിയും മന്ത്രിയുമൊക്കെയായി ഞെളിഞ്ഞു നടക്കുമ്പോഴും അതിന്റെ കലിപ്പൊന്നും ആള്‍ക്കാരോ മാധ്യമങ്ങളോ കാണിക്കാറേയില്ല. കാണിച്ചിട്ടുമില്ല, ഇതുവരെ. മറിച്ച്, പലപ്പോഴും സമൂഹത്തിനു മുന്നില്‍ അവമതിക്കപ്പെട്ട ഇരയുടെ കോറസായിട്ടാവും പലപ്പോഴും ഇത്തരക്കാര്‍ അവതരിപ്പിക്കപ്പെടാറ്.

തലോറിലെ പെണ്‍കുട്ടി ഇത്തിരി നാള്‍ കുടി ഇങ്ങനെ വാര്‍ത്തയിലും കോടതിയിലും തുടര്‍ന്നേക്കാം. പിന്നെ വരും മറ്റൊരുവള്‍. മറ്റാരോടും കാണിക്കാത്ത കണിശതയോടും ലോജിക്കോടും കൂടി അവളുടെ മൊഴികളും  നിലവിളികളും പൊതുസമൂഹം കണിശമായ പരിശോധനക്ക് വിധേയമാക്കും. എല്ലാ വിശകലനങ്ങളിലും അവളുടെ കുഴപ്പങ്ങള്‍ മുഴങ്ങിക്കേള്‍ക്കും. പണ്ടേ ചീത്ത സ്വഭാവമെന്നോ, കുലിനതയില്ലെന്നോ അങ്ങനെ പലത്. ഇതിനുപറ്റിയ  പലവിധ അളവുകോലുകള്‍ യഥേഷ്ഠം സ്റ്റോക്കുണ്ടല്ലോ നമ്മുടെയൊക്കെ കൈകളില്‍.



photo: steve mccurry


ഇപ്പോള്‍ തീവണ്ടി എനിക്കിറങ്ങേണ്ട സ്റ്റേഷനിലെത്താറായിരിക്കുന്നു. മുന്നിലെ മുഖാമുഖമുള്ള സീറ്റില്‍ ഇപ്പോഴും കളിചിരികളോടെ തിമിര്‍ത്തു പെയ്യുന്നുണ്ട്, പുരുഷ യുക്തികള്‍ കൊണ്ടലങ്കരിച്ച ഉശിരന്‍ വാദമുഖങ്ങള്‍. അതൊരു പക്ഷേ, തലോറിലെ പെണ്‍കുട്ടിയെ കുറിച്ചാവാം. അല്ലെങ്കില്‍ സൌമ്യയെ കുറിച്ച്. അതുമല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച്. പത്രത്തിന് പേജുകള്‍ ഒരുപാടുണ്ടല്ലോ.  നാട്ടില്‍ ലൈംഗിക പീഡന കേസുകളും.

പിന്‍മൊഴി:
കാണാനാവുന്നുണ്ട്, ഇതെഴുതുമ്പോള്‍, 'വെറുതെ പുരുഷന്‍മാരെ നിന്ദിക്കുന്നു, നാട്ടിലെ പീഡനകേസുകളിലെല്ലാം പെണ്ണുങ്ങളല്ലേ പ്രതികള്‍' എന്നിങ്ങനെ ഏതു കോടതിയിലും എളുപ്പം ജയിച്ചു പോരുന്ന ഉശിരന്‍ യുക്തിയോടെ അനേകം മറുപടികള്‍ ഈ പോസ്റ്റിനുനേരെ നിരങ്ങി വരുന്നത്.  എന്നിട്ടും പറയാതിരിക്കാന്‍ കഴിയുന്നില്ല, അത്രയൊന്നും യുക്തിഭദ്രമല്ലാത്ത,  വാദങ്ങള്‍ക്ക് അത്രയൊന്നും മൂര്‍ച്ചയില്ലാത്ത ചിലതൊക്കെ .
തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും വേണ്ടേ, ആരെങ്കിലുമൊക്കെ.




