Friday, June 24, 2011

തസ്നി ബാനുവിനെ തല്ലിയാല്‍ എത്രയുണ്ട് ന്യായം (ഫിഫ്ത് എസ്റ്റേറ്റ് ആരുടെ തോന്നലാണ്)

 കാക്കനാട്ടെ ഐ.ടി കമ്പനി ജീവനക്കാരിയും എറണാകുളത്തെ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകയും പെണ്ണരങ്ങ് നാടക കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകയുമായ  തസ്നി ബാനുവെന്ന 32കാരി കാക്കനാട് എന്‍.ജിഒ ക്വാര്‍ട്ടേഴ്സിനടുത്തു വെച്ച് രാത്രിയില്‍ ഒരു സംഘം ചെറുപ്പക്കാരാല്‍ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്. സംഭവമിപ്പോള്‍ ഒരാഴ്ചയാവുന്നു. കേരളം ശക്തമായി പ്രതികരിച്ച സംഭവത്തില്‍ വാദിയെ പ്രതിയാക്കുന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ബി.ആര്‍.പി ഭാസ്കര്‍, കെ. വേണു, എന്‍.എം പിയേഴ്സണ്‍,  ജ്യോതി നാരായണന്‍ എന്നിവറ ഒപ്പു വെച്ച ഫിഫ്ത്ത് എസ്റ്റേറ്റിന്റെ പ്രസ്താവനയും  ആ വഴിയാണോ പിന്തുടരുന്നത്.


 
അമ്മയെ തല്ലിയാലും രണ്ടുണ്ട് കാര്യമെന്നാണ്.  പെങ്ങളെ തല്ലിയാലും ഇതു തന്നെയാവും സ്ഥിതി.  അപ്പോള്‍, അമ്മയും പെങ്ങളുമല്ലാത്തവളെ തല്ലിയാലോ.  തീര്‍ച്ചയായും, പത്തോ നൂറോ ന്യായം ഈസിയായി ഒപ്പിക്കാം.
 തസ്നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചിലര്‍ ഇപ്പോഴും തുടരുന്ന ന്യായാന്യായ ചര്‍ച്ചകള്‍ കാണുമ്പോഴാണ് ഇക്കാര്യം കൂടുതല്‍ ബോധ്യമാവുന്നത്. സ്വന്തം അമ്മയും പെങ്ങളുമല്ല എന്ന ഒറ്റ ധൈര്യത്തില്‍ അസാമാന്യമായ യുക്തിബോധത്തോടെയും വക്കീല്‍ ന്യായങ്ങളോടെയുമാണ് ചിലരൊക്കെ ചര്‍ച്ചകള്‍ തുടരുന്നത്. പെണ്ണുങ്ങള്‍ അങ്ങനെ ഒറ്റക്ക് പോവേണ്ടതുണ്ടോ എന്നും പോയാല്‍ ഇങ്ങനെയൊക്കെ വരുമെന്നുമുള്ള സാദാ ന്യായം മുതല്‍ അപഥസഞ്ചാരിണിയെന്നു തോന്നിയാല്‍ വെറുതെ വിടാന്‍ പാടുണ്ടോ എന്ന മട്ടിലുള്ള  ബുദ്ധിജീവി യുക്തി വരെ തലങ്ങും വിലങ്ങും പ്രയോഗിക്കപ്പെടുകയാണ്.
മംഗളം പത്രം പച്ചയായി പറഞ്ഞത്   ഇവള്‍ക്ക് രണ്ട് കൊള്ളേണ്ടതുണ്ട് എന്നു തന്നെയാണ്. പൊടുന്നനെ വാദി പ്രതിയായോ എന്ന് അന്തം വിട്ടു നില്‍ക്കുമ്പോള്‍ ദാ വന്നു മറ്റൊരു ഇണ്ടാസ്. കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക ഭൂപടം  മാറ്റിവരക്കുന്നു എന്നു പറഞ്ഞു ഇച്ചിരി മുമ്പ് രംഗത്തു വന്ന ഫിഫ്ത് എസ്റ്റേറ്റ് എന്ന വമ്പന്‍ സാംസ്കാരിക കൂട്ടായ്മയാണ് 'കാക്കനാട് സംഭവം: ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്' എന്ന തലക്കെട്ടില്‍ ഇത്തവണ ലൊട്ടുലൊടുക്കു ന്യായവുമായി ചാടി വീണത്.
പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ ചില ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  പ്രതികളുമായി ബന്ധമുള്ള ചിലര്‍ നാട്ടുകാര്‍ എന്ന പേരില്‍ രംഗത്തെത്തി. സ്വാഭാവികമായും ഇനിയും നാട്ടുകാരോട് വോട്ട് ചോദിക്കേണ്ടതുണ്ട് എന്ന കാരണത്താല്‍ ചില രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ പ്ലേറ്റ് ഇത്തിരിയങ്ങ് മാറ്റി. ഫിഫ്ത് എസ്റ്റേറ്റിന്റെ പ്രസ്താവനക്കു പിന്നില്‍ ഈ സാഹചര്യമാണെന്നാണ് മനസ്സിലാവുന്നത്.

പ്രസ്താവന ഇതാ ഇങ്ങനെ

കാക്കനാട് സംഭവത്തിൽ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്

23 JUNE 2011 20 COMMENTS
കാക്കനാട് ഞായറാഴ്ച രാത്രി മലപ്പുറം സ്വദേശി തെസ്‌നിബാനു ആക്രമിക്കപ്പെട്ട സംഭവം പരിഷ്കൃതസമൂഹത്തിന് പൊറുക്കാവുന്ന കാര്യമല്ല. സ്ത്രീകൾക്ക് ഭയപ്പെടാതെ കേരളത്തിൽ നടക്കാവുന്ന സാഹചര്യം ഉറപ്പുവരുത്തേണ്ടത് കേരള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതിനു പറ്റുന്ന രീതിയിൽ കേരളം പാകപ്പെടേണ്ടതുണ്ട്. കാക്കനാട് സംഭവം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.
രാത്രിയിൽ ജോലിസ്ഥലത്തേക്കു പോയ തെസ്‌നിയെ അപഥ സഞ്ചാരിണിയായി തെറ്റിദ്ധരിച്ച് ചോദ്യം ചെയ്യാൻ എൻ.ജി.ഒ. ക്വാർട്ടേഴ്സ് ജംഗ്ഷനിൽ ചില നാട്ടുകാർ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഐ.ടി. ജീവനക്കാരിയാണ് തെസ്‌നി എന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രശ്നം അവസാനിച്ചതാണ്. പക്ഷെ യാത്ര തുടരാൻ ശ്രമിച്ച തെസ്‌നിയെ നാട്ടുകാരിലൊരാൾ തെറി വിളിച്ചു. തെസ്‌നി അയാളെ അടിച്ചു. പിന്നീട് അവർ കൂട്ടമായി തെസ്‌നിയെ മർദ്ദിച്ചു. ഈ സംഭവത്തിൽ പൊലീസ് ഇടപെട്ടു. പക്ഷെ കേസ് പിറ്റേ ദിവസം പരാതിയുടെ അടിസ്ഥാനത്തിൽ എടുക്കാമെന്ന് പറഞ്ഞു പിരിഞ്ഞു.
എന്നാൽ തെസ്‌നി ഹോസ്‌പിറ്റലിൽ പോവുകയും ഐ.ജി.ക്ക് പരാതി കൊടുക്കുകയും ചെയ്തു. തുടർന്ന് സംഭവങ്ങൾ പിടിവിട്ട് പെരുകാൻ തുടങ്ങി. പൊലീസ് പ്രതികൾക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കാൻ പോകുന്നു എന്നാണ് വാർത്ത. പൊതുജനങ്ങൾ സ്ത്രീകൾ നുണപറയുന്നു എന്ന് പറഞ്ഞുകൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും പന്തം കൊളുത്തി പ്രകടനം നടത്തി. ഇനി ഒട്ടനവധി പേരുടെ പ്രതിഷേധങ്ങളും ഇടപെടലുകളും വരാൻ പോകുന്നു. പ്രശ്നം ആരോഗ്യകരമല്ലാത്ത രീതി കൈവരിക്കാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കാവശ്യം തിരിച്ചറിവാണ്. ഈ വിഷയത്തിൽ ഫിഫ്ത് എസ്റ്റേറ്റ് താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുന്നു.
1. തെസ്‌നി ആക്രമിക്കപ്പെട്ടത് പ്രതിഷേധാർഹമാണ്. ഒരിക്കലും കേരളത്തിൽ ഇത്തരത്തിൽ സ്ത്രീകൾക്ക് ദുരനുഭവങ്ങൾ ഉണ്ടാവരുത്. അതുകൊണ്ട് തെസ്‌നിക്ക് അവർ അർഹിക്കുന്ന തരത്തിൽ പരിഹാരവും നീതിയും ലഭിക്കണം.
2. ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് സംഭവത്തിന്റെ സ്വഭാവത്തെ ദുർവ്യാഖ്യാനത്തിന് ഇടവരുത്തരുത്. പകരം പ്രശ്നത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ കേസെടുക്കുക.
3. സ്ത്രീപക്ഷ പ്രവർത്തകരെയും തദ്ദേശവാസികളെയും പ്രശ്നത്തിൽ ഉൾപ്പെട്ടവരെയും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരെയും ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ വിളീച്ചുവരുത്തി പ്രശ്നത്തിൽ തിരിച്ചറിവുണ്ടാക്കണം. തിരിച്ചറിവും വിവേചനപൂർവ്വമായ സമീപനവുമാണ് പ്രധാനം.
4. കക്കനാട് സംഭവം സ്ത്രീ പ്രവർത്തകരും പൊതുജനങ്ങളും തമ്മിലുള്ള യുദ്ധത്തിനുള്ള കാരണമാകരുത്.
5. തിരിച്ചറിവും സുബോധത്തോടെയുള്ള ഇടപെടലും പരസ്പരം മനസ്സിലാക്കുന്ന സാഹചര്യവുമാണ് പ്രധാനം.
6. പൊതുജനങ്ങളുടെ ഇടപെടലിനെയല്ല എതിർക്കേണ്ടത്. അനാരോഗ്യകരമായ ഇടപെടലിനെയാണ് എതിർക്കേണ്ടത്. അതല്ലെങ്കിൽ ജനങ്ങൾ കാണികൾ മാത്രമാവും. ജനങ്ങളെ കാണികളാക്കി മാറ്റുന്നത് ഗുണകരമല്ല.
ഫിഫ്ത് എസ്റ്റേറ്റിനു വേണ്ടി
ബി.ആർ.പി. ഭാസ്കർ, എൻ.എം.പിയേഴ്സൺ, ജോതി നാരായണൻ, കെ. വേണു.


