Tuesday, April 5, 2011

ഒരുവള്‍ നിശ്ശബ്ദയാവുന്നതിന്റെ വഴിക്കണക്കുകള്‍


നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി നിശ്ശബ്ദതയില്‍
തളംകെട്ടിയതിന്റെ നാള്‍വഴിക്കണക്കുകള്‍. സൌഹൃദവും കാമ്പസും
നിറയുന്ന ഓര്‍മ്മപ്പുസ്തകത്തിലെ വേദനകളുടെ ഒരു താള്‍.

കാമ്പസിന്റെ നെഞ്ചിലേക്ക്  മുദ്രാവാക്യങ്ങള്‍ പറന്ന  സമരനാളുകളിലൊന്നാണ് അവള്‍  ഞങ്ങളുടെ കൂട്ടത്തിലേക്കു വരുന്നത്. ഡിപ്പാര്‍ട്മെന്റിന്റെ ആവശ്യങ്ങള്‍ക്കായുള്ള സമരമായിരുന്നു. പുതിയ ബാച്ചിലെ കുട്ടികള്‍ വന്നയുടന്‍ അവരുമതില്‍ സജീവമായി. അവരുടെ കൂട്ടത്തില്‍ ഏറ്റവും നന്നായി സംസാരിക്കുന്ന ഒരാളെന്ന നിലയിലാണ്  അവള്‍  ഞങ്ങളുടെ കൂട്ടത്തിലേക്കു വരുന്നത്.  മറ്റ് ക്ലാസുകളില്‍ കാംപെയിന്‍ നടത്തി സമരത്തിന്റെ ആവശ്യകത അറിയിക്കാനും പൊതു ചടങ്ങുകളില്‍ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കാനും അവള്‍ക്കായി.  ജൂനിയര്‍ എന്ന അദൃശ്യ കവചം ഒറ്റയടിക്ക് ഭേദിച്ച് പൊടുന്നനെ അവള്‍ സമര സമിതിയില്‍ സജീവമായി.
സമരം അതിന്റെ വഴിക്കു പോയി. വിജയമെന്നു പറയാവുന്ന ഒരവസ്ഥ വന്നു പെട്ടപ്പോള്‍ സമരം തീര്‍ന്നു.  വീണ്ടും പതിവു കാമ്പസ് പകലുകള്‍. ക്ലാസ് മുറികള്‍. പുറത്തെ വെടിവട്ടങ്ങള്‍. അതിനിടെ, സ്വാഭാവികമെന്നോണം സമരത്തിനു നേതൃത്വം നല്‍കിയ ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന  കൂട്ടത്തിലേക്ക് അവള്‍ വന്നു. ഒരൊറ്റ ദിവസം കൊണ്ട് വര്‍ഷങ്ങളായി പരിചയമുള്ള ഒരാളെപ്പോലെയായി അവള്‍.
മറ്റ് ജൂനിയേഴ്സ് ഒന്നും സജീവമാവാത്ത തുടക്കനാളുകളില്‍   രണ്ടാം വര്‍ഷക്കാരായ ഞങ്ങളുടെ കൂട്ടത്തില്‍ അവള്‍ സജീവമായത് പലരെയും ചൊടിപ്പിച്ചു. ഒരു പുച്ഛച്ചിരിയില്‍ ഞങ്ങളത് പറത്തിക്കളഞ്ഞു.
ഒന്നാം വര്‍ഷക്കാര്‍ക്ക് കോളജ് ഹോസ്റ്റലില്‍ ഇടമില്ലാത്തതിനാല്‍ കടലിനടുത്ത് കന്യാസ്ത്രീകള്‍ നടത്തുന്ന ഹോസ്റ്റലിലായിരുന്നു അവളുടെ താമസം. രാവിലെ ക്ലാസിലെത്തും. ഇടവേളകളില്‍ ഞങ്ങള്‍ക്കൊപ്പം ചുറ്റിത്തിരിയും. ഇഷ്ട വിഷയങ്ങള്‍ സമാനമായതിനാല്‍ അവള്‍ക്കുമേറെ പറയാനുണ്ടായിരുന്നു. 
ഒരു ദിവസം അവള്‍ രോഷത്തോടെ പറഞ്ഞു - 'മെത്രാന്റെ അരമന കത്തിക്കേണ്ട കാലം കഴിഞ്ഞു. എന്തൊരു തട്ടിപ്പാണവിടെ. ഹോസ്റ്റലിന്റെ പേരില്‍ പാവപ്പെട്ട കുട്ടികളെ അപമാനിക്കുകയാണ് കന്യാസ്ത്രീകള് '.
ആ സ്വരത്തില്‍ അപാരമായ രോഷവും ഊര്‍ജവുമുണ്ടായിരുന്നു. ഹോസ്റ്റലില്‍ പാവപ്പെട്ട വീടുകളില്‍നിന്നു വരുന്ന കുട്ടികളോടു കാണിക്കുന്ന പക്ഷഭേദത്തെ ചൊല്ലിയായിരുന്നു  രോഷം. ആ സ്വരത്തിലെ സത്യസന്ധത പൊടുന്നനെ അവളാരെന്ന് വെളിപ്പെടുത്തി. കൂട്ടത്തിലേക്ക് പൂര്‍ണമായും അവള്‍ ജ്ഞാനസ്നാനം ചെയ്തു.
അജിതയുടെ ആത്മകഥയും,കോളജിന്റെ നക്സല്‍ പാരമ്പര്യത്തെക്കുറിച്ച അറിവുകളുമെല്ലാം ചേര്‍ന്ന്  പുതുമുറക്കാരായ ഞങ്ങളില്‍  സഹജമായ ചില ഇളക്കങ്ങള്‍ വന്നു പെട്ട നാളുകളായിരുന്നു അത്. വിപ്ലവത്തെക്കുറിച്ചും ചെഗുവേരയെക്കുറിച്ചും  അത്തരം വിഷയങ്ങള്‍ വരുന്ന പുസ്തകങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ വാചാലരായി. എന്നാല്‍, കൈ മുറിഞ്ഞാല്‍ തല കറങ്ങി വീഴുന്നവരായിരുന്നു  വിപ്ലവകാരികളായ ഞങ്ങള്‍!.
കോഴിക്കോടിനടുത്ത മാവൂരില്‍ ബിര്‍ല കമ്പനി നടത്തുന്ന വിഷമലിനീകരണത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം അന്ത്യഘട്ടത്തില്‍ എത്തിയ കാലമായിരുന്നു അത്.  ചോര തിളക്കലുകളുടെ പകലുകളിലൊന്നില്‍ ഏറെ ദൂരെയുള്ള മാവൂരില്‍ പോവാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. എന്നാല്‍, എന്തു കൊണ്ടോ ആ യാത്ര നടന്നില്ല.
സമാനമായ അനേകം കാര്യങ്ങളുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. എഴുത്തും വായനയും. വായനയിലൂടെ കൊടിയ ഏകാന്തത മറികടന്ന ചെറുപ്പം.  സിനിമ, രാഷ്ട്രീയം, കമ്യൂണിസം, സംഗീതം എന്നിങ്ങനെ പല ഇഷ്ടങ്ങള്‍. വ്യത്യസ്തമായിരുന്നു ഞങ്ങളുടെ ചുറ്റു പാടുകള്‍. എങ്കിലും പൊരുതി നില്‍ക്കലിന്റേതായ എന്തൊക്കെയോ ഘടകങ്ങള്‍ അവയിലുണ്ടായിരുന്നു. ഇത്തരം അനേകം താല്‍പര്യങ്ങളുടെ സമാന പരിസരങ്ങള്‍ ഞങ്ങളെ  അടുപ്പിച്ചു.