Thursday, October 6, 2011

സച്ചിദാനന്ദനും ട്രാന്‍സ്ട്രോമര്‍ക്കുമിടയില്‍ എന്റെ നൊബേല്‍ നേരങ്ങള്‍

നൊബേല്‍ പരിസരത്തെ സച്ചിദാനന്ദന്‍ ഉള്ളിലുണര്‍ത്തുന്ന ചില ചിന്തകള്‍. ഓര്‍മ്മകള്‍. സാധ്യതകള്‍ പറപ്പിച്ചുകളഞ്ഞ് 
മുന്നിലെത്തിയ ടോമാസ് ട്രാന്‍സ്ട്രോമറെ കുറിച്ചും.




1

അറിയാമായിരുന്നു, ആദ്യ അവസരത്തില്‍ തന്നെ നൊബേല്‍ സമ്മാനം സച്ചിദാനന്ദനിലേക്ക് എത്തില്ലെന്ന്.

അറിയാമായിരുന്നു,ലോകമെങ്ങും വായനക്കാരുള്ള, വിവര്‍ത്തനങ്ങളുള്ള, ഓരോ ദേശത്തിനും സ്വന്തം വാക്കുകളെന്നു തോന്നും വിധം സാര്‍വലൌകികമായ, വിവര്‍ത്തന സജ്ജ്മായ എഴുത്തുകളാണ് അപൂര്‍വം ചില സാഹചര്യങ്ങളൊഴിച്ചാല്‍, നൊബേല്‍ ഷെല്‍ഫിലേക്ക് ചെന്നു പെടാറുള്ളതെന്ന്.

അറിയാമായിരുന്നു,ലോകത്തിന്റെ എഴുത്തുകാരനായി മാറാനുള്ള ഊര്‍ജവും ഭാവുകത്വവും അകമേ വഹിക്കുമ്പോഴും സച്ചിദാനന്ദനും മലയാളത്തിനും ചെന്നെത്താന്‍ ഇനിയുമേറെ കരകള്‍ സാഹിത്യത്തിന്റെ മുന്‍ഗണനാക്രമങ്ങളില്‍ ശേഷിക്കുന്നുവെന്ന്.

അറിയാമായിരുന്നു, വിവര്‍ത്തനത്തിനു വഴങ്ങാത്ത ജൈവികമായ, തികച്ചും മലയാളിത്തമുള്ള അനേകം ഇടങ്ങള്‍ ഇപ്പോഴും ആ മനുഷ്യന്റെ കവിതകളില്‍ ആകാശം പോലെ ബാക്കി കിടക്കുന്നുണ്ടെന്ന്.

അറിയാമായിരുന്നു,അഡോണിസിനെ പോലെ പ്രിയപ്പെട്ട മറ്റനേകം എഴുത്തുകാര്‍ നൊബേല്‍ മുന്‍ഗണനയുടെ ഇത്തിരി വഴിയില്‍ പ്രഷര്‍ കുക്കറിലെന്നോണം പുറത്തുവരാന്‍ വിങ്ങിനില്‍ക്കുന്നുവെന്ന്.

അറിയാമായിരുന്നു, എന്താണ് നൊബേല്‍ യാഥാര്‍ഥ്യമെന്ന്.


