കാക്കനാട്ടെ ഐ.ടി കമ്പനി ജീവനക്കാരിയും എറണാകുളത്തെ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകയും പെണ്ണരങ്ങ് നാടക കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകയുമായ തസ്നി ബാനുവെന്ന 32കാരി കാക്കനാട് എന്‍.ജിഒ ക്വാര്‍ട്ടേഴ്സിനടുത്തു വെച്ച് രാത്രിയില്‍ ഒരു സംഘം ചെറുപ്പക്കാരാല്‍ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്. സംഭവമിപ്പോള്‍ ഒരാഴ്ചയാവുന്നു. കേരളം ശക്തമായി പ്രതികരിച്ച സംഭവത്തില്‍ വാദിയെ പ്രതിയാക്കുന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ബി.ആര്.പി ഭാസ്കര്‍, കെ. വേണു, എന്‍.എം പിയേഴ്സണ്‍, ജ്യോതി നാരായണന് എന്നിവറ ഒപ്പു വെച്ച ഫിഫ്ത്ത് എസ്റ്റേറ്റിന്റെ പ്രസ്താവനയും ആ വഴിയാണോ പിന്തുടരുന്നത്.
അമ്മയെ തല്ലിയാലും രണ്ടുണ്ട് കാര്യമെന്നാണ്. പെങ്ങളെ തല്ലിയാലും ഇതു തന്നെയാവും സ്ഥിതി. അപ്പോള്‍, അമ്മയും പെങ്ങളുമല്ലാത്തവളെ തല്ലിയാലോ. തീര്‍ച്ചയായും, പത്തോ നൂറോ ന്യായം ഈസിയായി ഒപ്പിക്കാം.
തസ്നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചിലര്‍ ഇപ്പോഴും തുടരുന്ന ന്യായാന്യായ ചര്‍ച്ചകള്‍ കാണുമ്പോഴാണ് ഇക്കാര്യം കൂടുതല്‍ ബോധ്യമാവുന്നത്. സ്വന്തം അമ്മയും പെങ്ങളുമല്ല എന്ന ഒറ്റ ധൈര്യത്തില്‍ അസാമാന്യമായ യുക്തിബോധത്തോടെയും വക്കീല്‍ ന്യായങ്ങളോടെയുമാണ് ചിലരൊക്കെ ചര്‍ച്ചകള്‍ തുടരുന്നത്. പെണ്ണുങ്ങള് അങ്ങനെ ഒറ്റക്ക് പോവേണ്ടതുണ്ടോ എന്നും പോയാല്‍ ഇങ്ങനെയൊക്കെ വരുമെന്നുമുള്ള സാദാ ന്യായം മുതല്‍ അപഥസഞ്ചാരിണിയെന്നു തോന്നിയാല്‍ വെറുതെ വിടാന്‍ പാടുണ്ടോ എന്ന മട്ടിലുള്ള ബുദ്ധിജീവി യുക്തി വരെ തലങ്ങും വിലങ്ങും പ്രയോഗിക്കപ്പെടുകയാണ്.
മംഗളം പത്രം പച്ചയായി പറഞ്ഞത് ഇവള്‍ക്ക് രണ്ട് കൊള്ളേണ്ടതുണ്ട് എന്നു തന്നെയാണ്. പൊടുന്നനെ വാദി പ്രതിയായോ എന്ന് അന്തം വിട്ടു നില്ക്കുമ്പോള് ദാ വന്നു മറ്റൊരു ഇണ്ടാസ്. കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക ഭൂപടം മാറ്റിവരക്കുന്നു എന്നു പറഞ്ഞു ഇച്ചിരി മുമ്പ് രംഗത്തു വന്ന ഫിഫ്ത് എസ്റ്റേറ്റ് എന്ന വമ്പന്‍ സാംസ്കാരിക കൂട്ടായ്മയാണ് 'കാക്കനാട് സംഭവം: ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്' എന്ന തലക്കെട്ടില്‍ ഇത്തവണ ലൊട്ടുലൊടുക്കു ന്യായവുമായി ചാടി വീണത്.
പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ ചില ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതികളുമായി ബന്ധമുള്ള ചിലര്‍ നാട്ടുകാര്‍ എന്ന പേരില്‍ രംഗത്തെത്തി. സ്വാഭാവികമായും ഇനിയും നാട്ടുകാരോട് വോട്ട് ചോദിക്കേണ്ടതുണ്ട് എന്ന കാരണത്താല്‍ ചില രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ പ്ലേറ്റ് ഇത്തിരിയങ്ങ് മാറ്റി. ഫിഫ്ത് എസ്റ്റേറ്റിന്റെ പ്രസ്താവനക്കു പിന്നില്‍ ഈ സാഹചര്യമാണെന്നാണ് മനസ്സിലാവുന്നത്.