രണ്ട്


ഇങ്ങിനെ അനേകം സംഭവങ്ങള്‍. സത്യത്തില്‍ പഴയ അവളെക്കുറിച്ച് പറയാനായിരുന്നില്ല ഇതെഴുതി തുടങ്ങിയത്. പുതിയ അവളെക്കുറിച്ച് പറയാനാണ്. എന്നാല്‍, പറഞ്ഞുപറഞ്ഞ് ഓര്‍മ്മകളുടെയും വിശേഷണങ്ങളുടെയും  കപ്പല്‍ ചാലിലേക്ക് വാക്കുകള്‍ ഒഴുകിപ്പോയി. ആത്മകഥപോലെ നീണ്ടു പോവുന്ന ഈ തീവണ്ടി മുറികളെ പോസ്റ്റിന്റെ ഇത്തിരി പാളങ്ങളിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.
അതിനാല്‍, കഥ ചുരുക്കത്തില്‍ എന്ന മട്ടില്‍ ബാക്കി ഇങ്ങിനെ പറയാം.
കാമ്പസ് കാലം കഴിഞ്ഞ് ഞങ്ങളെല്ലാം പല കരകളില്‍ അടിഞ്ഞു.ഒരു വര്‍ഷം ജൂനിയര്‍ ആയതിനാല്‍ ജോലിയിലേക്ക് തിരിയാന്‍ അവള്‍ പിന്നെയും കാലമെടുത്തു. ജോലികളും സ്ഥലം മാറ്റങ്ങളും അലച്ചിലുകളും ഓരോരുത്തരെയും സ്വന്തം കൂടുകളില്‍ അടച്ചിട്ടു. പിന്നെ വിവാഹങ്ങള്‍. കുടുംബം. മൊബൈല്‍ ഫോണുകളും സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളും ഇ മെയിലും വൈകാതെ ഒപ്പമെത്തി. 
അവള്‍ പ്രിയപ്പെട്ട ആ പ്രൊഫഷനിലേക്കു തന്നെയെത്തി.  അധ്യാപനം. ഇഷ്ടപ്പെട്ട കോളജില്‍ ഇഷ്ടപ്പെട്ട ജോലി. പിന്നെ വന്നു, വിവാഹം. അയാള്‍ വിദേശത്ത് എഞ്ചിനീയര്‍. നാട്ടുകാരന്‍. ഒരേ സഭക്കാരന്‍.  കള്ളുകുടിയില്ല. പുകവലിയില്ല. മറ്റ് പ്രശ്നങ്ങളില്ല. സൌമ്യന്‍. ഈശ്വര വിശ്വാസി. എന്നാല്‍, അധികം ആരോടും മിണ്ടില്ല .ഉറ്റ  സൌഹൃദങ്ങളില്ല. മൊത്തത്തില്‍  ഒഴിഞ്ഞു മാറി നടക്കുന്ന ഒരു പ്രകൃതം.
കുടുംബങ്ങളായിരുന്നു ആദ്യം യോജിച്ചത്. അവര്‍  വിവാഹം തീരുമാനിച്ചു. അവള്‍ക്കും താല്‍പര്യമായിരുന്നു. അയാളെക്കുറിച്ച് പറയുമ്പോള്‍ അവള്‍ ഇത്തിരി ഇളകുന്നതായി കണ്ടെത്തി ഞങ്ങള്‍ കഥയിറക്കി.
അങ്ങിനെ വിവാഹം. പല കരകളില്‍നിന്ന് ഞങ്ങള്‍ പറന്നിറങ്ങി. ചിലര്‍ക്കൊപ്പം കുടുംബം. കുഞ്ഞുങ്ങള്‍. അയാളെ പരിചയപ്പെട്ടു. സുമുഖന്‍. അധികം സംസാരിക്കില്ലെന്ന് ഒറ്റ നോട്ടത്തില്‍ തോന്നി. ചിരി കളിയുടെ പകലിനൊടുവില്‍ അവളോടു യാത്ര പറഞ്ഞ് എല്ലാവരും പിരിഞ്ഞു. 
