ജീവിതത്തില്‍നിന്ന് ഈയിടെ അറ്റുപോയ ഒരമ്മയെ കുറിച്ച്.
അവര്‍ മൊഴിമാറ്റി അനശ്വരമാക്കിയ ഒരു കഥയെ കുറിച്ച്.
ആ കഥയിലൂടെ സ്പര്‍ശിച്ച ഭാവനയുടെ മഴവില്ലുകളെ കുറിച്ച്.
അവര്‍ മൊഴിമാറ്റി അനശ്വരമാക്കിയ ഒരു കഥയെ കുറിച്ച്.
ആ കഥയിലൂടെ സ്പര്‍ശിച്ച ഭാവനയുടെ മഴവില്ലുകളെ കുറിച്ച്.
മരണം അതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാല്‍ എഴുതിക്കൊണ്ടേയിരിക്കുന്ന തുടര്‍ക്കഥയാണ് പത്രങ്ങളിലെ ചരമപേജ്. ഇഷ്ടമേയല്ല, എനിക്കത്. അതിലെവിടെയെങ്കിലും ഉറ്റവരുടെ പടമുണ്ടാവുമോ എന്ന ആധിയില്‍ പത്ര വായനക്കിടെ മുന്നില്‍ പെടുമ്പോഴൊക്ക ആ പേജില്‍നിന്ന് ഓടി രക്ഷപ്പെടാറാണ് പതിവ്.
എന്നിട്ടും, നീണ്ട യാത്ര കഴിഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ചെന്നു പെട്ടത് ചരമപേജിലാണ്. മുന്നിലെത്തിയ തുറക്കാത്ത പത്രങ്ങളില്‍നിന്ന് എനിക്കു വേണ്ടി കാറ്റ് തുറന്നിട്ട പേജ്. അറിയാതെ കണ്ണെത്തി നിന്നത് ആ പേരിലായിരുന്നു. ഡോ. സി തങ്കം. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി തങ്കം ( 87) അന്തരിച്ചെന്ന് അതിനടിയിലെ വരികള്‍ പറഞ്ഞു തന്നു.
ഒറ്റയടിക്ക് ഞാനെന്റെ കുട്ടിക്കാലത്തിലേക്ക് മറിഞ്ഞു വീണു. അവിടെയുണ്ടായിരുന്നു, ഭീമാകാരനായ ഒരു ഓക്കു മരം. റഷ്യയിലെ ഏതോ വനത്തില്‍ അനേകം ജീവജാലങ്ങള്‍ക്ക് കൂടായി മാറിയൊരു മരമുത്തശãി. മഞ്ഞു കൊണ്ടുള്ള ആ മരത്തിന് വെളിച്ചത്തിന്റെ അനേകം ചെറു പൊട്ടുകള്‍ കണ്ണെഴുതി. വായന കൊണ്ടു മാത്രം മുറിച്ചു കടന്ന ഏകാന്തമായ ബാല്യത്തിന്റെ സങ്കല്പ്പ വിമാനങ്ങളില്‍ ഞാനാ മരത്തിനരികെ പല വട്ടം പോയിരുന്നു. അവിടെ, ഇലപ്പച്ചയുടെ ജലച്ചായം മഞ്ഞിന്റെ വെണ്മയില് ചാലിച്ച് ഞാന്‍ വരച്ച അനേകം ചിത്രങ്ങളുണ്ടായിരുന്നു. ഇലപ്പഴുതുകളിലൂടെ കടന്നു വന്ന സൂര്യ പ്രഭയുടെ മാന്ത്രികത തുന്നിയ അനേകം കിനാവുടുപ്പുകള്‍.
ആ ഒറ്റ മരം എനിക്കു കിട്ടിയത് മുന്നിലെ പത്രത്തില്‍ വെറുമൊരു പേരായി കിടക്കുന്ന ആ അമ്മയില്‍നിന്നായിരുന്നു. ഡോ. തങ്കത്തിന്റെ. അവരെഴുതിയ അതിമനോഹരമായ വരികളില്‍നിന്ന്. എന്നെ പോലെ അന്നത്തെ അനേകം കുഞ്ഞുങ്ങള്‍ക്ക് അവര്‍ ഇലപ്പച്ച കൊണ്ട് തൊടാനാവുന്ന ഭാവനയുടെ കാടകം കാണിച്ചു കൊടുത്തിരിക്കണം, തീര്‍ച്ച.