ഇതിലെ ന്യായങ്ങള്‍ ഇവയാണ്.

1. കാക്കനാട് സംഭവം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ആര്‍ക്ക് തെറ്റിദ്ധാരണ. എന്ത് തെറ്റിദ്ധാരണ.

2. രാത്രിയില്‍ ജോലിക്കു പോയ തസ്നിയെ അപഥസഞ്ചാരിണിയായി തെറ്റിദ്ധരിച്ച് ചിലര്‍ ചോദ്യം ചെയ്യാന്‍  ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

ആരാണീ അപഥസഞ്ചാരിണി? അവരെ  എന്തും ചെയ്യാന്‍ നാട്ടുകാര്‍ക്ക് അവകാശമുണ്ടോ. ഇന്നലെ വരെ സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തിയെന്നു പറഞ്ഞവര്‍ ഇന്നു അവരെ നാട്ടുകാര്‍ എന്നു വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അപഥസഞ്ചാരിണി എന്ന പ്രയോഗത്തെ ഫിഫ്ത് എസ്റ്റേറ്റ് എങ്ങിനെയാണ് കാണുന്നത്.
3. തെസ്നിയെ നാട്ടുകാരിലാരോ തെറി വിളിച്ചു. തസ്നി  അയാളെ തല്ലി. പിന്നീടവര്‍ കൂട്ടമായി മര്‍ദിച്ചു.ഈ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. പക്ഷേ കേസ് പിറ്റേ ദിവസം പരാതിയുടെ അടിസ്ഥാനത്തില്‍ എടുക്കാമെന്നു പറഞ്ഞ് പിരിഞ്ഞു
നോക്കൂ, ഈ വ്യഖ്യാനത്തില്‍ തസ്നിയാണ് പ്രതി. അക്രമികളും കേസെടുക്കാത്ത പൊലീസുകാരുമൊക്കെ അയ്യോ പാവങ്ങള്‍.
പെണ്ണുങ്ങളെ തെറി വിളിച്ചാല്‍ അവര്‍ക്ക് പകരമായി  തല്ലാമോ. തല്ലിയാല്‍ തീര്‍ച്ചയായും തിരിച്ചു കിട്ടുന്നത് സ്വാഭാവികമല്ലേ എന്ന മട്ട്.
 പൊലീസ് ഇടപെട്ടു എന്നാണ് പിന്നത്തെ ന്യായം. എന്ത് ഇടപെടല്‍. സ്റ്റേഷനില്‍ ഒരാള്‍ പരാതിയുമായി ചെന്നാല്‍ അതിനര്‍ഥം പൊലീസ് ഇടപെട്ടു എന്നണോ.
രാത്രിയില്‍ ഒരു പെണ്‍കുട്ടി, തന്നെ ഒരുകൂട്ടം പുരുഷന്‍മാര്‍ മര്‍ദിച്ചുവെന്ന് പറഞ്ഞ് ചെന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന്  കേസ് എടുക്കാമെന്ന് പറഞ്ഞ് പിരിയുകയാണോ പൊലീസിന്റെ കടമ.
4. തസ്നി ഹോസ്റ്റലില്‍ പോയി. ഐജിക്ക് പരാതി നല്‍കി. തുടര്‍ന്ന് സംഭവങ്ങള്‍ പിടിവിട്ടു പെരുകാന്‍ തുടങ്ങി

ആരുടെ പിടി വിട്ടെന്നാണ് ഈ പറയുന്നത്. ഐ.ജിക്ക് പരാതി കൊടുക്കുകയും വാര്‍ത്ത വരികയും ചെയ്താല്‍  സ്വാഭാവികമായും അത് ഇഷ്യൂ അല്ലേ. അല്ലാതെ എന്തോന്ന് പിടിവിട്ട് പെരുകല്‍.
5. സ്ത്രീകള്‍ നുണ പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ചിലര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഇനി പലരും രംഗത്തു വരും. പ്രശ്നം ആരോഗ്യകരമല്ലാതത അവസ്ഥ കൈവരിക്കും.
വരട്ടെ ആളുകള്‍.  ഇതിനെന്തിനാണ് നമ്മുടെ അഞ്ചാം എസ്റ്റേറ്റുകാര്‍ ഇത്രക്ക് ബേജാറാവുന്നത്. ആളുകളെല്ലാം അനുകൂലിക്കുമെന്ന് കരുതിയാണോ ചെങ്ങറയിലും ഡി.എച്ച്.ആര്‍.എം പ്രശ്നത്തിലും മറ്റും ബി.ആര്‍.പി ഭാസ്കര്‍ ഇടപെട്ടത്. മാലി ചാരക്കേസില്‍ സക്കറിയയും ബി.ആര്‍.പി ഭാസ്കറും ഇടപെട്ടത് ഇമ്മാതിരി പേടികള്‍  ഉള്ളില്‍ വെച്ചാണോ.
 
6. ഇനി എസ്റ്റേറ്റുകാര്‍ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍ നോക്കൂ:
തിരിച്ചറിവുണ്ടാക്കി പ്രശ്നം പരിഹരിക്കുക. ജനങ്ങളെയും സ്ത്രീ പ്രവര്‍ത്തകരെയും ധാരണയിലെത്തിക്കുക. പരസ്പരം മനസ്സിലാക്കുക. അങ്ങിനെയങ്ങിനെ...
ആരോ രണ്ട് പോസ്റ്ററുകള്‍ എഴുതിയെന്നു വെച്ച്,  ചിലര്‍ പ്രകടനം നടത്തിയെന്ന് വെച്ച് ഇത്ര കണ്ട്  ഭയക്കാമോ.  ഈ ജനങ്ങള്‍ എന്നു പറഞ്ഞാല്‍ വേറെ ആരോ ആണോ. സ്ത്രീ പ്രവര്‍ത്തകര്‍ ജനങ്ങളില്‍ പെടില്ലേ. എന്ത് യുദ്ധമാണുണ്ടാവുക.
 അന്തം വിട്ടു പോവുന്ന ഇമ്മാതിരി അനവധി ലോജിക്കുകളാല്‍ പ്രയോഗങ്ങളാല്‍ സമൃദ്ധമാണ് കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഫിഫ്ത്ത് എസ്റ്റേറ്റുകാരുടെ പ്രസ്താവന.

രണ്ട്

പ്രതികള്‍ക്ക് അനുകൂലമായി പ്രത്യക്ഷപ്പെട്ട
ഫ്ലക്സ് ബോര്‍ഡ്
സാമൂഹിക നീതി, മതേതരത്വം, ജനാധിപത്യം എന്നു മുദ്രാവാക്യങ്ങളുമായി മലയാളിക്കു മുന്നില്‍ മാറ്റത്തിന്റെ ചാലകശക്തിയാവുമെന്ന പ്രതീക്ഷകളുയര്‍ത്തിയാണ്  ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന കൂട്ടായ്മ രംഗത്തു വന്നത്. ഏറെ പ്രതീക്ഷകളുണ്ടായിരുന്നു അതില്‍.
പറയുന്നതിലെല്ലാം കക്ഷി രാഷ്ട്രീയം ചുവക്കുന്ന നമ്മുടെ സോകോള്‍ഡ്  സാംസ്കാരിക നായകരുടെ  പതിവു വായ്ത്താരി ഇനി സഹിക്കേണ്ടി വരില്ലെന്നും ശക്തവും ആര്‍ജവമേറിയതുമായ പുതിയൊരു സ്വരം ഉയര്‍ന്നു വരുമെന്നും  ആഴത്തില്‍ പ്രതീക്ഷിച്ചു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഉരുട്ടിക്കുഴച്ച് പരുവപ്പെടുത്തിയ നമ്മുടെ സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമാവാന്‍ അതിനാവുമെന്നും ആഗ്രഹിച്ചു.  വെറും മുദ്രാവാക്യങ്ങളോ വാചകമടികളോമാത്രം  സൃഷ്ടിച്ചതായിരുന്നില്ല  ആ പ്രതീക്ഷകള്‍.  അതിനു മുന്‍കൈ എടുത്തവരായിരുന്നു അതിന്റെ മിനിമം ഗ്യാരണ്ടി.  നേരും നെറിയുമുള്ളവരെന്ന നിലയില്‍ കേരളീയ പൊതുസമൂഹത്തിന് പരിചിതരായിരുന്നു അവര്‍.  കേരളത്തിന്റെ സാമൂഹിക ഭൂപടത്തില്‍ സ്വന്തം നിലയില്‍ വ്യതിരിക്തത അടയാളപ്പെടുത്തിയ  അനേകം പേര്‍  ആ കൂട്ടായ്മക്കു പിന്നില്‍ അണിചേര്‍ന്നതും ചേരാന്‍ ആഗ്രഹിച്ചതും അതു കൊണ്ടു തന്നെയാണ്.
എന്നാല്‍, പ്രതീക്ഷക്ക് വകയില്ലെന്നു തന്നെയാണ് അവരും തെളിയിക്കുന്നത്.  തസ്നി ബാനു സംഭവത്തില്‍  ഫിഫ്ത് എസ്റ്റേറ്റിന്റെ പേരില്‍ പുറത്തുവന്ന പ്രസ്താവന അവര്‍ ആരെന്നും അവരുടെ തനിനിറം എന്തെന്നും ബോധ്യപ്പെടുത്തുന്നു.
പ്രസ്താവനയിലെ പേരുകള്‍ ശ്രദ്ധിക്കൂ.   ബി.ആര്‍.പി ഭാസ്കര്‍, കെ. വേണു, എന്‍.എം പിയേഴ്സണ്‍, പിന്നെ ജ്യോതി നാരായണന്‍. ഇവരില്‍ ബി.ആര്‍.പി ഭാസ്കര്‍, കെ.വേണു, പിയേഴ്സണ്‍ എന്നിവര്‍ക്കൊക്കെ വേണമെങ്കില്‍ (വേണമെങ്കില്‍ മാത്രം) ഞാനാദ്യം ചൂണ്ടിക്കാട്ടിയ ആരാന്റമ്മ ആരാന്റെ പെങ്ങള്‍   യുക്തി ചേര്‍ന്നെന്നു വരും.
എന്നാല്‍, ജ്യോതി നാരായണനോ. തീര്‍ച്ചയായും ചേരില്ല. പ്രത്യേകിച്ച് ഈ കേസില്‍.  സംശയം തീര്‍ക്കാന്‍ പഴയ വാര്‍ത്തകള്‍ പരതി നോക്കൂ.
മാതൃഭൂമിയിലാണ് ഞാനവരുടെ പേരു കണ്ടത്.  അക്രമിക്കപ്പെട്ട തസ്നി ആദ്യം വിവരമറിയിച്ചത് രണ്ട് സാംസ്കാരിക പ്രവത്തകരെ. ഒന്ന് സി.ആര്‍. നീലകണ്ഠന്‍. രണ്ട് ജ്യോതി നാരായണന്‍.  ഇതായിരുന്നു വാര്‍ത്തയിലുണ്ടായിരുന്നത്.
അപ്പോള്‍ അപഥസഞ്ചാരിണി എന്നു കരുതി  നാട്ടുകാര്‍ കൈയേറ്റം ചെയ്തു എന്നൊക്കെ എഴുതി ഒപ്പിട്ടയാളേതാ. അതും ജ്യോതി നാരായണന്‍. തസ്നി വിളിച്ചതോ. അതും ജ്യോതി നാരായണന്‍. ഇതെങ്ങനെ ഒത്തു വരും. 
വലിയ ഒരപകടത്തില്‍ പെടുമ്പോള്‍ നാമാദ്യം വിവരമറിയിക്കുക ഉറ്റവരെയാണ്. ആ നിലക്ക് ജ്യോതി നാരായണന്‍ തസ്നിക്ക് വളരെ വേണ്ടപ്പെട്ട ഒരാളായിരിക്കണം.  അങ്ങിനെയൊരാള്‍ പിന്നെ എങ്ങിനെയാണ് തസ്നിക്കെതിരെ, പ്രശ്നത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ  ന്യായങ്ങളുമായി  രംഗത്തു വരിക.  സംഭവത്തില്‍ ചുരുക്കം ചിലര്‍ ഒഴികെ കേരളം ഒന്നാകെ തസ്നിയുടെ പക്ഷത്തു നില്‍ക്കുമ്പോള്‍ കേസിലെ സാക്ഷികളിലൊരാള്‍ തന്നെ തസ്നിക്കെതിരെ രംഗത്തു വന്നാല്‍ അതിന്റെ അര്‍ഥമെന്താണ്. അറിഞ്ഞിടത്തോളം, കൊച്ചിയിലെ സ്ത്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ നിലയും വിലയുമുള്ളയാളാണ് ഈ ജ്യോതി നാരായണന്‍. ഏത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഇത്തരമൊരു പ്രസ്താവനക്കു കീഴെ ഒപ്പു ചാര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടാവുക.
ജ്യോതിയുടെ കാര്യം ഇങ്ങനെ. മറ്റൊരു  സാക്ഷിയായ സി. ആര്‍ നീലകണ്ഠനനാവട്ടെ ഇക്കാര്യത്തില്‍ മൌനം തുടരുകയാണ്.  കാക്കനാട് തന്നെ താമസിക്കുന്ന സി.ആര്‍ സമാനമായ പല സംഭവങ്ങളിലും ശക്തമായ നിലപാടുകളുമായി രംഗത്തു വന്നയാളാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും സദാ സജീവമാവുന്ന ഒരാള്‍. എന്നാല്‍, ഇക്കാര്യത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടിട്ടേയില്ല. ഒരു ചാനലിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഇടടെപടല്‍ ഉണ്ടായില്ലെന്നാണ അറിവ്.
ഒരു പിടിയുമില്ല കാര്യങ്ങള്‍.  തല്ലിയവരാണ് ഇവരേക്കാള്‍ ഭേദം എന്ന സ്വാഭാവികമായും ചിന്തിക്കാനുള്ള സര്‍വ ന്യായങ്ങളും ഒത്തു വരികയാണ്. കേരളം ശക്തമായി പ്രതിഷേധിച്ച ഈ സംഭവവുമായി ബന്ധപ്പെട്ട് വിചിത്രമായ വാദങ്ങളാണ്   പ്രസ്താവനയിലുള്ളത്. 