പ്രസ്താവന ഇതാ ഇങ്ങനെ
കാക്കനാട് സംഭവത്തിൽ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്
23 JUNE 2011 20 COMMENTS
ഇതിലെ ന്യായങ്ങള്‍ ഇവയാണ്.
1. കാക്കനാട് സംഭവം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ആര്‍ക്ക് തെറ്റിദ്ധാരണ. എന്ത് തെറ്റിദ്ധാരണ.
2. രാത്രിയില്‍ ജോലിക്കു പോയ തസ്നിയെ അപഥസഞ്ചാരിണിയായി തെറ്റിദ്ധരിച്ച് ചിലര്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ആരാണീ അപഥസഞ്ചാരിണി? അവരെ എന്തും ചെയ്യാന്‍ നാട്ടുകാര്‍ക്ക് അവകാശമുണ്ടോ. ഇന്നലെ വരെ സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തിയെന്നു പറഞ്ഞവര്‍ ഇന്നു അവരെ നാട്ടുകാര്‍ എന്നു വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അപഥസഞ്ചാരിണി എന്ന പ്രയോഗത്തെ ഫിഫ്ത് എസ്റ്റേറ്റ് എങ്ങിനെയാണ് കാണുന്നത്.
3. തെസ്നിയെ നാട്ടുകാരിലാരോ തെറി വിളിച്ചു. തസ്നി അയാളെ തല്ലി. പിന്നീടവര്‍ കൂട്ടമായി മര്‍ദിച്ചു.ഈ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. പക്ഷേ കേസ് പിറ്റേ ദിവസം പരാതിയുടെ അടിസ്ഥാനത്തില്‍ എടുക്കാമെന്നു പറഞ്ഞ് പിരിഞ്ഞു
നോക്കൂ, ഈ വ്യഖ്യാനത്തില്‍ തസ്നിയാണ് പ്രതി. അക്രമികളും കേസെടുക്കാത്ത പൊലീസുകാരുമൊക്കെ അയ്യോ പാവങ്ങള്‍.
പെണ്ണുങ്ങളെ തെറി വിളിച്ചാല്‍ അവര്‍ക്ക് പകരമായി തല്ലാമോ. തല്ലിയാല്‍ തീര്‍ച്ചയായും തിരിച്ചു കിട്ടുന്നത് സ്വാഭാവികമല്ലേ എന്ന മട്ട്.
പൊലീസ് ഇടപെട്ടു എന്നാണ് പിന്നത്തെ ന്യായം. എന്ത് ഇടപെടല്‍. സ്റ്റേഷനില്‍ ഒരാള്‍ പരാതിയുമായി ചെന്നാല്‍ അതിനര്‍ഥം പൊലീസ് ഇടപെട്ടു എന്നണോ.
രാത്രിയില്‍ ഒരു പെണ്‍കുട്ടി, തന്നെ ഒരുകൂട്ടം പുരുഷന്മാര് മര്‍ദിച്ചുവെന്ന് പറഞ്ഞ് ചെന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന് കേസ് എടുക്കാമെന്ന് പറഞ്ഞ് പിരിയുകയാണോ പൊലീസിന്റെ കടമ.
4. തസ്നി ഹോസ്റ്റലില്‍ പോയി. ഐജിക്ക് പരാതി നല്കി. തുടര്‍ന്ന് സംഭവങ്ങള്‍ പിടിവിട്ടു പെരുകാന്‍ തുടങ്ങി
ആരുടെ പിടി വിട്ടെന്നാണ് ഈ പറയുന്നത്. ഐ.ജിക്ക് പരാതി കൊടുക്കുകയും വാര്‍ത്ത വരികയും ചെയ്താല്‍ സ്വാഭാവികമായും അത് ഇഷ്യൂ അല്ലേ. അല്ലാതെ എന്തോന്ന് പിടിവിട്ട് പെരുകല്‍.
5. സ്ത്രീകള്‍ നുണ പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ചിലര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഇനി പലരും രംഗത്തു വരും. പ്രശ്നം ആരോഗ്യകരമല്ലാതത അവസ്ഥ കൈവരിക്കും.