രണ്ടു നാള്‍ കഴിഞ്ഞ് തിരിച്ചുപോക്കിന്റെ തിരക്കുകള്‍ക്കിടെ അവളുടെ കോള്‍.'എന്താടീ, ഞാന്‍ പോവാന്‍ നോക്ക്വാണ്'.
ഫോണിന്റെ മറുതലയ്ക്കല്‍ വല്ലാത്ത വിങ്ങല്‍. അതു പതിയെ കരച്ചിലായി.
 'എടാ, ഒന്നും ശരിയാവുന്നില്ല. അയാള്‍ ആരോടും മിണ്ടില്ല. ഞാനും അങ്ങിനെയാവണമെന്നാണ് അയാളുടെ നിര്‍ബന്ധം. വീട്ടുകാരോടു പോലും ഞാന്‍ മിണ്ടുന്നത് അങ്ങേര്‍ക്ക് പിടിക്കില്ല '
അന്തം വിട്ടുപോയി. അവള്‍ കരയുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളുടെ കടലിളക്കങ്ങളെല്ലാം ഉറപ്പിച്ചു നിര്‍ത്തുന്ന ആളാണവള്‍. കൂട്ടത്തില്‍ ഏറ്റവും ബോള്‍ഡ്. എന്ത് പറയണമെന്നറിയാതെ വാക്കുകള്‍ ഇടറി. എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു.  അവള്‍ ഫോണ്‍വെച്ചു. അറ്റമില്ലാത്ത സങ്കടം വന്നു മൂടുന്നതിനിടെ കൂട്ടുകാരെ വിളിച്ചു. ഇറക്കിവെക്കാന്‍ അത്താണിയില്ലാത്ത സങ്കടനേരം ഞങ്ങള്‍ക്കിടയില്‍ കൊടുങ്കാററു പോലെ വീശിയടിച്ചു. ബന്ധം ഒഴിവാക്കുന്നതാണു നല്ലതെന്ന് അഭിപ്രായമുയര്‍ന്നു. കൂട്ടുകാരിലൊരാള്‍ അവളെ വിളിച്ചു. വീട്ടുകാരുടെ മാനാഭിമാനവുമായി കണ്ണി ചേര്‍ക്കപ്പെട്ടതിനാല്‍ മറ്റ് നിര്‍വാഹമില്ലെന്നായിരുന്നു അവളുടെ പ്രതികരണം.
പിന്നെ അവള്‍ വിളിച്ചിട്ടില്ല. ആരെയും. അവളെ വിളിക്കാനും കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ നിര്‍ജീവമായി. കോളജ് ഓഫീസിലെ ഫോണിലും അവളെ കിട്ടിയില്ല. അയച്ച ഇ മെയിലുകള്‍ക്കൊന്നും മറുപടി ഉണ്ടായില്ല. സോഷ്യല്‍ സൈറ്റിലും അവളെ കണ്ടില്ല.
ലീവെടുത്ത് അവള്‍ വിദേശത്തേക്കു പോയെന്നും വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവളുടെ അമ്മ പറഞ്ഞു. അവള്‍ ഇപ്പോള്‍ ആരോടും മിണ്ടാറില്ലെന്നും എന്നാല്‍, അവള്‍ സന്തുഷ്ടയാണെന്നും അമ്മ പറഞ്ഞപ്പോള്‍ അവളുടെ യഥാര്‍ഥ അവസ്ഥ പറഞ്ഞു ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവള്‍ പൂര്‍ണ സന്തോഷത്തിലാണെന്നും അയാളെ വെറുപ്പിക്കാതിരിക്കാന്‍ അവള്‍ ഇത്തിരി മാറി എന്നു മാത്രമേ ഉള്ളൂ എന്നും അമ്മ ഉറപ്പിച്ചു പറഞ്ഞു.