ഈ പ്രസ്താവനക്കു തൊട്ടു മുമ്പാണ് മംഗളം വാര്‍ത്ത വന്നത്.
വാര്‍ത്ത ഇതാ ഇവിടെ:

ആദ്യം തല്ലിയത്‌ തസ്‌നി ബാനു; എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിയതും അന്വേഷിക്കുന്നു


കൊച്ചി: സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നു പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.

'സദാചാര'ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത്‌ തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത്‌ എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു. 

അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു 'സഭ്യമല്ലാത്ത' പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു 'ബാംഗ്ലൂര്‍ അല്ലെ'ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്‌. സംഭവദിവസം രാത്രി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറും ഇക്കാര്യം പോലീസിനോടു സമ്മതിച്ചിരുന്നു. ഇതു ജനാധിപത്യരാജ്യമാണെന്നും തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ ചെയ്യുമെന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നുവത്രേ തസ്‌നി ബാനുവിന്റെ പ്രതികരണം. തസ്‌നി ബാനുവിന്റെ മറുപടിയില്‍ കുപിതനായ ഓട്ടോ ഡ്രൈവര്‍ അനാശാസ്യപ്രവൃത്തി ഇവിടെ നടക്കില്ലെന്നു പറഞ്ഞ്‌ ഇവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന്‌, തസ്‌നി ബാനു ഇയാളെ തല്ലുകയായിരുന്നു എന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. താനാണ്‌ ആദ്യം തല്ലിയതെന്ന കാര്യം തസ്‌നി ബാനുവും പോലീസ്‌ മുമ്പാകെ സമ്മതിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ കൂടുതല്‍ നാട്ടുകാരും രംഗത്തെത്തി. ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കണമെന്നു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. 

ഇതിനിടെ തസ്‌നി ഫോണില്‍ പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചു താന്‍ ആക്രമിക്കപ്പെട്ടെന്ന്‌ അറിയിക്കുകയായിരുന്നു. ഇവരാണ്‌ അസമയത്ത്‌ സ്‌ത്രീയും പുരുഷനും വിജനമായ സ്‌ഥലത്ത്‌ ദുരൂഹസാഹചര്യത്തില്‍ നില്‍ക്കുന്നത്‌ ചോദ്യം ചെയ്‌തവരെ 'സദാചാര പോലീസി'ന്റെ ആക്രമണമെന്ന മട്ടില്‍ പ്രചരിപ്പിച്ചതെന്നാണ്‌ നാട്ടുകാരുടെ ആരോപണം.



പ്രശ്നം തസ്നി ബാനുവാണെന്നും സദാചാര വിരുദ്ധമായ അവരുടെ പെരുമാറ്റമാണ് സംഭവത്തിനു കാരണമെന്നുമാണ് ഇതിലെ ഭാഷ്യം. ഇതിലെ ചില ന്യായങ്ങളും  പ്രയോഗങ്ങളും പ്രസ്താവനയിലും കാണാം. ഈ വാര്‍ത്ത ഉയര്‍ത്തുന്ന ആശങ്കകളും.
സംശയലേശമന്യെ അതിശക്തമായി പ്രതികരിക്കേണ്ട വിഷയമായിരുന്നു തെസ്നി ബാനുവിനേറ്റ അതിക്രമം. കേരളം അങ്ങിനെ തന്നെയാണ് അത് കൈകാര്യം ചെയ്തതും. അതേ നിലക്ക് കാര്യങ്ങള്‍ പോവുകയും പ്രതികള്‍ പിടിയിലാവുകയും ചെയ്യുന്ന ഘട്ടത്തിലാണ് പെട്ടെന്ന് പുതിയ കഥകള്‍, ന്യായങ്ങള്‍ രംഗത്തു വന്നത്.
പത്രവാര്‍ത്ത നമുക്ക് വേണമെങ്കില്‍ ന്യായീകരിക്കാം. ഇത്തരം പല ഇഷ്യൂകളിലും ഇതേ പത്രംസമാനമായ നിലപാടുകളാണ് കൈക്കൊണ്ടത് എന്നു വാദിക്കാം.  എന്നാല്‍, ഫിഫ്ത്ത് എസ്റ്റേറ്റ് അങ്ങനെയാവാമോ. പ്രസ്താവനയില്‍ പേരു ചാര്‍ത്തിയ ഈ മനുഷ്യരൊക്കെ ഇങ്ങനെ പറയാമോ.
അതാണ് ആദ്യമേ പറഞ്ഞത്, ചില നേരങ്ങളില്‍ വാദി പ്രതിയാവുമെന്ന്.
തല്ലു കിട്ടിയത് അമ്മക്കെങ്കില്‍ അതിനും ചില ന്യായങ്ങള്‍ ഉണ്ടാവാമെന്ന്.

Sunday, June 19, 2011

ശ്വേതാ മേനോന്‍ താലികെട്ടിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

 
ആഭാസകരമായ പോസ്റ്റുകളും ചര്‍ച്ചകളുമായാണ് 
നടി ശ്വേതാ മേനോന്റെ വിവാഹത്തെ  ഓണ്‍ലൈന്‍ സമൂഹം 
സമീപിച്ചത്. ഇത്  എന്തിന്റെ സൂചനകളാണ്. 
സമൂഹമെന്ന നിലയില്‍ നമുക്കിത് ഗുണകരമാണോ.