വരട്ടെ ആളുകള്‍. ഇതിനെന്തിനാണ് നമ്മുടെ അഞ്ചാം എസ്റ്റേറ്റുകാര്‍ ഇത്രക്ക് ബേജാറാവുന്നത്. ആളുകളെല്ലാം അനുകൂലിക്കുമെന്ന് കരുതിയാണോ ചെങ്ങറയിലും ഡി.എച്ച്.ആര്.എം പ്രശ്നത്തിലും മറ്റും ബി.ആര്.പി ഭാസ്കര്‍ ഇടപെട്ടത്. മാലി ചാരക്കേസില്‍ സക്കറിയയും ബി.ആര്.പി ഭാസ്കറും ഇടപെട്ടത് ഇമ്മാതിരി പേടികള്‍ ഉള്ളില്‍ വെച്ചാണോ.
6. ഇനി എസ്റ്റേറ്റുകാര്‍ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍ നോക്കൂ:
തിരിച്ചറിവുണ്ടാക്കി പ്രശ്നം പരിഹരിക്കുക. ജനങ്ങളെയും സ്ത്രീ പ്രവര്‍ത്തകരെയും ധാരണയിലെത്തിക്കുക. പരസ്പരം മനസ്സിലാക്കുക. അങ്ങിനെയങ്ങിനെ...
ആരോ രണ്ട് പോസ്റ്ററുകള്‍ എഴുതിയെന്നു വെച്ച്, ചിലര്‍ പ്രകടനം നടത്തിയെന്ന് വെച്ച് ഇത്ര കണ്ട് ഭയക്കാമോ. ഈ ജനങ്ങള്‍ എന്നു പറഞ്ഞാല്‍ വേറെ ആരോ ആണോ. സ്ത്രീ പ്രവര്‍ത്തകര്‍ ജനങ്ങളില്‍ പെടില്ലേ. എന്ത് യുദ്ധമാണുണ്ടാവുക.
അന്തം വിട്ടു പോവുന്ന ഇമ്മാതിരി അനവധി ലോജിക്കുകളാല്‍ പ്രയോഗങ്ങളാല്‍ സമൃദ്ധമാണ് കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഫിഫ്ത്ത് എസ്റ്റേറ്റുകാരുടെ പ്രസ്താവന.
രണ്ട്
![]() |
പ്രതികള്‍ക്ക് അനുകൂലമായി പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോര്‍ഡ് |
സാമൂഹിക നീതി, മതേതരത്വം, ജനാധിപത്യം എന്നു മുദ്രാവാക്യങ്ങളുമായി മലയാളിക്കു മുന്നില്‍ മാറ്റത്തിന്റെ ചാലകശക്തിയാവുമെന്ന പ്രതീക്ഷകളുയര്‍ത്തിയാണ് ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന കൂട്ടായ്മ രംഗത്തു വന്നത്. ഏറെ പ്രതീക്ഷകളുണ്ടായിരുന്നു അതില്‍.
പറയുന്നതിലെല്ലാം കക്ഷി രാഷ്ട്രീയം ചുവക്കുന്ന നമ്മുടെ സോകോള്‍ഡ് സാംസ്കാരിക നായകരുടെ പതിവു വായ്ത്താരി ഇനി സഹിക്കേണ്ടി വരില്ലെന്നും ശക്തവും ആര്‍ജവമേറിയതുമായ പുതിയൊരു സ്വരം ഉയര്‍ന്നു വരുമെന്നും ആഴത്തില്‍ പ്രതീക്ഷിച്ചു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഉരുട്ടിക്കുഴച്ച് പരുവപ്പെടുത്തിയ നമ്മുടെ സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമാവാന്‍ അതിനാവുമെന്നും ആഗ്രഹിച്ചു. വെറും മുദ്രാവാക്യങ്ങളോ വാചകമടികളോമാത്രം സൃഷ്ടിച്ചതായിരുന്നില്ല ആ പ്രതീക്ഷകള്‍. അതിനു മുന്‍കൈ എടുത്തവരായിരുന്നു അതിന്റെ മിനിമം ഗ്യാരണ്ടി. നേരും നെറിയുമുള്ളവരെന്ന നിലയില്‍ കേരളീയ പൊതുസമൂഹത്തിന് പരിചിതരായിരുന്നു അവര്‍. കേരളത്തിന്റെ സാമൂഹിക ഭൂപടത്തില്‍ സ്വന്തം നിലയില്‍ വ്യതിരിക്തത അടയാളപ്പെടുത്തിയ അനേകം പേര് ആ കൂട്ടായ്മക്കു പിന്നില്‍ അണിചേര്‍ന്നതും ചേരാന്‍ ആഗ്രഹിച്ചതും അതു കൊണ്ടു തന്നെയാണ്.