  മൂന്ന്

കുറേ വര്‍ഷങ്ങളായി. അവളിപ്പോള്‍ ഞങ്ങളുടെ സംസാരങ്ങളില്‍ പതിവുകാരിയല്ല. എല്ലാവരും ബോധപൂര്‍വം അവളെ സംസാരത്തില്‍  നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അവളെക്കുറിച്ച് എന്ത് പറഞ്ഞാലും അറ്റമില്ലാത്ത സങ്കടക്കടല്‍ വന്നു മൂടുന്നത് പതിവായപ്പോള്‍ സഹജമായി വന്ന മാറ്റം. അവള്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ല. വീട്ടിലെ ഫോണ്‍നമ്പര്‍ മാറിയതിനാല്‍ ബന്ധപ്പെടാനും വഴിയില്ല. ഞങ്ങളുടെ കൂട്ട് അവള്‍ക്ക് കൂടുതല്‍ ബാധ്യതയാവുമെന്ന് കണ്ട് എല്ലാവരും ഒഴിഞ്ഞൊഴിഞ്ഞു നിന്നതിന്റെ ഫലം.
ബാക്കി എല്ലാവരും ഇപ്പോഴും പഴയപോലെയുണ്ട്. എല്ലാ തിരക്കുകള്‍ക്കിടയിലും വര്‍ഷം തോറും ഞങ്ങള്‍ ഒന്നിച്ചു കൂടാറുണ്ട്. അവളുടെ വിശേഷങ്ങള്‍ പരമാവധി പറയാതെ  പിരിയും. 
എന്തായിരിക്കും അവളുടെ സ്ഥിതി? എങ്കിലും എല്ലാവരുടെയും മനസ്സില്‍ ആ ചോദ്യമുണ്ട്. സങ്കല്‍പ്പിക്കാനാവും നിശ്ശബ്ദതയുടെ മുള്‍ക്കാടുകളില്‍ അവളുടെ ജീവിതം.  ഒച്ചയനക്കം കെട്ട തെരുവു പോലെ അവളുടെ വാക്കുകള്‍.  ഉള്ളിലെ കവിതകള്‍. ഒരുപക്ഷേ, അവളിപ്പോള്‍ എല്ലാത്തിനോടും പൊരുത്തപ്പെട്ടു കാണും. മിണ്ടാതെ മിണ്ടാതെ നിശ്ശബ്ദയായ ഒരാളായി മാറിക്കഴിഞ്ഞിരിക്കും. മൌനം മേല്‍ക്കൂരയും ചുവരുകളുമായൊരു  വീട്ടില്‍ അവളിപ്പോള്‍ സന്തോഷം അനുഭവിക്കുന്നുണ്ടാവും.
ജീവിതം ബലമായി അടച്ചുകളഞ്ഞ ശബ്ദങ്ങളെ നിശ്ശബ്ദതയുടെ കവിതകളാല്‍  അവളുടെ മൌനം ആവിഷ്കരിക്കുന്നുണ്ടാവണം.


38 comments:

 1. ജീവിതം ബലമായി അടച്ചുകളഞ്ഞ ശബ്ദങ്ങളെ നിശ്ശബ്ദതയുടെ കവിതകളാല്‍ അവളുടെ മൌനം ആവിഷ്കരിക്കുന്നുണ്ടാവണം.

  ReplyDelete
 2. ഒരുപക്ഷേ, അവളിപ്പോള്‍ എല്ലാത്തിനോടും പൊരുത്തപ്പെട്ടു കാണും. മിണ്ടാതെ മിണ്ടാതെ നിശ്ശബ്ദയായ ഒരാളായി മാറിക്കഴിഞ്ഞിരിക്കും. മൌനം മേല്‍ക്കൂരയും ചുവരുകളുമായൊരു വീട്ടില്‍ അവളിപ്പോള്‍ സന്തോഷം അനുഭവിക്കുന്നുണ്ടാവും.
  ജീവിതം ബലമായി അടച്ചുകളഞ്ഞ ശബ്ദങ്ങളെ നിശ്ശബ്ദതയുടെ കവിതകളാല്‍ അവളുടെ മൌനം ആവിഷ്കരിക്കുന്നുണ്ടാവണം.

  ............ഹാവൂ ആശ്വാസമായി , ആ പ്രശ്നത്തിനും ഉത്തരം കണ്ടെത്തി, ഇനി സുഖമായുറങ്ങാം അല്ലേ....?

  ReplyDelete
 3. നൊമ്പരം നല്‍കുന്ന ഒരോര്‍മ്മ കുറിപ്പ്.
  ഒരു സൌഹൃദ കാലത്തെ , അതിന്റെ വേര്‍പ്പാട് , അതിന്റെ കാരണങ്ങള്‍ എല്ലാം നന്നായി പറഞ്ഞു.
  സുഖമായി , സ്നേഹത്തോടെ അവരിരിക്കുന്നു എന്ന് ആശിക്കുന്നു. പ്രാര്‍ഥിക്കുന്നു

  ReplyDelete
 4. നിശബ്ദത, ഒരു ഭാഷയാണ്
  നെഞ്ചിൽ നെരിപ്പോടെരിയുമ്പോൾ..
  ഹൃദയം വിങ്ങുമ്പോൾ….
  കണ്ണുനീരിന്റെ ലിപികളാകുന്നു,
  മഹാകാവ്യങ്ങൾ…

  ReplyDelete
 5. ഒരില ആയാലെന്ത്.. ഉണങ്ങാതേം, പൊഴിയാതേം ഇങ്ങനെ കിളിര്‍ത്ത് നില്‍ക്കാണേല്‍ ഒന്നു തന്നെ ധാരാളം...നല്ല പോസ്റ്റുകളാണ്‍ ട്ടൊ...അഭിനന്ദനങ്ങള്‍.

  ReplyDelete
 6. ചിലപ്പോള്‍ ഒരു വായാടിയായി ഈ ബൂലോകത്ത് വിലസുന്നുണ്ടെങ്കിലോ:)......ചുമ്മാ...