കഴിഞ്ഞ ദിവസംനടി ശ്വേതാ മേനോന്റെ വിവാഹമായിരുന്നു. മാധ്യമപ്രവര്‍ത്തകനും  വള്ളത്തോളിന്റെ കൊച്ചുമോനുമായ ശ്രീവല്‍സന്‍ മേനോനായിരുന്നു വരന്‍. ശ്വേതയുടെ പിതാവ് നാരായണന്‍കുട്ടി മേനോന്റെ തറവാടിനടുത്തുള്ള നെയ്തലപ്പുറത്ത് ശാസ്താ ക്ഷേത്രത്തിലായിരുന്നു വിവാഹം.  വൈകാതെ  വിവാഹം ഉണ്ടാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ശ്വേതയും ഇക്കാര്യം സമ്മതിച്ചിരുന്നു. അതിനാല്‍, പൃഥ്വിരാജിന്റെ വിവാഹം പോലെ  പോലെ ആളുകള്‍ക്കിടയില്‍  ആശ്ചര്യം സൃഷ്ടിക്കാതെയായിരുന്നു ശ്വേതയുടെ വിവാഹം. ഏറെ നാളത്തെ പ്രണയസാഫല്യം. വളരെ സ്വാഭാവികമായ ഒന്ന്.  നടികളുടെ വിവാഹം പോസിറ്റീവായി ആഘോഷിക്കുന്ന കീഴ്വഴക്കമുള്ള മലയാള മാധ്യമങ്ങളൊക്കെ പൊതുവെ കുഴപ്പമില്ലാത്ത രീതിയിലാണ് ആ വിവാഹത്തെ സമീപിച്ചത്. തികച്ചു മാന്യമായ രീതിയില്‍ തന്നെ.
എന്നാല്‍, ഓണ്‍ലൈന്‍ സമൂഹം വിചിത്രമായാണ് ആ വിവാഹത്തോട് പെരുമാറിയത്. വല്ലാതെ വലിഞ്ഞു മുറുകിയ രീതിയിലാണ് പലരും അതിനെ കണ്ടത്. മലയാളത്തില്‍ അടുത്ത കാലത്തായി വ്യക്തമായി സാന്നിധ്യമറിയിച്ച വാര്‍ത്താ പോര്‍ട്ടലുകള്‍ വിവാഹത്തെ മൂന്നാംകിട ഭാഷയും ഭാവനയും കൊണ്ടാണ് എതിരേറ്റത്.ചില ബ്ലോഗുകളും ഫേസ്ബുക്ക്, ഗൂഗിള്‍ ബസ്, തുടങ്ങിയ നെറ്റുവര്‍ക്ക് സൈറ്റുകളിലെ ചര്‍ച്ചകളും  സമാനരീതി പിന്തുടര്‍ന്നു. വിവാഹ ചിത്രങ്ങള്‍ ആഭാസകരമായ കമന്റുകളുമായി ഇ മെയിലുകളിലൂടെ പ്രവഹിച്ചു.  അശ്ലീലം കലര്‍ത്തിയ ചില എസ്.എം.എസുകളും ഇക്കൂട്ടത്തില്‍ പ്രവാഹിച്ചു.
വിവാഹ ദിനത്തിനു തൊട്ടു മുമ്പുള്ള ദിവസമാണ് അവരുടെ പുതിയ സിനിമ റിലീസായത്. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിന് ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാനും  സംവിധായകനുമായ രാജീവ്കുമാര്‍ അതേ പേരില്‍ നല്‍കിയ പുതുഭാഷ്യമാണ് പുറത്തിറങ്ങിയത്. ഭരതന്‍ ചിത്രത്തില്‍ ജയഭാരതി അവതരിപ്പിച്ച രതിചേച്ചി എന്ന കഥാപാത്രത്തിന് പുതിയ സിനിമയില്‍ ശ്വേതയാണ് ജീവന്‍ നല്‍കിയത്.  പുറത്തിറങ്ങും മുമ്പുതന്നെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു ഈ സിനിമ. ചിത്രത്തിന്റെ  സ്റ്റില്ലുകള്‍ നേരത്തെ തന്നെ ഇന്റര്‍നെറ്റിലൂടെ പറന്നെത്തി. ചര്‍ച്ചകളും അതേ വിധം പുരോഗമിച്ചു. എന്തിനാണ് ഇക്കാലത്ത് ഈ ചിത്രം വീണ്ടും എടുത്തതെന്ന നിലയിലാരംഭിച്ച ചര്‍ച്ചകള്‍ വൈകാതെ വല്ലാത്ത ഒരു വോയറിസ്റ്റിക് പരിസരത്തേക്ക് പറിച്ചു നടപ്പെട്ടു. ചിത്രം ഇറങ്ങിയ ശേഷം പുറത്തു വന്ന ചര്‍ച്ചകള്‍ അതിനു എരിവു കൂട്ടി. കൂട്ടത്തില്‍ നല്ല ഉരുപ്പടി ശ്വേത തന്നെയെന്നു പച്ചക്കു പറയുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ ഒന്നിലേറെയുണ്ടായി.
 ചിത്രം പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കിടെ നടന്ന വിവാഹത്തെ ചിത്രവുമായും രതി ചേച്ചി എന്ന കഥാപാത്രവുമായും കൂട്ടിക്കെട്ടിയാണ് ഇന്റര്‍നെറ്റിലും എസ്.എംഎസുകള്‍ വഴിയും  വൃത്തികെട്ട ഭാഷയില്‍ പ്രചാരണമുണ്ടായത്.  കോമഡിഷോകളില്‍ തല കുടുങ്ങിപ്പോയ ഒരു ജനത ് സഹജമായ വഷളന്‍ ചിരികളോടെ  ഗംഭീരമായ ഫലിതം കണക്കെ  ഇത്തരം പോസ്റ്റുകളെയും റിപ്പോര്‍ട്ടുകളുടെയും എസ്.എം.എസുകളെയും സ്വീകരിക്കന്നതും കണ്ടു.
ശ്വേതയുടെ വിവാഹത്തെ മാത്രം ഇത്ര വൃത്തികെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ പ്രബുദ്ധ ഓണ്‍ലൈന്‍ സമൂഹത്തിലെ പലരെയും പ്രേരിപ്പിച്ചത് എന്താണ്? മറ്റ് നടിടകളുടെ കാര്യത്തില്‍ ഇല്ലാത്ത അമിത വൈകാരികതയും പരിഹാസവും ആഭാസകരമായ പ്രതികരണങ്ങളും ശ്വേതയുടെ കാര്യത്തില്‍ മാത്രം ഉണ്ടായത് എന്തു കൊണ്ടായിരികം.
ഇതിന്, രതിനിര്‍വേദം എന്ന സിനിമ ഇറങ്ങിയെന്ന ഒറ്റ കാരണം പറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാനാവുമോ.  അതിനുമപ്പുറം ഓണ്‍ലൈന്‍ ലോകത്തെ മലയാളി സാന്നിധ്യത്തെ പ്രത്യകമായി അടയാളപ്പെടുത്തുന്ന വിധം എന്തെങ്കിലും പ്രത്യേകതകള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുണ്ടോ.  അത്തരം ചര്‍ച്ചകള്‍ക്കു കേവലം വഴി തെളിയിക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.

 ആരാണ് ശ്വേത

1991ല്‍ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത മലയാള സിനിമയിലെത്തിയത്. മമ്മൂട്ടിയുടെ നായികയായെത്തിയ ആ ചിത്രം എന്നാല്‍, കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ശ്വേതയും. എന്നാല്‍, മൂന്നു വര്‍ഷത്തിനുശേഷം മിസ് ഇന്ത്യാ മല്‍സരത്തില്‍ രണ്ടം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതക്ക് മറ്റു വഴികള്‍ മുന്നിലുണ്ടായിരുന്നു. മോഡലിങ്. ആ വര്‍ഷത്തെ ഗ്ലാഡ്റാഗ്സ് ഫീമെയില്‍ സൂപ്പര്‍ മോഡല്‍ പുരസ്കാരം ശ്വേതക്കായിരുന്നു. വിവാദമായ കാമസൂത്ര പരസ്യമടക്കം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി പരസ്യ ചിത്രങ്ങള്‍അവരെ തേടി വന്നു.  ടി.വി അവതാരക എന്ന നിലയും  ശ്രദ്ധേയയായി.
വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് അവര്‍ മലയാള സിനിമയില്‍ തിരിച്ചെത്തിയത്. കീര്‍ത്തി ചക്ര, പരദേശി, മധ്യവേനല്‍,പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്നിങ്ങനെ കൈനിറയെ സിനിമകള്‍ അവരെ കാത്തുനിന്നിരുന്നു. അശോക, മഖ്ബൂല്‍, കോര്‍പറേറ്റ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.
 2011ല്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് അവരെ തേടിയെത്തി. പാലേരി മാണിക്യത്തിലെ ചീരു എന്ന കഥാപാത്രമാണ്  അവാര്‍ഡ് നേടിക്കൊടുത്തത്. ഇതേ കഥാപാത്രത്തിലൂടെ മാതൃഭൂമി^ അമൃതടി.വി സ്പെഷ്യല്‍ ജൂറി അവാര്‍ഡ്, മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിവയും ശ്വേതക്കു ലഭിച്ചു.  തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മധ്യവേനലിലെ അഭിനയത്തിന് അവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

ഇതാ കാണൂ, ഉദാഹരണങ്ങള്‍

ആരാണ് ശ്വേത എന്നു വ്യക്തമാക്കാന്‍ തന്നെയാണ് ഈ വിവരണം.  നടി, മോഡല്‍,അവതാരക എന്നീ നിലകളില്‍ തിളങ്ങിയ  ഒരാളാണ് അവരെന്ന് ഈ വിവരങ്ങള്‍ നമ്മോടു പറയുന്നു. രതിനിര്‍വേദം എന്ന ചിത്രം കൂടാതെ നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കുകയും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് അടക്കം നേടുകയും ചെയ്തിട്ടുണ്ട് അവരെന്നും ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബയോഡാറ്റയുടെ ഈ സവിശേഷതകളൊന്നും  നമ്മുടെ നവമാധ്യമങ്ങള്‍ പരിഗണിച്ചിട്ടേയില്ല. വെറും രതി ചേച്ചി മാത്രമായാണ് വാര്‍ത്തകളിലും ചര്‍ച്ചകളിലും അവര്‍ പ്രത്യക്ഷപ്പെട്ടത്.  ഒരു പാട് ഉദാഹരണങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ടാവും.
ഒരു ന്യൂസ് പോര്‍ട്ടലില്‍ അവരുടെ കല്യാണത്തെക്കുറിച്ചു വന്ന  വാര്‍ത്ത അവസാനിക്കുന്നത് ഇങ്ങനെയാണ്:  ഇനി രതിനിര്‍വേദം;  ശ്വേത  മണിയറയിലേക്ക്.
മറ്റൊരു പോര്‍ട്ടല്‍ ദിവസങ്ങള്‍ക്കു മുമ്പ് അവരുടെ വിവാഹ വാര്‍ത്ത പ്രവചിച്ചെഴുതിയ വാര്‍ത്തയില്‍  നിറയെ ദ്വയാര്‍ഥ പ്രയോഗങ്ങളായിരുന്നു. രതി ചേച്ചി ഉടന്‍ മണിയറയിലേക്ക് എന്ന മട്ടിലുള്ള ഭാഷ  മാധ്യമപ്രവര്‍ത്തകന്റെ മനസ്സില്‍ കെട്ടിക്കിടക്കുന്ന അഴുക്ക് മുഴുവന്‍ പുറത്തു വിടുന്ന രീതിയിലായിരുന്നു. 
ഫേസ്ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയില്‍ അവരെ വിശേഷിപ്പിച്ചത് ഉരുപ്പടി , ചരക്ക് എന്നൊക്കെയായിരുന. ശരീരം മാത്രമല്ല എന്ന് സ്ത്രീ കവിതകളിലൂടെ ആവര്‍ത്തിക്കുന്ന ഒരു യുവകവി, മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍. ലിംഗം കൊണ്ടാണ് താന്‍ ചിന്തിക്കുന്നതെന്ന മട്ടിലാണ് ശ്വേതയുടെ ശരീരത്തെ ക്കുറിച്ച് വാചാലനായത്. 
ഗൂഗിള്‍ ബസിലും സമാന രീതിയില്‍  കുറേ പോസ്റ്റുകള്‍ കണ്ടു. ചിലത് എല്ലാ മര്യാദകളും ലംഘിക്കുന്ന വിധമായിരുന്നു.   വിവാഹ ചിത്രങ്ങള്‍   ചില കമന്റുകളോടെ പോസ്റ്റു ചെയ്തു ചിലര്‍. അതിലുള്ള പരിഹാസം  രേഖപ്പെടുത്തി, മറ്റു ചിലര്‍.  കമന്റുകളില്‍  ചിലത് ഏറെ ആഭാസകരമായിരുന്നു.
വിവാഹ ചടങ്ങിനിടെ അമ്മ ശ്വേതയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ഒരു ഫോട്ടോയാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.   അതോടൊപ്പമുള്ള ഈ കമന്റുകള്‍  കാണുക:
തലക്കു കൈ വെച്ചു പ്രാകുന്ന അമ്മച്ചി:
അമ്പേ! യിവളു മിന്നു കെട്ടു കഴിഞ്ഞില്ല അതിനു മുമ്പേ തൊടങ്ങി അവടെ രതിനിര്‍വേദം
അതേ ആളുടെ മറ്റൊരു പോസ്റ്റ്. രതിനിര്‍വേദം ഇറങ്ങിയതിനെ കുറിച്ചാണിത്
എന്തൂട്ട് കോപ്പാണ് ശ്വേത...ഇതിലും നല്ല ബെസ്റ്റ് ചരക്കോളെ മ്മളെത്ര കണ്ടേക്കണ്. ജയഭാരതീരെ വാലുമ്മ കെട്ടാനില്ല ഈ ഡേഷിന്റെ ഫിഗറ്.
(സദാ ബസില്‍ കയാറാത്തതിനാലും മറ്റ് നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സജീവമല്ലാത്തതിനാലും പെട്ടെന്ന് കണ്ണില്‍ പെട്ടത് ചിലതു പറയുന്നെന്ന് മാത്രമാണ്. ഇതിലും മോശമായ പല പോസ്റ്റുകളും ചര്‍ച്ചകളും നിങ്ങാരുത്തരുടെയും ശ്രദ്ധയില്‍ പെട്ടുകാണണണം).