എന്നാല്‍, പ്രതീക്ഷക്ക് വകയില്ലെന്നു തന്നെയാണ് അവരും തെളിയിക്കുന്നത്. തസ്നി ബാനു സംഭവത്തില്‍ ഫിഫ്ത് എസ്റ്റേറ്റിന്റെ പേരില്‍ പുറത്തുവന്ന പ്രസ്താവന അവര്‍ ആരെന്നും അവരുടെ തനിനിറം എന്തെന്നും ബോധ്യപ്പെടുത്തുന്നു.
പ്രസ്താവനയിലെ പേരുകള്‍ ശ്രദ്ധിക്കൂ. ബി.ആര്.പി ഭാസ്കര്‍, കെ. വേണു, എന്‍.എം പിയേഴ്സണ്‍, പിന്നെ ജ്യോതി നാരായണന്. ഇവരില്‍ ബി.ആര്.പി ഭാസ്കര്‍, കെ.വേണു, പിയേഴ്സണ്‍ എന്നിവര്‍ക്കൊക്കെ വേണമെങ്കില്‍ (വേണമെങ്കില്‍ മാത്രം) ഞാനാദ്യം ചൂണ്ടിക്കാട്ടിയ ആരാന്റമ്മ ആരാന്റെ പെങ്ങള് യുക്തി ചേര്‍ന്നെന്നു വരും.
എന്നാല്‍, ജ്യോതി നാരായണനോ. തീര്‍ച്ചയായും ചേരില്ല. പ്രത്യേകിച്ച് ഈ കേസില്‍. സംശയം തീര്‍ക്കാന്‍ പഴയ വാര്‍ത്തകള്‍ പരതി നോക്കൂ.
മാതൃഭൂമിയിലാണ് ഞാനവരുടെ പേരു കണ്ടത്. അക്രമിക്കപ്പെട്ട തസ്നി ആദ്യം വിവരമറിയിച്ചത് രണ്ട് സാംസ്കാരിക പ്രവത്തകരെ. ഒന്ന് സി.ആര്. നീലകണ്ഠന്. രണ്ട് ജ്യോതി നാരായണന്. ഇതായിരുന്നു വാര്‍ത്തയിലുണ്ടായിരുന്നത്.
അപ്പോള്‍ അപഥസഞ്ചാരിണി എന്നു കരുതി നാട്ടുകാര്‍ കൈയേറ്റം ചെയ്തു എന്നൊക്കെ എഴുതി ഒപ്പിട്ടയാളേതാ. അതും ജ്യോതി നാരായണന്. തസ്നി വിളിച്ചതോ. അതും ജ്യോതി നാരായണന്. ഇതെങ്ങനെ ഒത്തു വരും.
വലിയ ഒരപകടത്തില്‍ പെടുമ്പോള്‍ നാമാദ്യം വിവരമറിയിക്കുക ഉറ്റവരെയാണ്. ആ നിലക്ക് ജ്യോതി നാരായണന് തസ്നിക്ക് വളരെ വേണ്ടപ്പെട്ട ഒരാളായിരിക്കണം. അങ്ങിനെയൊരാള്‍ പിന്നെ എങ്ങിനെയാണ് തസ്നിക്കെതിരെ, പ്രശ്നത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ ന്യായങ്ങളുമായി രംഗത്തു വരിക. സംഭവത്തില്‍ ചുരുക്കം ചിലര്‍ ഒഴികെ കേരളം ഒന്നാകെ തസ്നിയുടെ പക്ഷത്തു നില്ക്കുമ്പോള് കേസിലെ സാക്ഷികളിലൊരാള്‍ തന്നെ തസ്നിക്കെതിരെ രംഗത്തു വന്നാല്‍ അതിന്റെ അര്‍ഥമെന്താണ്. അറിഞ്ഞിടത്തോളം, കൊച്ചിയിലെ സ്ത്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ നിലയും വിലയുമുള്ളയാളാണ് ഈ ജ്യോതി നാരായണന്. ഏത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഇത്തരമൊരു പ്രസ്താവനക്കു കീഴെ ഒപ്പു ചാര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടാവുക.