  ReplyDelete
 7. എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
  ഉമ-ഒന്നിനും തീര്‍പ്പുകളില്ല. പരിഹാരങ്ങളും. ഇത് ജീവിതം.
  അതെ ചെറുവാടി-അങ്ങിനെയാവട്ടെ. അതു തന്നെ പ്രാര്‍ഥന.
  കിങ്ങിണി-അര്‍ഥവത്തായ വരികള്‍. നിശãബ്ദത ഒരു ഭാഷ. കണ്ണീരു കൊണ്ടെഴുതുന്ന കവിത.
  വര്‍ഷിണി-നല്ല വാക്കുകള്‍. ഇനിയുമെഴുതാനാവട്ടെ. വായിക്കാനും.
  ജസ്മി -അതൊരു നല്ല സാധ്യത. പക്ഷേ, അങ്ങിനെയെങ്കില്‍ ആ വായാടിത്തത്തിന് ആദ്യ ഇര ഞങ്ങളിലാരെങ്കിലും ആയേനെ. എങ്കിലും ആഗ്രഹമുണ്ട് അങ്ങിനെയെങ്കിലും ഒരു ഊഴമുണ്ടാവട്ടെ എന്ന്.
  നന്ദി ഒരിക്കല്‍ കൂടി

  ReplyDelete
 8. നൊമ്പരമുളവാക്കുന്ന ഓര്‍മ്മ.
  നന്നായെഴുതി.

  ReplyDelete
 9. അവള്‍ പൂര്‍ണ സന്തോഷത്തിലാണ്. അയാളെ വെറുപ്പിക്കാതിരിക്കാന്‍ അവള്‍ ഇത്തിരി മാറി.
  അതാണുത്തമം.ചടപടാ വർത്തമാനം പറയുന്നവരെ എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല.മുകളിൽ കിങ്ങിണിക്കുട്ടി പറഞ്ഞപോല മൌനവും ഒരു ഭാഷയാണ്.മൌനം തന്നെയാണു ഭൂഷണം.

  ReplyDelete
 10. ആ അവസാന പാരഗ്രാഫ്‌ നിറച്ചും ഒരു നൊമ്പരം തന്നു. എവിടെയോ മറഞ്ഞുപോയ ആ വായാടി, സൌഹൃദ കൂട്ടില്‍നിന്നും അകന്നത് എന്തിനായിരിക്കും....?

  ReplyDelete
 11. വായിച്ചു കഴിഞ്ഞപ്പോള്‍ മനസിലൊരു നൊമ്പരം ബാക്കിയായി...
  എങ്കിലും അവളുടെ അമ്മതന്നെയല്ലേ പറഞ്ഞത് അവള്‍
  സന്തുഷ്ടയാണെന്നു! അപ്പോള്‍ പിന്നെ പേടിക്കാനുണ്ടോ?
  വിവാഹത്തിന് മുന്‍പുള്ള അതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍
  നമ്മുടെ നാട്ടിലെ എന്ത്ര പെണ്‍കുട്ടികള്‍ക്ക് കഴിയുന്നുണ്ട്???
  ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ മിക്കവരും നിര്‍ബന്ധിതരാവുന്നു. ഒരു നല്ല കുടുബ ജീവിതത്തിനു വേണ്ടി പലതും സഹിക്കേണ്ടി വരുന്നു. പല കഥകളും
  കേള്‍ക്കുമ്പോള്‍ ചിന്തിക്കാറുണ്ട് ഒരു മനുഷ്യായുസ്സു മുഴുവന്‍ അഭിനയിച്ചും അഡ്ജസ്റ്റ് ചെയ്തും ജീവിക്കുന്നതില്‍ എന്തെങ്കിലും
  അര്‍ത്ഥമുണ്ടോ എന്ന്, ഇല്ല എന്നോ ഉണ്ട് എന്നോ ഉള്ള ഉത്തരം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്നു എന്നതാണ് സത്യം.

  ReplyDelete
 12. നമ്മുടെ നാട്ടിലെ അത്യാവശ്യം പ്രതികരിക്കുന്ന പെൺകുട്ടികളിൽ മഹാഭൂരിപക്ഷവും ഇങ്ങനെയാണ് ഒടുങ്ങുന്നത് എന്നതാണ് സത്യം.............ഹാവൂ ആശ്വാസമായി , ആ പ്രശ്നത്തിനും ഉത്തരം കണ്ടെത്തി, ഇനി സുഖമായുറങ്ങാം അല്ലേ....?എന്ന് ഉമ പറഞ്ഞതിൽ തന്നെ എത്തിപ്പെടുകയാണ് നാം

  ReplyDelete
 13. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി ഒന്നും തീരുമാനിക്കാനാകില്ല.കൂട്ടുകാരി നന്നായിരിക്കട്ടേയെന്ന് ആശംസിക്കുന്നു.

  ReplyDelete
 14. നന്നായി എഴുതി .. മനസ്സില്‍ തട്ടുന്ന ഓര്‍മ്മ ..
  അല്ലേലും ഇതൊക്കെ കൂടിയതല്ലേ ജീവിതം ...അവളും ജീവിക്കട്ടെ
  എല്ലാം പൊരുത്തപെട്ടുകൊണ്ട്...........അല്ലെ ??

  ReplyDelete
 15. തീര്‍പ്പുകളും പരിഹാരങ്ങളുമില്ല, ഇത് ജീവിതം. അതെ , അതുതന്നെയാണ്. “മനസ്സിലാക്കാനുള്ള ശ്രമങ്ങൾ നിർത്തുക, വിശകലനത്തിനൊരുമ്പെടാതിരിക്കുക“ ഈയിടെ എവിടെയൊ വായിച്ചതാണ്.
  ഒരുപാടു പെണ്‍ശബ്ദങ്ങള്‍ ഇങ്ങനെ ആകാശത്തിനപ്പുറത്തേയ്ക്ക് ഒളിച്ചുപോയിട്ടുണ്ട്.