2
എന്നിട്ടും, ദല്‍ഹിയില്‍നിന്ന്  ചങ്ങാതി ഫോര്‍വേഡ് ചെയ്തു തന്ന മെയിലില്‍ നൊബേല്‍ പരിഗണനക്കായി കൂട്ടിവെച്ച പേരുകള്‍ക്കിടയില്‍ സച്ചിദാനന്ദനെന്ന പേരു കണ്ടപ്പോള്‍ മുതല്‍ നെഞ്ചിടിപ്പേറി. ദൈവമേ, സച്ചിദാനന്ദന്‍!
ഒറ്റ വീര്‍പ്പിന് തൊണ്ടയില്‍ വന്നു നിറഞ്ഞു, ഇക്കാലമത്രയും വായിച്ച സച്ചിദാനന്ദന്റെ വാക്കുകളുടെ ക്ഷീരപഥങ്ങള്‍.  ഒന്നിച്ചാണ് വളര്‍ന്നതെന്ന് തോന്നിപ്പിക്കും വിധത്തില്‍ ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകള്‍ക്കൊപ്പം കൂട്ടു പോന്ന ആ കവിതയുടെ ഭാവുകത്വ വൈചിത്യ്രങ്ങള്‍.
അപ്പോഴേക്കും അറിയാതെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു, സച്ചിദാനന്ദന്റെ വാക്കുകളിലേക്ക് ലോകം ഒന്നിച്ചു പെയ്യണേ എന്ന്. ജൈവ മലയാളം ഒഴുകുന്ന ആ പുഴയുടെ സമൃദ്ധി തിരിച്ചറിയാനാവും വിധം ലോകത്തിന്റെ അളവുകോലുകള്‍ ഒറ്റയടിക്ക് മാറി മറ്റൊന്നാവണേയെന്ന അഭിലാഷം ഉല്‍ക്കടമായ വികാരത്തള്ളിച്ചയായി ഇടക്കിടെ പുറത്തുവന്നു കൊണ്ടിരുന്നു. പിറ്റേ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ആ വാര്‍ത്ത വീണ്ടും വീണ്ടും വായിച്ചു കൂട്ടുന്നതിനൊപ്പം  ഉള്ളിലെ കാറ്റു പിടിച്ച സ്വപ്നങ്ങള്‍ തുള്ളിത്തുളുമ്പി. കേള്‍ക്കാനാവും ആ വാര്‍ത്തയെന്ന്, എന്തിനെന്നില്ലാതെ മനസ്സിനെ ബോധ്യപ്പെടുത്തി തുടങ്ങി. സര്‍ക്കസിലെ മാജിക്കുകാരന്റെ കൈയിലെ മന്ത്രവടിപോലെ എറിഞ്ഞുകളഞ്ഞാലും പിന്നെയും പിന്നെയും കൈയിലേക്കു തന്നെ വന്നു ആ സ്വപ്നത്തെ പൊലിപ്പിക്കുന്ന അനേകം സാധ്യതകള്‍. ദല്‍ഹിയില്‍ നല്ല പിടിപാടുള്ളതു കൊണ്ടും മാര്‍ക്കറ്റിങ്  വശമുള്ളതു കൊണ്ടും മാത്രം ഒരാള്‍ക്കും നൊബേല്‍ സമ്മാനം തൊടാന്‍ കഴിയില്ലെന്നു പറഞ്ഞ ബാല്യകാല സുഹൃത്തും ദോഷൈകദൃക്കും ആഴമുള്ള വായനക്കാരനുമായ ചങ്ങാതിയോടു രോഷത്തോടെ പൊരുതി.  വെറുമൊരു പത്രക്കാരന്റെ സഹജ പുച്ഛം മാത്രമാണ് അവനെന്ന് പിന്നെയും പിന്നെയും കലിപ്പ് പറഞ്ഞൊഴിച്ചു.
കിട്ടിയ നേരങ്ങളില്‍ വീണ്ടും വീണ്ടും സച്ചിദാനന്ദന്‍െ കവിതകള്‍ വായിച്ചു നോക്കി. ഒരു കളളിയിലും പെടുത്താനാവാതെ കലങ്ങി മറിയുന്ന വൈവിധ്യങ്ങളുടെ അന്തര്‍പ്രവാഹങ്ങള്‍ പലവുരു ദര്‍ശിച്ചു. ഇപ്പോഴല്ലെങ്കില്‍ പിന്നൊരിക്കല്‍ ലോകത്തിന്റെ ശിഖരം താഴ്ന്നു വരുമെന്നും ഒരണ്ണാനെപ്പോലെ സച്ചിദാനന്ദന്‍ കവിത അതിലൂടെ പാഞ്ഞുകയറുമെന്നും ഉള്ളിലെ ശുഭാപ്തി വിശ്വാസി അടക്കം പറഞ്ഞു കൊണ്ടിരുന്നു. അന്നേരമാക്കെ വെറുതെ ആലോചിച്ചെടുത്തു, ആരായിരുന്നു എനിക്കീ മനുഷ്യനെന്ന്.