ബ്ലോഗുകളിലും ഭാഷയും പ്രകൃതവും ഇതു തന്നെയായിരുന്നു. അതിന്റെ ലക്ഷണമൊത്ത ഒരുദാഹരണം ഇതാ ഇവിടെ:

മതി നിര്‍വേദം 

ഇനി രതി നിര്‍വേദം ആടട്ടെ

"രതി ചാച്ചി "
നടി വിവാഹിതയായെന്നും അല്ല,
അടുത്ത മാസം മാത്രമേ ഞങ്ങള്‍ "കെട്ട് കെട്ടൂ" എന്നും നടിയും
പണ്ടെങ്ങോ പറഞ്ഞിരുന്നു.
ഇതാ.
കവിയുടെ കൊച്ചു മോന്‍ എന്ന് സ്ഥാന പ്പേരുണ്ടായാല്‍ എന്ത്?
പാല്‍ പായസം ആയാലും പട്ടി നക്കിയാല്‍ പോയില്ലേ?
രണ്ടു മക്കളുടെ തന്തയാണ്‌ വരന്‍ എന്ന്
ജന സംസാരം.
ആശംസകള്‍ നേരാം ഈ "നവ ദമ്പതികള്‍ക്ക്" എന്ന് പത്രങ്ങള്‍.
കോളം നിറയ്ക്കാന്‍, ഓരോ വേലത്തരങ്ങള്‍..

നാട്ടിലെ ജനസാന്ദ്രത കുറയ്ക്കാന്‍ റബ്ബര്‍ കമ്പനിക്കാരുടെ
"കാമസൂത്ര" മാര്‍ക്കറ്റില്‍ ഇറക്കാന്‍ രതി ചാച്ചി തെന്നെ വേണ്ടി വന്നു
മിലിന്ദ് സോമനെ കെട്ടിയെന്ന്,-അല്ല
,തല്ലി പ്പുറത്ത് ആകിയതാണ് സോമേട്ടന്‍,
എന്നും പിന്നാമ്പുറം സംസാരം.

നാല് നേരം ചപ്പാത്തി തിന്നുന്ന
ബഡാ ഭായി മാര്‍ക്ക് കാണാന്‍,
ഹെലനെ പ്പോലെ
രതി ചാച്ചി അരയും മുലയും
കാണിച്ചത് അത്ര വല്യ തെറ്റാണോ?

അവര്‍ക്ക് മടുത്തപ്പോള്‍
നാട്ടിലേക്ക് കെട്ട് കെട്ടിച്ചു..

(ബഡാ സാഹിബുമാര്‍ക്ക് മടുക്കുമ്പോള്‍
മലയാള സിനിമയുടെ പടി വാതില്‍ അവര്‍ക്കായി മലര്‍ത്തി തുറന്നിടും)

"മലയാള സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഏറെ ഇഷ്ടം,സമയ ക്കുറവു കൊണ്ട് ഇപ്പോഴാണ് കഴിഞ്ഞത്.. "ഒരു എക്സ്ക്ലൂസിവ് INTERVIEW ധാരാളം..

വാല്‍ക്കഷണം: :ബോംബെ മിട്ടായിയിലെ: നീര് വറ്റിയ
ദിമ്പില്‍ കപാഡിയ കൊചാച്ചി ,
"ഇലക്ട്രയിലെ " ഉണങ്ങിയ മനീഷ ചാച്ചി.
(മലയാള സിനിമയ്ക്ക് അങ്ങിനെ വേണം..
ഉചിഷ്ട്ടം തിന്നു ശീലിച്ചവര്‍ക്ക് എന്തായാല്‍ എന്താ?)

രണ്ടും കൂടി ഒത്തു പോണേല്‍ പൊയ്ക്കോട്ടേ.
നല്ല ഉശിരന്‍ ദാമ്പത്യ ജീവിതം ആശംസിക്കുന്നു.

ഇ-മെയിലുകളിലൂടെ പ്രവഹിച്ചത് ശ്വേതയുടെ വിവാഹ ചിത്രങ്ങളായിരുന്നു. അതില്‍തന്നെ  അസാധാരണമായ ആംഗിളുകളില്‍ അവരെ ചിത്രീകരിക്കുന്ന വഷളന്‍ ചിത്രങ്ങള്‍ക്കായിരുന്നു പ്രചാരമേറെ.  എസ്.എം.എസുകളില്‍ പതിവു പോലെ ദ്വയാര്‍ഥ പ്രയോഗങ്ങളുടെ അയ്യരു കളി തന്നെയായിരുന്നു. മലയാള സിനിമയിലെ ഒരു പക്ഷേ, മറ്റൊരു നടിക്കും ഉണ്ടാവാത്ത അനുഭവമായിരിക്കണം ഇത്.   

എന്തു കൊണ്ട് ശ്വേത

ഒരു സിനിമാ നടി എന്നതിനാപ്പം ശ്വേത  ഒരു സ്വതന്ത്ര വ്യക്തിയാണെന്ന കാര്യമാണ് ഇവിടെ എല്ലാവരും മറന്നു പോയത്. അവര്‍ക്കും ഒരു സ്വകാര്യ ജീവിതമുണ്ട്. അതില്‍ തലയിടാന്‍ മറ്റാര്‍ക്കും അവകാശമില്ല. ഇത് നമ്മുടെ ഓരാുേത്തരുടെയും ജീവിതത്തില്‍ നാം പകര്‍ത്താറുള്ള കാര്യമാണ്.  എന്നാല്‍, ശ്വേതാ മേനോന്റെ കാര്യം വന്നപ്പോള്‍ അവസ്ഥയാകെ മാറി.   സ്ത്രീ പീഡനങ്ങള്‍ക്കെതിരെയും ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും പോസിറ്റീവായ നിലപാട് എടുക്കുന്നവര്‍പോലും ഇത്തരം കാര്യങ്ങളില്‍ വളരെ നെഗറ്റീവായ നിലപാടുകളാണ് പ്രദര്‍ശിപ്പിച്ചത്. 
നോക്കൂ, ഇമ്മാതിരി അഭിപ്രായങ്ങള്‍ റോഡിലിറങ്ങി പറയാന്‍ നമ്മളാരെങ്കിലും  ധൈര്യപ്പെടുമോ. അല്ലെങ്കില്‍ പരിചയമുള്ള ആരുടെയെങ്കിലും വിവാഹ ഫോട്ടോ  ഇമ്മാതിരി ഒരു കമന്റ് സഹിതം ഇന്റര്‍നെറ്റിലൂടെ പറത്തി വിടാന്‍  ഉശിരുണ്ടാവുമോ. രു പെണ്‍കുട്ടി വിവാഹിതയായി ഭര്‍ത്താവിനൊപ്പം പോവുമ്പോള്‍ ഇത്തരമൊരു വഷളന്‍ ഡയലോഗ് തട്ടിവിടുമോ. സാധ്യതയില്ല. തടി കേടാവുമെന്നു തന്നെ കാരണം. 
പിന്നെന്തുകൊണ്ടാണ് ഇന്റര്‍നെറ്റില്‍ മാത്രം നമ്മള്‍ ഈ വിധം പെരുമാറുന്നത്. ആരും ചോദിക്കാനില്ലെന്ന തോന്നല്‍ കാരണമോ. ആളുകള്‍ ചിരിച്ചു തിമിര്‍ത്ത് കൈയടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടോ.  