ജ്യോതിയുടെ കാര്യം ഇങ്ങനെ. മറ്റൊരു സാക്ഷിയായ സി. ആര് നീലകണ്ഠനനാവട്ടെ ഇക്കാര്യത്തില്‍ മൌനം തുടരുകയാണ്. കാക്കനാട് തന്നെ താമസിക്കുന്ന സി.ആര് സമാനമായ പല സംഭവങ്ങളിലും ശക്തമായ നിലപാടുകളുമായി രംഗത്തു വന്നയാളാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും സദാ സജീവമാവുന്ന ഒരാള്‍. എന്നാല്‍, ഇക്കാര്യത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടിട്ടേയില്ല. ഒരു ചാനലിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഇടടെപടല്‍ ഉണ്ടായില്ലെന്നാണ അറിവ്.
ജ്യോതിയുടെ കാര്യം ഇങ്ങനെ. മറ്റൊരു സാക്ഷിയായ സി. ആര് നീലകണ്ഠനനാവട്ടെ ഇക്കാര്യത്തില്‍ മൌനം തുടരുകയാണ്. കാക്കനാട് തന്നെ താമസിക്കുന്ന സി.ആര് സമാനമായ പല സംഭവങ്ങളിലും ശക്തമായ നിലപാടുകളുമായി രംഗത്തു വന്നയാളാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും സദാ സജീവമാവുന്ന ഒരാള്‍. എന്നാല്‍, ഇക്കാര്യത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടിട്ടേയില്ല. ഒരു ചാനലിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഇടടെപടല്‍ ഉണ്ടായില്ലെന്നാണ അറിവ്.
ഒരു പിടിയുമില്ല കാര്യങ്ങള്‍. തല്ലിയവരാണ് ഇവരേക്കാള്‍ ഭേദം എന്ന സ്വാഭാവികമായും ചിന്തിക്കാനുള്ള സര്‍വ ന്യായങ്ങളും ഒത്തു വരികയാണ്. കേരളം ശക്തമായി പ്രതിഷേധിച്ച ഈ സംഭവവുമായി ബന്ധപ്പെട്ട് വിചിത്രമായ വാദങ്ങളാണ് പ്രസ്താവനയിലുള്ളത്.
ഈ പ്രസ്താവനക്കു തൊട്ടു മുമ്പാണ് മംഗളം വാര്‍ത്ത വന്നത്.
വാര്‍ത്ത ഇതാ ഇവിടെ:
|
പ്രശ്നം തസ്നി ബാനുവാണെന്നും സദാചാര വിരുദ്ധമായ അവരുടെ പെരുമാറ്റമാണ് സംഭവത്തിനു കാരണമെന്നുമാണ് ഇതിലെ ഭാഷ്യം. ഇതിലെ ചില ന്യായങ്ങളും പ്രയോഗങ്ങളും പ്രസ്താവനയിലും കാണാം. ഈ വാര്‍ത്ത ഉയര്‍ത്തുന്ന ആശങ്കകളും.
സംശയലേശമന്യെ അതിശക്തമായി പ്രതികരിക്കേണ്ട വിഷയമായിരുന്നു തെസ്നി ബാനുവിനേറ്റ അതിക്രമം. കേരളം അങ്ങിനെ തന്നെയാണ് അത് കൈകാര്യം ചെയ്തതും. അതേ നിലക്ക് കാര്യങ്ങള്‍ പോവുകയും പ്രതികള്‍ പിടിയിലാവുകയും ചെയ്യുന്ന ഘട്ടത്തിലാണ് പെട്ടെന്ന് പുതിയ കഥകള്‍, ന്യായങ്ങള്‍ രംഗത്തു വന്നത്.
പത്രവാര്‍ത്ത നമുക്ക് വേണമെങ്കില്‍ ന്യായീകരിക്കാം. ഇത്തരം പല ഇഷ്യൂകളിലും ഇതേ പത്രംസമാനമായ നിലപാടുകളാണ് കൈക്കൊണ്ടത് എന്നു വാദിക്കാം. എന്നാല്‍, ഫിഫ്ത്ത് എസ്റ്റേറ്റ് അങ്ങനെയാവാമോ. പ്രസ്താവനയില്‍ പേരു ചാര്‍ത്തിയ ഈ മനുഷ്യരൊക്കെ ഇങ്ങനെ പറയാമോ.
അതാണ് ആദ്യമേ പറഞ്ഞത്, ചില നേരങ്ങളില്‍ വാദി പ്രതിയാവുമെന്ന്.
തല്ലു കിട്ടിയത് അമ്മക്കെങ്കില്‍ അതിനും ചില ന്യായങ്ങള്‍ ഉണ്ടാവാമെന്ന്.