![]() |
യൂറി മാര്‍കോവിച് നഗിബിന്‍ |
ഭാഷയുടെ കമ്പിവേലി അതിരിട്ടതിനാല്‍ നഗിബിന്റെ റഷ്യന്‍ കഥ വായിച്ചിട്ടില്ല. അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമുണ്ടോ എന്നുമറിയില്ല. വായിച്ചത് ഡോ. തങ്കം പണ്ട് സൂചീമുഖിയില്‍ എഴുതിയ ആ കഥയാണ്. ശിശിരത്തിലെ ഓക്കു മരം എന്ന തലക്കെട്ടിനു താഴെ ആരെയും കൈ പിടിച്ചു കൂട്ടിക്കൊണ്ടുപോവാനാവുന്ന ഭാഷയുടെ ചങ്ങാത്തക്കൈകളുണ്ടായിരുന്നു. സ്നേഹവും വാല്സല്യവും കടലു പോലെ തുളുമ്പുന്ന ഒരമ്മക്ക് മാത്രം കഴിയുന്ന കഥ പറച്ചിലിന്റെ ലാളിത്യവും സാരള്യവുമുണ്ടായിരുന്നു. വാക്കുകളുടെ ആ ഗോവണി കയറിയാല്‍ ഭാവനയുടെ അനേകം ആകാശങ്ങള്‍ കൈയെത്തിപ്പിടിക്കാനാവുമായിരുന്നു.
ഗൂഗിളില്‍ തുഴ എറിഞ്ഞപ്പോള്‍ അവരുടെ ചരമ വാര്‍ത്തയില്‍ വീണ്ടും ചെന്നു പെട്ടു. അതില്‍ കാര്യമാത്ര പ്രസക്തമായ ഭാഷയില്‍ അവരെ കുറിച്ച് എഴുതിയിരിക്കുന്നു.
വെറുമൊരു വാര്‍ത്തയായിരുന്നു അത്. പ്രധാനപ്പെട്ട ഒരു വാര്‍ത്തയാവാനുള്ള സര്‍വ യോഗ്യതയുമുണ്ടായിട്ടും പത്രങ്ങളൊന്നും അത് തിരിച്ചറിഞ്ഞില്ലെന്നു തോന്നുന്നു. വാര്‍ത്തകള്‍ എഡിഷനുകളില്‍ ഒതുങ്ങുന്ന കാലത്ത്, ആ വാര്‍ത്ത ഒരു പക്ഷേ, അവരുടെ തട്ടകമായ തിരുവനന്തപുരത്ത് വലിയ വാര്‍ത്തയായിരിക്കണം എന്ന് വെറുതെ ഊഹിച്ചു.
ആ വാര്‍ത്ത ഇങ്ങനെയായിരുന്നു.
ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി. തങ്കം
തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി. തങ്കം (87) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ദേവസം ബോര്‍ഡ് ജങ്ഷന് കവടിയാര്‍ ബെല്‍ഹെവന്‍ ഗാര്‍ഡന്‍സ് 'ശാന്തി'യിലായിരുന്നു അന്ത്യം. മദിരാശി പ്രസിഡന്‍സി കോളേജില്‍നിന്ന് ഔദ്യോഗിക ജീവിതം തുടങ്ങി. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ബയോളജി പ്രൊഫസറായി റിട്ടയര്‍ ചെയ്തു.തിരുവനന്തപുരത്തെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്നു. ശര്‍മ്മാജിയുടെ മരണശേഷം ശര്‍മ്മാജി സ്ഥാപിച്ച ബാലവിഹാറിന്റെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇവര്‍ രചിച്ച 'ശിശിരത്തിലെ ഓക്കുമരം' എന്ന പുസ്തകത്തിന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പരേതനായ സി.ഉണ്ണിരാജ, പരേതയായ ഡോ. സി.കെ. തമ്പായി, സി. സരോജിനി, ജസ്റ്റിസ് സി.എസ്. രാജന് എന്നിവരാണ് സഹോദരങ്ങള്‍.മക്കള്‍: ഡോ. ശങ്കര്‍. ഡോ. ശാന്തി, അശോക്, അനിത. മരുമക്കള്‍: ഡോ. ഉമ, സതീഷ്, ഡോ.മിനി.മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിവരെ വസതിയായ കവടിയാര്‍ ബെല്‍ഹെവന്‍ ഗാര്‍ഡന്‍സിലെ ശാന്തിയില്‍ പൊതുദര്‍ശത്തിന് വെയ്ക്കും. രാവിലെ വഴുതക്കാട്ടുള്ള ലെനിന് ബാലവാടിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ബുധനാഴ്ച രാവിലെ 11ന്വൈദ്യുതി ശ്മശാനത്തില്‍ ശവസംസ്കാരം. മൃതദേഹത്തില്‍ റീത്ത് വെയ്ക്കുകയോ മറ്റ് മരണാനന്തരച്ചടങ്ങുകള്‍ നടത്തുകയോ ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വാര്‍ത്തയില്‍ അവരുടെ ഉറ്റവരുടെ പേരുകളുണ്ടായിരുന്നു. കേരളത്തിന് അവഗണിക്കാനാവാത്ത ചില പേരുകള്‍. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ പ്രമുഖനായിരുന്ന ശര്‍മാജി. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ സി. ഉണ്ണിരാജ. കേരളത്തിന്റെ പാരിസ്ഥിതിക ഭൂപടത്തില്‍ അക്കാദമിക് ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഡോ. എസ്. ശങ്കര്‍. പരിസ്ഥിതി ആക്റ്റിവിസത്തിന് അക്കാദമിക് അടിത്തറ പാകിയവരില്‍ പ്രധാനികളായ എസ്. ശാന്തി, എസ്. അനിത, സതീഷ് ചന്ദ്രന് നായര്‍. എനിക്കറിയാത്ത മറ്റുള്ളവര്‍. ഇവര്‍ക്ക് മാത്രമല്ല കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ട അമ്മയായിരുന്നു അവര്‍..
കേരളത്തില്‍ പി.എച്ച്.ഡി നേടിയ ആദ്യ കാല വനിതകളില്‍ ഒരാളായിരുന്നു അവര്‍. തിരുവനന്തപുരം വിമന്‍സ് കോളജിന്റെ പ്രിയപ്പെട്ട ജീവശാസ്ത്ര അധ്യാപിക. എന്നാല്‍, പല അധ്യാപകരില്‍നിന്നും വ്യത്യസ്തമായി ചെടികളെയും ജീവജാലങ്ങളെയും കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്നു അവര്‍ക്ക്. റിട്ടയര്‍ ചെയ്തിട്ടും എഴുത്തിലും ചിന്തകളിലും സജീവമായിരുന്നു. പയ്യന്നൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സൂചീമുഖി മാസികയില്‍ ഈയടുത്തും അവരുടെ കുറിപ്പുകള്‍ കണ്ടിരുന്നു.
![]() |
'ശിശിരത്തിലെ ഓക്കു മര'ത്തിന്റെ കവര്‍ ചിത്രം |
ഈയടുത്താണ് അവിചാരിതമായി 'ശിശിരത്തിലെ ഓക്കു മരം' വീണ്ടും കൈയിലെത്തിയത്. ചങ്ങാതിക്കൊപ്പം ഒരു പുസ്തക ശാലയില്‍ വെറുതെ പരതുമ്പോള്‍ മുന്നിലെത്തി, കറുപ്പിലും വെളുപ്പിലും പുറം ചട്ടയുള്ള ആ പുസ്തകം. അതിന്റെ നെഞ്ചില്‍ തന്നെ കൊത്തി വെച്ചിരുന്നു ഐതിഹാസികമായ ആ പേര്. ശിശിരത്തിലെ ഓക്കുമരം.