  ReplyDelete
 16. കുറിപ്പ് ഇഷ്ടപ്പെട്ടു നന്നായി

  വിവാഹം കഴിഞ്ഞാല്‍ പിന്നെ ജീവിതം ഒരു അഡജെസ്റ്റ്മെന്റ് ആണ്
  എന്ന്
  പലരുടെയും അവസ്ഥ കണ്ടു തോന്നിയിട്ടുണ്ട് !!

  ReplyDelete
 17. സ്വന്തം ആത്മാവിനെ പണയം വെച്ച് ഒരാള്‍ക്ക് എത്ര കാലം ജീവിക്കാനാകും. ആ കുട്ടി താങ്കള്‍ പറഞ്ഞ പോലെ ബോള്‍ഡാണെങ്കില്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളേയും തട്ടിമാറ്റി പുറത്തേക്ക് വന്നിട്ടുണ്ടാകും.അയാളെ അവള്‍ മാറ്റിയെടുത്തിട്ടുണ്ടാകും.അങ്ങനെ ആകട്ടെ അല്ലേ..

  അവന്മാരെയൊക്കെ ഒരു കരിങ്കല്ലില്‍ കയറ്റിയിരുത്തി വേറൊരു കരിങ്കല്ലു കൊണ്ട് ഇഞ്ച ചതക്കുമ്പോലെ ചതക്കണം.

  ReplyDelete
 18. മലയാളികളെ സംബന്ധിച്ചിടത്തോളം വീട്ടുകാരുടെ ദുരഭിമാനം ആണ് വ്യക്തി സ്വാതന്ത്ര്യത്തെക്കാള്‍ വലുത്. മിക്കവാറും പെണ്‍കുട്ടികളെ പോലെ അവളും അതിനോട് പൊരുത്തപ്പെട്ടു കാണും.

  ReplyDelete
 19. "ഓര്‍മ്മകളുടെയും വിശേഷണങ്ങളുടെയും കപ്പല്‍ ചാലിലേക്ക് വാക്കുകള്‍ ഒഴുകിപ്പോയി. ആത്മകഥപോലെ നീണ്ടു പോവുന്ന ഈ തീവണ്ടി മുറികളെ പോസ്റ്റിന്റെ ഇത്തിരി പാളങ്ങളിലേക്ക് കൊണ്ടു വരേണ്ടതുണ്ട്."

  "ഞങ്ങളുടെ കടലിളക്കങ്ങളെല്ലാം ഉറപ്പിച്ചു നിര്‍ത്തുന്ന ആളാണവള്‍."


  "അവളെക്കുറിച്ച് എന്ത് പറഞ്ഞാലും അറ്റമില്ലാത്ത സങ്കടക്കടല്‍ വന്നു മൂടുന്നത് പതിവായപ്പോള്‍..."

  " ഒച്ചയനക്കം കെട്ട തെരുവു പോലെ അവളുടെ വാക്കുകള്‍. ഉള്ളിലെ കവിതകള്‍..."


  "മൌനം മേല്‍ക്കൂരയും ചുവരുകളുമായൊരു വീട്ടില്‍ അവളിപ്പോള്‍ സന്തോഷം അനുഭവിക്കുന്നുണ്ടാവും.
  ജീവിതം ബലമായി അടച്ചുകളഞ്ഞ ശബ്ദങ്ങളെ നിശ്ശബ്ദതയുടെ കവിതകളാല്‍ അവളുടെ മൌനം ആവിഷ്കരിക്കുന്നുണ്ടാവണം"


  താങ്കളുടെ എഴുത്തുശൈലിയും ഭാഷയും ഇഷ്ടമായി.ഇനിയും വരാം.ആശംസകൾ....!

  ReplyDelete
 20. നന്നായെഴുതി.
  എനിക്കൂം ഉണ്ടൊരു കൊട്ടുകാരി.
  ഒരിടവേളക്കു ശേഷം വിളിച്ചപ്പോള്‍ പറഞ്ഞു ബന്ധം പിരിഞ്ഞെന്ന്.
  കാരണം ചോദിക്കാന്‍ നിന്നില്ല്. പുറത്ത് നിന്ന് കാണുമ്പോലെ ഇതൊന്നും അത്ര എളുപ്പമല്ല
  എന്ന അവള്‍ പറഞ്ഞു.
  ഭാവുകങ്ങള്‍
  പേരറിയാത്ത് ആ കൂട്ടുകരിക്ക്