3
കവിത വായിച്ചാല്‍ മനസ്സിലാവാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. ചെറുപ്പത്തിലേ വായിച്ചതൊക്കെ അറ്റമില്ലാത്ത ഗദ്യമായിരുന്നു. അതില്‍തന്നെ കാര്യ കാരണ ബന്ധങ്ങള്‍ നെടുങ്കോട്ട പോലെ നില്‍ക്കുന്ന നോണ്‍ ഫിക്ഷന്റെ സാധാരണത്വത്തിലായിരുന്നു ഏറിയ നേരവും. ഭാഷയുടെ സമൃദ്ധിയെന്നോ, ചിന്തയുടെ പെരുമീന്‍ കലക്കങ്ങളെന്നോ തിരിച്ചറിയാനാവാതെ കവിത പിടി തരാത്ത ഒന്നായി കൊമ്പന്‍ മീശ പിരിച്ച് പേടിപ്പിച്ചു നിര്‍ത്തി.
പിന്നൊരിക്കല്‍ ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ബലപ്രയോഗത്തിലൂടെ എത്തിപ്പെടുകയായിരുന്നു  വിറയ്ക്കുന്ന വിരലുകളോടെ കവിതയുടെ മേശപ്പുറത്ത്. സ്കൂള്‍ യുവജനോല്‍സവത്തിന്റെ ഭാഗമായ കവിതാ രചനാ മല്‍സര വേദിയായിരുന്നു അത്. മല്‍സരിക്കാന്‍ ആള്‍ തികയാത്തതിനാല്‍ ചൂണ്ടയുമായിറങ്ങിയ ഒരധ്യാപകന് എന്നെ കാണിച്ചു കൊടുത്തത് എന്റെ ക്ലാസ് ടീച്ചറായിരുന്നു. പഠിക്കുന്ന കുട്ടി, അധ്യാപകരുടെ മക്കള്‍ എന്നിവയൊക്കെയായിരുന്നു പിടികൂടപ്പെടാനുള്ള മിനിമം യോഗ്യതകള്‍. അതില്‍ പെട്ടു പോയതിനാലാവണം എന്റെ നേര്‍ക്ക് ചുണ്ട പറന്നു വന്നത്.
അങ്ങനെ കവിതാ രചനാ മേശയില്‍. മുന്നിലൊരു കടലാസുണ്ട്. ബ്ലാക്ക് ബോര്‍ഡില്‍ ഒരു വിഷയവും. സന്ധ്യ. അനുഷ്ഠനം പോലെ മാത്രം രചനാ മല്‍സരങ്ങള്‍ നടന്നിരുന്ന ഒരു സ്കൂള്‍ ആയിരുന്നു ഞങ്ങളുടേത്. ആരോ ഇട്ടു കൊടുത്ത വിഷയത്തില്‍ കുട്ടികളെ പെറുക്കി വെച്ച് കൊത്തങ്കല്ലാടുന്ന ഒരു കോമണ്‍ മിനിമം പ്രോഗ്രാം.
സന്ധ്യയെക്കുറിച്ച് ഞാനെന്തെഴുതാന്‍. പാഠപുസ്തകത്തില്‍ ഒരു തരത്തിലും പിടി തരാതെ വഴുതുന്ന മീനാണ് കവിത. കാണാപ്പാഠം പഠിച്ച് മാര്‍ക്ക് വാങ്ങുന്നു എന്നതിനപ്പുറം കവിതയും ഞാനും തമ്മില്‍ കണ്ടാല്‍ തല്ലും എന്ന സ്ഥിതിയിലാണ്.
ആ ഞാനാണ്. കവിതയാണ്. സന്ധ്യയാണ്.
കടലാസിന്റെ വെളുപ്പ് നോക്കിനില്‍ക്കെ പേടി തോന്നിത്തുടങ്ങി. എനിക്കന്നേരം തറവാടു വീടിന്റെ മുകള്‍പ്പറമ്പുകളിലെ വൈകുന്നേരങ്ങള്‍ ഓര്‍മ്മ വന്നു. അവിടെയാണ് വസൂരി വന്ന കാലത്ത് ആളുകളെ ഒന്നിച്ചു കുഴിച്ചു മൂടിയ കിണര്‍. പറഞ്ഞു കേട്ടതായിട്ടും ആരൊക്കെയോ പറഞ്ഞുറപ്പിച്ച കഥകള്‍ കാരണം ഇത്തിരി ഇരുട്ടിയാല്‍ ആ വഴിക്ക് പോവാനേ ധൈര്യമില്ലാത്ത കുട്ടിയായിരുന്നു ഞാന്‍. പോവാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു സന്ധ്യക്കാണ് ഭയം അരൂപിയായ ഒരു പായക്കെട്ടു പോലെ എന്റെ മുന്നില്‍ താനേ വിരിച്ചിടപ്പെട്ടത്. ഒറ്റക്കരച്ചിലില്‍ മൂന്ന് ദിവസത്തേക്കുള്ള പനി കുടികിടപ്പുണ്ടായിരുന്നു.
പറഞ്ഞു വന്നത് സന്ധ്യയെക്കുറിച്ചാണ്. വസൂരിക്കിണറിന്റെ അരികിലൂടെ പേടിച്ചു പായുമ്പോള്‍ സന്ധ്യ വന്നെന്നെ തൊട്ടു എന്നോ മറ്റോ ആയിരിക്കണം എഴുതിപ്പോയത്. ഒറ്റ എഴുത്തിന് ഞാനാ കടലാസ് തീര്‍ത്തു.  അതു കഴിഞ്ഞ് വായിച്ചു നോക്കാന്‍ പോലും ഭയന്ന് കവിതയുടെ ചൂരല്‍ വടിയില്‍നിന്ന് ഞാനെന്റെ ക്ലാസിലേക്കു തന്നെ തെറിച്ചു വീണു.
ആ കവിതക്കാണ് സമ്മാനം കിട്ടിയത്. കവിത കൊള്ളാവുന്നതാവില്ല അതിനു കാരണമെന്ന് എനിക്കിപ്പോഴറിയാം. മാഷമ്മാരെ പേടിച്ച് വെള്ളക്കടലാസിനു മുന്നില്‍ ചെന്നു പെട്ട മറ്റാരും എഴുതിയിട്ടുണ്ടാവില്ല അത്രയേറെ. ഒരു ലേഖനമെഴുതും പോലെ എഴുതിത്തീര്‍ത്ത കാര്യങ്ങളില്‍ മരുന്നിന് പോലും ഇല്ലാതിരുന്നത് കവിത തന്നെയായിരുന്നു.
പിന്നെ, എന്റെ മലയാളം ടീച്ചര്‍, അവരായിരുന്നു ആ വിഷയം തെരഞ്ഞെടുക്കാനും വിധി നിര്‍ണയം നടത്താനും വിധിക്കപ്പെട്ടിട്ടുണ്ടാവുക, എന്നോട് പറഞ്ഞു. 'കവിതയാവുമ്പോള്‍ ഇടക്കൊക്കെ, ഹാ എന്നും അഹോ എന്നൊക്കെ വേണം. പരീക്ഷക്ക് എഴുതും പോലെ നേര്‍ക്കു നേര്‍ക്കല്ല കവിതയെഴുതുക. വരികള്‍ ഇടക്കിടെ മുറിക്കണം.'
ഗതികേടിന്റെ ഉച്ചസ്ഥായിയില്‍നിന്ന് ഞാനതിനെല്ലാം ഉത്തരം മൂളി.
അതിലേക്കു തന്നെ വന്ന വീണു, അടുത്ത വടിവാള്‍. ഉപജില്ലാ യുവജേനോല്‍സവം. അറുക്കാന്‍ കൊണ്ടുപോവുന്ന ആടിനെപ്പോലെ ഒരു നട്ടുച്ചക്ക് അടുത്ത പഞ്ചായത്തിലുള്ള വലിയ സ്കൂളില്‍ നനഞ്ഞ ചോക്കു കൊണ്ട് നമ്പറെഴുതിയ ഒരു ഡെസ്കില്‍ ഞാന്‍ ചെന്നുപെട്ടു. 'അതിത്തിരി കടുപ്പം തന്നെ'^ മല്‍സരം കഴിഞ്ഞ് വിഷയം പറഞ്ഞപ്പോള്‍ ടീച്ചര്‍ എന്നെ ആശ്വസിപ്പിച്ചു.
സമാഗമം എന്നതായിരുന്നു വിഷയം. വരികളില്‍ തലങ്ങും വിലങ്ങും മുറിച്ച് പുട്ടിന് തേങ്ങപോലെ 'ഹാ', 'അഹോ' എന്നിങ്ങനെ ശബ്ദങ്ങള്‍ ചേര്‍ത്ത് ഞാന്‍ കാച്ചിയ കവിത എന്നെ കാത്തു. ജില്ലാ തല മല്‍സരത്തിന് പോവേണ്ടതില്ലാത്ത വിധം ഞാന്‍ ഔട്ട്!