പുതിയ ശീലങ്ങളനുസരിച്ച് ഒട്ടും ആകര്‍ഷകമല്ലായിരുന്നു ആ പുസ്തകം. വര്‍ണക്കൂട്ടുകളില്ല. അലങ്കാരത്തൊങ്ങലുകളില്ല. എന്നാല്‍, അതിനുള്ളില്‍ വെളുപ്പില്‍ കറുത്ത അക്ഷരങ്ങളില്‍ നിറയെ ഭാവനക്ക് ചിറകു വിടര്‍ത്താനുള്ള വാക്കുകളുടെ മഴവില്‍ ചാരുതയായിരുന്നു. കുട്ടികള്‍ക്കുള്ള പുസ്തകമെന്ന വ്യാജേന ആ അമ്മയെഴുതിയത് എല്ലാ കാലത്തെയും എല്ലാ പ്രായക്കാര്‍ക്കുമുള്ള ഭൂമിയുടെ നിറച്ചാര്‍ത്തുകളായിരുന്നു. ശിശിരത്തിലെ ഓക്കു മരം കൂടാതെ മറ്റനേകം റഷ്യന്‍ കഥകളുമുണ്ടായിരുന്നു ആ പുസ്തകത്തില്‍.
'ദേ, ആ പുസ്തകം'
എന്റെ ആവേശം കണ്ടപ്പോള്‍ ചങ്ങാതി പറഞ്ഞു തന്നു, അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍. കഥകളെഴുതുന്ന ഒരാള്‍ എന്നതിനപ്പുറം അവരുടെ ചിറകുകളിലുണ്ടായിരുന്ന പല തൂവലുകള്‍ ചങ്ങാതിയാണ് കാണിച്ചു തന്നത്.
എന്നെങ്കിലുമൊരിക്കല്‍ ആ അമ്മയെ കാണാന്‍ പോവണമെന്ന ആഗ്രഹം കൊണ്ട് ഞാനന്നേരം മറി കടന്നു.
നമുക്ക് പോവാമെന്നായിരുന്നു ചങ്ങാതിയുടെ ഉറപ്പ്. അതിലേക്കാണ് ഇപ്പോള്‍ ഈ മരണ വാര്‍ത്ത പൊട്ടി വീണത്.
ഒരു സ്കൂള്‍ കുട്ടിയുടെ കഥയാണ് ശിശിരത്തിലെ ഓക്കു മരം. അവന് സവുഷ്കിന്‍ എന്നു പേര്. ക്ലാസില്‍ എന്നും വൈകിയെത്തും. അന്നും അങ്ങനെ തന്നെയെത്തി.
നാമത്തിന് നിര്‍വചനം നല്കി കുട്ടികളെ കൊണ്ട് ഉദാഹരണം പറയിക്കുകയായിരുന്നു ടീച്ചര്‍. ചോദ്യമുന അവനിലെത്തിയപ്പോള്‍ ഉത്തരം അപ്രതീക്ഷിതമായിരുന്നു^ശിശിരത്തിലെ ഓക്കുമരം.
ഓക്കു മരം എന്ന നാമത്തെ മനസ്സിലാക്കാം. ഈ ശിശിരത്തിലെ ഓക്കു മരം എന്താണാവോ. അധ്യാപിക ഇത്തിരി അരിശത്തോടെ പ്രതികരിച്ചു. അവന് അമ്മ മാത്രമേയുള്ളൂ. വനത്തിനപ്പറത്താണ് അവരുടെ താമസം. അവനെക്കുറിച്ചുള്ള പരാതികള്‍ അമ്മയോടു പറയണം. അമ്മയെ കാണാന്‍ പോവാന്‍ ടീച്ചര്‍ തീരുമാനിച്ചു.