ചുവരെഴുത്തുകളിലെ നമ്മള്‍

വ്യക്തമായ മറുപടികള്‍ അറിയില്ല. എങ്കിലും ചുവരെഴുത്തുകളുമായി  (ഗ്രാഫിറ്റി) ബന്ധപ്പെട്ട പഠനങ്ങള്‍നല്‍കുന്ന വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ വ്യത്യസ്തമായ ചില നിരീക്ഷണങ്ങള്‍  സാധ്യമാവുന്നുണ്ട്.
തീവണ്ടിയിലും പൊതുസ്ഥലങ്ങളിലുമുള്ള ടോയ്ലറ്റു ചുവരുകളില്‍ പ്രത്യക്ഷപ്പെടുന്ന ആഭാസകരമായ ചുവരെഴുത്തുകളിലൂടെ ഒരു സമൂഹത്തിന്റെ മാനസികാരോഗ്യം വായിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.  അടിച്ചമര്‍ത്തപ്പെട്ട വൈകൃതങ്ങളാണത്രെ ചുവരുകളില്‍ അശ്ലീലചിത്രങ്ങളും എഴുത്തുകളുമായി രൂപം മാറുന്നത്.
അങ്ങിനെയെങ്കില്‍, ഇന്റര്‍നെറ്റിലെ ഈ ചുവരെഴുത്തുകള്‍ക്കും സമാനമായ   ഒരു തലമുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ഇന്റര്‍നെറ്റിന്റെ ഈ വിര്‍ച്വല്‍ ഇടത്തെ ചിലരെങ്കിലും മറ്റൊരു ടോയ്ലറ്റ് ചുവരായി മാത്രമേ കാണുന്നുള്ളൂ എന്നും കാണേണ്ടി  വരും.  ഓണ്‍ലൈന്‍ സംവാദങ്ങളുടെ വര്‍ഗ,രാഷ്ട്രീയ,സാമൂഹിക തലങ്ങള്‍ കൂടുതലായി വിശകലനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. 
കാര്യങ്ങള്‍ ഇങ്ങിനെ തുടരുകയാണെങ്കില്‍  ഇന്‍ര്‍നെറ്റ് സംവാദങ്ങളെയും ഓണ്‍ലൈന്‍ സമൂഹത്തിന്റെ  ഇടപെടലുകളെയും ഓണ്‍ലൈന്‍ അഭിപ്രായ സ്വാതന്ത്യ്രത്തെയും കൂച്ചു വിലങ്ങിടാന്‍ കാത്തിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് കിട്ടുന്ന നല്ലൊരു അവസരമാവും അത്. അസാമാന്യ  സാധ്യതകളുള്ളഒരു നവമാധ്യമത്തെ  സര്‍ക്കാര്‍ വക ചങ്ങലകള്‍ക്കുള്ളില്‍ ഒതുക്കാനാണ് നമ്മുടെ  നടപടികള്‍ സഹായിക്കുകയെങ്കില്‍  വരും കാലത്തോടു നാം സമാധാനം പറയേണ്ടി വരും. 
....
അനേകം ചോദ്യങ്ങള്‍ക്കൊപ്പം ഈയൊന്നു കൂടി മുന്നോട്ടു വരുന്നു:
ഒരു പാട് സ്ത്രീകള്‍ സജീവമാണ് ഗൂഗിള്‍ ബസ് പോലുള്ള ഇടങ്ങളില്‍. ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ആണ്‍ സുഹൃത്തിനോടു പറയാന്‍ അവരാരും മുന്നോട്ടു വരാത്തത് എന്തു കൊണ്ടായിരിക്കും?

.

Sunday, June 12, 2011

ആരവിടെ , ലോ വേസ്റ്റ് ജീന്‍സിട്ടവരെ തുറുങ്കിലടക്കുക


ലോ വേസ്റ്റ് ജീന്‍സ് നിരോധിച്ച ചാവക്കാട്ടെ പൊലീസ് നടപടി 
ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍. ഫാഷിസത്തിന് ചാവക്കാട് 
ഒരു സ്റ്റോപ്പുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന തിരിച്ചറിവുകള്‍


നാലഞ്ചു മാസങ്ങള്‍ക്കു മുമ്പാണ് ആദ്യം ആ വാര്‍ത്ത കണ്ടത്. ചാവക്കാട് പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ ലോ വേസ്റ്റ് ജീന്‍സ് നിരോധിക്കുന്നുഎന്നതായിരുന്നു അവിചാരിതമായി കൈയിലെത്തിയ  പ്രാദേശിക പേജില്‍ കണ്ട വാര്‍ത്ത. ആകെ അങ്കലാപ്പായിരുന്നു അതുണ്ടാക്കിയത്. ഇന്ത്യ രാജ്യത്ത് ഒരു സര്‍ക്കിളില്‍ മാത്രം ഇത്തരമൊരു നിയമം ഉണ്ടാക്കാനാവുമോ. അതും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക്.  വസ്ത്ര ധാരണം അടക്കമുള്ള കാര്യങ്ങള്‍ പൊലീസുകാര്‍ തീരുമാനിക്കുന്ന ഒരവസ്ഥ കേരളം പോലെ ഒരിടത്തുണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിക്കാനായില്ല. തെറ്റാവാം ആ വാര്‍ത്തയെന്നു തന്നെ നിനച്ചു.  അതുമായി ബന്ധപ്പെട്ട് പിന്നെ വാര്‍ത്തകളോ, ചര്‍ച്ചകളോ അധികം കണ്ണില്‍ പെട്ടില്ല. ലോക്കല്‍ പേജില്‍ ആ കൊടുങ്കാറ്റ് ഇല്ലാതായിക്കാണുമെന്ന് തന്നെ ഉറപ്പായി, അപ്പോള്‍. മറ്റ് ബഹളങ്ങള്‍ക്കിടയില്‍ ലോ വേസ്റ്റ് ജീന്‍സ് വേട്ട മറന്നു.
ഇന്നലെ, മനോരമയുടെ ലോക്കല്‍ പേജില്‍ കൂടുതല്‍ വിശദാംശങ്ങളോടെ വീണ്ടും കണ്ടു അതേ കാര്യം. പഴയ വാര്‍ത്തയുടെ ഫോളോ അപ്പല്ല. ഇപ്പോഴും അതേ സംഭവം ചാവക്കാട്ട് ആവര്‍ത്തിക്കുന്നു എന്നതിന്റെ വിശദമായ റിപ്പോര്‍ട്ട്. ഞെട്ടിച്ചത് ആ വാര്‍ത്തയുടെ ഭാഷയാണ്. ഭരണഘടന അനുശാസിക്കുന്ന പൌരസ്വാതന്ത്യ്രം  പൊലീസ്   നഗ്നമായി ലംഘിക്കുകയും  30 ഓളം ചെറുപ്പക്കാരെ പിടികൂടുകയും ചെയ്ത വാര്‍ത്തക്ക് വല്ലാത്ത ആവേശത്തിമിര്‍പ്പുണ്ടായിരുന്നു. ഏതാണ്ട് അതേ പൊലീസുകാര്‍ തന്നെ എഴുതിയതു പോലെ. മാന്യമായ വസ്ത്രം ധരിക്കാതെ നടന്നാല്‍ എല്ലാവനെയും പിടിച്ച് അകത്തിടണമെന്നും രക്ഷിതാക്കളെ വിളിച്ചു വരുത്തി തോന്ന്യാസം നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നും മറ്റും പറയാതെ പറഞ്ഞു വെക്കുകയാണ് ആ റിപ്പോര്‍ട്ട്. ഒപ്പം, മോശമായി വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളെ പിടിക്കാനും ചാവക്കാട് പൊലീസ് സന്നദ്ധമായി തുടങ്ങിയെന്ന അധിക വിവരവും അതില്‍ കണ്ടും. കൂടാതെ, ക്ലാസ് കട്ട് ചെയതോ അല്ലാതെയോ സിനിമാ തിയറ്ററുകളില്‍ ച്ചെല്ലുന്ന കൌമാരക്കാരെ പിടികൂടി രക്ഷിതാക്കളെ അറിയിക്കാന്‍ ചാവക്കാട്ടെ പൊലീസ് നടത്തുന്ന ധീര ശ്രമങ്ങളും റിപ്പോര്‍ട്ട് ആവേശത്തോടെ വിസ്തരിക്കുന്നു. ഒപ്പമുള്ള കാര്‍ട്ടൂണും ഇതേ മട്ടില്‍ തന്നെയാണ്. അടിവസ്ത്രം കാണിച്ച ലോ വേസ്റ്റ് ജീന്‍സ് ധരിച്ച പിള്ളാരെ പൊലീസ് പൊക്കുന്നതിന്റെ   ധീരവീര പരാക്രമങ്ങള്‍ തന്നെ കാര്‍ട്ടൂണിലും. റിപ്പോര്‍ട്ടര്‍ക്കോ, ആ വാര്‍ത്ത കാര്‍ട്ടൂണ്‍ സഹിതം പത്രത്തില്‍ കണ്ണായ സ്ഥലത്ത് നിരത്തിവെച്ച സബ് എഡിറ്റര്‍ക്കോ  ലോ വേസ്റ്റ് ജീന്‍സിനപ്പുറം  പൌരാവകാശമെന്ന അടിസ്ഥാന പ്രശ്നം അതില്‍ ഉള്ളടങ്ങുന്നു എന്നു തോന്നിയിട്ടേയില്ല  എന്ന അറിവാണ് സത്യത്തില്‍ ഞെട്ടിച്ചത്.
 ഈ സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യമോ മനുഷ്യാവകാശ പ്രശ്നം എന്ന നിലയില്‍ അതിന്റെ സാധ്യതയോ വായനക്കാര്‍ കണ്ടെത്തുമെന്നും  ഏതെങ്കിലും യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ രംഗത്തെത്തുമെന്നും ചുമ്മാ പ്രതീക്ഷിച്ചു.
 വാര്‍ത്ത വന്നതിന്റ പിറ്റേ ദിവസമാണിത്. ഒരാളും ഇക്കാര്യത്തില്‍ ഇടപെട്ടില്ല. വിദ്യാര്‍ഥി സംഘടനകളും വനിതാ, മനുഷ്യാവകാശ സംഘടനകളും ചാവക്കാട്ടെ ഫാഷിസ്റ്റ് പ്രയോഗത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. മിക്കവാറും മാധ്യമങ്ങളും മത, സാമുദായിക സംഘടനകളും ചാവക്കാട്ടെ ആ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് ചെയ്ത് ലോങ് മാര്‍ച്ച് നടത്താനാണ് സാധ്യതയെന്ന് ഇപ്പോള്‍ ഏതാണ്ട് തീര്‍ച്ചയാവുന്നു.



അതിനിടക്കാണ് ഗൂഗിള്‍ ബസിലെ ഒരു ചര്‍ച്ച കാണാനിടയായത്. കഴിഞ്ഞ ജനുവരിയില്‍ ബെര്‍ലി തോമസ്   ഇക്കാര്യത്തെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റും വെള്ളെഴുത്തിന്റെ ഒരു പോസ്റ്റും കാണാനിടയായി. വെള്ളെഴുത്തിന്റെ പോസ്റ്റിനോടുള്ള  ചില പ്രതികരണങ്ങള്‍ കണ്ടതോടെ ചില കാര്യങ്ങള്‍ ബോധ്യമായി.
ചാവക്കാട് മാത്രമല്ല, കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇമ്മാതിരി സംഭവങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന്  കരുതുന്ന വലിയൊരു വിഭാഗം ഇവിടെ സജീവമാണ്. ഓണ്‍ലൈന്‍ സമൂഹത്തിലെ ചുറുചുറുക്കുള്ള യൌെവനങ്ങള്‍ പോലും ചാവക്കാട്ടെ എസ്.ഐക്ക് സല്യൂട്ടടിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും ഏതാണ്ട് മനസ്സിലായി. വസ്ത്രധാരണത്തിന്റെ രാഷ്ട്രീയമോ അതുയര്‍ത്തുന്ന പ്രശ്നങ്ങളോ ചര്‍ച്ച ചെയ്യാനാവാത്ത വിധം നമ്മളൊക്കെ കോമഡി ഷോകളില്‍ തളച്ചിടപ്പെട്ടിരിക്കുന്നുവെന്നും ബസിലെ അനേകം കമന്റുകള്‍ ബോധ്യപ്പെടുത്തി.
ബെര്‍ലിയുടെ പോസ്റ്റ് വളരെ ശക്തവും കൃത്യവുമാണ്.  ബെര്‍ലിക്കു മാത്രം കഴിയുന്ന  സറ്റയറിന്റെ സാധ്യതകളിലൂടെ പൊലീസുകാരെ വിമര്‍ശാത്മകമായി സമീപിക്കുന്നതാണ് ഇത്.  എന്നാല്‍,  ഈ പ്രശ്നം ഉയര്‍ത്തുന്ന മറ്റു തലങ്ങളിലേക്ക് അതു വളരുന്നില്ല.  ജനുവരിയിലെ പ്രത്യേക സാഹചര്യം മാത്രം പരാമര്‍ശിക്കുന്നതു കൊണ്ടാണ് അതെന്ന്   തോന്നുന്നു.