4
പിന്നെയാണ് കവിതാ വായന തുടങ്ങുന്നത്. ഇത്രയേ ഉള്ളൂ കവിത എന്ന ധൈര്യത്തില്‍ തന്നെയാവണം അതിന് ഒരുമ്പെട്ടിറങ്ങിയത്. കൈയില്‍ കിട്ടിയ പുസ്തകം നെഞ്ചത്തേക്ക് വലിച്ചിട്ടു തരുന്ന ഞങ്ങളുടെ ലൈബ്രറി മാഷ് എനിക്കു നേര വീശിയത് ഒരു കവിതാ പുസ്തകമായിരുന്നു. സച്ചിദാനന്ദന്റെ കവിതാ സമാഹാരം.  വീട്ടില്‍ ചെന്ന് അലസമായി അതു വായിച്ചു തുടങ്ങിയ ഞാന്‍ പെട്ടെന്ന് തന്നെ അതിനുള്ളിലെ ഊടുവഴികളിലേക്കും അവിടെ നിന്നങ്ങോട്ട്  പച്ചകൊണ്ട് ആകാശത്തെ മറക്കുന്ന കാടകത്തേക്കും കയറിപ്പോയി. എഴുപതുകളിലെ സവിശേഷ സാഹചര്യങ്ങള്‍ എഴുതിച്ച ചില കവിതകള്‍ അതിലുണ്ടായിരുന്നു. അതിന്റെ നട്ടുച്ചയോ അനിശ്ചിതത്വമോ മനസ്സിലാക്കാതെ തന്നെ ഞാനാ വരികളിലേക്ക് എടുത്തു ചാടി.
പിന്നെയാണ് വൈലോപ്പിള്ളിയിലേക്കും ഇടശേãരിയിലേക്കും പാത്തും പതുങ്ങിയും ചെന്നുനോക്കിയത്. അവിടെ നിന്നാണ് സുഗതകുമാരിയിലേക്കും അയ്യപ്പപ്പണിക്കരിലേക്കും ചുമ്മാ നടത്തങ്ങള്‍ തുടങ്ങി വെച്ചത്. ഒന്നും മനസ്സിലാവുന്നില്ല എന്ന ബോധ്യത്തിലും കവിത വായിക്കാന്‍ ഒരിഷ്ടം കിളിര്‍ത്തു വന്നതും അങ്ങനെയാണ്. കാലഗണനകളും ക്രമവുമില്ലാതെയായിരുന്നു ആ വായനകള്‍. കുഞ്ചന്‍ നമ്പ്യാരില്‍നിന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിലേക്കും   ഡി. വിനയചന്ദ്രനില്‍നിന്ന്  ആശാനിലേക്കും അവിടെ നിന്ന് ചങ്ങമ്പുഴയിലേക്കും ഒരു സംശയവുമില്ലാതെ മുങ്ങാം കുഴിയിട്ടു. പിന്നെപ്പിന്നെയാണ് കവിത ഉള്ളില്‍ രാപ്പാര്‍ക്കാന്‍ തുടങ്ങിയത്.