അവന് പോവുമ്പോള്‍ അവരും പോയി, കൂടെ. കാട്ടു വഴിയിലായിരുന്നു യാത്ര. മുന്നില്‍ വഴി കാട്ടിയെപ്പോലെ അവന്. പിറകെ ടീച്ചര്‍. അരുവിയുടെ തീരത്തുള്ള കാട്ടുപാതയിലുടെ നടത്തം നീണ്ടു. ഇലത്തഴപ്പിന്റെ , നിഴലുകളുടെ, ചെറു ജീവികളുടെ, പൂമ്പാറ്റകളുടെ, വെയില് കഷണങ്ങളുടെ, പക്ഷികളുടെ, കാട്ടുശബ്ദങ്ങളുടെ ഇടയിലൂടൊരു യാത്ര. കാട്ടിനെ ഓരോ ചെറിയ കാര്യങ്ങളെക്കുറിച്ചും അവന് പറഞ്ഞു കൊണ്ടേയിരുന്നു
ടീച്ചര്‍ക്ക് അതൊരു വിചിത്രാനുഭവമായിരുന്നു. അവര്‍ കണ്ണും കാതും കൂര്‍പ്പിച്ച് അവനെ പിന്തുടര്ന്നു. ചെന്നെത്തിയത് ആ ഓക്കുമരത്തിന്റെ ചാരെ.
മഞ്ഞും നിഴലുകളും ചേര്‍ന്നു വരച്ച ഒരു എക്സ്പ്രഷനിസ്റ്റ് ചിത്രമായിരുന്നു ആ ഓക്കുമരം. ഗോപുരം പോലെ ഭീമാകാരം. മഞ്ഞുടുപ്പിട്ട് മനോഹരം. അതില്‍ നിറയെ പല തരം ജീവികളായിരുന്നു. അവന് വാ തോരാതെ അവയെ ടീച്ചര്‍ക്കു പരിചയപ്പെടുത്തി കൊണ്ടേയിരുന്നു. ഒരു കൊച്ചു കുട്ടിയുടെ ആശ്ചര്യക്കണ്ണോടെ അവരവനെ കേട്ടു.
അവര്‍ക്ക് പെട്ടെന്ന് മനസ്സിലായി, കാട് എന്തെന്ന്. ജീവിതം എന്തെന്ന്. പ്രകൃതി എന്തെന്ന്. ശിശിരത്തിലെ ഓക്കു മരം എന്നല്ലാതെ ആ വന്‍ മരത്തെ വിളിക്കാനാവില്ലെന്നും.
പുസ്തകങ്ങളില്‍നിന്ന് കിട്ടിയ അറിവുകളെ മുഴുവന്‍ റദ്ദാക്കാനുള്ള തിരിച്ചറിവാണ് ആ യാത്ര ടീച്ചര്‍ക്ക് പകര്‍ന്നത്.
![]() |
റോക്സ് വിത് ഓക് ട്രീ-വാന്‍ഗോഗ് |
കുറച്ചു നാള് മുമ്പ് ആ വാര്‍ത്ത കണ്ടിരുന്നു. 'ശിശിരത്തിലെ ഓക്കു മരം' കേരളത്തിലെ ഏതോ സ്കൂള്‍ കുട്ടികള്‍ ഹ്രസ്വ ചിത്രമാക്കി മാറ്റിയെന്ന്. മകരത്തിലെ ആല് മരമെന്നോ മറ്റോ ആണ് പേര്. അതിനിയും കാണാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആകെ അന്ധാളിപ്പാണ്. എങ്ങനെയാണ് റഷ്യയിലെ മഞ്ഞുറയുന്ന വനത്തിലെ ഏകാകിയായ ആ ഓക്കു മരത്തെ ഇവിടത്തെ ആല്‍മാരമാക്കി മാറ്റുക. ആ വനവും പരിസരവും മഞ്ഞുമില്ലാതെ എങ്ങനെ ആ കഥ പറയും.
പുതിയ കാലത്ത് അതിനു കഴിയുമായിരിക്കാം. ആ കഥയെ പകര്‍ത്തല്‍. എന്നാല്‍, എന്നാല്‍, ആ കഥ മനസ്സില്‍ തീര്‍ത്ത ഭാവനയുടെ അപര ലോകങ്ങള്‍ ഒരാള്‍ക്കും കാമറയില്‍ പുന:സൃഷ്ടിക്കാനാവില്ലെന്ന് എനിക്ക് നല്ല ഉറപ്പാണ്. അത്ര തെളിച്ചമുണ്ട് ഇപ്പോളും ഉള്ളിലെ ആ ചിത്രത്തിന്.