  ReplyDelete
 21. നന്ദി, എല്ലാ വായനകള്‍ക്കും.
  പ്രവാസിനി-നന്ദി നല്ല വാക്കിന്.
  മൊയ്തീന്-ചറപറ പറയുന്നവളായിരുന്നില്ല അത്. ഇത്തിരി മാറിയതുമല്ല. എങ്കിലും താങ്കളുടെ അഭിപ്രായം മാനിക്കുന്നു.
  ഷമീര്‍-അകന്നതല്ല. അതായി അവസ്ഥ, എന്നു മാത്രം.
  ലിപി-അമ്മ പറഞ്ഞത് ശരിയാവട്ടെ എന്നു മാത്രം ആഗ്രഹം.
  പറഞ്ഞതു പോലെ ജീവിതം തന്നെയാണ് വിഷയം.
  ശ്രീനാഥന്-ശരിയാണ്. കല്യാണം മറ്റെന്തൊക്കെയോ കൂടിയാണ്.
  കൊച്ചിച്ചി-നന്നാവട്ടെ. യുക്തി കൊണ്ട് നിര്‍ധാരണം ചെയ്യാനാവാത്ത
  ചിലതുമുണ്ട് ജീവിതത്തില്‍ എന്നു തോന്നുന്നു.
  ജബ്ബാര്-തീര്‍ച്ചയായും. ജീവിക്കട്ടെ. നന്നായി.
  സ്മിത-സത്യമാണ്. നിരൂപണം കൊണ്ട് പുകയില്ല ചില അടുപ്പുകള്‍.
  പലരുമുണ്ടാവാം ഇതുപോലെ.
  ഉമേഷ്-ശരിയാണ്. അഡ്ജസ്റ്റുമെന്റുകളുടെ ഒരു അയ്യരുകളി, ചിലപ്പോള്‍.
  മുല്ല-സത്യമായും സന്തോഷമായി ഈ വരികള്‍ കണ്ടപ്പോള്‍.
  പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
  ഫയര്‍ഫ്ലൈ-മിഥ്യാഭിമാനം വലിയ പ്രശ്നം തന്നെയാണ്.
  വില കൊടുക്കേണ്ടി വരുന്നത് വ്യക്തികള്‍ മാത്രമാണ്.
  ദീപ-സന്തോഷം, നല്ല വാക്കുകള്‍ക്ക്.
  ഫൂസിയ-പലരുമുണ്ടാവാം. നന്നാവട്ടെ അവളുടെ ഭാവി
  എന്നു തന്നെ പ്രാര്‍ഥന.

  ReplyDelete
 22. ആ കുട്ടി ശരിക്കും സന്തുഷ്ടയായിരിക്കട്ടെ..
  പറ്റുമെങ്കില്‍ അവളെ കണ്ടെത്തി പണ്ടത്തെ വാചാലതയിലേക്ക് തിരികെ കൊണ്ട് വരൂ..

  ReplyDelete
 23. എത്ര നാള്‍ അവള്‍ ഇങ്ങനെ മിണ്ടാതിരിക്കും ? ഇങ്ങനെ തുടര്‍ന്നാല്‍ അവളുടെ ഹൃദയം തകര്‍ന്നു പോകും. ഞാനൊരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നു

  ReplyDelete
 24. ആരോടും മിണ്ടാനാവാതെ കടിച്ചു പിടിച്ചുള്ള ജീവിതം തികച്ചും ദുരിതം തന്നെ. എന്നെങ്കിലും ആ കുട്ടി പ്രതികരിക്കും. അത് ചെയ്യാതിരിക്കാനാവില്ല.

  ReplyDelete
 25. ഒരു വായന സുഖം നല്ക്കുനുണ്ട് .....

  ReplyDelete
 26. നിങ്ങൾ ആശ്വസിക്കുന്നു അവൾ എല്ലാത്തിനോടും പൊരുത്തപ്പെട്ട് സന്തോഷമായിരിക്കുന്നുണ്ടാവും എന്നു്. നിങ്ങളുടെ ഒത്തുകൂടലിലോ സംസാരങ്ങളിലോ ഒന്നും അവൾ കടന്നുവരുന്നില്ലെന്നും. പക്ഷേ എനിക്കു തോന്നുന്നു അവളെ വിളിച്ചു സംസാരിക്കുന്നതു്, അവളെ നിങ്ങൾ മറന്നിട്ടില്ലെന്ന്‌ അവൾക്കു തോന്നുന്നതു്, അവൾക്കൊരുപക്ഷേ കുറച്ചുകൂടി സന്തോഷമായിരിക്കുമെന്നു്.

  ReplyDelete
 27. വായിച്ചു,വേദനിച്ചു,പിന്നെ സന്തോഷിച്ചു.കാരണം മനസിന്‌ ഒരു നിറഭേദം സംഭവിച്ചു.

  ReplyDelete
 28. കാലങ്ങള്‍ക്ക് മുന്‍പ് എന്റെ സീനിയര്‍ ആയി പഠിച്ചിരുന്ന ഒരു പെണ്‍കുട്ടി കൂടെ പഠിച്ചിരുന്ന ഒരാളെ ഇഷ്ടപ്പെടുകയും അയാളോടൊപ്പം ഒരുമിച്ചു താമസിക്കുകയും ചെയ്തു..ഞങ്ങള്‍ക്കെല്ലാം അതൊരു ഞെട്ടിക്കുന്ന(1999 ആണ് വര്ഷം എന്നോര്‍ക്കണം) അറിവായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തു. പെണ്‍കുട്ടി ഏറെ താമസിയാതെ മറ്റൊരു വിവാഹം കഴിക്കുകയും നിതാന്ത മൌനത്തിലേക്ക്‌ വീഴുകയും ചെയ്തു. ഈയടുത്ത കാലത്ത് എന്റെ മറ്റൊരു സീനിയര്‍ നെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു.. പെണ്‍കുട്ടി ഇന്ന ആളുടെ വീടിനടുത്ത് കുടുംബമായി കഴിയുന്നുണ്ട്.നമ്മുടെ പല സുഹൃത്തുക്കളും പലപ്പോഴും കണ്ടിട്ടുമുണ്ട് . പക്ഷെ ആള് മിണ്ടില്ല. വല്ലാതെ കല്ലച്ച്ച ഒരു മുഖവും പേറിയാണ് അവളുടെ ഇപ്പോഴത്തെ നടപ്പ് ,എന്ന്. ജീവിതം അങ്ങനെ ആണ്.പല കണക്കുകളും മാറ്റി എഴുതും.