5
തീര്‍ച്ചയായും കവിത ആദ്യം കൊത്തിയത് സച്ചിദാനന്ദന്റെ കാട്ടുപാതയില്‍നിന്നു തന്നെയാണ്. രാഷ്ട്രീയവും സംസ്കാരവും പാരമ്പര്യവും സ്വപ്നങ്ങളും ഭാഷയും പരിസ്ഥിതിയും നാട്ടറിവുകളും മറുഭാഷാ വഴക്കങ്ങളും  ഇന്ത്യന്‍ കാവ്യവഴികളും വിവര്‍ത്തനസമുദ്രങ്ങളും രൂക്ഷ പ്രതികരണങ്ങളും സ്നേഹവും കരുണയും ഭീതിയും ആശങ്കയും സര്‍റിയല്‍ ബിംബങ്ങളും ആത്മീയതയും പോപ്പുലര്‍ കള്‍ച്ചറും ഉന്‍മാദവും മറ്റനേകം അനുഭവങ്ങളും കുത്തിമറിയുന്ന ആ ജലപ്രവാഹത്തില്‍ തന്നെയാണ്, അന്നുമിന്നും വൈയക്തികമായ അനേകം കപ്പല്‍ച്ചേതങ്ങളില്‍ ഞാന്‍ ചെന്നു നില്‍ക്കുന്നത്.  സമപ്രായക്കാരായ കവികളെ വായിക്കുംപോലെ തന്നെ  ഇപ്പോഴും കുടിച്ചു വറ്റിക്കാനാവും സച്ചിദാനന്ദന്‍ കവിതകള്‍. ഒരു ഭാവുകത്വ ബിന്ദുവിലും കെട്ടിയിടപ്പെടാത്ത അപാര പരിണാമങ്ങളുടെ കൊളാഷ് ആവുന്നതിനാലാവണം ഇത് സാധ്യമാവുന്നത്. മലയാളത്തില്‍ കവിയുടെ പൂര്‍ണ ജീവിതം ജീവിച്ചു തീര്‍ക്കുന്നത് ഈ മനുഷ്യന്‍ തന്നെയാണെന്ന്  സ്നേഹിച്ചും സംശയിച്ചും അകന്നും വീണ്ടുമടുത്തുമുള്ള സച്ചിദാനന്ദന്‍ വായനകള്‍ ബോധ്യപ്പെടുത്തുന്നു.
അതെ. അതു തന്നെയാവണം  എന്റെ നൊബേല്‍ പ്രതീക്ഷകള്‍ തിടം വെച്ചു പാഞ്ഞൊഴുകുന്നത്.


