Thursday, January 27, 2011

വാല്‍ഡന്‍



പതിവില്ലാതെ ഇന്ന് നേരത്തെ ഉണര്‍ന്നു.
തൊട്ടുമുന്നിലെ  മാസികയില്‍ ഹെന്റി ഡേവിഡ് 
തോറോയുടെ വാല്‍ഡനെക്കുറിച്ച് ഒരു കുറിപ്പ് കണ്ടു.
വാല്‍ഡന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം
ചെയ്ത എം. കമറുദ്ദീന്‍ എഴുതിയ അനുഭവക്കുറിപ്പ്.

അതിസുന്ദരമായ ആ കുറിപ്പ് വാല്‍ഡനിലേക്ക് വഴി തുറന്നു.
ആ വഴി നടന്നപ്പോള്‍ മുന്നില്‍ പച്ചപ്പിന്റെ ഒരു തടാകം.
അതില്‍ കാടിന്റെ അനേകം പ്രതിബിംബങ്ങള്‍.
ജീവിതത്തിന്റെ സര്‍വ മടുപ്പും മാഞ്ഞില്ലാതാവുന്ന
പ്രകൃതിയുടെ സാന്നിധ്യം.
പൊടുന്നനെ, ചുറ്റിലും കാറ്റു വീശുന്നതു പോലെ തോന്നി.
വാതില്‍ തുറന്നപ്പോള്‍ മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക്
കാറ്റിന്റെ ഊഞ്ഞാലാട്ടം. ഇലകളുടെ മര്‍മരം.
എല്ലാ മരങ്ങളും പങ്കെടുക്കുന്ന ഒരു ഓര്‍കസ്ട്രയിലെ
കണ്ടക്റ്ററെപ്പോലെ കാറ്റിന്റെ ദ്രുതചലനം.

ചെവി കൂര്‍പ്പിച്ച് കാറ്റിലേക്കിറങ്ങി.
അനേകം കിളികള്‍ ഒന്നിച്ചു ചിലച്ചു.
മരങ്ങള്‍ക്കപ്പുറമിപ്പുറം പക്ഷികളുടെ ഇലയനക്കങ്ങള്‍.

ആദ്യമായി പ്രകൃതിയെ അറിയുന്നതു പോലെ തോന്നി.
തൊട്ടുമുന്നില്‍ കാലങ്ങളായി നിലകൊണ്ട മരങ്ങളെ,
നിറവും ശബ്ദവും കൊണ്ട് ഭൂമിയെ വസന്തമാക്കുന്ന
പക്ഷികളെ ഒന്നും ഇതു വരെ ശ്രദ്ധിച്ചില്ലല്ലോ എന്നുമറിഞ്ഞു.
.
സത്യത്തില്‍, എന്തൊരു ജീവിതമാണ് നമ്മുടേത്.
ചുറ്റുമുള്ള ഒന്നും ശ്രദ്ധിക്കാതെ.
മരങ്ങളോ പക്ഷികളോ നിറങ്ങളോ അറിയാതെ.
നിര്‍ത്താത്ത ഈ പാച്ചിലിനിടെ സത്യത്തില്‍ നഷ്ടമാവുന്നത്
  ഇത്തരം അനേകം നേരങ്ങളാണ് എന്ന് തോന്നി.

കുറച്ചു കഴിഞ്ഞപ്പോള്‍, അതെല്ലാം മറന്നു.
വാല്‍ഡന്‍, തോറോ, കാട്, മരം, ഇല.എല്ലാം.
നിത്യജീവിതത്തിന്റെ പ്രവാഹത്തിലേക്ക്
ചെന്നുപെട്ടു, അറിയാതെ. അനായാസം.

ഇപ്പോള്‍, എല്ലാം ഓര്‍മ്മ വരുന്നു.

വെറുതെ, വികിപീഡിയയില്‍ വാല്‍ഡനെ തിരഞ്ഞു.
ഉള്ളകത്തെ ഹരിതാഭമാക്കുന്ന ആ വരികള്‍ ഇപ്പോള്‍ മുന്നില്‍.
ലോകത്തെ മാറ്റി മറിച്ച ആ പുസ്തകത്തിന്റെ കവര്‍ ചിത്രവും
തോറോയുടെ പടവും.

വരികളില്‍ പ്രകൃതിയുള്ള ആ പുസ്തകം വായിക്കണമെന്ന്
അടങ്ങാത്ത ആഗ്രഹം
ഇപ്പോള്‍.

9 comments:

 1. വരികളില്‍ പ്രകൃതിയുള്ള ആ പുസ്തകം
  വായിക്കണമെന്ന് അടങ്ങാത്ത ആഗ്രഹം
  ഇപ്പോള്‍.

  ReplyDelete
 2. നമ്മള്‍ കാതുകൊടുക്കുന്നില്ലെങ്കിലും പ്രകൃതി നമ്മോടു സ്ഥിരം സംവദിച്ചുകൊണ്ടിരിക്കുന്നു...

  http://www.princeton.edu/~batke/thoreau/
  if u have not noticed, check this link pls...

  ReplyDelete
 3. നന്ദി സിയ.
  കണ്ടിരുന്നില്ല ഈ ലിങ്ക്.

  ReplyDelete
 4. എന്നിട്ട് വായിച്ചുവോ വരികളില്‍ പ്രകൃതിയുള്ള ആ പുസ്തകം?
  വായിച്ചു കഴിഞ്ഞാല്‍ എഴുതൂ അതിനെപറ്റി.അനുഭവക്കുറിപ്പ് വായിച്ചപ്പോള്‍ തന്നെ ഇത്രയും കുറിക്കാനായൊരാള്‍ക്ക് ആ പുസ്തകം എന്തെല്ലാം തന്നെ കാണിച്ചു തരാതിരിക്കില്ല..:)

  ReplyDelete
 5. നന്ദി,റെയര്‍റോസ്.
  തിരക്കിനിടെ വീണു കിട്ടുന്ന
  ദിനങ്ങള്‍, ഇനി ആ പുസ്തകത്തിനുള്ളത്.
  തീര്‍ച്ചയായും എഴുതും, ആ വായനാനുഭവം

  ReplyDelete
 6. ഇവിടെയീ നല്ല കുറിപ്പ് വായിച്ചപ്പോൾ വാൽഡൻ വായിക്കണമെന്ന് എനിക്കും തോന്നുന്നു.

  ReplyDelete
 7. ചേച്ചി ആ ടെക്സ്റ്റ്‌ കിട്ടിയാല്‍ പറയണം വായിക്കാന്‍ തല്പരം ഉണ്ട്........പണം കൊടുത്യലും വാങ്ങാം

  antonymookken13@gmail.com

  ReplyDelete
 8. റോബര്‍ട്ട്‌ ഫ്രോസ്റ്റ് നെ ഓര്‍മ്മ വന്നു. സ്ടോപ്പിംഗ് ബൈ വുഡ്സ് ... എന്ന കവിതയും. ഡേവിഡ്‌ തോറോ യെ അറിയണം എന്ന തോന്നല്‍. നന്ദി

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...