  ReplyDelete
 29. പ്രിയ വചനങ്ങള്‍ക്ക് നന്ദി.
  മേഫ്ലവര്കണ്ടെത്താനാവുമോ എന്നറിയില്ല. പഴയ പോലാവുമോ എന്നും.
  എങ്കിലും കാത്തിരിക്കുന്നു, മൌനം ഭേദിച്ചു വരുന്ന ചില വാക്കുകളെ.
  ജിതു-എത്രനാള്‍. അതറിയില്ല. എങ്കിലും നന്‍മകള്‍ വരട്ടെ അവള്‍ക്ക്.
  ഉണ്ണിച്ചേട്ടാ-അങ്ങിനെയാവട്ടെ. ഒരിക്കലെങ്കിലും നമുക്ക് നാമാവാതെ വയ്യല്ലോ.
  മൈ ഡ്രീംസ്-നന്ദി കൂട്ടുകാരാ.
  എഴുത്തുകാരീ-സത്യമായും സന്തോഷകരമായിരിക്കും അത്. പക്ഷേ, എങ്ങിനെ കോണ്‍ടാക്റ്റ് ചെയ്യുമെന്നറിയില്ല. ഞങ്ങള്‍ അഞ്ചും അവള്‍ക്കൊപ്പം ഉണ്ടാവുമെന്ന് മറ്റാരേക്കാള്‍ അവള്‍ക്കറിയേണ്ടതാണ്.
  മനോജ്-നന്ദി, നല്ല വാക്കിന്.
  ആനന്ദി-അതെ, ജീവിതം പലതും മാറ്റിയെഴുതി. നമ്മുടെ വാക്കുകളെ
  മൌനത്തിലേക്ക് വിവര്‍ത്തനം ചെയ്യും. ചെറിയൊരു കാറ്റ് മതി ജീവിതം മാറ്റാന്‍.

  ReplyDelete
 30. അവളിപ്പോ വായനക്കാരുടേയും നൊമ്പരമാവുന്നു.... നന്നായി പറഞ്ഞു..

  ReplyDelete
 31. വായിച്ചിട്ട് ഒരു സങ്കടം തിങ്ങി നിറഞ്ഞു വരുന്ന പോലെ :(

  ReplyDelete
 32. മൌനം സംവദിയ്ക്കുന്നതിന് മൂർച്ച ഏറെയാണ്... എങ്കിലും മനസ്സിൽ ഒരു വിങ്ങൽ ബാക്കി ആവുന്നു....

  ReplyDelete
 33. മൌനം വാചാലം എന്നൊക്കെ പറയുമെങ്കിലും ഏത് മൌനിയും കൊതിക്കുന്നുണ്ടാവും ഒരിയ്ക്കലെങ്കിലും ഒരു കലപില....കൊച്ചുവര്‍ത്തമാ‍നങ്ങള്‍...ഭര്‍ത്താവിനെയും അങ്ങനെ മാറ്റിയെടുത്ത് മിടുക്കിയായി അവളും എവിടെങ്കിലും ഉണ്ടാവുമെന്നേ...എന്നെങ്കിലുമൊരിയ്ക്കല്‍ അവള്‍ വരും...ആ പഴയ കിലുക്കാമ്പെട്ടിയുമായി...സത്യായിട്ടും :)....ആശംസകള്‍..:)

  ReplyDelete
 34. ആ സഖാവിന്റെ അവസ്ഥയില്‍ വിഷമം ഉണ്ട്.
  ആദ്യമായാണ് ഈ ബ്ലോഗ്ഗില്‍ വരുന്നത്. നന്നായിടുണ്ട്

  ReplyDelete
 35. സങ്കല്‍പ്പിക്കാനാവും നിശ്ശബ്ദതയുടെ മുള്‍ക്കാടുകളില്‍ അവളുടെ ജീവിതം. ഒച്ചയനക്കം കെട്ട തെരുവു പോലെ അവളുടെ വാക്കുകള്‍. ഉള്ളിലെ കവിതകള്‍...
  അവളെ അറിയേണ്ടത് അവൾ തന്നെയാണ്‌.അവളുടെ ശബ്ദം കേൾക്കേണ്ടത് കേൾപ്പിക്കേണ്ടത് അവളാണ്‌.
  അവൾ നല്ല സ്വപ്നങ്ങൾ കണ്ടു തുടങ്ങട്ടെ....
  :-)

  ReplyDelete
 36. വാക്കുകള്‍ക്ക് വിലയില്ലാതാവുമ്പോള്‍... മൌനം ഒരു വലിയ ആശ്വാസമാണ്.. അനുഗ്രഹവും....

  ReplyDelete
 37. ഇന്നും കലപിലകള്‍ക്കിടയില്‍ കാര്യം കൂട്ടികലര്‍ത്തി ചെറീയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായ സന്തോഷത്തോടെ ഒരു വായാടി.ആ കുട്ടിയോട് സഹതാപമേ ഒള്ളൂ..ഈ ചെറിയ ജീവിഅതത്തെ ഇങ്ങനെയ്യാക്കിയതില്‍...

  ReplyDelete
 38. jeevidathide marunna kaychakal namme earananiyichekkam swadhamen vishvasicha paladhum vidhiyude prahasanthil ottapettupokunnu
  daivan sharikkum piditharaatha oru kalaakarananalle chilapoyokke moshttavum paladhum kavarnedukkuna ekilum namalum pranayikunud avane

  chilapoyokke mounam anugrahamaan
  namuk praarthikkam nalloru jeevitham thanneyakatte alle

  raihan7.blogspot.com

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...