6
എന്റെ ആഗ്രഹങ്ങളുടെ നട്ടെല്ലിലേക്കു തന്നെയാണ് മൂര്‍ച്ചയുള്ള മിന്നല്‍ പാകി ആ വാര്‍ത്ത വന്നത്. സാഹിത്യ നൊബേല്‍ ടോമാസ് ട്രാന്‍സ്ട്രോമര്‍ക്ക്. സ്വിസ് കവിയും മനോരോഗ വിദഗ്ദനുമായ ട്രാന്‍സ്ട്രോമര്‍ സച്ചിദാനന്ദനടക്കമുള്ള എന്റെ ആഗ്രഹങ്ങളുടെ ഉടലില്‍ ചവിട്ടി ഒട്ടും ധൃതി കാണിക്കാതെ എന്നിലേക്കു വന്നു. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് സംസാര ശേഷി നഷ്ടപ്പെട്ട, 60 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട, 15 ലേറെ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച, സ്വീഡനിലെ ഏറ്റവും പ്രശസ്തനായ കവികളിലൊരാളായ ട്രാന്‍സ്ട്രോമര്‍ക്ക് അര്‍ഹതപ്പെട്ടതു തന്നെയാണ് ഈ പുരസ്കാരമെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നു. 2007ല്‍ ജെന്നി മൊറേലി അദ്ദേഹവുമായി നടത്തിയ സൌഹൃദം കലര്‍ന്ന അഭിമുഖം ഇപ്പോള്‍ വായിച്ചതേയുള്ളൂ. അതിലുണ്ട്, ആ മനുഷ്യന്‍ ജീവിക്കുന്ന പ്രപഞ്ചങ്ങള്‍. ചെറുപ്പക്കാര്‍ക്കുള്ള തടവറയില്‍ ഏറെ കാലം ജോലി ചെയ്ത, മനോരോഗ വിദഗ്ദനെന്ന നിലയില്‍ അനേകം മനസ്സുകളിലൂടെ കത്തിമുന പോലെ കടന്നു പോയ, വയലന്റായ ഒരു ലോകത്തിലും  പ്രാപ്പിടിയന്റേതുപോലുള്ള കാഴ്ചയില്‍ ലോകത്തെ വിവര്‍ത്തനം ചെയ്യുന്ന ട്രാന്‍സ്ട്രോമറുടെ  ചാതുരി ആ അഭിമുഖത്തിലുണ്ട്. കേവല യുക്തിയെ  മുറിച്ചു കടക്കുന്ന അതിവേഗ തീവണ്ടി പോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ലളിതവും അതേ സമയം  ഗൂഢവുമായ മറ്റൊരു ലോകം സൃഷ്ടിക്കുകയാണെന്ന് ഗാര്‍ഡിയന്‍ പത്രത്തിന്റെ വെബ്സൈറ്റില്‍ കണ്ടേത്തിയ ട്രാന്‍സ്ട്രോമര്‍ കവിതകള്‍ പറഞ്ഞു തരുന്നു.
വിവര്‍ത്തനത്തിന് സദാ സജ്ജ്മാണ് അദ്ദേഹത്തിന്റെ കവിതകളെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ ജൂലി ബോസ്മാന്‍ എഴുതിയ വാര്‍ത്ത പറഞ്ഞു തരുന്നു.