സത്യത്തില്‍ ചാവക്കാട്ടെ സംഭവം വെറുമൊരു പ്രാദേശിക ഇഷ്യൂ മാത്രമല്ല. അത് കേവലം ലോ വേസ്റ്റ് ജീന്‍സില്‍ ഒതുങ്ങുന്നതുമല്ല. വസ്ത്രധാരണത്തിലുള്ള മാറ്റങ്ങള്‍, ഫാഷന്‍, നിലനില്‍ക്കുന്ന സദാചാരബോധവുമായി അതിനുണ്ടാകാവുന്ന സ്വാഭാവിക സംഘര്‍ഷങ്ങള്‍, അത് നിയന്ത്രിക്കാന്‍ ഭരണകൂടത്തിനുള്ള താല്‍പ്പര്യങ്ങള്‍, സദാചാര പൊലീസിങ് എന്നിങ്ങനെ നിരവധി തലങ്ങളുണ്ട് അതിന്. ഫാഷന്റെ ചരിത്രവും ഭരണകൂടം ഏര്‍പ്പെടുത്തുന്ന വിലക്കുകളുടെ സമകാല സാഹചര്യവും അടിയന്തിരാവസ്ഥ അടക്കമുള്ള ഫാഷിസ്റ്റ് കാലത്തെക്കുറിച്ചുമുള്ള ഓര്‍മ്മകളും കൊണ്ടു വായിച്ചെടുക്കേണ്ട സുപ്രധാനമായ ഒരു ഇഷ്യൂ തന്നെയാണിത്.  എന്നാല്‍, മാധ്യമങ്ങളോ ഓണ്‍ലൈനിലും പുറത്തുമുള്ള സാമൂഹിക കൂട്ടായ്മകളോ ഇത്തരത്തില്‍ ഈ പ്രശ്നത്തെ സമീപിച്ചിട്ടേയില്ല.
എന്താണ് സത്യത്തില്‍ ചാവക്കാട് നടന്നു കൊണ്ടിരിക്കുന്നത്.  അതൊരു പൊലീസ് നടപടിയാണ്. ലോ വേസ്റ്റ് ജീന്‍സിടുന്ന പയ്യന്‍മാര്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്നാണ് പൊലീസ് ഭാഷ്യം. മാന്യമല്ലാത്ത വസ്ത്രധാരണം, പൊതുസ്ഥലത്തെ സദാചാര ലംഘനം എന്നിങ്ങനെ പല പ്രശ്നങ്ങളും ഇതോടൊപ്പം  പത്ര റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
 ഏതെങ്കിലും ചെറുപ്പക്കാര്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തിയെന്ന് പെണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് പരാതി വന്നാല്‍ ആ വസ്ത്രം തന്നെ നിരോധിക്കുകയാണോ അതിന്റെ രീതി. ആരെങ്കിലും അടി വസ്ത്ര പ്രദര്‍ശനം നടത്തിയെങ്കില്‍ അവരെ പിടികൂടുക എന്നതല്ലേ നമ്മുടെ നാട്ടിലെ രീതി. കണ്ടവരെ മുഴുവന്‍ പിടിൂകടുകയാണോ. ഇതാണോ നാട്ടിലെ നീതിപാലനം.  അതിന്റെ പേരില്‍ കണ്ണില്‍ കാണുന്ന പയ്യന്‍മാരെ മുഴുവന്‍ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടു പോവുകയും വീട്ടുകാരെ വിളിപ്പിച്ച് ഗുണദോഷിച്ച് അയക്കുകയുമാണോ പൊലീസുകാരുടെ ഡ്യൂട്ടി. ഇതാണോ ഇന്നാട്ടിലെ ഏറ്റവും ഗുരുതരമായ ക്രമസമാധാന  പ്രശ്നം. എന്ത് കേസാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്യുന്നത്. ലോ വേസ്റ്റ് ജീന്‍സിട്ടു വെന്നതോ. ഏത് കോടതിയാണ്, ഏത് സര്‍ക്കാറാണ് അത് നിരോധിച്ച് നിയമമിറക്കിയത്.  അപ്പോള്‍ പിന്നെ, ചാവക്കാട്ട് നടക്കുന്നതെന്താണ്. ഒരു സി.ഐക്ക് സ്വന്തം സര്‍ക്കിള്‍ പരിധിയിലെ വസ്ത്ര ധാരണം തീരുമാനിക്കാന്‍ അധികാരമുണ്ടോ. ഈ നടപടിക്ക് നിയമ സാധുതയുണ്ടോ. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ.
ഇതിനൊന്നും ഉത്തരമില്ല. അപ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. പൊലീസ് നിലവിലുള്ള നിയമം വ്യാഖ്യാനിച്ച് പുതിയ നിയമമാക്കി അവതരിപ്പിക്കുകയാണ്. അതിന് ഒരു നിയമസാധുതയുമില്ല. സാധാരണ നാട്ടിന്‍പുറങ്ങളിലെ ഇത്തിരി പ്രായം ചെന്ന കാര്‍ന്നോന്‍മാരുടെ പരിപാടിയാണിത്, സര്‍. ഇതിനല്ല, യൂനിഫോമിട്ട് പുത്തന്‍ വണ്ടിയും വാങ്ങിച്ചു തന്ന്  ഉദ്യോഗസ്ഥരെ നിലനിര്‍ത്തുന്നത്.
ലോ വേസ്റ്റ് ജീന്‍സിന്റെ പ്രശ്നം അവിടെ നില്‍ക്കട്ടെ. പത്ര റിപ്പോര്‍ട്ട് പ്രകാരം പൊലീസ് ഇനി സ്ത്രീകളുടെ വസ്ത്രധാരണവും കൂടി നിയന്ത്രിക്കും. മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നുവെന്ന് ഏതെങ്കിലും പൊലീസുകാരന് തോന്നുന്ന  സ്ത്രീകളും ചാവക്കാട്ട് ഇനി പിടിയിലാവുമെന്ന് സാരം. വീട്ടുകാര്‍ പൊലീസ് സ്റ്റേഷനുകളില്‍ ചെന്ന് പെണ്‍കുട്ടികളെ വിളിച്ചിറക്കേണ്ടി വരും. എന്താണ് സാര്‍ ഈ  മാന്യമായ വസ്ത്രം. ആരാണ് അതിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത്. അത് നോക്കാന്‍ ആരാണ് പൊലീസിനെ ചുമലപ്പെടുത്തിയത്. എങ്ങിനെയാണ് അവര്‍ ഈ പ്രശ്നം പരിഹരിക്കുക.
സിനിമാ തിയറ്ററുകളില്‍ ഷാഡോ പൊലീസിനെ നിയോഗിക്കുമെന്നും ക്ലാസ് സമയങ്ങളില്‍ കുട്ടികളില്‍ തയറ്ററില്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ സമാനമായ പൊലീസ് നടപടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.റിപ്പോര്‍ട്ട് ഇതു വരെ പൊലീസ് നിഷേധിക്കാത്തതിനാല്‍ ഇക്കാര്യം ശരി തന്നെയെന്നു കരുതണം. അങ്ങിനെയെങ്കില്‍ ചാവക്കാട്ട് അവസ്ഥ ഗുരുതരം തന്നെയാണ്.


നമുക്ക് ലോ വേസ്റ്റ് ജീന്‍സിലേക്ക് വരാം. അത് നല്ലതാണോ.  അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ അതിടവരുത്തുന്നത് ശരിയാണോ.  തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ഉപദ്രവമാവുന്ന രീതിയില്‍ അടിവസ്ത്ര പ്രദര്‍ശനം അംഗീകരിക്കാനാവില്ല. എന്നാല്‍, രാത്രികളില്‍  സധൈര്യം ഇറങ്ങി നടക്കാനാവാത്ത, ഒറ്റക്ക് യാത്ര ചെയ്യുക ബുദ്ധിമുട്ടായ, നിരന്തരം ലൈംഗികതിക്രമങ്ങളും കൈയേറ്റങ്ങളും പതിവായ  ഒരു നാട്ടില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഗുരുതര പ്രശ്നം അതാണെന്ന് എനിക്ക് അഭിപ്രായമില്ല. പൊലീസുകാര്‍ മുഖ്യ പരിഗണന നല്‍കി പരിഹരിക്കേണ്ട സ്ത്രീ പ്രശ്നം ഇതാണെന്നും അഭിപ്രായമില്ല. മാത്രമല്ല, ലോ വേസ്റ്റ് ജീന്‍സ് ധരിക്കുന്നവരെല്ലാം അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ പെണ്ണുങ്ങളെയും നോക്കി നടക്കുന്നവരാണ് എന്ന അഭിപ്രായവും എനിക്കില്ല. അങ്ങിനെയല്ലാത്ത എത്രയോ കൂട്ടുകാര്‍ എനിക്കുണ്ട്. നിങ്ങള്‍ക്കുമുണ്ടാവും. നിങ്ങളിലുമുണ്ടാവും. പിന്നെ, ആരെങ്കിലും പ്രശ്നമുണ്ടാക്കുന്നുവെങ്കില്‍ അവരെ കൈകാര്യം ചെയ്യേണ്ടത് ഇതു പോലെയല്ല.
ലോ വേസ്റ്റ് ജീന്‍സ് ഒരു ട്രെന്റാണ്. ഇടക്കിടെ മാറുന്ന ഫാഷന്‍ ടെന്റ്രുകളിലൊന്ന്. ഇപ്പോഴിതാണ്. നേരത്തെ മറ്റെന്തൊക്കേയോ ആയിരുന്നു നാളെ വേറെന്തൊക്കെയോ ആയിരിക്കും. ചാവക്കാട്ടെ ചെറുപ്പക്കാര്‍ മാത്രമല്ല അത്തരം ജീന്‍സ് ധരിക്കുന്നത്. ലോകത്ത് എല്ലായിടത്തുംസ്വാഭാവികമായി ധരിക്കുന്ന ഒരു വസ്ത്രമാണത്. പുതു തലമുറ അത് ധരിക്കുന്നത് സ്വാഭാവികമാണ്. അടിവസ്ത്ര പ്രദര്‍ശനമെന്ന് ഏക ഡിമാന്റിന്റെ പുറത്തല്ല ആരും ഇത്തരം ജീന്‍സ് ധരിക്കുന്നത്. അതെങ്ങിനെയാണ് നമുക്ക് നിരോധിക്കാനാവുക. അത്തരം  വസ്ത്രം ധരിക്കുന്നവരെ എങ്ങിനെയാണ് പൊലീസുകാര്‍ക്ക് പിടികൂടാനാവുക. കോടതിയില്‍ പോയാല്‍ എളുപ്പം ഊരിപ്പോരാവുന്ന അത്തരമൊരു കേസും ചുമന്ന് നിയമപാലകര്‍ക്ക് എത്ര കാലമാണ് നടക്കാനാവുക. പിന്നെ, ചാവക്കാട് മാത്രം അത്തരം വസ്ത്രങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാവുന്നുവെങ്കില്‍  അതിന്റെ അര്‍ഥം എന്താണ്.