7
പിന്നെയാണ് ഓര്‍മ്മ വന്നത്, സ്വീഡിഷ് കവിതകളെ കുറിച്ചുള്ള ഒരു സമാഹാരത്തില്‍ ട്രാന്‍സ്ട്രോമറെ ഞാനും മലയാളത്തില്‍ വായിച്ചിട്ടുണ്ട്. ഏതാണ് ആ പുസ്തകമെന്ന് ഓര്‍മ്മിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് ഡി.സി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ കവറിലെ പെയിന്റിങാണ്. ആകാശം തൊട്ടു വരഞ്ഞ സ്വപ്നത്തിന്റെ ഇത്തിരിക്കരയാണ് അതില്‍.
പിന്നെയും ഓര്‍മ്മ വരുന്നു, അത് വിവര്‍ത്തനം ചെയ്തത് അതേ വിരലുകളാണ്.
ദൈവമേ, വീണ്ടും ആ വിരലുകളിലേക്കു തന്നെ വഴി നീളുന്നു.
സാക്ഷാല്‍ സച്ചിദാനന്ദന്‍!
 ..........................................................

പിന്നെ എഴുതിയത്


ഷെല്‍ഫില്‍ നിന്ന് കണ്ടുകിട്ടി ഇപ്പോള്‍, സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത റ്റൊമാസ് ട്രാന്‍സ്ട്രോമറുടെ കവിതകള്‍ അടങ്ങിയ
ആ പുസ്തകം. ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍: ആധുനിക സ്വീഡിഷ് കവിതകള്‍  എന്നാണ് പുസ്തകത്തിന്റെ പേര്.

ഡി.സി ബുക്സിനും സച്ചിദാനന്ദനും കടപ്പാട് രേഖപ്പെടുത്തി ഇതിവിടെ പകര്‍ത്തുന്നു.
നിങ്ങള്‍ക്ക് വായിക്കാന്‍ മാത്രം.


മാര്‍ച്ച് 1979
വാക്കുകളുമായി, ഭാഷയില്ലാതെ വെറും വാക്കുകളുമായി
വരുന്നവരില്‍ മടുത്ത് ഞാന്‍ മഞ്ഞു മൂടിയ
ദ്വീപിലേക്ക് കടന്നു ചെല്ലുന്നു.
മെരുക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ വാക്കുകളില്ല
എഴുതപ്പെടാത്ത താളുകള്‍ എങ്ങും പരന്നു കിടക്കുന്നു.
മഞ്ഞില്‍ ഒരു കലമാനിന്റെ
കുളമ്പടയാളങ്ങള്‍.
ഭാഷ, പക്ഷേ വാക്കുകളില്ല




തീക്കുറിപ്പുകള്‍
ആ ഇരുണ്ട മാസങ്ങള്‍ക്കിടയില്‍ എന്റെ പ്രാണന്‍
ജീവിച്ചുതിളങ്ങിയത് നിന്നെ പ്രണയിച്ചപ്പോള്‍ മാത്രം
മിന്നാമിനുങ്ങ് കത്തുകയും കെടുകയും
കത്തുകയും കെടുകയും ചെയ്യുമ്പോലെ
ഇരുളില്‍ ഒലീവ് മരങ്ങള്‍ക്കിടയില്‍ അത് പറക്കുന്നത്
നമുക്ക് മിന്നലാട്ടങ്ങളിലൂടെ പിന്‍തുടരാം.
ആ ഇരുണ്ട മാസങ്ങളിലുടനീളം ആത്മാവ്
ചുരുങ്ങി നിര്‍ജജീവമായി കിടന്നു
പക്ഷേ, ശരീരം നേരെ നിന്നിലേക്കു പോയി.
നീലകാശം അമറി;
നാം ആരും കാണാതെ പ്രപഞ്ചം കറന്നെടുത്ത്
അതിജീവിച്ചു




LinkWithin

Related Posts Plugin for WordPress, Blogger...