ഫാഷന്‍ മാറുന്നത് സ്വാഭാവികമാണ്. ആര് തടഞ്ഞാലും എത്ര തടഞ്ഞാലും ആളുകള്‍ അതിന്റെ പിന്നാലെ പോവുക തന്നെ ചെയ്യും. നിലവിലുള്ള സാമൂഹിക രീതികള്‍ക്ക് കൈയടിക്കാനാവുന്ന ഒന്നാവണം അതെന്ന്  ആര്‍ക്കും നിര്‍ബന്ധം പിടിക്കാനാവില്ല.
എനിക്കോര്‍മ്മയുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്  മുമ്പ് എന്റെ ചേച്ചി ചുരിദാര്‍ ധരിച്ചപ്പോള്‍ ആളുകള്‍  പരിഹാസവുമായി രംഗത്തു വന്നത്. അന്ന് മുതിര്‍ന്ന സ്ത്രീകള്‍ അധികമൊന്നും ചുരിദാര്‍ ധരിച്ചിരുന്നില്ല. അത് ഒരു മോശം വസ്ത്രമായി പോലും  ആളുകള്‍ പരസ്യമായി പറഞ്ഞിരുന്നു. ഗള്‍ഫില്‍ ഏറെ കാലം കഴിഞ്ഞ ശേഷം വീട്ടിലെത്തിയപ്പോഴാണ് ചേച്ചിയെ ആളുകള്‍ പരിഹാസം കൊണ്ട് പൊതിഞ്ഞത്. ചേച്ചി മാത്രമല്ല, മറ്റു പല സ്ത്രീകളും ചുരിദാറിട്ടതിന് കളിയാക്കപ്പെടുന്നത് ഞാന്‍ അന്ന് കണ്ടിട്ടുണ്ട്.
എന്നാല്‍, ഇന്ന്  സങ്കല്‍പ്പിക്കാനാവുമോ അത്. ഇല്ല. ഇന്ന് ചുരിദാറാണ് വേഷം. അന്നതായിരുന്നില്ല. പുതിയ വസ്ത്രം കടന്നു വരുമ്പോള്‍, പഴയ തലമുറകള്‍ പുരികം ചുളിക്കുന്നത് സ്വാഭാവികമാണ്.  ചുരിദാര്‍ മാത്രമല്ല, മിക്കവാറുമെല്ലാം ഫാഷനുകളും  നിലവിലുള്ള പലരുടെയും പുരികം ചുളിപ്പിച്ചു തന്നെയാണ് സ്വീകാര്യത നേടിയത്. അതിനെ പുച്ഛിച്ചു ചിരിച്ചവര്‍ തന്നെ പിന്നീട് അതിന്റെ വക്താക്കളാവുന്നതാണ് പതിവ്.  ആ നിലക്ക് ഇന്ന് നമുക്കുള്ള സമീപനമായിരിക്കില്ല, നാളെ ലോ വേസ്റ്റ് ജീന്‍സിനോട് എന്നത് സുനിശ്ചിതം.
ഇനി പൊലീസിന്റെ കാര്യം തന്നെ നോക്കൂ. വലിയ ട്രൌസറുമിട്ട് നമ്മുടെ പൊലീസ് ഏമാന്‍മാര്‍ റോഡില്‍ ഇറങ്ങി നടക്കുന്നത് അത്ര പഴയ കാഴ്ചയൊന്നുമല്ല. അടുത്ത കാലം വരെ അവരുടെ യൂനിഫോം ട്രൌസറും കൂമ്പന്‍ തൊപ്പിയുമായിരുന്നു.  വെറും ട്രൌസര്‍ മാത്രമിട്ട് നടക്കുന്ന പഴയ പൊലീസുകരെ നമ്മുടെ പുതിയ ഏമാന്‍മാര്‍ എങ്ങിനെയാവും കാണുക. ട്രൌസറിട്ടു റോഡിലൂടെ നടക്കരുതെന്ന് തിട്ടൂരമിടുമെന്ന് പറയാന്‍ വളരെ എളുപ്പമുള്ള പുതിയ കാലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍  പഴയ ട്രൌസര്‍ കാലം ഓര്‍മിക്കാനേ ഇടയില്ല.  അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് വലിയ വായില്‍ നിലവിളിക്കുന്നവര്‍ അന്ന് പൊലീസുകാര്‍ ട്രൌസറിട്ടു നടന്നതിനെഎങ്ങിനെയാണാവോ സമീപിക്കുക.
 നാട്ടിലൊക്കെ വലിയ ട്രൌസറിട്ടു മുണ്ട് മാടിക്കുത്തി നടന്നിരുന്നവരാണ് ഇവിടത്തെ പഴയ തലമുറ. ഇപ്പോളത്തെ സദാചാര കണക്കില്‍ നോക്കുമ്പോള്‍ അത് തൂക്കിക്കൊല്ലാവുന്ന ശിക്ഷയല്ലേ. അതിനും മുമ്പ്, മാറു മറക്കാതെ കൂളായി നടന്ന നമ്മുടെ മുത്തശãിമാരെ ഈ സദാചാര പൊലീസെങ്ങാന്‍ കണ്ടിരുന്നുവെങ്കില്‍ എന്തായേനെ അവസ്ഥ. വഴി വക്കില്‍  ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാവുന്ന വിധത്തില്‍ ലൈംഗികാവയവം പുറത്തിട്ട് മൂത്രമൊഴിക്കുന്ന നമ്മുടെ  പാവം ചെറുപ്പക്കാരെ മുഴുവന്‍ ഈ പൊലീസുകാര്‍ ഇനി ഇടിവണ്ടിയില്‍ കയറ്റുമോ.
പറഞ്ഞു വരുന്നത് വസ്ത്രത്തിന്റെ രാഷ്ട്രീയം അത്ര നിസ്സാരമല്ല എന്നു  തന്നെയാണ്. മാറു മറക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം നടന്ന ഒരു നാട്ടില്‍ അതിനെ നിസ്സാരമായി കാണാനും പാടില്ല.
 

ഇനി പറയുന്നത് അടിയന്തിരാവസ്ഥക്കാലത്തെ കാര്യമാണ്. അന്ന് മുടി നീട്ടി താടി നീട്ടി വളര്‍ത്തുന്നതായിരുന്നു ചെറുപ്പക്കാരുടെ ഇടയിലെ ഫാഷന്‍. കേവലം വിപ്ലവ അഭിനിവേശം മാത്രമായിരുന്നില്ല പൊതു ട്രെന്റ് തന്നെ അതായിരുന്നു. അന്ന് നക്സല്‍ വേട്ടക്കിറങ്ങിയ പൊലീസകാരുടെ പ്രധാന വിനോദം വഴിയില്‍ കാണുന്ന  ചെറുപ്പക്കാരെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പില്‍ എത്തിക്കുന്നതായിരുന്നു. മുടിയും താടിയും നീട്ടി വീട്ടില്‍ നിന്നിറങ്ങുന്നവര്‍ വൈകുന്നേരം തിരിച്ചറിയാനാവാത്ത മറ്റ് ചിലരായി വീട്ടില്‍ തിരിച്ചെത്തുമെന്നര്‍ഥം. പുലിക്കോടനൊക്കെ അങ്ങിനെ ബാര്‍ബര്‍ ഷോപ്പിലേക്ക് തെളിച്ചു കൊണ്ടു പോയ കഥകള്‍ അനേകമുണ്ട് പറയാന്‍ എഴുപതുകളിലെ യുവതലമുറക്ക്.
കേവലം മുടി വെട്ടു മാത്രമായിരുന്നില്ല. മുടിയും താടിയും നീട്ടിയാല്‍ മതിയായിരുന്നു അന്ന് നക്സലെന്ന് വിളിക്കപ്പെടാന്‍. പൊലീസ് പീഡനങ്ങള്‍ക്ക് വിധേയമാവാന്‍. ആ കാലം ഗൃഹാതുരതയോടല്ല നമ്മള്‍ ഓര്‍ക്കുന്നത്. ഇനിയൊരിക്കലും തിരിച്ചു വരരുതേ എന്ന ആലോചനകളോടെയാണ്.
ദല്‍ഹിയില്‍ വടക്കു കിഴക്കന്‍ പ്രദേശത്തുള്ള പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വന്നപ്പോള്‍ അവരുടെ വേഷവിധാനമാണ് അതിന് കാരണമെന്ന് തിട്ടൂരമിറക്കിയിരുന്നു കുറച്ച് മുമ്പൊരു ഏമാന്‍. 'മാന്യമല്ലാത്ത' വസ്ത്രം ധരിക്കാത്ത നോര്‍ത്ത് ഈസ്റ്റ് പെണ്ണുങ്ങളെ പിടികൂടി കേസടുെക്കുമെന്നായിരുന്നു ആ അസി കമീഷണറുടെ ഉത്തരവ്. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കിരണ്‍ ബോദി അടക്കമുള്ളവര്‍ അന്ന് അതിനതിെരെ ശബ്ദമുയര്‍ത്തി. തിട്ടൂരത്തിന്റെ കാറ്റു പോയി.
എന്നിട്ടും നമ്മുടെ നാട്ടില്‍ എങ്ങിനെയാണ്,  ഈ സംഭവങ്ങള്‍.  ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന്  എത്രയായിട്ടും മനസ്സിലാവുന്നേയില്ല...

LinkWithin

Related Posts Plugin for WordPress, Blogger...